We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Vincent Kundukulam, Fr. Tom Olikkarottu On 08-Mar-2023
10
കൗൺസിലാനന്തര പ്രബോധനങ്ങൾ
രണ്ടാംവത്തിക്കാൻ കൗൺസിലിന്റെ ഇതരമതങ്ങളോടുള്ള വിശാലമായ ദൈവശാസ്ത്രസമീപനം പിൽക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട വത്തിക്കാൻ രേഖകളിലും തുടർന്നുപോന്നു. 1964-ൽ പോൾ ആറാമൻ പാപ്പാ പുറത്തിറക്കിയ 'എക്ലേസിയാം സുവാം' മുതൽ 2000 ത്തിൽ ജോൺപോൾ രണ്ടാമൻ പാപ്പാ പ്രസിദ്ധീകരിച്ച 'ദോമിനൂസ് യേശൂസ്' വരെയുള്ള സഭാപ്രബോധനങ്ങളിലൂടെ ആവിഷ്കൃതമായ ഇതരമതദൈവശാസ്ത്ര ദർശനങ്ങളാണ് ഈ അദ്ധ്യായത്തിന്റെ ഉള്ളടക്കം. ആവർത്തനം ഒഴിവാക്കാൻ മുൻപ്രബോധനങ്ങളിൽ നിന്നു വ്യത്യസ്തമായി ആവിഷ്കരിച്ചിട്ടുള്ള ചിന്തകൾ മാത്രമേ ഇവിടെ പരാമർശിക്കുന്നുള്ളൂ.
10.1 എക്ലേസിയാം സുവാം (Ecclesiam Suam)
പോൾ ആറാമൻ പാപ്പാ എഴുതിയ ആദ്യ ചാക്രികലേഖനമാണ് 'എക്ലേസിയം സുവാം'. ആധുനികകാലഘട്ടത്തിൽ സഭ ഇതരമതങ്ങളോട് പുലർത്തേണ്ട അടിസ്ഥാന മനോഭാവങ്ങളാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. സൗഹാർദ്ദപരമായ സംഭാഷണങ്ങളിലൂന്നിയ ഇതരമതസമീപനത്തെ പാപ്പാ ഇവിടെ പ്രോത്സാഹിപ്പിക്കുന്നു. സഭയുടെ നയതന്ത്രസമീപനത്തിന്റെ ഭാഗം എന്നതിനേക്കാൾ സകല മനുഷ്യരെയും രക്ഷയിലേക്കു ക്ഷണിക്കുന്ന ദൈവത്തിന്റെ വിശാലവും സർവാശ്ലേഷിയുമായ മനസ്സിന്റെ പ്രകാശനമാണ് സംവാദം.
നാല് തലങ്ങളിലുള്ള സംഭാഷണങ്ങളെപ്പറ്റി പരി. പിതാവ് ഇവിടെ പറയുന്നു (നമ്പർ 155-159). ആദ്യത്തെ പരിധിയിൽപ്പെടുന്നത് മനുഷ്യവർഗത്തെ ഒന്നാകെ ഉൾക്കൊള്ളുന്ന വിശാലമായ സംഭാഷണങ്ങളാണ്. ഇവിടെ ചർച്ചയുടെ വിഷയം മനുഷ്യനെ സ്പർശിക്കുന്ന ഏത് പ്രശ്നവുമാകാം. നിരീശ്വരന്മാരും യുക്തിവാദികളും ശാസ്ത്രകാരന്മാരുമായി ചർച്ചയാകാം. അതിനാൽ സംഭാഷണം ദൈവകേന്ദ്രീകൃതമാകണമെന്നു നിഷ്കർഷിക്കുന്നില്ല. ലോകത്തിന്റെ പുരോഗതിയും അഭിവൃദ്ധിയുമാണ് സംഭാഷണലക്ഷ്യം.
രണ്ടാമത്തെ സംഭാഷണപരിധിയിലാകട്ടെ ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാ മനുഷ്യരും ഉൾക്കൊള്ളുന്നു. വ്യത്യസ്ത മത പാരമ്പര്യങ്ങളിൽ ജീവിക്കുന്നവരുമായി ഇവിടെ സംഭാഷണം നടക്കുന്നു. വ്യതിരിക്തങ്ങളായ ആദ്ധ്യാത്മികസമ്പത്തിന്റെ പങ്കുവയ്ക്കൽ മതങ്ങൾക്ക് ഈശ്വരാന്വേഷണത്തിലും ആത്മ സാക്ഷാത്കാരത്തിലും ഒരുമിച്ചു പ്രവർത്തിക്കുന്നതിന് വഴിതെളിക്കുന്നു.
വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങൾതമ്മിലുള്ള ആശയ വിനിമയമാണ് മൂന്നാമത്തെ മേഖലയിൽ പാപ്പാ അവതരിപ്പിക്കുന്നത്. ഒരേ രക്ഷയുടെ സന്ദേശത്തിൽ വിശ്വസിക്കുകയും ക്രിസ്തുവിൽ ഏകീകരിക്കപ്പെടുകയും ചെയ്തവരായ ക്രൈസ്തവർ തങ്ങളുടെ വിശ്വാസത്തിന്റെ ആഴങ്ങൾ പരിശോധിക്കുന്നതിനും കൂട്ടായ്മയിലൂടെ തീക്ഷ്ണമതികളായ സാക്ഷികളാകുന്നതിനും സഹായിക്കുക എന്നതാണ് ഈ സംഭാഷണത്തിന്റെ ലക്ഷ്യം.
സംഭാഷണത്തിന്റെ ഏറ്റവും ഉള്ളിലായി പാപ്പാ അവതരിപ്പിക്കുന്നത് കത്തോലിക്കാസഭയ്ക്കുള്ളിൽത്തന്നെ നടക്കേണ്ട സംഭാഷണങ്ങളെയാണ്. സഭയ്ക്കുള്ളിൽ നവീകരണത്തിനും അഭിവൃദ്ധിക്കും വഴിതെളിക്കുന്ന ക്രിയാത്മകമായ സ്നേഹ സംവാദമാണ് ഇവിടെ ലക്ഷ്യമിടുന്നത്.
ഇതരമതങ്ങളിലെ ധാർമ്മികവും ആദ്ധ്യാത്മികവുമായ മൂല്യങ്ങളെ അംഗീകരിക്കുന്നതോടൊപ്പം, രാഷ്ട്രനിർമ്മാണം, മനുഷ്യാവകാശസംരക്ഷണം, മതസ്വാതന്ത്ര്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ അവരോടു സഹകരിച്ച് പ്രവർത്തിക്കുന്നതിനും സഭ ആഗ്രഹിക്കുന്നു (Christian Faith, 1030).
'എക്ലേസിയാം സുവാം' എന്ന ലേഖനത്തിലൂടെ സംഭാഷണത്തിലും അതുവഴി പരസ്പര സഹവർത്തിത്വത്തിലുമൂന്നിയ ഒരു ഇതരമത ദൈവശാസ്ത്രമാണ് പോൾ ആറാമൻ മാർപാപ്പ അവതരിപ്പിച്ചത്. 1964-ൽ അക്രൈസ്തവ മതങ്ങളോടുള്ള സമീപനരീതിയെ പ്രോത്സാഹിപ്പിക്കുന്നതിനായി അക്രൈസ്തവ മതങ്ങൾക്കായി ഒരു കാര്യാലയംതന്നെ സ്ഥാപിച്ചുകൊണ്ട് വിശാലമായ തന്റെ സമീപനരീതി പാപ്പാ കൂടുതൽ വ്യക്തമാക്കി.
10.2. എവംച്ചേലി നൂൺസിയാന്തി (Evangelii Nuntiandi)
1975 ഡിസംബർ 8-ാം തീയതി പുറത്തിറക്കിയ പോൾ ആറാമൻ പാപ്പായുടെ അപ്പസ്തോലിക പ്രബോധനരേഖയാണിത്. ഇവിടെ സഭയുടെ പ്രേഷിതപ്രവർത്തനത്തിന്റെ പശ്ചാത്തലത്തിലാണ് ഇതരമതദൈവശാസ്ത്രചിന്തകൾ അവതരിപ്പിക്കുന്നത്. പ്രേഷിതപ്രവർത്തനം സഭയുടെ അസ്തിത്വാത്മകമായ നിയോഗമായി ചിത്രീകരിക്കുന്നതോടൊപ്പം ഈ നിയോഗവുമായി കടന്നുചെല്ലുന്ന ഇടങ്ങളിലെ വിശ്വാസപൈതൃകങ്ങളെ അംഗീകരിക്കാനും പാപ്പാ ഉദ്ബോധിപ്പിക്കുന്നു. സഭ ഇതര അക്രൈസ്തവമതങ്ങളെയും അവയിലെ ആചാരരീതികളെയും ജനങ്ങളുടെ ജീവിതനിഷ്ഠകളെയും വിശ്വാസത്തെയും അത്യധികം ആദരിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. സഹസ്രാബ്ദങ്ങളായി തുടരുന്ന ദൈവാന്വേഷണത്തിന്റെ അലയടികൾ അവയിൽ മുഴങ്ങിക്കേൾക്കാം. അവ അപൂർണമെങ്കിലും ആത്മാർത്ഥവും നീതി നിഷ്ഠവുമായ മനസ്സോടെയുള്ളവയാണ്. ബഹുമാനത്തിലും സഹിഷ്ണുതയിലുമടിയുറച്ച ഒരു വിശ്വാസപ്രഘോഷണമാണ് എവംച്ചേലി നൂൺസിയായി ഉയർത്തിക്കാട്ടുന്നത് (നമ്പർ 53).
ഇതരമതഗ്രന്ഥങ്ങളുടെ രക്ഷാകര മൂല്യത്തെക്കുറിച്ചുള്ള പാപ്പായുടെ നിരീക്ഷണം വളരെ പ്രസക്തമാണ്: "ആഴമായ മതാത്മകതയിൽ നിന്നുയിർക്കൊണ്ടതും തലമുറകളായി മനുഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചതുമായ ഗ്രന്ഥങ്ങളുടെ ഉദാത്തമായ ഒരു പാരമ്പര്യം അവയ്ക്കവകാശപ്പെടാനുണ്ട്. അവയാകട്ടെ വചനത്തിന്റെ എണ്ണമറ്റ വിത്തുകളെ ഉള്ളിൽ വഹിച്ചിരിക്കുന്നവയാണ്. ഇതിനാൽ അവയെ നാം സുവിശേഷത്തിനുള്ള യഥാർത്ഥ ഒരുക്കമായി കണക്കാക്കണം' (നമ്പർ 53). സുവിശേഷത്തിന്റെ ഒരുക്കമാണ് ഇതരമതഗ്രന്ഥങ്ങളെന്നും അവയിൽ വചനവിത്തുകൾ നിക്ഷിപ്തമാണെന്നുമുള്ള ഈ ആശയം രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഇതര മതദൈവശാസ്ത്രത്തിന്റെ തുടർച്ചയാണെന്നുപറയാം.
ആധുനിക കാലഘട്ടത്തിലെ മാർപാപ്പാമാരിൽ ബഹുതയോട് ഏറ്റവും ഭാവാത്മകമായി പ്രതികരിച്ച പാപ്പായാണ് ജോൺപോൾ രണ്ടാമൻ. “മനുഷ്യരക്ഷകൻ' മുതൽ 'കർത്താവായ യേശു' വരെയുള്ള പ്രബോധനരേഖകളിൽ നിന്ന് പാപ്പായുടെ വിശാലമായ ഇതരമത കാഴ്ചപ്പാടുകൾ വ്യക്തമാകുന്നതാണ്.
10.3. മനുഷ്യരക്ഷകൻ (Redemptor Hominis)
ജോൺപോൾ രണ്ടാമൻ പാപ്പായുടെ ആദ്യചാക്രികലേഖനമാണ് “മനുഷ്യരക്ഷകൻ' (1979). മനുഷ്യവംശത്തിന്റെ രക്ഷകനായി ക്രിസ്തുവിനെ അവതരിപ്പിക്കുന്നതാണ് ഈ ലേഖനം. ക്രിസ്തുവിനെ രക്ഷകനായി ഏറ്റു പറയുമ്പോഴും ഇതര മതവിശ്വാസികളോട് സൗഹാർദ്ദപരമായ സമീപനരീതി തുടരാനുള്ള ശക്തമായ ആഹ്വാനം ഇതിലുണ്ട്. മതാന്തരസംവാദങ്ങളിൽ ഏർപ്പെടുന്നതുവഴി ക്രൈസ്തവർക്കുണ്ടാകാവുന്ന ഗുണങ്ങൾ പാപ്പാ ചൂണ്ടിക്കാട്ടുന്നു. ഇതരമതങ്ങളിലെ ആദ്ധ്യാത്മിക സമ്പത്തിന്റെ നിക്ഷേപങ്ങൾ അവയുമായുള്ള സംസർഗത്തിലൂടെ തിരിച്ചറിയാനും ഉൾക്കൊള്ളാനും ക്രൈസ്തവർ തയ്യാറാകണമെന്നാണ് ജോൺപോൾ രണ്ടാമന്റെ ഉദ്ബോധനം.
ക്രിസ്തുവിന്റെ സാർവത്രികരക്ഷകസ്ഥാനം പ്രഘോഷിക്കുന്നത് ഇതരമതങ്ങളോടുള്ള ആദരവിൽ അടിസ്ഥാനമിട്ടാകണമെന്ന് പാപ്പാ നിർദ്ദേശിക്കുന്നു. മനുഷ്യവംശത്തെയും അവരുടെ വ്യതിരിക്തങ്ങളായ സംസ്കാരങ്ങളെയും ആത്മാർത്ഥതയോടെ സമീപിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് മനുഷ്യമനസ്സിന്റെ ആഴങ്ങളിൽ പ്രവർത്തനനിരതമായ, ഇഷ്ടമുള്ളിടത്തേക്കു വിശുന്ന (യോഹ 3,8) ആത്മാവിന്റെ പ്രവർത്തനമാണ്. പ്രേഷിതപ്രവർത്തനം ഉന്മൂലനമല്ല മറിച്ച് ഉദാത്തമാക്കലും നവീനമായ പണിതുയർത്താലാണ് (നമ്പർ12).
10.4. ഡയലോഗും മിഷനും (Dialogue & Mission)
1984-ലെ പന്തക്കുസ്താ ദിനത്തിലാണ് അക്രൈസ്തവ മതങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയം 'സംവാദവും പ്രേഷിതപ്രവർത്തനവും' എന്ന രേഖ പുറത്തിറക്കിയത്. മതാന്തര സംവാദശ്രമങ്ങളെ സഭയുടെ പ്രേഷിതദൗത്യത്തിന്റെ ആവൃതിക്കുള്ളിൽ പ്രതിഷ്ഠിക്കുക എന്നതായിരുന്നു ഈ രേഖയുടെ പരമമായ ലക്ഷ്യം. പ്രേഷിതപ്രവർത്തനത്തെ പല ഘടകങ്ങളുൾച്ചേർന്ന സങ്കീർണമായ ഒരു പ്രവർത്തനമായാണ് ഇവിടെ അവതരിപ്പിക്കുന്നത്. മതാന്തരസംവാദമാകട്ടെ പല ഘടകങ്ങളിലെ ഒരു ഘടകവും. ജീവിതസാക്ഷ്യം, പ്രാർത്ഥനാനിരതവും ധ്യാനാത്മകവുമായ ജീവിതം, മനുഷ്യസമുദായങ്ങളുടെ പുരോഗതിയും അഭിവൃദ്ധിയും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ, ദാരിദ്ര്യത്തിനും അനീതിക്കുമെതിരെയുള്ള പോരാട്ടങ്ങൾ, ഇതരമതസ്ഥരുമായുള്ള സംഭാഷണങ്ങൾ, പ്രഘോഷണവും മതബോധനവും എന്നിവയെല്ലാം ഇതിന്റെ ഘടകങ്ങളാണ് (നമ്പർ 13).
ഈ രേഖ അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു ഭാവാത്മകമായ ചിന്ത സഭ ഇതരമതങ്ങളോടുചേർന്ന് ദൈവരാജ്യത്തിന്റെ പരിപക്വതയിലേക്ക് പ്രയാണംചെയ്യുന്ന സമൂഹമാണെന്നതാണ്. സഭ ദൈവരാജ്യത്തിന്റെ പൂർണതയാണെന്നു പറഞ്ഞു കഴിഞ്ഞാൽ പിന്നെ ഇതരമതങ്ങളുടെ രക്ഷാകരമൂല്യത്തിന് പ്രസക്തി ഇല്ലല്ലോ. അതുകൊണ്ട് 'തിരുസഭ' എന്ന ഡിക്രിയിലെ നമ്പർ 5 ഉദ്ധരിച്ച് സഭ ദൈവരാജ്യത്തിന്റെ വിത്തും വളർച്ചയുമാണെന്ന് ഈ രേഖ സ്ഥാപിക്കുന്നു.
ദൈവരാജ്യത്തിലേക്കുള്ള യാത്രയിൽ മനുഷ്യവംശവുമായുള്ള ഐക്യദാർഢ്യം സാധ്യമാക്കേണ്ടത് സഭയുടെ ദൗത്യമാണ്. കാരണം മനുഷ്യാത്മകവും മതപരവുമായ സത്യത്തിന്റെയും നന്മയുടെയും വിത്തുകൾ ഇതര മതപാരമ്പര്യങ്ങളിലുണ്ട്. അവ, പലതും ക്രൈസ്തവ മൂല്യങ്ങളിൽ നിന്ന് വ്യതിരിക്തമാണെങ്കിലും, ക്രൈസ്തവന്റെ ആദരവർഹിക്കുന്നവയാണ്. ഈ മൂല്യങ്ങളെ ഉൾക്കൊള്ളാൻ ക്രൈസ്തവനുള്ള മാർഗമാണ് ഡയലോഗ് (നമ്പർ 26).
10.5 കർത്താവും ജീവദാതാവും (Dominum et vivificantem)
1986 മെയ് 18-ാം തീയതി പ്രസിദ്ധീകരിച്ച ജോൺപോൾ രണ്ടാമൻ പാപ്പായുടെ ചാക്രികലേഖനമാണ് കർത്താവും ജീവദാതാവും. 'മനുഷ്യരക്ഷകൻ' എന്ന തന്റെ പ്രഥമചാക്രിക ലേഖനത്തിൽത്തന്നെ ജോൺപോൾ രണ്ടാമൻ പാപ്പാ പരിശുദ്ധാത്മാവിന്റെ സാർവത്രിക സാന്നിധ്യത്തെയും പ്രവർത്തനത്തെയും കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഇവിടെ ആത്മാവിന്റെ പ്രവർത്തനത്തിന്റെ വിശാലതലങ്ങളെയാണ് പാപ്പാ ആവിഷ്ക്കരിക്കുന്നത്.
ക്രിസ്തുവിന്റെ ജനനം മുതലുള്ള രണ്ടായിരം വർഷത്തിന്റെ ചരിത്രത്തിലേക്കു മാത്രമായി ആത്മാവിന്റെ പ്രവർത്തനങ്ങളെ പരിമിതപ്പെടുത്താനാവില്ല. പ്രപഞ്ചസൃഷ്ടിമുതൽ പ്രത്യേകിച്ച് പഴയ ഉടമ്പടിയുടെ നാൾ തുടങ്ങി സജീവവും പ്രവർത്തനനിരതവുമായ ആത്മാവിന്റെ സാന്നിദ്ധ്യം നമ്മൾക്കു കാണാം. സഭയുടെ ദൃശ്യമായ പരിധികൾക്കു വെളിയിലുള്ള ആത്മാവിന്റെ പ്രവർത്തനത്തെക്കുറിച്ചു രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പഠനങ്ങളെ ആസ്പദമാക്കി പാപ്പാ ഉദ്ബോധിപ്പിക്കുന്നു: “ക്രിസ്തു സകലർക്കുംവേണ്ടി മരിച്ചതിനാലും (റോമാ 8,32) സകല മനുഷ്യരുടെയും ലക്ഷ്യം ദൈവമായിരിക്കുന്നതിനാലും പരിശുദ്ധാത്മാവ് ദൈവത്തിനുമാത്രം സുഗ്രാഹ്യമാംവിധം ക്രിസ്തുവിന്റെ പെസഹാരഹസ്യത്തിലേക്കു പങ്കുചേരാൻ സകല മനുഷ്യരെയും സഹായിക്കുന്നു" (നമ്പർ 53).
10.6. റോമൻ കാര്യാലയത്തോടുള്ള പ്രഭാഷണം
1986 ഡിസംബർ 22-ാം തീയതിയാണ് പാപ്പാ റോമൻ കാര്യാലയത്തോടു ഇതരമത ദൈവശാസ്ത്ര ചിന്തകൾകൊണ്ട് ശ്രദ്ധേയമായ ഈ പ്രസംഗം നടത്തിയത്. ഇതിനുള്ള പശ്ചാത്തലമാകട്ടെ 1986 ഒക്ടോബർ 27-ാം തീയതി അസ്സീസിയിൽവച്ചു നടത്തിയ സർവമത പ്രാർത്ഥനാസമ്മേളനവും. പ്രസ്തുത സമ്മേളനത്തിൽ അദ്ദേഹം അവതരിപ്പിച്ച ആശയങ്ങളെപ്പറ്റി ചില സംശയങ്ങൾ കൂരിയായിൽ ഉടലെടുത്തിരുന്നു. വിവിധ മതസ്ഥരോടൊപ്പം ക്രൈസ്തവന് പ്രാർത്ഥിക്കാമോ? എന്നതായിരുന്നു ചോദ്യം. അതിനുള്ള മറുപടിയായിരുന്നു ഈ പ്രസംഗമെന്ന് പറയാം.
മനുഷ്യവംശത്തിന്റെ അടിസ്ഥാനപരമായ ഏകതാനതയെക്കുറിച്ചാണ് പാപ്പാ ഇവിടെ സംസാരിക്കുന്നത്. “മനുഷ്യവംശത്തിന്റെ ഐക്യം സൃഷ്ടിയിലെ വ്യക്തമായതാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈക ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചത് മനുഷ്യവംശത്തിന്റെ ഏകതാനതയ്ക്കുള്ള ദൈവികമായ അംഗീകാരമാണ്” (നമ്പർ 3).
സകല മനുഷ്യരുടെയും ഉത്ഭവം ഏക ദൈവത്തിൽ നിന്നായതിനാൽ മനുഷ്യവംശം മുഴുവനും വിശാലമായ ഒരു കുടുംബമാണെന്നു പാപ്പാ പറയുന്നു. എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് ഒരേ ലക്ഷ്യത്തിലേക്ക്. സകല വിഭജനങ്ങൾക്കും ഭിന്നതകൾക്കുമുപരിയായി സകല മനുഷ്യരും ക്രിസ്തുവിൽ സമന്വയിക്കപ്പെട്ടിരിക്കുന്നു. ഈ യാഥാർത്ഥ്യങ്ങളെല്ലാം നമ്മെ നയിക്കുന്നത് മനുഷ്യവംശത്തിന്റെ കൂട്ടായ്മ എന്ന വലിയ രഹസ്യത്തിലേക്കാണ്. ഈ കൂട്ടായ്മ എന്ന രഹസ്യത്തിന്റെ ദൃശ്യ അടയാളമാണ് സഭ. അതിനാൽ ഇതരമതവിശ്വാസങ്ങളോട് ഭാവാത്മകമായി പ്രതികരിക്കുവാൻ സഭാമക്കൾ തയ്യാറാകണം (നമ്പർ 5).
ഈ പ്രഭാഷണത്തിൽ പാപ്പാ ഏറ്റവും അടിസ്ഥാനപരമായി ഉയർത്തിക്കാട്ടിയത് പരിശുദ്ധാത്മാവിന്റെ സാർവത്രികസാന്നിദ്ധ്യമാണ്. എല്ലാ മനുഷ്യരിലും അവരുടെ ഈശ്വരാന്വേഷണങ്ങളിലും പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആത്മാർത്ഥമായ പ്രാർത്ഥനകളും സർവമനുഷ്യർക്കും അവരുടെ അന്തരംഗങ്ങളിൽ ആമഗ്നമായിരിക്കുന്ന പരിശുദ്ധാത്മസാന്നിദ്ധ്യത്തെ വിളിച്ചുണർത്താൻ പ്രചോദനം നൽകുന്നു. അതിനാൽ ഒരുമിച്ച് വിവിധ മതസ്ഥരായ വ്യക്തികൾ പ്രാർത്ഥിക്കുമ്പോൾ എല്ലാവരും ഉണരുന്നത് ഒരേ ആത്മാവബോധത്തിലേക്കും ദൈവാനുഭവത്തിലേക്കുമാണ് (നമ്പർ 11).
10.7. രക്ഷകന്റെ മിഷൻ (Redemptoris Missio)
1990 ഡിസംബർ 7-ാം തീയതി ജോൺപോൾ രണ്ടാമൻ പാപ്പാ പ്രസിദ്ധീകരിച്ച ചാക്രികലേഖനമാണ് രക്ഷകന്റെ മിഷൻ. മതാന്തതരസംവാദശ്രമങ്ങൾമൂലം പ്രേഷിതപ്രവർത്തനമേഖലയിലുണ്ടായ സന്ദേഹങ്ങളെ ദൂരീകരിക്കുകയും സഭയുടെ പ്രേഷിത ദൗത്യത്തിന്റെ ഭാഗമായി ഈ ശുശ്രൂഷയെ ബന്ധിപ്പിക്കുകയുമായിരുന്നു ലേഖനത്തിന്റെ ധർമ്മം. വിവിധ മതങ്ങൾ തമ്മിലുള്ള സംഭാഷണം സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യത്തിന്റെ ഭാഗമാണ്. പ്രേഷിതപ്രവർത്തനത്തിന് അതൊരിക്കലും എതിരാവില്ല. പ്രേഷിതപ്രവർത്തനവും സംവാദവും തമ്മിലുള്ള അവഗാഢബന്ധവും വ്യതിരിക്തതയും അഭംഗുരം നിലനിർത്തണം. ഒന്നിനുപകരം മറ്റൊന്നുമതിയെന്നുള്ള ധാരണയും അവയെ ദുർവ്യാഖ്യാനം ചെയ്യാനുള്ള ശ്രമങ്ങളും തിരുത്തപ്പെടേണ്ടവയാണ്. യേശുക്രിസ്തു സ്ഥാപിച്ച രക്ഷയുടെ സാധാരണ മാർഗത്തിലൂടെയല്ലാതെ മറ്റുമതാനുയായികൾക്കും ദൈവകൃപ ലഭിക്കുവാനും ക്രിസ്തുവിൽ രക്ഷിക്കപ്പെടുവാനും സാധിക്കുമെങ്കിലും സകലമനുഷ്യർക്കും വേണ്ടി ദൈവം ഒരുക്കിയ വിശ്വാസത്തിനും മാമ്മോദീസായ്ക്കുമുള്ള ദൈവിക ക്ഷണം അവഗണിക്കാനാവില്ല (നമ്പർ 55).
സംവാദവും പ്രഘോഷണവും പ്രേഷിതപ്രവർത്തനത്തിന്റെ പരസ്പരബന്ധിതമായ രണ്ട് രൂപങ്ങളാണെന്നു പറയുമ്പോഴും ഇതരമതങ്ങളുടെ രക്ഷാകരസ്വഭാവത്തെ അംഗീകരിക്കുന്നതിലൂടെ സംവാദത്തിന്റെ തനിമയും ലക്ഷ്യവും വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. 'രക്ഷകന്റെ മിഷൻ': 'തന്റെ സ്നേഹത്തിന്റെയും വെളിപാടിന്റെയും പൂർണത ഇതരമതസ്ഥരുമായി പങ്കുവയ്ക്കുവാൻ അവിടുന്ന് ആഗ്രഹിക്കുന്നു. വിവിധ രീതികളിൽ സ്വയം വെളിപ്പെടുത്താൻ ദൈവം മടിക്കുന്നില്ല. അത് വ്യക്തികൾക്കു മാത്രമല്ല മറ്റു ജനതകൾക്ക് മുഴുവനുമായിട്ടും വെളിപ്പെടുത്താം. ഈ വെളിപാട് അവരുടെ ആത്മീയസമ്പന്നതകളിലൂടെയാണ് അവിടുന്നു നടത്തുന്നത്. ഈ ആത്മീയ സമ്പന്നതയുടെ കാതലായ പ്രകാശനോപാധികളാണ് പല അപര്യാപ്തതകളും വിടവുകളുമുണ്ടെങ്കിലും അവരുടെ മതങ്ങൾ' (നമ്പർ 55).
നയതന്ത്രമോ സ്വാർത്ഥതാത്പര്യങ്ങളോ സംവാദത്തിന്റെ ലക്ഷ്യങ്ങളല്ലെന്നു പാപ്പാ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. “തനിക്ക് ഇഷ്ടമുള്ളിടത്തേക്കു വീശുന്ന" പരിശുദ്ധാരൂപിയുടെ (യോഹ 3,8) പ്രവർത്തനങ്ങളാണ് സംവാദത്തിന് പ്രസക്തിയും ദിശാബോധവും നൽകുന്നത്. സംഭാഷണത്തിലൂടെ സഭ വചനത്തിന്റെ വിത്തുകളെ അനാവരണം ചെയ്യാൻ ശ്രമിക്കുന്നു. സകല മനുഷ്യരെയും പ്രകാശിപ്പിക്കുന്ന സത്യത്തിന്റെ രശ്മികളെ ഉജ്ജ്വലിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം (നമ്പർ 56).
സംഭാഷണത്തിന്റെ പ്രയാസമേറിയ വഴിത്താരയിൽ പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ട് കഴിയേണ്ടിവരുന്ന മിഷനറിമാരെ പാപ്പ പ്രോത്സാഹിപ്പിക്കുന്നു: “വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ പിടിച്ച് നിൽക്കുക; ദൈവരാജ്യത്തിലേക്കുള്ള വഴിയാണ് സംഭാഷണം. അത് തീർച്ചയായും ഫലമുളവാക്കാതിരിക്കില്ല. അതിന്റെ സമയവും കാലവും ദൈവപിതാവിനുമാത്രമേ അറിയൂ എങ്കിലും' (നമ്പർ 57).
10.8. സംവാദവും പ്രഘോഷണവും (Dialogue & Proclamation)
1984 ൽ അക്രൈസ്തവമതങ്ങൾക്കായുള്ള കാര്യാലയം പുറത്തിറക്കിയ 'സംവാദവും പ്രേഷിതപ്രവർത്തനവും' എന്ന രേഖയെക്കുറിച്ച് മുൻപ് ചർച്ചചെയ്തിരുന്നു. മതാന്തരസംവാദത്തെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്ന ഈ രേഖ പ്രേഷിതപ്രവർത്തന മേഖലകളിൽ പല സന്ദേഹങ്ങളും അസ്വസ്ഥതകളും ഉളവാക്കി. ഈ പശ്ചാത്തലത്തിൽ, മതാന്തരസംവാദ പ്രേഷിതപ്രവർത്തന മേഖലകളിലെ സംശയങ്ങൾ ദൂരീകരിക്കുന്നതിനായിട്ടാണ് മതാന്തരസംവാദങ്ങൾക്കായുള്ള കാര്യാലയവും സുവിശേഷവത്കരണ കാര്യാലയവും സംയുക്തമായി 1991 മെയ് 19-ന് 'സംവാദവും പ്രഘോഷണവും' എന്ന രേഖ പ്രസിദ്ധീകരിച്ചത്.
ദൈവരാജ്യത്തിന്റെ സാർവത്രികഭാവത്തെ വ്യക്തമാക്കിക്കൊണ്ട് രേഖ പറയുന്നു: “ചരിത്രത്തിലുടനീളം ദൈവത്തിന്റെ ഭരണവും അവിടുത്തെ രാജ്യവുമുണ്ടായിരുന്നു. നിത്യതയിലാണ് ഇതിന്റെ പൂർത്തീകരണം നടക്കുന്നത്. സഭ ഈ ദൈവരാജ്യത്തിന്റെ വിത്തും വളർച്ചയുമാണ്. സഭയ്ക്കുവെളിയിലും ഈ ദൈവരാജ്യവും ദൈവഭരണവുമുണ്ട്. ആത്മാവിന്റെ പ്രവർത്തനത്തിന് സ്വയം വിധേയരാക്കുന്നവരെല്ലാം ദൈവരാജ്യത്തിന്റെ വളർച്ചയിൽ പങ്കുചേരുന്നു. അതിനാൽ ഇതരമതങ്ങളെയും വിശ്വാസങ്ങളെയും നാം ആദരവോടെ വീക്ഷിക്കേണ്ടിയിരിക്കുന്നു' (നമ്പർ 35).
സാർവത്രികരക്ഷാകരപദ്ധതിയുടെ ഭാഗമായാണ് ഈ രേഖ ഇതര മതങ്ങളെ കാണുന്നത്. അവയിലെ ഉത്തമമായ മാർഗനിർദ്ദേശങ്ങളെ പിൻചെല്ലുന്നവരും തങ്ങളുടെ മനഃസാക്ഷിയെ അനുസരിക്കുന്നവരുമായ ആളുകൾ രക്ഷ പ്രാപിക്കുന്നു എന്ന് രേഖ ഉറപ്പുതരുന്നു: "രക്ഷപ്രാപിക്കുന്ന സകല മനുഷ്യരും ക്രിസ്തുവിൽ സംഭവിച്ച രക്ഷാകര രഹസ്യത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനഫലമായി പങ്കുചേർന്നിരിക്കുന്നു. തങ്ങളുടെ മതങ്ങളിലെ ഉത്തമമായ പാരമ്പര്യങ്ങളെയും അനുശാസനകളെയും തങ്ങളുടെത്തന്നെ മനഃസാക്ഷിയുടെ സ്വരത്തെയും പിൻ ചെല്ലുന്നതിലൂടെയാണ് രക്ഷയിലേക്കുള്ള ദൈവികക്ഷണം അവർ സ്വീകരിക്കുന്നത്. (നമ്പർ 29).
ഇതര മതങ്ങളുടെ രക്ഷാകരമൂല്യം അംഗീകരിക്കുമ്പോഴും അവയിലെ കൃപയുടെ ഉറവിടങ്ങൾ വിവേചനബുദ്ധിയോടെ നോക്കിക്കാണണം എന്ന് രേഖ മുന്നറിയിപ്പു നൽകുന്നത് ശ്രദ്ധേയമാണ്: 'ഇതര മതപാരമ്പര്യങ്ങളിൽ കൃപയുടെ ഘടകങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട് എന്നു പറയുമ്പോൾ അവയിലുള്ള എല്ലാ ഘടകങ്ങളും കൃപയുടെ ഫലമാണെന്ന് അർത്ഥമാക്കുന്നില്ല.
കാരണം ലോകംതന്നെ പാപഗ്രസ്ഥമായിരിക്കുമ്പോൾ തിന്മയുടെ ചില അംശങ്ങളും മാനുഷിക പരിമിതികളും മതവിശ്വാസങ്ങളിലും പാരമ്പര്യങ്ങളിലും കാണപ്പെടാം. അതിനാൽ ഇതര മരങ്ങളോട് ഭാവാത്മകമായി പ്രതികരിക്കുകയെന്നാൽ അവയും ക്രിസ്തുമതവും തമ്മിലുള്ള വ്യത്യാസങ്ങളെ വിവേചിച്ചറിയലും അവയിലെ നന്മയെ അംഗീകരിക്കലുമാണ്' (നമ്പർ 31). മതാന്തര സംവാദങ്ങൾ അംഗീകരിക്കുന്നതോടൊപ്പം അത് ആത്യന്തികമായി പ്രഘോഷണോന്മുഖമായിരിക്കണം എന്ന് രേഖ പറയുന്നു: "സംവാദം പ്രഘോഷണത്തിന് വഴിതുറക്കുന്നതാകണം. കേവലം സംഭാഷണശ്രമങ്ങൾ മാത്രം നടത്തി സഭയുടെ പ്രേഷിത ദൗത്യം അവസാനിപ്പിക്കരുത്' (നമ്പർ 82).
10. 9. ഏഷ്യയിലെ സഭ (Ecclesia in Asia)
ഏഷ്യൻ സിനഡിനുശേഷം ജോൺ പോൾ രണ്ടാമൻ പാപ്പാ 1999 നവംബർ 6 ന് പുറപ്പെടുവിച്ച് അപ്പസ്തോലിക ആഹ്വാനമാണ് “ഏഷ്യയിലെ സഭ". യേശുക്രിസ്തുവിന്റെ അനന്യത ഉയർത്തിക്കാട്ടുന്നതോടൊപ്പം വ്യത്യസ്തങ്ങളായ മതപാരമ്പര്യങ്ങളെയും സംസ്കാരങ്ങളെയും അംഗീകരിക്കുന്നു എന്നതാണ് ഈ രേഖയുടെ സവിശേഷത. ക്രിസ്തു നേടിയ സാർവത്രിക രക്ഷയും പരിശുദ്ധാത്മാവിന്റെ സർവാശ്ലേഷിയായ സാന്നിദ്ധ്യവും ഈ രേഖ ഉറപ്പിച്ചുപറയുന്നു. യേശുവിന്റെ ദൗത്യം പാപം മൂലം പരസ്പരം അന്യരായിത്തീർന്ന മനുഷ്യർ തമ്മിൽ ഒരു പുതിയ സംസർഗം സ്ഥാപിക്കുകകൂടിയായിരുന്നു. സകല വിഭജനങ്ങൾക്കുമുപരിയായി സ്വർഗ്ഗസ്ഥനായ ഏക പിതാവിനെ അംഗീകരിച്ചുകൊണ്ട് സഹോദരീസഹോദരന്മാരെപ്പോലെ ജീവിക്കുന്നതിനുള്ള കഴിവ് യേശു മനുഷ്യവംശത്തിനു നൽകി (നമ്പർ 13).
10.10 കർത്താവായ യേശു (Dominus Jesus)
ഇതരമതദൈവശാസ്ത്രവുമായി ബന്ധപ്പെട്ട് ഇറങ്ങിയ സഭാ പ്രബോധനങ്ങളിൽ ഇനിയും പരിഗണിക്കാനുള്ളത് 2000 ആഗസ്റ്റ് 6- ന് വിശ്വാസതിരുസംഘം പ്രസിദ്ധീകരിച്ച “ദോമിനൂസ് യേസൂസ്” എന്ന രേഖയാണ്. സഭയുടെ തനിമ ഉറപ്പിച്ചു പറയാനുള്ള വ്യഗ്രതയിൽ കൗൺസിലിലും അതിനുശേഷമുണ്ടായ സഭാപ്രബോധനങ്ങളിലും അവതരിപ്പിക്കപ്പെട്ട വിശാലമായ ഇതരമതദൈവശാസ്ത്രസമീപനത്തിന് മങ്ങലേൽപ്പിക്കുന്ന പല പ്രസ്താവനകളും ഈ രേഖയിൽ കടന്നുകൂടിയിട്ടുണ്ടെന്ന അഭിപ്രായം പല ദൈവശാസ്ത്രജ്ഞന്മാരും പ്രകടിപ്പിക്കുകയുണ്ടായി.
ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നത് ക്രൈസ്തവവിശ്വാസവും അക്രൈസ്തവരുടെ വിശ്വാസവും രണ്ട് തട്ടിലാണെന്നു പറയുമ്പോഴുള്ള പദപ്രയോഗങ്ങളാണ്. “ദൈവശാസ്ത്രപരമായി വിശ്വാസമെന്ന് വെളിവാക്കപ്പെട്ട സത്യത്തെ കൃപാവരത്തിൽ സ്വീകരിക്കലാണ്. രഹസ്യത്തെ സമഗ്രമായി ഗ്രഹിക്കാൻ കഴിയത്തക്കവിധം അതിലേക്കു കടന്നുചെല്ലാൻ അതു നമ്മെ സഹായിക്കുന്നു. മറ്റു മതങ്ങളിലെ വിശ്വാസസംഹിതയാകട്ടെ അനുഭവത്തിന്റെയും ചിന്തയുടെയും ആകെത്തുകയാണ്. അത് ഇപ്പോഴും കേവല സത്യത്തെ അന്വഷിച്ചുകൊണ്ടിരിക്കുകയാണ്. തന്നെത്തന്നെ വെളിപ്പെടുത്തുന്ന ദൈവത്തോടുള്ള സമ്മതപ്രകടനം അതിന് ഇപ്പോഴുമില്ല"(നമ്പർ7).
അതേസമയം ഇതരമതങ്ങളെ സൗഹാർദ്ദപരമായിക്കാണുന്ന രണ്ടാം വത്തികാൻ കൗൺസിലിന്റെയും പിന്നീടുള്ള വത്തിക്കാൻ പ്രബോധനങ്ങളിലെയും പ്രസക്തഭാഗങ്ങൾ ഈ രേഖയിലുണ്ട്: “എല്ലാ ജനതകളെയും തന്നിലേക്കു വിളിക്കാനും തന്റെ വെളിപാടിന്റെ പൂർണതയും സ്നേഹവും അവർക്കു നൽകാനും ദൈവം ആഗ്രഹിക്കുന്നു. അതുകൊണ്ട് അവിടുന്ന് വിവധരീതികളിൽ, വ്യക്തികളിൽ മാത്രമല്ല സമൂഹങ്ങളിലും സന്നിഹിതനാകാതിരിക്കുന്നില്ല. അവരുടെ ആദ്ധ്യാത്മികസമ്പന്നതയിലൂടെയാണ് അവിടുന്ന് സന്നിഹിതനാകുന്നത്. ഈ ആദ്ധ്യാത്മിക സമ്പന്നതയുടെ സുപ്രധാനവും സത്താപരവുമായ പ്രകാശനമാണ് തെറ്റുകളും കുറവുകളും ഉണ്ടെങ്കിൽപ്പോലും അവരുടെ മതങ്ങൾ" (നമ്പർ 8).
“ഔദ്യോഗികമായും ദൃശ്യമായും സഭയുടെ അംഗങ്ങളല്ലാത്തവർക്കും ക്രിസ്തുവിലുള്ള രക്ഷയെ സമീപിക്കാൻ കഴിയും. അവരെ സഭയോട് രഹസ്യാത്മകമായി ബന്ധിപ്പിക്കുകയും എന്നാൽ സഭയുടെ ഔദ്യോഗിക ഭാഗമാക്കാതിരിക്കുകയും ചെയ്യുന്ന കൃപയുടെ പ്രവർത്തനഫലമാണിത്. ഈ രക്ഷാകരമായ കൃപയാകട്ടെ യേശുക്രിസ്തുവിൽനിന്ന് അവിടുത്തെ കുരിശിലെ യാഗത്തിന്റെ ഫലമായി പരിശുദ്ധാത്മാവിലൂടെ നൽകപ്പെടുന്നു". (നമ്പർ 20). "ക്രിസ്തു മരിച്ചത് മനുഷ്യവംശം മുഴുവനും വേണ്ടിയാണ്. മനുഷ്യനു ലഭിച്ചിരിക്കുന്ന ആദ്ധ്യാത്മിക ആഹ്വാനം ഏകവും ദിവ്യവുമാണ്. തന്മൂലം ദൈവത്തിനുമാത്രം സുഗ്രഹ്യമായവിധത്തിൽ എല്ലാ മനുഷ്യർക്കും പെസഹാ രഹസ്യത്തിൽ പങ്കുചേരാനുള്ള സാദ്ധ്യത പരിശുദ്ധാത്മാവ് നൽകുന്നുണ്ടെന്ന് നാം വിശ്വസിക്കണം” (നമ്പർ 12). "രക്ഷകന്റെ അനന്യമായ മദ്ധ്യസ്ഥത വിവിധതരത്തിലുള്ള സഹകരണത്തെ ഒഴിവാക്കുന്നില്ല. പിന്നെയോ അവയ്ക്ക് ജന്മം നല്കുകയാണ് ചെയ്യുന്നത്... വിവിധ തരത്തിലും വിവിധ തോതിലുമുള്ള മദ്ധ്യസ്ഥതകളെ ഇവിടെ ഒഴിവാക്കുന്നില്ല” (നമ്പർ 14).
ഒരേസമയം രണ്ടാംവത്തിക്കാൻ കൗൺസിലിന്റെ തുടർച്ചയായിരിക്കാനും ഏഷ്യൻ, ലാറ്റിനമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിലുണ്ടായ നൂതന ദൈവശാസ്ത്രചിന്തകളെ നിയന്ത്രിക്കുന്നതിനും ശ്രമിക്കുന്നതിനാലാകാം ഈ രേഖയിൽ ചില പൊരുത്തക്കേടുകൾ കാണുന്നത്. ഉദാഹരണമായി "യഥാർത്ഥത്തിൽ വിവിധ മതപാരമ്പര്യങ്ങൾക്ക് ദൈവത്തിൽനിന്നുവരുന്ന മതാത്മക ഘടകങ്ങളുണ്ട്' എന്ന് നമ്പർ 21-ലെ രണ്ടാം ഖണ്ഡികയുടെ ആദ്യഭാഗത്ത് എഴുതിയിട്ട് അതേ ഖണ്ഡികയുടെ പകുതിയായപ്പോൾ, 'എന്നിരുന്നാലും അവർക്ക് ദൈവികമായ ഉത്പത്തിയുണ്ടെന്നു പറയാൻ പറ്റുകയില്ല' എന്നു ചേർത്തിരിക്കുന്നു. ഇതിൽ ആദ്യഭാഗം രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചിന്തയും രണ്ടാംഭാഗം ട്രെൻറ് കൗൺസിലിന്റെ വീക്ഷണവുമാണ്. ഇതര മതങ്ങളുടെമേൽ നിഷേധാത്മകമായ വിധിതീർപ്പ് കൽപ്പിക്കുന്ന മറ്റൊരു പ്രസ്താവനകൂടി ഉദാഹരിക്കാം: "സഭയിലായിരിക്കുകയും രക്ഷയുടെ പൂർണമാർഗമുണ്ടായിരിക്കുകയും ചെയ്യുന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റ് മതങ്ങളുടെ അനുയായികൾ ഏറെ അപര്യാപ്തമായ സാഹചര്യത്തിലാണ് നിവസിക്കുന്നത്' (നമ്പർ 22). 1943-ൽ പന്ത്രണ്ടാം പീയൂസ് പാപ്പാ പ്രസിദ്ധീകരിച്ച “മിസ്റ്റിച്ചി കോർപോരിസ്' എന്ന ചാക്രികലേഖനത്തിൽനിന്നുള്ള ഉദ്ധരണിയാണിത്. ഇങ്ങനെ സങ്കുചിതമായ ചില നിലപാടുകൾനിമിത്തം ഏറെ വിമർശന വിധേയമായ രേഖയാണ് “കർത്താവായ യേശു".
ഉപസംഹാരം
എക്ലേസിയാം സുവാം മുതൽ കർത്താവായ യേശു വരെയുള്ള പ്രബോധനരേഖകളിലൂടെ ആവിഷ്കൃതമായ ഇതരമത ദൈവശാസ്ത്രസമീപനങ്ങളെ വിശകലനം ചെയ്യുകയായിരുന്നു നാമിതുവരെ. ചില പ്രസ്താവനകളൊഴിവാക്കിയാൽ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വിശാലമായ ഇതരമതദൈവശാസ്ത്രത്തിന്റെ ക്രമാനുഗതമായ വളർച്ചയാണ് ഈ രേഖകളിലെല്ലാം നാം കാണുന്നത്. നിഷേധാത്മകമായ പ്രസ്താവനകളയാകട്ടെ, ഇതരമതങ്ങളോടുള്ള നിഷേധം എന്നതിനക്കാൾ സഭക്കുളിലെ ദൈവശാസ്ത്രചിന്തകൾക്ക് പരിധി നിശ്ചയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് നാം കാണേണ്ടത്.
കൗൺസിലാനന്തര പ്രബോധനങ്ങൾ എക്ലേസിയാം സുവാം (Ecclesiam Suam) എവംച്ചേലി നൂൺസിയാന്തി (Evangelii Nuntiandi) മനുഷ്യരക്ഷകൻ (Redemptor Hominis) ഡയലോഗും മിഷനും (Dialogue & Mission) കർത്താവും ജീവദാതാവും (Dominum et vivificantem) രക്ഷകന്റെ മിഷൻ (Redemptoris Missio) സംവാദവും പ്രഘോഷണവും (Dialogue & Proclamation) കർത്താവായ യേശു (Dominus Jesus) Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206