x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

സെക്ടുകള്‍ക്ക് എതിരായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

Authored by : Mar Joseph Pamplany On 15-Sep-2020

വിഘടിത വിഭാഗങ്ങളെ എപ്രകാരമാണ് നേരിടേണ്ടത് എന്നത് വ്യവസ്ഥാപിത സഭകള്‍ ഗൗരവമായി ചിന്തിക്കാന്‍ സമയമായി. ബ്രസീലിലേക്കുള്ള തന്‍റെ ശ്ലൈഹീക തീര്‍ത്ഥാടന യാത്രാമധ്യേ വിമാനത്തില്‍ വച്ച് പത്രലേഖകരോട് സംസാരിക്കവേ സെക്ടുകളെ എപ്രകാരം നേരിടാനാവുമെന്ന് പരി. പിതാവ് ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ പ്രസ്താവിക്കുകയുണ്ടായി: "സെക്ടുകളുടെ വളര്‍ച്ച സൂചിപ്പിക്കുന്നത് മനുഷ്യ മനസ്സില്‍ ദൈവത്തിനായുള്ള ദാഹം വര്‍ദ്ധമാനമായി തുടരുന്നു എന്നതാണ്. ദൈവത്തെ കൂടുതല്‍ അടുത്തറിയാനാവും എന്ന സെക്ടുകളുടെ വാഗ്ദാനം കേട്ട് ആളുകള്‍ പിന്നാലെ കൂടുന്നത് മനുഷ്യ മനസ്സിലെ തൃപ്തമാകാത്ത മതാത്മകതമൂലമാണ്.

തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് വ്യവസ്ഥാപിത സഭയെ(കളെ)ക്കാള്‍ കൂടുതല്‍ സ്വീകാര്യമായ ഉത്തരം തരുന്നത് സെക്ടുകളാണ് എന്ന തോന്നല്‍ മൂലമാണ് വിശ്വാസികള്‍ സെക്ടുകളിലേക്ക് ആകൃഷ്ടരാകുന്നത്. തന്മൂലം കൂടുതല്‍ ദൈവോന്മുഖവും മനുഷ്യോന്മുഖവുമായി സഭ തന്നെത്തന്നെ പുനരവതരിപ്പിക്കുക എന്നതാണ് സെക്ടുകളെ നേരിടാനുള്ള ഫലപ്രദമായ വഴി. ദൈവത്തെ കൂടുതല്‍ സമീപസ്ഥനായി സംലഭ്യമാക്കുന്നതോടൊപ്പം അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സഭ അക്ഷീണം പരിശ്രമിക്കണം. സാമൂഹികവും സാമ്പത്തികവുമായ രംഗങ്ങളില്‍ നീതിനിഷ്ഠമായ അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുമ്പോഴും സഭ സെക്ടുകളെ ഫലപ്രദമായി നേരിടുകയാണ്." മനുഷ്യന്‍റെ സമഗ്രവികസനത്തിനുവേണ്ടി നിസ്തന്ദ്രം പരിശ്രമിക്കേണ്ട സഭ അതില്‍ വീഴ്ച വരുത്തുമ്പോഴാണ് സെക്ടുകളുടെ അബദ്ധപ്രബോധനങ്ങളിലേക്ക് അജഗണം ആകൃഷ്ടരാകുന്നത് എന്ന പരിശുദ്ധ പിതാവിന്‍റെ നിരീക്ഷണം നാം ശ്രദ്ധയോടെ ശ്രവിക്കണം.

ഇടവകകളിലെ അജപാലനമേഖലയില്‍ സംഭവിക്കുന്ന നിര്‍ജ്ജീവത്വം പലപ്പോഴും സെക്ടുകളിലേക്കുള്ള ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു. 2007 ജൂലൈ 5 ന് റോമില്‍ നിന്നു പുറപ്പെടുവിച്ച പ്രബോധനത്തിന്‍റെ വെളിച്ചത്തില്‍ ചുവടെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ സെക്ടുകളെ പ്രതിരോധിക്കാനായി നിര്‍ദ്ദേശിക്കാവുന്നതാണ് ഇവയില്‍ പലതും കേരളസഭയുടെ പശ്ചാത്തലത്തില്‍ അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്നതാണ്.

(i)  വി. കുര്‍ബ്ബാന കേന്ദ്രീകൃതമായ ആധ്യാത്മികതയിലേക്ക് ദൈവജനത്തെ വളര്‍ത്താന്‍ സാധ്യമായ സകലമാര്‍ഗ്ഗങ്ങളും ഉപയോഗിക്കുക. ഈ നിര്‍ദ്ദേശം കേരള സഭയെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമാണ്. തിരുനാളുകള്‍ക്കും നൊവേനകള്‍ക്കും അമിത ശ്രദ്ധ നല്‍കുമ്പോള്‍ പരിശുദ്ധ കുര്‍ബ്ബാന അവഗണിക്കപ്പെടുന്ന സാഹചര്യം ഇവിടെ വളരുന്നുണ്ട്. അള്‍ത്താരയെക്കാളും ശ്രേഷ്ഠമായ ഗ്രോട്ടോകളും പിയാത്തെകളും പള്ളിക്കു പുറത്തു നിര്‍മ്മിക്കുമ്പോഴും അള്‍ത്താരയിലെ ബലി തമസ്കരിക്കപ്പെടുന്നുണ്ടോ എന്നു ശ്രദ്ധിക്കണം.

(ii)  മുതിര്‍ന്നവരുടെ മതബോധനം കാര്യക്ഷമമാക്കുക. കുട്ടികളുടെ മതബോധനം സാങ്കേതികമായിട്ടെങ്കിലും കാര്യക്ഷമമായി നടത്താന്‍ നമുക്കാവുന്നുണ്ട് എന്നത് സന്തോഷകരമാണ്. എന്നാല്‍ യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും തുടര്‍പരിശീലനത്തിനുള്ള വഴികള്‍ തുലോം പരിമിതമാണ് കേരള സഭയില്‍. ഞായറാഴ്ച പ്രസംഗവും വാര്‍ഷികധ്യാനവും കാര്യക്ഷമമായി പല ഇടവകകളിലും നടത്തുന്നത് തികച്ചും ശ്ലാഘനീയമാണ്. എന്നാല്‍ മുതിര്‍ന്നവരുടെ മതബോധനത്തിന് നവീന മാര്‍ഗ്ഗങ്ങള്‍ ഇനിയും തുറക്കപ്പെടേണ്ടതുണ്ട്. പഠനക്ലാസ്സുകള്‍ക്കും വാര്‍ഡുതല ചര്‍ച്ചകള്‍ക്കും അവയ്ക്കു സഹായകമായ ലീഫ്ലെറ്റുകള്‍ തയ്യാറാക്കി വിതരണം ചെയ്യാനും നാം തയ്യാറാകണം. പള്ളിയുടെ സമ്പത്ത് മുഴുവന്‍ സ്ഥാവരവസ്തുക്കളുടെ വ്യാപനത്തിനായി നീക്കി വയ്ക്കുന്ന ഇന്നത്തെ പ്രവണത ആശാസ്യമല്ല. ചുരുങ്ങിയത് 25% വരുമാനം എല്ലാ ഇടവകകളും ദൈവജനത്തിന്‍റെ വിശ്വാസപരിശീലനത്തിനും ബോധവല്‍ക്കരണത്തിനുമായി നീക്കിവയ്ക്കേണ്ടതാണ്.

(iii)  ആത്മീയതയുടെ ബാഹ്യവത്കരണം കത്തോലിക്കാ ആധ്യാത്മികതയുടെ തനതു സ്വഭാവം നഷ്ടപ്പെടുത്തുകയും ഉപരിപ്ലവമായ കാര്യങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ ഇടവരുത്തുകയും ചെയ്യുന്നു. ഉപരിപ്ലവമായ ആത്മീയത സെക്ടുകളിലേക്കുള്ള ദിശാസൂചിയാണ്. ലോകത്തിലെ ഏറ്റവും വലിയ ഗ്രോട്ടോയും ഏഷ്യയിലെ ഏറ്റവും വലിയ മാതാവിന്‍റെ രൂപവും ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂശിതരൂപവും നിര്‍മ്മിച്ച് ഗിന്നസ് ബുക്കിലും ലിംകാ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടംപിടിക്കാന്‍ അജപാലകര്‍ മത്സരിക്കുമ്പോള്‍ അജഗണങ്ങള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടിപ്പോയാല്‍ "ഞാന്‍ പിഴയാളി" ചൊല്ലാന്‍ നമ്മളും ബാധ്യസ്ഥരല്ലേ.

(iv)  സെക്ടുകളുടെ പ്രബോധനങ്ങളിലെ അബദ്ധസിദ്ധാന്തങ്ങള്‍ തുറന്നു കാണിക്കുന്ന കണ്‍വെന്‍ഷനുകളും സെമിനാറുകളും ചര്‍ച്ചകളും വാര്‍ഡുതല പഠനപദ്ധതികളും നടപ്പിലാക്കണം.

(v)  ആത്മീയ രംഗത്ത് യാഥാസ്തികതയെ പൂര്‍ണ്ണമായി അവഗണിക്കാനാവില്ല. ക്രിസ്തീയതയുടെ തനിമകളെ നിഷേധിക്കുകയോ മറക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്ന സാംസ്കാരികാനുരൂപണങ്ങള്‍ മാതൃസഭയിലുള്ള വിശാസം നഷ്ടപ്പെടുത്താന്‍ വിശ്വാസികള്‍ക്ക് ഇടവരുത്തും. സാംസ്കാരികാനുരൂപണത്തിന്‍റെ അനിവാര്യമായ ആവശ്യകത അംഗീകരിക്കുമ്പോള്‍തന്നെ ക്രിസ്തീയവിശ്വാസത്തിന്‍റെ തനിമയെ ബലികഴിക്കുന്ന അനുരൂപണഭ്രമങ്ങളെ നിയന്ത്രിക്കേണ്ടതാണ്. കേരളത്തിലെ വിവിധ സെക്ടുകള്‍ സാംസ്കാരികാനുരൂപണങ്ങളുടെ പേരില്‍ സഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന സാഹചര്യം നാം ഗൗരവമായി എടുക്കണം. ക്രിസ്തുവിനെ ഭാരതീയനാക്കുകയല്ല ഭാരതത്തെ ക്രിസ്തീയമാക്കുകയാണ് നമ്മുടെ വലിയ ലക്ഷ്യം. പ്രസ്തുത ലക്ഷ്യം മറന്നുള്ള സകല അനുരൂപണങ്ങളും നിയന്ത്രിക്കപ്പെടണം.

(vi)  വൈദികരും അജഗണവും തമ്മിലും വൈദികരും മെത്രാനും തമ്മിലും രൂപതകളും റീത്തുകളും തമ്മിലുമുള്ള കൂട്ടായ്മകള്‍ വളര്‍ത്തിയെങ്കില്‍ മാത്രമേ വിഭാഗീയതയുടെ അരൂപിയെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനാകൂ. അന്തച്ഛിദ്രമുള്ള ഭവനമായി സ്വയം നശിക്കാന്‍ നമുക്ക് ഇടവരരുത്. നിസ്സാരകാരണങ്ങളാല്‍ സഭാ നേതൃത്വവുമായി ഭിന്നിച്ചു നില്ക്കുന്ന അത്മായരും ചുരുക്കം ചില വൈദികരുമാണ് സെക്ടുകളിലേക്ക് വേഗത്തില്‍ ആകര്‍ഷിക്കപ്പെടുന്നത് എന്ന സത്യം വിസ്മരിക്കരുത്. വിശ്വാസം, പ്രത്യാശ, സ്നേഹം എന്നീ ദൈവിക പുണ്യങ്ങളില്‍ സ്നേഹമാണ് സര്‍വ്വോല്‍കൃഷ്ടം എന്നു പഠിപ്പിച്ച അപ്പസ്തോലന്‍റെ മാതൃക പല ഭിന്നതകളും പരിഹരിക്കാന്‍ സഹായകമാണ്.

(vii)  പൂര്‍ണ്ണമായും വൈദികകേന്ദ്രീകൃതമായ അജപാലന ശൈലി സെക്ടുകളിലേക്കുള്ള ആകര്‍ഷണത്തിനു കാരണമാകുന്നുണ്ട്. ആത്മായ പങ്കാളിത്തം ഉറപ്പുവരുത്തുന്ന സഹകരണത്തിന്‍റെ അജപാലന ശൈലി വളര്‍ത്തുക എന്നതാണ് ശ്ലാഘനീയ മാര്‍ഗ്ഗം. കേരളസഭയില്‍ അല്‍മായ പങ്കാളിത്തവും നേതൃത്വവും ആശാവഹമായി വര്‍ദ്ധിച്ചിട്ടുണ്ട് എന്നതു തികച്ചും ശ്ലാഘനീയമാണ്. വൈദീകര്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍ അല്‍മായര്‍ അനുഷ്ഠിക്കുന്നതും അല്‍മായരുടെ ദൗത്യങ്ങള്‍ വൈദീകര്‍ ചെയ്യുന്നതും അല്‍മായ ശാക്തീകരണമാകില്ല എന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ നിരീക്ഷണം ഇത്തരുണത്തില്‍ പ്രസക്തമാണ്. തങ്ങള്‍ അംഗീകരിക്കപ്പെടുന്നില്ല, തങ്ങള്‍ക്ക് വചനപ്രഘോഷണത്തിന് അവസരം ലഭിക്കുന്നില്ല, തങ്ങളുടെ ശുശ്രൂഷകള്‍ പരിഹസിക്കപ്പെടുന്നു തുടങ്ങിയ തോന്നലുകള്‍ പ്രബലമായപ്പോഴാണ് ചില വചനപ്രഘോഷകര്‍ സെക്ടുകളിലേക്ക് ചേക്കേറിയത്. അവരുടെ പ്രവൃത്തി ന്യായീകരിക്കത്തക്കതല്ലെങ്കിലും അതിന് ഇടനല്‍കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനും അല്‍മായര്‍ക്ക് സഭയില്‍ ന്യായവും അര്‍ഹവുമായ പരിഗണന ലഭിക്കാനുമുള്ള അവസരം സംലഭ്യമാക്കണം.

(viii)  കത്തോലിക്കാ ആധ്യത്മികതയില്‍ ഇടവകാദേവാലയത്തിന്‍റെ അള്‍ത്താര കേന്ദ്രമാക്കിയാണ് ആധ്യാത്മികത വളര്‍ന്നുവരേണ്ടത്. എന്നാല്‍ ഇന്ന് ഇടവകാദേവാലയങ്ങള്‍ നൈയാമികവും കൗദാശികവുമായ ശുശ്രൂഷകളുടെ വേദികളായി മാറുകയും ആധ്യാത്മികത അന്വേഷിച്ച് വിശ്വാസികള്‍ ധ്യാനകേന്ദ്രങ്ങളെയും "സിദ്ധിവിശേഷങ്ങളുള്ളവരെയും" അന്വേഷിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു. കര്‍ത്തവ്യബാഹുല്യങ്ങള്‍ ഉണ്ടെങ്കിലും ഇടവകവികാരിമാര്‍ യഥാര്‍ത്ഥ ആത്മീയപിതാക്കളുടെ ദൗത്യം നിര്‍വ്വഹിക്കുക എന്നതാണ് ഇതിനുള്ള യഥാര്‍ത്ഥ പോംവഴി. ധ്യാനകേന്ദ്രങ്ങളില്‍ ധ്യാനത്തിനെത്തുന്നവരെ ഇടവകാദേവാലയത്തിന്‍റെ അള്‍ത്താരയിലേക്ക് നയിക്കാന്‍ ധ്യാനഗുരുക്കന്മാര്‍ക്കു കഴിയണം. ധ്യാനകേന്ദ്രങ്ങള്‍ സമാന്തര അജപാലന കേന്ദ്രങ്ങളായി വര്‍ത്തിക്കരുത്.

Preventive measures against sects Mar Joseph Pamplany Sects reasons why people go behind sects Pope Benedict XVI on sects Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message