We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 10-Sep-2020
ആധ്യാത്മിക മേഖലയില്‍ അടുത്തകാലത്തു ദൃശ്യമായിത്തുടങ്ങിയ ചില നൂതന പ്രവണതകള്‍ കത്തോലിക്കാ വിശ്വാസികളുടെയിടയില്‍ ചില തെറ്റിദ്ധാരണകള്‍ക്കു നിമിത്തമാകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
1. കത്തോലിക്കാ ആധ്യാത്മികത സ്വഭാവത്താല്‍തന്നെ കൗദാശിക ആധ്യാത്മികതയെ ലക്ഷ്യമാക്കിയുള്ളതാണ്. നമ്മുടെ കര്‍ത്താവിന്‍റെ കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും മനുഷ്യകുലത്തിനു കരഗതമായ രക്ഷയെ ദേശകാലങ്ങള്‍ക്കതീതമായി സംലഭ്യമാക്കുന്നതിനായി കര്‍ത്താവുതന്നെ സ്ഥാപിച്ചതാണ് സഭയിലെ ഏഴു കൂദാശകള്‍. മറ്റെല്ലാ പ്രാര്‍ത്ഥനകളും ശുശ്രൂഷകളും കൂദാശാനുകരണങ്ങളും ആത്യന്തികമായി വിശ്വാസിയെ സഭയുടെ കൗദാശിക ആധ്യാത്മികതയിലേക്കു നയിക്കേണ്ടവയാണ്. തന്മൂലം കൗദാശിക ആധ്യാത്മികതയെ നിസ്സാരവല്‍ക്കരിക്കുന്നതും അതിനേക്കാള്‍ ശ്രേഷ്ഠമെന്ന് അവകാശപ്പെടുന്നതുമായ ശുശ്രൂഷകള്‍ക്ക് സഭയുടെ ആധ്യാത്മികതയില്‍ സ്ഥാനമില്ല. വി. കുര്‍ബ്ബാനയെക്കാള്‍ പ്രാധാന്യമുള്ള ഭക്തകൃത്യങ്ങളോ വി. കുമ്പസാരത്തേക്കാള്‍ പ്രസക്തമായ വിടുതല്‍ ശുശ്രൂഷകളോ ബന്ധനപ്രാര്‍ത്ഥനകളോ സഭയുടെ ആധ്യാത്മികതയില്‍ ഇല്ല. താല്‍ക്കാലികാകര്‍ഷണവും വൈകാരിക സംതൃപ്തിയും ലക്ഷ്യമാക്കി നടത്തുന്ന ഇത്തരത്തിലുള്ള പ്രവണതകള്‍ സഭയുടെ അടിസ്ഥാന ആധ്യാത്മികതയില്‍ ആഴമായ മുറിവ് ഏല്പിക്കുമെന്ന് നാം മനസ്സിലാക്കണം.
2. ദൈവവചനം സഭാത്മകമായി വ്യാഖ്യാനിക്കുന്നതിനുപകരം വ്യക്തിപരമായ വെളിപാടുകളുടെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കുന്ന ശൈലി ചില വചനപ്രഘോഷകരുടെയിടയില്‍ രൂപംകൊണ്ടു തുടങ്ങിയത് തിരുത്തപ്പെടേണ്ടതാണ്. വി. ഗ്രന്ഥം രൂപംകൊണ്ടത് സഭയിലാണ്. ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയെ ദൈവജനം എപ്രകാരം സ്വീകരിക്കുകയും ജീവിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തു എന്നതിന്‍റെ ആഖ്യാനംകൂടിയാണ് വി. ഗ്രന്ഥം. തന്മൂലം വചനവ്യാഖ്യാനം അര്‍ത്ഥപൂര്‍ണ്ണമാകുന്നത് സഭയിലും സഭയോടു ചേര്‍ന്നുമാണ്. സഭാപ്രബോധനങ്ങള്‍ക്കും വിശ്വാസസത്യങ്ങള്‍ക്കും വിരുദ്ധമായ കാര്യങ്ങള്‍ "പരിശുദ്ധാത്മാവു വെളിപ്പെടുത്തി" എന്ന വ്യാജേന പ്രചരിപ്പിക്കാന്‍ ചില വിഘടിത വിഭാഗങ്ങള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പരിശുദ്ധാത്മാവ് സജീവമായി സന്നിഹിതമായിരിക്കുന്ന തിരുസ്സഭയുടെ വിശ്വാസ പ്രബോധനങ്ങളില്‍ നിന്നും വ്യത്യസ്തമായവ പഠിപ്പിക്കുന്നവരെ നയിക്കുന്നത് ദൈവാത്മാവല്ല മറിച്ച് ദുഷ്ടാരൂപികളായിരിക്കാനാണ് സാധ്യത.
വ്യക്തിപരമായ വെളിപാടുകള്‍ അതില്‍തന്നെ തെറ്റല്ലെങ്കിലും അവ ബൈബിളിന്‍റെ സമഗ്രമായ സന്ദേശത്തോടും സഭയുടെ പാരമ്പര്യത്തോടും പ്രബോധനത്തോടും ചേര്‍ന്നുപോകുന്നതല്ലെങ്കില്‍ പ്രസ്തുത വെളിപാടുകളെ ആധാരമാക്കിയുള്ള വ്യാഖ്യാനം ദൈവവചനത്തിന്‍റെ യഥാര്‍ത്ഥ രചയിതാവായ പരിശുദ്ധാത്മാവിന്‍റെ ഹിതത്തിനു വിരുദ്ധവും സഭയുടെ വളര്‍ച്ചയ്ക്കുപകരിക്കാത്തതുമാകുന്നു. മരണാനന്തര ജീവിതത്തെക്കുറിച്ചും ആത്മാക്കളുടെ അവസ്ഥയെക്കുറിച്ചും രക്ഷയെക്കുറിച്ചും സ്വന്തമായ പ്രബോധനങ്ങള്‍ നടത്തുന്ന അനവധി വിഘടിതഗ്രൂപ്പുകള്‍ ഇന്നു നിലവിലുണ്ട്.
3. പാപത്തെ ബാഹ്യവല്‍ക്കരിക്കാനുള്ള ശ്രമവും ഇക്കാലത്ത് ശക്തിപ്പെടുന്നുണ്ട്. പാപത്തിന്‍റെ വ്യക്തിപരമായ ഉത്തരവാദിത്വം അംഗീകരിച്ച് എന്‍റെ പിഴ, എന്‍റെ പിഴ, എന്‍റെ വലിയ പിഴ...'' എന്ന അനുതാപപ്രകരണം ചൊല്ലാനാണ് തിരുസ്സഭ പഠിപ്പിക്കുന്നത്. "മാനസാന്തരപ്പെടുവിന്‍"എന്ന പുതിയനിയമ ആഹ്വാനത്തിനു പിന്നിലും വ്യക്തിപരവും ആന്തരികവുമായ പരിവര്‍ത്തനത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ പാപത്തിന്‍റെ ഉത്തരവാദിത്വം പൂര്‍വ്വികരുടെ ആത്മാക്കളുടെ ദുഃസ്വാധീനം മൂലമാണെന്നു പഠിപ്പിക്കുന്ന വിഘടിതപ്രസ്ഥാനങ്ങളുണ്ട്. കൂടാതെ, പാപത്തെ ഏതെങ്കിലുമൊക്കെ ബാഹ്യവസ്തുക്കളില്‍ ആരോപിക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്.
നിലവിളക്ക്, ആന്തൂറിയം പൂക്കള്‍... തുടങ്ങിയ വസ്തുക്കളില്‍ തിന്മയാരോപിച്ച് വിശ്വാസികള്‍ക്കിടയില്‍ അബദ്ധ പ്രചാരണം നടത്തുന്നവരുമുണ്ട്. പാപകാരണം അപരനില്‍ ആരോപിച്ച് ആത്മനീതീകരണം നടത്തുന്നത് തെറ്റായ പ്രവണതയാണ്. പാപത്തെ ബാഹ്യവല്‍കരിക്കുന്നത് സ്വയം നീതീകരണത്തിലേക്കും അതുവഴി മാനസാന്തരത്തിന്‍റെ അനാവശ്യകതയിലേക്കും നയിക്കാനിടവരുത്തും എന്നു മറക്കാതിരിക്കാം.
4. പിശാചില്ല എന്നു പഠിപ്പിക്കുന്നതും സകലതിനുപിന്നിലും പിശാചിന്‍റെ സാന്നിധ്യം ആരോപിക്കുന്നതും ഒരുപോലെ അനാരോഗ്യകരമായ ആധ്യാത്മികതയാണ്. ചില നവീന വിഘടിതപ്രസ്ഥാനങ്ങള്‍ പിശാചിന്‍റെ പ്രവര്‍ത്തനങ്ങളെയും പ്രലോഭനങ്ങളെയും സമ്പൂര്‍ണ്ണമായി തമസ്കരിച്ച് "രക്ഷിക്കപ്പെട്ടവര്‍" എന്ന അവകാശവാദവുമായി നടക്കുന്നു. എന്നാല്‍ മറ്റുചിലരുടെ വീക്ഷണത്തിലാകട്ടെ സര്‍വ്വതും പിശാചുമയമാണ്. കൊന്തയിലും കുരിശുരൂപത്തിലും പോലും അവര്‍ പൈശാചിക സാന്നിധ്യം ദര്‍ശിക്കുന്നു. കെട്ടിടങ്ങളുടെ ദിശകളെയും ആകൃതിയെയും കിണറിന്‍റെ സ്ഥാനത്തെയും ഒക്കെ ആധാരമാക്കി ഇക്കൂട്ടര്‍ പൈശാചികസാന്നിധ്യത്തെക്കുറിച്ചു നല്‍കുന്ന പ്രബോധനങ്ങള്‍ സാധാരണക്കാരായ വിശ്വാസികള്‍ക്കിടയില്‍ ഒട്ടേറെ സന്ദിഗ്ദ്ധതയും ദ്രവ്യനഷ്ടവും ഉളവാക്കുന്നുണ്ട്. ക്രിസ്തുവിന്‍റെ കുരിശുമരണത്തിലൂടെ സാത്താന്‍ പരാജിതനായി. തന്മൂലം ഈ ലോകക്രമത്തെ പൈശാചികമായി പഠിപ്പിക്കുന്നത് ശരിയല്ല. എന്നാല്‍ ദൈവത്തോടു പരാജിതനായ സാത്താന്‍ ദൈവമക്കള്‍ക്കെതിരേ അലറുന്ന സിംഹത്തെപ്പോലെ അക്രമോത്സുകനാകയാല്‍ (1 പത്രോ 5:8) ക്രിസ്തുവില്‍ അടിയുറച്ചു സാത്താനെതിരായി നാം ജാഗ്രതയോടെ വ്യാപരിക്കേണ്ടതുണ്ട്.
5. ആധ്യാത്മികതയുടെ ഭൗതീകവല്‍കരണമാണ് മറ്റൊരു തെറ്റായ പ്രവണത. ഈ ലോകജീവിതത്തിലെ സുഖസന്തോഷങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ഭാവികാര്യങ്ങള്‍ അറിയുക (വിവാഹം നടക്കുന്നസമയം, കച്ചവടം അഭിവൃദ്ധിപ്പെടുന്ന കാലം, കടബാധ്യത തീരുന്നകാലം മുതലായവ) തുടങ്ങിയ കാര്യങ്ങള്‍മാത്രം ആത്മീയതയുടെ ആത്യന്തിക ലക്ഷ്യങ്ങളായി അവതരിപ്പിക്കപ്പെടുന്നു എന്നത് ദു:ഖകരമാണ്. സ്വര്‍ഗ്ഗവും ആത്മാവും ആധ്യാത്മികമേഖലയില്‍ പലപ്പോഴും ചിന്താവിഷയമേ ആകുന്നില്ല. ദൈവികവും സ്വര്‍ഗ്ഗോന്മുഖവുമായ മാനങ്ങള്‍ നഷ്ടപ്പെട്ട ലോകത്ത് ആത്മീയത ഭൗതീകവല്‍കരിക്കപ്പെടാനുള്ള സാധ്യത വളരെയധികമാണ്.
സ്വര്‍ഗ്ഗം, നരകം, ശുദ്ധീകരണസ്ഥലം, മരണം, മരണാനന്തരജീവിതം തുടങ്ങിയ അടിസ്ഥാനസത്യങ്ങള്‍ ഗൗരവമായ ധ്യാനവിഷയങ്ങളല്ലാതായിട്ട് കാലമേറെയായി. സ്വര്‍ഗ്ഗത്തേക്കാള്‍ ലോകത്തെയും ആത്മാവിനേക്കാള്‍ ശരീരത്തെയും ആത്മരക്ഷയേക്കാള്‍ ഭൗതീക ഐശ്വര്യങ്ങളെയും ആഗ്രഹിക്കാന്‍ പഠിപ്പിക്കുന്ന ആധ്യാത്മികത തികച്ചും അപകടകരമാണ്. പല സെക്ടുകളും തങ്ങളോടൊപ്പം ചേര്‍ന്നുനിന്നാല്‍ രോഗമോ കഷ്ടതകളോ പിന്നീടൊരിക്കലും ഉണ്ടാകില്ലെന്നും സാമ്പത്തികാഭിവൃദ്ധിയും ഭൗതീകാശ്വൈര്യങ്ങളും വര്‍ദ്ധിക്കുമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്. ക്രിസ്തീയ സഹനത്തിന്‍റെ രക്ഷാകരമൂല്യത്തെ തമസ്കരിക്കുന്നതും ജീവിതത്തിന്‍റെ സന്ദിഗ്ദ്ധതകളെ ദൈവഹിതത്തിന്‍റെ കണ്ണിലൂടെ നോക്കിക്കാണാന്‍ പഠിപ്പിക്കാത്തതുമായ ആധ്യാത്മികത കേവലം ഉപരിപ്ലവമാണ്.
Innovative trends in the spiritual realm Mar Joseph Pamplany Spiritual Realm Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206