x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ ഇതര മതസംവാദം

കൗൺസിലും ഇതരമതങ്ങളും

Authored by : Dr. Vincent Kundukulam, Fr. Tom Olikkarottu On 24-Feb-2023

8

കൗൺസിലും ഇതരമതങ്ങളും

രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ പ്രാരംഭത്തിൽ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ പ്രാർത്ഥന “പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ; ഒരു പുതിയ പെന്തക്കുസ്താ അനുഭവം നൽകി സഭയെ നവീകരിക്കണമേ” എന്നായിരുന്നു. പരിശുദ്ധ പിതാവിന്റെ പ്രാർത്ഥന വിഫലമായില്ല. നവീകരണത്തിന്റെയും ഐക്യത്തിന്റെയും ആത്മാവ് സഭയിൽ പ്രവർത്തനനിരതമായി. ഇതിന്റെ ഏറ്റവും വലിയൊരു തെളിവാണ് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഇതരമതങ്ങളോടുള്ള നിഷേധാത്മകവും നിഷ്ക്രിയവുമായ മനോഭാവങ്ങൾക്കു പകരം രൂപപ്പെട്ട ക്രിയാത്മകമായ പഠനങ്ങളും സമീപനരീതികളും, അക്രൈസ്തവമതങ്ങൾ' (Nostra Aetate) എന്ന പ്രമാണരേഖയിലാണ് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഇതരമതദൈവശാസ്ത്രം പ്രധാനമായും ആവിഷ്കൃതമായത്. എങ്കിലും, "തിരുസഭ' (Lumen gentium) സഭ ആധുനികലോകത്തിൽ (Gaudium et spes) 'പ്രേഷിതപ്രവർത്തനം' (Ad Gentes) എന്നീ പ്രമാണ രേഖകളും ഈ വിഷയം പരാമർശിക്കുന്നുണ്ട്.

8.1 അക്രൈസ്തവമതങ്ങൾ (Nostra Aetate)

രണ്ടാം വത്തിക്കാൻ കൗൺസിൽ പുറപ്പെടുവിച്ച ഡിക്രികളിൽ ഏറ്റവും ചെറുതാണ് ഇതരമതങ്ങളോടുള്ള സഭയുടെ മനോഭാവം വ്യക്തമാക്കുന്ന അക്രൈസ്തവ മതങ്ങൾ. വലുപ്പത്തിൽ ചെറുതാണെങ്കിലും കൗൺസിലിനുശേഷം ഏറെ ചർച്ച ചെയ്യപ്പെട്ടതും ലോകജനതയുടെ ഇടയിൽ ക്രിസ്തുമതത്തിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചതുമായ രേഖകളിലൊന്നായിരുന്നു ഇത്.

സൂനഹദോസിന്റെ ആരംഭത്തിൽ ഇതരമതങ്ങളോടുള്ള സഭാവീക്ഷണം വ്യക്തമാക്കുന്ന ഒരു ഡിക്രി പുറപ്പെടുവിക്കണമെന്ന് കൗൺസിൽ ശിൽപിയായ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പാ ചിന്തിച്ചിരുന്നില്ല. “എക്യുമെനിസം” എന്ന പ്രമാണരേഖയുടെ ഭാഗമായി യഹൂദരോടുള്ള സഭാമനോഭാവം പ്രകടമാക്കുന്ന പ്രസ്താവന ഉണ്ടാകണമെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ അഭിലാഷം. പാപ്പായുടെ നിർദ്ദേശമനുസരിച്ച് കാർഡിനൽ ബെയ എക്യുമെനിസം എന്ന രേഖയിലെ നാലാം അദ്ധ്യായമായി യഹൂദരെ സംബന്ധിച്ചുള്ള സഭാനിലപാട് അവതരിപ്പിച്ചപ്പോൾ ഇതരമതങ്ങളോടുള്ള ബന്ധവും ശ്രദ്ധേയമായിത്തീരുകയാണുണ്ടായത്.

യഹൂദരെ ശ്ലാഘിച്ച് കൗൺസിൽ രേഖ പുറപ്പെടുവിച്ചാൽ അത് അറബ് രാജ്യങ്ങളിൽ അസ്വസ്ഥതയ്ക്കു വഴിതുറക്കുമെന്ന് പൗരസ്ത്യ പിതാക്കന്മാർ വാദിച്ചു. എന്നാൽ യഹൂദർ ദൈവ ഘാതകരാണെന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള നിലപാട് സഭ തുടരുന്നില്ല എന്ന സന്ദേശം നൽകാൻ സംവിധാനം ഉണ്ടാകണം എന്ന കാഴ്ചപ്പാടും ശക്തമായിരുന്നു. ഈ നിർദ്ദേശങ്ങൾക്ക് സമവായം എന്ന നിലയിലാണ് അക്രൈസ്തവമതങ്ങളെപ്പറ്റി ഒരു പ്രമാണരേഖ തയ്യാറാക്കാനുള്ള തീരുമാനം രൂപപ്പെട്ടത്. 1965 ഡിസംബർ 28-ന് പാസ്സാക്കിയ ഈ രേഖയിൽ ഹിന്ദു-മുസ്ലിം യഹൂദ-ബൗദ്ധ മതങ്ങളെ ഭാവാത്മകമായി ചിത്രീകരിച്ചത് ഇതരമത ദൈവശാസ്ത്ര മേഖലയിലെ നൂതന കാൽവയ്പായി വിലയിരുത്തപ്പെടുന്നു.

ഇതരമതങ്ങളുമായി താരതമ്യം ചെയ്ത് ക്രിസ്തുമതത്തിന്റെ തനിമ നിർവചിക്കുന്ന പതിവിൽനിന്ന് വ്യത്യസ്തമായി മനുഷ്യരെ പരസ്പരം ഐക്യപ്പെടുത്തുന്ന തലങ്ങളെക്കുറിച്ചുള്ള അന്വേഷണത്തോടെയാണ് രേഖ തുടങ്ങുന്നത്: “ഒരൊറ്റ സമൂഹത്തിൽപ്പെട്ടവരാണ് എല്ലാ ജനങ്ങളും. അവരുടെ ഉത്ഭവസ്ഥാനവും ഒന്നുതന്നെ. കാരണം മനുഷ്യവംശത്തെ ഭൂമുഖം പരക്കെ നിവസിപ്പിച്ചത് ദൈവമാണ്. എല്ലാ മനുഷ്യരുടെയും ആത്യന്തിക ലക്ഷ്യവും ഒന്നുതന്നെ- ദൈവം. അവിടുത്തെ പരിപാലനയും നന്മയുടെ ആവിഷ്ക്കാരങ്ങളും രക്ഷാകര പദ്ധതികളും എല്ലാവരെയും സമാശ്ലേഷിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം ദൈവമഹിമയാൽ പ്രദീപ്തമായ പരിശുദ്ധ നഗരത്തിൽ സമ്മേളിക്കുന്നതുവരെ ഇത് തുടർന്നുകൊണ്ടിരിക്കും. അവിടെ സമസ്തജനതകളും ദൈവികപ്രകാശത്തിലായിരിക്കും സഞ്ചരിക്കുന്നത്'(അക്രൈസ്തവ മതങ്ങൾ, 1).

ഇതരമതങ്ങളുടെ രക്ഷാകരമൂല്യത്തെ അംഗീകരിച്ചുകൊണ്ട് കൗൺസിൽ രേഖ തുടരുന്നു: “ഈ മതങ്ങളിൽ കാണുന്ന സത്യവും വിശുദ്ധവുമായ ഒന്നും കത്തോലിക്കാ തിരുസഭ തിരസ്കരിക്കുന്നില്ല. മറ്റ് മതങ്ങളിലെ പ്രവർത്തനരീതികളും ജീവിതമുറകളും പ്രമാണങ്ങളും സിദ്ധാന്തങ്ങളും തിരുസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവയിൽനിന്ന് പലതുകൊണ്ടും വ്യത്യസ്തങ്ങളാണ്. എങ്കിലും തിരുസഭ അവയെയെല്ലാം ആത്മാർത്ഥമായ ബഹുമാനത്തോടുകൂടിയാണ് നിരീക്ഷിക്കുന്നത്. കാരണം സർവമനുഷ്യരെയും പ്രകാശിപ്പിക്കുന്ന ആ സത്യത്തിന്റെ രശ്മി അവയിലെല്ലാം പ്രതിബിംബിക്കുന്നുണ്ട്' (അക്രൈസ്തവ മതങ്ങൾ, 2). ഇതരമതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും സത്യത്തിന്റെ രശ്മി - ക്രിസ്തു സാന്നിദ്ധ്യം - ഉണ്ടെന്ന ഈ പ്രഖ്യാപനം മതാന്തര ദൈവശാസ്ത്രത്തിന് വിപ്ലവകരമായ പ്രവർത്തനോർജ്ജമാണ് പകർന്നത്.

ഒരേ ദൈവത്തിന്റെ മക്കളായതിനാലും ഒരേ സത്യത്തിന്റെ കിരണങ്ങളാൽ പ്രോജ്വലിപ്പിക്കപ്പെടുന്നതിനാലും ക്രൈസ്തവർ ഇതര മതസ്ഥരോട് ഉത്തമ ബന്ധത്തിൽ ജീവിക്കണം എന്ന് രേഖ ഉദ്ബോധിപ്പിക്കുന്നു: “ഇക്കാരണത്താൽ തിരുസഭ സന്താനങ്ങളെ ഉത്തേജിപ്പിക്കുകയാണ്. ഇതര മതാനുയായികളുമായി വിവേകത്തോടും സ്നേഹത്തോടുംകൂടി വിശ്വാസത്തിനും ക്രിസ്തീയ ജീവിതത്തിനും സാക്ഷ്യം വഹിച്ചുകൊണ്ട് സംഭാഷണത്തിലും സഹകരണത്തിലും ഏർപ്പെടാൻ. അവരിൽ ദൃശ്യമാകുന്ന ആദ്ധ്യാത്മികവും ധാർമ്മികവുമായ നന്മകളും സാമൂഹിക സാംസ്കാരിക മൂല്യങ്ങളും അംഗീകരിച്ച് പരിരക്ഷിക്കുകയും അഭിവൃദ്ധമാക്കുകയും ചെയ്യണമെന്ന് സഭ ഉദ്ബോധിപ്പിക്കുന്നു' (അക്രൈസ്തവ മതങ്ങൾ,2).

"ദൈവഛായയിൽ സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യൻ. തന്മൂലം ഏതെങ്കിലും മനുഷ്യനോട് സഹോദരതുല്യം പെരുമാറാൻ സാധിക്കുന്നില്ലെങ്കിൽ ദൈവത്തെ സർവരുടെയും പിതാവേ എന്ന് അഭിസംബോധനചെയ്യാൻ സത്യത്തിൽ നമുക്കു സാധ്യമല്ല. മനുഷ്യന് ദൈവപിതാവിനോടും ഇതരസഹജരോടുമുള്ള ബന്ധം വിശുദ്ധലിഖിതം പറയുന്നതുപോലെ, അവിഭക്തമാണ് (1യോഹ 4,8).....ജാതി, മതം, വർണം, ജീവിത നിലവാരം എന്നിവയുടെ പേരിൽ മനുഷ്യനോട് വിവേചനം കാണിക്കുന്നതിനെയും മനുഷ്യനെ ഞെരുക്കുന്നതിനെയും സഭ അപലപിക്കുന്നു.... ഇതര മതസ്ഥരുടെ ഇടയിൽ സൗഹൃദം പുലർത്തക (1 പത്രോ 2,22). അതുപോലെ കഴിയുമെങ്കിൽ എല്ലാ മനുഷ്യരോടും സമാധാനത്തിൽ ജീവിക്കുവാൻ യത്നിക്കുക. അപ്പോഴാണ് ക്രൈസ്തവർ യഥാർത്ഥത്തിൽ സ്വർഗ പിതാവിന്റെ മക്കളായിത്തീരുന്നത്' (അക്രൈസ്തവ മതങ്ങൾ, 5).

ചരിത്രഗതിയിൽ പല കാരണങ്ങളാൽ അപഭ്രംശങ്ങൾക്ക് വിധേയമായിപ്പോയ യഹൂദ- ഇസ്ലാം ബന്ധത്തെ പുനർനിർവചിക്കാൻ കഴിഞ്ഞു എന്നത് കൗൺസിലിന്റെ നേട്ടമാണ്. വർഗ വൈരൃത്തിന്റെയും കുരിശുയുദ്ധങ്ങളുടെയും നാൾവഴികളിൽ നിന്ന് സമാധാനവും സാഹോദര്യവും പൂക്കുന്ന നാളെകളിലേക്ക് സർവ്വമനുഷ്യരെയും വിശിഷ്യാ യഹൂദരെയും മുസ്ലീങ്ങളെയും സഭ ക്ഷണിച്ചു. ഈ മൂന്നു മതങ്ങളും തമ്മിൽ വിശ്വാസത്തിലും പാരമ്പര്യത്തിലുമുള്ള പാരസ്പര്യങ്ങളിൽ ഊന്നിക്കൊണ്ട് ലോകനന്മയ്ക്കായി ഒരുമിച്ചു പ്രവർത്തിക്കാനുള്ള ആഹ്വാനമാണ് കൗൺസിൽ നടത്തിയത്.

ദൈവപുത്രന്റെ ഘാതകരായി യഹൂദരെ ചിത്രീകരിക്കാനും യഹൂദപീഡനങ്ങൾക്ക് മൗനാനുവാദം നല്കാനും ഇടയാക്കിയ സാഹചര്യങ്ങളെ കൗൺസിൽ അപലപിച്ചു. തിരഞ്ഞെടുക്കപ്പെട്ട ജനമെന്നനിലയിൽ യഹൂദർക്കുള്ള പ്രഥമസ്ഥാനവും രക്ഷാകര പദ്ധതിയിലെ കൂട്ടുത്തരവാദിത്വവും ഉയർത്തിക്കാട്ടിയാണ് യഹൂദബന്ധത്തെ ഊഷ്മളമാക്കാൻ കൗൺസിൽ ശ്രമിക്കുന്നത്. ദൈവത്തിന്റെ രക്ഷാകരമായ പദ്ധതിക്ക് യോജിച്ചവിധത്തിൽ തന്റെ വിശ്വാസവും തിരഞ്ഞെടുപ്പും പൂർവപിതാക്കന്മാരോടും മോശയോടും പ്രവാചകന്മാരോടും ബന്ധപ്പെട്ടാണ് മുളയെടുത്തതെന്ന് ക്രിസ്തുവിന്റെ സഭ തുറന്നു സമ്മതിക്കുന്നു (അക്രൈസ്തവ മതങ്ങൾ, 4).

യഹൂദജനത്തിലൂടെയാണ് പഴയനിയമത്തിന്റെ വെളിപാട് താൻ സ്വീകരിച്ചതെന്നും ആ നല്ല ഒലിവുമരത്തിന്റെ ജീവരസത്തിൽ നിന്നാണ് താൻ പോഷണം സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും ഇതേ ഖണ്ഡികയിൽ കൗൺസിൽ സൂചിപ്പിക്കുന്നു.

ഇസ്ലാംമതവുമായുള്ള ബന്ധത്തെക്കുറിച്ച് കൗൺസിൽ ആദരപൂർവമാണ് സംസാരിച്ചിട്ടുള്ളത്. മുസ്ലീങ്ങൾ ക്രിസ്തുവിനെ ദൈവമായി അംഗീകരിക്കുന്നില്ലെങ്കിലും അവിടുത്തെ പ്രവാചകനായി വണങ്ങുന്നുണ്ടെന്നും പരിശുദ്ധ കന്യാമറിയത്തോടു പ്രാർത്ഥിക്കുന്നുണ്ടെന്നും പിതാക്കന്മാർ അനുസ്മരിക്കുന്നു. ഏക ദൈവത്തിലും അന്ത്യവിധിയിലും ഉയർത്തെഴുന്നേൽപ്പിലും സമാനമായി വിശ്വസിക്കുന്ന മുസ്ലീങ്ങൾക്കും ക്രൈസ്തവർക്കും ശത്രുതമറന്ന് യോജിച്ചു പ്രവർത്തിക്കാനാകുമെന്ന് കൗൺസിൽ പറയുന്നു: “കഴിഞ്ഞ പല നൂറ്റാണ്ടുകളിലും ക്രൈസ്തവരും മുഹമ്മദീയരും തമ്മിലുണ്ടായിട്ടുള്ള കലഹങ്ങളും ശത്രുതകളും കുറച്ചൊന്നുമല്ല. എങ്കിലും കഴിഞ്ഞതെല്ലാം അപ്പാടെ വിസ്മരിക്കണമെന്നാണ് പരിശുദ്ധ സൂനഹദോസിന്റെ ആഹ്വാനം. മാത്രമല്ല, പരസ്പരധാരണ സൃഷ്ടിക്കുന്നതിന് ഇരുകൂട്ടരും ആത്മാർത്ഥമായി പരിശ്രമിക്കണമെന്നുമാണ് സൂനഹദോസ് എല്ലാവരെയും ഉദ്ബോധിപ്പിക്കുന്നത്. അതോടൊപ്പംതന്നെ മാനവസമുദായത്തിനുവേണ്ടി സാമൂഹ്യനീതിയും ധാർമ്മികമൂല്യങ്ങളും സമാധാനവും സ്വാതന്ത്ര്യവുമെല്ലാം ഇരുകൂട്ടരും യോജിച്ചുനിന്ന് സംരക്ഷിക്കുകയും പ്രവൃദ്ധമാക്കുകയും വേണം" (അക്രൈസ്തവ മതങ്ങൾ, 3).

8.2 തിരുസഭ (Lumen Gentium)

അക്രൈസ്തവമതങ്ങൾ എന്ന രേഖയ്ക്കുപുറമെ സഭയെക്കുറിച്ചും അവളുടെ ഇഹലോകധർമ്മത്തെക്കുറിച്ചും പ്രതിപാദിക്കുന്ന രേഖകളിലും ഇതരമത ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങൾ കാണാനാവും. തിരുസഭ മാത്രമാണ് രക്ഷയുടെ ഏക മാർഗമെന്ന് സ്ഥാപിച്ചാൽ പിന്നെ ഇതര വിശ്വാസപന്ഥാവുകൾക്ക് പ്രസക്തിയില്ല. അക്കാരണത്താലാകാം സഭ, ഈ ലോകത്തിലെ യാഥാർത്ഥ്യം എന്ന നിലയിൽ, ആപേക്ഷികമാണെന്ന് "തിരുസഭ' എന്ന പ്രമാണരേഖ ഓർമ്മിപ്പിക്കുന്നത്.

ക്രിസ്തുവിനാൽ സ്ഥാപിതമായ തിരുസഭയിലാണ് ക്രിസ്തു സാന്നിദ്ധ്യം പ്രത്യേകമായുള്ളതെന്നും അതിനാൽ സഭയിൽ അംഗമാകുന്നത് രക്ഷയ്ക്ക് അനിവാര്യമാണെന്നും പ്രഖ്യാപിക്കുമ്പോൾത്തന്നെ സഭയാകുന്ന മൗതികശരീരത്തിലെ അംഗമായതുകൊണ്ടുമാത്രം രക്ഷപ്പെടില്ലെന്ന് കൗൺസിൽ സൂചിപ്പിക്കുന്നു. നിത്യരക്ഷയ്ക്ക് ഈ തീർത്ഥാടകസഭ അത്യാവശ്യമാണെന്നാണ് വിശുദ്ധലിഖിതങ്ങളും പാരമ്പര്യവും അടിസ്ഥാനമാക്കി സൂനഹദോസ് പഠിപ്പിക്കുന്നത്: 'കാരണം ഒരു മദ്ധ്യസ്ഥനേയുള്ളൂ. രക്ഷയുടെ വഴിയും ഒന്നുമാത്രം. അതാണ് ക്രിസ്തു.

അവിടുന്ന് സഭയാകുന്ന തന്റെ ശരീരത്തിലൂടെ നമ്മുടെ ഇടയിൽ സന്നിഹിതനാകുന്നു. സ്നേഹത്തിൽ നിലനിൽക്കാത്തവരും സഭയുടെ മടിത്തട്ടിൽ ആന്തരികമായി നിവസിക്കാതെ ബാഹ്യമാത്രമായി കഴിഞ്ഞുകൂടുന്നവരും സഭയുടെ അംഗങ്ങളായതു കൊണ്ടുമാത്രം രക്ഷപ്രാപിക്കുകയില്ല. മാത്രമല്ല കഠിമായ വിധിക്ക് പാത്രമാവുകകൂടി ചെയ്യും' (തിരുസഭ, 14).

സഭ പൂർണമായും ക്രിസ്തുവിന്റെ ശരീരമായി മാറുന്നത് ഒരു യുഗാന്ത്യോന്മുഖ പ്രതിഭാസമാണെന്നും ഈലോകത്തിൽ അത് പൂർണമല്ലെന്നും വ്യക്തമാക്കിക്കൊണ്ട് കൗൺസിൽ തുടരുന്നു: “മനുഷ്യവർഗവും, മനുഷ്യനോടു ബന്ധപ്പെട്ടിരിക്കുകയും അവനിൽക്കൂടി ലക്ഷ്യം പ്രാപിക്കുകയും ചെയ്യുന്ന വിശ്വം മുഴുവനും (2 പത്രോസ് 3,10-13; എഫേ 1,10; കൊളോ 1,20) പൂർണമായും ക്രിസ്തുവിൽ സംഘടിക്കപ്പെടും. അപ്പോൾ മാത്രമേ സഭ സ്വർഗീയമഹത്വത്തിന്റെ പൂർണതയിൽ എത്തിച്ചേരുകയുള്ളൂ. ഈ കാലത്തോടു ബന്ധപ്പെട്ട കൂദാശകളിലും സ്ഥാപനങ്ങളിലുമായി പ്രയാണംചെയ്യുന്ന തിരുസഭയ്ക്ക് കടന്നുപോകുന്ന ഈ ലോകത്തിന്റെ ഒരു ഛായയുണ്ട്. ഇതുവരെ നെടുവീർപ്പിട്ടു കൊണ്ടിരിക്കുയും പ്രസവവേദന അനുഭവിക്കുകയും ദൈവമക്കളുടെ വെളിപാടിനെ പ്രതീക്ഷിക്കുകയും ചെയ്യുന്ന സൃഷ്ടികളുടെ ഇടയിലാണ് അവൾ ജീവിക്കുന്നത്” (റോമാ 8,19-22; തിരുസഭ 48).

തിരുസഭ എന്ന പ്രമാണരേഖയിൽ ഇതരമതങ്ങളോടുള്ള തുറവി പ്രകടമാക്കുന്ന പ്രധാന സന്ദർഭം ദൈവജനത്തെപ്പറ്റിയുള്ള വിവരണമാണ്: "സുവിശേഷം സ്വീകരിക്കാത്തവരും ദൈവജനത്തോട് വിവിധ രീതികളിൽ ബന്ധപ്പെട്ടാണിരിക്കുന്നത്. സ്രഷ്ടാവായ ദൈവത്തെ ഏറ്റുപറയുന്നവരും അവിടുത്തെ പരിത്രാണപദ്ധതിയിലുൾപ്പെടുന്നു. ഛായകളിലും പ്രതിരൂപങ്ങളിലുംകൂടി അജ്ഞാതനായ ദൈവത്തെ അന്വേഷിക്കുന്നവരിൽ നിന്ന് അവിടുന്ന് വിദൂരത്തല്ല. കാരണം എല്ലാവർക്കും ജീവനും പ്രചോദനവും എന്നുവേണ്ട സകലതും പ്രദാനം ചെയ്യുന്നത് അവിടുന്നാണ് (നട 17,25-28). സകല മനുഷ്യരും രക്ഷപ്രാപിക്കണമെന്നതാണ് രക്ഷകനായ ദൈവത്തിന്റെ അഭിലാഷം (1 തിമോ 2,4). സ്വന്തം കുറ്റം കൂടാതെ ക്രിസ്തുവിന്റെ സുവിശേഷത്തെയും അവിടുത്തെ സഭയെയും അറിയാതിരിക്കുകയും അതേസമയം, ആത്മാർത്ഥ ഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുകയും മനഃസാക്ഷിയുടെ സ്വരത്തിലൂടെ പ്രകടമാകുന്ന ദൈവതിരുമനസ്സ് പ്രസാദവരത്തിന്റെ പ്രചോദനങ്ങൾക്കനുസൃതമായി നിറവേറ്റാൻ പരിശ്രമിക്കുകയും ചെയ്യുന്നവർക്കും നിത്യരക്ഷ പ്രാപിക്കാം' (തിരുസഭ, 16).

മാമ്മോദീസ സ്വീകരിച്ച് ദൃശ്യസഭയുടെ അംഗമാകുന്നവർക്കു പുറമെ നന്മ പ്രവർത്തിക്കുകയും ദൈവത്തെ ഭയപ്പെടുകയും ചെയ്യുന്നവരെയും ദൈവജനത്തിന്റെ ഭാഗമായി കാണുന്നതുവഴി രക്ഷയുടെ മാനദണ്ഡം മതത്തിന്റെ ബാഹ്യമായ വേലിക്കെട്ടുകൾക്കുപരിയാണെന്ന് കൗൺസിൽ വ്യക്തമാക്കുന്നു. മനഃസാക്ഷിയുടെ മന്ത്രണങ്ങൾക്കനുസരിച്ച് ദൈവതിരുമനസിന് കീഴ്വഴങ്ങി ജീവിക്കുന്നവരെയും, ബിംബങ്ങളുടെയും പ്രതീകങ്ങളുടെയും സഹായത്തോടെ ദൈവത്തെ അന്വേഷിക്കുന്നവരെയും, സ്രഷ്ടാവായി ഒരു ദൈവം ഉണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നവരെയും രക്ഷാകരപദ്ധതിയുമായി ബന്ധപ്പെടുത്തുവാൻ കഴിഞ്ഞത് ഇതരമതങ്ങളോടെന്നല്ല സന്മനസ്സുള്ള ഏത് മനുഷ്യരോടും ഐക്യപ്പെട്ട് മനുഷ്യരക്ഷയ്ക്കായി പ്രവർത്തിക്കാൻ സഭക്ക് സാധ്യത നൽകുകയാണ് ചെയ്യുന്നത്. സഭയുടെ ദൃശ്യമണ്ഡലത്തിനുപുറത്തും സത്യത്തിന്റെയും വിശുദ്ധീകരണത്തിന്റെയും ധാരാളം ഘടകങ്ങൾ കാണുന്നുണ്ട് (തിരുസഭ, 8). മനുഷ്യരുടെ ഹൃദയത്തിലും മനസ്സിലും എന്തെല്ലാം നന്മയുണ്ടോ വിവിധ റീത്തുകളിലും സംസ്കാരങ്ങളിലും എന്തെല്ലാം അഭിലഷണീയമായിട്ടുണ്ടോ അതെല്ലാം അഭംഗുരം കാത്തുസൂക്ഷിക്കാൻ മാത്രമല്ല, അവയെ വളർത്തിയെടുക്കാനും അവയെ ന്യൂനമറ്റതും ഉന്നതവും പരിപൂർണവുമാക്കാനുമാണ് സഭ പരിശ്രമിക്കുന്നുന്നത് (തിരുസഭ, 17).

8.3 സഭ ആധുനികലോകത്തിൽ (Gaudium et spes)

സഭ ആധുനികലോകത്തിൽ എന്ന പ്രമാണരേഖയിൽ മതപരമായ അന്വേഷണം നടത്തുന്നവരെ മാത്രമല്ല, ഭൗതിക വിജ്ഞാനശാഖകളിലൂടെ സത്യാന്വേഷികളായിരിക്കുന്നവരെയും രക്ഷാകരപദ്ധതിയിൽ ഉൾചേർക്കുന്ന സമീപനമാണുള്ളത്. അതിന്റെ കാരണമാകട്ടെ ശാസ്ത്രത്തിന്റെയും വിശ്വാസത്തിന്റെയും ഉറവിടം ദൈവമാണെന്ന തിരിച്ചറിവും സൃഷ്ടവസ്തുക്കളിലും സൃഷ്ടിയായ മനുഷ്യരിലും തുടിക്കുന്നത് ഒരേ ഈശ്വര ചൈതന്യമാണെന്ന അവബോധവുമാണ്: 'ഭൗതിക വസ്തുക്കളും വിശ്വാസവിഷയങ്ങളും ഒരേ ദൈവത്തിൽനിന്നു തന്നെയാണ് നിർഗമിക്കുന്നത്. സ്ഥൈര്യത്തോടെ വിനയപൂർവം സത്യത്തിന്റെ ഉള്ളറകളിലേക്ക് കടന്നുചെല്ലുന്ന ഒരാൾ ഇതിനെപ്പറ്റി ബോധവാനല്ലെങ്കിൽത്തന്നെയും സമസൃഷ്ടികൾക്കും അസ്ഥിത്വംനൽകി പരിപാലിക്കുന്ന ദൈവതൃക്കരങ്ങളാലാണ് ആനയിക്കപ്പെടുന്നത്. ഇക്കാരണങ്ങളാൽ വിശ്വാസവും ശാസ്ത്രവും പരസ്പരം പൊരുത്തപ്പെടാത്ത ഘടകങ്ങളാണെന്നുള്ള ചിലരുടെ മനോഭാവം തികച്ചും അപലപനീയമാണ്' (സഭ ആധുനിക ലോകത്തിൽ, 36).

ക്രിസ്തുവിന്റെ ദൃശ്യസഭക്കുപുറമെ, ഭൗതിക- ആത്മീയ മേഖലകളിലായി പ്രവർത്തിക്കുന്ന നീതിഷ്ഠരായ വ്യക്തികളും സമൂഹങ്ങളും രക്ഷപ്രാപിക്കുന്നതിനുള്ള നിരവധി കാരണങ്ങൾ നിരത്തുമ്പോഴും എപ്രകാരമാണ് മാമ്മോദീസ സ്വീകരിക്കാതിരുന്നിട്ടും അവർ രക്ഷപ്രാപിക്കുന്നതെന്ന് കൗൺസിലിന് വ്യക്തമല്ല. പക്ഷേ, ഈ അവ്യക്തത അവരുടെ രക്ഷയെക്കുറിച്ച് നിഷേധാത്മകമായ നിലപാടെടുക്കുന്നതിനുപകരം, ഭാവാത്മകമായ സമീപനം ഉൾക്കൊള്ളാനാണ് കൗൺസിൽ പിതാക്കന്മാരെ പ്രചോദിപ്പിച്ചത്. കാരണം ക്രിസ്തുവിന്റെയും അവിടുത്തെ ആത്മാവിന്റെയും പ്രവർത്തനവഴികൾ മനുഷ്യബുദ്ധിക്ക് ദുർഗ്രഹവും അപ്രാപ്യവുമായതുതന്നെ. 'ക്രിസ്തു മരിച്ചത് എല്ലാവർക്കും വേണ്ടിയാണ്. മനുഷ്യന്റെ ആത്യന്തികമായ ആഹ്വാനം ഏകമാണ്, ദിവ്യവുമാണ്. തന്മൂലം എല്ലാ മനുഷ്യർക്കും പെസഹാരഹസ്യവുമായി സംയോജിക്കാനുള്ള സാധ്യത ദൈവത്തിനുമാത്രം ഗ്രാഹ്യമായരീതിയിൽ പവിത്രാത്മാവ് നൽകുന്നുണ്ടന്ന് നാം വിശ്വസിക്കേണ്ടിയിരിക്കുന്നു' (സഭ ആധുനിക ലോകത്തിൽ, 22).

8.4. പ്രേഷിതപ്രവർത്തനം (Ad Gentes)

കൗൺസിലിന്റെ പ്രേഷിതപ്രവർത്തനത്തെ സംബന്ധിക്കുന്ന പ്രമാണരേഖയിൽ സുവിശേഷം അറിയിക്കുന്നത് സഭയുടെ അടിസ്ഥാനദൗത്യമായി ഉയർത്തിക്കാണിക്കുന്നതോടൊപ്പം ഇതര മതപാരമ്പര്യങ്ങളിലും സംസ്കാരങ്ങളിലും ദൈവത്തിന്റെ സാന്നിദ്ധ്യവും കൃപാസ്പർശവും നന്മയുടെ പ്രഭാകിരണങ്ങളും നിക്ഷിപ്തമാണെന്നു പ്രഖ്യാപിക്കുന്നു. “മനുഷ്യവർഗത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ സാർവത്രികരക്ഷാകരപദ്ധതി മനുഷ്യഹൃദയത്തിൽ ഏതാണ്ട് നിഗൂഢമായ രീതിയിൽ മാത്രമല്ല നിർവഹിക്കപ്പെടുന്നത്.... ഒരുപക്ഷേ, ദൈവത്തെ കണ്ടെത്താമെന്നുവച്ച് മനുഷ്യൻ ചെയ്യുന്ന വിവിധങ്ങളായ പരിശ്രമങ്ങളിലും മതപരമായ പ്രയത്നങ്ങളിലും മാത്രമല്ല മേൽപ്പറഞ്ഞ രക്ഷാകരദൗത്യം നിർവഹിക്കപ്പെടുന്നത്. താദൃശശ്രമങ്ങൾ ദൈവത്തിന്റെ കരുണാമസൃണമായ പരിപാലനക്രമത്തിൽ ചിലപ്പോൾ സത്യദൈവത്തിലേക്കുള്ള ഒരു കൈചൂണ്ടിയായോ, സുവിശേഷ സ്വീകരണത്തിനുള്ള ഒരുക്കമായോ തീർന്നേക്കാം” (പ്രേഷിത പ്രവർത്തനം, 3).

ദൈവത്തിന്റെ രഹസ്യസാന്നിദ്ധ്യംകൊണ്ടെന്നതുപോലെ ജനപഥങ്ങളുടെ ഇടയിൽകാണപ്പെടുന്ന സത്യത്തിന്റെയും കൃപയുടെയും അംശങ്ങളെ ഈ പ്രേഷിതപ്രവർത്തനം തിന്മയുടെ കറകളിൽനിന്നു വിമുക്തമാക്കി ക്രിസ്തുവിന്റെ പക്കൽ തിരിച്ചേൽപ്പിക്കുന്നു. തത്ഫലമായി മനുഷ്യഹൃദയത്തിലും മനസ്സിലും ജനതകളുടെ പ്രത്യേകമായ ആചാരവിധികളിലും സംസ്കാരങ്ങളിലും നന്മയായി കാണുന്നതെല്ലാം നശിപ്പിക്കുന്നില്ലെന്നുമാത്രമല്ല വിശുദ്ധീകരിച്ചുയർത്തുകയും ചെയ്യുന്നു (പ്രേഷിത പ്രവർത്തനം, 9).

"ക്രിസ്തുവിന് ഫലപ്രദമായി സാക്ഷ്യം നൽകാൻ ക്രൈസ്തവർ മറ്റുള്ളവരുമായി പരസ്പരം സ്നേഹത്തിലും ആദരവിലും വർത്തിക്കണം. തങ്ങൾ ജീവിക്കുന്ന സമൂഹത്തിന്റെ യഥാർത്ഥ അംഗങ്ങളായി സ്വയം പരിഗണിക്കുകയും തങ്ങളുടെ ദേശീയവും മതപരവുമായ പാരമ്പര്യങ്ങളെ അടുത്തറിയുകയും അവയിൽ മറഞ്ഞുകിടക്കുന്ന ദൈവവചനത്തിന്റെ വിത്തുകൾ സന്തോഷത്തോടും ആദരവോടുംകൂടി ആരായുകയും വേണം' (പ്രേഷിത പ്രവർത്തനം,11).

സഭക്കുപുറമെ രക്ഷയില്ലെന്ന ഭൂതകാല സങ്കൽപ്പത്തിൽനിന്ന് ഇതരമതങ്ങളിൽ ക്രിസ്തുവിന്റെ രക്ഷാകരസാന്നിദ്ധ്യമുണ്ടെന്നും അവയിൽ വചനവിത്തുകളുണ്ടെന്നും അവ സത്യ ദൈവത്തിലേക്കുള്ള കൈചൂണ്ടികളാണെന്നുമുള്ള തിരിച്ചറിവിലേക്കു വളരുന്നതിൽ പിതാക്കന്മാർക്ക് വഴികാട്ടിയായ താഴെപ്പറയുന്ന ദൈവശാസ്ത്രചിന്തകൾ ഉദാത്തമാണ്. “ദൈവത്തിന്റെ ചായയിലും സാദൃശ്യത്തിലുമാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്. മനുഷ്യവംശത്തിന്റെ ആരംഭവും അവസാനവും ഈ ദൈവത്തിൽത്തന്നെയാണ്. എല്ലാ മനുഷ്യരും രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്ന സ്നേഹപിതാവായ ദൈവം തന്റെ പുത്രന്റെ ആത്മബലിയിലൂടെ ലോകത്തെ മുഴുവൻ രക്ഷയിലേക്ക് ഉൾച്ചേർത്തിരിക്കുന്നു. പരിശുദ്ധാത്മാവിന്റെ പ്രവർത്തന ഫലമായാണ് വിവിധസംസ്കാരങ്ങളിൽ സത്യത്തിന്റെയും നന്മയുടേതുമായ മൂല്യങ്ങൾ പുഷ്പിക്കുന്നത്".

ദൈവശാസ്ത്രജ്ഞനായ അവരി ഡള്ളസിന്റെ അഭിപ്രായത്തിൽ കൗൺസിലിനുമുമ്പുള്ള കാലഘട്ടത്തിൽ മാർപാപ്പായും മെത്രാന്മാരും വൈദികരും അടങ്ങുന്ന ഒരു സമൂഹം ദൈവകൃപയെ നിയന്ത്രിച്ചിരുന്നു എന്ന ചിന്താഗതി പ്രബലമായിരുന്നു. ദൈവകൃപയുടെ കുത്തക സഭയ്ക്കാണെന്ന ധാരണയ്ക്ക് കൗൺസിൽ വിരാമമിട്ടു (A. Dulles, "Models of the Church", p. 35). വ്യത്യസ്തസംസ്കാരങ്ങളിൽ വസിക്കുന്ന ജനവിഭാഗങ്ങൾക്ക് ദൈവം തന്റെ ഇച്ഛക്കൊത്തവിധം രക്ഷാകരമായ കൃപ സംലഭ്യമാക്കുന്നു എന്നാണ് കൗൺസിലിന്റെ പഠനം വ്യക്തമാക്കുന്നത്.

വിശാലമായ ഇതരമത മനോഭാവങ്ങൾ രൂപപ്പെടുത്തിയപ്പോഴും ക്രൈസ്തവേതരമായ മതാനുഷ്ഠാനങ്ങളും വിശ്വാസങ്ങളുമെല്ലാം അവയിൽത്തന്നെ രക്ഷാകരമാണെന്നോ, രക്ഷയ്ക്ക് ക്രിസ്തുവും സഭയും ആവശ്യമില്ലെന്നോ കൗൺസിൽ പഠിപ്പിച്ചിട്ടില്ല എന്നത് വളരെ ശ്രദ്ധാർഹമാണ്. ഇതരമതങ്ങളിൽ സുവിശേഷത്തിന് വിരുദ്ധമല്ലാത്ത കാര്യങ്ങൾക്കുമാത്രമാണ് രക്ഷാകരമൂല്യം കൽപ്പിക്കുന്നത്. അവയുടെ സ്രോതസ്സാകട്ടെ ക്രിസ്തുതന്നെയാണ്. മനഃസാക്ഷിയുടെ സ്വരത്തിനും തനതു സംസ്കാരങ്ങളിലെ വിശുദ്ധവും നീതിഷ്ഠവുമായ വ്യവസ്ഥകൾക്കുമനുസരിച്ചു ജീവിക്കുമ്പോൾ അവരറിയുന്നില്ലെങ്കിലും അക്രൈസ്തവർ ക്രിസ്തുവിൽനിന്നു രഹസ്യാത്മകമായ രീതിയിൽ കൃപ സ്വീകരിക്കുന്നു. ഈ കൃപയാകട്ടെ ദൈവത്തിനുമാത്രം സുഗ്രാഹ്യമായ വിധത്തിൽ സഭയിലൂടെ നൽകപ്പെടുന്നു. ക്രിസ്തുവിന്റെ അനന്യതയും സഭയുടെ ഏകത്വവും ഇതരമതങ്ങളോടുള്ള തുറവിയും സന്തുലിതമായ രീതിയിൽ സമ്മേളിച്ചിരിക്കുന്ന കൗൺസിൽ പഠനങ്ങൾ കത്തോലിക്കാ ഇതരമതദൈവശാസ്ത്രത്തിന്റെ വളർച്ചയിൽ എന്നും വഴികാട്ടിയായിരിക്കും.

അക്രൈസ്തവമതങ്ങൾ (Nostra Aetate) കൗൺസിലും ഇതരമതങ്ങളും തിരുസഭ (Lumen Gentium) പ്രേഷിതപ്രവർത്തനം (Ad Gentes) സഭ ആധുനികലോകത്തിൽ (Gaudium et spes) Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message