x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

പാപത്തിൻ്റെ കാലികശിക്ഷ (കാലികമായ അനന്തരഫലം) ശാപമല്ല അനുഗ്രഹമാണ് (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1473) പാപം – പാപത്തിൻ്റെ ശിക്ഷ – അനന്തരഫലങ്ങള്‍

Authored by : Noble Thomas Parackal On 25-May-2021

പാപത്തിൻ്റെ കാലികശിക്ഷ (കാലികമായ അനന്തരഫലം) ശാപമല്ല അനുഗ്രഹമാണ് (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1473) പാപം – പാപത്തിൻ്റെ ശിക്ഷ – അനന്തരഫലങ്ങള്‍

1. എന്താണ് പാപം? (sin)

പാപം എന്താണെന്ന് അറിയണമെങ്കില്‍ മനുഷ്യന് ദൈവത്തോടുള്ള ഗാഢബന്ധം മനസ്സിലാക്കണം. ഈ ബന്ധത്തിലാണ് പാപമെന്ന തിന്മയുടെ മറ വിഭജനം സൃഷ്ടിക്കുന്നത്. ദൈവനിഷേധവും അവിടുത്തോടുള്ള എതിര്‍പ്പും മനുഷ്യജീവിതത്തിലും ചരിത്രത്തിലും വഹിക്കാനാവാത്ത ഭാരമായി അവശേഷിക്കുന്ന അവസ്ഥാവിശേഷമാണ് പാപം. ലളിതമാക്കിയാല്‍, ദൈവം നല്കിയ സ്വാതന്ത്ര്യം ദുരുപയോഗിച്ചുകൊണ്ട് മനുഷ്യന്‍ ദൈവത്തില്‍ നിന്ന് അകലുന്നതാണ് പാപം. (Cf. CCC 386)

2. പാപത്തിന് ശിക്ഷയുണ്ടോ? (punishment)

പാപത്തിന്റെ ശിക്ഷയെക്കുറിച്ച് പറയുന്നിടത്ത് മതബോധനഗ്രന്ഥം പാപത്തിന്റെ രണ്ട് പരിണിതഫലങ്ങളെയാണ് (double consequence) സൂചിപ്പിക്കുന്നത്. അതായത് ശിക്ഷയെന്ന് (punishment) മനുഷ്യന്‍ മനസ്സിലാക്കുന്നത് പാപത്തിന്റെ പരിണിതഫലങ്ങളാണ് (consequences). എന്താണ് പാപത്തിന്റെ പരിണിതഫലം? മാരകപാപം (mortal sin) ദൈവവുമായുള്ള നമ്മുടെ ബന്ധം പരിപൂര്‍ണമായും ഇല്ലാതാക്കി നമ്മെ നിത്യജീവന് അര്‍ഹതയില്ലാത്തവരാക്കി തീര്‍ക്കുന്നു. ഒപ്പം എല്ലാ പാപങ്ങളും – ലഘുപാപങ്ങളടക്കം (venial sin) – സൃഷ്ടിയുമായുള്ള ബന്ധങ്ങളിലും അനാരോഗ്യകരമായ വിള്ളല്‍ വീഴ്ത്തുന്നുണ്ട്. അതാണ് പാപത്തിന്റെ കാലികശിക്ഷ. ഇവിടെ മനുഷ്യന്‍ പാപം ചെയ്യുന്നതു മൂലം ദൈവം അവനെ തന്നോടുള്ള ബന്ധത്തില്‍ നിന്ന് വിടര്‍ത്തുന്നു എന്ന് അര്‍ത്ഥമില്ല. മറിച്ച്, സ്വന്തം സ്വാതന്ത്ര്യദുര്‍വിനിയോഗത്താല്‍ മാരകപാപം ചെയ്ത വ്യക്തി ആ പാപത്തിന്റെ ഫലമായി ദൈവവുമായുള്ള ബന്ധം തുടരാന്‍കഴിവില്ലാത്തവനായിത്തീരുന്നു എന്നതാണ് സത്യം. ഇത് പാപത്തിന്റെ ഒരു അനന്തരഫലമാണ്. ഈ അനന്തരഫലത്തെ ശിക്ഷയായിട്ടാണ് മനസ്സിലാക്കുന്നതെങ്കില്‍പ്പോലും അത് ആരെങ്കിലും അവന് നല്കുന്നതോ അടിച്ചേല്പിക്കുന്നതോ അല്ല. ഭിത്തിയിലേക്ക് ശക്തിയോടെ പന്ത് ആഞ്ഞടിച്ചാല്‍അത് ഭിത്തിയിലിടിച്ച് തിരിച്ച് വന്ന് അടിച്ചയാളുടെ മുഖത്തടിക്കുന്നു. ഭിത്തി ആ വ്യക്തിക്കിട്ട് പന്തുവെച്ചടിച്ചതാണെന്ന് പറയാന്‍ സാധിക്കില്ല. മറിച്ച് അയാളുടെ പ്രവൃത്തിയുടെ തന്നെ അനന്തരഫലമാണ് അത്. ആയതിനാല്‍ മാരകപാപത്തിന്റെ പരിണിതഫലം നിത്യശിക്ഷയായും (eternal punishment) ലഘുപാപത്തിന്റെ പരിണിതഫലം കാലികശിക്ഷയായും (temporal punishment) നാം മനസ്സിലാക്കുന്നു എന്നു മാത്രം. യഥാര്‍ത്ഥത്തില്‍ അത് ശിക്ഷയല്ല, മറിച്ച് പാപം മൂലം നാം എത്തിച്ചേരുന്ന ഒരു അവസ്ഥയാണ്. അതിനാല്‍ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു, “ഈ രണ്ടു ശിക്ഷകളും പാപത്തിനു പുറമേ നിന്ന് വരുന്ന ദൈവത്തിന്റെ ഒരു തരം പ്രതികാരമായി സങ്കല്പിക്കരുത്. പിന്നെയോ പാപത്തിന്റെ സ്വഭാവത്തില്‍ നിന്ന് തന്നെ ഉണ്ടാകുന്നതായി മനസ്സിലാക്കണം” (CCC 1472).

3. ഈ അനന്തരഫലങ്ങളില്‍ നിന്ന് മോചനമില്ലേ?

തീര്‍ച്ചയായും ഉണ്ട്. ആഴമായ മാനസാന്തരം ഒരു ശിക്ഷയും അവശേഷിപ്പിക്കാത്ത വിധത്തില്‍ പാപിയുടെ സംപൂര്‍ണ്ണമായ വിശുദ്ധീകരണം സാധ്യമാക്കുന്നു (CCC 1472). ഈ സംപൂര്‍ണവിശുദ്ധീകരണത്തിലൂടെ ദൈവവുമായുള്ള ബന്ധമാണ് പൂര്‍ണ്ണമായും പുനസ്ഥാപിക്കപ്പെടുന്നത്. പൂര്‍ണ്ണമായും വിശുദ്ധീകരിക്കപ്പെടുന്ന ഈ അവസ്ഥയിലും സൃഷ്ടിയുമായുള്ള ബന്ധത്തിലുണ്ടായ വിടവുകള്‍ (അഥവാ കാലികശിക്ഷ) അവശേഷിക്കുന്നുണ്ട്.

4. ഇങ്ങനെ അവശേഷിക്കപ്പെടുന്ന കാലികശിക്ഷ ശാപമാണോ?

ആദ്യമേ മനസ്സിലാക്കേണ്ടത് കത്തോലിക്കാവിശ്വാസം ശാപത്തെക്കുറിച്ച് ഒന്നും പഠിപ്പിക്കുന്നില്ല എന്നതാണ് (വിശുദ്ധഗ്രന്ഥത്തില്‍ പഴയനിയമം ശാപം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്ന് പുതിയനിയമ പശ്ചാത്തലത്തിലും തിരുസ്സഭയുടെ പ്രബോധനങ്ങളുടെ വെളിച്ചത്തിലും മനസ്സിലാക്കേണ്ടതുണ്ട്). പാപത്തിന്റെ ശിക്ഷ പോലും അതിന്റെ അനന്തരഫലമായാണ് മനസ്സിലാക്കേണ്ടത് എന്ന് നാം കണ്ടു. ഇത്തരുണത്തില്‍ പശ്ചാത്താപവും ഏറ്റുപറച്ചിലും വഴി ദൈവത്തോട് പൂര്‍ണ്ണമായും ഐക്യപ്പെടുന്ന അവസ്ഥയിലും അവശേഷിക്കുന്ന കാലികശിക്ഷ എന്നത് ശാപമായി കണക്കാക്കാമോ എന്ന ചോദ്യത്തിന് തീരെ പ്രസക്തിയില്ല. കാരണം, മതബോധനഗ്രന്ഥം തന്നെ പഠിപ്പിക്കുന്നു, “പാപത്തിന്റെ കാലികശിക്ഷയെ ഒരനുഗ്രഹമായി സ്വീകരിക്കുവാന്‍ ക്രൈസ്തവന്‍ യത്നിക്കണം (the christian must strive to accept this temporal punishment as a grace)” (CCC 1473). കാരുണ്യം, സ്നേഹം, പലവിധത്തിലുള്ള പ്രായ്ശ്ചിത്തപ്രവൃത്തികള്‍എന്നിവയിലൂടെ പഴയമനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് പുതിയ മനുഷ്യനെ ധരിക്കാന്‍ഏവരും പരിശ്രമിക്കണം.

5. ഒരു വ്യക്തിയുടെ പാപത്തിന്റെ പരിണിതഫലങ്ങള്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമോ?

ഈ ചോദ്യം തികച്ചും അപ്രസക്തമാണ്. ഒരു വ്യക്തിയുടെ പ്രവൃത്തിയുടെ പൂര്‍ണ്ണഉത്തരവാദിത്വം അയാള്‍ക്കു മാത്രമാണ് എന്നത് കത്തോലിക്കാപ്രബോധനമാണ്. അയാളുടെ പ്രവൃത്തിയുടെ പരിണിതഫലം അയാളുടെ പ്രവൃത്തിയോടാണ് ബന്ധപ്പെട്ടിരിക്കുന്നത്. ആ പ്രവൃത്തിയുടെ നേരിട്ടുള്ള ഫലമെന്ന നിലയില്‍ അതിന്റെ പരിണിതഫലം (ശിക്ഷ) അനുഭവിക്കേണ്ടത് ആ വ്യക്തി തന്നെയാണ്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഒരു പ്രവൃത്തി മൂലമുണ്ടാകുന്ന ബന്ധങ്ങളിലുണ്ടാകുന്ന ആഘാതങ്ങളും നാശനഷ്ടങ്ങളും ആ വ്യക്തിയുടെ മരണശേഷവും നിലനിന്നേക്കാം. അത് ചിലപ്പോള്‍ ആ പ്രവൃത്തിമൂലം ആഘാതമുണ്ടായ സമൂഹം മുഴുവനും അനുഭവിക്കേണ്ടി വരും (ഉദാഹരണം ഹിരോഷിമയിലെ ആറ്റംബോംബ്). ഇതൊരിക്കലും മുന്‍തലമുറയിലെ വ്യക്തിയുടെ പാപത്തിന്റെ ശിക്ഷ പുതിയ തലമുറയിലേക്ക് കൈമാറിയതാണ് എന്ന് വ്യാഖ്യാനിക്കുന്നതില്‍ അര്‍ത്ഥമില്ല. കാരണം ഓരോ മനുഷ്യനും പുതിയ സൃഷ്ടിയാണ്. പൂര്‍ണ്ണമായ സ്വാതന്ത്ര്യത്തോടെ സൃഷ്ടിക്കപ്പെട്ടവരും മാമ്മോദീസായിലൂടെ പുനര്‍ജനിക്കുന്നവരും.

6. തലമുറകളുടെ ശാപം, കുടുംബവൃക്ഷവിശുദ്ധീകരണം എന്നിവ കത്തോലിക്കാപ്രബോധനങ്ങളാണോ?

കത്തോലിക്കാസഭയുടെ പ്രബോധനങ്ങളിലെവിടെയും ഇത്തരം ആശയങ്ങള്‍ കണ്ടെത്താന്‍ കഴിയുകയില്ല. കത്തോലിക്കാസഭയുടെ പ്രബോധനശൈലിയില്‍ നിന്നും അകന്നുപോകുന്ന സെക്ടുകളിലാണ് പ്രധാനമായും ഇത്തരം ആശയങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നത്. തലമുറകളുടെ ശാപം എന്നത് മേല്‍പ്പറഞ്ഞ് നന്പറുകളില്‍ വ്യാഖ്യാനിച്ചിരിക്കുന്നതില്‍ നിന്ന് തികച്ചും അര്‍ത്ഥരഹിതമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളു. അതേസമയം, കുടുംബവൃക്ഷവിശുദ്ധീകരണത്തെ ചിലരെങ്കിലും മരിച്ചവര്‍ക്കുവേണ്ടിയുള്ള തിരുസ്സഭയുടെ പ്രാര്‍ത്ഥനകളോട് ബന്ധപ്പെടുത്താറുണ്ട്. കുടുംബത്തിന്റെ മുന്‍തലമുറകള്‍ ചെയ്ത അപരാധങ്ങളുടെ ഫലമായിട്ടാണ് ജീവിതത്തില്‍ തകര്‍ച്ചകളുണ്ടാകുന്നതെന്ന ധാരണയില്‍ കുടുംബവൃക്ഷത്തെ വിശുദ്ധീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെയാണ് തിരുസ്സഭ എതിര്‍ക്കുന്നത്. അതിന്റെ കാരണം, മുകളില്‍ പറഞ്ഞതുപോലെ പൂര്‍വ്വികരുടെ പാപം ശാപമായി വരുന്ന തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നില്ല എന്നതു തന്നെയാണ്. അതേസമയം, മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന, മരണശേഷം അവര്‍ക്കുണ്ടാകാവുന്ന ശുദ്ധീകരണാവസ്ഥയുടെ ദൈര്‍ഘ്യം കുറിക്കുന്നതിന് വേണ്ടിയുള്ളതാണ്. ഇതു പക്ഷേ, അവരുടെ പാപഫലങ്ങള്‍ വരുംതലമുറകളെ ബാധിക്കാതിരിക്കാനുള്ള ബാധയൊഴിക്കല്‍ ശുശ്രൂഷയോ പരിഹാരക്രിയയോ അല്ല (CCC 1030-31).

ലളിതമാക്കി പറഞ്ഞാല്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് അവരുടെ ശുദ്ധീകരണാവസ്ഥക്ക് വേഗത്തില്‍ തീരുമാനമാകുന്നതിനുവേണ്ടിയാണ്, അവരുടെ പാപങ്ങളോ അവയുടെ അനന്തരഫലങ്ങളോ ഇപ്പോഴുള്ള തലമുറയെ സ്വാധീനിക്കാതിരിക്കുന്നതിനല്ല. ഹൈന്ദവവിശ്വാസത്തോട് ചേര്‍ന്നുപോകുന്ന ഇത്തരമനുഷ്ഠാനങ്ങള്‍ കത്തോലിക്കാവിശ്വാസം പ്രോത്സാഹിപ്പിക്കുന്നുമില്ല.

7. പാപത്തിൻ്റെ കാലികമായ അനന്തരഫലം മരണശേഷം എങ്ങനെയാണ് പരിഹരിക്കപ്പെടുന്നത്?

പാപത്തില്‍ മരിക്കുന്നവരുടെ പാപജീവിതം ഇപ്പോഴുള്ള തലമുറയെ വേട്ടയാടുന്നുവെന്ന് “പുണ്യവാന്മാരുടെ ഐക്യത്തിലുള്ള വിശ്വാസം” ഏറ്റുപറയുന്ന കത്തോലിക്കര്‍ക്ക് വച്ചുപുലര്‍ത്താനാവില്ല. കാരണം, പുണ്യവാന്മാരുടെ ഐക്യത്തില്‍ മരിച്ചവരും ജീവിക്കുന്നവരുമായ വിശ്വാസികള്‍തമ്മില്‍ സ്നേഹത്തിന്റെ ശാശ്വതമായ ബന്ധവും എല്ലാ നന്മകളുടെയും സമൃദ്ധമായ വിനിമയവും ഉണ്ട്. . . ഈ കൈമാറ്റത്തില്‍ തിന്മക്കതീതമായ ശക്തിയായി പ്രവൃത്തിക്കുന്നത് നന്മയാണ് (in this wonderful exchange, the holiness of one profits others, well beyond the harm that the sin of one could cause others) (CCC 1475). പുണ്യവാന്മാരുടെ ഐക്യത്തിന്റെ ഈ ആദ്ധ്യാത്മികനന്മകളെ നാം സഭയുടെ നിക്ഷേപം എന്ന് വിളിക്കുന്നു(CCC 1476). ഇതിന്റെ മൂല്യം അതിബൃഹത്തും അളവറ്റതും ദൈവതിരുമുന്പില്‍നിത്യനൂതനവുമാണ് (CCC 1477).

8. ഉത്ഭവപാപത്തിന്റെ പരിണിതഫലം കൈമാറ്റം ചെയ്യപ്പെടുന്നില്ലേ?

ഉത്ഭവപാപം എന്നത് ആദിമാതാപിതാക്കന്മാരുടെ പാപത്തിന്റെ ഒരു പരിണിതഫലമാണെന്ന് പറയാം. ആദിമാതാപിതാക്കന്മാര്‍ക്ക് ഉത്ഭവവരപ്രസാദം ഉണ്ടായിരുന്നു (Original Justice). അതുവഴിയായി അവര്‍ക്ക് 1) നന്മ മാത്രം തിരഞ്ഞെടുക്കാനുള്ള കഴിവ്; 2) പാപരഹിതമായി ജീവിക്കാന്‍ കഴിയുന്ന അവസ്ഥ; 3) മരണമില്ലാത്ത അവസ്ഥ. എന്നാല്‍ പാപം വഴി ഉത്ഭവവരപ്രസാദം അവര്‍ക്ക് നഷ്ടപ്പെട്ടു. അതും ശിക്ഷയായിരുന്നില്ല മറിച്ച്, പാപത്തിലൂടെ മനുഷ്യന്‍എത്തിച്ചേര്‍ന്ന ഒരു അവസ്ഥയായിരുന്നു. ആ അവസ്ഥയില്‍ മനുഷ്യപ്രകൃതിക്ക് സൃഷ്ടിയിലുണ്ടായിരുന്ന മേല്‍പ്പറഞ്ഞ മൂന്ന് ഗുണങ്ങള്‍ നഷ്ടമായി. തുടര്‍ന്ന് സകല മനുഷ്യരും ഈ ഉത്ഭവവരപ്രസാദമില്ലാതെ ജനിക്കുന്ന അവസ്ഥയെയാണ് സഭ ഉത്ഭവപാപം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് പ്രവൃത്തിച്ച പാപമല്ല (actual sin) മറിച്ച്, പകര്‍ന്നുകിട്ടിയതാണ്, ഇതൊരു അവസ്ഥാവിശേഷമാണ്. മാമ്മോദീസായിലൂടെ ഈ ഉത്ഭവവരപ്രസാദം നമുക്ക് ലഭിക്കുന്നുമുണ്ട് (CCC 402-409).

പാപം ഉണ്ടെന്നും, പാപത്തിന് പരിണിതഫലങ്ങളുണ്ടെന്നും അവക്ക് പരിഹാരമാര്‍ഗ്ഗങ്ങളുണ്ടെന്നും പരിഹരിക്കാതെ മരണമടഞ്ഞാല്‍ പുണ്യവാന്മാരുടെ ഐക്യത്തിലൂടെയും ജീവിച്ചിരിക്കുന്നവരുടെ പ്രാര്‍ത്ഥനയിലൂടെയും അവ പൊറുക്കപ്പെടുമെന്നും ഓരോ വ്യക്തിയുടെയും പ്രവൃത്തിയുടെ ഉത്തരവാദിത്വം അവനവന് തന്നെയാണെന്നും പഠിപ്പിക്കുന്ന സഭാപ്രബോധനങ്ങളില്‍ പാപത്തിന്റെ ശിക്ഷയായി ശാപം തലമുറകളെ പിന്തുടരുമെന്ന ആശയം കണ്ടെത്താനാവില്ല. മാത്രവുമല്ല, കത്തോലിക്കാസഭയുടെ പഠനങ്ങളുമായി അടിസ്ഥാനപരമായി യോജിപ്പിക്കാനാവാത്തതുമാണ് ഇത്തരം തെറ്റായ പ്രബോധനങ്ങള്‍. വിശുദ്ധ ഗ്രന്ഥത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതിലൂടെയും അടിസ്ഥാനപരമായ സഭാപ്രബോധനങ്ങള്‍ പഠിക്കാതെ അവ പ്രസംഗിക്കുന്നതിലൂടെയും കേരളകത്തോലിക്കാസഭയെ വിശ്വാസപരമായ വിഘനടാവാദത്തിന്റെ അരികുകളിലെത്തിച്ചിരിക്കുകയാണ് പലരും. ഈ അവസ്ഥക്ക് മാറ്റം വരുത്താന്‍കത്തോലിക്കാസഭയെ സ്നേഹിക്കുന്നവര്‍ സഭാപ്രബോധനങ്ങളുടെ പഠനങ്ങളിലേക്ക് മടങ്ങിയേ മതിയാകൂ.

temporal punishment punishment canon law ccc punishment for sins Noble Thomas Parackal noble parackal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message