We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Augustine Pamplany On 28-May-2021
ശാസ്ത്രീയപ്രപഞ്ചവീക്ഷണപ്രകാരമുള്ള ദൈവശാസ്ത്രരഹസ്യങ്ങളുടെ ശാസ്ത്രീയപുനര്‍വായനകന്‍റെ തന്നെ രഹസ്യത്തെയും, അന്ത്യത്തെയും, സമൂഹാത്മകതയെയും കുറിച്ചുള്ള ചിന്തകള്‍ കൂടി ഉള്‍പ്പെടുത്താതെ പൂര്‍ണ്ണമാകില്ല. ത്രിത്വം, സൃഷ്ടി മുതലായ ആത്യന്തികരഹസ്യങ്ങളെക്കുറിച്ചുള്ള പുതുധാരണകളുടെ രൂപകാത്മകവും അതിസ്വാഭാവികവുമായ ചക്രവാളങ്ങള്‍ നമുക്ക് മനു ഷ്യനെയും യുഗാന്ത്യത്തെയും സഭയെയും കുറിച്ചുള്ള ദൈവശാസ്ത്രധാരണകളുടെ ശാസ്ത്രഭാഷ കുറിച്ചുവക്കുന്നതിനുള്ള ഇടം നല്കുന്നു.
മാനുഷികവും പ്രാപഞ്ചികവുമായ സമൂഹം
ദൈവശാസ്ത്രവിചിന്തനങ്ങളുടെ പ്രാപഞ്ചികപശ്ചാത്തലം നമ്മുടെ ശ്രദ്ധ നമ്മിലേക്കുതന്നെ തിരിക്കുന്നു. മാനവവിജ്ഞാനപരമായ (anthropological) വിചിന്തനങ്ങള്‍ ഈ സന്ദര്‍ഭത്തിന് ഒരു അലങ്കാരമല്ല മറിച്ച്, ദൈവത്തെയും ലോകത്തെയും കുറിച്ചുള്ള ഒരു സമഗ്രവീക്ഷണത്തിന്‍റെ അവശ്യമായ ഉത്തരാഖ്യാനമാണ്. ദൈവത്തിന്‍റെയും ലോകത്തിന്‍റെയും പ്രകൃതത്തെക്കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ നമുക്കു പുതിയ ആത്മാവബോധം നല്കുന്നു. മനുഷ്യനെക്കുറിച്ചുള്ള ശാസ്ത്രീയചിത്രം അതിന്‍റെ അതിഭൗതികസാഹചര്യത്തില്‍ മനുഷ്യപ്രകൃതത്തെക്കുറിച്ചുള്ള ദൈവശാസ്ത്രഅനുമാനങ്ങളോടൊപ്പം പരസ്പരം സമ്പന്നമാക്കുകയും നമ്മുടെ തന്നെ അജ്ഞാതമായ മേഖലകളിലേക്ക് എത്തുന്നതിനുള്ള അവസരം നല്കുകയും ചെയ്യുന്നു.
സാര്‍വ്വജനീന സാന്നിദ്ധ്യം (universal presence)
"ശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ അവന്‍ ഇരുകാലുകളില്‍ നടക്കുന്ന സസ്തനിയും, ചിറകുകളില്ലാത്ത ഇരുകാലിയും, ആയുധങ്ങളുണ്ടാക്കുന്ന നഗ്നവാനരനും, ആക്രമണകാരിയായ മാംസഭുക്കും, സ്വാര്‍ത്ഥജീനുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുവേണ്ടി തയ്യാറാക്കപ്പെട്ട ജീന്‍യന്ത്രവും, ഭാഷാസംവിധാനത്തോടുകൂടി രൂപപ്പെടുത്തിയ ഹോമിയോസ്റ്റാറ്റിക് മെക്കനിസവും, അവബോധത്തോടുകൂടിയ പ്രവര്‍ത്തനത്തിന്‍റെ സ്വയംനിയന്ത്രിതകേന്ദ്രവുമല്ലാതെ മറ്റെന്താണ്? ഈ പ്രതിപാദനങ്ങളെല്ലാം ശാസ്ത്രം നമുക്ക് നല്കുന്ന മനുഷ്യനെക്കുറിച്ചുള്ള വിവരണങ്ങളുടെ ചെറിയ ഒരു ഭാഗം മാത്രമേ ആകുന്നുള്ളു. [1]"
പുതിയ ശാസ്ത്രദര്‍ശനത്തില്‍ ദൈവവും മനുഷ്യനും തമ്മിലുള്ള തുടര്‍ച്ച അവന്‍റെ/അവളുടെ അസ്തിത്വത്തിന്‍റെ ഒരുവിധം എല്ലാ തലങ്ങളിലും സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ലോകത്തോടുള്ള നമ്മുടെ ആന്തരികമായ പരസ്പരബന്ധത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന അനുമാനങ്ങള്‍, ഫലപുഷ്ടമായ ഭൂമിയുടെ ജീവദായകപ്രക്രിയകള്‍, പദാര്‍ത്ഥത്തിന്‍റെ സങ്കീര്‍ണ്ണത, സര്‍വ്വാധിപത്യം, ക്രിയാത്മകത മുതലായവ മനുഷ്യനെക്കുറിച്ചുള്ള വിശാലമായ ദൈവശാസ്ത്രവിചിന്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പദാര്‍ത്ഥവും ആത്മാവും തമ്മിലുള്ള ദ്വന്ദത്തെ പരിണാമാത്മകജൈവശാസ്ത്രം തള്ളിക്കളയുകയും പ്രപഞ്ചത്തിന്‍റെയും മനുഷ്യരുടെയും സൗന്ദര്യാത്മകവും, സുഭഗവുമായ ദര്‍ശനം സ്ഥാപിക്കുകയും ചെയ്യുന്നു. ജനിതകവിദ്യയുടെയുടെ അതിഭൗതികവും ധാര്‍മ്മികവുമായ പ്രയോഗങ്ങള്‍ ദൈവശാസ്ത്രത്തിന് ക്രിയാത്മകമായ ഒരു അസ്വസ്ഥതയായി മാറി. ക്വാണ്ടം സിദ്ധാന്തം കൊണ്ടുവന്ന യാഥാര്‍ത്ഥ്യദര്‍ശനം മനുഷ്യമനസ്സിന്‍റെ പ്രകൃതത്തെ സംബന്ധിക്കുന്ന അതിഭൗതികഉള്‍ക്കാഴ്ചകള്‍ അതോടൊപ്പം സംവഹിക്കുന്നതായി കാണപ്പെട്ടു. പ്രപഞ്ചത്തെ അഭിമുഖീകരിക്കുന്ന ഭൗതികശാസ്ത്രജ്ഞര്‍, യാഥാര്‍ത്ഥ്യത്തിന്‍റെ ശരിയായ അവസ്ഥ പ്രപഞ്ചത്തിനും ഉപരിയായി മനുഷ്യന്‍റെ അവബോധം വരെ പരന്നുകിടക്കുന്നുവെന്ന വെളിപാടിലേക്കെത്തി. ക്വാണ്ടം സിദ്ധാന്തത്തില്‍ ഭൗതീകയാഥാര്‍ത്ഥ്യത്തിന്‍റെ അടിത്തട്ടില്‍ മനുഷ്യനും പ്രപഞ്ചവും കൈകോര്‍ക്കുകയാണ്. അനിശ്ചിതത്ത്വ തത്വത്തിന്‍റെ അടിസ്ഥാനത്തില്‍, "സൂക്ഷ്മയാഥാര്‍ത്ഥ്യവാദം (microrealism) " [2] ക്വാണ്ടം ലോകത്തില്‍ ഒരു മിഥ്യാബോധം മാത്രമാണെന്ന് ഭൗതികശാസ്ത്രജ്ഞര്‍ വാദിച്ചു. വിശാലാര്‍ത്ഥത്തില്‍ സൂക്ഷ്മയാഥാര്‍ത്ഥ്യവാദത്തിന്‍റെ തകര്‍ച്ച മൂലം ആത്യന്തികവിശകലനത്തില്‍ ലോകം നമ്മില്‍ നിന്നും വേര്‍പെടുത്താനാകാത്തതാണെന്നു വരുന്നു. പദാര്‍ത്ഥം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെങ്ങനെ എന്നതിനുള്ള യോജിക്കുന്ന വിശദീകരണമായി ക്വാണ്ടം ഭൗതികശാസ്ത്രം കാണപ്പെടുന്നു. അതനുസരിച്ച് പ്രതിഭാസങ്ങള്‍ വേര്‍പെടുത്താമെങ്കിലും പദാര്‍ത്ഥം ആത്യന്തികമായി വേര്‍പെടുത്താനാവാത്തതായി നമുക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. [3]
ക്വാണ്ടം സിദ്ധാന്തത്തില്‍ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ചിത്രം പൂര്‍ത്തിയാക്കുന്നതില്‍ അളക്കുന്ന ഉപകരണങ്ങള്‍ ഒരു പ്രധാനപങ്കു വഹിക്കുന്നു. തരംഗസ്വഭാവത്തിന്‍റെ തകര്‍ച്ച നിരീക്ഷകന്‍റെ അവബോധത്തോട് ബന്ധപ്പെടുത്തിക്കൊണ്ട് ജോണ്‍ വീലറും സഹപ്രവര്‍ത്തകരും, യാഥാര്‍ത്ഥ്യത്തെ നിര്‍മ്മിക്കുന്നത് അവബോധമാണെന്ന് പറഞ്ഞു. വീലറുടെ വാക്കുകളില്‍: "ഒരു പ്ലേറ്റ്ഗ്ലാസ്സിന്‍റെ ഇരുപതു സെന്‍റിമീറ്റര്‍ കഷണം കൊണ്ട് സുരക്ഷിതമായി വേര്‍പെടുത്തപ്പെട്ട നിരീക്ഷകനോടൊപ്പം ലോകത്തെക്കുറിച്ചുള്ള "അവിടെ ഇരിക്കുന്നു" എന്ന ആശയത്തെ നശിപ്പിക്കുന്നു എന്നതാണ് ക്വാണ്ടം സിദ്ധാന്തത്തിന്‍റെ ഇതിലും പ്രധാനപ്പെട്ട തത്ത്വം.... എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ ഒരുവന്‍ പഴയ പദമായ "നീരീക്ഷക"നില്‍ നിന്ന് പുറത്ത് വന്ന് അതിന്‍റെ സ്ഥാനത്ത് "പങ്കാളി" എന്ന പുതിയ പദം ചേര്‍ക്കണം. ഒരു പ്രത്യേക അര്‍ത്ഥത്തില്‍, പ്രപഞ്ചം ഒരു പങ്കാളിതപ്രപഞ്ചമാണ്."[4]
ചലനരഹിതമായ പദാര്‍ത്ഥത്തിലാരംഭിച്ച് ഏറ്റവും മുകളില്‍ അവബോധത്തിലെത്തുന്ന പരമ്പരാഗതമായ പരിണാമാത്മക യാഥാര്‍ത്ഥ്യത്തിന്‍റെ മാതൃകയില്‍ നിന്നുള്ള വേര്‍പാട് ഇവിടെ സംഭവിക്കുന്നു. ഇത്തരുണത്തില്‍ യാഥാര്‍ത്ഥ്യത്തിലെ പങ്കാളിത്തത്തിന്‍റെയും സാര്‍വ്വത്രികസാന്നിദ്ധ്യത്തിന്‍റെയും മാനവവിജ്ഞാനീയമാണ് ഒരര്‍ത്ഥത്തില്‍ ക്വാണ്ടം ഭൗതികശാസ്ത്രം. ഈ ക്വാണ്ടം യുഗത്തില്‍, നമ്മിലേക്കു തന്നെ നോക്കുക എന്നാല്‍ മറ്റ് അസ്തിത്വങ്ങളില്‍ നിന്ന് വ്യത്യസ്തമായ നമ്മുടെ സ്വത്വം നഷ്ടപ്പെടുത്തി സാര്‍വ്വത്രികസ്വത്വത്തെക്കുറിച്ച് അവബോധമുള്ളവരാകുക എന്നാണ് അര്‍ത്ഥമാക്കുന്നത്. യാഥാര്‍ത്ഥ്യത്തിന്‍റെ ഭവനത്തില്‍ നാം നിരവധിപേര്‍ക്ക് അയല്ക്കാരാണ് എന്ന് പറഞ്ഞുതന്ന് ആത്മകേന്ദ്രീകൃതമായ മാനവവിജ്ഞാനീയത്തില്‍ നിന്ന് ഇത് നമ്മെ മോചിപ്പിച്ച് പ്രപഞ്ചകേന്ദ്രീകൃതമോ "യാഥാര്‍ത്ഥ്യ-കേന്ദ്രീകൃതമോ" ആയ മാനവവിജ്ഞാനീയത്തിലേക്ക് എത്തിക്കുന്നു. അവബോധത്താല്‍ നിറഞ്ഞ പദാര്‍ത്ഥത്തിന്‍റെ ആശയം മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള പുതിയ ഐക്യത്തിലേക്ക് നയിക്കുന്നു. "ഇനിമേല്‍ യാന്ത്രികലോകവീക്ഷണത്തിലെ നിഷ്ക്രിയ അസ്തിത്വമല്ല പദാര്‍ത്ഥം, മറിച്ച് നിരന്തരമായ പ്രക്രിയയോട് ബന്ധപ്പെട്ടതാണ്. ഈ മാറ്റം വളരെ പ്രകടമാണ്... അതിനാല്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പുതിയ സംവാദത്തെക്കുറിച്ച് നമുക്ക് സംസാരിക്കാനാകും." [5]
ഈയര്‍ത്ഥത്തില്‍, യുക്തിയുടെ അടിസ്ഥാനത്തില്‍ മനുഷ്യമഹത്വത്തെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗതധാരണ ശാസ്ത്രീയമായി സ്ഥാപിക്കപ്പെട്ട സാര്‍വ്വത്രികസാന്നിദ്ധ്യത്തിനും പങ്കാളിത്തത്തിനും വഴി മാറിക്കൊടുത്തു. നമ്മുടെ യഥാര്‍ത്ഥഅസ്തിത്വം അസ്തിത്വത്തിന്‍റെ സാര്‍വ്വത്രികഒരുമയോടുള്ള ഐക്യവും അതിലെ സാന്നിദ്ധ്യവുമാണ്. പദാര്‍ത്ഥത്തിന്‍റെ അവബോധബന്ധം പദാര്‍ത്ഥവാദത്തിന്‍റെ ഒരു ആധുനികവ്യാഖ്യാനം രൂപപ്പെടുത്താന്‍ സഹായകമാണ്. യഥാര്‍ത്ഥത്തില്‍, ദൈവശാസ്ത്രവുമായുള്ള ഒരു സംവാദത്തിലൂടെ ഈ ശാസ്ത്രീയപ്രവണതകളുടെ ഉള്ളടക്കങ്ങള്‍ അതിന്‍റെ ആഴത്തില്‍ നമുക്കു മനസ്സിലാക്കാനാകും. അതിലൂടെ ബൈബിളധിഷ്ഠിതമായ ഒരു മാനവവിജ്ഞാനീയത്തിന്‍റെ വിശാലവീക്ഷണവും സാദ്ധ്യമാണ്. ബൈബിള്‍ കാഴ്ചപ്പാടില്‍ മനുഷ്യന്‍ സത്താപരമായി ഒരു ആത്മശരീര ഐക്യമാണ്. ഹെബ്രായപശ്ചാത്തലത്തിലാണ് ഈ കാഴ്ചപ്പാട് വേരൂന്നിയിരിക്കുന്നത്. ഹെബ്രായലോകവീക്ഷണം സമഗ്രമായ ഒന്നായിരുന്നു. അരിസ്റ്റോട്ടേലിയന്‍-തോമിസ്റ്റ് പഠനങ്ങളായ പദാര്‍ത്ഥവും അരൂപിയും (hylemorphic doctrines) പ്ലേറ്റോയുടെ ജ്ഞാനവിഷയകമായ ദ്വന്ദവാദവും അതിനെ മലിനപ്പെടുത്തിയിട്ടില്ല. [6]
ആത്മീയവും ഭൗതികവുമായ വസ്തുക്കളെ സൂചിപ്പിക്കുന്നതിന് ഹെബ്രായ ചിന്ത ഉപയോഗിച്ചിരുന്ന പദമാണ് 'നെഫെഷ്' (nephesh). നെഫെഷ് എന്നത് ആത്മാവോ കഴുത്തോ തൊണ്ടയോ ആത്മമോ വിശപ്പോ വ്യക്തിയോ ആകാം. പരസ്പരം വിരുദ്ധമായി ഹീബ്രുവില്‍ കാണപ്പെടുന്ന ഒരു ജോഡി പദങ്ങളായ മാംസം (basar) ആത്മാവ് എന്നിവ ഒരു ദ്വന്ദാത്മകതോന്നല്‍ സൃഷ്ടിച്ചേക്കാം. പുതിയ നിയമത്തിലെ അതേ വാക്കുകളുടെ ദ്വന്ദാര്‍ത്ഥത്തില്‍ നിന്ന് വ്യത്യസ്തമാണ് ഇവിടുത്തെ കാഴ്ചപ്പാട്. [7] ബാസാര്‍ എന്ന പദം ഭൗതികവും ആത്മീയവുമായ യാഥാര്‍ത്ഥ്യങ്ങളെ അര്‍ത്ഥമാക്കുന്നുണ്ട്. ഇത് മാംസവും മൃഗവും ജീവനുള്ളവയെയും മനുഷ്യനെയും അര്‍ത്ഥമാക്കുന്നു. മനുഷ്യന്‍ ദൈവത്തിന്‍റെ ആത്മാവാല്‍ നിറഞ്ഞിരിക്കുന്നു. യാഹ്വിസ്റ്റ് സൃഷ്ടിവിവരണം ദൈവാത്മാവിനെ (ജീവന്‍റെ ശ്വാസം) മനുഷ്യന് മാത്രമായിട്ടാണ് അവതരിപ്പിക്കുന്നതെങ്കിലും സങ്കീര്‍ത്തനം 104:29-30 എല്ലാ ജീവജാലങ്ങളും ദൈവാത്മാവാല്‍ നിറഞ്ഞിരിക്കുന്നുവെന്ന് സ്ഥാപിക്കുന്നു: "അങ്ങ് അവയുടെ ശ്വാസം പിന്‍വലിക്കുമ്പോള്‍ അവ മരിച്ചു ഭൂമിയിലേക്കു മടങ്ങുന്നു. അങ്ങ് ജീവശ്വാസമയയ്ക്കുമ്പോള്‍ അവ സൃഷ്ടിക്കപ്പെടുന്നു." മൃഗങ്ങളെയും ദൈവത്തെയും കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയില്‍ "അവരുടെ ശ്വാസം" എന്നും "നിന്‍റെ ശ്വാസം" എന്നും വ്യത്യാസമുണ്ടെങ്കിലും ഹീബ്രുവില്‍ ഒരേ വാക്ക് തന്നെ രണ്ടു സ്ഥാനത്തും പ്രത്യക്ഷപ്പെടുന്നു. [8] റൂഹാ എന്ന പദത്തിന് ആത്മാവെന്നും ശ്വാസമെന്നും മാത്രമല്ല, കാറ്റെന്നും അര്‍ത്ഥമുണ്ട്. യാഹ്വേയെ "സകല ജീവന്‍റെയും ദൈവമായ കര്‍ത്താവ്" എന്ന് വിശേഷിപ്പിക്കുന്ന സംഖ്യ 27:16, "സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവ്" എന്ന ജറമിയ 32:27 എന്നീ വചനഭാഗങ്ങള്‍ ശരീരം-ആത്മാവ് ദ്വന്ദ്വത്തെ ഇല്ലാതാക്കുന്നു.
ശരീരത്തെയും ആത്മാവിനെയും വിശുദ്ധ പൗലോസ് വേര്‍തിരിക്കുന്നത് പുതിയ നിയമത്തില്‍ ഒരു ദ്വന്ദവീക്ഷണം കൊണ്ടുവരുന്നുണ്ടെങ്കിലും അത് പ്രത്യക്ഷത്തില്‍ മാത്രമാണ് (റോമ 7:8). ശരീരം മനുഷ്യദൗര്‍ബല്യത്തിന്‍റെ അടയാളമാണെന്നും പദാര്‍ത്ഥത്തോട് ബന്ധപ്പെട്ട നൈസര്‍ഗ്ഗികതിന്മയല്ലെന്നുമാണ് പൗലോസ് ശ്ലീഹാ പറയുന്നത്. ആത്മാവിന്‍റെ അനശ്വരത്വം മാത്രമല്ല പുതിയനിയമ ചിന്തയിലെ മുഴുവന്‍ സ്വത്വത്തിന്‍റെയും ഉത്ഥാനവും ആത്മശരീര ഐക്യത്തെ സൂചിപ്പിക്കുന്നു. ഗ്രീക്ക് ചിന്തയുടെ അടിസ്ഥാനത്തില്‍ മനിക്കേയന്‍ പ്രസ്ഥാനവും ജ്ഞാനവാദികളുമാണ് (gnostics) ദ്വന്ദ്വവാദത്തെ ശക്തമായി പ്രചരിപ്പിച്ചത്. ഈ കാഴ്ചപ്പാടിന്‍റെ പരിണിതഫലങ്ങളെ ബാര്‍ബര്‍ സംഗ്രഹിക്കുന്നു: "ആത്മാവും ശരീരവും തമ്മിലുള്ള ക്ലാസിക്കല്‍ ദ്വന്ദ്വം മനുഷ്യവംശവും മറ്റു ജീവജാലങ്ങളും തമ്മിലുള്ള വ്യത്യാസത്തെ ഊന്നിപ്പറയുന്നു. പദ്ധതി ആത്യന്തികമായി ദൈവകേന്ദ്രീകൃതമായിരുന്നെങ്കിലും, മനുഷ്യര്‍ക്കു മാത്രമാണ് ആത്മാവുള്ളതെന്ന വാഗ്ദാനം ലോകത്തിലെ നമ്മുടെ സ്ഥാനത്തെക്കുറിച്ച് നരവംശശാസ്ത്രപരമായ കാഴ്ചപ്പാട് രൂപപ്പെടുത്തി." [9]എച്ച്. വീലര്‍ റോബിന്‍സണ്‍ പറയുന്നു: "വ്യക്തിത്വത്തെക്കുറിച്ചുള്ള ഹെബ്രായ ആശയം ആത്മാവ് നല്കപ്പെട്ട ശരീരമെന്നതാണ്, ശരീരം സ്വീകരിച്ച ആത്മാവ് എന്നല്ല." [10] ഇതിനോടനുബന്ധിച്ച് ഡബ്ല്യു. ഈഷ്റ്രോത് പറയുന്നു: "മനുഷ്യന് ഒരു ശരീരവും ആത്മാവും ഉണ്ട് എന്നല്ല; അവന്‍ ഒരേ സമയം അവ രണ്ടും ആണ്." [11] അങ്ങനെ മനുഷ്യനെപ്പറ്റിയുള്ള ബൈബിള്‍ദര്‍ശനം ശരീരവും ആത്മാവും തമ്മില്‍ അടിസ്ഥാനപരമായി യോജിപ്പുള്ള ഒരു സമഗ്രജീവിയാണെന്നതാണ്. "പണ്ഡിതരുടെ അഭിപ്രായമനുസരിച്ച് ബൈബിളില്‍ മനുഷ്യനെപ്പറ്റി വൈരുദ്ധ്യാത്മകമായ ആശയങ്ങളൊന്നുമില്ല. മനുഷ്യനെപ്പറ്റിയുള്ള ബൈബിള്‍ കാഴ്ചപ്പാട് ദ്വന്ദ്വാത്മകമല്ല, സാകല്യമാണ്. ജനനസമയത്ത് ശരീരത്തില്‍ പ്രവേശിക്കുകയും മരിക്കുമ്പോള്‍ അതില്‍ നിന്ന് പുറത്തുകടക്കുകയും ചെയ്യുന്ന അമര്‍ത്ത്യമായ ആത്മാവ് എന്ന സങ്കല്പം ബൈബിളിന് അന്യമാണ്. ബൈബിള്‍ കാഴ്ചപ്പാടനുസരിച്ച് മനുഷ്യന്‍ ഒരു ഏകതയാണ്; ആത്മാവിന്‍റെയും ശരീരത്തിന്‍റെയും മാംസത്തിന്‍റെയും മനസ്സിന്‍റെയും ഐക്യമാണ് അവന്‍... എല്ലാം ഒരുമിച്ചാണ് മനുഷ്യനെ നിര്‍മ്മിക്കുന്നത്." [12]
ശാസ്ത്രം നല്കുന്ന പദാര്‍ത്ഥ-ബോധ പരസ്പരബന്ധം മനുഷ്യാത്മാവിന്‍റെ കൃത്യമായ വിട്ടുപോകലിനെ വിവരിക്കാന്‍ പര്യാപ്തമല്ലെങ്കിലും, മനുഷ്യന്‍റെ ആത്മശരീര ഐക്യത്തെ വിശദീകരിക്കാന്‍ ഉപയുക്തമാണ്. ശാസ്ത്രീയവീക്ഷണകോണില്‍ നിന്ന് മനുഷ്യപ്രകൃതത്തിലേക്കുള്ള ബൈബിള്‍ ഗ്രന്ഥകാരന്മാരുടെ ഉള്‍ക്കാഴ്ചകള്‍ ചില തരത്തിലുള്ള സുഗ്രാഹ്യമായ സ്വാഭാവിക യാന്ത്രികത സൃഷ്ടിച്ചിട്ടുണ്ട്. നമ്മുടെ അസ്തിത്വത്തിന്‍റെ ആത്മശരീര സമന്വയവും അതിന്‍റെ പ്രാപഞ്ചിക ആഴങ്ങളെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രപഞ്ചത്തിന്‍റെ ഏറ്റവുമടിത്തട്ടിലെ പദാര്‍ത്ഥം-ആത്മാവ് പ്രതിഭാസങ്ങളുടെ അറിയപ്പെടാത്ത ചലനങ്ങളുടെ ബൃഹത്തായ പ്രകടനമാണ് നമ്മുടെ അസ്തിത്വത്തിന്‍റെ ഘടനയെക്കുറിച്ചുള്ള രഹസ്യം. പ്രപഞ്ചത്തിന്‍റെ ശ്വാസോച്ഛ്വാസം നമ്മുടെ ആത്മാവിന്‍റെ ആഴങ്ങള്‍ സ്ഥാപിക്കുന്നു; പ്രപഞ്ചത്തിന്‍റെ മനസ്സ് നമ്മിലൂടെ ചിന്തിക്കുന്നു; പ്രപഞ്ചത്തിന്‍റെ അഭിവാഞ്ചകള്‍ നമ്മിലൂടെ സ്വപ്നം കാണുന്നു; പ്രപഞ്ചത്തിന്‍റെ മന്ത്രണങ്ങള്‍ നമ്മിലൂടെ പ്രാര്‍ത്ഥിക്കുന്നു. മനുഷ്യാത്മാവ് ഒരുവിധത്തില്‍ ലോകത്തിന്‍റെ ആത്മാവ് തന്നെയാണ്. പ്രപഞ്ചത്തിന്‍റെ ഏറ്റവും സുന്ദരമായ ആന്തരികാവസ്ഥയില്‍ നിന്നാണ് നമ്മുടെ ആത്മാവുകള്‍ പൊട്ടിമുളയ്ക്കുന്നത്. ശരീരവും ആത്മാവും തമ്മിലുള്ള അവശ്യ ഐക്യവും ഈ ഐക്യത്തിന്‍റെ ശാസ്ത്രീയസാദ്ധ്യതയുള്ള പ്രാപഞ്ചികചരിത്രപരതയും നമ്മുടെ ശരീരത്തിന്‍റെ സ്ഥലകാലബന്ധിയല്ലാത്ത സ്വഭാവത്തെക്കുറിച്ച് സംസാരിക്കുന്നു. നമ്മുടെ ശരീരങ്ങള്‍ നിലനിന്നിട്ടില്ലാത്ത ഒരു നിമിഷവും വ്യാപിച്ചിട്ടില്ലാത്ത ഒരിടവും ഇല്ല. അളവിലും തൂക്കത്തിലും പ്രായത്തിലും നാം നമ്മെക്കുറിച്ചുതന്നെ നടത്തുന്ന അളവുകളും കണക്കുകൂട്ടലുകളും നമ്മുടെ തന്നെ അജ്ഞതയെയാണ് അളക്കുന്നത്. നാം അധിവസിക്കുന്ന അനന്തമായ സ്ഥലത്തെക്കുറിച്ചുള്ള നിര്‍ണീതമായ അനുഭമാണ് സ്ഥലത്തെക്കുറിച്ചുള്ള നമ്മുടെ ശാരീരികഅനുഭവം. നമുക്ക് സ്വന്തമായുള്ള അനന്തതയുടെ സമയബന്ധിതമായ ഒരനുഭവം മാത്രമാണ് നമുക്കുള്ള സമയം. നമ്മുടെ ജന്മദിനം പ്രാപഞ്ചികമായ ഒരു ക്രിസ്മസിന്‍റെ ഓര്‍മകളുടെ അയവിറക്കലാണ്. അതുവഴി ദൈവിക പൂര്‍ണ്ണത തന്‍റെ അസ്തിത്വത്തെ നിശ്വസിച്ചുകൊണ്ട് ഒന്നുമില്ലായ്മയെ അസ്തിത്വത്തിലേക്കു കൊണ്ടുവന്നു. അതിനാല്‍, മനുഷ്യന്‍റെ വ്യതിരിക്തത സ്വതന്ത്രമായൊരു ആത്മാവുള്ളതിലല്ല, മറിച്ച് സര്‍വ്വയാഥാര്‍ത്ഥ്യത്തിന്‍റെയും പരസ്പരാശ്രിതത്വമുള്ള ആത്മാവില്‍ നമുക്കുള്ള പങ്കാളിത്തത്തിലാണ്. പരമ്പരാഗത ക്രിസ്തീയദൈവശാസ്ത്രം ദൈവികമായ ആത്മാവിനെ ശരീരത്തിന് പോലും മഹത്ത്വം നല്കുന്നതായി അവതരിപ്പിച്ചു. അതിലൂടെ വ്യക്തിയുടെ ആത്മാവ് പ്രപഞ്ചത്തിന്‍റെ പരിണാമാത്മക മേഖലയില്‍ നിന്ന് സത്താപരമായ വ്യത്യസ്തത അവകാശപ്പെട്ടു. ആത്മാവ്-പദാര്‍ത്ഥം ദ്വന്ദ്വത്തെ അവതരിപ്പിക്കുന്നത് പരിണാമസിദ്ധാന്തത്തില്‍ മനുഷ്യനിലെ ആത്മീയതത്ത്വങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിന് സഹായകമാകുമെന്ന് ചിന്തിച്ചിരുന്നു. 1950-ല്‍ തന്‍റെ "മനുഷ്യോത്പത്തി" (Humani Generis) എന്ന ചാക്രികലേഖനത്തില്‍ പിയൂസ് പന്ത്രണ്ടാമന്‍ പാപ്പ പറഞ്ഞു: "ദൈവം നേരിട്ടാണ് ആത്മാക്കളെ സൃഷ്ടിച്ചതെന്നു വിശ്വസിക്കാന്‍ കത്തോലിക്കാവിശ്വാസം ആവശ്യപ്പെടുന്നു." [13]
സഭയുടെ പുരാതന പഠനപാരമ്പര്യങ്ങളൊന്നും ആത്മാവിന്‍റെ ഉത്ഭവത്തെപ്പറ്റി വ്യക്തമായിപ്പറയുന്നില്ലെന്ന് റാനര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാലും പാപ്പ ഉദ്ദേശിച്ചത്, "ഭൗതികാടിത്തറയോടൊപ്പം ഭൗതികധാരണകളില്‍ നിന്ന് മനുഷ്യവ്യക്തിയുടെ അതിശായികത്വം ആവിര്‍ഭവിക്കുന്നില്ല, കാരണം, ആത്മാവും ശരീരവും തമ്മില്‍ ഇപ്പോഴും വേര്‍തിരിക്കപ്പെടേണ്ടതുണ്ട് (അസ്തിത്വപരമായി ഇപ്പോള്‍ അവയുടെ ഐക്യവും വ്യതിരിക്തതയും സമ്മതിക്കുക ബുദ്ധിമുട്ടാണെങ്കിലും)"[14] എന്നാണ്. പാപ്പയുടെ പ്രസ്താവനയെക്കുറിച്ച് ആള്‍ഷെഗി പറയുന്നത് ദൈവത്തിന്‍റെ പ്രത്യേകപ്രവര്‍ത്തിയും പരിണാമവും തമ്മിലുള്ള തടസ്സം നീക്കുന്നതിന് "ദൈവത്തിന്‍റെ പ്രത്യേകപ്രവര്‍ത്തി ജീവജാലങ്ങളുടെ എല്ലാ തലമുറകളിലൂടെയും പ്രവര്‍ത്തിക്കുന്നുവെന്നും അതുവഴി പ്രാപഞ്ചികപരിണാമമാകുന്ന പ്രത്യേകവും തുടര്‍ച്ചയുള്ളതുമായ ദൈവികപ്രവര്‍ത്തിയില്‍ എല്ലാവരും പങ്കുകാരാകുന്നുവെന്നും നാം മനസ്സിലാക്കണം." [15]
പ്രപഞ്ചപൂജയുടെ മഹാപുരോഹിതന്‍ (The High Priest of the Cosmic Sacrifice)
മാനവികതത്ത്വവും (anthropic principle), മനുഷ്യാസ്തിത്വത്തിന്‍റെ വിശാലമായ പ്രാപഞ്ചികസംവിധാനവും മനുഷ്യാസ്തിത്വത്തെയും മനുഷ്യപ്രകൃതത്തെയും കുറിച്ചുള്ള ബൈബിള്‍ പഠനങ്ങള്‍ മനസ്സിലാക്കുന്നതില്‍ ഗൗരവതരമായ ശ്രദ്ധ വേണമെന്ന് ആവശ്യപ്പെടുന്നു. മാനവികതത്ത്വം പറയുന്നത് അടിസ്ഥാനപരമായ സ്ഥിരഘടകങ്ങളാലും, ഒരു പ്രത്യേകഗണം നിയമങ്ങളാലുമാണ് പ്രപഞ്ചം നിര്‍വ്വചിക്കപ്പെടുന്നതെന്നാണ്. അതിന്‍റെ പ്രത്യേകവും സംയുക്തവുമായ പ്രവര്‍ത്തനം വഴി ജീവന്‍റെയും ജീവനുള്ള പദാര്‍ത്ഥത്തിന്‍റെയും അതുവഴി നമ്മുടെ തന്നെയും പുരോഗതി കൈവരിക്കപ്പെടുന്നു. മറ്റുവാക്കുകളില്‍, ബുദ്ധിപരമായ ജീവിതം പ്രത്യക്ഷപ്പെടുന്നതിനു വേണ്ടി പ്രപഞ്ചം അതായിരിക്കുന്ന രീതിയില്‍ത്തന്നെ തുടരേണ്ടതുണ്ട്. ഈ തത്ത്വം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് പ്രപഞ്ചത്തിന്‍റെ കൃത്യമായ ശ്രുതിചേര്‍ക്കലിലാണ്. ഈ തത്ത്വത്തിന്‍റെ ദുര്‍ബലപതിപ്പ് പ്രപഞ്ചത്തിന് ബൗദ്ധികജീവിതത്തെ ഉള്‍ക്കൊള്ളാനുള്ള ഘടകങ്ങളുണ്ടെന്ന ലളിതമായ തീര്‍ച്ചപ്പെടുത്തലാണ്. ഇതിന്‍റെ ശക്തിമത്തായ പതിപ്പ് പറയുന്നത് ബുദ്ധിയുള്ള ജീവികളുടെ നിലനില്പ് മനുഷ്യരുടെ പരിണാമാത്മകപുരോഗതിയിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്നാണ്. [16] ബ്രാന്‍ഡന്‍ കാര്‍ട്ടര്‍ പറയുന്നു: മാനവികതത്ത്വം എന്നുപറയുന്നത് "നിരീക്ഷകരെന്ന നിലയിലുള്ള നമ്മുടെ സാന്നിദ്ധ്യത്തിന് ആവശ്യമായ സാഹചര്യങ്ങള്‍ നിരീക്ഷിക്കാമെന്ന് നാം പ്രതീക്ഷിക്കുന്നതിനെ തടസ്സപ്പെടുത്തുന്നു" [17] എന്നതാണ്. ഈയര്‍ത്ഥത്തില്‍ നമ്മുടെ ഇന്ദ്രിയാനുഭവങ്ങള്‍ക്കുപരിയായുള്ള വസ്തുക്കളുടെയോ സംഭവങ്ങളുടെയോ കൃത്യമായ ഒരു കാഴ്ച നമുക്കുണ്ടാവുക സാദ്ധ്യമല്ല. പക്ഷേ ഇന്നത്തെ മാനവികതത്ത്വം [18] അതിനും മുകളില്‍ പോകുന്നു. ആറ്റ്കിന്‍സ്, ഡോക്കിന്‍സ്, സ്റ്റീഫന്‍ ജെ. ഗൗള്‍ഡ്, കാള്‍ സാഗന്‍ സ്റ്റീവന്‍ വീന്‍ബര്‍ഗ് മുതലായ പ്രമുഖ ശാസ്ത്രീയ എഴുത്തുകാരെല്ലാവരും ഈ തത്ത്വത്തെ പറഞ്ഞതു തന്നെ വീണ്ടും പറയുന്ന ഒന്നായിട്ടാണ് കാണുന്നത്: നാം ഉള്ളതുകൊണ്ടാണ് വസ്തുക്കള്‍ അവയായിരിക്കുന്നത്.
മനുഷ്യസംബന്ധിയായ തത്ത്വമനുസരിച്ച് പ്രപഞ്ചം ഒരു ലക്ഷ്യത്തിനു വേണ്ടിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഈ തത്ത്വത്തിന് ഉദാഹരണങ്ങളായി കൃത്യമായി ശ്രുതിചേര്‍ക്കപ്പെട്ട നിരവധി പ്രപഞ്ചഘടനകള്‍ ഉണ്ട്. അവസാനം മനുഷ്യവര്‍ഗ്ഗം തന്നെ അവയുടെ സൃഷ്ടിക്ക് നേരിട്ട് ഉത്തരവാദികളാകുന്ന രൂപങ്ങളാണവ. വാനശാസ്ത്രജ്ഞനായ മോറിസ് ഐയ്സന്‍മന്‍ പറയുന്നു: ഇലക്ട്രോണിന്‍റെ പിണ്ഡം അതുതന്നെയായിരിക്കുന്നത് എന്തുകൊണ്ടാണെന്നും ഏതു കണത്തിന്‍റെയും പിണ്ഡം അതായിരിക്കുന്നത് എന്തുകൊണ്ടാണെന്നും അല്ലെങ്കില്‍ ഭൗതികസ്ഥിരഘടകങ്ങള്‍ എന്തിനുണ്ടായി എന്നും അവ എന്തുകൊണ്ട് ആയിരിക്കുന്നുവെന്നും ആര്‍ക്കും അറിഞ്ഞുകൂടാ. ഒരു പ്രത്യേകനിമിഷത്തില്‍ നിങ്ങള്‍ പറയുന്നു, 'എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്? അതെന്തുകൊണ്ടാണ് അങ്ങനെ?' അതിനുള്ള ഉത്തരം, അതപ്രകാരമായിരുന്നില്ലായെങ്കില്‍ നാമിവിടെ ഉണ്ടാകുമായിരുന്നില്ല എന്നതാണ്. ഈ പശ്ചാത്തലത്തില്‍ തങ്ങള്‍ കാണുന്ന വസ്തുക്കള്‍ ആയിരിക്കുന്ന രീതിയുടെ അതിസാധാരണഐക്യത്തോട് പ്രതികരിക്കുന്നതിന് ഓരോ മനുഷ്യനും ഒരു രീതിയുണ്ട്. ചിലര്‍ അത് ഒരു സ്രഷ്ടാവിനും, ഒരു ബുദ്ധിക്കും കല്പിച്ചുനല്കുമ്പോള്‍ ഞാനത് ആ സന്ദര്‍ഭത്തിലെ വ്യക്തിപരമായ തിരഞ്ഞെടുപ്പിന് നല്കുന്നു. അതിപ്പോള്‍ അപ്രകാരം തന്നെ സംഭവിച്ചതിനാല്‍ എനിക്ക് അത്ഭുതപ്പെടാനാകുന്നില്ല എന്ന് ഒരുവന്‍ പറയുന്നു. എന്നാല്‍ ഞാന്‍ പറയും, 'അതപ്രകാരമായിരുന്നില്ലെങ്കില്‍ നാമിവിടെ ഉണ്ടാകുമായിരുന്നില്ല.' [19]
ഭൗതികശാസ്ത്രത്തിന്‍റെ ഏതെങ്കിലുമൊരു അടിസ്ഥാനസ്ഥിരഘടകമോ പ്രപഞ്ചത്തിന്‍റെ അടിസ്ഥാനപരമായ അളവുകളിലും തോതുകളിലും ഏതെങ്കിലുമോ ഏതെങ്കിലും തരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്ന, ജീവനുള്‍ക്കൊള്ളുന്ന ഒരു പ്രപഞ്ചത്തെ സങ്കല്പിക്കുക സാദ്ധ്യമല്ലെന്ന തിരിച്ചറിവില്‍ നിന്നാണ് മാനവികതത്ത്വം ഉയര്‍ന്നുവരിക. ഇതിന്‍റെ ആദ്യകാലപ്രയോക്താക്കളിലൊരാളായ ജോണ്‍ വീലറെ സംബന്ധിച്ചിടത്തോളം, "പ്രപഞ്ചമാതൃകയുടെയും മുഴുവന്‍ സംവിധാനങ്ങളുടെയും മദ്ധ്യത്തില്‍ ഒരു ജീവദായകമായ ഘടകം കിടപ്പുണ്ട്." [20] സുദര്‍ശന്‍റെ അഭിപ്രായത്തില്‍ നമ്മുടെ വരവ് പ്രപഞ്ചം നീട്ടിവച്ചിരിക്കുന്നു. "നാം പ്രപഞ്ചത്തിലേക്കു നോക്കി ഭൗതികശാസ്ത്രത്തിന്‍റെയും വാനശാസ്ത്രത്തിന്‍റെയും നിരവധി ആകസ്മികതകള്‍ തിരിച്ചറിയുമ്പോള്‍, നാം വരുന്നുവെന്ന് പ്രപഞ്ചം അറിഞ്ഞിരുന്നുവെന്നതു പോലെ കാണപ്പെടുന്നു." [21]
അമേരിക്കന്‍ വാനശാസ്ത്രജ്ഞനായ ജോര്‍ജ്ജ് ഗ്രീന്‍സ്റ്റെയ്ന്‍ പ്രപഞ്ചത്തിന്‍റെ ദൈവികമായ രൂപപ്പെടുത്തലിനുള്ള തെളിവായി മനുഷ്യസംബന്ധിയായ തത്ത്വത്തെ കാണുന്നു: "നാമെല്ലാ തെളിവുകളും പരിശോധിക്കുമ്പോള്‍ ഏതെങ്കിലും അതിസ്വാഭാവികഇടപെടല്‍-അല്ലെങ്കില്‍ സ്വാഭാവികമായ ഇടപെടല്‍-ഉണ്ടായിട്ടുണ്ടെന്ന ചിന്ത ഉയരുന്നു. പെട്ടെന്ന് ഇത്തരമൊരു അതിസ്വാഭാവികജീവാവസ്ഥയുടെ അസ്ഥിത്വത്തെപ്പറ്റിയുള്ള തെളിവ് സംബന്ധിച്ച് നമുക്ക് അബദ്ധം പറ്റുക സാദ്ധ്യമാണോ? നമ്മുടെ നന്മയ്ക്കു വേണ്ടി നേരിട്ട് ഇടപെട്ട് പ്രപഞ്ചത്തെ രൂപപ്പെടുത്തിയത് ദൈവമാണോ?" [22]
ശാസ്ത്രസംരംഭത്തിന്‍റെ പരിധികള്‍ക്കുള്ളില്‍ മാനവികതത്വത്തെ വിവരിക്കുന്നത് യാന്ത്രികമായ മനുഷ്യമഹത്വവാദത്തിലെത്തിക്കും. എന്നാല്‍, അതിന്‍റെ ദൈവശാസ്ത്രപരമായ സംയോജനം ഈ അപകടത്തെ ഒഴിവാക്കുന്നു. ബൈബിളും ലോകത്തിലെ മനുഷ്യന്‍റെ കേന്ദ്രസ്ഥാനവും മറ്റു സൃഷ്ടവസ്തുക്കളോടുള്ള പ്രത്യേകബന്ധവും സ്ഥിരീകരിക്കുന്നുണ്ട്. യാഹ്വിസ്റ്റ് ഗ്രന്ഥകാരന്‍റെ അഭിപ്രായത്തില്‍ മനുഷ്യന്‍ സൃഷ്ടിയുടെ കേന്ദ്രമായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പുരോഹിതവിവരണത്തില്‍ (ഉത്.1:1-2:4), മനുഷ്യന്‍ സൃഷ്ടിയുടെ മകുടവും ഉച്ചകോടിയുമാണ്. സൃഷ്ടികഥകള്‍ "മനുഷ്യന്‍റെ പ്രകൃതത്തെക്കുറിച്ച് പറയുന്നു. ദൈവത്തെപ്പോലെയുള്ള, മഹത്ത്വം കൊണ്ടു നിറഞ്ഞ, ബഹുമാനവും പരമമായ യോഗ്യതയുമുള്ള അവന്‍റെ കരങ്ങളിലേക്കാണ് ദൈവം തന്‍റെ സൃഷ്ടിയുടെ കര്‍ത്തൃത്ത്വം ഭരമേല്‍പിച്ചത്. ഇത് ജീവിതത്തിന്‍റെ സത്താപരമായ നന്മയും മനുഷ്യസമൂഹത്തെ ഭരിക്കുന്ന സാര്‍വ്വത്രികമായ ഒരു ധാര്‍മ്മികക്രമവും പ്രഘോഷിക്കുന്നു." [23] "അവരുടെ കുലീനത്വം പ്രഘോഷിക്കുന്ന ആനന്ദകീര്‍ത്തനത്തിനും അവരുടെ മേല്‍ വര്‍ഷിക്കപ്പെട്ട അനുഗ്രഹവചസ്സുകള്‍ക്കും വിസ്മരിക്കാനാവാത്ത സൗന്ദര്യമുണ്ടായിരുന്നു" (ഉത്.1:26-29). [24]
മനുഷ്യന്‍റെ സൃഷ്ടിയിലേക്കു വരുമ്പോള്‍ അവിടെ ഉപയോഗിച്ചിരിക്കുന്ന പദങ്ങള്‍ 'രൂപപ്പെടുത്തി' (shaped, fashioned) എന്നാണ്. ദൈവത്തിന്‍റെ രൂപം ഇവിടെ ഒരു കുശവന്‍റേതാണ് (yasar). ദൈവത്തെ കുശവനായി അവതരിപ്പിക്കുന്ന മറ്റു ബൈബിള്‍ ഭാഗങ്ങളാണ് ഏശ.41:25; 45:9; 64:8; ജറ.18:1-6 മുതലായവ. ഈ ചിത്രമനുസരിച്ച് ദൈവം ഓരോ വ്യക്തിയെയും സുന്ദരവും ഉപകാരപ്രദവുമാക്കുന്നതിനുവേണ്ടി നിതാന്ത ജാഗ്രത പുലര്‍ത്തുന്നു.[25] ദൈവം തന്‍റെ 'ജീവശ്വാസം' (ruach) മനുഷ്യനുമായി പങ്കുവയ്ക്കുകയും അങ്ങനെ അവന്‍/അവള്‍ ജീവനുള്ളതായിത്തീരുകയും (nepes hayya) ചെയ്യുന്നു. മനുഷ്യന്‍റെയും മറ്റു ജീവജാലങ്ങളുടെയും സൃഷ്ടി തമ്മില്‍ വ്യക്തമായൊരു വേര്‍തിരിവ് നാമിവിടെ കാണുന്നു (ഉത്.1:20,21,24,30; 2:19; 9:10,12,25). ഇത് മനുഷ്യന്‍റെ ഭാഗധേയത്തിലുള്ള ദൈവത്തിന്‍റെ വ്യക്തിപരവും വ്യക്തവുമായ ഇടപെടലിനെ കാണിക്കുന്നു. 'ജീവശ്വാസം' മനുഷ്യനിലെ ദൈവികതലത്തെ വിവരിക്കുന്നു. അവന്‍/അവള്‍ ദൈവത്തിന്‍റെ ജീവന്‍റെയും ഊര്‍ജ്ജസ്വലതയുടെയും ഏകപങ്കാളിയായി ചിത്രീകരിക്കപ്പെടുന്നു. മനുഷ്യന്‍റെ മുഴുവന്‍ സത്തയും ജീവിതവും, ശരീരവും ആത്മാവും രൂപീകരിക്കപ്പെട്ടതും സൃഷ്ടിക്കപ്പെട്ടതും ആഗ്രഹിക്കപ്പെട്ടതും ദൈവത്താലാണ്.
കൂടാതെ, മനുഷ്യസൃഷ്ടിയില്‍ അവന് ചുറ്റുമുള്ള ലോകത്തോടുള്ള പ്രത്യേകബന്ധവും വിവരിക്കപ്പെട്ടിരിക്കുന്നു. മനുഷ്യനായ ആദം (adam) സൃഷ്ടിക്കപ്പെട്ടത് പൊടിയില്‍ നിന്നും മണ്ണില്‍ നിന്നുമാണ് (adama). "ഹെബ്രായ പദങ്ങളായ adam, adama [26] എന്നീ വാക്കുകളുടെ ഉപയോഗത്തിലൂടെ ലോകവും മനുഷ്യനും തമ്മില്‍ സൃഷ്ടിയില്‍ നല്കപ്പെട്ട ജീവന്‍റെ പ്രത്യേക ബന്ധത്തെ എടുത്തു പറയുന്നു." "അധികാരമുണ്ടാകുക" (rada) എന്നത് കുലീനമായ ഒരു ഉത്തരവാദിത്വമാണ് (ഉത്.1:26-28; 9:1-7; സങ്കീ.8:6-8; 72:8-14; എസ.34:1-4). ഇത് സൃഷ്ടലോകത്തിനും പ്രകൃതിക്കും മേല്‍ മനുഷ്യന് ആധിപത്യം നല്കുന്നുവെങ്കിലും അവയ്ക്കുമേല്‍ ചൂഷണാത്മകമായ ഒരു മനസ്ഥിതി ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. ഉത്കൃഷ്ടനായ രാജാവിനെയും ഉത്തരവാദിത്വമുള്ള സേവകനെയും പോലെ ഇതിനെ പരിപാലിച്ച് പരിപോഷിപ്പിക്കുന്ന ഒരു മനോഭാവമായി വേണം കണക്കാക്കുവാന്‍.
മനുഷ്യന് മറ്റു മൃഗങ്ങളോടും പക്ഷികളോടുമുള്ള ബന്ധത്തെ വ്യതിരിക്തവും തനിമയുള്ളതുമായാണ് ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത്. അവന്‍/അവള്‍ തന്‍റെ സൃഷ്ടവസ്തുക്കള്‍ക്ക് പേരിടാന്‍ യാഹ്വേയാല്‍ നിയോഗിക്കപ്പെടുന്നു. അതിലൂടെ അവര്‍ അവയുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കുന്നു. ആന്‍ഡേഴ്സന്‍റെ വാക്കുകളില്‍, "ഇസ്രായേലിന്‍റെ സൃഷ്ടിവിശ്വാസം ഭാവാത്മകമായ ഇഹലോകവിശ്വാസം, ആരോഗ്യപരമായ ഒരു ഭൗതികവാദം അവതരിപ്പിക്കുന്നു. തങ്ങളുടെ സ്രഷ്ടാവിനെ സേവിച്ചുകൊണ്ട് മനുഷ്യന് സന്തോഷമനുഭവിക്കുന്നതിനുവേണ്ടി ദൈവത്താല്‍ നല്കപ്പെട്ട വാസസ്ഥാനമാണ് പ്രപഞ്ചം. അതുപ്രകാരം ഭൂമിയും അതിലുള്ളവയും മനുഷ്യന് നല്കപ്പെട്ടിരിക്കുന്നു; ചൂഷണം ചെയ്യുന്നതിനായല്ല, മറിച്ച്, യാഹ്വേയോടുള്ള ഭയത്തിന്‍റെ അടിസ്ഥാനത്തില്‍ അറിവിന്‍റെ പരിമിതികള്‍ മനസ്സിലാക്കി അവയെ ഉപയോഗിക്കാനും ആസ്വദിക്കാനുമായിട്ടാണ്." [27]
ഭൂമിയെ മേയ്ക്കുന്നതിനുള്ള ദൈവികദൗത്യവും മനുഷ്യസംബന്ധിയായ തത്ത്വത്തിലൂടെ ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ട അതിന്‍റെ ഭൗതികമായ അനുയോജ്യതയും പരിസ്ഥിതിയോട് നമുക്കുള്ള ഉത്തരവാദിത്വങ്ങള്‍ അനുസ്മരിപ്പിക്കുന്നു. സൃഷ്ടിയുടെ അവശ്യഐക്യത്തെക്കുറിച്ച് പുരോഗമിച്ചുകൊണ്ടിരിക്കുന്നതും പുതിയതുമായ പരിണാമാത്മകധാരണകള്‍ അസ്തിത്വപരമായ പൂര്‍ണ്ണത പ്രോത്സാഹിപ്പിക്കുന്നതിനുള്ള നമ്മുടെ ആഴമായ പരിസ്ഥിതിദൗത്യത്തെ സ്ഥിരീകരിക്കുന്നു. ദൈവവും സൃഷ്ടിയും തമ്മിലുള്ള സ്നേഹപൂര്‍ണ്ണമായ ബന്ധം അംഗീകരിക്കപ്പെടുന്ന ഒരു ദര്‍ശനത്തില്‍ നമ്മിലേക്കു തന്നെ നോക്കുക എന്നു പറഞ്ഞാല്‍ ദൈവത്തിന്‍റെ തന്നെ പ്രത്യക്ഷവത്കരണമായ സൃഷ്ടിയും നാമും തമ്മിലുള്ള ഒരിക്കലുമവസാനിക്കാത്ത ബന്ധത്തെ കാണുകയും തിരിച്ചറിയുകയും ചെയ്യുക എന്നതാണ്. ദൈവത്തില്‍ നിന്നും പ്രകൃതിയില്‍ നിന്നുമകന്ന് മനുഷ്യന്‍റെ രഹസ്യം അനാവരണം ചെയ്യാനാവില്ല. മറ്റു ജീവികള്‍ക്ക് ഒന്നുചേരാനുള്ള ഇടമായി മനുഷ്യവ്യക്തി മാറുന്നു. അവിടെ ഭൂമിയുടെ അവബോധവും സംവേദനക്ഷമതയും സ്വാതന്ത്ര്യവും സ്നേഹവും പ്രകാശപൂരിതമാകുന്നു. [28] മനുഷ്യന്‍റെ ലോകത്തോടുള്ള ബന്ധം പുതിയ രീതിയില്‍ വ്യാഖ്യാനിക്കപ്പെടേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമായിരിക്കുന്നു.
സത്താപരമായി ലോകത്തിലുള്ള ഒരു ജീവിയാണ് മനുഷ്യന്‍. മനുഷ്യന്‍ അവനുചുറ്റുമുള്ള പ്രകൃതിയുമായി നിരന്തരബന്ധത്തിലാണ്. അവന്‍/അവള്‍ ലോകത്തില്‍ ജീവിച്ച് അതിനാല്‍ ക്രമീകരിക്കപ്പെടുന്നു. അവന്‍റെ അസ്തിത്വവും അതിജീവനവും പ്രപഞ്ചത്തിലും പ്രപഞ്ചത്താലുമാണ്. അവന്‍/അവള്‍ തന്‍റെ പ്രാഥമികചോദനകളായ മൃഗസ്വഭാവം, ഭക്ഷണം, ധനം എന്നിവയ്ക്കായി പ്രകൃതിയെ ആശ്രയിക്കുന്നു. ഒരുരീതിയില്‍ ഭൂമി തന്‍റെ അവബോധം നേടിയെടുക്കുന്ന ഒരു ജീവിയാണ് മനുഷ്യന്‍. പരിണാമപ്രക്രിയയുടെ സ്വരവും സംഗീതവുമായ മനുഷ്യന്‍റെ പ്രത്യക്ഷപ്പെടലോടെ പ്രാപഞ്ചികപരിണാമം അതിനെക്കുറിച്ചു തന്നെയുള്ള അവബോധത്തിലെത്തുന്നു. നാം ഭൂമിയെ നോക്കാനും അത് സൃഷ്ടിച്ചതും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതുമായ എല്ലാത്തിനെയും അറിയാനും ആഘോഷിക്കാനും യോഗ്യത നേടുന്നു. നമ്മിലൂടെ ലോകം അതിന്‍റെ ഭൗതികപരിമിതികളെ അതിജീവിച്ച് പരമസത്യവുമായി ആഴമായ ബന്ധത്തിലേര്‍പ്പെടാന്‍ തയ്യാറെടുക്കുന്നു.
ഐക്യത്തിന്‍റെ വീക്ഷണകോണില്‍ മനുഷ്യന്‍ സേവകനോ യജമാനനോ അല്ല. പ്രപഞ്ചശരീരത്തിലെ അവയവങ്ങളിലൊന്നാണ് അവന്‍. മനുഷ്യന്‍ "ലോകത്തിലുള്ള, ലോകത്തില്‍ നിന്നുള്ള, ലോകത്തിന്‍റേതായ ഒരുവനാണ്." [29] ഭൂമിയിലെ പൊടിയുമായി സത്താപരമായി നാമെല്ലാം ഒന്നാണെന്ന് ക്രിസ്തീയവേദഗ്രന്ഥത്തിലും കാണുന്നു: നീ മണ്ണാകുന്ന, മണ്ണിലേക്കു തന്നെ നീ മടങ്ങും. "മനുഷ്യനാവുക എന്നാല്‍ അന്തര്‍മാനവനാകുക എന്നതും എല്ലാത്തിനോടും ബന്ധപ്പെട്ടിരിക്കുക എന്നതുമാണ്." [30] മനുഷ്യന്‍ മറ്റു ജീവജാലങ്ങളോടൊപ്പവും അവരില്‍ നിന്നുള്ളതുമായ ജീവിയാണ്. മറ്റു വസ്തുക്കളില്‍ നിന്ന് സ്വതന്ത്രമായി ഒരു നിമിഷം പോലും നമുക്ക് ജീവിക്കാനാവില്ല. മറ്റു ജീവികളുമായുള്ള ഇടപഴകല്‍ അത്തരമൊരു ആവശ്യകതയാണ്. നമ്മുടെ അസ്തിത്ത്വത്തെ കൂടെയായിരിക്കുന്ന ഒന്ന് എന്ന് നിര്‍വ്വചിക്കുന്നത് തെറ്റായിരിക്കില്ല. മറ്റു ജീവജാലങ്ങളുമായുള്ള സംഘര്‍ഷത്തെ പരമ്പരാഗതമായി നാം എടുത്തുകാണിക്കാറുണ്ട്. സംഘര്‍ഷം ഇടപഴകലിന്‍റെ ഒരു തലമാണ്. നാം നമ്മെത്തന്നെ മറ്റു ജീവികളോടൊപ്പമുള്ള ഒരസ്തിത്വമായി തിരിച്ചറിയുമ്പോള്‍ അതു നമ്മെ നിരവധി പരിസ്ഥിതിമൂല്യങ്ങളായ പങ്കാളിത്തം, സ്നേഹം, സമാധാനം മുതലായവ നല്കി അനുഗ്രഹിക്കും. കൂടെയായിരിക്കുക എന്നത് നാം മറ്റുള്ളവയ്ക്ക് നല്കുന്ന ഉപയോപരമായ മൂല്യം തുടച്ചുനീക്കും. ഇന്നുവരെ നാം മനുഷ്യനെ സൃഷ്ടിയുടെ പരമകാഷ്ഠയായി പരിഗണിച്ചു. പരിണാമത്തിന്‍റെ സകല ഉദ്ദേശവും ധൈഷണികജീവിയായ മനുഷ്യനാണെന്ന് നാം ചിന്തിച്ചു. ലോകത്തെക്കുറിച്ചുള്ള അത്തരമൊരു ധാരണയുടെ തിരുത്തലിനായി നാം നമ്മെത്തന്നെ ദാര്‍ശനികവും ദൈവശാസ്ത്രപരവും ശാസ്ത്രീയവുമായ അറിവുകള്‍ കൊണ്ട് സന്നദ്ധമാക്കി.
രൂപാന്തരീകരണത്തിന്‍റെ ഈ വര്‍ത്തമാനകാലത്തില്‍ നാം അത്തരത്തിലുള്ള ആത്മകേന്ദ്രീകൃതലോകവീക്ഷണത്തെ ഉപേക്ഷിക്കേണ്ടതുണ്ട്. നമ്മുടെ ആത്മബോധത്തെ നാം അതിവര്‍ത്തിക്കണം. ഓരോ ജീവിക്കും മഹത്ത്വപൂര്‍ണ്ണമായ സൃഷ്ടിയില്‍ അവയുടേതായ സ്ഥാനവും പ്രത്യേക ഉദ്ദേശവുമുണ്ടെന്ന് സാവധാനം നാം തിരിച്ചറിയുകയാണ്: "സ്ഥാനമാനങ്ങളുടെ ഉന്നതിയില്‍ നിന്നും അധീശത്വത്തില്‍ നിന്നും, അവിശ്വസനീയമാം വിധം പരസ്പരബന്ധിതവും, അത്യത്ഭുതകരമായി ഐക്യപ്പെട്ടതും പരിസ്ഥിതിപരമായി ഉന്നതി പ്രാപിച്ചതുമായ വീക്ഷണകോണില്‍ നമ്മെത്തന്നെ പങ്കാളികളായി നാം പരഗണിച്ചു തുടങ്ങുന്നു. അതാകട്ടെ ബന്ധത്തിനും ഉത്തരവാദിത്ത്വത്തിനും സമൂഹത്തിനും ഐക്യത്തിനും പൊതുവിധിക്കും ഊന്നല്‍ നല്കുകയും ചെയ്യുന്നു." [31] നമ്മുടെ അസ്തിത്ത്വത്തിന്‍റെ വേരുകള്‍ കണ്ടെത്തലാണ് സമഗ്രമായ കാഴ്ചപ്പാട്. ഈ കണ്ടെത്തല്‍ നമ്മെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സംഗമസ്ഥാനമായ സഹാസ്തിത്വത്തിന്‍റെ ആല്‍ഫാകേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നു. മനുഷ്യരുടെ മഹത്ത്വപൂര്‍ണ്ണമായ ജീവിതം മൃതമായ പദാര്‍ത്ഥത്തില്‍ നിന്നാണെന്ന് നാം പലപ്പോഴും മറന്നുപോകുന്നു. വിത്തിനുള്ളില്‍ ഒരു മരമെന്നതുപോലെ, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഭൂമിയില്‍പ്പതിച്ച പ്രാപഞ്ചികമായ പൊടിയില്‍ മനുഷ്യബുദ്ധിയും മനസ്സും ഒളിച്ചിരിക്കുകയായിരുന്നില്ലേ? നമ്മുടെ നാസാരന്ധ്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനുമുമ്പേ ഭൂമിയില്‍ സുഗന്ധം പരക്കുകയും നമ്മുടെ നയനങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പേ ലോകത്തെ സൗന്ദര്യം അലങ്കരിക്കുകയും ചെയ്തിരുന്നു. "ആകാശത്തിലെ പക്ഷികളെയും വയലിലെ ലില്ലികളെയും നോക്കുവിന്‍; സോളമന്‍ പോലും തന്‍റെ സര്‍വ്വമഹത്തത്തിലും അവയിലൊന്നിനെപ്പോലെ അലംകൃതനായിരന്നില്ല" (മത്താ.6:26-30). സമഗ്രമായ ദര്‍ശനം പ്രകൃതിയോടും നമ്മെടുതന്നെയുമുള്ള സൗഹൃദം വീണ്ടെടുക്കുന്നു.
ഈ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍ മനുഷ്യാസ്തിത്വം ഒരു സാര്‍വ്വത്രികസാന്നിദ്ധ്യമായും യാഥാര്‍ത്ഥ്യത്തിലുള്ള പങ്കാളിത്തമായും കാണേണ്ടതുണ്ട്. നാം ഈ ലോകത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കുമായി നിത്യമായി സന്നിഹിതരാണ്. നമ്മുടെ ജീവിതത്തിന്‍റെ ഇന്നലെകള്‍ ഭൂമിയിലെ പൊടിയുടെ രൂപരാഹിത്യത്തിന്‍റെയും അതിന്‍റെ ധാതുരൂപത്തിലേക്കുള്ള മാറ്റത്തിന്‍റെയും ജൈവലോകത്തോടൊപ്പമുണ്ടായിരുന്ന അസ്തിത്വത്തെയും ഓര്‍മ്മിച്ചെടുക്കുന്നു. അസ്തിത്വത്തിന്‍റെ പ്രാപഞ്ചികസംഗീതത്തോട് ചേര്‍ക്കപ്പെട്ട താത്കാലികമായ താളമാണ് നമ്മുടെ ശാരീരികാസ്തിത്വം. അവബോധം കൊണ്ടും ക്രിയാത്മകത കൊണ്ടും നാം നിറഞ്ഞിരിക്കുന്നതിനാല്‍ ഭൂമിയുടെ സംഗീതമാലിപിക്കുക എന്ന നമ്മുടെ ദൗത്യം വളരെ വലുതായ ഒന്നാണ്. യജമാനന്‍ തന്‍റെ സേവകര്‍ക്ക് മുന്തിരിത്തോട്ടം ഭരമേല്‍പിച്ചിരിക്കുന്നതുപോലെ ഭൂമി നമുക്ക് ഏല്‍പിക്കപ്പെട്ടിരിക്കുകയാണ്. നമ്മെ സ്ഥലകാലങ്ങളുടെ ബന്ധനത്തില്‍ നിന്ന് മോചിതരാക്കി മരണം സഹായിക്കുന്നു; ശവകുടീരത്തില്‍ നമ്മുടെ സുഹൃത്തുക്കളായ ഉറുമ്പുകളും പുഴുക്കളും ഭൂമിയുടെ നിതാന്തപ്രക്രിയയിലേക്ക് നമ്മെ മടക്കി അയയ്ക്കുന്നു. നാം ഇപ്പോള്‍ ഇവിടെയാണ്. പക്ഷേ നക്ഷത്രങ്ങളുടെ വെളിച്ചത്തിലും, ഗിരിശൃംഗങ്ങളുടെ ഏകാന്തതയിലും, പൂക്കളുടെ സുഗന്ധത്തിലും, തിരമാലകളുടെ താളാത്മകനൃത്തത്തിലും നാമുണ്ട്. നമ്മുടെ ദിവസങ്ങള്‍ ആകാശത്തിലെ പക്ഷികളോടും വയലിലെ ലില്ലികളോടുമൊപ്പം പൂര്‍ത്തീകരിക്കപ്പെടുകയും നമ്മുടെ നിശകള്‍ യാഥാര്‍ത്ഥ്യത്തിന്‍റെ ശാന്തതയിലും സ്വച്ഛതയിലും അഭിരമിക്കുകയും ചെയ്യുന്നു. സര്‍വ്വസൃഷ്ടിയുടെയും സര്‍വ്വാതിശായിത്ത്വത്തിന്‍റെ കൂടിച്ചേരുകയും രൂപാന്തരപ്പെടുകയും ചെയ്യുന്ന സാര്‍വ്വത്രികമായ തലമാണ് മനുഷ്യന്‍. പ്രപഞ്ചത്തിന്‍റെ ആന്തരികാസ്തിത്വത്തിന്‍റെ പരിണാമാത്മക അഭിവാഞ്ജകളും സര്‍വ്വാതിശായിയായ അഭിലാഷങ്ങളും മനുഷ്യനില്‍ ആഗിരണം ചെയ്യപ്പെടുകയും മനുഷ്യനിലൂടെ പരിപോഷിപ്പിക്കപ്പെടുകയും പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുന്നു. ലോകത്തിന്‍റെ ഭാരം എടുത്തുമാറ്റുന്നതിനുള്ള കുഞ്ഞാടുകളാണ് നാം. ഓരോ മനുഷ്യന്‍റെയും ജനനം ലോകത്തിന് രൂപാന്തരപ്പെടാനുള്ള നിമിഷവും മരണം സന്തോഷത്താല്‍ കുതിച്ചു ചാടാനുള്ള അവസരവുമാണ്. റാനര്‍ പറയുന്നു, "ജീവിക്കുന്ന പദാര്‍ത്ഥത്തിന്‍റെ ആത്മപ്രകാശനമാണ് മനുഷ്യനെങ്കില്‍ പ്രകൃതിയുടെയും ആത്മാവിന്‍റെയും ചരിത്രം ആന്തരികമായി തരംതിരിക്കപ്പെട്ട ഒരു ഐക്യം രൂപപ്പെടുത്തുന്നു. അതില്‍ പ്രകൃതിചരിത്രം മനുഷ്യനു നേരെ പുരോഗമിച്ച്, അവന്‍റെ ചരിത്രമെന്ന നിലയില്‍ അവനിലൂടെ തുടര്‍ന്ന് അതിനെ പിന്നിലാക്കി മനുഷ്യാത്മാവിന്‍റെ ചരിത്രത്തിലും അതിനോടൊപ്പവും കൃത്യമായ ലക്ഷ്യസ്ഥാനത്തെത്തിച്ചേരുന്നു." [32]
നമ്മുടെ പ്രാപഞ്ചിക അസ്ഥിത്വം നമ്മുടെ നിലനില്‍പ് എപ്പോഴും സനാതനമായ ഒരു ഏകതാനതയിലാണ് എന്ന് നമ്മെ അനുസ്മരിപ്പക്കുന്നു. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കും ചിന്തകള്‍ക്കും പ്രപഞ്ചത്തിന്‍റെ ആയിത്തീരലിലും പരമമായ വിധിയിലും ശക്തമായ സ്വാധീനങ്ങളുണ്ട്. സംഘാത്മകതയും (collectivity) സാമാന്യതയും (commonality) പ്രാപഞ്ചികഘടനയുടെ അട്ടിമറിക്കാനാകാത്ത വ്യവസ്ഥകളാണ്. നാം ചെയ്യുന്ന നന്മ സര്‍വ്വലോകവും കാത്തുസൂക്ഷിക്കുന്ന നന്മയുടെ പുസ്തകത്തിലെ പൊതുസ്വത്തായി മാറുകയും, നാം ചെയ്യുന്ന തിന്മ സൃഷ്ടിയുടെ മുഖം വികൃതമാക്കിക്കൊണ്ട് മനുഷ്യവംശം മുഴുവന്‍റെയും ബാധ്യതയായിത്തീരുകയും ചെയ്യുന്നു. ഉത്ഭവപാപത്തിന്‍റെ ആധുനികധാരണകളെക്കുറിച്ച് ഈ പുതിയ വീക്ഷണം നമ്മെ ബോധവാന്മാരാക്കുന്നു. ജനനത്തിലൂടെ നാം ലോകത്തിലും അതിന്‍റെ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും മാത്രമല്ല പങ്കുകാരാകുന്നത്, അതിന്‍റെ സത്താപരമായ പ്രകാശത്തിലും അന്ധകാരത്തിലും കൂടിയാണ്. പ്രപഞ്ചത്തിന്‍റെ വിധിയിലുള്ള മനുഷ്യന്‍റെ പ്രാധാന്യത്തെ റാനര്‍ നിസ്സാരമാക്കിക്കളയുന്നില്ല. മനുഷ്യന്‍ "വസ്തുക്കളുടെ പ്രപഞ്ചത്തിലെ ഒരു ഘടകമല്ല... വ്യക്തിയെന്ന സ്വാതന്ത്ര്യത്തില്‍ പ്രപഞ്ചം മുഴുവന്‍റെയും വിധി തൂങ്ങിക്കിടക്കുന്ന ഒരു വ്യക്തിയാണത്." [33]
പ്രപഞ്ചത്തെ സര്‍വ്വാതിശായികത്വത്തിലെത്തിക്കാനുള്ള ശുശ്രൂഷയില്‍ മനുഷ്യന്‍റെ ഉത്തരവാദിത്വത്തിന്‍റെ ഭാഗമായിട്ടുവേണം അവന്‍റെ വ്യതിരിക്തമായ ഛായയും സാദൃശ്യവും പരിഗണിക്കുവാന്‍. 'ദൈവത്തിന്‍റെ ഛായ' എന്ന പ്രയോഗത്തിന്‍റെ ആധുനികവ്യാഖ്യാനം ഈജിപ്തിലും മെസോപ്പെട്ടോമിയായിലും രാജാവിനെ ദൈവത്തിന്‍റെ പ്രതിരൂപമായി അവതരിപ്പിച്ചിരുന്നതു പോലെയാണ്. "മനുഷ്യന്‍... ദൈവത്തിന്‍റെ പ്രതിനിധിയാണ്... ദൈവം തന്നെത്തന്നെ ലോകത്തിന് കാണിച്ചുകൊടുക്കുന്ന ഒരേയൊരു രൂപം മനുഷ്യന്‍റേതാണ്." [34] മനുഷ്യനിലെ ദൈവികമായ ഈ പ്രാതിനിധ്യത്തിന്‍റെ മറുപുറം അവനിലും അവനിലൂടെയുമുള്ള പ്രപഞ്ചത്തിന്‍റെ 'ധ്യാന'മാണ്. സൃഷ്ടിക്കു മാദ്ധ്യസ്ഥം വഹിക്കുകയും, അതിനെ രൂപാന്തരപ്പെടുത്തുകയും, പ്രപഞ്ചത്തില്‍ നിന്ന് ഉരുവാകുകയും ചെയ്ത നാമാണ് പ്രാപഞ്ചികമായ ആരാധനയുടെ പുരോഹിതര്‍. ലോകത്തിന്‍റെ മുഖ്യപുരോഹിതനാണ് മനുഷ്യന്‍: അവന്‍ എല്ലാവര്‍ക്കും വേണ്ടിയുള്ള ബലിയര്‍പ്പിക്കുന്നു. [35]
Anthropology From a scientific point of view Anthropology a scientific point of view Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206