x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ മത ശാസ്ത്ര സംവാദം

ശാസ്ത്രവും മതവും സമന്വയിക്കുന്ന സംസ്കാരം

Authored by : Rev. Dr. Joseph Pamplany ,Rev. Dr. Thomas Kochukarottu On 04-Feb-2021

"മാനവരാശിയെ സംബന്ധിച്ചിടത്തോളം മതവും ശാസ്ത്രവും എന്താണെന്ന് യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കുമ്പോള്‍ ഭാവിതലമുറകളുടെ ഭാഗധേയം തന്നെ നിര്‍ണ്ണയിക്കുന്നത് മതവും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇന്നത്തെ തലമുറ എടുക്കുന്ന തീരുമാനങ്ങളാണ് എന്നുകാണാവുന്ന താണ്". വിശ്രുത തത്വശാസ്ത്രജ്ഞനായ ആല്‍ഫ്രഡ് നോര്‍ത്ത് വൈറ്റ് ഹെഡിന്‍റെ വാക്കുകളാണിവ. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ അദ്ദേഹം നടത്തിയ ഈ പ്രവചനാത്മക നിരീക്ഷണം ഇന്ന് എന്നത്തേക്കാളുമധികം സാധൂകരിക്കപ്പെടുകയാണ്. മാനവസംസ്ക്കാരത്തിന്‍റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നതില്‍ ചരിത്രത്തിനുമേല്‍ അതിനിര്‍ണ്ണായക സ്വാധീനം ചെലുത്തിപ്പോന്ന രണ്ടു ഘടകങ്ങളാണ് ശാസ്ത്രവും മതവും. ഇത്തരമൊരു സാഹചര്യത്തില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ സംസ്കാര പരിണതിയുടെ രീതിശാസ്ത്രം ആവിഷ്കരിക്കപ്പെടേണ്ടത് മതവും ശാസ്ത്രവും തമ്മിലുള്ള സമന്വയത്തിന്‍റെ ഭാഷയിലായിരിക്കണമെന്ന വസ്തുതയ്ക്ക് അടിവരയിടുന്ന ഘടകവും ആനുകാലിക സംസ്കാരംതന്നെയാണ്.

ചരിത്രപരമായ വിശകലനത്തില്‍ മതവും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തിന്‍റെ യഥാര്‍ത്ഥ വസ്തുതകള്‍ എന്തൊക്കെയാണ്? മതശാസ്ത്ര ബന്ധത്തിന്‍റെ നിമ്നോന്നതങ്ങള്‍ എപ്രകാരമാണ് സംസ്കാരത്തിലും സമൂഹത്തിലും നിഴലിക്കുന്നത്? ഉത്തരാധുനിക സംസ്കാരത്തിലെ മതശാസ്ത്രസമന്വയത്തിന്‍റെ വഴിത്താരകള്‍ ഏവയെല്ലാം? ഇത്തരം ചോദ്യങ്ങളാണ് ഈ ലേഖനത്തിന്‍റെ പ്രമേയം.

മതശാസ്ത്ര സംഘര്‍ഷം - മിത്തും യാഥാര്‍ത്ഥ്യവും

പത്തൊമ്പതാം നൂറ്റാണ്ടിലെ ഗണിതശാസ്ത്രജ്ഞനായ സാമുവല്‍ ലാപ്ലേസ് ഐസക് ന്യൂട്ടന്‍റെ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സൗരയുഥത്തിന്‍റെ സ്ഥിരതയെ എങ്ങനെ വിശദീകരിക്കാമെന്ന് വിവരിച്ചുകൊണ്ട് ഒരു ബൃഹദ്ഗ്രന്ഥമെഴുതി. ഈ കൃതിയുടെ ആദ്യപ്രതി വായിച്ച നെപ്പോളിയന്‍ ചക്രവര്‍ത്തി "അതിബൃഹത്തായ ഈ കൃതിയില്‍ സ്രഷ്ടാവിനെക്കുറിച്ചുള്ള യാതൊരു സൂചനയും ഇല്ലല്ലോ" എന്നു പ്രതികരിച്ചപ്പോള്‍ ലാപ്ലേസിന്‍റെ പ്രത്യുത്തരം ഇതായിരുന്നു: "എനിക്ക്  ദൈവമെന്ന പരികല്പനത്തിന്‍റെ യാതൊരു ആവശ്യവും ഇല്ല". 

ഈ സംഭവം സൂചിപ്പിക്കുന്നതുപോലെ പതിനാറു മുതല്‍ പത്തൊന്‍പതുവരെയുള്ള നൂറ്റാണ്ടുകളിലെ മതശാസ്ത്ര സമ്പര്‍ക്കത്തിന്‍റെ അന്തര്‍ധാര കൂടുതലായും സംഘര്‍ഷത്തിന്‍റേതായിരുന്നു എന്നുപറയുന്നത് ഭാഗികമായി ശരിയാണ്. ശാസ്ത്ര സിദ്ധാന്തങ്ങളും മതവിശ്വാസങ്ങളും ഒരിക്കലും സമരസപ്പെടുത്താനാവാതെ വിരുദ്ധധ്രുവങ്ങളില്‍ കഴിയുന്ന പ്രതിഭാസങ്ങളായിരുന്നുവെന്ന ജനകീയ വിശ്വാസം ഈ കാലയളവില്‍ രൂഢമൂലമായി. പാശ്ചാത്യലോകത്തെ സ്കൂളുകളിലും കോളേജുകളിലുമെല്ലാം മതവും ശാസ്ത്രവും തമ്മിലുള്ള സംഘര്‍ഷത്തിന്‍റേതായ ചിത്രം ഒത്തിരിയേറെ പെരുപ്പിച്ചും ആവര്‍ത്തിച്ചും തന്നെ പഠിപ്പിച്ചുപോന്നു. സംഘര്‍ഷത്തിന്‍റേതായ ഈ കഥ ഇപ്രകാരം ചിത്രീകരിക്കപ്പെട്ടു. ഉദാത്തമായ വെളിപാടുകളുടെ വെളിച്ചത്തില്‍ ദൈവശാസ്ത്രം പ്രപഞ്ചത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമെല്ലാം ചില അവകാശവാദങ്ങള്‍ നടത്തുന്നു. ഈ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ശാസ്ത്രസിദ്ധാന്തങ്ങള്‍ വാദിക്കുന്നു. ദൈവശാസ്ത്രത്തിന്‍റെ പെട്ടെന്നുള്ള പ്രതികരണം പ്രതിരോധത്തിന്‍റേതാണ്. എന്നിരുന്നാലും ക്രമേണ ദൈവശാസ്ത്രത്തിന്‍റെ അതിഭൗതിക ജ്ഞാനം ശാസ്ത്രത്തിന്‍റെ പരീക്ഷണാധിഷ്ഠിതമായ സ്വാഭാവികജ്ഞാനത്തിന് അടിയറവു പറയുന്നു. അങ്ങനെ മതവും ശാസ്ത്രവും തമ്മിലുള്ള ദ്വന്ദയുദ്ധത്തില്‍ മതമെപ്പോഴും പരാജിതന്‍റെ വശത്തേക്ക് തള്ളിമാറ്റപ്പെട്ടു കൊണ്ടേയിരുന്നു. 

പക്ഷെ, ഇത്തരം ജനകീയപ്രതിച്ഛായകളില്‍ യാഥാര്‍ത്ഥ്യത്തിന്‍റെ നേരിയ ഒരു അംശം മാത്രമേ കലര്‍ന്നിട്ടുള്ളൂ എന്ന് ആധുനിക പഠനങ്ങള്‍ വെളിവാക്കുന്നുണ്ട്. വൈറ്റ് ഹെഡിനെപ്പോലുള്ള ചിന്തകള്‍ ആധുനിക ശാസ്ത്രത്തിന്‍റെ ആരംഭംതന്നെ മതപരമായ അടിത്തറകളില്‍ നിന്നാണെന്ന് വാദിക്കുന്നവരാണ്. ഈ കാലയളവില്‍ മതശാസ്ത്ര സംഘര്‍ഷത്തിന്‍റെ ഗോദയിലെ രണ്ടു പ്രമുഖ സംഭവവികാസങ്ങളായിരുന്നു ഗലീലിയോ സംഭവവും ഡാര്‍വിന്‍റെ "വംശോല്പത്തി"യുടെ പ്രസിദ്ധീകരണവും. ഈ രണ്ടു സംഭവങ്ങളെത്തന്നെ മതശാസ്ത്ര സംഘര്‍ഷത്തിന്‍റെ നിദര്‍ശനങ്ങളായി ചിത്രീകരിക്കുന്നത് പൂര്‍ണ്ണമായും ശരിയല്ല. "ഗലീലിയോ യെ തുറങ്കിലടച്ചു"വെന്ന് ആക്ഷേപിക്കപ്പെടുന്ന മതത്തിന്‍റെ പക്ഷത്തുനിന്നുതന്നെ അക്കാലത്തും ഗലീലിയോ സിദ്ധാന്തത്തെ പിന്താങ്ങിയ ദൈവശാസ്ത്രജ്ഞന്മാരുണ്ടായിരുന്നെന്നും, കൂടുത ലായും മതേതരങ്ങളായ പരിഗണനകളിന്മേലാണ് അദ്ദേഹത്തിന്‍റെ സിദ്ധാന്തങ്ങള്‍ തിരസ്ക്കരിക്കപ്പെട്ടതെന്നും ഇന്നും നാം മനസി ലാക്കുന്നു.

ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തത്തിന്‍റെ പ്രമേയങ്ങളെ ക്രൈസ്തവ വിശ്വാസത്തിന്‍റെ മുഖ്യധാരയുമായി തുന്നിച്ചേര്‍ ക്കുവാന്‍ പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ത്തന്നെ നിരവധി പരിശ്രമങ്ങള്‍ നടന്നിട്ടുണ്ട് എന്നതിന് പരിണാമസിദ്ധാന്തത്തെക്കുറിച്ച് അക്കാലയളവില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒട്ടനവധി ദൈവശാസ്ത്രഗ്രന്ഥങ്ങള്‍ തെളിവാണ്. ആകയാല്‍ സംഘര്‍ഷത്തിന്‍റേത് എന്നതിനെക്കാള്‍ ക്രിയാത്മകമായ സംവാദത്തിന്‍റെ പ്രതിച്ഛായയായിരിക്കും ചരിത്രപരമായി മതശാസ്ത്ര സമ്പര്‍ക്കത്തെ ചിത്രീകരിക്കുവാന്‍ കൂടുതല്‍ ഉചിതമായിട്ടുള്ളത്.

ആധുനികത: അന്യവത്കരിക്കപ്പെട്ട സംസ്കാരം

യഥാര്‍ത്ഥത്തില്‍ മതശാസ്ത്രസമ്പര്‍ക്കത്തെ കൂടുതലായും സംഘര്‍ഷാത്മകമാക്കിയത് ശാസ്ത്രസിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി പതിനെട്ട്, പത്തൊന്‍പത് നൂറ്റാണ്ടുകളിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലുമായി വളര്‍ന്നുവന്ന രണ്ട് തത്വശാസ്ത്ര രൂപങ്ങളായ യാന്ത്രിക പ്രപഞ്ചവീക്ഷണവും ലോജിക്കല്‍ പോസിറ്റിവിസവും ആണ്.

ന്യൂട്ടന്‍റെ യാന്ത്രിക പ്രപഞ്ചസിദ്ധാന്തം അഗോചരങ്ങളായ ഘടകങ്ങളെയെല്ലാം ശാസ്ത്രത്തില്‍നിന്നും മാറ്റുന്നതിനുള്ള യത്നമായിരുന്നു. പദാര്‍ത്ഥവും അതിന്‍റെ ഗതിയും, ബലവും സകല പ്രതിഭാസങ്ങളും വിശദീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങളായി മാറി. ജീവന്‍ പോലും വെറും യാന്ത്രികമായി വ്യാഖ്യാനിക്കപ്പെട്ടു. യാദൃച്ഛികതയും ഭവ്യതയും യാന്ത്രികപ്രപഞ്ച സിദ്ധാന്തത്തിന് അന്യമായി. പ്രപഞ്ചം വലിയൊരു ഘടികാരം പോലെയാണ്. ജീവനും മറ്റ് ജീവല്‍പ്രതിഭാസങ്ങളും രസതന്ത്രത്തിലേക്കും ഭൗതികശാസ്ത്രത്തിലേക്കും തരംതാഴ്ത്തപ്പെട്ടു. ഭൗതികനിയമങ്ങളനുസരിച്ച് എല്ലാം പ്രവചനാത്മകമാണെന്ന് അവര്‍ കരുതി. ലക്ഷ്യോന്മുഖത അവര്‍ നിരാകരിച്ചു. തന്മൂലം ഇതിന്‍റെ പ്രയോക്താക്കള്‍ വിശ്വാസികളായിരുന്നുവെങ്കിലും നിരീശ്വരത്വം സാഹചര്യങ്ങളുടെ ഒരു വിരോധാഭാസമെന്നോണം സംജാതമായി.

ഇരുപതാം നൂറ്റാണ്ടിലെ ലോജിക്കന്‍റെ പോസിറ്റിവിസം എന്ന ശാസ്ത്ര-തത്വശാസ്ത്ര സിദ്ധാന്തം ശാസ്ത്രത്തിന്‍റെ പരിധിയിലേക്ക് അതിഭൗതികതയുടെ കടന്നുകയറ്റത്തെ തടയാനുള്ള ശ്രമങ്ങളുടെ പരിണതഫലമായിരുന്നു. സമ്മതമായ ഏതൊരു പ്രസ്താവനയും അനുഭവസിദ്ധമായ അടിസ്ഥാനമുള്ളതാവണമെന്നായിരുന്നു അവരുടെ വാദം. ശാസ്ത്രത്തിന്‍റെ യുക്തിമൂലകത്വം ശാസ്ത്രജ്ഞാനത്തിന്‍റെ നിയമങ്ങളായി മാറി. ശാസ്ത്രം എല്ലാക്കാലത്തും സാര്‍വ്വത്രികമായി നിലനില്‍ക്കുന്നു. കാരണം ശാസ്ത്രവിജ്ഞാനം വസ്തുനിഷ്ഠമാണ്. പരീക്ഷണനിരീക്ഷണങ്ങളിലൂടെ ഒരു പ്രസ്താവനയെ പ്രമാണീകരിച്ചാല്‍ മാത്രമെ അതിനെ സത്യമായി സ്വീകരിക്കാവൂ. തന്മൂലം ശാസ്ത്രത്തിലെ സാമാന്യ സങ്കല്പങ്ങളുടെ അര്‍ത്ഥം നിയതമായി നിശ്ചയിക്കപ്പെട്ടു.

ഈ രണ്ട് ശാസ്ത്ര-തത്ത്വശാസ്ത്ര സംഹിതകള്‍ മതശാസ്ത്ര ദ്വന്ദയുദ്ധ ഗോദയിലെ ആധുനിക ലോകത്തെ നവാഗതരായി. ഇവയും, ഇവയോട് ബന്ധപ്പെട്ട് അഭിവൃദ്ധിപ്പെട്ട സാങ്കേതിക വിദ്യയും, മത ശാസ്ത്രബന്ധത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതിന് അപ്രധാനമല്ലാത്ത ഒരു പങ്കുവഹിച്ചു.

ആധുനിക മനുഷ്യന്‍റെ പരിണാമചക്രത്തിലെ ഈ കാല ഘട്ടത്തില്‍ പ്രപഞ്ചത്തില്‍നിന്നും മനുഷ്യന്‍ അന്യവത്ക്കരിക്കപ്പെട്ടു. സസ്യങ്ങളെയും മൃഗങ്ങളെയും നാം അടിമകളായി കണക്കാക്കി. മനുഷ്യസംസ്കാരം അന്യവത്ക്കരണത്തിന്‍റെ സംസ്ക്കാരമായിത്തീര്‍ന്നു. പ്രപഞ്ചത്തില്‍നിന്നും സഹജീവികളില്‍ നിന്നും, ദൈവത്തില്‍നിന്നും അവനകന്നു. യാഥാര്‍ത്ഥ്യത്തിന്‍റെ ന്യൂനീകരണം അതില്‍നിന്നുമുള്ള മനുഷ്യന്‍റെ വിച്ഛേദക ഹേതുവായി മാറി. ഈ അന്യവത്ക്കരണത്തിന്‍റെ സംസ്കാരം മനുഷ്യരാശിയുടെ ഹൃദയങ്ങളിലെ സ്ത്രൈണഭാവങ്ങളെ ശുഷ്ക്കമാക്കി. പ്രപഞ്ചവും സഹജീവികളും മനുഷ്യന് തന്‍റെ അധീശത്വത്തെ ഉറപ്പിക്കുവാനുള്ള വസ്തുക്കളായി. ഇക്കാലത്തെ മനുഷ്യചരിത്രം ധൂര്‍ത്തപുത്രന്‍റെ ചരിത്രമാണ്. ദൈവത്തില്‍നിന്നും സഹജീവികളില്‍നിന്നും പ്രപഞ്ചത്തില്‍നിന്നും തന്‍റെ വിഹിതവും മേടിച്ചുകൊണ്ട് മനുഷ്യന്‍ യാന്ത്രികതയുടെ മടിത്തട്ടില്‍ വിലയം പ്രാപിച്ചു. അതുകൊണ്ടാണ് റോബര്‍ട്ട് എല്‍ കെക്ക് ഇങ്ങനെ പറയുന്നത്, "നാം നമ്മുടെ ദൈവാരാധനയെ സ്വര്‍ഗ്ഗീയ പിതാവില്‍നിന്നും ഭൗതികശാസ്ത്രത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു. ആത്മീയവിശുദ്ധരോടുള്ള വണക്കം ശാസ്ത്രീയവിരുദ്ധരുടെ ലോകം കീഴടക്കാനുള്ള കഴിവിനോടുള്ള വണക്കമായി മാറി. ഈ ധൂര്‍ത്തപുത്രന്‍റെ ദൈവശാസ്ത്രം, "മസ്കുലിനിറ്റി" , "മെറ്റീരിയലിസം" , "മെഷീനു"കള്‍  എന്നിങ്ങനെ മൂന്ന് 'എം'  കളായിരുന്നു".

മനുഷ്യന്‍റെയും മനുഷ്യസംസ്ക്കാരത്തിന്‍റെയും ഈ അന്യവത്ക്കരണം വലിയൊരു അന്തഃസ്ഫോടനത്തിലേക്ക് മനുഷ്യനെ നയിച്ചു. ബാഹ്യമായ സമൃദ്ധി ആന്തരികമായ ശുഷ്കതയിലേക്ക് അവനെ ആനയിച്ചു. ഭൂമിയുടെ ധ്രുവങ്ങള്‍ അടുത്തു വന്നപ്പോള്‍ ശാസ്ത്രത്തിന്‍റെ ചിറകുകളിലേറി മനുഷ്യഹൃദയങ്ങള്‍ പറന്നകലുകയായിരുന്നു. മനുഷ്യരാശിയുടെ "ആത്മാവിന്‍റെ ഇരുണ്ടരാത്രി" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇക്കാലത്ത് സംസ്ക്കാരത്തിന്‍റെയും മതത്തിന്‍റെയും അടിസ്ഥാനങ്ങളായ മൂല്യങ്ങള്‍ പലതും തച്ചുടയ്ക്കപ്പെട്ടു.

ഇത്തരമൊരു മതാത്മക ധ്രുവീകരണത്തിന്‍റെ പശ്ചാത്തലത്തിലാണ് ആധുനിക പാശ്ചാത്യസാംസ്ക്കാരികാന്തരീക്ഷം മുഴുവന്‍ ഒരു മാനസിക രോഗമായ 'സ്കിസോഫ്രേനിയ' യുടെ നടുത്തളത്തിലാണെന്ന് വെസ്ലി വൈല്‍ഡ്മാന്‍ നിരീക്ഷിക്കുന്നത്. അപചയത്തിന്‍റെയും അന്യവത്ക്കരണത്തിന്‍റെയും സീമകളിലൂടെ ബഹുദൂരം സഞ്ചരിച്ച ആധുനിക പാശ്ചാത്യസംസ്കൃതി ഇന്ന് സ്വന്തം ശൂന്യതകളുടെയും അസ്വസ്ഥതകളുടെയുംമുന്നില്‍ പകച്ചുനില്‍ക്കുകയാണ്. ഈ അരക്ഷിതാവസ്ഥ സംസ്ക്കാരത്തിന്‍റെ ധനപരവും രാഷ്ട്രീയവും സാമൂഹികവും ധാര്‍മ്മികവും മതപരവുമായ മേഖലകളിലെല്ലാം നിഴല്‍ വീഴ്ത്തിയിരിക്കുന്നു. സോവിയറ്റ് യൂണിയന്‍റെ കേന്ദ്രീകൃത സമ്പദ്വ്യവസ്ഥിതിയുടെ പതനത്തിനുശേഷവും പാശ്ചാത്യ മുതലാളിത്വ വ്യവസ്ഥിതിയുടെ ഭാവി ഒട്ടുംതന്നെ ശോഭനമല്ലെന്ന് ധനതത്വശാസ്ത്ര പണ്ഡിതന്മാര്‍ നിരീക്ഷിക്കുന്നു. ഏതൊരു സമ്പദ്വ്യവസ്ഥയുടെയും നിലനില്‍പ്പിനും തുടര്‍ച്ചയ്ക്കും അനിവാര്യമായ പാരിസ്ഥിതികവും ധാര്‍മ്മികവുമായ മാനങ്ങളെ വിലകുറച്ചു കണ്ടതാണ് ഈ സാമ്പത്തിക അസ്വസ്ഥതയുടെ ഒരു പ്രധാന കാരണം. രാഷ്ട്രീയരംഗത്താകട്ടെ, സമൂഹത്തിന്‍റെ അടിസ്ഥാന ഘടകങ്ങളായ കുടുംബം, വിദ്യാഭ്യാസം, മതം എന്നീ സംവിധാനങ്ങളെ എങ്ങനെ സംരക്ഷിക്കുമെന്നറിയാതെ രാഷ്ട്രീയ നേതൃത്വങ്ങള്‍ കുഴങ്ങുകയാണ്. സാമൂഹ്യ രംഗത്താകട്ടെ, അത്യാധുനികമായ പ്രപഞ്ചവിജ്ഞാനീയം കൈമുതലായുണ്ടാ യിട്ടും സ്വന്തം സത്തയെ അന്വേഷിക്കുന്ന മാനവവിജ്ഞാനീയം അനുദിനം ശുഷ്ക്കമായിത്തീരുന്ന അവസ്ഥാവിശേഷമാണ്. വര്‍ദ്ധിച്ചുവരുന്ന അസ്തിത്വപ്രശ്നങ്ങള്‍ ഈ സത്താപരമായ വരള്‍ച്ചയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. ശാസ്ത്രവിപ്ലവത്തിന്‍റെ വേലിയേറ്റത്തില്‍ അന്ധവിശ്വാസമെന്നും അശാസ്ത്രീയമെന്നും മുദ്രകുത്തപ്പെട്ടതും മാനവരാശിയുടെ അര്‍ത്ഥങ്ങളുടെ പ്രപഞ്ചത്തെ അലങ്കരിച്ചുപോന്നതുമായ ശാശ്വതപ്രതീകങ്ങളെയും രൂപകങ്ങ ളെയും മിത്തുകളെയുമെല്ലാം കാലിക പ്രസക്തമായി എങ്ങനെ പുനരാവിഷ്ക്കരിക്കാന്‍ സാധിക്കുമെന്നറിയാതെ പാശ്ചാത്യ മാനവികത ഇന്ന് ഇരുട്ടില്‍ തപ്പിത്തടയുകയാണ്. മാധ്യമങ്ങള്‍ നിരന്തരം റിപ്പോര്‍ട്ടു ചെയ്യുന്ന ധാര്‍മ്മിക അപചയങ്ങളും, അവയെ നിയന്ത്രിക്കാനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങളുടെ അഭാവവും സംസ്ക്കാരത്തിന്‍റെ ഹൃദയത്തില്‍തന്നെ ആസനസ്ഥമായിരിക്കുന്ന ഗുരുതരരോഗങ്ങളുടെ പ്രത്യാഘാതങ്ങളായി വ്യാഖ്യാനിക്കപ്പെടുന്നു.

ഈ പറഞ്ഞ സാംസ്ക്കാരിക അസ്വസ്ഥതകളുടെ ലക്ഷണങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് കൂടുതല്‍ അടിസ്ഥാനപരവും അസ്തിത്വാത്മകവുമായ വൈരുദ്ധ്യങ്ങളിലേക്കാണ്. മനഃശാസ്ത്ര വീക്ഷണത്തില്‍ സ്കിസോഫ്രേനിയായുടെ കാരണങ്ങള്‍ മനസിലായാല്‍ത്തന്നെ അവയ്ക്കുള്ള പരിഹാരവുമായി എന്നുപറയുന്നു. പാശ്ചാത്യ സാംസ്ക്കാരിക സ്കിനോഫ്രേനിയായുടെ അടിസ്ഥാനഘടകം മനുഷ്യാവസ്ഥയുടെ സ്വത്വപരവും അസ്തിത്വപരവുമായ അവസ്ഥയെക്കുറിച്ചുള്ള ഒരു ആശയക്കുഴപ്പമാണ് എന്ന്  വൈല്‍ഡ്മാന്‍ വാദിക്കുന്നു. "ഈ ലോകത്തില്‍ മനുഷ്യന്‍ എപ്രകാരമായിരിക്കണമെന്നതിനെക്കുറിച്ചുള്ള ആഴമേറിയ അനിശ്ചിതത്വവും ആശയക്കുഴപ്പവുമാണ് ഇത്. എപ്രകാരം മനുഷ്യാവസ്ഥ ഒരുപോലെ മതാത്മകവും ശാസ്ത്ര പരവുമായിരിക്കണം എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം. എപ്രകാരം വിമര്‍ശനബുദ്ധിയും ആദ്ധ്യാത്മിക ചിന്തയും ഏകോപിപ്പിക്കണമെന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പം". ആകയാല്‍ ഉത്തരാധുനിക സംസ്ക്കാരത്തിന്‍റെ ഔന്നത്യവും ഔദ്ധത്യവും അത് എത്രമാത്രം മാനവരാശിയുടെ മതാത്മ കഭാവത്തെയും ശാസ്ത്രത്തിന്‍റെ സാങ്കേതികഭാവത്തെയും സമന്വയിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. 

ഉത്തരാധുനികത: സമന്വയത്തിന്‍റെ സംസ്ക്കാരം

ചൈനീസ് തത്ത്വശാസ്ത്രവീക്ഷണത്തിലെ ആത്യന്തിക യാഥാര്‍ത്ഥ്യമായ "ടവോ" (ഠമീ) യുടെ ചാക്രിക പരിണാമത്തിലെ രണ്ട് വിരുദ്ധധ്രുവങ്ങളിലൊന്നായ 'യാംഗ്' അതിന്‍റെ പ്രയാണത്തിന്‍റെ പരമകാഷ്ഠ പ്രാപിക്കുമ്പോള്‍ ഇതരധ്രുവമായ 'യിന്‍' ന് അനുകൂലമായി മടങ്ങിപ്പോകുമെന്ന് ഒരു ചൈനീസ് പഴമൊഴിയുണ്ട്. ഈ പഴമൊഴിയുടെ അന്വര്‍ത്ഥത ഒരര്‍ത്ഥത്തില്‍ ഇന്നത്തെ നമ്മുടെ ആഗോളസാംസ്ക്കാരിക പരിണതിയില്‍ വളരെയേറെ സ്പഷ്ടമാണ്. അതിദ്രുതം ആവിഷ്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു നവീന സംസ്കൃതിയുടെ ഉമ്മറപ്പടിക്കലാണ് ഇന്ന് മാനവരാശി എത്തിനില്‍ക്കുന്നത്. ഉത്തരാധുനികത, അത്യന്താധുനികത, നവയുഗം എന്നൊക്കെ വിശേഷിപ്പിക്കുന്ന ഈ നവീന സംസ്കൃതിയുടെ രണ്ടു പ്രമുഖ ഉപജ്ഞാതാക്കളായി കാണാവുന്നത് ശാസ്ത്രത്തെയും മതത്തെയുമാണ്. വൈരുദ്ധ്യത്തില്‍ നിന്നും സമന്വയത്തിലേക്കുള്ള മതത്തിന്‍റെയും ശാസ്ത്രത്തിന്‍റെയും കാല്‍ വെയ്പുകള്‍ നമ്മുടെ സംസ്ക്കാരത്തിന്തന്നെ ഒരു സ്ഥായീഭാവം നല്‍കാന്‍ പര്യാപ്തമാണ്. "മനുഷ്യന്‍റെയും പ്രകൃതിയുടെയും ഭാവിയെ സുസ്ഥിരപ്പെടുത്താനുള്ള നവീനമാര്‍ഗ്ഗ ങ്ങളുടെ അന്വേഷണത്തില്‍ ശാസ്ത്രവും മതവും ഇന്ന് സുഹൃത്തുക്കളായിത്തീര്‍ന്നിരിക്കുന്നു" എന്ന് ജര്‍മ്മന്‍ ദൈവ ശാസ്ത്രജ്ഞനായ യൂര്‍ഗന്‍ മോള്‍ട്ട്മാന്‍ നിരീക്ഷിക്കുന്നു.

ദൈവവിജ്ഞാനീയ രംഗത്തും ഭൗതികശാസ്ത്ര രംഗത്തും ഉരുത്തിരിഞ്ഞുവന്ന സൈദ്ധാന്തികവും രീതിശാസ്ത്രപരവുമായ മാറ്റങ്ങളും അവബോധവുമാണ് ഇന്ന് അവ തമ്മിലുള്ള സമ്പര്‍ക്കത്തെ കൂടുതല്‍ അനായാസമാക്കിയത്. സത്യത്തെ കസ്റ്റഡിയില്‍വച്ചിരിക്കുന്ന ഉടമസ്ഥന്‍, സത്യത്തിന്‍റെ കാവല്‍ക്കാരന്‍ എന്നീ ധാരണകളില്‍നിന്നും സത്യത്തിന്‍റെ അന്വേഷകന്‍ എന്ന വീക്ഷണത്തിലേക്ക് ഇന്ന് ദൈവശാസ്ത്രത്തിന്‍റെ ആത്മാവബോധം മാറിയിട്ടുണ്ട്. വെളിപാടെന്നത് പണ്ടെങ്ങോ സംഭവിച്ചതും പൂര്‍ത്തിയായതുമായ ഒരു സംഭവമല്ലെന്നും പ്രത്യുത അത് അനുസ്യൂതമായ ഒരു പ്രക്രിയയാണെന്നും ഇന്നും നാം മനസ്സിലാക്കുന്നു. ദൈവവചനത്തോടാകട്ടെ വിവരണപരമായ  സമീപനത്തെക്കാള്‍ ഇന്നു കൂടുതല്‍ വ്യാഖ്യാനപരമായ  ഒരു സമീപനമാണ് ഉള്ളത്. ഇവയെല്ലാം ശാസ്ത്രവുമായുള്ള ക്രിയാത്മ സംവാദത്തിന് മതത്തെ ആധികാരികമായ അടിത്തറമേല്‍ പ്രതിഷ്ഠിക്കുന്ന ഘടകങ്ങളാണ്. സഭാപിതാവായ വിശുദ്ധ അഗസ്റ്റിന്‍ നാലാം നൂറ്റാണ്ടില്‍ നടത്തിയ സുപ്രധാനങ്ങളായ ചില നിരീക്ഷണങ്ങളിലെ ദീര്‍ഘ വീക്ഷണവും ആശയപരവുമായ തുറവും ആനുകാലിക പ്രസക്തിയും ഇന്നു നമ്മെ അത്ഭുതം കൊള്ളിക്കാന്‍ പോന്നതാണ്. "ഭൂമിയെക്കുറിച്ചും ആകാശത്തെക്കുറിച്ചും അവയുടെ മൂലകങ്ങളെക്കുറിച്ചും, നക്ഷത്രങ്ങളുടെ ചലനം, ഭ്രമണ വലിപ്പം, അകലം എന്നിവയെക്കുറിച്ചും ഒരു അക്രൈസ്തവനുതന്നെ പലകാര്യങ്ങളും അറിയാം. അനുഭവത്തില്‍ നിന്നും സുനിശ്ചിതമായ ഗണിതങ്ങളില്‍നിന്നും അവര്‍ക്ക് നന്നായി അറിയാവുന്ന കാര്യങ്ങളെപ്പറ്റി നമ്മുടെ ഗ്രന്ഥങ്ങള്‍ തെറ്റായി പഠിപ്പിക്കുമ്പോള്‍ അവര്‍ എങ്ങനെയാണു വിശ്വസിക്കുക? ഇത് പലപ്പോഴും സംഭവിക്കുന്ന പ്രശ്നമാണ്".

ആധുനിക യുഗത്തില്‍ പ്രപഞ്ചരഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് ശാസ്ത്രം ചൂഴ്ന്നിറങ്ങിയതോടെ സൈദ്ധാന്തികമായി വിപ്ലവകരമായ മാറ്റങ്ങളാണ് ശാസ്ത്രരംഗത്തു സംഭവിച്ചിട്ടുള്ളത്. തികച്ചും അപ്രതീക്ഷിതമായി അന്വേഷിക്കാത്ത മേഖലകളിലൂടെ ലോകചരിത്രത്തില്‍ സത്യം കടന്നുവരാറുണ്ട്. ആധുനികശാസ്ത്രം ഇന്നു പ്രദാനം ചെയ്യുന്നത് ഇത്തരമൊരു സത്യത്തിന്‍റെ മുഖത്തെയാണ്. തത്വശാസ്ത്രവും ദൈവശാസ്ത്രവും സത്യത്തിന്‍റെ അതിഭൗതിക മാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ഭൗതികവും പാദാര്‍ത്ഥികവുമായ സത്യമായിരുന്നു ശാസ്ത്രത്തിന്‍റെ പഠനവിഷയം. അത്യാധുനിക ഗവേഷണോപകരണങ്ങളുടെ സഹായത്തോടെ, അണുവിന്‍റെയും പരമാണുവിന്‍റെയും സൂക്ഷ്മ പ്രപഞ്ചത്തിലേക്ക് പര്യടനം നടത്തുന്ന ശാസ്ത്രമിന്ന് പദാര്‍ത്ഥത്തിലെ പദാര്‍ത്ഥാതീയ വിസ്മയങ്ങള്‍കണ്ട് കണ്ണഞ്ചി നില്‍ക്കുന്നു. പ്രപഞ്ചത്തിന്‍റെ ഊര്‍ജ്ജവിസ്മയങ്ങളെക്കുറിച്ചു പഠിക്കുന്ന ആര്‍ക്കും ഇത് ഒരു മഹാബുദ്ധിയുടെ ആവിഷ്ക്കരണമാണ് എന്ന വസ്തുത നിഷേധിക്കാനാവുകയില്ലെന്ന് വിശ്രുത ഭൗതികശാസ്ത്രജ്ഞനായപോള്‍ ഡേവീസ് പറഞ്ഞിട്ടുണ്ട്. ആധുനിക ഭൗതികശാസ്ത്ര വികാസങ്ങളായ ക്വാണ്ടം ഫിസിക്സ്, കയോസ് തിയറി, സ്ട്രിംങ്ങ് തിയറി മുതലായവയെല്ലാം അവയുടെ സൈദ്ധാന്തിക വിപ്ലവാത്മകയോടൊപ്പംതന്നെ ശാസ്ത്രത്തെക്കുറിച്ചും ശാസ്ത്രദര്‍ശനങ്ങളെക്കുറിച്ചുംകൂടി ഒട്ടേറെ സമൂലമായ വിപ്ലാവാത്മകമാനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നവയാണ്. ശാസ്ത്രത്തിന് ആകമാനം സാകല്യവും സര്‍വ്വാതിശായിയുമായ ഒരു പ്രതിച്ഛായ കൊടുക്കുവാന്‍ ഇവയ്ക്കു സാധിച്ചു. ഭൗതിക ശാസ്ത്രത്തെ ഒരര്‍ത്ഥത്തില്‍ അതിഭൗതിക ശാസ്ത്രത്തിന്‍റെ തീരങ്ങളിലേക്ക് നയിക്കുന്നവയായിരുന്നു ആധുനിക ശാസ്ത്രസിദ്ധാന്തങ്ങളെല്ലാംതന്നെ.

ജീവശാസ്ത്രരംഗത്തും ചിത്രം മറിച്ചൊന്നായിരുന്നില്ല. ഉദാഹരണമായി ജീവന്‍റെ വിസ്മയം കേവല ആകസ്മികതയെക്കാള്‍ അതിസങ്കീര്‍ണ്ണമായ ബുദ്ധിവൈഭവത്തിന്‍റെ പ്രകടനം കൂടിയാണെന്ന് ഇന്ന് ശാസ്ത്രം തിരിച്ചറിയുന്നു. ബയോളജിസ്റ്റ് വിന്‍സെന്‍റ് ടൈറ്റന്‍ജിയുടെ വാക്കുകളില്‍: "ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കുവാന്‍ ജീവശാസ്ത്രം മതിയായ ഒരു കാരണവുമാകില്ലെന്ന് ഞാന്‍ മനസിലാക്കിക്കഴിഞ്ഞു. ജീവന്‍ അത്യന്തം സങ്കീര്‍ണ്ണമാണ്, അത്യന്തം മനോഹരമാണ്; ആകസ്മിക ഉത്ഭവം അസാധ്യമാകുംവിധം വളരെയധികം ബുദ്ധിപൂര്‍വ്വകമായി രൂപപ്പെട്ടിട്ടുള്ളതാണ്".

ശാസ്ത്രത്തിന്‍റെ വളര്‍ച്ചയും ദൈവശാസ്ത്രത്തിന്‍റെ മാറിയ മാനങ്ങളും ചേര്‍ന്ന് ഇന്ന് മതശാസ്ത്രസംഗമത്തിന്‍റെ പുതിയ അധ്യായങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ അതിന്‍റെ അലയടികള്‍ ഏറെയും പ്രതിധ്വനിക്കുന്നത് ഇന്ന് ആനുകാലിക സാംസ്ക്കാരത്തില്‍ തന്നെയാണ്. നവയുഗസംസ്ക്കാരത്തിന്‍റെ ചേതോവികാരങ്ങള്‍ വിഭജനത്തെക്കാള്‍ ഏകീകരണത്തിനും അകല്‍ച്ചകളെക്കാള്‍ അടുപ്പങ്ങള്‍ക്കും വിശകലനത്തെക്കാള്‍ സമന്വയത്തിനും പ്രാധാന്യം നല്‍കുന്നവയാണ്. "പ്രായപൂര്‍ത്തിയിലെത്തിയ മനുഷ്യാവസ്ഥ"  എന്ന രൂപകംകൊണ്ട് നാം വിശേഷിപ്പിക്കുന്ന ആധുനിക മാനവസംസ്ക്കാരം അക്ഷരാര്‍ത്ഥത്തിലെങ്കിലും വളരെയേറെ ഭാവ്യോന്മുഖമായ പ്രത്യാശകള്‍ക്കു വക നല്‍കുന്നവയാണ്.  മാനവസംസ്ക്കാരത്തിന്‍റെ നെടുംതൂണുകളായ പ്രത്യയശാസ്ത്രങ്ങളെയും സംവിധാനങ്ങളെയും തത്വശാസ്ത്രങ്ങളെയും സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതികളെയുമൊക്കെ പുനരാഖ്യാനം ചെയ്യാനും പുനര്‍ വ്യാഖ്യാനിക്കാനും ഉപയുക്തമായ വളരെയേറെ വൈജ്ഞാനിക ഉറവിടങ്ങള്‍ ഈ സംസ്കൃതിയുടെ ആത്മാവില്‍ കുടികൊള്ളു ന്നുണ്ട്. ആശയതലത്തിലും പ്രയോഗത്തിലും കരുത്താര്‍ജ്ജിച്ചു വരുന്ന പ്രകൃതി ബോധം, സ്ത്രൈണ മൂല്യവ്യവസ്ഥിതികളോടു വളര്‍ന്നുവരുന്ന ആഭിമുഖ്യം, യാന്ത്രികവും നിര്‍ജ്ജീവങ്ങളുമായ രൂപകങ്ങളെക്കാള്‍ ഭൂമിയെയും പ്രപഞ്ചത്തെയും ഒക്കെ വിശേഷിപ്പിക്കാന്‍ ഇന്നും നാം ഉപയോഗിക്കുന്ന ജൈവികങ്ങളും സാകല്യങ്ങളുമായ രൂപകങ്ങള്‍, ജൈവശൃംഖലയുടെ പരസ്പരാശ്രയത്വത്തെയും ജീവന്‍റെ സത്താപരമായ പരസ്പര ബന്ധത്തെക്കുറിച്ചുള്ള അവബോധം തുടങ്ങിയവയെല്ലാം ശാസ്ത്രത്തിന്‍റെയും മതത്തിന്‍റെയും പ്രകാശത്തില്‍ പ്രവാസ ദേശത്തുനിന്നും സ്വഭവനത്തിലേക്കുള്ള നമ്മുടെ സംസ്ക്കാരത്തിന്‍റെ മടക്കയാത്രയായി കരുതാവുന്നതാണ്. 

ഉപസംഹാരം

ശാസ്ത്രത്തെകൂടാതെ മതം മുടന്തുള്ളതായിരിക്കുമെന്നും മതത്തെ കൂടാതെയുള്ള ശാസ്ത്രം അന്ധമായിരിക്കുമെന്നുള്ള ഐന്‍സ്റ്റീന്‍റെ വാക്കുകളെ സ്ഥിരീകരിക്കുന്നതിനുമപ്പുറം ഇന്നു നമ്മുടെ ബൗദ്ധിക ലോകത്ത് രൂപപ്പെട്ടുവരുന്ന പുതിയ മതശാസ്ത്രസഖ്യങ്ങള്‍ ഒരു ആഗോള സാംസ്ക്കാരികാനുഭവ നിര്‍മ്മിതിയെത്തന്നെ ആകമാനം ആവാഹിക്കുവാനും ശാശ്വതീകരിക്കുവാനും തികച്ചും ഉപയുക്തമാണ്. ശാസ്ത്രം കണ്ടുമുട്ടുന്ന ഭൗതികതയിലെ അതിഭൗതികതയും സ്വാഭാവികതയിലെ അതിസ്വാഭാവികതയും ജീവനിലെ അതിജീവിതത്വവും ചരിത്രത്തിന്‍റെ പരിണാമത്തില്‍ നമ്മുടെ സാംസ്ക്കാരിക ചക്രവാളങ്ങളെ കൂടുതല്‍ പ്രകാശപൂര്‍ണ്ണമാക്കുവാന്‍ കഴിയുന്നവയാണ്. ലോകത്തിലെ മനുഷ്യാവസ്ഥയുടെ അര്‍ത്ഥത്തെക്കു റിച്ചുള്ള അനിശ്ചിതത്വവും ആശയക്കുഴപ്പവുമായിരുന്നു ആധുനിക സംസ്ക്കാരത്തിന്‍റെ ദ്വന്ദാത്മക സ്വഭാവത്തിനു പിന്നിലെങ്കില്‍ മതശാസ്ത്രസമന്വയത്തിന്‍റെ വാതായനങ്ങള്‍ തുറന്നു തരുന്ന അനന്തസാധ്യതകള്‍ക്ക് ആത്മാവിന്‍റെ അനുഭൂതികളുടെ ശാദ്വലതലങ്ങളിലേക്ക് ഉത്തരാധുനിക സംസ്ക്കാരത്തെ കൈപിടിച്ചു നടത്തുവാന്‍ സാധിക്കും.

 

A culture that combines science and religion Rev. Dr. Joseph Pamplany Rev. Dr. Thomas Kochukarottu catholic malayalam culture science and religion Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message