x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ ഇതര മതസംവാദം

ഒരു നൂതന മാർഗ്ഗരേഖ

Authored by : Dr. Vincent Kundukulam, Fr. Tom Olikkarottu On 28-Mar-2023

14

ഒരു നൂതന മാർഗ്ഗരേഖ

ക്രിസ്തുവിന്റെ അനന്യതയും കത്തോലിക്കാസഭയുടെ തനിമയും ബഹുതയെന്ന യാഥാർത്ഥ്യത്തോട് ഗുണപരമായി സമന്വയിപ്പിക്കാനുള്ള പരിശ്രമം വിവിധ ദൈവശാസ്ത്ര ശാഖകളിലൂടെ നമ്മൾ മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. ഇതര മതങ്ങളോടുള്ള പെരുമാറ്റത്തിൽ ക്രൈസ്തവർക്ക് എന്നും മാർഗദർശകമാകേണ്ട ചില ദൈവശാസ്ത്ര കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നതിനു മുൻപ് ഇതുവരെ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളെ സംഗ്രഹിക്കാം.

പഴയനിമത്തിൽ ഇന്ന് നമ്മൾ മനസ്സിലാക്കുന്ന രീതിയിലുള്ള വൈവിധ്യത്തിന്റെ സംസ്കാരം പ്രകടമായിട്ടില്ലെങ്കിലും, വിജാതീയ മതങ്ങളോട് നിരുപാധികം അസഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതായിരുന്നില്ല അന്നാളിലെ അടിസ്ഥാന കാഴ്ച്ചപ്പാട്. വിജാതിയ സംസ്ക്കാരങ്ങളിലെ അനാചാരങ്ങളിൽ നിന്നും ഇസ്രായേല്യരെ സംരക്ഷിക്കുന്നതിന്റെയും ദേശീയ ഐക്യം പരിരക്ഷിക്കുന്നതിന്റെയും ഭാഗമായി ഇതരമതങ്ങളെ അപകടരങ്ങളായി ചില പ്രവാചകന്മാർ ചിത്രീകരിച്ചു എന്നത് ശരിയാണ്. മാത്രമല്ല രാഷ്ട്രീയ ആധിപത്യം ഉണ്ടായിരുന്നപ്പോൾ അവർ വിജാതിയ മതങ്ങളോട് നിഷേധാത്മകമായി പെരുമാറുകയും ചെയ്തു. എന്നാൽ സൃഷ്ടിയുടെ വിവരണത്തിലും നോഹയുമായിട്ടുള്ള ഉടമ്പടിയിലും പൂർവ്വ പിതാക്കന്മാരുടെ ദേശാന്തരഗമന കാലഘട്ടങ്ങളിലും ഏശയ്യാ, റൂത്ത്, മലാക്കി, യോനാ എന്നീ ഗ്രന്ഥങ്ങളിലും രക്ഷയുടെ വിശാലവും സാർവ്വത്രികവുമായ മാനങ്ങളാണ് കാണാൻ കഴിയുന്നത്.

പുതിയ നിയമത്തിൽ ലോകത്തിന്റെ രക്ഷ ഇസ്രായേൽ ജനതയിലൂടെയാണ് നിറവേറ്റപ്പെടേണ്ടത് എന്ന പരമ്പരാഗത ചിന്തയ്ക്ക് ഊന്നലുണ്ടെങ്കിലും, ഇസ്രായേല്യേതര സമൂഹങ്ങളുടെ വിശ്വാസങ്ങളെ ഭാവാത്മകമായി ചിത്രീകരിക്കുന്ന ക്രിസ്തുവിന്റെ മുഖമാണ് സുവിശേഷകന്മാർ വരച്ചുകാട്ടുന്നത്. യേശുവും ശിഷ്യന്മാരും സ്വീകരിച്ച വിശാലമായ കാഴ്ചപ്പാടുകളുടെ തുടർച്ചയാണ് വചന ദൈവശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ ജസ്റ്റിൻ ദി മാർട്യറെപ്പോലുള്ള സഭാപിതാക്കൻമാരിൽ നാം ദർശിക്കുന്നത്.

ക്രിസ്തു കേന്ദ്രീകൃത ഇതരമത ദൈവശാസ്ത്രത്തെ പിൻതാങ്ങിയിരുന്ന വി. അഗസ്റ്റിനും കുരിശു യുദ്ധകാലഘട്ടങ്ങളിൽ “ആഗ്രഹത്താലുള്ള മാമ്മോദീസാ”, “എല്ലാവരും രക്ഷപ്രാപിക്കണമെന്ന ദൈവേച്ഛ" എന്നീ പ്രബോധനങ്ങളിലൂടെ ആരോഗ്യകരമായ മതാന്തര സംവാദത്തിന് പശ്ചാത്തലമൊരുക്കിയ വി.തോമസ് അക്വീനാസും ഭാവാത്മകവും വിശാലവുമായ ഇതരമത ദൈവശാസ്ത്രത്തിന്റെ പന്ഥാവുകളാണ് തുറന്നത്.

ഇതരമതങ്ങളോട് തികച്ചും ക്രിയാത്മകമായ സമീപനം കത്തോലിക്കാസഭയിൽ വളർന്നുവന്നത് 20-ാം നൂറ്റാണ്ടിന്റെ മദ്ധ്യഘട്ടത്തിലാണെന്ന് പറയാം. ദൃശ്യസഭയുടെ മനുഷ്യനിർമ്മിതമായ മതിലുകൾക്ക് പുറത്തും വചനമായ ക്രിസ്തുവിന്റെ വിത്തുകൾ സൃഷ്ടിയിലേ വിതക്കപ്പെട്ടിട്ടുണ്ടെന്നും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താലും കുരിശുമരണത്താലും അവ വളർന്ന് പുഷ്പിക്കുന്നുണ്ടെന്നുമുള്ള തിരിച്ചറിവ് ഇതരമതങ്ങളിൽ ഈശ്വര സാന്നിധ്യത്തിന്റെ നറുമണം ശ്വസിക്കാൻ ക്രൈസ്തവ ദൈവശാസ്ത്രജ്ഞൻമാർക്ക് പ്രചോദനമായി.

രണ്ടാം വത്തിക്കാൻ കൗൺസിൽ പിതാക്കന്മാർ കൊളുത്തി വച്ച മതാന്തര സഹിഷ്ണുതയുടെ വിളക്കിൽ നിന്നും പകർന്നെടുത്ത വെളിച്ചം ലോകമെമ്പാടുമുള്ള പ്രാദേശികസഭകളിൽ പരത്താൻ തദ്ദേശീയ ദൈവശാസ്ത്രജ്ഞന്മാർ ഉത്സുകരായി. തത് ഫലമായി ഇതരമതങ്ങളിലെ രക്ഷാകര ഉറവിടങ്ങൾ കണ്ടെത്താനും അതിൽനിന്ന് നല്ലത് സ്വീകരിക്കാനും പരിശ്രമങ്ങൾ നടന്നു. ഇതരമതസംസ്കാരങ്ങളിൽ, അതിസ്വഭാവിക വെളിപാടുണ്ടെന്ന് പ്രബോധിപ്പിച്ച കാൾ റാണറേക്കാൾ സമകാലിക ദൈവശാസ്ത്രജ്ഞന്മാർ ബഹുദൂരം യാത്രചെയ്തിരിക്കുന്നു.

സഭാകേന്ദ്രീകൃതമാനം പിൻതള്ളി ക്രിസ്തുകേന്ദ്രീകൃത സമീപനത്തിലാണ് കൗൺസിൽ പിതാക്കന്മാർ എത്തിച്ചേർന്നതെങ്കിൽ ബഹുതയെ ഭാവാത്മക പ്രതിഭാസമായി തുറന്ന് അംഗീകരിക്കാനുള്ള ശ്രമങ്ങളാണ് റയ്മണ്ട് പണിക്കർ, ഷാക് ഡുപ്പി, ഹാൻസ് ക്യുംഗ്, ക്ലോദ് ഷെഫ്രെ, ഗാവിൻ ഡി കോസ്റ്റ, മൈക്കിൾ അമലദോസ് തുടങ്ങിയ ദൈവശാസ്ത്രജ്ഞന്മാർ നടത്തിയത്. ദൈവത്തിന്റെ പിതൃത്വത്തെയും വൈവിധ്യതയുടെ നിറകുടമായ ത്രിത്വത്തെയും ക്രൈസ്തവേതര ലോകവീക്ഷണങ്ങളിൽ നിന്ന് നോക്കിക്കണ്ടും, തിരുവചനങ്ങളെയും സഭാപിതാക്കന്മാരെയും ബഹുത്വവാദ സംസ്കാരത്തിന്റെ അടിസ്ഥാനത്തിൽ പുനർവ്യാഖ്യാനിച്ചും മുന്നേറിയ മേൽപറഞ്ഞ ചിന്തകർ അവരവരുടെ പ്രാദേശിക സഭകളിൽ അവഗണിക്കാനാവാത്ത ഒരുപറ്റം വൈദികരിലും സമർപ്പിതരിലും അല്മായ ബുദ്ധിജീവികളിലും നിർണ്ണായകമായ സ്വാധീനം ചെലുത്തി.

ഈശ്വര കേന്ദ്രീകൃത സമീപനത്തിൽത്തന്നെ നിരവധി നവധാരകൾ സൃഷ്ടിച്ച ഇവരുടെ പരിശ്രമങ്ങൾക്കു പുറമെ വിമോചന ദൈവശാസ്ത്രത്തിന്റെ ചുവടുപിടിച്ചുകൊണ്ട് മതാന്തരബന്ധങ്ങൾക്ക് നീതിയുടെ കുപ്പായമിടാൻ വേറൊരു വിഭാഗം ദൈവശാസ്ത്രജ്ഞന്മാർ മുന്നോട്ടുവന്നു. പോൾ നിറ്റർ, ജോൺ ഹിക്ക്, അലോഷ്യസ് പിയറിസ്, ഫെലിക്സ് വിൽഫ്രഡ് തുടങ്ങിയവർ ലാറ്റിനമേരിക്കൻ - ഏഷ്യൻ രാജ്യങ്ങളിൽ ഇതര മതദൈവ ശാസ്ത്രത്തെ പ്രവർത്തന കേന്ദ്രീകൃതമാക്കി പ്രതിഷ്ഠിച്ചു.

ഈശ്വരകേന്ദ്രീകൃതവും, ദൈവരാജ്യനിർമ്മാണ കേന്ദ്രീകൃതവുമായി രൂപപ്പെട്ട ഇതരമത ദൈവശാസ്ത്ര പ്രമേയങ്ങൾ ആഗോള സഭയിൽ പ്രത്യേകിച്ചും യുറോപ്യൻ ദൈവശാസ്ത്രജ്ഞന്മാരിൽ ആശങ്കയുളവാക്കി. ദൈവശാസ്ത്രത്തിനുണ്ടായ ഈ പ്രാദേശിക പരിഭാഷ്യങ്ങൾക്ക് പ്രബോധനപരമായ ഭദ്രതയില്ലെന്ന നിഗമനത്തിലായിരുന്നു അവർ. മതാന്തര സംഭാഷണ രംഗത്തും, സാംസ്കാരിക അനുരൂപണ മേഖലയിലും, ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്കൻ ഭൂഖണ്ഡങ്ങളിൽ വ്യാപകമായിത്തീർന്ന പരീക്ഷണങ്ങളെ നിയന്ത്രിച്ചാലേ സഭയിൽ ദൈവശാസ്ത്രപരമായ അച്ചടക്കം ഉണ്ടാകൂ എന്ന കാഴാപ്പാടിന് ഔദ്യോഗിക സഭയുടെ സമിതികളിൽ സ്വീകാര്യത ലഭിച്ചു. ഇതിന്റെ ഫലമെന്നോണമാണ് 1990 കൾക്കുശേഷം വത്തിക്കാൻ കാര്യാലയങ്ങൾ പുറപ്പെടുവിച്ച 'രക്ഷകന്റെ മിഷൻ', (1991), “കർത്താവായ യേശു'(2000) എന്നീ പഠനങ്ങളെ ദൈവശാസ്ത്രജ്ഞന്മാർ വിലയിരുത്തുന്നത്.

ഇതരമതങ്ങളിൽ രക്ഷയുടെ നിയതമായ സങ്കേതങ്ങളുണ്ടെന്ന് സമ്മതിക്കുമ്പോഴും അതിന്റെ ഉറവിടം ഏകമദ്ധ്യസ്ഥനായ ക്രിസ്തുതന്നെയാണെന്ന് ഉറപ്പിച്ചു പറയാൻ വത്തിക്കാൻ സമിതികൾ ശ്രദ്ധിച്ചുപോരുന്നു. ഇതരമതങ്ങളിലെ രക്ഷ യേശു സ്ഥാപിച്ച സഭയുമായി അദൃശ്യമായിട്ടെങ്കിലും ബന്ധപ്പെട്ടിരിക്കുന്നു എന്ന നിലപാടാണ് സഭയുടെ ഔദ്യോഗിക പ്രബോധനങ്ങൾ നൽകുന്നത്. മതസൗഹാർദ്ദത്തിന്റെ അപ്പസ്തോലനെന്ന് ഇതരമതങ്ങൾ പ്രകീർത്തിച്ച ജോൺ പോൾ രണ്ടാമന്റെ പ്രസംഗങ്ങളും പ്രവൃത്തികളും മതാന്തര പ്രേഷിതത്വത്തിൽ സഭയ്ക്കുള്ള ആത്മാർത്ഥമായ താല്പര്യം വ്യക്തമാക്കുന്നവയായിരുന്നു.

ക്രിസ്ത്വാബ്ദത്തിന്റെ ആദ്യ നൂറ്റാണ്ടുകൾ തുടങ്ങി ഇന്നുവരെയുള്ള കത്തോലിക്കാസഭയുടെ ഇതരമതവീക്ഷണങ്ങളുടെ ലളിതമായ ഒരു സംഗ്രഹമാണ് നമ്മൾ നടത്തിയത്. ഔദ്യോഗിക പ്രബോധനാധികാരമുള്ള സഭാ മേലധ്യക്ഷൻമാരും, വചനത്തെ കാലത്തിന്റെ ചുവരെഴുത്തുകൾക്കനുസരിച്ച് പുനരാഖ്യാനം ചെയ്യുന്ന ദൈവശാസ്ത്രകാരന്മാരും അനുദിന ജീവിതത്തിന്റെ തീച്ചൂളയിൽ വിശ്വാസ അനുഭവങ്ങളെ പാകപ്പെടുത്തുന്ന അല്മായരും പരിശുദ്ധാത്മാവിന്റെ കീഴിൽ സംഘാതമായി വർത്തിച്ചാൽ സഭയിലെന്നും പക്വവും ആരോഗ്യകരവുമായ ഇതരമത ദൈവശാസ്ത്രം നിലനില്ക്കുമെന്നതിൽ സംശയമില്ല.

ഇതരമത ദൈവശാസ്ത്രത്തിന്റെ മുന്നോട്ടുള്ള വളർച്ചയിൽ നിർണായകമെന്നു തോന്നുന്ന ചില ചിന്തകളാണ്. ഇനി പ്രതിപാദിക്കുന്നത്.

14.1. ദൈവത്തിന്റെ സ്വാതന്ത്ര്യം

ദൈവം സർവസ്വതന്ത്രനാണ്. അവിടുത്തെ സ്വാതന്ത്ര്യത്തിനുമേൽ കടിഞ്ഞാണിടാൻ മനുഷ്യന് അധികാരമില്ല. റെയ്മണ്ട് പണിക്കർ പറയുന്നതുപോലെ, ദൈവത്തിന്റെ മക്കളായ വിവിധ ജനപദങ്ങളുടെ രക്ഷയും സാംസ്കാരിക വൈവിധ്യവും കണക്കിലെടുത്ത് അവിടുത്തേക്ക് ഇഷ്ടമുള്ള രീതിയിൽ, ഇഷ്ടമുള്ളപ്പോഴെല്ലാം സ്വയം വെളിപ്പെടുത്താൻ സ്വാതന്ത്ര്യമുണ്ട് (R. Panikkar, The Christian Challenge for the Third Millennium, Christian Mission and Inter Religious Dialogue, p 115). ആ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ന്യായങ്ങളാലോ വെളിപാടിന്റെ വഴിപിഴച്ച വ്യാഖ്യാനങ്ങളാലോ ക്രൈസ്തവർ ശ്രമിച്ചപ്പോഴെല്ലാം തെറ്റുപറ്റിയിട്ടുണ്ടെന്ന ബോധ്യം ഇതരമതബന്ധങ്ങളുടെ പാതയിൽ സഭയ്ക്ക് വെളിച്ചമാകേണ്ടതാണ്.

14. 2. ദൈവത്തിന്റെ രഹസ്യാത്മകത

മനുഷ്യന് ദൈവം എന്നും ഒരു രഹസ്യമാണ്. ദൈവം ദൈവവും, മനുഷ്യൻ മനുഷ്യനും ആയിരിക്കുന്നിടത്തോളം കാലം അതങ്ങിനെതന്നെ ആയിരിക്കും. അതിനാലാണ് ഈശ്വരധ്യാനത്തിൽ മുഴുകിയ അതുല്യപ്രതിഭകളെല്ലാം ദൈവത്തിന്റെ രഹസ്യാത്മകത ഏറ്റുപറയുന്നത്. ദൈവശാസ്ത്രസാഗരത്തിൽ മുങ്ങിത്തപ്പിയ അഗസ്റ്റിനും സെന്റ് തോമസും അറിയുന്തോറും അറിയാനാവാത്ത ഒന്നാണ് ദൈവമെന്ന് വിനീതരായി സമ്മതിക്കുകയാണ് ചെയ്തത്. ആധുനിക ദൈവശാസ്ത്രത്തിൽ വാള്യങ്ങൾ രചിച്ച കാൾ റാണർ ജീവിതാന്ത്യത്തിൽ താനെഴുതിയതെല്ലാം പതിരാണെന്നു മനസ്സിലാക്കിയതും ദൈവത്തിന്റെ രഹസ്യാത്മകത ഉയർത്തിപ്പിടിക്കാനാണ്.

ദൈവം രഹസ്യമായിരിക്കെ ആ രഹസ്യം മനുഷ്യന് പൂർണമായി ഉൾക്കൊള്ളാൻ കഴിയുമെന്ന വാദം ദൈവത്തിന്റെ അനന്യതക്കെതിരേയുള്ള വെല്ലുവിളിയാണ്. ഇതിന് ഒരേയൊരു അപവാദം യേശുക്രിസ്തുവാണ്. പൂർണമനുഷ്യനായ യേശു ഒരേ സമയം ദൈവവുമായതിനാൽ ദൈവികതയെ പൂർണമായും ഉൾക്കൊണ്ടു എന്നത് സത്യമാണ്. എന്നാൽ ക്രിസ്തുവിന്റെ വചനാത്മകവും കൗദാശികവുമായ സാന്നിദ്ധ്യം സഭയിലുണ്ടെന്ന ന്യായത്താൽ ക്രൈസ്തവർക്ക് ദൈവത്തെ പൂർണമായും മനസ്സിലാക്കിയെന്ന് അവകാശപ്പെടാനാവില്ല. മനുഷ്യന്റെ ആപേക്ഷികസ്വഭാവം ക്രൈസ്തവമതത്തിനും ബാധകമാണ്. സഭ ക്രിസ്തുവിന്റെ മൗതികശരീരമാണ്. ദൈവരാജ്യത്തിന്റെ കൂദാശയും തിരഞ്ഞെടുക്കപ്പെട്ട ജനതയുടെ കൂട്ടായ്മയുമാണവൾ. എങ്കിലും സഭ വിശുദ്ധരെയെന്നപോലെ പാപികളെയും ഉൾക്കൊള്ളുന്നു. മനുഷ്യസഹജമായ അപര്യാപ്തതകളും പരിമിതികളും സഭാതനയരിലുമുണ്ട് (തിരുസഭ, 48). അതിനാൽ സഭാതനയർ സത്യത്തെ  പൂർണമായും ഗ്രഹിച്ചിരിക്കുന്നു എന്ന് അഹങ്കരിക്കുന്നത് ദൈവത്തിന്റെ രഹസ്യാത്മകതയെ നിരാകരിക്കലാണ്. ഈ യാഥാർത്ഥ്യബോധത്തോടെ ഇതരമതങ്ങളോടൊപ്പം സഹയാത്ര  ചെയ്ത് ദൈവരാജ്യനിർമ്മാണത്തിൽ ആത്മാവിനോടൊപ്പം സഹകരിക്കാനുള്ള മനോഭാവമാണ് ക്രൈസ്തവർ ആർജ്ജിച്ചെടുക്കേണ്ടത്.

14. 3. ദൈവത്തിന്റെ പിതൃത്വം

യേശു വെളിപ്പെടുത്തിയ ദൈവത്തിന്റെ മുഖം പിതൃവാത്സല്യം തുളുമ്പുന്നതായിരുന്നു. ദൈവത്തെ പിതാവ് എന്നുവിളിക്കാൻ അവൻ ശിഷ്യരെ പഠിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ ജനതയുടെ അധികാരസീമകളിൽനിന്ന് അശുദ്ധരായി മാറ്റിനിർത്തപ്പെട്ട സ്ത്രീകളും കുട്ടികളും രോഗികളും പാപികളും ചുങ്കക്കാരും വിജാതീയ സമൂഹങ്ങളും സ്വപിതാവിന്റെ മക്കളാണെന്ന് യേശു വെളിപ്പെടുത്തി. വർഗവംശ മതഭേദമെന്യേ പലസ്തീനാ നിവാസികളെ തുല്യരായിക്കണ്ടതിന് സ്വജീവൻതന്നെ ബലിയായി നല്കിയവനാണ് ദൈവപുത്രനായ ക്രിസ്തു.

ദൈവം സകല ജനതകളുടെയും പിതാവാണെന്ന ഈ വെളിപാടിനെതിരെ മുഖം തിരിക്കാൻ സഭയ്ക്ക് സാധിക്കുകയില്ല. തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ഭാഗമല്ലെന്നുവിധിച്ച് ഒരു മതസമുഹത്തെയും മാറ്റിനിർത്താൻ ക്രിസ്തുശിഷ്യർക്കാവില്ല. ഇതരമത വിശ്വാസികളെ സഹോദരങ്ങളല്ലാതായിക്കണ്ട് ക്രൈസ്തവർക്കു സ്വർഗസ്ഥനായ പിതാവിനോട് പ്രാർത്ഥിക്കാനാവില്ലെന്ന് കൗൺസിൽ പറഞ്ഞിട്ടുണ്ട് (അക്രൈസ്തവമതങ്ങൾ 5). ദൈവപിതാവിന്റെ സമ്പന്നതയിൽ ക്രൈസ്തവരെപ്പോലെ ഇതരമതസ്ഥർക്കും പങ്കുണ്ടെന്ന് അംഗീകരിക്കാനുള്ള മാനസികാവസ്ഥയിലാണ് ആരോഗ്യകരമായ ഇതരമത ദൈവശാസ്ത്രം വളരുന്നത്.

ദൈവത്തിന്റെ സഭയോടും ഇതരമത സമൂഹങ്ങളോടുമുള്ള ബന്ധത്തെ, ആദ്യത്തെയും രണ്ടാമത്തെയും ഭാര്യമാർ നഷ്ടപ്പെട്ടപ്പോൾ അവരിലുണ്ടായ മക്കളെ വളർത്താൻ മൂന്നാമതൊരു വിവാഹം കഴിച്ച അവസ്ഥയോട് സാദൃശ്യപ്പെടുത്താം. ദൈവത്തിന്റെ ആദ്യഉടമ്പടി സർവജനങ്ങളോടുമായിരുന്നു. ആദത്തോടും നോഹയോടും അബ്രാഹത്തോടുമായി ചെയ്ത ഈ സാർവത്രിക ഉടമ്പടിയിൽ നിന്ന് എണ്ണമറ്റ സന്താനപരമ്പരകൾ ഉണ്ടായെങ്കിലും അവരുടെ അവിശ്വസ്തതയാൽ ആ ഉടമ്പടി പൂർത്തിയായില്ല. സാർവത്രികമായ ഉടമ്പടി പരാജയപ്പെട്ടപ്പോൾ ഇസ്രായേൽ ജനതയുമായി രണ്ടാമതൊരു ഉടമ്പടിയിൽ ദൈവം ഒപ്പുവച്ചു. സർവജനതകളെയും സ്നേഹിക്കുന്നതിനും തന്നിലേക്ക് അടുപ്പിക്കുന്നതിനുമായി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട യഹൂദജനതയും പ്രതീക്ഷക്കൊത്ത് ഉയരാതായപ്പോഴാണ് സ്വപുത്രനെ അയച്ച് സ്ഥാപിച്ച സഭയുമായി ദൈവം മൂന്നാമതൊരു ഉടമ്പടിക്ക് ഒരുങ്ങിയത്. സഭയെ സ്വന്തം ശരീരമായി യേശു അംഗീകരിച്ചത് സർവരേയും പിതാവായ ദൈവത്തോട് അനുരഞ്ജിപ്പിക്കുവാനാണ്. ഭാര്യയെന്ന രീതിയിൽ സഭയ്ക്ക് സ്വന്തം മക്കൾക്കു മാത്രമല്ല, ഇതരമതങ്ങൾക്കും മാതൃസഹജമായ സ്നേഹം നൽകാൻ കടമയുണ്ട്.

ഈ ഉപമയനുസരിച്ച് പിതൃസ്വത്തിന് ആർക്കെല്ലാം അവകാശമുണ്ടെന്ന് നോക്കാം. ഒരു പുരുഷന് വ്യത്യസ്ത വിവാഹങ്ങളിലുണ്ടായ മക്കളോട് ഇഷ്ടനാനിഷ്ടങ്ങളുടെ തലത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെങ്കിലും ആരുടെയും പിതൃത്വം നിരാകരിക്കാനാവില്ല. തന്റെ ഇഷ്ടം അറിഞ്ഞ് പ്രവർത്തിക്കുന്ന മക്കളോട് പ്രത്യേക വാത്സല്യം മനസ്സിൽ സൂക്ഷിച്ചാലും നീതിമാനായ ഒരു പിതാവ് എല്ലാ മക്കളെയും ഒരുപോലെ കാണുകയും തന്റെ സ്വത്തിൽ തുല്യപങ്കാളിത്തം അനുവദിക്കുകയും ചെയ്യും. ദൈവം നീതിമാനാകയാൽ വ്യത്യസ്ത ഉടമ്പടികളിലൂടെ ബന്ധം സ്ഥാപിച്ചിട്ടുള്ള എല്ലാ ജനതകൾക്കും തന്റെ സ്നേഹത്തിലും രക്ഷയിലും തുല്യപങ്കാളിത്തം നൽകുമെന്നു വേണം അനുമാനിക്കാൻ.

മേൽപ്പറഞ്ഞ ഉപമയുടെ വെളിച്ചത്തിൽ സഭയ്ക്കു തന്റെ ഭർത്താവിന് മുൻഭാര്യമാരിലുണ്ടായ മക്കളോടു (ഇതര മതസ്തരോട്) ഉണ്ടാകേണ്ട മനോഭാവമേതെന്നു ചിന്തിക്കാം. ചിറ്റമ്മയ്ക്ക് സ്വന്തം കുട്ടികളോട് പ്രത്യേക വാത്സല്യം തോന്നുന്നത് സ്വാഭാവികം. എന്നാൽ അതോടൊപ്പം ഭർത്താവിന്റെ മറ്റു മക്കളെയും ശുശ്രൂഷിക്കാനും സ്നേഹിക്കുവാനുമുള്ള കടമയിൽ നിന്ന് അവൾക്ക് ഒഴുഞ്ഞുനിൽക്കാനാവില്ല. മുൻ വിവാഹങ്ങളിലുണ്ടായ മക്കളെ തരംതിരിച്ചുകാണാനും വിവേചനബുദ്ധ്യാ പെരുമാറാനും തുടങ്ങിയാൽ അതവളുടെ ഭർത്താവുമായുള്ള ബന്ധത്തെ ഉലയ്ക്കുമെന്നതിൽ സംശയമില്ല. സഭാമാതാവ് സഭാതനയരെ മാത്രം പോഷിപ്പിക്കാനും ഇതരമതവിശ്വാസികളോട് ചിറ്റമ്മ നയത്തോടെ പെരുമാറാനും തുടങ്ങിയാൽ ഇസ്രായേലിനു സംഭവിച്ചതുതന്നെ അവൾക്കും സംഭവിക്കും. ക്രിസ്തുവിനെ അംഗീകരിക്കാത്ത ജനതകളെയും സ്നേഹിക്കാൻ തന്റെ മക്കളെ പരിശീലിപ്പിക്കുകയെന്ന വെല്ലുവിളിയാണ് സഭാമാതാവിനു മുന്നിലുള്ളത്. അതിനുപയുക്തമായ ഇതരമതദൈവശാസ്ത്രം രൂപീകരിക്കാൻ ക്രിസ്തുശിഷ്യർക്കു കഴിയണം.

14. 4. ദൈവസ്നേഹത്തിന്റെ വൈവിധ്യത

ദൈവത്തിന് സകലജനതകളോടുമുള്ള ബന്ധത്തെ നിർവചിക്കാൻ മൈക്കിൾ അമലദോസ് സ്നേഹപ്രകടനങ്ങളിലുള്ള വൈവിധ്യത്തെ ഉദാഹരണമായി എടുക്കുന്നുണ്ട്. ഭാര്യാഭർത്തൃ സ്നേഹത്തിന്റെ വ്യത്യസ്ത ഭാവങ്ങളെടുക്കാം. വാക്ക്, നോട്ടം, പുഞ്ചിരി, സമ്മാനദാനം, മക്കളെക്കുറിച്ചുള്ള അന്വേഷണം, ആലിംഗനം, കത്ത്, ലൈംഗികമായ ഇടപെടൽ എന്നിങ്ങനെ വ്യത്യസ്തരീതികളിലൂടെ ദമ്പതികൾക്ക് സനേഹം കൈമാറാം. ഇതിൽ ഓരോ ചേഷ്ടയുടെയും സ്നേഹതീവ്രത വ്യത്യസ്തമാണെങ്കിലും അവയെല്ലാംതന്നെ സ്നേഹത്തിന്റെ പ്രകടനങ്ങളാണ്. ഭാര്യാഭർതൃബന്ധത്തിൽ ലൈംഗികജീവിതം സ്നേഹത്തിന്റെ പരമകോടിയായി അവതരിക്കപ്പെടുന്നതുപോലെ ദൈവം ക്രിസ്തുവിലൂടെ ലോകവുമായി നടത്തിയ ഉടമ്പടി ഏറ്റവും പൂർണവും ശ്രേഷ്ഠവുമാണെന്ന് അമലദോസ് പറയുന്നു. എന്നാൽ ഭാര്യാഭർതൃബന്ധത്തിൽ മറ്റു സ്നേഹപ്രകടനങ്ങൾക്കും അതിന്റേതായ മൂല്യമുള്ളതുപോലെ ദൈവം സഭയുമായി സ്ഥാപിച്ച സ്നേഹബാന്ധവം ഇതരസംസ്കാരങ്ങളോട് വേറെ രീതികളിൽ സ്നേഹം പ്രകടിപ്പിക്കുന്നതിൽനിന്ന് അവിടുത്തെ മാറ്റിനിർത്തുന്നില്ല (M. Amaladoss, Theological Basis for Religious Pluralism, Communalism in India, p. 126).

അമലദോസ് നല്കുന്ന ഈ ഉപമ തുടർന്ന് വ്യാഖ്യാനിച്ചാൽ ഇതരമതദൈവശാസ്ത്രത്തിൽ പുതിയ ഉൾക്കാഴ്ചകൾ ലഭിക്കുന്നതാണ്. ദാമ്പത്യത്തിൽ ലൈംഗികതയ്ക്കുള്ള സ്ഥാനം പരമോന്നതംതന്നെ. എന്നാൽ ലൈംഗികബന്ധം എല്ലായ്പ്പോഴും ദാമ്പത്യസ്നേഹത്തിന്റെ ശ്രേഷ്ഠമായ പ്രകടനമാണെന്നു പറയാമോ? വധൂവരന്മാരുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകളനുസരിച്ചും സന്ദർഭങ്ങളുടെ ഔചിത്യം പരിഗണിച്ചും ഒരുപക്ഷേ, ആർദ്രമായ നോട്ടത്തിന് ദാമ്പത്യ ധർമ്മാനുഷ്ഠാനത്തേക്കാൾ മൂല്യമുണ്ടാകും. മേല്പ്പറഞ്ഞ സ്നേഹപ്രകടനങ്ങളിൽ ഏതാണ് തീക്ഷണമെന്ന് നിർണയിക്കപ്പെടുന്നത് വ്യക്തികൾതമ്മിലുള്ള ബന്ധത്തെയും അവരുടെ പരിസ്ഥിതികളെയും ആശ്രയിച്ചായിരിക്കും എന്നർത്ഥം. ഈ വ്യാഖ്യാനം പൂർണാർത്ഥത്തിൽ ദൈവത്തിന് സഭയോടും ഇതരമതങ്ങളോടുമുള്ള ബന്ധത്തിൽ ആരോപിക്കാനാകില്ലെങ്കിലും മൂല്യവത്തായ ചില നിരീക്ഷണങ്ങൾക്ക് ഇത് സഹായകമാണ്.

പിതാവായ ദൈവം യേശുക്രിസ്തുവിലൂടെ നല്കിയ വെളിപാട് സ്ഥലകാലഭേദങ്ങൾക്ക് അതീതമായതിനാൽ മറ്റു പ്രാവാചകരിലൂടെയുള്ള വെളിപാടുകളെക്കാൾ അത് പൂർണമാണ്. അതേസമയം ഇതരസംസ്കാരങ്ങളിലുള്ള ദൈവത്തിന്റെ ഇടപെടലുകൾ നിസ്സാരങ്ങളാണെന്നു പറയാൻ ക്രിസ്തുശിഷ്യനു സാധ്യമല്ല. അത് ദൈവത്തിന് മാത്രമറിയാവുന്ന രഹസ്യമാണ് പിതാവായ ദൈവത്തിന് ആ ജനതകളോടുള്ള ബന്ധവും ആ വംശങ്ങളുടെ അവസ്ഥാവിശേഷങ്ങളും കണക്കിലെടുത്തു മാത്രമേ അത് നിർണയിക്കാനാകൂ. ഇതരമതങ്ങളിലുള്ള ദൈവികവെളിപാടിന്റെ മൂല്യം ദൈവത്തിനു മാത്രമേ നിർണയിക്കാനാകൂ എന്നു ചുരുക്കം.

പിതാവായ ദൈവത്തെ കേന്ദ്രമാക്കിയുള്ള ചിന്തകളാണ് നമ്മളിതുവരെ കണ്ടത്. ഇനി പുത്രൻ തമ്പുരാനായ യേശുക്രിസ്തുവിനെയും ത്രിത്വത്തിലെ ആശയവിനിമയദാതാവായ പ.ആത്മാവിനെയും അടിസ്ഥാനമാക്കിയുള്ള വിചിന്തനങ്ങളിലേക്കു കടക്കാം.

14. 5. വചനത്തിന്റെ സാർവത്രികവും രക്ഷാകരവുമായ കൃപ

രക്ഷാചരിത്രത്തിലെ യേശുക്രിസ്തുവിന്റെ ഇടപെടൽ പലപ്പോഴും രണ്ടായിരം വർഷങ്ങൾക്കുമുമ്പ് പലസ്തീനായിൽ മനുഷ്യനായി പിറന്ന നസ്രായനിലേക്ക് ചുരുക്കി പ്രതിപാദിക്കാറുണ്ട്. പുത്രനായ ദൈവത്തെ ലോകം നേരിട്ട് കണ്ടതും കേട്ടതും അനുഭവിച്ചതും ചരിത്രപുരുഷനായ യേശുവിലാണെന്നത് സത്യംതന്നെ. എന്നാൽ ചരിത്രത്തിലിറങ്ങിയ ഈ ദൈവത്തിന് ചരിത്രാതീതമായ അസ്തിത്വമുണ്ടെന്ന കാര്യം വിസ്മരിക്കാവുന്നതല്ല.

നിത്യവചനമായ (Eternal Logos) ക്രിസ്തുവിന്റെ രക്ഷണീയ കർമ്മത്തിലുള്ള പങ്കിനെക്കുറിച്ച് ധ്യാനിക്കുമ്പോൾ പ്രപഞ്ചത്തിന്റെ ഉത്പത്തിയിലേക്ക് ആത്മാവ് നമ്മളെ നയിക്കുന്നു. “ദൈവം മനുഷ്യനെ സ്വന്തം ഛായയിലും സാദൃശ്യത്തിലും പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു” (ഉത്പ 1,27) എന്ന സൃഷ്ടിയുടെ വിവരണം മനുഷ്യനിലുള്ള നിത്യവചനത്തിന്റെ സാർവത്രിക സാന്നിദ്ധ്യത്തെ വിളിച്ചോതുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം ഒന്ന് മുതലുള്ള വാക്യങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ "ആദിയിൽ വചനമുണ്ടായിരുന്നു, സകലവും അവനിലൂടെ സൃഷ്ടിക്കപ്പെട്ടു.' സൃഷ്ടവസ്തുക്കളിലെല്ലാം വചനത്തിന്റെ കൈയൊപ്പുണ്ട് എന്നതാണല്ലോ ഈ വചനത്തിന്റെ അർത്ഥം. സർവചരാചരങ്ങളും, പ്രത്യേകമായി മനുഷ്യനും ക്രിസ്തുവാകുന്ന അച്ചിൽ വാർത്തെടുക്കപ്പെട്ടതിനാൽ അവയിലെല്ലാം ക്രിസ്തു ആദിപ്രരൂപമായി (archetype) കൂടി കൊള്ളുന്നു. ക്രൈസ്തവരിൽ മാത്രമല്ല എല്ലാ മനുഷ്യരിലും രക്ഷകനായ ക്രിസ്തുവിന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ അവരെല്ലാവരും രക്ഷണീയമാർഗത്തിലേക്ക് നയിക്കപ്പെടാനുള്ള സാഹചര്യത്തിലാണ് ജീവിക്കുന്നതെന്ന് പറയാം.

സൃഷ്ടിവഴി പ്രപഞ്ചത്തിലെല്ലാം അന്തർയാമിയായിരുന്ന പുത്രനായ ദൈവം മനുഷ്യന്റെ പാപം മൂലം സംഭവിച്ച കേടുപാടുകൾ തീർക്കാൻ ചരിത്രത്തിൽ അവതരിച്ചപ്പോൾ ദൈവത്തിന്റെ രക്ഷണീയ കൃപയ്ക്ക് ലോകം മുഴുവൻ വീണ്ടും പാത്രമാവുകയായിരുന്നു. മനുഷ്യാവതാരത്തിലൂടെ പാപമൊഴികെയുള്ള മറ്റെല്ലാ മാനുഷികഭാവങ്ങളോടും താദാത്മ്യപ്പെട്ട യേശുവിൽ കുരിശുമരണവും ഉത്ഥാനവുംവഴി തന്റെ ശരീരത്തെ ശൂന്യവത്കരിക്കുകയും മഹത്ത്വീകരിക്കുകയും ചെയ്തപ്പോൾ അവന്റെ കൃപ സകലജനപഥങ്ങളെയും ആഴത്തിൽ വിശുദ്ധീകരിക്കുകയും പിതാവിനോട് അനുരഞ്ജനപ്പെടുത്തുകയും ചെയ്തു. അങ്ങനെ എല്ലാ മനുഷ്യരും രക്ഷപെടണമെന്ന ദൈവത്തിന്റെ ആഗ്രഹം പ്രായോഗിക യാഥാർത്ഥ്യമായിത്തീരാൻ വസ്തുനിഷ്ഠമായ സംഭാവനയാണ് ദൈവപുത്രൻ നല്കിയത്.

വചനമായ ക്രിസ്തു പ്രാഗ്രൂപംകണക്കെ എല്ലാ മനുഷ്യരിലും സ്ഥിതിചെയ്യുന്നുണ്ടെങ്കിൽ അവനെപ്പോഴെല്ലാം മനസിനെ ഈശ്വരനിലേക്കുയർത്തുന്നുവോ അപ്പോഴെല്ലാം ദൈവനിവേശനം ഉൾക്കൊള്ളാനുള്ള സഹജമായ ശേഷി അവനുണ്ടായിരിക്കും. ജന്മസിദ്ധമായി ഈശ്വരസാന്നിദ്ധ്യമുള്ളതിനാൽ മനുഷ്യന്റെ ആത്മബോധം നേരായവണ്ണം വികസിപ്പിച്ചെടുത്താൽ അത് ഈശ്വരസാക്ഷാത്കാരമായി മാറുന്നു. ഈശ്വരധ്യാനവും പരസ്നേഹകർമ്മങ്ങളും ഒരു തപസ്യയായി അനുഷ്ഠിക്കുന്നവരിൽ ദൈവത്തിന്റെ പ്രത്യേക ഇടപെടലുകൾ സംഭവിക്കാവുന്നതാണ്. മനുഷ്യബുദ്ധിക്ക് അതീതമായ അതിസ്വാഭാവിക സത്യങ്ങൾ സ്വായത്തമാക്കാൻ ഒരാൾ ക്രിസ്ത്യാനിയായി ജനിക്കണമെന്നില്ലന്നർത്ഥം. ഇതിന്റെ അടിസ്ഥാനത്തിൽ ഇതര മതങ്ങളിലും ക്രിസ്തുമതം അവ്യക്തമായി കുടികൊള്ളുന്നുവെന്ന കാൾ റാണറുടെ നിരീക്ഷണം ഇതര മത ദൈവശാസ്ത്രത്തിൽ ഇനിയും നൂതനവഴിത്താരകൾ സൃഷ്ടിക്കാൻ പോന്നതാണ് (k. Rahner, Christianity and the Non-Christian Religions, Theological Investigations, Vol. 5, p. 131).

14. 6. സ്വതന്ത്രമായി ചരിക്കുന്ന ആത്മാവ്

ഗാവിൻ. ഡി. കോസ്റ്റ സൂചിപ്പിക്കുന്നതുപോലെ, നമ്മൾ പിതാവായ ദൈവത്തെ അറിഞ്ഞത് പ്രധാനമായും യേശുക്രിസ്തുവിലൂടെയാണെങ്കിലും യേശുവിലൂടെ മാത്രമാണ് ദൈവത്തെ നാം അറിഞ്ഞതെന്നു പറയുന്നത് പൂർണമായും ശരിയല്ല. പുത്രനിലൂടെയും ആത്മാവിലൂടെയുമാണ് ദൈവം സ്വയം വെളിപ്പെടുത്തിയത്. പിതാവിനെ സ്വയം വെളിപ്പെടുത്തുന്ന ആത്മാവ് ഒരേസമയം യേശുവിന്റെകൂടെ ആത്മാവാണ്. പരിശുദ്ധാത്മാവിന് വേണ്ടത്ര പ്രാധാന്യംകൊടുക്കാതെ ക്രിസ്തുവിന്റെ പ്രതിരൂപത്തിലൂടെ മാത്രം പിതാവായ ദൈവത്തെ ചിത്രീകരിക്കുന്നത് രക്ഷാകരചരിത്രത്തിൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം അർഹമായ വിധത്തിൽ അംഗീകരിക്കുന്നതിന് വിഘാതമായേക്കാം (G.D. Caosta, "Toward a Trinitarian Theology of Religion" A Universal Faith? p. 148.)

ദൈവവും മനുഷ്യനും തമ്മിലുള്ള സംവേദനത്തിന്റെ ദൂതനായി വർത്തിക്കുന്നത് പരിശുദ്ധാത്മാവാണ്. സൃഷ്ടിയിലേ ആത്മാവിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് ഉത്പത്തിയുടെ പുസ്തകം പറയുന്നു: "ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളിൽ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം ജലത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു” (ഉത്പ 1,1). ആദവും നോഹയും അബ്രാഹവും മോശയും തമ്മിൽ ദൈവം നടത്തിയ ഉടമ്പടികളിൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തെക്കുറിച്ച് നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും 'ജാക്ക് ഡുപ്പി' പറയുന്നതുപോലെ സ്നേഹത്തിന്റെ ഈ ഇടപെടലുകളിൽ ആത്മാവ് അനിവാര്യമായി പ്രവർത്തിച്ചിരുന്നു എന്നത് സത്യമാണ്. ഇതുകൂടാതെ യഹൂദമത പാരമ്പര്യങ്ങളിൽ പലയിടങ്ങളിലും പ്രത്യേകിച്ച് പ്രവാചകന്മാരുടെ അരുളപ്പാടുകളിൽ ആത്മാവ് ശക്തമായ സാന്നിധ്യം ചെലുത്തിയിരുന്നതായി കാണാം (J. Dupuis, "The Cosmic Economy of Spirit and the Sacred Scriptures of Religious Traditions'' Research Seminar on Non Biblical Scriptures, pp. 122-124).

പുതിയനിയമത്തിലേക്കു കടക്കുമ്പോൾ യേശുവിന്റെ ജനനത്തിലും (മത്താ 1,18) മാമ്മോദീസായിലും (മത്താ 3,16) മരുഭൂമിയിലെ പരീക്ഷയിലും (മത്താ 4,1) ആത്മാവിന്റെ സാന്നിധ്യം നമ്മൾ കാണുന്നു. തന്റെ പരസ്യജീവിതത്തിനൊടുവിൽ പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്നുണ്ട് യേശു: “ഇനിയും വളരെ കാര്യങ്ങൾ എനിക്ക് നിങ്ങളോടു പറയാനുണ്ട്, എന്നാൽ അവ ഉൾക്കൊള്ളാൻ ഇപ്പോൾ നിങ്ങൾക്കു കഴിവില്ല. സത്യാത്മാവ് വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്കു നയിക്കും" (യോഹ 16,12-13). ഈ വാഗ്ദാനം പന്തക്കുസ്താനാളിൽ പൂർത്തിയായത് സഭയുടെ ജനനത്തിന് തുടക്കം കുറിച്ചു (നട 2,1-6).

ഇപ്രകാരം രക്ഷാകരചരിത്രത്തിലുള്ള പരിശുദ്ധാത്മാവിന്റെ ധർമ്മം ഉയർത്തിക്കാട്ടുന്നത് സഭയുടെ പ്രബോധനങ്ങളുമായി ഒത്തുപോകുന്നവതന്നെയാണ്. യേശുക്രിസ്തുവിൽ വെളിപാട് പൂർണമാണെന്ന സത്യം നമ്മളിവിടെ നിഷേധിക്കുന്നില്ല. യേശു ക്രിസ്തുവിൽ വെളിപ്പെടുത്തപ്പെട്ട സത്യത്തെ സ്ഥലകാല സാംസ്കാരിക വൈവിധ്യങ്ങളനുസരിച്ച് വ്യാഖ്യാനിക്കാനും കാലാനുവർത്തിയാക്കാനും ലോകാവസാനത്തോളം ക്രിസ്തു വാഗ്ദാനംചെയ്ത ആത്മാവ് ഭൂമുഖത്ത് പ്രവർത്തനനിരതമാണന്നേ ഇതിനർത്ഥമുള്ളൂ.

രണ്ടാം വത്തിക്കാൻ കൗൺസിലിലും തുടർന്നുവന്ന ചാക്രിക ലേഖനങ്ങളിലും പരിശുദ്ധാത്മാവിന്റെ സാർവത്രിക ധർമ്മത്തെക്കുറിച്ച് പ്രതിപാദനമുണ്ട്. 'ക്രിസ്തു മഹത്വീകൃതനാകുന്നതിനു മുമ്പുതന്നെ പരിശുദ്ധാരൂപി ലോകത്തിൽ പ്രവർത്തിച്ചിരുന്നു' (പ്രേഷിതപ്രവർത്തനം, 4). സത്യത്തിന്റെ ആത്മാവ് ക്രിസ്തവിന്റെ ദൃശ്യമായ മൗതികശരീരത്തിന് പുറമെയും പ്രവർത്തന നിരതമാണെന്ന് ജോൺ പോൾ രണ്ടാമൻ പാപ്പാ പ്രഖ്യാപിച്ചിട്ടുണ്ട് (മനുഷ്യരക്ഷകൻ, 6). കർത്താവും ജീവദാതാവും എന്ന ചാക്രികലേഖനം (1986) ആത്മാവിന്റെ സാർവത്രികമായ രക്ഷാകരപ്രവർത്തനത്തെക്കുറിച്ച് വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ യേശുവിന്റെ ജനനത്തിനു ശേഷമുള്ള 2000 വർഷത്തിലേക്ക് ചുരുക്കാനാവില്ല. ലോകാരംഭംമുതൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം എല്ലായിടങ്ങളിലും പ്രത്യേകമായി ഇസ്രായേലുമായുള്ള ഉടമ്പടികളിൽ പ്രകടമാണ്. എല്ലാ കാലങ്ങളിലും ദേശങ്ങളിലും മനുഷ്യരിലുമുള്ള ആത്മാവിന്റെ സാന്നിധ്യം പിതാവായ ദൈവത്തിന്റെ അനാദിമുതലുള്ള രക്ഷാകരപദ്ധതിയുടെ ഭാഗമാണ്. അതോടൊപ്പം ക്രിസ്തുവിന്റെ മനുഷ്യാവതാരത്തോടും കുരിശുമരണത്തോടും അഭേദ്യമായി ബന്ധപ്പെട്ടു നിൽക്കുന്നതാണ് ആത്മാവിന്റെ ചെയ്തികളും ഫലങ്ങളും (നമ്പർ 53).

സാർവത്രിക രക്ഷയിൽ പരിശുദ്ധാത്മാവിനു നൽകുന്ന ഈ ഊന്നൽ ക്രിസ്തുവിന്റെ മാദ്ധ്യസ്ഥ്യത്തിന് ബദലാണെന്ന് കരുതരുത്. കാരണം ആത്മാവിന്റെ പ്രവർത്തനങ്ങൾ യേശുക്രിസ്തുവിൽ പൂർത്തീകരിച്ച രക്ഷണീയ വേലയിൽനിന്ന് അടർത്തിമാറ്റാവുന്നവയല്ല. രക്ഷണീയ കർമ്മത്തിൽ ക്രിസ്തുവിനും പരിശുദ്ധാത്മാവിനുമുള്ള ദൗത്യങ്ങളെ കൂട്ടിക്കുഴക്കുന്നതും ശരിയല്ല. അതേസമയം വി. യോഹന്നാൻ രേഖപ്പെടുത്തുന്നതുപോലെ, “കാറ്റ് അതിന് ഇഷ്ടമുള്ളിടത്തേക്ക് വീശുന്നു. അതിന്റെ ശബ്ദം നീ കേൾക്കുന്നു, എന്നാൽ അത് എവിടെനിന്ന് വരുന്നെന്നോ, എവിടേക്ക് പോകുന്നെന്നോ നീ അറിയുന്നില്ല” (യോഹ 3.8). ഇതരമതങ്ങളിൽ സ്വതന്ത്രമായി ചരിക്കുന്ന ആത്മാവിനെക്കുറിച്ചുള്ള ധ്യാനം യേശുവിന്റെ അനന്യത നഷ്ടപ്പെടുത്തുകയില്ല. ക്രിസ്തുവിജ്ഞാനീയത്തോട് മറുതലിക്കാത്ത ആത്മവിജ്ഞാനീയത്തിന് ഇതരമത ദൈവശാസ്ത്രത്തിലേക്ക് വിലപ്പെട്ട സംഭാവന നല്കാനാകും.

എല്ലാ സംസ്കാരങ്ങളും മതങ്ങളും മാനുഷികപരിമിതികൾ നിറഞ്ഞവയാണെങ്കിലും ആത്യന്തികമായി ദൈവത്തിൽനിന്നും ഉത്ഭവിച്ച് ഈശ്വരനെത്തന്നെ ലക്ഷ്യംവച്ച് ചരിക്കുന്നു എന്ന കാഴ്ചപ്പാടോടുകൂടെ സഭയ്ക്ക് മുന്നേറാനാകണം. രക്ഷ നല്കുന്നത് മതങ്ങളല്ലെന്നും അത് ആത്യന്തികമായി ദൈവം മാത്രമാണെന്നും വിശ്വസിച്ചുകൊണ്ട് ദൈവരാജ്യ നിർമ്മാണത്തിൽ പരിശുദ്ധാത്മാവിനോടു സഹകരിച്ച് ഇതരമതങ്ങളോടൊപ്പം തീർത്ഥാനടത്തിലേർപ്പെടാനുള്ള എളിമയും വിശാലതയുമാണ് ക്രിസ്തുശിഷ്യർക്കുണ്ടാകേണ്ടത്.

14.7 രക്ഷാകരചരിത്രത്തിൽ സഭയുടെ തനിമ

വിവിധ മതസംസ്കാരങ്ങൾക്ക് രക്ഷാകരചരിത്രത്തിൽ പ്രത്യേകമായ സ്ഥാനമുണ്ടെങ്കിൽ ഏകരക്ഷകനായ ക്രിസ്തുവിന്റെ മൗതികശരീരമായ സഭയുടെ പ്രസക്തി എന്താണ് എന്ന സംശയം സ്വാഭാവികമാണ്. ഇതരമതങ്ങളെപ്പോലെതന്നെ രക്ഷാകരമായ പാതകളിലൊന്നുമാത്രമാണ് കത്തോലിക്കാസഭയെങ്കിൽ സഭ രക്ഷയ്ക്ക് ആവശ്യമാണെന്നുള്ള പരമ്പരാഗത പഠനം എങ്ങനെ മനസ്സിലാക്കും?

രണ്ടാം വത്തിക്കാൻ കൗൺസിലും തുടർന്നുണ്ടായ രേഖകളും ഇതര മതങ്ങളോട് തുറവി പാലിച്ചപ്പോൾതന്നെ സഭയുടെ രക്ഷാകരമായ ദൗത്യത്തെ ഉറപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ദൃശ്യസഭയ്ക്ക് പുറമേയുള്ളവർ രക്ഷപ്പെടുമ്പോഴും അതിനുള്ളകൃപ ക്രിസ്തുവിൽനിന്ന് അവിടുത്തെ ശരീരമായ തിരുസഭയിലൂടെയാണ് അവരിലേക്കെത്തുന്നതെന്ന് സഭ പഠിപ്പിക്കുന്നു. രക്ഷയ്ക്കുള്ള ഔദ്യോഗിക സംവിധാനമായി യേശുവിൽ വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവരുടെ കൂട്ടായ്മയെ ക്രിസ്തുതിരഞ്ഞെടുത്തിരിക്കുന്നതിനാൽ ലോകത്തിലെല്ലാവരുടെയും രക്ഷ സഭയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ക്രൈസ്തവവിശ്വാസം (കർത്താവായ യേശു, 20).

ലോകരക്ഷയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഘടകമായി സഭ നിലകൊള്ളുന്നത് പ്രധാനമായും മൂന്നു കാരണങ്ങളാലാണ്.

a) വചനത്തിന്റെ സാന്നിദ്ധ്യം: യേശുവിന്റെ ജീവിതത്തെ ചരിത്രമാക്കി എഴുതിയത് ആദിമസഭയാണ്. യേശുപറഞ്ഞ വചനങ്ങളും ചെയ്ത പ്രവൃത്തികളും പ്രഥമസ്ഥാനീയമായിരിക്കുമ്പോഴും അവയെ ഇന്ന് ലഭ്യമായ സുവിശേഷ രൂപങ്ങളിലേക്ക് വളർത്തിയെടുത്തത് അപ്പം മുറിക്കാനും വചനം ധ്യാനിക്കാനും ഒരുമിച്ചുകൂടിയിരുന്ന ക്രിസ്തുശിഷ്യന്മാരുടെ കൂട്ടായ്മകളായിരുന്നു.

പരിശുദ്ധാത്മാവിന്റെ പ്രത്യേകമായ നിവേശനത്താൽ ആദിമസഭകളിൽ രൂപപ്പെട്ട പുതിയനിയമം തലമുറകളിലേക്ക് കൈമാറുന്നതും കാലത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്നതും തിരുസഭയാണ്. ഇതരമതഗ്രന്ഥങ്ങളിൽ ദൈവത്തിൽനിന്ന് പുറപ്പെടുന്ന വെളിപാടുകളുണ്ടെങ്കിലും അവ ബൈബിളിലെപ്പോലെ ക്രിസ്തുവിൽ നിന്ന് നേരിട്ട് സ്വീകരിക്കപ്പെട്ടവയല്ല. മാത്രമല്ല ക്രിസ്തുവിൽനിന്നും ഏറ്റുവാങ്ങിയ പ്രബോധനാധികാരം തെറ്റാവരത്തോടുകൂടെ പൂർത്തിയാക്കുവാൻ വിളിക്കപ്പെട്ട സമൂഹം എന്ന നിലയിൽ സഭ ഇതര മതങ്ങളിൽനിന്നും വേറിട്ടു നിൽക്കുന്നു. യേശുവിന്റെ വചനങ്ങൾ ശരിയായ വണ്ണം ഗ്രഹിക്കാനും വിശദീകരിക്കാനും ഉള്ള വരം പരിശുദ്ധാത്മാവിന്റെ പ്രത്യേകമായ കൃപയാൽ സഭയിൽ നല്കപ്പെട്ടിട്ടുള്ളതിനാൽ (യോഹ 16,13) സഭയിലാണ് ക്രിസ്തുവാകുന്ന വചനം പൂർണമായി അടങ്ങിയിരിക്കുന്നത്.

ക്രിസ്തുവിനെ നേരിട്ടറിയാനും അനുഗമിക്കാനും ആഗ്രഹിക്കുന്നവർ കത്തോലിക്കാസഭയിൽ അംഗമായി അവിടുത്തെ വചനങ്ങൾ നേരായവണ്ണം ഹൃദിസ്ഥമാക്കുന്നത് രക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നാണ് സഭയുടെ വിശ്വാസം. ശ്ലീഹന്മാരുടെ കൈവയ്പ്പുള്ള മെത്രാൻ തിരുസംഘവും സഭയുടെ പ്രബോധനാധികാരത്തിൽ ശ്രേഷ്ഠമായ സേവനം കാഴ്ചവയ്ക്കുന്ന ദൈവ ശാസ്ത്രജ്ഞൻമാരും അനുദിനജീവിതത്തിലെ പ്രാർത്ഥനകളാലും ഉപവിപ്രവർത്തനങ്ങളാലും ക്രിസ്തുവിന്റെ സ്വരം തിരിച്ചറിയുന്ന വിശ്വാസികളും വചനത്തെ സംഘാതമായി മനസ്സിലാക്കുന്ന ഒരു സംവിധാനം കത്തോലിക്കാസഭയിൽ ഉള്ളതുപോലെ ഇതര ക്രിസ്തീയ സഭകളിൽ ഇല്ലെന്ന കാര്യം പ്രത്യേകം സ്മരിക്കേണ്ടതില്ലല്ലോ.

b) കൂദാശകളുടെ കാര്യക്ഷമത: സഭ രക്ഷയുടെ കൂദാശയാണ് (തിരുസഭ 48). ക്രിസ്തുവിൽ ആഗതമായ ദൈവരാജ്യത്തിന്റെ കൂദാശയാണവൾ. ക്രിസ്തുവിന്റെ രക്ഷാകര സാന്നിദ്ധ്യം വചനത്തെപ്പോലെതന്നെ സഭയിൽ വിശ്വാസികൾക്ക് സംലഭ്യമാകുന്നത് കൂദാശകളിലൂടെയാണ്. ക്രിസ്തുവിനാൽ സ്ഥാപിക്കപ്പെട്ടതും സഭയിൽ പരികർമ്മം ചെയ്യപ്പെടുന്നതുമായ ഈ കൂദാശകൾ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലും അനുദിന ജീവിത പ്രശ്നങ്ങളിലും രക്ഷാകരമായ കൃപ മനുഷ്യന് എത്തിച്ചുകൊടുക്കുന്ന വാഹിനികളാണ്.

കത്തോലിക്കാസഭയിൽ കൂദാശകളുള്ളതുപോലെ ഇതരസഭകളിലും മതങ്ങളിലും ദൈവവുമായി ഒന്നുചേരുവാൻ അവരുടേതായ പൂജാവിധികളും അനുഷ്ഠാനങ്ങളും ഉണ്ടെന്നത് നിസ്തർക്കമാണ്. അതത് സംസ്കാരത്തിൽ വളർന്നുവന്ന ആ വിശുദ്ധ സമ്പ്രദായങ്ങൾ അവരുടെ ആത്മീയ ഔന്നത്യത്തിന് സഹായകരവുമാണ്. എന്നാൽ ഇതരമതങ്ങളിലെ ആചാരാനുഷ്ഠാനങ്ങൾ അവർക്ക് ദൈവവരപ്രസാദത്തിന്റെ ചാലുകളായി തീരുമ്പോഴും അവ ഒരു കത്തോലിക്കനെ സംബന്ധിച്ചിടത്തോളം ക്രിസ്തു നേരിട്ട് സ്ഥാപിച്ച ഏഴ് കൂദാശകളോട് തുല്യമാണെന്ന് പറയുക വയ്യ.

വിശുദ്ധ മാമ്മോദീസായാൽ ജന്മപാപത്തിൽനിന്ന് വിടുതൽ ലഭിക്കാനും സ്ഥെെര്യലേപനത്താൽ ക്രിസ്തുവിന്റെ സേനാനിയായിത്തീരാനും വിശുദ്ധ കുമ്പസാരത്താൽ പാപത്തിൽനിന്ന് നിരന്തരം മോചനം നേടാനും വിശുദ്ധ കുർബ്ബാനയാൽ ക്രിസ്തുവിന്റെ ശരീരരക്തങ്ങൾ സ്വീകരിച്ച് വളരാനും രോഗീലേപനത്താൽ ക്രിസ്തുവിനോടൊപ്പം ലോകപരിത്രാണനത്തിനുവേണ്ടി സഹിക്കാനും വിവാഹത്താലും തിരുപ്പട്ടത്താലും ജീവിതാന്തസ്സുകളുടെ ഉത്തരവാദിത്വങ്ങൾ പാലിക്കാനും തിരുസഭയിലുള്ള സംവിധാനം എത്രയോ സഹായകരമാണെന്ന് അനുഭവിച്ചറിഞ്ഞവർക്കേ അറിയൂ. ക്രിസ്തുവിൽ വിശ്വസിക്കുന്നവരും അവിടുത്തെ വചനങ്ങളനുസരിച്ച് ജീവിക്കാനിഷ്ടപ്പെടുന്നവരും തിരുസഭയിലെ അംഗമായി കൗദാശിക ജീവിതത്തിലും പങ്കുചേരണമെന്നാണ് സഭ കാംക്ഷിക്കുന്നത്. രക്ഷയ്ക്കുള്ള നേരിട്ടതും അനായാസവുമായ കർമ്മവിധികൾ ഉൾക്കൊള്ളുന്ന സഭ ഇതരമതങ്ങളിൽനിന്ന് വ്യത്യസ്തമായി നിലകൊള്ളുന്നു.

c) ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്ന സമൂഹം: വചനത്താൽ നയിക്കപ്പെടുകയും കൗദാശിക വരപ്രസാദത്താൽ ആർജ്ജവം നേടുകയും ചെയ്യുന്ന വിശ്വാസികളുടെ സമൂഹം ദൈവരാജ്യത്തിന്റെ അടയാളമായി ഈ ലോകത്തിൽ നിലകൊള്ളുന്നു.

“എന്റെ നാമത്തിൽ ഒന്നോ രണ്ടോ അതിലധികം പേരോ ഒരുമിച്ചുകൂടമ്പോൾ ഞാൻ അവരുടെ മദ്ധ്യേ ഉണ്ടായിരിക്കും" (മത്താ 18,20). “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല" (യോഹ 14, 18). "യുഗാന്ത്യം വരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" (മത്താ 28,20) എന്നീ വചനങ്ങളിലൂടെ യേശുനാഥൻ ശിഷ്യന്മാർക്ക് വാഗ്ദാനംചെയ്ത രക്ഷാകര സാന്നിധ്യം ആരാധനക്രമ സംഗമങ്ങളിൽ മാത്രമല്ല, എവിടെയെല്ലാം വിശ്വസികൾ “ഈ എളിയവരിൽ ഒരുവന് ചെയ്തപ്പോളെല്ലാം എനിക്കുതന്നെയാണ് നിങ്ങൾ ചെയ്തത്" (മത്താ 25,40) എന്ന തിരിച്ചറിവോടുകൂടെ അടിച്ചമർത്തപ്പെട്ടവരെ ശത്രുമിത്ര ഭേദമില്ലാതെ സഹായിക്കുന്നുണ്ടോ അവിടെയെല്ലാം യാഥാർത്ഥ്യമാകുന്നുണ്ട്. ഇപ്രകാരം വചനത്തിനനുസൃതമായ പരസ്നേഹ സാക്ഷ്യത്തിലൂടെ ക്രിസ്തുവിനെ നേരിട്ട് സംലഭ്യമാക്കാൻ കഴിവുറ്റ സമുഹമാണ് സഭ.

വചനസാന്നിദ്ധ്യത്താലും കാര്യക്ഷമതയുള്ള കൂദാശകളാലും സ്നേഹാധിഷ്ഠിത ജീവിതത്താലും ക്രിസ്തുവിലേക്ക് പ്രയാണം ചെയ്യുന്ന സഭക്ക് അതുല്യതയുണ്ടെങ്കിൽ ആ തനിമ സർവജനങ്ങളെയും അറിയിക്കാനുള്ള ഉത്തരവാദിത്വം സഭയ്ക്കുണ്ട്. പക്ഷേ ആ ദൗത്യം നിറവേറ്റേണ്ടത് സർവ്വോപരി ജീവിത സാക്ഷ്യത്തിലൂടെയാണ്. അതുതന്നെയാണ് സഭാമക്കൾ ഇതര മതങ്ങളുമായുള്ള സഹവർത്തിത്വത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളി.

ഒരു നൂതന മാർഗ്ഗരേഖ ഇതരമത ദെെവശാസ്ത്രം ദൈവത്തിന്റെ സ്വാതന്ത്ര്യം ദൈവത്തിന്റെ രഹസ്യാത്മകത സ്വതന്ത്രമായി ചരിക്കുന്ന ആത്മാവ് രക്ഷാകരചരിത്രത്തിൽ സഭയുടെ തനിമ Dr. Vincent Kundukulam Fr. Tom Olikkarottu Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message