x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

നവീകരണവും സഭൈക്യവും

Authored by : Rev. Dr. George Kanjirakkatt On 06-Feb-2021

ഭാചരിത്രത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുമുമ്പ് ഇരുപത് സാര്‍വ്വത്രികസൂനഹദോസുകള്‍ നടന്നിട്ടുണ്ട്. അവയുടെയെല്ലാം പ്രധാനലക്ഷ്യം ഏതെങ്കിലുമൊരു അബദ്ധസിദ്ധാന്തത്തെ ശപിക്കുകയോ ഒരു പുതിയ വിശ്വാസസത്യം പ്രഖ്യാപിക്കുകയോ ആയിരുന്നു. ഇതിനൊരപവാദമായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. 1962 ഒക്ടോബര്‍ 11-ാം തീയതി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ജോണ്‍ 23-ാമന്‍ പാപ്പാ ആഹ്വാനം ചെയ്തു: സഭയെ നവീകരിക്കുക. കൗണ്‍സിലിന്‍റെ പ്രധാന ലക്ഷ്യം സഭാനവീകരണമായിരുന്നു. സഭകളുടെ ഐക്യവും പ്രധാനലക്ഷ്യങ്ങളിലൊന്നായിരുന്നു. ശാസ്ത്രീയ സാങ്കേതികസാംസ്കാരികമണ്ഡലങ്ങള്‍ക്ക് അടുത്തകാലത്തുണ്ടായ വമ്പിച്ച പരിവര്‍ത്തനങ്ങളുടെ വെളിച്ചത്തില്‍ സഭയെ നവീകരിക്കുകയും പുനഃസംവിധാനം ചെയ്യുകയുമായിരുന്നു കൗണ്‍സില്‍ പിതാക്കന്മാരുടെ മുമ്പിലുണ്ടായിരുന്ന പ്രശ്നം. ഇന്നത്തെ മനുഷ്യന് മനസ്സിലാകുന്ന രീതിയില്‍ സുവിശേഷവും സഭാതത്ത്വങ്ങളും അവതരിപ്പിച്ചേമതിയാവൂ എന്ന ബോദ്ധ്യം അവരില്‍ മിക്കവര്‍ക്കുമുണ്ടായിരുന്നു. സുവിശേഷദൗത്യം സഭകളുടെ അവകാശവും കടമയുമാണ്.

സഭാചരിത്രത്തില്‍ ഇത്രയേറെ പിതാക്കന്മാര്‍ ഒരുമിച്ചു സമ്മേളിച്ച ഒരു സാര്‍വ്വത്രികസൂനഹദോസും നടന്നിട്ടില്ല. കൗണ്‍സിലിന്‍റെ ഒന്നാം സമ്മേളനത്തില്‍ത്തന്നെ 2540 മെത്രാന്മാര്‍ സന്നിഹിതരായിരുന്നു. കൗണ്‍സില്‍ സമ്മേളനങ്ങള്‍ നിരീക്ഷിച്ചവരില്‍ ദൈവശാസ്ത്രജ്ഞന്മാരും അല്മായപ്രമുഖരും വൈദികപ്രതിനിധികളും അകത്തോലിക്കാപ്രതിനിധികളും ഉള്‍പ്പെടുന്നു. കൗണ്‍സില്‍പിതാക്കന്മാര്‍ പൊതുവേ രണ്ടു വീക്ഷണക്കാരായിരുന്നുവെന്നു പറയാം. പരമ്പരാഗതപ്രബോധനങ്ങളില്‍ മാറ്റം വരുത്തുവാന്‍ തീരെ വൈമുഖ്യം പ്രദര്‍ശിപ്പിച്ചിരുന്ന യാഥാസ്ഥിതികരും, നവീകരണം വരുത്തിയേതീരൂ എന്നു വാദിച്ചിരുന്ന പുരോഗമനേച്ഛുക്കളുമായിരുന്നു അവര്‍. പാശ്ചാത്യയൂറോപ്പിലെ മെത്രാന്മാര്‍ കൗണ്‍സില്‍ ചര്‍ച്ചകളില്‍ പൊതുവേ മുന്നിട്ടുനിന്നിരുന്നു. മെല്‍ക്കൈറ്റ്സഭയിലെ പാത്രിയര്‍ക്കീസ് മാക്സിമോസ് നാലാമന്‍ തുടങ്ങിയ പൗരസ്ത്യപിതാക്കന്മാര്‍ ശക്തവും വ്യക്തവുമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ലത്തീന്‍ഭാഷ ഔദ്യോഗികവിനിമയഭാഷയായിരുന്നുവെങ്കിലും ഒരു പൗരസ്ത്യസഭയുടെ തലവനുള്ള സ്വാതന്ത്ര്യത്തെപ്പറ്റി ബോദ്ധ്യമുണ്ടായിരുന്ന പാത്രിയര്‍ക്കീസ് മാക്സിമോസ് ഭൂരിപക്ഷം പിതാക്കന്മാര്‍ക്കും നന്നായി മനസ്സിലാവുന്ന ഫ്രഞ്ചുഭാഷയിലാണ് പ്രസംഗിച്ചത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സഭാസംഭവം എന്നു വിശേഷിക്കപ്പെടുമാറ് സഭാജീവിതത്തിന്‍റെ സകല മാനങ്ങളെയും ആഴമായി സ്പര്‍ശിച്ച ഒരു സൂനഹദോസായിരുന്നു വത്തിക്കാനില്‍ നടന്നത്.

കൗണ്‍സില്‍ പാസ്സാക്കിയ പ്രമാണങ്ങള്‍

നാലു കോണ്‍സ്റ്റിറ്റ്യൂഷനുകളും, ഒമ്പത് ഡിക്രികളും, മൂന്നു പ്രഖ്യാപനങ്ങളുമടക്കം 16 പ്രമാണരേഖകള്‍ കൗണ്‍സില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി:

കോണ്‍സ്റ്റിറ്റ്യൂഷനുകള്‍ (Constitution)

  1. തിരുസ്സഭ (Lumen Gentium), നവംബര്‍ 21, 1964.
  2. ദൈവാവിഷ്കരണം (Dei Verbum), നവംബര്‍ 18, 1965.
  3. ലിറ്റര്‍ജി (Sacrosanctum Concilium), ഡിസംബര്‍ 4, 1963.
  4. സഭ ആധുനികലോകത്തില്‍ (Gaudium et Spes), ഡിസംബര്‍ 7, 1965.

ഡിക്രികള്‍ (Decrees)

  1. പൗരസ്ത്യസഭകള്‍ (Orientalium Ecclesiarum), നവംബര്‍ 21, 1964.
  2. മെത്രാന്മാര്‍ (Christus Dominus), ഒക്ടോബര്‍ 28, 1965.
  3. വൈദികര്‍ (Presbyterorum Orbinis), ഡിസംബര്‍ 7, 1965.
  4. വൈദികപരിശീലനം (Optatam Totius), ഒക്ടോബര്‍ 28, 1965.
  5. സന്യാസജീവിതം (Perfctae Caritatis), ഒക്ടോബര്‍ 28, 1965.
  6. അത്മായപ്രേഷിതത്വം (Apostolicam Actusitatem), നവം ബര്‍ 18, 1965.
  7. പ്രേഷിതപ്രവര്‍ത്തനം (Ad Gentes), ഡിസംബര്‍ 7, 1965.
  8. എക്യുമെനിസം (Unitatis Redintegratio), നവംബര്‍ 21, 1964.
  9. സാമൂഹ്യമാധ്യമങ്ങള്‍ (Inter Mirifica), ഡിസംബര്‍ 4, 1963.

പ്രഖ്യാപനങ്ങള്‍ (Declarations)

  1. മതസ്വാതന്ത്ര്യം (Dignitatis Humanae), ഡിസംബര്‍ 7, 1965.
  2. വിദ്യാഭ്യാസം (Gravissimum Educationis), ഒക്ടോബര്‍ 28, 1965.
  3. അക്രൈസ്തവമതങ്ങള്‍ (Nostra Actate), ഒക്ടോബര്‍ 28,       1965.

പ്രമാണരേഖകളുടെ സ്വാഭാവം

സഭാനവീകരണം, അധുനാതനീകരണം, പുനരൈക്യപ്രസ്ഥാനം ആദിയായ ഏതാനും അടിയന്തിരലക്ഷ്യങ്ങളാല്‍ പ്രേരിതമായാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സമാരംഭിച്ചതെന്ന് മേല്‍പ്രസ്താവിച്ചുവല്ലോ. പ്രസ്തുത ലക്ഷ്യങ്ങള്‍ പ്രമാണരേഖകളില്‍ പ്രതിഫലിച്ചിരിക്കുന്നു.

.ചില സമകാലിക പ്രവണതകള്‍

ഇരുപത്തിമൂന്നാം ജോണ്‍ മാര്‍പ്പാപ്പായുടെ മരണത്തെതുടര്‍ന്ന് കൗണ്‍സില്‍ കാര്യക്ഷമമായി തുടരുന്നതിനും വിജയകരമായി സമാപിക്കുന്നതിനും ഡിക്രികള്‍ നടപ്പാക്കുന്നതിനും ആറാം പോള്‍ മാര്‍പ്പാപ്പാ നല്കിയ നേതൃത്വം സഭാചരിത്രത്തില്‍ അവിസ്മരണീയംതന്നെ. ഇതര സഭകളുമായുള്ള ബന്ധങ്ങളിലും പൗലോസ് പാപ്പാ ഒരു നൂതനാദ്ധ്യായം വിരചിക്കുകതന്നെ ചെയ്തു. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും സന്ദര്‍ശിച്ച് രാഷ്ട്രങ്ങളുടെ ഇടയിലുള്ള സഹവര്‍ത്തിത്ത്വം വളര്‍ത്തുന്നതിലും വിവിധ സഭകള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും ഇദ്ദേഹം നല്കിയിട്ടുള്ള സേവനം മഹത്തരംതന്നെ. ആഡംബരവും പ്രൗഡിയും പരിത്യജിച്ച് ലാളിത്യം ജീവിതശൈലിയാക്കാന്‍ അദ്ദേഹം മെത്രാന്മാരെ ഉപദേശിച്ചു.

1978 ഓഗസ്റ്റ് മാസം 7- നു ദിവംഗതനായ പോള്‍ ആറാമന്‍ പാപ്പായുടെ പിന്‍ഗാമിയായി വളരെ ഹ്രസ്വമായൊരു കാലം (26-8-1978 - 28-9-1978) ജോണ്‍ പോള്‍ ഒന്നാമന്‍ സഭയ്ക്ക് നേതൃത്വം നല്കി. കേരളത്തിന് പുറത്തുള്ള പൗരസ്ത്യകത്തോലിക്കരുടെ അജപാലനപ്രശ്നങ്ങള്‍ അന്വേഷിച്ച് സഭാത്മകമായ വൈദികശുശ്രൂഷ അവര്‍ക്ക് ലഭിക്കുവാനുതകുന്ന പ്രായോഗികമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുവാന്‍ ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍റണി പടിയറയെ അപ്പസ്റ്റോലിക് വിസിറ്ററായി 1978 സെപ്റ്റംബര്‍ 8-ാംനു നിയമിച്ചത് ജോണ്‍ പോള്‍ ഒന്നാമനാണ്.

ഇദ്ദേഹത്തിന്‍റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതില്‍ കര്‍ദ്ദിനാള്‍ സംഘം പുതിയൊരു ചരിത്രം സൃഷ്ടിച്ചു. നൂറ്റാണ്ടുകളായി ഇറ്റലിയില്‍നിന്നായിരുന്നല്ലോ മാര്‍പ്പാപ്പാമാരെ തിരഞ്ഞെടുത്തുപോന്നത്. അതിനൊരു മാറ്റംകുറിച്ചുകൊണ്ട്, കമ്യൂണിസ്റ്റധീനത്തിലുള്ള പോളണ്ടിലെ ക്രാക്കോ അതിരൂപതാദ്ധ്യക്ഷനായിരുന്ന കാര്‍ള്‍ വോയിറ്റിലയെ അവര്‍ മാര്‍പ്പാപ്പായായി തിരഞ്ഞെടുത്തു. ജോണ്‍ പോള്‍ രണ്ടാമന്‍ എന്ന പേരാണ് പുതിയ പാപ്പാ സ്വീകരിച്ചത്.

ജനഹൃദയങ്ങളെ വശീകരിക്കുന്നതിലും വിശ്വാസദൃഢതയില്‍ ഉറപ്പിക്കുന്നതിലും വിദഗ്ധമായൊരു നേതൃത്വം പാപ്പാ നല്കി. പോള്‍ ആറാമന്‍ പാപ്പായെപ്പോലെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് രാജ്യാന്തര സഹവര്‍ത്തിത്വവും സഹകരണവും വളര്‍ത്തുവാന്‍ അക്ഷീണം പ്രയത്നിച്ചു. സഭയുടെ പാരമ്പര്യാധിഷ്ഠിതമായ വിശ്വാസസത്യങ്ങള്‍ നിര്‍ഭയം വ്യക്തമായി അവതരിപ്പിക്കുകവഴി ജോണ്‍ പോള്‍ രണ്ടാമന്‍ വത്തിക്കാന്‍ കൗണ്‍സിലിനുശേഷം സഭാതലത്തിലുണ്ടായ ചില അസ്വസ്ഥതകള്‍ക്കും കോളിളക്കങ്ങള്‍ക്കും പരിഹാരം കണ്ടെത്തി.

catholic malayalam Rev. Dr. George Kanjirakkatt renewal and ecumenism ecumenism renewal തിരുസഭാചരിത്രം book no 32 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message