x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ സഭാസംബന്ധമായ പൊതുവിഷയങ്ങൾ

പെരുന്നാളുകള്‍ ക്രിസ്തീയമാക്കാം

Authored by : Dr Siprian Illikkamuri OFM cap On 11-Jun-2021

കപ്പിലാംപടി പള്ളിയിലെ പെരുന്നാള്‍ പൊടി പൊടിക്കുകയാണ്. പള്ളിക്കുള്ളില്‍ പാട്ടുകുര്‍ബാന നടക്കുന്നു. പേരെടുത്ത പാട്ടുകാരനാണ് കാര്‍മികനായ അച്ചന്‍. പാട്ടുകാര്‍ തട്ടുപൊളിപ്പന്‍ പാട്ടുകള്‍ പാടുന്നു. വാഗ്മിയും പണ്ഡിതനും എന്ന് പേരെടുത്ത ഒരച്ചന്‍റെ പ്രസംഗമുണ്ട് കുര്‍ബാനയ്ക്ക് ശേഷം. പള്ളിക്കുവെളിയില്‍ ശകലം അകലെയായി കച്ചവടക്കാരുടെ ബഹളം. അല്‍പം കൂടെ അകലെയായിരുന്നു യാചകര്‍ക്ക് അനുവദിച്ചിരിക്കുന്ന സ്ഥലം. അടുത്തുനിന്നും അകലെ നിന്നും ധാരാളം യാചകര്‍ എത്തിയിട്ടുണ്ട്. ഉറക്കെയും പതുക്കെയും അവരും ധര്‍മം യാചിച്ച് ബഹളം ഉണ്ടാക്കുന്നു. ഒരു യാചകന്‍ മാത്രം ഒന്നും മിണ്ടുന്നില്ല; സംസാരശക്തി ഇല്ലാത്തവനാണെന്ന് തോന്നുന്നു. ആരോടും അയാള്‍ ധര്‍മം ചോദിക്കുന്നില്ല. എന്നാല്‍, തൊട്ടടുത്ത് വലിയ അക്ഷ രത്തില്‍ കൈകൊണ്ടെഴുതിയ ഒരു പരസ്യം ഉണ്ടായിരുന്നു: "ഒരു പാവപ്പെട്ടവന് ധര്‍മം കൊടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവിന്‍". ആദ്യമെല്ലാം കുറേപേര്‍ ചിരിച്ചുകൊണ്ട് കടന്നുപോയി. ചിലര്‍ അല്‍പ്പം നിന്നു; പരസ്യം അര്‍ത്ഥവത്താണല്ലോ എന്നോര്‍ത്ത്. പിന്നെ പലരും അയാള്‍ക്ക് ഉദാരമായി ധര്‍മം കൊടുത്തു തുടങ്ങി. വാസ്തവത്തില്‍ അയാളുടേതായിരുന്നു, നോട്ടീസിലെല്ലാം അവര്‍ വായിച്ചതിനെക്കാള്‍ ആത്മാര്‍ത്ഥവും സത്യസന്ധവുമായ പരസ്യം. കര്‍ത്താവ് പറഞ്ഞിട്ടുണ്ടല്ലോ; വിശക്കുന്നവന് ഭക്ഷണവും ദാഹിക്കുന്നവന് കുടിക്കാനും മറ്റും കൊടുക്കുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുമെന്ന്.പരസ്യം, അയാള്‍ പെരുന്നാള്‍ നോട്ടീസില്‍ നിന്ന് തന്നെ അല്‍പ്പം വ്യത്യാസത്തോടെ പകര്‍ത്തിയതാണ്. അമ്പ് എഴുന്നള്ളിച്ച് പുണ്യവാന്‍റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവിന്‍; 'നേര്‍ക്കാഴ്ചകള്‍ അര്‍പ്പിച്ച് പുണ്യവാന്‍റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവിന്‍;' 'ഭക്തിസാന്ദ്രമായ കഴുന്നു പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു പുണ്യവാന്‍റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവിന്‍', ഇങ്ങനെ പോയി പെരുന്നാള്‍ നോട്ടീസിലെ പരസ്യങ്ങള്‍. പെരുന്നാളിന് ഒരുക്കമായി നോട്ടീസടിച്ചു വിതരണം ചെയ്യുക മാത്രമല്ല ചെയ്തത്. പത്രത്തിന്‍റെ രണ്ടു പേജുകള്‍ നിറയുന്ന പരസ്യവും കൊടുത്തിരുന്നു. സ്ഥാനമൊഴിഞ്ഞ പിതാവിന്‍റെയും ഇപ്പോഴത്തെ പിതാവിന്‍റെയും സഹായമെത്രാനായ കൊച്ചുപിതാവിന്‍റെയും വലിയ ഫോട്ടോകള്‍; പിന്നെ, വികാരിയച്ചന്‍റെയും അസിസ്റ്റന്‍റച്ചന്‍റെയും കൈക്കാരന്മാരുടെയും കണക്കന്‍റെയും എല്ലാം ഫോട്ടോകള്‍. എന്നാല്‍, പള്ളിയില്‍ ഏറ്റവുമധികം ശുശ്രൂഷ ചെയ്യുന്ന കപ്യാരുടെ ഫോട്ടോ കണ്ടില്ല. 

പത്രത്തിലിട്ടും നോട്ടീസടിച്ചും പെരുന്നാളിനു വലിയ പ്രചാരം നല്‍കേണ്ടത് ഒരാവശ്യമായിരുന്നു. കാരണം 180ഓളം വീട്ടുകാരേയുള്ളൂ ഇടവകയില്‍. അവര്‍ മാത്രമാണ് പെരുന്നാളിനു വരുന്നതെങ്കില്‍ പെരുന്നാള്‍ കേമമായെന്നു പറയാന്‍ കഴിയില്ലല്ലോ. പിന്നെ, സെബസ്ത്യാനോസ് പുണ്യവാന്‍റെ നാമത്തിലുള്ള പള്ളിയായതുകൊണ്ട് പുറത്തുനിന്നും ആള്‍ക്കാരെ കിട്ടാന്‍ എളുപ്പവുമാണ്. പോരെങ്കില്‍ ചിക്കന്‍ പോക്സും സ്മോള്‍പോക്സുമൊക്കെ തീര്‍ത്തും അപ്രത്യക്ഷമായെന്നു പറഞ്ഞുകൂടല്ലോ. പരസ്യം വലുതാക്കിയാല്‍ കഴുന്നെഴുന്നുള്ളിക്കാനുള്ള താല്‍പര്യത്തോടെ കൂടുതല്‍ ആളുകള്‍ വരാതിരിക്കുകയില്ല. അങ്ങനെ പള്ളിപണിക്കുവേണ്ടി കുടിശ്ശിഖ വന്ന കുറേ കടം തീര്‍ക്കാനും പിന്നെ ആവശ്യമായ മറ്റു കാര്യങ്ങള്‍ നിര്‍വഹിക്കാനും പണം വേണമല്ലോ. ഇത്രയും ചെറിയ പള്ളിയിലെ പെരുന്നാളിന് ഇത്രയും വലിയ പരസ്യം എന്തിനെന്നൊക്കെ ചിലര്‍ ചോദിക്കാതിരുന്നില്ല. വായനക്കാര്‍ കാശുകൊടുത്തു വരുത്തുന്ന പത്രത്തിന്‍റെ രണ്ടുപേജ് നഷ്ടപ്പെടുത്തുന്നത് നീതിയാകില്ലെന്നും ആളുകളുടെ വിവരാവകാശത്തെ ഹനിക്കുന്നതാണെന്നും ഇടവകക്ക് പുറത്തുള്ള പലരും പറഞ്ഞു. സ്വന്തം രൂപതയിലെ മെത്രാന്മാരെയും സ്വന്തം ഇടവകയിലെ അച്ചന്മാരെയുമൊക്കെ ഇടവകക്കാര്‍ക്ക് ഇന്നു നല്ല പരിചയമാണ്. അവരുടെ വലിയ ഫോട്ടോകള്‍ പെരുന്നാളിന് എപ്പോഴും പത്രത്തില്‍ ഇടണമെന്നുണ്ടോ? പകരം ഫ്രെയിം  ചെയ്യാവുന്നതും മനോഹരവുമായ ഫോട്ടോകള്‍ ഇടവകയിലെ ഓരോ വീട്ടിലും ഒരിക്കല്‍ എത്തിച്ചു കൊടുക്കുകയാണെങ്കില്‍ പിന്നെ അവരുടെ പേരുകള്‍ മാത്രം പത്രത്തില്‍ ചേര്‍ത്താല്‍ മതിയല്ലോ. പെരുന്നാളില്‍ സംബന്ധിച്ച് സന്ദേശം നല്‍കുന്ന മെത്രാന്‍റെ ഫോട്ടോ പത്രത്തിലെ പരസ്യത്തില്‍ കൊടുക്കുന്നത് അര്‍ത്ഥവത്താണ്. മാതാപിതാക്കന്മാരുടെയെല്ലാം ഫോട്ടോകള്‍ ഓരോ പള്ളിയിലെയും പെരുന്നാളിനു പത്രത്തില്‍ ഇടണ്ടയാവശ്യമില്ലല്ലോ. പള്ളിപ്പെരുന്നാളിനു പത്രത്തില്‍ ഇടുന്ന വലിയ ഫോട്ടോകള്‍ പത്രം കിട്ടുന്ന ആദ്യനിമിഷം ആളുകള്‍ ഒന്നു നോക്കിയേക്കാം. പിന്നെ അവയെ കാണുന്നത് കടകളില്‍ നിന്നു പല വ്യഞ്ജനവസ്തുക്കള്‍ പൊതിയാനുപയോഗിക്കുന്ന പത്രത്തിന്‍റെ അകത്തും പുറത്തും, പിന്നെ മാലിന്യക്കൂമ്പാരങ്ങളിലുമാണ്. അതു നമ്മുടെ അഭിവന്ദ്യ പിതാക്കന്മാരോടു കാണിക്കുന്ന അനാദരവല്ലേ? ഇതെല്ലാമായിരുന്നു കപ്പിലാംപടി ഇടവകയിലെ സാധാരണ ജനങ്ങളുടെ സംസാരം.

പെരുന്നാള്‍ കേമമാക്കാന്‍ രണ്ടു സെറ്റു കരിമരുന്നു പ്രയോഗക്കാരെയും ഒരു നാടക സെറ്റിനെയും ഒരു ബാന്‍റുമേള സെറ്റിനെയും വിളിച്ചിരുന്നു. അവരൊക്കെ യുണ്ടെങ്കിലേ പെരുന്നാളിന് ആളുകൂടൂ, നേര്‍ച്ചവരവും കൂടൂ. തീര്‍ച്ചയായും ആളുകള്‍ക്ക് പെരുന്നാളുകളും ആഘോഷങ്ങളും ആവശ്യമാണ്. പക്ഷേ അത് ഇങ്ങ നെയൊക്കെ വേണോ എന്ന് ചില ഇടവകക്കാര്‍ സംശയം പ്രകടിപ്പിക്കുകയുണ്ടായി. ചില പള്ളികളില്‍ പെരുന്നാളിന് ഒരുക്കമായി രണ്ട് മൂന്ന് ദിവസത്തെ ബൈബിള്‍ കണ്‍വന്‍ഷന്‍ നടത്തുന്ന പതിവ് അടു ത്തകാലത്ത് തുടങ്ങിയിരുന്നു. കപ്പിലാംപടി പള്ളി യിലെ പള്ളിയോഗത്തിലും അത് നടത്തുവാനുള്ള നിര്‍ദ്ദേശം ഒരാള്‍ മുമ്പോട്ടു വച്ചു. എന്നാല്‍, പലയിടത്തും ഇപ്പോള്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ നടത്തു ന്നതിനാല്‍ അതിനൊന്നും അധികം ആളുകൂടുകയില്ലെന്ന കാരണം പറഞ്ഞ് വികാരിയച്ചനും കമ്മിറ്റിക്കാരും അംഗീകരിച്ചില്ല. മറ്റൊരാളുടെ നിര്‍ദ്ദേശം, പെരുന്നാള്‍ പ്രമാണിച്ച് ഇടവകയിലെ വീടില്ലാത്ത ഒന്നോ രണ്ടോ പാവപ്പെട്ടവര്‍ക്ക് ഓരോ വീട് വച്ചു കൊടുക്കുവാനായിരുന്നു. മൂന്നാമതൊരാള്‍ നിര്‍ദ്ദേശിച്ചു, ഇടവകയിലെ പാവപ്പെട്ട 20 വീട്ടുകാര്‍ക്ക് ഒരുനേരത്തെ ഭക്ഷണം എത്തിച്ചുകൊടുക്കുവാന്‍. നാലാമതൊരാളുടെ നിര്‍ദ്ദേശമായിരുന്നു ഈ കുര്‍ബ്ബാന കഴിഞ്ഞ് പെരുന്നാളിനു വരുന്ന എല്ലാവരുമൊരുമിച്ച്, യാചകരുള്‍പ്പെടെ ലളിതമായ ഒരു സ്നേഹ വിരുന്ന് നടത്തുവാന്‍. ഈ നിര്‍ദ്ദേശങ്ങളെല്ലാം അപ്രായോഗികമാണെന്ന കാരണം പറഞ്ഞ് തള്ളിപ്പോയി. പകരം പെരുന്നാളിന് ഒരുക്കമായി ഒരു നൊവേനയും കൂടി ആരംഭിക്കുവാന്‍ തീരുമാനമായി. എല്ലാദിവസവും കഴുന്ന് എഴുന്നള്ളിക്കാനുള്ള സൗകര്യം ഭക്തര്‍ക്ക് ചെയ്തുകൊടുക്കാനും തീരുമാനിച്ചു. തലേ ദിവസം ഭക്തിനിര്‍ഭരമായ കഴുന്ന് പ്രദക്ഷിണം. പുണ്യവാനെ കൊല്ലാനുപയോഗിച്ച മാരകായുധത്തിന്‍റെ മഹത്വം ഇത്രമാത്രമാണെങ്കില്‍ പുണ്യവാന്‍റെ മഹത്വം എത്രവലുതായിരിക്കണം! അതാണ് സാധാരണക്കാരായ ആളുകള്‍ ചിന്തിച്ചത്. പോരെങ്കില്‍ പള്ളിയിലെ അള്‍ത്താരയ്ക്ക് മുകളില്‍ മാര്‍തോമാ കുരിശിനും മുകളിലായി എപ്പോഴും അലങ്കരിച്ചുവച്ചിരിക്കുന്ന വലിയ രൂപം സെബസ്ത്യാനോസ് പുണ്യവാന്‍റേതാണ്.

പെരുന്നാള്‍ ദിവസങ്ങളില്‍ മാത്രമേ ആ രൂപം താഴെയെടുത്ത് വിശ്വാസികള്‍ക്ക് ദര്‍ശന സായൂജ്യത്തിനായി പ്രതിഷ്ഠിക്കുകയുള്ളൂ. അതെടുത്ത് രൂപ ക്കൂട്ടിനുള്ളില്‍ പ്രതിഷ്ഠിച്ച് ദര്‍ശനത്തിനായി രൂപക്കൂടിന്‍റെ വിരി തുറക്കുന്നത് അത്യാകര്‍ഷകവും അതേ സമയം ഭയാകനകവുമായ ഒരനുഭവമാണ്. പുണ്യവാനെ അടുത്ത് ദര്‍ശിക്കുന്നതിനും അടുത്ത് വച്ചിരിക്കുന്ന നേര്‍ച്ചപെട്ടിയില്‍ വിശ്വാസികളുടെ നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുന്നതിനും ഭയങ്കരമായ ഉന്തും തള്ളുമാണ് രൂപക്കൂട്ടിന് തൊട്ടുമുമ്പില്‍. ചിലര്‍ ഭക്തി പാരവശ്യത്താല്‍ നിലവിളിക്കുന്നു. മറ്റുചിലര്‍ തല കറങ്ങി വീഴുന്നു. വേറെ ചിലര്‍ തുള്ളുകയും അപസ്മാര രോഗികളെപ്പോലെ നിലത്തുവീണ് ഉരുളുകയും അപശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇവയെല്ലാം പുണ്യവാന്‍ പ്രവര്‍ത്തിക്കുന്ന അത്ഭുതങ്ങളും ആളുകളെ ആകര്‍ഷിക്കുന്ന കാര്യങ്ങളുമായതുകൊണ്ട് അധികാരികള്‍ അതിലൊന്നും ഇടപെട്ടേയില്ല. 

പെരുന്നാളെല്ലാം മംഗളകരമായി കഴിഞ്ഞു. എല്ലാം വന്‍വിജയമായിരുന്നെന്ന് വികാരിയച്ചനും പള്ളിക്കമ്മിറ്റിക്കാരും വിലയിരുത്തി. പള്ളിയുടെ കടബാധ്യതകള്‍ തീര്‍ക്കാന്‍ മാത്രമല്ല പുതിയ ചില പദ്ധതികള്‍ തുടങ്ങാനുമുള്ള നേര്‍ച്ച വരവുണ്ടായിരുന്നു. ഇടവകയിലെ അഭ്യസ്തവിദ്യരായ ചില അല്മായര്‍മാത്രം അടക്കം പറയുന്നുണ്ടായിരുന്നു; എല്ലാം ഒരു "തരി കിട" പരിപാടിയായിരുന്നെന്നും പെരുന്നാള്‍ അല്‍പ്പം കൂടി ക്രിസ്തീയമായി നടത്താമായിരുന്നെന്നും. ക്രിസ്മസ്സിനും ഈസ്റ്ററിനുമൊക്കെ ഒരുദിവസത്തെ ആഘോഷമേയുള്ളൂ. സെബസ്ത്യാനോസ് പുണ്യവാന്‍റെ പെരുന്നാളിനാണെങ്കില്‍ ഒന്‍പതു ദിവസവും. 

             
കാരുണികൻ മാഗസിന്റെ 2012 ഒക്‌ടോബർ  ലക്കത്തിൽനിന്നും 

feast christianity Dr Siprian Illikkamuri OFM cap Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message