x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ ഇതര മതസംവാദം

ബഹുത - പഴയനിയമത്തിൽ

Authored by : Dr. Vincent Kundukulam, Fr. Tom Olikkarottu On 22-Feb-2023

4

ബഹുത - പഴയനിയമത്തിൽ

ദൈവരാജ്യത്തിന് സാക്ഷ്യംവഹിച്ച് തീർത്ഥാടനം ചെയ്യുന്ന ക്രിസ്തുശിഷ്യരുടെ സമൂഹമാണല്ലോ സഭ. ലോകവുമായി നിരന്തരം സംഭാഷണത്തിലേർപ്പെട്ടുകൊണ്ടാണ് സഭ ഈ ദൗത്യം നിർവഹിക്കേണ്ടത്. വിവിധ ജനപഥങ്ങളുടെ സാംസ്ക്കാരികവും മതപരവുമായ സവിശേഷതകളുമായി സഹവസിച്ചുള്ള ഈ യാത്ര ക്രൈസ്തവ ജീവിതത്തെ സ്വാധീനിക്കുമെന്നതിൽ സംശയമില്ല. ഇസ്രായേൽ ജനത്തിന്റെയും ആദിമ ക്രൈസ്തവരുടേയും ചരിത്രം വിശ്വാസങ്ങളുടെ കണ്ടുമുട്ടലിന്റെയും പരസ്പര പോഷണത്തിന്റെയും ചരിത്രമാണെന്നു പറയാം. ഇസ്രായേൽ ജനത്തിന്റെ ചരിത്രത്തിൽ അഥവാ പഴയനിയമത്തിൽ ഇതരമതവിശ്വാസങ്ങളോട് പുലർത്തിയിരുന്ന സമീപനത്തെക്കുറിച്ചുള്ള ഒരപഗ്രന്ഥനമാണ് ഈ അദ്ധ്യായം.

4.1. ഉത്പത്തി 1-11 അദ്ധ്യായങ്ങൾ

വിശുദ്ധ ഗ്രന്ഥം ആരംഭിക്കുന്നതുതന്നെ സാർവ്വത്രികവും സർവാശ്ലേഷിയുമായ രക്ഷയുടെ കഥ പറഞ്ഞുകൊണ്ടാണ്. അബ്രഹാത്തിന്റെ വിളിയോ, ഇസ്രായേലുമായുള്ള ഉടമ്പടിയോ അല്ല ബൈബിളിന്റെ തുടക്കം; മറിച്ച് സൃഷ്ടിയുടെ വിവരണമാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് അവിടുത്തെ സ്വന്തം ഛായയിലും സാദൃശ്യത്തിലുമാണ് (ഉൽപത്തി 1,26). തന്റെ തന്നെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കുകവഴി സകല മനുഷ്യരുമായും ദൈവം കൂട്ടായ്മയിലും ആഴമായ സൗഹൃദത്തിലുമാണ്. എല്ലാ മനുഷ്യരുടെയും സത്ത ദൈവികമായതിനാൽ അവർ ഏതു ദേശത്തിലും മതത്തിലും സംസ്ക്കാരത്തിലും ജീവിക്കുന്നവരായാലും സമന്മാരും തുല്യമായ ആദരവിന് അർഹരുമാണ്. തന്റെതന്നെ ഛായയും സാദൃശ്യവും പേറുന്ന ഏതെങ്കിലും ജനതയെ ഉപേക്ഷിക്കാൻ ദൈവത്തിനാവുമോ? ഇങ്ങനെ സകല ജനപഥങ്ങളുടെയും രക്ഷയും നൻമയും ആഗ്രഹിക്കുന്ന ദൈവത്തെയാണ് സൃഷ്ടിയുടെ വിവരണം അവതരിപ്പിക്കുന്നത്.

4.2. നോഹയുമായുള്ള ഉടമ്പടി

സൃഷ്ടിയിലൂടെ ഉണ്ടായ അസ്തിത്വാത്മക ബന്ധത്തിന്റെ തുടർച്ചയായിട്ടു വേണം നോഹയുമായുള്ള ഉടമ്പടി മനസ്സിലാക്കാൻ. ദൈവത്തിന്റെ സാർവലൗകികമായ കരുണയുടെയും സ്നേഹത്തിന്റെയും പ്രതീകമാണ് ഈ ഉടമ്പടി. ഭൂമിയിൽനിന്ന് ദുഷ്ടത ഇല്ലാതാക്കാൻ ജലപ്രളയത്തിലൂടെ ഇടപെട്ട ദൈവം നീതിമാനായിരുന്ന നോഹയെയും കുടുംബത്തെയും രക്ഷിച്ചു. ജലപ്രളയത്തിനുശേഷം നോഹനോടും സർവജീവജാലങ്ങളോടുമായിട്ടാണ് കർത്താവ് ഉടമ്പടിചെയ്തത്. "ഇനിയൊരിക്കലും സർവ്വജീവനെയും നശിപ്പിക്കാൻപോന്ന പ്രളയം ഉണ്ടാകുകയില്ല. മേഘങ്ങളിൽ മഴവില്ല് തെളിയുമ്പോൾ ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങളുമായി ചെയ്ത എന്നേക്കുമായുള്ള ഉടമ്പടി ഞാനോർക്കും" (ഉത്പ 9,15-16). ഈ ഉടമ്പടിയുടെ അവകാശികൾ കേവലം ഇസ്രായേൽ ജനത മാത്രമല്ല; നോഹക്കുശേഷം ഉണ്ടായ എല്ലാ ജനപഥങ്ങളും അതിലുൾപ്പെടുന്നു. മനുഷ്യവംശം മുഴുവനും ഉൾക്കൊള്ളുന്ന നോഹയുമായുള്ള ഉടമ്പടിയുടെ ഫലം ഇന്നത്തെ അക്രൈസ്തവമതങ്ങൾക്കും സംലഭ്യമാണ്.

4.3. ബാബേൽ സംഭവം

ഉത്പത്തി പുസ്തകം 11-ാം അദ്ധ്യായത്തിൽ ചിത്രീകരിക്കുന്ന ബാബേൽ സംഭവത്തെ ദൈവശാസ്ത്രപരമായ കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ ബഹുത്വം ദൈവത്തിന്റെ മനുഷ്യവംശത്തെക്കുറിച്ചുള്ള പദ്ധതിയുടെ ഭാഗമാണെന്ന് വ്യക്തമാകും. ഭൂമിയിൽ ഒരു ഭാഷയും ഒരു ജീവിതശൈലിയും, ആരാധനാരീതിയും നിലനിന്നകാലത്ത് മനുഷ്യൻ അവന്റെ ഒരുമയുടെ ഓർമ്മ നിലനിർത്താൻ അംബരചുംബിയായ ഗോപുരം പണിയാനാരംഭിക്കുന്നു. എന്നാൽ ദൈവം ഇറങ്ങിവന്ന് അവരുടെ ഭാഷയും സംസ്കാരവും ഭിന്നിപ്പിച്ച് ഭൂതലമാകെ അവരെ ചിതറിക്കുന്നു. സകല ബഹുത്വങ്ങളുടെയും തുടക്കം ഈ ദൈവിക ഇടപെടലാണെന്നാണ് ദൈവശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം (C. Geffre, La Place des Religions dans le Plan de Dieu, Spiritus, vol. 36, no. 138, 1995, p. 83). ഭിന്നിച്ചുപോയ ഭാഷയും സംസ്ക്കാരവും പിന്നീട് മനുഷ്യവംശത്തിന്റെ നാൾവഴികളിൽ ബഹുത്വത്തിന്റെ രാസത്വരകമായെന്ന് ചരിത്രം സാക്ഷിക്കുന്നു.

4.4 പൂർവ്വപിതാക്കന്മാരുടെ കാലഘട്ടം

പൂർവപിതാക്കന്മാരുടെ കാലത്ത് ഏകദൈവ വിശ്വാസം ശക്തിപ്പെട്ടിരുന്നില്ല. കർത്താവിനെയാണ് സത്യദൈവമായി ആരാധിച്ചിരുന്നതെങ്കിലും അന്യദേവൻമാരെ അപ്പാടെ നിരാകരിക്കുന്നതായിരുന്നില്ല അവരുടെ രീതി. നല്ല കിടപ്പാടങ്ങളും കാലാവസ്ഥയും അന്വേഷിച്ച് ദേശാന്തര ഗമനം ചെയ്തിരുന്ന അവർ ചെന്നെത്തിയ നാടുകളിലെ സംസ്കാരവും വിശ്വാസവുമായി പൊരുത്തപ്പെട്ടു പോകാൻ നിർബന്ധിതരായിരുന്നു.

പൂർവ്വപിതാക്കന്മാരുടെ ബഹുദൈവ വിശ്വാസപാരമ്പര്യത്തിലേക്കു വെളിച്ചം വീശുന്ന ഒന്നാണ് ജോഷ്വായുടെ ഷെക്കമിലെ ഉടമ്പടി. മോശയുടെ മരണശേഷം ഇസ്രായേലിന്റെ അധിപനായി നിയമിക്കപ്പെട്ട ജോഷ്വാ കാനാൻ ദേശത്ത് എത്തിയതിനുശേഷം ജനങ്ങളെ വിളിച്ചുകൂട്ടി കർത്താവ് അവർക്കുവേണ്ടി ചെയ്ത കാര്യങ്ങളെല്ലാം വിവരിച്ചു. തുടർന്ന് കർത്താവായ ദൈവത്തെ സേവിക്കണമെന്നു കല്പിച്ചപ്പോൾ മുൻകാലങ്ങളിൽ അവരുടെ പിതാക്കന്മാർ അന്യദൈവങ്ങൾക്കു സേവ ചെയ്ത കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നുണ്ട്. “ഈജിപ്തിലും നദിക്കരയിലും നിങ്ങളുടെ പിതാക്കന്മാർ സേവിച്ചിരുന്ന ദേവന്മാരെ ഉപേക്ഷിച്ച് കർത്താവിനെ സേവിക്കുവിൻ. കർത്താവിനെ സേവിക്കുന്നതിന് മനസ്സില്ലെങ്കിൽ നദിയ്ക്കക്കരെ നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ, നിങ്ങൾ വസിക്കുന്ന നാട്ടിലെ അമ്മോന്യരുടെ ദേവന്മാരെയോ ആരെയാണ് സേവിക്കുന്നത് എന്ന് ഇന്നുതന്നെ തീരുമാനിക്കുവിൻ. ഞാനും എന്റെ കുടുംബവും കർത്താവിനെ സേവിക്കും” (ജോഷ്വാ 24,14-15).

പിതാക്കന്മാരുടെ കാലത്ത് ഓരോ ദേശത്തിനും ഗോത്രത്തിനും ഓരോ ദൈവം എന്നതായിരുന്നു പൊതുസമ്പ്രദായം. ഓരോ ദൈവത്തിന്റെയും അധികാരം ആ ദേശത്തിലോ ഗോത്രത്തിലോ മാത്രമായിരുന്നു ഒതുങ്ങിനിന്നിരുന്നത്. സീദോണിലെ ദേവൻ അസ്റ്റാർട്ടും, മോവാബിലേത് കിമോഷും, അമ്മോന്യരുടേത് മിൽകോമും, ഫിലിസ്ത്യയിലേത് ബേൽസബൂലും ആണെന്ന് നിശ്ചയിക്കപ്പെട്ടിരുന്നു. അതുകൊണ്ട് ആ ദേശങ്ങളിൽ വസിച്ചിരുന്നകാലത്ത് പിതാക്കന്മാർ തദ്ദേശവാസികളുടെ ദേവന്മാരെ ആദരിച്ചുപോന്നു (Rui de Menezes, Pluralism in the O.T., VJTR 64 (2000) pp. 835-837).

4.5. മേശയുടെ കാലഘട്ടം

യഹോവയിലുള്ള വിശ്വാസം ഇസ്രായേലിൽ രൂഢമൂലമാകുന്നത് മോശയുടെ കാലഘട്ടത്തോടെയാണ്. പുറപ്പാട് പുസ്തകം 19-20 അദ്ധ്യായങ്ങളിൽ പ്രതിപാദിക്കുന്ന സീനായ് ഉടമ്പടിയും, പത്തു പ്രമാണങ്ങളും വെളിപ്പെടുത്തുന്നത് സർവ്വജനപഥങ്ങളുടെയും കർത്താവായി ഒരു ദൈവമേ ഉള്ളൂ എന്നും അവിടുന്ന് മോശയ്ക്ക് സ്വയം വെളിപ്പെടുത്തിയവനായ യഹോവയാണെന്നുമാണ്. ഇസ്രായേൽക്കാരെ സ്വജനമായി സ്വീകരിച്ച യഹോവ അവരിൽ നിന്ന് വിശ്വസ്തമായ ഒരു സ്നേഹബന്ധമാണ് ആഗ്രഹിച്ചത്. തങ്ങളെ സൃഷ്ടിക്കുകയും ഈജിപ്തിലെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്ത യഹോവയല്ലാതെ മറ്റൊരു ദൈവം യഹൂദർക്ക് ഉണ്ടാകരുതെന്ന് മോശ നിഷ്കർഷിക്കുന്നുണ്ട്.

ഇസ്രായേൽ യഹോവയുടെ ദേശമായതിനാൽ അവിടെ വസിക്കുന്നവരെല്ലാം യഹോവയെ ദൈവമായി ആദരിക്കണമെന്നുണ്ടായിരുന്നു; അതിന് വിസമ്മതിച്ചാൽ ദൈവശിക്ഷയുണ്ടാകും എന്ന വിശ്വാസവും അവിടെ നിലനിന്നിരുന്നുവെന്നതിന് ദൃഷ്ടാന്തമാണ് രാജാക്കന്മാരുടെ രണ്ടാം പുസ്തകം 17-ാം അദ്ധ്യായത്തിൽ വിവരിച്ചിട്ടുള്ള സംഭവം. അസ്സീറിയാ രാജാവ് ബാബിലോൺ, കൂത്താ, അവ്വാ, ഹമാത്, സെഫാർവയിം എന്നിവിടങ്ങളിൽ നിന്ന് ആളുകളെ കൊണ്ടുവന്ന് സമറിയാ നഗരങ്ങളിൽ പാർപ്പിച്ചു. അവിടെ വാസം തുടങ്ങിയ കാലത്ത് അവർ കർത്താവിനോട് ഭക്ത്യാദരങ്ങൾ കാണിച്ചില്ല. അതിനാൽ അവിടുന്ന് അവരുടെ ഇടയിലേക്കു സിംഹങ്ങളെ അയയ്ക്കുകയും അവരിൽ കുറേപ്പേരെ കൊന്നുകളയുകയും ചെയ്തു. ഇതറിഞ്ഞ അസ്സീറിയാ രാജാവ് ഒരു പുരോഹിതനെ അയച്ച് പാർപ്പിക്കപ്പെട്ട ജനങ്ങളുടെ ദേശത്തെ ദൈവമായ കർത്താവിനോട് ഭക്ത്യാദരങ്ങൾ കാണിക്കേണ്ടതെങ്ങനെയെന്ന് ജനത്തെ പഠിപ്പിച്ചു (1 രാജാ 17,2428). ചെങ്കടൽ കടന്നുവന്നതിനുശേഷം മോശയുടെയും അഹറോന്റെയും സഹോദരിയും പ്രവാചികയുമായ മിരിയാമിന്റെ നേതൃത്വത്തിൽ പാടിയ കീർത്തനം ഇതരദൈവങ്ങളുടെ മേൽ യഹോവ നേടിയ വിജയത്തെ വാഴ്ത്തിപ്പുകഴ്ത്തുന്നതാണ്: “ദേവന്മാരിൽ അവിടുത്തേക്ക് തുല്യനായി ആരുമില്ലെന്നും വിശുദ്ധിയിലും മഹത്വത്തിലും ശക്തമായ അത്ഭുത പ്രവർത്തനത്തിലും അവിടുന്ന് അതുല്യനാണെന്നും അവർ ഉദ്ഘോഷിച്ചു” (പുറ 15,1-21). 

യഹോവയുടെ അപ്രമാദിത്വം ഏറ്റുപറയുമ്പോൾ വിജാതിയരെ ശത്രുക്കളായി കണക്കാക്കണമെന്ന് മോശ പഠിപ്പിച്ചു എന്ന് അർത്ഥമില്ല. കാരണം മോശ വിജാതീയരോട് വിശാലമായ കാഴ്ചപ്പാട് പുലർത്തിയതായും നമ്മൾ കാണുന്നുണ്ട്. വാഗ്ദത്ത ഭൂമിയിലെത്തിച്ചേർന്ന ജനങ്ങളിൽ യഹൂദർ മാത്രമല്ല ഉണ്ടായിരുന്നത്. വ്യത്യസ്ത വംശങ്ങളിലും മതങ്ങളിലും പെട്ടവരുണ്ടായിരുന്നു അവരിൽ. ആദ്യപെസഹാതിരുനാളിൽ ഈജിപ്തിൽ നിന്ന് പുറപ്പെട്ടിറങ്ങിയവരിൽ ഇസ്രായേല്ല്യതര വിഭാഗത്തിൽപ്പെട്ട വലിയൊരു ജനസമൂഹവും ഉണ്ടായിരുന്നു. “ഇസ്രായേൽക്കാർ റമ്സേസിൽ നിന്ന് സുക്കോത്തിലെത്തി... ഇതരവിഭാഗത്തിൽപ്പെട്ട വലിയൊരു ജനസമൂഹവും അവരോടു കൂടി ഉണ്ടായിരുന്നു” (പുറ 12,37-38). ഇസ്രായേൽ കാനാൻ ദേശത്ത് എത്തിയപ്പോൾ തദ്ദേശവാസികളായിരുന്ന കാനാൻകാരുടെ പിൻതലമുറക്കാരും അവിടെ ഉണ്ടായിരുന്നു. ഇസ്രായേൽ ജനം അവരെ സ്വതന്ത്ര പൗരൻമാരെപ്പോലെയാണ് കരുതിയത്. വസ്തുവകകൾ കൈവശം വയ്ക്കാനുള്ള അവകാശമുണ്ടായിരുന്ന അവർക്ക് യഹൂദർക്കും അടിമകൾക്കും ഇടയിലുള്ള ഒരു സ്ഥാനമാണ് നല്കിയിരുന്നത്. മോശയുടെ നിയമമനുസരിച്ച് അന്യവംശജരുമായുള്ള വിവാഹം നിഷിദ്ധമായിരുന്നില്ല. മോശയുടെ ഭാര്യ തന്നെ കുഷ്യവർഗ്ഗത്തിൽപ്പെട്ട സ്ത്രീയായിരുന്നു (സംഖ്യ 12,1).

പരദേശികളെ ഇസ്രായേൽക്കാർ പ്രത്യേക ഉടമ്പടി വഴി തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാക്കിയിരുന്നു. ഈജിപ്തിൽ തങ്ങൾ പരദേശികളായിരുന്നു എന്ന കാര്യം അനുസ്മരിച്ചുകൊണ്ട് ഇസ്രായേലിൽ കഴിയുന്ന വിദേശികളോട് യഹൂദർ സ്നേഹത്തോടെ പെരുമാറണം എന്ന് നിയമാവർത്തന പുസ്തകം ഉപദേശിക്കുന്നുണ്ട്. ശപിക്കപ്പെട്ടവരുടെ ഗണത്തിലാണ് പരദേശികളോട് അപമര്യാദയായി പെരുമാറുന്നവരെയും അവർക്ക് നീതിനിഷേധിക്കുന്നവരെയും മോശ ഉൾപ്പെടുത്തിയത്. “പരദേശിക്കും അനാഥനും വിധവയ്ക്കും നീതി നിഷേധിക്കുന്നവൻ ശപിക്കപ്പെട്ടവനാകട്ടെ” (നിയ 27,19). ഈ സൗഹാർദ്ദത്തിന് അപവാദമായികാണുന്നത് അമലേക്യരോടുള്ള സമീപനമാണ്. മോശയുടെ കൽപനപ്രകാരം ജോഷ്വാ അമലേക്കിനെയും അവന്റെ ആളുകളെയും വധിച്ചു. പക്ഷേ ഇത് ഒരു പ്രത്യേക കാരണത്താലാണ്. റഫീദിമിൽ വച്ച് ഒരു പ്രകോപനവും ഉണ്ടാക്കാതിരുന്നിട്ടും അമലേക്യർ ഇസ്രായേൽക്കാരെ വധിച്ചിരുന്നു. ഈ ആക്രമണത്തിനുള്ള മറുപടിയെന്നല്ലാതെ ഈ സംഭവത്തെ വിജാതീയ ശത്രുതയുടെ പര്യായമായി കാണേണ്ടതില്ല (പുറ 17,8-16). (J. Thondiparambil, Religious Conversion in the Israelite Community, Living Word, vol. 107, 2001, pp. 16-26).

4.6. ജ്ഞാനപുസ്തകങ്ങളും സങ്കീർത്തനങ്ങളും

സാർവത്രികമായ രക്ഷയുടെ സദ്വാർത്തയാണ് സങ്കീർത്തനങ്ങളും ജ്ഞാനപുസ്തകങ്ങളും അവതരിപ്പിക്കുന്നത്. സുഭാഷിതങ്ങളുടെ പുസ്തകം 8-ാം അദ്ധ്യായം വിജാതീയർക്കും സൃഷ്ടിയുടെ വെളിപ്പെടുത്തപ്പെട്ട ദൈവജ്ഞാനത്തിൽ പങ്കുണ്ടെന്ന് വ്യക്തമായി പറയുന്നു. ജ്ഞാനമാണ് ഞാൻ (8, 12). “രാജാക്കന്മാർ ഭരിക്കുന്നതും അധികാരികൾ നീതി നടത്തുന്നതും ഞാൻ മുഖേനയാണ്“ (8,15-16). കർത്താവ് തന്റെ സൃഷ്ടികർമ്മത്തിന്റെ ആരംഭത്തിൽ, തന്റെ എല്ലാ ആദ്യസൃഷ്ടികളിലും ആദ്യത്തെതായി എന്നെ സൃഷ്ടിച്ചു (8,22). മനുഷ്യൻ അധിവസിക്കുന്ന അവിടുത്തെ ലോകത്തിൽ ഞാൻ സന്തോഷിക്കുകയും മനുഷ്യ പുത്രരിൽ ആനന്ദം കണ്ടെത്തുകയും ചെയ്തു (8,31).

യഹൂദരുടെ പ്രാർത്ഥനാപുസ്തകം എന്നറിയപ്പെട്ടിരുന്ന സങ്കീർത്തനങ്ങളിൽ അധികവും ദൈവത്തെ സകലത്തിന്റെയും സ്രഷ്ടാവും, സർവ്വജനസമൂഹങ്ങളുടെയും നാഥനും കർത്താവുമായി അവതരിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

  •  ഭൂമിയും അതിലെ സമസ്തവസ്തുക്കളും, ഭൂതലവും അതിലെ നിവാസികളും കർത്താവിന്റേതാണ് (സങ്കീ 24,1).
  • ജനങ്ങളെ കർത്താവിനെ വാഴ്ത്തുവിൻ!... അവിടുന്ന് നമ്മുടെ ജീവൻ കാത്തുപാലിക്കുന്നു. നമുക്ക് കാലിടറാൻ അവിടുന്ന് സമ്മതിക്കുകയില്ല. (സങ്കീ 66,8-9).
  • കർത്താവേ അങ്ങ് ഭൂമിമുഴുവന്റെയും അധിപനാണ്. എല്ലാദേവന്മാരെയുംകാൾ ഉന്നതനുമാണ് (സങ്കീ 97,9).

4, 7. പ്രവാചകൻമാരുടെ കാലഘട്ടം

ബഹുദൈവങ്ങളിലല്ല യഹോവയിലാണ് വിശ്വസിക്കേണ്ടത് എന്ന ബോധ്യം ഇസ്രായേൽക്കാരിൽ വളർത്തിയെടുത്തത് മോശയാണെങ്കിൽ യഹോവ ഇസ്രായേൽക്കാരുടെ മാത്രം ദൈവമല്ലെന്നും ലോകത്തിന്റെ മുഴുവൻ അധികാരിയാണെന്നുമുള്ള വിശ്വാസം പഠിപ്പിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചത് പ്രവാചകന്മാരാണ്. “അവൻ പറഞ്ഞു; ഭൂമിമുഴുവന്റെയും നാഥന്റെ മുമ്പിൽ നിന്നും വരുന്ന ഇവർ ആകാശത്തിന്റെ നാല് വായുക്കളിലേക്കും പോകുന്നു" (സഖറിയ 6,5).

വിജാതീയ വിശ്വാസങ്ങളോടും സംസ്കാരങ്ങളോടുമുള്ള പ്രവാചകന്മാരുടെ മനോഭാവം പൊതുവെ കഠിനമായിരുന്നെന്നു പറയാം. യഹോവയെ മറന്ന് വിജാതിയ ദേവന്മാരുടെ പിന്നാലെ പോയ ഇസ്രായേൽ ജനത്തെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന പ്രവാചകന്മാരെയാണ് ബൈബിളിൽ കാണുന്നത്. രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിൽ ബാലിന്റെ പ്രവാചകൻമാരോട് ഏറ്റുമുട്ടുന്ന ഏലിയാ പ്രവാചകനെക്കുറിച്ചുള്ള വിവരണം വിജാതീയ മതാനുഷ്ഠാനങ്ങളോടുള്ള എതിർപ്പിന് ദൃഷ്ടാന്തമാണ്. ആകാശത്തുനിന്ന് അഗ്നിയിറക്കി ആരാണ് യഥാർത്ഥ ദൈവം എന്നു തെളിയിക്കുന്നതിൽ പരാജിതരായ ബാലിന്റെ പ്രവാചകന്മാരെ കൊന്നുകളയുന്ന ഏലിയായെ ഇവിടെ കാണുന്നു (1രാജാ 18,40).

പ്രവാചകന്മാർ ഏക ദൈവവിശ്വാസത്തിനായി നിലകൊണ്ടവരും പ്രവർത്തിച്ചവരുമായിരുന്നു. പ്രത്യേകമായി വിജാതിയരുടെ ഇടയിൽ നിലനിന്നിരുന്ന വിഗ്രഹാരാധനയോടും ബഹു ദൈവവിശ്വാസത്തോടും അവർ സന്ധിയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്. സർവലോകത്തിന്റെയും അധികാരിയും സ്രഷ്ടാവുമായ യഹോവയിൽ വിശ്വാസമർപ്പിക്കാനും വിഗ്രഹാരാധനയിൽ നിന്നും ഇതരമതങ്ങളിലെ മേച്ഛകരമായ അനുഷ്ഠാനങ്ങളിൽനിന്ന് മാറിനിൽക്കാനും അവർ ജനത്തോട് നിഷ്ക്കർഷിച്ചു ( 44,6-8).

യഹൂദരുടെ അന്യമതവിരോധത്തിന്റെ ഉച്ചസ്ഥായിയെന്നു കണക്കാക്കാവുന്ന ഘട്ടങ്ങളിലൊന്ന് പ്രവാസകാലത്തിനു ശേഷമുള്ളതാണ്. അടിമത്വത്തിൽനിന്ന് മടങ്ങിയെത്തിയ യഹൂദർ പട്ടണവും ദേവാലയവും പുനർനിർമിക്കുന്നതിൽ വ്യാപൃതരായതിന്റെ ചരിത്രമാണ് എസ്രാ, നെഹെമിയാ എന്നീ ഗ്രന്ഥങ്ങളുടെ ഇതിവൃത്തം. അന്നാളുകളിൽ യഹൂദ തനിമയിൽ ഏതിലെങ്കിലും വിട്ടുവീഴ്ച ചെയ്യുന്നതിൽ പ്രവാചകന്മാർ തയ്യാറായിരുന്നില്ല. യഹൂദവംശവുമായി ബന്ധമില്ലാത്തവരെ ഇസ്രായേലിന്റെ കൂട്ടായ്മയിൽ നിന്ന് ഒഴിച്ചുനിർത്തുന്ന രംഗങ്ങൾ നെഹെമിയായുടെ പുസ്തകത്തിലുണ്ട്. “ആ മാസം ഇരുപത്തിനാലാം ദിവസം ഇസ്രായേൽ ജനം ... അന്യജനതകളിൽ നിന്ന് വേർതിരിയുകയും, എഴുന്നേറ്റ് നിന്ന് തങ്ങളുടെ പാപങ്ങളും പിതാക്കന്മാരുടെ അകൃത്യങ്ങളും ഏറ്റുപറയുകയും ചെയ്തു" (നെഹെ 9,1-2). “നിയമം വായിച്ചുകേട്ട ജനം അന്യജനതകളെ ഇസ്രായേൽ ജനത്തിൽനിന്നകറ്റി” (നെഹ 13, 3).

മിശ്രവിവാഹം നിഷിദ്ധമായിട്ടാണ് ഈ പുസ്തകങ്ങളിൽ നാം കാണുന്നത്. അഷ്ദോദ്, അമ്മോൻ, മൊവാബ്, ദേശങ്ങളിലെ സ്ത്രീകളെ വിവാഹം ചെയ്ത യഹൂദരിലുണ്ടായ സന്താനങ്ങൾക്ക് ഹെബ്രായ ഭാഷ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രവാചകന്മാർ അവരോടു കലഹിക്കുകയും, അവരെ ശപിക്കുകയും പ്രഹരിക്കുകയും ചെയ്തു (നെഹ 13,23-25). അക്കാലത്ത് ഇസ്രായേലിന്റെ പ്രധാന പുരോഹിതനായിരുന്ന എസ്രാ അന്യമതങ്ങളിൽ നിന്നും വിവാഹം കഴിച്ചവരോട് അവരുടെ ഭാര്യമാരെ ഉപേക്ഷിക്കാൻവരെ ആജ്ഞാപിക്കുന്നുണ്ട്. “നിങ്ങൾ നിയമം ലംഘിച്ച് അന്യമതസ്ഥരായ സ്ത്രീകളെ വിവാഹം ചെയ്യുകയും ഇസ്രായേലിന്റെ പാപം വർദ്ധിപ്പിക്കുകയും ചെയ്തു.... ദേശവാസികളിൽ നിന്നും അന്യസ്ത്രീകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുവിൻ. അപ്പോൾ സമൂഹം മുഴുവൻ ഉച്ചസ്വരത്തിൽ പ്രതിവചിച്ചു... അങ്ങനെതന്നെ. അങ്ങു പറഞ്ഞതുപോലെ ഞങ്ങൾ ചെയ്യും ..." (എസ്രാ 10,11-12).

മേൽവിവരിച്ച നിഷേധാത്മകമായ നിലപാടുകൾക്കിടയിലും ഇതരമതങ്ങളോടും അവയുടെ ദൈവങ്ങളോടും സഹിഷ്ണുത കാണിക്കുന്ന പുസ്തകങ്ങൾ പ്രവാചകന്മാരുടെ കാലഘട്ടത്തിലുണ്ടായിട്ടുണ്ട്. ഇത്തരുണത്തിൽ റൂത്തിന്റെ പുസ്തകം ശ്രദ്ധേയമാണ്. യഹൂദവംശജനല്ലാത്ത റൂത്തിനെ ഇസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിച്ചതാണ് റൂത്തിന്റെ ഗ്രന്ഥത്തിന്റെ പ്രമേയം. മോവാബ് ദേശത്തുവസിച്ചിരുന്ന ഇസ്രായേല്യരായ എലിമലെക്കിന്റെയും നവോമിയുടെയും കുടുംബത്തിൽ മരുമകളായാണ് മോവാബ്യയായ റൂത്ത് വരുന്നത്. ഭർത്താവും മക്കളും മരിച്ച നവോമി ഇസ്രായേലിലേക്കു തിരികെപോകാനൊരുങ്ങിയപ്പോൾ റൂത്ത് അമ്മായിയമ്മയെ അനുഗമിക്കുന്നു. മോവാബ്യയാണെങ്കിലും റൂത്തിനെ ഭർതൃബന്ധുവായ ബോവാസ് എന്ന ഇസ്രായേൽക്കാരൻ വിവാഹം ചെയ്യുന്നു. ഇവരിലുണ്ടായ ഓബദ് ദാവീദിന്റെ പിതാവായ ജെസ്സെയുടെ പിതാവാണ്. വിധവയായ മോവാബുകാരിയെ വിവാഹം വഴി ഇസ്രായേൽ വംശത്തിലേക്കു ചേർക്കുകയും മിശിഹായുടെ തായ്ഴിവഴിയായ ദാവീദിന്റെ വംശപരമ്പരയിലെ കണ്ണിയാകാൻ അനുവദിക്കുകയും ചെയ്തതിലൂടെ വിജാതീയരോടുള്ള യഹൂദരുടെ തുറന്ന മനോഭാവമാണ് റൂത്തിന്റെ ഗ്രന്ഥം പ്രകടമാക്കുന്നത്.

സാർവ്വത്രികമായി ദൈവമൊരുക്കിയിരിക്കുന്ന രക്ഷയുടെ സന്ദേശമാണ് ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലൂടെ അനാവൃതമാകുന്നത്. “ഞാൻ എല്ലാ ജനതകളെയും സകലഭാഷകളിൽ സംസാരിക്കുന്നവരെയും ഒരുമിച്ച് കൂട്ടാൻ വരുന്നു. അവർ വന്ന് എന്റെ മഹത്വം ദർശിക്കും. ഏശയ്യായുടെ പുസ്തകത്തിൽ നാം വീണ്ടും വായിക്കുന്നു: “എന്റെ ഭവനം എല്ലാ ജനതകൾക്കും വേണ്ടിയുള്ള പ്രാർത്ഥനാലയം എന്ന് വിളിക്കപ്പെടും" (ഏശ 56,7). ആമോസിന്റെ പ്രവചന ഗ്രന്ഥമാകട്ടെ പക്ഷപാതമില്ലാതെ സകലർക്കും ഒരുപോലെ ബാധകമായ ദൈവനീതിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.

യോനാപ്രവാചകന്റെ ഗ്രന്ഥം വെളിവാക്കുന്നതും വിജാതീയരോടുള്ള യഹോവയുടെ കരുണാർദ്രമായ സ്നേഹമനോഭാവമാണ്. തിന്മയിൽ മുഴുകിക്കഴിഞ്ഞിരുന്ന നിനെവേക്കാരോട് അനുതപിക്കാൻ ആവശ്യപ്പെടാൻ ദൈവം യോനായെ നിയോഗിക്കുന്നു. എന്നാൽ വിജാതീയമായ നിനവേക്കാർ മനസ്സുമാറി രക്ഷപ്രാപിക്കുന്നത് ഉൾക്കൊള്ളാനാവാത്ത യോന യഹോവയുടെ അഭ്യർത്ഥന നിരസിക്കുന്നു. പിന്നീട് അത്ഭുതകരമായ ദൈവിക ഇടപെടൽമൂലം യോനായ്ക്ക് നിനവേയിൽ എത്തി വചനം പ്രഘോഷിക്കേണ്ടിവന്നു. മാനസാന്തരപ്പെടാനുള്ള ആഹ്വാനം യോനായുടെ പ്രതീക്ഷക്കു വിപരീതമായി നിനവേക്കാർ ചെവിക്കൊണ്ടു. ദുഷ്ടതയിൽ നിന്ന് പിൻമാറിയ നിനവേക്കാരോടു കരുണകാട്ടിയതിൽ യോന കുപിതനായപ്പോൾ ദൈവം നൽകുന്ന മറുപടിയാണ് യോനായുടെ പുസ്തകത്തിന്റെ അന്തഃസത്ത. “ഇടം വലം തിരിച്ചറിയാൻ കഴിയാത്ത ഒരുലക്ഷത്തി ഇരുപതിനായിരത്തിൽപരം മനുഷ്യരും അസംഖ്യം മൃഗങ്ങളും അധിവസിക്കുന്ന മഹാനഗരമായ നിനെവേയോട് എനിക്ക് അനുകമ്പതോന്നരുതെന്നോ” (യോനാ 4,11). രക്ഷ തങ്ങളുടെ മാത്രം അവകാശമാണെന്നു ധരിച്ചിരുന്ന ഇസ്രായേൽ ജനത്തിന്റെ ഇടുങ്ങിയ ചിന്താഗതിക്കുള്ള മറുപടിയാണ് യഹോവ അവരുടെ പ്രതിനിധിയായി ചിത്രീകരിച്ചിരിക്കുന്ന യോനായ്ക്കു നൽകുന്നത്. സകലത്തിന്റെയും സ്രഷ്ടാവായ ദൈവത്തിന്റെ കാരുണ്യത്തിന് അതിരുകളില്ലെന്നും യഹൂദരെപ്പോലെ എല്ലാ ജനതകളും ദൈവത്തിന്റെ മക്കളാണെന്നും എല്ലാവരും രക്ഷപെടണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം (R. J. Platinga (ed)., Christianity and Plurality, P. 17).

വിജാതിയരോടും ഇതരമതക്കാരോടുമുള്ള വിശാലവും ഭാവാത്മകവുമായ പഴയനിയമസമീപനത്തിനുദാഹരണം മലാക്കിയുടെ പുസ്തകത്തിലും കാണാം. പ്രവാചകനായ മലാക്കി പറയുന്നു. “സൂര്യോദയം മുതൽ അസ്തമയം വരെ എന്റെ നാമം ജനതകളുടെ ഇടയിലും മഹത്വപൂർണ്ണമാണ്; എല്ലായിടത്തും എന്റെ നാമത്തിന് ധൂപവും ശുദ്ധമായ കാഴ്ചയും അർപ്പിക്കപ്പെടുന്നു. എന്തെന്നാൽ ജനതകളുടെ ഇടയിൽ എന്റെ നാമം ഉന്നതമാണ്” (മലാക്കി 1,11).

ഉപസംഹാരം

പഴയനിയമത്തിന്റെ ഏടുകളിൽ ഒരേ സമയം നിഷേധാത്മകവും ഭാവാത്മകവുമായ സമീപനങ്ങൾ നാം കാണുന്നുണ്ട്. എന്തുകൊണ്ടാണ് സാർവ്വത്രിക രക്ഷയെ പ്രഘോഷിക്കുന്നതിനൊപ്പം പഴയനിയമം അസഹിഷ്ണുത പ്രകടമാക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്. ഇസ്രായേൽ ജനവും യഹോവയുമായി ചെയ്ത ഉടമ്പടിയുടെ പശ്ചാത്തലത്തിൽ മാത്രമാണ് നമുക്കീ ചോദ്യത്തിന് തൃപ്തികരവും യുക്തിസഹവുമായ ഉത്തരം കണ്ടെത്താനാവുന്നത്.

ഇസ്രായേലും യഹോവയും തമ്മിലുള്ള ഉടമ്പടിയുടെ ആദ്യ വാചകം “നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവുമായിരിക്കും" എന്നാണല്ലോ. ഉടമ്പടിപ്രകാരം വിഗ്രഹാരാധന വ്യഭിചാരകുറ്റത്തിന് സമമായിരുന്നു. മാത്രമല്ല ഇതരമതങ്ങളും അവരുടെ ആചാരാനുഷ്ഠാനങ്ങളുമായുള്ള സമ്പർക്കം വിശുദ്ധഗ്രന്ഥം ഉയർത്തിപ്പിടിക്കുന്ന മനുഷ്യമഹത്വത്തിനും, ധാർമ്മിക ജീവിതത്തിനും ഭീഷണിയായേക്കാമെന്ന് പ്രവാചകന്മാർക്കു തോന്നി. ഉദാഹരണമായി, കാനാൻകാരുമായിട്ടുള്ള സമ്പർക്കം നിമിത്തം ആ സംസ്ക്കാരത്തിൽ നിലനിന്നിരുന്ന നരബലി, വ്യഭിചാരം, ബഹുദൈവപൂജ, വിഗ്രഹാരാധന, ആഭിചാരം, തുടങ്ങിയ ഹീനകൃത്യങ്ങൾ ഇസ്രായേലിൽ പ്രചരിക്കാനിടയായി (മിക്കാ 6,6-15). അപ്പോൾ വിജാതിയരോട് അകന്നു നിൽക്കാനുള്ള പഴയ നിയമ ആഹ്വാനത്തിന്റെ കാരണം അവയോടുള്ള അന്ധമായ വിരോധമല്ല, മറിച്ച് അവരുടെ ഇടയിൽ നിലനിന്നിരുന്ന ഹീനകൃത്യങ്ങളും അന്ധവിശ്വാസങ്ങളും യഹൂദരിലേക്ക് സംക്രമിക്കാതിരിക്കാനുള്ള മുൻകരുതലാണെന്ന് വ്യക്തമാകും. യഹൂദരുടെ ധാർമ്മികവും സാംസ്കാരികവുമായ മൂല്യങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായിരുന്നു അന്യമതവിരോധമെന്ന് സാരം (Rui de Menezes, Pluralism in the OT, VJTR, 64 (2000) p. 841).

സാംസ്കാരികമെന്നതുപോലെ രാഷ്ട്രീയമായ ചിലകാരണങ്ങളുമുണ്ട് യഹൂദരുടെ വിജാതിയ വിരോധത്തിന്. അമ്മോന്യരോടും, മോവാബ്യരോടും നിയമാവർത്തന പുസ്തകത്തിൽ ശത്രുതാമനോഭാവമാണ് കാണുന്നത്. ഇതിനു കാരണം ഈജിപ്തിൽ നിന്ന് കാനാൻദേശത്തേക്കുള്ള ഇസ്രായേലിന്റെ യാത്രയിൽ ഇവർ അപ്പവും ജലവും നൽകിയില്ലെന്നതും ഇസ്രായേക്കാർക്ക് തങ്ങളുടെ രാജ്യത്തുകൂടി സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു എന്നതുമാണ്. അതേസമയം നിയമാവർത്തന ഗ്രന്ഥകാരൻ ഈജിപ്തുകാരെ വെറുക്കരുതെന്നാണ് പഠിപ്പിക്കുന്നത്. കാരണം അവിടെ ഇസ്രായേൽക്കാർ പരദേശികളായി കഴിഞ്ഞിരുന്നതാണ്. ഇതുപോലെ സഹോദരജനമായ ഏദോമ്യരോട് സൗഹൃദം പുലർത്തണമെന്നും നിയമാവർത്തന പുസ്തകം പറയുന്നുണ്ട് (നിയ 23,1-8). ഇതിൽ നിന്നും വിജാതിയരോടുള്ള വിദ്വേഷത്തിന് മതപരമെന്നതിനെക്കാൾ രാഷ്ട്രീയ പ്രേരിതമായ ഘടകങ്ങളാണ് നിദാനമായതെന്ന് വ്യക്തമാകുന്നുണ്ട്.

ഇസ്രായേൽക്കാരുടെ ഇതരമതമനോഭാവത്തെ രൂപപ്പെടുത്തിയ ഘടകങ്ങൾ അവലോകനം ചെയ്യുമ്പോൾ ചർച്ചചെയ്യപ്പെടേണ്ട മറ്റൊന്ന് രാഷ്ട്രീയ സ്വാതന്ത്ര്യമാണ്. സ്വയം ഭരണാധികാരമുള്ള ശക്തമായ രാജ്യമായി നിലനിന്നപ്പോഴെല്ലാം യഹൂദരിൽ നിഷേധാത്മക ചിന്താഗതികളും ശക്തിപ്പെട്ടിരുന്നതായിക്കാണാം. കാനാൻ ദേശത്തെത്തി സ്വതന്ത്രരാഷ്ട്രമാകുന്നതോടെയാണ് ഇതരമതസമ്പർക്കത്തിന് തടസ്സങ്ങൾ ഉണ്ടാകുന്നത്. പരാശ്രയം കൂടാതെ സ്വന്തം കാലിൽ നിൽക്കാൻ കഴിയുമ്പോൾ ആരിലും ആധിപത്യഭാവം ഉണ്ടാകുമെന്നത് സാമാന്യതത്വമാണല്ലോ. ബാബിലോൺ പ്രവാസത്തിനുശേഷം മടങ്ങിയെത്തി നഗരവും ദേവാലയവും പുനർനിർമ്മിക്കുകയും വീണ്ടും സംഘടിതശക്തിയാവുകയും ചെയ്തപ്പോൾ എസ്രാ- നെഹെമിയായുടെ കാലത്തെ സേഛ്വാധിപത്യപരവും സങ്കുചിതവുമായ നിലപാടുകളിലേക്കു ഇസ്രായേൽ നീങ്ങിയത് ഈ വാദത്തെ ഉറപ്പിക്കാനുതകുന്നതാണ്.

അന്യമതങ്ങൾക്ക് ആധിപത്യമുള്ള രാജ്യങ്ങളുടെ കീഴിലായിരുന്നപ്പോൾ അതിജീവനത്തിന്റെ ആദ്യപടിയായ സഹവർത്തിത്വത്തിലാണ് ഇസ്രായേൽ ജനത കഴിഞ്ഞത്. രാഷ്ട്രീയവും സാമ്പത്തികവുമായ പുരോഗതി ഉണ്ടാകുന്ന സന്ദർഭങ്ങളിൽ തങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട ജനമെന്ന പദവി സേവനത്തിനുള്ള വിളിയാണെന്ന കാര്യം മറന്ന് മേൽകോയ്മക്കുള്ള മാധ്യമമായി തെറ്റിദ്ധരിച്ചതാവാം നിഷേധാത്മകമായ ഇതര മതമനോഭാവം യഹൂദരിൽ രൂപപ്പെടാൻ പ്രധാന കാരണം.

ബഹുത - പഴയനിയമത്തിൽ ഉത്പത്തി 1-11 അദ്ധ്യായങ്ങൾ നോഹയുമായുള്ള ഉടമ്പടി ബാബേൽ സംഭവം പൂർവ്വപിതാക്കന്മാരുടെ കാലഘട്ടം മേശയുടെ കാലഘട്ടം ജ്ഞാനപുസ്തകങ്ങളും സങ്കീർത്തനങ്ങളും പ്രവാചകൻമാരുടെ കാലഘട്ടം ഇതരമതദൈവശാസ്ത്രം ഒരാമുഖം Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message