We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Noble Thomas Parackal On 29-May-2021
പുരോഹിതര്‍ "വിശുദ്ധ പരാന്നഭോജി"കളാണെന്ന പരാമര്‍ശം ലോകശ്രദ്ധയാകര്‍ഷിക്കും വിധം നടത്തിയത് നിരീശ്വരചിന്തയുടെ പിതാവായ ഫ്രെഡറിക് നീഷേ ആണ്. അവര്‍ അദ്ധ്വാനിക്കാതെ അപ്പം ഭക്ഷിക്കുന്നവരും വിയര്‍പ്പൊഴുക്കാതെ ആഡംബരജീവിതം നയിക്കുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. കേള്‍ക്കുന്നവര്‍ക്ക് വിശ്വാസയോഗ്യമെന്നു തോന്നാവുന്ന കുപ്രസിദ്ധി നേടിയ ചില പ്രസ്താവനകളാണിവ. എന്നാല്‍ മലയാളിക്ക് കത്തോലിക്കാപൗരോഹിത്യത്തെക്കുറിച്ച് ഇപ്രകാരമൊരു ചിന്തയുടെ വാതില്‍ തുറന്നിട്ടുകൊടുത്തത് 'ലേലം' എന്ന മലയാളസിനിമയിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന കഥാപാത്രത്തിന്‍റെ കാണികളെ ഹരംകൊള്ളിച്ച ഡയലോഗാണ്. "അന്യന്‍ വിയര്‍ക്കുന്ന കാശുകൊണ്ട് അപ്പോം തിന്ന് കോണ്ടാസേലും ബെന്‍സേലും കേറിനടക്കുന്ന തിരുമേനിമാരുടെ പളുപളുത്ത കുപ്പായത്തോട് അന്നു തീര്‍ന്നതാ തിരുമേനീ, ബഹുമാനം....". അവമതിപ്പിന്‍റെ പ്രസ്തുത ആക്ഷേപഭാഷ നാട്ടിലെങ്ങുമുള്ള വൈദികവേഷധാരികളിലേക്ക് പരാവര്‍ത്തനം ചെയ്ത് ആത്മസംതൃപ്തിയടയുന്നവരെ ഇന്ന് ധാരാളമായിക്കാണാം.
ചര്‍ച്ച്ബില്ലിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നപ്പോള്‍ ഈ ആശയം വീണ്ടും പലവിധരൂപത്തില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി:
1. വൈദികരുടെ ആഡംബരജീവിതത്തിന് അവസാനമുണ്ടാകുമെന്ന് കരുതിയല്ലേ അവര്‍ ചര്‍ച്ച് ബില്ലിനെ എതിര്‍ക്കുന്നത്?
2.അവരുടെ തട്ടിപ്പും വെട്ടിപ്പും നടക്കാത്തതുകൊണ്ടല്ലേ ഈ എതിര്‍പ്പുകളുണ്ടാകുന്നത്?
3. സഭയുടെ സ്വത്ത് മുഴുവനും വിശ്വാസികളുടെ നേര്‍ച്ചക്കാശല്ലേ
4. വൈദികര്‍ എന്താണ് സഭക്ക് നല്കിയിട്ടുള്ളത്? അവര്‍ ഒന്നും നേര്‍ച്ചയിടുന്നത് കണ്ടിട്ടില്ലല്ലോ?
വിദ്യാഭ്യാസവും കാര്യബോധവുമുണ്ടെന്ന് കരുതിയിരുന്നവര്‍ പോലും ഈ ചോദ്യങ്ങള്‍ ചോദിച്ചപ്പോളാണ് എത്രമാത്രം ആഴത്തില്‍ ഇത്തരം അബദ്ധധാരണകള്‍ അവരെ സ്വാധീനിച്ചിട്ടുണ്ട് എന്ന് മനസ്സിലായത്. മുമ്പ് അവതരിപ്പിച്ച ആശയങ്ങളോട് ചേര്‍ത്ത് ചില വിശദീകരണങ്ങള്‍ കൂടി നല്കുന്നു.
വിഭാവനം ചെയ്യപ്പെടുന്ന ചര്‍ച്ച് ബില്ല് വന്നുകഴിഞ്ഞാല്‍ കാനോനികനിയപ്രകാരം ഇപ്പോള്‍ സ്വത്തിനുമേല്‍ സമുദായത്തിനുള്ള അധികാരം - വൈദികര്‍ക്കും അല്മായര്‍ക്കും ഒരുപോലെയുള്ള അധികാരം - സര്‍ക്കാര്‍ നിശ്ചയിക്കുന്ന സംവിധാനത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടും. സഭക്കു പുറത്തുനിന്നുള്ള സംവിധാനങ്ങള്‍ സഭാഭരണത്തില്‍ കൈകടത്താനുള്ള മാര്‍ഗ്ഗമായി അത് പരിണമിക്കും. സ്വത്തിന്‍റെ ഭരണത്തില്‍ ആരംഭിച്ച് വിശ്വാസവിഷയങ്ങളിലും ആചാരക്രമങ്ങളിലും വരെ ഇടപെടാനുള്ള പഴുതുകള്‍ തുറന്നിട്ടുകൊണ്ടാണ് പ്രസ്തുത ബില്ല് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന് ശ്രദ്ധിച്ചുവായിച്ചാല്‍ മനസ്സിലാകും. മാത്രവുമല്ല, വൈദികരെ സംബന്ധിച്ച്, ചര്‍ച്ച് ബില്ല് പ്രാവര്‍ത്തികമായാല്‍ അത് നല്ല ശമ്പളം ലഭിക്കാനും ആഴ്ചയിലൊരിക്കല്‍ അവധി ലഭിക്കാനും ദിവസത്തില്‍ ജോലിസമയം നിശ്ചയിക്കപ്പെടാനുമെല്ലാം അത് ഇടയാക്കുമെന്നത് നിസംശയം. ഇന്ന് ശുശ്രൂഷയായിച്ചെയ്യുന്നത് തൊഴിലായിത്തീരാന്‍ കേവലസമയം മതിയെന്ന് ചുരുക്കം.
ഇടവകകളില്‍ നിന്ന് വൈദികര്‍ വലിയ സാത്തികനേട്ടമണ്ടാക്കുന്നുവെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ ഇത് തികച്ചും വസ്തുതാവിരുമായ പ്രചരണമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ആയിരക്കണക്കിന് ഇടവകകള്‍ ഭാരതത്തിലുണ്ട്. മൂന്ന് അല്ലെങ്കില്‍ അഞ്ച് വര്‍ഷം തോറും വൈദികര്‍ മാറി മാറി വന്നിട്ടും ഇടവകയുടെ സാമ്പത്തികസ്ഥിതി വര്‍ദ്ധിക്കുന്നതല്ലാതെ എവിടെയും കുറയാറില്ല. മാസം തോറും ഇടവകയുടെ വരവ്ചിലവ് കണക്കുകള്‍ പള്ളിക്കമ്മറ്റിയുടെ മുമ്പാകെ അവതരിപ്പിക്കപ്പെടുന്നതും പാസാക്കപ്പെടുന്നതും വാര്‍ഷികക്കണക്ക് പൊതുയോഗം കൂടി പാസാക്കുന്നതുമൊന്നും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ പരിഗണിക്കാറുമില്ല. ഈ കണക്കവതരണങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇടവകയുടെ സ്വത്തില്‍ നിന്ന് അനുവദിക്കപ്പെടാത്ത പണം വൈദികന്‍ സ്വന്തമാക്കുന്നുണ്ട് എന്ന് ആരോപിക്കാന്‍ അവകാശമില്ല. കാരണം, കണക്ക് കേള്‍ക്കുകയും പാസ്സാക്കുകയും ചെയ്യുന്നവരുടെ അവകാശമാണ് അത്തരം കാര്യങ്ങള്‍ കണ്ടെത്തുക, ചോദ്യം ചെയ്യുക എന്നത്. ചുരുക്കത്തില്‍, സ്വത്തിന്‍റെ സുതാര്യമായ നടത്തിപ്പ് ജനം നിര്‍വ്വഹിക്കുമ്പോള്‍ തന്നെ വൈദികര്‍ കള്ളന്മാരാണെന്ന് ആരോപിക്കുക കൂടി ചെയ്യുന്ന ഇരട്ടത്താപ്പാണ് ഇന്നത്തെ സാഹചര്യത്തില്‍, നവ മാധ്യമാധ്യമങ്ങളിലും മറ്റും നാം അഭിമുഖീകരിക്കുന്നത്.
സഭയുടെ സ്വത്ത് മുഴുവന്‍ വിശ്വാസിയുടെ നേര്‍ച്ചക്കാശാണെന്ന ആരോപണവും വാസ്തവവിരുദ്ധമാണെന്ന് നാം കണ്ടുകഴിഞ്ഞു. എന്നാല്‍, നേര്‍ച്ചക്കാശും സഭയിലുണ്ട് എന്നത് സത്യമാണ്. ഇടവകകളില്‍ ലഭിക്കുന്ന ഇത്തരം നേര്‍ച്ചക്കാശിന്‍റെ ചെറിയൊരംശം മാത്രമാണ് രൂപതയിലേക്കും ആഗോളസഭയുടെ ആവശ്യങ്ങളിലേക്കും കൈമാറ്റം ചെയ്യപ്പെടുന്നുള്ളൂ. ബാക്കി മുഴുവനും ഇടവകയില്‍ത്തന്നെയാണ് ചിലവഴിക്കപ്പെടുന്നത്. കേരളത്തിലെ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന ചില രൂപതകളും ഇടവകകളുമൊഴികെ ബാക്കി ഇടവകകളിലെ നേര്‍ച്ചക്കാശ് ആ ഇടവകകള്‍ നടന്നുപോകാന്‍ പോലും മതിയാകാത്തത്ര ചെറുതാണെന്ന വസ്തുതയും ഓര്‍ക്കേണ്ടതുണ്ട്. പലപ്പോഴും ഇടവകദേവാലയം പുതുക്കിപ്പണിയാനും പുതിയത് പണിയാനും വൈദികര്‍ ദേശത്തും വിദേശത്തും യാചിച്ചുനടന്നു വക കണ്ടെത്തിക്കൊണ്ടു വരുന്നത് ഭാരതത്തിലെ നിരവധി ഇടവകകളിലെ വിശ്വാസികളുടെ അനുഭവമാണ്.
വൈദികരെന്താണ് സഭക്ക് സംഭാവന നല്കിയതെന്ന് കണക്ക് ചോദിക്കുന്നവര്‍ ചിന്തിക്കേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്. ഭാരതസഭയില്‍ വിവിധ രൂപതകളിലായി അതാത് രൂപതകളുടെ സാമ്പത്തികസ്ഥിതിയനുസരിച്ച് 3500 രൂപ മുതല്‍ 15000 രൂപ വരെയാണ് വൈദികര്‍ക്ക് ലഭിക്കുന്ന ജീവനാംശം. ജീവനാംശം എന്നാല്‍ ജീവിച്ചുപോകാനുള്ള തുകയെന്നാണ് അര്‍ത്ഥം. (അതേസമയം പല വൈദികര്‍ക്കും ജീവനാംശം ചെറുതായാലും നല്ല രീതിയില്‍ ജീവിക്കാനുള്ള വക കുടുംബസ്വത്തായി ലഭിക്കുന്നുണ്ട് എന്നതും സത്യമാണ്.) ജീവനാംശം മാത്രം സ്വീകരിച്ചുകൊണ്ട് ഇടവകക്കുവേണ്ടിയോ രൂപതക്ക് വേണ്ടിയോ സ്ഥാപനങ്ങള്‍ക്കു വേണ്ടിയോ ജോലി ചെയ്യുന്ന വൈദികര്‍ ഇക്കാലമത്രയും ജോലി ചെയ്തതിന്‍റെ ന്യായമായ ശമ്പളം ഇടവകകളോടും രൂപതകളോടും, സ്ഥാപനങ്ങളോടും ചോദിക്കുന്നുവെങ്കില്‍ ഇപ്പോള്‍ കത്തോലിക്കാസഭക്കുള്ള സ്വത്തിന്‍റെ പകുതിയിലധികം ആ ഇനത്തില്‍ വൈദികര്‍ക്ക് നല്കേണ്ടതായി വരും. അതായത്, പറഞ്ഞ് വരുന്നത്, കത്തോലിക്കാസഭയുടെ സ്വത്തില്‍ പകുതിയിലധികം ഭാഗത്തിന്‍റെയും യഥാര്‍ത്ഥ അവകാശി ജീവനാംശം മാത്രം സ്വീകരിച്ചുകൊണ്ട് സഭക്കുവേണ്ടി ജീവിച്ച് മണ്‍മറഞ്ഞുപോയവരും ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്നവരുമായ ബ്രഹ്മചാരികളായ വൈദികര്‍ തന്നെയാണ്. വൈദികര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്കുന്ന മറ്റ് ക്രൈസ്തവസഭകളുടെ സാമ്പത്തികസ്ഥിതിയുമായി കത്തോലിക്കാരൂപതകളെ താരതമ്യം ചെയ്യുമ്പോള്‍ ഇത് മനസ്സിലാക്കാവുന്നതുമാണ്.
വൈദികരെന്താണ് സഭക്ക് നല്കിയത് എന്നും വൈദികര്‍ അന്യന്‍റെ വിയര്‍പ്പുകൊണ്ടാണ് ജീവിക്കുന്നത് എന്നും ആരോപിക്കുന്നവര്‍ മനസ്സിലാക്കേണ്ടത്, ക്രിസ്തുവിന്‍റെ ബലിയോടൊപ്പംതന്നെ, വൈദികരുടെ ചാലിട്ടൊഴുകിയ വിയര്‍പ്പിന്‍റെയും വിയര്‍പ്പായി ചിന്തപ്പെട്ട രക്തത്തിന്‍റെയും കൂടെ ആകെത്തുകയാണ് ഇന്നത്തെ ഭാരതസഭ എന്നുതന്നെയാണ്. പൗരോഹിത്യബ്രഹ്മചര്യത്തിലൂടെ സ്വര്‍ഗ്ഗം സഭക്ക് നല്കുന്ന അനുഗ്രഹമാണ് പരിശുദ്ധാത്മാവിലൂടെയുള്ള തിരുസ്സഭയുടെ സത്വരമായ വളര്‍ച്ച. അതുകൊണ്ട് തന്നെ പരാന്നഭോജിയെന്ന് വൈദികരെ ആക്ഷേപിക്കുന്നവരും അവരെ വിവാഹം കഴിപ്പിക്കാന്‍ തിടുക്കം കൂട്ടുന്നവരും സഭാഗാത്രത്തിനെതിരേയുള്ള വിമതചിന്തയുടെ ഒളിസേവയില്‍ നിന്ന് ജന്മം കൊള്ളുന്ന വൈരികള്‍ മാത്രമാണ്. അവരുടെ പീഡനതന്ത്രങ്ങളെ അതിജീവിക്കുന്നതിലൂടെയാണ് നാളത്തെ കേരളസഭ-ഭാരതസഭ ബലപ്പെട്ട് വളരാനിരിക്കുന്നത്.
Priests' Livelihood priesthood Noble thomas parackal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206