We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 17-Oct-2020
പരിശുദ്ധ ത്രിത്വം വിശ്വാസത്തിന്‍റെ അടിസ്ഥാനം
പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള വികലമായ പ്രബോധനമാണ് എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനത്തിന്‍റെ പഠനങ്ങളിലെ അടിസ്ഥാനപരമായ തെറ്റ്. പരിശുദ്ധ മറിയത്തെ പരിശുദ്ധ ത്രിത്വത്തിന്‍റെ ഭാഗമായി കരുതുന്ന പാഷണ്ഡതയുടെ സ്വാധീനം ഇവരുടെ പ്രബോധനങ്ങളില്‍ പ്രകടമാണ്. ഈ പാഷണ്ഡതയെ വിലയിരുത്തുന്നതിന് മുൻപ് പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള തിരുസഭയുടെ പ്രബോധനം നാം മനസ്സിലാക്കേണ്ടതുണ്ട്.
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവത്തിലുള്ള വിശ്വാസം ക്രൈസ്തവ വിശ്വാസത്തിന്‍റെ തനിമയാര്‍ന്ന പ്രത്യേകതയാണ്. യഹൂദരും മുസ്ലീങ്ങളും ക്രൈസ്തവരെപ്പോലെ ഏകദൈവ വിശ്വാസികളാണ്. എന്നാല്‍, ദൈവം ത്രിത്വമാണ് എന്ന വിശ്വാസത്തിലൂടെ ക്രൈസ്തവവിശ്വാസം ഇതര വിശ്വാസങ്ങളില്‍ നിന്ന് വ്യതിരിക്തമാകുന്നു. ഒന്നു മൂന്നാകുന്നതും മൂന്ന് ഒന്നാകുന്നതുമായ ദൈവികരഹസ്യമായ ത്രിത്വത്തെ മനസ്സിലാക്കാന്‍ മനുഷ്യനുകഴിയില്ല എന്നതിനാല്‍ ത്രിത്വൈകരഹസ്യം വ്യാഖ്യാനിച്ചവരില്‍ പലര്‍ക്കും അബദ്ധം സംഭവിച്ചു.
കടല്‍ക്കരയില്‍ ത്രിത്വ രഹസ്യം ധ്യാനിച്ചുനടന്ന ആഗസ്തീനോസു പുണ്യവാന്‍ കടല്‍ത്തീരത്ത് കുഴിയെടുത്ത് കക്കകൊണ്ട് കടല്‍വെള്ളം കോരിനിറച്ചിരുന്ന കുഞ്ഞിനോട് അവന്‍ ചെയ്യുന്നതെന്തെന്ന് ചോദിച്ച കഥ സുവിദിതമാണല്ലോ. താന്‍ കടല്‍ വറ്റിക്കാന്‍ ശ്രമിക്കുകയാണെന്നു പറഞ്ഞ കുട്ടിയെ അവന്‍റെ പരിശ്രമത്തിന്‍റെ അപ്രായോഗികത ബോധ്യപ്പെടുത്താന്‍ ആഗസ്തീനോസ് കിണഞ്ഞു ശ്രമിച്ചു. അപ്പോള്‍ കുട്ടി പറഞ്ഞത്രേ: ഈ കക്കകൊണ്ടു കടലുവറ്റിക്കുന്നതിനെക്കാള്‍ എത്രയോ ശ്രമകരമാണ് അങ്ങയുടെ തലകൊണ്ട് ത്രിത്വരഹസ്യം ഗ്രഹിക്കാന്‍ മെനക്കെടുന്നത്? ആ കുട്ടി വേഷം മാറിവന്ന മാലാഖയായിരുന്നു എന്നാണു കഥ. കഥയുടെ യാഥാര്‍ത്ഥ്യത്തെക്കാള്‍ അതിന്‍റെ പൊരുളാണു പ്രസക്തം. പരി. ത്രിത്വം മനുഷ്യബുദ്ധിക്ക് അതീതമായ രഹസ്യമാണ്. മനുഷ്യബുദ്ധിയുടെ ഉപജ്ഞാതാവും സ്രഷ്ടാവുമാകയാല്‍ ത്രിത്വൈക ദൈവം മനുഷ്യബുദ്ധിക്കു വഴങ്ങാത്ത സത്യമാണ്.
പരി. ത്രിത്വത്തെക്കുറിച്ചുള്ള സഭയുടെ വിശ്വാസ പ്രബോധനങ്ങള്‍ സംക്ഷിപ്തമായി ചുവടെ വിവരിക്കുന്നു:
1. ദൈവം പിതാവാണ് എന്ന സങ്കല്‍പം വിവിധ മതങ്ങളിലുമുള്ളതാണ്. പഴയനിയമം സകലത്തിന്‍റെയും സ്രഷ്ടാവ് (നിയ 32:6; മലാ 2:10) എന്ന നിലയിലും ഉടമ്പടിവഴി ആദ്യജാതനായ ഇസ്രായേലിന്‍റെ പരിപാലകന്‍ (പുറ 4:22) എന്ന നിലയിലും ദൈവത്തെ പിതാവ് എന്നു വിളിച്ചിരുന്നു. എന്നാല്‍ ദൈവത്തെ പിതാവ് എന്നു വിളിക്കാനുള്ള ഏറ്റവും പ്രധാനകാരണം വെളിപ്പെടുത്തിയത് ഈശോയാണ്. തന്‍റെ ഏകജാതനായ പുത്രന്‍തമ്പുരാനു ജന്മം നല്‍കിയവന്‍ എന്ന നിലയില്‍ ദൈവം പിതാവാണ് എന്ന് ഈശോ വ്യക്തമാക്കി. ദൈവത്തെ പിതാവ് എന്നു വിളിക്കുന്നതിലൂടെ ദൈവം പുരുഷനാണ് എന്നു തെറ്റിദ്ധരിക്കരുത്. സ്ത്രീപുരുഷ ലിംഗഭേദങ്ങള്‍ക്കും മാനുഷികമായ മാതൃത്വ പിതൃത്വ വ്യത്യാസങ്ങള്‍ക്കും അതീതമായ അര്‍ത്ഥത്തിലാണ് ദൈവം പിതാവാണ് എന്ന സംജ്ഞയെ മനസ്സിലാക്കേണ്ടത് (CCC 219).
2. തന്‍റെ പീഡാനുഭവത്തിന്‍റെ തലേരാത്രിയില്‍ പിതാവിനും പുത്രനുമൊപ്പമുള്ള മറ്റൊരു ദൈവികവ്യക്തിയെ (paraclete) ക്കുറിച്ചുകൂടി ഈശോ വെളിപ്പെടുത്തി (യോഹ 14:17,26; 16:13). സൃഷ്ടിമുതല്‍ സന്നിഹിതനും (ഉത്പ 1:2) ദൈവജനത്തിന്‍റെ നായകരിലൂടെ സംസാരിച്ചിരുന്നവനുമായ പരിശുദ്ധാത്മാവാണ് ഈ സഹായകന്‍ (paraclete) എന്ന് ഈശോ വ്യക്തമാക്കിയപ്പോഴാണ് ത്രിത്വരഹസ്യം പൂര്‍ണ്ണമായും അനാവൃതമായത്.
3. ആദിമസഭ തങ്ങളുടെ വിശ്വാസം ഏറ്റുപറഞ്ഞിരുന്നത് ത്രിത്വൈക ദൈവത്തിന്‍റെ നാമത്തിലായിരുന്നു. ആദിമസഭയില്‍ മാമ്മോദീസാ ത്രിത്വൈകദൈവത്തിന്‍റെ നാമത്തിലാണ് (മത്താ 28:19) പരികര്‍മ്മം ചെയ്തിരുന്നത്. പ്രാര്‍ത്ഥനകള്‍ പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിലാണ് ആരംഭിച്ചിരുന്നത്.... നാമത്തില്‍ എന്നതിനു പകരം "നാമങ്ങളില്‍" എന്ന് ഒരിക്കലും ഉപയോഗിച്ചിട്ടില്ല എന്നതു ശ്രദ്ധേയമാണ്. പരി. ത്രിത്വം ഏകദൈവമാണ് എന്ന വിശ്വാസമാണ് ഈ ഏകവചന പ്രഘോഷണത്തില്‍ പ്രതിഫലിക്കുന്നത്. വി. പൗലോസിന്‍റെ ലേഖനങ്ങളിലെ ആരാധനാക്രമപരമായ ആശീര്‍വാദങ്ങള്‍ ത്രിത്വൈകദൈവ സ്തുതിപ്പുകളാണ്: ''നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്‍റെ സ്നേഹവും പരിശുദ്ധാത്മാവിന്‍റെ സഹവാസവും....." ഏ.ഡി. 50 കളില്‍ എഴുതപ്പെട്ട ഈ ലേഖനങ്ങള്‍ ആദിമസഭയുടെ ത്രിത്വൈകദൈവത്തിലുള്ള വിശ്വാസത്തെയാണ് സ്പഷ്ടമായി അവതരിപ്പിക്കുന്നത്. തന്മൂലം ത്രിത്വൈക വിശ്വാസം ഏതെങ്കിലും ദൈവശാസ്ത്രജ്ഞന്‍റെയോ സൂനഹദോസിന്‍റെയോ കണ്ടെത്തലല്ല എന്നു വ്യക്തമാണ്.
4. പരിശുദ്ധ ത്രിത്വത്തില്‍ സത്താപരമായ ഐക്യമുണ്ട് (Homoousia). തൊളേദോ കൗണ്‍സിലിന്‍റെ (614) വ്യാഖ്യാനമനുസരിച്ച്, പിതാവ് ആയിരിക്കുന്നതെന്തോ അതാണു പുത്രനും ആയിരിക്കുന്നത്. പിതാവും പുത്രനും എന്തായിരിക്കുന്നുവോ അതാണ് പരിശുദ്ധാത്മാവും ആയിരിക്കുന്നത് (DS 50:26). പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരേ സത്തയാണെന്നതിനാല്‍ അവര്‍ മൂന്നു ദൈവങ്ങളല്ല, ഒരേ ദൈവംതന്നെയാണ്. "പ്രകാശത്തില്‍ നിന്നുള്ള പ്രകാശം" എന്ന പ്രതീകമാണ് സത്താപരമായ ഐക്യത്തെ സൂചിപ്പിക്കാന്‍ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂനഹദോസ് ഉപയോഗിക്കുന്നത്. കത്തുന്നതിരിനാളവും അതില്‍നിന്നു കൊളുത്തപ്പെട്ട തിരിനാളവും തമ്മിലുള്ള സത്താപരമായ ഐക്യത്തെയാണ് ഇവിടെ വിവക്ഷിക്കുന്നത്.
ഒരേസത്ത (Homoousia) എന്നതിനു പകരം ഒരുപോലെയുള്ള സത്ത (homoiousia) യാണ് ത്രിത്വൈക ദൈവം എന്നു വാദിച്ചവരും മൂന്നു വ്യക്തികളെപ്പോലെ ത്രിത്വത്തോടൊപ്പമുള്ള നാലാമത്തെ വ്യക്തിയാണ് ദൈവികസത്ത എന്നു വാദിച്ചവരും (Quaternity) സഭാചരിത്രത്തിലുണ്ടായിരുന്നു. എന്നാല്‍, ഇവയെല്ലാം പാഷണ്ഡതകളാണെന്ന് വിവിധ സൂനഹദോസുകള്‍ പ്രഖ്യാപിച്ചു.
5. സത്താപരമായ ഐക്യമുള്ളപ്പോഴും പരിശുദ്ധത്രിത്വത്തിലെ പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്നു വ്യതിരിക്ത വ്യക്തികളാണ്. വി.ഗ്രിഗറി നാസിയാന്‍സനെ ഉദ്ധരിച്ച് നാലാം ലാറ്ററന്‍ സൂനഹദോസ് (1215) ഇതെക്കുറിച്ച് പഠിപ്പിക്കുന്നത് ശ്രദ്ധാര്‍ഹമാണ്: "പിതാവ് ഒരു വ്യക്തി (alius) ആണ്, പുത്രന്‍ മറ്റൊരു വ്യക്തിയാണ്, പരിശുദ്ധാത്മാവും മറ്റൊരുവ്യക്തിയാണ്. എന്നാല്‍ അവ വ്യത്യസ്തങ്ങളായ യാഥാര്‍ത്ഥ്യങ്ങള്‍ (aliud) അല്ല". പരിശുദ്ധത്രിത്വത്തിലെ മൂന്നു വ്യക്തികള്‍ തമ്മിലുള്ള വ്യത്യാസം അവരുടെ ഉത്ഭവത്തിലുള്ള വ്യത്യാസമാണെന്ന് ഇതേ സൂനഹദോസ് പഠിപ്പിച്ചു: "പിതാവ് പുത്രനെ ജനിപ്പിക്കുന്നു, പുത്രനാകട്ടെ ജനിപ്പിക്കപ്പെട്ടവനാണ്; പരിശുദ്ധാത്മാവാകട്ടെ പിതാവില്‍നിന്നു പുറപ്പെടുന്നവനാണ്" (DS 804). ത്രിത്വത്തിലെ മൂന്നുവ്യക്തികള്‍ (hypostasis) തമ്മില്‍ വ്യത്യാസങ്ങളില്ല എന്നു പറയുന്നത് പാഷണ്ഡതയാണ്.
6. പരിശുദ്ധത്രിത്വത്തിലെ മൂന്നുവ്യക്തികള്‍ തമ്മില്‍ പൂര്‍ണ്ണമായ ഐക്യം (Perichoresis) ഉണ്ട് എന്നതും സഭയുടെ വിശ്വാസസത്യമാണ്. ത്രിത്വൈകദൈവത്തിലെ വ്യക്തിപരമായ വ്യത്യാസം അവരുടെ ബന്ധത്തെയാണു സൂചിപ്പിക്കുന്നത്. പിതാവും പുത്രനും തമ്മിലുള്ള വ്യത്യാസം അവരുടെ ബന്ധമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും അവര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ പേരിലാണ് വ്യതിരിക്തമായിരിക്കുന്നത്, ഫ്ളോറന്‍സ് കൗണ്‍സില്‍ പഠിപ്പിക്കുന്നതുപോലെ, "പിതാവ് പൂര്‍ണ്ണമായും പുത്രനിലും പരിശുദ്ധാത്മാവിലും, പുത്രന്‍ പൂര്‍ണ്ണമായും പരിശുദ്ധാത്മാവിലും പിതാവിലും, പരിശുദ്ധാത്മാവ് പൂര്‍ണ്ണമായും പിതാവിലും പുത്രനിലും ആയിരിക്കുന്ന അതുല്യമായ ഐക്യമാണ് ത്രിത്വത്തിലുള്ളത്"(DS 1331). ഈ ഐക്യത്തെയാണ് പെരിക്കോറേസിസ് (ഇടയില്‍ സ്ഥലമില്ലാത്ത വിധം ചേര്‍ന്നിരിക്കുന്ന അവസ്ഥ) എന്ന പദത്തിലൂടെ വിവക്ഷിക്കുന്നത്.
7. പരിശുദ്ധാത്മാവ് പിതാവില്‍നിന്ന് പുറപ്പെടുന്നു എന്ന് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കൗണ്‍സില്‍ (381) പഠിപ്പിച്ചു. എന്നാല്‍, 675ല്‍ തൊളേദോയില്‍ ചേര്‍ന്ന പ്രാദേശിക സൂനഹദോസ്, പരിശുദ്ധാത്മാവ് പിതാവില്‍നിന്നും പുത്രനില്‍നിന്നും (filioque) പുറപ്പെടുന്നു എന്നു കൂട്ടിച്ചേര്‍ത്തു (DS 527). ഇതിനെ പൗരസ്ത്യസഭാപിതാക്കന്മാര്‍ എതിര്‍ത്തു. ഒരു സാര്‍വ്വത്രിക സൂനഹദോസിന്‍റെ പഠനത്തെ ഒരു പ്രാദേശികസൂനഹദോസ് തിരുത്തുന്നതിലെ അനൗചിത്യമാണ് പ്രധാനമായും അവര്‍ ചൂണ്ടിക്കാട്ടിയത്. പാശ്ചാത്യ-പൗരസ്ത്യസഭകളുടെ ത്രിത്വദര്‍ശനത്തില്‍ ഈ വ്യത്യാസം ഇന്നും നിലനില്‍ക്കുന്നുണ്ട്. ഏ.ഡി. 447ല്‍ ലെയോ ഒന്നാമന്‍ മാര്‍പാപ്പാ, "പരിശുദ്ധാത്മാവ് പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്നു" എന്ന് ഔദ്യോഗികമായി പഠിപ്പിച്ചിട്ടുണ്ടായിരുന്നു. 1439ലെ ഫ്ളോറന്‍സ് കൗണ്‍സിലും സമാനമായ പ്രബോധനം നല്‍കുന്നുണ്ട്. പിതാവില്‍ നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്നവനും പിതാവിന്‍റെയും പുത്രന്‍റെയും സ്വഭാവപ്രകൃതിയിലും (nature) അസ്തിത്വത്തിലും (subsistence) ഒരേ സമയം പങ്കുചേരുന്നവനുമാണ് പരിശുദ്ധാത്മാവ് എന്ന് ഈ സൂനഹദോസ് പഠിപ്പിച്ചു.
പൗരസ്ത്യ പാരമ്പര്യമാകട്ടെ "പരിശുദ്ധാത്മാവ് പിതാവില്‍ നിന്ന് പുത്രനിലൂടെ പുറപ്പെടുന്നു" എന്ന സുവിശേഷപാരമ്പര്യത്തെയാണ് (യോഹ 15:26) മുറുകെപ്പിടിക്കുന്നത്. എന്നാല്‍, സൂക്ഷ്മാപഗ്രഥനത്തില്‍ ഈ രണ്ടു നിലപാടുകളും തമ്മില്‍ കാര്യമായ അന്തരമില്ല എന്നു വ്യക്തമാണ്. പരിശുദ്ധത്രിത്വത്തില്‍ പിതാവിനുള്ള പ്രഥമസ്ഥാനമാണ് പൗരസ്ത്യപാരമ്പര്യം ഊന്നിപ്പറയുന്നത്. എന്നാല്‍ പിതാവും പുത്രനും തമ്മിലുള്ള സത്താപരമായ ഐക്യത്തില്‍ ഊന്നിയാണ് പാശ്ചാത്യപാരമ്പര്യം പഠിപ്പിക്കുന്നത്. പിതാവിനും പുത്രനുമൊപ്പം ആരാധിക്കപ്പെടുന്നവനാണ് പരിശുദ്ധാത്മാവ് എന്ന് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂനഹദോസുതന്നെ പ്രഖ്യാപിച്ചിരുന്നതിനാല്‍ പാശ്ചാത്യ-പൗരസ്ത്യനിലപാടുകളെ പരസ്പര പൂരകങ്ങളായി മനസ്സിലാക്കാവുന്നതാണ്. ഒരേസത്യത്തെ രണ്ടുവീക്ഷണകോണുകളിലൂടെ അവതരിപ്പിക്കുന്നു എന്നതിനാല്‍ പാശ്ചാത്യ-പൗരസ്ത്യവീക്ഷണങ്ങളെ വിരുദ്ധാശയങ്ങളായി കാണാതെ പരസ്പര ബഹുമാനത്തോടെ മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്.
8. ഗ്രീക്കുസഭാ പിതാക്കന്മാരായ വി.ഗ്രിഗറി നസിയാന്‍സന്‍, നെസായിലെ വി.ഗ്രിഗറി, വി.ബേസില്‍ എന്നിവരാണ് ത്രിത്വവിജ്ഞാനീയത്തിന് ഊടും പാവും നല്‍കിയത്. ഇവര്‍ മൂവരും "കപ്പദോസിയായിലെ പിതാക്കന്മാര്‍" എന്ന പേരിലാണ് അറിയപ്പെടുന്നത്.
Mar Joseph Pamplany The Holy Trinity - the basis of faith faith Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206