x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ ഇതര മതസംവാദം

ബഹുത്വം - ദൈവശാസ്ത്ര വ്യാഖ്യാനധാരകൾ

Authored by : Dr. Vincent Kundukulam, Fr. Tom Olikkarottu On 02-Mar-2023

9

ബഹുത്വം - ദൈവശാസ്ത്ര വ്യാഖ്യാനധാരകൾ

ഇതരമതങ്ങളോടുള്ള ക്രൈസ്തവ ദൈവശാസ്ത്ര മനോഭാവങ്ങളെ സൂക്ഷ്മമായി അവലോകനം ചെയ്താൽ സഭാകേന്ദ്രീകൃതം, ക്രിസ്തുകേന്ദ്രീകൃതം, ദൈവകേന്ദ്രീകൃതം, വിമോചനകേന്ദ്രീകൃതം, (Ecclesio- centric, Christo - centric, Soterio - centric and Theo --centric) എന്നിങ്ങനെ വ്യത്യസ്തങ്ങളായ സമീപനങ്ങൾ കാണാം. ഇവ ഓരോന്നും ഓരോ കാലഘട്ടത്തിൽ ഇതര മതങ്ങളോടുള്ള ക്രൈസ്തവ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിൽ സാരമായ പങ്കുവഹിച്ചവയാണ്. ഉദാഹരണമായി ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധംവരെ സഭാകേന്ദ്രീകൃതവും ക്രിസ്തു കേന്ദ്രീകൃതവുമായ കാഴ്ചപ്പാടുകൾക്കായിരുന്നു പ്രാമുഖ്യം. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടങ്ങളിലാകട്ടെ ദൈവകേന്ദ്രീകൃതവും വിമോചനകേന്ദ്രീകൃതവുമായ സമീപനരീതികൾ സ്വാധീനഘടകങ്ങളായി. മേൽപ്പറഞ്ഞ വ്യത്യസ്ത ദൈവശാസ്ത്ര പരിപ്രേക്ഷ്യങ്ങളെ വിശകലനം ചെയ്ത് പഠിക്കുകയാണ് ഈ അദ്ധ്യായത്തിന്റെ ലക്ഷ്യം.

9.1. സഭാകേന്ദ്രീകൃത സമീപനം (Ecclesio - centrism)

ക്രൈസ്തവസമൂഹത്തിന് വ്യവസ്ഥാപിതമായ ചട്ടക്കൂട് കൈവന്ന നാൾമുതൽ, പ്രത്യേകിച്ച് നാലാം നൂറ്റാണ്ടോടുകൂടി, ശക്തി പ്രാപിച്ചതാണ് സഭാകേന്ദ്രീകൃതമായ സമീപനം. ഈ വീക്ഷണരീതി സഭയെ കേവല യാഥാർത്ഥ്യമായി പരിഗണിക്കുകയും സഭയിലൂടെ മാത്രമേ രക്ഷയുള്ളൂ എന്നു കണക്കാക്കുകയും ചെയ്യുന്നു. അഞ്ചാം അദ്ധ്യായത്തിൽ നാം പ്രതിപാദിച്ച സഭയ്ക്കു പുറമെ രക്ഷയില്ല എന്ന സിപ്രിയാന്റെ ചിന്തയെ അടിസ്ഥാനമാക്കിയാണ് സഭാകേന്ദ്രീകൃത സമീപനം വളർന്നുവന്നത്. ആധുനിക ദൈവശാസ്ത്രജ്ഞന്മാരിൽ സഭാകേന്ദ്രീകൃത നിലപാട് സ്വീകരിക്കുന്നവരിൽ പ്രസിദ്ധമാണ് പ്രൊട്ടസ്റ്റന്റ് ചിന്തകരായ കാൾ ബാർത്തും, ഹെൻഡ്രിക് ക്രാമറും. ഇവരുടെ വീക്ഷണമനുസരിച്ച് കർത്താവായ യേശുവിലുള്ള വിശ്വാസം സഭയിൽ ഏറ്റുപറയുന്നതാണ് രക്ഷയുടെ മാനദണ്ഡം.

കാൾ ബാർത്ത് അദ്ദേഹത്തിന്റെ ഏറെ പ്രസിദ്ധമായ 'ചർച്ച് ഡോഗ്മാറ്റിക്സ്' എന്ന പുസ്തകസമാഹാരത്തിൽ സഭയെ രക്ഷയുടെ മാനദണ്ഡമായി ചിത്രീകരിക്കുന്നുണ്ട്. ഏറെയൊന്നും ഭാവാത്മകമല്ലാത്ത മനുഷ്യദർശനത്തിൽനിന്നാണ് അദ്ദേഹം തന്റെ ദൈവശാസ്ത്ര നിഗമനങ്ങൾ ആരംഭിക്കുന്നത്. ആദ്യപാപത്തിലൂടെ മനുഷ്യൻ ദൈവിക വരപ്രസാദത്തിലാശ്രയിക്കാതെ ജീവിക്കാനൊരുങ്ങി. സ്രഷ്ടാവിനെ മാറ്റിനിർത്തി സ്വന്തം ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ച മനുഷ്യൻ ദുർഭഗമായ അവസ്ഥയിലാണ് എത്തിച്ചേർന്നത്. തിന്മയുടെ ശക്തികൾ അവനിൽ പിടിമുറുക്കി. ചപലതകളുടെ താഴ്വാരങ്ങളിൽ നിന്ന് കരകയറാനുള്ള കുതിപ്പുകൾ അവനെ ദുരാശയുടെ ആഴമുള്ള ഗർത്തങ്ങളിലേക്ക് തള്ളിയിടുകയാണ് ചെയ്തത്. നന്മചെയ്യാനുള്ള ആഗ്രഹത്തോടെ നടത്തിയ ശ്രമങ്ങൾ ചെയ്ത തെറ്റുകൾ വീണ്ടും ആവർത്തിക്കുവാനുള്ള കെണികളായി മാറി (Karl Barth, Church Dog- matics, Vol. IV. 1, # 60, p. 490).

പാപാവസ്ഥക്ക് പരിഹാരം ചെയ്യാൻ മനുഷ്യന് സ്വയം സാധ്യമല്ലാത്ത ഈ സാഹചര്യത്തിലാണ് ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത്. നിത്യവചനമായ ക്രിസ്തു പിതാവിന്റെ ഇംഗിതപ്രകാരം പൂർണമനുഷ്യനായിത്തീരുകയും അനുസരണയിൽ ജീവിച്ച് സ്വജീവൻ ബലിയായി അർപ്പിച്ച് മനുഷ്യനുവേണ്ടി പരിഹാരം ചെയ്യുകയും ചെയ്തു. ഈ പെസഹാരഹസ്യം മനുഷ്യനെ ദൈവവുമായും മനുഷ്യരെ പരസ്പരവും അനുരഞ്ചനപ്പെടുത്തി. അങ്ങനെ മനുഷ്യൻ വീണ്ടും യേശുവിലൂടെ ദൈവത്തിന്റെ സ്നേഹഭാജനമായി മാറി. ഈ ദൈവമനുഷ്യ പുനർസമാഗമത്തിന്റെ ബിന്ദു ക്രിസ്തുവായതിനാൽ അവനിലുള്ള വിശ്വാസത്തിലൂടെ മാത്രമാണ് പ്രസാദവരജീവൻ മനുഷ്യന് പ്രാപ്തമാകുന്നത്. ക്രിസ്തുവിൽ വിശ്വസിക്കുന്നതുവഴി ക്രൈസ്തവകൂട്ടായ്മയിൽ ഭാഗമാകുന്നവർക്കാണ് ജീവന്റെ സമൃദ്ധി ലഭിക്കുന്നത്.

ക്രിസ്തുമതത്തെ ഇതരമതങ്ങളിൽനിന്ന് വേർതിരിച്ചുനിർത്തുന്നത് യേശുനാമമാണ്. രക്ഷകനായ യേശുവിന്റെ ചരിത്രത്തിലെ തുടർച്ചയാണ് ക്രൈസ്തവസഭ. ദൈവത്താൽ നീതീകരിക്കപ്പെട്ട മതസമൂഹം ക്രിസ്ത്യാനികളുടേത് മാത്രമാണ്. അതിനാൽ ആ മതത്തിൽ സ്നാനപ്പെട്ട് ശിഷ്യപ്പെടുന്നവർ മാത്രമാണ് രക്ഷാകരകൃപയ്ക്ക് പാത്രമാകുന്നത്. ഇങ്ങനെ മനുഷ്യനിലെ പാപവസ്ഥക്ക് മുൻതൂക്കം നൽകുകയും യേശുവിനോടും സഭയോടുമുള്ള പരസ്യമായ ബന്ധം അനിവാര്യമാക്കുകയും ചെയ്ത ദൈവശാസ്ത്രവീക്ഷണം സഭയ്ക്കു പുറമെ രക്ഷയില്ല എന്ന നിലപാടിലേക്ക് കാൾ ബാർത്തിനെ നയിച്ചു (Karl Barth, Church Dogmatics, Vol 1. 2, # 17, pp. 345-358).

ഇതരമതങ്ങളിലെ ദൈവിക വെളിപാടുകളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനും വിലങ്ങുതടിയായി നിന്ന സഭാകേന്ദ്രീകൃത സമീപനത്തിന്റെ പോരായ്മകളെപ്പറ്റി ചിന്തിക്കാം.

  • ഈ സമീപനരീതി സഭയെയും ക്രിസ്തുവിനെയും തുല്യമായിക്കാണുന്നു എന്നതാണ് ഏറ്റവും ഗൗരവമായ പ്രശ്നം. സഭയിൽ ക്രിസ്തു സന്നിഹിതനാണെങ്കിലും ക്രിസതു സഭയ്ക്ക് ഉപരിയാണ്. ക്രിസ്തുവിൽനിന്ന് വേറിട്ട് സഭയ്ക്ക് സ്വന്തമായ അസ്തിത്വം ഇല്ലെന്നത് സത്യമാണെങ്കിലും സഭയിൽ നിന്നു വേറിട്ട് ക്രിസ്തുവിന് മറ്റൊരു അസ്തിത്വം ഉണ്ടെന്നത് നിസ്തർക്കമാണ്. ഇതിനാൽ സഭയെയും ക്രിസ്തുവിനെയും തമ്മിൽ താദാത്മ്യപ്പെടുത്താവുന്നതല്ല. മാത്രവുമല്ല ഇത് അപകടകരമായ ഒരു പ്രവണതയാണ്. യേശുവും സഭയും ഒന്നാണെന്നു പറയുമ്പോൾ സഭാവിശ്വാസികളുടെ കുറവുകളും തെറ്റുകളും ക്രിസ്തുവിന്റെ കുറവുകളാണെന്ന് നാം സമ്മതിക്കേണ്ടിവരും.
  • സഭയിലുള്ളവർക്കുമാത്രമേ രക്ഷയുള്ളൂ എന്നു വാദിക്കുമ്പോൾ സഭയുണ്ടാകുന്നതിനുമുമ്പ് ജീവിച്ചിരുന്ന നീതിമാന്മാരുടെ, ഉദാഹരണമായി അബ്രാഹം, നോഹ, ജോബ്, തുടങ്ങിയവരുടെ രക്ഷ സംശയാസ്പദമായി മാറും. രക്ഷയുടെ ദൃശ്യ അടയാളമായി ദൈവം തിരഞ്ഞെടുത്തതും രക്ഷകനായ യേശു പിറന്നതുമായ യഹൂദവംശത്തിലുണ്ടായിരുന്ന നല്ല മനുഷ്യമെല്ലാം നശിച്ചുപോകാൻ ദൈവം അനുവദിക്കുമെന്ന് കരുതാനാവുമോ?
  • ദൈവത്തിന്റെ സാർവത്രിക രക്ഷാപദ്ധതിയോട് പൊരുത്തപ്പെടുന്ന സമീപനമല്ല സഭാകേന്ദ്രീകൃത സിദ്ധാന്തം (അപ്പ 10,34). ദൈവം സകലരുടെയും പിതാവാണെന്നതും എല്ലാ മനുഷ്യരുടെയും രക്ഷ അവിടുന്നു കാംക്ഷിക്കുന്നുവെന്നതും ക്രിസ്തുവിലൂടെ ദൈവം സകലതിനെയും തന്നോട് ഒരുമിപ്പിച്ചതാണെന്നതും വിശുദ്ധ ഗ്രന്ഥത്തിലെ അടിസ്ഥാന സത്യങ്ങളാണ്. സഭയ്ക്കു പുറമെ രക്ഷയില്ല എന്ന വാദം ഈ വെളിപാടുകൾക്ക് വിരുദ്ധമാണ്. മാത്രവുമല്ല, ഇതിലൂടെ സഭയുടെ ദൃശ്യപരിധിക്കുവെളിയിൽ ജീവിക്കുന്ന നീതിമാന്മാരുടെ രക്ഷാ സാധ്യതയ്ക്ക് മങ്ങലേൽക്കുന്നു.
  • സഭാകേന്ദ്രീകൃത സമീപനരീതിയുടെ മറ്റൊരു പ്രകടമായ അപര്യാപ്തത അത് ക്രിസ്തുമതം രക്ഷ നൽകുന്നു എന്ന തെറ്റായ സങ്കല്പം വളർത്തുന്നു എന്നതാണ്. രക്ഷിക്കാൻ കഴിവുള്ളവൻ ദൈവം മാത്രമാണല്ലോ. സഭ രക്ഷയുടെ ചാലകമായി വർത്തിക്കുമ്പോഴും കൃപയൊഴുകുന്നത് രക്ഷകനായ ക്രിസ്തുവിൽ നിന്നാണ്. എന്നാൽ സഭയ്ക്കു പുറമെ രക്ഷയില്ലെന്നു പറയുമ്പോൾ രക്ഷയ്ക്കു നിദാനം സഭയാണെന്ന മിഥ്യാധാരണയാണ് ഉടലെടുക്കുന്നത്.
  • സഭാകേന്ദ്രീകൃതമാനം വരച്ചുകാട്ടുന്ന ക്രിസ്തുവിന്റെ രൂപം ഏറെ സങ്കുചിതമാണ്. യേശുവിനെ നാഥനായി അംഗീകരിച്ച് മാമ്മോദീസാ സ്വീകരിക്കുന്നവർ മാത്രമേ രക്ഷപ്രാപിക്കൂ എന്നു വാദിക്കുമ്പോൾ, യേശു ക്രൈസ്തവരുടെ മാത്രം ദൈവമായി ചുരുങ്ങുകയാണ്. ഗോത്രകേന്ദ്രീകൃതമായ ഈ ദൈവ സങ്കല്പം സാർവത്രിക രക്ഷകനായ യേശുവിനോട് ചേർന്നു പോകുന്നതല്ല.
  • മാമ്മോദീസാ സ്വീകരിക്കാത്തവർ നശിച്ചുപോകും എന്നു പറയുമ്പോൾ അതിന്റെ ഉത്തരവാദിത്വം അവരുടെമേൽ ചുമത്തുന്നത് നീതിമാനായ ദൈവത്തിന്റെ ചിത്രത്തിന് ഭൂഷണമായില്ല. അക്രൈസ്തവർ യേശുവിനെ അറിയാത്തതും അവിടുത്തെ സഭയെ പുൽകാത്തതും അവരുടെതന്നെ കുറ്റം കൊണ്ടാകണമെന്നില്ല. ലോകത്തിലെ എത്ര കോടി ജനങ്ങളാണ് യേശുവിനെ അറിയാത്തവരായി കഴിയുന്നത്. സുവിശേഷം എത്തിച്ചേരാത്ത സംസ്കാരങ്ങൾ ഉള്ളതുപോലെ തന്നെ യുക്തിസഹമായി അതിനെ ഉൾക്കൊള്ളാൻ കഴിയത്തവരും ഏറെയുണ്ട്. ക്രിസ്തുമതം പ്രഖ്യാപിക്കുന്ന മൂല്യങ്ങളും സഭയിൽ അംഗമായിരിക്കുന്നവരുടെ ജീവിതവും തമ്മിലുള്ള അന്തരം ക്രിസ്തുമതത്തിൽ ചേരാതിരിക്കുന്നതിന് കാരണമാണ്. ക്രിസ്തുവിനെ മാതൃകയായി സ്വീകരിക്കുമ്പോഴും ലൗകികതയിലും അനൈക്യത്തിലും ആണ്ടുകിടക്കുന്ന ക്രിസ്ത്യാനികളെ അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ഗാന്ധിജിയെപ്പോലുള്ള ധാരാളം അക്രൈസ്തവ ക്രിസ്തു ശിഷ്യന്മാരുണ്ട്. ഇത്തരം നീതിമാന്മാർ സഭയിൽ അംഗമാകാത്തത് അവരുടെ കുറ്റംകൊണ്ടല്ലാത്തതിനാൽ അവരെ രക്ഷയിൽനിന്ന് മാറ്റിനിർത്തുന്ന സഭാകേന്ദ്രീകൃത ഇതരമതദൈവശാസ്ത്രം സ്വീകാര്യമല്ല.

സഭയ്ക്കു പുറമെ രക്ഷയില്ല എന്ന പഴയ ചൊല്ലിനെ സംബന്ധിച്ച് കത്തോലിക്കാസഭ പുലർത്തുന്ന സമകാലിക മനോഭാവം കൂടി പ്രതിപാദിച്ചാലേ ഈ ചർച്ച പൂർണമാകുകയുള്ളൂ. രണ്ടാം വത്തിക്കാൻ കൗൺസിലിനുമുമ്പുതന്നെ സഭാകേന്ദ്രീകൃതരക്ഷാശാസ്ത്രത്തെ ഔദ്യോഗികമായി തള്ളിക്കളഞ്ഞിട്ടുള്ള വസ്തുത നമ്മൾ പലപ്പോഴും മറന്നുപോകുന്നു. 1949 ആഗസ്റ്റ് 8-ന് പോപ്പ് പീയൂസ് പന്ത്രണ്ടാമൻ അമേരിക്കയിലെ ബോസ്റ്റൺ അതിരൂപതാദ്ധ്യക്ഷനായ റിച്ചാർഡ് ജെ. കുഷിംഗിന് അയച്ച കത്തിൽ സഭയ്ക്കു പുറമെ രക്ഷയില്ല എന്ന പാരമ്പര്യപഠനത്തെ എങ്ങനെ മനസ്സിലാക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്. ഔദ്യോഗികസഭയിൽ ചേരാത്തവർ രക്ഷപ്പെടുകയില്ലെന്ന് പ്രചരിപ്പിച്ചിരുന്ന ലെയണാൾഡ് ഫീനിയെ വിലക്കുന്നതായിരുന്നു ആ കത്ത്. പോപ്പിന്റെ വ്യാഖ്യാനങ്ങളെ താഴെപ്പറയും വിധം സംഗ്രഹിക്കാം.

  • ക്രിസ്തുവിനാൽ സ്ഥാപിക്കപ്പെട്ട സഭ രക്ഷയ്ക്ക് ആവശ്യമാണെന്നറിഞ്ഞിട്ടും അതിൽ അംഗമാകാതിരിക്കുകയും മാർപാപ്പായെ ക്രിസ്തുവിന്റെ വികാരിയായി അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നവർ രക്ഷപ്പെടുകയില്ല.
  • നിത്യരക്ഷപ്രാപിക്കാൻ ഒരു വ്യക്തി ദൃശ്യസഭയുടെ ഔദ്യോഗിക അംഗം ആയിരിക്കണമെന്നില്ല. അതേസമയം സഭയുടെ അംഗമാകാനുള്ള ആഗ്രഹം രക്ഷയ്ക്ക് ആവശ്യമാണ്. എന്നാൽ ഈ ആഗ്രഹം സഭയുടെ ജ്ഞാനസ്നാനാർത്ഥികൾക്കുള്ളതുപോലെ പരസ്യമായിരിക്കണമെന്നില്ല. ക്രിസ്തുവിനെയോ സഭയെയോ അറിയാത്ത ആളെ സംബന്ധിച്ചിടത്തോളം അവയിൽ അംഗമാകാനുള്ള ആഗ്രഹം ജനിക്കുക സ്വാഭാവികമല്ലല്ലോ. ഇക്കാരണത്താൽ ഒരുവൻ അവന്റെ മനഃസാക്ഷിയുടെ സ്വരം അനുസരിച്ച് അവന്റെ മതസംസ്കരത്തിൽ നിഷ്കർഷിക്കപ്പെടുന്ന മൂല്യങ്ങൾക്കനുസരിച്ച് ജീവിക്കുമ്പോൾ ദൈവതിരുമനസ്സിന് കീഴ്വഴങ്ങാനും അവിടുത്തെ പുത്രനായ യേശുവിലും അവന്റെ മൗതികശരീരമായ സഭയിലും വിശ്വസിക്കാനുമുള്ള താത്പര്യം തന്നെയാണ് പരോക്ഷമായി പ്രകടമാക്കുന്നത്. ഈ പരോക്ഷമായ ആഗ്രഹം രക്ഷയ്ക്കുതകുന്നതാണെന്ന് പന്ത്രണ്ടാം പീയൂസ് പാപ്പാ പഠിപ്പിക്കുന്നു.
  • മേലുദ്ധരിച്ച വീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ മതങ്ങളും രക്ഷയ്ക്കുള്ള തുല്യപാതകളാണെന്ന് വാദിക്കുന്നവരെയും അവ്യക്തമായ ആഗ്രഹത്താൽ മാത്രം സഭയുമായി ചേർന്നു നിൽക്കുന്നവർ (മാമ്മോദീസാ സ്വീകരിക്കാത്തവർ) രക്ഷപ്പെടുകയില്ലെന്ന് വാദിക്കുന്നവരെയും പന്ത്രണ്ടാം പീയൂസ് പാപ്പാ ശിക്ഷാർഹരായാണ് പരിഗണിക്കുന്നത്. ചുരുക്കത്തിൽ, രണ്ടാം വത്തിക്കാൻ കൗൺസിൽ സഭയുടെ വാതിലുകൾ തുറക്കുന്നതിന് വർഷങ്ങൾക്കുമുമ്പുതന്നെ അതിരുകളില്ലാതെ വീശുന്ന ആത്മാവാകുന്ന കാറ്റ് ഔദ്യോഗിക സഭയുടെ ഇടനാഴികളിൽ വീശിത്തുടങ്ങിയിരുന്നു.

9.2 ക്രിസ്തുകേന്ദ്രീകൃത സമീപനം (Christo-centrism)

ഇതരമതസമൂഹങ്ങളുടെ രക്ഷാകരമൂല്യത്തെ അപ്പാടെ നിരാകരിച്ച സഭാകേന്ദ്രീകൃത സമീപനത്തിനു പകരം ക്രിസ്തുവിന്റെ അനന്യത ഏറ്റുപറയുന്നതോടൊപ്പം ഇതരമതങ്ങളിലെ ദൈവിക ഇടപെലുകളെ ആദരിക്കുന്ന ഒരു ദൈവശാസ്ത്ര കാഴ്ചപ്പാട് ആവശ്യമായിവന്നു. ഈ അന്വേഷണം എത്തിച്ചേർന്നത് ക്രിസ്തുകേന്ദ്രീകൃതസമീപനരീതിയിലാണ്. ഇതിൽ രക്ഷയുടെ കേന്ദ്രം സഭയിൽനിന്ന് ക്രിസ്തുവിലേക്ക് മാറ്റപ്പെട്ടു. ക്രിസ്തു പ്രപഞ്ചം മുഴുവന്റെയും രക്ഷകനാണ്. അതിനാൽ ക്രിസ്തുവിന് മുൻപും പിൻപും ജീവിച്ചിരുന്ന നല്ല മനുഷ്യർ ദൃശ്യസഭയുടെ സീമകൾക്കു പുറത്താണെങ്കിലും രക്ഷയുടെ പാതയിൽനിന്ന് മാറ്റിനിർത്തപ്പെടുന്നില്ലെന്നുവന്നു.

ക്രിസ്തു കേന്ദ്രീകൃത സമീപനരീതിയിൽത്തന്നെ സൂക്ഷ്മമായ വ്യത്യാസങ്ങളോടുകൂടിയ വിവിധ കാഴ്ചപ്പാടുകളുണ്ട്. അവയിലൊന്ന് ഹെൻ്ററി ലൂബാക്കിനെപ്പോലെയുള്ള ദൈവശാസ്ത്രജ്ഞന്മാർ മുന്നോട്ടുവച്ച പൂർത്തീകരണ സിദ്ധാന്തമാണ്.

9. 2.1 പൂർത്തീകരണസിദ്ധാന്തം (Theory of fulfillment)

സഭാകേന്ദ്രീകൃത മനോഭാവവുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം വത്തിക്കാൻ കൗൺസിലിന് തൊട്ടുമുമ്പുവരെ വിശാലമെന്നു കരുതിപ്പോന്നിരുന്ന സമീപനമാണ് പൂർത്തീകരണ സിദ്ധാന്തം. ദൈവത്തിനായും ദൈവാനുഭവത്തിനായുമുള്ള കാത്തിരിപ്പിന്റെ പൂർണത സംഭവിച്ചത് ക്രിസ്തുവിലും അവിടത്തെ സഭയിലുമാണെന്ന് ഇവർ പറയുന്നു. പൂർത്തീകരണസിദ്ധാന്തവുമായി മതവൈവിധ്യത്തെ സമീപിച്ച ഇതര പ്രമുഖർ ജീൻ ദാനിയേലു, ഹാൻസ് ഉർ ബൽത്താസർ തുടങ്ങിയവരാണ്.

ജീൻ ദാനിയേലുവിന്റെ Paradoxe et Mystere de l'Eglise എന്ന ഗ്രന്ഥത്തിൽ പറയുന്നതുപോലെ, ഇതരമതങ്ങളെയും ക്രിസ്തുമതത്തെയും തമ്മിൽ വേർതിരിക്കുന്ന ഏറ്റവും വലിയ സവിശേഷത വെളിപാടിലുള്ള വ്യത്യാസമാണ്. ഇതരമതങ്ങൾ സ്വാഭാവിക തലത്തിലുള്ളവയാണെങ്കിൽ അഥവാ ഈശ്വരനിലേക്കുള്ള മനസ്റ്റിന്റെ ഉയർച്ചയുടെ ഫലമായുണ്ടായതാണെങ്കിൽ ക്രിസ്തുമതം അതിസ്വാഭാവികതലത്തിലുള്ളതാണ്. ദൈവത്തിനായി കാത്തിരുന്ന മനുഷ്യന്റെ ഇടയിലേക്കുള്ള ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലാണ് ക്രിസ്തുവും അവിടത്തെ സുവിശേഷവും. അതിനാൽ ക്രിസ്തുമതം അതിസ്വാഭാവിക (supernatural) മതമാണ്.

ഇതരമതങ്ങൾ ദൈവം അബ്രാഹത്തിന് നൽകിയ പ്രാപഞ്ചിക ഉടമ്പടി (cosmic covenant) യിൽ ജീവിക്കുന്നവരാണ്. അവിടെ ദൈവികവെളിപാട് പ്രകൃത്യാ നല്കപ്പെടുന്നതാണ്. വിശുദ്ധ പൗലോസ് പറയുന്നതുപോലെ, സ്വാഭാവികബുദ്ധിയിലൂടെയും സൃഷ്ടപ്രപഞ്ചത്തിലൂടെയുമാണ് (റോമാ 1,19-20) ഇതരമതങ്ങൾ ദൈവികജ്ഞാനത്തിൽ പങ്കുപറ്റുന്നത്. ഈ ഉടമ്പടി ദൈവം നടത്തിയ രക്ഷാകരമായ ഉടമ്പടിയുടെ ഒരു ആദിരൂപം മാത്രമാണ്. സകല ഉടമ്പടികളുടെയും പൂർത്തീകരണം സംഭവിക്കുന്നത് ക്രിസ്തുവിലാണ്. അതിനാൽ അക്രൈസ്തവമതങ്ങൾ സ്വാഭാവികമായും ക്രിസ്തുമതത്തിലേക്ക് ചാഞ്ഞിരിക്കുന്നു. ആ മതങ്ങളുടെ നിലനിൽപ്പും പൂർണതയും ക്രിസ്തുമതത്തിനോട് എന്തുമാത്രം സാദൃശ്യപ്പെട്ടാണിരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് സ്ഥിതിചെയ്യുന്നത്‌ (J. Danielou, The Lord of History: Reflections on the Inner Meaning of History, pp. 115-119.

ഇതരമതങ്ങളുടെ സാഫല്യം കത്തോലിക്കാസഭയിലാണെന്നു പറയുമ്പോഴും ആ മതങ്ങളിലെ നീതിമാന്മാർക്ക് രക്ഷ ലഭ്യമാന്നെന്നു സമർത്ഥിക്കുന്നതിലാണ് പൂർത്തീകരണസിദ്ധാന്തത്തിന്റെ പ്രണേതാക്കൾ സഭാകേന്ദ്രീകൃതവാദികളിൽനിന്നു വ്യത്യസ്തരായിരിക്കുന്നത്. ക്രിസ്തുവിന്റെ കുരിശിലെ ആത്മബലിയുടെ ഫലം സാർവത്രികവും സർവാശ്ലേഷിയുമായതിനാൽ നന്മയുടെ പാതയിൽ ചരിക്കുന്ന അക്രൈസ്തവർക്കും ക്രിസ്തുവിന്റെ കൃപ ലഭ്യമാണ്. എന്നാൽ രക്ഷ പ്രദാനംചെയ്യുന്ന പ്രക്രിയയിൽ ആ മതങ്ങൾക്ക് ഭാവാത്മകമായ പങ്കില്ല. ഇതരമതങ്ങൾ യേശുവിന്റെ രക്ഷ സംവഹിക്കുവാൻ ശേഷിയില്ലാത്തവയാണ്. ഇങ്ങനെ മതഭേദമെന്യേ നീതിമാന്മാരായ എല്ലാവരും രക്ഷപ്പെടുമെന്നും അതേസമയം, രക്ഷാകരപദ്ധതിയുടെ പൂർണത ക്രിസ്തുവിലും അവിടുത്തെ സഭയിലുമാണെന്ന് തറപ്പിച്ചു പറയുകയും ചെയ്യുന്ന ഈ സമീപനം രണ്ടാംവത്തിക്കാൻ കൗൺസിൽവരെ സഹിഷ്ണുതാപരമായ ഇതരമതദൈവശാസ്ത്രത്തിന്റെ നിദർശനമായി നിലകൊണ്ടു.

9.2.2 ഇതരമതങ്ങളിലെ രക്ഷാകരകൃപ

ക്രിസ്തു കേന്ദ്രീകൃത സമീപനരീതിയുമായി ബഹുതയെ സമീപിച്ച ദൈവശാസ്ത്രജ്ഞരിൽ രണ്ടാം വത്തിക്കാൻ കൗൺസിലിനെയും പിന്നീടുള്ള സഭാനിലപാടുകളെയും നിർണായകമാംവിധം സ്വാധീനിച്ചത് ജർമ്മൻ ദൈവശാസ്ത്രജ്ഞനായ കാൾ റാണറാണ് (1904-1984). സഭയ്ക്കുപുറമെയുള്ള രക്ഷയുടെ സാധ്യതകളോട് തികഞ്ഞ നിസ്സംഗത പുലർത്തിയ കാലഘട്ടത്തിലാണ് റാണർ സർവാശ്ലേഷിയായ ക്രിസ്തുവിന്റെ രക്ഷാകരസാന്നിധ്യ (universal saving presence of Christ) ത്തെക്കുറിച്ചുള്ള ചിന്തകൾ അവതരിപ്പിച്ചത്.

ഇതരമതവിജ്ഞാനീയത്തിൽ അന്നുവരെ വേണ്ടത്ര സമന്വയിക്കപ്പെടാതെ കിടന്ന രണ്ട് അടിസ്ഥാന പ്രമാണങ്ങളാണ് (സാർവത്രിക രക്ഷയെക്കുറിച്ചുള്ള ദൈവിക പദ്ധതിയും ക്രിസ്തുവിലൂടെ നൽകപ്പെടുന്ന രക്ഷയും) ഇതരമതങ്ങളിലെ നന്മയായിട്ടുള്ളവയിലെല്ലാം ക്രിസ്തുവിന്റെ രക്ഷാകരസാന്നിദ്ധ്യമുണ്ട് എന്ന പ്രഖ്യാപനത്തിലൂടെ റാണർ സംയോജിപ്പിച്ചത്. റാണറിന്റെ മതവിജ്ഞാനീയം പ്രധാനമായും അഞ്ച് നിഗമനങ്ങൾ ഉൾക്കൊള്ളുന്നതാണ്.

ഒന്നാമതായി റാണർ മനുഷ്യന്റെ മതാത്മകതയ്ക്ക് സാമൂഹികശാസ്ത്രത്തിന്റെ അടിത്തറയിടുന്നു. മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. അതിനാൽ മനുഷ്യന്റെ ദൈവാന്വേഷണത്തിനും ഒരു സാമൂഹികമാനം അനിവാര്യമാണ്. മനുഷ്യൻ മതാത്മകതയിൽ വളരുന്നത് അവൻ ജീവിക്കുന്ന ചുറ്റുപാടുകളിലാണ്. ആത്മീയഭാവങ്ങൾ ഒരാളിൽ രൂപപ്പെടുന്നത് അവന്റെ സമൂഹം ജീവിക്കുന്ന ധാർമ്മികതയുടെയും ഈശ്വരബോധത്തിന്റെയും അച്ചിലാണ്. അതിനാൽ മനുഷ്യനെ മതാത്മക ജീവിയാക്കി നിലനിർത്തുന്നത് അവനുൾപ്പെട്ടിരിക്കുന്ന മതസമൂഹമാണ് (K. Rahner, Christianity and the Non -Christian Religions, Theological investigations, Vol 5, p.128). സാമൂഹികജീവിയായ മനുഷ്യന്റെ സ്വാഭാവികപ്രതിഭാസമായി മതപാരമ്പര്യങ്ങളെ നിർണയിച്ച റാണർ കമ്മ്യൂണിസം, സെക്കുലറിസം തുടങ്ങിയ മതനിഷേധപ്രത്യയശാസ്ത്രങ്ങളുടെ വാദമുനകൾ ഒടിക്കുകയാണ്  ചെയ്തത്.

കാൾ റാണറിന്റെ ദൈവശാസ്ത്രം അടിസ്ഥാനമിട്ടിരിക്കുന്നത് മനുഷ്യദർശനത്തിലാണ്. മനുഷ്യന്റെ അസ്തിത്വപരമായ ദൈവോന്മുഖതയിൽ (fundamental transcendence of human being) റാണർ വിശ്വസിച്ചരുന്നു. ജർമ്മൻ ദാർശനികനായ ഹൈഡഗറിന്റെ ഭാവാത്മക അസ്തിത്വവാദത്തെ കടമെടുത്തുകൊണ്ടാണ് മനുഷ്യന്റെ അസ്തിത്വപരമായി അതിസ്വാഭാവികതയിലേക്ക് ഉന്മുഖനാണെന്ന ക്രൈസ്തവ മനുഷ്യദർശനം റാണർ അവതരിപ്പിച്ചത്. അതിന് ബൈബിളിന്റെ പിൻബലവുമുണ്ട്. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ (ഉത്പ 1,27-28) ഈശ്വരന്റെ കയ്യൊപ്പുള്ളവനാണ്. അതിനാൽ സ്വത്വാന്വേഷണം ദൈവാന്വേഷണമായിത്തീരുമെന്നത് സ്വാഭാവികം മാത്രം. ഈ ആശയംതന്നെയാണ് അഗസ്റ്റിൻ പാടിയത്: ദൈവമേ, നീ ഞങ്ങളെ നിനക്കായി സൃഷ്ടിച്ചു. നിന്നിൽ വിലയം പ്രാപിക്കുന്നതുവരെ ഞങ്ങൾ അസ്വസ്ഥരാണ്. സൂര്യകാന്തിപുഷ്പം സൂര്യനിലേക്ക് തിരിഞ്ഞിരിക്കുന്നതുപോലെ മനുഷ്യൻ ദൈവത്തിലേക്ക് ഉന്മുഖനും തുറന്നിരിക്കുന്നവനുമാണ്.

അസ്തിത്വപരമായ ദൈവോന്മുഖതയുള്ളതിനാൽ മനുഷ്യന്റെ എല്ലാ പ്രകടനങ്ങളിലും ദൈവികാംശങ്ങൾ നിഴലിക്കാവുന്നതാണ്. എപ്പോഴെല്ലാം മനുഷ്യൻ അവന്റെ ഹൃദയത്തെ അതീന്ദ്രിയനായ ഈശ്വരനിലേക്ക് ഉയർത്തുന്നുവോ, അപ്പോഴെല്ലാം അവന്റെ ചിന്തകളിലും വാക്കിലും സേവനത്തിലും ദൈവീകത പ്രകടമാകും. മനുഷ്യൻ വ്യക്തിപരമായും സാമൂഹികമായും നടത്തുന്ന സൃഷ്ടിപരമായ കർമ്മങ്ങളാണല്ലോ ചരിത്രമാകുന്നത്. ഈ മനുഷ്യപ്രകടനങ്ങളിലെല്ലാം ദൈവികതയുള്ളതിനാൽ റാണറിന്റെ അഭിപ്രായത്തിൽ മനുഷ്യചരിത്രം രക്ഷകരചരിത്രമാണ്. സംസ്കാരങ്ങൾ മനുഷ്യൻ അനുഭവിച്ചറിഞ്ഞ രക്ഷയെയും ദൈവത്തെയും അവതരിപ്പിക്കുന്നതിനാൽ മനുഷ്യ ചരിത്രം വെളിപാടായി മാറുന്നു. ഈ മനുഷ്യ ചരിത്രത്തെ 'പൊതുവായ രക്ഷാകരചരിത്രം' (general history of salvation) എന്നാണ് റാണർ വിശേഷിപ്പിക്കുന്നത്.(K. Rahner, Revelation: Profane History and Salvation History, Theological Investigations XXI, pp. 3-15.)

ഈ 'പൊതുവായ രക്ഷാകരചരിത്ര'ത്തിനുപുറമേ ഒരു പ്രത്യേക രക്ഷാകരചരിത്രം (particular history of salvation) ഉണ്ടെന്ന് റാണർ പറയുന്നു. മത, ആത്മീയ നേതാക്കളായി പൊതുവേ അംഗീകരിക്കുന്ന ചരിത്രപുരുഷന്മാരിലൂടെ സംഭവിച്ച വെളിപാടുകളാണിത്. പ്രവാചകന്മാരോ, ദൈവിക അവതാരങ്ങളോ ആയി ഗണിക്കപ്പെടുന്ന ഇവർ തങ്ങളുടെ ആത്മീയ സാധനയാലും വിശുദ്ധ കർമ്മങ്ങളാലും ദൈവിക പ്രചോദനങ്ങൾക്ക് പ്രത്യേകമായി പാത്രീഭൂതരാക്കുന്നു. ഈ ദിവ്യപുരുഷന്മാർക്കു ലഭിച്ച ദൈവനിവേശനങ്ങൾ പിന്നീട് വിശുദ്ധഗ്രന്ഥങ്ങളായിത്തീരുന്നു. ക്രമേണ വേദവാക്യങ്ങളുടെ കാലാനുസൃതമായ വ്യാഖ്യാനങ്ങൾ ഉടലെടുക്കുന്നു. അതിനെ തുടർന്ന് പ്രബോധനങ്ങളും നിയമങ്ങളുമുള്ള വ്യവസ്ഥാപിതമതങ്ങൾ വളർന്നുവരുന്നു. ഇങ്ങനെ ചില വ്യക്തികളിൽ ആരംഭിച്ച് സാമൂഹികയാഥാർത്ഥ്യമായിത്തീരുന്ന മതദർശനങ്ങളെയാണ് പ്രത്യേക വെളിപാടുചരിത്രം എന്നു റാണർ വിളിക്കുന്നത്. ലോകത്തിലെ പരമ്പരാഗതമതങ്ങളെല്ലാം ഈ ഗണത്തിൽപ്പെടുന്നു (K. Rahner, Foundations of Christian Faith, pp. 143-146, 158).

ഇപ്രകാരം മനുഷ്യവംശത്തിനുലഭിച്ച പ്രത്യേക വെളിപാടുകളിൽ അതിവിശിഷ്ടമായ സ്ഥാനമാണ് ക്രിസ്തുവിലുള്ള വെളിപാടിന് റാണർ കൽപ്പിക്കുന്നത്. ക്രിസ്തുവിന്റെ ചരിത്രപരമായ തുടർച്ചയായതിനാൽ സഭ ശരിതെറ്റുകളുടെ മാനദണ്ഡമായി ലോകത്തിൽ സ്ഥിതിചെയ്യുന്നു. അതുകൊണ്ടുതന്നെ സഭ രക്ഷയുടെ ഉപകരണമായി മാറുന്നു.

ദൈവോന്മുഖമായ മനുഷ്യാസ്തിത്വത്തിനുപുറമെ, ഇതരമതങ്ങളെ ഭാവാത്മകമായി കാണാൻ കാൾ റാണറെ പ്രചോദിപ്പിച്ച മറ്റൊരു വസ്തുത സാർവത്രിക രക്ഷയ്ക്കായുള്ള ദൈവത്തിന്റെ ആഗ്രഹമാണ് (1 തിമോ 2,4). ദൈവം സകല ജനപഥങ്ങളുടെയും പിതാവാണ്. തന്റെ മക്കളായതിനാൽ എല്ലാവരും രക്ഷപ്രാപിക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. തങ്ങളുടേതല്ലാത്ത കാരണത്താൽ ക്രിസ്തുവിനെ അറിയാനും ഏറ്റുപറയാനും സാധിക്കാത്ത ജനകോടികൾ നശിപ്പിക്കപ്പെടാൻ ദൈവം അനുവദിക്കുമെന്ന് ചിന്തിക്കാൻ കഴിയുമോ? സകലരെയും രക്ഷിക്കാനാണ് പിതാവിനോടുള്ള സമാനത കണക്കാക്കാതെ അവൻ മനുഷ്യനായത് (ഫിലി 2,6). മനുഷ്യാവതാരത്തിലൂടെ ലോകത്തെ മുഴുവനും ക്രിസ്തു ദൈവികതയിലേക്കുയർത്തി. അവിടത്തെ കുരിശുമരണത്തിന്റെയും ഉയിർപ്പിന്റെയും ഫലം ക്രൈസ്തവർക്കുമാത്രമായിരുന്നില്ല ലഭ്യമായത്. പ്രപഞ്ചം മുഴുവനെയും മനുഷ്യരാശിയെ മുഴുവനെയും പിതാവുമായി അനുരഞ്ജനപ്പെടുത്തുകയായിരുന്നു അവിടുത്തെ പെസഹാരഹസ്യത്തിന്റെ ലക്ഷ്യം. യേശുവിന്റെ കൃപ സകലരെയും അടിസ്ഥാനപരമായി സ്പർശിച്ചിട്ടില്ലെങ്കിൽ അവിടുത്തെ ജനനത്തിനും മരണത്തിനും ഉയിർപ്പിനും അർത്ഥമില്ലെന്നു റാണർ വാദിക്കുന്നു (K. Rahner, Christianity and the Non-Christian Religions. Theological Investigations, vol. 5. pp. 122-123). തീർച്ചയായും സാർവത്രികരക്ഷകനായ ക്രിസ്തുവിന്റെ കൃപയ്ക്ക് ലോകവാസികളെല്ലാവരും അവകാശികളാണ്. അതുകൊണ്ടുതന്നെ ഇതരമതങ്ങളെല്ലാം നിയമാനുസൃതമാണെന്നാണ് റാണറുടെ പക്ഷം.

ദൈവത്തിന്റെ പ്രതിഛായ സ്വന്തം സ്വത്വത്തിലുള്ളതിനാലും രക്ഷാകരകൃപയുടെ സ്വാധീനം എല്ലാ മനുഷ്യരിലുമുള്ളതിനാലും സുവിശേഷം അറിയാത്ത മനുഷ്യർക്കും അതിസ്വാഭാവികകൃപ ലഭിച്ചിട്ടുണ്ടെന്ന തിരിച്ചറിവ് അവരെ കേവലം വിജാതീയരായി പരിഗണിക്കരുത് എന്ന നിഗമനത്തിലേക്കാണ് റാണറെ നയിക്കുന്നത്. വെളിപാടുകൾക്കും രക്ഷാകരമായ കൃപയ്ക്കും അർഹരായതിനാൽ ഇതരമതവിശ്വാസികളെ അക്രൈസ്തവർ (Non-christians) എന്നതിനുപകരം അവ്യക്ത ക്രൈസ്തവർ (anonymous christians) എന്ന് അഭിസംബോധനചെയ്യാനാണ് റാണർ ഇഷ്ടപ്പെടുന്നത്. അക്രൈസ്തവമതങ്ങൾ കേവലം സ്വാഭാവികമതങ്ങളാണെന്ന് പരിഗണിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ അവയെ ക്രൈസ്തവം എന്നു (പരോക്ഷമായിട്ടാണെങ്കിലും) റാണർ വിശേഷിപ്പിച്ചത് ദൈവശാസ്ത്രജ്ഞന്മാരുടെ ഇടയിൽ വിവാദങ്ങൾക്ക് വഴിതെളിച്ചു. ക്രിസ്തുമതത്തെ മറ്റു മതങ്ങളോട് തുല്യമാക്കി എന്നതായിരുന്നു വിമർശനങ്ങളിൽ പ്രധാനമായത്. ദൈവികവെളിപാടുകളുടെ ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിൽ മതങ്ങൾ തമ്മിൽ അന്തരമുണ്ടെന്നു വ്യക്തമാക്കിയാണ് റാണർ ഈ പ്രശ്നം വിശദീകരിക്കുന്നത് (K. Rahner, "Anonymous Christians," Theological Investigations, vol. 6).

ഇതരമതങ്ങൾ നിയമാനുസൃതമാണെന്നു പറയുമ്പോഴും എല്ലാ മതങ്ങളിലെയും എല്ലാ ദർശനങ്ങളും രക്ഷാകരമാണെന്നു റാണർ വിശ്വസിക്കുന്നില്ല. വെളിപാടുകൾ സ്വീകരിക്കുന്നതും പ്രാവർത്തികമാക്കുന്നതും ബലഹീനരായ മനുഷ്യരായതിനാൽ അവന്റെ പോരായ്മകളും തെറ്റുകളും സംസ്കാരങ്ങളേയും വിശ്വാസങ്ങളെയും കളങ്കപ്പെടുത്താമെന്നതിനെപ്പറ്റി റാണർ ബോധവാനാണ്. ഇന്ന് നിലനിൽക്കുന്ന സംസ്കാരങ്ങളിൽത്തന്നെ ഏറ്റവും പുരാതനമായ ഹിന്ദുമതത്തിന്റെ തന്നെ കാര്യമെടുക്കാം. ആർഷഭാരത സംസ്കാരം ജന്മം കൊടുത്തത്ര ആത്മീയ പുരുഷന്മാരെയും ഗ്രന്ഥങ്ങളെയും ലോകത്തിനു സംഭാവനചെയ്ത മതങ്ങൾ വിരളമായിരിക്കും. എന്നാൽ സതി, അയിത്തം, ജാതിവ്യവസ്ഥിതി, നരബലി, തുടങ്ങിയ എത്രയോ മനുഷ്യത്വഹീനമായ ആചാരങ്ങളാണ് ഇന്നാട്ടിൽ നിലനിന്നിരുന്നത്. അതുപോലെ ലോകമതങ്ങൾക്കെല്ലാംതന്നെ അപര്യാപ്തതകളുടെയും അപചയങ്ങളുടെയും കഥകൾ പറയാനുണ്ട്. ഇക്കാരണത്താലാകണം ബൃഹത്തായ മത പാരമ്പര്യങ്ങളെല്ലാം നിയമാനുസൃതമാണെന്ന തുറന്ന നിലപാട് സ്വീകരിക്കുമ്പോഴും ആ മതങ്ങൾ എല്ലാം ഒരുപോലെ പൂർണമായും രക്ഷാകരമാണെന്നു റാണർ പറയാത്തത് (K. Rahner, Christianity and the Non- Christian Religions, Theological Investigations, vol. 5, p. 130).

കാലത്തിന്റെ പാച്ചിലിൽ ഭൂമുഖത്ത് നവീനമായ മതവിഭാഗങ്ങൾ രൂപപ്പെട്ടുവരാറുണ്ട്. സെക്ട് മതങ്ങളുടെ ആവിർഭാവം തന്നെ ഉദാഹരണം. ഓഷോയിസം പോലെ ധാർമ്മിക ജീവിതത്തിൽ സുതാര്യതയില്ലാത്ത എത്രയെത്ര സങ്കരമത വിഭാഗങ്ങളാണ് കൂണുപോലെ ഇന്ന് മുളച്ചുപൊന്തുന്നത്. ഈ നൂതന മതസമൂഹങ്ങളെയെല്ലാം പരമ്പരാഗത മതങ്ങളെപ്പോലെ നിയമാനുസൃത മതങ്ങളുടെ പട്ടികയിലുൾപ്പെടുത്താമോ? ഇതിന് നിഷേധാത്മകമായ മറുപടിയാണ് റാണർ നൽകുന്നത്. ക്രൈസ്തവേതര മതങ്ങൾ നിയമാനുസൃതമാണെന്നു പറയുമ്പോൾ റാണർ ഉദ്ദേശിക്കുന്നത് ആത്മീയ പുരുഷരും വിശുദ്ധഗ്രന്ഥങ്ങളും മതാചാരങ്ങളും അടങ്ങുന്ന, ഗുണപരമെന്ന് നൂറ്റാണ്ടുകളായി അംഗീകരിക്കപ്പെട്ട, മതപാരമ്പര്യങ്ങളെയാണ്.

ഇതരമതങ്ങളിലെ രക്ഷയെക്കുറിച്ചുള്ള കാൾ റാണറിന്റെ ചിന്തകളെ ഇങ്ങനെ ഉപസംഹരിക്കാം.

  • മനുഷ്യൻ ജന്മനാ അതിസ്വാഭാവികതയിലേക്ക് തിരിഞ്ഞിരിക്കുന്നതിനാലും മനുഷ്യാവതാരത്തിലൂടെയും പെസഹാരഹസ്യത്തിലൂടെയും യേശുനേടിയ രക്ഷ സാർവത്രികമായതിനാലും അക്രൈസ്തവമതങ്ങൾ സ്വാഭാവികനന്മയുടെ മാത്രമല്ല അതിസ്വാഭാവിക കൃപയുടെയും സങ്കേതങ്ങളാണ്. അതുകൊണ്ടുതന്നെ അവയിൽ രക്ഷാകരമായ മൂല്യങ്ങളുണ്ട്.
  • ഇതരമതങ്ങൾ കൃപയുടെ ചാലുകളാകുമ്പോഴും അവയിൽ പ്രവർത്തന നിരതമായിരിക്കുന്നത് ക്രിസ്തുവിന്റെ കൃപയാണ്.
  • ഇതരമതങ്ങളിൽ പൂർണതകളുണ്ടെങ്കിലും അവയെ വിജാതിയമായി വിശേഷിപ്പിക്കുന്നത് ക്രൈസ്തവമല്ല. ആ മതങ്ങളിൽ വിശ്വസിക്കുന്നവരെ അവ്യക്ത ക്രൈസ്തവരായി (anonymous christians) പരിഗണിക്കാം.
  • അവ്യക്തക്രൈസ്തവർ എന്ന റാണയുടെ ദർശനം ഏറെ വിമർശിക്കപ്പെട്ട ഒന്നാണ്. വിജാതീയ മതങ്ങളെ ക്രൈസ്തവതുല്യമാക്കിയെന്ന് സഭയിലെ യാഥാസ്ഥിതികരും അക്രൈസ്തവ മതങ്ങളിൽ നന്മയായിട്ടുള്ളതെല്ലാം ക്രിസ്തീയമാണെന്ന വ്യാഖ്യാനത്തിലൂടെ ഇതരമതസ്ഥരുടെ തനിമ നഷ്ടപ്പെടുത്തിയെന്ന് സഭയിലെ പുരോഗമനവാദികളും ആരോപണമുയർത്തി. മതങ്ങൾ തമ്മിലുള്ള അന്തരം അംഗീകരിക്കുന്നു എന്നായിരുന്നു പാരമ്പര്യവാദികൾക്കുള്ള റാണറിന്റെ മറുപടി. 'അവ്യക്തക്രൈസ്തവർ' എന്ന സംജ്ഞ മതാന്തരസംവാദങ്ങൾക്കായി രൂപപ്പെടുത്തിയതല്ലെന്നും സഭക്കുള്ളിൽ ഉപയോഗിക്കേണ്ട പദപ്രയോഗം മാത്രമാണിതെന്നുമായിരുന്നു പുരോഗമനവാദികൾക്ക് റാണർ നല്കിയ വിശദീകരണം.
  • ക്രിസ്തുവിന്റെ അനന്യതയും സാർവത്രിക രക്ഷയ്ക്കായുള്ള ദൈവത്തിന്റെ ആഗ്രഹവും ഒരേ സമയം സമന്വയിപ്പിച്ചുകൊണ്ട് നൂതനവും വിശാലവുമായ ഒരു ഇതരമത ദൈവശാസ്ത്രം രൂപപ്പെടുത്തിയത് റാണറിന്റെ നേട്ടമാണ്.
  • ഗവിൻ ഡിക്കോസ്റ്റയുടെ വാക്കുകളോടെ റാണറിന്റെ ഇതര മതദൈവശാസ്ത്രചിന്തകൾ ഉപസംഹരിക്കാം - കാൾ റാണർ ക്രിസ്തുമാത്രം രക്ഷയുടെ സങ്കേതം എന്ന ചിന്താഗതിയെയും ദൈവം സകലമനുഷ്യരുടെയും രക്ഷയാഗ്രഹിക്കുന്നുവെന്ന ദർശനത്തെയും തന്റെ ക്രിസ്തു കേന്ദ്രീകൃതവും വിശാലവുമായ സമീപനരീതിയിലൂടെ സമന്വയപ്പെടുത്തി (GD. Costa, Christianity and Other Faiths, Comparison Encyclopedia of Theology. p. 300).

9.3 ഈശ്വരകേന്ദ്രീകൃത സമീപനരീതി (Theo - centrism)

ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തോടെ ബഹുത്വം ഒരു സാംസ്കാരിക പ്രതിഭാസമായി ശക്തിപ്പെട്ടപ്പോൾ, അതിനോട് ഭാവാത്മകമായും ഫലപ്രദമായും സംവദിക്കുന്നതിൽ നിലവിലുള്ള സഭാകേന്ദ്രീകൃതമോ ക്രിസ്തു കേന്ദ്രീകൃതമോ ആയ സമീപനരിതികൾ അപര്യാപ്തമാണെന്ന് ചില ക്രൈസ്തവ ദൈവശാസ്ത്രജ്ഞന്മാർ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ജോൺ ഹിക്ക്, റെയ്മണ്ട് പണിക്കർ തുടങ്ങിയവർ ഈശ്വരകേന്ദ്രീകൃത സമീപനരീതിയുമായി മുന്നോട്ടു വന്നത്.

ജോൺ ഹിക്കിന്റെ വീക്ഷണത്തിൽ ഇതര മതങ്ങളോടുള്ള ക്രൈസ്തവ മനോഭാവത്തിൽ ഒരു കോപ്പർനിക്കൻ റെവലൂഷൻ തന്നെ സംഭവിക്കേണ്ടതുണ്ട്. ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്നു വിശ്വസിച്ചിരുന്ന കാലത്ത് കോപ്പർനിക്കസിന്റെ സൗരകേന്ദ്രീകൃത സിദ്ധാന്തം തികച്ചും വിപ്ലവകരമായ അറിവായിരുന്നു. ഇതുപോലെ ബഹുതയെ ക്രിസ്തുകേന്ദ്രീകൃതമായി മനസ്സിലാക്കിയിരുന്ന ക്രൈസ്തവ ലോകത്ത് ഹിക്കിന്റെയും മറ്റും ഈശ്വരകേന്ദ്രീകൃതസമീപനം ഒരു കോപ്പർനിക്കൻ റെവല്യൂഷൻ  സൃഷ്ടിച്ചു (J. Hick, God Has Many Names, p. 1-5).

ജോൺ ഹിക്കിന്റെ ഈശ്വരകേന്ദ്രീകൃത സിദ്ധാന്തമനുസരിച്ച് എല്ലാ മതങ്ങളിലുമുള്ള ഈശ്വരചൈതന്യം ഒന്നുതന്നെയാണ്. വൈവിധ്യമാർന്ന സാംസ്കാരിക, സാമൂഹിക സാഹചര്യങ്ങളിൽ മനുഷ്യൻ ഈശ്വര ചൈതന്യത്തെ അനുഭവിക്കുകയും ആ അനുഭവത്തെ വ്യാഖ്യനിക്കുകയും ചെയ്തപ്പോൾ വ്യത്യസ്തങ്ങളായ മതവിശ്വാസങ്ങളും മതഗ്രന്ഥങ്ങളുമുണ്ടായി. എന്നാൽ ഇവയൊന്നും ഈശ്വരചൈതന്യത്തിന്റെ പൂർണവെളിപാടാകുന്നില്ല. ആനയുടെ വ്യത്യസ്ത ശരീരഭാഗങ്ങൾ സ്പർശിച്ച അന്ധന്മാർ ആനയെപ്പറ്റി വൈവിധ്യമാർന്ന നിർവചനങ്ങൾ നിൽകിയതുപോലെയാണ് വിവിധമതങ്ങളുടെ ഈശ്വരാനുഭവമെന്നുള്ള ഹൈന്ദവ ദാർശനികരുടെ വീക്ഷണത്തോട് സമാനത പുലർത്തുന്നതാണ് ഹിക്കിന്റെ ദൈവകേന്ദ്രീകൃത ദർശനങ്ങൾ. ഗിരിശൃംഗത്തിലേക്ക് വ്യത്യസ്തവഴികളിലൂടെ സഞ്ചരിക്കുന്നവരുടെ അനുഭവ വിവരണങ്ങൾ വൈവിധ്യങ്ങളായിരിക്കും എന്ന ഉപമാനവും ഹിക്കിന്റെ ദർശനത്തോട് ചേർന്നുപോകുന്നതാണ്. വിവിധ മതങ്ങൾ ഈശ്വര ചൈതന്യത്തിലേക്ക് നടന്നടുക്കാനുള്ള വ്യത്യസ്ത പന്ഥാവുകളായാണ് ജോൺ ഹിക്ക് വിലയിരുത്തുന്നത് (J. Hick, Toward a Philosophy of Religious Pluralism, p. 133).

ദൈവകേന്ദ്രീകൃത സമീപനം എല്ലാ മതങ്ങളെയും ഒരുമിപ്പിക്കുന്ന ഒരു പൊതു അടിത്തറ നൽകുന്നു. കാരണം എല്ലാ മതങ്ങളും ലക്ഷ്യംവയ്ക്കുന്ന പരമസത്ത ഒന്നുതന്നെയാണ്. അതുകൊണ്ടുതന്നെ മതവിശ്വാസങ്ങളുടെ ബാഹ്യമുറകൾക്കപ്പുറം നിൽക്കുന്ന ഏകമായ ദൈവികസത്തയ്ക്ക് മാത്രമേ എല്ലാ മതവിശ്വാസങ്ങൾക്കും സംവദിക്കുന്നതിനുള്ള പാലമായി വർത്തിക്കാനാകൂ. ക്രിസ്തുവിന്റെ അനന്യതയും സഭയുടെ ശ്രേഷ്ഠതയും മുൻനിർത്തിയുള്ള ഇതര മത ദൈവശാസ്ത്രവീക്ഷണങ്ങളിൽ പാടെ മാറ്റം വരുത്തുന്ന ദൈവകേന്ദ്രീകൃത സമീപനരീതിയെ ജോൺ ഹിക്ക് വിശേഷിപ്പിക്കുന്നത് ക്രോസിംഗ് ദി റൂബികോൺ ഓഫ് റെലിജിയൻ എന്നാണ്.

ഈശ്വരകേന്ദ്രീകൃതമായ ഇതരമത ദൈവശാസ്ത്ര സമീപനം പിൻതുടർന്ന മറ്റൊരു ദൈവശാസ്ത്രജ്ഞനായിരുന്നു റെയ്മണ്ട് പണിക്കർ. പാലക്കാട് സ്വദേശിയായ ഹൈന്ദവ പിതാവിൽനിന്നും സ്പെയിനിലെ കത്തോലിക്കാ മാതാവിൽനിന്നും 1918-ൽ ജനിച്ച റെയ്മണ്ട് പണിക്കർ കിഴക്കുപടിഞ്ഞാറൻ ആത്മീയതകളുടെ സംഗമസ്ഥാനം തേടിയ ദൈവശാസ്ത്രജ്ഞന്മാരിൽ പ്രമുഖനാണ്. പണിക്കരുടെ കാഴ്ചപ്പാടിൽ ദൈവം ക്രൈസ്തവരോടു മാത്രമായി സംസാരിച്ചു എന്ന വാദം അസ്വീകാര്യമാണ്. അത് ഒരുപക്ഷേ നാം ദൈവത്തിന്റെ സ്വാതന്ത്ര്യത്തിന് പരിധി നിശ്ചയിക്കുന്നതിന് തുല്യമായിരിക്കും. ദൈവം ക്രിസ്ത്യാനികളോട് സംസാരിച്ചതുപോലെതന്നെയോ, ഒരുപക്ഷേ അതിൽ നിന്നും വ്യത്യസ്തമായോ ഇതരമതങ്ങളിലുള്ളവർക്ക് സ്വയം വെളിപ്പെടുത്തരുതെന്ന് ക്രൈസ്തവന് ശഠിക്കാനാകുമോ? ഓരോ മതത്തിലുള്ളവരോടും അവരുടെ ആവശ്യമനുസരിച്ച് അവരുടെ സാംസ്ക്കാരിക ചുറ്റുപാടുകൾക്കിണങ്ങിയ രീതിയിൽ ദൈവം സംസാരിച്ചിട്ടുണ്ടാകാം. അത് ദൈവത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. വെളിപാടുകൾ സ്ഥലകാലബന്ധിതമായതിനാൽ ഓരോ മതവും ഉൾക്കൊള്ളുന്ന വെളിപാടുകളിൽ അപൂർണതയുണ്ടാകും.

റെയ്മണ്ട് പണിക്കർ അടിവരയിട്ട് പറയുന്ന മറ്റൊരു കാര്യം ദൈവം രഹസ്യമാണെന്ന (Mystery) സത്യമാണ്. മനുഷ്യബുദ്ധിക്ക് ഉപരിയായി നിലകൊള്ളുന്ന യാഥാർത്ഥ്യത്തെയാണ് ദൈവം എന്ന് നമ്മൾ വിളിക്കുന്നത്. മനുഷ്യനാൽ പൂർണമായി മനസ്സിലാക്കപ്പെടുന്നത് ദൈവമായിരിക്കില്ലല്ലോ. ദൈവത്തെ അറിയാൻ ജീവിതം ഉഴിഞ്ഞുവച്ച പണ്ഡിതരും വിശുദ്ധരുമായ വ്യക്തികൾ “അറിയുന്തോറും ഒട്ടുമറിഞ്ഞില്ലെന്ന് തോന്നിപ്പിക്കുന്ന രഹസ്യമാണ് ഈശ്വരൻ” എന്ന് ഏറ്റുപറഞ്ഞത് ഇവിടെ സ്മരിക്കാം. ഈശ്വരൻ രഹസ്യമായിരിക്കെ വിവിധങ്ങളായ സാംസ്ക്കാരിക പശ്ചാത്തലങ്ങളിൽ ജീവിക്കുന്ന ജനതകൾക്ക് വെളിപ്പെട്ട് കിട്ടുന്ന ദർശനങ്ങളിൽ വ്യത്യാസം ഉണ്ടായിരിക്കുമെന്നത് സ്വാഭാവികമാണെന്ന് പണിക്കർ കരുതുന്നു. ഒരു മതത്തിനും ദൈവത്തെ പൂർണമായി ഉൾക്കൊള്ളാനാവില്ല എന്ന ചിന്തയിലേക്കാണ് ദൈവം രഹസ്യമാണെന്ന അറിവ് പണിക്കരെ നയിക്കുന്നത് (R. Panikkar, The Unknown Christ of Hinduism, P. 103).

മതങ്ങൾ വ്യത്യസ്തങ്ങളായിരിക്കാൻ പ്രധാന കാരണം അവ അവലംബിക്കുന്ന ദൈവാന്വേഷണരീതികൾ സമാനങ്ങളല്ലാത്തതാണെന്ന് പണിക്കർ കരുതുന്നു. ഹിന്ദുമതവും ക്രിസ്തുമതവും തമ്മിലുള്ള അന്തരം രീതിശാസ്ത്രത്തിലെ വ്യത്യസ്തത മൂലമാണെന്ന് അദ്ദേഹം ഉദാഹരണസഹിതം സമർത്ഥിക്കുന്നുണ്ട്. ദൈവത്തെ പൂർണമായി ഗ്രഹിക്കാനുള്ള പരിശ്രമത്തിൽ രണ്ടായിരം വർഷങ്ങൾക്കു മുൻപ് മനുഷ്യനായി പിറന്ന യേശുവിനെ ദൈവമായി തിരിച്ചറിഞ്ഞവരാണ് ക്രിസ്ത്യാനികൾ. യേശു ക്രിസ്തുവിൽ ദൈവം പൂർണമായി വെളിപ്പെട്ടു എന്ന് വിശ്വസിക്കുന്ന ക്രിസ്തുശിഷ്യർക്ക് അവിടത്തേക്കാളുപരിയായി മറ്റാരിലും ഈശ്വരന്റെ വെളിപാട് അന്വേഷിക്കുന്നത് ആവശ്യമായിതോന്നിയില്ല. ചരിത്രത്തെ ആദത്തിൽനിന്നാരംഭിച്ച് യുഗാന്ത്യത്തിലെത്തിനിൽക്കുന്ന ഒരു നേർരേഖയായി കണക്കാക്കുന്ന പാശ്ചാത്യലോകവീക്ഷണത്തിൽ ക്രിസ്തു പ്രപഞ്ചത്തിന്റെയും ചരിത്രത്തിന്റെയും കേന്ദ്രമാണ്. എന്നാൽ പലയുഗങ്ങളുണ്ടെന്ന് കരുതുന്ന ഹിന്ദുമതത്തിന് ഓരോ യുഗങ്ങളിലും മനുഷ്യനെ നേർവഴിക്ക് നയിക്കാനുള്ള അവതാരങ്ങളുണ്ടാകുമെന്ന് വിശ്വസിക്കാനാണിഷ്ടം. ഒരു അവതാരത്തിനും പൂർണമായി ഉൾക്കൊള്ളാനാവാത്തവിധം ബൃഹത്തായ രഹസ്യമാണ് ഈശ്വരൻ എന്ന വിശ്വാസവും കിഴക്കിന്റെ സവിശേഷതയാണ്. 33000 കോടി ദേവീദേവന്മാരുണ്ടെങ്കിലും അവരിലൂടെ വെളിപ്പെടാതിരുന്ന ഈശ്വരാംശങ്ങൾ ഭാവിയിൽ ലോകത്തിന്റെ വിവിധ കോണുകളിൽ വിവിധ ജനതകൾക്കായി അവതരിക്കുമെന്ന സങ്കല്പം ഹിന്ദുമതത്തിൽ ബഹുസ്വരതയ്ക്ക് നിദാനമായി നിൽക്കുന്നു. ഭാഷയിലും പരിസ്ഥിതിയിലും രീതിശാസ്ത്രത്തിലും പാരമ്പര്യങ്ങളിലും മനോഭാവങ്ങളിലുമുള്ള വൈവിധ്യത്തെ ബഹുമാനിക്കാൻ ഈശ്വരകേന്ദ്രീകൃതമായ ഇതരമത ദൈവശാസ്ത്രത്തിനാണ് സാധിക്കുന്നതെന്ന് പണിക്കർ വാദിക്കുന്നു (R. Panikkar, The Christian Challenge for Third Millennium, Christian Mission and Interreligious Dialogue, pp. 51-52).

ദൈവകേന്ദ്രീകൃതമായ ബഹുത്വശാസ്ത്രത്തിൽ ക്രിസ്തുവിന് മർമ്മപ്രധാനമായ സ്ഥാനം നൽകാൻ പണിക്കർ ശ്രമിച്ചിട്ടുണ്ട്. ദൈവപുത്രനെന്ന നിലയിൽ ക്രിസ്തു മനുഷ്യവംശത്തിനും ദൈവത്തിനുമിടയിലുള്ള ഏക മാധ്യസ്ഥനായതിനാൽ എല്ലാ മതവിശ്വാസികളുടെയും ആത്മാർത്ഥമായ ആരാധന ക്രിസ്തുവിലാണ് ചെന്നുചേരുന്നത്. ആഫ്രിക്കയിലെ വിഗ്രഹാരാധകരുടെയും ശൈവ മതത്തിലെ തന്ത്രികളുടെയും പ്രാർത്ഥന ഏറ്റുവാങ്ങുന്നത് ക്രിസ്തുവായിരിക്കണം. ദൈവത്തിന്റെ മുഖം കണ്ടെത്താൻ  മനുഷ്യന് കൃപ നല്കുന്നത് ക്രിസ്തുവാണ്. ദൈവത്തിന്റെ സാർവത്രിക രക്ഷാപദ്ധതി, ക്രിസ്തുവിനെ മാറ്റിനിർത്തി മനസ്സിലാക്കാനാവില്ല. കാരണം, ക്രിസ്തു സാർവത്രിക രക്ഷകനാണ്. രക്ഷിക്കപ്പെടുന്നവരെല്ലാം അവനിലൂടെയാണ് രക്ഷിക്കപ്പെടുന്നത്. ഇങ്ങനെ പണിക്കരുടെ ഈശ്വരകേന്ദ്രീകൃത ദൈവശാസ്ത്രം ഒരേ സമയം ക്രിസ്തുകേന്ദ്രീകൃതവുമാണ്. മതങ്ങൾ കണ്ടുമുട്ടുവാനുള്ള വേദി ക്രിസ്തുവാണെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നുണ്ട് (R. Panikkar, The Unknown Christ of Hinduism, pp. 36-37 48-50) (Dankfried, Reetzo, Raimond Panikkars Theology of Religions, Religion and Society, vol. 15, pp. 44-49).

മേൽപ്പറഞ്ഞരീതിയിൽ, ക്രിസ്തുവിന് രക്ഷാകരദൗത്യത്തിൽ അനന്യമായ സ്ഥാനം നൽകുമ്പോഴും ചരിത്ര പുരുഷനായ യേശുവിലേക്ക് ദൈവത്തെ ചുരുക്കാനാവില്ല എന്ന അദ്ദേഹത്തിന്റെ ചിന്താഗതി വിവാദാത്മകമാണ്. ദൈവം പൂർണമായി മനുഷ്യരൂപത്തിൽ അവതരിക്കുന്നത് ദൈവത്തിന്റെ രഹസ്യസ്വഭാവത്തിനും മനുഷ്യന്റെ പരിമിതിക്കും ചേരാത്തതാണെന്നാണ് പണിക്കർ ചിന്തിക്കുന്നത്. യേശുവിനെ കാണുന്നത് പരമ രഹസ്യത്തെ കണ്ടുമുട്ടലാണ് എന്ന അർത്ഥത്തിൽ ക്രിസ്തുവിനെ കേവല യാഥാർത്ഥ്യമായി കാണാമെങ്കിലും ആ രഹസ്യത്തെ ക്രിസ്തുവിനോടു തുല്യമാക്കാനാവില്ല. രഹസ്യത്തെ അതിന്റെ പൂർണാർത്ഥത്തിൽ കാണുമ്പോൾ ക്രിസ്തു അതിന്റെ ഒരു ഭാഗം മാത്രമാണ്. ക്രിസ്തുവാകുന്ന മാർഗത്തിലൂടെ ചരിക്കുന്നവർക്കാണ് അവിടുന്ന് യഥാർത്ഥ വഴിയായിത്തീരുന്നത് (R Panikkar, The Unknown Christ of Hinduism, pp. 24-25).

എല്ലാ മതവിശ്വാസികൾക്കും സംവദിക്കാവുന്ന ദൈവിക കേന്ദ്രബിന്ദുവായി പണിക്കർ ക്രിസ്തുവിനെ അവതരിപ്പിക്കുന്നത് എങ്ങിനെയെന്ന് മനസ്സിലാകണമെങ്കിൽ അദ്ദേഹത്തിന്റെ "Cosmotheandric reality" എന്ന പ്രതിപാദനം കൂടി വിശദീകരിക്കേണ്ടിയിരിക്കുന്നു. ക്രിസ്തുവിൽ പ്രപഞ്ചവും (cosmos) ദൈവവും (theos) മനുഷ്യനും (anthropos) അതിന്റെ പൂർണതയിൽ സമ്മേളിച്ചിരിക്കുന്നു എന്നാണ് പണിക്കരുടെ അഭിപ്രായം. ക്രിസ്തുവിൽ മാത്രമല്ല എല്ലാ യാഥാർത്ഥ്യങ്ങളിലും ദൈവികതയുടെയും മാനുഷികതയുടെയും പ്രപഞ്ചത്തിന്റെയും അംശങ്ങൾ കുടികൊള്ളുന്നു. പരസ്പരം വേർപെടുത്താനാവാത്തവിധം ഈ മൂന്നു ഭാവങ്ങളും പ്രപഞ്ചത്തിലും മനുഷ്യനിലും ദൈവത്തിലുമുണ്ട്.

ദൈവം എന്നതുകൊണ്ട് പണിക്കർ വിവക്ഷിക്കുന്നത് സർവചരാചരങ്ങളിലും അന്തർയാമിയായി (immanent) വസിക്കുന്നതും അതേ സമയം എല്ലാ വസ്തുക്കൾക്കും മീതെ അതീന്ദ്രിയമായി (transcendent) നിലനില്കുന്നതുമായ ദൈവികാംശത്തെയാണ്. പ്രപഞ്ചത്തിലും മനുഷ്യരിലും പ്രകൃത്യാ ദൈവികതയുണ്ട്. അതിനാൽ ദൈവവും പ്രപഞ്ചവും മനുഷ്യനും പരസ്പര ബന്ധിതമാണ്.

മനുഷ്യൻ എന്നതുകൊണ്ട് വസ്തുക്കളിലെ ബോധപരതയെയാണ് പണിക്കർ ഉദ്ദേശിക്കുന്നത്. അസ്തിത്വമുള്ള എല്ലാം -ജൈവസസ്യ ജന്തു ലോകം - മനുഷ്യന്റെ ബോധതലവുമായി ബന്ധപ്പെട്ട് നിൽക്കുന്നു. മനുഷ്യബോധത്തിലാണ് അവയ്ക്കെല്ലാം അസ്തിത്വം ലഭിക്കുന്നത്.

പ്രപഞ്ചമാണ് മൂന്നാമത്തെ ഘടകം. നിലനിൽക്കുന്നതെല്ലാം പദാർത്ഥത്തിന്റെയും ഊർജ്ജത്തിന്റെയും ലോകമായി പിണഞ്ഞുകിടക്കുന്നു. അസ്തിത്വമുള്ളവയുടെയെല്ലാം അടിസ്ഥാന ഭാവമാണ് പ്രാപഞ്ചികത. പണിക്കരെ സംബന്ധിച്ചിടത്തോളം ഈ ലോകവും മനുഷ്യനും ദൈവവും വേറിട്ട യാഥാർത്ഥ്യങ്ങളല്ല. അവ പരസ്പരം അവയുടെ അസ്തിത്വവും സത്തയും ചരിത്രവും ലക്ഷ്യവും പങ്കുവച്ച് ജീവിക്കുന്നവയാണ് (R. Panikkar, The Cosmotheandric Intuition, Jeevadhara 14, (1984) pp. 29-33).

ദൈവിക, പ്രാപഞ്ചിക, മാനുഷിക യാഥാർത്ഥ്യങ്ങളെ മേൽപ്പറഞ്ഞ രീതിയിൽ ക്രിസ്തുവിൽ പരസ്പര ബന്ധിതമായി അവതരിപ്പിക്കുന്നതുവഴി അവയിലൊന്നിന്റെയും പ്രാധാന്യം കുറച്ചു കാണുകയല്ല റെയ്മണ്ട് പണിക്കർ. ക്രിസ്തുവിൽ പ്രപഞ്ചവും മനുഷ്യവംശവും ദൈവികതയും കുടികൊള്ളുന്നു എന്നു പ്രഖ്യാപിക്കുന്നതിലൂടെ എല്ലാറ്റിനും ഒന്നുചേരാവുന്ന കേന്ദ്രബിന്ദുവായി ക്രിസ്തുവിനെ പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. ദൈവികത, മാനുഷികത, പ്രാപഞ്ചികത, എന്നീ ഭാവങ്ങളെ യേശുവിന്റെ പരിത്രാണ കർമ്മത്തിലുള്ള മൂന്ന് കാലഘട്ടങ്ങളുമായികൂടി താദാത്മ്യപ്പെടുത്തുന്നു എന്നറിയുമ്പോഴാണ് cosmotheandric സമവാക്യത്തിന്റെ ചാരുത തെളിഞ്ഞ് കിട്ടുന്നത്. പിതാവായ ദൈവത്തോടൊപ്പം വസിച്ചിരുന്ന വചനമായ ക്രിസ്തു 'theos' ആണെന്നും ചരിത്രപുരുഷനായ ക്രിസ്തു 'anthropos' ആണെന്നും യുഗാന്ത്യത്തിൽ സർവചരാചരങ്ങളെയും പിതാവിൽ ഒരുമിപ്പിക്കുന്ന ക്രിസ്തു (cosmos) ഉയർത്തെഴുന്നേറ്റ ക്രിസ്തുസാന്നിദ്ധൃം ആണെന്നുമുള്ള പണിക്കരുടെ വിവരണം മിസ്റ്റിക് അനുഭവം സ്വായത്തമായവർക്കു മാത്രമേ മനസ്സിലാക്കാനാകൂ (R Panikkar, The Unknown Christ of Hinduism, pp. 27-28).

പണിക്കരുടെ ദൈവ സ്വാതന്ത്ര്യത്തെക്കുറിച്ചും രഹസ്യാത്മകതയെക്കുറിച്ചും പ്രപഞ്ചത്തോളം വികസിച്ചു നിൽക്കുന്ന ക്രിസ്തുവിനെക്കുറിച്ചും ഉള്ള ദർശനങ്ങൾ യുക്ത്യാധിഷ്ഠിതമായ പരികൽപനകൾക്ക് വഴങ്ങുന്നവയല്ല. ക്രിസ്തുവിനെ രഹസ്യമായി ചിത്രീകരിക്കുന്നതിൽ പണിക്കർ വിജയിച്ചിട്ടുണ്ട്. അതേസമയം ക്രിസ്തു ദൈവരഹസ്യത്തിന്റെ പൂർണമായ വെളിപാടാണെന്ന ക്രൈസ്തവ ധാരണയോട് പണിക്കരുടെ വീക്ഷണം ചേർന്നു പോകുന്നില്ലെന്ന വിമർശനമുണ്ട്. പണിക്കരുടെ വീക്ഷണത്തിൽ ക്രിസ്തു ദൈവികരഹസ്യത്തിന്റെ (divine mystery) ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. ഇതരമതങ്ങളിലെ ആരാധ്യപുരുഷന്മാരും ഈ രഹസ്യത്തിന്റെ വിവിധ മുഖങ്ങളാണ്. വ്യക്തമായി പറഞ്ഞാൽ കൃഷ്ണനും ക്രിസ്തുവും എല്ലാം ദൈവരഹസ്യത്തിന്റെ ഓരോ കാലഘട്ടത്തിലും സംസ്കാരത്തിലും നടന്ന വെളിപാടുകളും ആവിഷ്കാരങ്ങളുമാണ്. ചരിത്രപുരുഷനായ ക്രിസ്തുവിനെ നിത്യവചനത്തോട് (Eternal Logos) തുലനം ചെയ്യാത്ത ഈ കാഴ്ചപ്പാട്, ബഹുസ്വരതയോടുള്ള ഭാവാത്മക പ്രതികരണം എന്ന ന്യായത്തിന്റെ പേരിലായാലും ക്രൈസ്തവ ദൈവശാസ്ത്രത്തിന് അംഗീകരിക്കാനാവില്ല. കാരണം ക്രിസ്തു എന്ന രക്ഷകന്റെ അതുല്യ വ്യക്തിത്വത്തിലുള്ള വിശ്വാസമാണ് ക്രൈസ്തവ വിശ്വാസത്തെ മുന്നോട്ടു നയിക്കുന്നത്. ക്രിസ്തുവിലെ ദൈവികപൂർണതയെ മാറ്റിനിർത്തുന്നതിനു പകരം ക്രിസ്തുവിന്റെ വിശാലമായ കണ്ണുകളോടെ ഇതര മതവിശ്വാസങ്ങളെ നോക്കിക്കാണുന്ന ആരോഗ്യകരമായ ഒരു സമീപനരീതിയാണ് ഇന്നാവശ്യമായത്.

9.4 വിമോചന കേന്ദ്രീകൃത സമീപനം (Soterio -centrism)

ബഹുത്വത്തോടുള്ള സമീപനങ്ങളിൽ ഈ അടുത്ത നാളിൽ പിറവികൊണ്ട ശാഖയാണിത്. മതങ്ങളുടെ ആത്യന്തികലക്ഷ്യം മനുഷ്യന്റെ വിമോചനമാണെന്ന് തിരിച്ചറിഞ്ഞ പോൾ നിറ്ററിനെയും അലോഷ്യസ് പിയറിസിനെയും പോലുള്ള വിമോചന ദൈവശാസ്ത്രജ്ഞൻമാരാണ് ഈ നൂതനചിന്താധരയ്ക്ക് ചുക്കാൻ പിടിച്ചത്.

പ്രായോഗിക വാദത്തിൽ അടിയുറച്ചു നിന്നാണ് മേൽപ്പറഞ്ഞ ചിന്തകർ അവരുടെ ദർശനങ്ങൾ അവതരിപ്പിക്കുന്നത്. ഇതരമതങ്ങളോടുള്ള മനോഭാവം സഭാകേന്ദ്രീകൃതമാനത്തിൽ നിന്ന് ക്രിസ്തു കേന്ദ്രീകൃതമാനത്തിലേക്കും, അതുവീണ്ടും ദൈവകേന്ദ്രീകൃതമായ ആഭിമുഖ്യത്തിലേക്കും വളർന്നതുപോലെ ദൈവ രാജ്യോൻമുഖമായിട്ടുള്ള ഒരു പുതിയ മാതൃകയിലേക്ക് മാറണമെന്നാണ് ഇവരുടെ പക്ഷം. വിശ്വാസങ്ങളിൽ യുക്തികൾക്കും ആശയങ്ങൾക്കും മുൻതൂക്കം നൽകിയപ്പോഴെല്ലാം സഭയിൽ തർക്കങ്ങളും പിളർപ്പുകളുമുണ്ടായിട്ടുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണമായി ക്രിസ്തുവിന്റെ തനിമയെക്കുറിച്ചുള്ള സംവാദങ്ങൾ എത്രയോ പാഷണ്ഡതകൾക്കാണ് വഴിതുറന്നത്!

അതേസമയം മതങ്ങളെല്ലാം നിലകൊള്ളുന്നത് മനുഷ്യന് മോചനം നൽകാനായതിനാൽ അവന്റെ വികസനത്തിനും വിമോചനത്തിനുമായുള്ള പ്രവർത്തനങ്ങളെ മതവിശ്വാസികൾക്ക് ഒരുമിച്ചുചേരാനുള്ള പൊതുവേദിയായി കണക്കാക്കണമെന്ന് നിറ്റർ ആവശ്യപ്പെടുന്നു. രക്ഷയുമായി താരതമ്യം ചെയ്യുമ്പോൾ ദൈവനാമങ്ങൾക്കും മതങ്ങൾക്കും ആപേക്ഷികമായ സ്ഥാനമേയുള്ളൂ. മതാന്തരസൗഹൃദത്തിന്റെ വാതിൽ സഭയോ, ക്രിസ്തുവോ, ദൈവമോ അല്ല പിന്നെയോ ദൈവരാജ്യവും ദൈവനീതിയുമാണ്. (P.F. Knitter, Towards a Liberation Theology of Religion, The Myth of Christan Uniqueness. p.190.)

വിമോചന ദൈവശാസ്ത്രകാരൻമാരുടെ അഭിപ്രായത്തിൽ മതങ്ങൾ പ്രവർത്തിക്കേണ്ടത് ലോകത്തിലെ അടിമത്തവും അനീതിയും അവസാനിപ്പിക്കാനാണ്. മുഖം നഷ്ടപ്പെട്ടവർക്കും ശബ്ദമില്ലാത്തവർക്കും വേണ്ടി നിലകൊണ്ടും രാഷ്ട്രീയ സാമ്പത്തിക പരിണാമത്തിന് ഉത്തേജകമായി വർത്തിച്ചും മതങ്ങൾക്ക് ദൈവരാജ്യ നിർമ്മിതിയുടെ വക്താക്കളാകാം. മതങ്ങൾ അവയുടെ തനിമയും മൂല്യവും കണ്ടെത്തേണ്ടത് പ്രബോധനങ്ങളുടെ ശ്രേഷ്ഠതയിലല്ല ദൈവരാജ്യോൻമുഖമായ പ്രവൃത്തികളി(praxis) ലാണ്. പ്രവർത്തനക്ഷമമാകാത്ത വിശ്വാസം യഥാർത്ഥ വിശ്വാസമല്ല. യേശു ഏകരക്ഷകനാണെന്ന് വാതോരാതെ പ്രസംഗിച്ചാലും രക്ഷയുടെ അനുഭവപാഠങ്ങൾ ക്രൈസ്തവരിലൂടെ ലോകത്തിൽ പ്രകടമായില്ലെങ്കിൽ ക്രൈസ്തവ വിശ്വാസത്തിന്റെ ആധികാരികതയും ആത്മാർത്ഥതയും നഷ്ടമാകും (A. Pieris, The Place of Non-Christian Religions and Cultures in the Evolution of Third World Theology, Irruption of the Third World, pp. 133-134).

പാശ്ചാത്യലോകത്ത് രൂപപ്പെട്ട ക്രൈസ്തവ ദൈവശാസ്ത്രത്തിലെ ഭൂരിഭാഗം പരികൽപനകളും ഏഷ്യയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണെന്ന് അലോഷ്യസ് പിയറിസ് ചൂണ്ടിക്കാട്ടുന്നു (A. Pieris, Whither New Evangelism? EAPR, vol. 29, no:3, 1992, pp. 276-280). ക്രിസ്തുവിന്റെ മാനുഷിക ദൈവിക ഭാവങ്ങളെക്കുറിച്ച് ആവിർഭവിച്ച തർക്കങ്ങൾക്ക് പ്രതിവിധിയായി കാൽസിഡോൺ കൗൺസിൽ രൂപപ്പെടുത്തിയ 'ഹൈപ്പോസ്റ്റാറ്റിക് യൂണിയൻ' എന്ന സാങ്കേതിക പ്രയോഗം വിശ്വാസികളെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ചും ഏഷ്യൻ ജനതയെ സംബന്ധിച്ചിടത്തോളം, ക്രിസ്തുവിന്റെ അനന്യത വ്യക്തമാക്കാൻ പ്രാപ്തമല്ല. ശ്രീലങ്കക്കാരനായ ഈ ദൈവശാസ്ത്രജ്ഞൻ ഏഷ്യൻ സംസ്കാരത്തിൽ ഊന്നികൊണ്ടും പാവങ്ങളുടെ മോചനത്തെ ലക്ഷ്യം വച്ചും ക്രിസ്തുവിനെ വ്യാഖ്യാനിക്കാനാണ് ഇഷ്ടപ്പെടുന്നത്. പാവങ്ങൾക്കുവേണ്ടിയുള്ള നമ്മുടെ സഹനങ്ങളെ ചരിത്രപുരുഷനായ യേശുവിനോടു ചേർത്തുവയ്ക്കുമ്പോഴാണ് ക്രിസ്തു ആരെന്ന് പൗരസ്ത്യലോകത്തിന് വ്യക്തമാകുന്നത്.

അടിച്ചമർത്തപ്പെട്ടവരോടുള്ള പക്ഷം ചേരലിന്റെ അടിസ്ഥാനത്തിൽ യേശുക്രിസ്തുവിന്റെ അനന്യയുടെ അർത്ഥം അന്വേഷിക്കണമെന്ന് വാദിക്കുന്ന പിയറിസ് സഭയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആത്മശോധനാപരമായ വിമർശനങ്ങൾ തൊടുത്തു വിടുന്നുണ്ട്. യേശു പറഞ്ഞു: “നിങ്ങൾക്ക് ഒരേ സമയം രണ്ട് യജമാനൻമാരെ സേവിക്കാൻ സാധ്യമല്ല” (മത്താ 6,24). ദൈവത്തിനും മാമ്മോനും തമ്മിൽ ശത്രുത ഉളവാക്കിയവനാണ് യേശു. എന്നാൽ മാമ്മോനെയും മിഷൻപ്രവർത്തനത്തെയും അവിശുദ്ധമായി കൂട്ടിക്കുഴയ്ക്കുന്ന ശൈലി സഭയിലുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. വത്തിക്കാന്റെ ധനാഗമ സ്രോതസ്സുകളിൽ പ്രധാനം അമേരിക്ക, യൂറോപ്പ് എന്നീ വൻകരകളിലെ സമ്പന്ന രാഷ്ട്രങ്ങളാണ്. ഈ ഒന്നാം ലോക രാജ്യങ്ങളാകട്ടെ മൂന്നാംകിട രാജ്യങ്ങളിൽ നിന്ന് തുച്ഛമായ വിലയ്ക്ക് അസംസ്കൃത പദാർത്ഥങ്ങൾ ശേഖരിച്ചും പകരം അവർക്ക് ആയുധങ്ങൾ കൈമാറിയുമാണ് സമ്പത്ത് വാരിക്കൂട്ടുന്നത്. ദരിദ്രരെ ചൂഷണം ചെയ്ത് നേടുന്ന ഈ സമ്പത്തിന്റെ വിഹിതമാണ് മിഷനറി പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുന്നത്. അന്യായ മാർഗ്ഗങ്ങളിലൂടെ സംഭരിച്ച ധനംകൊണ്ട് ക്രിസ്തുവിനെ പ്രസംഗിക്കുന്ന സുവിശേഷ പ്രചാരണത്തിലെ വൈരുദ്ധ്യം അലോഷ്യസ് എടുത്ത് കാട്ടുന്നു: “മാമ്മോനെക്കൊണ്ട് ദൈവത്തിനു സേവചെയ്യുന്ന ഈ ഏർപ്പാട് ക്രൈസ്തവോചിതമല്ലതന്നെ". ദൈവത്തെയും മുഖം നഷ്ടമായ മനുഷ്യരെയും തമ്മിൽ ബന്ധപ്പെടുത്തുന്ന ദൈവശാസ്ത്ര ചിന്തയുടെ വക്താക്കളായി പിയറിസും നിറ്ററും നിലകൊള്ളുന്നു.

ബഹുതയോടുള്ള ക്രിസ്തീയ സമീപനത്തിൽ വിമോചന ദൈവശാസ്ത്രജ്ഞന്മാർ നൽകുന്ന വെളിപാട് ചെറുതല്ല. പ്രവൃത്തികൊണ്ട് വിശ്വാസത്തിന് തിളക്കം വർദ്ധിപ്പിക്കണമെന്നുള്ള ഇവരുടെ ചിന്ത പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം നിർജ്ജീവമാണെന്ന യാക്കോബ് ശ്ലീഹായുടെ (2,26) പഠനത്തോടു ചേർന്നുപോകുന്നു. വിശ്വാസത്തിന്റെ ഭദ്രത പ്രബോധനങ്ങളുടെ യുക്തിക്കതീതമായി പ്രതിഷ്ഠിക്കാനായത് മഹത്തരംതന്നെ.

മതാന്തര സംവാദത്തെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരാൻ വിമോചനദൈവശാസ്ത്രജ്ഞന്മാർ നൽകിയ സംഭാവന അടിവരയിടേണ്ടതാണെങ്കിലും ഇതിലെ ദൈവശാസ്ത്രപരമായ പാളിച്ചകൾ അപ്പാടെ വിസ്മരിച്ചുകൂടാ. വാക്കിനേക്കാൾ പ്രവൃത്തിക്ക് മൂല്യം കൽപിക്കാനുള്ള തത്രപ്പാടിൽ രക്ഷയ്ക്ക് ദൈവത്തേക്കാളും ക്രിസ്തുവിനേക്കാളും മൂല്യം കൽപിക്കുന്നു എന്നാണ് പല ദൈവശാസ്ത്രജ്ഞന്മാരും ഉന്നയിക്കുന്ന വിമർശനങ്ങളിലൊന്ന്. ക്രിസ്തുമതം കേവലം ഒരു ആദർശസംഹിതയല്ല. അത് വിമോചകനായ ക്രിസ്തുവിൽ കേന്ദ്രീകരിച്ചാണ് നിലനിൽക്കുന്നത്. ക്രിസ്തുവിനെക്കാൾ വിമോചനത്തിന് പ്രാധാന്യം കൽപിക്കുമ്പോൾ രക്ഷയെ ദൈവത്തേക്കാൾ ഉന്നതമായ കേവലയാഥാർത്ഥ്യമായി അംഗീകരിക്കുന്നു എന്നത് ദർശനപരമായ വീഴ്ച്ചയാണ്. ക്രിസ്തുവിനെ ആപേക്ഷികമായി കരുതുന്ന ദൈവരാജ്യനിർമ്മാണം പൂർണ്ണതയിലെത്തുമെന്ന് കരുതുക വയ്യ.

വിമോചനത്തെ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിഭാസം മാത്രമായി ലഘൂകരിക്കുന്നു എന്നതാണ് ഈ ചിന്താധാരയ്ക്ക് എതിരെ ഉയരുന്ന മറ്റൊരു ആരോപണം. സാമ്പത്തികമായ ഉച്ചനീചത്വം അവസാനിപ്പിക്കുന്നതിലും നീതിനിഷ്ഠമായ സാമൂഹിക സംവിധാനം സൃഷ്ടിക്കുന്നതിലും ദൈവരാജ്യനിർമ്മാണം പൂർത്തിയാകുന്നില്ല. മനുഷ്യന്റെ ആത്മീയ ഉന്നതിയടക്കം സർവ്വതോന്മുഖമായ മോചനമാണ് ക്രിസ്തുശിഷ്യർ ലക്ഷ്യം വയ്ക്കേണ്ടത്. വിമോചന ദൈവശാസ്ത്രജ്ഞന്മാർ ദൈവരാജ്യത്തിന്റെ ആത്മീയവും സമഗ്രവുമായ സ്വഭാവങ്ങളെ വേണ്ടവണ്ണം കണക്കിലെടുക്കുന്നില്ല എന്ന വിമർശനം പ്രസക്തമാണ്.

സൈദ്ധാന്തികമായ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാനുള്ള പ്രവണതയും വിമോചന ദൈവശാസ്ത്രജ്ഞന്മാരിൽ പ്രകടമാണ്. കർമ്മത്തെ അടിസ്ഥാനമാക്കി മതാന്തര സൗഹൃദ ശ്രമങ്ങൾ തുടങ്ങിവയ്ക്കുന്നത് നല്ലതുതന്നെ. എന്നാൽ വിമോചന പ്രവർത്തനങ്ങളുടെ ലക്ഷ്യമെന്ത്, പ്രചോദനമേത്, രീതി ശാസ്ത്രങ്ങളേവ തുടങ്ങിയ സാരമായ പ്രശ്നങ്ങളിലേക്ക് കടക്കുമ്പോൾ യുക്തി സഹമായ അന്വേഷണത്തെ മാറ്റി നിർത്താനാവില്ല. പ്രവർത്തനത്തെ ആധാരമാക്കിയുള്ള ദൈവശാസ്ത്രത്തിന്റെ നിലനിൽപിന് യുക്തിയിലധിഷ്ഠിതമായ വിശ്വാസ പ്രഖ്യാപനങ്ങൾ ആവശ്യമായി വരുമെന്നതാണ് സത്യം.

ബഹുത്വം - ദൈവശാസ്ത്ര വ്യാഖ്യാനധാരകൾ സഭാകേന്ദ്രീകൃത സമീപനം (Ecclesio - centrism) ക്രിസ്തുകേന്ദ്രീകൃത സമീപനം (Christo-centrism) പൂർത്തീകരണസിദ്ധാന്തം (Theory of fulfillment) ഈശ്വരകേന്ദ്രീകൃത സമീപനരീതി (Theo - centrism) Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message