x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

ലോകാവസാനം എപ്പോള്‍?

Authored by : Mar Joseph Pamplany On 09-Sep-2020

1.  രണ്ടായിരാമാണ്ടില്‍ ലോകം അവസാനിക്കുമെന്ന പ്രചാരണം ചില വിഭാഗം ആളുകളുടെയിടയില്‍ ശക്തമായിരുന്നു. പക്ഷേ രണ്ടായിരാമാണ്ടിലും അതിനുശേഷവും ലോകം സാധാരണരീതിയില്‍ മുന്നോട്ടുനീങ്ങി. ചരിത്രത്തില്‍ അനേകവട്ടം ലോകാവസാനത്തിന്‍റെ കൃത്യമായനാളും തിയതിയും അറിയിച്ചുകൊണ്ട് പല വ്യക്തികളും രംഗപ്രവേശനം ചെയ്തിട്ടുണ്ട്. അനേകരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്താനും ഭയവിഹ്വലരാക്കാനും ഈ പ്രവചനങ്ങള്‍ക്കു കഴിഞ്ഞെങ്കിലും അവയെല്ലാം പൊള്ളയായിരുന്നുവെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. ലോകാവസാനത്തിന്‍റെ സമയം പിതാവിനല്ലാതെ മറ്റാര്‍ക്കും അറിഞ്ഞുകൂടെന്ന് യേശു പഠിപ്പിച്ചിട്ടുള്ളതിനാല്‍ (മത്താ 24:36; മര്‍ക്കോ 13:32) യുഗാന്ത്യത്തിന്‍റെ കൃത്യസമയം പ്രവചിക്കാന്‍ ഒരു മനുഷ്യവ്യക്തിക്കും സാധിക്കില്ല.

2012 ഡിസംബര്‍ 21 ന് ലോകം അവസാനിക്കുമെന്ന പ്രചാരണം ലോകവ്യാപകമായി ശക്തമാണ്. നാല് ഹോളിവുഡ് സിനിമകളും 280 ല്‍ പരം ഗ്രന്ഥങ്ങളും ഈ വിഷയത്തെ ആധാരമാക്കി കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ പുറത്തു വന്നിട്ടുണ്ട്. ശാസ്ത്രീയ വസ്തുതകളെ ആധാരമാക്കി എന്ന വ്യാജേന ഇവര്‍ പ്രചരിപ്പിക്കുന്ന വാദഗതികളെ പ്രധാനമായും നാലായി തരംതിരിക്കാം.

2.  സുമേറിയന്‍ ജ്യോതി ശാസ്ത്രജ്ഞന്‍ കണ്ടെത്തിയിരുന്ന നിബിറു എന്ന ഗ്രഹം (പിന്നീട് Planet X, Eris എന്നീ പേരുകളിലും ഇത് അറിയപ്പെട്ടുതുടങ്ങി) 2012 ഡിസംബര്‍ മാസത്തില്‍ ഭൂമിയുമായി കൂട്ടിയിടിക്കുമെന്നും തല്‍ഫലമായി ലോകാവസാനം സംഭവിക്കുമെന്നുമാണ് ഒരു കൂട്ടര്‍ വാദിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ വാദത്തിന് ശാസ്ത്രീയമായ യാതൊരു പിന്‍ബലവുമില്ല. സഖറിയ സിച്ചിന്‍ (Twelfth Planet എന്ന കൃതിയുടെ കര്‍ത്താവ്) എന്ന ശാസ്ത്രനോവലെഴുത്തുകാരന്‍ 1957-ല്‍ പ്രസിദ്ധീകരിച്ച ഒരു സുമേറിയന്‍ ഐതീഹ്യകഥയുടെ ഭാഷാന്തരമാണ് ഇപ്രകാരമൊരു നിഗമനത്തിനു തിരിതെളിച്ചത്. 2003 മെയ് മാസത്തില്‍ നിബിറു എന്ന ഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുമെന്നായിരുന്നു ആദ്യ പ്രവചനം.

അതു നടക്കാതെവന്നപ്പോള്‍ പുതുക്കി നിശ്ചയിച്ച തിയതിയാണ് 2012 ഡിസംബര്‍ മാസം. ഈ വാദഗതിയെ ശാസ്ത്രീയമായി പഠിച്ച നാസയിലെ ശാസ്ത്രജ്ഞന്മാര്‍ തികച്ചും സാങ്കല്പികകഥയായി ഇതിനെ തള്ളിക്കളയുന്നു. നിബിറു, പത്താം ഗ്രഹം (Planet X) എന്നിവ തികച്ചും സാങ്കല്പിക ഗ്രഹങ്ങളാണെന്ന് നാസ ചൂണ്ടിക്കാട്ടുന്നു. സാങ്കല്പിക ഗ്രഹങ്ങളുടെ കൂട്ടിയിടിയും സാങ്കല്പികമായിരിക്കുമല്ലോ. എന്നാല്‍ ഈറിസ് (Eric) എന്ന ഗ്രഹം സൗരയൂഥത്തിനു വെളിയിലുള്ള ഒരു ചെറിയ വാതക ഗ്രഹമാണ്. നിയതമായ ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന ഈ ഗ്രഹം ഭൂമിയുടെ അടുത്തു വരാനോ ഭൂമിയുമായി കൂട്ടിയിടിക്കാനോ ഉള്ള വിദൂരസാധ്യത പോലുമില്ലെന്ന് നാസ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

3.  മായാന്‍ കലണ്ടറിലെ കാലക്രമം 2012 ഡിസംബര്‍ 21 ന് അവസാനിക്കുന്നതിനാല്‍ പ്രസ്തുതദിനം ലോകാവസാനമാണെന്ന് വാദിക്കുന്ന മറ്റൊരു വിഭാഗമുണ്ട്. കൊളംബസ് അമേരിക്കയിലെത്തുന്നതിനുമുമ്പുള്ള കാലത്ത് തദ്ദേശവാസികള്‍ ഉപയോഗിച്ചിരുന്ന കലണ്ടറാണ് മായാന്‍ കലണ്ടര്‍ എന്ന് അറിയപ്പെടുന്നത്. 260 ദിവസങ്ങള്‍ അടങ്ങുന്ന വാര്‍ഷികക്രമമാണ് ഈ കലണ്ടറില്‍ ഉപയോഗിച്ചിരിക്കുന്നത്. 260 ദിവസങ്ങള്‍ അടങ്ങിയ കലണ്ടറിനെ ഹ്രസ്വക്രമമെന്നും (ഇത് മനുഷ്യന്‍റെ ഗര്‍ഭകാല ദൈര്‍ഘ്യമായി പരിഗണിക്കപ്പെടുന്നു)

52 സൂര്യവര്‍ഷങ്ങള്‍ (Solar Year) അഥവാ 18980 ദിവസങ്ങള്‍ ചേര്‍ന്ന (ഒരു മനുഷ്യന്‍റെ ആയുഷ്കാലമാണ് ഈ കാലദൈര്‍ഘ്യം ഗണിക്കപ്പെട്ടിരുന്നത്) കാലത്തെ ഏകകമായി സ്വീകരിച്ചിട്ടുള്ള കലണ്ടറിനെ ദീര്‍ഘഗണനാകലണ്ടര്‍ (long count calendar) എന്നും വിശേഷിപ്പിച്ചിരുന്നു. ദീര്‍ഘഗണനാ കലണ്ടര്‍ ആരംഭിക്കുന്നത് ബി.സി. 3114 ആഗസ്ത് 11 നാണ്; കലണ്ടര്‍ അവസാനിക്കുന്നത് 2012 ഡിസംബര്‍ 21 നും. ഈ കലണ്ടര്‍ 2012 ഡിസംബര്‍ 21 ന് അവസാനിക്കുന്നു എന്നതിന്‍റെ അര്‍ത്ഥം അന്ന് ലോകം അവസാനിക്കും എന്നല്ല. എല്ലാകലണ്ടറുകളും അവസാനിക്കുന്നവയാണ്, പുതിയത് ആരംഭിക്കാനായി. 2011 ഡിസംബര്‍ 31 ന് ഇപ്പോള്‍ നാം ഉപയോഗിക്കുന്ന കലണ്ടര്‍ അവസാനിക്കും. അതിന്‍റെ അര്‍ത്ഥം, അന്നു ലോകാവസാനമാണ് എന്ന് നിരൂപിക്കണമെന്നല്ലല്ലോ.

4.  അച്ചുതണ്ടിലുള്ള ഭൂമിയുടെ ഭ്രമണത്തിനുണ്ടാകുന്ന മാറ്റം വഴി ഭൂമിയുടെ ഉത്തര ദക്ഷിണ ധ്രുവങ്ങള്‍ തമ്മില്‍ മാറിപ്പോകുമെന്ന സിദ്ധാന്തമാണ് (polarshift theory) ലോകാവസാനത്തിനാധാരമായി പറയപ്പെടുന്ന മൂന്നാമത്തെ വാദം. 2012 ഡിസംബര്‍ 21 ന് ഭൂമിയുടെ ഭ്രമണദിശ ഘടികാര ദിശയില്‍നിന്ന് ഘടികാര വിരുദ്ധ ദിശയിലേക്ക് (anti-clockwise) മാറുമെന്നാണ് ഇക്കൂട്ടരുടെ നിഗമനം. ധ്രുവമാറ്റം ഭൂമിയിലെ സകല പ്രദേശങ്ങളുടെയും സ്ഥാനചലനത്തിനും സമ്പൂര്‍ണ്ണ ഭൗമനാശത്തിനും കാരണമാകുമെന്നും ഇവര്‍ പ്രവചിക്കുന്നു. 1970 ല്‍ പ്രസിദ്ധീകരിച്ച ചാള്‍സ് ഹാപ്ഗുഡിന്‍റെ "ധ്രുവങ്ങളുടെവഴി" ( Path of Poles) എന്ന ശാസ്ത്രനോവലാണ് ഈ ആശയം ആദ്യമായി അവതരിപ്പിക്കുന്നത്.

ധ്രുവങ്ങളിലെ മഞ്ഞ് ക്രമാതീതമായി വര്‍ദ്ധിക്കുകയും അതിന്‍റെ വര്‍ദ്ധിത ഭാരം മൂലം 30000 വര്‍ഷത്തിലൊരിക്കല്‍ ധ്രുവങ്ങളുടെ മാറ്റം സംഭവിക്കുന്നതായും ഹാപ്ഗുഡ് വാദിച്ചു. മറ്റു വാദഗതികള്‍പോലെ ഈ നിഗമനവും അടിസ്ഥാന രഹിതമാണെന്ന് ആധുനിക ഗവേഷകര്‍ തെളിയിച്ചിട്ടുണ്ട്. ഭൂമിയുടെ വന്‍കരകള്‍ വിവിധകാരണങ്ങളാല്‍ സാവകാശം അടുക്കുകയോ അകലുകയോ ചെയ്യുന്ന പ്രതിഭാസം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കോടാനുകോടി വര്‍ഷങ്ങള്‍കൊണ്ട് സംഭവിക്കുന്ന ഈ ഭൗമപ്രക്രിയ ധ്രുവമാറ്റവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ധ്രുവമാറ്റം (polar shift) എന്ന സിദ്ധാന്തവും തല്‍ഫലമായുണ്ടാകുന്ന ലോകാവസാനവും കേവലം സാങ്കല്പികമാണെന്ന് തെളിയിക്കുന്ന പഠനഫലങ്ങള്‍ 2006 ഒക്ടോബര്‍ ലക്കത്തിലെ ജിയോളജിക്കല്‍ സൊസൈറ്റി ഓഫ് അമേരിക്കാ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

5.  2012 ഡിസംബര്‍ 21 ന് ഒന്നോ അതിലധികമോ ഉല്‍ക്കകള്‍ (comets) ഭൂമിയില്‍ പതിക്കുമെന്നും പ്രസ്തുത പതനത്തിന്‍റെ ആഘാതത്തില്‍ ഭൂമി തകരുമെന്നുമാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്. (നോത്രദാമൂസിന്‍റെ പ്രവചനങ്ങളില്‍ ഇതിന്‍റെ സൂചനയുള്ളതിനാല്‍ ഈ ഉല്‍ക്കകളെ നോത്രദാമൂസ് എന്ന് നാമകരണം നടത്തിയ എഴുത്തുകാരുമുണ്ട്). ഉല്‍ക്കകള്‍ സൗരയൂഥത്തിലെ പ്രാപഞ്ചിക പ്രതിഭാസമാണെന്ന് ശാസ്ത്രജ്ഞന്മാര്‍ സമ്മതിക്കുന്നു. ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുന്ന ഉല്‍ക്കകള്‍ കത്തിയമര്‍ന്ന് ഇല്ലാതാകുകയാണ് പതിവ്. എന്നാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ചില ഉല്‍ക്കകള്‍ ഭൂമിയില്‍ പതിക്കുകയും ഭൗമോപരിതലത്തില്‍ ഗര്‍ത്തങ്ങള്‍ രൂപീകരിക്കാന്‍ ഇടവരുത്തുകയും ചെയ്തിട്ടുണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഭൂമിയെ സമൂലം തകര്‍ക്കുന്ന ഉല്‍ക്ക എന്നത് തികച്ചും സാങ്കല്പികമായ ഒരു ആശയമാണ്. തന്നെയുമല്ല 2012 - ലോ സമീപ ദശകങ്ങളിലോ ഭൂമിയില്‍ പതിക്കാനിടയുള്ള യാതൊരുവിധ ബഹിരാകാശവസ്തുക്കളും ഭൗമാന്തരീക്ഷത്തെ സമീപിക്കുന്നില്ല എന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. 2012 ല്‍ ഭൂമിയുടെ ഏറ്റവും സമീപത്തുകൂടി കടന്നുപോകുന്ന ഉല്‍ക്കയുടെ (Toutatis) പാത ഭൂമിയില്‍നിന്ന് 4140000 കി.മീ. അകലെക്കൂടിയും 2027-ല്‍ മറ്റൊരു ഉല്‍ക്ക (Apophis) മുപ്പതിനായിരത്തില്‍പരം കിലോമീറ്ററുകള്‍ അകലെക്കൂടിയും ഭൂമിയെ കടന്നു പോകുമെന്ന് നാസ കണ്ടെത്തിയിട്ടുണ്ട്. തന്മൂലം 2012 ല്‍ ഉല്‍ക്കാഘാതം മൂലമുള്ള ലോകാവസാനം സംഭവിക്കുമെന്ന വാദഗതിയും അടിസ്ഥാനരഹിതമാണെന്ന് നിസ്സംശയം പറയാനാകും.

ലോകാവസാനം വി.ഗ്രന്ഥ, ദൈവശാസ്ത്രവീക്ഷണത്തില്‍

6.  പഴയനിയമത്തിലെ ദാനിയേലിന്‍റെ പുസ്തകം 7 മുതല്‍ 12 വരെയുള്ള അദ്ധ്യായങ്ങളും ഇതിനെ ആധാരമാക്കി രചിച്ച വെളിപാടു സാഹിത്യ കൃതികളുമാണ് ലോകാവസാനത്തെക്കുറിച്ചുള്ള പ്രാഥമിക സൂചനകള്‍ നല്‍കുന്നത്. വെളിപാടു സാഹിത്യശൈലിയുടെ പ്രത്യേകതയായ പ്രതീകങ്ങളും രൂപകങ്ങളും സമൃദ്ധമായി ഉപയോഗിച്ചുകൊണ്ടാണ് ഇവ രചിക്കപ്പെട്ടിട്ടുള്ളത്. ലോകാവസാനത്തിന്‍റെ അടയാളമായി സൂര്യചന്ദ്രന്മാരുടെ ഇളക്കവും നക്ഷത്രങ്ങളുടെ പതനവും ഭൂമികുലുക്കവുമൊക്കെ അവതരിപ്പിക്കുക എന്നത് വെളിപാടു സാഹിത്യശൈലിയുടെ ഭാഗമായിരുന്നു വെളിപാടു സാഹിത്യശൈലിയുടെ പ്രതീകങ്ങളും രൂപകങ്ങളുമുപയോഗിച്ചാണ് സുവിശേഷങ്ങളില്‍ ഈശോ ലോകാവസാനത്തെക്കുറിച്ചു പഠിപ്പിക്കുന്നത് (മത്താ 24; മര്‍ക്കോ 13; ലൂക്ക 21). ലോകസൃഷ്ടിയെക്കുറിച്ചുള്ള ഉല്‍പത്തി പുസ്തകത്തിലെ വിവരണം അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനത്തിനുള്ളതല്ലാത്തതുപോലെ ലോകാവസാനത്തെക്കുറിച്ചുള്ള വിവരണങ്ങളും അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാനുള്ളതല്ല.

7.  ലോകാവസാനത്തില്‍ ഭൂമിമുഴുവന്‍ കത്തിചാമ്പലാകുമെന്ന് 2 പത്രോസ് 3:7-13 ന്‍റെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാല്‍ ഇത് പ്രതീകാത്മക വിവരണമാണ്. ഈ വചനഭാഗത്തെ അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കരുതെന്ന് 1452 ല്‍ രണ്ടാം പിയൂസ് പാപ്പ പഠിപ്പിച്ചു. ലോകാവസാനത്തില്‍ സംഭവിക്കുന്ന ഭീകരസംഭവങ്ങള്‍ക്കല്ല ക്രിസ്തുവിന്‍റെ രണ്ടാമത്തെ ആഗമനത്തിനാണ് പ്രാധാന്യം കല്‍പിക്കേണ്ടത് എന്നതാണ് സഭയുടെ പഠനം. ക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവോടെ ഈ ലോകം അതിന്‍റെ ലക്ഷ്യത്തിലെത്തിച്ചേരുന്നു എന്നതാണ് പ്രസക്തമായ വിഷയം. അവന്‍ എപ്പോള്‍ വന്നാലും നാം ഒരുക്കമുള്ളവരായി അവനെ സ്വീകരിക്കുക എന്നതാണ് അടിസ്ഥാനപരമായ ആവശ്യം. അതിനാല്‍ നാം സദാ ജാഗരൂകരായിരിക്കണം"(മര്‍ക്കോ 13:37). മിശിഹായുടെ രണ്ടാമത്തെ ആഗമനത്തെ സൂചിപ്പിക്കുന്ന പദം പരുസിയ" (Parousia) എന്നതാണ്. വെളിപ്പെടുത്തല്‍" എന്നാണ് ഈ പദത്തിന്‍റെ അര്‍ത്ഥം.

ക്രിസ്തുവിന്‍റെ മഹത്വം സമ്പൂര്‍ണ്ണമായും ഈ ലോകത്തിനു വെളിപ്പെടുത്തുന്ന അവസരമാണിത്. മറ്റൊരു ഭാഷയില്‍ ഈ ലോകത്ത് തന്‍റെ ദൈവരാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കായി നിരന്തരം പ്രവര്‍ത്തിക്കുന്ന ക്രിസ്തുവിന്‍റെ മഹത്വവും ദൈവരാജ്യത്തിന്‍റെ പൂര്‍ത്തീകരണവും സംഭവിക്കുന്ന സന്ദര്‍ഭമാണ് ദ്വിതീയാഗമനം. രക്ഷാകരമായ ഈ പൂര്‍ത്തീകരണത്തിനായി സൃഷ്ടപ്രപഞ്ചം ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണ് (റോമാ 8:19-22). ഈ സൃഷ്ടപ്രപഞ്ചം ദൈവമഹത്വത്തിന്‍റെ "പുതിയ ആകാശവും പുതിയ ഭൂമിയുമായി രൂപാന്തരപ്പെടുന്നു. അങ്ങനെ സൃഷ്ടപ്രപഞ്ചം സ്രഷ്ടാവു നിശ്ചയിച്ച ലക്ഷ്യത്തിലെത്തിച്ചേരുന്ന അവസ്ഥയാണ് ലോകാവസാനം അഥവാ യുഗാന്തം എന്ന് അര്‍ത്ഥമാക്കുന്നത്. ഇതേക്കുറിച്ച് വത്തിക്കാന്‍ കൗണ്‍സില്‍ നടത്തുന്ന പഠനം ശ്രദ്ധാര്‍ഹമാണ്: "ലോകത്തിന്‍റെയും മനുഷ്യരാശിയുടെയും അന്തിമഘട്ടം നമുക്കജ്ഞാതമാണ്.

പ്രപഞ്ച രൂപാന്തരത്തിന്‍റെ ഭാവിസവിശേഷതകളും നമുക്കറിഞ്ഞുകൂടാ. പാപകലുഷിതമായ ലോകത്തിന്‍റെ ബീഭത്സരൂപം കടന്നുപോകും. എന്നാല്‍ നീതി വസിക്കുന്ന പുതിയ വാസസ്ഥലവും പുതിയ ഭൂമിയും നമുക്കായി ദൈവം ഒരുക്കിയിട്ടുണ്ടെന്ന് നമുക്കറിയാം. ആ സൗഭാഗ്യം മനുഷ്യഹൃദയത്തിലുരുവാകുന്ന സമാധാനത്തിനുവേണ്ടിയുള്ള എല്ലാ അഭിലാഷങ്ങളെയും പൂര്‍ത്തിയാക്കുകയും അവയെ അതിശയിക്കുകയും ചെയ്യുന്നു. അന്നു ദൈവപുത്രര്‍ മൃത്യുവിനെ ജയിച്ച് ക്രിസ്തുവിലുത്ഥാനം ചെയ്യും. ബലഹീനതയിലും ക്ഷയത്തിലും വിതയ്ക്കപ്പെട്ടവ അക്ഷയത്വത്താല്‍ അലങ്കരിക്കപ്പെടും. അവിടെ സ്നേഹവും അതിന്‍റെ പ്രവര്‍ത്തനങ്ങളും നിലനില്‍ക്കുകയും ദൈവം മനുഷ്യനുവേണ്ടി സൃഷ്ടിച്ചവയെല്ലാം വ്യര്‍ത്ഥതയുടെ ദാസ്യത്തില്‍ നിന്നു സ്വതന്ത്രമാവുകയും ചെയ്യും (സഭ ആധുനികലോകത്തില്‍, 39).
ചുരുക്കത്തില്‍ തിന്മയായതെല്ലാം അവസാനിപ്പിച്ച് നന്മയുടെ പൂര്‍ണ്ണതയായി പ്രപഞ്ചത്തെ ദൈവം രൂപപ്പെടുത്തുന്ന അവസരത്തെയാണ് ലോകാവസാനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

end of the world Mar Joseph Pamplany 2012 December 12 Eschatology Parousia church teaching on Eschatology Bible on eschatology Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message