We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Noble Thomas Parackal On 25-May-2021
ആഴമില്ലാത്ത വിശ്വാസത്തിൻ്റെ അപകടങ്ങള്‍
ശരിയായി ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍ ലോകത്തില്‍ ഏറ്റവും അപകടകരമായത് ദൈവവിശ്വാസം തന്നെയാണ്. ദൈവത്തിൻ്റെയും മതത്തിൻ്റെയും പേരില്‍ അരങ്ങേറിയിട്ടുള്ള എല്ലാ അതിക്രമങ്ങളുടെയും അടിസ്ഥാനകാരണം ഇതാണ്. എന്തുകൊണ്ട് ചില മതവിഭാഗങ്ങള്‍ – അല്ലെങ്കില്‍, മിക്കവാറും മതങ്ങളിലെ ചില വിഭാഗങ്ങള്‍ – തീവ്രസ്വഭാവം പുലര്‍ത്തുന്നുവെന്ന് അന്വേഷിക്കുമ്പോള്‍ പ്രസ്തുത ദൈവവിശ്വാസത്തെ തെറ്റിദ്ധരിച്ചതാണ് കാരണമെന്ന് അവര്‍തന്നെ ഉത്തരം നല്കുന്നു. ആയതിനാല്‍, ദൈവവിശ്വാസത്തിന്റെ പേരില്‍ അരങ്ങേറുന്ന ചെറുതും വലുതുമായ അക്രമങ്ങളുടെ പേരില്‍ ദൈവത്തെത്തന്നെ ഇല്ലായ്മ ചെയ്യുകയല്ല, മറിച്ച് അത്തരം അപഭ്രംശങ്ങള്‍ക്ക് കാരണമായ അപഥസഞ്ചാരങ്ങളെ തിരുത്തുകയാണ് വേണ്ടത്. “ഏകം സത്, വിപ്രാ ബഹുദാ വദന്തി” എന്ന സാമാന്യതത്വത്തെ ജീവശ്വാസമായി സ്വീകരിച്ച് സകലവിശ്വാസങ്ങളെയും സമദൃഷ്ടിയോടെ കാണാന്‍ കഴിഞ്ഞിരുന്ന ആര്‍ഷഭാരതസംസ്കാരം ഇന്ന് അതിൻ്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവരുടെ ഇടുങ്ങിയ ചിന്തയാല്‍ എത്രമേല്‍ ശുഷ്കമായിരിക്കുന്നുവെന്നത് ദൈവത്തിലുള്ള അമിതവിശ്വാസം കൊണ്ടുണ്ടാകാവുന്ന ഒരപകടത്തിൻ്റെ നേര്‍ക്കാഴ്ചയാണ്.
അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യുന്നതില്‍ സംഘടിതമതങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ബഹുവിധസംസ്കാരങ്ങളുടെ പശ്ചാത്തലത്തില്‍ പല വിശ്വാസങ്ങള്‍ കൂടിക്കലര്‍ന്നതിലൂടെയും പ്രപഞ്ചത്തിലെ ദൈവികവെളിപാട് വേണ്ടവിധം സംസ്കരിക്കപ്പെടാത്തതിലൂടെയും രൂപപ്പെട്ടതായിരുന്ന അന്ധവിശ്വാസങ്ങളില്‍ ഭൂരിഭാഗവും. അവയെ തിരുത്തിയും തുരത്തിയും സംഘടിതമതങ്ങള്‍ സ്വഭാവികബുദ്ധിയുടെ ഉപയോഗത്തിലൂടെ മനുഷ്യന്റെ ദൈവാവബോധത്തില്‍ ശുദ്ധിയും വിശുദ്ധിയും സ്ഥാപിച്ചെടുത്തു. ഇവ്വിധം തന്നെ ക്രിസ്തീയവിശ്വാസം തത്വശാസ്ത്രത്തില്‍ അടിസ്ഥാനമിട്ട ദൈവശാസ്ത്രത്തെ രൂപപ്പെടുത്തി. അവിടെ ക്രൈസ്തവദൈവശാസ്ത്രം മനുഷ്യൻ്റെ സ്വാഭാവികബുദ്ധിയിലുള്ള ശുദ്ധീകരണപ്രക്രിയയക്ക് വിധേയപ്പെടുകയായിരുന്നു. ദൈവികവെളിപാട് ക്രിസ്തുവില്‍ പൂര്‍ണ്ണമായെന്നും എന്നാല്‍ ഇനിയും അതിൻ്റെ പൂര്‍ണ്ണതയില്‍ ഉള്‍ക്കൊള്ളാന്‍ മനുഷ്യന്‍ പരിശ്രമിക്കേണ്ടിയിരിക്കുന്നുവെന്നും ക്രൈസ്തവദൈവശാസ്ത്രം അതിൻ്റെ വിശകലനങ്ങളില്‍ സ്വയം സമ്മതിക്കുന്നുണ്ട്. “ദൈവത്തെക്കുറിച്ചുള്ള നമ്മുടെ ഭാഷയില്‍ പരിമിതവും ഭാവനാബദ്ധവും അപൂര്‍ണ്ണവുമായ എല്ലാറ്റിനെയും നാം നിരന്തരം ശുദ്ധീകരിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, നമ്മുടെ മാനുഷികാവതരണങ്ങളെ “അവര്‍ണ്ണനീയനും അഗ്രാഹ്യനും അദൃശ്യനും ബുദ്ധിക്കതീതനുമായ” ദൈവവുമായി കൂട്ടിക്കുഴക്കാന്‍ ഇടയുണ്ട്” എന്നാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പറയുന്നത് (നമ്പര്‍ 42).
ദൈവത്തെക്കുറിച്ചുള്ള സംസാരത്തില്‍ മനുഷ്യന്‍ അവലംബിക്കുന്നത് പലവിധത്തില്‍ പരിമിതമാക്കപ്പെട്ട മാനുഷികസങ്കേതങ്ങളാണ്. ഭാഷയിലുള്ള എല്ലാ ആവിഷ്കാരങ്ങളും പരിമിതമാണ്. ദൈവത്തെക്കുറിച്ചുള്ള ആവിഷ്കാരങ്ങളെല്ലാം തന്നെ അതിനാല്‍ ദൈവത്തിലെത്തിനില്‍ക്കുന്നുവെന്ന് മാത്രം അവകാശപ്പെട്ടുകൊണ്ട് മതബോധനഗ്രന്ഥം പറയുന്നത്, ദൈവത്തെ അനന്തമായ കേവലസ്വഭാവത്തില്‍ അവതരിപ്പിക്കുക സാദ്ധ്യമല്ല (നമ്പര്‍ 43) എന്നു തന്നെയാണ്. എന്നാല്‍ ദൈവാത്മാവിൻ്റെ തന്നെ സഹായത്തോടെ വെളിപ്പെടുത്തപ്പെട്ട ദൈവികസത്യങ്ങളെ വിശ്വാസികളുടെ സമൂഹത്തില്‍ സഭയുടെ പ്രബോധനാധികാരത്തോട് ചേര്‍ന്നുനിന്നുകൊണ്ട് സ്വീകരിക്കുമ്പോള്‍ അതില്‍തെറ്റുപറ്റുക സാദ്ധ്യമല്ലെന്ന് വിശ്വസിക്കുമ്പോഴും, അതേ വിശ്വാസത്തില്‍, അതേ പരിശുദ്ധാത്മാവിനാല്‍ത്തന്നെ വളര്‍ച്ചയുണ്ടാകാമെന്നും തിരുസ്സഭ പഠിപ്പിക്കുന്നുണ്ട് (94).
വിശ്വാസത്തിൻ്റെ പല തലങ്ങള്‍
ദൈവത്തിലുള്ള വിശ്വാസത്തിന് തന്നെ പല തലങ്ങളുണ്ട്. യാതൊരു മറുചിന്തയുമില്ലാതെ ദൈവത്തില്‍ ആശ്രയിക്കുന്നവര്‍. നിഷ്കളങ്കരായ സാധാരണ മനുഷ്യര്‍. ദൈവത്തെക്കുറിച്ചുള്ള അറിവ് പകര്‍ന്നു നല്കുന്ന ചെറിയ പ്രായത്തില്‍ഗൗരവതരമായ വിഷയങ്ങള്‍ മനസ്സിലാക്കാനും ആശയങ്ങള്‍ ഗ്രഹിക്കാനും കഴിയാത്തപ്പോള്‍ ലാഘവപ്പെടുത്തി നല്കുന്ന മതപാഠങ്ങളില്‍ത്തന്നെ ജീവിതാവസാനം വരെ നിലനില്‍ക്കുന്നവര്‍ വേറെ ചിലര്‍. പലപ്പോഴും ഇത്തരം ലാഘവചിന്തകള്‍ വച്ച് വലിയ വാദഗതികള്‍ക്ക് പൊതുവേദികളില്‍പ്പോലും ഇക്കൂട്ടര്‍മുതിരാറുണ്ട്. ഇടവകദേവാലയങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും ഉപയോഗിക്കപ്പെടുന്ന ഭാഷയും ശൈലിയും ഇത്തരത്തിലുള്ളതാണ്. വിശ്വാസം രൂപപ്പെടുത്താനും അതില്‍ നിലനിര്‍ത്താനും ജനസാമാന്യത്തെ സഹായിക്കുന്ന ഒരു അവതരണരീതിയാണത്. ഇത്തരം അവതരണങ്ങള്‍ യുക്തിഭദ്രമാണോ എന്നതും അവതരിപ്പിക്കപ്പെടുന്നത് സഭയുടെ ആധികാരികപഠനങ്ങള്‍തന്നെയാണോ എന്നും അന്വേഷിക്കുന്നതില്‍ അര്‍ത്ഥമില്ല. കാരണം അവയുടെ ഉദ്ദേശം എന്നത് തര്‍ക്കവിതര്‍ക്കമോ ദൈവാശാസ്ത്രചര്‍ച്ചയോ അല്ല, മറിച്ച്, ലളിതമായ വിശ്വാസക്കൈമാറ്റം മാത്രമാണ്. വിശ്വാസത്തിൻ്റെ ഒരു ശൈശവാവസ്ഥയാണത് (Infantile Faith) എന്നു പറയാം.
ഇടവകകളിലേയും ധ്യാനകേന്ദ്രങ്ങളിലേയും പ്രാര്‍ത്ഥനകള്‍, പ്രഘോഷണങ്ങള്‍, ശുശ്രൂഷകള്‍ എന്നിവ പലപ്പോഴും നിരീശ്വരവാദികള്‍, യുക്തികവാദികള്‍, അജ്ഞേയതാവാദികള്‍, സ്വതന്ത്രചിന്തകര്‍ എന്നിങ്ങനെ പലവിധ സംഘങ്ങളാലും ചോദ്യം ചെയ്യപ്പെടുകയോ വിമര്‍ശിക്കപ്പെടുകയോ ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. ഇടവകകളിലും ധ്യാനകേന്ദ്രങ്ങളിലും നടത്തുന്ന ശുശ്രൂഷകളെയും ലളിതവത്കരിച്ച വിശ്വാസവ്യാഖ്യാനങ്ങളെയും പൊതുവിടത്തിലേക്ക് പ്രസരിപ്പിക്കുന്നതിലെ (സാമൂഹ്യമാധ്യമങ്ങളും മറ്റും) ഒരപകടം ഇതാണ്. ഒരുക്കമോ സ്വീകാര്യതയോ ഇല്ലാത്ത ഇടങ്ങളില്‍ വചനം പന്നികള്‍ക്ക് മുമ്പില്‍വിതറപ്പെട്ട മുത്തുപോലെയാണ്. അവ ചവിട്ടി നശിപ്പിക്കപ്പെടുകയും അവ കൈകാര്യം ചെയ്യുന്നവര്‍ ആക്രമിക്കപ്പെടുകയും ചെയ്യും. വിജാതീയരോടുള്ള വിശ്വാസപ്രഘോഷണത്തിൻ്റെ മാര്‍ഗ്ഗമാണതെന്ന് പറഞ്ഞാലും യാതൊരൊരുക്കവും മുന്നറിവുമില്ലാത്തവര്‍ക്ക് നമ്മുടെ വിശ്വാസപ്രകടനങ്ങള്‍ പ്രഹസനങ്ങളായിമാത്രമേ തോന്നാനിടയുള്ളു. മേല്‍പ്പറഞ്ഞവരുടെ ദുഷിച്ച വ്യാഖ്യാനങ്ങളും വിമര്‍ശനങ്ങളും കൂടിയാകുമ്പോള്‍ ക്രൈസ്തവവിശ്വാസം വെറും കോമാളിത്തരമായി വിലയിരുത്തപ്പെടുകയും ചെയ്യും. എന്നാല്‍ ഇത്തരം അവഹേളനങ്ങളൊന്നും ക്രൈസ്തവവിശ്വാസത്തിന്റെ യുക്തിഭദ്രതയെ ചോദ്യം ചെയ്യുന്നില്ല എന്നതാണ് സത്യം.
പലപ്പോഴും വിശ്വാസസംബന്ധമായ ഗൗരവമുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നവരായി ഇന്നത്തെ യുവതലമുറ മാറിയിട്ടുണ്ട്. പല രാത്രികളില്‍ മണിക്കൂറുകളെടുത്ത് അത്തരം ചോദ്യങ്ങള്‍ക്ക് മറുപടി തയ്യാറാക്കി അയച്ചിട്ടുമുണ്ട്. അവരുടെ ചോദ്യങ്ങള്‍പലപ്പോഴും ദൈവത്തെയും ദൈവികജീവിതത്തെയും ആത്മീയതയെയും കൂദാശകളെയും ഒക്കെ സ്പര്‍ശിക്കാറുണ്ട്. ജീവിതപ്രശ്നങ്ങളിലേക്കുള്ള ആത്മീയതയുടെ സന്നിവേശത്തെ തികച്ചും ആശ്വാസപ്രദമായി അവര്‍കാണുകയും ചെയ്യുന്നുണ്ട്. പക്ഷേ, അത്തരം ചോദ്യങ്ങള്‍ പ്രായഭേദമെന്യേ ഏവരും ശുശ്രൂഷകളില്‍ പങ്കെടുക്കുന്ന ഇടവകദേവാലയങ്ങളിലോ ധ്യാനകേന്ദ്രങ്ങളിലോ പലപ്പോഴും അഭിമുഖീകരിക്കുക എളുപ്പവുമല്ല. യുവതലമുറയുടെ ഇത്തരം ചോദ്യങ്ങള്‍ക്ക് പിന്നില്‍ പലവിധ സ്വാധീനങ്ങളും ചിന്താരീതികളും ഉണ്ട് എന്നതും നിസ്സംശയമാണ്. വിശ്വാസത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്ന ഈ ഒരു തലവും യാഥാര്‍ത്ഥ്യമാണ് (Critical Faith).
വിമര്‍ശനാത്മകമായ ഈ സമീപനം തെറ്റോ പാപമോ അല്ല. പലപ്പോഴും സത്യസന്ധമായ അന്വേഷണത്തില്‍ നിന്നാണ് ഇത്തരം ചോദ്യങ്ങളും മറുചോദ്യങ്ങളും രൂപപ്പെടുന്നതും. അത്തരം ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴി കത്തോലിക്കാസഭയുടെ സത്യവിശ്വാസത്തെ അതിൻ്റെ യുക്തിഭദ്രതയോടെ അവതരിപ്പിക്കുക എന്നതാണ്. ചോദ്യങ്ങളുടെ പഴുതുകള്‍അടച്ചുകൊണ്ട് ബോദ്ധ്യം ജനിപ്പിക്കാന്‍ മാത്രം ശക്തവും അടിയുറച്ചതുമാണ് കത്തോലിക്കാതിരുസ്സഭയുടെ ദൈവശാസ്ത്രം. ഇപ്രകാരം രൂപപ്പെടുന്ന വിശ്വാസത്തിൻ്റെ തലത്തെയാണ് നാം പക്വമായ വിശ്വാസം എന്ന് വിളിക്കുന്നത് (Mature Faith). പക്വമായ വിശ്വാസത്തിലേക്കുള്ള യാത്ര എന്നത് അന്വേഷണത്തിന്റെയും പഠനത്തിൻ്റെയും ചോദ്യോത്തരങ്ങളുടെയും സംശയത്തിൻ്റെതുമൊക്കെയാണ്. വിശ്വാസത്തിന്റെയും അവിശ്വാസത്തിൻ്റെയും ഇഴകള്‍ പിരിച്ചെടുത്ത് വ്യാഖ്യാനിച്ചുകൊണ്ട് Introduction to Christianity-യില്‍ബനഡിക്ട് മാര്‍പാപ്പ പറയും “ശൂന്യതയുടെ ആഴങ്ങളിലേക്ക് എപ്പോള്‍വേണമെങ്കിലും വീഴാമെന്നുള്ള ഭീഷണി നേരിടുന്ന വിശ്വാസി സന്ദേഹങ്ങളില്‍നിന്ന് മുക്തനല്ല എന്നതുപോലെതന്നെ, വിധിയുടെ വലയില്‍പ്പെടുന്ന മനുഷ്യസ്വഭാവത്തെ വിവേചിച്ചറിയുന്ന നമുക്കും പറയാം, ഭദ്രതയും സ്വയംപര്യാപ്തതയും നേടിയവനല്ല അവിശ്വാസിയെന്ന്.” ദൈവശാസ്ത്രത്തിൻ്റെ തികവുറ്റ ഭാഷയില്‍ സംവദിക്കാന്‍ വര്‍ത്തമാനകാലയുവത്വത്തെയും തലമുറയെയും പ്രാപ്തമാക്കുക എന്ന ഗൗരവതരമായ ഉത്തരവാദിത്വം വിശ്വാസപരീശീലകര്‍ക്കും സഭാനേതൃത്വത്തിന് ഭരമേല്പിക്കപ്പെട്ടിരിക്കുന്നു. അതില്‍ വരുത്തുന്ന വീഴ്ച അജഗണത്തോടുള്ള നീതികേടായിപ്പരിണമിക്കും എന്നു ചുരുക്കം.
ദൈവശാസ്ത്രം വേണ്ട, കൃപ മതി-വചനം മതി-പ്രാര്‍ത്ഥന മതി എന്നൊക്കെ പറയുന്നവര്‍ തികച്ചും നിഷ്കളങ്കരാണ്. അവരുടെ നിഷ്കളങ്കബുദ്ധിപോലും കണക്കുകൂട്ടലുകളും ആലോചനകളും നടത്തിയാണ് ഇത്തരം നിഗമനങ്ങളിലെത്തുന്നത്. ദൈവത്തെ സംബന്ധിച്ച യുക്തിപൂര്‍വ്വകമായ ഏതുവിചാരവും ആഖ്യാനവും ദൈവശാസ്ത്രത്തിൻ്റെ ഭാഗമാണ്. ചെറിയ അളവിലെങ്കിലും യുക്തിവിചാരം നടത്താതെ നമുക്ക് ദൈവത്തെക്കുറിച്ച് പഠിപ്പിക്കാനാവില്ല. പലരും അവര്‍ക്ക് ശീലമില്ലാത്ത ദൈവശാസ്ത്രത്തിൻ്റെ കഠിനപദാവലികളെയും ആശയഗതികളെയും കണ്ട് സാധാരണവിശ്വാസിക്ക് അവയുടെ ആവശ്യമില്ലെന്ന് സമര്‍ത്ഥിക്കും. എന്നാല്‍ അവയുടെ ആവശ്യമില്ലാതെ ആത്മാര്‍ത്ഥമായ വിശ്വാസജീവിതം നയിക്കുന്നവരും ഉണ്ട് എന്നത് കത്തോലിക്കാദൈവശാസ്ത്രത്തിന്റെ ആവശ്യകതയെ ഇല്ലാതാക്കുകയോ യുവജനകൂട്ടായ്മകളിലും അക്കാദമികവൃത്തങ്ങളിലും അവയുടെ പ്രാധാന്യം നഷ്ടപ്പെടുത്തുകയോ ചെയ്യുന്നില്ല. ബനഡിക്ട് പാപ്പാ എഴുതുന്നത് ഇങ്ങനെയാണ്: “ലോകം ഉത്ഭവിച്ചത് ഒരു യുക്തിയില്‍ നിന്നാണ്, ആ യുക്തിയാകട്ടെ ഒരു വ്യക്തിയാണ്. ആ വ്യക്തി സ്നേഹമാണ് – ഇതാണ് ബൈബിളില്‍ വെളിപ്പെട്ടിരിക്കുന്ന വിശ്വാസം ദൈവത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നത്. ദൈവത്തെക്കുറിച്ച് സംസാരിക്കാന്‍ യുക്തിക്ക് കഴിയും. അത് ദൈവത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്, ഇല്ലെങ്കില്‍ യുക്തി വെട്ടിച്ചുരുക്കപ്പെടും. ഈ യുക്തിയിലാണ് സൃഷ്ടിയുടെ രഹസ്യം തന്നെ അടങ്ങിയിരിക്കുന്നത്” (Introduction to Christianity).
വിശ്വാസത്തിൻ്റെ വളര്‍ച്ചയെക്കുറിക്കുന്ന പദം “ആഴപ്പെടല്‍” എന്നതാണ്. അത് അഗാധങ്ങളിലേക്ക് പോവുകയെന്നതാണ്. അന്ധകാരത്തിലേക്കുള്ള കുതിച്ചുചാട്ടം (Leap into darkness) എന്ന് മധ്യകാലചിന്ത അടയാളപ്പെടുത്തിയത് ഇതുതന്നെയാണ്. പക്ഷേ അതിന് വിശ്വാസം തികച്ചും അന്ധമായതാണെന്ന് അര്‍ത്ഥമില്ല. വിശ്വാസത്തിൻ്റെ യുക്തി തിരയരുതെന്നോ യുക്തിരാഹിത്യങ്ങളെ ചോദ്യം ചെയ്യരുതെന്നോ അര്‍ത്ഥമില്ല. ദൈവകരങ്ങളിലേക്കുള്ള നിരുപാധികമായ സ്വയംവിട്ടുകൊടുക്കലിനെയാണ് – ദൈവികവെളിപാടിൻ്റെ പ്രത്യുത്തരത്തെയാണ് – അതുദ്ദേശിക്കുന്നത്. വലിയ വിശ്വാസം, ഉയര്‍ന്ന വിശ്വാസം എന്നതൊന്നുമല്ല, ആഴപ്പെട്ട വിശ്വാസം എന്നത് നമുക്ക് സ്വപ്നം കാണാം. ജലാശയങ്ങള്‍ ശ്രദ്ധിക്കൂ… ആഴം കൂടുംതോറും അവയുടെ ഉപരിതലങ്ങള്‍ കൂടുതല്‍ സ്വച്ഛമാണ്…. ആഴത്തിലേക്ക് വേരോട്ടമുള്ള വൃക്ഷങ്ങളെ ശ്രദ്ധിക്കൂ… കൊടുങ്കാറ്റുകള്‍ക്ക് ശേഷവും അത് തലയുയര്‍ത്തി നില്‍ക്കുന്നു…
ബഹളങ്ങളോ ആക്രോശങ്ങളോ പോര്‍വിളികളോ ഇല്ല…
ആഴമുള്ള വിശ്വാസം, അടിയുറച്ച ആത്മീയത…
faith crisis in faith danger in faith Noble Thomas Parackal noble parackal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206