We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Religious teaching of the Catholic Church On 02-May-2023
അധ്യായം മൂന്ന്
ദൈവത്തോടുള്ള മനുഷ്യന്റെ പ്രതികരണം
“അദൃശ്യനായ ദൈവം വെളിപാടിലൂടെ തന്റെ സ്നേഹത്തിന്റെ തികവില്‍നിന്നു മനുഷ്യരോടു സ്വമിത്രങ്ങളോടെന്നപോലെ സംഭാഷിക്കുന്നു; തന്റെ സൗഹൃദവലയത്തിലേക്ക് അവരെ ക്ഷണിക്കേണ്ടതിനും സ്വീകരിക്കേണ്ടതിനുമായി അവിടുന്ന് അവർക്കിടയില്‍ ചരിക്കുന്നു”. ഈ ക്ഷണത്തിനു മനുഷ്യർ നല്‍കുന്ന സമുചിത പ്രത്യുത്തരമാണു വിശ്വാസം.
വിശ്വാസംവഴി മനുഷ്യന്‍ തന്റെ ബുദ്ധിയെയും മനസ്സിനെയും പൂർണമായി ദൈവത്തിനു സമർപ്പിക്കുന്നു. സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിനു മനുഷ്യന്‍ തന്റെ അസ്തിത്വം മുഴുവന്‍ സമർപ്പിച്ചുകൊണ്ട് പ്രത്യുത്തരം നല്‍കുന്നു. വെളിപാടിന്റെ കർത്താവിനു മനുഷ്യന്‍ നല്‍കുന്ന പ്രത്യുത്തരത്തെ “വിശ്വാസത്തിന്റെ അനുസരണമെന്നാണ്" വി.ഗ്രന്ഥം വിളിക്കുന്നത്.
വകുപ്പ് I
ഞാന്‍ വിശ്വസിക്കുന്നു
I. വിശ്വാസത്തിന്റെ അനുസരണം
വിശ്വാസത്തില്‍ അനുസരിക്കുക (ലത്തീന്‍ ob-audire = “ശ്രവിക്കുക”, “ശ്രദ്ധിക്കുക”) എന്നതുകൊണ്ടർഥമാക്കുന്നത് ശ്രവിച്ച വചനത്തോടുള്ള സ്വതന്ത്രമായ അനുവിധേയത്വമാണ്; ഈ വചനത്തിന്റെ സത്യത്തിനു സത്യംതന്നെയായ ദൈവമാണ് ഉറപ്പുനൽകുന്നത്. ഇത്തരത്തിലുള്ള അനുസരണത്തിനു മാതൃകയായി നമ്മുടെ മുന്‍പില്‍ വി.ഗ്രന്ഥം അവതരിപ്പിക്കുന്നത് അബ്രാഹത്തെയാണ്. വിശ്വാസത്തിന്റെ, അനുസരണത്തിന്റെ ഏറ്റവും പൂർണമായ മൂർത്തഭാവമാണ് കന്യകാമറിയം.
അബ്രാഹം- “വിശ്വസിക്കുന്ന എല്ലാവരുടെയും പിതാവ് "
ഹെബ്രായർക്കുള്ള ലേഖനം ഇസ്രായേലിന്റെ പൂർവപിതാക്കന്‍മാരുടെ വിശ്വാസത്തെ പ്രശംസിക്കവേ അബ്രാഹത്തിന്റെ വിശ്വാസത്തിനു പ്രത്യേകം പ്രാധാന്യം നല്‍കുന്നു. “തനിക്ക് അവകാശമായി ലഭിക്കുവാന്‍ ഉള്ള സ്ഥലത്തേക്കു പോകാന്‍ വിളിക്കപ്പെട്ടപ്പോള്‍ അബ്രാഹം വിശ്വാസംമൂലം അനുസരിച്ചു; എവിടേക്കാണു പോകേണ്ടതെന്നറിയാതെതന്നെയാണ് അവന്‍ പുറപ്പെട്ടത്". വിശ്വാസംമൂലം വാഗ്ദത്തഭൂമിയില്‍ ഒരു പരദേശിയും തീർഥാടകനുമായി അദ്ദേഹം ജീവിച്ചു. വിശ്വാസംമൂലം സാറാ വാഗ്ദാനത്തിന്റെ പുത്രനെ ഗർഭം ധരിക്കാന്‍ കൃപ സ്വീകരിച്ചു. വിശ്വാസംമൂലം, അബ്രാഹം തന്റെ ഏകപുത്രനെ ബലിയായി സമർപ്പിച്ചു."
ഹെബ്രായർക്കുള്ള ലേഖനം വിശ്വാസത്തിനു നല്‍കുന്ന നിർവചനം അബ്രാഹത്തില്‍ സാക്ഷാത്കരിക്കപ്പെടുന്നു; “വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോദ്ധ്യവുമാണ്.” “അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു; അത് അവനു നീതിയായി പരിഗണിക്കപ്പെട്ടു”. “സുശക്തമായ വിശ്വാസം” മൂലം അബ്രാഹം “വിശ്വസിക്കുന്ന എല്ലാവരുടെയും പിതാവായിത്തീർന്നു. "
ഈ വിശ്വാസത്തിന്റെ സാക്ഷികളെക്കൊണ്ടു സമ്പന്നമാണു പഴയനിയമം. “ദൈവികമായ അംഗീകാരം സിദ്ധിച്ച പൂർവികരുടെ മാതൃകായോഗ്യമായ വിശ്വാസത്തെ ഹെബ്രായർക്കുള്ള ലേഖനം പ്രശംസിക്കുന്നുണ്ട്. ഇങ്ങനെയാണെങ്കിലും “ദൈവം നമുക്കായി കൂടുതല്‍ ശ്രേഷ്ഠമായതു കരുതിയിട്ടുണ്ടായിരുന്നു”: “നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂർണതയിലെത്തിക്കുന്നവനുമായ” ദൈവപുത്രനായ യേശുവില്‍ വിശ്വസിക്കുവാനുള്ള വരം.
മറിയം- “വിശ്വസിച്ചവള്‍ ഭാഗ്യവതി”
വിശ്വാസാനുസരണത്തിന്റെ ഏറ്റവും പൂർണമായ മൂർത്തീഭാവമാണു കന്യകാമറിയം. “ദൈവത്തിന് ഒന്നും അസാധ്യമല്ല” എന്നു വിശ്വസിക്കുകയും “ഇതാ കർത്താവിന്റെ ദാസി നിന്റെ വചനം പോലെ എന്നില്‍ സംഭവിക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് തന്റെ സമ്മതം നല്‍കുകയും ചെയ്ത മറിയം ഗബ്രിയേൽദൂതന്‍ നല്‍കിയ സന്ദേശവും വാഗ്ദാനവും വിശ്വാസപൂർവം സ്വീകരിച്ചു. “കർത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്നു വിശ്വസിച്ചവള്‍ ഭാഗ്യവതി" എന്നുപറഞ്ഞുകൊണ്ട് എലിസബത്ത് മറിയത്തെ അഭിവാദനം ചെയ്തു. ഈ വിശ്വാസംനിമിത്തമാണ് പരിശുദ്ധകന്യകാമറിയത്തെ എല്ലാ തലമുറകളും ഭാഗ്യവതി എന്നു പ്രകീർത്തിക്കുന്നത്.
തന്റെ ജീവിതകാലം മുഴുവനും, പുത്രനായ യേശു കുരിശില്‍ മരിച്ചപ്പോളുണ്ടായ അവസാനപരീക്ഷണഘട്ടത്തിലും മറിയത്തിന്റെ വിശ്വാസം അചഞ്ചലമായിരുന്നു. ദൈവവചനം നിറവേറും എന്ന വിശ്വാസം മറിയം ഒരിക്കലും ഉപേക്ഷിച്ചില്ല. ഇക്കാരണത്താല്‍, വിശ്വാസത്തിന്റെ ഏറ്റവും സംശുദ്ധമായ സാക്ഷാത്കാരമായി മറിയത്തെ സഭ വണങ്ങുന്നു.
II. “ ഞാന്‍ ആരിലാണു വിശ്വാസമർപ്പിച്ചിരിക്കുന്നതെന്ന് എനിക്ക് അറിയാം"
ദൈവത്തില്‍ മാത്രം വിശ്വസിക്കുക
വിശ്വാസമെന്നത്, മനുഷ്യനു ദൈവത്തോടുള്ള വ്യക്തിപരമായ അടുപ്പമാണ്. അതേസമയം അനിവാര്യമായി ദൈവാവിഷ്കൃതസത്യത്തിനു മുഴുവനായും മനുഷ്യർ നല്‍കുന്ന സ്വതന്ത്രസമ്മതവുമാണു വിശ്വാസം. ദൈവത്തോടുള്ള വ്യക്തിപരമായ അടുപ്പം എന്നനിലയിലും, അവിടുത്തെ സത്യത്തിനു നല്‍കുന്ന സമ്മതമെന്ന നിലയിലും ക്രിസ്തീയവിശ്വാസം മനുഷ്യനില്‍ നാമർപ്പിക്കുന്ന വിശ്വാസത്തില്‍നിന്ന് വിഭിന്നമായിരിക്കുന്നു. ദൈവത്തിന് തന്നെത്തന്നെ പൂർണമായി അർപ്പിക്കുകയും അവിടുന്ന് അരുള്‍ ചെയ്യുന്ന കാര്യങ്ങളെ നിരുപാധികം വിശ്വസിക്കുകയും ചെയ്യുക നല്ലതും യുക്തവുമാണ്. ഇത്തരം വിശ്വാസം ഒരു സൃഷ്ടിയില്‍ അർപ്പിച്ചാല്‍ അതു നിരർഥകവും അബദ്ധപൂർണവുമായിരിക്കും.
ദൈവപുത്രനായ യേശുക്രിസ്തുവില്‍ വിശ്വസിക്കുക
ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ദൈവത്തില്‍ “വിശ്വസിക്കുക” എന്നത് ദൈവം അയച്ചവനില്‍, അവിടുത്തെ സംപ്രീതിക്കു പാത്രമായ അവിടുത്തെ പ്രിയപുത്രനില്‍", വിശ്വസിക്കുകയെന്നതില്‍നിന്ന് വേർപെടുത്താനാവില്ല. അവനെ ശ്രവിക്കാന്‍ ദൈവം നമ്മെ ആഹ്വാനം ചെയ്യുന്നു. കർത്താവുതന്നെ തന്റെ ശിഷ്യന്‍മാരോടു പറഞ്ഞു; ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍.” യേശുക്രിസ്തു ശരീരംധരിച്ച വചനമായ ദൈവം തന്നെയാകയാല്‍ അവനില്‍ നമുക്ക് വിശ്വസിക്കാനാകും. "ആരും ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല; പിതാവിന്റെ മടിയിലിരിക്കുന്ന ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്." “പിതാവിനെ ദർശിച്ചവനാണ്” എന്ന കാരണത്താല്‍ അവിടുത്തെ അറിയുന്നവനും അവിടുത്തെ വെളിപ്പെടുത്തുവാന്‍ കഴിവുള്ളവനും യേശുക്രിസ്തു മാത്രമാണ്.
പരിശുദ്ധാത്മാവില്‍ വിശ്വസിക്കുക
പരിശുദ്ധത്മാവുമായി പങ്കാളിത്തമില്ലാതെ യേശുക്രിസ്തുവില്‍ വിശ്വസിക്കുക ഒരുവനു സാധ്യമല്ല. യേശു ആരാണെന്നു മനുഷ്യർക്കു വെളിപ്പെടുത്തിത്തരുന്നതു പരിശുദ്ധാത്മാവാണ്; “കാരണം പരിശുദ്ധാത്മാവിനാല്‍ പ്രചോദിതനാകാതെ, 'യേശു കർത്താവാകുന്നു' എന്നു പറയാന്‍ ആർക്കും സാധിക്കുകയില്ല." പരിശുദ്ധാത്മാവ് എല്ലാറ്റിനെയും, ദൈവത്തിന്റെ നിഗൂഢരഹസ്യങ്ങളെപോലും പരിശോധിക്കുന്നു. ദൈവാത്മാവല്ലാതെ മറ്റാരും ദൈവത്തിന്റെ ചിന്തകളെ ഗ്രഹിക്കുന്നില്ല. ദൈവത്തിനുമാത്രമേ ദൈവത്തെ പൂർണമായി അറിയാന്‍ കഴിയൂ. നാം പരിശുദ്ധാത്മാവില്‍ വിശ്വസിക്കുന്നു. കാരണം, അവിടുന്നു ദൈവമാണ്.
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏക ദൈവത്തിലുള്ള തന്റെ വിശ്വാസം പ്രഖ്യാപിക്കുന്നതില്‍നിന്നു സഭ ഒരിക്കലും വിരമിക്കുന്നില്ല.
III. വിശ്വാസത്തിന്റെ സവിശേഷതകള്‍
വിശ്വാസം ഒരു കൃപാവരം
യേശു, ജിവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണെന്ന് പത്രോസു പ്രഖ്യാപിച്ചപ്പോള്‍, അവിടുന്നു പത്രോസിനോടു പറഞ്ഞു: ഈ വെളിപ്പെടുത്തല്‍ വന്നതു "മാംസരക്തങ്ങളില്‍" നിന്നല്ല, പ്രത്യുത, “സ്വർഗസ്ഥനായ എന്റെ പിതാവില്‍ നിന്നാണ്". വിശ്വാസം ഒരു ദൈവദാനമാണ്; ദൈവം മനുഷ്യനിലേക്കു നിശ്വസിക്കുന്ന പ്രകൃത്യതീതസുകൃതമാണിത്. “ഈ വിശ്വാസം പ്രവൃത്തി പഥത്തിലാക്കുന്നതിനുമുന്‍പ് മനുഷ്യനെ ചലിപ്പിക്കാനും സഹായിക്കാനും ദൈവത്തിന്റെ കൃപയും പരിശുദ്ധാത്മാവിന്റെ ആന്തരിക സഹായങ്ങളും ആവശ്യമാണ്. അവിടുന്ന് ഹൃദയത്തെ ചലിപ്പിക്കുകയും ദൈവത്തിങ്കലേക്കു തിരിക്കുകയും മനസ്സിന്റെ നേത്രങ്ങളെ തുറക്കുകയും ചെയ്യുന്നു. “സത്യത്തെ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നത് എല്ലാവർക്കും ആസ്വാദ്യകരമാക്കുന്നതും' പരിശുദ്ധാത്മാവു തന്നെ.”
വിശ്വാസം ഒരു മാനുഷികപ്രവൃത്തി
കൃപാവരവും പരിശുദ്ധാത്മാവിന്റെ ആന്തരികസഹായങ്ങളുംകൂടാതെ വിശ്വസിക്കുക സാധ്യമല്ല. എങ്കിലും, വിശ്വാസം യഥാർഥത്തില്‍ ഒരു മാനുഷിക പ്രവൃത്തിയാണ്. ദൈവത്തില്‍ ആശ്രയിക്കുകയും അവിടുന്നു വെളിപ്പെടുത്തിയിട്ടുള്ള സത്യങ്ങളെ ആശ്ശേഷിക്കുകയും ചെയ്യുക മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും യുക്തിക്കും വിരുദ്ധമല്ല. മാനുഷികബന്ധങ്ങളില്‍പോലും മറ്റു മനുഷ്യർ തങ്ങളെപ്പറ്റിയും തങ്ങളുടെ ഉദ്ദേശ്യങ്ങളെപ്പറ്റിയും നമ്മോടു പറയുന്നവയില്‍ വിശ്വസിക്കുന്നതു നമ്മുടെ അന്തസ്സിനു വിരുദ്ധമല്ല. അതുപോലെതന്നെ പരസ്പരം പങ്കുവയ്ക്കുന്ന ഒരു ജീവിതകുട്ടായ്മയ്ക്കുവേണ്ടി മറ്റു മനുഷ്യർ നല്‍കുന്ന വാഗ്ദാനങ്ങളെ (ഉദാഹരണത്തിന് ഒരു സ്ത്രീയും ഒരു പുരുഷനും തമ്മില്‍ വിവാഹിതരാകുമ്പോള്‍) വിശ്വസിക്കുന്നതും നമ്മുടെ അന്തസ്സിനു ഹാനികരമല്ല. അങ്ങനെയാണെങ്കില്‍ “സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിനു നമ്മുടെ ബുദ്ധിയുടെയും മനസ്സിന്റെയും പൂർണവിധേയത്വം സമർപ്പിക്കുകയും" ദൈവവുമായി ആന്തരികൈക്യം പ്രാപിക്കുകയും ചെയ്യുന്നതു നമ്മുടെ അന്തസ്സിന് ഒരു തരത്തിലും കോട്ടംവരുത്തുന്നില്ല.
വിശ്വാസത്തില്‍ മനുഷ്യബുദ്ധിയും മനസ്സും ദൈവകൃപയോടു സഹകരിക്കുന്നു: “വിശ്വസിക്കുക എന്നത് കൃപാവരംമുഖേന ദൈവത്താല്‍ ഉത്തേജിതമായി, ഇച്ഛാശക്തിയുടെ ആജ്ഞാനുസാരം ദൈവികസത്യത്തിന്, സമ്മതമരുളുന്ന ബുദ്ധിയുടെ ഒരു പ്രവർത്തനമാണ്.”
വിശ്വാസവും ബുദ്ധിയും
ആവിഷ്കൃതസത്യങ്ങള്‍ നമ്മുടെ സ്വാഭാവിക ബുദ്ധിയുടെ വെളിച്ചത്തില്‍ സത്യവും സുഗ്രാഹ്യവുമായി കാണപ്പെടുന്നു എന്ന വസ്തുതയല്ല വിശ്വസിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. പ്രത്യുത, അവ വെളിപ്പെടുത്തുന്ന ദൈവത്തിന്റെ, വഞ്ചിക്കുവാനോ വഞ്ചിക്കപ്പെടുവാനോ കഴിയാത്ത ദൈവത്തിന്റെ, ആധികാരികതയുടെ അടിസ്ഥാനത്തിലാണു നാം വിശ്വസിക്കുന്നത്. “ഇങ്ങനെയാണെങ്കിലും നമ്മുടെ വിശ്വാസ വിധേയത്വം യുക്തിക്ക് അനുസൃതമായിരിക്കേണ്ടതിനായി പരിശുദ്ധാത്മാവിന്റെ ആന്തരിക സഹായങ്ങള്‍ക്കൊപ്പം ദൈവാവിഷ്കരണത്തിന്റെ ബാഹ്യമായ തെളിവുകളും ഉണ്ടായിരിക്കണമെന്നു ദൈവം തിരുമനസ്സായി.” ക്രിസ്തുവിന്റെയും വിശുദ്ധരുടെയും അദ്ഭുതങ്ങളും പ്രവചനങ്ങളും, സഭയുടെ വളർച്ചയും വിശുദ്ധിയും, അവളുടെ ഫലപുഷ്ടിയും സ്ഥിരതയും, ദൈവാവിഷ്കരണത്തിന്റെ ഏറ്റവും ഉറപ്പുള്ളവയും “സർവരുടെയും ബുദ്ധിക്ക് ഇണങ്ങുന്നവയുമായ അടയാളങ്ങളാണ്.” വിശ്വാസം നല്‍കുന്ന വിധേയത്വം, “യാതൊരുവിധത്തിലും, മനസ്സിന്റെ അന്ധമായ ഒരു പ്രേരണയല്ല' എന്നു കാണിച്ചുതരുന്ന “വിശ്വാസ്യതയുടെ പ്രേരകഘടകങ്ങ"ളാണവ (motiva credibilitatis).
വിശ്വാസം ഉറപ്പുള്ളതാണ്: മാനുഷികജ്ഞാനത്തെക്കാളെല്ലാം ഉറപ്പേറിയതാണു വിശ്വാസം. കാരണം, അസത്യംപറയാന്‍ കഴിയാത്ത ദൈവത്തിന്റെതന്നെ വചനത്തിലാണു വിശ്വാസം അധിഷ്ഠിതമായിരിക്കുന്നത്; എങ്കിലും, ആവിഷ്കൃതസത്യങ്ങള്‍ ചിലപ്പോള്‍ മനുഷ്യന്റെ യുക്തിക്കും അനുഭവത്തിനും അസ്പഷ്ടമായി തോന്നിയേക്കാം. എന്നാലും “ദൈവികപ്രകാശം പ്രദാനം ചെയ്യുന്ന ഉറപ്പു മനുഷ്യന്റെ സ്വാഭാവികബുദ്ധിയുടെ വെളിച്ചം പ്രദാനംചെയ്യുന്ന ഉറപ്പിനെക്കാള്‍ മഹത്തരമാണ്.” പതിനായിരം വൈഷമ്യങ്ങള്‍ക്കുപോലും ഒരു സംശയം ജനിപ്പിക്കാന്‍ സാധ്യമല്ല.”
“വിശ്വാസം യുക്തി അന്വേഷിക്കുന്നു: ദൈവത്തില്‍ വിശ്വസിക്കുന്ന ഒരുവന്‍ ദൈവത്തെ കൂടുതല്‍ അറിയുന്നതിനും അവിടുന്നു വെളിപ്പെടുത്തിയ സത്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുന്നതിനും ആഗ്രഹിക്കുക സ്വാഭാവികമാണ്. വിശ്വാസ വിഷയങ്ങളില്‍ കൂടുതല്‍ ആഴമുള്ള അറിവ് ദൃഢതരമായ വിശ്വാസത്തിനു വഴിയൊരുക്കുന്നു; സ്നേഹാഗ്നിയില്‍ ഉപര്യുപരി ജ്വലിക്കുന്ന ഒരു വിശ്വാസമായി ഇതു ഭവിക്കുന്നു. വിശ്വാസത്തിന്റെ കൃപാവരം “ഹൃദയനേത്രങ്ങളെ" വെളിപാടിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള സജീവമായ ബോധ്യത്തിലേക്കു തുറക്കുന്നു; അതായത് മുഴുവന്‍ ദൈവികപദ്ധതിയെക്കുറിച്ചും വിശ്വാസരഹസ്യങ്ങളെക്കുറിച്ചും പ്രസ്തുത രഹസ്യങ്ങള്‍ക്കു പരസ്പരവും ആവിഷ്കൃത സത്യത്തിന്റെ കേന്ദ്രമായ മിശിഹായോടുമുള്ള ബന്ധത്തെക്കുറിച്ചുമുള്ള സജീവബോധ്യത്തിലേക്കു ഹൃദയനേത്രങ്ങളെ തുറക്കുന്നു. “ദൈവാവിഷ്കരണത്തെക്കുറിച്ചുള്ള ജ്ഞാനത്തിന്റെ ആഴം ഉപര്യുപരി വർധിപ്പിക്കുന്നതിനു പരിശുദ്ധാത്മാവു തന്റെ ദാനങ്ങള്‍ വർഷിച്ചുകൊണ്ട് വിശ്വാസത്തെ നിരന്തരം പൂർണമാക്കുന്നു.” വിശുദ്ധ ആഗസ്തീനോസു പറയുന്നു: “വിശ്വസിക്കാന്‍ വേണ്ടി ഗ്രഹിക്കുക; ഗ്രഹിക്കാന്‍ വേണ്ടി വിശ്വസിക്കുക."
വിശ്വാസവും ശാസ്ത്രവും: "വിശ്വാസം യുക്തിക്ക് അതീതമാണെങ്കിലും, വിശ്വാസവും യുക്തിയും തമ്മില്‍ ഒരിക്കലും വൈരുദ്ധ്യമില്ല; മനുഷ്യനു ദിവ്യരഹസ്യങ്ങള്‍ വെളിപ്പെടുത്തുകയും അവനില്‍ വിശ്വാസം ജനിപ്പിക്കുകയും ചെയ്യുന്ന ദൈവംതന്നെയാണ് മനുഷ്യനിൽ ബുദ്ധിയുടെ പ്രകാശം നിക്ഷേപിച്ചതും. തന്മൂലം ദൈവത്തിന് തന്നെത്തന്നെ നിഷേധിക്കാനാവില്ല. അതുപോലെ സത്യം ഒരിക്കലും സത്യത്തിനു വിരുദ്ധമാവുകയില്ല.” “ഇക്കാരണത്താല്‍ വിജ്ഞാനത്തിന്റെ വിവിധ മേഖലകളിലുള്ള ക്രമബദ്ധമായ ഗവേഷണങ്ങള്‍, അവ യഥാർഥത്തില്‍ ശാസ്ത്രീയരീതിയിലും ധാർമികനിയമങ്ങളനുസരിച്ചും നടത്തുന്നെങ്കില്‍, ഒരിക്കലും വിശ്വാസ വിരുദ്ധമാകുന്നില്ല: കാരണം, ലൗകിക യാഥാർഥ്യങ്ങളുടെയും വിശ്വാസ യാഥാർഥ്യങ്ങളുടെയും ഉറവിടം ഒരേ ദൈവംതന്നെയാണ്. സ്ഥിരോത്സാഹത്തോടും വിനയത്തോടുംകുടി പ്രപഞ്ചരഹസ്യങ്ങളിലേക്കു കടന്നുചെല്ലാന്‍ ശ്രമിക്കുന്നവന്‍ അവനറിയാതെതന്നെ ദൈവകരത്താല്‍ നയിക്കപ്പെടുന്നു. എല്ലാറ്റിനെയും നിലനിർത്തുന്ന ദൈവമാണ് അവയ്‌ക്കെല്ലാം തനതായ രൂപഭാവങ്ങള്‍ നല്‍കിയത്.”
വിശ്വാസത്തിന്റെ സ്വാതന്ത്യം
വിശ്വാസം മാനുഷികമാകുന്നതിന്, “മനുഷ്യന്‍ നല്‍കുന്ന വിശ്വാസത്തിന്റെ പ്രത്യുത്തരം സ്വത്രന്തമായിരിക്കണം; ഇക്കാരണത്താല്‍, സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായി വിശ്വാസം സ്വീകരിക്കാന്‍ ആരിലും സമ്മർദം ചെലുത്താന്‍ പാടില്ല; പ്രകൃത്യാതന്നെ വിശ്വാസ പ്രഖ്യാപനം ഒരു സ്വതന്ത്രപ്രവർത്തനമാണ്.” “ആത്മാവിലും സത്യത്തിലും തന്നെ സേവിക്കുവാന്‍ ദൈവം മനുഷ്യനെ വിളിക്കുന്നു. തന്‍മൂലം ഇത് സ്വീകരിക്കുവാന്‍ മനുഷ്യന്‍ തന്റെ മന:സാക്ഷിയില്‍ ചുമതലപ്പെട്ടവനാണെങ്കിലും അതിനായി അവന്‍ നിർബന്ധിക്കപ്പെടുന്നില്ല. ഈ സത്യം അതിവിശിഷ്ടമായി യേശുക്രിസ്തുവില്‍ പ്രകടമായി.” വിശ്വാസത്തിലേക്കും മാനസാന്തരത്തിലേക്കും ക്രിസ്തു ജനങ്ങളെ ക്ഷണിച്ചു. പക്ഷേ യാതൊരുവിധസമ്മർദവും അവരുടെമേല്‍ ചെലുത്തിയില്ല. “അവിടുന്നു സത്യത്തിനു സാക്ഷ്യംവഹിച്ചു; എങ്കിലും അതിനെ എതിർത്തവരുടെമേല്‍ അത് അടിച്ചേല്‍പിക്കാന്‍ അവിടുന്ന് ആഗ്രഹിച്ചില്ല. ക്രിസ്തുവിന്റെ രാജ്യം വളരുന്നത് കുരിശില്‍ ഉയർത്തപ്പെട്ട അവിടുന്ന് എല്ലാ മനുഷ്യരെയും തന്നിലേക്ക് ആകർഷിക്കുന്ന സ്നേഹം കൊണ്ടാണ്."
വിശ്വാസത്തിന്റെ ആവശ്യകത
യേശുക്രിസ്തുവിലും, നമ്മുടെ രക്ഷയ്ക്കായി അവിടുത്തെ അയച്ചവനിലും വിശ്വസിക്കുക നിത്യരക്ഷാപ്രാപ്തിക്ക് ആവശ്യമാണ്. കാരണം, “ദൈവത്തെ പ്രസാദിപ്പിക്കുന്നതിനും” അവിടുത്തെ മക്കളുടെ സംസർഗത്തിലേക്കു വരുന്നതിനും വിശ്വാസം കൂടാതെ മനുഷ്യർക്കു സാധ്യമല്ല; “വിശ്വാസം കൂടാതെ ആരും നീതീകരണം നേടിയിട്ടില്ല. 'അവസാനം വരെ' വിശ്വാസത്തില്‍ 'ഉറച്ചുനില്‍ക്കാത്ത' ആരും നിത്യരക്ഷ പ്രാപിക്കുകയുമില്ല."
വിശ്വാസത്തിലുള്ള നിലനില്‍പ്
ദൈവം മനുഷ്യനു നല്‍കുന്ന സൗജന്യമായ ഒരു ദാനമാണു വിശ്വാസം. അമൂല്യമായ ഈ ദൈവദാനം നമുക്കു നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. വിശുദ്ധ പൗലോസ് തിമോത്തേയോസിനെ ഉദ്ബോധിപ്പിക്കുന്നു: “വിശ്വാസത്തോടും നല്ല മന:സാക്ഷിയോടും കുടെ നന്നായി പൊരുതുക; മനഃസാക്ഷിയുടെ സ്വരം നിരസിച്ചതിനാല്‍ ചിലരുടെ “വിശ്വാസനൗക' തകർന്നുപോയിട്ടുണ്ട്”. വിശ്വാസത്തില്‍ ജീവിക്കുവാനും വളരുവാനും അന്ത്യംവരെ ഉറച്ചു നില്‍ക്കുവാനും ദൈവവചനംകൊണ്ടു നാം അതിനെ പരിപോഷിപ്പിക്കണം; നമ്മുടെ വിശ്വാസം വർധിപ്പിക്കണമേയെന്നു കർത്താവിനോടു നാം യാചിക്കണം; “വിശ്വാസം സ്നേഹത്താല്‍ പ്രവർത്തന നിരതമാകണം”, പ്രത്യാശയാല്‍ നിലനിർത്തപ്പെടണം, സഭയുടെ വിശ്വാസത്തില്‍ രൂഢമൂലമാകണം.
വിശ്വാസം- നിത്യജീവന്റെ സമാരംഭം
ഈ ഭുമിയിലെ തീർഥാടനത്തിൽ നമ്മുടെ ലക്ഷ്യമായ സൗഭാഗ്യദർശനത്തിന്റെ(Beatific Vision) സന്തോഷവും പ്രകാശവും മുന്‍കൂട്ടി അനുഭവിക്കാന്‍ വിശ്വാസം നമ്മെ പ്രാപ്തരാക്കൂന്നു. അപ്പോള്‍ നമ്മള്‍ ദൈവത്തെ “മുഖാഭിമുഖം” “അവിടുന്ന് ആയിരിക്കുന്നതുപോലെ” കാണും. അങ്ങനെ വിശ്വാസം ഇപ്പോള്‍ തന്നെ നിത്യജീവന്റെ ആരംഭംകുറിക്കുന്നു.
ഇപ്പോള്‍ “നമ്മള്‍ ചരിക്കുന്നതു വിശ്വാസത്താലാണ്, കാഴ്ചയാലല്ല." “കണ്ണാടിയിലൂടെ അവ്യക്തമായി, ഭാഗികമായി” മാത്രം നമ്മള്‍ ദൈവത്തെ അറിയുന്നു. വിശ്വാസത്തിന്റെ വിഷയമായ ദൈവത്താല്‍തന്നെ വിശ്വാസം പ്രകാശിതമാണെങ്കിലും വിശ്വാസജീവിതം പലപ്പോഴും അന്ധകാരമയമാണ്. വിശ്വാസം പരീക്ഷണത്തിനു വിധേയമായേക്കാം. വിശ്വാസം വാഗ്ദാനം ചെയ്യുന്നവയില്‍നിന്നു വളരെ ദൂരത്തായിട്ടാണു നാം ജീവിക്കുന്ന ലോകം പലപ്പോഴും കാണപ്പെടുന്നത്. നമുക്കുണ്ടാകുന്ന തിന്‍മയുടെയും സഹനത്തിന്റെയും ബഹുവിധ അനീതിയുടെയും മരണത്തിന്റെയും അനുഭവങ്ങള്‍ സുവിശേഷത്തിനു വിരുദ്ധമായി തോന്നും. ഇവയ്ക്ക് നമ്മുടെ വിശ്വാസത്തെ ഇളക്കാനും അതിനെതിരേയുള്ള പ്രലോഭനമായിത്തീരാനും കഴിയും.
ഇപ്പോഴാണു വിശ്വാസത്തിന്റെ സാക്ഷ്മികളിലേക്കു നാം തിരിയേണ്ടത്: “യാതൊരു ആശയ്ക്കും. വഴിയില്ലാതിരുന്നിട്ടും, പ്രത്യാശയോടെ, വിശ്വസിച്ച" അബ്രാഹം, തന്റെ പുത്രന്റെ കുരിശുമരണത്തിന്റെയും സംസ്കാരത്തിന്റെയും അന്ധകാരത്തില്‍ പങ്കുചേർന്ന് തന്റെ 'വിശ്വാസതീർഥാടനത്തില്‍' 'വിശ്വാസത്തിന്റെ രാത്രിയിലേക്കു' നടന്നു നീങ്ങിയ മറിയം, കുടാതെ മറ്റു പലരും വിശ്വാസത്തിന്റെ ഉത്തമ സാക്ഷികളാണ്. “സാക്ഷികളുടെ വലിയൊരു മേഘം നമ്മെ വലയം ചെയ്യുന്നതിനാല്‍ നമുക്ക്, നമ്മെ ചുറ്റിയിരിക്കുന്ന ഭാരവും പാപവും നീക്കികളയാം; നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപ്പന്തയം സ്ഥിരോത്സാഹത്തോടെ ഓടിത്തീർക്കാം; നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂർണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടുവേണം നാം ഓടാന്‍.”
വകുപ്പ് 2
ഞങ്ങള്‍ വിശ്വസിക്കുന്നു
വിശ്വാസം വ്യക്തിപരമായ ഒരു പ്രവൃത്തിയാണ്: സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിന്റെ മുന്‍കൈയെടുക്കലിനു മനുഷ്യന്‍ നല്‍കുന്ന സ്വതന്ത്ര പ്രത്യുത്തരമാണു വിശ്വാസം; എന്നിരുന്നാലും, ഒറ്റപ്പെട്ട ഒരു പ്രവൃത്തിയല്ല വിശ്വാസം. ആർക്കും തനിയേ ജീവിക്കുവാന്‍ കഴിയാത്തതുപോലെ, ആർക്കും തനിയേ വിശ്വസിക്കാനും കഴിയുകയില്ല. ആരും തനിക്കുതന്നെ ജീവന്‍ നല്‍കുന്നില്ല. അതുപോലെ തനിക്കുതന്നെ വിശ്വാസവും നല്‍കുന്നില്ല. വിശ്വാസി മറ്റുള്ളവരില്‍നിന്നു വിശ്വാസം സ്വീകരിച്ചു. അയാള്‍ അതു മറ്റുള്ളവർക്കു പകർന്നുകൊടുക്കുകയും വേണം. യേശുവിനോടും മനുഷ്യരോടും നമുക്കുള്ള സ്നേഹം നമ്മുടെ വിശ്വാസത്തെപ്പറ്റി മറ്റുള്ളവരോടു സംസാരിക്കാന്‍ നമ്മെ നിർബന്ധിക്കുന്നു. ഇങ്ങനെ ഓരോ വിശ്വാസിയും വിശ്വാസികളുടെ വലിയ ശൃംഖലയുടെ ഒരു കണ്ണിയാണ്. മറ്റുള്ളവരുടെ വിശ്വാസത്താല്‍ ഉത്തേജിതനാകാതെ വിശ്വസിക്കുവാന്‍ എനിക്കു കഴിയുകയില്ല; എന്റെ വിശ്വാസംകൊണ്ടു മറ്റുള്ളവരുടെ വിശ്വാസജീവിതം ഞാന്‍ പരിപോഷിപ്പിക്കുന്നു.
“ഞാന്‍ വിശ്വസിക്കുന്നു” എന്ന പ്രഖ്യാപനം ഓരോ വിശ്വാസിയും വ്യക്തിപരമായി, മുഖ്യമായും മാമ്മോദീസാവേളയില്‍, ഏറ്റുപറയുന്ന സഭയുടെ വിശ്വാസമാണ്. “ഞങ്ങള്‍ വിശ്വസിക്കുന്നു” എന്ന പ്രഖ്യാപനം സൂനഹദോസില്‍ ഒരുമിച്ചുകൂടുന്ന മെത്രാന്‍മാരും വിശ്വാസികളുടെ പൊതുവായ ആരാധനാസമ്മേളനവും ഏറ്റുപറയുന്ന സഭയുടെ വിശ്വാസമാണ്. “ഞാന്‍ വിശ്വസിക്കുന്നു” എന്നും “ഞങ്ങള്‍ വിശ്വസിക്കുന്നു” എന്നും പ്രഖ്യാപിക്കാന്‍ നമ്മെ പഠിപ്പിക്കുകയും ദൈവത്തിനു വിശ്വാസത്തിന്റെ പ്രത്യുത്തരം നല്‍കുകയും ചെയ്യുന്ന നമ്മുടെ മാതാവായ സഭയെയും “ഞാന്‍ വിശ്വസിക്കുന്നു” എന്ന പ്രഖ്യാപനത്തില്‍ ദര്‍ശിക്കാനാവും.
I. “കർത്താവേ, അങ്ങേ സഭയുടെ വിശ്വാസം തൃക്കണ്‍പാർക്കണമേ”
സഭയാണ് ആദ്യം വിശ്വസിക്കുന്നതും, അങ്ങനെ എന്റെ വിശ്വാസത്തെ നയിക്കുന്നതും, പരിപോഷിപ്പിക്കുന്നതും നിലനിർത്തുന്നതും. എല്ലായിടത്തും സഭയാണ് ആദ്യം കർത്താവിനെ പ്രഘോഷിക്കുന്നത്: 'ദൈവമേ ഞങ്ങള്‍ അങ്ങേ വാഴ്ത്തുന്നു' (Te Deum) എന്ന സ്തുതിഗീതത്തില്‍ നാം ആലപിക്കുന്നതുപോലെ “പരിശുദ്ധസഭ ലോകത്തിലെങ്ങും കർത്താവിനെ പ്രഘോഷിക്കുന്നു.” സഭയോടൊത്ത്, സഭയ്ക്കുള്ളില്‍, 'ഞാന്‍ വിശ്വസിക്കുന്നു' 'ഞങ്ങള്‍ വിശ്വസിക്കുന്നു' എന്ന് പ്രഘോഷിക്കുവാന്‍ നാം നിർബന്ധിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്നു. മാമ്മോദീസാവഴി വിശ്വാസവും, ക്രിസ്തുവില്‍ നവജീവനും നമ്മള്‍ സ്വീകരിക്കുന്നതു സഭ വഴിയാണ്. റോമന്‍ അനുഷ്ഠാനക്രമമനുസരിച്ചു മാമ്മോദീസായുടെ കാർമികന്‍ ജ്ഞാനസ്നാനാര്‍ഥിയോടു ചോദിക്കുന്നു: “ദൈവത്തിന്റെ സഭയില്‍ നിന്നു നീ എന്ത് ആഗ്രഹിക്കുന്നു?” "വിശ്വാസം" എന്നാണു മറുപടി; “വിശ്വാസം നിനക്ക് എന്തുതരുന്നു?” “നിത്യജീവന്‍.
രക്ഷകൈവരുന്നതു ദൈവത്തില്‍നിന്നു മാത്രമാണ്; എന്നാല്‍ നാം വിശ്വാസജീവിതം പ്രാപിക്കുന്നതു സഭയിലൂടെ ആകയാല്‍ അവള്‍ നമ്മുടെ അമ്മയാണ്. “നമുക്കു പുതിയജനനം നല്‍കുന്ന അമ്മയായി സഭയെ നാം വിശ്വസിക്കുന്നു. നമ്മുടെ രക്ഷയുടെ വിധാതാവ് ആണു സഭ എന്ന നിലയിലല്ല നാം സഭയില്‍ വിശ്വസിക്കുന്നത്.” സഭ നമ്മുടെ മാതാവായിരിക്കുന്നതിനാല്‍ അവള്‍ നമ്മുടെ വിശ്വാസത്തിന്റെ 'ഗുരുനാഥയും' ആകുന്നു.
II. വിശ്വാസത്തിന്റെ ഭാഷ
നമ്മള്‍ വിശ്വസിക്കുന്നതു വെറും തത്വപ്രസ്താവങ്ങളിലല്ല, പ്രത്യുത അവ ദ്യോതിപ്പിക്കുന്ന യാഥാർഥ്യങ്ങളിലാണ്. ഈ യാഥാർഥ്യങ്ങളെ സ്പർശിച്ചറിയുവാന്‍ വിശ്വാസം നമ്മെ അനുവദിക്കുന്നു. “വിശ്വാസിയുടെ (വിശ്വാസ) പ്രഖ്യാപനം എത്തിനില്‍ക്കുന്നതു പ്രസ്താവങ്ങളിലല്ല, പ്രത്യുത (അവ പ്രതിനിധാനം ചെയ്യുന്ന) യാഥാർഥ്യങ്ങളിലാണ്." എന്നിരുന്നാലും പ്രസ്തുത യാഥാർഥ്യങ്ങളെ നമ്മള്‍ സമീപിക്കുന്നതു, വിശ്വാസ സംബന്ധമായ തത്വ പ്രസ്താവങ്ങളുടെ സഹായത്തോടെയാണ്. നമ്മുടെ വിശ്വാസം പ്രകടമാക്കുന്നതിനും പകർന്നുകൊടുക്കുന്നതിനും സമൂഹത്തില്‍ ആഘോഷിക്കുന്നതിനും, അതിനെ സ്വാംശീകരിച്ചു ജീവിതത്തില്‍ അത് ഉപര്യുപരി പ്രാവർത്തികമാക്കുന്നതിനും ഇവ സഹായിക്കുന്നു.
“സത്യത്തിന്റെ നെടും തുണും കോട്ടയുമായ” സഭ “ഒരിക്കല്‍ എന്നേക്കുമായി വിശുദ്ധർക്കു നല്‍കപ്പെട്ട വിശ്വാസത്തെ” വിശ്വസ്തതാപൂർവം പരിരക്ഷിക്കുന്നു. ക്രിസ്തുവിന്റെ വചനങ്ങളുടെ സ്മരണ നിലനിറുത്തുന്നതു സഭയാണ്; തലമുറതലമുറകളിലേക്ക് അപ്പസ്‌തോലന്‍മാരുടെ വിശ്വാസപ്രഖ്യാപനം പകർന്നുകൊടുക്കുന്നതും സഭയാണ്. ഒരമ്മ തന്റെ മക്കളെ സംസാരിക്കാനും ഗ്രഹിക്കാനും ആശയവിനിമയം ചെയ്യാനും പഠിപ്പിക്കുന്നതുപോലെ, വിശ്വാസത്തിന്റെ ബോദ്ധ്യത്തിലേക്കും വിശ്വാസജീവിതത്തിലേക്കും നമ്മെ കൈപിടിച്ചു നടത്തുന്നതിനുവേണ്ടി നമ്മുടെ അമ്മയായ സഭ വിശ്വാസത്തിന്റെ ഭാഷ നമ്മെ പഠിപ്പിക്കുന്നു.
III. ഒരു വിശ്വാസം മാത്രം
ഏകകർത്താവില്‍നിന്നു സ്വീകരിച്ചതും ഏകമാമ്മോദീസാവഴി പകർന്നു കൊടുക്കുന്നതുമായ ഏക വിശ്വാസം, നൂറ്റാണ്ടുകളിലൂടെ സഭ അനവധി ഭാഷകളിലും സംസ്‌കാരങ്ങളിലും ജനപദങ്ങളിലും രാഷ്ട്രങ്ങളിലും അവിരാമം പ്രഖ്യാപിച്ചു പോരുന്നു. എല്ലാ മനുഷ്യരുടെയും ദൈവവും പിതാവും ഏകനാണെന്ന ബോധ്യത്തില്‍ അധിഷ്ഠിതമാണ് ഈ വിശ്വാസം. ലിയോണ്‍സിലെ വി. ഇരണേവൂസ് ഈ വിശ്വാസത്തിനു സാക്ഷ്യം നല്‍കുന്നതിങ്ങനെയാണ്:
“സഭ യഥാർഥത്തില്‍ ലോകമെമ്പാടും ഭൂമിയുടെ അതിർത്തികള്‍വരെ വ്യാപിച്ചുകിടക്കുകയാണെങ്കിലും, അപ്പസ്തോലന്‍മാരില്‍നിന്നും അവരുടെ ശിഷ്യന്‍മാരില്‍ നിന്നും വിശ്വാസം സ്വീകരിച്ച അവള്‍...., ഒരേയൊരു ഭവനത്തില്‍ വസിക്കുന്നവരെപ്പോലെ ജാഗ്രതാപൂർവം ഈ വിശ്വാസത്തെയും പ്രഘോഷണത്തെയും പരിരക്ഷിക്കുന്നു. അതുപോലെതന്നെ ഒരാത്മാവും ഒരു ഹൃദയവുമുണ്ടായിരുന്നാലെന്നപോലെ വിശ്വസിക്കുന്നു. ഒരു വദനംമാത്രമുണ്ടായിരുന്നാലെന്നപോലെ, സഭ ഈ വിശ്വാസം പ്രഘോഷിക്കുകയും പ്രബോധിപ്പിക്കുകയും പകർന്നുകൊടുക്കുകയും ചെയ്യുന്നു."
“കാരണം, ഭൂലോകത്തിലെമ്പാടുമുള്ള ഭാഷകള്‍ വിവിധങ്ങളാണെങ്കിലും പാരമ്പര്യത്തിന്റെ കാതല്‍ ഒന്നുതന്നെയാണ്. ജർമനിയില്‍ സ്ഥാപിതമായ സഭകള്‍ക്കു മറ്റൊരു വിശ്വാസമോ പാരമ്പര്യമോ ഇല്ല. അതുപോലെതന്നെ ഇബേരിയന്‍ (സ്പെയിന്‍) ജനതയുടെ സഭകള്‍ക്കോ, കെല്‍ട്ടു വംശജരുടെ സഭകള്‍ക്കോ, പൗരസ്ത്യനാടുകളിലെ സഭകള്‍ക്കോ, ഈജിപ്തിലെ സഭകള്‍ക്കോ, ലിബിയായിലെ സഭകള്‍ക്കോ, ഭൂമധ്യേ സ്ഥാപിതങ്ങളായ സഭകള്‍ക്കോ ഒന്നിനുപോലും വിഭിന്ന വിശ്വാസമോ പാരമ്പര്യമോ ഇല്ല." സഭയുടെ സന്ദേശം “സത്യവും സുദൃഢവുമാണ്. ഈ സന്ദേശത്തില്‍ രക്ഷയിലേക്കുള്ള ഒരേയൊരു മാർഗമാണു ലോകം മുഴുവനുംവേണ്ടി തെളിഞ്ഞുകിടക്കുന്നത്”
“സഭയില്‍ നിന്നു സ്വീകരിച്ച ഈ വിശ്വാസം നാം സംരക്ഷിക്കുന്നു; വിശിഷ്ടമായ ഒരു പാത്രത്തിലെന്നപോലെ സൂക്ഷിച്ചിരിക്കുന്ന ഈ അമൂല്യനിക്ഷേപം പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താല്‍ നിരന്തരം നവീകരിക്കപ്പെടുകയും അത് ഇരിക്കുന്ന പാത്രത്തെത്തന്നെ നവീകരിക്കുകയും ചെയുന്നു."
സംഗ്രഹം
സ്വയം വെളിപ്പെടുത്തുന്ന ദൈവത്തോടുള്ള സംപൂർണ മനുഷ്യന്റെ വ്യക്തിപരമായ അടുപ്പമാണു വിശ്വാസം. തന്റെ വാക്കുകളും പ്രവൃത്തികളും വഴി ദൈവം നിർവഹിച്ച സ്വയം വെളിപ്പെടുത്തലിനു ബുദ്ധിയും മനസ്സും നല്‍കുന്ന സമർപ്പണമാണ് ഈ വിശ്വാസത്തില്‍ അന്തർഭവിച്ചിട്ടുള്ളത്.
'വിശ്വസിക്കുക' എന്നതിന് ദ്വിവിധ ബന്ധങ്ങളുമുണ്ട്: വ്യക്തിയോടും സത്യത്തോടും: സത്യത്തോടുള്ള ബന്ധം ഉണ്ടാകുന്നതു സാക്ഷ്യം നല്‍കുന്ന വ്യക്തിയിലുള്ള വിശ്വാസം നിമിത്തമാണ്.
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിലല്ലാതെ മറ്റാരിലും നാം വിശ്വസ്സിക്കേണ്ടതില്ല.
പ്രകൃത്യതീതമായ ഒരു ദൈവദാനമാണു വിശ്വാസം. വിശ്വസിക്കുന്നതിനു, പരിശുദ്ധാത്മാവിന്റെ ആന്തരിക സഹായങ്ങള്‍ മനുഷ്യനാവശ്യമാണ്.
ബോധപൂർവകവും സ്വതന്ത്രവും, മനുഷ്യവ്യക്തിയുടെ മാഹാത്മ്യത്തിനു ചേർന്നതുമായ ഒരു മാനുഷികപ്രവൃത്തിയാണ് 'വിശ്വസിക്കല്‍'
'വിശ്വസിക്കുന്നത്' ഒരു സഭാത്മകപ്രവൃത്തിയുമാണ്. സഭയുടെ വിശ്വാസം നമ്മുടെ വിശ്വാസ്സത്തിന്റെ മുന്‍ഗാമിയാണ്: അതു നമ്മില്‍ വിശ്വാസം അങ്കുരിപ്പിക്കുകയും നില നിറുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. സഭ സർവവിശ്വാസ്സികളുടെയും മാതാവാണ്. “സഭയെ മാതാവായി കാണാത്തവന്, ദൈവത്തെ പിതാവായി ലഭിക്കുകയില്ല. (St. Cyprian; De unit. 6: PL 4, 519).
'ലിഖിതമോ പാരമ്പര്യലബ്ധമോ ആയ ദൈവവചനത്തില്‍ അടങ്ങിയിരിക്കുന്നതെല്ലാം ദൈവാവിഷ്കൃതമെന്നു നാം വിശ്വസിക്കേണ്ടതിനു സഭ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നതെല്ലാം' നാം വിശ്വസിക്കുന്നു (Paul VI, CPG, 20).
വിശ്വാസം നിത്യരക്ഷയ്ക്കാവശ്യമാണ്. കർത്താവുതന്നെ പ്രഖ്യാപിക്കുന്നു: “വിശ്വസിക്കുകയും മാമ്മോദീസ സ്വീകരിക്കുകയും ചെയ്യുന്നവൻ നിത്യരക്ഷ പ്രാപിക്കും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും' (മർക്കോ 16:16).
'വരാനിരിക്കുന്ന ജീവിതത്തില്‍ നമ്മെ സൗഭാഗ്യവാന്‍മാരാക്കുന്ന ജ്ഞാനത്തിന്റെ മുന്‍ ആസ്വാദനമാണ് വിശ്വാസം' (St. Thomas Aquinas, Comp. theol. 1, 2).
വിശ്വാസപ്രമാണം
അപ്പസ്തോലന്‍മാരുടെ വിശ്വാസപ്രമാണം
നിഖ്യാ കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണം
ഖണ്‍ഡംംരണ്ട്
ക്രൈസ്തവവിശ്വാസപ്രഖ്യാപനം
വിശ്വാസപ്രമാണങ്ങള്‍
“ഞാന്‍ വിശ്വസിക്കുന്നു” എന്നു പറയുന്നയാള്‍ “നാം വിശ്വസിക്കുന്നതിനെ ഞാന്‍ മുറുകെപ്പിടിക്കുന്നു” എന്നു പ്രഖ്യാപിക്കുകയാണ്. വിശ്വാസത്തിന്റെ കൂട്ടായ്മയ്ക്ക് എല്ലാവർക്കും മാനദണ്‍ഡമായിരിക്കുന്നതും എല്ലാവരെയും ഒരേ വിശ്വാസപ്രഖ്യാപനത്തിലൂടെ സംയോജിപ്പിക്കുന്നതുമായ വിശ്വാസത്തിന്റെ ഒരു പൊതുഭാഷ ആവശ്യമാണ്.
ആരംഭംമുതലേ അപ്പസ്തോലികസഭ, എല്ലാവർക്കും ബാധകമായവിധത്തില്‍ അവളുടെ വിശ്വാസം ഹ്രസ്വങ്ങളായ പ്രസ്താവങ്ങളിലൂടെ പ്രകടിപ്പിക്കുകയും പകർന്നുകൊടുക്കുകയും ചെയ്തു. എന്നാല്‍ വളരെ നേരത്തെതന്നെ സഭ, വിശ്വാസത്തിന്റെ ആവശ്യഘടകങ്ങള്‍ സജീവവും സ്പഷ്ടവുമായ സംഗ്രഹങ്ങളായി ശേഖരിക്കാന്‍ നിശ്ചയിച്ചു; ഇവ വിശിഷ്യ ജ്ഞാനസ്നാനാർഥികളെ ഉദ്ദേശിച്ചുളളവയായിരുന്നു.
ഇത്തരം വിശ്വാസസമന്വയങ്ങളെ “വിശ്വാസപ്രമാണങ്ങള്‍” എന്നു നാം വിളിക്കുന്നു; കാരണം, ഇവ, ക്രിസ്ത്യാനികള്‍ ഏറ്റുപറയുന്ന വിശ്വാസത്തിന്റെ സംഗ്രഹം ആകുന്നു. “വിശ്വാസപ്രമാണ"ത്തെ Credo (ഇംഗ്ലീഷില്‍ Creed) എന്നു വിളിക്കാറുണ്ട്. ലത്തീന്‍ ഭാഷയില്‍ വിശ്വാസപ്രമാണത്തിന്റെ ആരംഭമായ Credo (ഞാന്‍ വിശ്വസിക്കുന്നു) എന്ന പദത്തില്‍ നിന്നാണ് ഈ പേരു സിദ്ധിച്ചിട്ടുള്ളത്. വിശ്വാസപ്രമാണങ്ങള്‍ക്ക് വിശ്വാസസംഹിതകള്‍ (Symbols of Faith) എന്നും പേരുണ്ട്.
Symbolon എന്ന ഗ്രീക്കുപദത്തിന്റെ അർത്ഥം വിഭജിച്ച ഒരു വസ്തുവിന്റെ, ഉദാഹരണത്തിനു തിരിച്ചറിയാനുള്ള അടയാളമായി നല്‍കാറുള്ള ഒരു മുദ്രയുടെ, പകുതിഭാഗമെന്നാണ്. വിശ്വാസത്തിന്റെ സംഹിത (Symbol) അഥവാ സമാഹാരം വിശ്വാസികള്‍ക്കിടയിലെ അംഗീകാരത്തിന്റെയും ഐക്യത്തിന്റെയും അടയാളമാണ്. Symbolon എന്ന പദത്തിനു സമ്മേളിക്കല്‍, ശേഖരിക്കല്‍, സംഗ്രഹം എന്നിങ്ങനെയും അർഥമുണ്ട്. വിശ്വാസം ഉള്‍ക്കൊള്ളുന്ന പ്രധാന തത്ത്വങ്ങളുടെ സമാഹാരമാണു വിശ്വാസപ്രമാണം(Symbol of Faith). തന്‍മൂലം മതബോധനത്തിന്റെ പ്രഥമവും ആധികാരികവുമായ സംശോധക സ്രോതസ്സായി വിശ്വാസപ്രമാണം നിലകൊള്ളുന്നു.
നാം ആദ്യമായി വിശ്വാസപ്രഖ്യാപനം നടത്തുന്നതു മാമ്മോദീസാ സ്വീകരണത്തിലാണ്. വിശ്വാസപ്രമാണം പ്രഥമവും പ്രധാനവുമായി മാമ്മോദീസാ പ്രഖ്യാപനം തന്നെയാണ് : മാമ്മോദീസ നല്‍കുന്നതു “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍” ആയതിനാല്‍ മാമ്മോദീസയില്‍ ഏറ്റുപറയുന്ന സത്യങ്ങള്‍, പരിശുദ്ധത്രിത്വത്തിലെ മൂന്നാളുകളോടും ബന്ധപ്പെടുത്തി പ്രഖ്യാപിക്കപ്പെടുന്നു.
വിശ്വാസപ്രമാണത്തിന്, ഇങ്ങനെ മൂന്നുഭാഗങ്ങളുണ്ട്: “ഒന്നാംഭാഗത്ത്, പരിശുദ്ധത്രിത്വത്തിലെ ഒന്നാമത്തെ ആളും അദ്ഭുതകരമായ സൃഷ്ടികർമവും; രണ്ടാംഭാഗത്ത് രണ്ടാമത്തെ ആളും മനുഷ്യരക്ഷാകർമത്തിന്റെ ദിവ്യരഹസ്യവും; മൂന്നാംഭാഗത്ത് മൂന്നാമത്തെ ആളും നമ്മുടെ വിശുദ്ധീകരണത്തിന്റെ കേന്ദ്രവും ഉറവിടവും”. ഇവയാണു “നമ്മുടെ (മാമ്മോദീസാ) മുദ്രയുടെ മൂന്ന് അധ്യായങ്ങള്‍”.
“വിശ്വാസപ്രമാണത്തെ മൂന്നുഭാഗങ്ങളായി വിഭജിച്ചിരിക്കുന്നതായി കാണുന്നു. അവയെ വിവിധവും സമുചിതവുമായ വാക്യങ്ങളായി സംഗ്രഹിച്ചിരിക്കുന്നു. സഭാപിതാക്കന്‍മാർ മിക്കപ്പോഴും നടത്താറുണ്ടായിരുന്ന ഒരു താരതമ്യവിചിന്തനമനുസരിച്ച് ഈ വാക്യങ്ങളെ വകുപ്പുകള്‍ (articles) എന്നു വിളിക്കാം. മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളെ വേർതിരിക്കുകയും വ്യതിരിക്തമാക്കുകയും ചെയ്യുന്ന ചില പ്രത്യേകതകള്‍ ഉള്ളതുപോലെ വിശ്വാസപ്രഖ്യാപനത്തിലും പ്രത്യേകമായും വ്യതിരിക്തമായും വിശ്വസിക്കേണ്ട സത്യങ്ങള്‍ക്ക് ഉചിതമായി “വകുപ്പുകള്‍” (articles) എന്ന പേരു നല്‍കിയിരിക്കുന്നു."വി. അംബ്രോസു സാക്ഷ്യം വഹിച്ചിട്ടുള്ള ഒരു പ്രാചീന പാരമ്പര്യമനുസരിച്ച് അപ്പസ്‌തോലന്‍മാരുടെ സംഖ്യവഴി അപ്പസ്തോലിക വിശ്വാസത്തിന്റെ പൂർണത പ്രതീകാത്മകമായി ആവിഷ്കരിക്കുവാന്‍വേണ്ടി വിശ്വാസപ്രമാണത്തില്‍ പന്ത്രണ്ട് വകുപ്പുകള്‍ ഉണ്ട് എന്നു കരുതുന്ന പതിവുണ്ടായിരുന്നു.
വ്യത്യസ്ത കാലഘട്ടങ്ങളുടെ പ്രത്യേകാവശ്യങ്ങളോടു പ്രതികരിച്ചുകൊണ്ടു, ശതാബ്ദങ്ങളിലൂടെ അനേകം വിശ്വാസപ്രമാണങ്ങള്‍ അഥവാ വിശ്വാസ സംഹിതകള്‍ സഭയില്‍ രൂപംകൊണ്ടിട്ടുണ്ട്. ഇങ്ങനെ, പ്രാചീനങ്ങളും അപ്പസ്തോലികങ്ങളുമായ വിവിധ സഭകളില്‍ താഴെപ്പറയുന്നതുപോലുള്ള വിശ്വാസപ്രമാണങ്ങള്‍ രൂപമെടുത്തു. ക്വിക്കുംക്വെ(quicumque) എന്നുകൂടി അറിയപ്പെടുന്ന “അത്തനാസിയൂസിന്റെ വിശ്വാസപ്രമാണം" തൊളെദോ, ലാറ്ററന്‍, ലിയോണ്‍സ്, ത്രെന്തോസ് തുടങ്ങിയ സൂനഹദോസുകള്‍ പ്രഖ്യാപിച്ച വിശ്വാസപ്രമാണങ്ങള്‍, ചില മാർപാപ്പമാരുടെ വിശ്വാസപ്രമാണങ്ങള്‍; ഉദാഹരണത്തിന്, Fides Damasi; ആറാം പോള്‍ മാർപാപ്പയുടെ ദൈവജനത്തിന്റെ വിശ്വാസപ്രമാണം.
സഭാജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ രൂപമെടുത്തിട്ടുള്ള ഈ വിശ്വാസപ്രമാണങ്ങളിലൊന്നും കാലഹരണപ്പെടുകയോ അപ്രസക്തമാവുകയോ ചെയ്തിട്ടില്ല. വിവിധങ്ങളായ വിശ്വാസ സംഗ്രഹങ്ങളില്‍നിന്നു സഭയുടെ ചിരന്തനവിശ്വാസം കൈവരിക്കാനും കൂടുതല്‍ ആഴപ്പെടുത്താനും വിവിധ വിശ്വാസപ്രമാണങ്ങള്‍ നമ്മെ സഹായിക്കുന്നു. എല്ലാ വിശ്വാസപ്രമാണങ്ങളിലും നിന്ന് രണ്ടെണ്ണം സഭാജീവിതത്തില്‍ പ്രത്യേകസ്ഥാനം അലങ്കരിക്കുന്നു;
അപ്പസ്തോലന്‍മാരുടെ വിശ്വാസപ്രമാണം: അപ്പസ്തോലികവിശ്വാസത്തിന്റെ ഒരു വിശ്വസ്ത സംഗ്രഹമെന്നനിലയില്‍, അപ്പസ്തോലന്‍മാരുടെ വിശ്വാസപ്രമാണമെന്ന പേരു തികച്ചും അന്വർഥമാണ്. റോമന്‍സഭയുടെ പ്രാചീനമായ മാമ്മോദീസ- വിശ്വാസപ്രമാണമാണിത്. അപ്പസ്തോലന്‍മാരുടെ വിശ്വാസപ്രമാണത്തിന്റെ സവിശേഷമായ ആധികാരികതയ്ക്ക് അടിസ്ഥാനമായ വസ്തുത ഇതാണ് : “അപ്പസ്തോലന്‍മാരില്‍ പ്രഥമനായ വിശുദ്ധ പത്രോസിന്റെ സിംഹാസനമായ റോമാസഭയില്‍ വിശ്വസിക്കുന്നതെന്തോ അതാണ് വിശ്വാസപ്രമാണം. അതിനോടാണു പൊതുവായ വിശ്വാസം ബന്ധപ്പെടുത്തിയിരിക്കുന്നത്".
നിഖ്യാ- കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണം: ഈ വിശ്വാസപ്രമാണത്തിന്റെ ആധികാരികതയുടെ അടിസ്ഥാനം ഇത് ആദ്യത്തെ രണ്ടു സാർവത്രികസൂനഹദോസുകളില്‍നിന്നു(എ.ഡി. 325, എ.ഡി. 381) രൂപംകൊണ്ടു എന്നതാണ്. ഈ വിശ്വാസപ്രമാണം ഇന്നോളം എല്ലാ പ്രധാനപാശ്ചാത്യ-പൗരസ്ത്യസഭകള്‍ക്കും പൊതുവായിട്ടുള്ളതാണ്.
വിശ്വാസപ്രതിപാദനത്തിന് ആധാരമായി നാം ഇവിടെ സ്വീകരിച്ചിരിക്കുന്നതു ശ്ലീഹന്‍മാരുടെ വിശ്വസപ്രമാണമാണ്; “ഏറ്റവും പ്രാചീനമായ റോമന്‍ മതബോധനഗ്രന്ഥം” ഇതാണല്ലോ. എന്നാല്‍ പലപ്പോഴും കൂടുതല്‍ വ്യക്തവും കൂടുതല്‍ വിശദവുമായ പ്രതിപാദനമുള്ള നിഖ്യാ-കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണം കൂടെക്കൂടെ പരാമർശിച്ചുകൊണ്ടായിരിക്കും ഈ പ്രതിപാദനം പൂർത്തിയാക്കുക.
നാം മാമ്മോദീസ സ്വീകരിച്ച ദിവസം നമ്മുടെ ജീവിതം മുഴുവനായും ഈ “പ്രബോധന സംഹിതയ്ക്ക്" സമർപ്പിക്കപ്പെട്ടതുപോലെ നമ്മുടെ ജീവദായകമായ വിശ്വാസപ്രമാണത്തെ നമുക്കു സ്വീകരിക്കാം. വിശ്വാസപൂർവം വിശ്വാസപ്രമാണം ചൊല്ലുക എന്നതിന്റെയർഥം, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവവുമായും നമുക്കു വിശ്വാസം പകർന്നുതരുന്ന, നമ്മുടെ വിശ്വാസവേദിയായ സഭ മുഴുവനുമായും ഐക്യത്തിലേക്ക് പ്രവേശിക്കുക എന്നാണ്.
അധ്യായംഒന്ന്
പിതാവായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു
നമ്മുടെ വിശ്വാസപ്രഖ്യാപനം ആരംഭിക്കുന്നതു ദൈവത്തിലാണ്; കാരണം, ദൈവമാണ്, ആദിയും അന്തവും, എല്ലാത്തിന്റെയും ആരംഭവും അവസാനവും. പരിശുദ്ധത്രിത്വത്തിലെ ഒന്നാമത്തെ ദൈവിക ആള്‍ പിതാവായതിനാല്‍ പിതാവായ ദൈവത്തില്‍ വിശ്വാസപ്രമാണം സമാരംഭിക്കുന്നു. ദൈവത്തിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും ആരംഭവും അടിസ്ഥാനവും സൃഷ്ടികർമമായതിനാല്‍ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയിലാണ് നമ്മുടെ വിശ്വാസപ്രമാണം ആരംഭിക്കുന്നത്.
വകുപ്പ് 1
“സർവശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു”
ഖണ്‍ഡിക 1
ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു
“ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു”: അപ്പസ്തോലന്‍മാരുടെ വിശ്വാസപ്രമാണത്തിലെ ഈ പ്രഥമപ്രഖ്യാപനം അങ്ങേയറ്റം മൗലികവുമാണ്. വിശ്വാസപ്രമാണം മുഴുവനും ദൈവത്തെപ്പറ്റിയാണു പ്രതിപാദിക്കുന്നത്; മനുഷ്യനെപ്പറ്റിയും ലോകത്തെപ്പറ്റിയും പ്രതിപാദിക്കുമ്പോള്‍ അത് എപ്പോഴും ദൈവവുമായി ബന്ധപ്പെടുത്തിയാണു നിർവഹിക്കുന്നത്. വിശ്വാസപ്രമാണത്തിന്റെ മറ്റു വകുപ്പുകള്‍ പ്രഥമവകുപ്പിനെ ആശ്രയിച്ചാണു നില്‍ക്കുന്നത്; പത്തു പ്രമാണങ്ങളില്‍ ഒന്നാമത്തേതിനെ മറ്റു പ്രമാണങ്ങള്‍ പ്രസ്പഷ്ടമാക്കുന്നതുപോലെയാണിത്. ദൈവം പടിപടിയായി മനുഷ്യനു സ്വയം വെളിപ്പെടുത്തിയതുപോലെ മറ്റു വകുപ്പുകള്‍ നമുക്ക് അവിടുത്തെ കൂടുതല്‍ സുഗ്രാഹ്യനാക്കിത്തീർക്കുന്നു. ആകയാല്‍ തങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് ഉചിതമായി വിശ്വാസികള്‍ ആദ്യമേ ഏറ്റുപറയുന്നു”.
I. “ഏകദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു”
നിഖ്യാ-കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണം ആരംഭിക്കുന്നത് ഈ വാക്യത്തോടുകൂടിയാണ്. ദൈവത്തിന്റെ ഏകത്വം പഴയ ഉടമ്പടിയിലെ ദൈവാവിഷ്കരണത്തില്‍ വേരുന്നിയിട്ടുള്ള സത്യമാണ്. ദൈവാസ്തിത്വത്തിലുള്ള വിശ്വാസപ്രഖ്യാപനത്തില്‍നിന്നു വേർതിരിക്കാനാവാത്ത സത്യമാണിത്. അതുപോലെതന്നെ അടിസ്ഥാനപരമായ സത്യവുമാണ്. ദൈവം ഏകനാണ്; അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ല.. “സ്വഭാവത്തിലും, സാരാംശത്തിലും, അന്തസ്സത്തയിലും ദൈവം ഏകനാണെന്നു ക്രൈസ്തവ വിശ്വാസം വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു”.
തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേലിന് ഏകദൈവമായി അവിടുന്നു സ്വയം വെളിപ്പെടുത്തി: “ഇസ്രായേലേ കേള്‍ക്കുക: നമ്മുടെ കർത്താവായ ദൈവം ഏക കർത്താവാകുന്നു. നിന്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണശക്തിയോടും കൂടെ സ്നേഹിക്കണം.” "ഏകദൈവമായ തന്റെ പക്കലേക്കു തിരിയുവാന്‍ പ്രവാചകന്‍മാർമുഖേന ദൈവം ഇസ്രായേലിനെയും മറ്റെല്ലാജനതകളെയും ക്ഷണിക്കുന്നു: “ഭൂമിയുടെ അതിർത്തികളേ എന്നിലേക്കു തിരിഞ്ഞു രക്ഷപെടുക. ഞാനാണു ദൈവം; ഞാനല്ലാതെ മറ്റൊരു ദൈവം ഇല്ല... എല്ലാവരും എന്റെ മുന്‍പില്‍ മുട്ടുമടക്കും; എല്ലാ നാവും ശപഥം ചെയ്യും. നീതിയും ബലവും കർത്താവില്‍ മാത്രം എന്നു എന്നെക്കുറിച്ചു മനുഷ്യർ പറയും.
ദൈവം “ഏകർത്താവാ”ണെന്നും അവിടുത്തെ “നിന്റെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടും പൂർണശക്തിയോടുംകൂടെ” നീ സ്നേഹിക്കണമെന്നും യേശുവും ഉറപ്പിച്ചു പറയുന്നുണ്ട്.” അതേസമയം താന്‍ തന്നെയാണ് “ഈ കർത്താവ്” എന്നും യേശു ചൂണ്ടിക്കാണിക്കുന്നു. യേശുകർത്താവാണെന്നു പ്രഖ്യാപിക്കുന്നതു ക്രൈസ്‌തവ വിശ്വാസത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇത് ഏകദൈവവിശ്വാസത്തിന് എതിരല്ല. “കർത്താവും ജീവദാതാവുമായ” പരിശുദ്ധാത്മാവിലുള്ള വിശ്വാസവും ഏകദൈവത്തില്‍ യാതൊരു വിഭജനവും വരുത്തുന്നില്ല.
II. ദൈവം തന്റെ നാമം വെളിപ്പെടുത്തുന്നു
തന്റെ ജനമായ ഇസ്രായേലിനു തന്റെ നാമം അറിയിച്ചുകൊണ്ട് അവിടുന്ന് അവർക്കു സ്വയം വെളിപ്പെടുത്തി. പേര് ഒരു വ്യക്തിയുടെ അന്തസ്സത്തയെയും തനതാത്മകതയെയും ജിവിതത്തിന്റെ അർഥത്തെയും പ്രകാശിപ്പിക്കുന്നു. ദൈവത്തിന് പേരുണ്ട്, നാമരഹിതനായ ഒരു ശക്തിയല്ല അവിടുന്ന്. ഒരുവന്റെ നാമം വെളിപ്പെടുത്തുക എന്നു പറഞ്ഞാല്‍, മറ്റുള്ളവർക്ക് തന്നെത്തന്നെ അറിയിച്ചുകൊടുക്കുകയാണ്; ഒരർഥത്തില്‍ മറ്റുുള്ളവർക്ക് അഭിഗമ്യനാകത്തക്കവിധവും, അവഗാഢം അറിയപ്പെടാനും വ്യക്തിപരമായി വിളിക്കപ്പെടാനും കഴിയത്തക്കവിധവും സ്വയം സമർപ്പിക്കുക എന്നാണ്.
ദൈവം തന്റെ ജനത്തിന് പടിപടിയായി പല പേരുകളില്‍ സ്വയം വെളിപ്പെടുത്തി; എങ്കിലും പഴയ- പുതിയ ഉടമ്പടികളെ സംബന്ധിച്ചിടത്തോളം അടിസ്ഥാനപരമായ വെളിപാട് ഈജിപ്തില്‍നിന്നുള്ള പുറപ്പാടിനും സീനായ് ഉടമ്പടിയ്ക്കും മുന്‍പായി മോശയ്ക്കു കത്തിക്കൊണ്ടിരുന്ന മുള്‍പ്പടർപ്പിലെ ദിവ്യദർശനത്തില്‍ ദൈവികനാമം വെളിപ്പെടുത്തിയ ദൈവാവിഷ്കരണമായിരുന്നു.
ജീവിക്കുന്ന ദൈവം
കത്തിജ്ജ്വലിക്കുകയായിരുന്നെങ്കിലും എരിഞ്ഞു ചാമ്പലാകാതിരുന്ന മുള്‍പ്പടർപ്പിന്റെ മധ്യേനിന്നു ദൈവം മോശയെ വിളിച്ചു. അവിടുന്ന് അവനോടു പറഞ്ഞു: “ഞാന്‍ നിന്റെ പിതാക്കന്‍മാരുടെ ദൈവമാണ്; അബ്രാഹത്തിന്റെ ദൈവം, ഇസഹാക്കിന്റെ ദൈവം, യാക്കോബിന്റെ ദൈവം." അവിടുന്ന് പിതാക്കന്‍മാരുടെ ദൈവമാണ്, പൂർവപിതാക്കന്‍മാരെ വിളിക്കുകയും, അവരുടെ ദേശാടനങ്ങളില്‍ അവരെ നയിക്കുകയും ചെയ്തവന്‍. വിശ്വസ്തനും ദയാലുവുമാണ് അവിടുന്ന്. അവരെയും തന്റെ വാഗ്ദാനങ്ങളെയും അനുസ്മരിക്കുന്നവനുമാണ്. അവരുടെ പിന്‍ഗാമികളെ അടിമത്തത്തില്‍നിന്നു വിമോചിക്കുവാന്‍ അവിടുന്നു വരുന്നു. സ്ഥലകാലാതീതനായി ഇതുചെയ്യാന്‍ കഴിയുകയും അഭിലഷിക്കുകയും ചെയ്യുന്ന ദൈവമാണവിടുന്ന്: തന്റെ സർവശക്തിയും ഈ പദ്ധതിയ്ക്കുവേണ്ടി അവിടുന്നു വിനിയോഗിക്കുന്നു.
“ഞാന്‍ ആകുന്നവന്‍ ആകുന്നു”
യാഹ്‌വേ(YHWH) (“ഞാന്‍ ആകുന്നവന്‍ ആകുന്നു”) എന്ന തന്റെ നിഗൂഢനാമം വെളിപ്പെടുത്തുകവഴി, താന്‍ ആരാണെന്നും ഏതു നാമത്തില്‍ തന്നെ വിളിച്ചപേക്ഷിക്കണമെന്നും ദൈവം നമ്മെ അറിയിക്കുന്നു. “യഹ്വേ' എന്ന പദത്തിന്റെ അർഥം, “ഞാന്‍ ആയിരിക്കുന്നവന്‍ ആകുന്നു” (I am who I am) എന്നാണ്. ഈ ദൈവനാമം, ദൈവത്തെപ്പോലെ തന്നെ നിഗൂഢമാണ്. ഇതുവെളിപ്പെടുത്തപ്പെട്ട ഒരു പേരാണ്; അതേസമയം ഏതെങ്കിലുമൊരു പേര് നിഷേധിക്കുന്നതിനു കുറെയൊക്കെ സദൃശ്യമാണിത്. ദൈവം അവിടുന്നായിരിക്കുന്നരീതിയില്‍ കൂടുതല്‍ നന്നായി വെളിപ്പെടുത്തുവാന്‍ ഈ നാമധേയം ഉപകരിക്കുന്നു.
നമുക്കു ഗ്രഹിക്കാവുന്നതും വർണിക്കാവുന്നതുമായ സർവവസ്തുക്കളെയുംകാള്‍ അനന്ത തോതില്‍ ശ്രേഷ്ഠനാണു ദൈവം; “അവിടുന്നു മറഞ്ഞിരിക്കുന്ന ദൈവമാണ്"; അവിടുത്തെ നാമം അനിർവചനീയമാണ്; മനുഷ്യന്റെ സമീപത്തേക്ക് ഇറങ്ങിവരുന്ന ദൈവമാണ് അവിടുന്ന്. ഈ അപദാനങ്ങളൊക്കെ സൂചിപ്പിക്കാന്‍ സമുചിതമാണു യഹ്വേ എന്ന നാമധേയം.
സ്വന്തം നാമം വെളിപ്പെടുത്തിക്കൊണ്ടു ദൈവം പണ്ടുമുതല്‍ ഉണ്ടായിരുന്നതും എന്നേക്കും നിലനില്‍ക്കുന്നതുമായ തന്റെ വിശ്വസ്തതയും വെളിപ്പെടുത്തുന്നു: അതീതകാലത്ത് അവിടുന്നു വിശ്വസ്തനായിരുന്നു; (“ഞാന്‍ നിന്റെ പിതാക്കന്‍മാരുടെ ദൈവമാണ്”); ഭാവികാലത്തും അവിടുന്നു വിശ്വസ്തനായിരിക്കും. (ഞാന്‍ നിന്നോടുകൂടിയുണ്ടായിരിക്കും) “ഞാന്‍ ആകുന്നു” എന്ന തന്റെ നാമം വെളിപ്പെടുത്തുന്ന ദൈവം എന്നുമെന്നും ജീവിക്കുന്നവനും തന്റെ ജനത്തെ രക്ഷിക്കുവാനായി സദാ അവരോടൊപ്പം സന്നിഹിതനുമായ ദൈവമാണെന്ന് സ്വയം വെളിപ്പെടുത്തുന്നു.
അത്യാകർഷകവും നിഗൂഢവുമായ ദൈവസാന്നിധ്യത്തിന്റെ മുന്‍പില്‍ മനുഷ്യന്‍ തന്റെ നിസ്സാരത മനസ്സിലാക്കുന്നു. കത്തിക്കാളുന്ന മുള്‍പ്പടർപ്പിനു മുന്‍പില്‍ മോശ തന്റെ ചെരിപ്പുകള്‍ എടുത്തുമാറ്റുകയും, ദൈവത്തിന്റെ പരിശുദ്ധിയുടെ മുന്‍പില്‍ തന്റെ മുഖം മറയ്ക്കുകയും ചെയ്യുന്നു. ത്രൈശുദ്ധദൈവത്തിന്റെ മഹത്ത്വത്തിനു മുന്‍പില്‍ ഏശയ്യാ വിളിച്ചു പറഞ്ഞു: “എനിക്കു ദുരിതം! ഞാന്‍ നശിച്ചു, കാരണം, അശുദ്ധമായ അധരങ്ങളുള്ളവനാകുന്നു ഞാന്‍.” ദിവ്യാദ്ഭുതങ്ങള്‍ പ്രവർത്തിച്ച ഈശോയുടെ മുന്‍പില്‍ പത്രോസു വിളിച്ചുപറഞ്ഞു: “കർത്താവേ എന്നില്‍ നിന്ന് അകന്നു പോകണമേ; എന്തുകൊണ്ടെന്നാല്‍ ഞാന്‍ പാപിയായ ഒരു മനുഷ്യനാണ്” ഇങ്ങനെയാണെങ്കിലും, ദൈവം പരിശുദ്ധനാകയാന്‍, അവിടുത്തെ മുന്‍പില്‍ പാപിയാണെന്ന് അംഗീകരിച്ച് ഏറ്റുുപറയുന്നയാള്‍ക്കു പാപമോചനം നല്കാന്‍ അവിടുത്തേക്കു കഴിയും: “ഞാന്‍ എന്റെ കോപത്തെ ജ്വലിപ്പിക്കുകയില്ല; കാരണം ഞാന്‍ ദൈവമാണ്, മനുഷ്യനല്ല; നിങ്ങളുടെയിടയില്‍ വസിക്കുന്ന പരിശുദ്ധന്‍തന്നെ." യോഹന്നാന്‍ അപ്പസ്തോലനും അതുതന്നെ പറയുന്നു: “നമ്മുടെ ഹൃദയം നമ്മെ കുറ്റപ്പെടുത്തുമ്പോഴെല്ലാം നാം അവിടുത്തെ മുന്‍പില്‍ സമാധാനം കണ്ടെത്തും. ദൈവം നമ്മുടെ ഹൃദയത്തെക്കാള്‍ വലിയവനാണ്; അവിടുന്ന് എല്ലാം അറിയുന്നു."
ആർദ്രനും ദയാലുവുമായ ദൈവം
സ്വർണംകൊണ്ടുള്ള കാളക്കുട്ടിയെ ആരാധിക്കാന്‍വേണ്ടി ദൈവത്തില്‍ നിന്നകന്നുപോയ ഇസ്രായേലിന്റെ പാപത്തെത്തുടർന്നു മോശ അവർക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിക്കുന്നു; അവിശ്വസ്തരായ ആ ജനത്തിന്റെമധ്യേ സഞ്ചരിക്കുന്നതിനു ദൈവം സമ്മതിക്കുന്നു. അങ്ങനെ ദൈവം തന്റെ സ്നേഹം പ്രസ്പഷ്ടമാക്കുന്നു. ദൈവത്തിന്റെ മഹത്ത്വപ്രഭാവം ദർശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച മോശയ്ക്കു ദൈവം മറുപടി നല്‍കി: “ഞാന്‍ നിന്റെ മുന്‍പില്‍ എന്റെ നന്മ (സൗന്ദര്യം) മുഴുവന്‍ പ്രദർശിപ്പിക്കും; നിന്റെ മുന്‍പില്‍ കർത്താവ് (യഹ്വേ) എന്ന എന്റെ നാമം ഞാന്‍ വിളിച്ചുപറയും." കർത്താവു മോശയുടെ മുന്‍പിലൂടെ കടന്നുപോയിട്ടു പ്രഖ്യാപിച്ചു: “കർത്താവ്, കർത്താവ് , കാരുണ്യവാനും ദയാലുവുമായ ദൈവം, കോപിക്കുന്നതില്‍ വിമുഖന്‍, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരന്‍.” ക്ഷമിക്കുന്ന ദൈവമാണ് കർത്താവെന്ന് അപ്പോള്‍ മോശ അംഗീകരിച്ചേറ്റുപറയുന്നു.
“ഞാന്‍ ആകുന്നു” അഥവാ “അവന്‍ ആകുന്നു” എന്ന ദിവ്യനാമം, ദൈവത്തിന്റെ വിശ്വസ്തതയെ സൂചിപ്പിക്കുന്നു. പാപംമൂലം ദൈവത്തോട് അവിശ്വസ്തത പ്രദർശിപ്പിക്കുകയും അതിന്റെ പേരില്‍ ശിക്ഷാർഹരാകുകയും ചെയ്താലും, ദൈവം “ആയിരങ്ങളോടുള്ള തന്റെ അചഞ്ചലസ്‌നേഹം” കാത്തുസുക്ഷിക്കുന്നു. നമുക്കുവേണ്ടി തന്റെ ഏകസുതനെ കൈവെടിയാന്‍തക്കവിധം “കരുണാസമ്പന്നനാണു" താനെന്നു ദൈവം വെളിപ്പെടുത്തുന്നു. നമ്മുടെ പാപത്തില്‍നിന്നു നമ്മെ മോചിപ്പിക്കുവാനായി സ്വജീവനർപ്പിച്ചുകൊണ്ട് യേശു സ്വയം വെളിപ്പെടുത്തുന്നുണ്ട്. താന്‍ തന്നെയാണ് ഈ ദൈവനാമധാരിയെന്ന്; “നിങ്ങള്‍ മനുഷ്യപുത്രനെ ഉയർത്തിക്കഴിയുമ്പോള്‍ “ഞാന്‍ ആകുന്നു” എന്നു നിങ്ങള്‍ക്കുമനസ്സിലാകും”
ആയിരിക്കുന്നവന്‍ ദൈവംമാത്രം
ദൈവനാമത്തിന്റെ വെളിപാടില്‍ അന്തർഭവിച്ചിരിക്കുന്ന അർഥവൈശിഷ്ട്യം അനാവരണം ചെയ്യുന്നതിനും ആഴത്തില്‍ അതു ഗ്രഹിക്കുന്നതിനും ശതാബ്ദങ്ങളിലൂടെ ഇസ്രായേലിന്റെ വിശ്വാസത്തിനു സാധിച്ചു. ദൈവം ഏകനാണ്. അവിടുന്നല്ലാതെ മറ്റു ദൈവങ്ങളില്ല. ദൈവം പ്രപഞ്ചത്തിനും ചരിത്രത്തിനും അതീതനാണ്; സ്വർഗത്തെയും ഭൂമിയെയും സൃഷ്ടിച്ചത് അവിടുന്നാണ്. “അവ നശിച്ചു പോകും, എന്നാല്‍ അങ്ങേക്കുമാറ്റമില്ല; എല്ലാം വസ്ത്രംപോലെ പഴകിപ്പോകും. അങ്ങുമാത്രം നിലനില്‍ക്കും. അങ്ങയുടെ സംവത്സരങ്ങള്‍ക്ക് അവസാനമില്ല." ദൈവത്തില്‍ “മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ല." എന്നും എന്നേക്കും “ആയിരിക്കുന്നവന്‍ ആകുന്നു” ദൈവം. തന്നോടുതന്നെയും തന്റെ വാഗ്ദാനങ്ങളോടും അവിടുന്ന് എന്നും വിശ്വസ്തത പുലർത്തുന്നു.
“ഞാന്‍ ആകുന്നവന്‍ ആകുന്നു” എന്ന അവർണനീയനാമത്തിന്റെ ആവിഷ്‌കാരം ആയിരിക്കുന്നവന്‍ ദൈവംമാത്രം എന്ന സത്യം ഉള്‍ക്കൊള്ളുന്നു. ഹെബ്രായഭാഷയിലെ വിശുദ്ധലിഖിതങ്ങളുടെ ഗ്രീക്കുസപ്തതി വിവർത്തനവും പിന്നീടു സഭാപാരമ്പര്യവും ദൈവനാമത്തെ ഈ അർഥത്തിലാണു മനസ്സിലാക്കിയത്: ഉണ്‍മയുടെയും എല്ലാ ഗുണവിശേഷങ്ങളുടെയും പരിപൂർണതയായ ദൈവം ആദ്യന്തരഹിതനുമാണ്. സർവസൃഷ്ടികള്‍ക്കും, അവ ആയിരിക്കുന്നതെന്തോ അതും അവയ്ക്കുള്ളവ എന്തോ അതും അവിടുന്നില്‍ നിന്നാണു ലഭിക്കുന്നത്. ദൈവം മാത്രമാണു തന്റെതന്നെ ഉണ്‍മയായിരിക്കുന്നവന്‍; അവിടുന്നു തന്നില്‍ത്തന്നെ അവിടുന്നായിരിക്കുന്ന സർവതുമാണ്.
III. “ആയിരിക്കുന്നവനായ ദൈവം” സത്യവും സ്നേഹവുമാണ്
“ആയിരിക്കുന്നവനായ ദൈവം” ഇസ്രായേലിനു സ്വയം വെളിപ്പെടുത്തിയത് “അചഞ്ചല സ്നേഹവും വിശ്വസ്തതയും നിറഞ്ഞുകവിയുന്നവനായിട്ടാണ്.” ഈ രണ്ടു പദങ്ങളും ദൈവനാമത്തിന്റെ അർഥവൈശിഷ്ട്യം സംഗ്രഹരൂപത്തില്‍ അവതരിപ്പിക്കുന്നുണ്ട്. തന്റെ പ്രവർത്തനങ്ങളിലെല്ലാം ദൈവം ദയയും നന്മയും കൃപയും അചഞ്ചലസ്‌നേഹവും പ്രദർശിപ്പിക്കുന്നു; അതുപോലെതന്നെ, അവിടുത്തെ വിശ്വാസ്യതയും സ്ഥിരതയും വിശ്വസ്തതയും സത്യവും ദൈവം പ്രദർശിപ്പിക്കുന്നു; “ദൈവമേ, അങ്ങയുടെ അചഞ്ചല സ്നേഹവും വിശ്വസ്തതയും അനുസ്മരിച്ചുകൊണ്ടു ഞാന്‍ അങ്ങേ നാമത്തിനു നന്ദി പറയുന്നു." “ദൈവം പ്രകാശം ആകുന്നു; അവനില്‍ അന്ധകാരം ലേശംപോലുമില്ല” എന്നതിനാല്‍ ദൈവം സത്യമാകുന്നു. യോഹന്നാന്‍ അപ്പസ്തോലന്‍ പഠിപ്പിക്കുന്നതുപോലെ, “ദൈവം സ്നേഹമാകുന്നു.”
ദൈവം സത്യം ആകുന്നു
“അങ്ങയുടെ വചനത്തിന്റെ സാരാംശം സത്യംതന്നെയാണ്,; അങ്ങയുടെ നിയമങ്ങള്‍ നീതിയുക്തമാണ്; അവ എന്നേക്കും നിലനില്‍ക്കുന്നു." “ദൈവമായ കർത്താവേ, അങ്ങുതന്നെ ദൈവം; അങ്ങയുടെ വചനങ്ങള്‍ സത്യമാകുന്നു.” ഇക്കാരണത്താലാണു ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ എന്നും പൂർത്തീകരിക്കപ്പെടുന്നത്. ദൈവം സത്യം തന്നെയാണ്. അവിടുത്തെ വാക്കുകള്‍ക്കു വീഴ്ചവരില്ല. ഇക്കാരണത്താലാണു ദൈവവചനത്തിന്റെ സത്യത്തിലും വിശ്വസ്തതയിലും പൂർണവിശ്വാസമർപ്പിച്ചുകൊണ്ട്, ഒരുവന്‍ എല്ലാക്കാര്യങ്ങളിലും തന്നെത്തന്നെ സമർപ്പിക്കുവാന്‍ സാധിക്കുന്നത്. മനുഷ്യന്റെ പാപത്തിന്റെയും അധഃപതനത്തിന്റെയും ആരംഭം പ്രലോഭകന്റെ അസത്യത്തില്‍നിന്നാണ്: ദൈവത്തിന്റെ വചനത്തിലും അവിടുത്തെ ദയയിലും വിശ്വസ്തതയിലും സംശയിക്കാന്‍ പ്രലോഭകന്‍ പ്രേരിപ്പിച്ചു.
ദൈവത്തിന്റെ സത്യം, സൃഷ്ട്രപ്രപഞ്ചത്തിന്റെ സംവിധാനം നിലനിറുത്തുകയും അതിനെ നിയന്ത്രിക്കുകയുംചെയ്യുന്ന അവിടുത്തെ ജ്ഞാനമാണ്. ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചദൈവത്തിനുമാത്രമേ, തന്നോടു ബന്ധപ്പെടുത്തി സർവസൃഷ്ടിജാലങ്ങളെയുംകുറിച്ച്, യഥാർഥജ്ഞാനം നല്‍കാന്‍ കഴിയൂ.
സ്വയം വെളിപ്പെടുത്തുമ്പോഴും ദൈവം സത്യവാനാണ്. ദൈവത്തില്‍നിന്നുവരുന്ന പ്രബോധനം “സത്യബോധനമാണ്”. ദൈവം തന്റെ ഏകപുത്രനെ ലോകത്തിലേക്ക് അയച്ചത്, “സത്യത്തിനു സാക്ഷ്യം നല്കാനാണ്.” “ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെ അറിയാന്‍ നമുക്ക് കഴിവുനല്‍കിയെന്നും നാം അറിയുന്നു."
ദൈവം സ്നേഹം ആകുന്നു
എല്ലാ ജനതകളുടെയും ഇടയില്‍നിന്ന് ഇസ്രായേലിനെമാത്രം തന്റെ സ്വന്തമായി തിരഞ്ഞെടുക്കുവാനും, തന്നെത്തന്നെ അവർക്കു വെളിപ്പെടുത്തുവാനും ദൈവത്തെ പ്രേരിപ്പിച്ചത് അവിടുത്തെ ഉദാരമായ സ്‌നേഹം ഒന്നുമാത്രമാണെന്ന് ഇസ്രായേല്‍ജനം തങ്ങളുടെ ചരിത്രഗതിയില്‍നിന്നു മനസ്സിലാക്കി. മാത്രവുമല്ല, സ്നേഹം നിമിത്തമായിരുന്നു ദൈവം തങ്ങളെ സദാ സംരക്ഷിച്ചിരുന്നതെന്നും തങ്ങളുടെ അവിശ്വസ്തതയ്ക്കും പാപങ്ങള്‍ക്കും മാപ്പുനല്‍കിയിരുന്നതെന്നും പ്രവാചകന്‍മാർ മുഖേന ഇസ്രായേല്‍ജനം ഗ്രഹിച്ചു.
ദൈവത്തിന് ഇസ്രായേലിനോടുള്ള സ്നേഹം, ഒരു പിതാവിനു തന്റെ പുത്രനോടുള്ള സ്നേഹത്തോട് ഉപമിച്ചിരിക്കുന്നു. ഒരമ്മയ്ക്കു തന്റെ മക്കളോടുള്ള സ്നേഹത്തെക്കാള്‍ തീക്ഷ്ണതയേറിയതാണ് ഈ സ്നേഹം. ദൈവത്തിനു തന്റെ ജനത്തോടുള്ള സ്നേഹം, ഒരു വരന്‍ വധുവിനോടുള്ള സ്നേഹത്തിനും ഉപരിയാണ്. ഏറ്റവും നിന്ദ്യങ്ങളായ അവിശ്വസ്തതകളെപ്പോലും കീഴ്പ്പെടുത്തുന്നതാണ് അവിടുത്തെ സ്നേഹം; ഈ സ്നേഹം അവിടുത്തെ ഏറ്റവും വിലപിടിച്ച ദാനംവരെ എത്തിനില്‍ക്കുന്നു: “തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.”
"ദൈവത്തിന്റെ സ്നേഹം നിത്യമാണ്." "മലകൾ അകന്നുപോയേക്കാം; കുന്നുകൾ മാറ്റപ്പെട്ടേക്കാം; എന്നാൽ എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല." "നിത്യ സ്നേഹത്താൽ നിന്നെ ഞാൻ സ്നേഹിച്ചു. അതിനാൽ നിന്നോടുള്ള വിശ്വസ്തത ഞാൻ നിരന്തരം പാലിച്ചു".
“ദൈവം സ്നേഹമാകുന്നു" എന്നു പ്രഖ്യാപിക്കുമ്പോൾ വി. യോഹന്നാൻ ഇനിയും മുന്നോട്ടു കടന്നു ചിന്തിക്കുകയാണ്. ദൈവത്തിന്റെ ഉൺമതന്നെ സ്നേഹമാണ്. സ്വന്തം ഏകജാതനെയും സ്നേഹാത്മാവിനെയും സമയത്തിന്റെ പൂർണതയിൽ അയച്ചുകൊണ്ട്, ദൈവം അവിടുത്തെ അതിനിഗൂഢ രഹസ്യം പോലും വെളിപ്പെടുത്തിയിരിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവംതന്നെ സ്നേഹത്തിന്റെ നിത്യമായ പരസ്പരദാനമാണ്. അതിൽ നാമും പങ്കുചേരണമെന്ന് അവിടുന്നു നിശ്ചയിച്ചിരിക്കുന്നു.
IV. ഏകദൈവത്തിലുള്ള വിശ്വാസത്തിന്റെ അർഥവിവക്ഷകൾ
ഏകദൈവത്തിൽ വിശ്വസിക്കുക; സർവ ഉൺമയോടുംകൂടി അവിടുത്തെ സ്നേഹിക്കുക എന്നത് നമ്മുടെ ജീവിതം മുഴുവനിലും വലിയ പരിണതഫലങ്ങൾ ഉളവാക്കുന്നതാണ്.
ദൈവത്തിന്റെ മഹത്ത്വവും പ്രതാപവും അംഗീകരിക്കുകയാണിത്: "നമുക്കു ഗ്രഹിക്കാനാവാത്തവിധം ദൈവം മഹോന്നതനാണ്". ഇക്കാരണത്താൽ "നാം ആദ്യമായി ദൈവത്തെ സേവിക്കണം".
കൃതജ്ഞതാപുരസ്സരമുള്ള ജീവിതമാണിത്: ദൈവം ഒരുവൻ മാത്രമാണെങ്കിൽ നാം ആയിരിക്കുന്നതും നമുക്ക് ഉണ്ടായിരിക്കുന്നതുമെല്ലാം അവിടുന്നിൽനിന്നു വരുന്നു. “ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്?". കർത്താവ് എന്റെമേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്കുപകരമായി അവിടുത്തേക്ക് എന്തുകൊടുക്കും.
എല്ലാ മനുഷ്യരുടെയും ഐക്യവും യഥാർഥമഹാത്മ്യവും അറിയുകയാണിത്: “സർവ മനുഷ്യരും ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
സൃഷ്ടവസ്തുക്കളെ ശരിയായി ഉപയോഗിക്കുക : നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കത്തക്കവിധം, ദൈവമൊഴികെയുള്ള സർവവും ഉപയോഗിക്കാനും, ദൈവത്തിൽനിന്നു നമ്മെ അകറ്റുന്നവയിൽ നിന്നെല്ലാം അകന്നുമാറാനും നമ്മെ പ്രേരിപ്പിക്കുന്നതാണ് ഏകദൈവ വിശ്വാസം:
എല്ലാ സന്ദർഭങ്ങളിലും കഷ്ടതയിൽ പോലും ദൈവത്തിൽ ആശ്രയം കണ്ടെത്തുക: ഈശോയുടെ വിശുദ്ധ ത്രേസ്യായുടെ ഒരു പ്രാർഥന ഇതു ചേതോഹരമായി പ്രകാശിപ്പിക്കുന്നു:
സംഗ്രഹം
“ഇസ്രായേലേ കേൾക്കുക: നമ്മുടെ ദൈവമായ കർത്താവ് ഒരേ ഒരു കർത്താവാണ്. ” (നിയമ, 6:4, മർക്കോ 12:29) “പരമസത്ത സമാനമായ മറ്റൊന്നില്ലാതെ അനന്യമായിരിക്കണം... ദൈവം ഏകനല്ലെങ്കിൽ അവിടുന്നു ദൈവമല്ല " (Tertullian, Adv. Marc; 1,3,5: PL 2, 274).
നമ്മുടെ ആദ്യ ഉറവിടവും പരമാന്തവുമെന്നനിലയ്ക്കു ദൈവത്തിന്റെ പക്കലേക്കുമാത്രം തിരിയുവാനും; ദൈവത്തെക്കാൾ ശ്രേഷ്ഠമോ, ദൈവത്തിനു പകരം കൊടുക്കാവുന്നതോ ആയി യാതൊന്നുമില്ലെന്നു ഗ്രഹിക്കുവാനും ദൈവത്തിലുള്ള വിശ്വാസം നമ്മെ പ്രേരിപ്പിക്കുന്നു.
ദൈവം സ്വയം വെളിപ്പെടുത്തുമ്പോൾപോലും അവിടുന്നു വാക്കുകൾക്കതീതമായ രഹസ്യമായി നില്ക്കുന്നു: “നീ ദൈവത്തെ ഗ്രഹിച്ചുവോ, എങ്കിൽ അവൻ ദൈവമായിരിക്കുകയില്ല." (St. Augustine, Sermo 52, 6,16:PL 38:360 and Sermo 117, 35:PL 38, 663).
നമ്മുടെ വിശ്വാസത്തിന്റെ ദൈവം സ്വയം വെളിപ്പെടുത്തിയിരിക്കുന്നത് ആയിരിക്കുന്നവൻ ആയിട്ടാണ്. “അചഞ്ചലമായ സ്നേഹവും വിശ്വസ്തതയും നിറഞ്ഞു കവിയുന്നവനായിട്ടാണ്" അവിടുന്നു സ്വയം വെളിപ്പെടുത്തുന്നത് (പുറ. 34:6). ദൈവത്തിന്റെ ഉൺമതന്നെ സത്യവും സ്നേഹവും ആണ്.
ദൈവത്തോടുള്ള മനുഷ്യന്റെ പ്രതികരണം ഞാൻ വിശ്വസിക്കുന്നു I. വിശ്വാസത്തിന്റെ അനുസരണം “ഞാൻ ആകുന്നവൻ ആകുന്നു” അബ്രാഹം- “ വിശ്വസിക്കുന്ന എല്ലാവരുടെയും പിതാവ് വിശ്വാസപ്രമാണങ്ങള്‍ അപ്പസ്തോലന്‍മാരുടെ വിശ്വാസപ്രമാണം നിഖ്യാ കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണം ക്രൈസ്തവവിശ്വാസപ്രഖ്യാപനം പിതാവായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു ഏകദൈവത്തിലുള്ള വിശ്വാസത്തിന്റെ അർഥവിവക്ഷകൾ Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206