x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

ഇമ്മാനുവേല്‍ എന്തുകൊണ്ട് യേശു എന്ന് അറിയപ്പെടുന്നു

Authored by : Mar Joseph Pamplany On 19-Oct-2020

ഇമ്മാനുവേല്‍ എന്തുകൊണ്ട് യേശു എന്ന് അറിയപ്പെടുന്നു?

യേശുവാണ് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന രക്ഷകനെങ്കില്‍ എന്തുകൊണ്ടാണ് അവന്‍ എമ്മാനുവല്‍ എന്നു വിളിക്കപ്പെടാതിരുന്നത് എന്ന ന്യായമായ സംശയത്തെ ഉജ്ജ്വലിപ്പിച്ചുകൊണ്ടാണ് എംപറര്‍ എമ്മാനുവേല്‍  പ്രസ്ഥാനം വിശ്വാസികളെ വഴിതെറ്റിക്കുന്നത്. ഈ വാദമുഖത്തെ സൂക്ഷ്മമായി പരിശോധിച്ചു നോക്കാം. ഏശയ്യായുടെ പ്രവചനം ഇപ്രകാരമാണ്:

ഏശ 7:14-16, അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക് അടയാളം തരും. യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും. തിന്‍മ ത്യജിക്കാനും നന്‍മസ്വീകരിക്കാനും പ്രായമാകുമ്പോള്‍ ബാലന്‍ തൈരും തേനും ഭക്ഷിക്കും. നന്‍മതിന്‍മകള്‍ തിരിച്ചറിയാന്‍ ആ ബാലനു പ്രായമാകുന്നതിനുമുന്‍പ് നിങ്ങള്‍ ഭയപ്പെടുന്ന രണ്ടു രാജാക്കന്‍മാരുടെയും രാജ്യങ്ങള്‍ നിര്‍ജനമാകും. യൂദാരാജാവായ ആഹാസിനോട് ഏശയ്യാ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്യുന്ന വചനമാണിത്. "ഇമ്മാനുവല്‍" പ്രവചനം എന്ന പേരില്‍ പിന്നീട് വിഖ്യാതമായ ഈ പ്രവചനത്തിന്‍റെ പശ്ചാത്തലം ശ്രദ്ധാര്‍ഹമാണ്: യൂദാരാജാവിനെതിരേ ഇസ്രായേല്‍ രാജാവ് പെക്കായും സിറിയാ രാജാവായിരുന്ന റസീനും സംയുക്തമായി നടത്തിയ പടനീക്കത്തില്‍ ഭയചകിതനായ ആഹാസിനെ ധൈര്യപ്പെടുത്താനാണ് ഏശയ്യാ ഈ വചനം പറയുന്നത്. സഖ്യകക്ഷികളുടെ നീക്കം പാളുമെന്നും അവരുടെ രാജ്യങ്ങള്‍ ഛിന്നഭിന്നമാകുമെന്നും യൂദാരാജ്യം സുരക്ഷിതമായിരിക്കുമെന്നും ഏശയ്യാ ആഹാസിനെ ധൈര്യപ്പെടുത്തി. ഏശയ്യായുടെ വാക്കുകളില്‍ ആശ്ചര്യം തോന്നിയ രാജാവ് പ്രവചനത്തിന്‍റെ ആധികാരികതയ്ക്കായി ചോദിച്ച അടയാളത്തിനുള്ള പ്രത്യുത്തരമെന്ന നിലയിലാണ് ഏശയ്യാ എമ്മാനുവല്‍ പ്രവചനം നടത്തുന്നത്. യൂദായുടെ അജയ്യമായ നിലനില്പിനു തെളിവായി പ്രവാചകന്‍ നല്‍കുന്നത് യൂദാഗോത്രത്തില്‍ ജനിക്കാനിരിക്കുന്ന നിത്യരാജാവായ ക്രിസ്തുവിന്‍റെ പേരാണ് എന്നത് സുവ്യക്തമാണ്. 

പ്രവചനത്തില്‍ നിന്നുതന്നെ വ്യക്തമാകുന്നതു പോലെ എമ്മാനുവല്‍ എന്നത് ഒരു വ്യക്തിനാമമായിട്ടല്ല ദൗത്യം സൂചിപ്പിക്കുന്ന സ്ഥാനികനാമമായിട്ടാണ് നല്‍കപ്പെട്ടിരിക്കുന്നത് എന്നത് വ്യക്തമാണ്. മിസ്റ്റര്‍ പ്രസിഡന്‍റ്, ഹോണറബിള്‍ സ്പീക്കര്‍ എന്നൊക്കെ നാം വ്യക്തികളെ സംബോധന ചെയ്യാറുണ്ടല്ലോ. പ്രസ്തുത വ്യക്തികളുടെ ദൗത്യത്തെയും സ്ഥാനത്തെയുമാണ് ഈ സംബോധനകള്‍ അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ഈ സ്ഥാനികള്‍ക്കെല്ലാം സ്വന്തമായ പേരുകള്‍ ഉണ്ടുതാനും. സമാനമായി ദൈവപുത്രന്‍റെ സ്ഥാനികനാമം എമ്മാനുവല്‍ എന്നും വ്യക്തിനാമം ഈശോ എന്നും ആയിരുന്നു എന്ന് ന്യായമായും അനുമാനിക്കാം. ഈ ഭൂമിയില്‍ "ദൈവം നമ്മോടുകൂടെ" (എമ്മാനുവലായി) വസിച്ചത് ഈശോ എന്ന വ്യക്തിയിലൂടെയാണ് എന്ന സത്യമാണ് വിശുദ്ധ ബൈബിള്‍ പറഞ്ഞു തരുന്നത്.  

ഈശോയുടെ മറ്റുചില സ്ഥാനമാനങ്ങളെ വ്യക്തിനാമങ്ങളായി കരുതുന്ന പാരമ്പര്യവും സഭയിലുണ്ട്. ഉദാഹരണമായി, ഹീബ്രുഭാഷയിലെ "മിശിഹാ" (ഗ്രീക്കില്‍ ക്രിസ്തോസ്) എന്നത് ഈശോയുടെ പേരല്ല; മറിച്ച്, സ്ഥാനിക നാമമാണ്. അവിടുന്ന് ദൈവത്തിന്‍റെ "അഭിഷിക്തനാണ്" എന്നാണ് ഈ പദം അര്‍ത്ഥമാക്കുന്നത്. അതിനാലാണ് ഈശോ മിശിഹാ (യേശുക്രിസ്തു) എന്ന സംയുക്തനാമം പലപ്പോഴും നാം ഉപയോഗിക്കുന്നത്. സമാനമായി "എമ്മാനുവലായ ഈശോ" എന്ന അര്‍ത്ഥത്തിലാണ് എമ്മാനുവല്‍ - ഈശോ എന്നീ നാമങ്ങളെ നാം മനസ്സിലാക്കേണ്ടത്.  
മത്തായി 1:23 ല്‍ എമ്മാനുവേലിക്കുറിച്ചുള്ള ഏശയ്യായുടെ പ്രവചനം യേശുവില്‍ പൂര്‍ത്തിയായി എന്ന് സുവിശേഷകന്‍ സമര്‍ത്ഥിക്കുന്നുണ്ട്. എമ്മാനുവേലായി പിറന്നവന്‍റെ പേര് യേശു എന്നാണെന്ന് സുവിശേഷകന്‍ എടുത്തു പറയുന്നുണ്ട് എന്നത് ഈ വാക്യത്തിന്‍റെ പ്രത്യേകതയാണ്. 1:22-23, കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍ മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്.

യേശു എന്ന സംജ്ഞാനാമത്തിന് സമാനമായി അരമായ ഭാഷയില്‍ "യേഷുവാ" എന്നും ഹീബ്രുഭാഷയില്‍ "യഹോഷുവാ" എന്നുമാണ് ഉപയോഗിച്ചിരുന്നത്. ഈ നാമപദത്തിന് സാമാന്യര്‍ത്ഥത്തില്‍ "ദൈവം രക്ഷിക്കുന്നു" എന്ന അര്‍ത്ഥം പറയാറുണ്ടെങ്കിലും അതിന്‍റെ മൂലാര്‍ത്ഥം "ദൈവം തുല്യമാക്കി" എന്നതാണ്. "ദൈവം നമ്മോടൊത്തു" (എമ്മാനുവല്‍) വസിച്ചത് നമ്മെ ദൈവതുല്യരാക്കാനാണ് (യേശു) എന്ന രക്ഷാകര രഹസ്യമാണ് മത്തായി ശ്ലീഹാ വരികള്‍ക്കിടയില്‍ ഒളിപ്പിച്ചിരിക്കുന്നത്. 

എമ്മാനുവേല്‍ എന്നത് വരാനിരിക്കുന്ന രക്ഷകന്‍റെ പേരായിട്ടല്ല ഏശയ്യാ പ്രവാചകന്‍ വിവക്ഷിച്ചത് എന്നതിന് ഏശയ്യായുടെ പ്രവചനഗ്രന്ഥംതന്നെ സാക്ഷ്യം വഹിക്കുന്നുണ്ട്. ഏശയ്യാ 9:6 ല്‍ വരാനിരിക്കുന്ന രക്ഷകന്‍റെ അഭിധാനങ്ങള്‍ ഏശയ്യാ എണ്ണിപ്പറയുന്നുണ്ട്:9:6 എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവൻ്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിൻ്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും.

ഇവിടെ പരാമര്‍ശിക്കുന്നവയൊക്കെ യേശുവിന്‍റെ ദൗത്യത്തെയും സത്തയെയും വിശേഷിപ്പിക്കുന്ന ശീര്‍ഷകങ്ങള്‍ ആണെന്നു വ്യക്തമാണ്. പ്രസ്തുത അഭിധാനങ്ങളെ ആരും വ്യക്തി സംജ്ഞയായി വ്യാഖ്യാനിക്കാറില്ലല്ലോ. സമാനമായി, എമ്മാനുവല്‍ എന്ന പദത്തെയും മനസ്സിലാക്കുന്നതാണ് ഉത്തമം. ലൂക്കാ 1:32 ല്‍ മംഗള വാര്‍ത്ത അറിയിക്കാനെത്തിയ ഗബ്രിയേല്‍ ദൂതന്‍ ജനിക്കാനിരിക്കുന്ന ശിശുവിനെക്കുറിച്ച്, "അവന്‍ അത്യുന്നതന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടും" എന്ന് പറയുന്നുണ്ട്. എന്നാല്‍, അത് ഈശോയുടെ ദൈവികതയെ വിശേഷിപ്പിക്കുന്ന ശീര്‍ഷകം എന്നല്ലാതെ അവിടുത്തെ വ്യക്തി നാമമായി സുവിശേഷകന്‍ പോലും കരുതുന്നില്ല എന്നതു ശ്രദ്ധേയമാണല്ലോ. ജറെമിയായുടെ പ്രവചനങ്ങളില്‍ വരാനിരിക്കുന്ന രക്ഷകന്‍ "കര്‍ത്താവാണ് ഞങ്ങളുടെ നീതി" എന്ന പേരില്‍ അറിയപ്പെടും എന്നു പ്രസ്താവിക്കുന്നുണ്ട് (ജറെ 23:5-6; 33:15-16). നമ്മുടെ പാപങ്ങള്‍ക്കുള്ള ദൈവത്തിന്‍റെ നീതീകരണമായി മാറാനിരിക്കുന്ന (2 കോറി 5:21) ക്രിസ്തുവിന്‍റെ രക്ഷാദൗത്യത്തെയാണ് പ്രവാചകന്‍ ഇവിടെ വിവക്ഷിക്കുന്നത് എന്നു വ്യക്തമാണല്ലോ. 

ചുരുക്കത്തില്‍, രക്ഷകന്‍ "ഇപ്രകാരം വിളിക്കപ്പെടും" എന്ന ആമുഖത്തോടെ വി. ഗ്രന്ഥത്തില്‍ പറയുന്ന അഭിധാനങ്ങള്‍ യേശുവിന്‍റെ വ്യക്തിസംജ്ഞയെയല്ല, അവിടത്തെ ദൗത്യത്തെയും സ്വഭാവത്തെയുമാണ് സൂചിപ്പിക്കുന്നത് എന്ന് അനുമാനിക്കാം. വചനം മാംസമായി നമ്മോടൊത്തു വസിച്ചപ്പോള്‍ (യോഹ 1:14) ഏശയ്യായുടെ പ്രവചനം പൂര്‍ത്തിയാവുകയായിരുന്നു. ദൈവം നമ്മോടൊത്തു വസിച്ച ഏറ്റവും സമ്പൂര്‍ണ്ണരൂപം യേശുവാണ്. യേശുവില്‍ യഥാര്‍ത്ഥ ഇമ്മാനുവലിനെ കണ്ടെത്താന്‍ കഴിയാത്തവര്‍ സത്യമായും ഇരുട്ടില്‍ തപ്പുന്നവരാണ്. അവരെ അനുഗമിക്കുന്നവര്‍ അന്ധരെ അനുഗമിക്കുന്നവരാണ്.

Mar Joseph Pamplany Why Emmanuel is known as Jesus Emmanuel the name emmanuel Isaiah and the name Emmanuel Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message