x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

മനുഷ്യാവതാരംചെയ്ത ഈശോ മനുഷ്യരക്ഷകനാണ്

Authored by : Mar Joseph Pamplany On 19-Oct-2020

മനുഷ്യാവതാരംചെയ്ത ഈശോ മനുഷ്യരക്ഷകനാണ്

ക്രിസ്തുവിന്‍റെ ആഗമനത്തെക്കുറിച്ചും അവിടുത്തെ രക്ഷാകര പ്രവര്‍ത്തനങ്ങളെക്കുറിച്ചും എംപറര്‍ എമ്മാനുവര്‍ പ്രസ്ഥാനം വികലമായ പ്രബോധനങ്ങളാണ് നല്‍കിയിട്ടുള്ളത്. ഈശോ എന്നപേരില്‍ നസ്രത്തില്‍ ജീവിച്ച അവിടത്തെ രക്ഷാകര ദൗത്യം വിജയകരമായിരുന്നില്ലെന്നും യഥാര്‍ത്ഥ രക്ഷകനായി എംപറര്‍ എമ്മാനുവല്‍ വരുമെന്നുമാണ് കൂടാരപ്രബോധകര്‍ പറയുന്നത്. ഈശോയിലൂടെ കൈവന്ന രക്ഷയെ പ്രഘോഷിക്കുന്ന സുവിശേഷം ഉദ്ധരിച്ചുകൊണ്ട് ഈശോയുടെ രക്ഷാകര ദൗത്യത്തെ നിഷേധിക്കുന്ന വൈരുദ്ധ്യാത്മക പ്രബോധക ശൈലിയാണ് എംപറര്‍ പ്രസ്ഥാനം അനുവര്‍ത്തിക്കുന്നത്. അതിനാല്‍ ക്രിസ്തുവിന്‍റെ മനുഷ്യാവതാരമെന്ന മഹാരഹസ്യത്തെക്കുറിച്ച് തിരുസ്സഭ നല്‍കുന്ന പ്രബോധനങ്ങള്‍ ആഴത്തില്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. 

ക്രൈസ്തവ വിശ്വാസങ്ങളില്‍ ഏറ്റവും അടിസ്ഥാനപരമായ സത്യം ഈശോയുടെ മനുഷ്യാവതാര രഹസ്യമാണ്. "അവിടന്നു പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍നിന്നു ശരീരം ധരിച്ച്  മനുഷ്യനായി പിറന്നു" എന്നാണ് നിഖ്യാ-കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസപ്രമാണത്തില്‍ ഏറ്റുപറയുന്നത്. ഈ വിശ്വാസസത്യത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കാന്‍ വിശ്വാസപ്രമാണം ചൊല്ലുന്ന വേളയില്‍ ഈ വാക്യമെത്തുമ്പോള്‍ മുട്ടുകുത്തുകയോ ശിരസ്സ് ആദരപൂര്‍വ്വം നമിക്കുകയോ ചെയ്യുന്ന പതിവ് സഭയുടെ പാരമ്പര്യത്തിലുണ്ട്. മനുഷ്യാവതാരം എന്ന മഹാരഹസ്യത്തെക്കുറിച്ച് സാര്‍വ്വത്രിക മതബോധനഗ്രന്ഥത്തിന്‍റെ ആധാരത്തിലുള്ള വിചിന്തനമാണ് ഈ പഠനക്കുറിപ്പ് (CCC 430-534).
യേശു എന്ന പേരിന് "ദൈവം രക്ഷിക്കുന്നു" എന്നാണ് അര്‍ത്ഥം. പഴയനിയമജനതയെ ഈജിപ്തിന്‍റെ അടിമത്തത്തില്‍നിന്ന് കാനാന്‍ ദേശത്തെത്തിച്ച ജോഷ്വാ (യഹോഷുവാ) എന്ന പേരിന്‍റെ സംക്ഷിപ്തരൂപമാണ് യേശു (സുറിയാനിയില്‍ ഈശോ). കാനാന്‍ദേശം പ്രതീകവത്കരിച്ച പറുദീസായിലേക്കു മനുഷ്യകുലത്തെ നയിക്കുന്ന യഥാര്‍ത്ഥ രക്ഷകന്‍ എന്ന അര്‍ത്ഥത്തിലാണ് ഈ പേര് യേശുവിനു നല്‍കുന്നത് (ലൂക്കാ 1:31). ക്രിസ്തു (സുറിയാനിയില്‍ മിശിഹാ) എന്ന പേരിന് "അഭിഷിക്തന്‍" എന്നാണ് അര്‍ത്ഥം. പറുദീസായില്‍ ദൈവം വാഗ്ദാനം ചെയ്ത (ഉത്പ 3:15) രക്ഷകനെ നൂറ്റാണ്ടുകളായി ഇസ്രായേല്‍ജനം വരാനിരിക്കുന്ന മിശിഹായായിട്ടാണ് പ്രതീക്ഷിച്ചിരുന്നത്. യേശുവിനെ മിശിഹാ എന്നു വിളിക്കുന്നതിലൂടെ (ലൂക്കാ 4:16-21) അവിടന്ന് ദൈവജനം കാത്തിരുന്ന രക്ഷകനും മനുഷ്യകുലത്തിന്‍റെ വിമോചനത്തിനായി ദൈവത്താല്‍ അഭിഷേകം ചെയ്യപ്പെട്ടവനുമാണ് എന്ന വിശ്വാസമാണ് നാം ഏറ്റുപറയുന്നത്.

ഈശോ ദൈവത്തിന്‍റെ ഏകപുത്രനും കര്‍ത്താവുമാണെന്ന സത്യം മനുഷ്യാവതാര രഹസ്യത്തിന്‍റെ മര്‍മ്മമാണ്. ശ്ലൈഹികവിശ്വാസത്തിന്‍റെ അടിത്തറയാണിത്. ഈശോയെ ദൈവപുത്രനായി ഏറ്റുപറഞ്ഞ പത്രോസും (മത്താ 16:16-18) ഈശോയെ കര്‍ത്താവും ദൈവവുമായി ഏറ്റുപറഞ്ഞ തോമാശ്ലീഹായും അപ്പസ്തോലിക വിശ്വാസത്തിന്‍റെ അന്തസ്സത്തയാണ് വെളിപ്പെടുത്തുന്നത്.
"ദൈവപുത്രന്‍" എന്ന അഭിധാനം യേശുക്രിസ്തുവിനു തന്‍റെ പിതാവായ ദൈവത്തോടുള്ള അനന്യവും സനാതനവുമായ ബന്ധത്തെയാണു സൂചിപ്പിക്കുന്നത്: "അവിടുന്നു പിതാവിന്‍റെ ഏക പുത്രനാകുന്നു" (യോഹ 1:14; 18; 3:16-18); അവിടുന്നു ദൈവം തന്നെയാകുന്നു (യോഹ 1:1). ക്രിസ്ത്യാനിയായിരിക്കാന്‍ ഒരുവന്‍, യേശു ദൈവപുത്രനാണെന്നു വിശ്വസിക്കേണ്ടതുണ്ട് (അപ്പ 8:37-1; 1 ഉല്‍പ 2:23)."കര്‍ത്താവ്" എന്ന അഭിധാനം ദൈവികമായ പരമാധികാരത്തെ സൂചിപ്പിക്കുന്നു. യേശുവിനെ കര്‍ത്താവായി ഏറ്റുപറയുകയോ വിളിച്ചപേക്ഷിക്കുകയോ ചെയ്യുന്നത് അവിടത്തെ ദൈവത്വത്തില്‍ വിശ്വസിക്കുന്നതിന്‍റെ അടയാളമാണ്. "യേശു, കര്‍ത്താവാണെന്നു പറയാന്‍ പരിശുദ്ധാത്മാവു മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ല" (1 കോറി 12:3).

"ഈശോ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി" എന്നതാണ് വിശ്വാസപ്രമാണത്തിലെ അടുത്ത പ്രമേയം. സൃഷ്ടിവിവരണത്തില്‍ രൂപരഹിതവും ശൂന്യവുമായ ആഴങ്ങള്‍ക്കുമീതേ ചലിച്ച് (ഉത്പ. 1:2) സൃഷ്ടി നടത്തിയത് ദൈവത്തിന്‍റെ ആത്മാവായിരുന്നു. പാപത്തിലാണ്ടുപോയ പ്രസ്തുത സൃഷ്ടപ്രപഞ്ചത്തെ വീണ്ടെടുക്കാനുള്ള പുതിയ സൃഷ്ടിയുടെ തുടക്കം പരിശുദ്ധാത്മാവ് ആരംഭിക്കുന്നത് മറിയത്തിന്‍റെ ഉദരത്തിലാണ്. നിത്യതയില്‍ പിതാവില്‍നിന്നു ജനിച്ച പുത്രന് പിറക്കാന്‍ മറിയത്തിന്‍റെ ഉദരത്തെ പവിത്രീകരിക്കുന്ന ധര്‍മ്മമാണ് പരിശുദ്ധാത്മാവ് നിര്‍വ്വഹിക്കുന്നത്. നിത്യനായ പുത്രന്‍ സൃഷ്ടിക്കപ്പെടേണ്ടവനായിരുന്നില്ല. അതിനാല്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തെ "മറിയത്തില്‍ നിന്നെടുക്കപ്പെട്ട മനുഷ്യപ്രകൃതിയില്‍ പിതാവിന്‍റെ നിത്യസുതനെ ഗര്‍ഭം ധരിക്കുവാന്‍ മറിയത്തെ സജ്ജമാക്കുന്ന" ദൗത്യമായിട്ടാണ് മനസ്സിലാക്കേണ്ടത്. അമ്മയുടെ ഉദരത്തില്‍ സാധാരണ മനുഷ്യശിശുക്കള്‍ "സൃഷ്ടിക്കപ്പെടുന്നതുപോലെയുള്ള" ഒരു പ്രവര്‍ത്തനമായിരുന്നില്ല മറിയത്തില്‍ പരിശുദ്ധാത്മാവ് നടത്തിയത് എന്ന് ഇതിനാല്‍ വ്യക്തമാണ്.

വചനം മാംസമായി (യോഹ 1:14) എന്ന പ്രഖ്യാപനത്തിലൂടെയാണ് യോഹന്നാന്‍ മനുഷ്യാവതാര രഹസ്യം അവതരിപ്പിക്കുന്നത്. മനുഷ്യാവതാര കീര്‍ത്തനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന രണ്ടു ഗീതങ്ങള്‍ പുതിയ നിയമത്തിലുണ്ട് (ഫിലി 2:5-8; ഹെബ്രാ 10:5-7). ഈശോ ശരീരം സ്വീകരിച്ച് മനുഷ്യനായിപ്പിറന്നു എന്നു പറയുന്ന ഏത് ആത്മാവും ദൈവത്തില്‍ നിന്നാണ് എന്ന പ്രഖ്യാപനത്തിലൂടെ (1 യോഹ 4:2) മനുഷ്യാവതാരത്തെ ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിസ്ഥാന മാനദണ്ഡമായി അപ്പസ്തോലന്‍ പ്രഖ്യാപിക്കുകയാണ്. ഈശോയുടെ മനുഷ്യാവതാരത്തിന്‍റെ നാലു ലക്ഷ്യങ്ങള്‍ താഴെപ്പറയുന്നവയാണ്: - ദൈവത്തിന്‍റെ സ്നേഹം വെളിപ്പെടുത്തുക (യോഹ 3:16; 1 യോഹ 4:9). - പാപത്തില്‍നിന്നു രക്ഷിച്ച് നമ്മെ ദൈവവുമായി അനുരഞ്ജിപ്പിക്കുക (1 യോഹ 4:10). - മനുഷ്യകുലത്തിന് നന്മയുടെയും വിശുദ്ധിയുടെയും മാതൃക കാണിച്ചുതരുക (മത്താ 11:29; യോഹ14:6). - ദൈവപ്രകൃതിയില്‍ പങ്കാളിത്തം തന്ന് നമ്മെ ദൈവമക്കളാക്കുക (2 പത്രോ 1:4).

ക്രിസ്തുവിജ്ഞാനീയ സത്യങ്ങള്‍മനുഷ്യാവതാര രഹസ്യവുമായി ബന്ധപ്പെട്ടു രൂപംകൊണ്ട അബദ്ധധാരണകളെയും പാഷണ്ഡതകളെയും തിരുത്തി ക്രിസ്തുവിജ്ഞാനീയത്തിന്‍റെ അടിസ്ഥാനപ്രമാണങ്ങള്‍ ആധികാരികമായി പഠിപ്പിച്ചത് എ.ഡി. 451 ല്‍ കാല്‍സിഡോണില്‍ ചേര്‍ന്ന സാര്‍വ്വത്രിക സൂനഹദോസാണ്. നിഖ്യാ-കോണ്‍സ്റ്റാന്‍റിനോപ്പിള്‍, കാല്‍സിഡോണ്‍, സൂനഹദോസുകള്‍ അബദ്ധ പ്രബോധനങ്ങളെ തിരുത്തിക്കൊണ്ട് നല്‍കിയ പ്രധാന പഠനങ്ങള്‍ ഇവയാണ്:

1.  യേശു സത്യദൈവത്തിന്‍റെ ഏക പുത്രനാണ്: മനുഷ്യാവതാരം ചെയ്ത ഈശോ ത്രിത്വത്തിലെ രണ്ടാമത്തെ ആളല്ല, ദൈവത്തിന്‍റെ ദത്തുപുത്രന്‍ മാത്രമാണെന്നു പഠിപ്പിച്ച തെയോഡോട്ടസിന്‍റെ പഠനങ്ങളെ (adoptionism) വിക്ടര്‍ ഒന്നാമന്‍ മാര്‍പാപ്പായും സൂനഹദോസുകളും തള്ളിക്കളഞ്ഞു. ദൈവത്തിന്‍റെ ഏകപുത്രനും പൂര്‍ണ്ണ ദൈവവുമായ പുത്രന്‍തമ്പുരാനാണ് മനുഷ്യനായി അവതരിച്ചത് എന്ന് കൗണ്‍സില്‍ പഠിപ്പിച്ചു.

2.  പുത്രന്‍ പിതാവുമായി സത്തയില്‍ ഏകനാണ്: മനുഷ്യാവതാരം ചെയ്ത ഈശോ ദൈവത്തിനു തുല്യനല്ല; അവിടന്ന് ദൈവത്തിന്‍റെ ആദ്യ സൃഷ്ടി മാത്രമാണെന്ന് (logos) എ.ഡി. 318 ല്‍ പഠിപ്പിച്ച ആരിയൂസ് എന്ന അലക്സാണ്ട്രിയന്‍ വൈദികന്‍റെ പാഷണ്ഡതാപ്രബോധനത്തെ (arianism) നിഖ്യാ സൂനഹദോസ് തള്ളിക്കളഞ്ഞു. പുത്രന്‍തമ്പുരാന്‍ ജനിച്ചവനെങ്കിലും സൃഷ്ടിക്കപ്പെടാത്തവനും പിതാവുമായി സത്തയില്‍ ഏകനുമാണെന്ന് സൂനഹദോസ് പഠിപ്പിച്ചത് ആര്യന്‍ പാഷണ്ഡതയെ ഖണ്ഡിച്ചുകൊണ്ടാണ്.

3.  ഈശോ പൂര്‍ണ്ണദൈവവും പൂര്‍ണ്ണ മനുഷ്യനുമാണ്: ക്രിസ്തുവിന്‍റെ മനുഷ്യത്വം പൂര്‍ണ്ണമല്ലെന്നും അവിടത്തെ ആത്മാവായ "ലോഗോസ്" ആണ് യഥാര്‍ത്ഥത്തില്‍ അവിടത്തെ വ്യക്തിത്വത്തെ നിയന്ത്രിക്കുന്നത് എന്നും പഠിപ്പിച്ച ലാവോദീസിയായിലെ അപ്പോളിനാരീയൂസിന്‍റെ പഠനങ്ങളെ (Apollianarianism), 381 ല്‍ ചേര്‍ന്ന കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂനഹദോസ് തള്ളിക്കളഞ്ഞു. യേശുവിന്‍റെ മനുഷ്യത്വം പൂര്‍ണ്ണമല്ലാത്തതുകൊണ്ട് അവിടത്തെ ജനനത്തിന്‍റെയും കുരിശുമരണത്തിന്‍റെയും ആധികാരികതയെ നിഷേധിച്ച ഡൊസേറ്റിസം എന്ന പാഷണ്ഡതയ്ക്കെതിരേ യേശുവിന്‍റെ "പൂര്‍ണ്ണദൈവത്വവും പൂര്‍ണ്ണമനുഷ്യത്വവും" എന്ന വിശ്വാസസത്യം സഭ ഏറ്റു പറഞ്ഞു. യേശുവിന്‍റെ ആത്മാവ് മാത്രമല്ല യേശു മുഴുവനായും പൂര്‍ണ്ണദൈവവും പൂര്‍ണ്ണമനുഷ്യനുമാണ് എന്നാണ് സഭയുടെ പ്രബോധനത്തിന്‍റെ അര്‍ത്ഥം.

4.  ഈശോയില്‍ ഒരു വ്യക്തിത്വം മാത്രമേയുള്ളൂ: മനുഷ്യാവതാരം ചെയ്ത ഈശോയുടെ അമ്മയെ ദൈവമാതാവ് (Theotokos) എന്നു വിളിക്കാനാവില്ലെന്നും ക്രിസ്തുവിന്‍റെ അമ്മ (Christotokos) എന്നു മാത്രമേ വിളിക്കാനാവൂ എന്നും പഠിപ്പിച്ച മൊപ്സ്വേസ്തിയായിലെ അനസ്താസിയൂസിന്‍റെ പഠനങ്ങളാണ് നെസ്തോറിയന്‍ പാഷണ്ഡത എന്ന് അറിയപ്പെടുന്നത്. ക്രിസ്തുവില്‍ ദൈവിക വ്യക്തിത്വവും മാനുഷിക വ്യക്തിത്വവുമുണ്ടെന്നതും മനുഷ്യവ്യക്തിത്വത്തിന്‍റെ മാത്രം മാതാവാണ് മറിയം എന്നതുമായിരുന്നു ഈ പാഷണ്ഡതയുടെ പ്രമേയം. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ മെത്രാനായ നെസ്തോറിയൂസിന്‍റെ പിന്തുണ അനസ്താസിയൂസിനുണ്ടായിരുന്നു എന്ന തെറ്റിദ്ധാരണമൂലമാണ് ഈ പാഷണ്ഡതയ്ക്ക് നെസ്തോറിയനിസം എന്ന പേരു ലഭിച്ചത്. എന്നാല്‍ ഈശോയുടെ ദൈവികവ്യക്തിത്വത്തില്‍ അവിടുത്തെ മാനുഷിക വ്യക്തിത്വം വേര്‍തിരിക്കാനാവാത്ത വിധം സമഞ്ജസമായി ഒന്നു ചേര്‍ന്നിരിക്കുന്നതിനാല്‍ (hypostatic  union) അവിടുന്നില്‍ ഒരേയൊരു വ്യക്തിത്വം (person) മാത്രമേ ഉള്ളൂവെന്നും ആ ദൈവികവ്യക്തിത്വത്തിന്‍റെ മാതാവാകയാല്‍ മറിയം ദൈവമാതാവാണെന്നും സഭ പ്രഖ്യാപിച്ചു. 


5.  ഈശോയില്‍ രണ്ടു സ്വഭാവങ്ങള്‍ (ദൈവസ്വഭാവവും മനുഷ്യസ്വഭാവവും) ഉണ്ട്: ഈശോയില്‍ ഒരു വ്യക്തിത്വം മാത്രമുള്ളതിനാല്‍ അവിടന്നില്‍ ഒരു സ്വഭാവം മാത്രമേ ഉള്ളൂ എന്ന് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എവുത്തിക്കസ് എന്ന സന്യാസി പഠിപ്പിച്ചിരുന്നു (Monophysitism) യേശുവില്‍ ദൈവസ്വഭാവം മാത്രമേയുള്ളൂ എന്നും അവിടത്തെ മനുഷ്യസ്വഭാവം "കടലില്‍വീണ ഒരു തുള്ളി വെള്ളംപോലെ" ദൈവസ്വഭാവത്തില്‍ അലിഞ്ഞില്ലാതായെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, കാല്‍സിഡോണ്‍ കൗണ്‍സില്‍, ഈ പ്രബോധനത്തെ തിരുത്തിക്കൊണ്ട് യേശുവില്‍ പൂര്‍ണ്ണമായ ഐക്യത്തിലുള്ളതും എന്നാല്‍ വ്യതിരിക്തവുമായ രണ്ടു സ്വഭാവങ്ങളുണ്ടെന്ന് പഠിപ്പിച്ചു. 

6.  ഈശോയില്‍ ദൈവികവും മാനുഷികവുമായ മനസ്സും പ്രവര്‍ത്തനശേഷിയുമുണ്ട്: ക്രിസ്തുവില്‍ ഒരു മനസ്സും ഒരു പ്രവര്‍ത്തനശേഷിയും മാത്രമേയുള്ളൂ എന്ന് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ സെര്‍ജിയൂസ് പാത്രിയാര്‍ക്കീസ് പഠിപ്പിച്ചിരുന്നു (monotheletism). എന്നാല്‍, മനസ്സും പ്രവര്‍ത്തനശേഷിയും ഇല്ലാത്ത മനുഷ്യസ്വഭാവം അപൂര്‍ണ്ണമാകും എന്നതിനാല്‍ ക്രിസ്തുവില്‍ ദൈവികവും മാനുഷികവുമായ സ്വഭാവവും പ്രവര്‍ത്തനശേഷിയുമുണ്ടെന്ന് 649 ലെ ലാറ്ററന്‍ കൗണ്‍സിലില്‍ മാര്‍ട്ടിന്‍ ഒന്നാമന്‍ മാര്‍പാപ്പാ പ്രഖ്യാപിച്ചു. റോമന്‍ ചക്രവര്‍ത്തിയുടെ നിലപാടിന് (monotheletism) എതിരായ പ്രഖ്യാപനമാണ് മാര്‍പാപ്പാ നടത്തിയത് എന്നതിനാല്‍ മാര്‍ട്ടിന്‍ പാപ്പായ്ക്കു രക്തസാക്ഷിത്വം വരിക്കേണ്ടിവന്നു. 

7.  മനുഷ്യാവതാരരഹസ്യത്തെ വിശദീകരിച്ചുകൊണ്ട് കാല്‍സിഡോണ്‍ കൗണ്‍സില്‍ നല്‍കുന്ന പ്രബോധനം ഇപ്രകാരമാണ്."വിശുദ്ധ പിതാക്കന്‍മാരെ അനുകരിച്ചു ഞങ്ങള്‍ ഏകസ്വരത്തില്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു എന്ന ഒരേയൊരു പുത്രനെ ഏറ്റുപറയുകയും അവിടത്തെക്കുറിച്ചു പഠിപ്പിക്കുകയും ചെയ്യുന്നു. അവിടന്ന് ദൈവത്വത്തില്‍ പൂര്‍ണനാണ്. അവിടന്ന് മനുഷ്യത്വത്തിലും പൂര്‍ണനാണ്. ശരീരവും യുക്തിസഹമായ ആത്മാവും ഉള്ള അവിടന്ന് യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമാണ്. അവിടത്തെ ദൈവപ്രകൃതിയെ സംബന്ധിച്ച് അവിടന്നു പിതാവിനോട് സത്തൈക്യം (consubstantial) ഉള്ളവനാണ്. മനുഷ്യപ്രകൃതിയെ സംബന്ധിച്ച് അവിടന്നു നമ്മോടു സത്തൈക്യമുള്ളവനാണ്; "പാപമൊഴികെ എല്ലാക്കാര്യങ്ങളിലും അവിടന്നു നമ്മെപ്പോലെയാണ്". ദൈവത്വത്തില്‍, യുഗങ്ങള്‍ക്കുമുന്‍പുതന്നെ, അവിടന്നു പിതാവില്‍നിന്നു ജനിച്ചു; എന്നാല്‍, ഈ അവസാന നാളുകളില്‍ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും മനുഷ്യത്വത്തില്‍, ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തില്‍നിന്നു ഭൂജാതനായി.

കര്‍ത്താവും ഏകജാതനുമായ ഒരേയൊരു ക്രിസ്തു, അന്യോന്യ മിശ്രണമോ പരിവര്‍ത്തനമോ വിഭജനമോ വിയോഗമോ ഇല്ലാത്ത രണ്ടു പ്രകൃതികളോടുകൂടിയവനാണെന്ന് അംഗീകരിക്കപ്പെടണമെന്ന് ഞങ്ങള്‍ ഏറ്റുപറയുന്നു. ദൈവ-മനുഷ്യ പ്രകൃതികളുടെ സംയോഗംമൂലം, പ്രകൃതികള്‍ക്കു തമ്മിലുള്ള വ്യത്യാസം നഷ്ടമായില്ല; മറിച്ച്, ഏകവ്യക്തി (prosopon)യിലും ഏക ഉപസ്ഥിതി (hypostasis) യിലും പ്രകൃതികള്‍ ഒരുമിച്ചുചേരുമ്പോഴും ഓരോ പ്രകൃതിയും അതതിന്‍റേതായ സവിശേഷത നിലനിറുത്തുന്നു.

Mar Joseph Pamplany incarnate Jesus Jesus is the Savior of mankind teachings of the church on incarnation heresies on incarnation Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message