x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ ഇതര മതസംവാദം

സുവിശേഷവത്കരണത്തിന്റെ പ്രസക്തി

Authored by : Dr. Vincent Kundukulam, Fr. Tom Olikkarottu On 22-Mar-2023

13

സുവിശേഷവത്കരണത്തിന്റെ പ്രസക്തി

മുൻ അദ്ധ്യായങ്ങളിൽ കണ്ട വിശാലമായ ഇതരമത സമീപനം സ്വീകരിക്കുകയാണെങ്കിൽ സഭ എന്തിന് പ്രേഷിതയാവണം എന്ന ചോദ്യം ഉയർന്നുവന്നേക്കാം. സഭയെക്കുറിച്ചും പ്രേഷിത പ്രവർത്തനത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളുടെ പുനരവലോകനത്തിലൂടെ മാത്രമേ ഇതിന് ഉത്തരം ലഭിക്കുകയുള്ളൂ.

മിഷൻപ്രവർത്തനത്തെപ്പറ്റി ഇടുങ്ങിയ വീക്ഷണമാണ് പലരുടെയും മനസ്സിൽ. സുവിശേഷം പ്രസംഗിച്ച് മാമ്മോദീസാ നല്കി ക്രൈസ്തവകൂട്ടായ്മകൾ നിർമ്മിക്കുക എന്നതു മാത്രമായി മിഷൻ പ്രവർത്തനത്തെ കാണുന്നവരുണ്ട്. സ്നാനംനൽകുന്നത് സുവിശേഷവത്കരണത്തിന്റെ അവശ്യഘടകംതന്നെ. എന്നാൽ മിഷൻപ്രവർത്തനം മതംമാറ്റത്തിൽ ഒതുങ്ങുന്ന ശുശ്രൂഷയല്ല. ഇതു ഗ്രഹിക്കുന്നതിന് രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം സുവിശേഷവത്കരണത്തിന്റെ ലക്ഷ്യത്തെയും ശൈലിയെയുംപറ്റി രൂപപ്പെട്ട നൂതന ആഭിമുഖ്യങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു.

13.1 പ്രേഷിതത്വത്തിന്റെ അടിസ്ഥാനം

രണ്ടാം വത്തിക്കാൻ കൗൺസിലിൽ മിഷൻ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ നവീന സമീപനങ്ങളുണ്ടായി. പ്രേഷിതപ്രവർത്തനം എന്ന പ്രമാണരേഖയിൽ മിഷൻ പ്രവർത്തനത്തിന്റെ ആധാരമായി ചിത്രീകരിക്കുന്നത്: “നിങ്ങൾ ലോകമെങ്ങും പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് സ്നാനം നൽകുവിൻ” (മത്താ 28, 19-20) എന്നുള്ള യേശുവിന്റെ കല്പന മാത്രമല്ല: പിതാവായ ദൈവത്തിന്റെ ഇംഗിതപ്രകാരം യേശു നിർവഹിച്ചതും ഇന്ന് പരിശുദ്ധാത്മാവ് തുടർന്നുകൊണ്ടിരിക്കുന്നതുമായ രക്ഷാകരപ്രവർത്തനങ്ങളും സുവിശേഷവൽകരണത്തിന്റെ അടിസ്ഥാനമാണ്. “പിതാവായ ദൈവത്തിന്റെ പദ്ധതിപ്രകാരമുള്ള പുത്രന്റെയും പരിശുദ്ധാരൂപിയുടെയും പ്രേഷിതത്വത്തിൽ നിന്നാണ് സഭയുടെ ഉത്ഭവം" (പ്രേഷിതപ്രവർത്തനം, 2). "പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു" (യോഹ 20,21) എന്ന വാക്കുകളും ഇന്ന് മിഷൻ പ്രവർത്തനത്തിന്റെ മാതൃകാചട്ടമാണ്.

യേശുവിന്റെ മനുഷ്യാവതാരം മിഷൻപ്രവർത്തനത്തിന് മാതൃകയാകുമ്പോൾ പ്രേഷിതശൈലിയിൽ കാതലായ മാറ്റമുണ്ടാകും. യേശു മനുഷ്യവർഗത്തെ രക്ഷിച്ചത് തിന്മയൊഴികെ മറ്റെല്ലാത്തിലും അവനോടു താദാത്മ്യപ്പെട്ടുകൊണ്ടാണ്. മനുഷ്യസംസ്കാരത്തിലെ നന്മകളെ ആവഹിച്ചെടുത്ത് അവയെ മഹത്വീകരിക്കുന്ന രീതിയായിരുന്നു യേശുവിന്റേത്. എങ്കിൽ മിഷൻരംഗത്തെ ജനങ്ങളിൽ ഭാവാത്കമായി ഒന്നുമില്ലെന്ന കാഴ്ചപ്പാട് വെടിയണം. തനതുസംസ്കാരങ്ങളിലെ വചനത്തിന്റെ വിത്തുകൾ കണ്ടെത്തുകയും ആദരിക്കുകയും സ്വാംശീകരിക്കുകുയം ചെയ്തില്ലെങ്കിൽ സുവിശേഷവത്കരണം വെട്ടിപ്പിടിക്കലായിത്തീരും.

യേശുവിന്റെ പീഡാസഹനവും മരണവും സുവിശേഷശൈലിക്കു അനിവാര്യമായ മാതൃകകളാണ്. ക്ലേശഭൂയിഷ്ഠമായ പാതയിലൂടെ മാത്രമേ വിമോചനസ്വഭാവമുള്ള സഭാസമൂഹത്തെ കെട്ടിപ്പടുക്കാനാകൂ. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ മേൽക്കോയ്മ സ്ഥാപിക്കുന്ന പ്രഘോഷണശൈലി ശൂന്യവത്കരണത്തിന്റെ സന്ദേശവുമായി ചേർന്നുപോകുന്നതല്ല. നിലത്തുവീണ് അഴിയാതെ ഉത്ഥിതനായ ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്താനാവുമോ? ഇതരരിൽ അപകർഷതയും അരക്ഷിതത്വബോധവും സൃഷ്ടിക്കുന്ന മതംമാറ്റ ശൈലികൾ ക്രൈസ്തവമിഷൻ ശാസ്ത്രവുമായി പൊരുത്തപ്പെടുന്നില്ല. സഭാശാസ്ത്രജ്ഞനായ 'അവരി ഡള്ളസ്' പറയുന്നത് ഇവിടെ ശ്രദ്ധേയമാണ്: “സഭ തന്റെ അംഗങ്ങളുടെ രക്ഷയിൽ മാത്രം ശ്രദ്ധിക്കാതെ ലോകത്തിൽ നന്മയുണ്ടെന്നു വിശ്വസിച്ച് അവയെ പരിപോഷിപ്പിക്കാൻ ഇറങ്ങിച്ചെല്ലേണ്ടവളാണ്. ക്രിസ്തുവിൽ എല്ലാവരെയും സ്നേഹിക്കുകയും എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും സഹിക്കയും ചെയ്യുമ്പോഴാണ് സഭ അതിന്റെ പൂർണ അർത്ഥത്തിൽ സാർവത്രികമാകുന്നത്" (A. Dulles, The Catholicity of Church, p. 83).

13.2 മിഷൻ കല്പന

വി. മത്തായിയുടെ സുവിശേഷത്തിന്റെ അവസാനഭാഗത്ത് 28-ാം അദ്ധ്യായം 16-20 വരെയുള്ള വാക്യങ്ങളിൽ ഉദ്ധരിച്ചിട്ടുള്ള യേശുവിന്റെ മിഷൻ കല്പനയുടെ പണ്ഡിതോചിതമായ വ്യാഖ്യാനം നവമായ പ്രേഷിതദർശനങ്ങൾ നല്കുന്നവയാണ്. ഈ മിഷൻ ആഹ്വാനം മത്തായി ശ്ലീഹായുടെ ക്രിസ്തുദർശനവും സഭാദർശനവുമായി ബന്ധപ്പെടുത്തി മനസിലാക്കേണ്ടതാണ്. ശ്ലീഹാ യേശുവിനെ നാടെങ്ങും ഓടിനടക്കുന്ന മതപ്രചാരകൻ എന്നതിനെക്കാൾ ഗുരുവായിട്ടാണ് തന്റെ സുവിശേഷത്തിൽ അവതരിപ്പിക്കുന്നത്. അതുപോലെ സഭയെ ഗുരുവായ യേശുവിന്റെ വചനങ്ങൾ കേൾക്കുകയും അത് പ്രാവർത്തികമാക്കാൻ സന്നദ്ധമാവുകയും ചെയ്യുന്ന സമൂഹമായി ആവിഷ്കരിക്കുന്നു. മറ്റു വാക്കിൽ പറഞ്ഞാൽ ഗുരുപാദത്തിങ്കലിരുന്ന് സദ്വാർത്തയെ ധ്യാനിക്കുന്ന സഭാചിത്രമാണ് സുവിശേഷകൻ വരച്ചുകാട്ടുന്നത് (L. Legrand, The Missionary Command of the Risen Lord, Mt. 28, 16-20, Indian Ecclesiological Studies, pp. 21-25).

വി. മത്തായിയുടെ സുവിശേഷരചനയുടെ സാഹചര്യം തികച്ചും അജപാലനപരമാണെന്നതും പ്രസ്താവ്യമാണ്. മത്തായിയുടെ ശ്രോതാക്കൾക്കിടയിൽ സഭയുടെ തനിമയെക്കുറിച്ച് സംശയമുയർന്നപ്പോൾ വിശ്വാസമാന്ദ്യമുണ്ടായി. ആത്മധൈര്യം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി സഭാംഗങ്ങളോട് യേശുവിന് സാക്ഷ്യം നല്കാൻ ലഭിക്കുന്ന അവസരങ്ങളൊന്നും നഷ്ടപ്പെടുത്തരുതെന്ന് ഓർമ്മിപ്പിക്കുന്നതിന്റെ ഭാഗമായാണ് മത്തായി ഈ ഭാഗം എഴുതിയത്. തിന്മയുടെമേൽ യേശു നേടിയ വിജയം ഉദ്ഘോഷിച്ച് ദൈവരാജ്യത്തിനുവേണ്ടി പൂർണാർപ്പണം ചെയ്യാനുള്ള വിളിയാണ് ലോകമെങ്ങും പോയി സുവിശേഷമറിയിക്കാനുള്ള ആഹ്വാനത്തിലുള്ളത് (DJ, Bosch, Transforming Mission, pp. 57-59: 73-74: 81-83).

മിഷൻ കല്പനയുടെ സാഹിത്യരൂപവും അതിലെ ക്രിയകളുടെ പ്രയോഗങ്ങളും ഈ മിഷൻ ആഹ്വാനത്തെക്കുറിച്ച് കൂടുതൽ വെളിച്ചം നൽകുന്നവയാണ്. പണ്ഡിതാഭിപ്രായമനുസരിച്ച് ഈ വാക്യങ്ങൾ ദാനിയേലിന്റെ ഗ്രന്ഥം 7-ാം അദ്ധ്യായം 13-14 വാക്യങ്ങളിലെപ്പോലെ രാജാവിന്റെ സ്ഥാനാരോഹണ പശ്ചാത്തലത്തിൽനിന്ന് കടംകൊണ്ടതാണ്: "ഇതാ വാനമേഘങ്ങളോടുകൂടി മനുഷ്യപുത്രനെപ്പോലെ ഒരുവൻ വരുന്നു... എല്ലാ ജനതകളും ജനപഥങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്വവും അവനു നല്കി.... അവന്റെ ആധിപത്യം ശാശ്വതമാണ്; അതൊരിക്കലും ഇല്ലാതാവുകയില്ല. അവന്റെ രാജത്വം അനശ്വരമാണ്.'

മേല്പ്പറഞ്ഞ പ്രേഷിതദൗത്യ വിവരണ ഭാഗത്തെ രണ്ടായിതിരിക്കാം. 16-18 ഭാഗം പരിശോധിച്ചാൽ അതിൽ നായകസ്ഥാനത്തു നിൽക്കുന്നത് ശിഷ്യരാണെന്ന് കാണാം: “ശിഷ്യർ മലയിലേക്കുപോയി. അവർ അവനെ കണ്ടപ്പോൾ കുമ്പിട്ടാരാധിച്ചു. എന്നാൽ ചിലർ സംശയിച്ചു". എന്നാൽ രണ്ടാംഭാഗത്ത് (19-20) യേശുവാണ് പ്രധാന നായകൻ. സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും നൽകിയതിനുശേഷം ലോകമെമ്പാടും പോയി ശിഷ്യപ്പെടുത്താൻ നൽകുന്ന ഈ കല്പന ക്രിസ്തുവിനെ കേന്ദ്രീകരിച്ചാണ് എഴുതപ്പെട്ടിട്ടുള്ളത്. മിഷൻ പ്രവർത്തനം യേശുവിന്റെ അധികാരത്തിലുള്ള പങ്കുപറ്റലാണ്.

ഈ ഭാഗത്തുപയോഗിച്ചിരിക്കുന്ന ക്രിയകളിൽ - പോവുക, ശിഷ്യപ്പെടുത്തുക, സ്നാനം നല്കുക, പഠിപ്പിക്കുക - വിശുദ്ധ മത്തായി ഊന്നൽ നല്കുന്നത് ശിഷ്യപ്പെടുത്തുക എന്ന ധർമ്മത്തിലാണ്. ശിഷ്യത്വത്തിൽ വളർത്തുക എന്നതാണ് പ്രഥമമായ കർത്തവ്യം. സ്നാനം നല്കുക, പഠിപ്പിക്കുക എന്നീ ക്രിയകൾ ശിഷ്യപ്പെടുത്തുക എന്ന പ്രധാന ക്രിയക്ക് വിധേയപ്പെട്ടുനിൽക്കുന്നു. ഗുരുവായ യേശുവാണ് ഈ ദൗത്യത്തിന് മാതൃക. മിഷൻ രംഗത്ത് അവസാന നാൾവരെ യേശു സഹായകനായി കൂടെയുണ്ടാവുമെന്ന് മത്തായി ഉറപ്പിച്ചുപറയുന്നു. അതിനർത്ഥം മിഷൻ ദൗത്യത്തിന് ശിഷ്യരെക്കാൾ യേശുതന്നെയാണ് നേതൃത്വം വഹിക്കുന്നത് എന്നാണ്. മേല്പറഞ്ഞ യാഥാർത്ഥ്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ ഈ വചനഭാഗം മിഷൻ ശാസ്ത്രത്തെക്കാൾ ക്രിസ്തുശാസ്ത്രമാണ് വിളിച്ചോതുന്നത്. യേശുകേന്ദ്രീകൃതമായ ഈ ഭാഗത്തിന് ശിഷ്യകേന്ദ്രീകൃതമായ മിഷൻ ശാസ്ത്രവ്യാഖ്യാനം നൽകുന്നത് അനുചിതമാണെന്നാണ് ബൈബിൾ വിജ്ഞാനീയം പറയുന്നത് (L. Legrand, Mission in th Bible, pp. 73.79). 

13.3 മാനസാന്തരമെന്നാൽ

മാനസാന്തരമെന്ന ആശയത്തിന് അതിന്റെ തനതായ അർത്ഥം തിരിച്ചുകിട്ടിയതാണ് മിഷൻ മനോഭാവത്തിൽ സ്വാധീനം ചെലുത്തിയ മറ്റൊരു ഘടകം. പഴയനിയമം അനുസരിച്ച് മാനസാന്തരം എന്നത് യഹോവയിലേക്കുള്ള തിരിച്ചുപോക്കാണ്. മനുഷ്യ സാധ്യതകളെ യഹോവയുമായുള്ള ഉടമ്പടി നിറവേറ്റുന്നതിന് സഹായകരമായ രീതിയിൽ പുനരേകീകരിക്കുന്ന പ്രക്രിയയാണത്. സ്നേഹത്തോടും ആത്മാർത്ഥതയോടും കൂടി ദൈവത്തിലേക്ക് നടത്തുന്ന ഈ തിരിച്ചുപോക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രത്യേകിച്ച് നീതിയുടെയും സ്നേഹത്തിന്റെയും തലങ്ങളിൽ വെളിപ്പെടണം എന്ന് പ്രവാചകർ ആഗ്രഹിച്ചു.

പുതിയ നിയമത്തിലാകട്ടെ വിശുദ്ധ പൗലോസിന്റെ വാക്കുകളിൽ മാനസാന്തരമെന്നത് 'പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് പുതിയ മനുഷ്യനെ ധരിക്കലാണ്' (എഫേ 4,22-24). യേശു വെളിപ്പെടുത്തിയ പിതാവിന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാനുള്ള തിരിച്ചറിവാണത്. മാനസാന്തരപ്പെടുകയെന്നാൽ പുതിയ സൃഷ്ടിയാവുകയെന്നതാണ്. യോഹന്നാനെ സംബന്ധിച്ചിടത്തോളം അന്ധകാരത്തിൽനിന്നും മരണത്തിൽനിന്നും പ്രകാശത്തിലേക്കും ജീവനിലേക്കുമുള്ള ഉയർത്തെഴുന്നേൽപ്പാണത്. സ്നേഹവും സേവനവും മുഖമുദ്രയായ ദൈവരാജ്യത്തിലേക്കുള്ള മടങ്ങിവരവായി മാനസാന്തരത്തിന്റെ അന്തഃസത്ത നിർവചിക്കപ്പെട്ടപ്പോൾ ബാഹ്യമായ മതംമാറ്റത്തിനൊപ്പം ഒരുപക്ഷേ, അതിലുപരിയായി, ആന്തരികമായ നവീകരണത്തിലാണ് മിഷനറി ശ്രദ്ധ പതിപ്പിക്കേണ്ടതെന്ന ബോധ്യം മിഷൻ രംഗങ്ങളിലുണ്ടായി.

13. 4. പുനഃസുവിശേഷവത്കരണം

അന്യദേശങ്ങളിൽപോയി ക്രിസ്തുവിനെ അറിയാത്തവരോട് പ്രസംഗിക്കുന്നതു മാത്രമല്ല മിഷൻ പ്രവർത്തനം എന്ന കണ്ടെത്തലും സുവിശേഷവത്കരണ ശൈലിയിൽ സാരമായ വ്യതിയാനങ്ങൾ വരുത്തി. സഭയുടെ ഉള്ളിൽത്തന്നെ നടക്കേണ്ട പുനഃസുവിശേഷവത്കരണത്തെക്കുറിച്ച് 1975 ഡിസംബർ 8-ന് പുറപ്പെടുവിച്ച “എവംച്ചേലി നൂൺസിയാന്തി" (സുവിശേഷവത്കരണം) എന്ന ചാക്രികലേഖനത്തിൽ സഭ ഊന്നിപ്പറഞ്ഞു. വിശ്വാസം നഷ്ടമായവരും മതാത്മകജീവിതം നിർത്തിവച്ചവരും വീണ്ടും സുവിശേഷവത്കരണത്തിന് വിധേയമാകണം എന്ന് ഈ രേഖയിലെ 54-56 ഖണ്ഡികകളിൽ ജോൺപോൾ രണ്ടാമൻ നിർദ്ദേശിച്ചു. ഏഷ്യനാഫ്രിക്കൻ ഭൂഖണ്ഡങ്ങളിൽപ്പോയി സഭാസമൂഹങ്ങൾ സ്ഥാപിക്കുന്നതുപോലെതന്നെ പ്രാധാന്യമേറിയതാണ് യൂറോപ്പിലെ സുവിശേഷ നവീകരണം എന്ന അവബോധമുണ്ടായി. ഈ നൂതനമായ വെളിച്ചം വളരെ നാളായി അവഗണിക്കപ്പെട്ടിരുന്ന മാനസാന്തരത്തിലെ 'ജീവിതമാറ്റം' എന്ന അനിവാര്യമായ ഘടകത്തിലേക്ക് സഭയെ തിരിച്ചുകൊണ്ടുവന്നു.

13. 5. ദൈവരാജ്യവികസനമാണ് ലക്ഷ്യം

സുവിശേഷവത്കരണത്തിന്റെ ലക്ഷ്യം സഭയുടെ വ്യാപ്തിയെക്കാൾ ദൈവരാജ്യത്തിന്റെ വികസനമാണെന്ന ഉൾക്കാഴ്ചയും പ്രേഷിതരംഗത്തെ മനോഭാവങ്ങളിൽ മാറ്റം വരുത്തി. യേശുവിന്റെ സുവിശേഷപ്രഘോഷണത്തിൽ സഭയെക്കാൾ ദൈവരാജ്യത്തിന് പ്രാധാന്യമുള്ളതായി കാണാം. യേശു രണ്ടുപ്രാവശ്യം മാത്രമാണ് “സഭ" യെന്ന പദം ഉപയോഗിച്ചതായി തിരുവചനങ്ങളിൽ കാണുന്നത് (മത്താ 16,18; 18,18). അതേസമയം 72 തവണ അവിടുന്ന് ദൈവരാജ്യം എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. ആദിമക്രൈസ്തവസമൂഹവും ദൈവരാജ്യസങ്കല്പത്തിന് ഏറെ പ്രാധാന്യം നല്കിയിട്ടുണ്ട്. ലേഖനങ്ങളിൽ “ക്രിസ്തുവിന്റെ രാജ്യം" സഭയെക്കാൾ വ്യാപ്തിയുള്ളതായിട്ടാണ് അവതരിക്കപ്പെട്ടിട്ടുള്ളത് (എഫേ 1,10) (J. Dupuis, L'eglise, le Reigne de Dieu et les autres, Revue ICP, pp. 101-103).

മേലുദ്ധരിച്ച ഉൾക്കാഴ്ചയുടെ തുടർച്ചയാണ് കൗൺസിൽ പിതാക്കന്മാരുടെ ദർശനങ്ങൾ. “തിരുസഭ” എന്ന പ്രമാണരേഖയിൽ സഭ ദൈവവുമായുള്ള ഉറ്റ ഐക്യത്തിന്റെയും മനുഷ്യ വർഗത്തിന്റെ യോജിപ്പിന്റെയും അടയാളവും ഉപകരണവും ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാറ്റിന്റെയും പുനരുദ്ധാരണത്തിനുള്ള സമയം സമാഗതമാകുമ്പോഴാണ് സഭയ്ക്ക്‌ വിശ്വത്തെ മുഴുവനും ക്രിസ്തുവിൽ പൂർണമായി ഏകീകരിക്കുവാൻ സാധിക്കുന്നത്. അപ്പോഴാണ് സഭ സ്വർഗീയ മഹത്വത്തിന്റെ പൂർണതയിൽ എത്തിച്ചേരുന്നത് (തിരുസഭ 1, 48).

1991-ൽ പ്രസിദ്ധീകരിച്ച “രക്ഷകന്റെ മിഷൻ" എന്ന ചാക്രിക ലേഖനത്തിൽ മിഷൻ പ്രവർത്തനത്തിന്റെ ലക്ഷ്യം ദൈവരാജ്യത്തിന്റെ വളർച്ചയാണെന്ന് വിവരിക്കുന്നു. സഭയുടെ അന്ത്യം സഭയിൽതന്നെയല്ല. സഭ ദൈവരാജ്യത്തിനുവേണ്ടിയാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. ദൈവരാജ്യത്തിന്റെ വിത്തും അടയാളവും ഉപകരണവുമാണ് സഭ (രക്ഷകന്റെ മിഷൻ, 18).

1970 കളിൽ നടന്ന ഏഷ്യൻ ബിഷപ്സ് കോൺഫറൻസിന്റെ സമ്മേളന റിപ്പോർട്ടുകളിൽ മിഷൻ പ്രവർത്തനത്തെ സ്ഥാപനവത്കരണത്തിലേക്ക് ചുരുക്കരുതെന്ന നിർദ്ദേശം ഉണ്ടായിരുന്നു. ഏഷ്യയിലെ നിർദ്ധനരായ ജനകോടികളുടെ ജീവിതനിലവാരവുമായൊന്നുചേർന്ന് അതിൽ നിന്നുരുത്തിരിയുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയെന്നത് മിഷൻ പ്രവർത്തനത്തിന്റെ ഭാഗമാണെന്ന് ഈ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. (C.G. Arevalo and Others eds., For All Peoples of Asia. The Church in Asia: Asian Bishops Statements on Mission Community and Ministry 1972-1983, vol. 1, pp. 11-16). ദൃശ്യസഭയുടെ വ്യാപ്തിയെക്കാൾ ദൈവരാജ്യത്തിന്റെ സാക്ഷ്യമാണ് മിഷൻപ്രവർത്തനത്തിന്റെ കാതലെന്ന കണ്ടുപിടിത്തം മതംമാറ്റം കേന്ദ്രീകരിച്ചുള്ള മിഷൻ പ്രവർത്തനത്തിൽനിന്ന് അകലാൻ മിഷനറിമാരെ പ്രേരിപ്പിച്ചു.

13. 6. ജ്ഞാനസ്നാനം ഒരു തുടക്കം മാത്രം

മനസുമാറ്റത്തിന് വേണ്ടത്ര പ്രാധാന്യം നല്കാതെ മതം മാറ്റം പ്രോത്സാഹിപ്പിക്കാൻ മദ്ധ്യകാലഘട്ടത്തിൽ മിഷനറിമാരെ പ്രേരിപ്പിച്ചത് മാമോദീസ സ്വീകരിച്ചാൽ അതിനാൽത്തന്നെ അവർ രക്ഷപെടും എന്ന ചിന്തയാണ്. മാമോദീസയിലൂടെ വീണ്ടും ജനിക്കുന്ന വ്യക്തി യേശുവുമായി നേരിട്ട് ബന്ധത്തിലാണെന്നത് സംശയമറ്റ വസ്തുതയാണ്. എന്നാൽ സ്നാനപ്പെട്ടതുകൊണ്ടു മാത്രം ഞാൻ സൗഭാഗ്യം കരസ്ഥമാക്കും എന്നതിന് തെളിവുകളില്ല. 'ക്ഷണിക്കപ്പെട്ടവരിൽ ഒരുവനും എന്റെ വിരുന്ന് ആസ്വദിക്കയില്ലെന്ന് ഞാൻ നിങ്ങളോട് പറയുന്നു' (ലൂക്കാ 14,24). 'വീണ്ടും ഞാൻ നിങ്ങളോടു പറയുന്നു. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകൾ വന്ന് അബ്രാഹത്തിനോടും ഇസഹാക്കിനോടും യാക്കോബിനോടുംകൂടെ വിരുന്നിനിരിക്കും, രാജ്യത്തിന്റെ മക്കളാകട്ടെ പുറത്തുള്ള അന്ധകാരത്തിലേക്ക് എറിയപ്പെടും. (മത്താ 8,12-13).

ജീവിതനവീകരണത്തിന് അർഹമായ പ്രാധാന്യം നൽകാതെ ബാഹ്യമായ സ്നാനത്തിനുവേണ്ടി ധൃതിപ്പെടുന്ന സുവിശേഷ പ്രഘോഷണശൈലി യേശുവിന്റെ ഇംഗിതത്തിന് യോജിക്കുന്നതല്ലെന്ന് നിയമജ്ഞരോടുള്ള ഉപദേശങ്ങളിൽനിന്ന് മനസ്സിലാക്കാം. “കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്ക് ദുരിതം: ഒരുവനെ നിങ്ങളുടെ മതത്തിൽ ചേർക്കാൻ കടലും കരയും ചുറ്റിസഞ്ചരിക്കുന്നു. ചേർന്നുകഴിയുമ്പോൾ നിങ്ങളവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീർക്കുന്നു” (മത്താ 23, 15).

സഭയുടെ അംഗമാകാൻ വിളിലഭിച്ചതിനാൽ മാത്രം രക്ഷ സാധ്യമാകില്ലെന്ന് വാഗ്ദത്തഭൂമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ ജനതയിൽ ഭൂരിപക്ഷത്തിനും സംഭവിച്ച നാശം ദൃഷ്ടാന്തമാക്കി പൗലോസ് നല്കുന്ന ഉപദേശം ഇവിടെ പ്രസക്തമാണ്: “സഹോദരരേ നമ്മുടെ പിതാക്കന്മാരെല്ലാവരും മേഘത്തണലിൽ ആയിരുന്നുവെന്നും കടലിലൂടെ കടന്നുവെന്നും നിങ്ങൾ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവരെല്ലാവരും മേഘത്തിലും കടലിലും സ്നാനമേറ്റ് മോശയോടു ചേർന്നു. എല്ലാവരും ഒരേ ആത്മീയഭക്ഷണം കഴിച്ചു; ഒരേ ആത്മീയപാനീയം കുടിച്ചു... എന്നാൽ അവരിൽ മിക്കവരിലും ദൈവം പ്രസാദിച്ചില്ല. അവരെല്ലാം മരുഭൂമിയിൽ വച്ച് ചിതറിക്കപ്പെട്ടു' (1 കോറി 10,1-5). മേഘത്തിലും കടലിലും സ്നാനമേറ്റതിന്റെ പ്രതീകാത്മക തുടർച്ചയായ ജ്ഞാനസ്നാനം സ്വീകരിച്ചതുകൊണ്ടോ, മരുഭൂമിയിൽ ഭക്ഷിച്ച മന്നയുടെ പൂർത്തീകരണമായ വിശുദ്ധ കുർബാനയിൽ പങ്കുപറ്റിയതുകൊണ്ടോ മാത്രം ആരും അന്ത്യവിരുന്ന് ആസ്വദിക്കയില്ലെന്നാണ് ഇതിനർത്ഥം.

രണ്ടാം വത്തിക്കാൻ കൗൺസിലും മാമ്മോദീസായാൽ തൃപ്തിപ്പെടുന്ന പ്രേഷിതവേല അനുചിതമാണെന്ന് പറയുന്നുണ്ട്: “നിത്യരക്ഷയ്ക്ക് ഈ തീർത്ഥാടകസഭ അത്യാവശ്യമാണ്. വിശ്വാസത്തിന്റെയും ജ്ഞാനസ്നാനത്തിന്റെയും ആവശ്യകത വിശുദ്ധ ലിഖിതങ്ങളിൽ നിന്ന് വ്യക്തവുമാണ്. അതേസമയം സ്നേഹത്തിൽ നിലനിൽക്കാത്തവരും സഭയുടെ മടിത്തട്ടിൽ ആന്തരികമായി നിവസിക്കാതെ ബാഹ്യമാത്രമായി കഴിഞ്ഞുകൂടുന്നവരും സഭയുടെ അംഗങ്ങളായതുകൊണ്ടുമാത്രം രക്ഷ പ്രാപിക്കയില്ല. തങ്ങളുടെ ഉന്നതമായ ഈ സ്ഥാനത്തിനുകാരണം തങ്ങളുടെ യോഗ്യതയല്ല, പ്രത്യുത ക്രിസ്തുവിന്റെ യോഗ്യതകളാണെന്ന പരമാർത്ഥം സഭാസന്താനങ്ങൾ അറിഞ്ഞിരിക്കട്ടെ. ഈ അനുഗ്രഹത്തോട് വിചാരത്തിലും വചനത്താലും പ്രവൃത്തിയാലും സഹകരിക്കാത്തവർ രക്ഷ പ്രാപിക്കുകയില്ലെന്ന് മാത്രമല്ല കഠിനമായ വിധിക്ക് പാത്രമാവുകയും ചെയ്യും' (തിരുസഭ, 14).

13. 7. അനിവാര്യമായ പരസ്യപ്രഘോഷണം

മേലുദ്ധരിച്ചതുപോലെ ദൃശ്യസഭയുടെ വ്യാപ്തിയെക്കാളും ബാഹ്യമായ സ്നാനത്തെക്കാളും ഹൃദയപരിവർത്തനത്തിന് ഊന്നൽ കൊടുക്കണമെന്ന് പറയുമ്പോൾ പരസ്യവും നേരിട്ടുള്ളതുമായ സുവിശേഷപ്രചാരണം ആവശ്യമില്ലെന്ന് തെറ്റിദ്ധരിക്കരുത്. സഭ വചനപ്രസംഗത്തിലൂടെയുള്ള പ്രേഷിതപ്രവർത്തനം തുടരേണ്ടതുണ്ട്. ഇതരമതങ്ങളിലൂടെയും രക്ഷപ്രാപിക്കാൻ കഴിയുമെങ്കിലും രക്ഷയുടെ സ്രോതസ്സായ ക്രിസ്തുവിനെ നേരിട്ട് സംലഭ്യമാക്കുന്ന സഭയിൽ അവർക്കും ഭാഗഭാഗിത്വമുണ്ടാകണമെന്ന് ക്രിസ്തു ശിഷ്യൻ ആഗ്രഹിക്കുന്നു. നിസ്വാർത്ഥനായ ഭിക്ഷു തനിക്ക് അപ്പം നൽകിയ യജമാനന്റെ വീട് ഇതര ഭിക്ഷുക്കളെക്കൂടി അറിയിക്കുന്നതു പോലെയുള്ള പരസ്നേഹപ്രവർത്തനമാണ് സുവിശേഷ പ്രചാരണം. ആ ദൗത്യത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നത് സ്വാർത്ഥതയാണ്. രക്ഷയുടെ സ്രോതസ്സിൽ പങ്കുപറ്റുവാൻ എല്ലാ മനുഷ്യർക്കും അവകാശമുള്ളതിനാൽ അതിനുള്ള അവസരം ഏതെങ്കിലും കാരണത്താൽ അപരന് നിഷേധിക്കുന്നത് ക്രിസ്തുശിഷ്യന് ഭൂഷണമല്ല.

മിഷൻപ്രവർത്തനത്തിന്റെ കേന്ദ്രം ദൈവരാജ്യവളർച്ചയാണെങ്കിലും ദൈവികഭരണം സാധിക്കണമെങ്കിൽ ക്രിസ്തുവിനെ അറിയുകയും അവിടുന്നിൽ വിശ്വസിക്കുകയും അവിടുത്തെ ജീവിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ സാന്നിധ്യം അനിവാര്യമാണ്. ക്രിസ്തുശിഷ്യർ ലോകത്തിന്റെ ഉപ്പാകണം; പുളിമാവാകണം, പ്രകാശമാകണം. 700 കോടിയോളം വരുന്ന ജനങ്ങൾ അഞ്ച് ഭൂഖണ്ഡങ്ങളിലായി ചിതറിപ്പാർക്കുമ്പോൾ അവിടെയെല്ലാം ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവവേദ്യമാകാൻ അതിനൊത്ത ക്രിസ്തുശിഷ്യരുടെ എണ്ണവും ഉണ്ടായിരിക്കണം. ദൈവരാജ്യസ്വഭാവമുള്ള കൂട്ടായ്മകൾ ലോകമെമ്പാടും നൈരന്തര്യമായി നിലനില്ക്കാൻ മാമോദീസായിലൂടെയും ഇതരകൂദാശകളിലൂടെയും ക്രിസ്തുവിന്റെ മൗതികശരീരത്തെ സമ്പന്നമാക്കുന്ന സംവിധാനാത്മകമായ ചുറ്റുപാട് ദൃശ്യസഭയിലൂടെ ലോകത്തിൽ ഉണ്ടാകണമെന്നർത്ഥം.

13. 8. സ്വാതന്ത്ര്യത്തെ മാനിക്കുന്ന പ്രഘോഷണം

പരസ്യമായ സുവിശേഷപ്രഘോഷണം അനിവാര്യമാണെന്ന് തറപ്പിച്ചു പറയുമ്പോൾ മനുഷ്യസ്വാതന്ത്ര്യത്തെ മാനിക്കുന്ന രീതിയിലേ അത് നിർവഹിക്കാവൂ എന്നുകൂടി സഭ ശഠിക്കുന്നുണ്ടെന്ന വസ്തുത മറന്നുപോകരുത്. ജോൺപോൾ രണ്ടാമൻ പാപ്പാ 1990-ൽ പ്രസിദ്ധീകരിച്ച “രക്ഷകന്റെ മിഷൻ' എന്ന ചാക്രികലേഖനത്തിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക: “മതപരമായ സ്വാതന്ത്ര്യം ഏതൊരു വ്യക്തിയുടെയും അവകാശമാണ്. മറ്റാർക്കും അതിൽ കൈകടത്താൻ അവകാശമില്ല. മറ്റു വ്യക്തികളുടെയോ ഗ്രൂപ്പുകളുടെയോ മറ്റ് മാനുഷിക ശക്തികളുടെയോ കൈകടത്തലിൽ നിന്ന് വിമുക്തമായിരിക്കേണ്ട അവകാശമാണത്. മാത്രമല്ല, മതപരമായ കാര്യങ്ങളിൽ മനഃസാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ആരെയും നിർബന്ധിച്ചുകൂടാത്തതുമാണ്. അതുപോലെ ഒരു പരിധിക്കുള്ളിൽ മനഃസാക്ഷിക്കനുസരിച്ച് പ്രവർത്തിക്കുന്നതിൽ നിന്ന് രഹസ്യമായിട്ടോ പരസ്യമായിട്ടോ തനിച്ചോ കൂട്ടായോ പ്രവർത്തിക്കുന്നതിൽ നിന്ന് ആരെയും തടയാൻ പാടില്ലാത്തതുമാണ്' (മനുഷ്യരക്ഷകൻ, 12).

ഭാരതത്തിൽ പതിനാറാം നൂറ്റാണ്ടോടുകൂടെ തുടങ്ങിവച്ച വിദേശമിഷനറിമാരുടെ പ്രവർത്തനങ്ങൾ എല്ലായിടത്തും മേലുദ്ധരിച്ച ആദരവോടും ബഹുമാനത്തോടുംകൂടിയാണ് നടന്നതെന്ന് അവകാശപ്പെടാനാവില്ല. വാൾട്ടർ ഫെർണാണ്ടസ് പറയുന്നതുപോലെ പകർച്ചവ്യാധികളും ദാരിദ്ര്യവും വർദ്ധിച്ചപ്പോൾ സ്നാനപ്പെട്ടവരുടെ സംഖ്യയും വർദ്ധിച്ചിരുന്നു. ജ്ഞാനസ്നാനാർത്ഥികളെ പരിശീലിപ്പിച്ചിരുന്ന സെന്ററുകൾ പലപ്പോഴും അവശ്യസാധന വിതരണകേന്ദ്രങ്ങളായി പ്രവർത്തിച്ചിരുന്നു. (W. Fernandes, Conversion: "The Cast Factor and Dominant Reaction," Indian Missiological Review 4 (1984), p. 303). ഇങ്ങനെ മതം മാറിയവരെയാണ് മഹാത്മാഗാന്ധി “അരി ക്രിസ്ത്യാനികൾ' എന്ന് വിശേഷിപ്പിച്ചിരുന്നത്.

സുവിശേഷം ആഹാരമായും മരുന്നായും പ്രത്യക്ഷപ്പെടരുതെന്ന് വാദിക്കുകയല്ലിവിടെ. മറിച്ച് സഭ ആവശ്യപ്പെടുന്ന രീതിയിലുള്ള വിശ്വാസബോധ്യത്തിനും പരിശീലനത്തിനും ശേഷമല്ല എല്ലാ മതംമാറ്റങ്ങളും നടന്നിട്ടുള്ളതെന്ന് സൂചിപ്പിക്കുക മാത്രമാണിവിടെ. "രക്ഷകന്റെ മിഷൻ' എന്ന ചാക്രികലേഖനത്തിന്റെ മറ്റൊരു പരാമർശം കൂടി ഉദ്ധരിക്കട്ടെ: 'സ്വാതന്ത്യത്തിന് കടിഞ്ഞാണിടുകയല്ല, അത് വികസിപ്പിച്ച് വിടർത്തുകയാണ് സഭയുടെ ലക്ഷ്യം. സഭ നിർദ്ദേശിക്കുക മാത്രമാണ് ചെയ്യുന്നത്. യാതൊന്നും അടിച്ചേല്പ്പിക്കുന്നില്ല. സഭ വ്യക്തികളെയും സംസ്കാരങ്ങളെയും മാനിക്കുകയും മനഃസാക്ഷിയുടെ ശ്രീകോവിലിലെ ദിവ്യമന്ത്രങ്ങളെ സംപൂജ്യമായി കരുതുകയും ചെയ്യുന്നു'. (രക്ഷകന്റെ മിഷൻ, 39).

13. 9. ആത്മാവാണ് മിഷണറി

14. 9. സുവിശേഷത്തെ മാനിക്കാതെയും ആന്തരിക നവീകരണത്തിൽ ശ്രദ്ധിക്കാതെയും മതംമാറ്റങ്ങൾക്ക് നേതൃത്വം നൽകാൻ സുവിശേഷ ശുശ്രൂഷകരെ പലപ്പോഴും പ്രേരിപ്പിച്ചിട്ടുള്ളത് മിഷൻ പ്രവർത്തനത്തിന്റെ നിയന്താക്കൾ തങ്ങൾതന്നെയാണെന്ന മിഥ്യാധാരണയാണ്. 'നിങ്ങൾ എന്റെ നാമത്തിൽ പോയി സുവിശേഷം പ്രസംഗിക്കുക, യുഗാന്ത്യംവരെ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും' എന്ന യേശുവിന്റെ ആഹ്വാനം മറന്ന് സ്വന്തം സഭയുടെ അതിരുകൾ വികസിപ്പിക്കാൻ ശ്രമിക്കുന്നതു കൊണ്ടാണ് ലൗകികമായ പ്രലോഭനങ്ങൾക്ക് സുവിശേഷവേലക്കാർ അടിമപ്പെടുന്നത്.

സുവിശേഷവത്കരണത്തിന്റെ കർത്താവ് പരിശുദ്ധാത്മാവാണെന്ന് “സുവിശേഷവത്കരണം" (Evangelii Nuntiandi, 1975) എന്ന അപ്പസ്തോലിക പ്രബോധനത്തിൽ വ്യക്തമാക്കുന്നുണ്ട്. ആത്മാവാണ് ഓരോരുത്തരെയും വചനം പ്രഘോഷിക്കാൻ ഉത്തേജിപ്പിക്കുന്നത്. അതേ ആത്മാവ്തന്നെയാണ് ആ വചനം മനസ്സിലാക്കുന്നതിനും സ്വീകരിക്കുന്നതിനും വ്യക്തികളെ ഒരുക്കുന്നത്. അതിനാൽ സുവിശേഷപ്രഘോഷണം നടത്തിയിട്ട് അതിന്റെ ഫലം കാണാൻ ധൃതിവക്കരുത് (നമ്പർ 76).

ആഫ്രിക്കയിലെ കാമറൂണിൽ മിഷണറിയായിരുന്ന ആർ. ഷാവുഓൻ തദ്ദേശീയ സംസ്കാരങ്ങളിൽ സുവിശേഷം അവതരിപ്പിക്കുന്നതിനെപ്പറ്റി പ്രതിപാദിക്കുന്ന സന്ദർഭത്തിൽ നല്കുന്ന ഉപമാനം ഇവിടെ ശ്രദ്ധേയമാണ്. വിത്തിറക്കിയതിനു ശേഷം കർഷകൻ വിശ്രമിക്കുമ്പോൾ അയാളറിയാതെ സ്വയം പുറത്തുവരുന്ന ചെടിയെപ്പോലെയാണ് മിഷൻ പ്രവർത്തനം. മണ്ണിൽ വീണ വിത്ത് അതിന്റെ സ്വാഭാവികപ്രേരണയാൽ അഴിഞ്ഞ് മുളയെടുക്കുന്നു. ആ പ്രക്രിയയിൽ വിതക്കാരന് പ്രത്യേകമായി ഒന്നും ചെയ്യാനില്ല. സ്രഷ്ടാവും വിത്തും തമ്മിൽ പൂർവകാലേ നിർണയിക്കപ്പെട്ടിട്ടുള്ള ഉടമ്പടിയുടെ ഭാഗമെന്ന പോലെ ആ വളർച്ച സംഭവിക്കുന്നു. ഇതുപോലെതന്നെ വചനം വിതച്ചുകഴിഞ്ഞാൽ അത് മനുഷ്യഹൃദയത്തിൽ പാകപ്പെടുന്നതിൽ മിഷനറിക്കു കാര്യമായ സംഭാവനയില്ല. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താലാണ് ഒരാൾ സുവിശേഷജന്യമായ ഫലം പുറപ്പെടുവിക്കുന്നത് (R. Jaouen, Les conditions d'une inculturation fiable, La Lumiere et Vie, vol. 33, no. 168, 1984, pp. 29-38).

മിഷൻപ്രവർത്തനത്തിൽ സഭയുടെ ദൗത്യം പ്രവൃത്തിയാലും വചനത്താലും വചനം വിതയ്ക്കലാണെന്നും അതിന്റെ ഫലം കൊയ്യേണ്ടത് ദൈവമാണെന്നും പറയുമ്പോൾ രക്ഷാകരപ്രവർത്തനങ്ങളുടെ മാർഗദർശകനും പരിപാലകനും ആത്മാവാണെന്ന യാഥാർത്ഥ്യമാണ് നമ്മൾ ഉൾക്കൊള്ളേണ്ടത്. ആത്മാവിന്റെ നിമന്ത്രണങ്ങൾക്ക് വിധേയപ്പെട്ട് പ്രവർത്തിച്ചാൽ സുവിശേഷവേല യേശുവിന്റെ ഹിതത്തിനനുസരിച്ചാകും. മിഷനറിക്ക് ഇച്ഛാഭംഗപ്പെടാൻ കാരണവുമില്ല.

13.10. പ്രേഷിതത്വത്തിന്റെ കാലികരൂപങ്ങൾ

കാലത്തിന്റെ ചുവരെഴുത്തുകൾ വായിച്ച് യേശുവിന്റെ മനുഷ്യാവതാര മാതൃകയിൽ ദൈവരാജ്യനിർമ്മാണത്തിലേർപ്പെടുമ്പോൾ സഭയ്ക്ക് വ്യത്യസ്തരീതികൾ അവലംബിക്കേണ്ടതായിവരും. ഭാരതത്തിന്റെ പ്രത്യേകപശ്ചാത്തലം കണക്കിലെടുക്കുമ്പോൾ ജീവിതസാക്ഷ്യം, സാംസ്കാരികാനുരൂപണം, മതസഹിഷ്ണുത, ജീവകാരുണ്യപ്രവർത്തനങ്ങൾ, അധഃസ്ഥിത സമൂഹങ്ങളുടെ വിമോചനം, പരസ്യപ്രഘോഷണം, മാനുഷിക വികസനം എന്നിങ്ങനെ വിവിധങ്ങളായ മാർഗങ്ങളിലൂടെ യേശുവിന്റെ സുവിശേഷധർമ്മം സമഗ്രമായി പൂർത്തീകരിക്കാൻ ക്രിസ്ത്യാനികൾക്ക് കഴിയും.

a) ജീവിതസാക്ഷ്യത്തിലൂടെയുള്ള സുവിശേഷപ്രഘോഷണം പുരാതന മതസംസ്കാരങ്ങളുടെ തണലിൽ വളർന്ന ഇന്ത്യക്കാർക്ക് സ്വാഗതാർഹമാണ്. യേശു വെളിപ്പെടുത്തിയ സത്യം പ്രഘോഷിക്കുന്നതിൽ മാത്രമല്ല, സത്യംതന്നെയായ യേശുവിനെ അനുകരിക്കുന്നതിലാണ് മിഷനറിയുടെ മേന്മ അടങ്ങിയിരിക്കുന്നത് (യോഹ 14,6). ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ ഗാന്ധിജി റോസാപുഷ്പത്തെപ്പോലെ സൗരഭ്യം പരത്തുന്ന ക്രൈസ്തവ സാക്ഷ്യത്തെ ഔദാര്യപൂർവം പുകഴ്ത്തിയിട്ടുണ്ട്. മതം മാറ്റം, രാഷ്ട്രീയരംഗത്ത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും സമൂഹങ്ങൾ തമ്മിലുള്ള ബലപരീക്ഷണത്തിന് കളമൊരുക്കുകയും ചെയ്യുന്ന ഇന്ത്യയിൽ സ്നേഹസാക്ഷ്യത്തിലൂടെയുള്ള പ്രേഷിതപ്രവർത്തനം ശ്ലാഘനീയമാണ്.

b) സുവിശേഷപ്രഘോഷണത്തിലെ അനിവാര്യമായ ഘടകമാണല്ലോ തനതു സംസ്കാരങ്ങളിലുള്ള ആഴപ്പെടൽ. യഹൂദ സംസ്കാരത്തിൽ വേരൂന്നി നിന്നുകൊണ്ട് ലോകസംസ്കാരങ്ങളിലേക്ക് കരങ്ങൾ വിരിച്ചുപിടിച്ച യേശുവിന്റെ മാതൃകയിൽ ആർഷസംസ്കാരത്തിന്റെ ആത്മാവിനെ സംവഹിക്കുന്ന ക്രൈസ്തവികത രൂപപ്പെടുത്തുകയാണ് മിഷനറി പ്രവർത്തനത്തിന്റെ മറ്റൊരു ശൈലി. യവനസംസ്കാരത്തിലും റോമൻ, പാശ്ചാത്യ സംസ്കാരങ്ങളിലും സുവിശേഷത്തിന് നവീനമായ വ്യാഖ്യാനങ്ങൾ നൽകപ്പെട്ടതുപോലെ ഹൈന്ദവ, മുസ്ലീം, ബൗദ്ധ, ജൈന, ദളിത്, ഗോത്ര സംസ്കാരങ്ങളിലെല്ലാം അടങ്ങിയിരിക്കുന്ന വചനത്തിന്റെ വിത്തുകളെ തിരിച്ചറിഞ്ഞ് അവയെ ഉൾക്കൊണ്ട് ക്രിസ്തുവിന്റെ മുഖം കൂടുതൽ ഉജ്ജ്വലത്തായി അവതരിപ്പിച്ചാൽ പൗരസ്ത്യ സംസ്കാരത്തിൽ ജനിച്ചുവളർന്ന യേശുവിനെ ഭാരതീയർക്കു അനായാസം മനസ്സിലാകും. കോടികൾ വിലമതിക്കുന്ന അംബരചുംബികളായ ദേവാലയങ്ങളോട് വിടപറഞ്ഞ് ഋഷി സംസ്കാരത്തിനിണങ്ങിയ പർണശാലകളുടെയും ആശ്രമങ്ങളുടെയും പരിസരസുഖം നൽകുന്ന ആരാധാനസൗകര്യങ്ങൾ കണ്ടെത്തുന്നത് സാംസ്കാരികാനുരൂപണമെന്ന മിഷൻ പ്രവർത്തനത്തിന്റെ കാലിക ആവശ്യമാണ്.

c) മതസംസ്കാരങ്ങൾ സംഘർഷാത്മകമാകുന്നതിന്റെ സൂചനകളാണ് ലോകമെമ്പാടുമുണ്ടായിക്കൊണ്ടിരിക്കുന്നത്. ഭാരതവും ഇതിന് അപവാദമല്ല. മതത്തിന്റെ പേരിലുള്ള സംഘർഷങ്ങൾ രാജ്യത്തിന്റെ വിവിധ കോണുകളിൽ അടിക്കടി വർദ്ധിച്ചുവരുന്നു. ഈ പരിസ്ഥിതിയിൽ മതസഹിഷ്ണുതയുടെ ഭൂമികയാകാൻ ഭാരതക്രൈസ്തവർക്ക് പ്രത്യേകമായ ഉത്തരവാദിത്തമുണ്ട്. 1974-ൽ റോമിൽ നടന്ന മെത്രാന്മാരുടെ സിനഡിൽ കാർഡിനൽ പിക്കാച്ചി മതാന്തര സംവാദം അതിൽത്തന്നെ നന്മയാണെന്നു മാത്രമല്ല, ഭാരതസഭയെ സംബന്ധിച്ചിടത്തോളം സുവിശേഷവത്കരണത്തിന്റെ സ്വാഭാവികശൈലിയാണെന്നു കൂടി പറയുകയുണ്ടായി (D.S. Amalorpavadas, Evangelization of the Modern World, 1975, pp. 155). മതാന്തരസംവാദം പരസ്പരമുള്ള അറിവിനെയും സമ്പത്തിനെയും പരിപോഷിപ്പിക്കുന്ന മാർഗം എന്ന നിലയ്ക്ക് സഭയുടെ ലോകത്തിലുള്ള സുവിശേഷ പ്രഘോഷണത്തിന് വിരുദ്ധമായ ഒന്നല്ല. തീർച്ചയായും മതാന്തരസൗഹൃദശ്രമങ്ങൾ പ്രേഷിതപ്രവർത്തനത്തിന്റെ മാറ്റിനിർത്താനാവാത്ത രൂപമാണ് എന്ന് "രക്ഷകന്റെ മിഷൻ" എന്ന ചാക്രിക ലേഖനം രേഖപ്പെടുത്തുന്നു (നമ്പർ55).

1992-ലെ അയോദ്ധ്യാ സംഭവത്തിന് ശേഷം വിവിധ സംസ്ഥാനങ്ങളിൽ മുസ്ലീംങ്ങളും ഹിന്ദുക്കളും ഏറ്റുമുട്ടിയപ്പോൾ ഇരുകൂട്ടർക്കും സുരക്ഷിതമായി ചേക്കാറാനുള്ള സൗഹൃദകൂടാരങ്ങളായിത്തീർന്നത് ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളുമായിരുന്നു. ജാതിമതസ്പർദ്ധയുടെ മുറിവുകളാൽ വർണിതമാക്കപ്പെട്ട ഹിന്ദുമുസ്ലീം സഹോദരങ്ങളുടെ നെടുവീർപ്പുകൾ ഏറ്റുവാങ്ങുന്ന സൗഹൃദക്കൂടുകളായി ക്രൈസ്ത കുടുംബങ്ങൾ രാജ്യത്തുടനീളം പ്രവർത്തിച്ചാൽ യേശു ഭാരതീയന് സ്വീകാര്യനാകുമെന്നതിൽ സംശയം വേണ്ട. ഒരുപക്ഷേ, 'ശത്രുക്കളെ സ്നേഹിക്കുവിൻ' എന്ന കല്പനയാൽ അനന്യമായിരിക്കുന്ന സുവിശേഷത്തിന്റെ കാതൽ ഭാരതീയർ തിരിച്ചറിയുന്നത് ക്രൈസ്തവർ അനുരഞ്ജന സമൂഹമാകുന്നതിലൂടെയായിരിക്കാം.

d) ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് യേശുവിന്റെ സാർവലൗകികസ്നേഹം വിളിച്ചറിയിക്കുന്നതിൽ കാര്യമാത്രപ്രസക്തമായ സ്ഥാനം ഉണ്ട്. രോഗികൾക്ക് സൗഖ്യവും വിശക്കുന്നവന് അപ്പവുമായി അവതരിക്കുന്ന സുവിശേഷം എന്നും അംഗീകരിക്കപ്പെടുമെന്നതിന് തെളിവാണ് മദർ തെരേസയ്ക്കും അവരുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ഇന്ത്യയിൽ ലഭിച്ച സ്വീകാര്യത. 30 ശതമാനത്തിലധികം ജനങ്ങൾ ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ഇപ്പോഴും ദാരിദ്ര്യരേഖക്ക് താഴെക്കഴിയുന്നവരാകയാൽ പരസ്നേഹപ്രവർത്തനങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട്. വിദ്യാഭ്യാസവും രോഗീശുശ്രൂഷയും ഭാരതത്തിലെ ദൈവരാജ്യനിർമാണത്തിന്റെ പ്രസരിപ്പ് നഷ്ടപ്പെടുത്താത്ത മുഖങ്ങളാണ്. സ്നേഹിക്കപ്പെടാൻ അയോഗ്യരെന്ന് തോന്നുന്നവരെ സ്നേഹിക്കാനും ശുശ്രൂഷിക്കാനും ശ്രമിക്കുമ്പോൾ മനുഷ്യൻ കൂടുതൽ മനുഷ്യത്വമുള്ളവനും ക്രിസ്തു സദൃശ്യനുമായിത്തീരുന്നു. അന്ത്യവിധിയുടെ വിവരണത്തിലും (മത്താ 25, 31-46), ധനവാന്റെയും ലാസറിന്റെയും ഉപമയിലും (ലൂക്കാ 16,19-31) വേദനയനുഭവിക്കുന്നവരോടുള്ള സഹാനുഭൂതി ദൈവരാജ്യപ്രവേശനത്തിന് അത്യന്താപേക്ഷിതമാണെന്ന ഗുരുമൊഴി ഭാരതത്തിൽ ഏറെ പ്രസക്തമാണ്.

e) വിൻസെന്റ് ഡി പോൾ സംഘടനപോലുള്ള പരമ്പരാഗത പ്രേഷിതപ്രവർത്തനങ്ങളുടെ ശൈലികളിൽ തൃപ്തിപ്പെടാതെ അവശവിഭാഗങ്ങളെ സ്വയംപര്യാപ്തതയിലെത്തിക്കാൻ ഉതകുന്ന, പാവങ്ങളെ ഉൾചേർത്തുകൊണ്ടുള്ള വികസനപ്രവർത്തനങ്ങളും ഭാരതീയ സുവിശേഷവത്കരണത്തിന്റെ മറ്റൊരു മുഖമാണ്. ഓരോ ദേശത്തും സംലഭ്യമായ അസംസ്കൃത പദാർത്ഥങ്ങളും മാനുഷികോർജ്ജവും തിരിച്ചറിഞ്ഞ് സ്വാശ്രയവികസന പ്രസ്ഥാനങ്ങൾക്ക് രൂപംകൊടുക്കാൻ ഇന്ന് മിഷനറിമാർ ശ്രദ്ധിക്കുന്നുണ്ട്. കരകൗശല വസ്തുനിർമ്മാണം, കുടിൽ വ്യവസായം, കാർഷികമേഖലയുടെ സമുദ്ധാരണം തുടങ്ങിയ മേഖലകളിൽ ബോധവൽകരണവും സാങ്കേതികവിദ്യയും നൽകി ദരിദ്രരായ ജനങ്ങളെത്തന്നെ വികസനപ്രവർത്തനങ്ങളുടെ സാരഥികളാക്കുന്ന മിഷനറിമാർ അവരുടെ സുതാര്യതയും വിനയവും നിസ്വാർത്ഥതയും നിമിത്തം സുവിശേഷസാന്നിദ്ധ്യമായിത്തീരുകയാണ് ചെയ്യുന്നത്.

f) വികസനപ്രവർത്തനങ്ങളെപ്പോലെ വിമോചനസംരംഭങ്ങളും ഭാരതസഭയുടെ സവിശേഷമായ സുവിശേഷവത്കരണശൈലിയാണ്. പരസ്യജീവിതത്തിന്റെ നാന്ദികുറിച്ച് സിനഗോഗിലെ പ്രഭാഷണത്തിൽ പാവപ്പെട്ടവരെ വിവിധരീതികളിലുള്ള അടിമത്വത്തിൽ നിന്നും മോചിപ്പിക്കുകയെന്നത് തന്റെ പ്രത്യേക ദൗത്യമായി അവതരിപ്പിച്ച യേശു ഭാരതത്തിലെ ശബ്ദമില്ലാത്തവർക്ക് അവകാശങ്ങളും നീതിയും നേടിക്കൊടുക്കാൻ ഉത്തേജനമായി നിലകൊള്ളുന്നു. അമലോർപവദാസ് പറയുംപോലെ, ഇന്ത്യയിലെ സാഹചര്യത്തിൽ, അനീതിക്കെതിരെ ശബ്ദിക്കാതിരിക്കുന്നത് അനീതിയെ അംഗീകരിക്കലാണ്. ചൂഷിതരോട് ചേരാതിരിക്കുന്നത് ചൂഷകരോടൊപ്പം നിൽക്കുന്നതിന് സമമാണ്. സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതാതിരിക്കുന്നത് അടിമത്തം നിലനിർത്തലാണ് (D.S. Amalorpavadas, Evangelization in the Context of India, Indian Theological Studies, 17, (2) June 1980, p. 109).

ദളിത് ഗോത്രവംശജരുടെ അവകാശങ്ങൾക്കായി തുടങ്ങിയ ഇന്ത്യയിലെ വിമോചനപ്രവർത്തനങ്ങൾ സ്ത്രീകളുടെയും കുട്ടികളുടെയും ഭൂമിയുടെയും അവകാശങ്ങൾ നേടിയെടുക്കാനുള്ള സമരങ്ങളിലേക്കിന്ന് വ്യാപിച്ചിരിക്കുന്നു. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട എല്ലാ വിഭാഗങ്ങളെയും വികസനത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുവാനുള്ള നീതിപൂർവകമായ ശ്രമങ്ങളിലൂടെ രക്ഷകനായ യേശുവിന്റെ പ്രവാചകസ്വരം ഭാരതീയരെ ശ്രവിപ്പിക്കുവാൻ സഭയ്ക്ക് സാധിക്കും.

മേലുദ്ധരിച്ച രീതികളെല്ലാം സഭയുടെ മിഷൻ പ്രവർത്തനത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. ഇന്ത്യയുടെ പ്രാദേശിക തനിമകളും കാലികപ്രതിസന്ധികളും കണക്കിലെടുത്ത് ഇവയിൽ ചിലതിലേക്ക് സഭ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിവരും. പരസ്യപ്രഘോഷണം നടത്താൻ സാധിക്കാത്ത സന്ദർഭങ്ങളിൽ മിഷൻ പ്രവർത്തനം നിഷ്ക്രിയമാണെന്ന് ചിന്തിക്കേണ്ടതില്ല. “സംവാദവും പ്രഘോഷണവും” (1991) എന്ന രേഖയിൽ പറയുന്നതുപോലെ, 'രാഷ്ട്രീയമോ, മറ്റേതെങ്കിലും കാരണത്താലോ പ്രഘോഷണം പ്രായോഗികമായി അസാധ്യമായ സന്ദർഭങ്ങളിൽ സഭ അവളുടെ സാന്നിദ്ധ്യത്താലും സാക്ഷ്യത്താലും ജീവകാരുണ്യ പ്രവർത്തനങ്ങളാലും വികസനോന്മുഖവും വിമോചനാത്മകവുമായ പ്രസ്ഥാനങ്ങളിലൂടെയും മതാന്തര സമ്പർക്കത്തിലുടെയും തന്റെ ദൗത്യം പൂർത്തീകരിക്കുന്നു എന്ന് കരുതാവുന്നതാണ്' (നമ്പർ 76).

വിശുദ്ധ പൗലോശ്ലീഹായുടെ വാക്കുകൾ മിഷനറിമാരുടെ കാതുകൾക്ക് കൂട്ടാകട്ടെ: 'ഞാൻ നട്ടു, അപ്പോളോസ് നനച്ചു. എന്നാൽ വളർത്തിയത് ദൈവമാണ്. നടുന്നവനോ നനക്കുന്നവനോ അല്ല വളർത്തുന്നവനായ ദൈവത്തിനാണ് പ്രാധാന്യം' (1 കോറി 3, 6-7). ആത്മാവിന്റെ കരങ്ങളിലെ ഉപയോഗശൂന്യമായ ഉപകരണമെന്ന നിലയിൽ എളിമയോടും വിശ്വാസത്തോടും കൂടിയുള്ള സുവിശേഷപ്രവർത്തനത്തിന് ഈ ചിന്തകൾ സഭാ മക്കൾക്കേവർക്കും പാഥേയമാകട്ടെ.

സുവിശേഷവത്കരണത്തിന്റെ പ്രസക്തി Dr. Vincent Kundukulam Fr. Tom Olikkarottu ഇതരമത ദൈവശാസ്ത്രം പ്രേഷിതത്വത്തിന്റെ അടിസ്ഥാനം മിഷൻ കല്പന മാനസാന്തരമെന്നാൽ പുനഃസുവിശേഷവത്കരണം ദൈവരാജ്യവികസനമാണ് ലക്ഷ്യം അനിവാര്യമായ പരസ്യപ്രഘോഷണം സ്വാതന്ത്ര്യത്തെ മാനിക്കുന്ന പ്രഘോഷണം ആത്മാവാണ് മിഷണറി പ്രേഷിതത്വത്തിന്റെ കാലികരൂപങ്ങൾ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message