We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Religious teaching of the Catholic Church On 11-May-2023
അധ്യായം രണ്ട്
“ദൈവത്തിന്റെ ഏകപുത്രനായ യേശുക്രിസ്തുവില്‍
ഞാന്‍ വിശ്വസിക്കുന്നു.”
സദ്വാർത്ത: ദൈവം തന്റെ പുത്രനെ അയച്ചു
“കാലത്തിന്റെ പൂർണതയില്‍ ദൈവം തന്റെ പുത്രനെ അയച്ചു; അവന്‍ സ്ത്രീയില്‍ നിന്നു ജാതനായി; നിയമത്തിന് അധീനനായി ജനിച്ചു. നമ്മള്‍ ദത്തുപുത്രസ്ഥാനം സ്വീകരിക്കേണ്ടതിനു നിയമത്തിന് അധീനരായിക്കഴിഞ്ഞവരെ വിമുക്തരാക്കാന്‍ വേണ്ടിയായിരുന്നു ഇത്.” “ഇതാ ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷം": ദൈവം തന്റെ ജനതയെ സന്ദർശിച്ചിരിക്കുന്നു. അബ്രാഹത്തോടും സന്തതികളോടും ചെയ്തിരുന്ന വാഗ്ദാനം അവിടുന്നു നിറവേറ്റി. എല്ലാ പ്രതീക്ഷകള്‍ക്കും അതീതമായി അവിടുന്നു പ്രവർത്തിച്ചു- സ്വന്തം പ്രിയപുത്രനെ അവിടുന്ന് അയച്ചു.
നമ്മള്‍ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു: നസ്രത്തില്‍നിന്നുള്ള യേശു, ഒരു ഇസ്രായേല്‍ പുത്രിയില്‍നിന്ന് യഹൂദനായി, ബേത്ലെഹമില്‍ ജനിച്ചു; മഹാനായ ഹേറോദേസിന്റെയും അഗസ്റ്റസ്സീസർ ഒന്നാമന്‍ ചക്രവർത്തിയുടെയും ഭരണകാലത്താണിത്; തച്ചന്റെ ജോലിയായിരുന്നു അവിടുത്തേത്. തിബേരിയസ് ചക്രവർത്തിയുടെയും റോമന്‍ ഗവർണറായ പന്തിയോസ് പീലാത്തോസിന്റെയും കാലത്ത്, ജറുസലേമില്‍ ക്രൂശിതനായി മരിച്ച യേശു, ദൈവത്തിന്റെ, മനുഷ്യനായിത്തീർന്ന, നിത്യപുത്രനാണ്. അവിടുന്നു “ദൈവത്തില്‍നിന്നുവന്നു”, “സ്വർഗത്തില്‍ നിന്നിറങ്ങി,” “ശരീരംധരിച്ചുവന്നു." എന്തെന്നാല്‍, “വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്ത്വം നമ്മള്‍ ദർശിച്ചു. കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റെതുമായ മഹത്ത്വം... അവന്റെ പൂർണതയില്‍ നിന്നു നാമെല്ലാം കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു."
പരിശുദ്ധാത്മാവിന്റെ കൃപാവരത്താല്‍ പ്രേരിതരായി, പിതാവിനാല്‍ ആകൃഷ്ടരായി യേശുവിനെ സംബന്ധിച്ചു വിശ്വസിക്കുകയും, ഏറ്റുപറയുകയും ചെയ്യുന്നു: “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്” പത്രോസ് ഏറ്റുപറഞ്ഞ ഈ വിശ്വാസ ശിലയിന്‍മേല്‍ ക്രിസ്തു തന്റെ സഭയെ പടുത്തുയർത്തി.
"ക്രിസ്തുവിന്റെ അമേയമായ സമ്പത്തു പ്രഘോഷിക്കുവിന്‍"
യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലേക്കു മനുഷ്യരെ ആനയിക്കുന്നതിനായി, അവിടുത്തെ പ്രഘോഷിക്കുന്നതിലാണു ക്രൈസ്തവവിശ്വാസത്തിന്റെ പകർന്നുകൊടുക്കല്‍ മുഖ്യമായും അടങ്ങിയിരിക്കുന്നത്. ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിനുള്ള തീക്ഷ്ണത, ആരംഭംമുതലേ ആദ്യശിഷ്യന്‍മാരില്‍ ഉജ്ജ്വലിച്ചിരുന്നു. “ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തകാര്യങ്ങളെക്കുറിച്ചു സംസാരിക്കാതിരിക്കുവാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല." ക്രിസ്തുവിനോടുള്ള അവരുടെ ഐക്യത്തിന്റെ ആഹ്ളാദത്തിലേക്കു പ്രവേശിക്കാനായി അവർ എക്കാലത്തെയും ജനങ്ങളെ ക്ഷണിക്കുന്നു;
മതബോധനത്തിന്റെ കേന്ദ്രം: ക്രിസ്തു
“മതബോധനത്തിന്റെ അന്തസ്സത്തയായി നാം കാണുന്നത് ഒരു വ്യക്തിയെയാണ്, നസ്രത്തില്‍നിന്നുള്ള യേശു എന്ന വ്യക്തിയെ. പിതാവില്‍നിന്നുള്ള ഏക പുത്രനായ അവിടുന്ന് നമുക്കുവേണ്ടി പീഡകള്‍ സഹിച്ചുമരിച്ച് ഉത്ഥാനശേഷം ഇപ്പോള്‍ നമ്മോടൊത്ത് എപ്പോഴും വസിക്കുന്നവനാണ്. മതബോധനം നടത്തുക എന്നുപറഞ്ഞാല്‍, സനാതനവും സാർവത്രികവുമായ ദൈവിക രക്ഷാപദ്ധതിയെ ക്രിസ്തു എന്ന വ്യക്തിയില്‍ അനാവരണം ചെയ്യുക എന്നാണർഥം. ക്രിസ്തുവിന്റെ പ്രവൃർത്തികളുടെയും വാക്കുകളുടെയും അവിടുന്നു പ്രവർത്തിച്ച അടയാളങ്ങളുടെയും അർഥം ഗ്രഹിക്കുവാനുള്ള ശ്രമമാണു മതബോധനം. “മനുഷ്യരെ ക്രിസ്തുവുമായി ഐക്യത്തില്‍ കൊണ്ടുവരുക എന്നതാണു മതബോധനത്തിന്റെ ലക്ഷ്യം. പരിശുദ്ധാത്മാവില്‍ പിതാവിന്റെ സ്നേഹത്തിലേക്കു നമ്മെ നയിക്കുന്നതിനും പരിശുദ്ധത്രിത്വത്തിന്റെ ജീവനില്‍ നമ്മെ ഭാഗഭാക്കുകളാക്കുന്നതിനും ക്രിസ്തുവിനു മാത്രമേ സാധിക്കൂ.”
മതബോധനത്തില്‍ “അവതീർണവചനവും ദൈവപുത്രനുമായ ക്രിസ്തുവാണ് പ്രബോധനവിഷയം. മറ്റുള്ളതെല്ലാം അവിടുത്തോടു ബന്ധപ്പെടുത്തി പഠിപ്പിക്കപ്പെടുന്നു. പ്രബോധകനും ക്രിസ്തു മാത്രമാണ്. മറ്റാരെങ്കിലും പഠിപ്പിക്കുന്നെങ്കില്‍ അയാള്‍ ഏതുപരിധിവരെ ക്രിസ്തു സന്ദേശവാഹകനോ വ്യാഖ്യാതാവോ ആയിരിക്കുന്നുവോ അത്രത്തോളം മാത്രമാണു പഠിപ്പിക്കുന്നത് - അയാളുടെ അധരങ്ങളില്‍ക്കൂടി സംസാരിക്കുന്നതു ക്രിസ്തുവാണ്. ക്രിസ്തുവിന്റെ നിഗുഢാത്മകവാക്കുകള്‍ തന്റെതാക്കുവാന്‍ ഓരോ മതബോധകനും ശ്രമിക്കണം: “എന്റെ പ്രബോധനം എന്റേതല്ല എന്നെ അയച്ചവന്റെതാണ്."
“ക്രിസ്തുവിന്റെ സദ്വാർത്ത അറിയിക്കുവാന്‍” വിളിക്കപ്പെട്ട ആള്‍ ആദ്യമായി “യേശുക്രിസ്തുവിനെക്കുറിച്ചുള്ള അറിവിന്റെ ഔന്നത്യം തേടാന്‍ ശ്രമിക്കണം; “ക്രിസ്തുവിനെ നേടുന്നതിനും അവനില്‍ കാണപ്പെടുന്നതിനും വേണ്ടി” സർവനഷ്ടങ്ങളും അയാള്‍ സഹിക്കണം... “ക്രിസ്തുവിനെയും അവിടുത്തെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അറിയുകയും അവിടുത്തെ സഹനങ്ങളില്‍ പങ്കുചേരുകയും മരണത്തില്‍ അവിടുത്തോടു സദൃശനാവുകയും വേണം. ഇങ്ങനെയാണ് മരിച്ചവരുടെയിടയില്‍ നിന്നുള്ള ഉത്ഥാനത്തിന് അയാള്‍ എത്തിച്ചേരുക."
ക്രിസ്തുവിനെപ്പറ്റിയുള്ള സ്‌നേഹനിർഭരമായ ഈ ജ്ഞാനമാണ് അവിടുത്തെ പ്രഘോഷിക്കുവാനും, “സദ്വാർത്ത അറിയിക്കുവാനും", യേശുക്രിസതുവിലുള്ള വിശ്വാസപ്രഖ്യാപനത്തിലേക്ക് മറ്റുള്ളവരെ നയിക്കുവാനുമുള്ള ആഗ്രഹം നമ്മില്‍ ജനിപ്പിക്കുന്നത്. എന്നാല്‍ അതേസമയം ഈ വിശ്വാസത്തെക്കുറിച്ചു നിരന്തരംകൂടുതല്‍ അറിയുക എന്ന ആവശ്യം സ്പഷ്ടമാണ്. അതിനുവേണ്ടി, വിശ്വാസ പ്രമാണത്തിന്റെ ക്രമമനുസരിച്ച്, യേശുക്രിസ്തുവിന്റെ മുഖ്യാഭിധാനങ്ങള്‍ - ക്രിസതു, ദൈവപുത്രന്‍, കർത്താവ്, ഇവ പ്രതിപാദിക്കപ്പെടുന്നതായിരിക്കും (വകുപ്പ്2); വിശ്വാസപ്രമാണത്തില്‍ തുടർന്ന്, നാം ഏറ്റുപറയുന്നത് അവിടുത്തെ ജീവിതത്തിലെ പ്രധാനരഹസ്യങ്ങളാണ്; അവിടുത്തെ മനുഷ്യാവതാരം (വകുപ്പ് 3); പെസഹാരഹസ്യം (വകുപ്പ്4, 5); അവിടുത്തെ മഹത്ത്വീകരണരഹസ്യം (വകുപ്പ് 6,7).
വകുപ്പ് 2
“അവിടുത്തെ ഏകപുത്രനും നമ്മുടെ കർത്താവുമായ
യേശുക്രിസ്തുവില്‍”
I. യേശു
"യേശു” എന്നപദത്തിനു ഹീബ്രുഭാഷയില്‍ “ദൈവം രക്ഷിക്കുന്നു” എന്നാണർഥം. മംഗളവാർത്താവേളയില്‍, രക്ഷകന്റെ പ്രത്യേക സംജ്ഞയായി ഗബ്രിയേല്‍ മാലാഖ നല്‍കുന്നത് “യേശു” എന്ന നാമമാണ്; അത് അവിടുത്തെ വ്യക്തിത്വത്തെയും ദൗത്യത്തെയും സൂചിപ്പിക്കുന്നു. പാപത്തില്‍നിന്നു മോചനം നല്‍കാന്‍ ദൈവത്തിനുമാത്രമേ സാധിക്കു എന്നതിനാല്‍ അവിടുത്തെ നിത്യപുത്രനും മനുഷ്യനായി അവതരിച്ചവനുമായ യേശുവില്‍ “അവിടുന്ന് തന്റെ ജനത്തെ പാപങ്ങളില്‍നിന്നു മോചിപ്പിച്ചു". അങ്ങനെ മനുഷ്യരെപ്രതിയുള്ള രക്ഷാചരിത്രംമുഴുവന്‍ ദൈവം യേശുവില്‍ സംക്ഷിപ്തമായി ആവിഷ്കരിച്ചിരിക്കുന്നു.
രക്ഷാകരചരിത്രത്തില്‍ ഇസ്രായേലിനെ “അടിമത്തത്തിന്റെ ഭവനത്തില്‍ നിന്നു" വിമോചിപ്പിച്ച്, ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരുന്നതുകൊണ്ടുമാത്രം ദൈവം സംതൃപ്തനായില്ല; അവിടുന്ന് അവരെ പാപത്തില്‍നിന്നു രക്ഷിക്കുന്നു. പാപം എപ്പോഴും ദൈവത്തോടുള്ള അപരാധമാകയാല്‍, പാപമോചനം നല്‍കാന്‍ അവിടുത്തേക്കുമാത്രമേ കഴിയൂ. ഇക്കാരണത്താല്‍, പാപത്തിന്റെ സാർവജനീനസ്വഭാവത്തെക്കുറിച്ചു കൂടുതല്‍ കൂടുതല്‍ അവബോധം ആർജിച്ചുകൊണ്ടിരുന്ന ഇസ്രായേലിനു രക്ഷതേടുവാന്‍ രക്ഷകനായ ദൈവത്തിന്റെ നാമം വിളിച്ചപേക്ഷിക്കുകയല്ലാതെ മറ്റുയാതൊരു മാർഗവുമുണ്ടായിരുന്നില്ല.
പാപത്തില്‍നിന്നു മനുഷ്യർക്കു സാർവലൗകികവും പരമവുമായ മോചനം നല്‍കാന്‍ അവതരിച്ച ദൈവപുത്രന്റെ വ്യക്തിത്വത്തില്‍ത്തന്നെ അന്തർഭവിച്ചിരിക്കുന്ന ദൈവനാമത്തെയാണ് യേശു എന്നനാമം സൂചിപ്പിക്കുന്നത്. രക്ഷ പ്രദാനംചെയ്യുന്നത് യേശു എന്ന ദിവ്യനാമം മാത്രമാണ്. എല്ലാ മനുഷ്യർക്കും തിരുനാമം വിളിച്ചപേക്ഷിക്കാം; കാരണം, മനുഷ്യാവതാരത്തിലൂടെ യേശുതന്നെത്തന്നെ സർവമനുഷ്യരുമായി ഐക്യപ്പെടുത്തിയിരിക്കുന്നു. അങ്ങനെ, “ആകാശത്തിനുകീഴെ മനുഷ്യരുടെയിടയില്‍ നമ്മുടെ രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല."
ഇസ്രായേലിന്റെ പാപപരിഹാരാർഥം ആണ്ടിലൊരിക്കല്‍ മാത്രമാണു മഹാപുരോഹിതന്‍ രക്ഷകനായ ദൈവത്തിന്റെ നാമം വിളിച്ചപേക്ഷിച്ചിരുന്നത്. അതിവിശുദ്ധ സ്ഥലത്തുള്ള കൃപാസനത്തെ ബലിരക്തംകൊണ്ടു തളിച്ചശേഷം മാത്രമാണ് ഇതുചെയ്തിരുന്നത്. കൃപാസനം ദൈവസാന്നിധ്യത്തിന്റെ സ്ഥാനമായിരുന്നു. “യേശുവിനെ അവിടുത്തെ രക്തത്തിലൂടെയുള്ള പാപപരിഹാരമായി ദൈവം നിയോഗിച്ചു” എന്നു വിശുദ്ധ പൗലോസ് പറയുമ്പോള്‍ അദ്ദേഹം അർഥമാക്കുന്നത്, “ക്രിസ്തുവിന്റെ മനുഷ്യത്വത്തിലാണ്, ദൈവം ലോകത്തെ ക്രിസ്തുവില്‍ തന്നോട് രമ്യതപ്പെടുത്തിയത്" എന്നാണ്.
യേശുവിന്റെ പുനരുത്ഥാനം രക്ഷകനായ ദൈവത്തിന്റെ നാമം മഹത്ത്വീകരിക്കുന്നു; കാരണം, അപ്പോള്‍ മുതല്‍ “എല്ലാ നാമങ്ങള്‍ക്കുമുപരിയായ നാമത്തിന്റെ" പരമശക്തിയെ അതിന്റെ പൂർണതയില്‍ പ്രകടിപ്പിക്കുന്നത് യേശുവിന്റെ നാമമാണ്. ദുഷ്ടാരൂപികള്‍ അവിടുത്തെ നാമം ഭയപ്പെടുന്നു; യേശുവിന്റെ നാമത്തില്‍ അവിടുത്തെ ശിഷ്യന്‍മാർ അദ്ഭുതങ്ങള്‍ പ്രവർത്തിക്കുന്നു. എന്തെന്നാല്‍ അവിടുത്തെ നാമത്തില്‍ അവർ ചോദിക്കുന്നതെന്തും പിതാവ് അവർക്കു നല്‍കുന്നു.
യേശു എന്ന നാമമാണു ക്രൈസ്തവപ്രാർഥനയുടെ ഹൃദയഭാഗത്തു നിലകൊള്ളുന്നത്. ആരാധനക്രമത്തിലെ പ്രാർഥനകളെല്ലാം സമാപിക്കുന്നത്, “നമ്മുടെ കർത്താവായ യേശുക്രിസ്തുവഴി” എന്ന വാക്കുകളോടെയാണ്. നന്‍മനിറഞ്ഞമറിയമേ എന്ന പ്രാർഥന അതിന്റെ പാരമ്യത്തിലെത്തുന്നത്, “നിന്റെ ഉദരത്തിന്റെ ഫലമായ യേശു അനുഗൃഹീതനാകുന്നു” എന്ന വാക്കുകളിലാണ്. പൗരസ്ത്യരുടെ യേശുജപം എന്ന ഹൃദയപ്രാർഥന ശ്രവിക്കുക: “കർത്താവായ യേശുക്രിസ്തുവേ, ദൈവപുത്രാ, പാപിയായ എന്റെമേല്‍ കരുണയുണ്ടാകണമേ”. ആർക്കിലെ വി. ജോവാനെപ്പോലെയുള്ള അനേകം ക്രിസ്ത്യാനികള്‍ അന്ത്യശ്വാസം വലിച്ചത് “യേശു” എന്നനാമം ഉച്ചരിച്ചുകൊണ്ടാണ്.
ക്രിസ്തു
“അഭിഷിക്തന്‍" എന്നർഥമുള്ള “മിശിഹാ” എന്ന ഹീബ്രുവാക്കിന്റെ ഗ്രീക്കു പരിഭാഷയില്‍നിന്നാണു ക്രിസ്തു എന്നവാക്കുവന്നിട്ടുള്ളത്. ഇതു സൂചിപ്പിക്കുന്ന ദിവ്യദൗത്യം യേശു പൂർണമായി നിർവഹിച്ചതിനാല്‍ ക്രിസ്തു എന്നത് യേശുവിനുയോജിച്ച സംജഞയായിത്തീർന്നു. ഇസ്രായേലില്‍ പ്രത്യേകമായ ഒരു ദൗത്യത്തിനായി ദൈവത്തിനു സമർപ്പിതരായവർ അവിടുത്തെ നാമത്തില്‍ അഭിഷിക്തരായിരുന്നു. രാജാക്കന്‍മാരും പുരോഹിതന്‍മാരും, ചില പ്രത്യേക സാഹചര്യങ്ങളില്‍ പ്രവാചകന്‍മാരും ഈ അഭിഷേകം സ്വീകരിച്ചിരുന്നു. തന്റെ രാജ്യം എന്നേക്കുമായി സ്ഥാപിക്കുവാന്‍ ദൈവത്താല്‍ അയയ്ക്കപ്പെടുവാനിരുന്ന മിശിഹായെ സംബന്ധിച്ചിടത്തോളം ഈ അഭിഷേകം സർവോപരി അന്വർഥമാണ്. രാജാവും പുരോഹിതനും പ്രവാചകനുമായി മിശിഹാ കർത്താവിന്റെ ആത്മാവിനാല്‍ അഭിഷിക്തനാകുക ആവശ്യമായിരുന്നു. രാജാവ്, പുരോഹിതന്‍, പ്രവാചകന്‍ എന്നീ ത്രിവിധധർമങ്ങള്‍ നിർവഹിച്ചു കൊണ്ട് യേശു ഇസ്രായേലിന്റെ മിശിഹായെക്കുറിച്ചുള്ള പ്രതീക്ഷസഫലമാക്കി.
ഇസ്രായേലിനു വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന മിശിഹാ പിറന്നിരിക്കുന്നുവെന്നാണ്, യേശുവിന്റെ പിറവിയെപ്പറ്റി മാലാഖ ആട്ടിടയന്‍മാരെ അറിയിച്ചത്: “ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കർത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു.” ആരംഭംമുതലേ യേശുവിനെ നാം ദർശിക്കുന്നത് “പിതാവു വിശുദ്ധീകരിച്ചു ലോകത്തിലേക്ക് അയച്ചവനും”, മറിയത്തിന്റെ കന്യോദരത്തില്‍ “പരിശുദ്ധനായി” ജനിച്ചവനുമായിട്ടാണ്. പരിശുദ്ധാത്മാവില്‍നിന്നു ജനിച്ചവനെ ഗർഭംധരിച്ചിരുന്ന മറിയത്തെ ഭാര്യയായി സ്വീകരിക്കുവാന്‍ ജോസഫ് ദൈവത്താല്‍ വിളിക്കപ്പെട്ടു. അങ്ങനെ “ക്രിസ്തു” എന്നുവിളിക്കപ്പെടുന്ന യേശു, ജോസഫിന്റെ ഭാര്യയില്‍നിന്ന്, ദാവീദിന്റെ മെസ്സയാനിക പരമ്പരയില്‍ ജനിച്ചു.
യേശുവിന്റെ മെസ്സയാനികാഭിഷേകം അവിടുത്തെ ദിവ്യദൗത്യം വെളിപ്പെടുത്തുന്നു. ക്രിസ്തു എന്നനാമം “അഭിഷേകം ചെയ്തവന്‍", “അഭിഷേകം ചെയ്യപ്പെട്ടവന്‍ ”, “പരികർമം ചെയ്യപ്പെട്ട അഭിഷേകം” എന്നിവ അർഥമാക്കുന്നു. അഭിഷേകം ചെയ്തതു പിതാവ്; അഭിഷിക്തനായതു പുത്രന്‍; അഭിഷിക്തനായത് അഭിഷേകം തന്നെയായ പരിശുദ്ധാത്മാവിനാല്‍. അവിടുത്തെ സനാതന മെസയാനികാഭിഷേകം അവിടുത്തെ ഭൗമികജീവിതകാലത്തു സ്പഷ്ടമായത് സ്നാപകയോഹന്നാനില്‍നിന്ന് അവിടുന്നു മാമ്മോദീസ സ്വീകരിച്ചപ്പോഴാണ്. ആ സന്ദർഭത്തില്‍ “ദൈവം അവിടുത്തെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകംചെയ്തു ”; “അവിടുത്തെ മിശിഹായായി യേശു ഇസ്രായേലിനു വെളിപ്പെടുത്തപ്പെടാന്‍" വേണ്ടിയായിരുന്നു ഇത്. യേശു “ദൈവത്തിന്റെ പരിശുദ്ധന്‍” ആകുന്നുവെന്ന് അവിടുത്തെ വാക്കുകളും പ്രവൃത്തികളും വെളിപ്പെടുത്തുന്നു.
ഇസ്രായേലിനു ദൈവം വാഗ്ദാനം ചെയ്തിരുന്ന “ദാവീദില്‍നിന്നുള്ള മെസയാനിക സുതന്റെ" അടിസ്ഥാന സൂചനകള്‍ യഹൂദന്‍മാരില്‍ പലരും, യഹൂദരുടെ പ്രതീക്ഷയില്‍ പങ്കുചേര്‍ന്നിരുന്ന ചില വിജാതീയരും യേശുവില്‍ ദര്‍ശിച്ചിരുന്നു. മിശിഹാ എന്ന ന്യായമായ തന്റെ അഭിധാനം യേശു അംഗീകരിച്ചു. അവിടുത്തെ സമകാലീനരില്‍ ചിലര്‍, ഈ അഭിധാനം വളരെ മാനുഷികമായരീതിയില്‍, മിക്കവാറും രാഷ്ട്രീയാര്‍ഥത്തില്‍ വ്യാഖ്യാനിച്ചിരുന്നതിനാല്‍ തെല്ലു കരുതലോടെയാണ് യേശു അതു സ്വീകരിച്ചത്.
തന്നെ മിശിഹായായി അംഗീകരിച്ച് ഏറ്റുപറഞ്ഞ പത്രോസിന്റെ വിശ്വാസപ്രഖ്യാപനം യേശു സ്വീകരിച്ചത് മനുഷ്യപുത്രന്റെ ആസന്നമായ പീഡാസഹനത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കിക്കൊണ്ടാണ്. “സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്ന" മനുഷ്യപുത്രന്റെ സര്‍വാതിശായിയായ വൃക്തിത്വത്തിലും “സഹിക്കുന്ന ദാസന്‍” എന്നനിലയില്‍ അവിടുന്നു നിര്‍വഹിച്ച രക്ഷാകരദൗത്യത്തിലുമാണ് തന്റെ മെസ്സയാനിക രാജത്വത്തിന്റെ യഥാര്‍ഥ അന്തസ്സത്ത അടങ്ങിയിരിക്കുന്നതെന്ന് യേശു കാണിച്ചുതരുന്നു. “ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനുമാണു മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്.” അതിനാല്‍ അവിടുത്തെ രാജത്വത്തിന് ശരിയായ അർഥം വെളിപ്പെടുന്നത് അവിടുന്നു കുരിശില്‍ ഉയര്‍ത്തപ്പെട്ടപ്പോള്‍ മാത്രമാണ്. പുനരുത്ഥാനശേഷം മാത്രമാണ് അവിടുത്തെ മെസ്സയാനിക രാജത്വം ദൈവജനത്തോടു പ്രഘോഷിക്കുവാന്‍ പത്രോസിനു സാധിച്ചത്: “അതിനാല്‍ നിങ്ങള്‍ കുരിശില്‍ തറച്ച അവിടുത്തെ ദൈവം കര്‍ത്താവും ക്രിസ്തുവുമാക്കി എന്ന് ഇസ്രായേല്‍ ഭവനം മുഴുവനും വ്യക്തമായി അറിയട്ടെ"
III. ദൈവത്തിന്റെ ഏകപുത്രന്‍
ദൈവപുത്രന്‍ എന്ന സംജ്ഞ പഴയനിയമത്തില്‍ മാലാഖമാർ, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം, ഇസ്രായേല്‍ മക്കള്‍, ഇസ്രായേലിന്റെ രാജാക്കന്‍മാര്‍ മുതലായവര്‍ക്കു നല്‍കപ്പെട്ടിരുന്നു. ദൈവവും അവിടുത്തെ സൃഷ്ടികളും തമ്മിലുള്ള പ്രത്യേകമായ ഒരു സ്നേഹബന്ധം സൂചിപ്പിക്കുന്ന ദത്തുപുത്രസ്ഥാനമാണ്, അപ്പോള്‍ ഈ സംജ്ഞ സൂചിപ്പിക്കുന്നത്. വാഗ്ദാനം ചെയ്യപ്പെട്ട രാജാവായ മിശിഹാ “ദൈവപുത്രന്‍” എന്നുവിളിക്കപ്പെടുമ്പോള്‍ ഈ വിശുദ്ധഗ്രന്ഥവാക്യങ്ങളുടെ വാച്യാർഥം നോക്കിയാല്‍, അവിടുത്തേക്ക് അതിമാനുഷികമായി എന്തെങ്കിലും ഉണ്ടായിരിക്കണമെന്നു നിര്‍ബന്ധമില്ല. “ഇസ്രായേലിന്റെ മിശിഹാ” എന്ന് യേശുവിനെ അഭിവാദനം ചെയ്തവര്‍, ഒരുപക്ഷേ, ഇതിനെക്കാള്‍ കൂടുതലായി ഒന്നും വിവക്ഷിച്ചിട്ടുണ്ടാകണമെന്നില്ല.
എന്നാല്‍ പത്രോസിനെ സംബന്ധിച്ചിടത്തോളം വസ്തുത ഇങ്ങനെയല്ല. “നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ മിശിഹാ ആകുന്നു” എന്നു പത്രോസ് ഏറ്റുപറഞ്ഞപ്പോള്‍ ഈശോ നൽകിയ ഗംഭീരമായ മറുപടിതന്നെ അക്കാര്യം വ്യക്തമാക്കുന്നു: “മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവാണു നിനക്കിതു വെളിപ്പെടുത്തിത്തന്നത്." അതുപോലെ, ഡമാസ്കസിലേക്കുള്ള വഴിയില്‍വച്ചു തനിക്കുണ്ടായ മാനസാന്തരത്തെക്കുറിച്ചു പൗലോസ് എഴുതുന്നു: “ഞാന്‍ ജനിക്കുന്നതിനു മുൻപേ എന്നെ വേര്‍തിരിച്ചവനും തന്റെ കൃപയാല്‍ എന്നെവിളിച്ചവനുമായവൻ, ഞാൻ വിജാതിയരോടു പ്രഘോഷിക്കേണ്ടതിനു തന്റെ പുത്രനെ എനിക്കു വെളിപ്പെടുത്തുവാൻ തിരുവിഷ്ടമായപ്പോള്‍...” തുടര്‍ന്ന് യേശു ദൈവപുത്രനാണെന്ന് അദ്ദേഹം സിനഗോഗുകളില്‍ പ്രഘോഷിച്ചിരുന്നു. സഭയുടെ അടിസ്ഥാനമെന്നനിലയില്‍ പത്രോസ് ആദ്യം നടത്തിയ വിശ്വാസപ്രഖ്യാപനം ആരംഭംമുതലേ അപ്പസ്തോലിക വിശ്വാസത്തിന്റെ കേന്ദ്രമായി നിലനിൽക്കുന്നു.
യേശുമിശിഹായുടെ ദൈവപുത്രസ്ഥാനത്തിന്റെ അതീന്ദ്രിയസ്വഭാവം ഗ്രഹിക്കുന്നതിനു പത്രോസിനു കഴിഞ്ഞു. അതിന്റെ കാരണം, അവിടുന്ന് അക്കാര്യം സ്പഷ്ടമായി സൂചിപ്പിച്ചിരുന്നു. യേശുവില്‍ കുറ്റമാരോപിച്ചവര്‍ ന്യായാധിപസംഘത്തിന്റെ മുന്‍പില്‍വച്ച് “അങ്ങനെയെങ്കിൽ നീ ദൈവപുത്രനാണോ” എന്നു ചോദിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു, “ഞാൻ ആകുന്നുവെന്നു നിങ്ങള്‍തന്നെ പറയുന്നുവല്ലോ.” ഇതിനുമുന്‍പ്, “പിതാവിനെ അറിയുന്ന പുത്രന്‍” എന്ന് യേശു സ്വയം വിശേഷിപ്പിക്കുന്നു; ദൈവം തന്റെ ജനങ്ങളുടെ പക്കലേക്കയച്ച ദാസന്‍മാരില്‍നിന്നു വ്യത്യസ്തനായിട്ടും മാലാഖമാരെക്കാള്‍പോലും ശ്രേഷ്ഠനായിട്ടുമാണ് അവിടുന്ന് തന്നെക്കുറിച്ചു പറഞ്ഞത്. തന്റെ പുത്രസ്ഥാനം, ശിഷ്യന്‍മാരുടെ പുത്രസ്ഥാനത്തില്‍നിന്നു വ്യത്യസ്തമാണെന്ന് യേശു സ്പഷ്ടമാക്കുന്നു. “നമ്മുടെ പിതാവ്” എന്ന് ഒരിക്കലും അവിടുന്നു പറയുന്നില്ല. നിങ്ങള്‍ ഇങ്ങനെ പ്രാർഥിക്കുവിൻ എന്നു ശിഷ്യരെ ആഹ്വാനം ചെയ്തുകൊണ്ട്: 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്നു പഠിപ്പിച്ചതൊഴികേ, യേശു, 'നമ്മുടെ പിതാവ്' എന്ന് ഒരിക്കലും പറയുന്നില്ല. തന്റെ ദൈവപുത്രസ്ഥാനവും മറ്റുള്ളവരുടെ ദൈവപുത്രസ്ഥാനവും തമ്മിലുളള ഭേദം, “എന്റെ പിതാവും നിങ്ങളുടെ പിതാവും” എന്ന പ്രസ്താവനയിലൂടെ യേശു ഉറപ്പിക്കുന്നു.
രണ്ടു സുപ്രധാന സന്ദർഭങ്ങളില്‍ - ക്രിസ്തുവിന്റെ മാമ്മോദീസയും രൂപാന്തരീകരണവും- പിതാവിന്റെ സ്വരം അവിടുത്തെ “തന്റെ പ്രിയപുത്രനായി” നിര്‍ദ്ദേശിക്കുന്നതായി സുവിശേഷങ്ങള്‍ പ്രസ്താവിക്കുന്നു. ദൈവത്തിന്റെ “ഏകപുത്രന്‍” എന്ന് യേശു തന്നെക്കുറിച്ചുതന്നെ സാക്ഷ്യപ്പെടുത്തുന്നു; ഈ അഭിധാനത്തിലൂടെ തന്റെ സനാതനമായ മുന്‍ അസ്തിത്വം അവിടുന്നു വ്യക്തമാക്കുന്നു. “ദൈവത്തിന്റെ ഏകപുത്രന്റെ നാമത്തില്‍” വിശ്വാസമർപ്പിക്കാന്‍ അവിടുന്ന് ആഹ്വാനം ചെയ്യുന്നു. ഈ ക്രൈസ്തവ വിശ്വാസപ്രഖ്യാപനം ക്രൂശിതനായ യേശുവിന്റെ മുന്‍പില്‍വച്ച്, “തീർച്ചയായും ഈ മനുഷ്യന്‍ ദൈവപുത്രന്‍ ആയിരുന്നു” എന്ന ശതാധിപന്റെ ഉദ്ഘോഷണത്തില്‍ തെളിയുന്നു. “ദൈവപുത്രന്‍ ” എന്ന അഭിധാനത്തിനു പൂർണമായ അർഥംനല്‍കാന്‍ പെസഹാരഹസ്യത്തിലൂടെ മാത്രമേ ഒരു വിശ്വാസിക്കു സാധ്യമാകൂ.
പുനരുത്ഥാനശേഷം അവിടുത്തെ മഹത്വീകൃത മനുഷ്യത്വത്തിന്റെ ശക്തിയില്‍ അവിടുത്തെ ദൈവപുത്രത്വം വെളിപ്പെടുന്നു. “മരിച്ചവരില്‍നിന്നുള്ള ഉയിർത്തെഴുന്നേല്‍പ്പിലൂടെ, വിശുദ്ധിയുടെ ആത്മാവിനു ചേർന്നവിധം ശക്തിയില്‍ അവിടുന്നു ദൈവപുത്രനായി അവരോധിക്കപ്പെട്ടു." “അവിടുത്തെ മഹത്ത്വം ഞങ്ങള്‍ ദർശിച്ചു; കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്ത്വം" എന്നു പ്രഖ്യാപിക്കാന്‍ അപ്പസ്തോലന്‍മാർക്കു സാധിച്ചു.
IV. കർത്താവ്
മോശയ്ക്കു ദൈവം സ്വയം വെളിപ്പെടുത്തിയ, ഹീബ്രുവിലുള്ള യാഹ്‌വേ(YHWH) എന്ന അവാച്യനാമം പഴയനിയമത്തിന്റെ ഗ്രീക്കു പരിഭാഷയില്‍ “കീരിയോസ്” (“കർത്താവ് ”) എന്നാണ്. അപ്പോള്‍ മുതല്‍ ഇസ്രായേല്‍ക്കാരുടെ ദൈവത്തിന്റെ ദിവ്യത്വം സൂചിപ്പിക്കുന്ന പദമെന്നനിലയ്ക്കു 'കർത്താവ്' എന്നനാമം ചിരപ്രതിഷ്ഠനേടി. പുതിയനിയമമാകട്ടെ പിതാവിനെയും പിന്നെ നൂതനമായി, യഥാർഥ ദൈവം തന്നെയായി വിശ്വസിക്കപ്പെടുന്ന യേശുവിനെയും സൂചിപ്പിക്കുവാന്‍ 'കർത്താവ്' എന്നപദം ശക്തമായ അർഥത്തില്‍ ഉപയോഗിച്ചുവരുന്നു.
നൂറ്റിപ്പത്താം സങ്കീർത്തനത്തിന്റെ അർഥത്തെക്കുറിച്ച്, ഫരിസേയരുമായി യേശു തർക്കിക്കുമ്പോള്‍ “കർത്താവ്” എന്ന അഭിധാനം സ്വന്തം അഭിധാനംതന്നെയായി അവ്യക്തമായിട്ടെങ്കിലും അവിടുന്നു നിർദേശിക്കുന്നു. എന്നാല്‍ തന്റെ അപ്പസ്തോലന്‍മാരുമായുള്ള സംഭാഷണത്തില്‍ കർത്താവ് എന്ന സംജ്ഞ തന്നെപ്പറ്റിത്തന്നെ വളരെ പ്രകടമായി ഈശോ ഉപയോഗിക്കുന്നു. പ്രകൃതിയുടെയും രോഗങ്ങളുടെയും പിശാചുക്കളുടെയും പാപത്തിന്റെയും മരണത്തിന്റെയുംമേല്‍ തനിക്കുള്ള ശക്തി പ്രദർശിപ്പിച്ചുകൊണ്ട്, പരസ്യ ജീവിതകാലമൊക്കെയും തന്റെ ദൈവികപരമാധികാരം അവിടുന്നു പ്രകടമാക്കി.
സുവിശേഷങ്ങളില്‍ പലപ്പോഴും ജനങ്ങള്‍ യേശുവിനെ “കർത്താവ്” എന്നുവിളിച്ചുകൊണ്ടു സമീപിക്കുന്നുണ്ട്. സഹായത്തിനും രോഗശാന്തിക്കുമായി യേശുവിനെ സമീപിച്ച ആ ജനങ്ങള്‍ക്ക്, അവിടുത്തെ നേർക്കുണ്ടായിരുന്ന വിശ്വാസാദരങ്ങള്‍ക്കു തെളിവാണ് ഈ അഭിധാനം. പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ “കർത്താവ്” എന്ന സംജ്ഞ യേശുവിനെ സംബന്ധിക്കുന്ന ദിവ്യരഹസ്യത്തിന്റെ അംഗീകാരമായി വെളിപ്പെടുന്നു. ഉയിർത്തെഴുന്നേറ്റ യേശുവുമായുള്ള സമാഗമത്തില്‍ ഇത് ആരാധനയെ സൂചിപ്പിക്കുന്നു: “എന്റെ കർത്താവേ, എന്റെ ദൈവമേ!” അങ്ങനെ ഇതു ക്രൈസ്തവപാരമ്പര്യത്തിനു തനതായിട്ടുള്ള സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും അർഥവ്യാപ്തി കൈവരിക്കുന്നു: “ഇതു കർത്താവാകുന്നു.”
“കർത്താവ്” എന്ന ദിവ്യനാമമുപയോഗിച്ച് ഈശോയെ സംബോധന ചെയ്യുമ്പോള്‍ സഭയുടെ വിശ്വാസത്തിന്റെ പ്രഥമപ്രഖ്യാപനങ്ങള്‍ ആരംഭംമുതലേ, പിതാവായ ദൈവത്തിന് അർഹമായ ശക്തിയും ബഹുമാനവും മഹത്ത്വവും ഈശോയ്ക്കും അർഹമാണെന്ന് ഉറപ്പിച്ചു പ്രസ്താവിക്കുന്നു. എന്തെന്നാല്‍, “അവിടുന്നു ദൈവസാദൃശ്യത്തിലായിരുന്നു", പുത്രനെ മരിച്ചവരുടെയിടയില്‍നിന്ന് ഉയിർപ്പിച്ച് അവനെ തന്റെ മഹത്ത്വത്തിലേക്ക് ഉയർത്തിക്കൊണ്ടു പിതാവ് ഈശോയുടെ പരമാധികാരം വെളിപ്പെടുത്തി.
ക്രൈസ്തവചരിത്രത്തിന്റെ ആരംഭംമുതല്‍ക്കേ ലോകത്തിന്‍മേലും ചരിത്രത്തിന്‍മേലും യേശുവിനുള്ള കർത്തൃത്വത്തെ ഏറ്റുപറഞ്ഞിരുന്നതിലൂടെ: “പിതാവായ ദൈവത്തിനും കർത്താവായ യേശുക്രിസ്തുവിനുമല്ലാതെ യാതൊരു ഭൗമികശക്തിക്കും മനുഷ്യന്‍ തന്റെ വ്യക്തിസ്വാതന്ത്ര്യത്തെ നിരുപാധികം അടിയറവയ്ക്കരുത്” എന്നു വിവക്ഷിച്ചിരുന്നു. സീസർ അല്ല “കർത്താവ്”. “മനുഷ്യചരിത്രം മുഴുവന്റെയും താക്കോലും കേന്ദ്രവും ലക്ഷ്യവും, ചരിത്രത്തിന്റെ കർത്താവും നാഥനുമായവനിലാണു കണ്ടെത്തേണ്ടതെന്നു സഭ വിശ്വസിക്കുന്നു.
ക്രൈസ്തവ പ്രാർഥന കർത്താവ് എന്ന സംജ്ഞയാല്‍ മുദ്രിതമാണ് - പ്രാർഥനയ്ക്കുള്ള ആഹ്വാനത്തിലും (“കർത്താവു നിങ്ങളോടുകൂടെ"), പ്രാർഥനയുടെ ഉപസംഹാരത്തിലും (“ഞങ്ങളുടെ കർത്താവായ ക്രിസ്തുവഴി”) വിശ്വാസവും പ്രത്യാശയും നിറഞ്ഞ മുറവിളിയിലും (Maran atha = “ഞങ്ങളുടെ കർത്താവേ വന്നാലും” അഥവാ Marana tha = “വന്നാലും കർത്താവേ”, “ആമ്മേന്‍. വന്നാലും, കർത്താവായ യേശുവേ”).
സംഗ്രഹം
“യേശു” എന്ന നാമത്തിന്റെയർഥം, “ദൈവം രക്ഷിക്കുന്നു" എന്നാണ്. കന്യകാമറിയത്തില്‍നിന്നു പിറന്ന ശിശു യേശു എന്നു വിളിക്കപ്പെടുന്നു; “കാരണം, അവിടുന്നു തന്റെ ജനങ്ങളെ അവരുടെ പാപങ്ങളില്‍നിന്നു മോചിപ്പിക്കും” (മത്താ 1:21). “ആകാശത്തിനുകീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല" (അപ്പ 4:12)
ക്രിസ്തു എന്ന അഭിധാനത്തിന്റെയർഥം "അഭിഷിക്തന്‍” “മിശിഹാ” എന്നാണ്; യേശു, ക്രിസ്തു ആകുന്നു, കാരണം, “ദൈവം അവിടുത്തെ പരിശുദ്ധാത്മാവുകൊണ്ടും ശക്തികൊണ്ടും അഭിഷേകംചെയ്തു (അപ്പ 10:38). “വരാനിരിക്കുന്നവന്‍” അവിടുന്നുതന്നെയായിരുന്നു (ലൂക്കാ 7:19); “ഇസ്രായേലിന്റെ പ്രതീക്ഷാവിഷയവും” അവിടുന്നായിരുന്നു (അപ്പ 28:20).
“ദൈവപുത്രന്‍” എന്ന അഭിധാനം യേശുക്രിസ്തുവിനു തന്റെ പിതാവായ ദൈവത്തോടുള്ള അനന്യവും സനാതനവുമായ ബന്ധത്തെയാണു സൂചിപ്പിക്കുന്നത്. “അവിടുന്നു പിതാവിന്റെ ഏകപുത്രനാകുന്നു” (cf. യോഹ 1:14, 18; 3:16, 18); അവിടുന്നു ദൈവം തന്നെയാകുന്നു (cf. യോഹ 1:1). ക്രിസ്ത്യാനിയായിരിക്കാന്‍ ഒരുവന്‍ യേശു ദൈവപുത്രനാണെന്നു വിശ്വസിക്കേണ്ടതുണ്ട് (cf. അപ്പ 8:37: 1 Jn 2:23).
“കർത്താവ്” എന്ന അഭിധാനം ദൈവിക പരമാധികാരത്തെ സൂചിപ്പിക്കുന്നു. യേശുവിനെ കർത്താവായി ഏറ്റുപറയുകയോ വിളിച്ചപേക്ഷിക്കുകയോ ചെയ്യുന്നത് അവിടുത്തെ ദൈവത്വത്തില്‍ വിശ്വസിക്കുന്നതാണ്. “യേശു, കർത്താവാണെന്നു പറയാന്‍ പരിശുദ്ധാത്മാവു മുഖേനയല്ലാതെ ആർക്കും സാധിക്കുകയില്ല” (1 കോറി 12:3)
ദൈവത്തിന്റെ ഏകപുത്രനായ യേശുക്രിസ്തുവില്‍ ഞാന്‍ വിശ്വസിക്കുന്നു സദ്വാർത്ത: ദൈവം തന്റെ പുത്രനെ അയച്ചു ക്രിസ്തുവിന്റെ അമേയമായ സമ്പത്തു പ്രഘോഷിക്കുവിന്‍ മതബോധനത്തിന്റെ കേന്ദ്രം: ക്രിസ്തു യേശു ക്രിസ്തു കർത്താവ് Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206