We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 17-Oct-2020
എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനത്തിന്‍റെ ചരിത്ര വഴിയിലെ മുന്‍ഗാമികള്‍
സ്വകാര്യ വ്യക്തികള്‍ നിക്ഷിപ്ത താത്പര്യങ്ങളോടെ ആരംഭിക്കുന്ന വിശ്വാസവിരുദ്ധ പ്രസ്ഥാനങ്ങളും വിഘടിത ഗ്രൂപ്പുകളും സഭയുടെ അസ്തിത്വത്തിനു മാത്രമല്ല സമൂഹത്തിന്‍റെ നിലനില്പിനുതന്നെ എത്രമേല്‍ ഭീഷണിയാകാം എന്നതിന്‍റെ വ്യക്തമായ ഉദാഹരണമാണ് ജിം ജോണ്‍സണ്‍ എന്ന വ്യക്തി ആരംഭിച്ച "പീപ്പിള്‍സ് ടെമ്പിള്‍" എന്ന പ്രസ്ഥാനത്തിന്‍റെ ദുരന്തപര്യവസാനം. ജെയിംസ് വാറന്‍ ജോണ്‍സണ്‍ എന്ന ജിം ജോണ്‍സണ്‍ 1950 കളില്‍ അമേരിക്കയില്‍ ആരംഭിച്ച പ്രസ്ഥാനമായിരുന്നു "പീപ്പിള്‍സ് ടെമ്പിള്‍". കത്തോലിക്കാ സഭയ്ക്കെതിരായുള്ള പ്രബോധനങ്ങളും പ്രാര്‍ത്ഥനാക്കൂട്ടായ്മകളുമായി ആരംഭിച്ച ഈ പ്രസ്ഥാനം ആരംഭത്തില്‍ തികച്ചും നിരുപദ്രവകരമായി കരുതപ്പെട്ടിരുന്നു. എംപറര്‍ പ്രസ്ഥാനം അവകാശപ്പെടുന്നതുപോലെ ലോകാവസാനം അടുത്തെത്തിയെന്നും രക്ഷപെടാനുള്ള ഏകമാര്‍ഗ്ഗം "പീപ്പിള്‍സ് ടെമ്പിളില്‍" അംഗമാകുക മാത്രമാണെന്നും അദ്ദേഹം വാദിച്ചു. എംപറര്‍ പ്രസ്ഥാനവുമായി പീപ്പിള്‍സ് ടെമ്പിളിനുള്ള സാമ്യം ഇവിടെ അവസാനിക്കുന്നില്ല.
തന്‍റെ അണികളോട് സര്‍വ്വ സമ്പത്തും വിറ്റ് പ്രസ്ഥാനത്തിനു നല്‍കാന്‍ ജിംജോണ്‍സണ്‍ ആവശ്യപ്പെട്ടിരുന്നു. സമാനമായ ആവശ്യം എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനും ഉന്നയിക്കുന്നുണ്ട്. കൂടാതെ തങ്ങളുടെ പ്രസ്ഥാനങ്ങളില്‍ അംഗങ്ങളാകുന്നവരെ നിശ്ചിത സ്ഥലത്ത് നേതാവിന്‍റെ ആജ്ഞാനുവര്‍ത്തികളായി ഒരുമിപ്പിച്ചുകൂട്ടി സ്ഥിരതാമസത്തിന് സൗകര്യമൊരുക്കുന്നതിലും മേല്‍പ്പറഞ്ഞ രണ്ടു പ്രസ്ഥാനങ്ങള്‍ക്കും സമാനതകളുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള സാമൂഹിക സമ്പര്‍ക്കങ്ങള്‍ നിരോധിച്ച് അണികളെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് ബോധപൂര്‍വ്വം അകറ്റിനിര്‍ത്താന്‍ ചെയ്യുന്ന പരിശ്രമങ്ങളിലും പീപ്പിള്‍സ് ടെമ്പിളിനും എംപറർ എമ്മാനുവല്‍ പ്രസ്ഥാനത്തിനും സമാനതകളുണ്ട്. പീപ്പിള്‍സ് ടെമ്പിളിന്‍റെ കൂടാരങ്ങളിലെ അധാര്‍മ്മിക ജീവിതത്തിന്‍റെയും അവിഹിത വേഴ്ചകളുടെയും ഫലമായി ജനിക്കുന്ന കുഞ്ഞുങ്ങളെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ പുനരാഗമനമായിട്ടാണ് ജിം ജോണ്‍സണ്‍ അവതരിപ്പിച്ചിരുന്നത്.
ആരംഭത്തില്‍ വചനപ്രഘോഷണവും സംഗീതവും ആരാധനകളുമായി മുന്നേറിയ പീപ്പിള്‍സ് ടെമ്പിള്‍ സാവകാശത്തില്‍ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളിലേക്ക് വഴുതിമാറി. കുടുംബജീവിതത്തെ പരിഹസിക്കുകയും തങ്ങളുടെ അണികളാകാന്‍ വിസമ്മതിക്കുന്ന ജീവിതപങ്കാളികളെ തള്ളിപ്പറയുകയും ചെയ്യുന്നതില്‍ എംപറര്‍ പ്രസ്ഥാനത്തിനും പീപ്പിള്‍സ് ടെമ്പിളിനും സമാനസ്വരമാണുള്ളത്. പീപ്പിള്‍സ് ടെമ്പിളിന്‍റെ സാമൂഹിക വിരുദ്ധ നിലപാടുകളില്‍ സംശയാലുക്കളായ അമേരിക്കന്‍ സെനറ്റ് വസ്തുതകളുടെ നിജസ്ഥിതി പരിശോധിക്കാന്‍ പ്രതിനിധി സംഘത്തെ നിയോഗിച്ചു. ഫ്രഞ്ചു ഗയാനയിലുള്ള തങ്ങളുടെ താവളം പരിശോധിക്കാനെത്തിയ ഈ പ്രതിനിധി സംഘത്തെ കൊലപ്പെടുത്തിക്കൊണ്ടാണ് ജിം ജോണ്‍സണ്‍ പ്രതികരിച്ചത്. പീപ്പിള്‍സ് ടെമ്പിളിനെതിരെ അമേരിക്കയിലുടനീളം ആഞ്ഞടിച്ച പ്രതിഷേധക്കൊടുങ്കാറ്റില്‍ ഏതുനിമിഷവും അമേരിക്കന്‍ സൈന്യം തങ്ങളെ അക്രമിക്കുമെന്ന് ജിംജോണ്‍സണ് മനസ്സിലായി.
എല്ലാ വഴികളും അടഞ്ഞ ജിംജോണ്‍സണ്‍ അണികളെയെല്ലാം ഒരു മലഞ്ചെരുവില്‍ വിളിച്ചുകൂട്ടി. തങ്ങള്‍ കാത്തിരുന്ന ലോകാവസാനദിനം സമീപിച്ചതായും മരണത്തിലൂടെ പുതിയലോകത്തിലേക്ക് തങ്ങള്‍ ഒരുമിച്ചു പ്രവേശിക്കുകയാണെന്നും അറിയിച്ചു. മലഞ്ചെരുവിലെ വിവിധ സ്ഥലങ്ങളില്‍ ഒരുക്കിവച്ചിരുന്ന വിഷലായനി കുടിച്ച് കൂട്ട ആത്മഹത്യ ചെയ്യാന്‍ ജിംജോണ്‍സണ്‍ അണികളോട് കല്‍പിച്ചു. 950 ഓളം വരുന്ന അണികളില്‍ പലരും ഇതിനെതിരെ പ്രതിഷേധിച്ചു. ജിംജോണ്‍സന്‍റെ സ്വകാര്യസേന തോക്കുകളുമായി അണികള്‍ക്കിടയിലേക്കിറങ്ങി. പിഞ്ചുകുഞ്ഞുങ്ങളുടെ വായില്‍വരെ സൈനയ്ഡ് കലര്‍ത്തിയ വിഷദ്രാവകം ബലമായി ഒഴിച്ചുകൊടുത്തു. പ്രതിഷേധിച്ചവരെ തോക്കിനിരയാക്കി. 914 പേര്‍ ജീവന്‍ വെടിഞ്ഞ ആ കൂട്ടക്കുരുതി, സെക്ടുകളെക്കുറിച്ചുള്ള വിചിന്തനങ്ങളില്‍ വിസ്മരിക്കാവുന്നതല്ല. ഏതെങ്കിലും ഒരു വ്യക്തിയുടെ സ്വകാര്യ വെളിപാടുകളെ ആധാരമാക്കിയും അയാളുടെ നേതൃപാടവവും പ്രഭാഷണചാതുരിയും മുതലാക്കിയും ആരംഭിക്കുന്ന വിഘടിത പ്രസ്ഥാനങ്ങള്‍ സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും നിലനില്പിനെ എത്രമേല്‍ ദോഷകരമായി ബാധിക്കാനിടയുണ്ട് എന്നതിന്‍റെ ഉത്തമോദാഹരണമാണ് പീപ്പിള്‍സ് ടെമ്പിളിന്‍റെ ദാരുണമായ അന്ത്യം.
ഉത്ഭവത്തിലും പ്രബോധനത്തിലും നടത്തിപ്പിലും പീപ്പിള്‍സ് ടെമ്പിളിനോട് ഏറെ സമാനതകളുള്ള എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനത്തെ സംശയദൃഷ്ടിയോടെ സാമാന്യജനങ്ങളും തദ്ദേശവാസികളും വീക്ഷിക്കുന്നതില്‍ കുറ്റംപറയാനാകുമോ? ഇവരുടെ നിലപാടുകളുടെ നിജസ്ഥിതി അറിയാന്‍വേണ്ട നിയമനടപടികളും പരിശോധനകളും യഥാസമയം നടത്തുന്നതില്‍ ഭരണകൂടങ്ങള്‍ വീഴ്ചവരുത്തുന്നത് നിരുത്തരവാദപരമായ കൃത്യവിലോപമാണ്.
ജിം ജോണ്‍സിന്‍റെ പീപ്പിള്‍സ് ടെബിള്‍ പ്രസ്ഥാനം ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ചരിത്രത്തിന്‍റെ നാള്‍വഴികളില്‍ ഇതിന് ഏറെ മുന്‍ഗാമികളും പിന്‍ഗാമികളും ഉണ്ടായിട്ടുണ്ട്. കേരളസഭ മാസികയില്‍ ജോസ് ആന്‍റണി എഴുതിയ കുറിപ്പില്‍ ഉദ്ധരിക്കുന്ന ഏതാനും സൂചനകള്‍ ചുവടേ ചേര്‍ക്കുന്നു. ജിം ജോണ്‍സന്‍റെ വരവിനും ഏതാണ്ട് അര നൂറ്റാണ്ടു മുമ്പ് അമേരിക്കയില്‍ നിലവില്‍ വന്ന വിശ്വാസ വിരുദ്ധ പ്രസ്ഥാനമായിരുന്നു "ഹെവൻസ് ഗേറ്റ് " സ്വര്‍ഗ്ഗത്തിന്‍റെ വാതില്‍. 1930 ല്‍ ആയിരുന്നു ഇതിന്‍റെ തുടക്കം. സെവന്‍ത് ഡേ അഡ്വെന്‍റിസ്റ്റ് പെന്തക്കോസ്ത് ചര്‍ച്ചില്‍നിന്ന് പിളര്‍ന്നു മാറിയ വിക്ടര്‍ ടി. ഹുടെഫാണ് ഇതിന് തുടക്കം കുറിച്ചത്. ലോകാവസാനം അടുത്തുവെന്നു പറഞ്ഞുതന്നെയായിരുന്നു ഹെവന്‍സ് ഗേറ്റിലേക്കും അണികളെ കൂട്ടിയത്. നാലു വര്‍ഷത്തിനകം ലോകം അവസാനിക്കുമെന്ന് പറഞ്ഞ് ആരംഭിച്ച പ്രസ്ഥാനം ആദ്യകാലത്ത് ഒട്ടേറെപ്പേരെ ആകര്‍ഷിച്ചു.
നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം ലോകാവസാനം വരുന്ന മുഹൂര്‍ത്തത്തില്‍ ഉണ്ടാകുമെന്നും ആ പോരാട്ടത്തില്‍ ഹെവന്‍സ് ഗേറ്റിലെ അംഗങ്ങള്‍ ജയിക്കുമെന്നുമായിരുന്നു ഹുടെഫിന്‍റെ അവകാശവാദം. ഇതിനിടെ ഹുടെഫ് മരിച്ചു. അതോടെ ഭാര്യ ഫ്ലോറന്‍സിന്‍റെ കൈയിലായി പ്രസ്ഥാനത്തിന്‍റെ നേതൃത്വം. അമേരിക്കയിലെ ടെക്സാസ് നഗരത്തിലായിരുന്നു ഹെവന്‍സ് ഗേറ്റിന്‍റെ മൗണ്ട് കാര്‍മല്‍ സെന്‍റര്‍ എന്ന നിഗൂഢ സങ്കേതം.
എന്നാല്‍, ലോകാവസാനം പല അവധികള്‍ പറഞ്ഞിട്ടും നടക്കാതെ പോയത് പ്രസ്ഥാനത്തില്‍ പിളര്‍പ്പിന് കാരണമായി. ആ വിമത ഗ്രൂപ്പിന്‍റെ നേതാവായി രംഗത്തുവന്ന ഡേവിഡ് കൊറെഷ് താന്‍ രക്ഷകനാണെന്നും ഏഴാമത്തെ പ്രവാചകനാണെന്നും അണികളെ പറഞ്ഞു വിശ്വസിപ്പിച്ചു. അണികള്‍ക്കിടയിലെ പെണ്‍കുട്ടികള്‍ രക്ഷകന്‍റെ സേനാംഗങ്ങളെ പ്രസവിക്കുമെന്നായിരുന്നു അയാളുടെ പ്രവചനം. ഇതോടെ സംഘടനയില്‍ സര്‍വ്വവിധ ലൈംഗിക അരാജകത്വത്തിനും വഴിയൊരുങ്ങി.
ഇതോടൊപ്പം സംഘാംഗങ്ങള്‍ ആയുധങ്ങള്‍ ശേഖരിക്കാനും തുടങ്ങി. മൗണ്ട് കാര്‍മല്‍ സെന്‍ററില്‍ ആയുധശേഖരണം നടക്കുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ, അമേരിക്കന്‍ സര്‍ക്കാന്‍ രംഗത്തിറങ്ങി. അതുവരെ മതസ്വാതന്ത്ര്യത്തിന്‍റെ പേരില്‍ അനങ്ങാതിരുന്ന അധികൃതര്‍ അപ്പോഴാണ് പ്രസ്ഥാനത്തിന്‍റെ ഭീകര രൂപം കണ്ടത്. സര്‍ക്കാന്‍ ഇടപെടുമെന്നായപ്പോള്‍ നേതാവും എണ്‍പതോളം അനുയായികളും സ്വയം വെടിവെച്ചും മൗണ്‍ കാര്‍മല്‍ സെന്‍റര്‍ തകര്‍ത്തും മരിച്ചു. അങ്ങനെ 1993 ല്‍ ഏതാണ്ട് ആറു പതിറ്റാണ്ടു കാലത്തെ നിലനില്‍പ്പിനു ശേഷം ഹെവന്‍സ് ഗേറ്റും ഓര്‍മയായി.
ന്യൂ ഏജ് പ്രസ്ഥാനം
ഹെവന്‍സ് ഗേറ്റ് പ്രസ്ഥാനം തകര്‍ന്നെങ്കിലും ഏതാനും വര്‍ഷം കഴിഞ്ഞ് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അതില്‍ ശേഷിച്ചിരുന്ന ഏതാനും പേര്‍ ചേര്‍ന്ന് പുതിയൊരു ഗ്രൂപ്പിനു തുടക്കം കുറിച്ചു. ലോകാവസാനം തന്നെയാണ് അവരും ഇരകളെ പിടിക്കാന്‍ ഉപയോഗിച്ച ചൂണ്ട. അന്യഗ്രഹ ജീവികള്‍ തങ്ങളെ കൊണ്ടുപോകാന്‍ വരുമെന്നും അങ്ങനെ ഭൂമിയില്‍നിന്ന് അവര്‍ സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെടുമെന്നുമായിരുന്നു ഇവരുടെ അവകാശവാദം. ഈ പുതിയ ഗ്രൂപ്പിന്‍റെ നേതാവ് അറുപത്തഞ്ചുകാരനായ മാര്‍ഷല്‍ ആപ്പിള്‍വൈറ്റായിരുന്നു.
താന്‍ യേശുക്രിസ്തുവിന്‍റെ കുടുംബത്തില്‍ ജനിച്ചവനാണെന്നായിരുന്നു ഇയാളുടെ കണ്ടുപിടിത്തം. അന്യഗ്രഹങ്ങളും പറക്കും തളികകളും അന്യഗ്രഹ ജീവികളുമായി തനിക്ക് പരിചയവും സൗഹൃദവുമുണ്ടെന്നും ഏറെ വൈകാതെ അവര്‍ വന്ന് ലോകത്തെ നശിപ്പിക്കുമെന്നും അനുയായികളെ പറഞ്ഞു വിശ്വസിപ്പിച്ചു. അതിനാല്‍ താന്‍ പറയുന്ന നിമിഷത്തിലും ദിവസങ്ങളിലും ഭൂമി വിട്ടുപോകാന്‍ എല്ലാവരും ഒരുങ്ങണമെന്നും അയാള്‍ പറഞ്ഞു.
മറ്റു മിക്ക പ്രസ്ഥാനങ്ങളുടെ കാര്യത്തിലുമെന്നതുപോലെ ന്യൂഏജ് വിഭാഗവും പണത്തിലും സ്വത്തിലും കണ്ണുനട്ടുകൊണ്ടാണ് കാര്യങ്ങളൊക്കെ നീക്കിയത്. ലോകം അവസാനിക്കാന്‍ പോകുന്നതിനാല്‍ ലോകസുഖങ്ങള്‍ ഉപേക്ഷിക്കണം. സ്വത്തും പണവും ജോലികളും ഉപേക്ഷിക്കണം. സ്വത്തും പണവും പ്രസ്ഥാനത്തിന് നല്‍കണം. വിവാഹം, ദാമ്പത്യജീവിതം തുടങ്ങിയവയൊന്നും പാടില്ല. ലോകത്തിന്‍റേതായ ഒന്നും പാടില്ല.
യഥാര്‍ത്ഥത്തില്‍, മാര്‍ഷല്‍ ആപ്പിള്‍വൈറ്റ് ഒരു മാനസികരോഗിയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. അയാള്‍ പലതവണ മാനസികരോഗ ചികില്‍സതേടി അജ്ഞാത കേന്ദ്രങ്ങളില്‍ പോയിരുന്നു. അങ്ങനെയിരിക്കെയാണ് പത്രങ്ങളില്‍ ഹാലിബോബ് ധൂമകേതുവിന്‍റെ ചിത്രങ്ങള്‍ വന്നത്. അത് ഭൂമിക്കു സമീപത്തുകൂടി സഞ്ചരിക്കുന്ന ചിത്രങ്ങളായിരുന്നു അത്. ഹെവന്‍സ്ഗേറ്റിന്‍റെ സഹ സ്ഥാപകനായിരുന്നു അന്തരിച്ച തന്‍റെ സുഹൃത്ത് അന്യ ഗ്രഹവാഹനവുമായി വരികയാണെന്നും അനുയായികളോട് ലോകം വിട്ടുപോകാന്‍ ഒരുങ്ങണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ ആപ്പിള്‍വൈറ്റ് നിശ്ചയിച്ച സമയത്ത് അവരുടെ താമസസ്ഥലമായ കാലിഫോര്‍ണിയയിലെ സാന്‍ ഡിയേഗൊയിലെ ബംഗ്ലാവില്‍ വച്ച് 39 പേര്‍ ആത്മഹത്യ ചെയ്തു. ചുവന്ന തുണികൊണ്ട് മൂടിക്കിടന്ന നിലയിലായിരുന്നു മാര്‍ഷലിന്‍റെയും അനുയായികളുടെയും ജഡങ്ങള്‍. കറുത്ത ഷര്‍ട്ടും പാന്‍റ്സും ടൈയും ഷൂസും ധരിച്ച ജഡങ്ങള്‍ യാത്രയ്ക്കൊരുങ്ങിയ നിലയിലായിരുന്നു കാണപ്പെട്ടത്. സമീപത്ത് വസ്ത്രങ്ങള്‍ അടുക്കിവച്ച പെട്ടികളും ഓരോരുത്തരുടെയും പോക്കറ്റില്‍ യാത്രച്ചെലവിനുള്ള അഞ്ചു ഡോളറുകളും ഉണ്ടായിരുന്നു.
ഫ്രാന്‍സിലും 2012-ല്‍ ഫ്രാന്‍സിലെ ബഗാറക് പ്രദേശത്ത് ലോകാവസാനം കാത്ത് ദിവസങ്ങളോളം കഴിഞ്ഞുകൂടിയ 200 പേരുടെ കഥയാണ് രാജ്യാന്തരതലത്തില്‍ ഇത്തരം വിമതപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും അവസാനത്തേത്. 2012 ലായിരുന്നു ഇത്. ഈ ഗ്രൂപ്പിന് പ്രത്യേക ലീഡറോ പ്രത്യേക പ്രത്യയശാസ്ത്രങ്ങളോ ഉണ്ടായിരുന്നില്ലെങ്കിലും പുരാതന മായന്‍ കലണ്ടര്‍ അനുസരിച്ച് ലോകാവസാനം 2012 ഡിസംബര്‍ 21 ന് നടക്കുമെന്ന പ്രചാരണമായിരുന്നു ഇവരെ ഒന്നിപ്പിച്ച് നിര്‍ത്തിയത്. ഫ്രാന്‍സിന്‍റെ അതിര്‍ത്തിയിലുള്ള പിറണീസ് പര്‍വ്വത നിരകളിലെ പ്രകൃതിമനോഹരമായ ബഗാറക് ഗ്രാമത്തില്‍ ലോകാവസാനത്തിനായി ഇവര്‍ കാത്തിരുന്നു.
ഇതോടെ ലോകമാധ്യമ ശ്രദ്ധ അങ്ങോട്ട് തിരിയുകയും ലോകം മുഴുവന്‍ കൗതുകപൂര്‍വ്വം ഡിസംബര്‍ 21 ന് എന്തു സംഭവിക്കുമെന്നറിയാന്‍ അങ്ങോട്ട് ശ്രദ്ധ തിരിക്കുകയും ചെയ്തു. എന്നാല്‍ ഡിസംബര്‍ 21 കടന്നു പോയി, ലോകം അവസാനിക്കാതെ തന്നെ. തങ്ങളെ കൊണ്ടുപോകാന്‍ വരുമെന്ന് അവര്‍ പ്രതീക്ഷിച്ച ബഹിരാകാശ നക്ഷത്ര വാഹനം എത്താത്തതിനാല്‍ നിരാശരായി 200 പേരും ശാപവചനങ്ങള്‍ ഉതിര്‍ത്ത് പിരിഞ്ഞു പോകുകയും ചെയ്തു.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചിലരുടെ നേതൃത്വത്തില്‍ മുളച്ചുപൊന്തി കുറച്ചുകാലം നിലനിന്നശേഷം തകര്‍ന്നുപോയ ഈ പ്രസ്ഥാനങ്ങളിലൊക്കെ ചില കാര്യങ്ങള്‍ പൊതുവായി കാണാം. ലോകാവസാനം വരുന്നു എന്ന ഓലപ്പാമ്പിനെ കാണിച്ചാണ് ഈ പ്രസ്ഥാനങ്ങളൊക്കെ നിലനിന്നത് എന്നതാണ് ഒന്നാമത്തെ കാര്യം. അതുകൊണ്ട് സ്വന്തം പണവും പ്രസ്ഥാനത്തിന് നല്‍കണമെന്ന ഉപദേശം രണ്ടാമത്തെ പൊതുമുദ്ര. മൂന്നാമത്തേത്, ഈ പ്രസ്ഥാനങ്ങളില്‍ നടമാടുന്ന ലൈംഗിക അരാജകത്വം; വിവാഹത്തിന്‍റെ പരിശുദ്ധി നഷ്ടപ്പെടുത്തിക്കൊണ്ടുള്ള സ്ത്രീപുരുഷബന്ധങ്ങള്‍, അവിഹിത ബന്ധങ്ങള്‍. നാലാമത്തേത്, ഈ പ്രസ്ഥാനങ്ങളുടെ നേതാക്കളുടെ മാനസികരോഗവും വിഭ്രാന്തിയും. അഞ്ചാമത് ഇന്നല്ലെങ്കില്‍ നാളെ അവരെ കാത്തിരിക്കുന്ന അനിവാര്യമായ ദുരന്തം-ഇത് കൂട്ട ആത്മഹത്യയോ കൂട്ടക്കുരുതിയോ ആകാം. കേരളത്തില്‍ വിവധ കാലങ്ങളില്‍ പൊട്ടി മുളച്ച വിശ്വാസ വിരുദ്ധ പ്രസ്ഥാനങ്ങളുടെ വിശിഷ്യാ എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനത്തിന്‍റെ ഭാവിയും സമാനദിശയിലേക്കാണ് നീങ്ങുന്നത്.
(കടപ്പാട്, കേരളസഭ, ആഗസ്റ്റ്, 2014)
Mar Joseph Pamplany Predecessors of emperor emmanuel Emperor Emmanuel Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206