x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ ഇതര മതസംവാദം

ബഹുതയും മതാന്തര സംവാദവും

Authored by : Dr. Vincent Kundukulam, Fr. Tom Olikkarottu On 11-Mar-2023

12

ബഹുതയും മതാന്തര സംവാദവും

ഭാവാത്മകമായ ഇതരമത ദൈവശാസ്ത്രത്തിന്റെ പ്രായോഗിക ഭാഷയാണ് മതാന്തര സംഭാഷണം. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷമാണ് സഭയിൽ മതാന്തര സംഭാഷണ ശ്രമങ്ങൾക്ക് വേണ്ടത്ര പ്രോത്സാഹനവും ശ്രദ്ധയും ലഭിച്ചത്. ഒരുകാലത്ത് പരസ്പരം വാദിക്കാനും ജയിക്കാനുമുള്ള വേദിയായി പലരും മതാന്തര സംഭാഷണങ്ങളെ തെറ്റിദ്ധരിച്ചിരുന്നു. എന്നാലിന്ന് മതാന്തര സംവാദത്തെ വാദപ്രതിവാദത്തിന്റെ വേദിയായല്ല കാണുന്നത്. മറിച്ച് പങ്കുവയ്ക്കലിന്റെയും മനസിലാക്കലിന്റെയും ഉദാത്തമായ ഭൂമികയായിട്ടാണ്. അതുകൊണ്ടു തന്നെ മതസ്പർദ്ധ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ മതാന്തര സംഭാഷണശ്രമങ്ങൾക്ക് പ്രസക്തി ഏറിവരികയാണ്.

12.1. മതാന്തര സംവാദം - നിർവചനം

രണ്ടാം വത്തിക്കാൻ കൗൺസിൽ സംവാദത്തെ മനസിലാക്കുന്നത് വ്യത്യസ്ഥ മത, സാംസ്കാരിക പാരമ്പര്യങ്ങളിൽപെടുന്ന ജനങ്ങളുടെ മതാത്മക അനുഭവങ്ങളുടെ പരസ്പരമുള്ള പങ്കുവയ്ക്കലായിട്ടാണ്. ശ്രവണവും സംഭാഷണവും, നൽകലും സ്വീകരിക്കലും ഉൾചേരുന്ന ഒരു പ്രക്രിയയാണിത്. സ്വന്തം വിശ്വാസത്തിന് സാക്ഷ്യം വഹിക്കുന്നതോടൊപ്പം ഇതരമതങ്ങളിലെ വിശ്വാസസംഹിതകളെ ഉൾക്കൊള്ളാനും പ്രോത്സാഹിപ്പിക്കാനുമുള്ള തുറവിയും ദൈവത്തെയും മനുഷ്യനെയും കുറിച്ചുള്ള ആത്യന്തികമായ സത്യമറിയാനുള്ള കൂട്ടായ പരിശ്രമവും ഇതിലുൾപ്പെടുന്നു (അക്രൈസ്തവമതങ്ങൾ 2, തിരുസഭ 17, പ്രേഷിതപ്രവർത്തനം 11, സഭ ആധുനികലോകത്തിൽ 92).

1984 ൽ പ്രസിദ്ധീകരിച്ച 'ഡയലോഗും പ്രേഷിതപ്രവർത്തനവും' (Dialogue and Mission) എന്ന പ്രബോധനരേഖയിലും മതാന്തര സംവാദത്തെ നിർവചിക്കാനുള്ള ശ്രമം കണ്ടെത്താനാകും. ഇതര വിശ്വാസപാരമ്പര്യങ്ങളിലുള്ള വ്യക്തികളോടും സമൂഹങ്ങളോടും പരസ്പരമുള്ള ധാരണയും പരിപോഷണവും ലക്ഷ്യം വച്ചു നടത്തുന്ന ഭാവാത്മകവും ക്രിയാത്മകവുമായ സകല മതാന്തര ബന്ധങ്ങളും ഈ രേഖപ്രകാരം മതാന്തര സംവാദത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണ് (നമ്പർ 3).

12.2 സംവാദത്തിന്റെ അസ്ഥിവാരങ്ങൾ

മതാന്തര സംഭാഷണത്തിന്റെ ഏറ്റം പ്രധാനപ്പെട്ട അടിസ്ഥാനമായി നിലകൊള്ളുന്നത് ത്രിത്വരഹസ്യമാണ്. പരസ്പര ഐക്യത്തിലും പങ്കുവയ്പ്പിലുമായി കഴിയുന്ന പിതാവും പുത്രനും പരിശുദ്ധാത്മാവുമാകുന്ന പരിശുദ്ധ ത്രിത്വത്തിന്റെ മാതൃക സകല ജനപഥങ്ങളുമായി സംഭാഷണത്തിലേർപ്പെടാനും, തദ്വാരാ സഹകരണവും ഐക്യവും വളർത്താനും സഭയെ നിർബന്ധിക്കുന്നു. (ഡയലോഗും മിഷനും, 22).

സൃഷ്ടിയുടെ രഹസ്യമാണ് മതാന്തര സംഭാഷണത്തിനു നിദാനമായ മറ്റൊരു വസ്തുത. ഉത്പത്തി പുസ്തകത്തിലെ വിവരണമനുസരിച്ച് എല്ലാ മനുഷ്യർക്കും ദൈവികമായ ഉത്ഭവമാണുള്ളത്. ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു (ഉത്പ 1,26-27). ഇക്കാരണത്താൽ സകല മനുഷ്യരും പങ്കുചേരുന്നത് ഒരേ സൃഷ്ടി കർത്താവായ ദൈവത്തിന്റെ പ്രതിഛായയിലാണ്. സൃഷ്ടിയിൽത്തന്നെ ഒരുമിക്കപ്പെട്ട മനുഷ്യസമൂഹവുമായി സ്നേഹസംവാദത്തിന്റെ പാതയാണ് ക്രൈസ്തവർ സ്വീകരിക്കേണ്ടത് (Ad- dress to the Roman Curia, 3).

മനുഷ്യാവതാരം എന്ന മഹാരഹസ്യമാണ് മതാന്തര സംഭാഷണ ശ്രമങ്ങളുടെ മറ്റൊരടിസ്ഥാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രതീകങ്ങളിലൂടെയും പ്രവാചകൻമാരിലൂടെയും മനുഷ്യവംശത്തോടു സംവദിച്ചിരുന്ന ദൈവം കാലത്തിന്റെ പൂർണ്ണതയിൽ തന്റെ പുത്രനിലൂടെ മനുഷ്യവംശവുമായി നവ്യവും സമ്പൂർണ്ണവുമായ സംവാദത്തിലേർപെട്ടു (ഹെബ്രാ 1,1). ദൈവത്തിന്റെ ഈ ആത്മവിനിമയമാണ് മനുഷ്യാവതാരത്തിലൂടെ നാം കാണുന്നത്. പൂർണ്ണദൈവവും പൂർണ്ണമനുഷ്യനുമായ യേശു ദൈവ മനുഷ്യസംവാദത്തിന്റെ മാധ്യമവും ദൃഷ്ടാന്തവുമായിത്തീർന്നു. മനുഷ്യാവതാരത്തിന്റെയും അതിലൂടെ സംഭവിച്ച നവ്യമായ ദൈവ മനുഷ്യ സംവാദത്തിന്റെയും രഹസ്യം മനുഷ്യവംശത്തോടും ലോകത്തോടുമുള്ള ദൈവത്തിന്റെ തീരാത്ത സ്നേഹമാണ് (Guidelines for Inter-Religions Dialogue, 28). ക്രിസ്തുവിൽ മാംസം ധരിച്ച ഈ ദൈവസ്നേഹത്തിന്റെ ഭാവം സാർവത്രികവും സർവാശ്ലേഷിയുമായതിനാൽ സകലകാലഘട്ടങ്ങളിലും സർവജനപഥങ്ങളിലും ഈ സ്നേഹസംവാദം തുടർന്നു കൊണ്ടുപോകാൻ ക്രിസ്തുവിന്റെ തുടർച്ചയായ സഭയ്ക്ക് കടമയുണ്ട്.

മതാന്തരസംഭാഷണത്തിന്റെ മറ്റൊരടിസ്ഥാനമായി നിൽക്കുന്നത് എല്ലാ സൃഷ്ടികളുടെയും ആത്യന്തിക ലക്ഷ്യം ദൈവമാണെന്നും ദൈവത്തിന്റെ രക്ഷാപദ്ധതി സാർവ്വത്രികമാണെന്നുമുള്ള ദൈവശാസ്ത്ര നിഗമനമാണ്. 1986 ൽ അസീസ്സിയിൽ നടന്ന സർവമത സമ്മേളനത്തിന്റെ ആത്മാംശം വ്യക്തമാക്കികൊണ്ട് റോമൻ കാര്യാലയത്തിലെ അംഗങ്ങളോട് ജോൺ പോൾ രണ്ടാമൻ പാപ്പാ നടത്തിയ പ്രസംഗത്തിൽ ദൈവാവിഷ്ക്കാരം (Dei Verbum) എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ രേഖ ഉദ്ധരിച്ചു പറഞ്ഞ വാക്കുകൾ ഇവിടെ പ്രസക്തമാണ്: 'വചനത്തിലൂടെ എല്ലാം സൃഷ്ടിക്കുകയും, നിലനിർത്തുകയും ചെയ്യുന്ന ദൈവം തന്നെകുറിച്ച് മനുഷ്യന് സ്ഥായിയായി സാക്ഷ്യം നൽകുന്നുണ്ട്. മനുഷ്യവർഗത്തെ പരിപാലിക്കുന്നതിൽ അവിടുന്ന് വീഴ്ച വരുത്തുന്നില്ല. സ്വർഗീയരക്ഷ അന്വേഷിച്ച് നിരന്തരം സുകൃതങ്ങൾ ചെയ്തു ജീവിക്കുന്നവർക്ക് നിത്യജീവൻ നൽകാൻ അവിടുന്ന് ആഗ്രഹിക്കുന്നു. വർണ്ണവും, സംസ്കാരവും വിഭിന്നമായിരുന്നാലും, ഭൂമിശാസ്ത്രവും, ചരിത്രപരവുമായ സാഹചര്യങ്ങൾ ഏതായിരുന്നാലും, ഒരേ ആരംഭവും ലക്ഷ്യവുമുള്ള മനുഷ്യവംശത്തിന് ഏകമായ ദൈവികപദ്ധതിയാണുള്ളത്. സൃഷ്ടിയിലും, യേശുവിന്റെ പരിത്രാണത്തിലും ജനപഥങ്ങൾ തമ്മിലുണ്ടായിട്ടുള്ള ഐക്യമാണ് പരമപ്രമാണം. അത് ദൈവികമാണ്. യേശുവഴി ദൈവം മനുഷ്യവംശം മുഴുവനെയും തന്നോട് ഐക്യപ്പെടുത്തിയിട്ടുണ്ട്, അവരിൽ പലരും ഇതിനെപ്പറ്റി ബോധവാൻമാരല്ലെങ്കിലും' (Address to the Roman Curia, nos. 3 & 5). ചുരുക്കത്തിൽ, ഒരേ രക്ഷാകരപദ്ധതിയുമായി സകല മനുഷ്യരും ബന്ധപ്പെട്ടിരിക്കുന്നതിനാൽ സകലരുമായി സഹവർത്തിത്വത്തിലും സംഭാഷണത്തിലുമായിരിക്കേണ്ടത് സഭാദൗത്യമാണ്.

മതാന്തര സംഭാഷണത്തിന് സഭാവിജ്ഞാനീയത്തിൽ നിന്നുടലെടുക്കുന്ന ദർശനങ്ങളും പ്രചോദനമാണ്. സഭ രക്ഷയുടെ കൂദാശയാണ്. ദൈവവുമായും മനുഷ്യകുലം മുഴുവനുമായുള്ള ഐക്യത്തിന്റെ അടയാളവും ഉപകരണവുമാണ് സഭ (തിരുസഭ 11). വിവിധ സംസ്കാരങ്ങളടങ്ങുന്ന മാനവവംശം മുഴുവനും പുതിയ ദൈവജനമാകാൻ വിളിക്കപ്പെട്ടവരാണ് (തിരുസഭ, 13). സഭ അവളുടെ തനിമ കണ്ടെത്തുന്നത് ക്രിസ്തു നിറവേറ്റിയതും, അവളെ ഏൽപിച്ചതുമായ ഐക്യത്തിന്റെയും അനുരഞ്ജനത്തിന്റെയും ദൗത്യം - ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചു കൂട്ടുക (യോഹ 11,52) - ഏറ്റെടുത്ത് നിർവ്വഹിക്കുമ്പോളാണ്. ദൈവരാജ്യത്തിന്റെ വിത്തും ഉപകരണവുമായി നിന്ന് സകല ജനപഥങ്ങളെയും ക്രിസ്തുവിൽ അനുരഞ്ജനപ്പെടുത്തുകയെന്ന സഭാദൗത്യത്തിന്റെ പൂർത്തീകരണത്തിനുള്ള ആദ്യപന്ഥാവാണ് മതാന്തര സമ്പർക്കകല (Address to the Roman Curia,nos. 6 & 9)

12.3 സംവാദത്തിന്റെ വിവിധ രീതികൾ

വ്യത്യസ്തമായ രീതികളും ശൈലികളും മതാന്തര സംവാദത്തിൽ അവലംബിക്കാവുന്നതാണ്. "ഡയലോഗും പ്രഘോഷണവും" എന്ന കൗൺസിലാനന്തര പ്രബോധന രേഖ 42-43 നമ്പറുകളിൽ മതാന്തര സംഭാഷണത്തിന്റെ വ്യത്യസ്ത രീതികളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

(a) ജീവിതം വഴിയുള്ള സംവാദം: ഉത്തമവും ഉദാത്തവുമായ ക്രിസ്തീയ ജീവിതം നയിക്കുന്നതിൽപരം ഫലപ്രദമായ ഒരു സംവാദരീതിയുമില്ലെന്നത് നിസ്തർക്കമാണ്. അനുദിനജീവിതത്തിന്റെ ഇടപെടലിലൂടെ ഇതര മതവിഭാഗങ്ങളുടെ ഇടയിൽ ക്രിസ്ത്യാനികൾക്ക് ഫലപ്രദമായി സംഭാഷണം നടത്താൻ കഴിയും. “മനുഷ്യർ നിങ്ങളുടെ സൽപ്രവൃത്തികൾകണ്ട്‌ സ്വർഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ" (മത്താ 5,16) എന്ന ദൈവ വചനത്തിന്റെ സാരാംശവും മറ്റൊന്നല്ല അർത്ഥമാക്കുന്നത്. ജനനം, വിവാഹം, മരണം എന്നീ ജീവിതത്തിന്റെ സാന്ദ്ര സന്ദർഭങ്ങളിലും ദേശീയവും മതപരവുമായ ആഘോഷാവസരങ്ങളിലും ദേശീയവും മതപരവുമായ ആഘോഷാവസരങ്ങളിലും പരസ്പരം സഹകരിച്ചും സഹായിച്ചും സ്നേഹം കൈമാറിയും കഴിയുമ്പോൾ അതു വലിയ മതസൗഹാർദ്ദ ശുശ്രൂഷയായിത്തീരുന്നു.

(b) പ്രവർത്തനം മുഖേനയുള്ള സംവാദം: ദൈവരാജ്യത്തിന്റെ നിർമ്മിതിയിൽ ആത്മാവിനോടു സഹകരിക്കുക എന്നതാണല്ലോ ഭൂമിയിൽ സഭയുടെ ദൗത്യം. ദൈവരാജ്യമെന്നത് കേവലം ഒരു ആത്മീയ പ്രതിഭാസമായി മാത്രം കാണാനാവില്ല. സകലവിധ ബന്ധനങ്ങളിൽ നിന്നുമുള്ള മോചനം ഇത് ആവശ്യപ്പെടുന്നുണ്ട്. മനുഷ്യരെ ദൈവരാജ്യ അനുഭവത്തിൽനിന്നു തടയുന്ന സാമൂഹിക, സാംസ്കാരിക, മത, വൈതരണികൾ ഓരോ കാലഘട്ടത്തിലും നിരവധിയാണ്. ഇവയിൽനിന്ന് മനുഷ്യരെ മോചിപ്പിക്കാനുള്ള പരിശ്രമങ്ങളിൽ സഭയ്ക്ക് ഇതര മതവിശ്വാസികളുമായി സഹകരിച്ച് പ്രവർത്തിക്കാനാകും. ഉദാഹരണമായി വിദ്യാഭ്യാസം, ആരോഗ്യസേവനം, തൊഴിൽ, വികസനം, തുടങ്ങിയവ. ഇങ്ങനെ മനുഷ്യവംശത്തിന്റെ സമഗ്ര വിമോചനത്തിനും വികസനത്തിനുമായി ഇതര മതവിശ്വാസികളുമായി ചേർന്നു പ്രവർത്തിക്കുന്നതിനെയാണ് പ്രവർത്തനം വഴിയുള്ള സംവാദംകൊണ്ട് അർത്ഥമാക്കുന്നത്.

(c) മതാനുഭവത്തിന്റെ സംവാദം: വ്യക്തികൾ സ്വന്തം മതപാരമ്പര്യങ്ങളിൽ വേരുറച്ച് നിന്നുകൊണ്ട് തങ്ങളുടെ ആദ്ധ്യാത്മിക സമ്പന്നതകൾ പങ്കുവയ്ക്കുകയാണിവിടെ. ഉദാഹരണമായി പ്രാർത്ഥന, ധ്യാനം തുടങ്ങിയ ആത്മീയചര്യകളെക്കുറിച്ച് വിശ്വാസികൾ താന്താങ്ങളുടെ തനിമയാർന്ന പന്ഥാവുകൾ വിവരിക്കുമ്പോൾ ഈശ്വരാന്വേഷണത്തിൽ നവീനമായ രൂപങ്ങൾ ഉടലെടുക്കുന്നു.

(d) ദൈവശാസ്ത്രപരമായ ആശയവിനിമയം: യഥാർത്ഥത്തിൽ സംവാദം എന്നവാക്കുകൊണ്ട് ഭൂരിപക്ഷംപേരും വിവക്ഷിക്കുന്നത് ഇത്തരത്തിലുള്ള ആശയപരമായ ചർച്ചയാണ്. എന്നാൽ ഡയലോഗിന്റെ ഒരു അംശം മാത്രമാണ് സംവാദം. ഇതു നടത്തുന്നവരാകട്ടെ, സ്വന്തം മതപാരമ്പര്യങ്ങളെക്കുറിച്ചും, ആദ്ധ്യാത്മികതയെക്കുറിച്ചും ആഴമായ അവഗാഹമുള്ളവരുമായിരിക്കണം. ഇതിലൂടെ പരസ്പരമുള്ള കീഴടക്കലല്ല, മറിച്ച് മനസിലാക്കലും വളർത്തലുമാണ് സംജാതമാകേണ്ടത്.

മുകളിൽ വിവരിച്ച മതാന്തര സംവാദരീതികളെല്ലാം ഒരു പോലെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. കാരണം അവ പരസ്പരബന്ധിതവും പ്രാധാന്യമുള്ളതുമാണെന്നതുതന്നെ. സംവാദം ദൈവശാസ്ത്രപരമായ ആശയവിനിമയം മാത്രമാക്കി ചുരുക്കിയാൽ അത് സംഘർഷത്തിലേക്ക് വഴിതെളിക്കാനേ സാധ്യതയുള്ളൂ. അനുദിനജീവിതത്തിലെ നിരന്തര സമ്പർക്കങ്ങളും വിമോചന പ്രവർത്തനത്തിനുള്ള പൊതുസമർപ്പണങ്ങളും വ്യക്തികളെയും സമൂഹങ്ങളെയും പരസ്പരം അടുപ്പിക്കുന്നതാണ്. മതാനുഭവത്തിന്റെ തലത്തിലുള്ള പങ്കുവയ്ക്കൽ ദൈവശാസ്ത്രപരമായ ചർച്ചകൾക്ക് ജീവൻ നൽകാൻ കഴിയുന്നതുമാണ്. ഇങ്ങനെ വ്യത്യസ്ത സംവാദരൂപങ്ങളെല്ലാം പ്രസക്തവും പരസ്പരബന്ധിതവുമാണ്.

12.4 സംഭാഷണത്തിനാവശ്യമായ കാര്യങ്ങൾ

(a) സംഭാഷണത്തിനുള്ള ഒരുക്കം: മതാന്തര സംഭാഷണം ഒരുക്കം ആവശ്യപ്പെടുന്നുണ്ട്: ആന്തരികവും ബാഹ്യവുമായ ഒരുക്കം. ആന്തരികമായ ഒരുക്കം എന്നതുകൊണ്ട് സ്വന്തം മതത്തെയും ഇതരമതങ്ങളെയും കുറിച്ചുള്ള അറിവ് സമ്പാദിക്കുന്നത്, പരസ്പര ധാരണയുടെയും വ്യത്യാസങ്ങളുടെയും തലങ്ങൾ മനസിലാക്കുന്നത്, പ്രാർത്ഥന എന്നിവയാണ് അർത്ഥമാക്കുന്നത്. ബാഹ്യമായ ഒരുക്കമാകട്ടെ, സംവാദത്തിൽ പങ്കുചേരുന്നവരുടെ പ്രകൃതത്തെയും അഭിരുചികളെയും കുറിച്ചുള്ള അവഗാഹവും തദനുസൃതമായ ക്രമീകരണങ്ങളുമാണ് വിവക്ഷിക്കുന്നത്.

(b) സന്തുലിതമായ മനസ്സ്: വൈകാരിക പക്വതയുള്ള മനസ് സംവാദത്തിന്റെ ഫലപ്രാപ്തിക്ക് ആവശ്യമാണ്. അമിതമായ ആർജ്ജവമോ മിതമല്ലാത്ത വിമർശന മനോഭാവമോ സംവാദത്തെ സഹായിക്കില്ല. മറിച്ച് തുറന്ന മനോഭാവവും സ്വീകരണക്ഷമതയും, നിസ്വാർത്ഥതയും, നിഷ്പക്ഷതയുമാണ് ഇവിടെ നിർണായക മാനസിക ഭാവങ്ങളാകുന്നത്. കൂടാതെ, സത്യത്തിനുവേണ്ടി ഒരുമിച്ചു പ്രവർത്തിക്കാനുള്ള മനസ്സും പരസ്പര സമ്പർക്കംവഴി പരിവർത്തന വിധേയമാകാനുള്ള സന്നദ്ധതയും, സന്തുലിതമായ സംവാദ നിലപാടിന് ആവശ്യമാണ്.

(c) മതപരമായ അവബോധം: സംവാദശ്രമങ്ങളുടെ വിജയത്തിന് ആവശ്യമായത് ആഴമായ മതാത്മകതയാണ്. ഓരോ വ്യക്തിയും തന്റെ വിശ്വാസബോധ്യങ്ങളെ പണയം വച്ചായിരിക്കരുത് സംവാദത്തിലേക്കു പ്രവേശിക്കുന്നത്. അവസരവാദപരമായ ഒത്തുതീർപ്പിലൂടെയുള്ള ഐക്യശ്രമങ്ങൾ ആരോഗ്യകരമായിരിക്കുകയില്ല. മതവൈവിധ്യത്തെ ആദരിക്കാത്ത ഈ സമീപനം മതാന്തരസംഭാഷണകലയെ അപ്രസക്തമാക്കുന്നു.

(d) തുല്യത അംഗീകരിക്കുന്ന മനോഭാവം: ഓരോ വ്യക്തിക്കും അവന്റേതായ തനിമ ഉണ്ടെങ്കിലും മനുഷ്യമഹത്വത്തിന്റെ തലത്തിൽ എല്ലാവരും തുല്യരാണ്. സംവാദത്തിൽ പങ്കെടുക്കുന്നവർക്ക് തുല്യമായ മാന്യത കൽപിക്കപ്പെട്ടില്ലെങ്കിൽ ആരോഗ്യകരമായ സംവാദം സാധ്യമല്ല.

(e) സത്യത്തോടുള്ള തുറവി: സത്യത്തോടുള്ള തുറവി മതാന്തര സംഭാഷണത്തിന് അനിവാര്യമാണ്. ക്രൈസ്തവർക്കു യേശുക്രിസ്തുവിൽ സത്യത്തിന്റെ പൂർണത ലഭിച്ചിട്ടുണ്ട്ങ്കിലും അവർ സത്യത്തെ പൂർണമായി ഗ്രഹിച്ചു എന്നു പറയാനാവില്ല. നമുക്കു കയ്യടക്കാവുന്ന ഒന്നല്ല ദൈവം. ഇത് തങ്ങളിൽ അടിയുറച്ചിരിക്കുന്ന മുൻവിധികൾ ഉപേക്ഷിക്കുന്നതിനും, മുൻധാരണകൾ പരിഷ്കരിക്കുന്നതിനും സ്വന്തം വിശ്വാസത്തെക്കുറിച്ചുള്ള ധാരണ നവീകരിക്കുന്നതിനും സഹായിക്കുന്നു.

(f) ആത്മവിമർശനത്തിനുള്ള സന്നദ്ധത: ഇതരവിശ്വാസികളുടെ നിരീക്ഷണങ്ങളുടെയടിസ്ഥാനത്തിൽ ആത്മവിമർശനത്തിലൂടെ സ്വന്തം മതസമൂഹത്തിന്റെ കുറവുകൾ തിരിച്ചറിയാനും മാറ്റങ്ങൾ വരുത്താനും തയ്യാറാകുന്നതിലാണ് സംവാദത്തിന്റെ ഫലപ്രാപ്തി.

(g) പ്രത്യാശാനിർഭരമായ മനസ്: മതാന്തര സംഭാഷണങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് പ്രതീക്ഷനിറഞ്ഞ മനോഭാവം ആവശ്യമാണ്. നിരാശനിറഞ്ഞ മനസ്സോടെയാകരുത് സംവാദ ശ്രമങ്ങൾ നടത്തുന്നത് (Guidelines for Inter-religious Dialogue, nos: 40-56; Dialogue and Proclamation, nos: 47-50).

12.5 മതാന്തരസംഭാഷണത്തിന്റെ ഫലങ്ങൾ

“ഡയലോഗും പ്രേഷിതപ്രവർത്തനവും" (1984) എന്ന പ്രബോധനരേഖ ക്രൈസ്തവർക്കുമുമ്പിൽ സംവാദത്തിന്റെ സമ്പന്നമായ ഫലങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്: 'യേശുക്രിസ്തുവിലൂടെ പരിശുദ്ധാത്മാവിൽ ലോകത്തിനും മനുഷ്യവർഗം മുഴുവനിലും പൂർത്തിയാക്കിയതും തുടർന്നുകൊണ്ടിരിക്കുന്നതുമായ പ്രവർത്തനങ്ങളെല്ലാം അവർ വിസ്മയപൂർവം കണ്ടെത്തും: വിശ്വാസത്തെ ആഴപ്പെടുത്തും. ക്രിസ്തുവിന്റെ അനന്യതയെക്കുറിച്ച് കൂടുതൽ അവഗാഹമുള്ളവരായിത്തീരാൻ സംവാദം സഹായിക്കും. ഒപ്പം ക്രൈസ്തവ സന്ദേശത്തിന്റെ വ്യതിരിക്തങ്ങളായ ഘടകങ്ങളെ കൂടുതൽ വ്യക്തമായി കാണുകയും ചെയ്യും. സഭയുടെ ദൃശ്യമായ സീമകൾക്കപ്പുറമുള്ള യേശുക്രിസ്തുവിന്റെ സജീവ പ്രവർത്തനത്തിന്റെ രഹസ്യം കണ്ടെത്തുമ്പോൾ അവരുടെ വിശ്വാസം പുതിയ മാനങ്ങൾ കൈവരിക്കും' (നമ്പർ 21-27).

1986 ഫെബ്രുവരി 5 ന് മദ്രാസിൽ വച്ച് വിവിധ മതനേതാക്കളോടു നടത്തിയ പ്രഭാഷണത്തിൽ ജോൺ പോൾ രണ്ടാമൻ പാപ്പാ ഇന്ത്യയുടേതുപോലെ വൈവിധ്യതയുള്ള നാട്ടിൽ മതാന്തരസംവാദത്തിന്റെ പ്രസക്തി എടുത്തുപറയുന്നതോടൊപ്പം സംവാദത്തിന്റെ സമ്പന്നമായ ഫലങ്ങൾ അവതരിപ്പിച്ചത് ഇവിടെ പ്രസക്തമാണ് (നമ്പർ 4).

(1) മതാന്തര സംവാദം മതങ്ങൾ തമ്മിലുള്ള മുൻവിധികളെയും തെറ്റിദ്ധാരണകളെയും അകറ്റുന്നു.

(2) വിശ്വാസികൾ തമ്മിലുള്ള ആദരവും ഐക്യവും വർദ്ധിക്കുന്നതിനും ആഴപ്പെടുന്നതിനും സഹായകരമാണ്.

(3) ആരോഗ്യകരമായ സംഭാഷണങ്ങളിലൂടെ മനുഷ്യന്റെ ദു:ഖങ്ങളും ദുരിതങ്ങളും പരിഹരിക്കുന്നതിനുള്ള ധൈര്യവും കൂട്ടായ്മയും വർദ്ധിക്കും. മതസ്വാതന്ത്ര്യം, മനുഷ്യസാഹോദര്യം, വിദ്യാഭ്യാസം, സാമൂഹിക സേവനം, ക്രമസമാധാനം എന്നീ തലങ്ങളിൽ സംഘാതമായി പ്രവർത്തിക്കുന്നതിലൂടെ രാഷ്ട്ര നിർമ്മാണത്തിലേക്ക് വിലപ്പെട്ട സംഭാവനകൾ നൽകാനാകും.

(4) സ്വതന്ത്രമായും ആദരവോടും കൂടി നടത്തുന്ന ചർച്ചകൾ സത്യം അന്വേഷിക്കുന്നതിനും അറിഞ്ഞ സത്യത്തെ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനും കാര്യക്ഷമമായ വേദികൾ സൃഷ്ടിക്കും.

(5) ജനതകൾ തമ്മിൽ ഐക്യമുണ്ടാകുന്നതുപോലെ ഈശ്വരനുമായി ഒന്നിപ്പിക്കുന്നതാണ് മതാന്തരമൈത്രീപ്രവർത്തനങ്ങൾ. സഹോദരങ്ങളുമായി സ്വരുമയും സ്നേഹവുമുണ്ടാകുമ്പോൾ സ്വാഭാവികമായും ദൈവത്തോട് കൂടുതൽ അടുക്കുകയാണല്ലോ ചെയ്യുന്നത്.

12.6 സംഭാഷണം നേരിടുന്ന വെല്ലുവിളികൾ

മതാന്തര സംഭാഷണ മേഖലയിലുള്ള പ്രവർത്തനങ്ങൾക്കു നേരെയുള്ള വെല്ലുവിളികൾ ഉയരുന്നത് പ്രധാനമായും അക്രൈസ്തവരിൽ നിന്നും അതുപോലെ സഭയ്ക്കുള്ളിലെ അടഞ്ഞ മനസ്ഥിതിയുള്ളവരിൽ നിന്നുമാണ്.

(a) അക്രൈസ്തവ മനോഭാവം: കത്തോലിക്കാസഭയുടെ മതാന്തര സംഭാഷണ സംരംഭങ്ങളോട് ഔത്സുക്യജനകമായ പ്രതികരണം അന്യമതസ്ഥരിൽ നിന്ന് ലഭിക്കുന്നില്ലെന്നതാണ് മുഖ്യപ്രശ്നം. തങ്ങൾ സത്യത്തെ അറിഞ്ഞവരാണെന്നും, രക്ഷയ്ക്കാവശ്യമായവയെല്ലാം തങ്ങളിൽ നിക്ഷിപ്തമാണെന്നും, ഹിന്ദുക്കളും മുസ്ലീംങ്ങളും കരുതുന്നതിനാൽ ക്രൈസ്തവരോടൊത്ത് ഈശ്വരാന്വേഷണത്തിൽ മുഴുകേണ്ടതിന്റെ ആവശ്യകത അവർക്കു തോന്നുന്നില്ല. എങ്കിലും ക്രൈസ്തവർ മുൻകൈ എടുക്കുമ്പോൾ മതാന്തര സംഭാഷണ സെമിനാറുകളിലും, റാലികളിലും, പ്രാർത്ഥനായജ്ഞങ്ങളിലും സഹകരിക്കുന്നവർ ഏറെയുണ്ട്. ഇപ്രകാരം ക്രൈസ്തവ സംവാദ ശ്രമങ്ങളോട് തണുത്തതും നിഷ്ക്രിയവുമായ മനോഭാവം പുലർത്തുന്നതിന്റെ പ്രധാന കാരണം ഈ പരിശ്രമങ്ങളുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് ഇതരമതസ്ഥർ സംശയിക്കുന്നതാകാം.

വിവിധമതങ്ങളോടു ചേർന്ന് സത്യാന്വേഷണത്തിലേർപ്പെടാൻ മാത്രം ദൈവശാസ്ത്രപരമായ തുറവി ക്രൈസ്തവർക്കുണ്ടെന്ന് അന്യമതസ്ഥരിൽ പലരും പ്രത്യേകിച്ച് ഹിന്ദുത്വബുദ്ധി ജീവികൾ കരുതുന്നില്ല. ഡി. എൻ. മിശ്ര പറയുന്നു: “ഒരു ദൈവത്തെയും ഗ്രന്ഥത്തെയും കേന്ദ്രീകരിച്ചാണ് ക്രിസ്തുമതം നിലനിൽക്കുന്നത്. ഒരു പ്രവാചകനിലും ഗ്രന്ഥത്തിലുമുള്ള വിശ്വാസം കൃത്യവും നിയതവുമായ നിയമങ്ങൾക്ക് കാരണമാകുന്നു. നിയമങ്ങൾ കൂടുന്തോറും മതവിശ്വാസം കൂടുതൽ കൂടുതൽ മൗലികമായിത്തീരും" (D.N. Mishra, The R.S.S. Myth and Reality, pp. 123- 124).

ഇതരമതങ്ങളെ സ്വാഭാവികമതങ്ങളായിട്ടും ക്രിസ്തുമതത്തെ അതിസ്വാഭാവിക മതമായിട്ടുമാണ് ഇന്നും സഭയിലെ ഔദ്യോഗിക പക്ഷം കരുതുന്നത് എന്നാണ് രാം സ്വരൂപിനെപ്പോലെയുള്ള ചിന്തകർ പറയുന്നത്. അക്രൈസ്തവർ രക്ഷപ്രാപിക്കുന്നത് ക്രിസ്തുവിനാലാണെന്നാണ് കത്തോലിക്കാ പ്രബോധനങ്ങൾ തെളിയിക്കുന്നത് (R. Swarup: Hinduism Vis-a Vis Christianity and Islamm. pp. 47-52). “ക്രൈസ്തവേതര മതങ്ങളും രക്ഷയ്ക്കുള്ള തുല്യപാതകളാണെന്ന് അംഗീകരിക്കുകയും മതപരിവർത്തന ശ്രമങ്ങൾ അവസാനിപ്പിക്കുകയും ചെയ്യാതെ ക്രൈസ്തവരുമായി സൗഹാർദ്ദപരമായ സഹവർത്തിത്വം ബുദ്ധിമുട്ടാണെന്ന് ക്രൈസ്തവ പ്രബോധനങ്ങൾ അപഗ്രഥിച്ചശേഷം" അരുൺ ഷുറി അഭിപ്രായപ്പെടുന്നു (A. Shourie, Missionaries in India, pp. 214. 230).

സംവാദത്തിന്റെ ഭാഗമായ ഭാരതീയവൽക്കരണശ്രമങ്ങൾ മത പരിവർത്തനത്തിന് മറയിടാനും സ്വദേശിബോധം വർദ്ധിക്കുന്ന ഇക്കാലത്ത് മുഖം രക്ഷിക്കാനുമുള്ള തന്ത്രങ്ങളാണെന്നാണ് 'സീതാറാം ഗോയേലിന്റെ' പക്ഷം. അദ്ദേഹം പറയുന്നു: 'ക്രൈസ്തവ മിഷനറിമാർ ഇന്ന് ആരംഭിക്കുന്ന ഭാരതീയവൽക്കരണ ശ്രമങ്ങൾ ഹൈന്ദവ സംസ്കാരത്തോട് അവർക്കുണ്ടായിരുന്ന മനോഭാവത്തിന്റെ മാറ്റമല്ല വെളിവാക്കുന്നത്. മിഷൻ പ്രവർത്തനത്തിന്റെ പുതിയ രൂപമാണത്. തങ്ങൾ ദേശഭക്തിയുള്ളവരാണെന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണ് അവർ ഭാരതീയ സാംസ്കാരികാനുരൂപണ ശ്രമങ്ങളിൽ ഏർപ്പെടുന്നത്' (S.R. Goel, Catholic Ashrams: Adopting and Adapting Hindu Dharma, pp. x-xv, xxiii, xxxix). ഇങ്ങനെ സഭയുടെ മതാന്തര സംഭാഷണത്തിന്റെ ആത്മാർത്ഥതയെ സംശയിക്കുന്ന ഒരു ഭൂരിപക്ഷ അക്രൈസ്തവ സമൂഹത്തിന്റെ മുൻപാകെ സംവാദ സംരംഭങ്ങൾ തുടരുകയെന്ന വെല്ലുവിളിയാണ് ഒന്നാമതായി സഭ നേരിടുന്നത്.

(b) സഭയ്ക്കുള്ളിലെ വിമതസ്വരം: അന്യമതസ്ഥരിൽ നിന്നുള്ളതുപോലെ മതസൗഹാർദ്ദ പ്രേഷിതത്വത്തിനെതിരെ ക്രൈസ്തവ പക്ഷത്തെ ഇടുങ്ങിയ ചിന്താഗതിക്കാരിൽ നിന്നും മുറുമുറുപ്പുകൾ ഉണ്ടാകുന്നുണ്ട്. മതാന്തര സംഭാഷണ ശുശ്രൂഷ ക്രിസ്തുമതത്തിന്റെ അടിസ്ഥാന പ്രമാണമായ 'ഏക ലോകരക്ഷകൻ” എന്ന വിശ്വാസവുമായി പൊരുത്തപ്പെടുന്നില്ലെന്നതാണ് ഇവരുടെ അഭിപ്രായം. "ക്രിസ്തുവല്ലാതെ മറ്റൊരു നാമമില്ല". (അപ്പ 4,12) "എല്ലാവർക്കും മദ്ധ്യസ്ഥനായി യേശുക്രിസ്തു മാത്രമേയുള്ളൂ” (1 തിമോ 2,5) തുടങ്ങിയ വചനങ്ങൾ ക്രിസ്തുവിന്റെ അനന്യതയുടെ തെളിവായി അവർ എടുത്തുകാട്ടുന്നു. ക്രിസ്തുവിൽ മാത്രമാണ് രക്ഷയെങ്കിൽ, ആ രക്ഷകന്റെ സഭയാണ് കത്തോലിക്കാ സഭയെങ്കിൽ പിന്നെന്തിന് ഇതര മതങ്ങളിലുള്ള പുണ്യപുരുഷൻമാരെപ്പറ്റിയും, അന്യമതങ്ങളിലെ ആചാരങ്ങളെക്കുറിച്ചും അറിയാൻ ക്രൈസ്തവർ തത്രപ്പെടണം? അവരുമായുള്ള സഹവാസവും സഹവർത്തിത്വവും സത്യവിശ്വാസത്തിൽമായം ചേർക്കുന്ന സാഹചര്യം സൃഷ്ടിക്കില്ലേ? എന്നെല്ലാമാണ് അവർ ഉന്നയിക്കുന്ന ചോദ്യങ്ങൾ.

മതാന്തര സൗഹാർദ്ദ വേദികൾ വിവിധ മതങ്ങളുടെ പ്രാർത്ഥനാരീതികളിൽ പങ്കുകൊള്ളാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നു എന്നതും ചില ക്രൈസ്തവരിൽ അതൃപ്തി ഉളവാക്കുന്നുണ്ട്. വിഗ്രഹാർപ്പിത ഭക്ഷണം കഴിക്കുന്നതിനെ ചൊല്ലി പൗലോസ് ശ്ലീഹ നൽകുന്ന ഉപദേശങ്ങളുടെ (1കോറി 8,1-13) ഭാഗികമായ വ്യാഖ്യാനങ്ങളാണിവിടെ പ്രശ്നം സൃഷ്ടിക്കുന്നത്. വിഗ്രഹങ്ങൾക്കർപ്പിച്ച ഭക്ഷണം വിഗ്രഹാരാധകരുടെ മനോഭാവത്തോടെ ഭക്ഷിക്കുന്നതാണ് തെറ്റെന്നും, ഭക്ഷണം അതിൽത്തന്നെ നമ്മെ യോഗ്യരോ അയോഗ്യരോ ആക്കുന്നില്ല എന്നും ബലഹീനർക്ക് ഇടർച്ചക്ക് കാരണമാകാതിരിക്കുക എന്നതാണ് പ്രധാനമെന്നും മുൻ അദ്ധ്യായത്തിൽ കണ്ടല്ലോ. ഇതിന്റെ ആദ്യ ഭാഗത്തെ അവഗണിച്ചുകൊണ്ടുള്ള പ്രസ്താവനകളാണ് ചില ധ്യാനസെന്ററുകളിലൂടെ സാധാരണ ജനങ്ങളിലേക്കെത്തുന്നത്. തത്ഫലമായി ഇതരമതങ്ങളിലെ ആത്മീയാചാര്യന്മാർ സാത്താന്റെ അവതാരങ്ങളാണെന്നും, അക്രൈസ്തവരുടെ വി.ഗ്രന്ഥങ്ങളും പ്രാർത്ഥനാവിധികളും, പൈശാചികങ്ങളാണെന്നും, നിലവിളക്ക് കൊളുത്തുന്നതും, ആയുർവേദചികിൽസ നടത്തുന്നതും ആന്തൂറിയം തുളസിപോലുള്ള ചെടികൾ പൂന്തോട്ടത്തിൽ വളർന്നതും ക്രിസ്ത്യാനിക്ക് ഭൂക്ഷണമല്ലെന്നും ഇവർ വാദിക്കുന്നു.

മതസംവാദ ശ്രമങ്ങളെക്കുറിച്ചുള്ള മറ്റൊരു ആശങ്ക അത് സഭയുടെ വ്യതിരിക്തത നഷ്ടമാക്കുമോ എന്നതാണ്. സംവാദം ആത്മാർത്ഥമാകണമെങ്കിൽ ക്രിസ്തീയ വിശ്വാസത്തിനും പ്രബോധനങ്ങൾക്കും അപ്രമാദിത്വം അവകാശപ്പെടാനാവില്ല. വെളിപാടിനെ സംബന്ധിച്ചുള്ള ഇടുങ്ങിയ ധാരണകൾക്ക് പുറത്തു കടന്നാലേ സംവാദത്തിൽ ഇതര മതസ്ഥർക്കും അർഹമായ സ്ഥാനമുണ്ടാകൂ. പക്ഷെ ക്രിസ്തുവിന്റെ തുടർച്ചയായ സഭയ്ക്ക് അനേകം മതങ്ങളിലൊന്നായി സ്വയം ചെറുതാകാനാകുമോ? ദൃശ്യസഭയിൽ അംഗങ്ങളല്ലാത്തവരെല്ലാം നശിച്ചു പോകുമെന്ന് ഇന്നു സഭ പറയുന്നില്ലെങ്കിലും ലോകരക്ഷയിൽ അവൾക്ക് നിർണായകമായ ഒരു സ്ഥാനമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സഭ രക്ഷയുടെ കൂദാശയാണെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പറയുന്നു (തിരുസഭ 48). രക്ഷപ്രാപിക്കുന്നവർ സഭയുടെ ഔദ്യോഗിക അംഗങ്ങളായിട്ടില്ലെങ്കിലും രഹസ്യാത്മകമായി തിരുസഭയുമായി ബന്ധത്തിലാണെന്നതാണ് സഭാപഠനം (രക്ഷകന്റെ മിഷൻ, 10). അതിനാൽ ലോകമതങ്ങളുടെ ഇടയിൽ സഭയ്ക്ക് പ്രത്യേകമായ പദവിയുണ്ടാകണമെന്ന് പല ദൈവശാസ്ത്രജ്ഞന്മാരും വിശ്വാസികളുടെ വൻഗണവും കരുതുന്നു. എന്നാൽ ഈ മനോഭാവം ഇതരമതവിശ്വാസികൾ അംഗീകരിക്കാൻ ഇടയില്ല. ഈ സാഹചര്യത്തിൽ മതാന്തര സംഭാഷണങ്ങളോട് അകലം സൂക്ഷിക്കാനാണ് ഇവർ ഇഷ്ടപ്പെടുന്നത്.

സംവാദത്തോട് മമതയില്ലാത്തതിനു മറ്റൊരു കാരണം അത് സഭയുടെ മിഷൻ തീക്ഷ്ണതയെ മന്ദീഭവിപ്പിക്കും എന്നുള്ള കാഴ്ചപ്പാടാണ്, സംവാദവും സുവിശേഷപ്രഘോഷണവും പരസ്പര വിരുദ്ധങ്ങളായാണ് പലരും മനസിലാക്കുന്നത് എന്ന അമലദോസിന്റെ നിരീക്ഷണം ശരിയാണ് (M. Amaladoss, Religious Pluralism and Mission, A Vision of Mission in the New Millennium, p. 63). സംവാദവും സുവിശേഷപ്രഘോഷണവും പരസ്പരപൂരകങ്ങളാണന്നതാണ് സത്യം. മതാന്തര സംഭാഷണം സുവിശേഷത്തിന് സാക്ഷിയാകാനുള്ള ക്രൈസ്തവന്റെ അസ്തിത്വപരമായ ദൗത്യത്തിന് പകരം നിർത്താവുന്നതല്ല എന്ന് ജോൺ പോൾ രണ്ടാമൻ പാപ്പാ 'ഏഷ്യയിലെ സഭ' എന്ന പ്രമാണരേഖയിൽ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്: യേശു ക്രിസ്തുവിനെപ്പറ്റി അക്രൈസ്തവരോട് പ്രഘോഷിക്കുന്നതിൽ നിന്നു മാറിനിൽക്കാനുള്ള ക്ഷണമല്ല ഇതരമതങ്ങളോടുള്ള ആദരവും ബഹുമാനവും സഹവർത്തിത്വവും കൊണ്ട് അർത്ഥമാക്കുന്നത് (ഏഷ്യയിലെ സഭ 20).

ഉപസംഹാരം

ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ ഇതരമത സംഭാഷണത്തിന് വ്യക്തമായ ഒരിടമുണ്ട്. കാരണം നാം ജീവിക്കുന്നതു തന്നെ ഒരു സംഭാഷണത്തിന്റെ യുഗത്തിലാണ്. അതിലുപരി നാം പ്രഘോഷിക്കുന്നത് നിരന്തരം സ്നേഹ സംവാദത്തിനൊരുങ്ങുന്ന ഒരു ദൈവത്തെയാണ്. ഈ അടിസ്ഥാന വിശ്വാസം പ്രതികൂല സാഹചര്യങ്ങളിലും സംഭാഷണശ്രമങ്ങളുമായി മുന്നോട്ടു പോകാൻ നമ്മെ നിർബന്ധിക്കുന്നു. സ്വന്തം വ്യതിരിക്തത അംഗീകരിക്കുമ്പോഴും എല്ലാ ജനപഥങ്ങളെയും ഉൾക്കൊള്ളുന്ന ദൈവരാജ്യ സങ്കൽപ്പമാണ് സഭയ്ക്കുള്ളത്. ഇതര മതങ്ങളോടൊപ്പം സ്വർഗ പിതാവിലേക്ക് തീർത്ഥാടനം ചെയ്യുന്നത് പ്രേഷിതപ്രവർത്തനമായി തിരിച്ചറിയുന്ന സഭയ്ക്ക് അവയുടെ ആചാരാനുഷ്ഠാനങ്ങളിൽ നിന്ന് തള്ളേണ്ടത് തള്ളിയും സ്വീകരിക്കേണ്ടത് സ്വീകരിച്ചും മുന്നേറാനാകും.

രണ്ടാം വത്തിക്കാൻ കൗൺസിലിന് മുൻപുള്ള കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ ബഹുതയോടുള്ള സഭയുടെ ഇന്നത്തെ നിലപാട് ശുഭകരമാണെങ്കിലും ഇപ്പോഴും ക്രിസ്തുവിനാണ് സഭ മുൻതൂക്കം നൽകുന്നതെന്ന് അന്യമതസ്ഥരും സഭയിലെ പുരോഗമന വാദികളും പറഞ്ഞേക്കാം. ഇത് ഒഴിവാക്കാനാകാത്ത ഒരു വിമർശനമാണ്. എല്ലാ മതങ്ങളും ഒന്നുപോലെയാണെങ്കിൽ മതവൈവിധ്യത്തിനും മതാന്തരസംവാദത്തിനും പ്രസക്തിയില്ലല്ലോ. ഓരോരുത്തനും തന്റെ മതം തിരഞ്ഞെടുക്കുന്നതും അതിൽ നിലനിൽക്കുന്നതും അത് ശ്രേഷ്ഠമാണെന്ന് ബോധ്യമുള്ളതിനാലാണല്ലോ. ഈ വിശ്വാസം ഒരിക്കലും സംവാദത്തിന് എതിരില്ല. മറിച്ച് സംവാദത്തെ സമ്പുഷ്ടമാക്കുന്നതാണ്.

താൻ വിശ്വസിക്കുന്ന ദൈവവും, മതവും ശ്രേഷ്ഠമാണെന്ന് കരുതുമ്പോഴും ഇതരമതങ്ങളെ ബഹുമാനിക്കാനും, അന്യമതസ്ഥരെ ദൈവമക്കളായി പരിഗണിക്കാനുമുള്ള ഒരു സംസ്കാരമാണ് ഇന്ന് ലോകത്തിൽ വളർന്നുവരണ്ടത്. അതിന് സഹായകരമായ തുറന്ന മനോഭാവമാണ് രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം സഭയിൽ ഉണ്ടായിട്ടുള്ളത്. 2005 ഏപ്രിൽ 20 ന് പാപ്പ ആയതിന്റെ പിറ്റേന്ന് അർപ്പിച്ച കുർബാന മദ്ധ്യേ ബെനഡിക്റ്റ് 16-ാമൻ നടത്തിയ പ്രഖ്യാപനം ആ വിശാലസമീപനം തുടരുമെന്നതിന്റെ സൂചനയാണ്.

ബഹുതയും മതാന്തര സംവാദവും സംവാദത്തിന്റെ അസ്ഥിവാരങ്ങൾ ഡയലോഗും മിഷനും ജീവിതം വഴിയുള്ള സംവാദം Guidelines for Inter-Religions Dialogue മത സംവാദത്തിന്റെ വിവിധ രീതികൾ മത സംഭാഷണത്തിനാവശ്യമായ കാര്യങ്ങൾ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message