x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ ഇതര മതസംവാദം

ക്രൈസ്തവവിശ്വാസം കലര്‍പ്പുകളില്ലാത്തതല്ല

Authored by : Noble Thomas Parackal On 25-May-2021

ക്രൈസ്തവവിശ്വാസം കലര്‍പ്പുകളില്ലാത്തതല്ല

പരിശുദ്ധ ത്രിത്വം, ഈശോയിലൂടെ സാദ്ധ്യമാകുന്ന രക്ഷ, ദൈവികവെളിപാട് എന്നിങ്ങനെ അടിസ്ഥാനപരമായ വിശ്വാസങ്ങള്‍ക്കപ്പുറത്ത് ഇന്ന് നാം സംഘടിതരൂപത്തില്‍ കാണുന്ന ക്രൈസ്തവവിശ്വാസപാരന്പര്യങ്ങളെല്ലാം തനിമയുള്ളവയാണെന്ന് പറയാനാകുമോ? ഇതരമതങ്ങളില്‍ നിന്നും പാരമ്പര്യങ്ങളില്‍ നിന്നും സംസ്കാരങ്ങളില്‍ നിന്നും ക്രൈസ്തവര്‍ യാതൊന്നും സ്വീകരിച്ചിട്ടില്ല എന്ന് വാദിക്കാന്‍ കഴിയുമോ? അപ്രകാരം വാദിക്കാനാവില്ലെങ്കില്‍ ഈ നാളുകളില്‍ ക്രൈസ്തവവിശ്വാസം സംരക്ഷിക്കാനെന്ന പേരില്‍ ചിലയിടങ്ങളില്‍ നിന്ന് ചിലരെങ്കിലും ഇതരമതങ്ങളോടും ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും ബന്ധപ്പെട്ട സകലതും പൈശാചികമെന്നും വിജാതീയമെന്നുമൊക്കെ പറയുന്നതും ആക്ഷേപിക്കുന്നതും എങ്ങനെ ന്യായീകരിക്കാനാകും? ഇതരമതങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും ഉപയോഗത്തിലിരിക്കുന്ന ചില അടയാളങ്ങള്‍, പ്രതീകങ്ങള്‍, വസ്തുക്കള്‍, രൂപങ്ങള്‍ എന്നിവ ക്രൈസ്തവവിശ്വാസത്തിന്‍റെ അകത്തളങ്ങളിലും (വ്യത്യസ്തമായ അര്‍ത്ഥത്തോടു കൂടി) ഉപയോഗിക്കുന്നതിനെ വിമര്‍ശിക്കാനെങ്ങനെ സാധിക്കും?

ഇതരമതങ്ങളോടും സംസ്കാരത്തോടുമുള്ള ക്രൈസ്തവവിശ്വാസപാരമ്പര്യങ്ങള്‍ക്കുള്ള ബന്ധത്തെ ക്രിസ്തീയവിശ്വാസത്തിന് വിരുദ്ധമായ ചിന്താഗതികളും ന്യായീകരണങ്ങളുമായി കണ്ടാല്‍ അത് ക്രൈസ്തവവിശ്വാസത്തിന് ഒരു കുറച്ചിലാണ്. എണ്ണിത്തിട്ടപ്പെടുത്താനാവാത്ത നന്മകളുള്ളപ്പോഴും കരിസ്മാറ്റിക് പ്രസ്ഥാനം (അല്ലെങ്കില്‍ അതിന്‍റെ പേരില്‍ ചില നിക്ഷിപ്തതാത്പര്യക്കാരും പെട്ടെന്ന് പൊട്ടിമുള്ളക്കുന്ന വചനപ്രഘോഷകരും ചേര്‍ന്ന്) രൂപപ്പെടുത്തിയെടുത്ത ഇത്തരം ചില ചിന്താഗതികളെ അപലപിക്കാതെ തരമില്ല. അന്യമതങ്ങളും ആചാരങ്ങളും സാംസ്കാരികമായ അനുരൂപണശ്രമങ്ങളും വിജാതീയവും പൈശാചികവുമാണെന്ന് വാദിക്കുമ്പോള്‍ഇന്ന് നാം കൈയ്യാളുന്ന ക്രൈസ്തവവിശ്വാസം കലര്‍പ്പുകളൊന്നുമില്ലാതെ സ്വര്‍ഗ്ഗത്തില്‍ നിന്ന് നേരിട്ട് ഇറക്കികിട്ടിയതാണെന്ന് വരും. എത്ര വലിയ അസംബന്ധമാണ് പറഞ്ഞുസ്ഥാപിക്കുന്നത്. വ്യക്തിസഭയുടെ ആരാധനാക്രമത്തെക്കുറിച്ച് അത്ര ആനുപാതികമല്ലാത്ത വിധത്തില്‍ ആകുലതപ്പെടുന്നവരും ഇതേ അപകടത്തിന്‍റെയും അസംബന്ധത്തിന്‍റെയും പാതയില്‍ ചരിച്ചു കാണുന്നുണ്ട്.

ക്രൈസ്തവവിശ്വാസം ഉടലെടുക്കുന്നത് തന്നെ യഹൂദവിശ്വാസത്തിന്‍റെ ഭാഗമായിട്ടാണ്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം യഹൂദപാരമ്പര്യം വിജാതീയമാണോ? ഇപ്പോഴത്തെ പലരുടെയും വാദഗതിയനുസരിച്ച് പറയേണ്ടിവരും. ഇനി…, യഹൂദപാരമ്പര്യങ്ങളെ തന്നെ ആഴത്തില്‍ പഠിക്കുമ്പോള്‍ അവയില്‍ മഹാഭൂരിപക്ഷവും യഹൂദരുടേത് മാത്രമല്ലെന്ന് കാണാന്‍കഴിയും. അവര്‍ ജീവിക്കുകയും ആയിരിക്കുകയും കടന്നുപോവുകയും അവര്‍കീഴടക്കുകയും അവരെ കീഴടക്കുകയും അതിലൂടെ കലരുകയും ഒക്കെ ചെയ്ത എല്ലാ ജനപദങ്ങളുടെയും ഗോത്രവര്‍ഗ്ഗങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെ ശേഷിപ്പുകള്‍ യഹൂദമതപാരമ്പര്യത്തിലും ദൈവസങ്കല്പത്തിലും (ദൈവശാസ്ത്രത്തിലും) പോലും കാണാന്‍ കഴിയും. അത് പിന്നീട് രൂപഭേദങ്ങളും താത്വികപാഠഭേദങ്ങളും സ്വീകരിച്ച് ക്രൈസ്തവവിശ്വാസത്തിലെത്തിച്ചേര്‍ന്നിട്ടുണ്ട്.

വിശുദ്ധഗ്രന്ഥത്തെക്കുറിച്ച് തന്നെ ആഴത്തില്‍ പഠിക്കുമ്പോള്‍ തെളിഞ്ഞുവരുന്ന വിജാതീയമായ ആചാരങ്ങളും പാരമ്പര്യങ്ങളും വിശ്വാസങ്ങളും എത്രയെണ്ണമാണ്. യഹൂദന്‍റെ ഏകദൈവവിശ്വാസത്തെ പരിപോഷിപ്പിക്കാനുതകുന്ന സകലതും അവന്‍ അത്തരം പാരമ്പര്യങ്ങളില്‍ നിന്ന് സ്വീകരിച്ചിരുന്നു എന്നത് ബൈബിള്‍ശാസ്ത്രീയമായി പഠിക്കുമ്പോള്‍ വെളിപ്പെടുന്ന ഒരു യാഥാര്‍ത്ഥ്യമാണ്.

ജറുസലെമില്‍ ആരംഭം കുറിച്ച തിരുസ്സഭയില്‍ എങ്ങനെയാണ് ഇത്രമാത്രം റീത്തുകളുണ്ടായത് എന്ന് ചിന്തിക്കാം. ആദ്യനൂറ്റാണ്ടുകളില്‍ റോമിലും കോണ്‍സ്റ്റാന്‍റിനോപ്പിളിലും അലക്സാണ്ഡ്രിയായിലും അന്ത്യോക്യായിലും ജറുസലെമിലുമായി നിലനിന്നിരുന്ന ആദിമസഭ പിന്നീട് 24 വ്യത്യസ്ത റീത്തുകളായി മാറിയതും ആചാരങ്ങളിലും പാരമ്പര്യത്തിലും അനുഷ്ഠാനങ്ങളിലും വ്യതിരിക്തത പുലര്‍ത്തുന്നതും എങ്ങനെയാണ്? ക്രൈസ്തവവിശ്വാസവും ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം ഏകസ്വഭാവമുള്ളതും കലര്‍പ്പുകളനുവദിക്കാന്‍ പാഠില്ലാത്തവയുമായിരുന്നെങ്കില്‍എങ്ങനെയാണ് ഇത്രയധികം റീത്തുകളുണ്ടാവുക. പാശ്ചാത്യസഭയുടെയും പൗരസ്ത്യസഭകളുടെയും അവയില്‍തന്നെ വ്യത്യസ്ത റീത്തുകളുടെയും വിശ്വാസം ഒന്നാണെങ്കിലും ആ വിശ്വാസം ജീവിക്കുന്ന ശൈലികള്‍ സാംസ്കാരികമായി ചിട്ടപ്പെടുത്തിയവയാണെന്ന് മനസ്സിലാക്കാം. യാതൊരുവിധ കലര്‍പ്പുകളും അവയിലുണ്ടായിട്ടില്ലെന്നും വിജാതീയമായ യാതൊന്നും അവിടെ ക്രൈസ്തവവത്കരിക്കപ്പെട്ടിട്ടില്ലെന്നും ചിന്തിക്കുന്നത് എത്രയോ ബാലിശമാണ്.

ക്രൈസ്തവവിശ്വാസത്തിന്‍റെ താത്വിക അടിത്തറയെക്കുറിച്ച് ചിന്തിക്കാം. പാശ്ചാത്യസഭയുടെ ദൈവശാസ്ത്രത്തെ വളര്‍ത്തിയതും പരിപോഷിപ്പിച്ചതും ഗ്രീക്ക് തത്വശാസ്ത്രമാണ്. ഗ്രീക്ക് തത്വശാസ്ത്രം വിജാതീയമല്ലേ. പാരമ്പര്യത്തെപ്രതി ചിന്തിച്ചാല്‍ ക്രൈസ്തവദൈവശാസ്ത്രത്തെ നിര്‍വ്വചിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടിയിരുന്നത് ജൂതചിന്തയും അവരുടെ ദര്‍ശനങ്ങളുമായിരുന്നു. എന്നിട്ടും പാശ്ചാത്യസഭ ഗ്രീക്ക് തത്വശാസ്ത്രത്തെ നൂറ്റാണ്ടുകളോളം സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തു. വിശുദ്ധ കുര്‍ബാനയിലെ വസ്തുഭേദത്തെക്കുറിച്ച് പഠിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന ആശയസങ്കേതം തികച്ചും വിജാതീയമായ ഗ്രീക്ക് തത്വചിന്തയുടേതാണ് എന്നത് എന്തുകൊണ്ട് മേല്പറഞ്ഞതരം ആദര്‍ശവാദികളെ ചൊടിപ്പിക്കുന്നില്ല. ആദിമസഭയിലെ പിളര്‍പ്പുകള്‍ക്കും വിഭജനങ്ങള്‍ക്കും കാരണമായ ചിന്താപദ്ധതികള്‍എല്ലാംതന്നെ മേല്‍പ്പറഞ്ഞ വിജാതീയ തത്വശാസ്ത്രങ്ങളുടെ സ്വാധീനം മൂലമുണ്ടായവയായിരുന്നു. താത്വികവും ദൈവശാസ്ത്രപരവുമായ പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തിയതും ഇതേ ചിന്താപദ്ധിതകളുടെ സഹായത്തോടെയായിരുന്നു. പൗരസ്ത്യദേശത്തെ ദൈവശാസ്ത്രം യഹൂദചിന്തയോടും പ്രാദേശികമായ മറ്റ് ചിന്താധാരകളോടും കൂറുപുലര്‍ത്തിയാണ് വളര്‍ന്ന് വന്നത്. അവിടെയു ഇപ്പറയുന്ന വിജാതീയ പാരമ്പര്യങ്ങളുടെയോ അന്യദൈവസങ്കല്പങ്ങളുടെയോ പ്രശ്നം ഉദിച്ചിരുന്നില്ല.

റോമാസാമ്രാജ്യം ക്രൈസ്തവവിശ്വാസത്തിന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ റോമിന്‍റെ പ്രതാപകാലമായിരുന്നു അത്. റോമാ മുഴുവനായി ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നുവന്നു. റോമാസാമ്രാജ്യത്തിന്‍റെ ഭൗതികമായ ഭരണസംവിധാനത്തെ കത്തോലിക്കാസഭക്കുള്ളില്‍ ഇന്ന് നാം കണ്ടെത്തുമ്പോള്‍ അതെന്തുകൊണ്ടാണ് നമുക്ക് വിജാതീയമായി തോന്നാത്തത്. ഭരണസംവിധാനവും, സൗകര്യത്തിനായുള്ള വിഭജനങ്ങളും, ഓഫീസുകളും അവയുടെ പേരുകളും സ്ഥാനനാമങ്ങളുമെല്ലാം വിജാതീയമായിരുന്നില്ലേ.

ചുരുക്കത്തില്‍, പറഞ്ഞ് വരുന്നത്, ക്രൈസ്തവവിശ്വാസത്തിന്‍റെ ഭാഗമായി ഇന്ന് നാം കരുതുന്നതെല്ലാം തനിമയുള്ളതും സത്താപരവുമാണെന്ന് വാദിക്കുന്നതിലെ കഴന്പില്ലായ്മയാണ്. അതിനോട് യാതൊരുവിധ കൂട്ടിച്ചേര്‍ക്കലുകളും അനുവദിക്കാനാവില്ലെന്ന കടുംപിടുത്തത്തിന്‍റെ പൊള്ളത്തരത്തെയാണ് പ്രതിരോധിക്കുന്നത്. ചരിത്രത്തോടു കൂറുപുലര്‍ത്തുന്ന യാഥാര്‍ത്ഥ്യബോധത്തോടെ ക്രൈസ്തവവിശ്വാസം പരിശോധിച്ചാല്‍ അതില്‍ നാം ഏതാണ്ട് 30 നൂറ്റാണ്ടുകള്‍ക്കുള്ളില്‍ ലോകം സ്വീകരിച്ച നിരവധിയായ ദൈവസങ്കല്പങ്ങളെ കാണാന്‍ കഴിയും. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെയും ഏഷ്യയിലെയും യൂറോപ്പിലെയുമൊക്കെ നിരവധി സംസ്കാരങ്ങളുടെ സാന്നിദ്ധ്യം തിരിച്ചറിയാന്‍ കഴിയും. അനേകമനേകം ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കലര്‍പ്പുകള്‍ കണ്ടെത്താന്‍ കഴിയും. ഇന്ന് സങ്കീര്‍ത്തനമായി നാം ആലപിക്കുന്ന വിശുദ്ധഗ്രന്ഥത്തിലെ പാട്ടുകളില്‍ പലതും വിജാതീയജനതയുടെ ദൈവസ്തുതികളായിരുന്നുവെന്ന് തിരിച്ചറിയും. ഭാഷകള്‍, സംസ്കാരങ്ങള്‍, ജീവിതശൈലികള്‍, ആരാധനാരീതികള്‍, അനുഷ്ഠാനങ്ങള്‍, തത്വശാസ്ത്രങ്ങള്‍ എന്നുവേണ്ട ക്രൈസ്തവവിശ്വാസത്തില്‍ കണ്ടെത്താന്‍കഴിയുന്നത്ര വൈവിധ്യങ്ങളുടെ ബാഹുല്യം മറ്റൊന്നിലുമുണ്ടാവില്ല എന്നതാണ് സത്യം.

catholic Christianity catholic faith Christianity is not without its impurities Noble Thomas Parackal noble parackal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message