x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ പരിശുദ്ധ സിംഹാസനം

തിരുപ്പട്ട കൂദാശ

Authored by : Congregation for Doctrine of Faith On 17-Jun-2022

അധ്യായം മുന്ന്‌ 

കൂട്ടായ്മയുടെ ശുശ്രൂഷയ്ക്കുള്ള കൂദാശകൾ

മാമ്മോദീസയും സ്ഥൈര്യലേപനവും വി.കുർബാനയും ക്രൈസതവപ്രാരംഭ കൂദാശകളാണ്‌. അവ എല്ലാ ക്രിസ്തുശിഷ്യൻമാരുടെയും പൊതുവായ വിളിക്ക്‌ അടിസ്ഥാനമായി നിലനിൽക്കുന്നു. വിശുദ്ധിക്കും ലോകത്തെ സുവിശേഷവത്കരിക്കാനുള്ള ദൗത്യത്തിനുംവേണ്ടിയുള്ള വിളിയാണത്‌. തീർഥാടകരെന്ന നിലയിൽ സ്വദേശത്തേക്കു യാത്രചെയ്യുന്ന ക്രിസ്തുശിഷ്യർക്ക്‌ ഈ ലോകത്തിൽ ആത്മാവിനനുസൃതമായി ജീവിക്കുന്നതിനുവേണ്ട എല്ലാ കൃപാവരങ്ങളും അവ പ്രദാനം ചെയ്യുന്നു.

മററു രണ്ടു കുദാശകളായ തിരുപ്പട്ടവും വിവാഹവും മററുള്ളവരുടെ രക്ഷയെ മുൻനിർത്തിയുള്ളതാണ്‌. വ്യക്തിപരമായ രക്ഷയ്ക്കുകൂടി അവ ഉതകുന്നുവെങ്കിൽ മററുള്ളവർക്കു ചെയ്യുന്ന ശുശ്രൂഷയിലൂടെയാണ്‌ അതു സാധുമാകുന്നത്‌. ഈ കൂദാശകൾ സഭയിൽ ഒരു പ്രത്യേക ദൗത്യം നൽകുകയും ദൈവജനത്തെ കെട്ടിപ്പടുക്കുവാൻ ഉപകരിക്കുകയും ചെയ്യുന്നു.

മാമ്മോദസയിലൂടെയും സ്ഥൈര്യലേപനിത്തിലൂടെയും എല്ലാ വിശ്വാസികളുടെയും പൊതുപൗരോഹിത്യത്തിലേക്കു സമർപ്പിക്കപ്പെട്ടവർക്കു പ്രത്യേക സമർപ്പണങ്ങൾ സ്വീകരിക്കാൻ കഴിയും. തിരുപ്പട്ട കൂദാശ സ്വീകരിക്കുന്നവർ ക്രിസ്തുവിന്‍റെ നാമത്തിൽ “വചനവും കൃപയുംകൊണ്ടു സഭയെ മേയ്ക്കുന്നതിന്‌" പ്രീതിഷ്ഠിക്കപ്പെടുന്നു. “ദാമ്പത്യത്തിന്റെ കടമകൾ നിർവഹിക്കുവാനും അതിന്‍റെ മഹത്ത്വം കാത്തു സൂക്ഷിക്കുവാനും ഒരു പ്രത്യേക കുദാശയാൽ ക്രൈസ്തവദമ്പതിമാർ ശക്തരാക്കപ്പെടുകയും; ഒരുവിധത്തിൽ പ്രീതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നു..."

വകുപ്പ്‌ 6

തിരുപ്പട്ട കൂദാശ

ക്രിസ്തു തന്‍റെ അപ്പസ്തോലൻമാരെ ഭരമേൽപിച്ച ദൗത്യം യുഗാന്തത്തോളം സഭയിൽ നിർവഹിക്കപ്പെടുന്നതു തിരുപ്പട്ട കൂദാശയിലൂടെയാണ്‌: അങ്ങനെ അത്‌ അപ്പസ്തോലിക ശുശ്രൂഷയുടെ കൂദാശയാണ്‌. അതിനു മൂന്നു പദവികളുണ്ട്‌: മെത്രാൻ പട്ടം, പുരോഹിതപട്ടം, ഡീക്കൻപട്ടം.

I . ഈ കൂദാശയെ “പട്ടം” എന്നുവിളിക്കുന്നത്‌ എന്തുകൊണ്ട്‌?

പുരാതന റോമിൽ ഓർദോ (ordo) എന്ന പദം വ്യവസ്ഥാപിതമായ പൗരസമിതിയെ പ്രതേൃകിച്ച് ഭരണസമിതിയെയാണു സൂചിപ്പിച്ചിരുന്നത്‌. പട്ടം കൊടുക്കൽ (Ordinatio) എന്നാൽ ഈ സമിതിയിൽ ചേർക്കുക എന്നർഥം. വി.ഗ്രന്ഥത്തെ ആധാരമാക്കിക്കൊണ്ടുതന്നെ പാരമ്പര്യം താക്സെയിസ്‌ (ഗ്രീക്ക്‌) അല്ലെങ്കിൽ 'ഓർദിനെസ്‌' (ലത്തീൻ) എന്നു വിളിച്ചിരുന്ന വ്യവസ്ഥാപിതസമിതികൾ പുരാതന കാലംമുതൽക്കേ സഭയിലുണ്ടായിരുന്നു. അതുകൊണ്ടാണ്‌, ആരാധനക്രമത്തിൽ മെത്രാന്മാരുടെ പദവി, പുരോഹിതൻമാരുടെ പദവി, ഡിക്കന്മാരുടെ പദവി എന്നിവയെപ്പററി പറയുന്നത്‌. സ്നാനാർഥികൾ, കന്യകമാർ, വിവാഹിതർ, വിധവകൾ...എന്നിവരുടെ സംഘങ്ങൾക്കും “ഓർദോ' അല്ലെങ്കിൽ പദവി എന്ന പേരുണ്ടായിരുന്നു.

സഭയിലെ ഈ പദവികളിലേക്ക്‌ ആളുകളെ ചേർത്തിരുന്നതു പട്ടംകൊടുക്കൽ എന്നു പറയുന്ന കർമാനുഷ്ഠാനത്തിലൂടെയാണ്‌. അത്‌ ഒരു പ്രതിഷ്ഠാകർമമോ ആശീർവാദമോ കുദാശയോ ആയ മതപരവും ആരാധനാപരവുമായ അനുഷ്ഠാനമായിരുന്നു. ഇന്ന്‌ “പട്ടംകൊടുക്കൽ” എന്ന പദം മെത്രാന്മാരുടെയോ പുരോഹിതൻമാരുടെയോ ഡീക്കൻമാരുടെയോ പദവിയിലേക്ക്‌ ആരെയെങ്കിലും സ്വീകരിക്കുന്ന കൗദാശിക കർമത്തിനു വേണ്ടി മാത്രമാണ്‌ ഉപയോഗിക്കുന്നത്‌. സമൂഹത്തിന്‍റെ വെറും തിരഞ്ഞെടുപ്പ്, നിയോഗം, സ്ഥാനംനൽകൽ, സ്ഥാപിക്കൽ എന്നിവയ്ക്ക്‌ ഉപരിയായി ഈ കൗദാശികകർമം സഭയിലൂടെ ക്രിസ്തുവിൽനിന്നുമാത്രം കൈവരുന്ന “വിശുദ്ധമായ അധികാരം" പ്രയോഗിക്കുന്നതിനു പ്രാപ്തമാക്കുന്ന പരിശുദ്ധാത്മാവിന്‍റെ വരം പ്രദാനം ചെയ്യുന്നു. പട്ടം കൊടുക്കലിനെ പ്രതിഷ്ഠാകർമം (consecration ) എന്നും വിളിക്കുന്നു. കാരണം, ക്രിസ്തു തന്‍റെ സഭയ്ക്കുവേണ്ടി നടത്തുന്ന വേർതിരിക്കലും ദൗത്യമേല്പിക്കലുമാണ്‌ അത്‌. പ്രതിഷ്ഠാപന പ്രാർഥനയോടെയുള്ള മെത്രാന്‍റെ കൈവയ്പ്‌ പട്ടം കൊടുക്കലിന്റെ ദൃശ്യാടയാളമാണ്‌.

II. തിരുപ്പട്ട കൂദാശ രക്ഷാപദ്ധതിയിൽ

പഴയ ഉടമ്പടിയിലെ പൗരോഹിത്യം

താൻ തിരഞ്ഞെടുത്ത ജനത്തെ ദൈവം “പുരോഹിതരാജ്യവും വിശുദ്ധ ജനത”യുമായി സ്ഥാപിച്ചു. എന്നാൽ ഇസ്രായേൽക്കാരുടെയിടയിൽത്തന്നെ ദൈവം പന്ത്രണ്ടു ഗോത്രങ്ങളിലൊന്നായ ലേവിഗോത്രത്തെ ആരാധനാശുശ്രൂഷയ്ക്കായി പ്രത്യേകം നിയോഗിച്ചു. ആ ഗോത്രത്തിന്‍റെ അവകാശത്തിന്‍റെ ഓഹരി ദൈവം തന്നെയായിരുന്നു. പഴയ ഉടമ്പടിയിലെ പൗരോഹിത്യ ശുശ്രൂഷയുടെ പ്രാരംഭത്തെ ഒരു പ്രത്യേക കർമക്രമം വിശുദ്ധീകരിച്ചിരുന്നു. “ദൈവികകാര്യങ്ങളിൽ മനുഷ്യർക്കു വേണ്ടി പാപങ്ങളെ പ്രതി കാഴ്ചകളും ബലികളും അർപ്പിക്കാൻ നിയുക്തരാണ്‌” പുരോഹിതൻമാർ.

ദൈവവചനം പ്രഘോഷിക്കുവാനും ബലികളും പ്രാർഥനയുംവഴി ദൈവവുമായുള്ള ഐക്യം ഉറപ്പിക്കുവാനുംവേണ്ടി സ്ഥാപിതമായ ഈ പൗരോഹിത്യം, രക്ഷ കൈവരുത്തുന്നതിന്‌ അശക്തമാകുന്നു. പൂർണമായ വിശുദ്ധീകരണം നേടിയെടുക്കാൻ സാധിക്കാത്തതുകൊണ്ട്‌ അതിന്‍റെ ബലികൾ നിരന്തരം ആവർത്തിക്കേണ്ടതുണ്ട്‌. അതു സാധ്യമാകുന്നത്‌ ക്രിസ്തുവിന്‍റെ ബലിയാൽ മാത്രമാണ്‌. 

ഇങ്ങനെയാണെങ്കിലും സഭയുടെ ലിററർജി എഴുപതു ശ്രേഷ്ഠൻമാരുടെ സ്ഥാപനത്തിലെന്നതുപോലെ, അഹറോന്‍റെ പൗരോഹിത്യത്തിലും ലേവായരുടെ ശുശ്രൂഷയിലും പുതിയ ഉടമ്പടിയിലെ പൗരോഹിത്യശുശ്രുഷയുടെ പ്രതിരൂപം ദർശിക്കുന്നുണ്ട്‌. ലത്തീൻ റീത്തിൽ മെത്രാഭിഷേകത്തിന്‍റെ കുദാശപ്രാർഥനയുടെ ആമുഖത്തിൽ സഭ ഇങ്ങനെ പ്രാർഥിക്കുന്നു:

ഞങ്ങളുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ
പിതാവായ ദൈവമേ ...
അങ്ങയുടെ കൃപാനിർഭരമായ വചനത്താൽ
അങ്ങയുടെ സഭയെപ്പററിയുള്ള പദ്ധതി അങ്ങ്‌ ആവിഷ്കരിച്ചു.
ആദി മുതൽ അബ്രാഹത്തിന്‍റെ സന്തതികളെ അങ്ങയുടെ
വിശുദ്ധജനമാകാൻ അങ്ങു തിരഞ്ഞെടുത്തു.
അങ്ങു ഭരണാധികാരികളെയും പുരോഹിതരെയും നിയോഗിച്ചു. 
അങ്ങയുടെ വിശുദ്ധ സ്ഥലത്ത്‌
ശുശ്രൂഷകരില്ലാതിരിക്കുവാൻ അങ്ങ്‌ അനുവദിച്ചില്ല ...

പുരോഹിതരുടെ പട്ടംകൊടുക്കൽ ക്രമത്തിൽ സഭ  പ്രാർഥിക്കുന്നു:

കർത്താവേ, പരിശുദ്ധനായ പിതാവേ... 
അങ്ങയുടെ ജനത്തെ ഭരിക്കുവാൻ
അങ്ങു പ്രധാന പുരോഹിതരെ നിയമിച്ചപ്പോൾ 
അവരോടൊപ്പമായിരിക്കുവാനും
അവരുടെ കർത്തവ്യനിർവഹണത്തിൽ 
അവരെ സഹായിക്കുവാനും .. . 
സ്ഥാനത്തിലും അന്തസ്സിലും 
അവരോടടുത്തു നിൽക്കുന്ന മററു മനുഷ്യരെ 
അങ്ങു തിരഞ്ഞെടുത്തു.
വിജ്ഞരായ എഴുപതു മനുഷ്യർക്ക്‌
അങ്ങു മോശയുടെ ചൈതന്യം പകർന്നു നൽകി... 
അഹറോന്റെ പുത്രൻമാർക്ക്‌
തങ്ങളുടെ പിതാവിന്റെ ശക്തിയുടെ
നിറവിൽ പങ്കു നൽകി

ഡീക്കൻപട്ടക്രമത്തിന്‍റെ കൂദാശപ്രാർഥനയിൽ സഭ ഏററുപറയുന്നു:

സർവശക്തനായ ദൈവമേ...
അങ്ങയുടെ സഭയെ
പുതിയതും കൂടുതൽ 
വലുതുമായ ദൈവാലയമായി
വളർത്താൻ അങ്ങു കനിഞ്ഞു.
ആദ്യ പേടകത്തിൽ ശുശ്രൂഷ ചെയ്യാൻ
ആദിയിൽ അങ്ങ്‌ ലേവിപുത്രൻമാരെ തിരഞ്ഞെടുത്തതുപോലെ 
അങ്ങയുടെ നാമത്തിന്റെ ശുശ്രൂഷക്കായി 
വിശുദ്ധധർമങ്ങളോടെ ത്രിവിധ ശുശ്രൂഷാപദവികൾ
അങ്ങു സ്ഥാപിച്ചു.

 

ക്രിസ്തുവിന്‍റെ ഏകപൗരോഹിത്യം

പഴയനിയമ പൗരോഹിത്യത്തിന്‍റെ എല്ലാ പ്രതിരൂപങ്ങളുടെയും പൂർത്തീകരണം “ദൈവത്തിന്‍റെയും മനുഷ്യരുടെയുമിടയിൽ ഏക മധ്യസ്ഥനായ” യേശുക്രിസ്തുവിലാണ്‌. ക്രൈസ്തവപാരമ്പര്യം “അത്യുന്നത ദൈവത്തിന്‍റെ പുരോഹിതനായ” മെൽക്കിസെദെക്കിനെ ക്രിസ്തുവിന്‍റെ പൗരോഹിത്യത്തിന്‍റെ പ്രതിരൂപമായി പരിഗണിക്കുന്നു. മെൽക്കിസെദെക്കിന്‍റെ ക്രമപ്രകാരമുള്ള അതുല്യനായ ഈ മഹാപുരോഹിതൻ “പരിശുദ്ധനും നിഷ്കളങ്കനും കുററമററവനു”മാണ്‌. “വിശുദ്ധീകരിക്കപ്പെടുന്നവരെ അവിടുന്ന്‌ ഏകബലിയർപ്പണം വഴി”, കുരിശിലെ അതുല്യമായ ബലിവഴി, “എന്നേക്കുമായി പരിപൂർണരാക്കിയിരിക്കുന്നു”.

ക്രിസ്തുവിന്‍റെ രക്ഷാകരബലി അതുല്യവും ഒരിക്കൽ എന്നേക്കുമായി പൂർത്തിയാക്കപ്പെട്ടതുമാണ്‌; പക്ഷേ, അത്‌ സഭയുടെ കൃതജ്ഞതാസ്തോത്രബലിയിൽ സന്നിഹിതമാക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ ഏകപൗരോഹിത്യത്തെപ്പററിയും ഇതു പറയാം. ക്രിസ്തുവിന്‍റെ പൗരോഹിത്യത്തിന്‍റെ അതുല്യതയ്ക്കു യാതൊരു ന്യൂനതയും വരാതെതന്നെ അതു ശുശ്രൂഷാപൗരോഹിതൃത്തിലൂടെ സന്നിഹിതമാകുന്നു. "ക്രിസ്തുമാത്രമാണു യഥാർഥപുരോഹിതൻ, മററുള്ളവർ അവിടുത്തെ ശുശ്രൂഷകർ മാത്രമാണ്‌.

ക്രിസ്തുവിന്‍റെ ഏകപൗരോഹിത്യത്തിലുള്ള രണ്ടുതരം പങ്കുചേരലുകൾ

മഹാപുരോഹിതനും ഏകമധ്യസ്ഥനുമായ ക്രിസ്തു സഭയെ “സ്വപിതാവായ ദൈവത്തിന്‌ ഒരു പുരോഹിതരാജ്യമാക്കിയിരിക്കുന്നു”. വിശ്വാസികളുടെ സമൂഹം മുഴുവനും പ്രകൃത്യാ പുരോഹിത സ്വഭാവമുള്ളതാണ്‌. പുരോഹിതനും പ്രവാചകനും രാജാവുമായ ക്രിസ്തുവിന്‍റെ ദൗത്യത്തിൽ ഓരോരുത്തരുടെയും വിളിയ്ക്കനുസരിച്ചു പങ്കുപററിക്കൊണ്ട്‌ വിശ്വാസികൾ തങ്ങളുടെ ജ്ഞാനസ്നാനപൗരോഹിത്യം പ്രാവർത്തികമാക്കുന്നു. ജ്ഞാനസ്നാനം, സ്ഥൈര്യലേപനം എന്നീ കുദാശകളിലൂടെ വിശ്വാസികൾ ഒരു വിശുദ്ധപൗരോഹിത്യമായി പ്രതിഷ്ഠിക്കപ്പെടുന്നു”.

മെത്രാൻമാരുടെയും പുരോഹിതരുടെയും ശുശ്രുഷാപരമായ അഥവാ ഹയരാർക്കിപരമായ പൗരോഹിത്യവും എല്ലാ വിശ്വാസികളുടെയും പൊതു പൗരോഹിത്യവും “ക്രിസ്തുവിന്‍റെ ഏക പൗരോഹിത്യത്തിൽ അതതിന്‍റെ പ്രത്യേക രീതിയിൽ പങ്കു പററുന്നു". ഒന്നു മറെറാന്നിലേക്ക്‌ ഉൻമുഖമാണെങ്കിലും രണ്ടിനും കാതലായ വ്യത്യാസമുണ്ട്. ഏതർഥത്തിൽ? വിശ്വാസികളുടെ പൊതുപൗരോഹിത്യ ധർമം അനുഷ്ഠിക്കപ്പെടുന്നതു മാമ്മോദീസാ കൃപാവരത്തിന്റെ വർദ്ധനവിലൂടെയാണ്‌. അതായത്‌ വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും ഉപവിയുടെയും ജീവിതത്തിലൂടെ, അരുപിക്കനുസൃതമായ ജീവിതത്തിലൂടെ. അതേസമയം ശുശ്രൂഷാപൗരോഹിത്യം പൊതുപൗരോഹിതൃത്തിന്നു ശുശ്രൂഷയർപ്പിക്കാനാണ്‌. എല്ലാ ക്രൈസ്തവരുടെയും ജ്ഞാനസ്നാന കൃപാവരത്തിന്‍റെ വർദ്ധനവാണ്‌ അതിന്‍റെ ലക്ഷ്യം. നിരന്തരം തന്‍റെ സഭയെ കെട്ടിപ്പടുക്കുകയും നയിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്‍റെ പ്രവർത്തനത്തിനുള്ള മാധ്യമങ്ങളിൽ ഒന്നാണ്‌ ശുശ്രുഷാപൗരോഹിത്യം. ഇക്കാരണത്താൽ അത്‌ അതിന്‍റെ തനതായ കൂദാശയിലൂടെ, അതായത്‌ തിരുപ്പട്ടകൂദാശയിലൂടെ കൈമാററം ചെയ്യപ്പെടുന്നു. 

ശിരസ്സായ ക്രിസ്തുവിന്‍റെ വ്യക്തിത്വത്തിൽ...

തന്‍റെ ശരീരത്തിന്‍റെ ശിരസ്സും തന്‍റെ അജഗണത്തിന്‍റെ ഇടയനും വീണ്ടെടുപ്പ്‌ ബലിയുടെ മഹാപുരോഹിതനും സത്യത്തിന്‍റെ പ്രബോധകനും എന്ന നിലയിൽ ക്രിസ്തുതന്നെയാണു തിരുപ്പട്ടം സ്വീകരിച്ച ശുശ്രൂഷകന്‍റെ സഭാശുശ്രൂഷയിലൂടെ തന്‍റെ സഭയിൽ സന്നിഹിതനാകുന്നത്‌. തിരുപ്പട്ട കൂദാശയുടെ ശക്തിയാൽ പുരോഹിതൻ ശിരസ്സായ ക്രിസ്‌തുവിന്‍റെ വ്യക്തിത്വത്തിൽ (in persona Christi Capitis) പ്രവർത്തിക്കുന്നുവെന്നു പറയുമ്പോൾ സഭ ഉദ്ദേശിക്കുന്നത്‌ ഇതാണ്‌:

യേശുക്രിസ്തുവെന്ന അതേ പുരോഹിതനിലെ വിശുദ്ധ വ്യക്തിയെയാണ്‌ അവിടുത്തെ ശുശ്രൂഷകൻ യഥാർഥത്തിൽ സംവഹിക്കുന്നത്‌. ഈ ശുശ്രൂഷകൻ താൻ സ്വീകരിക്കുന്ന പൗരോഹിത്യപ്രതിഷ്ഠമൂലം മഹാപുരോഹിതനെപ്പോലെയായിത്തിരുന്നു. ക്രിസ്തുവിന്‍റെ വ്യക്തിത്വത്തോടും അവിടുത്തെ ശക്തിയോടുംകൂടി പ്രവർത്തിക്കാനുള്ള അധികാരം അദ്ദേഹത്തിനു കരഗതമായിരിക്കുന്നു. ക്രിസ്തുവാണ്‌ പൗരോഹിത്യത്തിന്‍റെ മുഴുവൻ ഉറവിടം: പഴയ നിയമത്തിലെ പുരോഹിതൻ ക്രിസ്തുവിന്‍റെ പ്രതിരൂപമായിരുന്നു; പുതിയ നിയമത്തിലെ പുരോഹിതൻ ക്രിസ്തുവിനുപകരം നിന്നു പ്രവർത്തിക്കുന്നു.

തിരുപ്പട്ടം സ്വീകരിച്ചവരുടെ, പ്രത്യേകിച്ച്‌ മെത്രാന്മാരുടെയും പുരോഹിതൻമാരുടെയും ശുശ്രൂഷയിലൂടെ സഭയുടെ ശിരസ്സായ ക്രിസ്തുവിന്റെ സാന്നിധ്യം വിശ്വാസികളുടെ സമൂഹത്തിൽ ദൃശ്യമായിത്തീരുന്നു. അന്ത്യോക്യായിലെ വി.ഇഗ്‌നേഷ്യസിന്‍റെ സുന്ദരങ്ങളായ വാക്കുകളിൽ പറഞ്ഞാൽ മെത്രാൻ 'പിതാവിന്‍റെ പ്രതിരൂപ'മാണ്‌. പിതാവായ ദൈവത്തിന്‍റെ ഏറെക്കുറെ ജീവനുള്ള പ്രതിഛായ.

ശുശ്രൂഷകനിൽ ക്രിസ്തുവിന്‍റെ ഈ സാന്നിധ്യമുണ്ടെന്നതുകൊണ്ട്‌ അയാൾ അധീശത്വഭാവം, അബദ്ധം തുടങ്ങിയ എല്ലാ മാനുഷികബലഹീനതകളിലുംനിന്ന്‌, പാപത്തിൽ നിന്നുതന്നെ, സുരക്ഷിതനാണെന്നു ധരിക്കേണ്ടതില്ല. പരിശുദ്ധാത്മാവിന്‍റെ ശക്തി ശുശ്രൂഷകരുടെ എല്ലാപ്രവർത്തനങ്ങൾക്കും ഒരു പോലുള്ള ഉറപ്പു നൽകുന്നില്ല. എന്നാൽ ശുശ്രൂഷകന്‍റെ പാപംപോലും കൃപാവരത്തിന്‍റെ ഫലത്തെ തടയാതിരിക്കേണ്ടതിന്‌ കൂദാശകൾക്ക്‌ ഈ ഉറപ്പ്‌ നല്കപ്പെടുന്നു. മററു പല പ്രവർത്തനങ്ങളിലും ശുശ്രൂഷകൻ എല്ലായ്പോഴും സുവിശേഷത്തോടുള്ള വിശ്വസ്തതയുടെ അടയാളങ്ങളല്ലാത്ത തരത്തിലുള്ള മാനുഷികതയുടെ നിഴൽപ്പാടുകൾ വീഴ്ത്താം. തൻമൂലം സഭയുടെ അപ്പസ്തോലികമായ ഫലദായകത്വത്തിന്‌ ഭംഗംവരുത്താൻ ശുശ്രൂഷകനു കഴിയും.

ഈ പൗരോഹിത്യം ശുശ്രുഷാപരമാണ്‌. “തന്‍റെ ജനത്തിന്‍റെ അജപാലകർക്കു കർത്താവു ഭരമേൽപിച്ച ഈ ധർമം ഒരു യഥാർത്ഥ ശുശ്രൂഷയാണ്‌. അതു പൂർണമായും ക്രിസ്തുവിനോടും മനുഷ്യരോടും ബന്ധപ്പെട്ടതാണ്‌. അതു ക്രിസ്തുവിനെയും അവിടുത്തെ അതുല്യമായ പൗരോഹിത്യത്തെയും ആശ്രയിച്ചിരിക്കുന്നു. മനുഷ്യനൻമയ്ക്കും സഭാസമൂഹത്തിനുംവേണ്ടി അതു സ്ഥാപിതമായിരിക്കുന്നു. തിരുപ്പട്ട കുദാശ ഒരു “വിശുദ്ധശക്തി” പ്രദാനംചെയ്യുന്നുണ്ട്‌: അത്‌ ക്രിസ്തുവിന്റെത്‌ അല്ലാതെ മറ്റൊന്നുമല്ല. ഈ അധികാരത്തിന്‍റെ വിനിയോഗത്തിന്‌ സ്നേഹത്തെപ്രതി തന്നെത്തന്നെ ഏററവും ചെറിയവനും എല്ലാവരുടെയും ദാസനുമാക്കിയ ക്രിസ്തുവിന്‍റെ മാതൃകയാണ്‌ മാനദണ്ഡമാക്കേണ്ടത്‌. "തന്‍റെ അജഗണത്തോടുള്ള താത്‌പര്യം തന്നോടുള്ള സ്നേഹത്തിനു തെളിവാണെന്നു കർത്താവു ന്യായമായി പറഞ്ഞിട്ടുണ്ട്‌."

"സഭ മുഴുവന്‍റെയും നാമത്തിൽ"

വിശ്വാസികളുടെ സമൂഹത്തിന്‍റെ മുൻപാകെ സഭയുടെ ശിരസ്സായ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുക എന്ന ദൗത്യം മാത്രമല്ല ശുശ്രൂഷാപരമായ പൗരോഹിതൃത്തിനുള്ളത്‌. സഭയുടെ പ്രാർഥന ദൈവത്തിന്‌ അർപ്പിക്കുമ്പോൾ, എല്ലാററിനുമുപരി വി.കുർബാന അർപ്പിക്കുമ്പോൾ, സഭ മുഴുവന്‍റെയും നാമത്തിൽ പ്രവർത്തിക്കുക എന്ന ദൗത്യംകൂടി അതിനുണ്ട്‌.

“സഭ മുഴുവന്റെയും നാമത്തിൽ" എന്നതുകൊണ്ട്‌ സമൂഹത്തിന്‍റെ പ്രതിനിധികളാണ്‌ പുരോഹിതർ എന്ന്‌ അർഥമാകുന്നില്ല. സഭയുടെ പ്രാർഥനയും ബലിയും തന്റെ ശിരസ്സായ ക്രിസ്തുവിന്‍റെ പ്രാർഥനയിലും ബലിയിലുംനിന്നു വേർതിരിക്കാനാവില്ല. ക്രിസ്തുവിന്‍റെ ആരാധന എപ്പോഴും തന്‍റെ സഭയിലും സഭയിലൂടെയുമാണ്‌. ക്രിസ്തുവിന്‍റെ മൗതികശരീരമായ സഭ മുഴുവനും പിതാവായ ദൈവത്തിനു പരിശുദ്ധാത്മാവുമായുള്ള ഐകൃത്തിൽ “അവനിലൂടെയും അവനോടുകൂടെയും അവനിൽത്തന്നെയും” പ്രാർഥിക്കുകയും തന്നെത്തന്നെ അർപ്പിക്കുകയും ചെയ്യുന്നു. ശരീരം മുഴുവനും, ശിരസ്സും അവയവങ്ങളും, പ്രാർഥിക്കുകയും തന്നെത്തന്നെ അർപ്പിക്കുയും ചെയ്യുന്നു. അതിനാൽ ശരീരത്തിലുള്ളവർ പ്രത്യേകിച്ചും അതിലെ ശുശ്രൂഷകർ, ക്രിസ്തുവിന്‍റെ മാത്രമല്ല സഭയുടെയും ശുശ്രൂഷകരാണ്‌; ശുശ്രൂഷാപൗരോഹിത്യം ക്രിസ്തുവിന്‍റെ പ്രാതിനിധ്യം വഹിക്കുന്നതുകൊണ്ടാണ്‌ സഭയെയും പ്രതിനിധാനം ചെയ്യാൻ കഴിയുന്നത്‌.

III തിരുപ്പട്ട കൂദാശയുടെ മൂന്നു പദവികൾ

“ദൈവസ്ഥാപിതമായ സഭാശുശ്രൂഷ, പുരാതനകാലംമുതൽക്കേ മെത്രാന്മാർ, പുരോഹിതൻമാർ, ഡീക്കൻമാർ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന വ്യക്തികളാൽ വ്യത്യസ്ത പദവികളിൽ നിർവഹിക്കപ്പെടുന്നു." ആരാധക്രമത്തിലും, പ്രബോധനാധികാരത്തിലും, സഭയിലെ നിരന്തരമായ ജീവിതക്രമത്തിലും പ്രകാശിതമാകുന്ന കത്തോലിക്കാ പ്രബോധനം ക്രിസ്തുവിന്‍റെ പൗരോഹിത്യത്തിലുള്ള പങ്കാളിത്തത്തിനു രണ്ടു പദവികളുണ്ടെന്ന്‌ അംഗീകരിക്കുന്നു: മെത്രാൻപദവിയും പുരോഹിതപദവിയും. അവയെ സഹായിക്കാനും ശുശ്രുഷിക്കാനുമുള്ളതാണ് ഡീക്കൻപദവി. ഇക്കാരണത്താൽ പുരോഹിതൻ (sacerdos) എന്ന പദം ഇന്നു മെത്രാനെയും വൈദികനെയും മാത്രമേ സൂചിപ്പിക്കുന്നുള്ളൂ, ഡീക്കൻമാരെ സൂചിപ്പിക്കുന്നില്ല. എങ്കിലും പൗരോഹിത്യപങ്കാളിത്തത്തിന്‍റെ പദവികളും (മെത്രാൻപദവിയും പുരോഹിതപദവിയും) സേവനത്തിന്റെ പദവിയും (ഡീക്കൻ പദവി) “പട്ടം കൊടുക്കൽ” എന്ന കൗദാശിക പ്രവൃത്തിയിലൂടെ അതായത്‌, തിരുപ്പട്ട കൂദാശയിലൂടെ നൽകപ്പെടുന്നുവെന്നാണു കത്തോലിക്കാ പ്രബോധനം:

എല്ലാവരും ഡീക്കൻമാരെ യേശുക്രിസ്തുവിനെപ്പോലെയും, മെത്രാനെ പിതാവിന്‍റെ പ്രതിരൂപത്തെപ്പോലെയും, പുരോഹിതരെ ദൈവത്തിന്‍റെ ആലോചനാസമിതി, അപ്പസ്തോലസംഘം എന്നിവയെപോലെയും ആദരിക്കട്ടെ. എന്തെന്നാൽ അവരെക്കൂടാതെ ഒരുവനും സഭയെപ്പററി പറയാനാവില്ല. 

മെത്രാൻപട്ടം - തിരുപ്പട്ട കൂദാശയുടെ തികവ്‌

“പാരമ്പര്യത്തിന്‍റെ സാക്ഷ്യമനുസരിച്ച്‌ ആദ്യകാലം മുതലേ സഭയിലുണ്ടായിരുന്ന വിവിധ ശുശ്രൂഷകളിൽ പ്രമുഖസ്ഥാനമലങ്കരിച്ചിരുന്നതു മെത്രാൻ പദവിയിൽ നിയമിക്കപ്പെട്ടവരുടെ ദൗത്യമാണ്‌. ആരംഭത്തോളം എത്തിനിൽക്കുന്ന പിൻതുടർച്ചയുടെ കണ്ണികളാൽ അവർ അപ്പസ്തോലിക പരമ്പര്യത്തിന്‍റെ കൈമാററക്കാരാകുന്നു.  

തങ്ങളുടെ ഉന്നതമായ ദൗത്യം നിർവഹിക്കാൻവേണ്ടി “അപ്പസ്തോലന്മാർ, അവരുടെമേൽ എഴുന്നള്ളിവന്ന പരിശുദ്ധാത്മാവിന്‍റെ സവിശേഷവർഷത്തിലൂടെ ക്രിസ്തുവിനാൽ സജ്ജരാക്കപ്പെട്ടു. കൈവയ്പുവഴി അവർ തങ്ങളുടെ സഹായികൾക്ക്‌ ആത്മാവിന്‍റെ ദാനം പകർന്നുനൽകി. മെത്രാഭിഷേകത്തിലൂടെ ഇക്കാലത്തും അതു കൈമാറപ്പെടുന്നു."

രണ്ടാം വത്തിക്കാൻ സൂനഹദോസ്‌ പഠിപ്പിക്കുന്നു: “മെത്രാഭിഷേകംവഴി തിരുപ്പട്ട കുദാശയുടെ തികവു നൽകപ്പെടുന്നു. പ്രസ്തുത തികവു സഭയുടെ ആരാധനാ പാരമ്പര്യത്തിലും സഭാപിതാക്കൻമാരുടെ പ്രബോധനങ്ങളിലും പ്രധാനാചാര്യത്വം വിശുദ്ധ ശുശ്രൂഷയുടെ മകുടം എന്നിങ്ങനെ അറിയപ്പെടുന്നു".

“മെത്രാഭിഷേകം വിശുദ്ധീകരണ ധർമത്തോടൊപ്പം പഠിപ്പിക്കാനും ഭരിക്കാനുമുള്ള ചുമതലയും നൽകുന്നു ... വാസ്തവത്തിൽ കൈവയ്പും കൂദാശവചനങ്ങളും വഴി വിശിഷ്ടവും ദൃശ്യവുമായ വിധത്തിൽ പ്രബോധകൻ, ഇടയൻ, പുരോഹിതൻ എന്നീ നിലകളിലുള്ള ക്രിസ്തുവിൻെറ സ്ഥാനം ഏറെറടുക്കുകയും അവിടുത്തെ വ്യക്തിത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യത്തക്കവിധം മെത്രാന്മാർക്കു പരിശുദ്ധാത്മാവിൻെറ കൃപാവരം നൽകപ്പെടുകയും അവരിൽ വിശുദ്ധമുദ്ര പതിയുകയും ചെയ്യുന്നു." “തൻമൂലം മ്രെതാൻമാർ അവർക്കു നൽകപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിനാൽ, വിശ്വസ്തരും പ്രാമാണികരുമായ വിശ്വാസപ്രബോധകരും മധ്യസ്ഥരും അജപാലകരും ആയിത്തീർന്നിരിക്കുന്നു".

“ഒരാൾ മെത്രാൻ സംഘത്തിലെ അംഗമായിത്തീരുന്നതു മെത്രാഭിഷേക കൂദാശയും ഈ സംഘത്തിലെ തലവനോടും അംഗങ്ങളോടുമുള്ള ഹയരാർക്കിപരമായ കൂട്ടായ്മയും വഴിയാണ്‌.” പുതിയ മെത്രാന്‍റെ അഭിഷേകത്തിൽ പങ്കെടുക്കാനായി മററു മെത്രാൻമാരെയും വിളിക്കുന്ന സഭയുടെ പുരാതന പതിവ്‌ മെത്രാൻപദവിയുടെ സവിശേഷ്തയ്ക്കും സംഘാതാത്മകസ്വഭാവത്തിനുമുള്ള തെളിവുകളിലൊന്നാണ്‌. ഇക്കാലത്ത്‌ മെത്രാന്റെ നിയമാനുസൃതമായ അഭിഷേകത്തിന്‌ റോമാമെത്രാന്‍റെ പ്രത്യേകമായ ഇടപെടൽ ആവശ്യമാണ്‌. കാരണം, അദ്ദേഹം ഏകസഭയിലെ വിവിധ പ്രാദേശികസഭകളുടെ കൂട്ടായ്മയുടെ പരമവും ദൃശ്യവുമായ കണ്ണിയും അവരുടെ സ്വാതന്ത്ര്യത്തിൻെറ സംരക്ഷകനുമാണ്‌.

ക്രിസ്തുവിൻെറ പ്രതിനിധി എന്ന നിലയിൽ, ഓരോ മെത്രാനും തനിക്കേൽപിക്കപ്പെട്ടിരിക്കുന്ന പ്രാദേശികസഭയുടെ അജപാലനം നിർവഹിക്കുകയും അതേസമയം, മെത്രാൻപദവിയിലുള്ള തൻെറ എല്ലാ സഹോദരൻമാരോടും ഒന്നുചേർന്ന്‌ എല്ലാസഭകളുടെയും കാര്യത്തിൽ ഔത്സുക്യം പ്രദർശിപ്പിക്കുകയും ചെയ്യുന്നു: “തൻെറ സംരക്ഷണത്തിന്‌ ഏൽപിക്കപ്പെട്ടിരിക്കുന്ന അജഗണഭാഗത്തിൻെറമാത്രം നിയമാനുസൃത ഇടയനാണ്‌ ഓരോ മെത്രാനുമെങ്കിലും അപ്പസ്തോലൻമാരുടെ നിയമാനുസൃത പിൻഗാമിയെന്ന നിലയിൽ അദ്ദേഹത്തിനു ദൈവിക നിശ്ചയത്താലും നിയമത്താലും മററു മെത്രാൻമാരോടൊപ്പം സഭ മുഴുവൻെറയും അപ്പസ്തോലിക ദൗത്യത്തിൽ ഉത്തരവാദിത്വമുണ്ട്‌.”

മേൽപറഞ്ഞ കാര്യങ്ങൾ മെത്രാൻ അർപ്പിക്കുന്ന വിശുദ്ധകൂർബാനയുടെ സവിശേഷമായ അർത്ഥം വ്യക്തമാക്കുന്നു. ഇത്‌ നല്ലിടയനും അവിടുത്തെ സഭയുടെ ശിരസ്സുമായ ക്രിസ്തുവിൻെറ പ്രതിനിധിയുടെ അദ്ധ്യക്ഷതയിൽ അൾത്താരയ്ക്കു ചുററുമണഞ്ഞിരിക്കുന്ന സഭ എന്ന നിലയിലാണ്‌.

മെത്രാൻമാരുടെ സഹപ്രവർത്തകരായ പുരോഹിതരുടെ പട്ടം

“പിതാവു പവിത്രീകരിച്ചു ലോകത്തിലേക്കയച്ച ക്രിസ്തു തൻെറ അപ്പസ്തോലൻമാരിലൂടെ അവരുടെ പിൻഗാമികളായ മെത്രാൻമാരെ തൻെറ പൗരോഹിത്യത്തിലും ദൗത്യത്തിലും പങ്കുകാരാക്കി. അവർ ഈ ശുശ്രൂഷയിൽ വ്യത്യസ്തമായ തോതിൽ പങ്കെടുക്കാനുള്ള അധികാരം സഭയിലെ വിവിധ അംഗങ്ങൾക്കു നിയമാനുസൃതം കൈമാറി.” “പൗരോഹിത്യപദവിയിൽ നിയോഗിക്കപ്പെടേണ്ടതിനും മെത്രാൻമാരെ ക്രിസ്തു ഏൽപിച്ചിരിക്കുന്ന അപ്പസ്തോലിക ദൗത്യത്തിൻെറ ശരിയായ നിർവഹണത്തിനും മെത്രാൻപദവിയുടെ സഹപ്രവർത്തകരായിതീരേണ്ടതിനുമായി മെത്രാന്മാരുടെ ശുശ്രുഷാധർമം അല്പം താഴ്ന്ന പദവിയിൽ പുരോഹിതർക്കു നല്കപ്പെട്ടു."

“മെത്രാൻപദവിയോടു ബന്ധപ്പെട്ടിരിക്കുന്നുവെന്ന കാരണത്താൽ വൈദികപദവിയും മൗതികശരീരത്തെ രൂപപ്പെടുത്തുകയും പവിത്രീകരിക്കുകയും ഭരിക്കുകയും ചെയ്യുന്ന ക്രിസ്തുവിൻെറ അധികാരത്തിൽ പങ്കുചേരുന്നുണ്ട്‌. അതുകൊണ്ട് പ്രാരംഭ കൂദാശകൾ സ്വീകരിച്ചിട്ടുണ്ട്‌ എന്ന സങ്കൽപത്തിൽ ഒരു പ്രത്യേകകൂദാശയിലൂടെ വൈദികപട്ടം നല്കപ്പെടുന്നു. ഈ കൂദാശയിൽ പുരോഹിതൻ പരിശുദ്ധാത്മാവിൻെറ അഭിഷേകത്താൽ ഒരു സവിശേഷമുദ്രകൊണ്ട്‌ അടയാളപ്പെടുത്തപ്പെടുകയും പുരോഹിതർക്ക്‌ ശിരസ്സായ ക്രിസ്തുവിൻെറ വ്യക്തിത്വത്തിൽ പ്രവർത്തിക്കാൻ കഴിയത്തക്കവിധം പുരോഹിതനായ ക്രിസ്തുവിനോട്‌ അനുരൂപപ്പെടുകയും ചെയ്യുന്നു.

“പൗരോഹിത്യത്തിൻെറ അത്യുന്നതമായ പദവിയില്ലെങ്കിലും, അതുപോലെ തങ്ങൾക്കു ലഭിച്ചിരിക്കുന്ന അധികാരത്തിൻെറ വിനിയോഗത്തിൽ മെത്രാൻമാരെ ആശ്രയിച്ചുനിൽക്കുന്നുവെങ്കിലും പുരോഹിതൻമാർ പൗരോഹിത്യാന്തസ്സുമുലം അവരുമായി ഐക്യപ്പെട്ടിരിക്കുന്നു. അവർ തിരുപ്പട്ട കൂദാശയുടെ ശക്തിയാൽ പരമോന്നത നിത്യപുരോഹിതനായ ക്രിസ്തുവിൻെറ ഛായ പേറുന്നവരാണ്‌. അവർ അഭിഷിക്തരായിക്കുന്നതു സുവിശേഷം പ്രസംഗിക്കാനും വിശ്വാസികളെ മേയ്ക്കാനും പുതിയ നിയമത്തിലെ യഥാർഥ പുരോഹിതരെന്നനിലയിൽ ദൈവാരാധന നടത്താനുമാണ്‌. അവർ തിരുപ്പട്ട കൂദാശയുടെ ശക്തിയാൽ പരമോന്നത നിത്യപുരോഹിതനായ ക്രിസ്തുവിൻെറ ഛായയിൽ പ്രതിഷ്ഠിതരാകുന്നു”.

ക്രിസ്തു അപ്പസ്തോലൻമാരെ ഏൽപിച്ച ദൗതൃത്തിൻെറ സാർവത്രികതയിൽ തിരുപ്പട്ട കൂദാശവഴി പുരോഹിതർ പങ്കുചേരുന്നു. തിരുപ്പട്ടത്തിൽ സ്വീകരിക്കുന്ന ആത്മീയദാനം അവരെ പരിമിതവും നിയന്ത്രിതവുമായ ദൗതൃത്തിനായല്ല, “ഏററവും പൂർണമായ, ഭൂമിയുടെ അതിർത്തിയോളമെത്തുന്ന രക്ഷയുടെ സാർവത്രികമായ ദൗത്യത്തിനാണ്‌ ഒരുക്കുന്നത്‌”. “എല്ലായിടത്തും സുവിശേഷം പ്രഘോഷിക്കാൻ, അവർ ആത്മീയമായി സന്നദ്ധരായിരിക്കണം. 

“തങ്ങളുടെ പവിത്രധർമം അവർ നിർവഹിക്കുന്നതു പ്രധാനമായും ദിവ്യകാരുണ്യാരാധനയിൽ അഥവാ ദിവ്യകാരുണ്യസമൂഹത്തിൽ (Synaxis) ആണ്‌. അവിടെ അവർ ക്രിസ്തുവിൻെറ വ്യക്തിത്വത്തിൽ പ്രവർത്തിക്കുകയും അവിടുത്തെ രഹസ്യം ഉദ്ഘോഷിക്കുകയും ചെയ്തുകൊണ്ടു ശിരസ്സായ ക്രിസ്തുവിൻെറ ബലിയോടു വിശ്വാസികളുടെ കാഴ്ചകളും സംയോജിപ്പിക്കുന്നു. നിഷ്കളങ്ക ഹോമവസ്തുവായി പിതാവിന്‌ ഒരിക്കൽ എന്നേക്കുമായി സ്വയം അർപ്പിച്ച ക്രിസ്തുവിൻെറ യാഗമായ പുതിയ ഉടമ്പടിയിലെ അതുല്യബലി കർത്താവിൻെറ ആഗമനംവരെ, അവർ കുർബാനയിൽ പുനരവതരിപ്പിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നു." ഈ ഏക ബലിയിൽനിന്ന്‌ അവരുടെ മുഴുവൻ പൗരോഹിതൃശുശ്രൂഷയും ശക്തി സ്വീകരിക്കുന്നു.

“മെത്രാൻസംഘത്തിൻെറ വിവേകമതികളായ സഹപ്രവർത്തകരും സഹായികളും ഉപകരണങ്ങളുമായ പുരോഹിതർ ദൈവജനത്തിൻെറ ശുശ്രൂഷയ്ക്കായി വിളിക്കപ്പെട്ടിരിക്കുന്നു. വ്യത്യസ്തങ്ങളായ ധർമങ്ങൾ അനുഷ്ഠിക്കാനാണെങ്കിലും തങ്ങളുടെ മെത്രാനോടൊന്നിച്ച് അവർ ഏക വൈദികസംഘമായി രൂപം കൊള്ളുന്നു. പരിപൂർണമായ വിശ്വാസത്താലും ഉദാരമനസ്കതയാലും മെത്രാനുമായി ബന്ധപ്പെട്ടിരിക്കുന്ന വൈദികർ വിശ്വാസികളുടെ ഓരോ പ്രാദേശികസമൂഹത്തിലും ഒരു അളവുവരെ മെത്രാനെ സന്നിഹിതനാക്കുകയും അദ്ദേഹത്തിൻെറ കർത്തവ്യങ്ങളും ഓത്സുക്യവും ഏറെറടുക്കുകയും തങ്ങളുടെ ദൈനംദിന ജോലികളിലൂടെ അവ നിർവഹിക്കുകയും ചെയ്യുന്നു. "മെത്രാനുമായുള്ള കൂട്ടായ്മയിലും അദ്ദേഹത്തെ ആശ്രയിച്ചുമല്ലാതെ വൈദികർക്കു തങ്ങളുടെ ശുശ്രൂഷ നിർവഹിക്കാൻ കഴിയുകയില്ല. പട്ടം സ്വീകരിക്കുന്ന വേളയിൽ അവർ മെത്രാനോടു നടത്തുന്ന അനുസരണവാഗ്ദാനവും തിരുപ്പട്ടശുശ്രുഷയുടെ അവസാനഭാഗത്ത്‌ അർപ്പിക്കുന്ന സ്നേഹചുംബനവും അദ്ദേഹം അവരെ തൻെറ സഹപ്രവർത്തകരും പുത്രരും സഹോദരരും സുഹൃത്തുക്കളുമായി പരിഗണിക്കുന്നുവെന്നും, പകരം അവർ അദ്ദേഹത്തെ സ്നേഹിക്കുവാനും അനുസരിക്കുവാനും ബാധ്യസ്ഥരാണെന്നുമാണ്‌ അർഥമാക്കുന്നത്‌.

തിരുപ്പട്ടകൂദാശവഴി പൗരോഹിത്യ പദവിയിലേക്കു ചേർക്കപ്പെടുന്ന എല്ലാ വൈദികരും ഗാഢമായ ഒരു സാഹോദര്യത്തിൽ പരസ്പരം ബന്ധിതരാകുന്നു. എന്നാൽ സ്വന്തം മെത്രാന്റെ കീഴിൽ ഏതു രൂപതയുടെ സേവനത്തിനു നിയുക്തരാകുന്നുവോ അവിടെ അവരെല്ലാം ഒരു പ്രത്യേകവിധത്തിൽ ഒററ വൈദികഗണമായിത്തീരുന്നു... തിരുപ്പട്ടശുശ്രൂഷാക്രമത്തിൽ മെത്രാനുശേഷം വൈദികരും വൈദികാർഥിയുടെമേൽ കൈകൾ വയ്ക്കുന്നതു വൈദികസംഘത്തിൻെറ ഐകൃത്തിൻെറ ആരാധനാപരമായ പ്രകാശനമാണ്‌.

ഡീക്കൻമാരുടെ പട്ടം - “ശുശ്രൂഷക്ക്‌"

“ഹയരാർക്കിയുടെ കുറെ കൂടെ താഴ്ന്ന തട്ടിലാണ്‌ ഡിക്കൻമാരുടെ സ്ഥാനം. “പൗരോഹിത്യത്തിനുവേണ്ടിയല്ല, ശുശ്രൂഷയ്ക്കുവേണ്ടിയാണ്‌ അവർക്കു കൈവയ്പുനല്കുന്നത്.” ഡീക്കൻപട്ടം നൽകുമ്പോൾ മെത്രാൻ മാത്രമാണ്‌ അർഥിയുടെമേൽ കൈവയ്ക്കുന്നത്‌. ശുശ്രൂഷാദൗത്യത്തിൽ ("diakonia") ഡീക്കനു മെത്രാനുമായുള്ള പ്രത്യേക അടുപ്പമാണ്‌ ഇതു സൂചിപ്പിക്കുന്നത്‌.

ക്രിസ്തുവിൻെറ ദൗതൃത്തിലും കൃപയിലും ഡീക്കൻമാർ പ്രത്യേകമായ വിധത്തിൽ പങ്കുപററുന്നു. തിരുപ്പട്ടകൂദാശ അവരിൽ ഒരു മുദ്ര ("character") പതിക്കുന്നു. മായ്‌ക്കാനാവാത്ത ആ മുദ്ര സ്വയം “ഡീക്കൻ” അഥവാ എല്ലാവരുടെയും ദാസൻ ആക്കിയ ക്രിസ്തുവുമായി അവരെ അനുരൂപപ്പെടുത്തുന്നു. ദൈവികരഹസ്യങ്ങളുടെ ആഘോഷത്തിൽ, പ്രത്യേകിച്ച്‌ വി.കുർബാനയിൽ, മെത്രാനെയും വൈദികരെയും സഹായിക്കുക, വി.കുർബാന വിതരണം ചെയ്യുക, വിവാഹശുശ്രൂഷയിൽ സഹായിക്കുകയും അത്‌ ആശീർവദിക്കുകയും ചെയ്യുക, സുവിശേഷം പ്രഘോഷിക്കുകയും പ്രസംഗിക്കുകയും ചെയ്യുക, മൃതസംസ്കാരശുശ്രൂഷയ്ക്കു നേതൃത്വംകൊടുക്കുക, വിവിധ പരസ്നേഹപ്രവർത്തനങ്ങൾക്കായി സ്വയം സമർപ്പിക്കുക എന്നിവയെല്ലാം ഡീക്കൻമാരുടെ കർത്തവ്യങ്ങളിൽപ്പെടുന്നു. 

രണ്ടാം വത്തിക്കാൻ കൗൺസിലിനെത്തുടർന്നു ലത്തീൻസഭ ഹയരാർക്കിയുടെ സ്വകീയവും സ്ഥിരവുമായ പദവിയായി ഡീക്കൻസ്ഥാനത്തെ പുന:സ്ഥാപിച്ചിട്ടുണ്ട്‌. പൗരസ്ത്യസഭകൾ അത്‌ എന്നും അങ്ങനെ നിലനിർത്തിയിട്ടുണ്ടായിരുന്നു. വിവാഹിതരായ പുരുഷൻമാർക്കു നൽകാവുന്ന സ്ഥിരമായ ഡീക്കൻപദവി സഭയുടെ ദൗത്യത്തിനു സവിശേഷമായ ധന്യത നൽകുന്നു. സഭയുടെ ആരാധനാജീവിതത്തിലും അജപാലനജീവിതത്തിലുമാകട്ടെ സാമൂഹിക, പരസ്നേഹ പ്രവർത്തനങ്ങളിലാകട്ടെ ഏതു രംഗത്തായാലും സഭയിൽ യഥാർഥ ഡീക്കൻശുശ്രുഷചെയ്യുന്നവരെ “കൈവയ്പുവഴി ശക്തിപ്പെടുത്തുകയും അൾത്താരയോടു കൂടുതൽ അടുപ്പിക്കുകയും ചെയ്യുക എന്നത്‌” ഉചിതവും ഉപകാരപ്രദവുമാണ്‌. “അപ്പസ്തോലൻമാരുടെ കാലം മുതലുള്ള പാരമ്പര്യമാണിത്‌. ഡീക്കൻപട്ടത്തിന്റെ കൗദാശിക കൃപാവരം വഴി അവരുടെ ശുശ്രൂഷ കൂടുതൽ ഫലപ്രദമായിത്തീരുകയും ചെയ്യും."

IV. ഈ കുദാശയുടെ ആഘോഷം

മെത്രാന്റെയോ പുരോഹിതന്റെയോ ഡീക്കന്റെയോ പട്ടത്തിനു പ്രാദേശിക സഭാജീവിതത്തിലുള്ള പ്രാധാന്യം പരിഗണിക്കുമ്പോൾ പട്ടംകൊടുക്കൽശുശ്രൂഷയിൽ കഴിയുന്നത്ര വിശ്വാസികൾ പങ്കെടുക്കേണ്ടതാണ്‌. കഴിയുന്നിടത്തോളം, കത്തീഡ്രൽ ദൈവാലയത്തിൽ, ഞായറാഴ്ചകളിൽ അവസരോചിതമായ ആഘോഷത്തോടെ അതു നടത്തണം. മെത്രാന്റെതും പുരോഹിതൻേറതും ഡീക്കൻേറതുമായ മൂന്നു പട്ടങ്ങൾക്കും ഒരേ ഘടനയാണുള്ളത്‌. വി.കുർബാനയുടെയിടയ്ക്കാണ്‌ അവയുടെ ശരിയായ സ്ഥാനം.

മൂന്നു പദവികളിലേക്കുമുള്ള തിരുപ്പട്ടകൂദാശയുടെ കാതലായ അനുഷ്ഠാനം ഇതാണ്‌: അർഥിയുടെ തലയിൽ മെത്രാൻ കൈവയ്ക്കുന്നു; പരിശുദ്ധാത്മാവിൻെറ വർഷിക്കലിനും അർഥി നിയോഗിക്കപ്പെടുന്ന ശുശ്രൂഷയ്ക്കാവശ്യമായ അവിടുത്തെ ദാനങ്ങൾക്കുംവേണ്ടി ദൈവത്തോടു യാചിച്ചുകൊണ്ട്‌ പ്രത്യേക കുദാശപ്രാർഥന ചൊല്ലുന്നു. 

എല്ലാ കൂദാശകളിലുമെന്നപോലെ ഇതിൻെറ ആഘോഷത്തിലും കൂടുതലായ അനുഷ്ഠാനങ്ങൾ ഉണ്ട്‌. വിവിധ ആരാധനാപാരമ്പര്യങ്ങളിൽ അവയ്ക്ക്‌ ഏറെ വൃത്യസ്ത രൂപഭാവങ്ങളാണുള്ളത്‌. കൂദാശയുടെ കൃപാവരത്തിൻെറ നാനാവശങ്ങളെയും പ്രസ്പഷ്ടമാക്കന്നുവെന്നതാണ്‌ അവയ്ക്കു പൊതുവായുള്ള ഘടന. ലത്തീൻ റീത്തിൽ പ്രാരംഭകർമങ്ങൾ - അർഥിയുടെ സമർപ്പണവും തിരഞ്ഞെടുപ്പും, മെത്രാൻെറ ഉപദേശം, അർഥിയെ പരിശോധിക്കൽ, വിശുദ്ധരുടെ ലുത്തിനിയ - സഭയുടെ പാരമ്പര്യമനുസരിച്ചാണ്‌ അർഥിയെ തിരഞ്ഞെടുത്തിരിക്കുന്നതെന്നു സാക്ഷ്യപ്പെടുത്തുന്നു. ആഘോഷപൂർവകമായ കൂദാശകർമത്തിനുള്ള ഒരുക്കവുമാണു പ്രസ്തുത കർമങ്ങൾ. അവയെത്തുടർന്നുള്ള വിവിധകർമങ്ങൾ പരികർമം ചെയ്യപ്പെടുന്ന ദിവ്യരഹസ്യത്തെ പ്രതീകാത്മകമായി അവതരിപ്പിക്കുകയും പൂര്‍ണമാക്കുകയും ചെയ്യുന്നു: മെത്രാന്‍റെയും പുരോഹിതന്‍റെയും കാര്യത്തില്‍ അവരുടെ ശുശ്രൂഷയെ ഫലപ്രദമാക്കുന്ന പരിശുദ്ധാത്മാവിനെക്കൊണ്ടുള്ള അഭിഷേകത്തെ സൂചിപ്പിക്കുന്ന വിശുദ്ധതൈലലേപനം നടത്തുന്നു. മെത്രാനു സുവിശേഷ ഗ്രന്ഥവും മോതിരവും മുടിയും വടിയും നല്‍കപ്പെടുന്നു. ദൈവവചനം പ്രസംഗിക്കാനുള്ള അപ്പസ്‌തോലികദൗത്യത്തിലും ക്രിസ്തുവിന്‍റെ വധുവായ സഭയോടുള്ള വിശ്വസ്തതയുടേയും കര്‍ത്താവിന്‍റെ അജഗണത്തിന്‍റെ ഇടയനെന്ന നിലയിലുള്ള ധര്‍മത്തിന്‍റെയും അടയാളങ്ങളാണ്‌ ഇവ. “വിശുദ്ധ ജനത്തിന്‍റെ കാഴ്ചവസ്തുക്കള്‍” ദൈവത്തിനു സമര്‍പ്പിക്കുവാന്‍ വിളിക്കപ്പെടുന്ന വ്യക്തിയാണ്‌ പുരോഹിതന്‍. അദ്ദേഹം അവ സമര്‍പ്പിക്കുന്നതിന്‍റെ അടയാളമായി അദ്ദേഹത്തിനു കാസയും പിലാസയും നല്‍കപ്പെടുന്നു. ക്രിസ്തുവിന്‍റെ സുവിശേഷം പ്രസംഗിക്കാന്‍ ദൗത്യമേറെറടുക്കുന്ന ഡീക്കനു സുവിശേഷഗ്രന്ഥം നല്‍കപ്പെടുന്നു.

V. ഈ കൂദാശ നല്‍കാന്‍ ആര്‍ക്കു കഴിയും?

ക്രിസ്തു അപ്പസ്തോലന്‍മാരെ തിരഞ്ഞെടുക്കുകയും തന്‍റെ ദൗത്യത്തിലും തന്‍റെ അധികാരത്തിലും അവര്‍ക്കു പങ്കുനല്‍കുകയും ചെയ്തു. പിതാവിന്‍റെ വലതു ഭാഗത്തേക്ക്‌ ഉയര്‍ത്തപ്പെട്ടിരിക്കുന്ന അവിടുന്ന്‌ തന്‍റെ അജഗണത്തെ കൈവിടാതെ അപ്പസ്തോലന്‍മാരിലൂടെ തന്‍റെ നിരന്തരസംരക്ഷണത്തില്‍ അതിനെ കാത്തുസുക്ഷിക്കുകയും ഇന്നു തന്‍റെ ജോലി തുടരുന്ന അതേ അജപാലകരിലൂടെ നയിക്കുകയും ചെയ്യുന്നു. ക്രിസ്തു ചിലര്‍ക്ക്‌ അപ്പസ്തോലന്‍മാരായിരിക്കാനും മററുചിലര്‍ക്ക്‌ അജപാലകന്‍മാരായിരിക്കാനും വരംനല്കി. അവിടുന്ന്‌ ഇന്നും മെത്രാന്‍മാരിലൂടെ പ്രവര്‍ത്തിക്കുന്നു. 

തിരുപ്പട്ട കൂദാശ അപ്പസ്തോലിക ശുശ്രൂഷയുടെ ഏക കൂദാശയായതുകൊണ്ട് അപ്പസ്തോലന്‍മാരുടെ പിന്‍ഗാമികളായ മെത്രാന്‍മാര്‍ക്കാണ്‌ “അരൂപിയുടെ ദാനം, അപ്പസ്തോലിക പിന്‍തുടര്‍ച്ച", കൈമാറാന്‍ അവകാശമുള്ളത്‌. സാധുവായ പട്ടം ലഭിച്ചിട്ടുള്ള മെത്രാന്മാർ, അതായത്‌ അപ്പസ്തോലിക പിന്‍തുടര്‍ച്ചയുള്ളവര്‍, തിരുപ്പട്ടകൂദാശയുടെ മൂന്നു പദവികളും സാധുതയോടെ നല്‍കുന്നു.

VI. ഈ കൂദാശ ആര്‍ക്കു സ്വീകരിക്കാം?

“മാമ്മോദീസ സ്വീകരിച്ചിട്ടുള്ള പുരുഷനു മാത്രമേ സാധുവായ വിധത്തില്‍ തിരുപട്ടം സ്വീകരിക്കാനാവൂ. "പന്ത്രണ്ട് അപ്പസ്തോലന്‍മാരുടെ ഗണത്തിലേക്കു കര്‍ത്താവായ യേശു പുരുഷന്‍മാരെ തിരഞ്ഞെടുത്തു. തങ്ങളുടെ ശുശ്രൂഷയുടെ പിന്‍തുടര്‍ച്ചക്കാരായി സഹപ്രവര്‍ത്തകരെ തിരഞ്ഞെടുത്തപ്പോള്‍ അപ്പസ്തോലന്‍മാരും അതുതന്നെയാണു ചെയ്തത്‌. മെത്രാന്‍സംഘം - വൈദികര്‍ പൗരോഹിതൃത്തിലൂടെ ഇവരുമായി ഐക്യപ്പെട്ടുനില്‍ക്കുന്നു - അപ്പസ്തോല സംഘത്തെ ക്രിസ്തുവിന്റെ പുനരാഗമനംവരെ നിത്യം സന്നിഹിതമാക്കുകയും പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നു. കര്‍ത്താവുതന്നെ നടത്തിയ ഈ തിരഞ്ഞെടുപ്പ്‌ അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥയാണെന്നു സഭ മനസ്സിലാക്കുന്നു. ഇക്കാരണത്താല്‍ സ്ത്രീകള്‍ക്കു പട്ടം കൊടുക്കുക സാധ്യമല്ല."

തിരുപ്പട്ടകുദാശ സ്വീകരിക്കാന്‍ ആര്‍ക്കും അവകാശമില്ല. വാസ്തവത്തില്‍ ആരും സ്വയമായി ഈ ദൗത്യം ഏറ്റെടുക്കുന്നില്ല. അതിലേക്ക്‌ ദൈവത്തില്‍നിന്ന് വിളി ഉണ്ടാകുന്നു. പട്ടമേറ്റുള്ള ശുശ്രൂഷയ്ക്കായി ദൈവവിളിയുടെ സൂചനകള്‍ ഉണ്ടെന്നു കരുതുന്ന വ്യക്തി തന്‍റെ ആഗ്രഹം വിനീതമായി സഭാധികാരിയുടെ മുന്‍പില്‍ സമര്‍പ്പിക്കണം. അദ്ദേഹത്തിനാണ്‌ ഒരാളെ തിരുപ്പട്ടപദവിയിലേക്കു സ്വീകരിക്കാന്‍ അവകാശവും ഉത്തരവാദിത്വവുമുള്ളത്‌. ഏതു കൃപാവരവുമെന്നതുപോലെ ഈ കൂദാശയും അര്‍ഹതയില്ലാതെ കിട്ടുന്ന ദാനമെന്ന നിലയിലേ സ്വീകരിക്കാൻ കഴിയു.

സ്ഥിരം ഡീക്കന്‍മാരൊഴികെ, ലത്തീന്‍ സഭയിലെ അഭിഷിക്ത ശുശ്രൂഷകരെല്ലാവരും “സ്വര്‍ഗരാജ്യത്തെപ്രതി" ബ്രഹ്മചര്യജീവിതം നയിക്കുന്നവരും ബ്രഹ്മചാരികളായി തുടരുവാന്‍ ഉദ്ദേശിക്കുന്നവരുമായ വിശ്വാസികളായ പുരുഷന്‍മാരില്‍ നിന്നാണു സാധാരണഗതിയില്‍ തിരഞ്ഞെടുക്കപ്പെടുന്നത്‌. കര്‍ത്താവിനും “കര്‍ത്താവിന്‍റെ കാര്യങ്ങള്‍ക്കുമായി" " അവിഭക്തമായ ഹൃദയത്തോടെ സ്വയം പ്രതിഷ്ഠിക്കുവാന്‍ വിളിക്കപ്പെട്ടവരായ അവര്‍ തങ്ങളെത്തന്നെ പൂര്‍ണമായും ദൈവത്തിനും മനുഷ്യര്‍ക്കും വേണ്ടി നല്‍കുന്നു. സഭാശുശ്രൂഷകന്‍ ഏതിന്‍റെ ശുശ്രൂഷയ്ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നുവോ ആ പുതിയ ജീവിതത്തിന്‍റെ അടയാളമാണ്‌ ബ്രഹ്മചര്യം. സന്തോഷ നിര്‍ഭരമായ ഹൃദയത്തോടെ അതു സ്വീകരിക്കുന്നവന്‍ ഉജ്ജ്വലമായി ദൈവരാജ്യം പ്രഘോഷിക്കുന്നു.

പൗരസ്ത്യസഭകളില്‍ നൂററാണ്ടുകളായി വൃത്യസ്തമായൊരു ശിക്ഷണക്രമമാണു നിലനിന്നിരുന്നത്‌. ബ്രഹ്മചാരികളായവരെമാത്രം മെത്രാന്‍മാരായി തിരഞ്ഞെടുക്കുമ്പോള്‍ വിവാഹിതരായവരെ പുരോഹിതരും ഡീക്കന്‍മാരുമായി അഭിഷേചിക്കുന്നു. ഇതു നിയമാനുസൃതമായ രീതിയായി പണ്ടുകാലംമുതലേ പരിഗണിക്കപ്പെട്ടിരുന്നു. ഈ വൈദികര്‍ തങ്ങളുടെ സമൂഹങ്ങളില്‍ ഫലപ്രദമായ അജപാലനശുശൂഷ ചെയ്യുന്നു.” കൂടാതെ പൗരസ്തൃസഭകള്‍ വൈദിക ബ്രഹ്മചര്യത്തെ വലിയ ആദരവോടെയാണു വീക്ഷിക്കുന്നത്‌; അനേകം വൈദികര്‍ ദൈവാരാജ്യത്തെപ്രതി ബ്രഹ്മചര്യം സ്വമനസ്സാലേ ഏറെറടുത്തിട്ടുണ്ട്‌. പാശ്ചാത്യ പൗരസ്ത്യ സഭകളില്‍ തിരുപ്പട്ടം സ്വീകരിച്ചു കഴിഞ്ഞ ആര്‍ക്കും പിന്നെ വിവാഹം ചെയ്യാന്‍ സാധ്യമല്ല.

VII. തിരുപ്പട്ടകൂദാശയുടെ ഫലങ്ങള്‍

മായാത്ത മുദ്ര 

സഭയ്ക്കുവേണ്ടി ക്രിസ്തുവിന്‍റെ ഉപകരണമായി വര്‍ത്തിക്കേണ്ടതിനു പരിശുദ്ധാത്മാവിന്‍റെ പ്രത്യേക കൃപാവരത്താല്‍ ഈ കൂദാശ അതു സ്വീകരിക്കുന്നയാളെ ക്രിസ്തുവുമായി അനുരൂപപ്പെടുത്തുന്നു. സഭയുടെ ശിരസ്സായ ക്രിസ്തുവിന്‍റെ പ്രതിനിധിയായി അവിടുത്തെ പുരോഹിത, പ്രവാചക, രാജകീയ ധര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ തിരുപ്പട്ടം ഒരുവനെ പ്രാപ്തനാക്കുന്നു.

മാമ്മോദീസയിലും സ്ഥൈര്യലേപനത്തിലുമെന്നതുപോലെ ക്രിസ്തുവിന്‍റെ ധര്‍മത്തിലുള്ള ഈ ഭാഗഭാഗിത്വം ഒരിക്കല്‍ എന്നേക്കുമായി നല്‍കപ്പെടുകയാണ്‌. മറ്റു രണ്ടു കൂദാശകളെയുംപോലെ തിരുപ്പട്ടകൂദാശയും മായാത്ത ആത്മീയ മുദ്ര പതിപ്പിക്കുന്നു. അതിനാല്‍ അത്‌ ആവര്‍ത്തിക്കാനോ തത്കാലത്തേക്കായി നല്‍കാനോ പാടില്ല.

സാധുവായി പട്ടംസ്വീകരിച്ച ഒരാളെ, ന്യായമായ കാരണത്താല്‍ തിരുപ്പട്ടവുമായി ബന്ധപ്പെട്ട കര്‍ത്തവ്യങ്ങളിലും ഉത്തരവാദിത്വങ്ങളിലും നിന്ന്‌ ഒഴിവാക്കുകയോ വിലക്കുകയോ ചെയ്യാമെന്നത്‌ ശരിയാണ്‌. പക്ഷേ, നിഷ്കൃഷ്ടാര്‍ഥത്തില്‍, അയാള്‍ക്ക്‌ വീണ്ടുമൊരു അല്‍മായനാകാന്‍ കഴിയില്ല." കാരണം, തിരുപ്പട്ടം പതിക്കുന്ന മുദ്ര എക്കാലത്തേക്കുമാണ്‌. തിരുപ്പട്ടം സ്വീകരിച്ച ദിവസം ഏററുവാങ്ങുന്ന വിളിയും ദൗത്യവും അയാളെ ശാശ്വതമായി അടയാളപ്പെടുത്തുന്നു.

ആത്യന്തികമായി ക്രിസ്തുതന്നെയാണു തിരുപ്പട്ടം സ്വീകരിച്ച ശുശ്രൂഷകനിലൂടെ പ്രവര്‍ത്തിക്കുകയും രക്ഷ സാധ്യമാക്കുകയും ചെയ്യുന്നത്‌. അതിനാല്‍ ശുശ്രൂഷകന്റെ അയോഗ്യത ക്രിസ്തുവിന്‍റെ പ്രവര്‍ത്തനത്തെ തടയുന്നില്ല. "വി. ആഗസ്തീനോസ്‌ ഇതു വ്യക്തമായി പറയുന്നുണ്ട്‌:

അഹങ്കാരിയായ ശുശ്രൂഷകന്‍റെ കാര്യമെടുത്താല്‍, അയാളെ പിശാചിനോടൊപ്പമാണു പരിഗണിക്കേണ്ടത്‌. അതുകൊണ്ട്‌, ക്രിസ്തുവിന്‍റെ വരദാനം അശുദ്ധമാകുന്നില്ല: അയാളിലൂടെ ഒഴുകിവരുന്നതു ശുദ്ധമായിത്തന്നെയിരിക്കുന്നു. അയാളിലൂടെ കടന്നുവരുന്നതു തെളിഞ്ഞതാണ്‌, അതു ഫലഭൂയിഷ്ഠമായ മണ്ണിലെത്തുന്നു.. കൂദാശയുടെ ആധ്യാത്മികശക്തിയെ പ്രകാശത്തോടു താരതമ്യപ്പെടുത്താം: പ്രകാശിതരാകേണ്ടവര്‍ അതിനെ അതിന്‍റെ പരിശുദ്ധിയില്‍ സ്വീകരിക്കുന്നു. അശുദ്ധമായ വസ്തുക്കളിലൂടെ കടന്നുപോകേണ്ടി വന്നാലും അത്‌ അതില്‍ത്തന്നെ അശുദ്ധമാക്കപ്പെടുന്നില്ല.

പരിശുദ്ധാത്മാവിന്‍റെ കൃപാവരം

ഈ കൂദാശയ്ക്കു പ്രത്യേകമായുള്ള, പരിശുദ്ധാത്മാവിന്‍റെ കൃപാവരം പുരോഹിതനും ഗുരുവും അജപാലകനുമായ ക്രിസ്തുവിനോടുള്ള അനുരുപപ്പെടലാണ്‌. പട്ടമേല്‍ക്കുന്നവന്‍ അവിടുത്തെ ശുശ്രൂഷകനായിത്തീരുന്നു.

മെത്രാനെ സംബന്ധിച്ചിടത്തോളം ഇതു പ്രഥമത ശക്തിയുടെ കൃപാവരമാണ്‌ (“ഭരിക്കുന്ന ആത്മാവ്‌”: അതായത്‌ രാജാവിനെ വാഴിക്കുന്ന ആത്മാവ്‌: ലത്തീനിലെ  പ്രാര്‍ഥന)"; എല്ലാവരോടും ഉദാരമായ സ്നേഹത്തോടുകൂടെ, പാവങ്ങളോടും രോഗികളോടും അവശരോടും സവിശേഷ സ്നേഹത്തോടുകൂടെ, പിതാവിനെയും ഇടയനെയുംപോലെ ശക്തിയോടും വിവേകത്തോടുംകൂടെ തന്‍റെ സഭയെ നയിക്കാനും സംരക്ഷിക്കാനുമുള്ള കൃപാവരം. എല്ലാവരോടും സുവിശേഷം പ്രഘോഷിക്കുവാനും അജഗണത്തിനു മാതൃകയാകുവാനും അവര്‍ക്കുവേണ്ടി ജീവന്‍ ത്യജിക്കാന്‍ ഭയമില്ലാതെ, പുരോഹിതനും ബലിവസ്തുവുമായ ക്രിസ്തുവിനോടു വി. കൂര്‍ബാനയില്‍ താദാത്മ്യം പ്രാപിച്ചുകൊണ്ട്‌, വിശുദ്ധീകരണത്തിന്‍റെ പാതയില്‍ അവര്‍ക്കു മുമ്പേ നടക്കുവാനും ഈ കൃപാവരം അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നു.

ഹൃദയങ്ങളെ അറിയുന്ന പിതാവേ, മെത്രാന്‍ പദവിയിലേക്ക്‌ അങ്ങ്‌ തിരഞ്ഞെടുത്ത ഈ ദാസന്‍ അങ്ങയുടെ വിശുദ്ധ അജഗണത്തെ മേയിക്കാനും രാവും പകലും അങ്ങേക്കു ശുശ്രൂഷ ചെയ്തുകൊണ്ട്‌ അങ്ങയുടെ സന്നിധിയില്‍ കളങ്കരഹിതനായി പൗരോഹിത്യത്തിന്‍റെ മഹത്ത്വം പ്രകടിപ്പിക്കാനും പ്രസാദത്തിന്‍റെ അനുഗ്രഹങ്ങള്‍ എപ്പോഴും പ്രാപിച്ച്‌ അങ്ങയുടെ വിശുദ്ധ സഭയുടെ കാഴ്ചവസ്തുക്കള്‍ അര്‍പ്പിക്കാനും മഹാപുരോഹിത സ്ഥാനം നല്‍കുന്ന ആത്മാവിലൂടെ, അങ്ങുകല്‍പിച്ചതുപോലെ പാപംമോചിക്കാനും, അങ്ങു നിശ്ചയിച്ചിരിക്കുന്നതുപോലെ ശുശ്രൂഷകള്‍ നിര്‍ദേശിച്ചുകൊടുക്കാനും അപ്പസ്തോലന്‍മാര്‍ക്ക്‌ അങ്ങു നല്‍കിയ അധികാരത്താല്‍ എല്ലാ ബന്ധനങ്ങളിലും നിന്നു മോചിക്കാനും അങ്ങേക്ക്‌ സുരഭിലമായ കാഴ്ചയര്‍പ്പിച്ചുകൊണ്ടു തന്‍റെ സൗമ്യതയാലും ഹൃദയപരിശുദ്ധിയാലും അങ്ങയെ പ്രസാദിപ്പിക്കാനും അങ്ങേ പുത്രനായ യേശുക്രിസ്തുവിലൂടെ രൂപംനല്കണമേ. വൈദിക പദം പ്രദാനം ചെയ്യുന്ന ആത്മീയവരത്തെ ബൈസന്‍റയിന്‍ റീത്തിലെ, താഴെവരുന്ന പ്രാര്‍ഥന വെളിവാക്കുന്നു: മെത്രാന്‍ വൈദികാര്‍ഥിയുടെ മേല്‍ കൈവച്ചു പ്രാര്‍ഥിക്കുന്നതിനിടയില്‍ ഇങ്ങനെ പറയുന്നു:

കര്‍ത്താവേ, വൈദികപദവിയിലേക്കുയര്‍ത്താന്‍ അങ്ങു തിരുമനസ്സായ ഇദ്ദേഹത്തെ ആത്മാവിന്‍റെ വരദാനംകൊണ്ടു നിറയ്ക്കണമേ. അതുവഴി അങ്ങയുടെ അള്‍ത്താരയ്ക്കു മുന്‍പില്‍ കളങ്കരഹിതനായി നില്‍ക്കുവാനും അങ്ങയുടെ രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കുവാനും അങ്ങയുടെ സത്യവചനത്തിന്‍റെ ശുശൂഷ നിര്‍വഹിക്കുവാനും അങ്ങേക്ക്‌ ആത്മീയദാനങ്ങളും ബലികളുമര്‍പ്പിക്കുവാനും പുനര്‍ജനനത്തിന്റെ സ്നാനത്താല്‍ അങ്ങയുടെ ജനത്തെ നവീകരിക്കുവാനും അങ്ങയുടെ ഏകജാതനും ഞങ്ങളുടെ മഹോന്നത ദൈവവും രക്ഷകനുമായ യേശു ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനത്തില്‍ അവിടുത്തെ കണ്ടുമുട്ടുവാനും ഇദ്ദേഹത്തിനു ലഭിക്കുന്ന പദവിയുടെ കര്‍ത്തവ്യങ്ങള്‍ വിശ്വസ്തതയോടെ നിര്‍വഹിക്കുന്നതിനുള്ള പ്രതിഫലം അങ്ങയുടെ അനന്തനന്‍മയില്‍നിന്ന്‌ സ്വീകരിക്കുവാനും ഇദ്ദേഹം യോഗ്യനാകട്ടെ.

ഡീക്കന്‍മാരെ സംബന്ധിച്ചിടത്തോളം, “കൗദാശിക കൃപാവരത്താല്‍ ശക്തി പ്രാപിച്ച അവര്‍ മെത്രാനോടും വൈദികഗണത്തോടും ബന്ധപ്പെട്ടു ദൈവജനത്തിനു സമര്‍പ്പിതരായിരിക്കുന്നു; ആരാധനയുടെയും സുവിശേഷത്തിന്‍റെയും പരസ്നേഹ പ്രവര്‍ത്തനങ്ങളുടെയും ശുശ്രൂഷയില്‍ അവര്‍ വ്യാപ്യതരുമാണ്‌.”

പൗരോഹിത്യ , കൃപാവരത്തിന്‍റെയും ധര്‍മത്തിന്‍റെയും മഹത്ത്വത്തെക്കുറിച്ചുള്ള ചിന്ത വിശുദ്ധരായ സഭാപണ്‍ഡിതന്‍മാര്‍ക്ക്‌, ആരുടെ കുദാശ തങ്ങളെ ശുശ്രൂഷകരാക്കിയോ അവിടുന്നുമായി തങ്ങളുടെ മുഴുവന്‍ ജീവിതങ്ങളെയും അനുരൂപപ്പെടുത്തത്തക്കവിധം മാനസാന്തരപ്പെടുവാനുള്ള ശക്തമായ ഉള്‍പ്രേരണ നല്‍കി. യുവവൈദികനായിരുന്നപ്പോള്‍ വി. ഗ്രിഗറി നസിയാന്‍സന്‍ ഇപ്രകാരം ഉദ്ഘോഷിച്ചു:

മററുള്ളവരെ ശുദ്ധരാക്കുന്നതിനുമുന്‍പു നാം നമ്മെത്തന്നെ ശുദ്ധീകരിക്കണം; മററുള്ളവര്‍ക്കു പ്രബോധനം നല്‍കുവാന്‍ നാം പ്രബോധിതരാകണം; മററുള്ളവരെ പ്രകാശിപ്പിക്കുന്നതിനു നാം പ്രകാശമായിത്തീരണം. മററുള്ളവരെ ദൈവത്തിലേക്ക്‌ അടുപ്പിക്കുന്നതിനു, നാം ദൈവത്തോടടുക്കണം; മററുള്ളവരെ വിശുദ്ധികരിക്കാനും കൈപിടിച്ചു നടത്താനും വിവേകപൂര്‍വം ഉപദേശിക്കാനും നാം വിശുദ്ധീകൃതരാകണം. നാം ആരുടെ ശുശ്രുഷകരാണെന്നും നാമെവിടെയാണെന്നും എങ്ങോട്ടാണ്‌ പോകുന്നതെന്നും എനിക്കറിയാം. ദൈവത്തിന്‍റെ ശക്തിയും മനുഷ്യന്‍റെ ബലഹീനതയും, അവന്‍റെ കഴിവും എനിക്കറിയാം. അപ്പോള്‍ ആരാണ്‌ പുരോഹിതന്‍? അവന്‍ സത്യത്തിന്‍റെ സംരക്ഷകന്‍, മാലാഖമാരൊത്തു നില്‍ക്കുന്ന, പ്രധാന മാലാഖമാരൊത്ത്‌ ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന, ഉന്നതത്തിലെ അള്‍ത്താരയിലേക്ക്‌ ബലികള്‍ ഉയര്‍ത്തുന്ന, ക്രിസ്തുവിന്‍റെ പൗരോഹിത്യത്തില്‍ പങ്കുപറ്റുന്ന, സൃഷ്ടിക്കു പുതിയ രൂപഭാവങ്ങള്‍ നല്‍കുകയും, അതില്‍ ദൈവത്തിന്‍റെ ഛായ  പുന:സ്ഥാപിക്കുകയും ഉന്നതത്തിലെ ലോകത്തിനായി അതിനെ പുനഃസൃഷ്ടിക്കുകയും ചെയ്യുന്ന വ്യക്തി, അതിലുപരി ദൈവികത നതികപ്പെട്ടവനും ദൈവികത നല്‍കുന്നവനും ആകുന്നു.
വിശുദ്ധനായ ആര്‍സിലെ വികാരി പറയുന്നു: “പുരോഹിതന്‍ ഭൂമിയില്‍ രക്ഷാകരപ്രവര്‍ത്തനം തുടരുന്നു... ലോകത്തില്‍ വൈദികനാരെന്നു യഥാര്‍ഥത്തില്‍  മനസ്സിലാക്കിയാല്‍ നാം മരിക്കും, ഭയം കൊണ്ടല്ല, സ്നേഹം കൊണ്ട്‌... യേശുവിന്‍റെ ഹൃദയത്തിലെ സ്നേഹമാണു പൗരോഹിത്യം.” 

സംഗ്രഹം

പൗലോസ് തന്‍റെ ശിഷ്യനായ തിമോത്തേയോസ്സിനോട്‌ പറഞ്ഞു: “എന്‍റെ കൈവയ്പിലുടെ നിനക്കു ലഭിച്ച ദൈവികവരം വീണ്ടും ഉജ്വലിച്ചു കാണണമെന്ന്  ഞാൻ നിന്നെ അനുസ്മരിപ്പിക്കുന്നു " (2 തിമേ 1: 6); “മെത്രാൻ സ്ഥാനം ആഗ്രഹിക്കുന്നവൻ ഉത്‌കൃഷ്ടമായ ഒരു ജോലിയാണ് ആഗ്രഹിക്കുന്നത്‌ എന്നതു സത്യമാണ്‌ “(1 തിമേ 3:1). തീത്തോസ്സിനോട്‌ അദ്ദേഹം പറഞ്ഞു: “ഞാൻ നിന്നെ ക്രേത്തേയിൽ വിട്ടുപോന്നത് നീ അവിടുത്തെ  കുറവുകൾ എല്ലാം പരിഹരിക്കുന്നതിനും ഞാൻ നിർദേശിച്ച വിധം എല്ലാ പട്ടണങ്ങളിലും ശ്രേഷ്ഠന്മാരെ     നിയമിക്കുന്നതിനും വേണ്ടിയാണ്‌ "(1 തീത്തോസ്‌ 1:5).

സഭ  മുഴുവനും ഒരു പുരോഹിതജനമാണ്‌. മാമ്മോദിസയിലൂടെ എല്ലാ വിശ്വാസികളും ക്രിസ്തുവിന്‍റെ പൗരോഹിത്യത്തിൽ പങ്കുചേരുന്നു. ഈ പങ്കാളിത്തത്തെ “വിശ്വാസ്സികളുടെ പൊതുപൗരോഹിത്യം ” എന്നു വിളിക്കുന്നു. ഈ പൊതു പൗരോഹിത്യത്തെ അടിസ്ഥാനമാക്കിയും അതിന്‍റെ ശുശ്രുഷയ്ക്കായും ക്രിസ്തുവിന്റെ  ദൗത്യത്തിൽ വേറൊരു പങ്കാളിത്തമുണ്ട്‌: തിരുപ്പട്ടകൂദാശയിലൂടെ ലഭിക്കുന്നത്‌. ശിരസ്സായ ക്രിസ്തുവിന്‍റെ നാമത്തിലും വ്യക്തിത്വത്തിലും സമൂഹ മധ്യേ സേവനം ചെയ്യുകയെന്നതാണ്‌ അതിന്‍റെ  ധർമ്മം.

ശുശ്രുഷാ പൗരോഹിത്യം വിശ്വാസ്സികളുടെ പൊതു പൗരോഹിത്യത്തിൽനിന്നു സാരാംശത്തിൽ ഭിന്നമാകുന്നു. കാരണം, വിശ്വാസികളുടെ ശുശ്രുഷക്കായി അതു വിശുദ്ധമായൊരു അധികാരം പ്രദാനം ചെയ്യുന്നുണ്ട്‌. പട്ടം കിട്ടിയ ശുശ്രൂഷകര്‍ ദൈവജനത്തിനുവേണ്ടി സേവനം ചെയ്യുന്നതു പ്രബോധനത്തിലുടെയും (പ്രബോധന ധര്‍മം) ദൈവാരാധനയിലുടെയും (ആരാധനാധര്‍മം) അജപാലനത്തിലുടെയും (അജപാലന ധര്‍മം) ആണ്‌.

ആരംഭംമുതല്‍ തിരുപ്പട്ട ശുശ്രുഷ മൂന്ന് പദവികളില്‍ നൽകപ്പെടുകയും നിർഹിക്കപ്പെടുകയും ചെയ്തിരുന്നു. മെത്രാന്മാരുടെയും പുരോഹിതന്‍മാരുടെയും ഡീക്കന്‍മാരുടെയും പദവികള്‍. സഭയുടെ സജീവ ഘടനയ്ക്കുവേണ്ടി പകരം തിരുപ്പട്ടം വഴി നല്കപ്പെടുന്ന ശുശ്രുഷയ്ക്ക് പകരമായി മറ്റൊന്നുമില്ല. മെത്രാനും വൈദികരും ഡീക്കന്‍മാരുമില്ലാത്ത സഭ അചിന്ത്യമാണ്‌.(cf.St.Ignatius of Antioch Ad Trall. 3,1).

മെത്രാനും കൂദാശയുടെ പൂർണത കൈവരുന്നു. അതുവഴി അദ്ദേഹം മെത്രാന്‍ സംഘത്തിന്‍റെ ഭാഗമായിത്തീരുകയും ഏല്പിക്കപ്പെട്ടിരുക്കുന്ന  പ്രാദേശിക സഭയുടെ ദൃശ്യതലവസായിത്തീരുകയും ചെയ്യുന്നു. അപ്പോസ്തോലന്മാരുടെ പിൻഗാമികളും മെത്രാൻ സംഘത്തിലെ  അംഗങ്ങളുമെന്ന നിലയിൽ മെത്രാന്മാൻ വി. പത്രോസിന്‍റെ പിൻഗാമിയായ മാർപാപ്പാമാരുടെ അധികാരത്തിൽ സഭമുഴുവനെറയും അപ്പോസ്തോലിക ദൗത്യത്തിലും ഉത്തരവാദിത്വത്തിലും പങ്കുചേരുത്തു.

പൗരോഹിത്യ പദവിയിൽ  വൈദികര്‍ മെത്രന്മാരോടു യോജിച്ചിരിക്കുന്നു. അതേ സമയം തങ്ങളുടെ അജപാലന ധര്‍മനിർവഹണത്തില്‍ അവർ മെത്രാന്മാരെ ആശ്രയിച്ചു നിൽക്കുകയും ചെയ്യുന്നു. മെത്രാന്‍റെ വിവേകശാലികളായ സഹപ്രവത്തകനാകാനാണ് അവര്‍ വിളിക്കപ്പെട്ടിരിക്കുന്നത്‌. മെത്രാനോടൊപ്പം  അവരും   പ്രാദേശിക സഭയുടെ ഉത്തരവാദിത്വം ഏറെറടുക്കുന്ന ഒരു വൈദികസംഘമായി തീരുന്നു. അവര്‍  മെത്രാന്മാരിൽനിന്നു ഇടവകയുടെ ഉത്തരവാദിത്വമോ  സഭാപരമായ ഒരു നിശ്ചിത ധർമമോ സ്വീകരിക്കുന്നു 

സഭയിലെ സേവന പ്രവർത്തനങ്ങൾക്കായി നിയുക്തരായ ശുശ്രുഷകരാണ് ഡീക്കന്മാർ. അവർ ശുശ്രുഷ  പൗരോഹിത്യം സ്വീകരിക്കുന്നില്ല. എന്നാൽ വചന ശുശ്രുഷയിലും ദൈവാരാധനയിലും അജപാലനത്തിലും  പരസ്നേഹപ്രവർത്തനത്തിലും പ്രധാനപ്പെട്ട ധര്‍മങ്ങള്‍ അനുഷ്ഠിക്കൻ ഈ പട്ടം സ്വീകരിക്കുന്നതിലൂടെ അവർ നിയോഗിക്കപ്പെടുന്നു. തങ്ങളുടെ മെത്രാന്റെ അജപാലനാധികാരത്തിനു വിധേയമായി അവർ പ്രസ്തുത ധർമ്മങ്ങൾ അനുഷ്ഠിക്കണം.

കൈവയ്പ്പും തുടര്‍ന്നുള്ള ആഘോഷപരമായ കൂദാശപ്രാർത്ഥനയും വഴിയാണ്‌ തിരുകൂദാശ നൽകുന്നത്. പട്ടം സ്വീകരിക്കുന്നയാൾക്ക് ശുശ്രുഷയ്ക്കാവശ്യമായ പരിശുദ്ധാത്മാന്റെ ദാനങ്ങൾ നല്‍കണമേ എന്നാണ്‌ ദൈവത്തോടുയാചിക്കുന്നത്.

മാമ്മോദീസ സ്വീകരിച്ചിട്ടുള്ളവരും ശുശ്രൂഷാനിര്‍വഹണത്തിനാവശ്യമായ യോഗ്യതയുണ്ടെന്നു വേണ്ടവിധം തെളിയിച്ചവരുമായ പുരുഷന്‍മാര്‍ക്കു മാത്രമാണ്‌ സഭ തിരുപ്പട്ട കൂദാശ നല്കുന്നത്‌. തിരുപ്പട്ടകൂദാശ സ്വീകരിക്കുവാന്‍ ഒരാളെ വിളിക്കുന്നതിന്‌ ഉത്തരവാദിത്വവും അവകാശവും സഭാധികാരത്തിനു മാത്രമുള്ളതാണ്‌.

ലാറ്റിൻ സഭയിൽ സ്വതന്ത്ര മനസ്സോടെ  ബ്രഹ്മചര്യജീവിതം ആശ്ലേഷിക്കുകയും, ദൈവരാജ്യത്തിനും മനുഷ്യസേവനത്തിനുംവേണ്ടി ബ്രഹ്മചരിയായി ജീവിക്കുവാനുള്ള ഉദ്ദേശ്യം പരസ്യമായി പ്രകടിച്ചിക്കുകയും ചെയ്യുന്ന അര്‍ഥികൾക്ക്  മാത്രമാണ് സാധാരണഗതിയിൽ തിരുപ്പട്ടം നൽകുന്നത്.

തിരുപ്പട്ട കൂദാശ അതിന്‍റെ മുന്നുപദവികളിലും നൽകുന്നതു മെത്രാന്മാർ മാത്രമാണ്.

കൂട്ടായ്മയുടെ ശുശ്രൂഷയ്ക്കുള്ള കൂദാശകൾ തിരുപ്പട്ട കൂദാശ പട്ടം ക്രിസ്തുവിന്‍റെ ഏകപൗരോഹിത്യം ശിരസ്സായ ക്രിസ്തുവിന്‍റെ വ്യക്തിത്വത്തിൽ സഭ മുഴുവന്‍റെയും നാമത്തിൽ മെത്രാൻപട്ടം തിരുപ്പട്ടകൂദാശയുടെ ഫലങ്ങള്‍ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message