We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 29-Jan-2021
റേരും നൊവാരും പ്രസിദ്ധീകരിച്ചതിന്‍റെ 40-ാം വാര്‍ഷികത്തിലാണ് ഈ ചാക്രികലേഖനം പതിനൊന്നാം പീയൂസ് മാര്‍പാപ്പാ പ്രസിദ്ധീകരിച്ചത്. ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് 1929-ല്‍ പാശ്ചാത്യരാഷ്ട്രങ്ങളെ പൊതുവേ ബാധിച്ച സാമ്പത്തിക തകര്‍ച്ചയും അക്കാലഘട്ടത്തില്‍ ശക്തമായിത്തീര്‍ന്ന സ്വേച്ഛാധിപത്യപ്രവണതയും കമ്മ്യൂണിസത്തിന്‍റെ വളര്‍ച്ചയുമാണ് ഇപ്രകാരമൊരു പ്രമാണരേഖ പുറപ്പെടുവിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കുത്തകമുതലാളിത്തത്തിന്‍റെ ക്രമാതീതമായ വളര്‍ച്ചയും തത്ഫലമായി രൂപപ്പെട്ട മുതലാളിത്തഭരണം സൃഷ്ടിച്ച സാമൂഹിക നീതികളും ഇതിനു പ്രചോദനം നല്‍കിയിട്ടുണ്ടാകണം.
സാമൂഹിക നീതിയുടെ അടിസ്ഥാനത്തില്‍ സമ്പത്തിന്‍റെ ദേശീയതലത്തിലുള്ള വിഭജനം, പുതിയ സാഹചര്യങ്ങളില്‍ തൊഴിലാളികളുടെ അവകാശസംരക്ഷണം, സേച്ഛാധിപത്യ പ്രവണതകളെയും കമ്മ്യൂണിസത്തെയും ചെറുത്തുനില്‍ക്കല്‍ തുടങ്ങിയവയ്ക്കാവശ്യമായ മൂല്യങ്ങള്‍ ആവിഷ്കരിക്കുക, അതിനാവശ്യമായ പ്രായോഗികനിര്‍ദ്ദേശങ്ങള്‍ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു ചാക്രികലേഖനം രചിക്കപ്പെട്ടത്. സാമൂഹികസാമ്പത്തിക മേഖലകളില്‍ ഗുരുതരമായ പുനര്‍നിര്‍മ്മാണത്തിന്‍റെ ആവശ്യകത ഈ ചാക്രികലേഖനം എടുത്തുകാട്ടുന്നു. റേരും നൊവാരുമിന്‍റെ കാലോചിതമായ വ്യാഖ്യാനവും അതിലെ ആശയങ്ങളുടെ അനുക്രമമായ വികാസവുമാണ് ഈ പ്രബോധനരേഖ ഉള്‍ക്കൊള്ളുന്നത്.
റേരും നൊവാരും മൂലം ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍, റേരും നൊവാരുമിന്‍റെ വ്യാഖ്യാനം, ആധുനികസാമ്പത്തികക്രമത്തിന്‍റെയും സോഷ്യലിസത്തിന്‍റെയും വിമര്‍ശനം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായിട്ടാണ് ചാക്രികലേഖനത്തെ വിഭജിച്ചിരിക്കുന്നത്.
സഭ, രാഷ്ട്രം, തൊഴില്‍ദായകരും തൊഴിലാളികളും എന്നീ മൂന്നു ഘടകങ്ങളൊത്തൊരുമിച്ചുള്ള പ്രവര്‍ത്തനഫലമായിട്ടേ സാമൂഹികപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകുകയുള്ളുവെന്ന് ലെയോ മാര്‍പാപ്പാ തന്‍റെ ചാക്രികലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു. ഓരോ വിഭാഗവും നിര്‍വ്വഹിക്കേണ്ട കടമകളെന്തെല്ലാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അവ എത്രമാത്രം നിര്‍വ്വഹിക്കപ്പെട്ടുവെന്ന് ഈ ഭാഗത്ത് ചാക്രികലേഖനം വിലയിരുത്തുന്നു.
ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള മെത്രാന്മാരും വൈദികരും ചാക്രികലേഖനത്തെ വ്യാഖ്യാനിക്കുകയും സാമൂഹികപ്രതിബദ്ധതയുള്ള ധാരാളംപേര്‍ ഈ മേഖലയില്‍ ഗൗരവമുള്ള പഠനങ്ങളും ഗവേഷണങ്ങളും നടത്തുകയും ചെയ്തു. ഇതിന്‍റെ വെളിച്ചത്തില്‍ കത്തോലിക്കാ സാമൂഹികദര്‍ശനം രൂപംകൊണ്ടു. ഇതിന്‍റെ സ്വാധീനം പല രാഷ്ട്രങ്ങളിലും നിയമനിര്‍മ്മാണങ്ങളിലും നീതിന്യായകോടതികളുടെ പ്രവര്‍ത്തനങ്ങളിലും ദൃശ്യമായി.
ചാക്രികലേഖനം തൊഴിലാളികളില്‍ തങ്ങളുടെ അന്തസ്സിനെയും അവകാശങ്ങളെയും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയും പരസ്പരസഹായസംഘടനകള്‍ രൂപവത്ക്കരിക്കാന്‍ അവര്‍ക്കു പ്രേരണ നല്‍കുകയും ചെയ്തു.
രാഷ്ട്രീയധികാരികളുടെ പ്രവര്‍ത്തനങ്ങള്‍ (No. 25-28)
ചാക്രികലേഖനത്തിന്‍റെ പ്രസിദ്ധീകരണത്തിനു മുമ്പുതന്നെ ചില ഗവണ്‍മെന്‍റുകള്‍ തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനായി പ്രത്യേക നിയമനിര്‍മ്മാണങ്ങള്‍ നടത്തിയിരുന്നുവെന്ന വസ്തുത പതിനൊന്നാം പീയൂസ് മാര്‍പാപ്പാ അംഗീകരിക്കുന്നു. ഈ കടമ നിര്‍വ്വഹണത്തെ സംബന്ധിച്ചുള്ള ബോധ്യം ഗവണ്‍മെന്‍റധികാരികളില്‍ ആഴപ്പെടുത്താന്‍ റേരും നൊവാരും കാര്യമായി സഹായിച്ചു. ദരിദ്രര്‍ക്കും തൊഴിലാളികള്‍ക്കും സവിശേഷ സംരക്ഷണം നല്‍കാനും അവരുടെ ക്ഷേമം കൈവരുത്താനും ഉതകത്തക്ക നിയമനിര്‍മ്മാണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും വ്യാപകമായ പരിശ്രമങ്ങള്‍ നടന്നു.
തൊഴിലുടമകളും തൊഴിലാളികളും ചെയ്ത കാര്യങ്ങള്‍ (No. 29-38)
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും വെവ്വേറെയും ഒന്നിച്ചുമുള്ള സംഘടനകള്‍ രൂപവത്കരിക്കുവാനുള്ള റേരും നൊവാരുമിന്‍റെ ആഹ്വാനം, കാര്യമായ ഫലം പുറപ്പെടുവിച്ചില്ലെന്ന് പീയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പാ ദു:ഖത്തോടെ അനുസ്മരിക്കുന്നു. തൊഴിലാളികള്‍ സംഘടിക്കുന്നത് അപകടകരമായി പലരും വീക്ഷിക്കുകയുണ്ടായെന്ന സത്യവും ചാക്രികലേഖനം എടുത്തുകാണിക്കുന്നുണ്ട്.
II. റേരും നൊവാരും - ഒരു വ്യാഖ്യാനം
സാമൂഹികസാമ്പത്തിക മേഖലകളെ സുവിശേഷത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്താനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സഭയ്ക്കു ഗുരുതരമായ അവകാശവും കടമയും ഉണ്ടെന്ന കാര്യം ശക്തിയായി ന്യായീകരിച്ചുകൊണ്ടാണ്, മാര്‍പാപ്പ റേരും നൊവാരുമിലെ ചില തത്ത്വങ്ങള്‍ക്ക് കാലോചിതമായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നത്. സ്വകാര്യസ്വത്തവകാശം, മൂലധനവും തൊഴിലും, തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ വിമോചനം, ന്യായമായ വേതനം, സാമൂഹികക്രമത്തിന്‍റെ പുനര്‍നിര്‍മ്മാണം എന്നീ വിഷയങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്തിരിക്കുന്നത് (Nos .41-43).
സ്വകാര്യസ്വത്തവകാശത്തിന് നല്‍കിയ പ്രാധാന്യം അതിന്‍റെ വിനിയോഗത്തിലുള്ള സാമൂഹികമായ ഉത്തരവാദിത്വത്തിന് ലെയോ മാര്‍പാപ്പ നല്‍കിയില്ലെന്ന തെറ്റിദ്ധാരണ തിരുത്താനുള്ള ശ്രമം പീയൂസ് പാപ്പാ നടത്തുന്നു. തുടര്‍ന്ന് ഈ രംഗത്ത് ആവശ്യമായ ചില നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കുന്നു.
2. മൂലധനവും തൊഴിലും (Nos . 5358)
മൂലധനത്തിന്‍റെമേല്‍ മുതലാളിയുടെ അമിതമായ അവകാശവാദം മൂലം തൊഴിലാളികള്‍ക്ക് വളരെ തുച്ഛമായ സമ്പത്തു നല്‍കി ബാക്കിയുള്ളതെല്ലാം മുതലുടമകള്‍ സ്വന്തമാക്കുന്ന രീതിയെ ചാക്രികലേഖനം നിശതമായി വിമര്‍ശിക്കുന്നുണ്ട്. ഉത്പാദിപ്പിക്കപ്പെടുന്ന സമ്പത്തെല്ലാം തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന തൊഴിലാളികളുടെ വാദവും ചോദ്യംചെയ്യപ്പെടുന്നുണ്ടിവിടെ. ഉത്പാദിപ്പിക്കപ്പെടുന്ന സമ്പത്ത് സമൂഹത്തിലെ എല്ലാ വിഭാഗവും ജനങ്ങള്‍ക്കും ന്യായമായ വിധം പങ്കുവയ്ക്കപ്പെടുകയെന്നതാണ് നീതി. എല്ലാവരുടെയും ന്യായമായ അവകാശങ്ങള്‍ നിറവേറ്റപ്പെടാന്‍ സമ്പത്ത് ഉതകണമെന്നതാണ് അടിസ്ഥാനതത്വം. ഇന്നു സഭയുടെ സാമൂഹികപഠനങ്ങളിലും ധാര്‍മ്മികദൈവശാസ്ത്രത്തിലും സ്വീകാര്യമായ സാമൂഹികനീതി എന്ന പദപ്രയോഗം ഇവിടെയാണ് ആദ്യമായി പ്രയോഗിക്കപ്പെട്ടത്. സഭയുടെ സാമൂഹികപഠനങ്ങളിലും ധാര്‍മ്മിക ദൈവശാസ്ത്രത്തിലും ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു പദമാണല്ലോ അത്. സമ്പത്തിന്‍റെ വിഭജനത്തെ സംബന്ധിച്ച് പുതിയ ഒരുള്‍ക്കാഴ്ചയ്ക്ക് ചാക്രികലേഖനം അടിസ്ഥാനമിട്ടു.
അതുകൊണ്ട് ഓരോരുത്തനും അവകാശപ്പെട്ട പങ്കു ലഭിയ്ക്കുകയും സൃഷ്ടവസ്തുക്കളുടെ വിഭജനം പൊതുനന്മയ്ക്ക് അഥവാ സാമൂഹിക നീതിക്ക് അനുയോജ്യമാക്കുകയും ചെയ്യണം. കുറച്ചുപേര്‍ സമ്പത്തിന്‍റെ സിംഹഭാഗവും കൈയടക്കിവയ്ക്കുകയും വളരെയേറെപ്പേര്‍ പരമദരിദ്രരായി ജീവിക്കുകയും ചെയ്യുന്ന ഇന്നത്തെ അവസ്ഥ സാമ്പത്തിക വിഭജനത്തിലെ ഗുരുതരമായ അപാകതയാണെന്ന വസ്തുത സത്യസന്ധമായി കാര്യങ്ങള്‍ വീക്ഷിക്കുന്നവര്‍ക്കു വ്യക്തമാണ് (NO .58).
3. തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ വിമോചനം (Nos. 5962)
അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്‍റെ ദുരിതങ്ങള്‍ക്കു കുറച്ചൊക്കെ പരിഹാരം കണ്ടെത്തിയെങ്കിലും വ്യവസായവത്ക്കരണത്തിന്‍റെ വ്യാപനംമൂലം ദരിദ്രരായ തൊഴിലാളികളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചു. കര്‍ഷകത്തൊഴിലാളികള്‍ കടുത്ത ദാരിദ്ര്യത്തിനടിപ്പെട്ടു. കൃഷിഭൂമിയില്‍ തങ്ങള്‍ക്ക് അവകാശം ലഭിക്കുമെന്ന പ്രതീക്ഷപോലും അവര്‍ക്കില്ലാതായി. ലെയോ മാര്‍പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ക്കു വേണ്ടത്ര പ്രാധാന്യം നല്‍കാത്തതാണ് ഇത്തരമൊരവസ്ഥ തുടരുന്നതിന്‍റെ കാരണമെന്നു ദു:ഖപൂര്‍വ്വം പതിനൊന്നാം പീയൂസ് ചൂണ്ടിക്കാണിക്കുന്നു.
ഉത്പാദിപ്പിക്കപ്പെടുന്ന സമ്പത്തിന്‍റെ ന്യായമായ വീതം മാത്രം ഭാവിയില്‍ മുതലാളികള്‍ക്കു ലഭ്യമാക്കാനും ബാക്കിയുള്ളത് തൊഴിലാളികളുടേതാക്കി മാറ്റാനും കഴിയണം. ഇതുവഴി കുറച്ചു സമ്പത്ത് മിച്ചംവയ്ക്കാനും അവര്‍ക്കു കഴിയും. സ്വന്തമായി സ്വത്തുണ്ടാക്കുകവഴി കൂടുതല്‍ സുരക്ഷിതത്വചിന്തയും ആത്മവിശ്വാസവും അവര്‍ക്കുണ്ടാകും. തൊഴിലാളികളുടെ വിമോചനത്തിനുള്ള യഥാര്‍ത്ഥ മാര്‍ഗ്ഗം ഇതുമാത്രമാണ്.
4. ന്യായമായ വേതനം (Nos. 6375)
വേതനത്തെ സംബന്ധിച്ച് ചില പുത്തനാശയങ്ങള്‍ ചാക്രിക ലേഖനം നല്‍കുന്നു.
തൊഴിലിന്‍റെ വ്യക്തിഗതവും സാമൂഹികവുമായ മാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് വേതനത്തെ സംബന്ധിച്ച ഈ നിര്‍ദ്ദേശങ്ങള്‍. തൊഴില്‍ ചെയ്യുന്നതു വ്യക്തിയാണെങ്കിലും ഉത്പാദനപ്രക്രിയ പൂര്‍ണ്ണമായും അവന്‍റെമാത്രം പ്രവര്‍ത്തനഫലമല്ല. അതിന് പല സാമ്പത്തിക വ്യവസ്ഥിതികളോടും സ്ഥാപനങ്ങളോടും ബന്ധമുണ്ട്. തെറ്റായ വ്യാപാര വ്യവസായ നയങ്ങള്‍മൂലം ചില വ്യവസായസ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും മറ്റുള്ള സ്ഥാപനങ്ങളുടെ ചൂക്ഷണത്തിനു വിധേയമായെന്നുവരും. ഈ വസ്തുതകളുടെ വെളിച്ചത്തിലാണ് വേതനവ്യവസ്ഥകള്‍. സമ്പത്തിന്‍റെ വിഭജനം, പൊതുക്ഷേമം തുടങ്ങിയവയെ സംബന്ധിച്ച ഒരു പൊതുനയം ആവശ്യമായി വരുന്നത്.
5. സാമൂഹികക്രമത്തിന്‍റെ പുനര്‍നിര്‍മ്മാണം (Nos. 76-98)
വര്‍ദ്ധമാനമായ സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ക്ക് തൊഴിലാളികളുടെ നിരവധിയായ ദുരിതങ്ങള്‍ക്കും ചൂഷണത്തിനും പരിഹാരമായി ലെയോ പതിമൂന്നാമന്‍ നിര്‍ദ്ദേശിച്ചത് രണ്ടു കാര്യങ്ങളാണ്.
III. സാമ്പത്തികക്രമത്തിലും സോഷ്യലിസത്തിലും വന്ന മാറ്റം
ലെയോ മാര്‍പാപ്പയുടെ കാലം മുതല്‍ സാമ്പത്തിക ക്രമത്തിലും സോഷ്യലിസത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചു. അവയുടെ വിലയിരുത്തലാണ് ചാക്രികലേഖനത്തിന്‍റെ മൂന്നാം ഭാഗത്തു കാണുന്നത്.
a) ചുരുക്കം ചില വ്യക്തികളില്‍ സമ്പത്തു കുന്നുകൂടുന്നതിനും സമ്പന്നര്‍ രാഷ്ട്രീയധികാരം പിടിച്ചെടുക്കുന്നതിനുമുള്ള പ്രവണത ശക്തിപ്പെട്ടുവെന്നതാണ് പ്രധാനമായ മാറ്റം. സാമ്പത്തികമേഖലയില്‍ അംഗീകരിക്കപ്പെട്ട അനിയന്ത്രിതമായ മത്സരംമൂലമാണ് സാമ്പത്തികമേധാവിത്വത്തിനും രാഷ്ട്രീയമേധാവിത്വത്തിനും വേണ്ടിയുള്ള വടംവലി ശക്തിപ്പെട്ടത്. ഇത് രാജ്യങ്ങള്‍ തമ്മിലുള്ള കിടമത്സരങ്ങള്‍ക്കും വഴിതെളിച്ചു (No.105-108).
പതിനൊന്നാം പീയൂസ് മാര്‍പാപ്പ 1931-ല്‍ ചൂണ്ടിക്കാണിച്ച ഈ പ്രത്യേകതകള്‍ ഇന്നും നമ്മുടെ സാമൂഹിക സാമ്പത്തിക ക്രമത്തിന്‍റെ അടിസ്ഥാന സ്വഭാവം തന്നെയാണ്. മുതലുടമകള്‍ തങ്ങളുടെ സാമ്പത്തികശക്തിയും രാഷ്ട്രീയസ്വാധീനവും ഉപയോഗിച്ചു തൊഴിലാളികളെയും മറ്റും അടക്കി ഭരിക്കാനും ചൂഷണം ചെയ്യാനും ശ്രമിക്കുന്നു. മറുവശത്താകട്ടെ തൊഴിലാളികള്‍ തങ്ങളുടെ സംഘടനാശക്തിയുപയോഗിച്ച് മുതലുടമകളെ ഭീഷണിപ്പെടുത്താനും ചൂഷണംചെയ്യാനും ഉദ്യമിക്കുന്നു. ധാര്‍മ്മികമൂല്യങ്ങള്‍ക്ക് എല്ലാവിധ നിയന്ത്രണശക്തിയും നിഷേധിക്കപ്പെടുന്ന സാമ്പത്തികവ്യാപാരങ്ങളുടെ ഈ വ്യവസ്ഥിതിയില്‍ ڇശക്തിڈ യുള്ളവനു മാത്രമേ ജീവിതത്തില്‍ ആത്യന്തികമായി വിജയസാധ്യതയുള്ളൂ. ശക്തിയുള്ളവര്‍ ശക്തികുറഞ്ഞവരെ അടക്കിഭരിക്കുന്ന ഈ അവസ്ഥ മനുഷ്യോചിതമല്ല.
പതിനൊന്നാം പീയൂസ് മാര്‍പാപ്പ ഇതിനു നിര്‍ദ്ദേശിക്കുന്ന പരിഹാരം അന്നുമിന്നും പ്രസക്തമാണ്. നീതിന്യായങ്ങളനുസരിച്ച് സാമ്പത്തികവ്യാപാരങ്ങളെ നിയന്ത്രിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ഭരണാധിപന്മാരുടെ ഗുരുതരമായ ഉത്തരവാദിത്വമാണിത്.
b) സോഷ്യലിസത്തില്‍ വന്ന മാറ്റമാണ് ചാക്രികലേഖനത്തിന്‍റെ പഠനത്തിനു വിധേയമാകുന്ന മറ്റൊരു കാര്യം (No .111-115).
സോഷ്യലിസത്തില്‍ വന്ന ഏറ്റവും വലിയ പരിവര്‍ത്തനം കമ്മ്യൂണിസമെന്ന ആശയത്തിന്‍റെ വളര്‍ച്ചയാണ്. കടുത്ത വര്‍ഗ്ഗസമരവും സമ്പത്തിന്‍റെ പൂര്‍ണ്ണ ദേശസാല്‍ക്കരണവും അതിന്‍റെ അടിസ്ഥാനസമീപനങ്ങളാണ്. ഈ ആശയത്തിനു വ്യാപകമായ അംഗീകാരം ലഭിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിലാണ് ഈ ചാക്രികലേഖനം രചിക്കപ്പെട്ടതെന്ന വസ്തുത പ്രസക്തമാണിവിടെ.
ഒരു വിഭാഗം സോഷ്യലിസ്റ്റുകള്‍ തങ്ങളുടെ സമീപനത്തില്‍ കുറച്ചൊക്കെ മയം വരുത്തുകയുണ്ടായി. വര്‍ഗ്ഗസമരം കഴിയുന്നതും ഒഴിവാക്കുകയും സ്വകാര്യസ്വത്തവകാശം കുറച്ചൊക്കെ അംഗീകരിക്കുകയും ചെയ്യുകയെന്ന സമീപനമാണ് ഇവര്‍ സ്വീകരിച്ചത്. ഇതിന്‍റെ സ്വാധീനം പാശ്ചാത്യസമൂഹങ്ങളില്‍ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതിക്കു കുറച്ചൊക്കെ മനുഷ്യത്വത്തിന്‍റെ മുഖം നല്‍കാന്‍ സഹായിച്ചിട്ടുണ്ട്.
എങ്കിലും, ഈ സമീപനം സ്വീകരിച്ചവര്‍പോലും ഭൗതികചിന്താഗതി മുറുകെപ്പിടിക്കുകയും സ്വകാര്യസ്വത്തിന്‍റെ മൗലികസ്വഭാവത്തെ അംഗീകരിക്കാന്‍ വിമുഖത കാണിക്കുകയും ചെയ്തു. മനുഷ്യന്‍റെ ആത്മീയതയ്ക്ക് ഒരു സ്ഥാനവും കൊടുക്കാന്‍ ഇവര്‍ തയ്യാറല്ല. ആത്യന്തിക പരിശോധനയില്‍ മുതലാളിത്തവും സോഷ്യലിസവും സാമൂഹികപ്രശ്നങ്ങള്‍ രൂക്ഷതരമാക്കാന്‍ വളരെയേറെ സഹായിച്ചു.
അപകടകരമായ ചില വസ്തുതകള്‍ (NO .130135)
സോഷ്യലിസത്തിന്‍റെയും മുതലാളിത്തത്തിന്‍റെയും ഫലമായി സാമൂഹിക സാമ്പത്തിക ക്രമത്തിന്‍റെ ധാര്‍മ്മികാടിസ്ഥാനത്തിനു സംഭവിച്ച ക്ഷതം മാര്‍പാപ്പയെ വളരെയേറെ വേദനിപ്പിച്ചു. മനുഷ്യന്‍റെ നിത്യരക്ഷയുടെ പാത ഇവ മൂലം ദുര്‍ഘടമായിതീര്‍ന്നുവെന്ന അദ്ദേഹത്തിന്‍റെ വാദം അന്നും ഇന്നും പ്രസക്തമാണ്. ഇന്നു വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ڇസാമൂഹികപാപംڈ എന്ന സങ്കല്‍പം ഇവിടെ തെളിഞ്ഞുനില്‍പുണ്ട്. ഈ പദപ്രയോഗം ചാക്രികലേഖനം ഉപയോഗിക്കുന്നില്ല എന്നതു ശരിതന്നെ. സ്വാഭാവികമായും തിന്മയിലേക്കു ചാഞ്ഞിരിക്കുന്ന മനുഷ്യനെ തെറ്റായ പ്രത്യയശാസ്ത്രങ്ങളും കൂടുതല്‍ തെറ്റുചെയ്യാന്‍ ശക്തമായി പ്രേരിപ്പിക്കുന്നു. ഇതിന് ചാക്രികലേഖനം നല്‍കുന്ന ഉദാഹരണങ്ങള്‍:
ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (No .136-147)
സാമൂഹിക സാമ്പത്തികക്രമത്തിനു സംഭവിച്ച പാളിച്ചകള്‍ തിരുത്തി ആദര്‍ശസുന്ദരമായ വ്യവസ്ഥിതികള്‍ രൂപപ്പെടുത്തുകയെന്ന ഭാരിച്ച കടമ നിര്‍വ്വഹിക്കുന്നതില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ചാക്രികലേഖനം എടുത്തു പറയുന്നുണ്ട്.
അല്‍മായര്‍ക്കു നല്‍കേണ്ട പരിശീലനത്തിന്‍റെയും ലോകത്തില്‍ അവര്‍ക്കു നിര്‍വ്വഹിക്കാനുള്ള ദൗത്യത്തിന്‍റെയും ഗൗരവസ്വഭാവത്തെ സംബന്ധിച്ചുള്ള പഠനത്തിന് ഇന്നു പ്രസക്തിയേറിയിട്ടുണ്ട്. ആധുനിക മാര്‍പാപ്പമാരും വത്തിക്കാന്‍ സൂനഹദോസും ഈ വസ്തുതയിലേക്കു വിരല്‍ ചൂണ്ടുന്നു.
pius-xi Mar Joseph Pamplany the church catholic studies QUADRAGESIMO ANNO : Pius XI Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206