x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ ചരിത്രപശ്ചാത്തലം

Authored by : Mar Joseph Pamplany On 27-Jan-2021

വ്യാവസായിക വിപ്ലവത്തിന്‍റെ കാലം (1780-1850) മുതല്‍ മനുഷ്യരാശിയെയാകെ രോഗാതുരമാക്കിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ക്ക് സഭ സാമൂഹിക പ്രബോധനങ്ങള്‍ വഴി ക്രൈസ്തവമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ആ പ്രബോധനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശ്വപ്രസിദ്ധങ്ങളായ ചാക്രികലേഖനങ്ങളുടെ വിശ്വസ്ത വിവര്‍ത്തനമാണ് ഈ സമാഹാരത്തിലുള്ളത.് സാമൂഹിക പ്രശ്നങ്ങളെപ്പറ്റിയുള്ള പ്രഥമ ചാക്രികലേഖനമായ റേരും നൊവാരും (1891) മുതല്‍ അടുത്തകാലത്ത് (1991) പുറപ്പെടുവിച്ച ചെന്തേസീമൂസ്  അന്നൂസ് (നൂറാം വര്‍ഷം) വരെ ഇതില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോള്‍ ആറാമന്‍ പാപ്പായുടെ ഒക്തോജേസിമാ അദ്വേനിയേന്‍സ് എന്ന ലേഖനം ഒരപ്പസ്തോലിക പ്രബോധനമാണെങ്കിലും അത് ഒരു ചാക്രികലേഖനമായിട്ടാണ് കരുതപ്പെടുന്നത് (അതിന്‍റെ രൂപവും ഭാവവും അക്കാര്യം വ്യക്തമാക്കുന്നുണ്ട്). തന്‍മൂലം അതും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മഹാനായ ലെയോ പതിമൂന്നാമന്‍ എഴുതിയ റേരും നൊവാരുമിന്‍റെ ശതാബ്ദിസ്മരണികയായിട്ടാണ് ഈ വിവര്‍ത്തനം പ്രസിദ്ധീകരിക്കുന്നത്.

സാമൂഹിക പ്രശ്നങ്ങളെ സംബന്ധിച്ച സഭയുടെ സാമൂഹിക പ്രബോധനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ചാക്രികലേഖനങ്ങളിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ്, അവയുടെ പ്രധാന്യവും പ്രസക്തിയും മനസ്സിലാക്കുവാന്‍, ചാക്രികലേഖനം, പ്രബോധനാധികാരം, സാമൂഹികപ്രശ്നം, സാമൂഹികനീതി, സാമൂഹികപ്രബോധനം എന്നിവയെപ്പറ്റി ഒരു ഏകദേശജ്ഞാനം നേടുന്നതും സാമൂഹിക ചാക്രികലേഖനങ്ങളുടെ ചരിത്രപശ്ചാത്തലത്തിലേക്ക് ഒരെത്തിനോട്ടം നടത്തുന്നതും ഉപകാരപ്രദമായിരിക്കും.

 

  1. ചാക്രികലേഖനം (Encylical Letter)

കത്തോലിക്കാ സഭയുടെ പരമാധികാരി, സഭ മുഴുവനും വേണ്ടി എഴുതുന്ന അജപാലനപരമായ ഔദ്യോഗിക (formal) എഴുത്താണ് ചാക്രികലേഖനം. എല്ലായിടത്തും ചെന്നെത്തുന്ന ലേഖനം എന്നാണ് അതിന്‍റെ വാച്യാര്‍ത്ഥം. എന്‍സൈക്ലിക്കല്‍ എന്ന ഇംഗ്ലീഷ് പദമാണ് മലയാളത്തില്‍ ചാക്രികം എന്നു വിവര്‍ത്തനം ചെയ്തിട്ടുള്ളത്. ആ പദമാകട്ടെ, മധ്യകാല ക്രൈസ്തവ ലത്തീന്‍ ഭാഷയിലൂടെ കടന്നുവന്ന ഒരു ഗ്രീക്ക് പദമാണ്. ഗ്രീക്കില്‍ "എന്‍കിക്ലിക്കേ" എന്ന വാക്കിന് ചുറ്റി സഞ്ചരിക്കാനുള്ള, എല്ലായിടത്തും ചെന്നെത്തേണ്ട, ഒരു എഴുത്ത്  (Circular letter) എന്നര്‍ത്ഥം ധഎന്‍=ഉള്ളില്‍, കിക്ലോസ്=വളയം, ലത്തീനില്‍ ചിര്‍ക്കുസ്, ചിര്‍ക്കുളം, ഇംഗ്ലീഷില്‍ സര്‍ക്കിള്‍, സംസ്കൃതത്തിലെ ചക്ര എന്ന പദവും ചര് (= ചരിക്കുക) എന്ന ധാതുവും നോക്കുക. അങ്ങനെ, ചാക്രികലേഖനത്തെ വിശ്വലേഖനമെന്നും സാര്‍വ്വത്രിക ലേഖനമെന്നും വിളിക്കാം.

പുരാതനകാലം മുതല്‍ പല മെത്രാന്‍മാരും തങ്ങളുടെ അജപാലനലേഖനങ്ങള്‍ക്ക് ഈ പേര് ഉപയോഗിച്ചിരുന്നു. ഇന്നിപ്പോള്‍ റോമിലെ മെത്രാനായ മാര്‍പാപ്പാ എഴുതുന്ന ലേഖനങ്ങളെ മാത്രമേ ഇപ്രകാരം വിളിക്കുന്നുള്ളൂ. മാര്‍പാപ്പാമാരുടെ ചില സുപ്രധാന കത്തുകള്‍ക്കു പണ്ട് അപ്പസ്തോലികലേഖനങ്ങള്‍ (apostolic letters, ശ്ലൈഹിക ലേഖനങ്ങള്‍) എന്നു പറഞ്ഞിരുന്നു. വി. പത്രോസ്ശ്ലീഹായുടെ ഒന്നാം ലേഖനമാണ് അവയില്‍ ആദ്യത്തേത്.

മുകളില്‍ കൊടുത്ത നിര്‍വചനമനുസരിച്ച് ചാക്രികലേഖനങ്ങള്‍ക്കു നാല് സവിശേഷതകളുണ്ടായിരിക്കും.

  1. സഭയുടെ പരമാധികാരിയായ മാര്‍പാപ്പാ എഴുതിയ ഔദ്യോഗിക ലേഖനമായിരിക്കും (മെത്രാന്‍മാര്‍ എഴുതുന്ന ഇടയലേഖനങ്ങളില്‍നിന്ന് ഇവ അങ്ങനെ വ്യത്യസ്തമായിരിക്കുന്നു).                                                                                                 
  2. ഇവ ലേഖനങ്ങളായിരിക്കും (തന്‍മൂലം, സഭയുടെ പ്രമാണരേഖകള്‍, മാര്‍പാപ്പാ തന്നെ എഴുതുന്ന ബ്രീഫ്, ബുള്‍, കോണ്‍സ്റ്റിറ്റ്യൂഷന്‍, റെസ്ക്രിപ്റ്റ് മുതലായവയില്‍നിന്ന് ഇവ വ്യത്യസ്തമാണ്).                                                                                                          
  3. സാധാരണമായി ഇവ സിദ്ധാന്തപരവും (doctrinal), ധാര്‍മ്മികവും (moral), ശിക്ഷണപരവും (disciplinary), ആയ കാര്യങ്ങളെ സംബന്ധിച്ചുള്ളവയായിരിക്കും (അങ്ങനെ, മാര്‍പാപ്പാ എഴുതുന്ന വ്യക്തിപരമായ കത്തുകളില്‍നിന്ന് അവ വ്യത്യസ്തമാണ്).                                                                                                                                                                                         
  4. സാര്‍വത്രികസഭയെ സംബോധന ചെയ്യുന്ന ലേഖനങ്ങളാണിവ (അങ്ങനെ, ഏതെങ്കിലും ഒരു പ്രാദേശിക സഭയ്ക്കോ വ്യക്തികള്‍ക്കോ മാര്‍പാപ്പാ എഴുതുന്ന ഔദ്യോഗിക ലേഖനങ്ങളില്‍നിന്ന് ഇവ വ്യത്യസ്തമായിരിക്കും).

നാലാം നൂറ്റാണ്ടുമുതല്‍ മാര്‍പാപ്പാമാര്‍ എഴുതുന്ന കത്തുകള്‍ക്ക് വിഷയമനുസരിച്ച് ദെക്രേത്താ (decreipta) കോണ്‍സ്റ്റിത്തുസിയോണെസ് (constitutiones) റെസ്ക്രിപ്ത (rescripta) മന്‍ദാത്താ (mandata) സ്തത്തൂത്ത  (statuta) എന്നൊക്കെ വിളിച്ചിരുന്നു. സിക്സ്ത്തൂസ് അഞ്ചാമന്‍ മാര്‍പാപ്പാ (1521-1590) 1589 ജനുവരി 22-ന് പുറപ്പെടുവിച്ച ഇമ്മെന്‍സാ എത്തേര്‍ണി (Immensa aeterni) എന്ന കല്പന (ബുള്‍) പ്രകാരം പരിശുദ്ധ സിംഹാസനത്തിന്‍റെ കാര്യാലയങ്ങളെ പുനഃസംഘടിപ്പിക്കുകയും അവയുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വചിക്കുകയും ലേഖനങ്ങളും രേഖകളും വര്‍ഗ്ഗീകരിച്ച് ഓരോ ഇനത്തിനുമുള്ള പേര് കൃത്യമായി നിശ്ചയിക്കുകയും ചെയ്തു. അങ്ങനെ, മാര്‍പാപ്പാ എഴുതുന്ന ലേഖനങ്ങള്‍ അവയുടെ സ്വഭാവമനുസരിച്ച് എട്ടായി തിരിച്ചു.

  1. സാമൂഹിക പ്രശ്നം

വ്യാവസായിക വിപ്ലവത്തോടൊത്ത്  യന്ത്രവല്‍ക്കരണവും നഗരവല്‍ക്കരണവുമുണ്ടായി. ഫാക്ടറികളിലെ തൊഴിലാളികള്‍ നിസ്സാരമായ കൂലിക്ക് അമിതമായി അദ്ധ്വാനിക്കേണ്ടിവന്നു. സ്ത്രീകളും കുട്ടികളും കഠിനാദ്ധ്വാനത്തില്‍ ഏര്‍പ്പെട്ടു. തൊഴിലാളി വിഭാഗം ദാരിദ്ര്യത്തിന്‍റെയും കഷ്ടപ്പാടിന്‍റെയും പിടിയിലമര്‍ന്നു. അവര്‍ക്കു മാന്യമായ കൂലിയോ ജീവിതസുരക്ഷിതത്വമോ ഉണ്ടായിരുന്നില്ല. അവര്‍ അടിമകളെപ്പോലെ കഴിയേണ്ടിവന്നു. തൊഴിലാളികളുടെ ഈ ദുരവസ്ഥയാണ് തൊഴിലാളി പ്രശ്നം അഥവാ, സാമൂഹിക പ്രശ്നം (റേ. നൊ. നമ്പര്‍1 കാണുക) എന്ന് ലെയോ മാര്‍പാപ്പയുടെ കാലത്ത് പറഞ്ഞിരുന്നത്. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ഈ സാമൂഹിക പ്രശ്നം തന്നെ ആഗോളവ്യാപകമായി. മാത്രമല്ല, മറ്റനേകം പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്തു. അങ്ങനെ, സാമൂഹികപ്രശ്നം വ്യാപകവും ബഹുമുഖവുമായി.

തൊഴിലാളി - മുതലാളി ബന്ധത്തിലെന്ന പോലെ ദരിദ്രരാഷ്ട്രങ്ങളും സമ്പന്ന രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിലും നീതി നടപ്പിലാക്കുക എന്ന പ്രശ്നമുദിച്ചു. വ്യക്തികളില്‍ നിന്ന്  രാഷ്ട്രങ്ങളുടെ തലത്തിലേക്ക് ഈ പ്രശ്നം വളര്‍ന്നു. അതുകൊണ്ട്, പില്‍ക്കാല ചാക്രിക ലേഖനങ്ങളില്‍ ആഗോളവ്യാപകമായ പ്രശ്നമായി സാമൂഹികപ്രശ്നത്തെ അപഗ്രഥിക്കുന്നു. യുദ്ധം, അഭയാര്‍ത്ഥി പ്രശ്നം, വര്‍ണ്ണവിവേചനം, ലോക സമ്പത്തിന്‍റെ വിതരണത്തിലുള്ള അസമത്വം, നിരക്ഷരത, അവികസിതത്വം മുതലായവയെല്ലാം സാമൂഹികപ്രശ്നങ്ങളായി. അവ ചാക്രികലേഖനങ്ങളുടെ വിഷയങ്ങളുമായി. റേരും നൊവാരും മുതലുള്ള ചാക്രികലേഖനങ്ങളുടെ ഉള്ളടക്കങ്ങളില്‍നിന്ന് പ്രശ്നങ്ങളുടെ വൈവിദ്ധ്യവും വ്യാപ്തിയും മനസ്സിലാകും.

ഏതു സാമൂഹികപ്രശ്നവും ക്രൈസ്തവതത്ത്വങ്ങളും പ്രകൃതിനിയമങ്ങളനുസരിച്ചു പരിഹരിക്കണമെന്നതാണ് സഭയുടെ നിലപാട്. സാമൂഹിക പ്രശ്നത്തില്‍ സാമ്പത്തിക സംവിധാനങ്ങള്‍ക്കുള്ളില്‍നിന്നുകൊണ്ട് പരിഹാരമന്വേഷിച്ചവരെയാണ് സാമൂഹികപരിഷ്കര്‍ത്താക്കള്‍ (Social reformers) എന്ന് വിളിക്കുന്നത്. സാമൂഹിക വ്യവസ്ഥിതി തച്ചുടച്ച് പ്രശ്നപരിഹാരം കാണണമെന്ന് വാദിച്ചവരാണ് കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റുകള്‍ (യഥാര്‍ത്ഥ സോഷ്യലിസ്റ്റുകള്‍) എന്നറിയപ്പെടുന്നത്.

  1. സാമൂഹിക നീതി

സമൂഹം പൊതുവേ അനുഭവിക്കേണ്ട സുസ്ഥിതിയാണ് പൊതു നന്മ അഥവാ പൊതുക്ഷേമം. പൊതുനന്മയിലേക്ക് എല്ലാ മാനുഷിക പ്രവൃത്തികളെയും നയിക്കുന്ന സദ്ഗുണമാണ് (ഢശൃൗലേ) സാമൂഹികനീതി. മറ്റു ഗുണങ്ങളില്‍നിന്ന് ഇതിനെ വ്യത്യസ്തമായി കാണാം. പക്ഷേ, പരസ്നേഹംപോലെ ഒരു പൊതു സദ്ഗുണമാണത്. എല്ലാഗുണങ്ങളും ഒരു പ്രത്യേക രീതിയില്‍ അതിനോടു ബന്ധപ്പെട്ടിരിക്കുന്നു. നീതി എന്ന ഗുണം അതിനോടു സവിശേഷമായി ബന്ധപ്പെട്ടിരിക്കുന്നു.

എല്ലാവര്‍ക്കും കൊടുക്കേണ്ടതു കൊടുക്കുക എന്നതാണല്ലോ നീതി. ഈ കൊടുക്കല്‍ സാമൂഹികതലത്തിലാകുമ്പോള്‍ അത് സാമൂഹികനീതിയാകും. ഓരോ വ്യക്തിയും പൊതുനന്മയെ വര്‍ദ്ധിപ്പിക്കണം. ഓരോ വ്യക്തിക്കും സമൂഹം പൊതുനന്മ പങ്കുവച്ചുകൊടുക്കുകയും വേണം. അപ്പോള്‍ സാമൂഹികനീതി നടപ്പിലാകും. വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും പരസ്പരം കടമകളും അവകാശങ്ങളുമുണ്ട്. ആ കടമകളുടെ നിര്‍വഹണത്തിലൂടെയും ആ അവകാശങ്ങളുടെ അനുഭവിക്കലിലൂടെയുമാണ് സാമൂഹിക നീതി നടപ്പാക്കുന്നത്. അങ്ങനെയാണ് സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുക.

പലതരം നീതിയെപ്പറ്റി ധര്‍മ്മശാസ്ത്രം പറയുന്നുണ്ട്. വിതരണാത്മക നീതി (Distributive justice) ക്രയവിക്രയ നീതി (Commutative justice) എന്നിവയെപ്പറ്റിയും ചാക്രികലേഖനങ്ങളില്‍ കാണാം. ഒരധികാരി എല്ലാവര്‍ക്കും അര്‍ഹമായ നീതി പങ്കുവച്ചു കൊടുക്കുന്നതാണ് വിതരണാത്മകനീതി. അതിന് ഒരു ഭരണാധികാരി (രാഷ്ട്രം) അത്യാവശ്യമാണ്. കച്ചവടത്തിലെന്നപോലെ (വസ്തുക്കളുടെ കൈമാറ്റത്തില്‍ എന്നപോലെ) പറഞ്ഞതുമാത്രം കൊടുക്കുക എന്ന കര്‍ശനമായ നീതിയാണ് ക്രയവിക്രയനീതി എന്നു പറയുന്നത്. പറഞ്ഞൊത്തതുമാത്രം കൊടുക്കുക. മറ്റൊന്നും ചെയ്യാന്‍ ഒരുവനും കടമയില്ല. മറ്റ് യാതൊരു പരിഗണനകളുമുണ്ടാകേണ്ടതില്ല. എന്നിങ്ങനെയുള്ള മനോഭാവമാണ് ക്രയവിക്രയ  (കച്ചവട) നീതിയിലുള്ളത്.

സാമൂഹികനീതി എന്ന സങ്കല്‍പവും, പ്രയോഗവും സാമൂഹികപ്രശ്നങ്ങളോടെയുണ്ടായതാണ്. എങ്കിലും, സെന്‍റ് തോമസ് അക്വീനാസ് (1225-1274) പൊതുവായ അഥവാ നൈയാമികമായ നീതി എന്ന് പറയുന്ന നീതി തന്നെയാണത് (സുമ്മാ 2a.2ae58.5). ഒരു സമൂഹത്തില്‍ ഒരംശത്തിലുള്ള ഗുണം മുഴുവന്‍ അംശങ്ങളുടെയും ഗുണത്തിനായിരിക്കണം എന്ന് അദ്ദേഹം പ്രസ്താവിക്കുന്നു.

സഭയുടെ പ്രബോധനങ്ങളില്‍ സാമൂഹികനീതി എന്ന പ്രയോഗം ആധുനികമാണ്. ഈ പ്രയോഗം കത്തോലിക്കാ എഴുത്തുകാരിലേക്കു കടത്തിക്കൊണ്ടുവന്നത് ലുയിജി തപ്പാരെല്ലി (Luigi Tapararellid Azeglio) എന്ന ഈശോസഭ വൈദികനാണ്. 1840-ല്‍ അദ്ദേഹം എഴുതിയ ഒരു ഗ്രന്ഥത്തില്‍ അത് പ്രയോഗിച്ചിട്ടുണ്ട്. പല യൂറോപ്യന്‍ എഴുത്തുകാരും അത് ഉപയോഗിച്ചുവന്നു. ഫ്രഞ്ചുകാരനായ ഏ.ജി. സെര്‍ത്തിലാങ്ങ് (A.G. Sertillanges) എന്ന വൈദികന്‍ പൊതുനന്മയെ സംരക്ഷിക്കാനുള്ള പൊതുനീതി അഥവാ സാമൂഹികനീതി എന്ന് 1911-ല്‍ ഫ്രാന്‍സില്‍ നടന്ന സാമൂഹിക ചിന്തകരുടെ സമ്മേളനത്തില്‍ (Semaines Socialis de France) പ്രസ്താവിച്ചു. അതോടെ ആ പ്രയോഗം സാധാരണമായി. നൈയാമിക നീതി എന്ന പ്രയോഗം ഉറപ്പിക്കാന്‍ ജര്‍മ്മന്‍ ചിന്തകര്‍ ശ്രമിച്ചിരുന്നു. ജര്‍മ്മന്‍കാരനായ വെര്‍മെര്‍ഷ് (Vermersh) എന്ന ഈശോ സഭാവൈദികന്‍ 1921-ല്‍ നൈയാമിക നീതി അഥവാ സാമൂഹിക നീതി (Legai or Social justice ) എന്ന് പ്രയോഗിച്ചിട്ടുണ്ട്.

സഭയുടെ പ്രബോധനങ്ങളില്‍ സാമൂഹികനീതി എന്ന പ്രയോഗം ആദ്യമായി നിയതാര്‍ത്ഥത്തില്‍ ഉപയോഗിച്ചത് പതിനൊന്നാം പീയൂസ് (1857-1939) മാര്‍പാപ്പയാണ്. പൊതുവും നൈയാമികവുമായ നീതി എന്ന അര്‍ത്ഥത്തിലായിരിക്കണം അദ്ദേഹം ആ വാക്കുപയോഗിച്ചത്. ബൈസന്‍റയിന്‍ ചക്രവര്‍ത്തിമാരുടെ അന്യായമായ പെരുമാറ്റങ്ങളെ ചെറുത്ത മഹാനായ ഗ്രിഗറിയെ (1502 -1585) "സാമൂഹികനീതിയുടെ നേതാവ്" എന്ന് 1909-ല്‍ പത്താം പീയൂസ് മാര്‍പാപ്പ (1835-1914) വിശേഷിപ്പിക്കുകയുണ്ടായി. പതിനൊന്നാം പീയൂസ് മാര്‍പാപ്പാ 1923-ല്‍ പുറപ്പെടുവിച്ച സ്തൂദിയോരും ദൂച്ചെം (പഠനങ്ങളുടെ നേതാവിനെ) എന്ന തിരുവെഴുത്തില്‍ സാമൂഹികനീതി പ്രയോഗത്തിനു കൂടുതല്‍ സാങ്കേതികാര്‍ത്ഥം നല്‍കി (Studiorum Ducem AAS.15 (1923) 322പ നൈയാമികമായ അഥവാ സാമൂഹികമായ നീതിയുടെ തത്ത്വങ്ങളെ വി. തോമസ് അക്വീനാസ് കൃത്യമായി ക്രോഡീകരിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പ്രസ്താവിച്ചു. കാര്‍ഡിനല്‍ പിയേത്രോ ഗാസ്പരി (സെക്രട്ടറി ഓഫ് സ്റ്റേറ്റ്) 1928-ല്‍ ഫ്രാന്‍സിലെ എവുജിന്‍ ദുത്തോ (Eugene Duthoit) യ്ക്ക് എഴുതിയ കത്തില്‍ എല്ലാവരുടെയും ബാഹ്യപ്രവൃത്തികളെ പൊതുനന്മയിലേക്ക് നയിക്കുന്ന ഈ ഗുണം എന്ന് സാമൂഹികനീതിയെ പരാമര്‍ശിച്ചു.

പതിനൊന്നാം പീയൂസ് മാര്‍പാപ്പയുടെ ക്വാദ്രോജേസിമോ അന്നോ (നാല്‍പതാം വര്‍ഷത്തില്‍) എന്ന ചാക്രികലേഖനത്തില്‍ ഈ പ്രയോഗം എട്ട് പ്രാവശ്യമുണ്ട് (ഖണ്ഡികകള്‍ 57,58, 71,74,88,101,110,126, എന്നിവ കാണുക). വസ്തുക്കളുടെ നീതിപൂര്‍വ്വകമായ വിതരണത്തെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ സമൂഹം മുഴുവന്‍റെയും നന്മയെ സംരക്ഷിക്കലാണ് അതെന്ന് അദ്ദേഹം പറയുന്നു. ക്രയവിക്രയ നീതി (Commutative Justice) യെപ്പറ്റി ആ ലേഖനത്തില്‍  മൂന്നിടത്ത് (ഖണ്ഡിക 47,110,137) പറഞ്ഞിട്ടുണ്ട്. പതിനൊന്നാം പീയൂസ് എഴുതിയ ദിവീനി റെദംപ്തോരീസ് (ദിവ്യരക്ഷകന്‍റെ) എന്ന ചാക്രിക ലേഖനത്തില്‍ സുവ്യക്തമായ ഒരു നിര്‍വചനമുണ്ട്. പൊതുനന്മയ്ക്ക് ആവശ്യമായതെല്ലാം ഓരോ വ്യക്തിയില്‍ നിന്നും ആവശ്യപ്പെടുക എന്നത് സാമൂഹിക നീതിയുടെ സത്തതന്നെയാണ് എന്ന് അദ്ദേഹം പറയുന്നു. പന്ത്രണ്ടാം പീയൂസ് പൊതുനന്മയിലേക്ക് നയിക്കാന്‍ എന്ന അര്‍ത്ഥത്തിലാണ് അതിനെ നിര്‍വചിക്കുന്നത്.

വ്യാവസായിക വിപ്ലവകാലത്തും തുടര്‍ന്നും നീതിയെ സംബന്ധിച്ചുണ്ടായ ഇടുങ്ങിയ വീക്ഷണമാണ് (പ്രത്യേകിച്ച് 19-20നൂറ്റാണ്ടുകളിലെ) സാമൂഹികനീതിയെപ്പറ്റി പ്രതിപാദിക്കുവാന്‍ സഭയെ പ്രരിപ്പിച്ചത്. കൊടുക്കല്‍ വാങ്ങലുകളെപ്പറ്റി മാത്രമല്ല, പെരുമാറ്റത്തെപ്പറ്റിയും സാമൂഹികനീതിയെന്ന് പ്രയോഗിക്കാം.

  1. സാമൂഹികപ്രബോധനം

സാമൂഹികവിഷയങ്ങളെ സംബന്ധിച്ചു സഭ നടത്തുന്ന പ്രബോധനങ്ങളാണ് സാമൂഹിക പ്രബോധനങ്ങള്‍. സാമൂഹികനീതി നടപ്പിലാക്കാനുള്ള ആഹ്വാനമാണ് അതിന്‍റെ ഉള്ളടക്കം. സുവിശേഷതത്ത്വങ്ങളില്‍ അധിഷ്ഠിതമാണത്. പ്രകൃതി നിയമങ്ങളെ മാനിക്കുന്നതുമാണ്. സാമൂഹികപ്രശ്നങ്ങളുടെ വ്യാപ്തിയനുസരിച്ച് അതു വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ഒരേ ദൈവപിതാവിന്‍റെ മക്കളെന്ന നിലയില്‍ എല്ലാവരും സാഹോദര്യത്തോടും സഹകരണത്തോടുംകൂടി കഴിയണമെന്നാണ് - പൊതുനന്മ പങ്കുവച്ചനുഭവിക്കണമെന്നാണ്-സഭ പഠിപ്പിക്കുന്നത്. സ്വകാര്യസ്വത്തവകാശം സംരക്ഷിക്കണമെന്നും അതേസമയം, അതിനു പരിധിയുണ്ടായിരിക്കണമെന്നും സഭ വ്യക്തമാക്കുന്നു. വ്യക്തി, കുടുംബം, സംഘടനകള്‍ (ഇടനിലസമൂഹങ്ങള്‍) എന്നിവയെ രക്ഷിക്കാന്‍ രാഷ്ട്രത്തിന് കടമയുണ്ടെന്ന് സഭ പ്രബോധിപ്പിക്കുന്നു. രാഷ്ട്രം വ്യക്തിയുടെയും കുടുംബത്തിന്‍റെയും സംഘടനകളുടെയും കാര്യത്തില്‍ ഇടപെടുന്നത് അവരെ സഹായിച്ചും (Subsidiary function) അവരുടെ അവകാശങ്ങളെ സംരക്ഷിച്ചും കൊണ്ടായിരിക്കണം എന്നാണ് സഭ പഠിപ്പിക്കുന്നത്. ഈ സിദ്ധാന്തത്തെയാണ് അധീനാവകാശസംരക്ഷണതത്ത്വം (Principle of subsidiarity) എന്നു പറയുന്നത്. അതിനെ സഹായകത്വതത്ത്വമെന്നും വിളിക്കാം. (സഹായം എന്നര്‍ത്ഥമുള്ള Subsidium) എന്ന ലത്തീന്‍ വാക്കില്‍നിന്ന് സഹായകത്വം എന്നര്‍ത്ഥമുള്ള Subsidiaritis എന്ന വാക്കുണ്ടായി. അതിന്‍റെ തര്‍ജ്ജിമയാണ് ഇംഗ്ലീഷിലെ Subsidiarityഎന്നത്) ഈ തത്വം (നിയമം) ആദ്യമായി നിര്‍വചിച്ചതും ഈ വാക്ക് ആദ്യമായി പ്രയോഗിച്ചതും പതിനൊന്നാം പീയൂസ് മാര്‍പാപ്പയാണ്. അദ്ദേഹത്തിന്‍റെ ക്വാദ്രോ ജേസിമോ അന്നോ എന്ന ചാക്രികലേഖനത്തില്‍ 79-ാം ഖണ്ഡികയില്‍ അത് ആദ്യമായി കാണപ്പെടുന്നു. പില്‍ക്കാല ചാക്രികലേഖനങ്ങളിലും അതുണ്ട്. ചെന്തേസീമൂസ് അന്നൂസ് എന്ന ചാക്രികലേഖനത്തില്‍ അത് ഭംഗിയായി വിവരിച്ചിട്ടുണ്ട് (ഖണ്ഡിക 48.3 കാണുക).

ലോകസമ്പത്തിന്‍റെ സാര്‍വത്രിക ലക്ഷ്യമാണ് സഭയുടെ സാമൂഹിക പ്രബോധനത്തിന്‍റെ അടിത്തറയെന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എഴുതിയ ക്രിസ്തി ഫിദെലെസ് ലൈച്ചി (അല്മായ വിശ്വാസികള്‍) എന്ന അപ്പസ്തോലികലേഖനത്തിലും (നമ്പര്‍ 43.2) സൊള്ളിച്ചിത്തൂദോ റേയി സോച്യാലിസ് എന്ന ചാക്രികലേഖനത്തിലും (നമ്പര്‍ 42.4) ഊന്നിപ്പറഞ്ഞിട്ടുണ്ട്. സ്വകാര്യസ്വത്തും വസ്തുക്കളുടെ സാര്‍വത്രിക ലക്ഷ്യവും എന്നതാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ചെന്തേസീമൂസ് അന്നൂസിലെ ഒരു പ്രധാന ഭാഗം തന്നെ.

വ്യക്തി സ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തൊഴിലും മൂലധനവും തമ്മിലുണ്ടായിരിക്കേണ്ട സഹകരണം മുതലായവയെല്ലാം സഭയുടെ സാമൂഹികപ്രബോധനത്തിന്‍റെ വിഷയങ്ങളാണ്. ഈ സമാഹാരത്തിലെ മിക്ക ചാക്രികലേഖനങ്ങളിലും സാമൂഹികപ്രബോധനത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ലെയോ പതിമൂന്നാമന്‍റെ റേരും നൊവാരുമില്‍ തൊഴിലാളി പ്രശ്നത്തെപ്പറ്റി തുടങ്ങിയ സാമൂഹിക പ്രബോധനം ഇന്ന് അന്താരാഷ്ട്ര പ്രശ്നങ്ങളെക്കൂടി കൈകാര്യം ചെയ്യുകയും അവയ്ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

  1. സാമൂഹികപ്രബോധനത്തിന്‍റെ ചരിത്രപശ്ചാത്തലം

വ്യാവസായിക വിപ്ലവം, ഫ്രഞ്ചുവിപ്ലവം, എന്നിവയും കമ്മ്യൂണിസം, ലിബറലിസം മുതലായ ചില അപര്യാപ്ത ചിന്താഗതികളുമാണ് സഭയുടെ സാമൂഹിക പ്രബോധനത്തിന്‍റെ ചരിത്രപശ്ചാത്തലം.

വ്യാവസായിക വിപ്ലവം

കുടുംബഭദ്രത, ധാര്‍മ്മികത, അടിമത്തനിരോധനം, അന്യായപ്പലിശനിര്‍മ്മാര്‍ജ്ജനം, യുദ്ധനിര്‍മ്മാര്‍ജ്ജനം മുതലായ വിഷയങ്ങള്‍ സഭയുടെ പ്രബോധനങ്ങളില്‍ പണ്ടുമുതലേ കണ്ടുമുട്ടാവുന്നതാണ്. എന്നാല്‍, 18-ാം നൂറ്റാണ്ടില്‍ സഭ തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇടപെട്ടു. വ്യാവസായിക വിപ്ലവത്തെ തുടര്‍ന്നാണ് തൊഴിലാളി പ്രശ്നമുണ്ടായത്. ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളുടെ ദയനീയസ്ഥിതി തന്നെയായിരുന്നു അന്ന് സാമൂഹികപ്രശ്നം (പില്‍ക്കാലത്ത് അത് വ്യാപകമായിത്തീര്‍ന്നു).

ഏ.ഡി. 1750 മുതല്‍ 1850 വരെയുള്ള കാലഘട്ടത്തില്‍ ഇംഗ്ലണ്ടിലുണ്ടായ സാമ്പത്തിക വിപ്ലവത്തെയാണ് വ്യാവസായിക വിപ്ലവമെന്ന് വിളിക്കുന്നത് (യഥാര്‍ത്ഥത്തില്‍ അത് ഏ.ഡി. 1700-ല്‍ തുടങ്ങി). സ്ഥിരമായിരുന്ന കാര്‍ഷികവ്യവസ്ഥയില്‍നിന്ന് വ്യവസായികവ്യവസ്ഥിതിയിലേക്കും കച്ചവടസമ്പ്രദായങ്ങളില്‍നിന്നു ലോകവ്യാപാരസമ്പ്രദായത്തിലേക്കും ലോകജനത അന്നാണ് മാറിയത്. വ്യവസായശാലകളുടെ ഉദ്ഭവം, വ്യവസായവത്ക്കരണം, പ്രധാനമായും കടല്‍വഴിയുള്ള രാജ്യാന്തരവ്യാപാരത്തിന്‍റെ  വികാസം എന്നിവ ആ വിപ്ലവത്തിന് വഴിയൊരുക്കി.

വ്യാവസായിക വിപ്ലവത്തിന്‍റെ പശ്ചാത്തലംകൂടി ഓര്‍മ്മിക്കുന്നത് കൊള്ളാം. കോളണികളുടെ സ്ഥാപനമാണ് വ്യാവസായിക വിപ്ലവത്തിന് പ്രധാന കാരണമായത്. യൂറോപ്യന്‍ നാവികന്മാര്‍ പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ ജീവന്‍ പണയം വച്ചുനടത്തിയ സാഹസികയാത്രകള്‍ കോളണി സ്ഥാപനത്തിനു ഹേതുവായി. ഏഴാം നൂറ്റാണ്ടുവരെ ലോകത്തിലെ എല്ലാ ജനതകളും മതവിശ്വാസികളും രാജ്യാന്തരവ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നു. യഹൂദരും ഗ്രീക്കുകാരും അറബികളും ചൈനമുതല്‍ ആഫ്രിക്കവരെ കരവഴിയും കടല്‍വഴിയും വ്യാപാരം നടത്തിവന്നു.

ഏഴാം നൂറ്റാണ്ടില്‍ അറബികള്‍ ഒരു പുതിയമതത്തിന്‍റെ അനുയായികളായി സംഘടിച്ച് മദ്ധ്യപൂര്‍വ്വപ്രദേശങ്ങളാകെ കയ്യടക്കി. അവര്‍ യഹൂദരെയും ക്രൈസ്തവരെയും വ്യാപാരത്തില്‍നിന്നു പുറംതള്ളി. യഹൂദര്‍ക്കോ റോമാക്കാര്‍ക്കോ ഗ്രീക്കുകാര്‍ക്കോ മറ്റു യൂറോപ്യന്‍ ക്രൈസ്തവര്‍ക്കോ ഇന്ത്യയിലോ കിഴക്കന്‍ രാജ്യങ്ങളിലോ വരാന്‍ പറ്റാതായി. അങ്ങനെയാണ് ബി.സി. യിലുണ്ടായിരുന്നതും എല്ലാ വിഭാഗങ്ങളും നടത്തിയിരുന്നതുമായ ലോകവ്യാപാരം ഏഴാം നൂറ്റാണ്ടില്‍ നിലച്ചത്. യൂറോപ്പിലുള്ളവര്‍ക്ക് അറബികളുടെ ലോകവ്യാപാര കുത്തക അവസാനിപ്പിക്കാതെ നിവൃത്തിയില്ലാതെയായി. അങ്ങനെ, പോര്‍ച്ചുഗല്‍, സ്പെയിന്‍, ഇറ്റലി എന്നിവിടങ്ങളിലുള്ള ക്രൈസ്തവര്‍ സുഗന്ധദ്രവ്യങ്ങളെയും ക്രൈസ്തവരെയും തേടി (കരവഴിയുള്ള യാത്ര അറബികള്‍ നിരോധിച്ചതുകൊണ്ട്) കടല്‍ വഴി ഇന്ത്യയിലേക്ക് ആഫ്രിക്ക ചുറ്റി യാത്രചെയ്തു. പുതിയ നാടുകളും ഭൂഖണ്ഡങ്ങളും കണ്ടുപിടിക്കുക, ഒറ്റപ്പെട്ടുപോയ ക്രൈസ്തവ സമൂഹങ്ങളെ കണ്ടെത്തി ബന്ധം സ്ഥാപിക്കുക, നഷ്ടപ്പെട്ട ക്രൈസ്തവകേന്ദ്രങ്ങള്‍ക്കുപകരം പുതിയ നാടുകളില്‍ ക്രൈസ്തവസമൂഹങ്ങളെ വാര്‍ത്തെടുക്കുക എന്നതൊക്കെ ആവശ്യമായിത്തീര്‍ന്നിരുന്നു. അങ്ങനെ, അവര്‍ ജീവന്‍ പണയം വച്ച് കടലിലൂടെ സാഹസയാത്രകള്‍ തുടങ്ങുകയും പുതിയരാജ്യങ്ങളും നാടുകളും കണ്ടെത്തുകയും കോളണികള്‍ സ്ഥാപിക്കുകയും ചെയ്തു (1498-ല്‍ വാസ്കോഡിഗാമ ഇന്ത്യയില്‍ വന്നു) മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളും പോര്‍ച്ചുഗീസുകാരെത്തുടര്‍ന്ന് കടല്‍വഴി ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും ഏഷ്യയിലും മറ്റും എത്തിച്ചേര്‍ന്ന് കോളണികള്‍ സ്ഥാപിച്ചു. ഇന്ത്യയ്ക്കു യൂറോപ്പുമായി നേരിട്ടുള്ള വ്യാപാരബന്ധം ഏഴാം നൂറ്റാണ്ടില്‍ അവസാനിച്ചിരുന്നല്ലോ. അത് വീണ്ടും തുടങ്ങിയത് 16-ാം നൂറ്റാണ്ടിലാണ്.

യൂറോപ്യന്മാര്‍ കോളനികളില്‍ നിന്ന് അസംസ്കൃത വസ്തുക്കള്‍ മാതൃരാജ്യത്തിലേക്ക് കൊണ്ടുപോവുകയും അവിടെ ഫാക്ടറികള്‍ സ്ഥാപിച്ച് പുതിയ വസ്തുക്കള്‍ നിര്‍മ്മിച്ച് കോളനികളില്‍ കൊണ്ടുപോയി വില്‍ക്കുകും ചെയ്തു.

അങ്ങനെ, 18-ാം നൂറ്റാണ്ടില്‍ വാണിജ്യം ശക്തി പ്രാപിച്ചു. യൂറോപ്പില്‍ ജന്‍മിത്തം അവസാനിക്കുന്നതിന് അത് കാരണമായിത്തീര്‍ന്നു. ഇംഗ്ലണ്ടിലാണല്ലോ വ്യാവസായിക വിപ്ലവം തുടങ്ങിയത്. പരുത്തി വ്യവസായമായിരുന്നു അതിന്‍റെ പ്രധാന കാരണം. ഇന്ത്യ, ലാറ്റിനമേരിക്ക മുതലായ രാജ്യങ്ങളില്‍ സ്ഥാപിച്ച കോളനികളിലേക്കു കയറ്റി അയയ്ക്കാന്‍ പരുത്തി ഉത്പന്നങ്ങള്‍ (വസ്ത്രങ്ങള്‍) വേണ്ടിവന്നു. വസ്ത്രങ്ങളുടെ ആവശ്യം (ഉപയോഗം) വര്‍ദ്ധിച്ചതോടെ യന്ത്രവല്‍ക്കരണം ഒഴിച്ചുകൂടാനാവാത്തതായി. മരംകൊണ്ട് യന്ത്രങ്ങള്‍ നിര്‍മ്മിച്ചു. വായുവും ജലവും ഉപയോഗിച്ച് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു. ഫാക്ടറികള്‍ സ്ഥാപിക്കപ്പെട്ടു.1769-ല്‍ ജയിംസ് വാട്ട് ആവിയന്ത്രം നിര്‍മ്മിച്ചതു വലിയൊരു സംഭവമായിത്തീര്‍ന്നു. യന്ത്രങ്ങള്‍ ഉണ്ടായതോടെ കല്‍ക്കരി ഖനനവും ഇരുമ്പുരുക്കു നിര്‍മ്മാണവും വളര്‍ന്നു. ഇംഗ്ലണ്ട് നെയ്ത്തുവിദ്യയുടെ കേന്ദ്രമായി. 19-ാം നൂറ്റാണ്ടില്‍ തീവണ്ടിയും ആവിക്കപ്പലും നിര്‍മ്മിക്കപ്പെട്ടു. പില്‍ക്കാലത്തു പെട്രോളിയം കൊണ്ടും വൈദ്യുതികൊണ്ടും പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളുണ്ടായി. അങ്ങനെ, ഫാക്ടറികളുടെയും യന്ത്രങ്ങളുടെയും കടല്‍വഴിയുള്ള യന്ത്രവത്കൃതവ്യാപാരത്തിന്‍റെയും ആവിര്‍ഭാവം വലിയ വിപ്ലവം സൃഷ്ടിച്ചു. കാര്‍ഷികവിപ്ലവത്തിനുശേഷമുണ്ടായ ഏറ്റവും ശ്രദ്ധേയമായ വിപ്ലവം.

യന്ത്രവല്‍ക്കരണവും വ്യവസായവല്‍ക്കരണവും പെട്ടെന്ന് ലോകവ്യാപകമായി. യൂറോപ്യന്‍ രാഷ്ട്രങ്ങളിലും അമേരിക്ക, ജപ്പാന്‍ മുതലായ രാഷ്ട്രങ്ങളിലും യന്ത്രവല്‍കരണവും വ്യവസായ വല്‍ക്കരണവും നടന്നു. അങ്ങനെ, ലോകരാഷ്ട്രങ്ങളുടെ സമ്പദ്ഘടനയ്ക്കു തന്നെ മാറ്റം വന്നു. വ്യാവസായിക വിപ്ലവത്തിനുമുമ്പേ തന്നെ യൂറോപ്പില്‍ ഒരു ബൗദ്ധികവിപ്ലവം സംഭവിച്ചിരുന്നു. യൂറോപ്പില്‍ 17-ാം നൂറ്റാണ്ടിലുള്ള ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും തുടര്‍ന്ന് 18-ാം നൂറ്റാണ്ടിലുണ്ടായ പ്രബുദ്ധതയും (Enlightenment, സ്വതന്ത്ര്യവും മാനവികതാധിഷ്ഠിതവും ശാസ്ത്രീയവും യുക്തിസഹവുമായ ചിന്താഗതി) സംഭവിച്ചു. അതിനുമുമ്പേ തന്നെ യൂറോപ്പില്‍ മദ്ധ്യകാലത്തുനിന്ന് ആധുനികയുഗത്തിലേക്കുള്ള മാറ്റം (14, 15, 16 നൂറ്റാണ്ടുകളില്‍) സംഭവിച്ചിരുന്നു. ഇറ്റലിയില്‍, 14-ാം നൂറ്റാണ്ടില്‍ തുടങ്ങിയ സാംസ്ക്കാരികവും ബൗദ്ധികവുമായ ചിന്താവികാസമാണത്. പിന്നീട്, മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്കും അതു വ്യാപിച്ചു. ഇതാണ് നവോത്ഥാനം (Renaissance) എന്നറിയപ്പെടുന്നത്.

യന്ത്രവല്‍ക്കരണത്തോടും നഗരവല്‍ക്കരണത്തോടുമൊപ്പം  ചൂഷണവും അത്യാഗ്രഹവും വര്‍ദ്ധിച്ചു. ധാര്‍മ്മികതയ്ക്കു സ്ഥാനം കുറഞ്ഞു. മതത്തിന്‍റെ ശാസനാശബ്ദം സമ്പത്തിന്‍റെ ഗര്‍ജ്ജനത്തില്‍ അപ്രത്യക്ഷമായി. വ്യാവസായികവിപ്ലവത്തിന്‍റെ കാലഘട്ടത്തില്‍ത്തന്നെ (1789 -1795 കാലത്ത്) സംഭവിച്ച ഫ്രഞ്ചുവിപ്ലവവും 1848-ല്‍ തുടങ്ങിയ കമ്മ്യൂണിസ്റ്റ് വിപ്ലവവും ലോകത്തെ പ്രക്ഷുബ്ധമാക്കി. തൊഴിലാളികളെ ചൂഷണത്തില്‍ നിന്നു രക്ഷിക്കുക - സമ്പത്തു നീതിപൂര്‍വ്വം വിതരണം ചെയ്യപ്പെടുക - എന്നത് വലിയൊരു പ്രശ്നമായിത്തീര്‍ന്നു. സാമൂഹികപ്രശ്നത്തെപ്പറ്റി പലരും ചിന്തിക്കുകയും വിവിധ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

ചില തത്ത്വചിന്തകള്‍

വ്യാവസായിക വിപ്ലവത്തിന്‍റെ കാലത്ത് സാമ്പത്തിക ശാസ്ത്രത്തിലും തത്ത്വചിന്തയിലും നിലനിന്ന  ചില ചിന്താരീതികളെക്കൂടി പരിചയപ്പെടുക ഒരാവശ്യമാണ്. 

a) ലിബറലിസം (സ്വതന്ത്രതാവാദം)

സാമ്പത്തികതയുടെ മണ്ഡലത്തില്‍ പൊതുവേ, സര്‍വസ്വതന്ത്രതാവാദമാണ് അന്നു നിലവിലിരുന്നത്. ലെസെഫെയര്‍ (laissez faire) വാദമെന്ന് ഇതിനെ വിളിക്കുന്നു. ഗവണ്‍മെന്‍റിന്‍റെ ഇടപെടല്‍ ഇല്ലാതിരിക്കുമ്പോഴാണ് സാമ്പത്തിക വ്യവസ്ഥിതി ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത് എന്ന സിദ്ധാന്തമാണിത്. ചരിത്രപരമായി അത് മെര്‍ക്കയന്‍റയിലിസ (Mercatilism) ത്തോടുള്ള എതിര്‍പ്പായിരുന്നു. ഗവണ്‍മെന്‍റ് വ്യവസായത്തിലും വ്യാപാരത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന വാദമാണ് മെര്‍ക്കന്‍ടൈലിസം (ഗവണ്‍മെന്‍റിനെ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയായിരുന്നു ഈ നിയന്ത്രണം). വാസ്തവത്തില്‍ 18-ാം നൂറ്റാണ്ടിലെ ചില ഫ്രഞ്ചു സാമ്പത്തിക ചിന്തകരാണ് (Physiocretes) അതു ക്രോഡീകരിച്ചത്. പ്രസ്തുത ഫ്രഞ്ചു ചിന്തകരില്‍ പ്രധാനി ക്വെസ്നി (Quesnay) യായിരുന്നു. സര്‍വ്വസമ്പത്തും കൃഷിയില്‍ നിന്നാണുണ്ടാകുന്നത്, നികുതി കൃഷിയെ മാത്രമേ ബാധിക്കാവൂ എന്നൊക്കെയായിരുന്നു അവരുടെ അഭിപ്രായം.

ഫ്രഞ്ചു ചിന്തകരുടെ ലെസെഫെയര്‍ സിദ്ധാന്തം ആഡംസ്മിത്ത് (സ്കോട്ടുലണ്ടുകാരന്‍, 1723- 1790) ഹെന്‍റി ജോര്‍ജ്ജ് മുതലായ ഇംഗ്ലീഷ് ചിന്തകരെ സ്വാധീനിച്ചു. ആഡം സ്മിത്ത് 1776-ല്‍  പ്രസിദ്ധീകരിച്ച "രാഷ്ട്രങ്ങളുടെ സമ്പത്തിന്‍റെ സ്വഭാവത്തെയും കാരണങ്ങളെയുംകുറിച്ചുള്ള ഒരന്വേഷണം" (An Inquiry into the Nature and Causes of the Wealth of Nations) എന്ന ഗ്രന്ഥത്തില്‍ തന്‍റെ സിദ്ധാന്തം ആവിഷ്കരിച്ചു. തൊഴിലിന്‍റെ വിഭജനം, സാമ്പത്തിക കാര്യങ്ങളിലെ സര്‍വസ്വതന്ത്രത, ഉത്പാദന പ്രക്രിയയില്‍ നടത്തപ്പെടുന്ന അദ്ധ്വാനത്തിന്‍റെ ഫലമാണു മൂല്യം എന്ന സിദ്ധാന്തം മുതലായവ അദ്ദേഹത്തിന്‍റെ തത്ത്വങ്ങളാണ്. വ്യാപാരത്തിന്മേല്‍ നികുതി ഏര്‍പ്പെടുത്തണമെന്നു വാദിക്കുന്ന മെര്‍ക്കയന്‍റയിലിസത്തെ അദ്ദേഹം എതിര്‍ത്തു. എന്നാല്‍, സ്വതന്ത്രവ്യാപാരത്തിനു സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. സാമ്പത്തിക വ്യവസ്ഥിതിയുടെ അപഗ്രഥന കര്‍ത്താവ്, പില്‍ക്കാല സാമ്പത്തിക ശാസ്ത്രഞ്ജരില്‍ വലിയ സ്വാധീനം ചെലുത്തിയ വ്യക്തി എന്നീ നിലകളില്‍ ആഡം സ്മിത്ത് അതുല്യനാണ്.

കമ്പോള നിയമങ്ങള്‍ വെറും ഭൗതികനിയമം പോലെയാണന്നും, സാമ്പത്തിക കാര്യങ്ങള്‍ സാമൂഹിക - ധാര്‍മ്മിക ലക്ഷ്യങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടുകയോ നയിക്കപ്പെടുകയോ ചെയ്യുന്നില്ലെന്നും ലെസെഫെയര്‍ വാദികള്‍ വിശ്വസിച്ചു. സ്വതന്ത്രമായ കമ്പോള പ്രവര്‍ത്തനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്നും  അത് എല്ലാവരെയും സന്തുഷ്ടരാക്കാന്‍ പര്യാപ്തമാണെന്നും അവര്‍ പറഞ്ഞു. സ്വകാര്യസ്വത്തിന്‍റെയും കമ്പോള മത്സരത്തിന്‍റെയും അടിസ്ഥാനത്തില്‍ വ്യക്തികളെ സ്വന്തം താത്പര്യമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും അതു പൊതുവായ വളര്‍ച്ചയ്ക്ക് ഏറ്റവും നല്ല മാര്‍ഗ്ഗമാണെന്നും അവര്‍ വാദിച്ചിരുന്നു.

ആവശ്യത്തിന്‍റെയും ലഭ്യതയുടെയും നിയമമനുസരിച്ച് വാണിജ്യത്തില്‍ ഇഷ്ടംപോലെ പ്രവര്‍ത്തിക്കാമെന്നായി. തൊഴിലാളികളുടെ ദുരിതാവസ്ഥ കണ്ടില്ലന്നുവയ്ക്കാനുള്ള ഒരു മറയായി മുതലാളിമാര്‍ ലെസഫെയര്‍ സിദ്ധാന്തം അംഗീകരിച്ചു. 

വ്യക്തിപരമായ ലെസെഫെയര്‍ സിദ്ധാന്തം ക്ലാസിക്കല്‍ സാമ്പത്തികശാസ്ത്രത്തിന്‍റെയും രാഷ്ട്രീയ യാഥാസ്ഥിതികത്വത്തിന്‍റെയും തത്ത്വമായിത്തീര്‍ന്നു. താത്ത്വികമായി ഈ സിദ്ധാന്തത്തെ സ്വകാര്യ വ്യവസായങ്ങള്‍ ഇന്നും സോഷ്യലിസത്തിനെതിരേയുള്ള മറുമരുന്നായി അംഗീകരിക്കുന്നുണ്ട്. സ്വകാര്യലാഭമാണ് പുരോഗതിക്കുള്ള പ്രചോദനമെന്ന തത്ത്വത്തിനാണ് ഇത് ഊന്നല്‍ കൊടുക്കുന്നത്. 1848 മുതല്‍ 1875 വരെയുള്ള കാലത്ത് ഈ സിദ്ധാന്തം അപ്രതിരോധ്യമായി നിലകൊണ്ടു. സ്വകാര്യസംരംഭങ്ങളും സ്വതന്ത്രകമ്പോളങ്ങളും നിലനിന്നു.

b) മഞ്ചെസ്റ്റര്‍ സ്കൂള്‍

19-ാം നൂറ്റാണ്ടില്‍ത്തന്നെ മഞ്ചെസ്റ്റര്‍ സ്കൂള്‍ എന്നറിയപ്പെടുന്ന ഒരു സാമ്പത്തിക സിദ്ധാന്തവും ഉണ്ടായി. റിച്ചാര്‍ഡ് കോബ്ഡെന്‍, ജോണ്‍ ബ്രൈറ്റ് എന്നിവരായിരുന്നു അതിന്‍റെ പ്രണേതാക്കള്‍. അതിന്‍റെയും പ്രധാനതത്ത്വങ്ങള്‍ സ്വതന്ത്രവ്യാപാരവും ലെസെഫെയര്‍ സിദ്ധാന്തവുമായിരുന്നു.

പടിഞ്ഞാറന്‍ യൂറോപ്പില്‍ 1500 മുതല്‍ വ്യാവസായിക വിപ്ലവത്തിന്‍റെയും ലെസെഫെയര്‍ വാദത്തിന്‍റെയും ഉദയംവരെ മുന്‍പറഞ്ഞ മര്‍ക്കന്‍റയിലിസമാണു നിലനിന്നത്. പണമാണു സമ്പത്ത് എന്ന് അവര്‍ കരുതി. കൂടുതല്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചു കയറ്റുമതി ചെയ്തു പണം നേടുക എന്നതായിരുന്നു അവരുടെ നയം. ഇറക്കുമതിക്കു ചുങ്കം ഏര്‍പ്പെടുത്തിയും കോളനികളെ ചൂഷണം ചെയ്തും പണം സമ്പാദിക്കാന്‍  ശ്രമിച്ചു. രാഷ്ട്രനിയന്ത്രണത്തിലാണ് അതു നടന്നത്. ഇംഗ്ലണ്ടില്‍ ഹെന്‍റി എട്ടാമന്‍, എലിസബത്ത് രാജ്ഞി, ക്രോംബല്‍ എന്നിവരുടെ കാലത്ത് ഈ  സിദ്ധാന്തം പ്രബലപ്പെട്ടിരുന്നു. ഫ്രാന്‍സില്‍ ജീന്‍കോള്‍ബര്‍ട്ട് എന്നയാളായിരുന്നു ഇതിന്‍റെ മുഖ്യപ്രണേതാവ്.

ഇപ്പറഞ്ഞ സിദ്ധാന്തങ്ങളൊന്നും തൊഴിലാളികളുടെ ദുരവസ്ഥയ്ക്ക് - സാമൂഹികപ്രശ്നത്തിന് - പരിഹാരമുണ്ടാക്കാന്‍ പരിശ്രമിച്ചില്ല.

c) കമ്മ്യൂണിസ്റ്റ് സോഷ്യലിസം

തൊഴിലാളികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ കാറല്‍ മാര്‍ക്സ് (1818-1883) മുന്നോട്ടുവന്നു. അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ് സോഷ്യലിസത്തിനും രൂപം കൊടുത്തു. ജര്‍മ്മന്‍ തത്ത്വശാസ്ത്രവും (ഹേഗല്‍, ഫിറ്റ്ച്ചെ, ഫ്യൂവര്‍ബാക് എന്നിവരുടെ) ഫ്രഞ്ചു സോഷ്യലിസവും ബ്രിട്ടീഷ് ധനതത്ത്വശാസ്ത്രവുമാണ് തന്നെ സ്വാധീനിച്ചിട്ടുള്ളതെന്ന് മാര്‍ക്സ് ആദ്യകാല കൃതികളില്‍ സമ്മതിച്ചിട്ടുണ്ട്.

ഹേഗല്‍ ആശയതലത്തില്‍ അവതരിപ്പിച്ച സംഘട്ടനത്തിന്‍റെ സിദ്ധാന്തം (വൈരുധ്യാധിഷ്ഠിത സിദ്ധാന്തം) മാര്‍ക്സ് സാമൂഹിക തലത്തില്‍ പ്രയോഗിച്ചു. ഭൗതീകവാദവും അതിനോടു കൂട്ടിച്ചേര്‍ത്തു. പ്രമേയം (ആശയം), പ്രതിപ്രമേയം, നവീന പ്രമേയം എന്നതാണ് ഹേഗലിന്‍റെ തത്ത്വം. ഒരാശയം അതോടൊപ്പം തന്നെ ഒരു വിരുദ്ധാശയത്തെ കൊണ്ടുവരുന്നു. അവ തമ്മില്‍ സംഘട്ടനമുണ്ടാവുകയും മൂന്നാമതൊരാശയം ഉടലെടുക്കുകയും ചെയ്യുന്നു എന്നാണ് അതിന്‍റെ സാരം. ആശയതലത്തിലുള്ള ഈ സംഘട്ടനംപോലെ മുതലാളി തൊഴിലാളി സംഘട്ടനം വഴി മുതലാളി തൊഴിലാളികളില്ലാത്ത സമത്വസുന്ദരമായ വ്യവസ്ഥിതി (കമ്മ്യൂണിസ്റ്റ് സോഷ്യലിസം) വരുമെന്നാണ് മാര്‍ക്സ് പറഞ്ഞത്. മുതലാളികള്‍ തൊഴിലാളികള്‍ എന്ന് രണ്ടായി മനുഷ്യവംശത്തെ ഈ സിദ്ധാന്തം വിഭജിച്ചു. വര്‍ഗ്ഗങ്ങള്‍ പരസ്പരം സംഘട്ടനത്തിലാണെന്നും മുതലാളികളെ ഇല്ലായ്മ ചെയ്യാന്‍ ഏത് അക്രമ മാര്‍ഗ്ഗമുപയോഗിച്ചും വര്‍ഗ്ഗസമരം നടപ്പാക്കണമെന്നും മാര്‍ക്സ് പ്രസ്താവിച്ചു. വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യസ്വത്തും ഉന്‍മൂലനം ചെയ്യുക, മതചിന്ത പിഴുതെറിയുക എന്നതൊക്കെ ഭൗതികവാദത്തില്‍ അടിയുറപ്പിച്ചിട്ടുള്ള മാര്‍ക്സിസത്തിന്‍റെ അടിസ്ഥാനതത്ത്വങ്ങളാണ്. വാസ്തവത്തില്‍, വ്യക്തി രാഷ്ട്രത്തിന്‍റെ അല്ലെങ്കില്‍ പാര്‍ട്ടിയുടെ അടിമ മാത്രമായിത്തീരുകയാണ് കമ്മ്യൂണിസ്റ്റ് സോഷ്യലിസത്തില്‍. എല്ലാ വളര്‍ച്ചയും പരിവര്‍ത്തനവും സംഘട്ടനത്തിലൂടേയേ സാധിക്കൂ എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത.

യഹൂദപാരമ്പര്യത്തില്‍, യഹൂദവംശത്തില്‍പിറന്ന് ക്രിസ്തുമതം സ്വീകരിച്ച മാതാപിതാക്കളില്‍നിന്നു ജനിച്ച്, 6-ാം വയസ്സില്‍ (1824-ല്‍) ക്രൈസ്തവവിശ്വാസത്തില്‍, (എവാഞ്ചെലിക്കല്‍ എന്ന പ്രോട്ടസ്റ്റന്‍റു സഭയില്‍) വന്ന മാര്‍ക്സ് ഒരു നിരീശ്വരനും ഭൗതികവാദിയുമായിത്തീര്‍ന്നു. കഴിഞ്ഞ 1800 വര്‍ഷമായിട്ടും ക്രൈസ്തവ സ്നേഹം ചൂഷണത്തെ അവസാനിപ്പിച്ചില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പരാതി. മാര്‍ക്സും ഫ്രെഡറിക് ഏംഗല്‍സും (1820-1895) കൂടി 1840-ല്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു. 1840 ആയപ്പോഴേക്കും കമ്മ്യൂണിസ്റ്റ് സിദ്ധാന്തം അവര്‍ ക്രോഡീകരിച്ചിരുന്നു. ദാസ് കാപ്പിത്തല്‍ (മൂലധനം) എന്ന ഗ്രന്ഥത്തിന്‍റെ ഒന്നാം വാല്യം 1848-ല്‍ പ്രസിദ്ധീകരിച്ചു (പ്രസ്തുത ഗ്രന്ഥത്തിന്‍റെ 2 ഉം 3 ഉം വാല്യങ്ങള്‍ 1858-94 കാലഘട്ടത്തില്‍ ഏംഗല്‍സ് പ്രസിദ്ധീകരിച്ചു) കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കുന്നതിനു മുമ്പേ ഏംഗല്‍സ് The condition of the working class in England in 1844 എന്നഗ്രന്ഥം (1845) പ്രസിദ്ധീകരിച്ചിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം  Landmarks of Scientific Socialism (1878)  The Origin of the Family, Private property and the State (1884) എന്നിവയും പ്രസിദ്ധീകരിച്ചു.

തൊഴിലിന് കൂലി നിശ്ചയിക്കുന്ന മുതലാളിത്തത്തെയും തൊഴില്‍ ഉല്‍പന്നങ്ങളുടെ സ്വകാര്യകുത്തകയെയും മാര്‍ക്സിസം എതിര്‍ത്തു. 1847-ല്‍ ബ്രസല്‍സില്‍ കമ്മ്യൂണിസ്റ്റ് ലീഗ് സ്ഥാപിക്കപ്പെട്ടു. 

1864-ല്‍ കാറല്‍ മാര്‍ക്സ് അന്താരാഷ്ട്ര തൊഴില്‍ സംഘടന സ്ഥാപിച്ചു. ഭരണം തൊഴിലാളികളിലാണു വന്നു ചേരേണ്ടതെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു. ഭരണം പിടിച്ചെടുക്കാന്‍ തൊഴിലാളികളെ അദ്ദേഹം ആഹ്വാനം ചെയ്തു.

അങ്ങനെ, വ്യാവസായികവിപ്ലവാനന്തരം കമ്മ്യൂണിസം മനുഷ്യരെ തൊഴിലാളികള്‍ മുതലാളികള്‍ എന്ന രണ്ടു വര്‍ഗ്ഗമായി തിരിച്ചു. ശത്രുതയോടെ പോരാടാന്‍ അവരോട് ആഹ്വാനം ചെയ്തു. കൂലിക്കു ജോലി ചെയ്യുന്നതുതന്നെ അടിമത്തത്തിന്‍റെ ഭാഗമാണെന്നും തൊഴിലാളിക്ക് ഉത്പന്നത്തിന്‍റെ ഉടമസ്ഥതയാണ് (അല്ലെങ്കില്‍ പങ്കാണ്) കിട്ടേണ്ടതെന്നും വാദിക്കുന്ന മറ്റ് ചിന്തകരും അന്നുണ്ടായിരുന്നു. ട്രെയ്ഡ് യൂണിയനുകളാണ് രാഷട്രം ഭരിക്കേണ്ടതെന്നു പഠിപ്പിക്കുന്ന സിന്‍ഡിക്കലിസ (Syndicalism) വും ഇക്കാലത്ത് ഉദ്ഭവിച്ചു. 

1917-ല്‍ രക്തരൂക്ഷിതമായ വിപ്ലവത്തോടെ കമ്മ്യൂണിസം റഷ്യയില്‍ നടപ്പിലാക്കി. പല യൂറോപ്യന്‍ രാഷ്ട്രങ്ങളും കമ്മ്യൂണിസത്തില്‍ ചെന്നുപെട്ടു. ശാക്തിക ചേരികളായി ലോകം വിഭജിക്കപ്പെട്ടു. ശീതസമരവും യുദ്ധഭീഷണിയും നടമാടി (ഇന്നിപ്പോള്‍ 75 വര്‍ഷങ്ങള്‍ക്കുശേഷം കമ്മ്യൂണിസം ഉപയോഗശൂന്യമെന്നുകണ്ട് യൂറോപ്യന്‍ രാഷ്ട്രങ്ങളും റഷ്യയും അത് പരിത്യജിച്ചിരിക്കുകയാണ്). സാമൂഹിക പ്രശ്നത്തിന് കമ്മ്യൂണിസം ഒരു പരിഹാരമാര്‍ഗ്ഗമായില്ല.

ഫ്രഞ്ചുവിപ്ലവം

ഏ.ഡി. 1789-ല്‍ ഫ്രാന്‍സില്‍ നടന്ന രാഷ്ട്രീയ വിപ്ലവമാണ് ഫ്രഞ്ചു വിപ്ലവമെന്നറിയപ്പെടുന്നത്. ലോകരാഷ്ട്രങ്ങളെയെല്ലാം അതു ബാധിച്ചു. വ്യാവസായികവിപ്ലവം സാമ്പത്തിക വ്യവസ്ഥിതിയെ മാറ്റി മറിച്ചപ്പോള്‍ ഫ്രഞ്ചുവിപ്ലവം രാഷ്ട്രീയ വ്യവസ്ഥിതിയെ തകിടംമറിച്ചു. ഈ വിപ്ലവത്തിന്‍റെ കാരണങ്ങളെപ്പറ്റി ചരിത്രകാരന്മാരുടെയിടയില്‍ ഏകാഭിപ്രായമില്ല. 18-ാം നൂറ്റാണ്ടില്‍ തുടങ്ങിയ പ്രബുദ്ധത (Enlightenment) യുടെ ഫലമായുണ്ടായ ബുദ്ധിപ്രകര്‍ഷമാണ് ഇതിന്‍റെ കാരണമെന്നു ചിലര്‍ പറയുന്നു. പീഡനാത്മകമായ ഫ്യൂഡല്‍ വ്യവസ്ഥിതിക്കെതിരെയുള്ള പ്രതികരണമാണെന്നു വേറെ ചിലര്‍ പറയുന്നു. കാലഹരണപ്പെട്ട കര്‍ശനമായ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിക്കെതിരേ പുതിയ മുതലാളിമാര്‍ നടത്തിയ ആക്രമണമാണെന്നു മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു. പൊതു ഖജനാവിന്‍റെ പാപ്പരത്തമാണ് അതിന്‍റെ ആത്യന്തിക കാരണം. വിപ്ലവഫലമായി ഭരണാധികാരികള്‍ വധിക്കപ്പെട്ടു (1793-ജനുവരിയില്‍ ലൂയി രാജാവിനെ വധിച്ചു) സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം എന്ന മൂന്ന് ആദര്‍ശങ്ങള്‍ക്കുവേണ്ടി തുടങ്ങിയ  വിപ്ലവം അക്രമത്തിലും രക്തച്ചൊരിച്ചിലിലും ചെന്നവസാനിച്ചു. ഭീകരതയുടെ തേര്‍വാഴ്ച നടന്നു.വിപ്ലവത്തിനു നായകത്വം വഹിച്ച റോബെസ്പീയര്‍ തന്നെ അനുയായികളാല്‍ വധിക്കപ്പെട്ടു (1794) കമ്മ്യൂണിസ്റ്റ് സോഷ്യലിസംപോലെ തന്നെ ഫ്രഞ്ചു വിപ്ലവവും സാമൂഹികപ്രശ്നത്തിന് പരിഹാരമായില്ല.

 ക്രൈസ്തവ പരിശ്രമങ്ങള്‍: ക്രൈസ്തവ സോഷ്യലിസം

കമ്മ്യൂണിസക്കൊടുങ്കാറ്റ് ആഞ്ഞടിച്ച കാലത്ത് ക്രിസ്തുമതം നിഷ്ക്രിയമായിരുന്നില്ല. വ്യാവസായിക വിപ്ലവത്തോടൊപ്പം തന്നെ കത്തോലിക്കരിലും അകത്തോലിക്കരിലും സാമൂഹിക ചിന്ത കടന്നുവന്നു. വ്യാവസായിക വിപ്ലവത്തിന് എത്രയോ മുമ്പ് വിന്‍സെന്‍റ് ഡിപോള്‍ (1576-1660) എന്ന ഫ്രഞ്ചുവൈദികന്‍ അടിമകളെ രക്ഷിക്കുന്നതിനുവേണ്ടി അദ്ധ്വാനിച്ചു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ആശുപത്രികള്‍ സ്ഥാപിക്കുകയും ഗ്രാമീണരുടെയിടയില്‍ പ്രവര്‍ത്തിക്കുന്നതിനുംവേണ്ടി വിന്‍സെന്‍ഷ്യന്‍ സഭ (1629-ല്‍) സ്ഥാപിക്കുകയും നഗരങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നതിനുവേണ്ടി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി എന്ന സംഘടന സ്ഥാപിക്കുകയും ചെയ്തു.  സഭാ ചരിത്രത്തിലുടനീളം സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. സാമൂഹിക തിന്മകളെ തുടച്ചുനീക്കാന്‍ നിരന്തരം ശ്രമിക്കുകയും ചെയ്തിരുന്നു.

വ്യാവസായിക വ്യവസ്ഥയുടെ തിന്മകള്‍ക്കെതിരേയുള്ള പ്രതികരണമായി ക്രൈസ്തവ സോഷ്യലിസം ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ സഭയില്‍ രൂപം കൊണ്ടു. 1848-ല്‍ അതൊരു പ്രസ്ഥാനമായി (കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ച വര്‍ഷം തന്നെ) ജെ.എം. ലഡ്ലോ (J.M.Ludlow,1821-1911) എഫ് ഡി മൗരിസ് (F.D. Maurice, 1805-1872) ചാത്സ് കിംഗ്സ്ലി (Charles Kingsely) എന്നിവരാണ് അത് സ്ഥാപിച്ചത്. തൊഴിലാളികളുടെ അഭിവൃദ്ധിക്കുവേണ്ടി അവര്‍ പരിശ്രമിച്ചു. സാമ്പത്തിക കാര്യങ്ങളിലുള്ള സ്വതന്ത്രതാവാദത്തെ (Liberalism) എതിര്‍ത്തു. സംഘടന, സഹകരണം, സാഹോദര്യം എന്നിവയ്ക്കായി നിലകൊണ്ട അവര്‍ സഹകരണാടിസ്ഥാനത്തിലുള്ള തൊഴില്‍ശാലകള്‍ വേണ്ടെന്നു വാദിച്ചു. 1877-ല്‍ ഗില്‍ഡ് ഓഫ് സെന്‍റ് മാത്യു എന്ന സാമൂഹിക സംഘടനയും 1889-ല്‍ ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന്‍ എന്ന സംഘടനയും സ്ഥാപിതമായി. നികുതി ചുമത്തല്‍വഴി സമ്പത്തിന്‍റെ തുല്യമായ പങ്കുവയ്ക്കല്‍ നടപ്പിലാക്കണമെന്ന് അവര്‍ പ്രസ്താവിച്ചു. 1941-ലെ മാള്‍വേണ്‍ പ്രഖ്യാപനത്തില്‍ ക്രൈസ്തവസോഷ്യലിസ്റ്റ് ചിന്തകള്‍ ക്രോഡീകരിച്ചിട്ടുണ്ട്.

കത്തോലിക്കരും ക്രൈസ്തവ സോഷ്യലിസം സ്ഥാപിക്കുവാന്‍ ശ്രമിച്ചു. യൂറോപ്പിലെ കത്തോലിക്കാ സോഷ്യലിസം സ്ഥാപിച്ചത് ജര്‍മ്മനിയിലെ ബിഷപ്പ് വില്യം എമ്മാനുവല്‍ ഫോണ്‍ കെറ്റലര്‍ (1811-77) ആണ്. സംഘടിതമായ ഒരു സമൂഹമുണ്ടാക്കുവാന്‍ അദ്ദേഹവും കൂട്ടരും പരിശ്രമിച്ചു. ഓസ്ട്രിയായിലും കത്തോലിക്കാ സോഷ്യലിസമുണ്ടായി. വോഗെല്‍സാങ്ങ് (Baron Karl Von Vogelsang, 1818 - 90) റുഫോള്‍ഡ് മേയര്‍ (Rudolf Mayer) എന്നിവരാണ് അതിന്‍റെ സംഘാടകര്‍. ബല്‍ജിയത്തിലും ഫ്രാന്‍സിലും കത്തോലിക്ക സോഷ്യലിസ്റ്റ് പ്രസ്ഥാനമുണ്ടായി. ഡി. മൂണ്‍ (Comte Adrian A. de Mun, 1841-1914) ലക്കാര്‍ഡയര്‍ (1802-1861) ഫ്രെഡറിക് ഓസാനം (1813-1853) മുതലായവര്‍ ഫ്രാന്‍സില്‍ ഒരു കത്തോലിക്കാ സോഷ്യലിസ്റ്റ് പ്രസ്ഥാനം തുടങ്ങി. അനേകം സംഘടനകള്‍ രൂപം പ്രാപിച്ചു.1833-ല്‍ വിന്‍സെന്‍റ് ഡി. പോള്‍ സൊസൈറ്റി മുതലായ സംഘടനകളും ടെക്നിക്കല്‍ സ്കൂളുകളും ഹോസ്റ്റലുകളും സ്ഥാപിക്കപ്പെട്ടു. പരസ്നേഹപ്രവര്‍ത്തനം മാത്രമല്ല അന്നു നടത്തിയിരുന്നത്, തൊഴിലാളികള്‍ക്ക് നീതി ലഭിക്കാന്‍ വേണ്ട നടപടികളെടുക്കുക കൂടി ചെയ്തിരുന്നു.

1849-ല്‍ അഡോള്‍ഫ് കോള്‍പിംഗ് (1813-1865) എന്ന വൈദികന്‍ ജര്‍മ്മനിയില്‍ ഒരു തൊഴിലാളി സംഘടന സ്ഥാപിച്ചു (ഇദ്ദേഹത്തെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ 1991 ഒക്ടോബര്‍ 27-ന് വാഴ്ത്തപ്പെട്ടവനായി  പ്രഖ്യാപിച്ചിട്ടുണ്ട്). കോള്‍പിംഗ് സംഘടനയ്ക്ക് 1856-ല്‍ പല രാഷ്ട്രങ്ങളിലായി ഒരു ലക്ഷം അംഗങ്ങളുണ്ടായിരുന്നു. ഇന്ന് 26 രാഷ്ട്രങ്ങളില്‍ അത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

 ക്രൈസ്തവ സിദ്ധാന്തങ്ങളാല്‍ പ്രചോദിതനായി പല വ്യവസായികളും തൊഴിലാളികള്‍ക്കു ലാഭവിഹിതം നല്‍കാനും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനും ഇടയായി. കൂലി സമ്പ്രദായം മാറ്റി ലാഭവിഹിതമാക്കുക എന്ന രീതിയും ചിലര്‍ സ്വീകരിച്ചു. 1865-ല്‍ മെഗനെന്‍ (Maignen) തൊഴിലാളി മണ്ഡലം (Workers Circle) സ്ഥാപിച്ചു. ഫ്രഞ്ചുകാരനായ ലെയോന്‍ ഹാര്‍മെല്‍ സ്വന്തം ഫാക്ടറിയില്‍ സാമൂഹിക പ്രവര്‍ത്തനവും ധാര്‍മ്മികസേവനവും നടപ്പിലാക്കി. 1884-ല്‍ അദ്ദേഹം തൊഴിലാളി മണ്ഡലാംഗമായി.

ഇറ്റലിയിലെ ടോണിയോള (Toniola) സ്വിറ്റ്സ്വര്‍ലണ്ടിലെ ഡെ കുര്‍ട്ടിന്‍സ് (De Curtins) മുതലായവര്‍ തൊഴിലാളി പ്രസ്ഥാനത്തില്‍ സാമൂഹിക നിയമനിര്‍മ്മാണം, വ്യവസായത്തില്‍ രാഷ്ട്രത്തിന്‍റെ മിതമായ ഇടപെടല്‍ എന്നിവയ്ക്കായി വാദിച്ചു. അമേരിക്കയിലെ കാര്‍ഡിനല്‍ ഗിബണ്‍സ് തൊഴിലാളി സംഘടനകളെ ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പയ്ക്ക് പരിചയപ്പെടുത്തി. തൊഴിലാളികള്‍ക്കുവേണ്ടി തനിക്കു കഴിവുള്ളതെല്ലാം ചെയ്യുമെന്നു മാര്‍പാപ്പ പ്രതിജ്ഞ ചെയ്തു. അമേരിക്കയില്‍ 1889-ല്‍ ബ്ളിസ്  (W.D.P. Bliss) ക്രൈസ്തവസോഷ്യലിസ്റ്റുകളുടെ സംഘടന (Society of Christian Socialists) സ്ഥാപിച്ചു.

 ഇങ്ങനെ, സഭയ്ക്കുള്ളില്‍ തൊഴിലാളികള്‍ക്കുവേണ്ടി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികളും സംഘടനകളും ധാരാളമുണ്ടായിരുന്നു (പക്ഷേ, ഇവയൊന്നും ചൂഷണം തുടച്ചു നീക്കാന്‍ ശക്തമായില്ല). വാസ്തവത്തില്‍, ലെയോ പതിമൂന്നാമന്‍റെ റേരും നൊവാരും എന്ന ചാക്രികലേഖനത്തിലുള്ളത് ഒരു പുതിയ മനോഭാവമല്ല. കത്തോലിക്കാ സോഷ്യലിസത്തില്‍ വളര്‍ന്ന സിദ്ധാന്ത സമുച്ചയത്തിന്‍റെ സുനിശ്ചിതവും ആധികാരികവുമായ ഒരു പ്രഖ്യാപനമാണ്.

 6. ലെയോ പതിമൂന്നാമന്‍: സഭയുടെ പ്രഥമ സിംഹനാദം

സഭയുടെ സാമൂഹിക പ്രബോധനങ്ങളെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ വിശ്വപ്രസിദ്ധമായ റേരും നൊവാരും എഴുതിയ ലെയോ പതിമൂന്നാമന്‍ (1810-1903) മാര്‍പാപ്പയെപ്പറ്റി പറയാതെ തരമില്ല. അദ്ദേഹം സഭയുടെ പരമാധികാരം കയ്യേല്‍ക്കുന്നത് 1828 ഫെബ്രുവരി 28-നാണ്. മധ്യഇറ്റലിയിലെ കുലീനവും എന്നാല്‍, സാമ്പത്തികമായി ദരിദ്രവുമായ ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. തത്ത്വചിന്തയിലും ദൈവശാസ്ത്രത്തിലും മാത്രമല്ല, രാഷ്ട്രനിയമത്തിലും അദ്ദേഹം പാണ്ഡിത്യം നേടിയിരുന്നു.

മാര്‍പാപ്പയാകുന്നതിനു മുമ്പ് അദ്ദേഹം സാമൂഹിക -ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍കൈയെടുത്തിട്ടുണ്ട്. 1837-ല്‍ ഇറ്റലിയിലെ കോളറ ബാധയുടെ  കാലത്ത് അദ്ദേഹം പ്രദര്‍ശിപ്പിച്ച ധീരതയും സേവനസന്നദ്ധതയും പ്രശസ്തമാണ്. ബെനെവെന്തോയിലെയും (1838 ജനുവരി മുതല്‍) പെറൂജിയയിലെയും (1841 മുതല്‍) അപ്പസ്തോലിക് ഡലഗേറ്റ് എന്ന ജോലി നോക്കിയ കാലത്തും അദ്ദേഹം ജനതകളുടെ സാമ്പത്തികാഭിവൃദ്ധിക്കുവേണ്ടി റോഡുകള്‍ നിര്‍മ്മിക്കുക, സേവിംഗ്സ് ബാങ്ക് തുടങ്ങുക മുതലായ കാര്യങ്ങള്‍ ചെയ്യുകയാല്‍ ജനസമൂഹങ്ങളുടെ സ്നേഹം പിടിച്ചുപറ്റി. അദ്ദേഹം ബല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ സേവനമനുഷ്ഠിച്ച മൂന്നു വര്‍ഷക്കാലത്തേക്ക് വ്യവസായവല്‍കൃത യൂറോപ്പിന്‍റെ പ്രശ്നങ്ങളില്‍ ഇടപെട്ടു. പെറൂജിയയിലായിരിക്കേ 1859-60 കാലത്തു നടന്ന വിപ്ലവത്തില്‍ സഭയ്ക്ക് ഭൗതിക വസ്തുക്കളുടെമേലുള്ള ഉടമസ്ഥാവകാശത്തിനുവേണ്ടി വാദിച്ചു. 1876-77 കാലങ്ങളില്‍  മെത്രാപ്പോലീത്ത എന്ന നിലയില്‍ അദ്ദേഹം എഴുതിയ ഇടയലേഖനങ്ങളില്‍ സഭ സമകാലീന സാംസ്ക്കാരിക പ്രശ്നങ്ങളില്‍ ഇടപെടണമെന്ന് ഊന്നിപ്പറഞ്ഞിരുന്നത് ലോകശ്രദ്ധയ്ക്കു വിഷയമായി.

അദ്ദേഹം സഭയുടെ പരമാധികാരിയായി 25 വര്‍ഷം സേവനമനുഷ്ഠിച്ചു. പ്രബോധനങ്ങള്‍, സമാരംഭങ്ങള്‍, അതുല്യമായ പ്രശസ്തി എന്നിവകൊണ്ട് ആധുനികലോകത്തെ ഏറ്റവും വലിയ പാപ്പായായി.

തത്ത്വശാസ്ത്രപഠനം, മിഷന്‍ പ്രവര്‍ത്തനങ്ങള്‍, വേര്‍പെട്ട സഭകളുമായുള്ള അനുരഞ്ജന പരിശ്രമങ്ങള്‍, ബൈബിള്‍ പഠനം (പ്രെവിദേന്തിസീമൂസ് ദേവൂസ്, Nov .18, 1893 എന്ന ചാക്രികലേഖനംവഴി) ഗവേഷണം (1881-ല്‍ വത്തിക്കാന്‍ ആര്‍ക്കൈവ് ഗവേഷണത്തിനു തുറന്നുകൊടുത്തു) എന്നിവയുടെ അഭിവൃദ്ധിയില്‍ അദ്ദേഹം ശ്രദ്ധചെലുത്തി. രാഷ്ട്രവും സഭയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ക്രൈസ്തവ സിദ്ധാന്തം ഉയര്‍ത്തിപ്പിടിച്ചു. ദിയുത്തൂര്‍ണും (ജൂണ്‍ 29,1881), ലിബര്‍ത്താസ് (ജൂണ്‍ 20, 1888), സാപ്പിയേന്‍സിയ ക്രിസ്ത്യാനേ (ജനു.10,1890) എന്നീ ചാക്രികലേഖനങ്ങള്‍ വഴി ലിബറലിസത്തെ തള്ളിപ്പറയുകയും (ഗ്രിഗറി പതിനാറാമനും പീയൂസ് ഒമ്പതാമനും ചെയ്തതുപോലെതന്നെ) സമൂഹത്തിന്‍റെ പുന:ക്രമവല്‍ക്കരണത്തെപ്പറ്റി പഠിപ്പിക്കുകയും ചെയ്തു. രാഷ്ട്രവും മതവും സ്വതന്ത്ര സ്ഥാപനങ്ങളിലായിരിക്കണമെന്ന് ഉറപ്പിച്ചു പറഞ്ഞു. ക്രൈസ്തവര്‍ രാഷ്ട്രീയത്തില്‍ പങ്കെടുക്കണമെന്നും അവര്‍ പാര്‍ലമെന്‍റും പത്രപ്രവര്‍ത്തനവും പൊതുനന്മയ്ക്കായി ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും ഉദ്ബോധിപ്പിച്ചു.

സാമൂഹികപ്രശ്നങ്ങള്‍ അദ്ദേഹത്തിന്‍റെ ചാക്രികലേഖനങ്ങള്‍ക്കു വിഷയമായി. ക്വോദ് അപ്പസ്തോലിച്ചി മൂണെരിസ് (ഡി.28,1878) എന്ന ചാക്രികലേഖനത്തില്‍ സോഷ്യലിസത്തെ തള്ളിപ്പറഞ്ഞു. ആര്‍ക്കാനും ദിവിനസാപ്പിയേന്‍സിയ (Arcanum divinae Spaientiae) (ഫെ.10,1880) എന്ന ചാക്രികലേഖനം വഴി കുടുംബത്തെപ്പറ്റിയുള്ള ക്രൈസ്തവധാരണ ഉറപ്പിച്ചു പറഞ്ഞു. റേരും നൊവാരും (മെയ് 15,1891) ആണ് ഏറ്റവും ശ്രദ്ധേയമായ ചാക്രികലേഖനം. അതിലൂടെ സോഷ്യലിസത്തെയും സാമ്പത്തിക സ്വതന്ത്രതാവാദ (Liberalism) ത്തെയും തള്ളിപ്പറഞ്ഞു. ജര്‍മ്മനിയിലെ ഫ്രീബര്‍ഗിലുണ്ടായിരുന്ന സംഘടന സാമൂഹികപ്രശ്നങ്ങളെപ്പറ്റി നടത്തിയ പഠനങ്ങളില്‍നിന്നാണ് അതിനുള്ള പ്രചോദനം ലഭിച്ചത്. കമ്മ്യൂണിസത്തിന്‍റെ അപര്യാപ്തതയും സാമൂഹികപ്രശ്നം പരിഹരിക്കുന്നതിനു ക്രിസ്തുമതത്തിന്‍റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ആ ചാക്രികലേഖനം ക്രിസ്റ്റ്യന്‍ സോഷ്യല്‍ മൂവ്മെന്‍റിനു പ്രചോദനമരുളി. ബല്‍ജിയത്തിലും ഫ്രാന്‍സിലും ഇറ്റലിയിലും ക്രൈസ്തവജനായത്ത ഭരണക്രമങ്ങള്‍ രൂപംകൊണ്ടു. ഗ്രാവെസ് ദേ കൊമ്മൂണിറേ Graves de Communi re (ജനു.18,1901)പ എന്ന ചാക്രികലേഖനം ക്രൈസ്തവജനായത്ത ഭരണം എന്ന ആശയം സ്വീകരിച്ചു. "ജനങ്ങള്‍ക്കുവേണ്ടിയുളള ഉപകാരപ്രദമായ ക്രൈസ്തവപ്രവര്‍ത്തനം" എന്ന് അതിനെ നിര്‍വചിച്ചു. ഇറ്റലിയിലെ ഭരണകൂടം വത്തിക്കാനുമായി നിരന്തരം സംഘര്‍ഷത്തിലായിരുന്നു. ആ സംഘര്‍ഷം കുറയ്ക്കുന്നതിന് അദ്ദേഹം പരിശ്രമിച്ചു. അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ അദ്ദേഹം ഇടപെട്ടു. ജര്‍മ്മന്‍ സാമ്രാജ്യവും സ്പെയിനും തമ്മില്‍ കരോളിന്‍ ദ്വീപുകള്‍ക്കുവേണ്ടിയുണ്ടായ തര്‍ക്കം (1885-ല്‍) പരിഹരിച്ചു. ലോകവ്യാപകമായ പ്രശസ്തി അദ്ദേഹം പിടിച്ചുപറ്റി.

 സമൂഹത്തിന്‍റെ ക്രമവല്‍ക്കരണത്തെ സംബന്ധിച്ച്

സാമൂഹികക്രമത്തിന്‍റെ സമഗ്രമായ പുനര്‍നിര്‍മ്മാണത്തിനു വേണ്ടി ലെയോ മാര്‍പാപ്പാ എഴുതിയിട്ടുള്ള ലേഖനങ്ങള്‍, 1902 മാര്‍ച്ച്  19-ന് അദ്ദേഹം എഴുതിയ ഒരു അപ്പസ്തോലിക ലേഖനത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ക്രമമനുസരിച്ച് ലേഖനത്തിന്‍റെ പേര് പ്രതിപാദ്യവിഷയം വര്‍ഷം എന്ന ക്രമത്തില്‍ താഴെ കൊടുക്കുന്നു.

  1. എത്തേര്‍ണി പാത്രിസ് (Aeterni Patris, നിത്യപിതാവിന്‍റെ) ക്രൈസ്തവ തത്ത്വശാസ്ത്രം,                                                                         
  2. ലീബെര്‍ത്താസ് പ്രൊസ്താന്തീസീമും (Libertas Praestantissimum, സര്‍വോത്കൃഷ്ടമായ സ്വതന്ത്ര്യം), മാനുഷികസ്വാതന്ത്ര്യം,                    
  3. ആര്‍ക്കാനും ദിവിനേ സാപ്പിയേന്‍സിയേ (Arcanum Divinae Sapientiae, ദൈവികജ്ഞാനത്തിന്‍റെ ബലിവേദി), ക്രൈസ്തവ വിവാഹം,                                                                                                                                                                                        
  4. ഹൂമാനും ജേനൂസ് (Humanum Genus, മനുഷ്യവര്‍ഗ്ഗം), ഫ്രീമെയ്സനറി എന്ന രഹസ്യസംഘടനയ്ക്കെതിരേ,1884                                                                                  
  5. ദിയുത്തൂര്‍ണും (Diuturnum Illud, ചിരസ്ഥായിയായ)സിവില്‍ ഗവണ്‍മെന്‍റ് 1881.                                                                                
  6. ഇമ്മോര്‍ത്താലേ ദേയി (ദൈവത്തിന്‍റെ അമര്‍ത്ത്യമായ) രാഷ്ട്രങ്ങളുടെ ക്രൈസ്തവ ഭരണഘടന,1885                                                
  7. ക്വോദ് അപ്പസ്തോലിച്ചി മൂണെരിസ് ( Quod Apostolicimuneris, ശ്ലൈഹികധര്‍മ്മത്തിന്‍റെ) 1878                                                           
  8. റേരും നൊവാരും (Rerum Novarum പുതിയ സംഗതികളുടെ വിപ്ലവകരമായ പരിവര്‍ത്തനത്തിന്‍റെ), മൂലധനത്തിന്‍റെയും തൊഴിലിന്‍റെയും അവകാശങ്ങളും കടമകളും1891.                                                                                                                        
  9. സാപ്പിയേന്‍സിയേ ക്രിസ്ത്യാനേ (Sapientiae Christianae. ക്രൈസ്തവ വിജ്ഞാനത്തിന്‍റെ ക്രൈസ്തവ പൗരധര്‍മ്മത്തെപ്പറ്റി) 1890.

ഇത്രയും ചാക്രികലേഖനങ്ങളിലെ സിദ്ധാന്തങ്ങളും പ്രബോധനങ്ങളും വഴി സമൂഹത്തെ സമഗ്രമായി പുനര്‍നിര്‍മ്മിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. ഇന്‍സ്ക്രൂത്താബലി (Inscrutabili, ദൈവത്തിന്‍റെ അഗ്രാഹ്യമായ പദ്ധതി) എന്ന ലേഖനം (1878 ഏപ്രില്‍ 21) ആധുനിക സമൂഹത്തിന്‍റെ തിന്മകളെ ചൂണ്ടികാണിച്ചിരുന്നു. സഭ സാംസ്ക്കാരിക വളര്‍ച്ചയ്ക്കു ചെയ്ത സേവനങ്ങള്‍ അതില്‍ എടുത്തു പറയുന്നുണ്ട്. ബ്രസീലിലെ മെത്രാന്‍മാര്‍ക്ക് 1888 മെയ് 5-ന് എഴുതിയ ലേഖനത്തില്‍ (In plurimis, പല കാര്യങ്ങളില്‍) അദ്ദേഹം തന്‍റെ മുന്‍ഗാമികള്‍ ചെയ്തതുപോലെ തന്നെ അടിമത്തത്തെ ശപിച്ചുതള്ളുകയും ബ്രസീലിലെ അടിമകളെ മോചിപ്പിച്ചതില്‍ അഗാധമായ സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു. ക്രിസ്തുമതമാണ് അടിമത്തം അവസാനിപ്പിച്ചത് എന്ന കാര്യം അതില്‍ അനുസ്മരിച്ചിട്ടുണ്ട്.

തൊഴിലാളി പ്രശ്നത്തില്‍ അദ്ദേഹം നേരിട്ട് ഇടപെട്ടു. 1887-ല്‍ നൂറുതൊഴില്‍ദായകരെയും ആയിരത്തിനാനൂറു തൊഴിലാളികളെയും മൂന്നൂറു വൈദികരെയും സ്വാഗതം ചെയ്യുകയും അവരുടെ പ്രശ്നങ്ങളെപ്പറ്റി ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. 1889-ല്‍ ഫ്രാന്‍സില്‍ നിന്നുള്ള ആയിരകണക്കിനു തൊഴിലാളികളടങ്ങുന്ന ഒരു സംഘം അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ നിങ്ങളുടെ സ്ഥിതി ഉത്കൃഷ്ടമാക്കുന്നതിന് നമ്മുടെ പിതൃഹൃദയവും നമ്മുടെ  ഉദ്യോഗവും നിര്‍ദ്ദേശിക്കുന്ന സര്‍വതും നാം ചെയ്യും എന്ന് പ്രതിജ്ഞാപൂര്‍വ്വം പ്രസ്താവിച്ചു. ڇഞങ്ങളുടെ പിതാവും സംരക്ഷകനുംڈ എന്നാണു തൊഴിലാളികള്‍ അദ്ദേഹത്തെ സംബോധന ചെയ്തത്. 1890-ല്‍ ബര്‍ലിനില്‍ വച്ചു നടന്ന ഒരു സമ്മേളനത്തിലേക്കു ജര്‍മ്മന്‍ ചക്രവര്‍ത്തിക്ക് അയച്ച ഒരു കത്തില്‍ അദ്ദേഹം തന്‍റെ സാമൂഹികാശയങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു.  

നിവൃത്തിയായ പ്രവചനങ്ങള്‍

മുതലാളിത്തത്തിന്‍റെ ദുരുപയോഗവും കമ്മ്യൂണിസ്റ്റ് സോഷ്യലിസത്തിന്‍റെ അപര്യാപ്തതയും റേരും നൊവാരുമിലൂടെ അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭൗതികതലത്തിലും ധാര്‍മ്മികതലത്തിലുമുള്ള സാമൂഹിക തിന്മകളെ ഉന്മൂലനം ചെയ്യാന്‍, പ്രബോധനവും പ്രവര്‍ത്തനവും വഴി, നിരന്തരം പരിശ്രമിക്കുന്ന മതത്തോടുചേര്‍ന്ന് രാഷ്ട്രവും തൊഴിലാളികളും മുതലാളികളും പരിശ്രമിക്കണമെന്ന് അദ്ദേഹം നിര്‍ബന്ധിച്ചു. ഇപ്രകാരമൊരു ശ്രമം നടന്നില്ലെങ്കില്‍ അനിവാര്യമായ വിപത്തുണ്ടാകുമെന്ന് അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തു. ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്കുശേഷം അത് സംഭവിച്ചു. റഷ്യയില്‍ നടന്ന രക്തരൂഷിതവിപ്ലവത്തിലൂടെ മതത്തെ നിഷേധിക്കുകയും സ്വാതന്ത്ര്യം എടുത്തുകളയുകയും ചെയ്യുന്ന ഒരു സാമ്പത്തിക രാഷ്ട്രീയ സംവിധാനം തീര്‍ച്ചയായും തകരുമെന്ന അദ്ദേഹത്തിന്‍റെ പ്രവചനം ഇന്ന്, കമ്മ്യൂണിസത്തിന്‍റെ തകര്‍ച്ചയോടെ, നിറവേറിയിരിക്കുകയാണ്.

  1. സഭ ആരുടെ പക്ഷത്ത്?

സഭ പാവങ്ങളുടെ പക്ഷത്താണെന്ന് ഈ ചാക്രികലേഖനങ്ങള്‍ വായിക്കുന്നവര്‍ക്കു ബോധ്യമാകും. സഭ സമ്പന്നരുടെ കൂടെയാണെന്ന വാദം ഇവയുടെ മുമ്പില്‍ മഞ്ഞുപോലെ ഉരുകിപ്പോകും, സഭ എന്നും ചൂഷണത്തെ എതിര്‍ത്തിരുന്നു. അധ:സ്ഥിതരെ ഉയര്‍ത്തുവാന്‍ സഭ എന്നും ശ്രമിച്ചിരുന്നു. (റേരും നൊവാരും എഴുതിയ ലെയോ മാര്‍പാപ്പയെ സഭാശത്രുക്കള്‍ കമ്മ്യൂണിസ്റ്റുകാരുടെ കൂട്ടുകാരന്‍ എന്നു വിളിച്ചു പരിഹസിക്കുകപോലും ചെയ്തു). മെത്രാന്മാരുടെ സംഘങ്ങളും വിവിധ സഭകള്‍ ഒന്നുചേര്‍ന്നുള്ള സഭകളുടെ ലോക കൗണ്‍സിലും (World Council of Churches) സാമൂഹികനീതിക്കുവേണ്ടി പ്രബോധനത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും നിരന്തരം ശ്രമിക്കുന്നുണ്ട്

സാമൂഹികപ്രശ്നങ്ങളെപ്പറ്റിയുള്ള സഭയുടെ പ്രബോധനങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ഈ സമാഹാരത്തില്‍പ്പെടാത്തതുമായ അനേകം രേഖകളുണ്ടെന്ന കാര്യം ഇവിടെ സ്മരണീയമാണ്. പതിമൂന്നാം പീയൂസ് മാര്‍പാപ്പാ 1941-ല്‍ നടത്തിയ റേഡിയോ പ്രഭാഷണം രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ (1965 ഡി. 15-ന് അംഗീകരിക്കപ്പെട്ട) ഗാവുദിയും ഏത്ത് സ്പെസ് (സന്തോഷവും പ്രത്യാശയും. ഇതിന് "സഭ ആധുനികയുഗത്തില്" എന്നാണ് പറയാറ്) എന്ന പ്രമാണരേഖ, വത്തിക്കാന്‍ സിനഡ് (മെത്രാമാരുടെ സമ്മേളനം) 1467-ല്‍ പുറപ്പെടുവിച്ച ജസ്റ്റീസ് ഇന്‍ ദി വേള്‍ഡ് (ലോകത്തില്‍ നീതി) എന്ന രേഖ, പോള്‍ ആറാമന്‍ 1976-ല്‍ പുറപ്പെടുവിച്ച ഒരു അപ്പസ്തോലികാഹ്വാനമായ എവാന്‍ജെലീ നൂണ്‍സിയാന്തി (പ്രഘോഷിക്കപ്പെടേണ്ട സുവിശേഷത്തിന്‍റെ) എന്ന രേഖ, ജോണ്‍  പോള്‍ രണ്ടാമന്‍ 1979-ല്‍ പുറപ്പെടുവിച്ച റെദെംപ്തോര്‍ ഹോമിനിസ് (മനുഷ്യരക്ഷകന്‍) എന്ന ലേഖനം, അദ്ദേഹം തന്നെ 1980-ല്‍ പുറപ്പെടുവിച്ച ദീവെസ് ഇന്‍ മിസെരികോര്‍ദിയ (കാരുണ്യത്തില്‍ സമ്പന്നര്‍) എന്ന ലേഖനം മുതലായവ സാമൂഹികനീതിയെപ്പറ്റി പ്രതിപാദിക്കുന്നു.

സഭയുടെ മണ്ഡലം മതത്തിന്‍റേതും ധാര്‍മ്മികതയുടേതുമാണ്. ഒരു പ്രശ്നം മതത്തെയും ധാര്‍മ്മികതയെയും ബാധിക്കുന്നതായിത്തീരുമ്പോള്‍ സഭ അതില്‍ ഇടപെടുന്നു. സാമൂഹിക പ്രബോധനം വഴി സാമൂഹിക തിന്മകള്‍ക്കെതിരേ സഭ ശബ്ദമുയര്‍ത്തുന്നു. അവയെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ഈ സമാഹാരത്തിലുള്ള ചാക്രികലേഖനങ്ങള്‍ സഭയുടെ സാമൂഹികപ്രബോധനത്തിന്‍റെ ഒരു ഭാഗം- പ്രബോധനങ്ങള്‍- മാത്രമാണ്. സഭയുടെ വിവിധ  സംഘടനകളും സ്ഥാപനങ്ങളും കോണ്‍ഫ്രന്‍സുകളും നടത്തുന്ന വിപുലമായ സാമൂഹിക പ്രവര്‍ത്തനപദ്ധതികളെയും സാമൂഹികബോധവല്‍ക്കരണ യത്നങ്ങളെയും കൂടി ഇതിന്‍റെ കൂടെ പരിഗണിക്കേണ്ടതാണ്. വിശാലമായ ഒരു പ്രപഞ്ചമാണത്. ഇതുകൂടാതെ, മറ്റ് ക്രൈസ്തവ വിഭാഗങ്ങള്‍ ഒറ്റയ്ക്കും സംഘം ചേര്‍ന്നും നടത്തുന്ന പ്രവര്‍ത്തനങ്ങളെ കൂടി പരിഗണിക്കേണ്ടതുണ്ട്.   

Historical background of the church's social teachings catholic church catholic teachings theology Mar Joseph Pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message