x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

സഭ ആധുനികയുഗത്തില്‍

Authored by : Rev. Dr. George Kanjirakkatt On 06-Feb-2021

നുഷ്യപ്രകൃതിയില്‍ വിശ്വാസമര്‍പ്പിച്ചിരുന്നവരെയെല്ലാം കനത്ത നിരാശയിലേക്ക് തള്ളിവിട്ട ഒരു ദയനീയസംഭവമായിരുന്നു രണ്ടാം ലോകമഹായുദ്ധം. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ കെടുതികളില്‍നിന്ന് ഒരുവിധം ഉയര്‍ത്തെഴുന്നേറ്റ രാഷ്ട്രങ്ങള്‍ ശാശ്വതസമാധാനസ്ഥാപനത്തിനായി കിണഞ്ഞു പരിശ്രമിച്ച. ആയുധപ്രയോഗം അവസാനിക്കുന്നതോടെ യുദ്ധവും അവസാനിക്കും എന്നായിരുന്നു പലരുടേയും ധാരണ. പക്ഷേ രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ആവിര്‍ഭാവം രാഷ്ട്രങ്ങളെ മിഥ്യാധാരണയില്‍നിന്ന് വിമുക്തമാക്കി.

പ്രഥമ മഹായുദ്ധാനന്തരം അന്നുവരെയുണ്ടായിരുന്ന ചില രാജ്യങ്ങള്‍ നശിച്ചു. ചില പുതിയ രാജ്യങ്ങള്‍ ഉദയംകൊണ്ടു. ഓരോ രാജ്യത്തും തദ്ദേശീയമെത്രാന്മാരും വൈദികരുമുണ്ടായിരിക്കണമെന്ന നിര്‍ബന്ധം ചില രാഷ്ട്രങ്ങള്‍ പ്രകടിപ്പിച്ചു. വിദ്യാഭ്യാസം, പ്രസിദ്ധീകരണം, സംഘടനാസ്വാതന്ത്ര്യം എന്നീ മണ്ഡലങ്ങള്‍ രാഷ്ട്രത്തിന്‍റെ നിയന്ത്രണത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. ആകപ്പാടെ കുഴഞ്ഞുമറിഞ്ഞ ഒരന്തരീക്ഷത്തിലാണ് സഭയ്ക്കു ജീവിക്കേണ്ടിയിരുന്നത്. വിവിധരാഷ്ട്രങ്ങളുമായി സഭയുടെ അവകാശാധികാരങ്ങളെപ്പറ്റി ഒരു ധാരണയിലെത്തുക യുദ്ധാനന്തരസഭയുടെ ആവശ്യമായിരുന്നു. ഈ  സാഹചര്യത്തില്‍ രാഷ്ട്രങ്ങളുമായി ഒരു ധാരണയിലെത്തുവാന്‍ റോമാ അവലംബിച്ച മാര്‍ഗ്ഗമാണ് കോണ്‍കോര്‍ഡാത്ത് അഥവാ കരാറുകള്‍.

ലാറ്ററന്‍ ഉടമ്പടി

ഇക്കാലത്ത് പാശ്ചാത്യസഭയുടെ ഔദ്യോഗികമണ്ഡലത്തിലെ സുപ്രധാന സംഭവം റോമന്‍പ്രശ്ന പരിഹാരമായിരുന്നു (1929). അതുവഴി 1870 മുതല്‍ അമ്പത്തിയൊന്‍പത് കൊല്ലക്കാലത്തേയ്ക്ക് നീണ്ടുനിന്ന ഒരു പ്രതിസന്ധി അവസാനിച്ചു-മാര്‍പ്പാപ്പാമാരുടെ സ്വയംസ്വീകൃതമായ വത്തിക്കാന്‍ ബന്ധനം. പീയൂസ് 11-ാമന്‍റെ കാലമായപ്പോഴേക്കും സഭാ നേതൃത്വം വിട്ടുവീഴ്ചയ്ക്കുള്ള മനോഭാവം സ്പഷ്ടമായി പ്രകടിപ്പിച്ചിരുന്നു. റോം മുഴുവന്‍ തനിക്കവകാശപ്പെട്ടതാണെന്ന നിലപാട് ഔദ്യോഗികപ്രസ്താവനകളില്‍ മാര്‍പ്പാപ്പാ പുലര്‍ത്തിയിരുന്നില്ല. അതുപോലെതന്നെ ഇറ്റലിയുടെ ഏകീകരണം നടന്നുകഴിഞ്ഞ വസ്തുതയാണെന്നും ഇറ്റലി ഒരു പരമാധികാര രാഷ്ട്രമാണെന്നും സഭാനേതൃത്വം അംഗീകരിക്കാന്‍ സന്നദ്ധത കാണിച്ചു.

ഇതിനായി അനൗദ്യോഗികചര്‍ച്ചകള്‍ 1926-ല്‍ ആരംഭിച്ചു. മാര്‍പ്പാപ്പായുടെ പ്രതിനിധിയായി ഫ്രാന്‍ചെസ്കോ പച്ചെല്ലിയും ഇറ്റലിയെ പ്രതിനിധീകരിച്ച് ഡൊമിനിക്കോ ബരോണും ഒത്തുതീര്‍പ്പുസംഭാഷണങ്ങള്‍ തുടങ്ങി. റോമന്‍പ്രശ്ന പരിഹാരത്തില്‍ തല്പരരും പ്രഗത്ഭരുമായ നീതിജ്ഞരായിരുന്നു ഇവര്‍. ചില പ്രാഥമികവ്യവസ്ഥകള്‍ പ്രാരംഭമായി അംഗീകരിക്കപ്പെട്ടു: 1) ഇറ്റലി മാര്‍പ്പാപ്പായുടെ പരമാധികാരം അംഗീകരിക്കുകയും ഒരു ചെറിയ സ്ഥലം അദ്ദേഹത്തിന് വിട്ടുകൊടുക്കുകയും വേണം. 2) ഫ്രാന്‍സ്, ആസ്ട്രിയ തുടങ്ങിയ വിദേശരാജ്യങ്ങളില്‍നിന്ന് വത്തിക്കാനെതിരായുണ്ടാകാവുന്ന ആക്രമങ്ങളെ ഇറ്റലി എതിര്‍ക്കണമെന്ന് മാര്‍പ്പാപ്പാ ആവശ്യപ്പെടുകയില്ല. 3) റോമന്‍ പ്രശ്നം പരിഹൃതമാവുന്നതോടൊപ്പം ഇറ്റാലിയന്‍ സഭയെക്കുറിച്ചും ഒരുടമ്പടിക്ക് രൂപം നല്‍കണം. 4) കത്തോലിക്കാ രാഷ്ട്രമായ ഇറ്റലിയുടെ നിയമങ്ങള്‍, വിവാഹം തുടങ്ങിയ ചില കാര്യങ്ങളില്‍ കാനന്‍നിയമമനുസരിച്ചുള്ളതായിരിക്കണം. 1929 ഫെബ്രുവരി 11-ാം തീയതി സഖ്യത്തിലും ഉടമ്പടിയിലും ഒപ്പുവയ്ക്കപ്പെട്ടു.

The Church in the Modern Age catholic malayalam Rev. Dr. George Kanjirakkatt Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message