We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Religious teaching of the Catholic Church On 06-May-2023
ഖണ്‍ഡിക 6.
മനുഷ്യന്‍
“ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു; ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു." സൃഷ്ടികളുടെയിടയില്‍ മനുഷ്യന് അതുല്യസ്ഥാനമുണ്ട്:
(I) “അവന്‍ ദൈവഛായയിലുള്ളവനാണ്”
(II) ആത്മീയവും ഭൗതികവുമായ ലോകങ്ങളെ സ്വന്തം പ്രകൃതിയില്‍ അവന്‍ സംയോജിപ്പിക്കുന്നു;
(III) “സ്ത്രീയും പുരുഷനുമായി” അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
(IV) ദൈവം അവനെ തന്റെ സ്നേഹബന്ധത്തില്‍ ഉറപ്പിച്ചിരിക്കുന്നു.
I. "ദെെവഛായയില്‍ ”
ദൃശ്യമായ സർവസൃഷ്ടികളുടെയുമിടയില്‍ തന്റെ സ്രഷ്ടാവിനെ “അറിയുവാനും സ്നേഹിക്കുവാനും കഴിവുള്ളവന്‍ മനുഷ്യന്‍ മാത്രമാണ്. “ലോകസൃഷ്ടികളില്‍ മനുഷ്യനെ മാത്രമാണ് ദൈവം അവനുവേണ്ടിത്തന്നെ സൃഷ്ടിച്ചത്.” ജ്ഞാനവും സ്നേഹവുംവഴി ദൈവത്തിന്റെ ജീവനില്‍ പങ്കുചേരാന്‍ വിളിക്കപ്പെട്ടതു മനുഷ്യന്‍ മാത്രമാണ്. ഈ ലക്ഷ്യത്തെപ്രതിയാണ് അവന്‍ സൃഷ്ടിക്കപ്പെട്ടത്, അവന്റെ മാഹാത്മ്യത്തിന്റെ അടിസ്ഥാന കാരണവും ഇതുതന്നെ:
ദൈവഛായയിലായിരിക്കുന്നതിനാല്‍ മനുഷ്യന് ഒരു വ്യക്തിയുടെ മാഹാത്മ്യമുണ്ട്. അവന്‍ കേവലം ഒരു വസ്തുവല്ല, പ്രത്യുത ഒരു ആളാണ്. സ്വയം അറിയുവാനും സ്വയം ഉള്‍ക്കൊള്ളുവാനും സ്വതന്ത്രമായി സ്വയം ദാനം ചെയ്യുവാനും ഇതരവൃക്തികളുമായി സംസർഗത്തില്‍ ഏർപ്പെടുവാനും കഴിവുള്ളവനാണു മനുഷ്യന്‍. കൃപാവരത്തിലൂടെ സ്രഷ്ടാവുമായി ഒരുടമ്പടിയിലേക്ക് അവന്‍ വിളിക്കപ്പെട്ടിരിക്കുന്നു. തനിക്കുപകരം മറ്റൊരു സൃഷ്ടിക്കും നല്‍കാന്‍ കഴിയാത്തവിധത്തിലുള്ള വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പ്രത്യുത്തരം അവിടുത്തേക്ക് നല്‍കാന്‍വേണ്ടിയാണ് ഇത്.
മനുഷ്യനുവേണ്ടിയാണു ദൈവം സമസ്തവും സൃഷ്ടിച്ചിരിക്കുന്നത്; എന്നാല്‍ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതാകട്ടെ, ദൈവത്തെ സേവിക്കുവാനും സ്നേഹിക്കുവാനും സർവസൃഷ്ടികളെയും അവിടുത്തേക്കു സമർപ്പിക്കുവാനും വേണ്ടിയാണ്:
“വാസ്തവത്തില്‍, ശരീരം ധരിച്ച വചനത്തിന്റെ രഹസ്യത്തില്‍ മാത്രമാണ്, മനുഷ്യരഹസ്യം യഥാർഥത്തില്‍ വ്യക്തമാകുന്നത്."
പൊതുവായ ഉത്പത്തിമൂലം, മനുഷ്യവംശത്തിനു മുഴുവനും ഒരു 'ഏകത്വം' ഉണ്ട്. കാരണം, “ഭൂമുഖം മുഴുവന്‍ വ്യാപിച്ചു വസിക്കാന്‍വേണ്ടി ദൈവം ഒരു പൂർവികനില്‍നിന്ന് എല്ലാ ജനപദങ്ങളെയും സൃഷ്ടിച്ചു."
“മനുഷ്യരുടെ പരസ്പരാഭിമുഖ്യത്തിന്റെയും പരസ്പരസ്നേഹത്തിന്റെയും ഈ നിയമം" സർവമനുഷ്യരും യഥാർഥത്തില്‍ സഹോദരങ്ങളാണ് എന്ന് ഉറപ്പുനല്‍കുന്നു. അതേസമയം വ്യക്തികള്‍, സംസ്‌കാരങ്ങള്‍, ജനപദങ്ങള്‍ എന്നിവയുടെ വൈവിധ്യത്തെ ഈ നിയമം പുറന്തള്ളുന്നില്ല.
II. “ശരീരവും ആത്മാവും ചേർന്ന ഒന്ന് ”
ദൈവഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ഒരേസമയം ശരീരിയും ആത്മീയനുമാണ്. വിശുദ്ധഗ്രന്ഥത്തിലെ സൃഷ്ടിവിവരണം ഈ സത്യം പ്രതീകാത്മകമായി ആവിഷ്കരിക്കുന്നതിങ്ങനെയാണ്: “ദൈവമായകർത്താവു ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീർന്നു. "അതിനാല്‍ മനുഷ്യന്‍ മുഴുവനായും ദൈവത്തിന്റെ തിരുഹിതത്താല്‍ സൃഷ്ടിക്കപ്പെട്ടവനാണ്.
വിശുദ്ധലിഖിതത്തില്‍ “ആത്മാവ്” എന്ന സംജ്ഞ പലപ്പോഴും മനുഷ്യജീവനെയോ സംപൂർണമനുഷ്യവ്യക്തിയെയോ സൂചിപ്പിക്കുന്നതാണ്. എന്നാല്‍ ആത്മാവ് എന്നപദം മനുഷ്യനിലെ ഏറ്റവും അമൂല്യമായ അവന്റെ അന്തസ്സത്തയെയും സൂചിപ്പിക്കുന്നു. ഈ അന്തസ്സത്തയിലാണ് അവന്‍ വളരെ സവിശേഷമാംവിധം ദൈവത്തിന്റെ ഛായ സംവഹിക്കുന്നത്. ചുരുക്കത്തില്‍ ആത്മാവ് എന്ന സംജ്ഞ മനുഷ്യനിലെ ആധ്യാത്മികതലത്തെ സൂചിപ്പിക്കുന്നു.
മനുഷ്യശരീരം "ദെെവഛായയുടെ" മാഹാത്മ്യത്തില്‍ പങ്കുചേരുന്നു: അത്, മനുഷ്യന്റെ ശരീരമാകുന്നത്, അമൂർത്തമായ ആത്മാവിനാല്‍ സജീവമാക്കപ്പെടുന്നതു മൂലമാണ്. ക്രസ്തുഗാത്രത്തില്‍ പരിശുദ്ധാത്മാവിന്റെ ആലയമായിത്തീരാന്‍ നിയോഗപ്പെട്ടിരിക്കുന്നതു സംപൂർണ മനുഷ്യവ്യക്തിയാണ്.
ആത്മാവിനെ ശരീരത്തിന്റെ "രൂപം” എന്നു വിളിക്കത്തക്കവിധം, ആത്മശരീരങ്ങള്‍ തമ്മിലുള്ള ഐക്യം ഗാഢമാണ്; അതായത്, അമൂർത്തമായ ഈ ആത്മാവു നിമിത്തമാണ്, മൂർത്തശരീരം സജീവമായി മനുഷ്യന്റെ ശരീരമായിത്തീരുന്നത്. മനുഷ്യനിലെ ആത്മാവും മൂർത്തശരീരവും രണ്ടു പ്രകൃതികളെ കൂട്ടിയോജിപ്പിച്ച് ഒന്നിച്ചു നിർത്തിയിരിക്കന്നതല്ല, പ്രത്യുത, അവയുടെ സംയോജനഫലമായി ഈ ഏക പ്രകൃതി രൂപമെടുത്തിരിക്കുന്നതാണ്.
അമൂർത്തമായ ഓരോ മനുഷ്യാത്മാവും ദൈവത്താല്‍ നേരിട്ടു സൃഷ്ടിക്കപ്പെട്ടതാണ്; അതു മാതാപിതാക്കന്മാരില്‍ ഉത്പാദിപ്പിക്കപ്പെട്ടതല്ല; മനുഷ്യാത്മാവ് അനശ്വരമാണ് എന്നാണ് സഭ പഠിപ്പിക്കുന്നത്. മരണത്തോടെ ശരീരത്തില്‍നിന്നു വേർപിരിയുമ്പോഴും ആത്മാവ് നശിക്കുന്നില്ല. അന്തിമോത്ഥാനത്തില്‍ അതു ശരീരവുമായി സംയോജിക്കും.
ചിലപ്പോള്‍ ”ആത്മാവ്” (Soul) അരൂപി (Spirit) യിൽനിന്നു വ്യത്യസ്തമായി പരാമർശക്കപ്പെടാറുണ്ട്. ഉദാഹരണത്തിന് പൗലോസു ശ്ലീഹാ ഇങ്ങനെ പ്രാർഥിക്കുന്നു; "ദൈവം തന്റെ ജനത്തെ പൂർണമായി വിശുദ്ധീകരിക്കട്ടെ; കർത്താവിന്റെ ആഗമനത്തില്‍ അവരുടെ അരൂപിയും ആത്മാവും ശരീരവും അവികലവും കുറ്റമറ്റതുമായിരിക്കാന്‍ ഇടയാകട്ടെ.” അരൂപി, ആത്മാവ്, എന്ന വിവേചനംമൂലം മനുഷ്യാത്മാവില്‍ ഒരുവിധത്തിലുമുള്ള ദ്വിത്വം (duality) സൃഷ്ടിക്കപ്പെടുന്നില്ലെന്നു സഭ പഠിപ്പിക്കുന്നു. അരൂപി ദ്യോതിപ്പിക്കുന്ന വസ്തുത ഇതാണ്: സൃഷ്ടിമുതല്‍ മനുഷ്യൻ ഒരു പ്രകൃതീത ലക്ഷ്യത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നു; ദൈവത്തോടുള്ള കൂട്ടായ്മയിലേക്ക് സൗജന്യമായി ഉയർത്തപ്പെടാനും അവന്റെ ആത്മാവിനു കഴിവുണ്ട്.
സഭയുടെ ആധ്യാത്മികപാരമ്പര്യം 'ഹൃദയ’ത്തിനും പ്രാധാന്യം കല്‍പിക്കുന്നുണ്ട്. വിശുദ്ധഗ്രന്ഥഭാഷയിൽ, 'ഹൃദയം’ ഒരുവന്റെ ഉണ്മയുടെ ആഴങ്ങളെ (അഗാധതലങ്ങളെ) സൂചിപ്പിക്കുന്നു. ഇവിടെയാണ്, ദൈവത്തിനുവേണ്ടിയോ ദൈവത്തിന് എതിരായോ വ്യക്തി തീരുമാനമെടുക്കുന്നത്.
III. പുരുഷനും സ്ത്രീയുമായി അവിടുന്ന് അവരെ സൃഷ്ടിച്ചു
സമത്വവും ഭേദവും ദൈവനിശ്ചിതം
പുരുഷനും സ്ത്രിയും സൃഷ്ടിക്കപ്പെട്ടവരാണ്; അതായത്, അവർ ദൈവനിശ്ചിതരാണ്: ഒരുഭാഗത്തു മനുഷ്യവ്യക്തികള്‍ എന്നനിലയ്ക്ക്, അവര്‍ പൂര്‍ണസമത്വം ഉള്ളവര്‍ ആകുന്നു. മറുഭാഗത്ത് അവരുടെ പ്രത്യേക ഉണ്‍മകളില്‍ അവര്‍ 'പുരുഷനും' 'സ്ത്രീയും' ആകുന്നു, 'പുരുഷന്‍ ആയിരിക്കുന്നതും' 'സ്ത്രീ ആയിരിക്കുന്നതും' നല്ലതും ദൈവനിശ്ചിതവും ആകുന്നു: പുരുഷനും സ്ത്രീയും എടുത്തുമാറ്റാനാകാത്ത മാഹാത്മ്യത്തിന്റെ ഉടമകളാണ്; ഈ മാഹാത്മ്യം സ്രഷ്ടാവായ ദൈവത്തില്‍നിന്ന് അവർക്കു നേരിട്ടുലഭിക്കുന്നതാണ്. പുരുഷനും സ്ത്രീയും "ദൈവഛായയില്‍" ഒരേ മാഹാത്മ്യമുള്ളവരാണ്. അവരുടെ “പുരുഷൻ ആയിരിക്കലും” “സ്ത്രീ ആയിരിക്കലും" സ്രഷ്ടാവിന്റെ ജ്ഞാനത്തെയും നൻമയെയും പ്രതിഫലിപ്പിക്കുന്നു.
ദൈവം ഒരുവിധത്തിലും മനുഷ്യന്റെ ഛായയിലല്ല. അവിടുന്നു പുരുഷനുമല്ല, സ്ത്രീയുമല്ല; തികച്ചും അരൂപിയായ ദൈവത്തില്‍ ലിംഗഭേദത്തിനു സ്ഥാനമില്ല. എങ്കിലും പുരുഷന്റെയും സ്ത്രീയുടെയും തനതായ “ഗുണവിശേഷങ്ങള്‍', ദൈവത്തിന്റെ അനന്തഗുണസംപൂർണതയെ കുറെയൊക്കെ പ്രതിഫലിപ്പിക്കുന്നു; അങ്ങനെയുള്ളതാണ് ഒരു മാതാവിന്റെയും, ഒരു പിതാവിന്റെയും ജീവിതപങ്കാളിയുടെയും ഗുണപൂർണത.
“ഒരാള്‍ മറെറാരാള്‍ക്കുവേണ്ടി” - “രണ്ടുപേർ ചേർന്നുള്ള ഏകത്വം"
പുരുഷനും സ്ത്രീയും ദൈവത്താല്‍ ഒന്നിച്ചു സൃഷ്ടിക്കപ്പെട്ടു. അവരിലൊരാള്‍ മറ്റേയാള്‍ക്കുവേണ്ടിയായിരിക്കണമെന്നു ദൈവം നിശ്ചയിക്കുകയും ചെയ്തു. വിശുദ്ധഗ്രന്ഥ വിവരണത്തിന്റെ വിവിധ ചിന്താധാരകളിലൂടെ ഈ സത്യം ഗ്രഹിക്കാന്‍ ദൈവവചനം നമ്മെ പ്രാപ്തരാക്കുന്നു: “മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേർന്നതുണയെ ഞാന്‍ നല്‍കും." "മൃഗങ്ങള്‍ക്കൊന്നിനും മനുഷ്യന്റെ പങ്കാളിയാകാന്‍ കഴിവില്ല. പുരുഷന്റെ വാരിയെല്ലില്‍നിന്നു ദൈവം സ്ത്രീയെ രൂപപ്പെടുത്തി, അവളെ അവന്റെയടുക്കല്‍ കൊണ്ടുവന്നപ്പോള്‍, പുരുഷന്‍ ആശ്ചര്യംനിറഞ്ഞസ്വരത്തിൽ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ആഹ്ലാദ വചനങ്ങള്‍ ഉദ്ഘോഷിച്ചു: “ഒടുവില്‍ ഇതാ എന്റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും." ഒരേ മനുഷ്യത്വത്തില്‍ പങ്കുചേരുന്ന മറ്റൊരു “ഞാന്‍” ആയി സ്ത്രീയെ പുരുഷന്‍ ദര്‍ശിക്കുന്നു.
“ഒരാള്‍ക്കു; മറ്റെയാള്‍" എന്നവിധത്തില്‍ പുരുഷനെയും സ്ത്രീയെയും ദൈവം സൃഷ്ടിച്ചു- എന്നാല്‍ ഇതിനര്‍ഥം ദൈവം അവരെ അര്‍ധനിര്‍മിതികളായി, അപൂര്‍ണരായി സൃഷ്ടിച്ചു എന്നല്ല: വ്യക്തികളുടെ ഒരു കൂട്ടായ്മയായിട്ടാണു ദൈവം അവരെ സൃഷ്ടിച്ചത്. ഈ ഐക്യബന്ധത്തില്‍ ഓരോ വ്യക്തിക്കും മറ്റെ വ്യക്തിയുടെ സഹായക പങ്കാളിയാകാൻ കഴിയും. കാരണം, വ്യക്തികൾ എന്നനിലയിൽ അവർ തുല്യരാണ് (“എന്റെ അസ്ഥിയിൽനിന്നുള്ള അസ്ഥിയും...") സ്ത്രെെണ പൗരുഷ ഭാവങ്ങളുള്ളവർ എന്ന നിലയ്ക്ക് അവർ പരസ്പരപൂരകരുമാണ്; “ഏകശരീരമായിത്തീർന്നുകൊണ്ട് ജീവൻ പ്രദാനംചെയ്യാൻ സാധിക്കുന്നതരത്തിൽ ദൈവം അവരെ വിവാഹത്തിൽ സംയോജിപ്പിക്കുന്നു. “സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ. ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴടക്കുവിൻ". തന്റെ പിൻഗാമികൾക്കു ജീവൻ പകർന്നുകൊടുത്തുകൊണ്ട്, സ്ത്രീയും പുരുഷനും ദമ്പതികൾ എന്നനിലയിലും മാതാപിതാക്കൾ എന്ന നിലയിലും സ്രഷ്ടാവിന്റെ ജോലിയിൽ വളരെ പ്രത്യേകമായവിധം സഹകരിക്കുന്നു.
ദൈവത്തിന്റെ കാര്യസ്ഥരായി "ഭൂമിയെ കീഴടക്കുക" എന്ന വിളിയാണ് ദൈവികപദ്ധതിയിൽ പുരുഷനും സ്ത്രീക്കും ലഭിച്ചിരിക്കുന്നത്. ഈ കീഴടക്കൽകൊണ്ട് ഉദ്ദേശിക്കുന്നതു സ്വേഛാപരമോ നശീകരണാത്മകമോ ആയ ആധിപത്യമല്ല. "അസ്തിത്വമുള്ള സകലതിനെയും സ്നേഹിക്കുന്ന" സൃഷ്ടാവിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പുരുഷനെയും സ്ത്രീയെയും മറ്റു സൃഷ്ടികളുടെ നേർക്കുള്ള തന്റെ പരിപാലനയിൽ ഭാഗഭാക്കുകളാകാൻ ദൈവം വിളിക്കുന്നു. അങ്ങനെ ഭൂമിയോടുള്ള ഉത്തരവാദിത്വം ദൈവം അവരെ ഭരമേൽപിച്ചതാണ്.
IV. മനുഷ്യൻ പറുദീസായിൽ
ആദ്യമനുഷ്യൻ "നല്ലവനായി" സൃഷ്ടിക്കപ്പെട്ടവൻ മാത്രമായിരുന്നില്ല, അവൻ തന്റെ സ്രഷ്ടാവിനോടു സ്നേഹബന്ധത്തിലും തന്നോടുതന്നെയും ചുറ്റുമുള്ള ഇതര സൃഷ്ടികളോടും സമന്വയത്തിലും സ്ഥാപിക്കപ്പെട്ടവനുമായിരുന്നു. ക്രിസ്തുവിലുള്ള നൂതനസൃഷ്ടിയുടെ മഹത്ത്വത്തിനു മാത്രമേ ആദിമ മനുഷ്യന്റെ ആ സുസ്ഥിതിയെ അതിശയിക്കുന്നതിനു കഴിയുമായിരുന്നുള്ളൂ.
വിശുദ്ധഗ്രന്ഥഭാഷയുടെ പ്രതീകാത്മകതയെ പുതിയനിയമത്തിന്റെയും പാരമ്പര്യത്തിന്റെയും വെളിച്ചത്തിൽ ആധികാരികമായി വ്യാഖ്യാനിച്ചുകൊണ്ട് സഭ പഠിപ്പിക്കുന്നു. നമ്മുടെ ആദിമാതാപിതാക്കൻമാരായ ആദവും ഹവ്വായും “വിശുദ്ധിയുടെയും നീതിയുടെയും ഉത്ഭവാവസ്ഥയിൽ" പ്രതിഷ്ഠിക്കപ്പെട്ടു; ഉത്ഭവവിശുദ്ധിയുടെ ഈ കൃപാവരം, “ദൈവികജീവനിലുള്ള ഭാഗഭാഗിത്വം തന്നെയായിരുന്നു.
ഈ കൃപാവരത്തിന്റെ തേജസ്സുമൂലം മനുഷ്യജീവിതത്തിന്റെ എല്ലാ മാനങ്ങളും പ്രശാന്തമായിരുന്നു. ആദിമനുഷ്യൻ ദൈവവുമായി ഗാഢമായ സ്നേഹ ഐക്യം പുലർത്തിയിരുന്ന കാലത്തോളം അവനു സഹിക്കുകയോ മരിക്കുകയോ വേണ്ടിയിരുന്നില്ല. മനുഷ്യവ്യക്തിയുടെ ആന്തരികപ്പൊരുത്തവും സ്ത്രീയും പുരുഷനും തമ്മിലുള്ള പൊരുത്തവും ആദിമദമ്പതികളും സർവസൃഷ്ടികളും തമ്മിലുള്ള പൊരുത്തവും ഉണ്ടായിരുന്ന അവസ്ഥയെ "ഉത്ഭവനീതി" (Original justice) എന്നുവിളിക്കുന്നു.
ആരംഭംമുതൽ ദൈവം മനുഷ്യനു നല്കിയ "ലോകത്തിന്മേലുള്ള ആധിപത്യം" സാക്ഷാത്കൃതമായതു പ്രഥമമായും മനുഷ്യനിൽത്തന്നെയാണ് - സ്വന്തം അഹത്തിൻമേലുള്ള ആധിപത്യം. ആദിമമനുഷ്യൻ അവന്റെ സർവ ഉൺമയിലും നിർമലനും ക്രമീകൃതനുമായിരുന്നു; കാരണം, മനുഷ്യനെ ഇന്ദ്രിയസുഖങ്ങൾക്കും ലൗകികവസ്തുക്കളോടുള്ള ദുരാശയ്ക്കും ബുദ്ധിക്കുനിരക്കാത്ത അഹങ്കാരത്തിനും അടിമപ്പെടുത്തുന്ന ത്രിവിധ പാപാസക്തികളിൽനിന്ന് അവൻ സ്വതന്ത്രനായിരുന്നു.
മനുഷ്യനോടുള്ള ദൈവത്തിന്റെ അടുപ്പത്തിന്റെ അടയാളമാണ് അവിടുന്ന് അവനെ തോട്ടത്തിൽ പാർപ്പിച്ചിരുന്നു എന്നത്. "അതിനെ ഉഴുവാനും പരിപാലിക്കുവാനുമായി" മനുഷ്യൻ അവിടെ വസിക്കുന്നു. തൊഴിൽ ഒരു ശിക്ഷയായിരുന്നില്ല; പിന്നെയോ, ദൃശ്യമായ സൃഷ്ട പ്രപഞ്ചത്തെ പൂർണമാക്കുന്നതിനുവേണ്ടി സ്ത്രീയും പുരുഷനും ദൈവത്തോടു സഹകരിക്കുന്നതായിരുന്നു തൊഴിൽ.
ദൈവികപദ്ധതിയിൽ മനുഷ്യനുവേണ്ടി മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരുന്ന ഉദ്ഭവനീതിയുടെ സമന്വയംമുഴുവനും നമ്മുടെ ആദിമാതാപിതാക്കൻമാരുടെ പാപം മൂലം നഷ്ടമായി.
സംഗ്രഹം
ദൈവമേ.... അങ്ങു മനുഷ്യനെ അങ്ങയുടെ സാദൃശ്യത്തിൽത്തന്നെ സൃഷ്ടിക്കുകയും സ്രഷ്ടാവായ അങ്ങയെ സേവിക്കുവാനും സർവസൃഷ്ടികളുടെയുംമേൽ അധീശത്വം സ്ഥാപിക്കുവാനുംവേണ്ടി അവനെ ലോകം മുഴുവൻ്റെയും അധിപതിയായി സ്ഥാപിക്കുകയും ചെയ്തു" (Roman Missal, Ep IV 118).
"അദൃശ്യ ദൈവത്തിന്റെ ഛായ” (കൊളോ 1:15) യായ, മനുഷ്യാവതാരംചെയ്ത ദൈവപുത്രൻ്റെ ഛായ തന്നിൽ വീണ്ടും രൂപപ്പെടുത്തുന്നതിനു നിയോഗിക്കപ്പെട്ടവനാണു മനുഷ്യൻ. സഹോദരീ സഹോദരൻമാരുടെ മഹാസമൂഹത്തിൽ ക്രിസ്തു ആദ്യജാതനാകേണ്ടതിനാണിത് (Cf. എഫേ 1:3-6, റോമ 8: 29).
“ആത്മാവോടും ശരീരത്തോടുംകൂടി സൃഷ്ടിക്കപ്പെട്ടവനാണെങ്കിലും മനുഷ്യൻ ഒരു ഏകത്വം ആണ്" (GS 14 §1). അരൂപിയും അമർത്യവുമായ ആത്മാവു ദൈവത്താൽ നേരിട്ടു സൃഷ്ടിക്കപ്പെട്ടു എന്നു വിശ്വാസപ്രബോധനം ഉറപ്പുനൽകുന്നു.
“ദൈവം ഏകനായിട്ടല്ല മനുഷ്യനെ സൃഷ്ടിച്ചത്; പ്രാരംഭത്തിൽത്തന്നെ പുരുഷനും സ്ത്രീയുമായിട്ടാണ് അവിടുന്ന് അവരെ സൃഷ്ടിച്ചത് (ഉത്പ 1:27). സ്ത്രീ പുരുഷൻമാർ തമ്മിലുള്ള ഈ പങ്കാളിത്തം വ്യക്തികൾ തമ്മിലുള്ള കൂട്ടായ്മയുടെ ആദ്യരൂപമാണ്.” (GS 12 § 4)
പാപത്തിനുമുൻപ് (ആദിമ) പുരുഷന്റെയും സ്ത്രീയുടെയും ഉദ്ഭവവിശുദ്ധിയുടെയും നീതിയുടെയും അവസ്ഥയെക്കുറിച്ചു വെളിപാടു നമ്മെ അറിയിക്കുന്നു. ദൈവവുമായുള്ള അവരുടെ സ്നേഹബന്ധമായിരുന്നു പറുദീസായിലെ അവരുടെ അസ്തിത്വത്തിൻ്റെ സൗഭാഗ്യത്തിനു നിദാനം.
മനുഷ്യന്‍ Religious teaching of the Catholic Church മനുഷ്യന്‍ ഒരേസമയം ശരീരിയും ആത്മീയനും പുരുഷനും സ്ത്രീയുമായി അവിടുന്ന് അവരെ സൃഷ്ടിച്ചു Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206