x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ സഭാസംബന്ധമായ പൊതുവിഷയങ്ങൾ

പൗരോഹിത്യവും സന്ന്യാസവും ദാരിദ്ര്യം എന്ന വ്രതവും

Authored by : Noble Thomas Parackal On 29-May-2021

പൗരോഹിത്യവും സന്ന്യാസവും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും പൗരോഹിത്യത്തിന്‍െറ അടിസ്ഥാനം ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ വ്രതങ്ങളല്ലെന്നും മറിച്ച് മെത്രാന്‍റെ കൈവെയ്പാണെന്നതും അധികം പേരും മനസ്സിലാക്കാത്ത ഒരു യാഥാര്‍ത്ഥ്യമാണ്. പൗരോഹിത്യത്തെയും സന്ന്യാസത്തെയും സംബന്ധിക്കുന്ന സഭാപ്രബോധനങ്ങളും കാഴ്ചപ്പാടുകളും പഠിക്കുന്നവര്‍ക്ക് ഈ വിഷയത്തിലുള്ള ആശയക്കുഴപ്പം മാറിക്കിട്ടുക തന്നെ ചെയ്യും. ആരംഭം മുതലേ തിരുസ്സഭയില്‍ സ്ത്രീകളും പുരുഷന്മാരും നയിച്ചിരുന്ന സന്ന്യാസജീവിതത്തിന്‍റെ അടിസ്ഥാനം അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നീ മൂന്ന് വ്രതങ്ങളായിരുന്നു. ഈ വ്രതങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് ലോകത്തിന്‍െറ വഴികളില്‍നിന്ന് മാറിനടന്നുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നവരും അതിനുവേണ്ടി പരിശ്രമിക്കുന്നവരുമാണ് യഥാര്‍ത്ഥസന്ന്യസ്തര്‍. അത്തരം സന്ന്യാസസമൂഹങ്ങള്‍ക്ക് ലോകത്തിന്‍റെ ദൃഷ്ടിയില്‍ ഭോഷത്തമെന്നു തോന്നാവുന്ന നിയമങ്ങളുണ്ട്. കാരണം അത് ലോകത്തിന്‍റെ ജീവിതക്രമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ചിലര്‍ മാത്രം സ്വീകരിക്കുന്ന ഒരു ബദല്‍ ജീവിതശൈലിയാണ്. ലോകത്തിന്‍റേതായ ലിബറല്‍ സെക്യുലര്‍ ചിന്തകള്‍കൊണ്ട് അതിനെ വിലയിരുത്തുക ഒരിക്കലും സാധ്യവുമല്ല.
ഇതെല്ലാം വിശദമായി പഠിച്ചും അറിഞ്ഞുമാണ് ഒരു വ്യക്തി സന്ന്യാസജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.

സന്ന്യാസജീവിതശൈലി സ്വീകരിക്കുന്നവര്‍ക്ക് അവരുടെ സന്ന്യാസസമൂഹം നിശ്ചയിച്ചിരിക്കുന്ന പരധികളും പരിമിതികളും ഉണ്ട്. എഴുത്തുകള്‍ പ്രസിദ്ധീകരിക്കുക, യാത്രക്കു പോവുക, മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുക എന്നുവേണ്ട, നിയമത്തില്‍ അനുവദിക്കപ്പെട്ടിരിക്കുന്നതിലും കൂടുതല്‍ ദിവസങ്ങള്‍ സ്വന്തം വീട്ടില്‍പ്പോലും അന്തിയുറങ്ങാനും സ്ത്രീകളുടെ മാത്രമല്ല പുരുഷന്മാര്‍ അംഗങ്ങളായിരിക്കുന്ന സന്ന്യാസസഭകളിലും നിര്‍ദ്ദിഷ്ട മേലധികാരികളുടെ അനുവാദം വേണം. ഇപ്രകാരം വ്രതങ്ങളെടുത്ത് സന്ന്യാസം സ്വീകരിക്കുന്ന പുരുഷന്മാരുടെ സന്ന്യാസസമൂഹങ്ങളില്‍ പലതും പിന്നീട് പൗരോഹിത്യവും സ്വീകരിക്കുന്നതിന് അവരെ അനുവദിക്കുന്നുണ്ട്. അത് മെത്രാന്‍റെ കൈവെയ്പു വഴിയാണ് സ്വീകരിക്കുന്നത്. കേരളത്തിലുള്ള CMI, MCBS, CST എന്നിങ്ങനെയുള്ള എല്ലാ സന്ന്യാസസഭകളിലെയും വൈദികര്‍ അടിസ്ഥാനപരമായി വ്രതങ്ങള്‍ ചെയ്ത് സന്ന്യാസജീവിതം നയിക്കുന്നവരാണ്.

എന്നാല്‍ ഇടവകകളില്‍ ജീവിക്കുന്ന സന്ന്യാസവൈദികരല്ലാത്ത രൂപതാവൈദികര്‍ ഇപ്രകാരം വ്രതങ്ങള്‍ എടുത്ത സന്ന്യാസികളല്ല എന്നതാണ് ദീപികയിലെ ലേഖനത്തില്‍ ഞാന്‍ സൂചിപ്പിച്ചത്. അപ്പോള്‍ രൂപതാവൈദികനെ സംബന്ധിച്ചിടത്തോളം ബ്രഹ്മചര്യം എന്താണ് എന്ന ചോദ്യം വരാം. രൂപതാവൈദികന്‍ അനുഷ്ഠിക്കുന്ന ബ്രഹ്മചര്യം അദ്ദേഹമെടുത്തിരിക്കുന്ന വ്രതത്തിന്‍റെ ഭാഗമല്ല, മറിച്ച് കത്തോലിക്കാപുരോഹിതന്‍ പാലിക്കേണ്ട ബ്രഹ്മചര്യജീവിതത്തെക്കുറിച്ചുള്ള സഭാനിയമത്തിന്‍റെ ഭാഗമാണത്. മാധ്യമങ്ങള്‍ വിമര്‍ശിക്കാന്‍ പറയുന്നതാണ് എങ്കില്‍ക്കൂടിയും പൗരോഹിത്യവുമായി ബ്രഹ്മചര്യത്തിന് സത്താപരമായ ബന്ധമൊന്നുമില്ല. കത്തോലിക്കാസഭയിലെ പൗരസ്ത്യസഭകളുടെ കാനന്‍ നിയമത്തില്‍ വിവാഹിതരായ വൈദികരെക്കുറിച്ചു വളരെ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.

ചില പൗരസ്ത്യകത്തോലിക്കാസഭകളില്‍ ഇന്നും വിവാഹിതരായ വൈദികര്‍ സേവനം ചെയ്യുന്നുണ്ട് എന്നത് സത്യവുമാണ്. സീറോ മലബാര്‍ സഭയില്‍ പോലും പതിനഞ്ചാം നൂറ്റാണ്ടുവരെ വിവാഹം കഴിച്ച വൈദികരാണ് ഉണ്ടായിരുന്നത്. ബ്രഹ്മചാരികളും ഉണ്ടായിരുന്നു. സന്ന്യസ്തരെയും വൈദികരെപ്പോലെ പരിഗണിക്കണം എന്നു പറയുന്നവര്‍ക്ക് ഈ വ്യത്യാസം മനസ്സിലാകുന്നില്ലെങ്കില്‍ അടിസ്ഥാനപരമായി ക്രൈസ്തവസന്ന്യാസം എന്താണെന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല എന്നാണര്‍ത്ഥം.


സമാപനം
1. രൂപതാവൈദികര്‍ ബ്രഹ്മചര്യം വ്രതമായെടുക്കുന്നവരല്ല, മറിച്ച് അത് ഒരു സഭാനിയമമെന്ന നിലയില്‍ സ്വീകരിക്കുന്നവരാണ്. ആത്മീയചൈതന്യത്തില്‍ സന്ന്യസ്തരെപ്പോലെ തന്നെ അത് പാലിക്കുകയും ചെയ്യുന്നു.
2. നിയമവും വ്രതവും തമ്മില്‍ അതിന്‍െറ ഗൗരവത്തില്‍ വലിയ വ്യത്യാസമുണ്ട് എന്നത് ഈ വിഷയത്തില്‍ ഗൗരവബുദ്ധിയോടെ ചിന്തിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും.
3. പൗരോഹിത്യവും ബ്രഹ്മചര്യവും തമ്മില്‍ സത്താപരമായ ബന്ധമില്ലായെന്നതിന്‍െറ തെളിവാണ് വിവാഹം കഴിച്ച വൈദികരുള്ള ഉക്രേനിയന്‍, മാറോനൈറ്റ്, കാല്‍ദിയന്‍ പൗരസ്ത്യ കത്തോലിക്കാസഭകള്‍.
4. സ്വന്തമായി കാറും ബാങ്ക്ബാലന്‍സുമുള്ള ദാരിദ്ര്യവ്രതം എടുത്തിട്ടില്ലാത്ത നാട്ടുപട്ടക്കാരനോടല്ല (രൂപതാവൈദികര്‍) സ്ത്രീസന്ന്യസ്തരെ താരതമ്യം ചെയ്യേണ്ടത്. മറിച്ച്, ദാരിദ്ര്യവും ബ്രഹ്മചര്യവും അനുസരണവും വ്രതങ്ങളായിപ്പാലിച്ച് അധികാരികള്‍ക്ക് വിധേയപ്പെട്ട് ജീവിക്കുന്ന പുരുഷ സന്ന്യാസസമൂഹങ്ങളോടാണ്.

the vow of poverty Priesthood monasticism and the vow of poverty noble thomas parackal noble parackal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message