x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ പരിശുദ്ധ സിംഹാസനം

 വിവാഹമെന്ന കൂദാശ

Authored by : Congregation for Doctrine of Faith On 17-Jun-2022

വകുപ്പ്‌ 7

 വിവാഹമെന്ന കൂദാശ

“സ്ത്രീയും പുരുഷനും തമ്മില്‍ ജീവിതകാലം മുഴുവനും നീണ്ടുനില്‍ക്കുന്ന സഖ്യം ഉളവാക്കുന്ന വിവാഹ ഉടമ്പടി അതിന്റെ സ്വഭാവത്താല്‍ത്തന്നെ ദമ്പതികളുടെ നന്‍മയ്ക്കും സന്താനോത്പാദനത്തിനും അവരുടെ വിദ്യാഭ്യാസത്തിനും വണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്‌. മാമ്മോദീസ സ്വീകരിച്ച (രണ്ടു) വ്യക്തികള്‍ തമ്മിലുള്ള ഈ ഉടമ്പടിയെ കര്‍ത്താവായ ക്രിസ്തു ഒരു കൂദാശയുടെ പദവിയിലേക്ക്‌ ഉയര്‍ത്തിയിരിക്കുന്നു."

വിവാഹം ദൈവിക പദ്ധതിയില്‍

വി. ഗ്രന്ഥം തുടങ്ങുന്നതു ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും പുരുഷനെയും സ്ത്രീയെയും സൃഷ്ടിക്കുന്ന വിവരണത്തോടെയാണ്‌; അവസാനിക്കുന്നതു "കുഞ്ഞാടിന്‍റെ വിവാഹസദ്യ"യെപ്പററിയുള്ള ദര്‍ശനത്തോടെയും. വിവാഹവും അതിന്‍റെ  “രഹസ്യവും”, അതിന്‍റെ സ്ഥാപനവും ദൈവം അതിനു കൊടുത്ത അര്‍ഥവും അതിന്‍റെ ഉദ്ഭവവും ലക്ഷ്യവും രക്ഷാചരിത്രത്തിലുള്ള അതിന്‍റെ വൈവിധ്യമാര്‍ന്ന സാക്ഷാത്കാരങ്ങളും പാപത്തിന്‍റെ ഫലമായുണ്ടായ പ്രയാസങ്ങളും ക്രിസ്തുവിന്‍റെ പുതിയ ഉടമ്പടിയിലും സഭയിലും “കര്‍ത്താവിലുള്ള” അതിന്‍റെ നവീകരണവും വി. ഗ്രന്ഥത്തിലൂടനീളം പ്രതിപാദിക്കുന്നുണ്ട്‌.

വിവാഹം സൃഷ്ടിയുടെ ക്രമത്തില്‍

“ദാമ്പത്യ ജീവിതത്തിന്‍റെയും സ്നേഹത്തിന്‍റെയും ഗാഢമായ കൂട്ടായ്മ സൃഷ്ടാവ് സ്ഥാപിച്ചതും അവിടുന്നു നല്‍കിയ നിയമങ്ങളില്‍ അധിഷ്ഠിതവുമാണ്‌... വിവാഹത്തിന്‍റെ കര്‍ത്താവു ദൈവം തന്നെയാണ്‌." സ്ത്രീയും പുരുഷനും സ്രഷ്ടാവിന്‍റെ കരത്തില്‍നിന്നുവന്നതുപോലെ, അവരുടെ പ്രകൃതിയില്‍ത്തന്നെ ആലേഖിതമാണു വിവാഹത്തിനുള്ള വിളി. നൂററാണ്ടുകളിലൂടെ വിവിധ സംസ്‌കാരങ്ങളിലും സാമൂഹിക സംവിധാനങ്ങളിലും ആത്മീയ പാരമ്പര്യങ്ങളിലും പല മാററങ്ങള്‍ക്കും വിധേയമായിട്ടുണ്ടെങ്കിലും വിവാഹം വെറും മാനുഷികമായ ഒരു സ്ഥാപനമല്ല. ഈ വൈവിധ്യങ്ങള്‍ അതിന്‍റെ പൊതുവും ശാശ്വതവുമായ സവിശേഷതകള്‍ വിസ്മരിക്കാന്‍ കാരണമാകരുത്‌. ഈ സ്ഥാപനത്തിന്‍റെ മഹനീയത എല്ലാ സ്ഥലത്തും ഒരേ വ്യക്തതയോടെ സുതാര്യമല്ലെങ്കിലും എല്ലാ സംസ്കാരങ്ങളിലും ദാമ്പത്യ ഐകൃത്തിന്‍റെ ശ്രേഷ്ഠതയെപ്പററിയുള്ള ഒരു ഏകദേശാവബോധം നിലനില്‍ക്കുന്നുണ്ട്‌. “വ്യക്തിയുടെയും മാനവകുലത്തിന്‍റെയും ക്രൈസ്തവസമൂഹത്തിന്‍റെയും ക്ഷേമം ദാമ്പതൃബന്ധത്തിന്‍റെയും കുടുംബജീവിതത്തിന്‍റെയും ആരോഗ്യവുമായി അവഗാഢമായി  ബന്ധപ്പെട്ടിരിക്കുന്നു."

സ്നേഹംമൂലം മനുഷ്യനെ സൃഷ്ടിച്ച ദൈവം സ്നേഹത്തിലേക്ക്‌ അവനെ വിളിക്കുന്നു; ഏതു മനുഷ്യവ്യക്തിയുടെയും മൗലികവും സഹജവുമായ വിളിയാണത്‌. എന്തെന്നാല്‍ സ്നേഹം തന്നെയായ ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലുമാണു മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചിരിക്കുന്നതുകൊണ്ട്‌ അവരുടെ പരസ്പരസ്നേഹം ദൈവത്തിനു മനുഷ്യനോടുള്ള നിരുപാധികവും വീഴ്ചയില്ലാത്തതുമായ സ്നേഹത്തിന്‍റെ പ്രതീകമായിത്തീരുന്നു. സ്രഷ്ടാവിന്‍റെ ദൃഷ്ടിയില്‍ അതു നല്ലതാണ്‌, വളരെ നല്ലതാണ്‌. ദൈവം ആശീര്‍വദിക്കുന്ന ഈ സ്നേഹം ഫലദായകമായിത്തീരേണ്ടതും; സൃഷ്ടിയെ കാത്തുപാലിക്കുക എന്ന പൊതു പ്രവര്‍ത്തനത്തില്‍ സാക്ഷാത്കരിക്കപ്പെടേണ്ടതുമാണ്‌: “ദൈവം അവരെ അനുഗ്രഹിച്ചു, അവരോടു പറഞ്ഞു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍, ഭൂമിയില്‍നിറഞ്ഞ്‌ അതിനെ കീഴടക്കുവിന്‍.”

പുരുഷന്‍ സ്ത്രിക്കുവേണ്ടിയും സ്ത്രീ പുരുഷനുവേണ്ടിയുമാണു സൃഷ്ടിക്കപ്പെട്ടതെന്നു വി. ഗ്രന്ഥം ഉറപ്പിച്ചുപറയുന്നു. “മനുഷ്യന്‍ ഏകനായിരിക്കുന്നതു നല്ലതല്ല. “മാംസത്തിന്‍റെ മാംസവും”, അതായത്‌ അവനോട്‌, തുല്യം നില്‍ക്കുന്നവളും, എല്ലാററിലും അവനോടു  അടുത്തുനില്‍ക്കുന്നവളും ആയ സ്ത്രീയെ ദൈവം അവനു “സഹായിയായി” നല്‍കി; അങ്ങനെ അവള്‍ നമ്മുടെ സഹായമായ ദൈവത്തെ പ്രതിനിധാനം ചെയ്യുന്നു.” “അതിനാല്‍ പുരുഷന്‍ തന്‍റെ മാതാപിതാക്കളെവിട്ടു തന്‍റെ  ഭാര്യയോടു ചേരുകയും അവരിരുവരും ഒരു ശരീരമായിത്തീരുകയും ചെയ്യുന്നു. “സൃഷ്ടാവിന്‍റെ ആദിയിലേയുളള പദ്ധതി അനുസ്മരിച്ചുകൊണ്ട്‌, രണ്ടു വ്യക്തികള്‍ തമ്മിലുള്ള അവിഭാജ്യമായ ഐക്യത്തെയാണ്‌ ഇതു സൂചിപ്പിക്കുന്നതെന്നു കര്‍ത്താവുതന്നെ വ്യക്തമാക്കുന്നു. “അതിനാല്‍ ഇനിമേല്‍ അവര്‍ രണ്ടല്ല, ഒരു ശരീരമാകുന്നു."

വിവാഹം പാപത്തിന്‍റെ  ഭരണത്തിന്‍കീഴില്‍

ഓരോ മനുഷ്യനും തനിക്കു ചുററും തന്നില്‍ത്തന്നെയും തിന്‍മയുടെ അനുഭവമുണ്ട്‌. സ്ത്രീപുരുഷബന്ധങ്ങളിലും ഈ അനുഭവം ദൃശ്യമാണ്‌. ഭിന്നിപ്പ്‌, അധീശത്വഭാവം, അവിശ്വസ്തത, അസൂയ, കലഹങ്ങള്‍ എന്നിവ എപ്പോഴും അവരുടെ ബന്ധത്തിനു ഭീഷണിയാണ്‌. അവ വെറുപ്പിലേക്കും വേര്‍പെടലിലേക്കും വഴിതെളിക്കാം. ഈ ക്രമഭംഗം ഏറെക്കുറെ രൂകഷമായിത്തന്നെ പ്രകടമായേക്കാം. സാംസ്‌കാരിക ചുററു പാടുകള്‍ക്കും കാലഘട്ടങ്ങള്‍ക്കും വ്യക്തികള്‍ക്കും അനുസൃതമായി ഈ ക്രമഭംഗത്തെ ഏറെക്കുറെ അതിജിവിക്കുകയും ചെയ്യാം, പക്ഷേ, അതിനൊരു സാര്‍വത്രിക സ്വഭാവമുണ്ടെന്നു തീര്‍ച്ചയായും കാണപ്പെടുന്നു.

നമ്മുടെ വിശ്വാസമനുസരിച്ച്‌, വളരെ വേദനാജനകമായ ഈ ക്രമഭംഗം സ്ത്രീപുരുഷന്‍മാരുടെ പ്രകൃതിയിൽ നിന്നോ, അവരുടെ ബന്ധങ്ങളുടെ സ്വഭാവത്തില്‍നിന്നോ അല്ല, പാപത്തില്‍ നിന്നാണ്‌ ഉത്ഭവിക്കുന്നത്‌. ആദ്യപാപത്തിലെ ദൈവബന്ധവിച്ഛേദത്തിന്‍റെ പ്രഥമഫലം സ്ത്രീയും പുരുഷനും തമ്മില്‍ ആരംഭത്തിലുണ്ടായിരുന്ന കൂട്ടായ്മയിലുണ്ടായ വിള്ളലാണ്‌. പരസ്പരമുള്ള കുററാരോപണങ്ങള്‍ അവര്‍ തമ്മിലുള്ള ബന്ധത്തെ വികലമാക്കി. സ്രഷ്ടാവിന്‍റെ തന്നെ ദാനമായ അവരുടെ പരസ്പരാകര്‍ഷണം അധീശത്വത്തിന്‍റെയും ഭോഗേച്ഛയുടേതുമായ ബന്ധമായി പരിണമിച്ചു. സന്താനപുഷ്ടിയുള്ളവരായി പെരുകുവാനും ഭൂമിയെ കീഴടക്കുവാനും സ്ത്രീക്കും പുരുഷനും ലഭിച്ച മനോഹരമായ വിളി പ്രസവവേദനയാലും അർപ്പണത്തിനുവേണ്ടിയുള്ള അദ്ധ്വാനത്തിന്റെ ക്ളേശത്താലും ഭാരമുള്ളതായിത്തീർന്നു.

സൃഷ്ടിയുടെ ക്രമത്തിനു ഗുരുതരമായ ഇളക്കം തട്ടിയെങ്കിലും അതു നിലനില്‍ക്കുന്നുണ്ട്‌. പാപത്തിന്‍റെ മുറിവുണക്കുന്നതിനു സ്ത്രീപുരുഷന്‍മാര്‍ക്കു കൃപവരത്തിന്‍റെ സഹായം വേണം. ദൈവം തന്‍റെ അനന്തകാരുണ്യംമൂലം അതൊരിക്കലും അവര്‍ക്കു നിഷേധിക്കുന്നില്ല. “ആദിയില്‍” ദൈവം സൃഷ്ടിച്ചപ്പോള്‍ അവര്‍ക്കുണ്ടാകണമെന്ന്‌ അവിടുന്ന്‌ ആഗ്രഹിച്ച ഐകൃത്തിലെത്തിച്ചേരുവാന്‍ സ്ത്രീക്കും പുരുഷനും അവിടുത്തെ സഹായം കൂടാതെ സാധ്യമല്ല.

വിവാഹം നിയമത്തിന്‍റെ ബോധനത്തില്‍

 ദൈവം തന്‍റെ കരുണയില്‍ പാപിയായ മനുഷ്യനെ ഉപേക്ഷിച്ചില്ല. പാപത്തിന്‍റെ ഫലമായ ശിക്ഷകള്‍, “പ്രസവസംബന്ധമായ വേദനയും” “നെററിയിലെ വിയര്‍പ്പുകൊണ്ടുള്ള അദ്ധ്വാനവും,” പാപത്തിന്‍റെ വിനാശകരമായ ഫലങ്ങളെ പരിമിതപ്പെടുത്തുന്നതിനുള്ള പരിഹാരമാര്‍ഗങ്ങളും ഉള്‍ക്കൊള്ളുന്നു. ആദിമ പാപത്തിനുശേഷം, തന്നില്‍ത്തന്നെ ലയിച്ചിരിക്കാനുള്ള വാസനയും സ്വാര്‍ത്ഥചിന്തയും സ്വന്തം സുഖം തേടാനുള്ള ആസക്തിയും തരണംചെയ്ത്‌, അപരനുവേണ്ടി സ്വയംതുറന്നു കൊടുക്കുവാനും പരസ്പരം സഹായിക്കുവാനും സ്വയം ദാനംചെയ്യുവാനും വിവാഹം ഒരുവനെ സഹായിക്കുന്നു.

പഴയനിയമത്തിന്‍റെ ബോധനത്തിന്‍കീഴിലാണു വിവാഹത്തിന്‍റെ ഐക്യവും അവിഭാജ്യതയും സംബന്ധിച്ചുള്ള ധാര്‍മികമനസ്സാക്ഷി വളര്‍ന്നത്‌. പഴയനിയമം പൂര്‍വപിതാക്കന്‍മാരുടെയും രാജാക്കന്‍മാരുടെയും ബഹുഭാര്യാത്വം വ്യക്തമായി തള്ളിക്കളയുന്നില്ല. എങ്കിലും മോശയ്ക്കു നല്‍കപ്പെട്ട നിയമം ഭര്‍ത്താവിന്‍റെ നിയന്ത്രിതമായ അധീശത്വത്തില്‍നിന്നു ഭാര്യയെ പരിരക്ഷിക്കാന്‍ ഉദ്യമിക്കുന്നു; അതേസമയം, കര്‍ത്താവു പറയുന്നതുപോലെ, അതില്‍ മനുഷ്യന്‍റെ  “ഹൃദയകാഠിന്യത്തിന്‍റെ അടയാളങ്ങള്‍ ദൃശ്യമാണ്‌. ഇക്കാരണത്താലാണു ഭാര്യയെ ഉപേക്ഷിക്കാന്‍ മോശ അനുവാദം നല്‍കിയത്‌. 

ഉടമ്പടിയെ അവതരിപ്പിച്ച പ്രവാചകന്‍മാര്‍ വിവാഹത്തിന്‍റെ  ഐക്യത്തെയും അവിഭാജ്യതയെയുംപററി ആഴമുള്ള അവബോധത്തിനായി തിരഞ്ഞെടുക്കപ്പെട്ട ജനതയുടെ മന:സാക്ഷിയെ ഒരുക്കി. റൂത്തിന്‍റെയും  തോബിത്തിന്‍റയും പുസ്തകങ്ങള്‍ വിവാഹത്തെപ്പററിയുള്ള ഉദാത്തസങ്കല്‍പത്തിനും ദമ്പതികളുടെ വിശ്വസ്തതയ്ക്കും സ്നേഹമസൃണതയ്ക്കും ഹൃദയസ്പര്‍ശിയായ സാക്ഷ്യം വഹിക്കുന്നു. ദൈവസ്നേഹത്തിന്‍റെ തെളിഞ്ഞ പ്രതിഫലനമായ മനുഷ്യസ്നേഹത്തിന്‍റെ “മരണത്തെപ്പോലെ ശക്തവും ജനസഞ്ചയങ്ങള്‍ക്കു ശമിപ്പിക്കാനാവാത്തതു"മായ സ്നേഹത്തിന്‍റെ, അതുല്യപ്രകാശനമായി ഉത്തമഗീതത്തെ പാരമ്പര്യം എന്നും പരിഗണിച്ചുപോന്നിട്ടുണ്ട്‌.

കര്‍ത്താവിലുള്ള വിവാഹം

ദൈവവും തന്‍റെ ജനമായ ഇസ്രായേലും തമ്മിലുള്ള ദാമ്പത്യ ഉടമ്പടി മനുഷ്യനായി അവതരിക്കുകയും സ്വജീവന്‍ നല്‍കുകയും ചെയ്തു രക്ഷിച്ച മാനവകുലത്തെ മുഴുവന്‍ സവിശേഷമായി തന്നോടു സംയോജിപ്പിക്കുകയും അങ്ങനെ “കുഞ്ഞാടിന്‍റെ വിവാഹവിരുന്നിനു” വേദിയൊരുക്കുകയും ചെയ്ത ദൈവപുത്രന്‍റെ നവീനവും സനാതനവുമായ ഉടമ്പടിക്കു വഴിയൊരുക്കുകയായിരുന്നു.

യേശുതന്‍റെ പരസ്യജീവിതത്തിന്‍റെ ആരംഭത്തില്‍ ഒരു വിവാഹവിരുന്നിന്‍റെ അവസരത്തില്‍ തന്‍റെ  മാതാവിന്‍റെ അഭ്യര്‍ത്ഥന പരിഗണിച്ച്‌ തന്‍റെ ആദ്യത്തെ അടയാളം പ്രവര്‍ത്തിക്കുന്നു. കാനായിലെ കല്യാണാവസരത്തിലുള്ള യേശുവിന്‍റെ സാന്നിധ്യത്തിനു സഭ വലിയ പ്രാധാന്യമാണു കല്‍പിക്കുന്നത്‌. വിവാഹത്തിന്‍റെ നന്‍മയുടെ ഉറപ്പാണ്‌ അവിടെ സഭ കാണുന്നത്‌. അന്നു മുതല്‍ വിവാഹം ക്രിസ്തുവിന്‍റെ സാന്നിധ്യത്തിന്‍റെ ഫലദായകമായ അടയാളമായിരിക്കുമെന്നതിന്‍റെ പ്രഖ്യാപനവുമാണത്‌.

ആദിമുതലേ സ്രഷ്ടാവ് ആഗ്രഹിച്ച പ്രകാരമുള്ള സ്ത്രീ പുരുഷബന്ധത്തിന്‍റെ ഉദ്ഭവാര്‍ഥത്തെപ്പററി യേശു തന്‍റെ പ്രഘോഷണത്തില്‍ സംശയരഹിതമായി പഠിപ്പിച്ചു: ഭാര്യയെ ഉപേക്ഷിക്കാന്‍ മോശ നല്‍കിയ അനുവാദം ഹൃദയകാഠിനൃത്തിന്‌ ആനുകൂല്യമായിരുന്നു. സ്ത്രീയും പുരുഷനും തമ്മിലുള്ള വൈവാഹികബന്ധം അവിഭാജ്യമാണ്‌. ദൈവത്തിന്‍റെ തന്നെ നിശ്ചയമാണത്‌: “ആകയാല്‍ ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ."

വിവാഹബന്ധത്തിന്‍റെ  അവിഭാജ്യതയുടെ സംശയരഹിതമായ ഈ സന്ദര്‍ഭം ചിലരെ ഉത്കണ്‍ഠാകുലരാക്കുകയും അപ്രായോഗികമായ ഒരു ആഹ്വാനമായി ചിലര്‍ക്കു തോന്നലുണ്ടാക്കുകയും ചെയ്തിരിക്കാം. എന്നാല്‍ യേശു, വഹിക്കാനാവാത്ത ഒരു ഭാരം മോശയുടെ നിയമത്തെക്കാള്‍ ഘനമേറിയ ഒന്ന്‌ ദമ്പതികളുടെ മേല്‍ കെട്ടിവയ്ക്കുകയല്ല. പാപംമൂലം വികലമായ സൃഷ്ടിയുടെ ക്രമം പുന:സ്ഥാപിക്കാന്‍ വന്ന അവിടുന്നുതന്നെ ദൈവരാജ്യത്തിന്‍റെ പുതിയമാനത്തിനനുസൃതമായി വിവാഹജീവിതം നയിക്കാനുള്ള ശക്തിയും കൃപാവരവും പ്രദാനം ചെയ്യുന്നു. തങ്ങളെത്തന്നെ പരിത്യജിക്കുകയും സ്വന്തം കുരിശെടുക്കുകയും ചെയ്തുകൊണ്ടു ക്രിസ്തുവിനെ അനുധാവനം ചെയ്യുമ്പോഴാണു ദമ്പതികള്‍ വിവാഹത്തിന്‍റെ ആദിമാര്‍ഥം “ഉള്‍ക്കൊള്ളാനും” ക്രിസ്തുവിന്‍റെ സഹായത്തോടെ തദനുസൃതം ജീവിക്കാനും പ്രാപ്തരാകുന്നത്‌.ക്രൈസ്തവജീവിതത്തിന്‍റെ മുഴുവന്‍ ഉറവിടമായ ക്രിസ്തുവിന്‍റെ കുരിശിന്‍റെ ഫലമാണു ക്രൈസ്തവവിവാഹത്തിന്‍റെ  കൃപാവരം.

പൗലോസ്  അപ്പസ്‌തോലന്‍ ഇതു വ്യക്തമാക്കുന്നു. “ഭര്‍ത്താക്കന്‍മാരേ,ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്നേഹിക്കണം.” ഉടനെ പൗലോസ്‌ ഇതുകൂടി ചേര്‍ക്കുന്നു: “ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയുംവിട്ടു ഭാര്യയോടു ചേരും, അവര്‍ രണ്ടും ഒരു ശരീരമാവുകയും ചെയ്യും. ഇത്‌ ഒരു വലിയ രഹസ്യമാണ്‌. സഭയെയും ക്രിസ്തുവിനെയും കുറിച്ചാണു ഞാന്‍ ഇതു പറയുന്നത്‌. "

ക്രൈസ്തവജീവിതം മുഴുവനും ക്രിസ്തുവും സഭയും തമ്മിലുള്ള ദാമ്പത്യസ്നേഹത്തിന്‍റെ  അടയാളം പേറുന്നുണ്ട്‌. ദൈവജനത്തിലേക്കു പ്രവേശനം നല്‍കുന്ന മാമ്മോദീസതന്നെ ഒരു വൈവാഹികരഹസ്യമാണ്‌. വി.കുര്‍ബാനയാകുന്ന വിവാഹവിരുന്നിനു മുന്‍പുള്ള വൈവാഹിക സ്‌നാനമായി" അതിനെ കാണാം. ക്രൈസ്തവവിവാഹമാകട്ടെ, ക്രിസ്തുവും സഭയും തമ്മിലുള്ള ഉടമ്പടിയുടെ കൂദാശയായ ഫലദായകമായ അടയാളമായിത്തീരുന്നു. കൃപാവരത്തെ സൂചിപ്പിക്കുകയും പകര്‍ന്നുനല്‍കുകയും ചെയ്യുന്നതുകൊണ്ടു മാമ്മോദീസ സ്വീകരിച്ച വ്യക്തികള്‍ തമ്മിലുള്ള വിവാഹം പുതിയ ഉടമ്പടിയിലെ ഒരു യഥാര്‍ഥകൂദാശയാകുന്നു. 

ദൈവരാജ്യത്തെപ്രതിയുള്ള കന്യാത്വം

ക്രിസ്തുവാണ്‌ ക്രൈസ്തവജീവിതത്തിന്‍റെ മുഴുവന്‍ കേന്ദ്രം. അവിടുന്നുമായുള്ള ബന്ധം കുടുംബപരമോ സമൂഹപരമോ ആയ മറെറല്ലാ ബന്ധങ്ങളെയുംകാള്‍ മുന്‍ഗണനയുള്ളതാണ്‌ വിവാഹത്തിന്‍റെ വലിയ നന്‍മയെ ഉപേക്ഷിക്കുവാന്‍ തയാറായ സ്ത്രീപുരുഷന്‍മാര്‍ സഭയുടെ ആരംഭകാലം മുതലേയുണ്ടായിരുന്നു. എല്ലായിടത്തും കുഞ്ഞാടിനെ അനുഗമിക്കുവാനും കര്‍ത്താവിന്‍റെ കാര്യങ്ങളില്‍ ശ്രദ്ധവയ്ക്കുവാനും അവിടുത്തെ പ്രസാദിപ്പിക്കുവാനും ആഗതനാകുന്ന വരനെ എതിരേല്‍ക്കുന്നതിനു പുറപ്പെടുവാനും വേണ്ടിയായിരുന്നു ഇത്‌. 'ഈ ജീവിതശൈലി അവലംബിക്കുവാന്‍ ക്രിസ്തുതന്നെ ചിലരെ വിളിക്കുന്നുണ്ട്‌; അതിന്‍റെ  മാതൃകയും അവിടുന്നു തന്നെ;

“എന്തെന്നാല്‍ മാതാവിന്‍റെ ഉദരത്തില്‍നിന്നുതന്നെ ഷണ്‍ഡരായി ജനിക്കുന്നവരുണ്ട്‌; മനുഷ്യരാല്‍ ഷണ്‍ഡരാക്കപ്പെടുന്നവരുണ്ട്‌; സ്വര്‍ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്‍ഡരാക്കുന്നവരുണ്ട്‌. ഇതു സ്വീകരിക്കുവാന്‍ കഴിവുള്ളവന്‍ സ്വീകരിക്കട്ടെ."

സ്വർഗരാജ്യത്തെപ്രതിയുള്ള കന്യാത്വം മാമ്മോദീസയിലെ കൃപാവരത്തിന്റെ പ്രകാശനമാണ്. ക്രിസ്തുവുമായുള്ള ബന്ധത്തിനുള്ള പരമമായ ഔന്നത്യത്തിന്റെയും അവിടുത്തെ പുനരാഗമനത്തിനുവേണ്ടിയുള്ള തീവ്രമായ കാത്തിരിപ്പിന്‍റെയും ശക്തമായ അടയാളമാണത്‌. കടന്നുപോകുന്ന ഈ യുഗത്തിലെ ഒരു യാഥാര്‍ഥ്യമാണു വിവാഹമെന്ന്‌ അത്‌ ഓര്‍മ്മിപ്പിക്കുന്നു.

വിവാഹമെന്ന കുദാശയും ദൈവരാജ്യത്തെപ്രതിയുള്ള കന്യാത്വവും കര്‍ത്താവില്‍നിന്നുതന്നെയാണു വരുന്നത്‌. അവയ്ക്ക്‌ അര്‍ഥം നല്‍കുന്നതും അവിടുത്തെ ഹിതാനുസാരം അവ ജീവിക്കുന്നതിന്‌ അത്യാവശ്യമായ കൃപാവരം നല്‍കുന്നതും അവിടുന്നുതന്നെ." സ്വര്‍ഗരാജ്യത്തെപ്രതിയുള്ള കന്യാത്വത്തോടുള്ള മതിപ്പും ക്രൈസ്തവവിവാഹത്തിന്‍റെ അര്‍ത്ഥവും തമ്മില്‍ വേര്‍തിരിക്കാനാവില്ല; ഒന്നു മറെറാന്നിനെ പോഷിപ്പിക്കുന്നു.

വിവാഹത്തെ അവമതിക്കുന്നവര്‍ കന്യാത്വത്തിന്‍റെ ശോഭയ്ക്കു മങ്ങലേല്‍പിക്കുന്നു. അതിനെ പുകഴ്ത്തുന്നവര്‍ കന്യാത്വത്തെ ആദരണീയവും പ്രശോഭിതവുമാക്കുന്നു. തിന്‍മയുമായി തട്ടിച്ചുനോക്കുമ്പോള്‍ മാത്രം നല്ലതായി കാണപ്പെടുന്നതു യഥാര്‍ഥത്തില്‍ നല്ലതായിരിക്കുകയില്ല. നല്ലതെന്ന്‌ എല്ലാവരും അംഗീകരിക്കുന്ന ഒന്നിനേക്കാള്‍ മെച്ചമായതാണ്‌ ഏററവും മികച്ച നന്‍മ. 

II. വിവാഹത്തിന്‍റെ ആഘോഷം

ലത്തീൻ റീത്തിൽ രണ്ടു കത്തോലിക്കാ വിശ്വാസികൾ തമ്മിലുള്ള വിവാഹം സാധാരണഗതിയിൽ വി.കുര്‍ബാന മദ്ധ്യേയാണ്‌ ആഘോഷിക്കുന്നത്‌. എല്ലാ കൂദാശകള്‍ക്കും ക്രിസ്തുവിന്‍റെ പെസഹാരഹസ്യവുമായുള്ള ബന്ധമാണിതിനു നിദാനം. വി.കൂര്‍ബാനയില്‍ പുതിയ ഉടമ്പടിയുടെ അനുസ്മരണമാണല്ലോ സാക്ഷാത്കരിക്കപ്പെടുന്നത്‌. ക്രിസ്തു ജീവാര്‍പ്പണം ചെയ്തു നേടിയെടുത്ത തന്‍റെ പ്രിയപ്പെട്ട വധുവായ സഭയെ നിത്യമായി തന്നോടു ഒന്നാക്കിത്തീര്‍ത്തത്‌ ഈ പുതിയ ഉടമ്പടിവഴിയാണ്‌. "അതിനാല്‍, തങ്ങളുടെ ജീവിതസമര്‍പ്പണത്തിലൂടെ പരസ്പരം ആത്മദാനം ചെയ്യാനുള്ള സന്നദ്ധതയ്ക്കു ദമ്പതികള്‍ മുദ്ര ചാര്‍ത്തുന്നതു വി.ബലിയില്‍ സന്നിഹിതമാക്കപ്പെടുന്ന സഭയ്ക്കുവേണ്ടിയുള്ള ക്രിസ്തുവിന്‍റെ അര്‍പ്പണത്തോടു ചേര്‍ക്കുന്നതും. ആ അവസരത്തില്‍ അവര്‍ വി.കുര്‍ബാന സ്വീകരിച്ച്‌ അതുവഴി ക്രിസ്തുവിന്‍റെ ശരീരത്തിലും രക്തത്തിലും പങ്കുപററിക്കൊണ്ട്‌, ക്രിസ്തുവില്‍ “ഒരു ശരീരമായിത്തീരുന്നതും" യുക്തമാകുന്നു. 

“വിശുദ്ധീകരണത്തിനുള്ള കൗദാശികപ്രവര്‍ത്തനമെന്ന നിലയില്‍ വിവാഹത്തിന്‍റെ ആരാധനാഘോഷം ... അതില്‍ത്തന്നെ സാധുവും യോഗ്യവും ഫലദായകവുമായിരിക്കണം. "അതിനാല്‍ വധൂവരന്‍മാര്‍ അനുതാപകൂദാശ സ്വീകരിച്ചുകൊണ്ടു വിവാഹാഘോഷത്തിന്‌ ഒരുങ്ങേണ്ടതാണ്‌.

ലത്തീന്‍സഭയിലെ പാരമ്പര്യമനുസരിച്ച്‌ ക്രിസ്തുവിന്‍റെ കൃപാവരത്തിന്‍റെ ശുശ്രൂഷകരെന്നനിലയിൽ ദമ്പതികള്‍ സഭയുടെ മുന്‍പില്‍ തങ്ങളുടെ സമ്മതം പ്രകടമാക്കിക്കൊണ്ടു പരസ്പരം വിവാഹകുദാശ പരികര്‍മം ചെയ്യുന്നു. പൗരസ്ത്യ സഭാപാരമ്പര്യങ്ങളില്‍ വൈദികര്‍ മെത്രാനോ പുരോഹിതനോ - ദമ്പതികളുടെ പരസ്പര സമ്മതത്തിന്‍റെ സാക്ഷികളാണ്‌. അതേസമയം അവരുടെ ആശീര്‍വാദം കൂദാശയുടെ സാധുതയ്ക്ക്‌ ആവശ്യമാണ്‌.

വിവിധ ആരാധനക്രമങ്ങളില്‍ ആശീര്‍വാദപ്രാര്‍ഥനകളും ദമ്പതികളുടെമേല്‍, പ്രത്യേകിച്ച്‌ വധുവിന്‍റെമേല്‍ അനുഗ്രഹവും ദൈവപ്രസാദവും ചൊരിയണമേ എന്നു യാചിക്കുന്ന റൂഹാക്ഷണപ്രാര്‍ഥനകളും സമൃദ്ധമായുണ്ട്‌. ഈ കൂദാശയുടെ റൂഹാക്ഷണപ്രാര്‍ഥനാവേളയില്‍ ക്രിസ്തുവും സഭയും തമ്മിലുള്ള സ്നേഹകൂട്ടായ്മയായി പരിശുദ്ധാത്മാവിനെ ദമ്പതികള്‍ സ്വീകരിക്കുന്നു. പരുശുദ്ധാത്മാവ്‌ അവരുടെ ഉടമ്പടിയുടെ മുദ്രയും അവരുടെ സ്നേഹത്തിന്‍റെ വറ്റാത്ത ഉറവയും അവരുടെ വിശ്വസ്തതയെ നവീകരിക്കുന്ന ശക്തിയുമാകുന്നു.

III. വിവാഹസമ്മതം

വിവാഹ ഉടമ്പടിയിലേര്‍പ്പെടുന്നവര്‍ സ്വാതന്ത്ര്യമുള്ളവരും സ്വതന്ത്രമായി തങ്ങളുടെ സമ്മതം പ്രകടമാക്കുന്നവരും മാമ്മോദീസ സ്വീകരിച്ചവരുമായ പുരുഷനും സ്ത്രീയുമാണ്‌. “സ്വതന്ത്രരായിരിക്കുക” എന്നതിന്‍റെ  അര്‍ഥം താഴെപ്പറയുന്നവയാണ്‌,

- സമ്മര്‍ദ്ദത്തിനു വഴങ്ങാതിരിക്കുക.

- പ്രകൃതിനിയമത്തിന്‍റെയും സഭാനിയമത്തിന്‍റെയും തടസ്സങ്ങള്‍ ഇല്ലാതിരിക്കുക.

“വിവാഹത്തെ യാഥാര്‍ഥ്യമാക്കുന്ന" അവശ്യഘടകം ദമ്പതികള്‍ പരസ്പരം സമ്മതം നല്കുന്നതാണെന്നു സഭ കരുതുന്നു. സമ്മതത്തിന്‍റെ അഭാവത്തില്‍ വിവാഹം നടക്കുന്നില്ല.

“പങ്കാളികള്‍ പരസ്പരം നല്കുകയും സ്വീകരിക്കുകയും ചെയ്യുന്ന മാനുഷിക പ്രവൃത്തി"യാണു സമ്മതം; “ഞാന്‍ നിന്നെ എന്‍റെ ഭാര്യയായി സ്വീകരിക്കുന്നു” - “ഞാന്‍ നിന്നെ എന്‍റെ ഭര്‍ത്താവായി സ്വീകരിക്കുന്നു". ദമ്പതികളെ പരസ്പരം ബന്ധിക്കുന്ന ഈ സമ്മതം രണ്ടുപേരും “ഒരു ശരീരമായിത്തീരുന്നതില്‍ പൂർത്തീകരിക്കപ്പെടുന്നു.

നിര്‍ബന്ധത്തില്‍നിന്നും ഗൗരവമുള്ള ബാഹ്യഭീഷണിയില്‍നിന്നും വിമുക്തരായ വ്യക്തികളുടെ ഇച്ഛാശക്തിയുടെ പ്രവര്‍ത്തനമാകണം സമ്മതം. ഒരു മാനുഷികശക്തിക്കും ഈ സമ്മതത്തിനു പകരം നല്‍കാനാവില്ല. ഈ സ്വാതന്ത്ര്യമില്ലെങ്കില്‍ വിവാഹം അസാധുവാണ്‌.

ഇക്കാരണത്താല്‍ (അഥവാ വിവാഹത്തെ അസാധുവാക്കുന്ന മററുകാരണങ്ങളാല്‍) അധികാരമുള്ള സഭാകോടതിക്ക്‌ സാഹചര്യങ്ങള്‍ വിലയിരുത്തിയതിനുശേഷം ഒരു വിവാഹം അസാധുവാണെന്ന്‌, അതായത്‌, ആ വിവാഹം നടന്നിട്ടില്ല എന്നു പ്രഖ്യാപിക്കാന്‍ കഴിയും.  അങ്ങനെ വരുമ്പോള്‍ ബന്ധപ്പെട്ട വ്യക്തികള്‍ വിവാഹം കഴിക്കാന്‍ സ്വതന്ത്രരായിരിക്കും; ആദ്യബന്ധത്തിന്‍റെ സ്വാഭാവിക ബാദ്ധ്യതകള്‍ തീര്‍ത്തിരിക്കണമെന്നുമാത്രം. വിവാഹം നടത്തിക്കൊടുക്കുന്ന വൈദികന്‍ (അല്ലെങ്കില്‍ ഡീക്കന്‍) സഭയുടെ നാമത്തില്‍ ദമ്പതികളുടെ സമ്മതം സ്വീകരിക്കുകയും സഭയുടെ ആശീര്‍വാദം നല്‍കുകയും ചെയ്യുന്നു. സഭാ ശുശ്രുഷകന്‍റെ (സാക്ഷികളുടെയും) സാന്നിധ്യം വിവാഹം ഒരു സഭാത്മക യാഥാര്‍ഥ്യമാണെന്നു വെളിവാക്കുന്നു.

ഇക്കാരണത്താല്‍ സാധാരണസന്ദര്‍ഭങ്ങളില്‍ സഭയുടെ ആഘോഷക്രമമനുസരിച്ചു വിശ്വാസികള്‍ വിവാഹബന്ധത്തിലേര്‍പ്പെടണമെന്നു സഭ അനുശാസിക്കുന്നു.ഈ ആവശ്യത്തെ വിശദമാക്കുന്ന നിരവധി കാരണങ്ങളുണ്ട്‌.

- കൗദാശികവിവാഹം ഒരു ആരാധനകര്‍മമാണ്‌; അതിനാല്‍ സഭയുടെ പൊതു ആരാധനയില്‍ അത്‌ ആഘോഷിക്കുന്നതു യുക്തമാകുന്നു.

- വിവാഹം ഒരാളെ സഭാപരമായ ഒരു പദവിയിലേക്കു പ്രവേശിപ്പിക്കുകയാണ്‌; അതുവഴി സഭയില്‍ ദമ്പതികള്‍ തമ്മില്‍ത്തമ്മിലും അവരുടെ കുട്ടികളോടും ഉള്ള ബന്ധങ്ങളില്‍ അവകാശങ്ങളും കടമകളും ഉളവാക്കുന്നു.

- വിവാഹം സഭയിലെ ഒരു ജീവിതാവസ്ഥയാണ്‌; അതുകൊണ്ട്‌ അതേപ്പറ്റി ഒരുറപ്പ്‌ ആവശ്യമാണ്‌. (സാക്ഷികള്‍ ഉണ്ടായിരിക്കേണ്ടത്‌ ഇക്കാരണത്താലാണ്‌).

സമ്മതത്തിന്‍റെ പരസ്യസ്വഭാവം “ഞാന്‍ സ്വീകരിക്കുന്നു” എന്ന തീരുമാനത്തിനു സംരക്ഷണം നല്‍കുന്നു; അതിനോടു വിശ്വസ്തത പുലര്‍ത്താന്‍ അതു ദമ്പതികളെ സഹായിക്കുന്നു. ദമ്പതികളുടെ സമ്മതം സ്വതന്ത്രവും ഉത്തരവാദിത്വപൂര്‍ണവുമായ പ്രവ്യത്തിയാകേണ്ടതിനും വിവാഹ ഉടമ്പടിക്ക്‌ ഉറച്ചതും നീണ്ടുനില്‍ക്കുന്നതുമായ മാനുഷികവും ക്രൈസ്തവവുമായ അടിസ്ഥാനങ്ങളുണ്ടാകേണ്ടതിനും വിവാഹത്തിനുള്ള ഒരുക്കം വളരെ പ്രധാനപ്പെട്ടതാണ്‌. ഈ ഒരുക്കത്തിന്‍റെ സവിശേഷമായ മാര്‍ഗം മാതാപിതാക്കളും കുടുംബങ്ങളും നല്‍കുന്ന മാതൃകയും പ്രബോധനവുമാണ്‌.

വിവാഹത്തിന്‍റെയും കുടുംബത്തിന്‍റെയും മാനുഷികവും ക്രൈസ്തവവുമായ മൂല്യങ്ങള്‍ കൈമാററം ചെയ്യുന്നതില്‍ “ദൈവകുടുംബം” എന്ന നിലയില്‍ ക്രൈസ്തവ സമൂഹത്തിന്‍റെയും അജപാലകരുടെയും പങ്കു നിര്‍ണായകമാണ്”. പ്രത്യേകിച്ചും ഈ ഒരുക്കം വേണ്ടപോലെ നടക്കാത്ത തകര്‍ന്ന കുടുംബങ്ങളില്‍ വളരുന്ന ചെറുപ്പക്കാര്‍ ധാരാളമുള്ള ഇക്കാലത്ത്‌ ദാമ്പത്യസ്നേഹത്തിന്‍റെ മാഹാത്മ്യത്തെയും അതിന്‍റെ ധര്‍മത്തെയും പ്രവൃത്തികളെയുംപററി, സര്‍വോപരി തങ്ങളുടെ കുടംബങ്ങളുടെ അകത്തളങ്ങളില്‍വച്ചു തന്നെ ചെറുപ്പക്കാര്‍ക്കു യോജിച്ചതും സമയോചിതവുമായ പാഠങ്ങള്‍ നല്‍കുക അത്യാവശ്യമാണ്‌. അങ്ങനെ ചാരിത്ര്യത്തിന്‍റെ മൂല്യം ഗ്രഹിച്ച്‌ അവര്‍ തക്കപ്രായത്തില്‍ മാന്യമായ സ്‌നേഹബന്ധത്തിലേര്‍പ്പെടുവാനും വിവാഹിതരാകുവാനും കഴിവുററവരാകും.

മിശ്രവിവാഹങ്ങളും ഇതരമതസ്ഥരുമായുള്ള വിവാഹവും

പല രാജ്യങ്ങളിലും മിശ്ര വിവാഹ (കത്തോലിക്കരും മാമ്മോദീസ സ്വീകരിച്ച അകത്തോലിക്കരും തമ്മിലുള്ള വിവാഹം) ത്തിന്‍റെ  സാഹചര്യം പലപ്പോഴും ഉണ്ട്‌. ഇക്കാര്യത്തില്‍ ദമ്പതികളും അവരുടെ അജപാലകരും സവിശേഷമായ ശ്രദ്ധ പതിക്കണം. ഇതര മതസ്ഥരുമായുള്ള വിവാഹം (കത്തോലിക്കനും മാമ്മോദീസ സ്വീകരിക്കാത്ത വ്യക്തിയും തമ്മിലുള്ള വിവാഹം) ആണെങ്കില്‍ വളരെ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്‌.

ദമ്പതികള്‍ വ്യത്യസ്ത സഭാവിഭാഗങ്ങളില്‍നിന്നായിരിക്കുന്നതു വിവാഹത്തെ സംബന്ധിച്ചിടത്തോളം തരണംചെയ്യാന്‍ കഴിയാത്ത പ്രതിബന്ധമല്ല. ഓരോ വ്യക്തിയും തന്‍റെ സമൂഹത്തില്‍നിന്നു സ്വായത്തമാക്കിയിട്ടുള്ളതു പൊതുവായി കരുതുകയും ക്രിസ്തുവിനോടുള്ള വിശ്വസ്തതയില്‍ ജീവിക്കുന്നതെങ്ങനെയെന്ന്‌ ഒരാള്‍ മറേറയാളില്‍നിന്നു പഠിക്കുകയും ചെയ്യണമെന്നു മാത്രം. എന്നാല്‍ മിശ്രവിവാഹങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിച്ചു കാണരുത്‌. ക്രൈസ്തവര്‍ തമ്മിലുള്ള അനൈക്യം ഇല്ലാതാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്ന വസ്തുതയില്‍നിന്നാണ്‌ അവയുടെ ഉദ്ഭവം. തങ്ങളുടെ കുടുംബത്തിന്‍റെ ഹൃദയാന്തരാളത്തില്‍പ്പോലും ക്രൈസ്തവ അനൈകൃത്തിന്‍റെ ദുരന്തമനുഭവിക്കേണ്ടിവരികയെന്ന അപകടസാധ്യത ദമ്പതികള്‍ക്കുണ്ടാകാം. മതവൈവിധ്യം ഈ പ്രശ്നങ്ങളെ ഒന്നുകൂടി രൂക്ഷമാക്കും. വിശ്വാസത്തെപ്പററിയും വിവാഹസങ്കല്‍പത്തെപ്പററിത്തന്നെയുമുള്ള വ്യത്യസ്തവീക്ഷണങ്ങളും അതുപോലെ വൈവിധ്യമാര്‍ന്ന മനോഭാവങ്ങളും വിവാഹജീവിതത്തില്‍, പ്രത്യേകിച്ചു കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍, സംഘര്‍ഷങ്ങള്‍ ഉളവാക്കിയേക്കാം. തത്ഫലമായി മതപരമായ നിസ്സംഗതയ്ക്കുള്ള പ്രലോഭനവുമുണ്ടാകാം.

ലത്തീന്‍സഭയില്‍ നിലവിലുള്ള നിയമമനുസരിച്ചു മിശ്രവിവാഹത്തിന്‍റെ നിയമ സാധുതയ്ക്കു സഭാധികാരത്തിന്‍റെറ വ്യക്തമായ അനുവാദം വേണം. "ഇതരമതസ്ഥരുമായുള്ള വിവാഹമാണെങ്കിൽ വിവാഹം സാധുവാകുന്നതിന്‌ ഈ തടസ്സം ഒഴിവാക്കുന്ന വ്യക്തമായ കല്‍പ്പന വേണം. ഇതിനുമുമ്പ്‌ വിവാഹത്തിന്‍റെ  മൗലികലക്ഷ്യങ്ങളും സ്വഭാവവിശേഷങ്ങളും ഇരുകൂട്ടര്‍ക്കും അറിയാമെന്നും അവയോടു വിയോജിപ്പില്ലെന്നും ഉറപ്പുവരുത്തണം. കൂടാതെ കത്തോലിക്കാ പങ്കാളി കത്തോലിക്കാസഭയില്‍ കുട്ടികള്‍ക്കു മാമ്മോദീസയും വിദ്യാഭ്യാസവും നല്കാനുള്ള കടമ സ്ഥിരീകരിക്കുകയും അത്‌ അകത്തോലിക്കാ പങ്കാളിയെ പറഞ്ഞു ധരിപ്പിക്കുകയും വേണം. വിവിധ സഭാവിഭാഗങ്ങള്‍ തമ്മിലുള്ള സഭൈക്യചര്‍ച്ചവഴി പല പ്രദേശങ്ങളിലും മിശ്രവിവാഹങ്ങളെ സംബന്ധിച്ച പൊതുവായ അജപാലനപദ്ധതി നിലവിലുണ്ട്‌. അത്തരം ദമ്പതികള്‍ തങ്ങളുടെ പ്രത്യേകസാഹചര്യത്തില്‍ വിശ്വാസത്തിന്‍റെ വെളിച്ചമനുസരിച്ച്‌ ജീവിക്കുവാനും, ദമ്പതികള്‍ക്കു പരസ്പരമുള്ള കടമകളും തങ്ങളുടെ സഭാസമൂഹത്തോടുള്ള കടമകളും തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങളെ അതിജീവിക്കുവാനും, തങ്ങള്‍ക്കു വിശ്വാസത്തില്‍ പൊതുവായുള്ളതിനെ പ്രഫുല്ലമാക്കുന്നതിനു പ്രോത്സാഹനം നല്‍കുവാനും, തങ്ങളെ വ്യത്യസ്തരാക്കുന്നതിനെ ആദരിക്കുവാനും അവരെ സഹായിക്കുകയാണ്‌ ഈ അജപാലനപദ്ധതിയുടെ ധര്‍മം.

ഇതരമതസ്ഥരുമായുള്ള വിവാഹങ്ങളില്‍ കത്തോലിക്കാപങ്കാളിക്കു സവിശേഷമായൊരു ദൗത്യമുണ്ട്‌: “കാരണം, അവിശ്വാസിയായ ഭര്‍ത്താവു ഭാര്യമുഖേനയും അവിശ്വാസിനിയായ ഭാര്യ ഭര്‍ത്താവു മുഖേനയും വിശുദ്ധീകരിക്കപ്പെടുന്നു. ഈ “വിശുദ്ധീകരണം” ക്രൈസ്തവവിശ്വാസത്തിലേക്കുള്ള അക്രൈസ്തവ പങ്കാളിയുടെ സ്വമനസ്സാലുള്ള മാനസാന്തരത്തിന്‌ ഇടയാക്കുമെങ്കില്‍ അതു ക്രൈസ്തവപങ്കാളിക്കും സഭയ്ക്കും വലിയ സന്തോഷത്തിനു നിദാനമാകും. ആത്മാര്‍ഥമായ ദാമ്പത്യസ്നേഹം, കുടുംബമൂല്യങ്ങളുടെ വിനയപൂര്‍വവും ക്ഷമാപൂര്‍വവുമായ പരിശീലനം, പ്രാര്‍ഥനയിലുള്ള സ്ഥൈര്യം എന്നിവ അവിശ്വാസിയായ പങ്കാളിക്കു മാനസാന്തരത്തിന്‍റെ കൃപാവരം ലഭിക്കുന്നതിനു കളമൊരുക്കും.

വിവാഹ കൂദാശയുടെ ഫലങ്ങൾ 

“സാധുവായ വിവാഹംവഴി ദമ്പതികള്‍ തമ്മില്‍ സ്വഭാവത്താല്‍തന്നെ ശാശ്വതവും അന്യമുക്തവുമായ ഒരു ബന്ധം സംജാതമാകുന്നു. കൂടാതെ ക്രൈസ്തവവിവാഹത്തില്‍ ഒരു പ്രത്യേക കുദാശവഴി അതിന്‍റെ കടമകള്‍ നിര്‍വഹിക്കുവാനും മാഹാത്മ്യം സംരക്ഷിക്കാനും വേണ്ട ശക്തി ദമ്പതികള്‍ക്കു നല്‍കപ്പെടുകയും അതിനായി അവര്‍ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നു.

വിവാഹബന്ധം

പരസ്പരം തങ്ങളെത്തന്നെ നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്ന ദമ്പതികളുടെ സമ്മതത്തിനു ദൈവംതന്നെ അംഗീകാരമുദ്രവയ്ക്കുന്നു. അവരുടെ ഉടമ്പടി വഴി “ദൈവിക നിയോഗത്താല്‍, സുസ്ഥിരമായ ഒരു സ്ഥാപനം” ഉടലെടുക്കുന്നു; സമൂഹവും അത്‌ അംഗീകരിക്കുന്നു. ദമ്പതികള്‍ തമ്മിലുള്ള ഉടമ്പടി ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിയുടെ ഭാഗമായിത്തീരുന്നു; “യഥാര്‍ത്ഥമായ ദാമ്പതൃസ്നേഹം ദൈവസ്നേഹത്തിലേക്ക്‌ ഉയര്‍ത്തപ്പെടുന്നു. 

വിവാഹബന്ധം ദൈവത്താല്‍തന്നെ സ്ഥാപിതമാണ്‌; അതിനാല്‍ മാമ്മോദീസ സ്വീകരിച്ച രണ്ടുവ്യക്തികള്‍ തമ്മില്‍ നടത്തിയതും പൂര്‍ണതയിലെത്തിച്ചതുമായ വിവാഹം ഒരിക്കലും വേര്‍പെടുത്താന്‍ പാടില്ല. ദമ്പതികളുടെ സ്വതന്ത്രമായ മാനുഷിക പ്രവൃത്തിയിലും വിവാഹത്തെ പൂര്‍ണമാക്കുന്ന സംയോഗത്തിലുംനിന്നു സംജാതമാകുന്ന ഈ ബന്ധം അസാധുവാക്കാനാവാത്ത ഒരു യാഥാര്‍ഥൃമാകുന്നു. ദൈവത്തിന്‍റെ വിശ്വസ്തത ഉറപ്പുനല്‍കുന്ന ഒരു ഉടമ്പടി അതില്‍നിന്ന്‌ ഉദ്ഭവിക്കുന്നു. ദൈവിക  ജ്ഞാനത്തിന്‍റെ  ഈ നിശ്ചയത്തിന്‌ എതിരായി വിധിക്കുവാന്‍ സഭയ്ക്ക്‌ അധികാരമില്ല.

വിവാഹകുദാശയുടെ കൃപാവരം

“തങ്ങളുടെ ജീവിതാന്തസ്സിലും പദവിയിലും ക്രിസ്തീയ ഭമ്പതികള്‍ക്കു ദൈവജനത്തിന്‍റെയിടയില്‍ പ്രത്യേക വരമുണ്ട്‌.” വിവാഹകുദാശയുടെ ഈ പ്രത്യേക കൃപാവരം ദമ്പതികള്‍ തമ്മിലുള്ള സ്നേഹത്തെ പൂര്‍ണമാക്കാനും അവിഭാജ്യമായ അവരുടെ ഐക്യത്തെ ശക്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ളതാണ്‌. ഈ കൃപാവരത്താല്‍ അവര്‍ “തങ്ങളുടെ വിവാഹജീവിതത്തില്‍ വിശുദ്ധി പ്രാപിക്കുവാനും തങ്ങളുടെ മക്കളെ സ്വീകരിക്കുവാനും പരിശീലിപ്പിക്കുവാനും പരസ്പരം സഹായിക്കുന്നു".

ഈ കൃപാവരത്തിെന്‍റെ ഉറവിടം ക്രിസ്തുവാണ്‌. “ഒരുകാലത്ത്‌, സ്നേഹത്തിന്‍റെയും വിശ്വസ്തതയുടെയും ഉടമ്പടിയിലൂടെ ദൈവം തന്‍റെ ജനത്തെ കണ്ടുമുട്ടിയതുപോലെ സഭയുടെ പ്രിയതമനായ നമ്മുടെ രക്ഷകന്‍ വിവാഹമെന്ന കുദാശയിലൂടെ ക്രൈസ്തവദമ്പതികളെ കണ്ടുമുട്ടുന്നു.” ക്രിസ്തു അവരോടൊത്തു വസിക്കുന്നു. തങ്ങളുടെ കുരിശെടുത്തു തന്നെ അനുഗമിക്കുവാനും വീഴ്ചയ്ക്കുശേഷം എഴുന്നേല്‍ക്കുവാനും പരസ്പരം ക്ഷമിക്കുവാനും പരസ്പരം ഭാരങ്ങള്‍ വഹിക്കുവാനും “ക്രിസ്തുവിനോടുള്ള ആദരവിനെപ്രതി പരസ്പരം വിധേയപ്പെടുവാനും” പ്രകൃതൃതീതവും ദയാമസൃണവും ഫലദായകവുമായ സ്നേഹത്താല്‍ പരസ്പരം സ്നേഹിക്കുവാനും അവിടുന്ന്‌ അവര്‍ക്കു ശക്തി നല്‍കുന്നു. തങ്ങളുടെ സ്നേഹത്തിന്‍റെയും കുടുംബജീവിതത്തിന്‍റെയും സന്തോഷങ്ങളില്‍ കുഞ്ഞാടിന്‍റെ വിവാഹവിരുന്നിന്‍റെ  മുന്നനുഭവം ഇവിടെ ഭൂമിയില്‍ത്തന്നെ അവര്‍ക്കു ലഭ്യമാകുന്നു:

സഭ സംയോജിപ്പിക്കുകയും സമര്‍പ്പണത്താല്‍ ശക്തിപ്പെടുത്തുകയും ആശീര്‍വാദത്താല്‍ മുദ്രിതമാക്കുകയും മാലാഖമാര്‍ പ്രഘോഷിക്കുകയും പിതാവിനാല്‍ ഉറപ്പിക്കപ്പെടുകയും ചെയ്യുന്ന വിവാഹത്തിന്‍റെ  ആനന്ദം ഞാന്‍ എങ്ങനെ വിവരിക്കും... ഒരേ പ്രത്യാശയിലും അഭിലാഷത്തിലും, ശിക്ഷണത്തിലും ശുശ്രൂഷയിലും ഒന്നായിരിക്കുന്ന രണ്ടു വിശ്വാസികള്‍ തമ്മിലുള്ള ബന്ധം എത്രയോ അദ്ഭുതാവഹം. അവര്‍ സഹോദരങ്ങളും സഹദാസരും ആത്മാവിലും ശരീരത്തിലും അവിഭക്തരും, ഒരു ശരീരത്തില്‍ രണ്ടു വ്യക്തികളുമാകുന്നു. ശരീരം ഒന്നായിരിക്കുന്നിടത്ത്‌ ആത്മാവും ഒന്നാകുന്നു. 

V. ദാമ്പത്യ സ്നേഹത്തിന്‍റെ നന്‍മകളും അവശ്യഘടകങ്ങളും

“ദാമ്പത്യസ്നേഹത്തിന്‌ ഒരു വ്യക്തിയുടെ - ശരീരത്തിന്‍റെയും ജന്‍മവാസനയുടെയും ആകര്‍ഷണം, വികാരത്തിന്‍റെയും സ്നേഹത്തിന്‍റെയും ശക്തി, ആത്മാവിന്‍റെയും ഇച്ഛയുടെയും അഭിലാഷം, എന്നിവ ഉള്‍ച്ചേരുന്ന ഒരു സാര്‍വത്രിക മാനമുണ്ട്‌. വ്യക്തികള്‍ തമ്മിലുള്ള ശാരീരികമായ ഐകൃത്തിനപ്പുറം ഹൃദയത്തിന്‍റെയും ആത്മാവിന്‍റെയും തലത്തിലുള്ള ആഴമായ ഐക്യം അതു ലക്ഷ്യമാക്കുന്നു. നിര്‍വിശങ്കമായ ആത്മദാനം സാധ്യമാക്കുന്ന അവിഭാജ്യതയും വിശ്വസ്തതയും അതാവശ്യപ്പെടുകയും ഫലപുഷ്ടിക്കു വാതില്‍ തുറക്കുകയും ചെയുന്നു. ചുരുക്കത്തില്‍, സ്വാഭാവികമായ ദാമ്പത്യസ്നേഹത്തിന്‍റെ സഹജമായ സവിശേഷതകളെല്ലാം അതിനുണ്ട്‌. പക്ഷേ, അവയ്ക്കു പുതിയൊരു മാനം കൈവരുന്നു; അത്‌ അവയെ ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും മാത്രമല്ല, സവിശേഷങ്ങളായ ക്രൈസ്തവമൂല്യങ്ങളുടെ തലത്തിലേക്ക്‌ ഉയര്‍ത്തുകയും ചെയ്യുന്നു”.

വിവാഹത്തിന്‍റെ ഏകതയും അവിഭാജ്യതയും

ദമ്പതികളുടെ സ്നേഹം അതിന്‍റെ സ്വഭാവത്താല്‍ത്തന്നെ, അവരുടെ ജീവിതത്തിന്‍റെ സര്‍വതലങ്ങളെയും സ്പര്‍ശിക്കുന്ന വൈയക്തിക കൂട്ടായ്മയുടെ ഏകതയും അവിഭാജ്യതയും ആവശ്യപ്പെടുന്നു. “ദൈവം യോജിപ്പിച്ചത്‌ മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ." “പരസ്പരം സംപൂര്‍ണമായി ആത്മദാനം ചെയ്യാമെന്ന വിവാഹവാഗ്ദാനത്തോട്‌ അനുദിനം വിശ്വസ്തത പുലര്‍ത്തിക്കൊണ്ടു നിരന്തരം കൂട്ടായ്മയില്‍ വളരാനുള്ള ആഹ്വാനമാണ്‌ ദമ്പതികള്‍ക്കു ലഭിച്ചിരിക്കുന്നത്‌.”

വിവാഹകുദാശയിലൂടെ ലഭ്യമാകുന്ന യേശുക്രിസ്തുവുമായുള്ള കൂട്ടായ്മ ഈ മാനുഷിക കൂട്ടായ്മയെ ഉറപ്പിക്കുകയും ശുദ്ധീകരിക്കുകയും പൂര്‍ണമാക്കുകയും ചെയ്യുന്നു. ഒരുമിച്ചുള്ള വിശ്വാസജീവിതവും ഒരുമിച്ചുള്ള വി.കുര്‍ബാന സ്വീകരണവും അതിനെ ആഴപ്പെടുത്തുന്നു.

“നമ്മുടെ കര്‍ത്താവു സ്പഷ്ടമായി അംഗീകരിച്ചിട്ടുള്ള വിവാഹത്തിന്‍റെ ഏകത അകമഴിഞ്ഞ പരസ്പരസ്നേഹത്താല്‍ ഭര്‍ത്താവിനും ഭാര്യയ്ക്കും നല്‍കേണ്ട തുല്യമായ അന്തസ്സില്‍ പ്രകടമാകുന്നു.”  ബഹുഭാര്യാത്വം ഈ തുല്യ അന്തസ്സിനും അവിഭക്തവും അന്യമുക്തവുമായ ദാമ്പത്യസ്നേഹത്തിനും വിരുദ്ധമാണ്‌.

ദാമ്പത്യസ്നേഹത്തിന്‍റെ  വിശ്വസ്തത

ദാമ്പത്യ സ്നേഹം അതിന്‍റെ  സ്വഭാവത്താല്‍ തന്നെ ദമ്പതികളുടെ അലംഘനീയമായ വിശ്വസ്തത ആവശ്യപ്പെടുന്നു. അവര്‍ പരസ്പരം നടത്തുന്ന ആത്മദാനത്തിന്‍റെ അനന്തരഫലമാണിത്‌. സ്നേഹം സുനിശ്ചിതത്വം ആവശ്യപ്പെടുന്നു; മറെറാരു തീരുമാനംവരെ" എന്ന നിലപാടു സാധ്യമല്ല. “രണ്ടു വ്യക്തികളുടെ പരസ്പര ദാനംവഴിയുണ്ടാകുന്ന ഗാഡമായ വൈവാഹികബന്ധവും കുട്ടികളുടെ നന്‍മയും ദമ്പതികളുടെ സംപൂര്‍ണവിശ്വസ്തതയും അഭേദ്യമായ ഐക്യവും അനിവാര്യമാകുന്നു.”

ഉടമ്പടിയോടു ദൈവത്തിന്‍റെ വിശ്വസ്തതയും സഭയോടുള്ള ക്രിസ്തുവിന്‍റെ വിശ്വസ്തതയുമാണ്‌ ഇതിന്‍റെ  ഏററവും ആഴത്തിലുള്ള പ്രേരകഘടകം. വിവാഹ കൂദാശയിലൂടെ ദമ്പതികള്‍ ഈ വിശ്വസ്തതയെ പ്രതിഫലിപ്പിക്കുവാനും അതിനു സാക്ഷ്യം നല്‍കുവാനും പ്രാപ്തരാകുന്നു. കൂദാശയിലൂടെ വിവാഹത്തിന്‍റെ അവിഭാജ്യതയ്ക്കു നവീനവും ആഴമേറിയതുമായ അര്‍ഥം കൈവരുന്നു.

ജീവിതകാലം മുഴുവനും ഒരു മനുഷ്യവ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുക വിഷമകരമായി, അസാധ്യമായിപ്പോലും തോന്നാം. അതിനാല്‍ത്തന്നെ, ദൈവം നമ്മെ സുനിശ്ചിതവും ശാശ്വതവുമായ സ്നേഹത്താല്‍ സ്നേഹിക്കുന്നുവെന്ന സുവിശേഷം പ്രഘോഷിക്കുക സുപ്രധാനമായിത്തീരുന്നു. തങ്ങളെ ബലപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഈ സ്‌നേഹത്തില്‍ ദമ്പതികള്‍ പങ്കുപറ്റുന്നു. തങ്ങളുടെതന്നെ വിശ്വസ്തതയിലൂടെ അവര്‍ക്കു ദൈവത്തിന്‍റെ വിശ്വസ്ത സ്നേഹത്തിനു സാക്ഷ്യം നല്‍കാന്‍ കഴിയും. പലപ്പോഴും വളരെ പ്രയാസമേറിയ ചുററുപാടുകളില്‍ ദൈവകൃപകൊണ്ട്‌ ഈ സാക്ഷ്യം നല്‍കുന്ന ദമ്പതികള്‍ സഭാസമൂഹത്തിന്‍റെ  നന്ദിയും പിന്തുണയും അര്‍ഹിക്കുന്നു. 

എങ്കിലും പലകാരണങ്ങളാലും ഒന്നിച്ചുതാമസിക്കുക പ്രായോഗികമായി അസാധ്യമായിത്തീരുന്ന സാഹചര്യങ്ങളുണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍ ദമ്പതികള്‍ ശാരീരികമായി വേർപിരിയുന്നതിനും സഹവാസം അവസാനിപ്പിക്കുന്നതിനും സഭ അനുവദിക്കുന്നു. അവര്‍ ദൈവത്തിന്‍റെ മുന്‍പില്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ അല്ലാതാകുന്നില്ല. അതിനാല്‍ പുതിയൊരു വിവാഹബന്ധത്തിനു സ്വാതന്ത്ര്യമില്ല. ഇത്തരം പ്രയാസമേറിയ സാഹചര്യത്തില്‍ ഏററവും നല്ല പരിഹാരം, സാധിക്കുമെങ്കില്‍, അനുരഞ്ജനമാണ്‌. ഇങ്ങനെയുള്ളവരെ അവിഭാജ്യമായ വിവാഹബന്ധത്തോടു വിശ്വസ്തത പുലര്‍ത്തിക്കൊണ്ടു ക്രിസ്തീയാന്തരീക്ഷത്തില്‍ ജീവിക്കുന്നതിന്‌ സഹായിക്കാന്‍ ക്രൈസ്തവസമൂഹത്തിനു കടമയുണ്ട്‌. 

പല സ്ഥലങ്ങളിലും സിവില്‍ കോടതിവഴി വിവാഹമോചനം നേടി സിവിൽ നിയമമനുസരിച്ചു പുതിയ വിവാഹബന്ധത്തിലേര്‍പ്പെടുന്ന ധാരാളം കത്തോലിക്കരുണ്ട്‌. “ഭാര്യയെ ഉപേക്ഷിച്ചു മറെറാരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ചു മറെറാരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയുന്നു" എന്ന യേശുക്രിസ്തുവിന്‍റെ വാക്കുകളെ മുറുകെപ്പിടിച്ചു സഭ, ആദ്യവിവാഹം സാധുവായിരുന്നെങ്കില്‍, പുതിയ വിവാഹം അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. സിവില്‍നിയമപ്രകാരം വിവാഹമോചനം നേടി വീണ്ടും വിവാഹം കഴിക്കുന്നവര്‍ ദൈവനിയമത്തിനു വിരുദ്ധമായ സ്ഥിതിവിശേഷത്തില്‍ എത്തിച്ചേരുന്നു. ഈ സ്ഥിതി തുടരുന്നിടത്തോളംകാലം അവര്‍ വിശുദ്ധകുര്‍ബാന സ്വീകരിക്കുവാന്‍ പാടില്ല. അതേ കാരണത്താല്‍ അവര്‍ക്കു സഭാത്മകമായ ചില ഉത്തരവാദിത്വങ്ങള്‍ വഹിക്കുവാനും സാധ്യമല്ല. ഉടമ്പടിയുടെ അടയാളത്തിനും ക്രിസ്തുവിനോടുള്ള വിശ്വസ്തതയ്ക്കും ഭംഗം വരുത്തിയതിനു പശ്ചാത്തപിക്കുകയും പരിപൂര്‍ണ വിരകതിയില്‍ ജീവിക്കാമെന്ന കടമ ഏറ്റെടുക്കുകയും ചെയ്യുന്നവര്‍ക്കേ അനുതാപകൂദാശയിലൂടെ അനുരഞ്ജനം നല്‍കാന്‍ പാടുള്ളു.

ഈ സ്ഥിതിയില്‍ ജീവിക്കുകയും അതേസമയം വിശ്വാസം സംരക്ഷിക്കുകയും ക്രൈസ്തവമായ രീതിയില്‍ കുട്ടികളെ വളര്‍ത്തുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ക്രൈസ്തവരോടു വൈദികരും സമൂഹം മുഴുവനും ശ്രദ്ധാപൂര്‍വകമായ താത്പര്യം കാണിക്കണം. സഭയില്‍നിന്ന്‌ അകററപ്പെട്ടതായി അവര്‍ക്കു തോന്നരുത്‌. മാമ്മോദീസ സ്വീകരിച്ചവരെന്ന നിലയില്‍ അവര്‍ക്കു സഭാജീവിതത്തില്‍ പങ്കുചേരാം, പങ്കു ചേരണം;

ദൈവവചനം ശ്രവിക്കുവാനും വി.ബലിയില്‍ സംബന്ധിക്കുവാനും പ്രാര്‍ഥനയില്‍ ഉറച്ചുനില്‍ക്കുവാനും പരസ്പര സ്നേഹപ്രവര്‍ത്തനങ്ങള്‍ക്കും നീതിക്കുംവേണ്ടിയുള്ള സമൂഹത്തിന്‍റെ പ്രയത്നങ്ങളെ സഹായിക്കുവാനും ക്രൈസ്തവവിശ്വാസത്തില്‍ കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരുവാനും പ്രായശ്ചിത്തത്തിന്‍റെ ചൈതന്യത്തില്‍ വളരുവാനും പ്രായശ്ചിത്തമനുഷ്ഠിക്കുവാനും അങ്ങനെ ദിനംപ്രതി ദൈവകൃപയ്ക്കായി യാചിക്കുവാനും അവരെ ഉദ്ബോധിപ്പിക്കണം.”

ഫലപുഷ്ടിക്കായുള്ള തുറന്ന മനസ്സ്‌  “വിവാഹമെന്ന സ്ഥാപനവും വൈവാഹികസ്നേഹവും അവയുടെ പ്രകൃതിയില്‍ത്തന്നെ സന്താനോത്പാദനത്തിനും അവരുടെ വിദ്യാഭ്യാസത്തിനുംവേണ്ടി നിയോഗിക്കപ്പെട്ടതാണ്‌. സന്താനങ്ങളിലാണ്‌ അതു മകുടം ചൂടുന്നത്‌." മക്കള്‍ വിവാഹത്തിന്‍റെ  പരമമായ ദാനവും മാതാപിതാക്കളുടെ നന്‍മയ്ക്ക്‌ നിദാനവുമാണ്‌. ദൈവം തന്നെ പറഞ്ഞു: “മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല, “ആദിയില്‍ (അവിടുന്ന്‌) അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു.” തന്‍റെ  സൃഷ്ടികര്‍മത്തില്‍ പ്രത്യേകമാംവിധം അവരെ പങ്കു ചേര്‍ക്കുവാന്‍ ആഗ്രഹിച്ച ദൈവം പുരുഷനെയും സ്ത്രീയെയും ഇപ്രകാരം അനുഗ്രഹിച്ചു: “സന്താനപുഷ്ടിയുള്ളവരായി പെരുകുക.” അതിനാല്‍, യഥാര്‍ഥ വൈവാഹിക സ്നേഹത്തിന്‍റെയും തജ്ജന്യമായ കുടുംബജീവിതസംവിധാനം മുഴുവന്‍റെയും ലക്ഷ്യം, വിവാഹത്തിന്‍റെ  മററു ലക്ഷ്യങ്ങള്‍ അവഗണിക്കാതെതന്നെ, തന്‍റെ കുടുംബത്തെ അനുദിനം വളര്‍ത്തുകയും ധന്യമാക്കുകയും ചെയ്യുന്ന സ്രഷ്ടാവും രക്ഷകനുമായവന്‍റെ സ്നേഹത്തോടു ധീരോചിതമായി സഹകരിക്കുവാന്‍ ദമ്പതികളെ സജ്ജമാക്കുക എന്നതാണ്‌. 

ദാമ്പത്യസ്നേഹത്തിന്‍റെ ഫലസമൃദ്ധി മാതാപിതാക്കള്‍ വിദ്യാഭ്യാസത്തിലൂടെ മക്കള്‍ക്കു കൈമാറുന്ന ധാര്‍മികവും ആധ്യാത്മികവും അതിസ്വാഭാവികവുമായ ജീവന്‍റെ ഫലങ്ങളിലേക്കും വ്യാപിക്കുന്നു. മാതാപിതാക്കളാണു മക്കളുടെ പ്രഥമാധ്യാപകരും പ്രധാനാധ്യാപകരും. ഈ അര്‍ഥത്തില്‍ വിവാഹത്തിന്‍റെയും കുടുംബത്തിന്‍റെയും അടിസ്ഥാനപരമായ ധര്‍മം ജീവന്‍റെ ശുശ്രൂഷയിലായിരിക്കുകയെന്നതാണ്‌. 

ദൈവം മക്കളെ നല്‍കിയിട്ടില്ലാത്ത ദമ്പതികള്‍ക്കും മാനുഷികവും ക്രൈസ്തവവുമായ തലങ്ങളില്‍ അര്‍ഥപൂര്‍ണമായ ദാമ്പത്യജീവിതം നയിക്കുവാന്‍ കഴിയും. പരസ്നേഹത്തിന്‍റെയും ആതിഥ്യമര്യാദയുടെയും ത്യാഗത്തിന്‍റെയും ഫലസമൃദ്ധി കൊണ്ട്‌ പ്രകാശം പരത്താന്‍ അവരുടെ വിവാഹത്തിനു കഴിയും.

ഗാര്‍ഹികസഭ

യൗസേപ്പിന്‍റെയും മറിയത്തിന്‍റെയും സ്‌നേഹനിര്‍ഭരമായ തിരുക്കുടുംബത്തില്‍ ജനിക്കുവാനും വളരുവാനും ക്രിസ്തു തിരുമനസ്സായി. സഭ “ദൈവകുടുംബം” അല്ലാതെ മറെറാന്നല്ല. ആരംഭം മുതല്‍ “ (തങ്ങളുടെ) കുടുംബത്തിലുള്ളവരോടൊപ്പം", വിശ്വാസം സ്വീകരിച്ചവരാണു പലപ്പോഴും സഭയുടെ മൂലകേന്ദ്രമായി  രൂപപ്പെട്ടത്‌. അവര്‍ മാനസാന്തരപ്പെട്ടപ്പോള്‍ “അവരുടെ കുടുംബം മുഴുവനും” രക്ഷിക്കപ്പെടണമെന്ന്‌ അവര്‍ ആഗ്രഹിച്ചു." വിശ്വാസം സ്വീകരിച്ച ഈ കുടുംബങ്ങള്‍ വിശ്വാസമില്ലാത്ത ലോകത്തില്‍ ക്രൈസ്തവജീവിതത്തിന്‍റെ ദ്വീപുകളായിത്തീര്‍ന്നു.

ഇക്കാലത്തും, വിശ്വാസത്തോട്‌ അനൃതാഭാവം, ചിലപ്പോഴെങ്കിലും ശത്രുതാഭാവം, പുലര്‍ത്തുന്ന ലോകത്തില്‍, സജീവവും പ്രോജ്ജ്വലവുമായ വിശ്വാസത്തിന്‍റെ കേന്ദ്രങ്ങളായി വര്‍ത്തിക്കുന്ന കുടുംബങ്ങള്‍ അങ്ങേയററം പ്രാധാന്യമര്‍ഹിക്കുന്നു. ഇക്കാരണത്താല്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസ്‌ ഒരു പുരാതനശൈലി ഉപയോഗിച്ചു കൊണ്ട്‌ കുടുംബത്തെ ഗാര്‍ഹികസഭ എന്നു വിളിക്കുന്നു. കുടുംബത്തിന്റെ മടിയില്‍ മാതാപിതാക്കള്‍ വാക്കുകൊണ്ടും മാതൃകകൊണ്ടും... തങ്ങളുടെ മക്കള്‍ക്കു വിശ്വാസത്തിന്‍റെ ആദ്യ സദേശവാഹകരാകുന്നു. ഓരോരുത്തരെയും സംബന്ധിച്ച ദൈവവിളി പ്രത്യേക ശ്രദ്ധയോടെ പരിപോഷിപ്പിക്കാന്‍ അവര്‍ കടപ്പെട്ടവരാണ്‌.” 

ഇവിടെ “കൂദാശകളുടെ സ്വീകരണം, പ്രാര്‍ഥന, കൃതജ്ഞതാപ്രകാശനം, വിശുദ്ധജീവിതസാക്ഷ്യം, ആത്മത്യാഗം, പരസ്നേഹപ്രവര്‍ത്തനം എന്നിവവഴി കുടുംബത്തിലെ പിതാവും മാതാവും മക്കളും മറ്റെല്ലാ അംഗങ്ങളും മാമ്മോദീസാ പൗരോഹിത്യം പ്രസ്പഷ്ടമായി അനുഷ്ഠിക്കുന്നു. അങ്ങനെ കുടുംബം ക്രൈസ്തവ ജീവിതത്തിന്‍റെ  പ്രഥമവിദ്യാലയവും “ഉന്നത മാനവികതയുടെ പാഠശാലയുമായിത്തീരുന്നു. ഇവിടെ വ്യക്തികള്‍ സഹനശക്തിയും ജോലിയിലുള്ള ആഹ്ളാദവും സഹോദര സ്നേഹവും  ഉദാരവും ആവര്‍ത്തിച്ചുപോലുമുള്ള മാപ്പുനല്‍കലും, സര്‍വോപരി, പ്രാര്‍ഥനയിലൂടെയും ജിീവിതസമര്‍പ്പത്തിലൂടെയുമുള്ള ദൈവരാധനയും പരിശീലിക്കുന്നു.

എണ്ണത്തില്‍ ഒട്ടും കുറവല്ലാത്ത ഏകസ്ഥരെയും നാം ഓര്‍ക്കണം. അവര്‍ ജീവിക്കേണ്ടിവരുന്ന - പലപ്പോഴും ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്ന - സാഹചര്യങ്ങള്‍മൂലം അവര്‍ യേശുവിന്റെ ഹൃദയത്തോടു പ്രത്യേകമാംവിധം അടുത്തു വസിക്കുന്നവരാണ്‌. തന്‍മൂലം സഭയുടെ, പ്രത്യേകിച്ച്‌ അജപാലകരുടെ പ്രത്യേക സ്നേഹവും താത്പര്യവും അവര്‍ അര്‍ഹിക്കുന്നു. പലപ്പോഴും ദാരിദ്ര്യം നിമിത്തമാണു പലരും മാനുഷികമായ കുടുംബം ഇല്ലാത്തവര്‍ ആയിരിക്കുന്നത്‌. ദൈവത്തിനും സഹോദരങ്ങള്‍ക്കും മാതൃകാപരമായി ശുശ്രൂഷചെയ്തുകൊണ്ട്‌, സുവിശേഷഭാഗ്യങ്ങളുടെ ചൈതന്യത്തില്‍ ജീവിക്കുന്ന ചിലരുമുണ്ട്‌. “ഗാര്‍ഹിക സഭകളാകുന്ന” കുടുംബങ്ങളുടെയും സഭയാകുന്ന വലിയ കുടുംബത്തിന്‍റെയും കവാടങ്ങള്‍ അവര്‍ക്കെല്ലാവര്‍ക്കുമായി തുറന്നിടണം. “ഈ ലോകത്തില്‍ ഒരു കുടുംബമില്ലാത്ത ആരുമില്ല; കാരണം, സഭ എല്ലാവര്‍ക്കും, പ്രത്യകിച്ച്‌ “അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരംചുമക്കുന്നവര്‍ക്കും” വീടും കുടുംബവുംമാണ്‌. "

സംഗ്രഹം 

വി.പൗലോസ്‌ പറയുന്നതു; “ഭർത്താക്കന്മാരെ  മിശിഹാ തന്‍റെ സഭയെ സ്നേഹിച്ചപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുവിൻ ... ഇതൊരു വലിയ രഹസ്യമാണ്‌. സഭയോടും ക്രിസ്തുവിനോടും ബന്ധപ്പെടുത്തിയാണ് ഞാനിതു പറയുന്നത്‌ ” (Eph 5:25,32)

സ്ത്രീയും  പുരുഷനും തമ്മിൽ  ജീവിതത്തിന്റെയും സ്നേഹത്തിന്‍റെയും ഗാഢമായ ഐക്യം ഉളവാക്കുന്ന വിവാഹഉടമ്പടി സൃഷ്ടാവ് സ്ഥാപിച്ചിട്ടുള്ളതും പ്രേത്യേക നിയമങ്ങളാൽ ഉറപ്പിച്ചിട്ടുള്ളതുമാകുന്നു . ദമ്പതികളുടെ നന്മയും  സന്താനോത്പാദനവും വിദ്യാഭ്യാസവുമാണ്‌ അതിന്‍റെ സഹജവും സ്ഥാപിതവുമായ ലക്ഷ്യങ്ങൾ. മാമ്മോദീസ സ്വീകരിച്ചവർ തമ്മിലുള്ള വിവാഹത്തെ കർത്താവായ ക്രിസ്തു ഒരു കൂദാശയുടെ പദവിയിലേക്ക് ഉയർത്തുകയുണ്ടായി. (cf.CIC.can,1055 § 1:cf.Gs 48 § 1)

വിവാഹകൂദാശ ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. ക്രിസ്തു തന്റെ സഭയെ സ്‌നേഹിച്ച ആ സ്‌നേഹംകൊണ്ടു പരസ്പരം സ്നേഹിക്കുവാൻ അത് ദമ്പതികൾക്കു കൃപാവരം നൽകുന്നു. ഇങ്ങനെ കൂദാശയുടെ കൃപാവരം ദമ്പതികളുടെ മാനുഷികസ്നേഹത്തെ പൂർണമാക്കുകയും അവർ തമ്മിലുള്ള അവിഭാജ്യമായ ഐക്യത്തെ ശക്തിപെടുത്തുകയും നിത്യജീവിതത്തിലേക്കുള്ള വഴിയിൽ അവരെ വിശുദ്ധീകരിക്കുകയും ചെയ്യുന്നു. ( cf. Council of Trent: DS 1799). 

വിവാഹപങ്കാളികളുടെ സമ്മതമാണു വിവാഹത്തിന്‍റെ അടിസ്ഥാനം; അതായത്‌, വിശ്വസ്തവും ഫലദായകവുമായ സ്നേഹത്തിന്റെ ഉടമ്പടി അനുസരിച്ചു ജിവിക്കുവാൻ വേണ്ടി ഓരോരുത്തരും പരസ്പരം ആത്യന്തികമായ ആത്മദാനം ചെയ്യുവാനുള്ള ഇരുവരുടെയും തീരുമാനം.

സഭയിൽ പരസ്യമായ ഒരു ജീവിതാന്തസിൽ ദമ്പതികളെ സ്ഥാപിക്കുന്നു എന്നതിനാൽ വിവാഹത്തിന്‍റെ ആഘോഷം പരസ്യമായി ആരാധനാഘോഷത്തിനിടയിൽ , പുരോഹിതന്‍റെയും  (അല്ലെങ്കിൽ സഭ അധികാരപ്പെടുത്തുന്ന സാക്ഷിയുടെയും) സാക്ഷികളുടെയും, വിശ്വാസികളുടെയും സമൂഹത്തിന്‍റെയും മുൻപാകെ നടത്തേണ്ടതാണ്‌.

ഏകത, അവിഭാജ്യത, ഫലപുഷ്ടിയോടുള്ള തുറന്ന മനസ് എന്നിവ വിവാഹത്തിന്‌ അത്യാവശ്യമായ ഘടകങ്ങളാണ്‌. ബഹുഭാര്യാത്വം വിവാഹത്തിന്‍റെ ഏകതയ്ക്കു വിരുദ്ധമാണ്‌. വിവാഹമോചനം ദൈവം യോജിപ്പിച്ചതിനെ വേർപ്പെടുത്തുന്നതാണ്. ഫലപുഷ്‌ടിയുടെ നിരസിക്കൽ വിവാഹജീവിതത്തെ അതിന്‍റെ "പരമദാന"മായ ശിശുവിൽ നിന്ന്‌ അകറ്റുന്നു ( GS 50 §1) 

ജീവിച്ചിരിക്കുന്ന നിയമാനുസൃത പങ്കാളിയിൽ നിന്ന് മോചനം നേടിയ വ്യക്തികളുടെ പുനർവിവാഹം ക്രിസ്തു പഠിപ്പിച്ച ദൈവിക പദ്ധതിക്കും നിയമത്തിനും എതിരാണ്‌. അവർ സഭയിൽ നിന്ന്‌ അകറ്റപെട്ടിട്ടില്ല. പക്ഷെ അവർക്ക് വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ല. പ്രധാനമായും, കുട്ടികൾക്കു വിശ്വാസ പരിശീലനം നൽകികൊണ്ട് അവർ ക്രൈസ്തവജീവിതം നയിക്കുന്നു.

മക്കൾ വിശ്വാസത്തിന്‍റെ ആദ്യസന്ദേശം സ്വീകരിക്കുന്നിടമാണ് ക്രൈസ്തവ കുടുംബം. അതിനാൽ  കുടുംബഭവനം സമുചിതമായി “ഗാർഹികസഭ" ” എന്നു വിളിക്കപ്പെടുന്നു. അത്‌ കൃപാവരത്തിന്റെയും പ്രാർഥനയുടെയും സമൂഹവും മാനുഷിക സുകൃതങ്ങളുടെയും ക്രൈസ്തവസ്നേഹത്തിന്റെയും പരിശീലനകളരിയുമാണ്. 

വിവാഹമെന്ന കൂദാശ വിവാഹം ദൈവിക പദ്ധതിയില്‍ കര്‍ത്താവിലുള്ള വിവാഹം വിവാഹത്തിന്‍റെ ആഘോഷം വിവാഹസമ്മതം ഗാര്‍ഹികസഭ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message