x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ദൈവശാസ്ത്രപരമായ പ്രസക്തി

Authored by : Mar Joseph Kallarangatt On 30-Dec-2022

രണ്ടാം വത്തിക്കാൻ സൂനഹദോസിൻ്റെ ദൈവശാസ്ത്രപരമായ പ്രസക്തി

1959 ജനുവരി 25-ന് വിശുദ്ധ പൗലോസിന്റെ മാനസാന്തരദിവസത്തിലാണ് ഒരു പുതിയ സാർവത്രിക സൂനഹദോസിനെക്കുറിച്ചുള്ള ചിന്ത പരിശുദ്ധപിതാവിന്റെ മനസ്സിൽ പ്രവേശിച്ചത്. മിശിഹായുടെ സഭയുടെ തനിമ മനസ്സിലാക്കാൻ ഉറവിടങ്ങളിലേക്കു തിരിച്ചുപോകുക (Ressourcement), കാലഘട്ടത്തിന്റെ വികാരങ്ങൾ മനസ്സിലാക്കി സഭയെ നവീകരിക്കുക (aggiornamento) എന്നീ അടിസ്ഥാനപരമായ വീക്ഷണങ്ങളോടെയാണ് ജോൺ 23-ാം പാപ്പാ (+1963) രണ്ടാം വത്തിക്കാൻ സൂനഹദോസ് വിളിച്ചു കൂട്ടിയത്. 1962 ഒക്ടോബർ 11-ന് കൗൺസിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. “തിരുസഭാമാതാവ് ഇന്നു ഹർഷപുളകിതയാകുന്നു" എന്ന് ഉദ്ഘാടന പ്രസംഗത്തിൽ പരിശുദ്ധ പിതാവ് പറഞ്ഞു. 1965 ഡിസംബർ 8-ന് സൂനഹദോസ് സമാപിച്ചു. ഈടുറ്റ 6 പ്രമാണരേഖകൾ ഈ സൂനഹദോസ് പ്രസിദ്ധീകരിച്ചു. അതിൽ നാല് കോൺസ്റ്റിറ്റ്യൂഷനുകളും ഒൻപതു ഡിക്രികളും മൂന്നു പ്രഖ്യാപനങ്ങളും ഉൾപ്പെടുന്നു. ഇവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും അഗാധമായ പ്രബോധനങ്ങൾ ഉൾക്കൊള്ളുന്നതും കോൺസ്റ്റിറ്റ്യൂഷനുകളാണ്. പൗരസ്ത്യസഭകളെ സംബന്ധിച്ചിടത്തോളം, പൗരസ്ത്യസഭകളെക്കുറിച്ചും എക്യൂമെനിസത്തെക്കുറിച്ചുമുള്ള ഡിക്രികൾ ഏറ്റവും പ്രാധാന്യമർഹിക്കുന്നവയാണ്.

ക്രൈസ്തവവിശ്വാസത്തിന്റെ പാവനനിക്ഷേപം സുഭദ്രമായി സംരക്ഷിക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്നതാണ് സാർവത്രികസൂനഹദോസിന്റെ പരമപ്രധാനമായ ധർമം. കുറവുകൂടാതെ സംരക്ഷിക്കപ്പെട്ട ആ സത്യങ്ങൾ ക്രിസ്തീയതയുടെ പൊതുപൈതൃകമാണ്. ഈ നിക്ഷേപം ഗവേഷണബുദ്ധിയോടെ പഠിച്ച് നവീനപ്രബോധനരീതികളിൽ ആവിഷ്കരിക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെ സഭയെ വാത്സല്യപൂർണയായ അമ്മയായി ഈ സൂനഹദോസ് ആവിഷ്കരിക്കുന്നു. ശാപവചനങ്ങൾ ഉച്ചരിക്കാനല്ല, സഭയുടെ നിക്ഷേപത്തിന്റെ ആധികാരികത വ്യക്തമാക്കാനാണ് ഈ സൂനഹദോസ് പരിശ്രമിച്ചത്. അപ്രകാരം ജീവദായകമായ തന്റെ സനാതന സത്യരത്നാകരം എല്ലാവർക്കുമായി സഭ ഒരിക്കൽക്കൂടി തുറക്കുന്നു. മനുഷ്യകുലം മുഴുവന്റെയും ഐക്യമാണു ലക്ഷ്യം. ഈ സൂനഹദോസിന്റെ ദൈവശാസ്ത്രപരമായ ഉൾക്കാഴ്ചയിലേക്ക് ഒന്നിറങ്ങിച്ചെല്ലാൻ 23-ാം ജോൺ മാർപാപ്പായുടെ ഉദ്ഘാടനപ്രസംഗത്തിലെ താഴെപ്പറയുന്ന വാക്കുകൾ സഹായിക്കും. “ഇന്നാരംഭിക്കുന്ന ഈ സൂനഹദോസ് സഭയെ സംബന്ധിച്ചിടത്തോളം ഒരു പുത്തൻപ്രഭാതമാണ്; ഒരു ഉജ്ജ്വലപ്രകാശത്തിന്റെ മുന്നോടി. ഇപ്പോൾ പ്രഭാതമായതേയുള്ളൂ. ഈ പൊൻപുലരിയിൽത്തന്നെ എത്രമാത്രം ആനന്ദമാണു നമുക്കുള്ളിൽ."

കത്തോലിക്കാസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെത്രാന്മാരും ദൈവശാസ്ത്രജ്ഞന്മാരും പങ്കെടുത്ത ഈ സൂനഹദോസിന് ഒരു സഭാത്മക ആദ്ധ്യാത്മിക തരംഗം തന്നെ സൃഷ്ടിക്കാൻ സാധിച്ചു. സഭയെ സംബന്ധിച്ച മാർമികമായ പല സമീപനങ്ങളും കൗൺസിൽ സ്വീകരിച്ചു. ചില തിരുത്തിക്കുറിപ്പിലൂടെ ഉള്ളിലേക്ക് ഒരു പുതിയ നോട്ടം നോക്കാൻ സഭയ്ക്ക് സാധിച്ചു. ദൈവാരാധനയിൽ അധിഷ്ഠിതമായ ഒരു ദൈവശാസ്ത്ര സമീപനത്തിനും സഭാത്മകമായ ഒരു ആദ്ധ്യാത്മികശൈലിക്കും പ്രാമുഖ്യംനല്കാൻ ഈ സൂനഹദോസിനു കഴിഞ്ഞുവെന്നത് കാലംകൊണ്ട് കോട്ടം തട്ടാൻപാടില്ലാത്ത ഒരു സംഭാവനയായി നിലനില്ക്കുന്നു. സഭയെ കൂട്ടായ്മയായി കാണാനും ആ കൂട്ടായ്മയുടെ അടിസ്ഥാനം ത്രിത്വത്തിലെ കൂട്ടായ്മയാണെന്നു കണ്ടെത്താനും സാധിച്ചു. വിശുദ്ധ ഗ്രന്ഥത്തിൽ നിന്നും സഭാപിതാക്കന്മാരിൽ നിന്നും ആദിമസഭയുടെ ആധ്യാത്മിക ഗ്രന്ഥകാരന്മാരിൽനിന്നും പുരാതനമായ ആരാധനക്രമങ്ങളിൽ നിന്നും വിശുദ്ധന്മാരും രക്തസാക്ഷികളുമായ പുണ്യപുരുഷന്മാരിൽ നിന്നും ശക്തി സമ്പാദിച്ചുകൊണ്ടുള്ള ഒരു ദൈവശാസ്ത്രവീക്ഷണമാണ് ഈ സൂനഹദോസ് ഉന്നം വച്ചത്. പുറകോട്ടു നോക്കുന്നത് മുമ്പോട്ട് ഓടുമ്പോൾ തട്ടിവീഴാതിരിക്കാനാണെന്ന തത്ത്വം ഇവിടെ സ്വീകരിക്കപ്പെട്ടിരിക്കുന്നു. വിശ്വാസ സത്യങ്ങളുടെ കൈമാറ്റത്തിൽ സഭ കാത്തുപോരുന്ന നൈരന്തര്യം, ഇടമുറിയാത്ത തുടർച്ച, ഈ സൂനഹദോസിന്റെ പ്രമാണരേഖകളിൽ നമുക്കു കണ്ടെത്താൻകഴിയും. ആധുനികലോകത്തിന്റെ ആവശ്യങ്ങൾ മുന്നിൽക്കണ്ട് സഭാശാസ്ത്രം നവീകരിക്കുകയും വളർത്തുകയും ചെയ്യുകയെന്ന ലക്ഷ്യം മനസ്സിൽ താലോലിച്ച, അജപാലനസ്വഭാവത്തിന് ഊന്നൽ നല്കിയ സൂനഹദോസാണിത്. ദൈവശാസ്ത്രത്തിന്റെ വിവിധമേഖലകളിൽ ഈടുറ്റതും പുതുമ നിറഞ്ഞതുമായ സമീപനങ്ങളും ഊന്നലുകളും ഈ പ്രമാണരേഖകളിൽ ഉടനീളം കാണാം.

രണ്ടാം വത്തിക്കാൻ സൂനഹദോസ് പൊതുവിൽ അജപാലന സൂനഹദോസ് (Pastoral Council) എന്നാണ് അറിയപ്പെടുന്നത്. അതുതന്നെ ഒരു പുത്തൻ ഉണർവു പ്രദാനം ചെയ്തു. സഭയിലെ അജപാലന ശുശ്രൂഷയ്ക്ക് ഉചിതമായ ഊന്നൽ കൊടുക്കാനും അതു കാരണമാക്കി. ഒപ്പം ഇത് സഭയുടെ കൗൺസിൽ എന്നും വിളിക്കപ്പെടുന്നു. സഭ എന്താണെന്നു പഠിക്കുക മാത്രമായിരുന്നു ഇതിന്റെ ലക്ഷ്യം. സഭ സ്വായത്തമാക്കേണ്ട സ്വാവബോധത്തിലേക്ക് എല്ലാവരെയും ക്ഷണിക്കാൻ ഈ കൗൺസിലിനു കഴിഞ്ഞു. ഈ കൗൺസിലിന് ഒരു വടക്കുനോക്കിയന്ത്രത്തിന്റെ ദൗത്യമാണുള്ളത്. അതായത്, വിശ്വാസികൾക്ക് ശരിയായ ദിശാബോധം പ്രദാനം ചെയ്യുക. ലക്ഷ്യത്തിലേക്കുള്ള ഒരു ചൂണ്ടുപലകയാണിത്.

യൂറോപ്പിനും അമേരിക്കയ്ക്കും ദൈവശാസ്ത്രത്തിലുണ്ടായിരുന്ന ഒരുതരം സർവാധീശത്വത്തിന് ഒരുപരിധിവരെ കടിഞ്ഞാണിടാനും നിയന്ത്രിക്കാനും ഈ സൂനഹദോസിനു സാധിച്ചു. ദൈവശാസ്ത്രത്തിലുണ്ടായിരുന്ന ഏകപക്ഷീയവഴികൾ നിരുത്സാഹപ്പെടുത്തി. പൗരസ്ത്യ ദൈവശാസ്ത്രത്തിന്റെ മഹിമയും പ്രാധാന്യവും തനിമയും എടുത്തു കാണിക്കാൻ ഏറെ പരിശ്രമങ്ങൾ നടന്നു. അതെത്തുടർന്ന്, കത്തോലിക്കാദൈവശാസ്ത്രത്തിന്റെ അസ്തിവാരമായി നിന്നിരുന്ന സ്കൊളാസ്റ്റിക്ക് ചിന്താരീതിയെക്കുറിച്ച് ഒരു പുനർവിചിന്തനംതന്നെ നടത്തുകയുണ്ടായി. ഈ ചിന്താഗതിയുടെ അപ്പുറത്തേക്കും നാം നോക്കണമെന്നും സഭയുടെ ആരംഭകാല ദൈവശാസ്ത്രസമീപനങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നവയാണെന്നും ഈ കൗൺസിൽ കണ്ടെത്തി. ഏറ്റവും പ്രധാനമായി, ഉറവിടങ്ങളിൽ അധിഷ്ഠിതമല്ലാത്ത ദൈവശാസ്ത്രചിന്തകളുടെ പാപ്പരത്തവും വെളിപ്പെടുത്തി.

രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ സർവപ്രധാനമായ സംഭാവന സഭകളുടെ കൂട്ടായ്മയാണു സഭ, എന്ന കണ്ടെത്തലാണ്. ആദിമസഭയുടെ ചൈതന്യമാണു വീണ്ടും നാം കാണുന്നത്. എല്ലാ ശ്ലൈഹികസഭകളും തുല്യപ്രാധാന്യമുള്ളവയാണെന്നും അവ കാത്തുസൂക്ഷിക്കുന്ന സനാതനസത്യങ്ങൾ സാർവത്രികസഭയുടെ പൊതുസമ്പത്താണെന്നും പഠിപ്പിച്ചപ്പോൾ, സഭാവിജ്ഞാനീയത്തിലെ അനശ്വരസത്യം നാം വീണ്ടെടുക്കുകയായിരുന്നു. ഈ ചിന്തകളോടൊപ്പം ചരിത്രപഠനത്തിനു മുൻതൂക്കം നല്കുകയും ദൈവ ശാസ്ത്രത്തിൽത്തന്നെ ചരിത്രപരമായ ഒരു സമീപനം പുലർത്തണമെന്നു നിർബന്ധംപിടിക്കുകയും ചെയ്തു. ഈ ചരിത്രപരമായ സമീപനം (historical approach) പല സത്യങ്ങളിലേക്കും കണ്ണുതുറപ്പിച്ചു.

സാധ്യമായ മേഖലകളിലെല്ലാം ഐക്യം സൃഷ്ടിക്കുകയെന്നതായിരുന്നു രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ പ്രമുഖലക്ഷ്യം. വിവിധ സഭകൾ തമ്മിലുള്ള ഐക്യമായിരുന്നു പ്രഖ്യാപിതലക്ഷ്യം. ഈ സൂനഹദോസ് പുതിയ ഒരു പിളർപ്പ് സൃഷ്ടിക്കുകയോ പുതിയ ഒരു വിഭാഗത്തിനു ജന്മം കൊടുക്കുകയോ ചെയ്തില്ല. ഇക്കാര്യം തന്നെ ഈ സൂനഹദോസ് വച്ചുപുലർത്തിയ ഐക്യചിന്ത വെളിവാക്കുന്നു.

വേദപുസ്തകത്തിനും മറ്റു ദൈവശാസ്ത്ര ഉറവിടങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ചിന്തകൾ രൂപംകൊണ്ടപ്പോൾ ഉണർവുള്ള ഒരു ആധ്യാത്മികസമീപനത്തിലേക്കും ഈ കൗൺസിൽ നീങ്ങി. ദൈവാരാധനയിലും സഭാത്മകതയിലും ഊന്നിനില്ക്കുന്ന ആധ്യാത്മികചിന്തകളാണ് മൗലികമായ യാഥാർത്ഥ്യങ്ങളെന്ന് ഈ സൂനഹദോസ് പഠിപ്പിക്കുന്നു. ഈ സമീപനം വഴി ക്രൈസ്തവലോകത്ത് വലിയൊരുതിരുത്തൽ കൊടുക്കാൻതന്നെ സാധിച്ചു. ഒരു മടക്കയാത്രയായിരുന്നു അത്.

സഭയുടെ പ്രേഷിതസ്വഭാവത്തിന് ഊന്നൽ കൊടുത്തുചിന്തിക്കാൻ ഈ സൂനഹദോസിനു കഴിഞ്ഞു. സഭ സ്വഭാവത്താലേ പ്രേഷിതയാണ്. പ്രേഷിതയാകാതിരിക്കാൻ സാധ്യമല്ലെന്നു പറഞ്ഞുകൊണ്ട് ഉറങ്ങിക്കിടന്നിരുന്നവരെയെല്ലാം തട്ടിയുണർത്തി. സഭ ഉണർവോടെ എഴുന്നേറ്റ് ചുറുചുറുക്കോടെ നടക്കണമെന്നു പഠിപ്പിച്ചു. പ്രേഷിതസ്വഭാവത്തിൽനിന്നു വ്യതിചലിക്കുന്ന ഒരു ക്രൈസ്തവസമൂഹത്തിനും സഭ എന്ന പേരിനുപോലും അർഹതയില്ലെന്ന നിലപാടുകൾ രംഗത്തു വന്നു. സഭയിൽ നിരന്തരമായി നടക്കേണ്ട വിശ്വാസപരിശീലനത്തെക്കുറിച്ചും അത് ദിവ്യരഹസ്യങ്ങളിലധിഷ്ഠിതമായ Mystagogical catechesis ആയിരിക്കണമെന്ന ചിന്തകളിലേക്കും ദൈവശാസ്ത്രജ്ഞന്മാരെ തിരിച്ചുവിടാൻ ഈ സൂനഹദോസിനു കഴിഞ്ഞു.

രണ്ടാം വത്തിക്കാൻ സൂനഹദോസിൽ നിന്ന് ആവേശം കൊണ്ട് രൂപവത്കൃതമായ ഒരു പ്രവർത്തനശൈലിയാണ് സുവിശേഷവത്കരണവും സാംസ്കാരികാനുരൂപണവും. വ്യത്യസ്തമായ ഊന്നലുകളോടുകൂടെ കൗൺസിലിനുശേഷമുള്ള കാലഘട്ടങ്ങളിൽ ഇതിന്റെ പ്രവർത്തനമേഖലകൾ വളർന്നു. നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള ശക്തമായ സ്വരങ്ങളും പ്രബോധനങ്ങളും കൗൺസിൽ പ്രമാണരേഖകളിൽ ഉയർന്നുവന്നു.

ഉറവിടങ്ങളിൽ ഊന്നിനിന്നുകൊണ്ടും ഇന്നത്തെ സാഹചര്യങ്ങൾ കണക്കിലെടുത്തു കൊണ്ടും ഭാവി ലക്ഷ്യംവച്ചുകൊണ്ടുള്ള ഒരു ദൈവശാസ്ത്ര-ആധ്യാത്മിക ശൈലിക്കു രൂപംകൊടുക്കാൻ കൗൺസിലിനു സാധിച്ചുവെന്നതാണ് സർവോതിഷ്ടമായ കാര്യം. കത്തോലിക്കരുടെ പരിധിക്കുള്ളിൽ മാത്രം ഒതുങ്ങിനില്ക്കുന്ന കാര്യമല്ല കൗൺസിൽ കണ്ടത്. മനുഷ്യകുലത്തിനു പ്രതീക്ഷയും പ്രത്യാശയും നല്കുന്ന സർവതലസ്പർശിയായ ഒരു മൗലികസമീപനമാണു കൗൺസിൽ സ്വീകരിച്ചത്. സഹസ്രാബ്ദങ്ങൾ നീണ്ടു നില്ക്കുന്ന ഒരു സഭാത്മകസംഭവംതന്നെയാണിത്.

ദൈവശാസ്ത്രമേഖലയിൽ, സൈദ്ധാന്തിക ദൈവശാസ്ത്രം (Dogmatic Theology), അജപാലന ദൈവശാസ്ത്രം (Pastoral Theology) തമ്മിലുള്ള അഗാധമായ ബന്ധം കണ്ടെത്താനും ഈ സൂനഹദോസിനു സാധിച്ചു. നൂറ്റാണ്ടുകളായി നഷ്ടപ്പെട്ടുപോയ ഒരു യാഥാർ്ത്ഥ്യമായിരുന്നു അത്. ദൈവശാസ്ത്രപഠനമേഖലകളിൽ, പ്രത്യേകിച്ച് വൈദികപരിശീലനരംഗത്ത്, വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ഈ കണ്ടെത്തലിനു കഴിഞ്ഞു. ദൈവശാസ്ത്രവിഷയങ്ങളുടെയെല്ലാം തമ്മിലുള്ള പാരസ്പര്യത്തിനും ഊന്നൽ നല്കി. ലക്ഷ്യബോധമുള്ള ഒരു കൗൺസിലായിരുന്നു ഇത്. തന്മൂലം ആത്മവിമർശന (self-criticism) ത്തിനും സ്വയം തിരുത്തലുകൾ (self-corrections) ക്കും ഇത് സന്നദ്ധമായി. ലക്ഷ്യത്തിലെത്താനുള്ള ഏറ്റവും നല്ല മാർഗങ്ങളും ഇവയാണ്.

ഒരു പ്രവർത്തനതത്ത്വമായി കൗൺസിൽ സ്വീകരിച്ച ശൈലി “നാനാത്വത്തിലെ ഐക്യം" എന്ന വീക്ഷണമാണ്. യഥാർത്ഥ ഐക്യം വൈവിധ്യം ഉൾക്കൊള്ളുന്നു. വൈവിധ്യത്തിലൂടെ ഐക്യം ഉപരി വ്യക്തമാക്കപ്പെടുന്നു. സഭ, സഭകളുടെ കൂട്ടായ്മയാണെന്നു സ്ഥാപിക്കാനും ഈ പ്രവർത്തനതത്ത്വം ഏറെ സഹായിച്ചു. സഭ ദൈവജനമാണെന്നും അല്മായർക്ക് നിർണായകമായ സ്ഥാനവും മഹിമയുമുണ്ടെന്നും കൗൺസിൽ സ്ഥാപിച്ചു. അതുപോലെതന്നെ, കേന്ദ്രീകൃത വികേന്ദ്രീകൃത ശക്തികൾ തമ്മിലുള്ള യോജിപ്പു കണ്ടെത്താൻ ഒരു പരിധിവരെയെങ്കിലും കൗൺസിലിനു സാധിച്ചു. സഭയുടെ ഉള്ളറകളിലേക്ക് ഊളിയിട്ടിറങ്ങാനും ഒപ്പം, പുറംലോകം കണ്ണുതുറന്നു കാണാനുമുള്ള സമീപനങ്ങൾ പുലർത്തി.

ക്രിസ്തീയതയുടെ നേർക്ക് ഒരു പുലർകാലവെളിച്ചം പോലെ കടന്നുവന്ന പുത്തൻ പെന്തക്കോസ്തയായാണ് രണ്ടാം വത്തിക്കാൻ സൂനഹദോസ് പരിഗണിക്കപ്പെടുന്നത്. എല്ലാവരെയും തന്നെ അതു തൊട്ടുണർത്തി. വീഴ്ചകളിൽനിന്ന് എഴുന്നേല്ക്കാൻ അതു നമ്മെ പ്രേരിപ്പിച്ചു. ക്രിസ്തീയതയുടെ അടിത്തറ ഒരുമയും സ്നേഹവുമാണെന്നു പഠിപ്പിച്ചു. യുഗാന്തോന്മുഖമായ പ്രത്യാശയിലേക്ക് ലോകത്തെ നയിക്കാൻ ഏറെ യത്നിച്ചു. ഒരു മൂന്നാം വത്തിക്കാൻ കൗൺസിലിലേക്കോ രണ്ടാം ജറുസലേം സൂനഹദോസിലേക്കോ ഉള്ള അവശ്യചവിട്ടുപടിയാണ് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖകൾ. കൗൺസിലിനുശേഷം അര നൂറ്റാണ്ടും കഴിഞ്ഞിട്ടും വേണ്ടപോലെ അതിന്റെ പ്രമാണരേഖകൾ പഠിച്ച് സ്വീകരിക്കപ്പെട്ടിട്ടില്ല. വർദ്ധിതമായ താത്പര്യവും പഠനവും ഈ വഴിക്ക് ഉണ്ടാകണം. വലിയ പ്രബോധനങ്ങളും ഉൾക്കാഴ്ചകളും കൗൺസിൽ നല്കുന്നുണ്ടെങ്കിലും അർഹിക്കുന്ന പ്രാധാന്യം ക്രൈസ്തവലോകം അവയ്ക്കു നല്കിയിട്ടില്ല. തന്മൂലം വികലവും ഏകപക്ഷീയവുമായ രീതികളിൽ പ്രമാണരേഖകൾ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഇത് കൗൺസിൽ പ്രമാണരേഖകൾ വേണ്ടപോലെ പഠിക്കാത്തതുകൊണ്ടും കൗൺസിലിന്റെ പ്രബോധനം അതിന്റെ സമഗ്രതയിൽ കണ്ടു മനസ്സിലാക്കാത്തതു കൊണ്ടുമാണ്. കൗൺസിലിൽത്തന്നെ ഭിന്നാഭിപ്രായങ്ങളും ഭിന്നവീക്ഷണങ്ങളുമെല്ലാം ഉണ്ടായിരുന്നുതാനും.

ഒരുപക്ഷേ, സാധാരണ വിശ്വാസികൾക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത ഒരു ഭാഷാ ശൈലിയും ദാർശനികതയും കൗൺസിൽ രേഖയ്ക്കുണ്ട്. തന്മൂലം വ്യാഖ്യാനവും പുതിയ വിവർത്തനങ്ങളും അവശ്യാവശ്യകമാണ്. ഓരോ പ്രമാണരേഖയും മറ്റു പ്രമാണരേഖകളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നുകൂടി പരിഗണിച്ചുവേണം വ്യാഖ്യാനം നല്കാൻ. അതുപോലെതന്നെ, നാളിതുവരെയുള്ള സാർവത്രികസൂനഹദോസുകളുടെ പ്രബോധനങ്ങളുടെ ഒരു നൈരന്തര്യവും ഇതിൽ കണ്ടെത്താൻ കഴിയണം. വിശ്വാസത്തെ അതിന്റെ സമഗ്രതയിൽ വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്.

Mar Joseph Kallarangatt. 2012 October 11
book : രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ

രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ദൈവശാസ്ത്രപരമായ പ്രസക്തി Mar Joseph Kallarangatt രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message