x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

തീർത്ഥാടകസഭയുടെ യുഗാന്തോന്മുഖ സ്വഭാവവും അതിന് സ്വർഗീയസഭയോടുള്ള ഐക്യവും

Authored by : രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ On 01-Dec-2022

അധ്യായം ഏഴ്

തീർത്ഥാടകസഭയുടെ യുഗാന്തോന്മുഖസ്വഭാവവും അതിന് സ്വർഗീയസഭയോടുള്ള ഐക്യവും

48 നമ്മുടെ വിളിയുടെ യുഗാന്തോന്മുഖഭാവം

മിശിഹായിൽ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് തിരുസഭയിലേക്കാണ്. അതിലാണ് ദൈവകൃപയാൽ നാം വിശുദ്ധി സമ്പാദിക്കുന്നതും. സകലത്തിന്റെയും പുനഃസ്ഥാപനകാലം സമാഗതമാകുകയും (അപ്പ 3:21) മനുഷ്യകുലവും മനുഷ്യനോടു ഗാഢമായി ബന്ധിക്കപ്പെട്ട് ലക്ഷ്യത്തിലെത്തിച്ചേരുന്ന ലോകം മുഴുവനും മിശിഹായിൽ നവീകരിക്കപ്പെടുകയും (എഫേ 1:10; കൊളോ 1:20; 2പത്രോ 3:10-13) ചെയ്യുമ്പോൾ മാത്രമേ സ്വർഗീയമഹത്ത്വത്തിൽ ഈ സഭ പരിസമാപ്തിയിൽ എത്തുകയുള്ളൂ.

ഭൂമിയിൽനിന്ന് ഉയർത്തപ്പെട്ടവനായ മിശിഹാ എല്ലാവരെയും തന്നിലേക്ക് ആകർഷിച്ചു. (യോഹ 12:32); മരിച്ചവരിൽനിന്നുയിർത്തു (റോമാ 6:9); ജീവിപ്പിക്കുന്ന തന്റെ ആത്മാവിനെ ശിഷ്യന്മാരിലേക്കയച്ചു. ആ ആത്മാവുവഴി സഭയാകുന്ന തന്റെ ശരീരം രക്ഷയുടെ സാർവത്രികകൂദാശയായി സ്ഥാപിച്ചു. പിതാവിന്റെ വലത്തുവശത്ത് ഉപവിഷ്ടനായി അവിടന്ന് നിരന്തരം ഭൂമിയിൽ പ്രവർത്തിക്കുന്നു. അതുവഴി മനുഷ്യരെ തിരുസഭയുടെ പക്കലേക്ക് ആനയിക്കുന്നതിനും അവൾവഴി കൂടുതൽ ഗാഢമായി തന്നോടു സംയോജിപ്പിക്കുന്നതിനും സ്വന്തം ശരീരവും രക്തവുംവഴി അവരെ പരിപോഷിപ്പിച്ചുകൊണ്ട് തന്റെ മഹത്ത്വപൂർണമായ ജീവിതത്തിൽ അവരെ പങ്കാളികളാക്കുന്നതിനും വേണ്ടിയാണത്. അതുകൊണ്ട് നാം പ്രതീക്ഷിക്കുന്ന, വാഗ്ദാനം ചെയ്യപ്പെട്ട പുനഃസ്ഥാപനം മിശിഹായിൽ ആരംഭിച്ചുകഴിഞ്ഞു. പരിശുദ്ധാത്മാവിന്റെ പ്രേഷണത്തിൽ അതു മുന്നേറുകയും അവിടന്നുവഴി സഭയിൽ തുടരുകയും ചെയ്യുന്നു. ഈ സഭയിൽ വിശ്വാസംവഴി നമ്മുടെ ഭൗമിക ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ച് നമ്മൾ പ്രബോധിപ്പിക്കപ്പെടുന്നു. അതുവഴി പിതാവ് നമ്മിൽ ആരംഭിച്ച് ഈ ഭൂമിയിൽ നമ്മെ ഭരമേല്പിച്ചിരിക്കുന്ന ജോലി ഭാവിനന്മകളുടെ പ്രതീക്ഷയിൽ തുടരുന്നു (ഫിലി 2:12).

യുഗങ്ങളുടെ അന്തിമഘട്ടം നമ്മിലാണല്ലോ വന്നെത്തിയിരിക്കുന്നത് (1കോറി 10:11). ലോകത്തിന്റെ പുനർനിർമാണം പിൻവലിക്കപ്പെടാനാവാത്തവിധം സുസ്ഥാപിതമായിരിക്കുന്നു. ഈ ലോകത്തിൽത്തന്നെ യഥാർത്ഥമായ ഒരു രീതിയിൽ അതു മുൻകൂട്ടി നിലവിൽവന്നുകഴിഞ്ഞു. കാരണം, തിരുസഭ ഇപ്പോൾത്തന്നെ ലോകത്തിൽ അപൂർണമെങ്കിലും യഥാർത്ഥമായ വിശുദ്ധിയാൽ മുദ്രിതയായിരിക്കുന്നു. നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും ഉണ്ടാകുന്നതുവരെ (2പത്രോ 3:13) തീർത്ഥാടകസഭ, അവളുടെ കൂദാശകൾവഴിയും ആധുനികയുഗത്തിന് അനുരൂപമായ ക്രമവത്കരണങ്ങൾ വഴിയും നശ്വരമായ ഈ ലോകത്തിന്റെ ഛായ ധരിക്കുന്നു. ഇതുവരെയും നെടുവീർപ്പിടുകയും പ്രസവവേദന അനുഭവിക്കുകയും ദൈവമക്കളുടെ വെളിപ്പെടുത്തൽ പ്രതീക്ഷിക്കുകയും (റോമാ 8:19-22) സൃഷ്ടികളുടെയിടയിൽ വ്യാപരിക്കുകയും ചെയ്യുന്നു.

അതിനാൽ, തിരുസഭയിൽ മിശിഹായോട് യോജിച്ചിരിക്കുകയും നമ്മുടെ അവകാശത്തിന്റെ അച്ചാരമായ പരിശുദ്ധാത്മാവാൽ മുദ്രിതരായിരിക്കുകയും ചെയ്യുന്ന (എഫേ 1:14) നമ്മൾ യഥാർത്ഥത്തിൽ ദൈവമക്കളെന്നു വിളിക്കപ്പെടുകയും അങ്ങനെ ആയിരിക്കുകയും ചെയ്യുന്നു (1യോഹ 3:1); എങ്കിലും, നാം ഇതുവരെയും മിശിഹായോടുകൂടെ മഹത്ത്വത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല (കൊളോ 3:4). അതിൽ നാം ദൈവത്തെപ്പോലെയാകും, എന്തു കൊണ്ടെന്നാൽ അവിടന്ന് ആയിരിക്കുന്നതുപോലെ അവിടത്തെ നാം കാണും (1 യോഹ 3:2). അതുകൊണ്ട്, “ഞങ്ങൾ ശരീരത്തിൽ വസിക്കുന്നിടത്തോളംകാലം കർത്താവിൽനിന്ന് അകലെയാണെന്ന് ഞങ്ങളറിയുന്നു" (2കോറി 5:6). ആത്മാവിന്റെ ആദ്യഫലമുള്ളവരായ നാമും നമ്മുടെ ഉള്ളിൽ നെടുവീർപ്പിടുകയും (റോമാ 8:23) മിശിഹായോടൊത്ത് ആയിരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു (ഫിലി 1:23). ആ സ്നേഹത്താൽത്തന്നെ, നമുക്കു വേണ്ടി മരിച്ച് ഉത്ഥാനം ചെയ്തവനുവേണ്ടി ഇനിയും ജീവിക്കാൻ നാം നിർബന്ധിക്കപ്പെടുന്നു (2കോറി 5:15). അതുകൊണ്ട് എല്ലാറ്റിലും കർത്താവിനെ പ്രസാദിപ്പിക്കാൻ ഞങ്ങൾ അദ്ധ്വാനിക്കുന്നു (2കോറി 5:9). സാത്താന്റെ ഗൂഢതന്ത്രങ്ങളെ എതിർത്തുനില്ക്കാനും തിന്മയുടെ ദിനത്തിൽ പ്രതിരോധിക്കാനും ദൈവത്തിന്റെ രക്ഷാകവചം ഞങ്ങൾ അണിയുന്നു (എഫേ 6:11-13). അതുകൊണ്ട് കർത്താവ് മുന്നറിയിപ്പുതരുന്നതനുസരിച്ച്, ആ ദിവസമോ മണിക്കൂറോ നാം അറിയാത്തതുകൊണ്ട് നാം നിരന്തരം ശ്രദ്ധാലുക്കളാകേണ്ടിയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, നമ്മുടെ ഒരേയൊരു ഭൗമികജീവൻ അവസാനിക്കുമ്പോൾ (ഹെബ്രാ 9:27) അവനോടുകൂടെ വിവാഹവിരുന്നിനു പ്രവേശിക്കാനും അനുഗൃഹീതരോടൊത്ത് എണ്ണപ്പെടാൻ യോഗ്യരാകാനും വേണ്ടിയാണിത് (മത്താ 25:31-46). മറിച്ച്, ദുഷ്ടനും മടിയനുമായ ഭൃത്യനെപ്പോലെ (മത്താ 25:26) നിത്യാഗ്നിയിലേക്ക് (മത്താ 25:41), കരച്ചിലും പല്ലുകടിയുമുള്ള (മത്താ 22:13, 25, 30) പുറത്തുള്ള അന്ധകാരത്തിലേക്കു പോകുന്നതിന് നാം കല്പിക്കപ്പെടാതിരിക്കാൻ വേണ്ടിയാണിത്. എന്തുകൊണ്ടെന്നാൽ, നാം മിശിഹായോടുകൂടെ മഹത്ത്വപൂർണരായി ഭരിക്കുന്നതിനുമുമ്പ് “ഓരോരുത്തരും ശരീരത്തിലൂടെ ചെയ്തിട്ടുള്ള നന്മതിന്മകൾക്കു പ്രതിഫലം സ്വീകരിക്കുന്നതിന് നാമെല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പിൽ നിൽക്കേണ്ടിവരും" (2കോറി 5:10). ലോകാവസാനത്തിൽ “നന്മചെയ്തവർ ജീവന്റെ ഉയിർപ്പിനായ്, തിന്മചെയ്തവർ ശിക്ഷാവിധിയുടെ ഉയിർപ്പിനുമായി പുറത്തുവരും" (യോഹ 5:29; മത്താ 25:46). “ഇന്നത്തെ കഷ്ടതകൾ, നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്ത്വത്തോടു തുലനം ചെയ്യാവുന്നതല്ലെന്നു" (റോമാ 8:18; 2തിമോ 2:11-12) കണക്കാക്കി, വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് “നമ്മുടെ മഹോന്നതനായ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും മഹത്ത്വത്തിന്റെ പ്രത്യക്ഷീകരണവും അനുഗ്രഹപൂർണമായ പ്രത്യാശയും നാം കാത്തിരിക്കുന്നു” (തീത്തോ 2:13). “അവൻ നമ്മുടെ എളിയശരീരം തന്റെ മഹത്ത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തും” (ഫിലി 3:21). “കർത്താവ് തന്റെ വിശുദ്ധരിൽ മഹത്ത്വപ്പെടുന്നതിനും ഞങ്ങൾ നിങ്ങൾക്കു നല്കിയ സാക്ഷ്യം വിശ്വസിച്ചതിലൂടെ വിശ്വാസികളായ സകലരിലും അദ്ഭുതവിഷയമാകുന്നതിനും ആ ദിവസം കർത്താവു വരും” (2തെസ്സ 1:10).

49 സ്വർഗീയസഭയ്ക്ക് തീർത്ഥാടകസഭയോടുള്ള ഐക്യം

കർത്താവ് തന്റെ മഹത്ത്വത്തിൽ സകല മാലാഖമാരുമൊത്ത് ആഗതനാകുകയും (മത്താ 25:31) മരണത്തെ നശിപ്പിച്ച് സർവവും തനിക്കു കീഴ്പ്പെടുത്തുകയും ചെയ്യുന്നതുവരെ (1 കോറി 15:26, 27) തന്റെ ശിഷ്യരിൽ ചിലർ ഈ ഭൂമിയിൽ പരദേശവാസികളായിരിക്കുകയും ചിലർ ഈ ജീവിതം അവസാനിപ്പിച്ച് ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കകയും ചിലർ മഹത്ത്വീകൃതരായി “ത്രിയേകദൈവത്തെ അവൻ ആയിരിക്കുന്നതുപോലെ തെളിവായി" കാണുകയും ചെയ്യും. എങ്കിലും, എല്ലാവരുംതന്നെ പല നിലകളിലും രീതികളിലും ആണെന്നിരുന്നാലും ദൈവത്തോടും അയല്ക്കാരനോടുമുള്ള ഒരേ സ്നേഹത്തിൽ പങ്കുപറ്റുകയും നമ്മുടെ ദൈവത്തിന് ഒരേ മഹത്ത്വകീർത്തനം ആലപിക്കുകയും ചെയ്യും. എന്തുകൊണ്ടെന്നാൽ, മിശിഹായ്ക്കുള്ളവരെല്ലാം അവന്റെ ആത്മാവിനെ സ്വീകരിച്ച്, ഒരേ സഭയിൽ ഒന്നാകുകയും അവനിൽ പരസ്പരം ഇഴുകിച്ചേരുകയും ചെയ്യുന്നു (എഫേ 4:16 ). തീർത്ഥാടകസഭയ്ക്ക് മിശിഹായിൽ നിദ്രചെയ്യുന്നവരോട് മിശിഹായുടെ സമാധാനത്തിലുള്ള ഐക്യം ഒരിക്കലും ഇടമുറിയുകയില്ലെന്നു മാത്രമല്ല, സഭയുടെ ചിരകാലവിശ്വാസമനുസരിച്ച് ആധ്യാത്മികനന്മകളുടെ പങ്കുപറ്റാലാൽ അത് ശക്തിപ്രാപിച്ചുകൊണ്ടുമിരിക്കുന്നു. സ്വർഗവാസികൾ മിശിഹായോടു കൂടുതൽ ഗാഢമായി ഐക്യപ്പെട്ടിരിക്കുന്നുവെന്നതിനാൽ, സഭയെ മുഴുവൻ അവർ വിശുദ്ധിയിൽ കൂടുതലായി ഉറപ്പിക്കുന്നു. സഭ ഈ ലോകത്തിൽ ദൈവത്തിനർപ്പിക്കുന്ന ആരാധന അവർ കൂടുതൽ ധന്യമാക്കുകയും പലവിധത്തിൽ അവളുടെ ഉന്നതിക്കു ശക്തിപകരുകയും ചെയ്യുന്നു (1 കോറി 12:12-27). എന്തുകൊണ്ടെന്നാൽ സ്വർഗരാജ്യത്ത് സീകരിക്കപ്പെട്ട് കർത്താവിന്റെ സന്നിധിയിൽ ആയിരുന്നുകൊണ്ട് (2കോറി 5:8) അവൻവഴിയും അവനോടുകൂടെയും അവനിലും നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നതിൽനിന്ന് അവർ വിരമിക്കുന്നില്ല. ദൈവവും മനുഷ്യനും തമ്മിലുള്ള ഏകമധ്യസ്ഥനായ ഈശോമിശിഹാവഴി (1 തിമോ 2:5) അവർ ലോകത്തിൽ സമ്പാദിച്ച യോഗ്യതകൾ കാഴ്ചവച്ചുകൊണ്ടും കർത്താവിന് എല്ലാറ്റിലും ശുശ്രൂഷ ചെയ്തുകൊണ്ട് സഭയാകുന്ന അവന്റെ ശരീരത്തിനുവേണ്ടി (കൊളോ 1:24) മിശിഹായുടെ സഹനങ്ങളിൽ കുറവുള്ളത് സ്വന്തംശരീരത്തിൽ പൂർത്തിയാക്കിക്കൊണ്ടുമാണ് അവർ ജീവിച്ചിരുന്നത്. അവരുടെ ഭ്രാതൃസഹജമായ ഔൽസുക്യം നിമിത്തം നമ്മുടെ ബലഹീനതയിൽ അവർ പരമാവധി നമ്മെ സഹായിക്കുകയും ചെയ്യുന്നു.

50 തീർത്ഥാടകസഭയ്ക്ക് സ്വർഗീയസഭയോടുള്ള ഐക്യം, ഗാഢബന്ധം

മിശിഹായുടെ ഭൗതികശരീരത്തിനു മുഴുവനുമുള്ള ഈ സംസക്തി സർവോപരി അംഗീകരിച്ചുകൊണ്ട്, തീർത്ഥാടകസഭ ക്രിസ്തുമതത്തിന്റെ ആരംഭകാലഘട്ടം മുതൽ, മരിച്ചവരുടെ ഓർമ വലിയഭക്തിയോടുകൂടെ ആചരിച്ചിരുന്നു. മാത്രമല്ല “മരിച്ചവർ അവരുടെ പാപങ്ങളിൽനിന്നു മോചിതരാകാൻ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് വിശുദ്ധവും ശ്രേയസ്കരവുമായ ചിന്തയാകുന്നു” (2മക്ക 12:46) എന്നതിനാൽ അവർക്കുവേണ്ടി സഭ പരിഹാരമർപ്പിക്കുകയും ചെയ്യുന്നു. സ്വന്തം രക്തംചിന്തി പരമാവധി വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും സാക്ഷ്യംനല്കിയവരായ മിശിഹായുടെ ശ്ലീഹന്മാരും രക്തസാക്ഷികളും മിശിഹായിൽ നമ്മോടു ഗാഢമായി ബന്ധിതരാണെന്ന് സഭ എക്കാലവും വിശ്വസിക്കുന്നു. അവരെ ഭാഗ്യവതിയായ കന്യകാമറിയത്തോടും പരിശുദ്ധ മാലാഖമാരോടും ചേർത്ത് പ്രത്യേക സ്നേഹത്തോടെ വണങ്ങിയിരുന്നു. അവരുടെ മധ്യസ്ഥസഹായം ഭക്തിപൂർവം യാചിച്ചിരുന്നു. മിശിഹായുടെ വിരക്തജീവിതവും ദാരിദ്ര്യവും കൂടുതൽ കർക്കശമായി അനുകരിച്ചവരും ഇവരോടൊപ്പം താമസിയാതെ എണ്ണപ്പെട്ടു. അതുപോലെതന്നെ, അതിവിശിഷ്ടമായ ക്രിസ്തീയ പുണ്യങ്ങളുടെ പരിശീലനവും ദൈവവരങ്ങളും ലഭിച്ച മറ്റു പലരും പിന്നീട് വിശ്വാസികളുടെ ഭക്തിപൂർവമായ വണക്കത്തിനും അനുകരണത്തിനുംവേണ്ടി നിർദേശിക്കപ്പെടുകയും ചെയ്തു. 

മിശിഹായെ വിശ്വസ്തതയോടെ അനുകരിച്ചവരുടെ ജീവിതം നാം പരിശോധിക്കുമ്പോൾ നൂതന സങ്കല്പങ്ങളോടുകൂടെ വരാനുള്ള നഗരത്തെ അന്വേഷിക്കാൻ (ഹെബ്രാ 13:14 ;11:10) നാം പ്രചോദിതരാകുന്നു. അതോടൊപ്പം, ഭൗതികവൈവിധ്യങ്ങളുടെ മധ്യേ ഓരോരുത്തർക്കുമുള്ള പ്രത്യേകമായ ജീവിതാന്തസ്സിനും പരിതഃസ്ഥിതിക്കും അനുരൂപമായി മിശിഹായോടുള്ള സമ്പൂർണമായ ഐക്യത്തിലേക്ക്, അതായത്, വിശുദ്ധിയിലേക്ക് നടന്നടുക്കുന്നതിന് നമുക്കു സാധിക്കുന്ന ഏറ്റവും സുരക്ഷിതമായ വഴിയും നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ മനുഷ്യത്വത്തിന്റെ പങ്കുകാരും എന്നാൽ മിശിഹായുടെ പ്രതിരൂപത്തോടു സമ്പൂർണമായി ആനുരൂപ്യം പ്രാപിച്ചവരുമായ അവരുടെ ജീവിതത്തിൽ (2കോറി 3:18) ദൈവം തന്റെ സാന്നിദ്ധ്യവും സാദൃശ്യവും മനുഷ്യർക്കു വ്യക്തമായി വെളിപ്പെടുത്തുന്നു. അവിടന്നുതന്നെ അവരിൽ നമ്മോടു സംസാരിക്കുന്നു. തന്റെ രാജ്യത്തിന്റെ അടയാളം നമുക്കു നല്കുന്നു. അതിന് സാക്ഷികളുടെ ഒരു വലിയ സഞ്ചയവും നമുക്കു ചുറ്റുമുണ്ട് (ഹെബ്രാ 12:1). സുവിശേഷസത്യത്തിന്റെ ഈദൃശസാക്ഷ്യത്താൽ നാം ശക്തമായി ആകർഷിക്കപ്പെടുകയും ചെയ്യുന്നു.

സ്വർഗസ്ഥരുടെ ഓർമ നാം വിലപ്പെട്ടതായി കരുതുന്നത് മാതൃകയുടെ പേരിൽ മാത്രമല്ല, അതിലുപരി സഭ മുഴുവന്റെയും പരിശുദ്ധാത്മാവിലുള്ള ഐക്യം സഹോദരസ്നേഹത്തിന്റെ പ്രവർത്തനംവഴി കൂടുതൽ ശക്തിപ്പെടുത്തുന്നു എന്നതുകൊണ്ടുമാണ് (എഫേ 4:1-6). എന്തുകൊണ്ടെന്നാൽ, തീർത്ഥാടകരായ നമ്മുടെ ക്രിസ്തീയകൂട്ടായ്മ മിശിഹായോടു നമ്മെ കൂടുതൽ അടുപ്പിച്ചിരിക്കുന്നതുപോലെ, വിശുദ്ധരോടുള്ള നമ്മുടെ സംസർഗം മിശിഹായോടു നമ്മെ ഒന്നിപ്പിക്കുന്നു; ഉറവിടവും ശിരസ്സും എന്ന നിലയിലുള്ള എല്ലാ കൃപാവരത്തിന്റെയും ദൈവജനത്തിന്റെ ജീവന്റെതന്നെയും പ്രഭവസ്ഥാനമായ മിശിഹായോടുതന്നെ. അതിനാൽ ഈശോമിശിഹായുടെ സ്നേഹിതരും കൂട്ടവകാശികളും നമ്മുടെ സഹോദരരും ഉപകാരികളുമായവരെ സ്നേഹിക്കുകയും അവർക്കു വേണ്ടി അർഹമായ പ്രതിനന്ദി ദൈവത്തിനു സമർപ്പിക്കുകയും “അവരോടു വിനയപൂർവം അപേക്ഷിക്കുകയും നമ്മുടെ കർത്താവും നമ്മുടെ ഏക പരിത്രാതാവും രക്ഷകനുമായ ഈശോമിശിഹാവഴി ദൈവത്തിൽനിന്നു ലഭിക്കേണ്ട നന്മകൾക്കായി അവരുടെ പ്രാർത്ഥനയിലും സംരക്ഷണത്തിലും സഹായത്തിലും ആശ്രയം തേടുകയും ചെയ്യുന്നത്" ഏറ്റവും ഉചിതമാണ്. എന്തുകൊണ്ടെന്നാൽ, സ്വർഗീയരോട് നാം പ്രദർശിപ്പിക്കുന്ന എല്ലാ യഥാർത്ഥ സ്നേഹപ്രകടനങ്ങളും സ്വഭാവത്താൽത്തന്നെ മിശിഹായെ ലക്ഷ്യം വയ്ക്കുകയും "സകലവിശുദ്ധരുടെയും മകുട"മായ മിശിഹായിലും അവൻവഴി തന്റെ വിശുദ്ധരിൽ വിസ്മയനീയനായവനും അവരിൽ മഹത്ത്വപ്പെടുന്നവനുമായ ദൈവത്തിലും ചെന്നു ചേരുന്നു.

അതിശ്രേഷ്ഠമായ കാരണത്താൽ നമുക്കു സ്വർഗീയ സഭയുമായുള്ള ഐക്യം യാഥാർഥ്യവത്കരിക്കപ്പെടുന്നത്, പ്രധാനമായി തിരുകർമങ്ങളിൽ പരിശുദ്ധാത്മാവിന്റെ ശക്തി കൗദാശികഅടയാളങ്ങൾവഴി നമ്മിൽ പ്രവർത്തിക്കുകയും നാം ഒരു സമൂഹമായി ദൈവമഹത്ത്വത്തിന്റെ സ്തുതി ഉയർത്തി സംഘടിതാഘോഷം നടത്തുകയും ചെയ്യുമ്പോഴും എല്ലാ വംശത്തിൽനിന്നും ഭാഷകളിലും ജനതകളിലും രാജ്യങ്ങളിലുംനിന്നും മിശിഹായുടെ രക്തത്താൽ രക്ഷിക്കപ്പെട്ടവരും (വെളി 5:9) ഒരേ സഭയിൽ ഒന്നിച്ചുചേർക്കപ്പെട്ടവരുമായ നാമെല്ലാവരും ഒരേ സ്തുതികീർത്തനത്താൽ ത്രിത്വൈകദൈവത്തെ മഹത്ത്വപ്പെടുത്തുമ്പോഴുമാണ്. അതിനാൽ ദിവ്യകാരുണ്യബലി ആഘോഷിക്കുന്നവർ പ്രധാനമായും, നിത്യകന്യകയും മഹത്ത്വപൂർണയുമായ മറിയത്തിന്റെയും അതോടൊപ്പം വിശുദ്ധ യൗസേപ്പിന്റെയും വിശുദ്ധ ശ്ലീഹന്മാരുടെയും രക്തസാക്ഷികളുടെയും വിശുദ്ധരുടെയും ഓർമ ആചരിച്ചുകൊണ്ടും അവരോടുചേർന്നുകൊണ്ടും സ്വർഗീയസഭയുടെ ആരാധനയോടു പരമാവധി ഒന്നുചേരുന്നു.

51 സൂനഹദോസിന്റെ അജപാലനനിലപാടുകൾ

സ്വർഗീയമഹിമയിലുള്ളവരും മരണശേഷം ശുദ്ധീകരിക്കപ്പെടുന്നവരുമായ സഹോദരരോടുള്ള സജീവ സമ്പർക്കത്തെക്കുറിച്ചുള്ള നമ്മുടെ പൂർവികരുടെ സ്തുത്യർഹമായ വിശ്വാസം അതീവ ഭക്തിപുരസ്സരം ഈ പരിശുദ്ധ സൂനഹദോസ് സ്വീകരിക്കുന്നു. നിഖ്യാ II, ഫ്ളോറൻസ്, ത്രെന്തോസ് സൂനഹദോസുകളുടെ ആജ്ഞാപനങ്ങൾ ആവർത്തിച്ചു പ്രഖ്യാപിക്കുന്നു. അതോടൊപ്പം, ഏതെങ്കിലും ദുർവിനിയോഗമോ അമിതത്വമോ ന്യൂനതയോ അവിടവിടെ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ നിയന്ത്രിക്കുകയോ തിരുത്തുകയോ ചെയ്യുകയും സകലതും മിശിഹായുടെയും ദൈവത്തിന്റെയും മഹത്ത്വത്തിനായി പുനഃക്രമവത്കരിക്കുകയും ചെയ്യണമെന്ന് ഈ സൂനഹദോസ് അതിന്റെ അജപാലന ഔൽസുക്യംനിമിത്തം ബന്ധപ്പെട്ട എല്ലാവരെയും ഉപദേശിക്കുകയും ചെയ്യുന്നു. വിശുദ്ധരോടുള്ള യഥാർത്ഥമായ വണക്കം ബാഹ്യപ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനെക്കാൾ, നമ്മുടെ യഥാർത്ഥസ്നേഹത്തിന്റെ തീവ്രതയിലാണ് അടങ്ങിയിരിക്കുന്നതെന്നും ഇതു വഴി നമ്മുടെയും തിരുസഭയുടെയും ഉപരിനന്മയ്ക്കായി വിശുദ്ധരുടെ "പെരുമാറ്റത്തിന്റെ സന്മാതൃകയും പങ്കുചേരൽവഴിയുള്ള കൂട്ടായ്മയും മാധ്യസ്ഥ്യംവഴിയുള്ള സഹായവുമാണ്" നാം അന്വേഷിക്കുന്നതെന്നും വിശ്വാസികളെ പഠിപ്പിക്കണം. മറ്റൊരു രീതിയിൽ പറഞ്ഞാൽ, സ്വർഗയരോടുള്ള നമ്മുടെ സംസർഗം, വിശ്വാസത്തിന്റെ കൂടുതൽ വെളിച്ചത്തിൽ ചിന്തിക്കുമ്പോൾ, മിശിഹാവഴി പരിശുദ്ധാത്മാവിൽ പിതാവിനോട് അതോടൊപ്പംതന്നെ നടത്തുന്ന ആരാധനയ്ക്ക് ഭംഗം വരുത്തുന്നില്ലെന്നു മാത്രമല്ല; പ്രത്യുത, അതിനെ വളരെയേറെ സമ്പന്നമാക്കുന്നുവെന്നും വിശ്വാസികളെ പഠിപ്പിക്കണം. 

എന്തെന്നാൽ, നാമെല്ലാവരും മിശിഹായിൽ ഒരേ കുടുംബമായിത്തീർന്നിരിക്കുന്നു (ഹെബ്രാ 3:6). ദൈവമക്കളായ നാമെല്ലാം പരസ്പരസ്നേഹത്തിലും ഒരേ അതിപരിശുദ്ധത്രിത്വത്തിന്റെ സ്തുതിക്കായി കൂട്ടുചേർന്നും സഭയിലൂടെ ഏറ്റവും സ്നേഹനിർഭരമായ വിളിക്കു പ്രത്യുത്തരം നല്കുകയും അന്ത്യമഹത്വത്തിലെ ആരാധനയിൽ മുന്നാസ്വാദനത്തിലൂടെ പങ്കുപറ്റുകയുമാണ്. കാരണം, മിശിഹാ പ്രത്യക്ഷനായി മരിച്ചവരുടെ മഹത്ത്വപൂർണമായ ഉത്ഥാനം സംഭവിക്കുമ്പോൾ ദൈവത്തിന്റെ തേജസ്സ് സ്വർഗീയ നഗരത്തെ പ്രകാശിപ്പിക്കുകയും ദിവ്യകുഞ്ഞാട് അതിന്റെ ദീപമായിരിക്കുകയും ചെയ്യും (വെളി 21:23). അന്ന് വിശുദ്ധരുടെ തിരുസഭ മുഴുവനും സ്നേഹത്തിന്റെ പരമോന്നത സൗഭാഗ്യത്തിൽ ദൈവത്തെയും “അറക്കപ്പെട്ട കുഞ്ഞാടിനെയും" (വെളി 5:12) ഏകസ്വരത്തിൽ, “സിംഹാസനസ്ഥനും കുഞ്ഞാടിനും എന്നേക്കും സ്തുതിയും ബഹുമാനവും മഹത്ത്വവും ആധിപത്യവും" (വെളി 13:13) എന്ന് ഉദ്ഘോഷിച്ചുകൊണ്ട് ആരാധിക്കും.

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ സൂനഹദോസിന്റെ അജപാലനനിലപാടുകൾ തീർത്ഥാടകസഭയ്ക്ക് സ്വർഗീയസഭയോടുള്ള ഐക്യം സ്വർഗീയസഭയ്ക്ക് തീർത്ഥാടകസഭയോടുള്ള ഐക്യം തീർത്ഥാടകസഭയുടെ യുഗാന്തോന്മുഖ സ്വഭാവം Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message