x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ ഇതര മതസംവാദം

മതവൈവിധ്യത്തിൻ്റെ അസ്ഥിവാരങ്ങൾ

Authored by : Dr. Vincent Kundukulam, Fr. Tom Olikkarottu On 29-Dec-2022

3

മതവൈവിധ്യത്തിൻ്റെ അസ്ഥിവാരങ്ങൾ

വൈവിധ്യങ്ങളുടെ ഭൂമികയാണ് ഈ ലോകം. ഭൂമിശാസ്ത്രപരമായി മാത്രമല്ല വംശം, വർണം, ഭാഷ, ലിംഗം, സംസ്ക്കാരം, മതം എന്നിങ്ങനെ ഒട്ടനവധി തലങ്ങളിലൂടെയും വൈവിധ്യം സാക്ഷാത്കരിക്കപ്പെട്ടിട്ടുണ്ട്. ഈ വൈവിധ്യങ്ങളിൽ ഒരു പക്ഷേ, മനുഷ്യജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്നത് മതപരവും സാംസ്ക്കാരികവുമായ ഘടകങ്ങളായിരിക്കാം. ലോകജനതയുടെ പുരോഗതിതന്നെ മത സാംസ്കാരികവൈവിധ്യത്തോട് മനുഷ്യൻ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്നു കരുതുന്നതിൽ തെറ്റില്ല. ലോക ചരിത്രം പരിശോധിക്കുമ്പോൾ മറ്റ് എല്ലാതലങ്ങളിലുള്ള വൈവിധ്യങ്ങളെയുംകാൾ മനുഷ്യൻ അസഹിഷ്ണുതയോടെ സമീപിച്ചിട്ടുള്ളത് മതബഹുത്വത്തോടാണ് എന്ന് വ്യക്തമാകും.

മതവിശ്വാസങ്ങളിലുള്ള ബഹുത്വം ഒരു നൂതനപ്രതിഭാസമല്ല. മനുഷ്യൻ ഈശ്വരാരാധന തുടങ്ങിയ നാൾമുതൽ അവന്റെ വിശ്വാസങ്ങളിലും ആ വിശ്വാസം ആവിഷ്കൃതമായ ആചാരാനുഷ്ഠാനങ്ങളിലും വൈവിധ്യം ഉണ്ടായിരുന്നു. ചരിത്രം വെളിവാക്കുന്നതുപോലെ, മതവിശ്വാസങ്ങളിലെ ഈ ഭേദചിന്തകൾ സംഘർഷങ്ങൾക്കു വഴിതെളിക്കുന്നുണ്ടെങ്കിലും അവ പലപ്പോഴും സൃഷ്ടിപരമായിരുന്നു എന്നതാണ് യാഥാർത്ഥ്യം. ബഹുസ്വരതയിൽ നിന്നുടലെടുക്കുന്ന സംഘർഷങ്ങൾ സർഗാത്മകമായിരുന്നു എന്നു പറയുമ്പോൾ അവ പുതിയ മതവിശ്വാസങ്ങളുടെ രൂപീകരണത്തിനും വികാസത്തിനും കാരണമായിട്ടുണ്ട് എന്നാണ് അർത്ഥമാക്കുന്നത്. ഉദാഹരണമായി ഇന്ത്യയിൽ ബുദ്ധ-ജൈനമതങ്ങൾ വളർന്നുവികസിച്ചത് അന്ന് ശക്തമായി നിലനിന്നിരുന്ന ബ്രാഹ്മണമതത്തോട് കലഹിച്ചുകൊണ്ടായിരുന്നു. എണ്ണിയാലൊടുങ്ങാത്ത പ്രാദേശികദൈവങ്ങളുടെ നാട്ടിലാണ് യഹൂദവിശ്വാസം ഉടലെടുക്കുന്നത്. വിജാതിയദൈവങ്ങളുമായുള്ള നിരന്തര സംഘർഷവും അവ സൃഷ്ടിച്ച വെല്ലുവിളികളുമായിരുന്നു യഹൂദമതത്തെ ഏകദൈവവിശ്വാസത്തിന്റെ അടിത്തറയിൽ ഉറപ്പിച്ചുനിർത്തിയത്.

അപ്പോൾ വൈവിധ്യം അതിനാൽത്തന്നെ മതങ്ങളുടെ നിലനിൽപ്പിന് ഒരു ഭീഷണിയല്ലെന്നും പരസ്പരപൂരകങ്ങളായിവർത്തിക്കാനുള്ള വിശാലതയിലേക്കാണത് നയിക്കുന്നതെന്നും മനസ്സിലാക്കാം.

3.1 ബഹുത എന്നാൽ

ന്യൂബിഗിൻ നെസ്‌ലെ എന്ന പാശ്ചാത്യചിന്തകന്റെ അഭിപ്രായത്തിൽ “മതങ്ങൾ തമ്മിലുള്ള വൈജാത്യങ്ങൾ ശരിതെറ്റുകളുടെ ഒരു വിഷയം എന്നതിലുപരി ഒരേ സത്യത്തിന്റെ വ്യത്യസ്തങ്ങളായ ഭാഷ്യങ്ങളാണെന്ന വിശ്വാസമോ തദനുസൃതമായ വിശാലകാഴ്ചപ്പാടോ ആണ്” (New Bigin Nestle, The Gospel in the Pluralistic Society, p. 14).

a) ബഹുത എന്ന പ്രതിഭാസത്തിന്റെ അന്തരാത്മാവിനെ മനസ്സിലാക്കാൻ രണ്ട് തരത്തിലുള്ള വ്യാഖ്യാനങ്ങൾ നൽകാറുണ്ട്. അവയിലൊന്ന് “നാനാത്വത്തിൽ ഏകത്വം” എന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാണ്. വിവിധങ്ങളായ മതങ്ങൾ അവയുടെ വൈവിധ്യംനിറഞ്ഞ സാംസ്ക്കാരിക സാമൂഹിക സാഹചര്യങ്ങളിൽനിന്ന് ഏകമായ സത്യത്തെ നോക്കിക്കാണുമ്പോൾ ഭിന്നമായി തോന്നാമെങ്കിലും സത്യം ഏകമാണെന്നതാണ് നാനാത്വത്തിലെ ഏകത്വം എന്ന തത്ത്വത്തിന്റെ കാതൽ. “ഏകം സത് വിപ്രാ ബഹുധാവദന്തി" എന്ന ഉപനിഷത് വാക്യം ഇവിടെ സ്മരണാർഹമാണ്. ഇതിനോട് ചേർന്നുതന്നെ "ഗവാം അനേക വർണ്ണാനാം ക്ഷീരസ്യാപി ഏകവർണ്ണതാം”- “പശുക്കൾ പല നിറത്തിലുണ്ടെങ്കിലും അവ തരുന്ന പാലിനെല്ലാം ഒരേ നിറം" എന്ന ഉപനിഷത് സൂക്തവും പ്രസക്തമാണ്. ഓരോ മതത്തിനും അവയുടേതായ ആരാധനാ രീതികളും ദർശനശാസ്ത്രങ്ങളും അനുഷ്ഠാനക്രമങ്ങളും ഉണ്ടായാലും അവ തമ്മിൽ പ്രത്യക്ഷ വൈരുദ്ധ്യങ്ങൾ അനുഭവപ്പെടാമെങ്കിലും എല്ലാറ്റിന്റെയും ആരംഭം ഈശ്വര ചൈതന്യമാണ്.

വിവിധങ്ങളായ മതവിശ്വാസങ്ങൾ സത്യത്തിന്റെ പലതായ മുഖങ്ങളാണെന്ന കാഴ്ചപ്പാട് ഒരു മതത്തിന്റെയും അനന്യത ചോദ്യം ചെയ്യുന്നില്ല. മറിച്ച് വിശ്വാസത്തിന്റെയും ധാർമ്മികതയുടേയും മേഖലക്കുള്ളിൽ വൈവിധ്യത്തിനുള്ള സാധ്യത ഈ സമീപനം അംഗീകരിക്കുന്നു. അതിനാൽ മതങ്ങളുടെ വൈവിധ്യം ഇല്ലാതാകുന്നതിനേക്കാൾ വൈവിധ്യങ്ങളുടെ ബാഹ്യാവരണങ്ങൾക്കുള്ളിൽ കുടികൊള്ളുന്ന ഏകതാനവും സ്വച്ഛവുമായ ഈശ്വര ചൈതന്യത്തെ സ്വാംശീകരിക്കുക എന്നതാണ് ബഹുസ്വരതയുടെ അന്തസാരം. കാൾ ജാസ്പേർസ്, ജോൺ ഹിക്ക് തുടങ്ങിയവർ ഈ ചിന്താഗതിയിലൂടെ ബഹുതയെ നോക്കിക്കാണുന്നതിൽ ഏറെ പ്രശസ്തരാണ്.

b) ബഹുതയുടെ ആന്തരാർത്ഥം മനസ്സിലാക്കുന്നതിന് നൽകുന്ന മറ്റൊരു വ്യാഖ്യാനം മതങ്ങളെല്ലാം ആപേക്ഷികയാഥാർത്ഥ്യങ്ങളാണെന്നാണ് (relative reality). മതങ്ങൾ ആപേക്ഷിക യാഥാർത്ഥ്യങ്ങളാണെന്ന വീക്ഷണത്തിന് പിൻതുണ നൽകുന്ന ദൈവശാസ്ത്രജ്ഞൻമാരിൽ ഏറ്റവും ശ്രദ്ധേയൻ കാൾ റാണർ തന്നെയാണ്. റാണറിന്റെ അഭിപ്രായത്തിൽ ഒരു മതത്തെയും നമുക്ക് കേവല യാഥാർത്ഥ്യമായിട്ട് (absolute reality) കാണാനാവില്ല. കേവല യാഥാർത്ഥ്യത്തെ അനുഭവിച്ചറിയാനുള്ള ആപേക്ഷിക മാധ്യമങ്ങളാണ് മതങ്ങൾ. എല്ലാ മതങ്ങൾക്കുള്ളിലും അപൂർണ്ണതയുടെ അംശങ്ങളുണ്ട്. കാരണം മതങ്ങൾ പരമാർത്ഥസത്യത്തെ ആവിഷ്ക്കരിക്കാനുള്ള മാനുഷിക പരിശ്രമങ്ങളുടെ ആകെത്തുകയാണ്.

മതങ്ങളിലെ വെളിപാടുകൾ, ആദ്ധ്യാത്മികത, വിശുദ്ധഗ്രന്ഥങ്ങൾ എന്നിവ കേവല യാഥാർത്ഥ്യത്തിന്റെ അപൂർണ്ണവും ആപേക്ഷികവുമായ ആവിഷ്കാരങ്ങളാണ്. ഉദാഹരണമായിട്ട് ബുദ്ധമതത്തെ സംബന്ധിച്ചിടത്തോളം കേവലമായത് 'നിർവ്വാണ' അഥവാ ഈശ്വര സാക്ഷാത്കാരം മാത്രമാണ്. ശ്രീബുദ്ധന്റെ ഉപദേശങ്ങൾ ബുദ്ധമതാനുഷ്ഠാനങ്ങൾ എന്നിവയെല്ലാം തികച്ചും ആപേക്ഷികങ്ങളാണ്. കർമ്മബന്ധങ്ങളുടെയും ജനനമരണങ്ങളുടെയും ജീവിതസാഗരം കടന്ന് ഈശ്വരനിലെത്താൻ മനുഷ്യനെ സഹായിക്കുന്ന നൗകകളായിവേണം ഇവയെ കാണാനും വിലയിരുത്താനും.

മതങ്ങൾക്കുള്ളിലെ മതാത്മകത തിരിച്ചറിയാൻ കഴിയാതുകൊണ്ടാണ് ഇന്ന് മത സംഘർഷങ്ങൾ വർദ്ധിച്ച് വരുന്നത്. മതങ്ങൾ വിരൽചൂണ്ടുന്ന കേവലയാഥാർത്ഥ്യത്തിൽ ദൃഷ്ടിയുറപ്പിക്കുന്നതിനു പകരം ചൂണ്ടിക്കാണിക്കുന്ന ചൂണ്ടുവിരലുകളിൽ കണ്ണുടക്കി കാലം കഴിക്കുന്ന വിശ്വാസികളാണ് ഇന്ന് ഏറെയും. ആധുനിക മനുഷ്യന് ബഹുത്വം അനുഗ്രഹമായിട്ട് അനുഭവപ്പെടണമെങ്കിൽ മതങ്ങൾ വിഭാവനം ചെയ്യുന്ന ഏകമായ ഈശ്വരദർശനത്തിലേക്കു വളരാനുള്ള ആർജ്ജവം നമുക്കുണ്ടാകണം.

മതബഹുത്വത്തിന് ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ പരിധിയിൽ നിന്ന് പ്രതികരിച്ചവരിൽ പ്രസിദ്ധനാണ് ജോൺ ഹിക്ക്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ബഹുത്വം സംഘർഷത്തിന് വഴി വെയ്ക്കുന്നത് ഓരോ വ്യക്തിയും തന്റെ മതത്തിലെ വെളിപാടിൽ പൂർണത അവകാശപ്പെടുമ്പോൾ മാത്രമാണ്. ബഹുതയെന്നാൽ സകല മതങ്ങളിലും വെളിപാടിന്റെ അംശത്തെ കണ്ടെത്തുന്ന വിശാലതയും സ്വന്തം മതവിശ്വാസത്തിലെ അപൂർണ്ണതകളുടെ അഗീകാരവുമാണ് (John Hick, God has Many Names, p. 94).

എല്ലാമതങ്ങളിലും മറഞ്ഞിരിക്കുന്ന സത്യത്തിന്റെ രശ്മികളെ കണ്ടെത്താനും സ്വാംശീകരിക്കാനുമുള്ള ശ്രമങ്ങളാണ് യഥാർത്ഥ  മതാത്മകതയുടെ കാതൽ. തങ്ങളുടെ മതത്തിനുവെളിയിൽ സത്യത്തിന്റെ പ്രഭ കാണാൻ കഴിയാത്തതാണ് ഇന്ന് വർദ്ധിച്ചു വരുന്ന മതതീവ്രവാദത്തിന് നിദാനം. ഈ സാഹചര്യത്തിൽ ബഹുതയെ ഭാവാത്മകമായി മനസ്സിലാക്കുന്ന ഒരു ക്രൈസ്തവ ദൈവശാസ്ത്രം അനിവാര്യമാകുന്നു. ഒരു മത സമൂഹം എന്നനിലയ്ക്ക് സഭ ഇതരമതങ്ങളെ നോക്കിക്കാണുന്നരീതിയും, ഇതരമതങ്ങൾക്കുള്ളിലെ വെളിപാടുകളെ തങ്ങൾക്കു ഭരമേൽപിക്കപ്പെട്ട ദൈവിക വെളിപാടിനോടു ചേർത്ത് വ്യാഖ്യാനിക്കുന്ന വിധവും ഏറെ പ്രാധാന്യമേറിയതാണ്. ചിന്തകനായ ഡബ്ലിയു. സി.സ്മിത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുക. “ആധുനിക മനുഷ്യന്റെ മതാത്മകതയെന്നാൽ ബഹുതയുടെ പശ്ചാത്തലത്തിലുള്ള ഒരു മതാത്മകത എന്ന് നാം പുനർനിർവചിക്കണം" (W.C. Smith, The Faith of Other Men, p. 11).

3.2 ചരിത്രപരമായ വീക്ഷണത്തിൽ

ബഹുത്വം എന്ന പ്രതിഭാസത്തെ ചരിത്രപരമായി വ്യാഖ്യാനിച്ചവരിൽ ഏറ്റവും ശ്രദ്ധേയനാണ് ഏണസ്റ്റ് ട്രോൾഷ് (Ernest Troeltsch 1865-1923). ചരിത്രപരമായ ആപേക്ഷികതാവാദത്തിന്റെ പിതാവായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നതു തന്നെ. ദൈവിക വെളിപാടുകളെക്കുറിച്ചുള്ള പരമ്പരാഗത ചിന്താരീതികളെ തിരുത്തിക്കുറിച്ചുകൊണ്ടാണ് ട്രോൾഷ് തന്റെ വീക്ഷണങ്ങൾ അവതരിപ്പിക്കുന്നത്. ചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടത്തിൽ ലോകത്തിന്റെ ഒരു പ്രത്യേക കോണിൽ ഒരു വിശേഷാൽ ജനതയ്ക്ക് മാത്രം സ്വയം വെളിപ്പെടുത്തുന്ന ദൈവസങ്കൽപം ട്രോൾഷിന്റെ ചിന്താരീതിയുമായി തെല്ലും ചേർന്ന് പോകുന്നില്ല. ട്രോൾഷിന്റെ അഭിപ്രായത്തിൽ ഇത്തരം ദൈവസങ്കൽപങ്ങൾ ദൈവത്തിന്റെ മുഖം വ്യക്തമാക്കുന്നതിനേക്കാൾ വികൃതമാക്കാനാണ് ഉപകരിക്കുന്നത്. തന്റെ മക്കളിൽ ചിലരോട് പ്രത്യേകമമതയും മറ്റ് ചിലരോട് അപ്രിയവും കാണിക്കുന്ന പക്ഷപാതിയായ പിതാവായി ദൈവത്തെ അവതരിപ്പിക്കുന്നത് ശരിയല്ല. ലോകത്തിലെ സകല ജനപഥങ്ങളിലും സകല കാലഘട്ടങ്ങളിലും അന്തർയാമിയായി വസിച്ച് സ്വയം വെളിപ്പെടുത്തുന്നവനായിട്ടാണ് ട്രോൾഷ് ദൈവത്തെ സങ്കല്പിക്കുന്നത്. ദൈവം മനുഷ്യചരിത്രത്തിൽ നിന്ന് അകലെ വസിക്കുന്നവനല്ല. മറിച്ച് മനുഷ്യന്റെ ചരിത്രത്തോട് ഒത്തു ചരിക്കുന്നവനും ചരിത്രത്തിൽ ജീവിക്കുന്നവനുമാണ് (Luther Adams, "Ernst Troeltsch as Analyst of Religion, Journal for the Scientific Study of Religion, 1 (1961/62) p. 109).

പ്രപഞ്ചത്തിലും മനുഷ്യചരിത്രത്തിലും ഉൾച്ചേർന്നവനായ ഈ ദൈവത്തെ പ്രതിഫലിപ്പിക്കുകയും ആവിഷ്ക്കരിക്കുകയുമാണ് മതങ്ങൾ ചെയ്യുന്നത്. എല്ലാ ചരിത്രങ്ങളിലും ദൈവത്തിന്റെ സാന്നിദ്ധ്യവും സഹവാസവുമുണ്ട്. മനുഷ്യർ അവരുടെ ചരിത്രത്തിൽ സഹയാത്രികനായ ദൈവത്തെ അവരുടെ സാംസ്ക്കാരിക പശ്ചാത്തലത്തിൽ ആവിഷ്ക്കരിക്കാനും അനുഭവിക്കാനും ശ്രമിക്കുമ്പോൾ മതാത്മകതയായി. അതിനാൽ ഒരു മതത്തിനും കേവലമൂല്യം നല്കി ആദരിക്കാനാവില്ല. സ്ഥലകാല പരിമിതികളുള്ളതിനാൽ വെളിപാടുകളെല്ലാം അപൂർണങ്ങളാകാനേ തരമുള്ളൂ. മതങ്ങളുടെ ആരാധ്യപുരുഷന്മാരും മതങ്ങൾ വിശുദ്ധങ്ങളായി കരുതുന്ന ലിഖിതങ്ങളും അപ്രകാരംതന്നെ.

ഇങ്ങനെ ചരിത്രത്തിന്റെ പരിപ്രേഷ്യത്തിൽനിന്ന് വീക്ഷിക്കുമ്പോൾ ദൈവത്തിന് പല ചരിത്രങ്ങളുണ്ടാകാം. ഓരോ ചരിത്രത്തിലും ഓരോ പേരുമുണ്ടാകാം. ജനതകളുടെ ആവശ്യമനുസരിച്ച് പല വ്യക്തിത്വങ്ങളിലൂടെയും സംഭവങ്ങളിലൂടെയും ദർശനങ്ങളിലൂടെയും ഈശ്വരൻ സ്വയം വെളിപ്പെടുത്തിയെന്നിരിക്കാം. ചുരുക്കത്തിൽ ചരിത്രാത്മകമായ അന്വേഷണത്തിൽ മതവൈവിധ്യം ഒരു അനിവാര്യമായ പ്രതിഭാസം എന്ന നിഗമനത്തിലാണ് ട്രോൾഷ് എത്തിച്ചേരുന്നത് (Ernst Troeltsch, The Absoluteness of Christian- ity, pp. 98-106. See also Paul F. Knitter, No Other Name?, Chapter 2).

3.3 പ്രതിഭാസ വിജ്ഞാനീയത്തിലൂടെ

പ്രതിഭാസവിജ്ഞാനീയത്തിന്റെ (Phenomenology) സങ്കേതങ്ങളുപയോഗിച്ച് ബഹുതയെ വിശകലനം ചെയ്തവരിൽ ശ്രദ്ധേയനായ വ്യക്തിയാണ് പ്രസിദ്ധ ചരിത്രകാരനായ ആർനോൾഡ് ടോയിൻബി (Arnold Toynbee 1889-1975). ബഹുസ്വരതയുടെ അന്തസത്തതേടിയുള്ള അദ്ദേഹത്തിന്റെ അന്വേഷണം ആരംഭിക്കുന്നതു മതങ്ങൾക്കുള്ളിലെ അത്യന്താപേക്ഷികങ്ങളെയും ആപേക്ഷികങ്ങളെയും തമ്മിൽ വേർതിരിച്ച് കാണിക്കുന്നതിലൂടെയാണ്.

ലോകത്തിലെ പ്രമുഖ പുരാതന മതസംഹിതകളെയെല്ലാം താരതമ്യംചെയ്തു പഠിച്ച അദ്ദേഹം മതങ്ങൾ പൊതുവായി സ്വീകരിച്ചിട്ടുള്ള ചില നിഗമനങ്ങളുണ്ടെന്ന് പറയുന്നു. അവയിൽ പ്രധാനമായവ താഴെ പറയുന്നവയാണ്:

* പ്രപഞ്ചം രഹസ്യാത്മകമാണ്. പ്രപഞ്ചത്തിന്റെ അർത്ഥവും മൂല്യവും അപരിമേയമായ സത്യവുമായി ബന്ധപ്പെടുന്നതിലൂടെ മാത്രമാണ് മനുഷ്യന് സുഗ്രാഹ്യമാകുന്നത്.

* സർവവ്യാപിയും സർവാശ്ലേഷിയുമായ ഈ സനാതനസത്യത്തെ അനുഭവിച്ചും അതിനോടു സമന്വയിക്കപ്പെട്ടും ജീവിക്കുമ്പോഴാണ് മനുഷ്യൻ ജന്മസാഫല്യം നേടുന്നത്.

* ഈശ്വരചൈതന്യവുമായി മനുഷ്യൻ സമന്വയിക്കപ്പെടണമെങ്കിൽ മനുഷ്യൻ അവനെ ചേർന്നുനിൽക്കുന്ന സ്വാർത്ഥതയുടെ പുറംതോടുകൾ ഭേദിച്ച് പരോന്മുഖനായി ജീവിക്കണം. അതിനു സഹായിക്കുകയാണ് മതങ്ങളുടെ ധർമ്മം.

ടോയിൻബിയുടെ കാഴ്ചപ്പാടിൽ മതങ്ങൾ തമ്മിലുള്ള വൈജാത്യങ്ങൾ ഒഴിച്ചുകൂടാനാകാത്തവയാണ്. കാരണം ആപേക്ഷികങ്ങളിലൂടെയാണ് അവ കേവലയാഥാർത്ഥ്യങ്ങളെ ആവിഷ്കരിക്കുന്നതും അനുഭവവേദ്യമാക്കുന്നതും. എല്ലാ മതങ്ങളുടെയും ദൈവികചെതന്യം ഒന്നുതന്നെയായതിനാൽ മതങ്ങളുടെ ധർമ്മം ബാഹ്യരൂപത്തിൽ ഭ്രമിച്ചവശരാകാതെ അവയുടെ ആത്മാവിലേക്കു വളരാൻ വിശ്വാസികളെ സഹായിക്കുക എന്നതാണ്. പതിരിൽനിന്ന് നെല്ല് വേർതിരിച്ചെടുക്കുന്നതുപോലെ ശ്രമകരമായ കാര്യമാണത്. അല്ലെങ്കിൽ സവാളയുടെ തൊലിപൊളിച്ച് അതിന്റെ ഉൾക്കാമ്പ് തിരയുന്ന സങ്കീർണമായ ശ്രമത്തോട് ഇതിനെ സാദൃശ്യപ്പെടുത്താം. ബാഹ്യം എന്നുതോന്നുന്നവ മാറ്റിക്കളയുന്നതിനിടയിൽ ഉൾക്കാമ്പുതന്നെ നഷ്ടപ്പെടുത്തിയേക്കാവുന്ന മതനിരാസത്തിനും എല്ലാം ഉൾക്കാമ്പ് എന്നു തെറ്റിദ്ധരിക്കുന്ന മൗലികവാദത്തിനും ഇടയിലുള്ള സങ്കീർണമായ വിവേചന ധർമ്മമാണീ വേർതിരിക്കൽ. ഇലയ്ക്കും മുള്ളിനും കേടില്ലാതെ പഴം പറിക്കാനുള്ള സാധ്യതയും വെല്ലുവിളിയുമാണ് ബഹുത്വം നമുക്കു മുന്നിൽ ഉയർത്തുന്നത്.

ചുരുക്കത്തിൽ പ്രതിഭാസവിജ്ഞാനീയത്തിന്റെ സങ്കേതങ്ങൾ അവലംബിച്ചുകൊണ്ട് ടോയിൻബി വ്യക്തമാക്കുന്നത് മനുഷ്യ സമൂഹങ്ങൾ വിവിധ ഇടങ്ങളിലും വ്യത്യസ്ത സാഹചര്യങ്ങളിലും കാലഘട്ടത്തിലും ജീവിക്കുന്നവരായതുകൊണ്ട് ദൈവിക വെളിപാടുകളും തദനുസൃതമായിരിക്കാനേ തരമുള്ളു എന്നാണ്. അതേസമയം എല്ലാ വെളിപാടുകളുടെയും പിറകിൽ പ്രവർത്തിക്കുന്നത് ഒരേ ദൈവമാകയാൽ ആന്തരികമായി മതങ്ങളെല്ലാം ഒന്നുതന്നെ. ഒരേ ലക്ഷ്യത്തിലേക്കു നടന്നടുക്കുന്ന വ്യത്യസ്തവഴികളാണ് മതങ്ങൾ (A. Toynbee, An Historians Approach to Religion, pp. 262-273., Paul F. Knitter, No Other Name? Chapter 3).

3.4 മനഃശാസ്ത്രപരമായ വീക്ഷണം

ബഹുതയെ മനഃശാസ്ത്രപരമായൊരു കാഴ്ചപ്പാടിലൂടെ വീക്ഷിക്കുകയും വ്യാഖ്യാനിക്കുയും ചെയ്തവരിൽ ഏറ്റവും ശ്രദ്ധേയനാണ് സുപ്രസിദ്ധ മനഃശാസ്ത്രജ്ഞനായ കാൾ ഗുസ്താവ് യുങ്ങ്. കാൾ യൂങ്ങിന്റെ വീക്ഷണത്തിൽ സകല മനുഷ്യരും അവരറിയാത്ത അജ്ഞാതശക്തിയാൽ നയിക്കപ്പെടുന്നുണ്ട്. ഈ അദൃശ്യശക്തി വസിക്കുന്നത് ബോധമനസ്സിനോടു ബന്ധപ്പെട്ടുനിൽക്കുന്ന മനസ്സിന്റെ അബോധ-ഉപബോധ തലങ്ങളിലാണ് (ആധുനിക മനഃശാസ്ത്രവീക്ഷണമനുസരിച്ച് മനസ്സിന് മൂന്നു തലങ്ങൾ - സുബോധ, ഉപബോധ, അബോധ തലങ്ങൾ - ഉണ്ട്.). മനുഷ്യന്റെ ബോധമനസ്സിനെ സമുദ്രത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ഐസ്കട്ടയോട് ഉപമിക്കാം. ജലത്തിനുമുകളിൽ കാണുന്നത് യഥാർത്ഥ ഐസ്കട്ടയുടെ ഒരു ചെറിയ ഭാഗം മാത്രമാണ്. ജലത്തിൽ അന്തർലീനമായിരിക്കുന്ന ഭാഗത്തെക്കൂടി അറിയുമ്പോഴാണ് ഐസ്കട്ടയെപ്പറ്റി സമഗ്രമായ അറിവുണ്ടാകുന്നത്. ഇതുപോലെ ബോധതലത്തിനുപിറകിലുള്ള ഉപബോധ അബോധ തലങ്ങളെപ്പറ്റി അറിയുമ്പോഴാണ് സ്വയാവബോധം പൂർണ്ണമാകൂ.

കാൾ യുങ്ങിന്റെ കാഴ്ചപ്പാടിൽ മനുഷ്യരിലെ അബോധമനസ്സ്, പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന അതിഭൗമികമായ പരമസത്തയെ പ്രതിനിധാനം ചെയ്യുന്നു. അബോധമനസ്സിന്റെ ആത്മാവിൽ ദൈവത്തിനൊത്ത ഗുണങ്ങൾ എല്ലാമടങ്ങിയിട്ടുമുണ്ട്. മനസ്സിന്റെ ആഴങ്ങളിൽ മതപുരുഷന്മാരുടെയും ആരാധനാമൂർത്തികളുടെയും പ്രാഗ്രൂപങ്ങൾ (archetypes) രേഖപ്പെടുത്തിയിട്ടുണ്ട്. ആത്മസാക്ഷാത്കാരമെന്നാൽ അബോധമനസ്സിന്റെ ആഴങ്ങളിൽ മുദ്രിതമായിരിക്കുന്ന ഈശ്വരചൈതന്യത്തിന്റെ പ്രാഗ്രൂപങ്ങളെ തിരിച്ചറിയുക എന്നതുതന്നെ. അങ്ങനെവരുമ്പോൾ ആത്മസാക്ഷാത്കാരവും ഈശ്വരസാക്ഷാത്കാരവും ഇഴതിരിക്കാനാവാത്ത യാഥാർത്ഥ്യങ്ങളായി നമുക്കനുഭവപ്പെടും. സ്വയാവബോധത്തിൽ ആഴപ്പെടുമ്പോൾ ഈശ്വരാവബോധത്തിലേക്ക് നയിക്കപ്പെടും എന്നർത്ഥം.

മേല്പറഞ്ഞ കാഴ്ചപ്പാടിൽ കാൾ യുങ്ങ് മതങ്ങളെ വിലയിരുത്തുന്നത് മനഃശാസ്ത്രപരമായ ഒരനിവാര്യതയായിട്ടാണ്. മനുഷ്യർക്ക് ഈശ്വരസാക്ഷാത്കാരത്തിനും വികാര- വിചാരവിനിമയത്തിനും പ്രതീകങ്ങൾ അനിവാര്യമാണ്. ഈശ്വരാന്വേഷണത്തിന്റെ പാതയിൽ ഈ അനിവാര്യത നിറവേറ്റുന്നവയാണ് മതങ്ങൾ. അബോധമനസ്സിന്റെ ആഴങ്ങളിൽ മുദ്രിതമായ ഈശ്വരാവബോധത്തിന്റെ പ്രാരൂപങ്ങളെ ബോധമനസ്സിന്റെ തലങ്ങളിലേക്കുയർത്താൻ മനുഷ്യനെ സഹായിക്കുന്ന പ്രതീകങ്ങൾ പ്രദാനംചെയ്യുകയെന്നതാണ് മതങ്ങളുടെ ധർമ്മം.

എല്ലാ മതങ്ങൾക്കും പൊതുവായ ആദിപ്രരൂപങ്ങളാണുള്ളത്. ഉദാഹരണമായി, ദൈവമാതാവ്, ജ്ഞാനിയായ വൃദ്ധൻ, ബലിയാടാകുന്ന ദൈവം, സൂത്രശാലിയായ തിന്മയുടെ അവതാരം, രക്ഷകനായ ദൈവം, എന്നിങ്ങനെയുള്ള സങ്കല്പങ്ങൾ എല്ലാ മതങ്ങളിലുമുണ്ട്. എന്നാൽ ഓരോ മതവും അവയുടെ സാമുഹികവും സാംസ്കാരികവുമായ പശ്ചാത്തലങ്ങൾക്ക് അനുയോജ്യമായ പ്രതീകങ്ങളിലൂടെയും ഐതിഹ്യങ്ങളിലുടെയും ഇവയെ വെളിപ്പെടുത്താൻ ശ്രമിക്കുന്നു എന്നതാണ് വ്യത്യാസം.

യുങ്ങിന്റെ അഭിപ്രായത്തിൽ വെളിപാടുകളുടെ ഉത്ഭവം വ്യക്തികളുടെ അബോധമനസ്സിലാണു സംഭവിക്കുന്നത്. അല്ലെങ്കിൽത്തന്നെ വെളിപാടുകളെന്നാൽ അബോധമനസ്സിന്റെ തിരശ്ശീലകൾ നീക്കി ആത്മസത്തയെ പുറത്തുകാട്ടുക എന്നതല്ലാതെ മറ്റെന്താണ്? ദൈവം ഉള്ളിൽനിന്ന് സംസാരിക്കുന്ന അനുഭവമാണിത് പ്രദാനം ചെയ്യുന്നത്. വ്യക്തികൾ തങ്ങളുടെ ആത്മസത്തയിലനുഭവിച്ച ഈശ്വരചൈതന്യത്തെ ലോകത്തിന് പകർന്നുകൊടുക്കാൻ ശ്രമിച്ചതിന്റെ ഫലമാണ് വിവിധങ്ങളായ മതങ്ങളും വിശുദ്ധഗ്രന്ഥങ്ങളും അവതാരപുരുഷന്മാരും ആരാധനാരീതികളുമെല്ലാം. ക്രിസ്തുവും കൃഷ്ണനും ബുദ്ധനുമെല്ലാം വിവിധ സംസ്കാരങ്ങളിൽ ഈശ്വരസാക്ഷാത്കാരത്തിന് നിമിത്തമായ പ്രതീകങ്ങളാണ്. ഒരു പ്രതീകവും ആദിപ്രരൂപമായ ഈശ്വരനെ പൂർണമായും വെളിപ്പെടുത്തുന്നില്ല. കാരണം അവയുടെ സാസ്കാരിക, സാമൂഹിക, ചരിത്രാത്മക പരിമിതകൾ തന്നെ. ചുരുക്കത്തിൽ ആത്മീയലോകത്തെ പ്രതിഫലിപ്പിക്കുന്ന പ്രതീകാത്മക കൂടാരങ്ങളാണ് മതങ്ങൾ (C.G Jung, Psychology and Religion, Collected Works of Carl G. Yung, Vol. 12, pp. 6-17).

ഉപസംഹാരം

ബഹുത എന്ന കാലികയാഥാർത്ഥ്യത്തെ വിവിധങ്ങളായ വീക്ഷണപരിധികളിലൂടെ നോക്കിക്കാണുകയും അതിന്റെ അസ്ഥിവാരങ്ങളിലേക്ക് അന്വേഷണം നടത്തുകയുമായിരുന്നു നാമിതുവരെ. ഈ അന്വേഷണത്തിൽ എത്തിച്ചേർന്ന ചില നിഗമനങ്ങളാണ് ഇനി പ്രതിപാദിക്കുന്നത്.

* എല്ലാ മതങ്ങൾക്കുള്ളിലും മാനുഷികചേതനയെ അതിലംഘിക്കുന്ന ഒരു അതിസ്വാഭാവികവും അതിഭൗതികവുമായ പരമസത്തയുടെ ആവിഷ്കാരമുണ്ട്.

* മതങ്ങൾക്കുള്ളിലും പുറമെയും ഈ കേവലയാഥാർത്ഥ്യത്തെ വിഭിന്നങ്ങളായ സങ്കേതങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും മനുഷ്യൻ തിരിച്ചറിയുന്നു.

* മതവൈവിധ്യം എന്നത് തികച്ചും ആപേക്ഷികവും ഉപരിപ്ലവവുമായ ഒരു പ്രതിഭാസമാണ്.

* മാനുഷികമായ പരിമിതികൾ നിമിത്തം നമ്മുടെ ഈശ്വര ദർശനം പലപ്പോഴും ഏതെങ്കിലും മതത്തിന്റെ ചട്ടക്കൂടുകളിലും സങ്കേതങ്ങളിലുമായി ചുരുങ്ങിപ്പോകുന്നു.

മതസങ്കല്പങ്ങളെ ആത്മവിമർശനത്തിന് വിധേയമാക്കി,ആത്മീയാനുഭവത്തിന്റെ ആഴങ്ങളിലേക്കു കടന്നുചെല്ലുകയാണ് യഥാർത്ഥമായ സത്യദർശനത്തിനുള്ള മാർഗം.

മതവൈവിധ്യത്തിൻ്റെ അസ്ഥിവാരങ്ങൾ ബഹുത എന്നാൽ ചരിത്രപരമായ വീക്ഷണത്തിൽ പ്രതിഭാസ വിജ്ഞാനീയത്തിലൂടെ മനഃശാസ്ത്രപരമായ വീക്ഷണം Toynbee New Bigin Nestle The Gospel in the Pluralistic Society John Hick God has Many Names C.G Jung Psychology and Religion Collected Works of Carl G. Yung Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message