We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ On 17-Apr-2023
അധ്യായം ആറ്
സന്ന്യാസിമാർ
43 സഭയിലെ സുവിശേഷോപദേശങ്ങൾ
ദൈവത്തിനു സമർപ്പിച്ച ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നീ സുവിശേഷോപദേശങ്ങൾ, കർത്താവിന്റെ വാക്കുകളിലും മാതൃകകളിലും അധിഷ്ഠിതമായിരിക്കുന്നതുപോലെതന്നെ, സഭാപിതാക്കന്മാരാലും മല്പാന്മാരാലും അജപാലകന്മാരാലും പ്രകീർത്തിക്കപ്പെട്ടിട്ടുള്ള ദൈവദാനമാണ്. സഭയ്ക്ക് ദൈവത്തിൽനിന്നു ലഭിച്ചതും അവിടത്തെ കൃപയാൽ നിരന്തരം സംരക്ഷിക്കപ്പെടുന്നതുമായ ദാനമാണവ. പരിശുദ്ധാത്മാവാൽ നയിക്കപ്പെട്ട്, ഈ ഉപദേശങ്ങൾ വ്യാഖ്യാനിക്കാനും അവയുടെ അനുവർത്തനം നിയന്ത്രിക്കാനും തദനുസാരം ജീവിക്കാനുള്ള സ്ഥിരമായ ജീവിതരീതികൾ സ്ഥാപിക്കാനും സഭയുടെ അധികാരം ശ്രദ്ധചെലുത്തി. ഇതുവഴി, ദൈവദത്തമായ ഒരു മുകുളത്തിൽനിന്നുള്ള വൃക്ഷത്തിലെന്നപോലെ അദ്ഭുതകരമായ അനേകം വിധത്തിൽ, ദൈവത്തിന്റെ തോട്ടത്തിൽ ശാഖോപശാഖകളായി വളർന്നുനില്ക്കുന്ന പല രീതികളിലുള്ള ഏകാന്തമോ സമുഹപരമോ ആയ വിവിധ ജീവിതശൈലികളായും വിവിധ കൂട്ടായ്മകളായും അവ വളർന്നു വന്നു. അവ അതതുസമൂഹത്തിന്റെ വളർച്ചയ്ക്കും മിശിഹായുടെ ശരീരം മുഴുവന്റെയും നന്മയ്ക്കും കരുത്തുവർദ്ധിപ്പിച്ചു. കാരണം, ഈ ഭ്രാതൃത്വങ്ങൾ അവരുടെ സമൂഹങ്ങൾക്ക് തങ്ങളുടെ ജീവിതശൈലികളിലും കൂടുതൽ സുദൃഢമായ സ്ഥിരതയ്ക്കുള്ള താങ്ങു തൂണുകൾ നല്കി. പൂർണതപ്രാപിക്കാനുള്ള സ്പഷ്ടമായ പ്രബോധനങ്ങളുടെയും കർത്താവിന്റെ പടയണിയിൽ സഹോദരകൂട്ടായ്മയുടെയും അനുസരണം വഴി ഉറപ്പിക്കപ്പെട്ട സ്വാതന്ത്ര്യത്തിന്റെയും തൂണുകൾതന്നെയാണിത്. അങ്ങനെ, സ്വന്തം സന്ന്യാസവ്രതം സുരക്ഷിതമായി നിറവേറ്റുന്നതിനും വിശ്വസ്തതയോടെ സംരക്ഷിക്കാൻ കഴിയേണ്ടതിനും സ്നേഹത്തിന്റെ വഴിയിൽ ആത്മാവിൽ സന്തോഷിച്ചുകൊണ്ട് മുന്നേറുന്നതിനുമുള്ള സഹായം സന്ന്യാസിമാർ നല്കപ്പെടുന്നു.
ഈദൃശപദവി അതിന്റെ ദൈവികസ്വഭാവംകൊണ്ടോ സഭയുടെ ഹയരാർക്കിക്കൽ ഘടനകൊണ്ടോ വൈദിക- അല്മായ പദവികളുടെ മദ്ധ്യസ്ഥിതമായ ഒന്നല്ല; പ്രത്യുത, അവ രണ്ടിലുംനിന്ന് ചില ക്രിസ്തീയവിശ്വാസികൾ വിളിക്കപ്പെടുകയാണ്. സഭാജീവിതത്തിൽ പ്രത്യേകദാനം ആസ്വദിക്കുന്നതിനും ഓരോരുത്തനും സ്വന്തം രീതിയിൽ സഭയുടെ രക്ഷാകരദൗത്യത്തിൽ മുന്നേറുന്നതിനും ക്രിസ്തീയവിശ്വാസികൾ വിളിക്കപ്പെടുകയാണ്.
44 സന്ന്യാസാന്തസ്സിന്റെ പ്രാധാന്യവും സ്വഭാവവും
വ്രതങ്ങൾ വഴിയോ പ്രകൃത്യാ അവയ്ക്കു തുല്യമായ കെട്ടുപാടുകൾവഴിയോ ഒരു ക്രൈസ്തവവിശ്വാസി മേല്പറഞ്ഞ മൂന്നു സുവിശേഷാപദേശങ്ങൾക്കായി സ്വയം കടപ്പെടുത്തുകയും ദൈവശുശ്രൂഷയ്ക്കായും അവിടത്തെ മഹത്ത്വത്തിനായും പുതിയതും പ്രത്യേകവുമായ ഒരു അവകാശത്താൽ സ്വയം നിയുക്തനാകുന്നവിധം താൻ സർവോപരിസ്നേഹിക്കുന്ന ദൈവത്തിന് സമ്പൂർണമായി ദാസനാവുകയും ചെയ്യുന്നു. മാമ്മോദീസാവഴി അയാൾ പാപത്തിനു മരിച്ച് ദൈവത്തിനു പ്രതിഷ്ഠിതനായിരിക്കുന്നു. എന്നാൽ, മാമ്മോദീസായുടെ കൃപാവരത്തിന്റെ കൂടുതൽസമൃദ്ധമായ ഫലം സ്വായത്തമാക്കാൻ കഴിയേണ്ടതിന്, സുവിശേഷപുണ്യങ്ങളുടെ സഭയിലുള്ള വാഗ്ദാനംവഴി, സ്നേഹത്തിന്റെ തീക്ഷ്ണതയിൽനിന്നും ദൈവാരാധനയുടെ പൂർണതയിൽനിന്നും പിന്തിരിപ്പിക്കാൻ സാദ്ധ്യതയുള്ള തടസ്സങ്ങളിൽനിന്ന് അയാൾ സ്വതന്ത്രനാകാൻ ആഗ്രഹിക്കുന്നു. അങ്ങനെ കൂടുതൽ അഗാധമായി അയാൾ ദൈവശുശ്രൂഷയ്ക്ക് സമർപ്പിതനാകണം. തിരുസഭയാകുന്ന മണവാട്ടിയോട് അവിഭാജ്യമായ ബന്ധത്താൽ സംയോജിതനായ മിശിഹായ്ക്ക് എത്ര കൂടുതൽ ഉറപ്പുള്ളതും സ്ഥിരവുമായ ബന്ധത്താൽ പ്രതിനിധാനം ചെയ്യുന്നുവോ അത്ര കൂടുതൽ ഈ പ്രതിഷ്ഠ പൂർണമായിരിക്കും.
സുവിശേഷോപദേശങ്ങൾ അവ നേടിത്തരുന്ന സ്നേഹംവഴി അവയുടെ ഉപാസകരെ തിരുസഭയോടും അവളുടെ രഹസ്യത്തോടും പ്രത്യേകവിധം സംയോജിപ്പിക്കുന്നതിനാൽ അവരുടെ ആത്മികജീവിതം സഭയുടെ മുഴുവൻ നന്മയ്ക്കും അർപ്പിതമാകണം. ഇതിൽനിന്ന് അവരുടെ കഴിവിനൊത്ത് സ്വന്തം ദൈവവിളിയുടെ പ്രത്യേകസ്വഭാവത്തിനനുസൃതമായി പ്രാർത്ഥനവഴിയോ യഥാർത്ഥബാഹ്യപ്രവർത്തനങ്ങൾ വഴിയോ ആത്മാക്കളിൽ മിശിഹായുടെ രാജ്യം വേരുറപ്പിച്ച് ശക്തിപ്പെടുത്താനും അത് എല്ലാദേശങ്ങളിലും വ്യാപിപ്പിക്കാനുംവേണ്ടി അദ്ധ്വാനിക്കാനുള്ള കടമ ഉരുത്തിരിയുന്നു. ഇക്കാരണത്താലാണ് തിരുസഭ വിവിധസന്ന്യാസസ്ഥാപനങ്ങളുടെ സ്വകീയസ്വഭാവം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്.
അതുകൊണ്ട് സുവിശേഷോപദേശവ്രതവാഗ്ദാനം സഭയുടെ എല്ലാ അംഗങ്ങളെയും ക്രിസ്തീയദൈവവിളിയുടെ കടമകൾ സോത്സാഹം നിറവേറ്റുന്നതിന് ഫലവത്തായി ആകർഷിക്കാൻ കഴിവുള്ള, കഴിയേണ്ട അടയാളമായി നിലകൊള്ളുന്നു. ദൈവജനത്തിന് ഇവിടെ, നിലനില്ക്കുന്ന പട്ടണമില്ലാത്തതുകൊണ്ടും വരാനിരിക്കുന്ന നഗരം അവർ അന്വേഷിക്കുന്നതുകൊണ്ടും സന്ന്യാസജീവിതം സ്വന്തം ഉപാസകരെ ഭൗതികവ്യഗ്രതകളിൽനിന്ന് ഉത്തരോത്തരം സ്വതന്ത്രരാക്കുന്നു. അതുപോലെതന്നെ, ഈ ലോകത്തിൽ ഇപ്പോൾത്തന്നെയുള്ള സ്വർഗീയനന്മകളെ എല്ലാ വിശ്വാസികൾക്കും കൂടുതൽ വെളിവാക്കുകയും മിശിഹായുടെ വീണ്ടെടുപ്പിൽ നേടിയ നവവും നിത്യവുമായ ജീവനു സാക്ഷ്യം നല്‌കുകയും അത് ഭാവിയില്ലാത്ത സ്വർഗരാജ്യത്തിലെ ഉത്ഥാനത്തെയും മഹത്ത്വത്തെയും മുൻകൂട്ടി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇത് പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നതിനായി ഈ ലോകത്തിൽ ആഗതനായ ദൈവപുത്രൻ സ്വീകരിക്കുകയും തന്നെ അനുഗമിക്കുന്ന ശിഷ്യർക്കു നിർദേശിക്കുകയുംചെയ്ത അതേ ജീവിതക്രമം അതിതീക്ഷ്ണമായി അനുവർത്തിക്കുകയും സഭയിൽ ശാശ്വതമായി അവതരിപ്പിക്കുകയും ചെയ്യുന്നു. സന്ന്യാസജീവിതം ഭൗതികമായ സകലതിന്റെയുംമീതെ ദൈവരാജ്യത്തിനുളള ഔന്നത്യത്തെയും അതിന്റെ അവശ്യബന്ധങ്ങളെയും സുതരാം വ്യക്തമാക്കുകയും ചെയ്യുന്നു. ഭരിക്കുന്ന മിശിഹായുടെ ശക്തിയുടെ അതിമഹനീയമായ വൈപുല്യവും സഭയിൽ അദ്ഭുതകരമായി പ്രവർത്തനിരതനായ പരിശുദ്ധാത്മാവിന്റെ അപരിമേയമായ പ്രാബല്യവും സന്ന്യാസം സകല മനുഷ്യർക്കും തെളിയിച്ചുകൊടുക്കുകയും ചെയ്യുന്നു.
അതിനാൽ, സുവിശേഷോപദേശങ്ങളുടെ വ്രതവാഗ്ദാനത്താൽ സ്ഥാപിക്കപ്പെടുന്ന ജീവിതാന്തസ്സ് സഭയുടെ ഹയരാർക്കിൽസംവിധാനത്തിൽ ഉൾപ്പെടുന്നില്ലെങ്കിലും അതിന്റെ ജീവിതത്തോടും വിശുദ്ധിയോടും ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു.
45 സഭയുടെ അധികാരവും സന്ന്യാസജീവിതാന്തസ്സും
ദൈവജനത്തെ മേയ്ക്കുന്നതിനും സമൃദ്ധമായ മേച്ചിൽപ്പുറങ്ങളിലേക്കു നയിക്കുന്നതിനുമുള്ള (എസ 34:14) കടമ സഭയിലെ ഹയരാർക്കിയുടേതാണ്. ദൈവത്തോടും അയലക്കാരനോടുമുള്ള സ്നേഹത്തിന്റെ സമ്പൂർണത പ്രത്യേകവിധം പരിപോഷിപ്പിക്കുന്ന സുവിശേഷോപദേശങ്ങളുടെ പരിശീലനം നിയമങ്ങൾ വഴി വിവേകപൂർവം നിയന്ത്രിക്കുന്നതിനുള്ള ബാദ്ധ്യതയും അവരുടേതുതന്നെ. പരിശുദ്ധാത്മാവിന്റെ പ്രചോദനം താത്പര്യത്തോടെ പിന്തുടർന്ന്, ശ്രേഷ്ഠരായ സ്ത്രീപുരുഷന്മാരാൽ തയ്യാറാക്കപ്പെട്ട നിയമങ്ങൾ സ്വീകരിച്ച്, കൂടുതൽ ക്രമവത്കരിച്ച് ആധികാരികമായി അംഗീകരിക്കുന്നതും ഹയരാർക്കി തന്നെ. കൂടാതെ അത്, മിശിഹായുടെ ശരീരം പടുത്തുയർത്താൻവേണ്ടി അവിടവിടെ നിലവിൽവന്ന സമൂഹങ്ങളിൽ സ്ഥാപകരുടെ ചൈതന്യത്തിനനുസൃതമായി അവ പുഷ്ടിപ്പെടുന്നതിനുവേണ്ടി സ്വന്തം അധികാരത്താൽ അവധാനതയോടും സംരക്ഷണത്തോടെ സന്നിഹിതമാവുകയും ചെയ്യണം.
കർത്താവിന്റെ അജഗണത്തിന്റെ ആവശ്യങ്ങൾ കൂടുതൽ ഭംഗിയായി നിർവഹിക്കാൻവേണ്ടി പരിപൂർണതയ്ക്കുവേണ്ടിയുള്ള ഏതു സ്ഥാപനത്തെയും അതിലെ ഓരോ അംഗത്തെയും പരിശുദ്ധ മാർപാപ്പായ്ക്ക് ആകമാനസഭയിലുള്ള തന്റെ പരമാധികാരം കണക്കിലെടുത്ത് പൊതുനന്മയ്ക്കായി സ്ഥലത്തെ മേലദ്ധ്യക്ഷന്റെ അധികാരത്തിൽ നിന്നൊഴിവാക്കി തന്റെമാത്രം കീഴിലാക്കാവുന്നതാണ്. ഇതുപോലെതന്നെ, അദ്ദേഹത്തിന് അവയെ പാത്രിയാർക്കാഅധികാരങ്ങൾക്കു കീഴിലാക്കുകയോ ഏല്പിക്കുകയോ ചെയ്യാം. അവയുടെ അംഗങ്ങളെല്ലാം തങ്ങളുടെ പ്രത്യേക ജീവിതരീതിയിൽ നിലനിന്നുകൊണ്ട് സഭയോടുള്ള കടമ നിറവേറ്റുന്നതോടൊപ്പം കാനോനികനിയമങ്ങൾക്കനുസൃതമായി മെത്രാന്മാരോട് അനുസരണം പ്രകടിപ്പിക്കാൻ കടപ്പെട്ടിരിക്കുന്നു. പ്രാദേശികസഭയിൽ അവർക്കുള്ള അജപാലനാധികാരവും ശ്ലൈഹികജോലിയിൽ ആവശ്യമുള്ള ഐക്യവും യോജിപ്പും ഇതാവശ്യപ്പെടുന്നു.
തിരുസഭ സന്ന്യാസവ്രതവാഗ്ദാനം കാനോനികപദവിയുടെ മഹത്ത്വത്തിലേക്കുയർത്തുന്നത് സ്വന്തം അംഗീകാരംകൊണ്ടു മാത്രമല്ല; പ്രത്യുത, അതു ദൈവത്താൽ വിശുദ്ധീകൃതമായ ജീവിതാന്തസ്സാണെന്ന് തന്റെ ആരാധനാകർമങ്ങൾവഴി വെളിപ്പെടുത്തുന്നുമുണ്ട്. ഈ സഭതന്നെ, ദൈവത്താൽ തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരത്താൽ പ്രതിജ്ഞയെടുക്കുന്നവരുടെ വ്രതം സ്വീകരിക്കുകയും അവളുടെ പൊതുപ്രാർത്ഥനവഴി ദൈവത്തിൽനിന്നു സഹായവും കൃപയും അപേക്ഷിക്കുകയും അവരെ ദൈവത്തിനുസമർപ്പിക്കുകയും അവർക്ക് ആത്മികവരപ്രസാദം നല്കുകയും അവരുടെ സമർപ്പണം ദിവ്യകാരുണ്യബലിയോടു ചേർക്കുകയും ചെയ്യുന്നു.
46 സന്ന്യാസസമർപ്പണത്തിന്റെ മാഹാത്മ്യം
മലമുകളിൽ പ്രാർത്ഥിക്കുകയും ജനക്കൂട്ടത്തോടു ദൈവരാജ്യം വിളംബരംചെയ്യുകയും രോഗികളെയും വ്രണിതരെയും സുഖപ്പെടുത്തുകയും പാപികളെ ധാർമികമേന്മയിലേക്കു മാനസാന്തരപ്പെടുത്തുകയും ശിശുക്കളെ ആശീർവദിക്കുകയും എല്ലാവർക്കും നന്മചെയ്യുകയും തന്നെ അയച്ച പിതാവിന്റെ ഇച്ഛയ്ക്ക് സദാ കീഴ്വഴങ്ങുകയും ചെയ്ത മിശിഹായെ തിരുസഭ സന്ന്യാസിമാർവഴി വിശ്വാസികൾക്കും അവിശ്വാസികൾക്കും ഉത്തരോത്തരം വ്യക്തമായി പ്രദർശിപ്പിക്കാൻ തക്കവിധം അവർ ഉത്സാഹപൂർവം ശ്രദ്ധിക്കണം.
അവസാനമായി, സുവിശേഷോപദേശങ്ങളുടെ വ്രതവാഗ്ദാനം വിലപ്പെട്ടതായി പരിഗണിക്കപ്പെടേണ്ട സമ്പത്തുകളുടെ പരിത്യാഗം അർത്ഥമാക്കുന്നുണ്ടെങ്കിലും മനുഷ്യ വ്യക്തിത്വവികസനം തടസ്സപ്പെടുത്തുന്നില്ല. മറിച്ച്, സ്വഭാവത്താൽത്തന്നെ അതിനെ അങ്ങേയറ്റം വളർത്തുന്നുവെന്ന് എല്ലാവരും അറിഞ്ഞിരിക്കട്ടെ. കാരണം, ഓരോരുത്തരുടെയും പ്രത്യേകമായ ദൈവവിളിക്കനുസരിച്ച് സ്വമനസ്സാ സ്വീകരിക്കുന്ന സുവിശേഷോപദേശങ്ങൾ മനസ്സിന്റെ ശുദ്ധീകരണത്തിനും ആത്മികസ്വാതന്ത്ര്യത്തിനും അനല്പമായി ഉപകരിക്കുന്നു. സ്നേഹത്തിന്റെ തീക്ഷ്ണത നിരന്തരം ഉജ്ജ്വലിപ്പിക്കുന്നു, പ്രത്യേകിച്ച്, മിശിഹാ കർത്താവ് തനിക്കുവേണ്ടി തിരഞ്ഞെടുത്തതും അവിടത്തെ കന്യകാമാതാവ് ആശ്ലേഷിച്ചതുമായ വിരക്തിയുടെയും ദാരിദ്ര്യത്തിന്റെയും ജീവിതരീതിയോട്, വിശുദ്ധരായ ഇത്രയധികം സഭാസ്ഥാപകരുടെ മാതൃക തെളിയിക്കുന്നതുപോലെ, ക്രിസ്ത്യാനികളുടെ ജീവിതം പൊരുത്തപ്പെടുത്താൻ ഇവ ഉപകരിക്കുന്നു. സന്ന്യാസിമാർ തങ്ങളുടെ സമർപ്പണം വഴി മനുഷ്യരിൽനിന്ന് അന്യവത്കരിക്കപ്പെട്ടവരോ ഭൗതികസമൂഹത്തിൽ ഉപയോഗശൂന്യരോ ആയിത്തീരുന്നെന്ന് ആരും വിലയിരുത്താതിരിക്കട്ടെ. സ്വന്തം സമകാലികർക്ക് നേരിട്ടു സേവനംചെയ്യാത്തപ്പോഴും, കൂടുതൽ അഗാധമായ രീതിയിൽ മിശിഹായുടെ ശരീരത്തിനുള്ളിൽ സന്നിഹിതരെന്നവണ്ണം അവരെ കണ്ടുകൊണ്ട്, അവരോട് ആത്മികമായി സഹകരിച്ചുകൊണ്ട് ഭൗതികസമൂഹസൃഷ്ടി എപ്പോഴും കർത്താവിൽ അടിസ്ഥാനമിടാനും അവനിലേക്കു ലക്ഷ്യംവയ്ക്കാനും അതിന്റെ നിർമാതാക്കൾ നിരർത്ഥകമായി അധ്വാനിക്കാതിരിക്കാനും ഇടയാകുന്നു.
അതിനാൽ, സ്ഥിരവും വിനയാന്വിതവുമായ വിശ്വസ്തതയോടെ മേല്പറഞ്ഞ സമർപ്പണം ചെയ്തുകൊണ്ട് ആശ്രമങ്ങളിലും വിദ്യാലയങ്ങളിലും ആതുരാലയങ്ങളിലും പ്രേഷിതരംഗങ്ങളിലും മിശിഹായുടെ മണവാട്ടിയെ അലങ്കരിക്കുകയും സകലമനുഷ്യർക്കും ഉദാരവും വൈവിധ്യമാർന്നതുമായ സേവനങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്യുന്ന പുരുഷന്മാരെയും സ്ത്രീകളെയും സന്ന്യാസസഹോദരന്മാരെയും കന്യാസ്ത്രീകളെയും ഈ പരിശുദ്ധ സൂനഹദോസ് പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു
47 നിലനില്പിനുവേണ്ടിയുള്ള ആഹ്വാനം
സുവിശേഷോപദേശങ്ങളുടെ വ്രതവാഗ്ദാനത്തിനു വിളിക്കപ്പെടുന്ന ഓരോ വ്യക്തിയും ദൈവം വിളിച്ച വിളിയാൽ അതിൽ സ്ഥിരതയോടെ നിലനില്ക്കുന്നതിനും കൂടുതൽ ഉന്നതി പ്രാപിക്കുന്നതിനും തിരുസഭയുടെ കൂടുതൽ സമൃദ്ധമായ വിശുദ്ധിക്കുവേണ്ടിയും മിശിഹായിലും മിശിഹാവഴിയുള്ള എല്ലാ വിശുദ്ധിയുടെയും നീരരുവിയും ഉറവിടവുമായ ഏകവും അവിഭക്തവുമായ ത്രിത്വത്തിന്റെ ഉപരിമഹത്ത്വത്തിനുവേണ്ടിയും ഉത്സാഹപൂർവം പരിശ്രമിക്കേണ്ടിയിരിക്കുന്നു.
സന്ന്യാസിമാർ സഭയിലെ സുവിശേഷോപദേശങ്ങൾ സന്ന്യാസാന്തസ്സിന്റെ പ്രാധാന്യവും സ്വഭാവവും സഭയുടെ അധികാരവും സന്ന്യാസജീവിതാന്തസ്സും സന്ന്യാസസമർപ്പണത്തിന്റെ മാഹാത്മ്യം രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206