x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

സ്വകാര്യ സ്വത്തവകാശം

Authored by : Mar Joseph Pamplany On 29-Jan-2021

സ്വകാര്യസ്വത്തവകാശം ഒരു വിവാദ വിഷയമായിട്ട് ഒരു നൂറ്റാണ്ടിലധികമായി. ഒരു പരിധിവരെ, കഴിഞ്ഞ നൂറ്റാണ്ടിലെ സാമൂഹിക സാമ്പത്തിക ചിന്ത സ്വകാര്യ സ്വത്തിനെ കേന്ദ്രീകരിച്ചായിരുന്നു. മുതലാളിത്ത സാമ്പത്തിക ചിന്തകള്‍ സ്വത്തവകാശത്തെ പര്‍വ്വതീകരിച്ചു കാണിക്കുകയും ഉടമയ്ക്കു തന്‍റെ സ്വത്തിന്‍റെമേല്‍ സര്‍വ്വാധികാരമുണ്ടെന്നു വാദിക്കുകയും ചെയ്തു. സമ്പത്ത് ഇഷ്ടംപോലെ ഉപയോഗിക്കാനും നശിപ്പിക്കുവാനുമുള്ള അധികാരമായി ഉടമസ്ഥാവകാശത്തെ അവര്‍ വ്യാഖ്യാനിച്ചതിന്‍റെ ഫലമായി പൊതുനന്മയെന്ന അതിന്‍റെ ലക്ഷ്യത്തിനു കോട്ടം സംഭവിച്ചു. സമ്പത്തുള്ളവര്‍ തങ്ങളുടെ സമ്പത്തു ധൂര്‍ത്തടിക്കുവാനും ഇല്ലാത്തവര്‍ കൊടുംദാരിദ്ര്യത്തിലേക്ക് അധ:പതിക്കുവാനും ഇതു കാരണമായി.

സോഷ്യലിസ്റ്റുചിന്തകര്‍, പ്രത്യേകിച്ചു കാറല്‍ മാക്സും മറ്റും സ്വത്തവകാശത്തെ അംഗീകരിച്ചില്ല. ചൂഷണത്തിന്‍റെ ഫലമായിട്ടാണ് സ്വകാര്യസ്വത്ത് അഥവാ മൂലധനം രൂപീകരിക്കപ്പെടുകയെന്നതായിരുന്നു അവരുടെ വാദം. ഇന്നതു ചൂഷണത്തിന്‍റെ മാര്‍ഗ്ഗമായിത്തീര്‍ന്നിരിക്കുന്നു. അതുകൊണ്ടുതന്നെ സമ്പത്ത് ദേശസാല്‍ക്കരിക്കപ്പെടണമെന്ന് അവര്‍ വാദിച്ചു. ഈ തത്ത്വത്തിന്‍റെ പ്രയോഗമാണ് കമ്മ്യൂണിസ്റ്റു രാജ്യങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്നത്.

സഭ ഈ രണ്ടു സമീപനങ്ങളേയും നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. സ്വകാര്യ സ്വത്തവകാശത്തിന്‍റെ മൗലികവും അലംഘനീയവുമായ സ്വഭാവത്തെ കാത്തുപാലിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം സമ്പത്തിന്മേല്‍ സ്വത്തുടമയ്ക്ക് സര്‍വ്വാധികാരം കൊടുക്കുന്ന പ്രവണതയെ നിശിതമായി സഭ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. ഒരു പിന്തിരിപ്പിന്‍ ശക്തിയായി കമ്മ്യൂണിസവും ക്യാപ്പിറ്റലിസവും സഭയെ കണക്കാക്കിയിരുന്നതിന്‍റെ പുറകിലെ പ്രധാന കാരണമിതാണ്. ഈ സ്ഥിതി വിശേഷത്തിന് ഇന്നു മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസത്തിനു മേല്‍വിലാസമില്ലാതായി. ക്യാപ്പിറ്റലിസ്റ്റു സമൂഹങ്ങളിലാകട്ടെ സ്വത്തിന്‍റെ സാമൂഹികസ്വഭാവത്തിനു പ്രായോഗികതലത്തില്‍ അംഗീകാരം നല്‍കപ്പെട്ടും കഴിഞ്ഞു.

സ്വത്തവകാശത്തെ സംബന്ധിച്ച സഭയുടെ പഠനത്തിനു സാര്‍വ്വത്രികാംഗീകാരം ലഭിക്കാന്‍ തുടങ്ങിയിട്ടുള്ള ഈ അവസരത്തില്‍ അതിന്‍റെ ചരിത്രം, അടിസ്ഥാനസ്വഭാവം തുടങ്ങിയവയെക്കുറിച്ച് ചര്‍ച്ച ചെയ്യുക പ്രസക്തമാണ്. ഒരു മൗലികാവകാശമായിട്ടാണ് സ്വത്തവകാശത്തെ സഭ എന്നും വീക്ഷിച്ചിട്ടുള്ളത്. ചരിത്രം, വി. ഗ്രന്ഥം, സഭാപിതാക്കന്മാരുടെ പഠനം, യുക്തി എന്നിവയാണ് സഭ ഇതിന് അടിസ്ഥാനങ്ങളാക്കുക.

 സ്വത്തവകാശം ചരിത്രപരമായ സത്യം

സ്വകാര്യസ്വത്ത് എല്ലാ കാലഘട്ടങ്ങളിലും നിലവിലുണ്ടായിരുന്നു എന്ന് പുരാതനസമൂഹങ്ങളെ സംബന്ധിച്ചുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൃഷിയും മറ്റും തുടങ്ങുന്നതിനു മുന്‍പ്, വേട്ടയാടി ജീവിച്ചിരുന്നവര്‍ തങ്ങള്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ സ്വന്തമായി പരിഗണിച്ചിരുന്നു. പിന്നീട്, കൃഷി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കൃഷിഭൂമി അവര്‍ സ്വന്തമായി പരിഗണിച്ചു. വംശം, കുടുംബം മുതലായവയുടെ അധികാരവകാശങ്ങള്‍ക്കു കീഴിലായി ഓരോ ഭൂപ്രദേശവും നിശ്ചയിക്കപ്പെട്ടു. സ്വത്തവകാശ സങ്കല്‍പത്തിന്‍റെ ഈ സാര്‍വത്രികത സ്വകാര്യസ്വത്തിന്‍റെ സ്വാഭാവികതയ്ക്കു നല്ലൊരു തെളിവാണ്.

 സ്വത്തവകാശവും വി. ഗ്രന്ഥവും

"അന്യന്‍റെ വസ്തുക്കള്‍ മോഷ്ടിക്കരുത്" എന്ന വി. ഗ്രന്ഥ കല്‍പന സ്വകാര്യസ്വത്തവകാശത്തിന്‍റെ അംഗീകാരമാണ്. ദൈവദത്തമായ ഒരു അവകാശമായതുകൊണ്ടാണ് അത് അലംഘനീയമാണെന്ന് വി. ഗ്രന്ഥം അനുശാസിക്കുന്നത്. ഓരോ കുടുംബത്തിനും കൃഷിക്കാവശ്യമായ ഭൂമിയും വീട്ടുമൃഗങ്ങളും മറ്റും സ്വന്തമായിട്ടുണ്ടായിരിക്കണമെന്നായിരുന്നു പഴയനിയമത്തിന്‍റെ താത്പര്യം.

നിങ്ങള്‍ നിങ്ങളുടെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷങ്ങളുടെയും ചുവട്ടില്‍ സ്വസ്ഥമായി കഴിഞ്ഞുകൂടും. നിങ്ങളെ ആരും അസഹ്യപ്പെടുത്തുകയില്ല. എന്തെന്നാല്‍ സൈന്യങ്ങളുടെ കര്‍ത്താവ് ഇത് അരുള്‍ചെയ്തിരിക്കുന്നു (മിക്ക 4:4).

യഹൂദരുടെയിടയില്‍, ഓരോ കുടുംബത്തിനും തങ്ങള്‍ക്കവകാശപ്പെട്ട ഭൂമിയുടെ അതിരുകള്‍ കെട്ടിത്തിരിക്കാനും അവ മാറ്റമെന്യേ ഭദ്രമായി സൂക്ഷിക്കാനും വ്യവസ്ഥയുണ്ടായിരുന്നു (നിയമ.19:14; 27:17). കൃഷി ജീവിതരീതിയായി സ്വീകരിച്ച തങ്ങളുടെയിടയില്‍ ഭൂരഹിതരുണ്ടാകരുതെന്ന വ്യക്തമായ ഒരു തത്ത്വം തന്നെ ഇസ്രായേല്‍ ജനത സ്വീകരിച്ചിരുന്നു. എല്ലാവര്‍ക്കും തൊഴില്‍ ചെയ്തു ജീവിക്കാനാവശ്യമായ ഭൂമി സ്വന്തമായി ഉണ്ടാകണമെന്നത് ദൈവഹിതമായിട്ടാണ് അവര്‍ കണക്കാക്കിയത്. മനുഷ്യന്‍റെ വ്യക്തിത്വവും മാന്യതയും നിലനിര്‍ത്താന്‍ ആവശ്യമായ ഒരു കാര്യമായിട്ടാണ് വി. ഗ്രന്ഥം സ്വകാര്യസ്വത്തിനെ വീക്ഷിക്കുന്നത്. സമ്പത്തിന്‍റെ അഭാവം വ്യക്തിയെ പരാശ്രിതനാക്കി മാറ്റും. സ്വന്തമായി ജോലിചെയ്തു ജീവിതവൃത്തി കണ്ടെത്താനും മറ്റാരെയും ആശ്രയിക്കാതെ മാന്യമായി ജീവിക്കാനുമുള്ള വി. പൗലോസിന്‍റെ ആഹ്വാനത്തിന്‍റെ അന്തരാര്‍ത്ഥവും ഇതുതന്നെയാണ് (1 തെസ 4:11-12).

സ്വകാര്യ സ്വത്തുടമയെ സമ്പത്തിന്‍റെ മേലുള്ള കാര്യസ്ഥനായിട്ടാണ് (Steward) വി. ഗ്രന്ഥം ചിത്രീകരിക്കുക.

ഭൂമി എന്‍റേതാണ്. നിങ്ങള്‍ പരദേശികളും എന്‍റെ സ്ഥലത്തെ കുടികിടപ്പുകാരുമാണ് (ലേവ്യര്‍-25-23).

സ്വത്തുടമയ്ക്കു സ്വത്തിന്‍റെമേല്‍ നിരുപാധികമായ അധികാരവും അവകാശവും ബൈബിള്‍ അംഗീകരിക്കുന്നില്ലെന്ന് ഈ പ്രസ്താവന വ്യക്തമാക്കുന്നു. സ്രഷ്ടാവായ ദൈവത്തിന്‍റേതാണ് പ്രപഞ്ചവസ്തുക്കള്‍. അവ എല്ലാവര്‍ക്കും വേണ്ടിയാണ് നല്‍കപ്പെട്ടിട്ടുള്ളത്. സ്വകാര്യസ്വത്തിന്‍റെ സാമൂഹികമാനമാണ് ഇതു വ്യക്തമാക്കുക.

സ്വകാര്യസ്വത്തിന്‍റെ ഈ സാമൂഹിക സ്വഭാവത്തിന്, വി. ഗ്രന്ഥം പ്രത്യേകം ഊന്നല്‍ നല്‍കുന്നുണ്ട്. എല്ലാവര്‍ക്കും സ്വന്തമായ സ്വത്തുണ്ടായിരിക്കണമെന്ന അനുശാസനം ഇതിനൊരു തെളിവാണ്. കുടുംബസ്വത്ത്, യാതൊരു കാരണവശാലും നഷ്ടപ്പെടരുത് എന്ന ചിന്ത ബൈബിളില്‍  പ്രബലമാണ്. തന്മൂലം ഭൂമിയുടെ വില്‍പനയുടെ സാധുത ജൂബിലി വര്‍ഷംവരെയാക്കി നിശ്ചയിക്കുകയും ജൂബിലി വര്‍ഷത്തില്‍ സ്ഥലം ഉടമസ്ഥനു തിരികെ  ലഭിക്കാനും കടം ഇളവു ചെയ്യപ്പെടാനും വ്യവസ്ഥയുണ്ട് (ലേവ്യ. 25:23-28;47-55). ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനതയുടെയിടയില്‍ സമ്പത്ത് കുറച്ചുപേരുടെ കയ്യില്‍ മാത്രം കേന്ദ്രീകരിക്കുന്നതിനെതിരേ പ്രവാചകന്മാര്‍ നടത്തിയ വിമര്‍ശനങ്ങള്‍ ശ്രദ്ധേയങ്ങളാണ്.

മറ്റാര്‍ക്കും വസിക്കാന്‍ ഇടം കിട്ടാത്തവിധം വീടോടു വീടുചേര്‍ത്ത്, വയലോടു വയല്‍ ചേര്‍ത്ത് അതിന്‍റെ മധ്യത്തില്‍ തനിച്ചു വസിക്കുന്നവര്‍ക്കു ദുരിതം. സൈന്യങ്ങളുടെ കര്‍ത്താവ് ശപഥം ചെയ്യുന്നതു ഞാന്‍ കേട്ടു. അനേകം മന്ദിരങ്ങള്‍ നിര്‍ജ്ജനമാകും. മനോഹരമായ മാളികകള്‍ വസിക്കാന്‍ ആളില്ലാതെ ശൂന്യമായി കിടക്കും (ഏശയ്യ 5:8-9).

മറ്റുള്ളവരെക്കുറിച്ചുള്ള പരിഗണന കൂടാതെ ആവശ്യത്തിലധികം സമ്പത്ത് സമാഹരിക്കുന്നതിലെ അധാര്‍മ്മികതയാണ് പ്രവാചകന്‍ ഇവിടെ വ്യക്തമാക്കുന്നത്. സമ്പത്ത് ദൈവത്തിന്‍റേതാണെന്നും അതു ദൈവമക്കളായ എല്ലാവരുടെയും ആവശ്യത്തിനു ഉപയുക്തമാകത്തക്കവിധത്തില്‍ വിഭജിക്കപ്പെടേണ്ടതാണെന്നുമുള്ള വി. ഗ്രന്ഥപഠനം സ്വകാര്യ സ്വത്തുടമയുടെ സാമൂഹിക കടപ്പാടിനെ വ്യക്തമാക്കുന്നു. വിളവെടുക്കുമ്പോള്‍ വഴിയാത്രക്കാര്‍, ദരിദ്രര്‍, അനാഥര്‍, വിധവകള്‍ എന്നിവര്‍ക്കായി കുറേ ഉത്പന്നങ്ങള്‍ മാറ്റിവയ്ക്കണമെന്ന നിര്‍ദ്ദേശം ഈ സാമൂഹിക കടപ്പാടിന്‍റെ വിശദീകരണമാണ് (ലേവ്യ. 19:9-10; 23:22; നിയമ. 24:19-21; 23:25-26; പുറപ്പാട് 22:22). ഈ സാമൂഹികോത്തരവാദിത്വം നിര്‍വ്വഹിക്കാത്തവര്‍ക്കെതിരേ പ്രവാചകന്‍ ശബ്ദമുയര്‍ത്തിയിരുന്നു.

കിടക്കയില്‍വച്ച് തിന്മ നിരൂപിക്കുകയും ദുരുപായങ്ങള്‍ ആലോചിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം! കയ്യൂക്കുള്ളതിനാല്‍, പുലരുമ്പോള്‍ അവരതു ചെയ്യുന്നു. അവര്‍ വയലുകള്‍ മോഹിക്കുന്നു; അവ പിടിച്ചടക്കുന്നു. വീടുകള്‍ മോഹിക്കുന്നു; അവ സ്വന്തമാക്കുന്നു. വീട്ടുടമസ്ഥനെയും അവന്‍റെ കുടുംബത്തെയും മനുഷ്യരെയും അവന്‍റെ അവകാശത്തെയും അവര്‍ പീഡിപ്പിക്കുന്നു. അതിനാല്‍ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈ ഭവനത്തിനെതിരേ ഞാന്‍ അനര്‍ത്ഥങ്ങള്‍ ഒരുക്കിയിരിക്കുന്നു(മിക്ക2:2-3; ജെറ. 22:13;34:8-22; ആമോ 2:8; ഏശ.3:15).

സ്വകാര്യസ്വത്തിന്‍റെ ഈ സാമൂഹികമാനത്തിന് ആദിമസഭയില്‍ വലിയ പ്രാധാന്യമുണ്ടായിരുന്നു. ജെറുസലെമിലെ വിശ്വാസികള്‍ തങ്ങളുടെ സമ്പത്തെല്ലാം പൊതുവായി കണക്കാക്കി, എല്ലാം പങ്കുവച്ച് ജീവിക്കാന്‍ തുടങ്ങിയത് അതുകൊണ്ടാണ്. ആദ്ധ്യാത്മിക തലത്തില്‍ വലിയ ഔന്നത്യം നേടിയ വിശ്വാസികളുടെ ചെറിയൊരു സമൂഹമാണ് ഇപ്രകാരം ചെയ്തത്. സ്വകാര്യസ്വത്തവകാശത്തിന്‍റെ തിരസ്ക്കരണമായി ഇതിനെ ചിത്രീകരിക്കുന്നതു ശരിയല്ല. മറിച്ച്, അതിന്‍റെ സാമൂഹികമാനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കപ്പെട്ടു എന്നു മാത്രം.

 II. സഭാപിതാക്കന്മാരുടെ പഠനം

സ്വത്തിന്‍റെ മൗലിക സ്വഭാവത്തെക്കാള്‍ അതിന്‍റെ സാമൂഹികവശത്തിനാണ് സഭാപിതാക്കന്മാര്‍ പ്രധാന്യം നല്‍കിയത്. അവരുടെ വീക്ഷണത്തില്‍ സമ്പത്തിനെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യം പൊതു ഉടമസ്ഥാവകാശമായിരുന്നു. പക്ഷേ, മനുഷ്യന്‍റെ പതനത്തോടെ ഈ ലക്ഷ്യം ലംഘിക്കപ്പെട്ടു. തന്‍റെ പതനത്തോടെ മനുഷ്യന്‍ സ്വാര്‍ത്ഥനായതിനാല്‍ സ്വകാര്യസ്വത്ത് അനിവാര്യമായിത്തീര്‍ന്നു. വി. അഗസ്തീനോസിന്‍റെ വീക്ഷണത്തില്‍, സ്വകാര്യസ്വത്ത് അധ:പതിച്ച മനുഷ്യവര്‍ഗ്ഗത്തിനിടയില്‍ ക്രമവല്‍ക്കരണത്തിനുള്ള ഒരുപാധിയാണ്.

സഭാപിതാക്കന്മാരുടെ കാഴ്ചപ്പാടില്‍ സ്വത്തുടമ സമ്പത്തിന്‍റെ കാര്യസ്ഥന്‍ മാത്രമാണ്. ആവശ്യക്കാരെ സഹായിക്കുക എന്നത് കടംവീട്ടലാണെന്ന് അവര്‍ പഠിപ്പിക്കുന്നു. സ്വത്ത് പങ്കുവയ്ക്കുന്നതിന്‍റെ പൊതുസ്വഭാവത്തെക്കുറിച്ചുള്ള സഭാപിതാക്കന്മാരുടെ പഠനങ്ങളില്‍ ചിലത് താഴെ കൊടുക്കുന്നു (Canadian Religious Conference, Attentive to the cry of the Needy, Donum Dei Series, Ottawa,1973,pp.2740).

എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ് ഭൂമി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ധനവാന്‍ പ്രകൃതിക്ക് അപരിചിതനാണ്. പ്രകൃതി എല്ലാവര്‍ക്കും ജന്മം നല്‍കിയത് നിര്‍ദ്ധനാവസ്ഥയിലാണ്. സ്വര്‍ണ്ണമോ വെള്ളിയോ സ്വന്തമില്ലാതെ നഗ്നരായി നാം ജനിച്ചു. ഈ നിര്‍ദ്ധനാവസ്ഥയില്‍ തന്നെയാണ് പ്രപഞ്ചത്തിന്‍റെ ആദ്യകിരണം നാം ദര്‍ശിച്ചതും. താന്‍ ജന്മം നല്‍കിയവയെ അതേ അവസ്ഥയില്‍ത്തന്നെ പ്രകൃതി തിരിച്ചുവിളിക്കുന്നു. എല്ലാ മനുഷ്യരേയും ഒരേ അവസ്ഥയില്‍ സൃഷ്ടിച്ച പ്രകൃതി എല്ലാവരേയും ഒരു കല്ലറയ്ക്കുള്ളില്‍ അടക്കുന്നു. ഉടമസ്ഥാവകാശത്തിന്‍റെ പരിധികളെ ഉന്മൂലനം ചെയ്യാന്‍ പ്രകൃതിക്കു സാധിക്കില്ല (വി. അംബ്രോസ്).

വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെക്കാള്‍ നാം ക്രൂരരാവരുത്. മൃഗങ്ങള്‍ അവയ്ക്കുള്ളവയെല്ലാം - ഭൂമി, അരുവികള്‍, പുല്‍ത്തകിടികള്‍, കുന്നുകള്‍, മരത്തോപ്പുകള്‍ മുതലായവയെല്ലാം - പൊതുവായി അനുഭവിക്കുന്നു. ഏതെങ്കിലും ഒരു മൃഗത്തിന് മറ്റൊന്നിനെ അപേക്ഷിച്ച് അധികമായി യാതൊന്നുമില്ല (വി. ജോണ്‍ ക്രിസോസ്തോം).

ആവശ്യക്കാരനില്‍ നിന്ന് മുഖം തിരിക്കരുത്. നിനക്കുള്ളത് നിന്‍റെ സഹോദരനുമായി പങ്കുവയ്ക്കുക. ഇത് എന്‍റെ സ്വന്തം ധനമാണ് എന്ന് നീ പറയരുത്. നിങ്ങള്‍ അനശ്വരമായവയുടെ പങ്കുകാരാണെങ്കില്‍, നശ്വരമായവ എത്രയധികമായി പങ്കുവയ്ക്കേണ്ടിയിരിക്കുന്നു (The Dideche").

ഇതേ ആശയം വി. ക്രിസോസ്റ്റം കൂടുതല്‍ വ്യക്തമാക്കുന്നു:

എനിക്ക് സ്വന്തമായുള്ളത് ചെലവഴിച്ച് ഞാന്‍ സുഖമായി കഴിയുന്നു എന്നു നീ പറയരുത്. കാരണം അവ നിന്‍റെ സ്വന്തമല്ല. അവ നിനക്കും നിന്‍റെ സഹപ്രവര്‍ത്തകര്‍ക്കും പൊതുവായുള്ളവയാണ്. ഭൂമി, സൂര്യന്‍ തുടങ്ങിയവയെല്ലാം പൊതുവായിരിക്കുന്നതു പോലെതന്നെ (പ്രസംഗം10:3).

ധനികര്‍ ധര്‍മ്മം കൊടുക്കുമ്പോള്‍, കടം വീട്ടുകയാണു ചെയ്യുന്നതെന്ന് വി. അംബ്രോസ് പറയുന്നു. യഥാര്‍ത്ഥ നീതി അനുസരിച്ച് അതു ദരിദ്രന് അര്‍ഹതപ്പെട്ടതാണ്.

നീ ദരിദ്രന് ധര്‍മ്മം കൊടുക്കുമ്പോള്‍, നിന്‍റെ സമ്പാദ്യത്തില്‍ നിന്നെടുത്തു കൊടുക്കുകയല്ല മറിച്ച് അവന്‍റെ അവകാശം പുനര്‍സ്ഥാപിക്കുകമാത്രമാണ് ചെയ്യുന്നത്. കാരണം എല്ലാവര്‍ക്കുമായി നല്‍കപ്പെട്ടവ നിന്‍റെ ഉപയോഗത്തിന് മാത്രമായി നീ കൈവശപ്പെടുത്തി. ഭൂമി സമ്പന്നന്‍റെ കുത്തകയല്ല. അത് എല്ലാവരുടേതുമാണ്. അതുകൊണ്ട് ധാരാളമായി കൊടുക്കുന്നതിലൂടെ നിന്‍റെ കടത്തിന്‍റെ ഒരു ഭാഗം വീട്ടുക മാത്രമാണ് ചെയ്യുന്നത്.

തന്‍റെ സമ്പത്ത് ദരിദ്രനുമായി പങ്കുവയ്ക്കാത്ത ധനവാനെ ഒരു കള്ളനോടാണ് മഹാനായ വി. ബേസില്‍ ഉപമിക്കുന്നത്.

ഒരുവന്‍റെ വസ്ത്രം കൈവശപ്പെടുത്തുന്നവന്‍ കള്ളനെന്നു വിളിക്കപ്പെടുന്നു. സാധിക്കുമായിരുന്നിട്ടും നഗ്നരെ ഉടുപ്പിക്കുവാന്‍ തുനിയാത്തവന് ഇതിനെക്കാളും യോജിച്ച മറ്റൊരു പേരുണ്ടോ? നിങ്ങളുടെ അറപ്പുരകളില്‍ സമാഹരിച്ചിരിക്കുന്നത് ദരിദ്രന്‍റെ അന്നന്നപ്പമാണ്. നിങ്ങളുടെ അലമാരകളില്‍ കുന്നുകൂടിയിരിക്കുന്ന വസ്ത്രങ്ങള്‍ ഉടുതുണിയില്ലാത്തവരുടേതാണ്. നിങ്ങളുടെ വീട്ടില്‍ പൊടി പിടിച്ചുകിടക്കുന്ന പാദരക്ഷകള്‍ നഗ്നപാദകരുടേതാണ്. നിങ്ങള്‍ പൂഴ്ത്തിവച്ചിരിക്കുന്ന പണം ദാരിദ്ര്യത്തിനിരയായവരുടേതാണ്. അങ്ങനെ നിങ്ങളുടെ സമ്പത്തുകൊണ്ട് ആരെയൊക്കെ രക്ഷിക്കാമായിരുന്നോ അവരെയെല്ലാം നിങ്ങള്‍ അടിച്ചമര്‍ത്തുകയായിരുന്നു.

അനാവശ്യമായ ധനസമ്പാദനം അക്ഷന്തവ്യമായ തെറ്റാണെന്നാണ് വി. ബേസില്‍ സമര്‍ത്ഥിക്കുന്നത്.

തിയേറ്ററിലിരുന്ന്, മറ്റുള്ളവര്‍ പ്രവേശിക്കുന്നത് തടയുകയും അവര്‍ക്കും കാണുവാനവകാശമുള്ള പ്രദര്‍ശനം താന്‍ മാത്രം കണ്ടാനന്ദിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന സ്വാര്‍ത്ഥനെപ്പോലെയാണ് നീ! ആദ്യമേ കൈവശമാക്കാന്‍ അവസരം ലഭിച്ചു എന്നതുകൊണ്ടു മാത്രം, പൊതുവായിരിക്കേണ്ട സ്വത്ത് സ്വന്തമായി നീ കരുതുന്നു. ഓരോരുത്തനും  ആവശ്യത്തിനു മാത്രമുപയോഗിച്ച് മിച്ചമുള്ള ധനം ദരിദ്രര്‍ക്കായി നീക്കിവച്ചിരുന്നെങ്കില്‍ ദാരിദ്ര്യവും മുതലാളിത്തവും തുടച്ചുനീക്കാമായിരുന്നു.

പറയൂ, എന്താണ് നിങ്ങള്‍ക്ക് അവകാശമായിട്ടുള്ളത്. നിന്‍റേതാക്കിവച്ചിരിക്കുന്ന ഇവയെല്ലാം നിനക്ക് എവിടെനിന്നു ലഭിച്ചു?... സ്വഭാവികമായി ലഭിച്ചു എന്നു പറഞ്ഞാല്‍ ദാതാവായ ദൈവത്തെ അംഗീകരിക്കാത്തവനും അവിടുത്തോടു നന്ദിയില്ലാത്തവനുമായ ക്രൂരനായിത്തീരുന്നു നീ. എന്നാല്‍ ഇവ ദൈവത്തില്‍നിന്നു ലഭിച്ചു എന്നാണു നീ പറയുന്നതെങ്കില്‍, പിന്നെ എന്തുകൊണ്ട് നീ ഇവ നിന്‍റേതുമാത്രമാക്കി വയ്ക്കുന്നു? (മഹാനായ വി. ബേസില്‍).

 III. വി. തോമസ് അക്വിനാസിന്‍റെ ദര്‍ശനം

സ്വകാര്യസ്വത്തു സംബന്ധിച്ച സഭയുടെ പഠനത്തെ വി. തോമസ് അക്വിനാസിന്‍റെ  ചിന്ത വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. സ്വത്തവകാശത്തെ രണ്ടുതരമായി അദ്ദേഹം വിഭജിച്ചിരിക്കുന്നു. 1) പ്രപഞ്ചവസ്തുക്കള്‍ ഉപയോഗിക്കാനുള്ള അവകാശം 2) സമ്പത്തു സ്വന്തമായി സൂക്ഷിക്കുവാനുള്ള അവകാശം.

  1. വസ്തുക്കള്‍ ഉപയോഗിക്കാനുള്ള അവകാശം: സൃഷ്ടപ്രപഞ്ചം ആത്യന്തിക പരിശോധനയില്‍ ഓരോ മനുഷ്യനും വേണ്ടിയാണെന്ന ചിന്തയാണ് ഇതിനടിസ്ഥാനം. പ്രപഞ്ചത്തിന്‍റെ കേന്ദ്രബിന്ദുവായി സൃഷ്ടിക്കപ്പെട്ട മനുഷ്യന് ദൈവദത്തമായ അവകാശമാണ്, മനുഷ്യോചിതമായി ജീവിക്കാനാവശ്യമായ വസ്തുതകള്‍ ലഭിയ്ക്കുകയെന്നത്. ഇതിനു മൗലികവും അലംഘനീയവുമായ ഒരു സ്വഭാവമുണ്ട്. സ്വാഭാവിക നിയമത്തിന്‍റെ ഉന്നതമായ തലത്തിലാണ് ഈ അവകാശത്തെ വി. തോമസ് അക്വിനാസ് പ്രതിഷ്ഠിക്കുക. ഇതിനര്‍ത്ഥം, സ്വന്തം കുറ്റത്താലല്ലാതെ ജീവിതവൃത്തിക്കാവശ്യമായവ ഒരുവന് ലഭിക്കാത്ത അവസ്ഥ സ്വാഭാവികനിയമത്തിന്‍റെ ലംഘനമാകും; ദൈവഹിതലംഘനമെന്ന നിലയില്‍ ഇതൊരു പാപാവസ്ഥയാണെന്നതില്‍ സംശയമില്ല.                                                                    
  2. പ്രപഞ്ചവസ്തുക്കള്‍ സ്വന്തമാക്കാനുള്ള അവകാശം: പ്രപഞ്ചവസ്തുക്കള്‍ ആവശ്യാനുസരണം ഉപയോഗിക്കാനുള്ള വ്യക്തിയുടെ ദൈവദത്തമായ അവകാശത്തില്‍ നിന്ന് ഉരുത്തിരിയുന്നതാണ് സമ്പത്തു സ്വന്തമായി സൂക്ഷിക്കാനുള്ള അവകാശം. ഇതും സ്വാഭാവിക നിയമത്തിന്‍റെ പരിധിയില്‍പ്പെടാമെങ്കിലും ഇതിന്‍റെ സ്വാഭാവികതയും അലംഘനീയതയും വസ്തുക്കള്‍ ആവശ്യത്തിനു ലഭിക്കാനുള്ള അവകാശത്തോളം ശക്തമല്ല. സ്വാഭാവികനിയമത്തിന്‍റെ അധോമണ്ഡലത്തിലാണ് വി. തോമസ് അക്വീനാസ് ഇതിനു സ്ഥാനം നല്‍കുന്നത്. അതായത്, സ്വന്തമായി സ്വത്ത് ഇല്ലാത്ത അവസ്ഥ സ്വാഭാവിക നിയമത്തിന്‍റെ നിഷേധമാകുകയില്ലെന്നര്‍ത്ഥം. കൂടുതല്‍ വിശദമായി പറഞ്ഞാല്‍ എല്ലാവര്‍ക്കും മാന്യമായി ജീവിക്കാനനിവാര്യമായ പ്രകൃതി വസ്തുക്കള്‍ ലഭിക്കാനുള്ള മനുഷ്യന്‍റെ പ്രഥമവും സാര്‍വ്വത്രികവുമായ അവകാശം സംരക്ഷിക്കപ്പെടുന്നതിന്‍റെ തോതനുസരിച്ചാണ് ഓരോ വ്യക്തിയുടേയും സ്വത്തിന്‍റെ സ്വാഭാവികത നിശ്ചയിക്കുക.

സ്വാഭാവിക നിയമത്തിന്‍റെ ഏറ്റവും താഴ്ന്ന തലത്തിലാണ് സമ്പത്തിന്‍റെ നിലവിലുള്ള വിഭജനം. ചില സാഹചര്യങ്ങളില്‍ ഇതു സ്വാഭാവികനീതിയെ ലംഘിച്ചുവെന്നുവരും. അതുകൊണ്ടുതന്നെയാണ് സമ്പത്തു നീതിപൂര്‍വ്വം പുനര്‍വിഭജനം ചെയ്യാന്‍ ഗവണ്‍മെന്‍റുകള്‍ക്ക് അവകാശവും കടമയുമുണ്ടെന്നു പറയുക.

സ്വകാര്യസ്വത്തവകാശത്തിന്‍റെ സ്വാഭാവികത തെളിയിക്കാന്‍ താഴെപ്പറയുന്ന വാദഗതികളാണ് വി. തോമസ് അക്വിനാസ് നല്‍കുക.

1. സ്വന്തമായി സ്വത്തുണ്ടാകുമ്പോള്‍ വ്യക്തികള്‍ക്ക് തനതായി അനുഭവപ്പെടുന്ന സന്തോഷവും സംതൃപ്തിയും സ്വകാര്യ സ്വത്തവകാശം ഉണ്ടെന്നതിന്‍റെ തെളിവാണ്. സ്വന്തമായി വസ്തുവകകള്‍ സമാഹരിക്കാനുള്ള മനുഷ്യന്‍റെ അദമ്യമായ അഭിവാഞ്ഛയും ഈ വസ്തുത വ്യക്തമാക്കുന്നു. ഇവ ക്രമീകൃതവും മനുഷ്യസ്വഭാവത്തിനു ചേര്‍ന്നതുമായിട്ടാണ് അക്വിനാസ് വിശദീകരിക്കുന്നത്.

2. സ്വന്തം കഴിവുകളെ വളര്‍ത്താനും വ്യക്തിത്വം വികസിപ്പിക്കാനും എല്ലാ വ്യക്തികള്‍ക്കും അവകാശവും കടമയുമുണ്ട്. സ്വാഭാവികമാണ് ഈ അവകാശവും കടമയും. അതു സ്വാഭാവികമായിരിക്കുന്നതുപോലെ അതിന്‍റെ നിര്‍വ്വഹണത്തിനാവശ്യമായ വസ്തുക്കള്‍ ലഭിക്കുവാനുള്ള അവന്‍റെ അവകാശവും സ്വാഭാവികമാണ്. സ്വന്തമായി അവ സൂക്ഷിക്കുക എന്നതാണ് ഇതിനുള്ള ഏകമാര്‍ഗ്ഗം. വ്യക്തിപരമായി വളരാനുള്ള അവകാശവും കടമയും നിര്‍വ്വഹിക്കുന്നതിന് സമൂഹത്തെ മാത്രം ആശ്രയിക്കുന്നത് വിഡ്ഢിത്തമാണ്.

3. ഭാവിയെ ഓര്‍ത്ത് ആകുലനാകുകയെന്നതും അതിനുവേണ്ടി സ്വരൂക്കൂട്ടുകയെന്നതും മനുഷ്യന്‍റെ മാത്രം സവിശേഷതയാണ്. വര്‍ത്തമാനകാലത്തെ ഭാവിയുമായി ബന്ധിപ്പിച്ചു ചിന്തിക്കുക എന്നര്‍ത്ഥം മനുഷ്യനു ഭാവിക്കാവശ്യമായവ സംഭരിക്കാനുള്ള അവകാശം അങ്ങനെ സ്വാഭാവികമായിത്തീരുന്നു.

4. തന്‍റെ മക്കളുടെ വളര്‍ച്ചയ്ക്കും ഭാവിസുരക്ഷിതത്വത്തിനും ആവശ്യമായവ സമാഹരിയ്ക്കുകയെന്നത് ഒരു പിതാവിന്‍റെ ദൈവദത്തമായ കടമയാണ്. ഈ രംഗത്ത് വ്യക്തിയെ സഹായിക്കാന്‍ സമൂഹത്തിനു സാധിക്കുമെങ്കിലും പ്രഥമവും പ്രധാനവുമായ കടമ പിതാവിന്‍റേതാണെന്നതു നിസ്തര്‍ക്കാമാണ്. ഈ സവിശേഷത സ്വകാര്യസ്വത്തവകാശത്തിനു സ്വാഭാവികതയുടേതായ ഒരു മാനം നല്‍കുന്നു. കൂടാതെ, തൊഴില്‍ ചെയ്യുന്നതിനും സമ്പത്തു കാത്തുസൂക്ഷിക്കുന്നതിനും സാമൂഹിക സാമ്പത്തികജീവിതത്തില്‍ ആവശ്യമായ ക്രമവും ചിട്ടയും ഉറപ്പുവരുത്തുന്നതിനും സ്വകാര്യസ്വത്തിന്‍റെ അംഗീകാരം ഉപകരിക്കും. ഇവയെല്ലാം സ്വകാര്യസ്വത്തവകാശത്തിനു സാധുതയേകുന്നു.

IV. മാര്‍പാപ്പമാരുടെ പഠനം

സ്വത്തവകാശത്തെ സംബന്ധിച്ച, തോമസ് അക്വീനാസിന്‍റെ ചിന്താധാര, ആധുനിക മാര്‍പാപ്പമാരുടെ പഠനങ്ങളേയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. സ്വകാര്യസ്വത്തിന്‍റെ മൗലികതയും സാമൂഹികതയും സ്ഥാപിക്കാനുള്ള ശ്രമം ശക്തമായ രീതിയില്‍ അവര്‍ നടത്തുന്നുണ്ട്. സ്വകാര്യസ്വത്തവകാശത്തെ തള്ളിപ്പറയുന്ന മാര്‍ക്സിയന്‍ സമീപനം നിശിതമായി വിമര്‍ശിക്കപ്പെടുന്നു. സ്വകാര്യസ്വത്തവകാശലംഘനം എല്ലാ സ്വാതന്ത്ര്യങ്ങളുടേയും ലംഘനത്തിനു നാന്ദിയാണ് എന്ന മാര്‍പാപ്പമാരുടെ പ്രസ്താവന ശരിയാണെന്ന് കമ്മ്യൂണിസ്റ്റു രാജ്യങ്ങളുടെ കഴിഞ്ഞകാല ചരിത്രം തെളിയിച്ചിരിക്കുന്നു. എല്ലാ കമ്മ്യൂണിസ്റ്റു രാജ്യങ്ങളുംതന്നെ നിഷേധിക്കപ്പെട്ട സ്വകാര്യസ്വത്തവകാശം പുനര്‍സ്ഥാപിക്കാനുള്ള തിരക്കിലാണിപ്പോള്‍. പ്രകൃതിവസ്തുക്കളെ അവശ്യാനുസരണം വിനിയോഗിക്കാനുള്ള അവകാശം ദൈവദത്തവും സാര്‍വ്വത്രികവുമാണെന്ന് അവര്‍ പഠിപ്പിക്കുന്നു. റേരും നൊവാരുമിന്‍റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തില്‍ പന്ത്രണ്ടാം പീയൂസ് പാപ്പാ ഇതിനെ പ്രഥമവും സാര്‍വ്വത്രികവുമായ അവകാശമായി വിശേഷിപ്പിക്കുന്നു.

ബുദ്ധിശക്തിയുള്ള ഒരു ജീവിയെന്ന നിലയ്ക്ക് ഓരോ മനുഷ്യനും അവശ്യാനുസൃതം ഭൗതികവസ്തുക്കള്‍ ഉപയോഗിക്കാനുള്ള മൗലികമായ അവകാശം പ്രകൃതിയില്‍നിന്ന് ലഭിച്ചിട്ടുണ്ട്. എങ്കിലും ഈ അവകാശം സാക്ഷാല്‍കൃതമാകുന്നത് ഉചിതമായ സാമ്പത്തികാസൂത്രണത്തിലൂടെയും നിയമനിര്‍മ്മാണത്തിലൂടെയുമാണ്. ഈ വ്യക്തിപരമായ അവകാശം ഒരു സാഹചര്യത്തിലും നിഷേധിക്കപ്പെടാന്‍ പാടില്ല (PiusXII, 1941, Whiesum Message . cf. Jean Y Calvez, The Church and Social Justice,p.194).

പ്രപഞ്ചവസ്തുക്കള്‍ ആവശ്യാനുസരണം ഉപയോഗിക്കാനുള്ള മനുഷ്യവ്യക്തിയുടെ അലംഘനീയവും ദൈവദത്തവുമായ ഈ അവകാശത്തെ രണ്ടാം വത്തിക്കാന്‍ സൂനഹദോസും ഊന്നല്‍ നല്‍കി പഠിപ്പിക്കുന്നുണ്ട്.

ഭൂമിയും അതിലെ സകല വിഭവങ്ങളും എല്ലാ മനുഷ്യരുടെയും ജനപദങ്ങളുടെയും ഉപയോഗത്തിനുവേണ്ടിയായിരിക്കണമെന്നു ദൈവം നിശ്ചയിച്ചു. അതിനാല്‍ എല്ലാ മനുഷ്യരും നീതിയോടും സാഹോദര്യത്തോടും കൂടി പ്രവര്‍ത്തിക്കുമെങ്കില്‍ സൃഷ്ടിക്കപ്പെട്ടവസ്തുക്കള്‍ ഏവര്‍ക്കും ന്യായമായ തോതില്‍ ലഭിക്കാനിടയാകും. മാറിക്കൊണ്ടിരിക്കുന്ന പരിത:സ്ഥിതികളും സ്ഥലത്തെ ന്യായമായ നടപ്പുമനുസരിച്ച് ഉടമസ്ഥാവകാശത്തിനു പല രൂപഭാവങ്ങളുമുണ്ടാകുമെന്നതു ശരിതന്നെ. പക്ഷേ, ഭൗമികവസ്തുക്കളുടെ സാര്‍വ്വത്രികമായ ഉദ്ദേശ്യം എപ്പോഴും പരിഗണിക്കണം. അതുകൊണ്ട് ഉപയോഗത്തിന്‍റെ കാര്യത്തില്‍ ഈ വസ്തുക്കളെ ന്യായമായി കൈവശംവച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്‍ അവയെ തന്‍റേതായി മാത്രം കണക്കാക്കാതെ പൊതുസ്വത്തായികൂടി കരുതണം. തനിക്കു മാത്രമല്ല മറ്റുള്ളവര്‍ക്കും അതുകൊണ്ട് പ്രയോജനമുണ്ടാകാന്‍ ഇടവരണം. ഇതിനുംപുറമേ തനിക്കും തന്‍റെ കുടുംബത്തിനും ആവശ്യത്തിനു മതിയാകുന്നത്ര വസ്തുക്കള്‍ സ്വന്തമാക്കാന്‍ ഓരോരുത്തനും അവകാശമുണ്ട് (സഭ ആധുനികലോകത്തില്‍ (No .69).

സ്വത്തുടമ ദൈവനിശ്ചയമനുസരിച്ച് സമ്പത്തിന്‍റെ കാര്യസ്ഥന്‍ മാത്രമാണെന്ന പഠനത്തെ ലെയോ മാര്‍പാപ്പ ആവര്‍ത്തിച്ചുറപ്പിക്കുന്നു.  

ദൈവത്തിന്‍റെ ഔദാര്യത്താല്‍ ബാഹ്യമോ, ശാരീരികമോ ബൗദ്ധികമോ ആയ അനുഗ്രഹങ്ങള്‍ സുലഭമായി ലഭിച്ചിട്ടുള്ളവര്‍ അവ സ്വന്തം പ്രകൃതിയുടെ പൂര്‍ണ്ണതയ്ക്കുവേണ്ടി ഉപയോഗിക്കാനും, അതേ സമയം ദൈവപരിപാലനയുടെ  ശുശ്രൂഷകരെന്ന നിലയില്‍ മറ്റുള്ളവരുടെ നന്മയ്ക്കായി ഉപയോഗിക്കാനും കടപ്പെട്ടിരിക്കുന്നു (റേരും നൊവരും  No .19).

ദരിദ്രരെ സഹായിക്കാനുള്ള സമ്പന്നന്‍റെ കടമയെ ഔദാര്യമായി കാണുന്ന പ്രവണത സഭയില്‍ നിലനിന്നിരുന്നു. എന്നാല്‍ അടുത്ത കാലത്ത് ഈ മനോഭാവത്തെ സഭ നിശിതമായി ചോദ്യം ചെയ്യുന്നുണ്ട്. സഭാപിതാക്കന്മാരുടെ പഠനത്തെ അടിസ്ഥാനമാക്കി വത്തിക്കാന്‍ സൂനഹേദോസ് നല്കുന്ന സന്ദേശം ശക്തമാണ്.

സാധുക്കളെ സഹായിക്കാന്‍ മനുഷ്യര്‍ക്ക് കടമയുണ്ട്. മിച്ചമുള്ളവയില്‍നിന്ന് ദാനം ചെയ്യുന്നതുകൊണ്ടുമാത്രം മതിയാകുക യില്ല. അങ്ങേയറ്റം അവശ്യസ്ഥിതിയിലാകുന്നവന് മറ്റുള്ളവരുടെ സ്വത്തില്‍നിന്ന് തനിക്കാവശ്യമുള്ളത് എടുക്കാന്‍ അവകാശമുണ്ട്. ദാരിദ്ര്യത്തിന്‍റെ കൊടുംയാതനകള്‍ സഹിക്കുന്ന അനേകം പേര്‍ ഇന്നു ലോകത്തിലുണ്ട്. അതുകൊണ്ട്, പരിശുദ്ധ സൂനഹദോസു വ്യക്തികളോടും ഭരണാധികാരികളോടും ആവശ്യപ്പെടുകയാണ്. സഭാ പിതാക്കന്മാരുടെ ഈ പ്രസ്താവനയെ അനുസ്മരിക്കാന്‍: "വിശന്നു മരിക്കാറായ മനുഷ്യനു നീ ഭക്ഷണം കൊടുക്കുക. അങ്ങനെ ചെയ്യാതിരുന്നാല്‍ നീ അവനെ കൊല്ലുകയാണു ചെയ്യുന്നത്" (സഭ ആധുനികലോകത്തില്‍  No .69).

സ്വകാര്യസ്വത്തിന്‍റെ നീതിപൂര്‍വ്വകമായ നിയന്ത്രണം ഗവണ്‍ മെന്‍റിന്‍റെ ഉത്തരവാദിത്വമാണ്. എല്ലാവര്‍ക്കും അവശ്യാനുസൃതം പ്രപഞ്ചവസ്തുക്കള്‍ ലഭ്യമാകത്തക്കവിധം ഉടമസ്ഥത ക്രമീകരിക്കുകയെന്നത് ധാര്‍മ്മികയൊരു കടമയാണ്.

പൊതുക്ഷേമത്തിനു വിഘാതമാകാവുന്ന വിധത്തില്‍ സ്വകാര്യസ്വത്ത് ദുര്‍വിനിയോഗിക്കുന്നവരെ തടയാനുള്ള അവകാശം രാഷ്ട്രീയാധികാരികള്‍ക്കുണ്ട്. ഭൗതികവസ്തുക്കളുടെ പൊതുവായ ഭാഗധേയം സംബന്ധിച്ച നിയമത്തിലധിഷ്ഠിതമായൊരു സാമൂഹികസ്വഭാവം സ്വകാര്യസ്വത്തിന് സ്വതേയുണ്ട്. ഇതവഗണിക്കപ്പെട്ടാല്‍ ധനമോഹവും ഗൗരവമായ മറ്റ് അസ്വസ്ഥതകളും സൃഷ്ടിക്കും (സഭ ആധുനികലോകത്തില്‍ No .71).

ഭൂപരിഷ്കരണ നിയമനിര്‍മ്മാണങ്ങള്‍ നടത്താനുള്ള ഗവണ്‍ മെന്‍റിന്‍റെ കടപ്പാടിനെ സംബന്ധിച്ചും സൂനഹദോസ് നിര്‍ദ്ദേശം നല്‍കുന്നുണ്ട്. "യഥാവിധി കൃഷി ചെയ്യപ്പെടാത്ത എസ്റ്റേറ്റുകള്‍ അവയില്‍ കനകം വിളയിക്കാന്‍ കരുത്തുള്ള കരങ്ങള്‍ക്കു വീതിച്ചു കൊടുക്കുക തന്നെ വേണം" (Ibid). ഇതിലും വ്യക്തമാണ് പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ പ്രസ്താവന:

സ്വകാര്യ എസ്റ്റേറ്റുകള്‍ അധികം വിസ്തൃതമായതുകൊണ്ട് ഉപയോഗിക്കാതിരിക്കുകയും കാര്യമായി കൃഷി ചെയ്യാതിരിക്കുന്നതിനാല്‍ പൊതുക്ഷേമത്തിനും  രാജ്യത്തിന്‍റെ പുരോഗതിക്കും അവ വിലങ്ങുതടിയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവ ഉടമസ്ഥരില്‍നിന്ന് തിരിച്ചെടുക്കേണ്ടതാണ്  (ജനതകളുടെ പുരോഗതി  No .24).

സമ്പത്തിന്‍റെ നിലവിലുള്ള വിഭജനം സ്വാഭാവിക - ദൈവികനിയമങ്ങള്‍ക്കനുസൃതമല്ലെന്നുള്ള വസ്തുതയാണ് അതിന്‍റെ പുനര്‍വിഭജനം അനിവാര്യമാക്കിത്തീര്‍ക്കുക. ആര്‍ക്കും തന്‍റെ സമ്പത്ത് തന്‍റേതുമാത്രമാണെന്നു പറയുവാന്‍ അവകാശമില്ല. ഒരു രാജ്യം അതിന്‍റെ സമ്പത്ത് ആ രാജ്യത്തിലെ പൗരന്മാരുടേതുമാത്രമാണെന്നു വാദിക്കുന്നതുപോലും യുക്തിസഹമല്ലെന്നാണ് ആധുനിക മാര്‍പാപ്പമാര്‍ പഠിപ്പിക്കുന്നത്.

ഒരു രാജ്യത്തിലെ പൗരന്മാരുടെ അദ്ധ്വാനംവഴി ദൈവപരിപാലന നല്‍കുന്ന വിഭവങ്ങളുടെ ആദ്യത്തെ ഉപകര്‍ത്താക്കള്‍ അതതു രാജ്യത്തിലെ ജനങ്ങള്‍തന്നെയാണെങ്കിലും ഒരു രാജ്യത്തിനും അതിന്‍റെ സമ്പത്ത് അതിനുവേണ്ടി മാത്രമായി അവകാശപ്പെടാന്‍ പാടില്ലാത്തതാണ്. ഓരോ രാജ്യവും കൂടുതലും നല്ലതുമായ വിഭവങ്ങള്‍ ധാരാളം പുറപ്പെടുവിച്ചു രാജ്യത്തിലെ ജനങ്ങള്‍ക്കു നല്ല ജീവിതനിലവാരം പുലര്‍ത്തുവാന്‍ പരിശ്രമിക്കുന്നതോടൊപ്പം മനുഷ്യവര്‍ഗ്ഗത്തിന്‍റെ മുഴുവന്‍ പുരോഗതിക്കായും പരിശ്രമിക്കാന്‍ കടപ്പെട്ടിരിക്കുന്നു (ജനതകളുടെ പുരോഗതി  No .48.)

V. സ്വകാര്യസ്വത്തും ചില നൂതന പ്രവണകളും

പരമ്പരാഗതമായ സ്വകാര്യസ്വത്തുസമ്പ്രദായത്തിന്‍റെ ആവശ്യകതയെ  ചോദ്യംചെയ്യുന്ന പല സാഹചര്യങ്ങളും ഇന്നു നിലവിലുണ്ട്. സാമൂഹികജീവിതത്തില്‍ പണ്ടൊന്നുമില്ലാതിരുന്ന പല പുതിയ സംരംഭങ്ങളും പ്രസ്ഥാനങ്ങളും ആധുനിക കാലഘട്ടത്തില്‍ ഉദയം ചെയ്തിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന സാമൂഹികബന്ധങ്ങളാണ് ഇവയുടെ പുറകില്‍ പ്രവര്‍ത്തിക്കുക. സോഷ്യലൈസേഷന്‍ (Socialization) എന്നാണ് ഈ പ്രവണതയെ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ വിശേഷിപ്പിക്കുക. പരാമ്പരാഗതമായി സ്വകാര്യസ്വത്തിനു നല്‍കിവരുന്ന പ്രാധാന്യത്തെ ഈ പ്രതിഭാസം ചോദ്യം ചെയ്യുന്നു. സ്വകാര്യസ്വത്ത് വ്യക്തികള്‍ക്കു നല്‍കിക്കൊണ്ടിരുന്ന സുരക്ഷിതത്വം ഇന്നു  സാമൂഹിക സുരക്ഷിതത്വപദ്ധതികള്‍, ഇന്‍ഷുറന്‍സ് സംഘടനകള്‍, വലിയ കോര്‍പ്പറേഷനുകള്‍ മുതലായവ നല്‍കുന്നുണ്ട്. അതിനാല്‍ ഒരു വ്യക്തിയുടെ ശാരീരിക സുരക്ഷിതത്വത്തിനുള്ള ഏകമാര്‍ഗ്ഗമോ മുഖ്യോപാധിയോ ആയി സ്വകാര്യ സ്വത്തിനെ പരിഗണിക്കാനാവില്ലെന്നു പോപ്പ് ജോണ്‍ വ്യക്തമാക്കുന്നു.

സാങ്കേതികവിജ്ഞാനത്തിനും തൊഴില്‍ യോഗ്യതകള്‍ക്കും ലഭിച്ചിട്ടുള്ള പ്രാധാന്യം സ്വകാര്യസ്വത്തിന്‍റെ ആവശ്യകത കുറയുന്നതിനു കാരണമായിട്ടുണ്ട്. മൂലധനം കൈവശമാക്കുന്നതിനെക്കാള്‍ തൊഴില്‍ യോഗ്യത സമ്പാദിക്കാന്‍ മനുഷ്യന്‍ ആഗ്രഹിക്കുന്നുവെന്നത് ശ്രദ്ധാര്‍ഹമായ കാര്യമാണ്. മൂലധനത്തില്‍നിന്നു ലഭിക്കുന്ന നേട്ടത്തെയും അതിലധിഷ്ഠിതമായിട്ടുള്ള അവകാശങ്ങളെയുമാണ് ഇന്ന് മനുഷ്യന്‍ കൂടുതല്‍ വിലമതിക്കുക. ഈ വികാസം നമ്മുടെ സാംസ്ക്കാരിക പുരോഗതിയുടെ ഉത്തമലക്ഷണമാണെന്ന് ജോണ്‍ മാര്‍പാപ്പ തറപ്പിച്ചു പറയുന്നു. കാരണം, മനുഷ്യവ്യക്തിത്വത്തിന്‍റെ ഏറ്റവും വ്യക്തമായ പ്രകാശനമാണ് തൊഴില്‍. അതിന് ഉപകരണങ്ങള്‍ മാത്രമായ ബാഹ്യവസ്തുക്കളെക്കാള്‍ പരിഗണന ലഭിക്കുന്നു.

സഭയുടെ സാമൂഹികപ്രബോധനങ്ങളുടെ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ഷാങ്ങ് വൈ കാല്‍വസ് (Jean Y Calvez) സ്വകാര്യസമ്പത്തില്‍നിന്ന് ലഭിക്കുന്ന പൈതൃകാവകാശത്തിന്‍റെ സ്വാഭാവികതയെ സംബന്ധിച്ചു സംശയം പ്രകടിപ്പിക്കുന്നുണ്ട്. വിശേഷിച്ചും, ഇതിന്‍റെ മറപിടിച്ചു നടന്നിട്ടുള്ള അനീതിയുടെയും ചൂഷണത്തിന്‍റെയും പശ്ചാത്തലത്തില്‍. പ്രായോഗികമായി ഒരാള്‍ തന്‍റെ വ്യക്തിപരമായ യോഗ്യതവഴിയോ അദ്ധ്വാനം മുഖേനയോ ആര്‍ജ്ജിക്കുന്ന സമ്പത്തിനാണ് കൂടുതല്‍ നിതീകരണവും സ്വാഭാവികതയും ഉള്ളത്.

സ്വകാര്യസ്വത്തിന്‍റെ പ്രാധാന്യത്തെയും നിയമാനുസൃതത്വത്തെയും തരംതാഴ്ത്തുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ആധുനിക വസ്തുതകളെ അവതരിപ്പിച്ചതിനുശേഷം ജോണ്‍ മാര്‍പാപ്പ അതിന്‍റെ ശാശ്വതപ്രാബല്യത്തെയും സ്വാഭാവികതയെയും സ്ഥിരീകരിക്കുന്നുണ്ട്. മനുഷ്യവ്യക്തിയുടെ സ്വതന്ത്രമായ വളര്‍ച്ചയെ അപകടപ്പെടുത്താതെ ഈ മനുഷ്യാവകാശത്തിനു പകരമായി ഏതെങ്കിലും ഒരു സംഘടനയോ വ്യവസ്ഥയോ പൂര്‍ണ്ണമായി പ്രതിഷ്ഠിക്കാന്‍ പറ്റില്ല.

ഭരണകൂടത്തിന്‍റെ ധര്‍മ്മം: സമ്പത്തിന്‍റെ സാമൂഹികവും വ്യക്തിപരവുമായ സ്വഭാവങ്ങള്‍ അഭംഗുരം കാത്തുസൂക്ഷിക്കുകയെന്ന ധര്‍മ്മം അത്യന്തികമായി സമൂഹത്തിന്‍റേതാണ്. ഇതിനാവശ്യമായ നിയമനിര്‍മ്മാണം നടത്താന്‍ ഗവണ്‍മെന്‍റിനു കടമയുണ്ട്. വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം പൊതുക്ഷേമം സുരക്ഷിതമാക്കാനും ഇതുമൂലം ഭരണകൂടത്തിനു കഴിയണം.

ഭാരിച്ച ഈ ചുമതല നിര്‍വ്വഹിക്കുന്നതിന് സമ്പദ്വ്യവസ്ഥയുടെ ചില മേഖലകളെ ദേശസാല്‍ക്കരിക്കുന്നതിനും സമ്പത്തിന് ആനുപാതികമായി നികുതി പിരിക്കുന്നതിനും ഗവണ്‍മെന്‍റിനു കടമയുണ്ട്. ആവശ്യം വന്നാല്‍ വലിയ ഭൂസ്വത്തു പങ്കിട്ടുകൊടുക്കുന്നതിന് അധികാരികളെ മാര്‍പാപ്പമാര്‍ ആഹ്വാനം ചെയ്യുന്നു. എങ്കിലും, ഭരണകൂടത്തിന്‍റെ സമ്പത്തുവ്യവസ്ഥയിലുള്ള ഇടപെടല്‍ കഴിയുന്നത്ര പരിമിതമായിരിക്കണമെന്നാണ് പിതാക്കന്മാര്‍ അനുശാസിക്കുക. വ്യക്തിയുടെ അദ്ധ്വാനതാത്പര്യത്തെയും ഉത്തരവാദിത്വത്തെയും ദുര്‍ബ്ബലമാക്കാന്‍ ഇത്തരം ഇടപെടല്‍ കാരണമാകും. സ്വത്തവകാശത്തിന്‍മേലുള്ള അതിരുകടന്ന നിയന്ത്രണം വ്യക്തിയുടെ സ്വാതന്ത്ര്യങ്ങളുടെമേലുള്ള കടിഞ്ഞാടിലാകുമെന്ന മാര്‍പാപ്പയുടെ വാദം ഇന്ന് ലോകം മുഴുവനും അംഗീകരിച്ചുകഴിഞ്ഞു. വിശേഷിച്ചും കമ്മ്യൂണിസ്റ്റു രാജ്യങ്ങളുടെ പതനത്തിന്‍റെ പശ്ചാത്തലത്തില്‍.

possession-of-private-property THE CATHOLIC CHURCH CHURCH STUDIES Mar Joseph Pamplany private property and church teachings private property church fathers on private property private property in the bible Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message