x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

west സമകാലിക സംവാദങ്ങൾ/ പെന്തക്കോസ്ത് പ്രസ്ഥാനങ്ങൾ

കത്തോലിക്കര്‍ വിഗ്രഹാരാധകരാണോ?

Authored by : Mar Joseph Pamplany On 15-Sep-2020

ദേവാലയങ്ങളിലെ തിരുസ്വരൂപങ്ങളുടെ ഉപയോഗം മൂലം കത്തോലിക്കരെ വിഗ്രഹാരാധകരായി ചിത്രീകരിക്കുന്നവരുണ്ട്. പുറ 20:4-5; നിയ 5:8-9 എന്നീ വചനങ്ങളുടെ വെളിച്ചത്തില്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവവിഭാഗങ്ങളുടെ തിരുസ്വരൂപവണക്കത്തെ വിഗ്രഹാരാധനയായി അധിക്ഷേപിക്കുന്നതിന് ചില വിഘടിതവിഭാഗങ്ങള്‍ ശ്രമിക്കാറുണ്ട്. ഈ വചനഭാഗങ്ങളുടെ വ്യാഖ്യാനം മുന്‍ അധ്യായത്തില്‍ നല്‍കിയിരിക്കുന്നതിന്‍റെ തുടര്‍ച്ചയായി മനസ്സിലാക്കാം.

എന്താണു വിഗ്രഹം

ഏകസത്യദൈവത്തിനുപകരമായി മനുഷ്യന്‍ സങ്കല്‍പിക്കുന്നതെന്തും വിഗ്രഹമാകാം. അതൊരു വസ്തുവോ വ്യക്തിയോ ആശയമോ ആകാം. ബഹുദൈവവിശ്വാസികളായ വിജാതീയരുടെയിടയില്‍ വസിച്ചിരുന്നതിനാല്‍ ഇസ്രായേല്‍ക്കാര്‍ വിജാതീയ ദേവീദേവന്മാരുടെ വിഗ്രഹങ്ങളിലേക്ക് നിരന്തരം ആകര്‍ഷിക്കപ്പെട്ടിരുന്നു. ഇതിനെതിരായാണ് ഒന്നാംപ്രമാണവും അതിന്‍റെ വ്യാഖ്യാനവും ദൈവം നല്‍കിയത്. എല്ലാ രൂപങ്ങളും വിഗ്രഹങ്ങളല്ല. ഭൂമിയിലുള്ള സകലസൃഷ്ടികള്‍ക്കും രൂപങ്ങളുണ്ട്. തന്മൂലം രുപങ്ങളെയെല്ലാം വിഗ്രഹങ്ങളായി പരിഗണിച്ചാല്‍ സൃഷ്ടപ്രപഞ്ചം വിഗ്രഹങ്ങളാല്‍ നിറഞ്ഞിരിക്കുന്നു എന്നു കരുതേണ്ടിവരും. മനുഷ്യന്‍ നിര്‍മ്മിക്കുന്ന രൂപങ്ങളെല്ലാം വിഗ്രഹങ്ങളാണെന്നു പറയാനാകുമോ? മനുഷ്യനിര്‍മ്മിതമായ മേശയും കസേരയും കാറും വീടും നിയതമായ അര്‍ത്ഥത്തില്‍ രൂപങ്ങളാണല്ലോ. ചോറുണ്ണാനായി ഉരുട്ടുന്ന ഉരുളയ്ക്കും രൂപമുണ്ട്. സകലരൂപങ്ങളുടേയും നിര്‍മ്മാണം ദൈവം വിലക്കിയിരിക്കുന്നു എന്നു വാദിച്ചാല്‍ ഇവയെല്ലാം പാപകാരണങ്ങളാകുന്നു. എന്നാല്‍ മേല്‍പറഞ്ഞവയൊന്നും വിഗ്രഹമാണെന്ന് ആരും ചിന്തിക്കുന്നില്ല. അതായത് രൂപങ്ങളുടെ നിര്‍മ്മാണമല്ല അവയെ ആരാധിക്കുന്നതാണ് തിന്മ എന്നു മനസ്സിലാക്കാം. ഏതെങ്കിലും രൂപങ്ങളെ ദൈവതുല്യമായി കരുതി ആദരിക്കുന്നതും ആരാധിക്കുന്നതുമാണ് വിഗ്രഹാരാധന.

രൂപങ്ങളുടെ നിര്‍മ്മാണം ദൈവംതന്നെ ആവശ്യപ്പെടുന്നതായി ബൈബിളില്‍ കാണാം. സമാഗമ കൂടാരത്തിലെ കൃപാസനത്തിന്‍റെ ഇരുവശങ്ങളിലുമായി ചിറകുവിരിച്ചുനില്‍ക്കുന്ന കെരൂബുകളെ നിര്‍മ്മിക്കാന്‍ ദൈവം ആവശ്യപ്പെടുന്നുണ്ട് (പുറ 25:18-20). സോളമന്‍റെ ദേവാലയത്തില്‍ ദൈവഹിതപ്രകാരം നിര്‍മ്മിച്ച വിവിധരൂപങ്ങളെക്കുറിച്ചും സുദീര്‍ഘമായ വിവരണങ്ങള്‍ ബൈബിളിലുണ്ട് (1 രാജാ 6:29-32; 8:6-66; 1 ദിന 28:18-19; 2 ദിന 28:18-19; 2 ദിന 3:7-14). ഇവയൊന്നും വിഗ്രഹങ്ങളായിട്ടല്ല പരിഗണിക്കപ്പെട്ടിരിക്കുന്നത്. എസെക്കിയേലിന്‍റെ യുഗാന്ത്യ ദേവാലയദര്‍ശനത്തിലും സമാനമായ രൂപങ്ങളുണ്ട് (41:17-18). ജറുസലേം ദേവാലയത്തില്‍ ദൈവസാന്നിധ്യ സ്മരണയുണര്‍ത്തുന്നതിനും ദൈവമഹത്വം വെളിപ്പെടുത്തുന്നതിനുമായാണ് ഈ രൂപങ്ങള്‍ നിര്‍മ്മിച്ചിരുന്നത് എന്ന് അനുമാനിക്കാം.

സമാനമായ ലക്ഷ്യത്തോടെയാണ് കത്തോലിക്കാ ദേവാലയങ്ങളിലും തിരുസ്വരൂപങ്ങള്‍ ഉപയോഗിക്കുന്നത്.
ദൈവികമായ ശക്തി പ്രകടമാകുന്ന അടയാളങ്ങളായി രൂപങ്ങളെ ഉപയോഗപ്പെടുത്തുന്നതിന്‍റെ ഉദാഹരണവും ബൈബിളില്‍ കാണാം. സംഖ്യ 21:8-9 ല്‍, ആഗ്നേയസര്‍പ്പങ്ങളുടെ ദംശനമേറ്റ ഇസ്രായേല്‍ക്കാരെ രക്ഷിക്കാന്‍ പിത്തളകൊണ്ട് ഒരു സര്‍പ്പത്തെ നിര്‍മ്മിക്കാന്‍ ദൈവം ആവശ്യപ്പെടുന്നുണ്ട്. പിത്തളസര്‍പ്പത്തിന്‍റെ രൂപത്തെ നോക്കുന്നവര്‍ വിഷബാധയില്‍നിന്ന് രക്ഷപ്രാപിക്കും എന്നാണ് ദൈവം വാഗ്ദാനം ചെയ്തിരുന്നത്. പിത്തളസര്‍പ്പത്തെ വിഗ്രഹമായിട്ടല്ല, ദൈവശക്തിയുടെ ഒരു അടയാളമായിട്ടാണ് പഴയനിയമം അവതരിപ്പിക്കുന്നത് (ജ്ഞാനം 16:6) എന്നാല്‍ ഇത് കേവലം അടയാളമാണെന്ന സത്യം മറന്ന് പിത്തളസര്‍പ്പത്തെ ജനം ആരാധിച്ചുതുടങ്ങിയപ്പോള്‍ അത് വിഗ്രഹാരാധനയായി പരിണമിച്ചു. തന്മൂലം ഹെസെക്കിയാ രാജാവിന്‍റെ കാലത്ത് (ബി.സി. 716-686) വിഗ്രഹങ്ങള്‍ക്കൊപ്പം പിത്തളസര്‍പ്പവും നശിപ്പിക്കപ്പെട്ടു (2 രാജാ 18:4-5). പിത്തളസര്‍പ്പത്തെ രക്ഷയുടെ അടയാളമായിക്കണ്ട ആദ്യകാലപാരമ്പര്യത്തിന്‍റെ പശ്ചാത്തലത്തിലാണ് യോഹന്നാന്‍ ശ്ലീഹാ ഈശോയുടെ കുരിശു മരണത്തിന്‍റെ പ്രതിരൂപമായി ഈ സംഭവത്തെ അവതരിപ്പിക്കുന്നത് (യോഹ 3:14-15). അടയാളങ്ങളും പ്രതീകങ്ങളുമായി രൂപങ്ങള്‍ ഉപയോഗിക്കുന്നതിനെ ബൈബിള്‍ വിലക്കുന്നില്ല എന്നതിന്‍റെ ഏറ്റവും സ്പഷ്ടമായ ഉദാഹരണമാണിത്.

കത്തോലിക്കാ ദേവാലയങ്ങളില്‍ തിരുസ്വരൂപങ്ങള്‍ ഉപയോഗിക്കുന്നതിനു പിന്നിലെ യഥാര്‍ത്ഥ കാരണം ദൈവം മനുഷ്യരൂപമെടുത്ത് ഈ മണ്ണില്‍ വസിച്ചു എന്ന മഹനീയമായ സത്യമാണ്. അരൂപിയായ ദൈവം സ്വരൂപിയായി സ്വയം വെളിപ്പെടുത്തി എന്നത് ക്രിസ്തീയവിശ്വാസത്തിന്‍റെ ഏറ്റവും സവിശേഷമായ വിശ്വാസപ്രഖ്യാപനമാണ്. മനുഷ്യാവതാരം ചെയ്ത ഈശോ അദൃശ്യനായ ദൈവത്തിന്‍റെ പ്രതിരൂപം (ലശസീി) ആണെന്ന് വചനം സാക്ഷ്യപ്പെടുത്തുന്നുണ്ട് (കൊളോ 1:15). പരിശുദ്ധാത്മാവായ ദൈവവും രൂപമെടുത്താണ് പുതിയനിയമത്തില്‍ വെളിപ്പെടുത്തുന്നത്. യേശുവിന്‍റെ മാമ്മോദീസാ വേളയില്‍ പ്രാവിന്‍റെ രൂപത്തിലും (മത്താ 3:16; മര്‍ക്കോ 1:10; ലൂക്കാ 3:22; യോഹ 1:32) പന്തക്കുസ്താ ദിനത്തില്‍ തീനാവിന്‍റെ രൂപത്തിലും (അപ്പ 2:1-4) അവിടുന്നു സ്വയം വെളിപ്പെടുത്തി. ദാനിയേല്‍ 7:9 ലും ദൈവത്തിന്‍റെ സ്വരൂപദര്‍ശനം വിവരിക്കുന്നുണ്ട്. ചുരുക്കത്തില്‍ അരൂപിയായ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നതിന്‍റെ ഭാഗമായി രൂപമെടുക്കുന്നു എന്നത് ക്രിസ്തീയ വിശ്വാസത്തിന്‍റെ ഭാഗമാണ്. സീനായിമലയില്‍ അരൂപിയായി വെളിപ്പെടുത്തിയ ദൈവം പുതിയനിയമത്തില്‍ മനുഷ്യാവതാരത്തിലൂടെയാണു വെളിപ്പെടുത്തിയത്.

വെളിപാടിന്‍റെ തലങ്ങളിലുണ്ടായ ഈ ഔന്നത്യം പരിഗണിക്കാതെ സകലരൂപങ്ങളെയും അവഹേളിക്കാന്‍ പഴയനിയമത്തിലെ ഏതെങ്കിലും ഒരു വചനത്തെ കൂട്ടുപിടിക്കുന്നത് അവിവേകമാണ്. മനുഷ്യരൂപമെടുത്ത ദൈവപുത്രനെ ആട്ടിടയരും പൂജാരാജാക്കന്മാരും (മത്താ 2:11) കുമ്പിട്ട് ആരാധിക്കുന്നത് പുതിയനിയമ വിവരണങ്ങളിലുണ്ട്.

കത്തോലിക്കന്‍ തിരുസ്വരൂപങ്ങളെ, അവ ക്രിസ്തുവിന്‍റെ രൂപങ്ങളാണെങ്കില്‍ പോലും ആരാധിക്കുന്നില്ല. കാരണം പരി. ത്രിത്വത്തിലെ രണ്ടാം ആളായ പുത്രന്‍ തമ്പുരാന്‍റെ മനുഷ്യാവതാരത്തെയും പീഢാനുഭവങ്ങളെയും അനുസ്മരിപ്പിക്കുന്ന അടയാളങ്ങള്‍ മാത്രമാണ് ക്രിസ്തുവിന്‍റെ രൂപങ്ങളും ക്രൂശിതരൂപവും. ക്രിസ്തുവില്‍ വിശ്വസിക്കുകയും ധീരോചിതമായി വിശ്വാസത്തിനു സാക്ഷ്യം വഹിക്കുകയും ചെയ്ത വിശുദ്ധരുടെ മാതൃക അനുസ്മരിക്കാനും അനുകരിക്കാനുമുള്ള പ്രചോദനഹേതുവായിട്ടാണ് വിശുദ്ധരുടെ രൂപങ്ങള്‍ കത്തോലിക്കാസഭ ഉപയോഗിക്കുന്നത്. അവയോടുള്ള ആദരപ്രകടനങ്ങളെ ഒരിക്കലും ആരാധനയായി തെറ്റിദ്ധരിക്കരുത്.

പ്രസ്തുതരൂപങ്ങള്‍ ദൈവികമാണെന്നോ അവയില്‍ ദൈവശക്തി കുടികൊള്ളുന്നുണ്ടെന്നോ കത്തോലിക്കാസഭ പഠിപ്പിക്കുന്നില്ല. ഇതരമതങ്ങളിലെ വിഗ്രഹങ്ങളാകട്ടെ അവയില്‍ത്തന്നെ ദൈവികചൈതന്യം പേറുന്നവയും ആരാധനാമൂര്‍ത്തികളുമാണ്. അവയ്ക്കുസമാനമായി കത്തോലിക്കരുടെ തിരുസ്വരൂപങ്ങളെ തെറ്റിദ്ധരിച്ചതു കൊണ്ടാണ് പലരും കത്തോലിക്കാ ദേവാലയങ്ങളിലെ രൂപങ്ങളെ എതിര്‍ക്കുന്നത്. ദൈവാരാധനയ്ക്കു സമാനമെന്നു ധാരണ ജനിപ്പിക്കാനിടയുള്ള ആദരപ്രകടനങ്ങളും അനുഷ്ഠാനങ്ങളും തിരുസ്വരൂപങ്ങള്‍ക്കു മുന്‍പില്‍ ആചരിക്കാതിരിക്കാന്‍ കത്തോലിക്കരും ശ്രദ്ധിക്കണം.

idol worshippers Mar Joseph Pamplany Idolatry idols and idolatry idolatry in the bible first commandment Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message