x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

സഭയിലെ ഹയരാർക്കിക്കൽ (അധികാരശ്രേണി) ഘടന; പ്രത്യേകിച്ച് മെത്രാൻ സ്ഥാനം

Authored by : രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ On 14-Sep-2022

അധ്യായം മൂന്ന്

സഭയിലെ ഹയരാർക്കിക്കൽ (അധികാരശ്രേണി) ഘടന; പ്രത്യേകിച്ച് മെത്രാൻസ്ഥാനം

18 പ്രാരംഭം

ദൈവജനത്തെ മേയ്ക്കാനും അതിനെ സദാ വളർത്താനും മിശിഹാകർത്താവ് സഭയിൽ തന്റെ ശരീരത്തിന്റെ മുഴുവൻ നന്മയ്ക്കുപകരിക്കുന്ന വിവിധ ശുശ്രൂഷാപദവികൾ സ്ഥാപിച്ചു. വിശുദ്ധമായ അധികാരം കൈയാളുന്ന ശുശ്രൂഷികൾ തങ്ങളുടെ സഹോദർക്ക് സേവനം ചെയ്യുകയാണ്. ദൈവജനത്തിൽ ഉൾപ്പെട്ടവരും അക്കാരണത്താൽ യഥാർത്ഥ ക്രിസ്തീയമഹത്ത്വം അനുഭവിക്കുന്നവരുമായ എല്ലാവരും ഒരേലക്ഷ്യത്തിനു വേണ്ടി സ്വതന്ത്രമായും ക്രമാനുസൃതമായും സഹകരിച്ചു നീങ്ങി രക്ഷ പ്രാപിക്കാൻ വേണ്ടിയാണിത്.

ഈ പരിശുദ്ധ സൂനഹദോസ് ഒന്നാം വത്തിക്കാൻ കൗൺസിലിന്റെ കാലടികൾ പിന്തുടർന്നുകൊണ്ട്, അതിനോടുചേർന്നു പഠിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നത് ഇതാണ്: നിത്യപുരോഹിതനായ ഈശോമിശിഹാ താൻതന്നെ പിതാവാൽ അയയ്ക്കപ്പെട്ടതുപോലെ (യോഹ 20:21) ശ്ലീഹന്മാരെ അയച്ചുകൊണ്ട് തിരുസഭയെ സ്ഥാപിച്ചു. അവരുടെ പിൻഗാമികൾ അതായത്, മെത്രാന്മാർ തന്റെ സഭയിൽ സമയത്തിന്റെ സമാപ്തിവരെ ഇടയന്മാരായിരിക്കണമെന്ന് അവിടന്ന് തിരുമനസ്സായി. മെത്രാൻസ്ഥാനം ഏകവും അവിഭാജ്യവുമായിരിക്കാൻവേണ്ടി ഭാഗ്യപ്പെട്ട പത്രോസിനെ മറ്റു ശ്ലീഹന്മാരുടെ അദ്ധ്യക്ഷനാക്കുകയും അദ്ദേഹത്തിൽത്തന്നെ ശാശ്വതവും ദൃശ്യവുമായ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും ആരംഭവും അടിസ്ഥാനവും സ്ഥാപിക്കുകയും ചെയ്തു. റോമാ മാർപാപ്പായുടെ പരമാധികാരത്തിന്റെ സ്ഥാപനം, ശാശ്വതസ്വഭാവം, ശക്തി, വിശുദ്ധമായ പ്രാബല്യം എന്നിവയെപ്പറ്റിയും അദ്ദേഹത്തിന്റെ അപ്രമാദമായ പ്രബോധനാധികാരത്തെപ്പറ്റിയുമുള്ള ഈ വിശ്വാസസത്യം ഉറപ്പായി വിശ്വസിക്കാൻ എല്ലാ വിശ്വാസികളോടും ഈ സൂനഹദോസ് ആവർത്തിച്ചു നിർദേശിക്കുന്നു. ഈ നിർദേശത്തിന്റെ തുടർച്ചയായിത്തന്നെ, പത്രോസിന്റെ പിൻഗാമിയും മിശിഹായുടെ വികാരിയും സഭമുഴുവന്റെയും ദൃശ്യ തലവനുമായ അദ്ദേഹത്തോടുചേർന്ന്, മറ്റു ശ്ലീഹന്മാരുടെ പിൻഗാമികളായി ജീവനുള്ള ദൈവത്തിന്റെ ഭവനം ഭരിക്കുന്നവരായ മെത്രാന്മാരെപ്പറ്റിയുള്ള പ്രബോധനവും എല്ലാവരുടെയും മുമ്പാകെ ഏറ്റുപറയുന്നതിനും പ്രഖ്യാപിക്കുന്നതിനും ഈ സൂനഹദോസ് തീരുമാനിക്കുന്നു.

19 പന്ത്രണ്ടു ശ്ലീഹന്മാരുടെ വിളിയും ശ്ലൈഹികസ്ഥാപനവും

കർത്താവായ ഈശോ പിതാവിനോടു പ്രാർത്ഥിച്ചശേഷം തനിക്ക് ഇഷ്ടപ്പെട്ടവരെ അടുത്തേക്കു വിളിച്ച്, തന്നോടുകൂടെ ആയിരിക്കുന്നതിനും ദൈവരാജ്യം പ്രസംഗിക്കാൻ അയയ്ക്കുന്നതിനുമായി പന്ത്രണ്ടുപേരെ നിയമിച്ചു (മർക്കോ 3:13-19; മത്താ 10:1-42). ഈ ശ്ലീഹന്മാരെ (ലൂക്കാ 6:13) ഒരു സംഘം അഥവാ, സുസ്ഥിരമായ ഒരു സമൂഹമായി സ്ഥാപിക്കുകയും അവരുടെ മേലദ്ധ്യക്ഷനായി അവരിൽനിന്നുതന്നെ തിരഞ്ഞെടുത്ത പത്രോസിനെ നിയമിച്ചാക്കുകയും ചെയ്തു (യോഹ 21:15-17). അവരെ ആദ്യമായി ഇസ്രായേൽമക്കളുടെ അടുക്കലേക്കും പിന്നീട് എല്ലാ മക്കളുടെ പക്കലേക്കും അയച്ചു (റോമാ 1:16); തന്റെ അധികാരത്തിൽ പങ്കുകാരെന്ന നിലയിൽ, എല്ലാ മനുഷ്യരെയും അവിടത്തെ ശിഷ്യരാക്കിക്കൊണ്ട് അവരെ വിശുദ്ധീകരിക്കുകയും ഭരിക്കുകയും ചെയ്യേണ്ടതിനുതന്നെ (മത്താ 28:16-20; മാർക്കോ 16:15; ലൂക്കാ 24:45-48; യോഹ 20:21-23). അങ്ങനെ സഭ പ്രചരിപ്പിക്കുകയും അവളെ കർത്താവിന്റെ നായകത്വത്തിൽ സമയത്തിന്റെ സമാപ്തിവരെയുള്ള എല്ലാ ദിനങ്ങളിലും ശുശ്രൂഷിച്ചു മേയ്ക്കുകയും ചെയ്യുന്നതിനുവേണ്ടിയാണിത്. (മത്താ 28:20). ഈ ദൗത്യത്തിൽ പന്തക്കുസ്താദിനം അവർ സമ്പൂർണമായി ഉറപ്പിക്കപ്പെട്ടു (അപ്പ 2:1-36). ഇതു നിറവേറ്റിയത് കർത്താവിന്റെ വാഗ്ദാനമനുസരിച്ചാണ്: “എന്നാൽ, പരിശുദ്ധാത്മാവിൽ നിന്ന് നിങ്ങളുടെമേൽ ശക്തി നിങ്ങൾ സ്വീകരിക്കും. അപ്പോൾ ജറുസലേമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തിയോളവും നിങ്ങൾ എന്റെ സാക്ഷികളായിരിക്കും. (അപ്പ. 1:8). ശ്ലീഹന്മാർ എല്ലായിടത്തും സുവിശേഷം പ്രസംഗിച്ചു (മർക്കോ 16:20). അത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനംവഴി ശ്രോതാക്കൾ സ്വീകരിച്ചു. അങ്ങനെ ശ്ലീഹന്മാരിൽ സ്ഥാപിക്കുകയും അവരുടെ തലവനായ ഭാഗ്യപ്പെട്ട പത്രോസിൽ പ്രധാനമൂലക്കല്ലായ മിശിഹായാൽ പടുത്തുയർത്തപ്പെടുകയും ചെയ്ത സാർവത്രികസഭയെ അവർ സംഘടിപ്പിച്ചു (വെളി 21:14; മത്താ 16:18; എഫേ 2:20).

20 മെത്രാന്മാർ ശ്ലീഹന്മാരുടെ പിൻഗാമികൾ

മിശിഹാ ശ്ലീഹന്മാരെ ഭരമേല്പിച്ച ഈ ദിവ്യദൗത്യം യുഗാന്തത്തോളം തുടരാനുള്ളതാണ് (മത്താ 28:20). എന്തുകൊണ്ടെന്നാൽ, അവർ വഴി നല്കപ്പെട്ട സുവിശേഷം എക്കാലത്തേക്കും സഭയ്ക്ക് അവളുടെ ജീവിതം മുഴുവന്റെയും മൂലതത്ത്വമാണ്. അതുകൊണ്ട് ഹയരാർക്കിക്കൽക്രമവത്കരണമുള്ള ഈ സമൂഹത്തിൽ പിൻഗാമികളെ നിയമിക്കാൻ അവർ ശ്രദ്ധിച്ചു.

അവർക്ക് ഈ ശുശ്രൂഷയിൽ വിവിധതരം സഹായികളുണ്ടായിരുന്നുവെന്നുമാത്രമല്ല, തങ്ങൾക്ക് ഏല്പിക്കപ്പെട്ട ദൗത്യം തങ്ങളുടെ മരണശേഷം തുടരേണ്ടതിനായി തൊട്ടടുത്ത സഹപ്രവർത്തകർക്ക് തങ്ങൾ തുടങ്ങിവച്ച ജോലി പൂർത്തിയാക്കുന്നതിനും ഉറപ്പിക്കുന്നതിനും മരണശാസനമെന്നപോലെ അവർ കല്പന കൊടുത്തു. ദൈവത്തിന്റെ സഭയെ മേയ്ക്കാൻ, പരിശുദ്ധാത്മാവ് തങ്ങളെ ഭരമേല്പിച്ച (അപ്പ 20:28) അജഗണങ്ങളെ മുഴുവൻ പരിപാലിക്കാൻ അവരെ നിയമിക്കുകയും ചെയ്തു. അതിനാൽ താദൃശമായ ആളുകളെ നിയമിച്ചാക്കുക മാത്രമല്ല, തുടർന്ന് അവരെ തിരുപ്പട്ടം നല്കി അഭിഷിക്തരാക്കുകയും ചെയ്തു. തങ്ങളുടെ കാലശേഷവും അവരുടെ ശുശ്രൂഷ യോഗ്യരായ മറ്റുള്ളവർ നിർവഹിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. ആരംഭകാലം മുതൽ സഭയിൽ പ്രയോഗത്തിലിരുന്ന വിവിധ ശുശ്രൂഷകളിൽ പാരമ്പര്യം തെളിയിക്കുന്നതനുസരിച്ച് പ്രഥമസ്ഥാനമർഹിക്കുന്നത് മെത്രാൻസ്ഥാനത്ത് അവരോധിതരായി, ആദ്യകാലം മുതൽ ഇടമുറിയാതെ ശുശ്രൂഷചെയ്ത്, ശ്ലൈഹികവിത്ത് കൈമാറുന്നവരുടെ സേവനമാണ്. വിശുദ്ധ ഇരനേവൂസ് സാക്ഷ്യപ്പെടുത്തുന്നതുപോലെ, ശ്ലീഹന്മാരാൽ മെത്രാന്മാരായി നിയമിക്കപ്പെട്ടവരും അവരുടെ പിന്തുടർച്ചക്കാരുംവഴി നമ്മുടെ കാലംവരെ ശ്ലൈഹിക പാരമ്പര്യം ലോകം മുഴുവൻ വെളിപ്പെടുത്തപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.

അതിനാൽ, മെത്രാന്മാർ ദൈവത്തിന്റെ സ്ഥാനത്ത് അജഗണത്തിന്റെ മേലദ്ധ്യക്ഷന്മാരും ഇടയന്മാരുമായി, സത്യത്തിന്റെ പ്രബോധകന്മാരും ദൈവാരാധനയുടെ പുരോഹിതന്മാരും ഭരണത്തിന്റെ നായകന്മാരുമെന്നനിലയിൽ വൈദികരുടെയും ഡീക്കന്മാരുടെയും സഹായത്തോടെ സമൂഹത്തിന്റെ ശുശ്രൂഷ ഏറ്റെടുത്തിരിക്കുന്നു. ശ്ലീഹന്മാരിൽ ഒന്നാമനായ പത്രോസിന് വ്യക്തിഗതമായി കർത്താവു നല്കിയ ധർമം ശാശ്വതമായി നിലനില്ക്കേണ്ടതും പിൻഗാമികൾക്കു ഭരമേല്പിക്കപ്പെടേണ്ടതുമാണ്. അതുപോലെതന്നെ. ശ്ലീഹന്മാർക്ക് സഭയെ മേയ്ക്കാനുള്ള ധർമവും മെത്രാൻപട്ടംവഴി ശാശ്വതമായി നിലനില്ക്കുന്നു. അതിനാൽ, ഈ പരിശുദ്ധസൂനഹദോസ് പഠിപ്പിക്കുന്നു: “മെത്രാന്മാർ ദൈവികനിയമനത്താൽ ശ്ലീഹന്മാരുടെ പിന്തുടർച്ചയുടെ പദവിയിൽ സഭയുടെ ഇടയന്മാരാണ്. അവരെ അനുസരിക്കുന്നവർ മിശിഹായെ അനുസരിക്കുന്നു; അവരെ നിഷേധിക്കുന്നവർ മിശിഹായെയും അവനെ അയച്ചവനെയും നിഷേധിക്കുന്നു (ലൂക്കാ 10:16).

21 മെത്രാൻപദവിയുടെ കൗദാശികത

അത്യുന്നതാചാര്യനായ നമ്മുടെ കർത്താവീശോമിശിഹാ വിശ്വാസികളുടെ മധ്യേ സന്നിഹിതനായിരിക്കുന്നത് മെത്രാന്മാരിലൂടെയാണ്; വൈദികരാകട്ടെ, അവരുടെ സഹായികളും. അവിടന്ന് പിതാവായ ദൈവത്തിന്റെ വലത്തുവശത്തിരിക്കുന്നു. എങ്കിലും തന്റെ ആചാര്യന്മാരുടെ സമൂഹത്തിൽ സന്നിഹിതനാകാതിരിക്കുന്നില്ല. പ്രത്യുത, പ്രധാനമായി, അവരുടെ ഉത്കൃഷ്ടസേവനത്തിലൂടെ സർവജനപദങ്ങളോടും സുവിശേഷം പ്രസംഗിക്കുകയും വിശ്വസിക്കുന്നവർക്ക് വിശ്വാസത്തിന്റെ കൂദാശകൾ നിരന്തരം പരികർമം ചെയ്യുകയും ചെയ്യുന്നു. അവരുടെ പൈതൃകസേവനംവഴി (1 കോറി 4:15) പുതിയ അംഗങ്ങൾ സ്വർഗീയമായി പുനർജനിച്ച് തന്റെ ശരീരത്തോട് കൂട്ടിച്ചേർക്കപ്പെടുന്നു.തങ്ങളുടെ ബുദ്ധിയും വിവേകവും വഴി അവർ പുതിയനിയമജനതയെ നിത്യസൗഭാഗ്യത്തിലേക്കുള്ള പരദേശയാത്രയിൽ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. കർത്താവിന്റെ അജഗണത്തെ മേയ്ക്കുവാനായി തിരഞ്ഞെടുക്കപ്പെട്ട ഈ ഇടയന്മാർ, മിശിഹായുടെ ശുശ്രൂഷകന്മാരും ദൈവികരഹസ്യങ്ങളുടെ കാര്യസ്ഥന്മാരുമാണ് (1 കോറി 4:1); ഇവർക്കാണ് ദൈവ കൃപയുടെ സുവിശേഷത്തിന്റെ സാക്ഷ്യം ഭരമേല്പിക്കപ്പെട്ടിരിക്കുന്നത് (റോമാ 15:16; അപ്പ 20:24). മഹത്ത്വത്തിൽ ആത്മാവിന്റെയും നീതിയുടെയും ശുശ്രൂഷയും അവരുടേതു തന്നെ (2കോറി 3:8-9).

ഇത്ര വലിയ കടമ നിർവഹിക്കാൻ ശ്ലീഹന്മാരെ അവരുടെമേൽ ഇറങ്ങിവന്ന പരിശുദ്ധാത്മവർഷത്താൽ മിശിഹാ സമ്പന്നരാക്കി (അപ്പ 1:8, 2:4; യോഹ 20:22, 23). അവരുടെ സഹായികൾക്കും കൈവയ്പുവഴി ആത്മാവിന്റെ ദാനം നല്കി (1 തിമോ 4:14; 2തിമോ1:6,7). ഈ കൈവയ്പാണ് നമ്മുടെ ഇക്കാലംവരെ മെത്രാഭിഷേകത്തിലൂടെ കൈമാറപ്പെട്ടിരിക്കുന്നത്. എന്നാൽ, തിരുപ്പട്ടകൂദാശയുടെ പൂർണത മെത്രാഭിഷേകത്താൽ നല്കപ്പെടുന്നുവെന്ന് ഈ സൂനഹദോസ് പഠിപ്പിക്കുന്നു. സഭയുടെ ആരാധനാപാരമ്പര്യത്തിലും വിശുദ്ധ സഭാപിതാക്കന്മാരുടെ പ്രസ്താവനകളിലും ഈ ഉന്നത പൗരോഹിത്യം വിശുദ്ധ ശുശ്രൂഷയുടെ ഉന്നതശ്രേണിയെന്നു വിളിക്കപ്പെടുന്നതിൽ അദ്ഭുതമില്ല. മെത്രാഭിഷേകം വിശുദ്ധീകരിക്കാൻ വേണ്ടിയുള്ള ചുമതല മാത്രമല്ല, പഠിപ്പിക്കാനും ഭരിക്കാനുമുള്ള അധികാരവും പ്രദാനംചെയ്യുന്നു. ഈ അധികാരം അതിന്റെ സ്വഭാവത്താൽത്തന്നെ മെത്രാൻ സംഘത്തിന്റെ തലവനോടും അംഗങ്ങളോടും ചേർന്നു നിർവഹിക്കേണ്ടതാണ്. എന്തുകൊണ്ടെന്നാൽ, ദൈവാരാധനാരീതികളിലെയും പാശ്ചാത്യ പൗരസ്ത്യ ആചാരങ്ങളിലെയും വ്യക്തമായ പാരമ്പര്യത്തിൽനിന്നു വെളിവാകുന്നത് കൈവയ്‌പും അഭിഷേകവചനങ്ങളുംവഴി മെത്രാന്മാർ പരിശുദ്ധാത്മാവിന്റെ പ്രസാദവരം പ്രാപിക്കുകയും അവരിൽ വിശുദ്ധമുദ്ര പതിക്കപ്പെടുകയും ചെയ്യുന്നുവെന്നും അതുവഴി അവർ പ്രകടമാംവിധം മിശിഹായുടെതന്നെ അദ്ധ്യാപകൻ, ഇടയൻ, പ്രധാന പുരോഹിതൻ എന്നീ പദവികൾ സ്വീകരിക്കുന്നുവെന്നും അവിടത്തെ വ്യക്തിത്വത്തിൽ പ്രവർത്തിക്കുന്നുവെന്നുമാണ്. മെത്രാൻസംഘത്തിലേക്കു പുതിയ അംഗങ്ങളെ തിരുപ്പട്ടംവഴി ഉയർത്തുകയെന്നതും മെത്രാന്മാരുടെ അധികാരസീമയിൽപ്പെട്ട കാര്യമാണ്.

22 മെത്രാൻസംഘവും അതിന്റെ തലവനും

കർത്താവിന്റെ നിശ്ചയമനുസരിച്ച് വിശുദ്ധ പത്രോസും മറ്റു ശ്ലീഹന്മാരും ഒരു ശ്ലൈഹിക സംഘമായി രൂപവത്കൃതമായിരിക്കുന്നതുപോലെ, തത്തുല്യമായ കാരണത്താൽ പത്രോസിന്റെ പിൻഗാമിയായ റോമാമാർപാപ്പായും ശ്ലീഹന്മാരുടെ പിൻഗാമികളായ മെത്രാന്മാരും പരസ്പരം യോജിച്ചിരിക്കുന്നു. അതിപുരാതന നടപടികളിൽത്തന്നെ ലോകമെമ്പാടും നിയമിതരായ മെത്രാന്മാർ പരസ്പരവും റോമാമെത്രാനോടും ഒരുമയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും, ശൃംഖലയിൽ ബന്ധം പുലർത്തിയിരുന്നു. അതുപോലെതന്നെ കൗൺസിലുകൾ സമ്മേളിച്ചുകൊണ്ട്, അവവഴി കൂടുതൽ പ്രധാനമായ കാര്യങ്ങൾ പൊതുവായി തീരുമാനിക്കാൻ പലരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചിരുന്നുവെന്നത് മെത്രാൻസ്ഥാനത്തിന്റെ സ്വഭാവവും സംഘാതാത്മകസങ്കല്പവുമാണു സൂചിപ്പിക്കുന്നത്. കാലപ്രയാണത്തിൽ നടത്തപ്പെട്ടിട്ടുള്ള സാർവത്രികസൂനഹദോസുകൾ ഈ വസ്തുത സുതരാം വ്യക്തമാക്കുന്നു. ഉന്നത പുരോഹിതസ്ഥാനത്തേക്കു പുതുതായി നിർദിഷ്ടനായ ആളിന്റെ സ്ഥാനാരോഹണകർമത്തിൽ പങ്കെടുക്കുന്നതിന് വളരെയേറെ മെത്രാന്മാരെ ക്ഷണിച്ചുവരുത്തുന്ന പൗരാണികകാലം മുതലുള്ള നടപടി ഈ സത്യത്തിലേക്കാണു വിരൽചൂണ്ടുന്നത്. ഒരാൾ മെത്രാൻ സമൂഹത്തിലെ അംഗമായിത്തീരുന്നത് കൗദാശികമെത്രാഭിഷേകത്താലും മെത്രാൻ സംഘത്തിന്റെ തലവനോടും അംഗങ്ങളോടുമുള്ള ഹയരാർക്കിക്കൽ കൂട്ടായ്മയാലുമാണ്.

മെത്രാൻ സംഘത്തിന് അഥവാ അവരുടെ സമൂഹഗാത്രത്തിന് പത്രോസിന്റെ പിൻഗാമിയായ റോമാമാർപാപ്പായെ അതിന്റെ ശിരസ്സെന്ന നിലയിൽ മനസ്സിലാക്കാതെയും എല്ലാ ഇടയന്മാരുടെമേലും വിശ്വാസികളുടെമേലും അദ്ദേഹത്തിനുള്ള പരമാധികാരം അവികലമായി നിലനില്ക്കാതെയും ഒരധികാരവും ഉണ്ടായിരിക്കുന്നതല്ല. എന്തുകൊണ്ടെന്നാൽ റോമാമാർപാപ്പായ്ക്ക് സഭയിൽ മിശിഹായുടെ വികാരിയും സഭമുഴുവന്റെയും ഇടയനും എന്ന സ്വന്തം ധർമത്താൽത്തന്നെ പൂർണവും പരമോന്നതവും സാർവത്രികവുമായ അധികാരമുണ്ട്. ഈ അധികാരം എല്ലായ്പ്പോഴും സ്വതന്ത്രമായി വിനിയോഗിക്കുന്നതിനുള്ള അവകാശവുമുണ്ട്. മെത്രാന്മാരുടെ പദവി അദ്ധ്യാപനത്തിലും ഇടയനടുത്ത ഭരണത്തിലും ശ്ലൈഹികസംഘത്തിന്റെ പദവിയുടെ പിൻതുടർച്ചയാണ്. ഇതുവഴി ശ്ലൈഹികസംഘം ഇടമുറിയാതെ തുടരുകയാണ്. ഇത് എപ്പോഴും തലവനായ റോമാ മാർപാപ്പായോടു ചേർന്നാണ്; ഒരിക്കലും ശിരസ്സിനെക്കൂടാതെയല്ല, നിലനില്ക്കുന്നത്. സാർവത്രികസഭ മുഴുവനിലും പരമവും പൂർണവുമായ അധികാരത്തിന്റെ അടിസ്ഥാനവുമാണത്. എന്നാൽ, ഈ അധികാരം റോമാ മാർപാപ്പായുടെ അംഗീകാരത്തോടെ മാത്രമേ നടപ്പാക്കാൻ പാടുള്ളൂ. കർത്താവ് ശെമയോനെ മാത്രം പാറയായും സഭയുടെ താക്കോൽക്കാരനായും നിയമിച്ചു (മത്താ 16:18,19). അദ്ദേഹത്തെ തന്റെ അജഗണത്തിന്റെ മുഴുവൻ ഇടയനായും നിയോഗിച്ചു (യോഹ 21:15ff). കെട്ടാനും അഴിക്കാനും പത്രോസിനു നല്കപ്പെട്ട അധികാരം (മത്താ 16:19) ശ്ലൈഹികസംഘത്തിനും ശിരസ്സിനോടു യോജിച്ചിരിക്കുമ്പോൾ നല്കപ്പെട്ടിരിക്കുന്നു എന്നു വ്യക്തം (മത്താ 18:18; 28:16-20). ഈ സംഘം പലർ ചേർന്നതാണെന്ന നിലയ്ക്ക് ദൈവജനത്തിന്റെ വൈവിധ്യവും സാർവ്വത്രികതയും പ്രകടിപ്പിക്കുന്നു; ഒരേതലവന്റെ കീഴിൽ ഒന്നിച്ചുകൂട്ടപ്പെട്ടവരെന്ന നിലയ്ക്ക് മിശിഹായുടെ അജഗണത്തിന്റെ ഏകത്വവും പ്രത്യക്ഷമാക്കുന്നു. മെത്രാന്മാർ തങ്ങളുടെ തലവന്റെ പരമാധികാരവും ശ്രേഷ്ഠാധിപത്യവും വിശ്വസ്തതാപൂർവം അംഗീകരിക്കുമ്പോൾ സ്വകീയമായ അധികാരതാൽത്തന്നെ തങ്ങളുടെ കീഴിലുള്ള വിശ്വാസികളുടെ മാത്രമല്ല, സഭ മുഴുവന്റെയും നന്മയ്ക്കായി പ്രവർത്തിക്കുന്നു. പരിശുദ്ധാത്മാവ് അതിന്റെ ജൈവഘടനയും ഏകീഭാവും അനുസ്യൂതം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യും. ഈ മെത്രാൻ സംഘം സാർവത്രികസഭയിൽ കൈയാളുന്ന പരമാധികാരം ഔദ്യോഗികമായി വിനിയോഗിക്കുന്നത് സാർവത്രിക സൂനഹദോസിലാണ്. പത്രോസിന്റെ പിൻഗാമിയാൽ സ്ഥിരീകരിക്കപ്പെടുകയും കുറഞ്ഞപക്ഷം, അംഗീകരിക്കപ്പെടുകയെങ്കിലും ചെയ്യാതെ ഒരു സൂനഹദോസ് സാർവത്രികമാകുന്നില്ല. ഈ കൗൺസിൽ വിളിച്ചുകൂട്ടാനും അതിൽ ആധ്യക്ഷ്യം വഹിക്കാനും അതു സ്ഥിരീകരിക്കാനുമുള്ള അധികാരം റോമാ മാർപാപ്പായ്ക്കുമാത്രമുള്ളതാണ്. ഈ സംഘാതാത്മകാധികാരം പരിശുദ്ധ മാർപാപ്പായോടു ചേർന്നുകൊണ്ട് പ്രയോഗിക്കാൻ ലോകമെമ്പാടുമുള്ള മെത്രാന്മാർക്കു കഴിയും. എന്നാൽ ഈ സംഘാതാത്മകപ്രവർത്തനത്തിന് സംഘാദ്ധ്യക്ഷൻ ക്ഷണിച്ചിരിക്കണം. അല്ലെങ്കിൽ, പലയിടത്തായി വസിക്കുന്ന മെത്രാന്മാരുടെ കൂട്ടായ പ്രവർത്തനത്തിന് അംഗീകാരം നല്കുകയോ സ്വതന്ത്രമായി സ്വീകരിക്കുകയോ, എങ്കിലും ചെയ്യണം. അങ്ങനെ ശരിയായ അർത്ഥത്തിൽ സംഘാതാത്മകപ്രവർത്തനമായിരിക്കണം.

23 മെത്രാന്മാരുടെ പരസ്പരബന്ധം സംഘാതാത്മകവീക്ഷണത്തിൽ

സംഘാതാത്മകമായ ഈ ഐക്യം വ്യക്തിസഭകളോടും സാർവത്രികസഭയോടുമുള്ള ഓരോ മെത്രാന്റെയും ബന്ധത്തിലും കാണപ്പെടുന്നു. പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ റോമാ മാർപാപ്പായാണ് മെത്രാന്മാരുടെയും വിശ്വാസികളുടെ ഗണത്തിന്റെയും ഐക്യത്തിന്റെ ശാശ്വതവും ദൃശ്യവുമായ ആധാരവും അടിസ്ഥാനവും. ഓരോ മെത്രാനും തന്റെ സഭയിൽ ഐക്യത്തിന്റെ ആധാരവും അടിസ്ഥാനവുമാണ്. വ്യക്തിസഭകൾ സാർവത്രികസഭയുടെ മാതൃകയിൽ രൂപംകൊള്ളുകയും അവയിലും അവയിൽനിന്നും ഏകവും അനന്യവുമായ കത്തോലിക്കാസഭ രൂപവത്കൃതമാകുകയും ചെയ്യുന്നു. ഇക്കാരണത്താൽ ഓരോ മെത്രാനും തന്റെ സഭയെയും എല്ലാ മെത്രാന്മാരും ഒരുമിച്ച് മാർപാപ്പായോടുകൂടെ സഭ മുഴുവനെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ഐകമത്യത്തിന്റെയും ശൃംഖലയിൽ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്നു.

പ്രാദേശികസഭാഭരണത്തിനു നിയുക്തരായിരിക്കുന്ന ഓരോ മെത്രാനും തനിക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന സഭാഘടകത്തിലാണ്, മറ്റു സഭകളിലോ സാർവത്രികസഭയിലോ അല്ല, അജപാലനഭരണം നിർവഹിക്കുന്നത്. എങ്കിലും ശ്ലൈഹികസമൂഹത്തിലെ അംഗമെന്നനിലയിലും ശ്ലീഹന്മാരുടെ നിയമാനുസൃത പിൻഗാമികയെന്നനിലയിലും പ്രത്യേകമായ താത്പര്യത്തോടെ സാർവത്രികസഭ മുഴുവനുവേണ്ടിയും, കർത്താവിന്റെ വ്യവസ്ഥാപനവും കല്പനയുമനുസരിച്ചുതന്നെ, പ്രവർത്തിക്കാൻ അദ്ദേഹം കടപ്പെട്ടിരിക്കുന്നു. ഭരണപരമായ നടപടികൊണ്ട് പ്രയോഗിക്കുന്നതല്ലെങ്കിലും, സർവോപരി സാർവത്രിക സഭയുടെ അഭിവൃദ്ധിക്ക് ഇതു സഹായകമാകും. എന്തുകൊണ്ടെന്നാൽ, മെത്രാന്മാരെല്ലാവരും വിശ്വാസത്തിന്റെ ഏകതയും സഭാസമൂഹത്തിന്റെ മുഴുവൻ അച്ചടക്കവും വളർത്തുന്നതിനു കടപ്പെട്ടിരിക്കുന്നു. കർത്താവിന്റെ മൗതികശരീരം മുഴുവൻ, പ്രത്യേകിച്ച് ദരിദ്രാംഗങ്ങളെയും പീഡിതരെയും നീതിക്കുവേണ്ടി മർദിക്കപ്പെടുന്നവരെയും (മത്താ 5:10) സ്നേഹിക്കുന്നതിന് വിശ്വാസികളെ പഠിപ്പിക്കുന്നതിനും അവർക്കു കടമയുണ്ട്. അവസാനമായി, സഭ മുഴുവനും പൊതുവായുള്ള കാര്യങ്ങൾ, പ്രത്യേകിച്ച് വിശ്വാസത്തിന്റെ വളർച്ചയ്ക്കായി സമ്പൂർണ സത്യത്തിന്റെ വെളിച്ചം എല്ലാ മനുഷ്യർക്കും നല്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ, പ്രോത്സാഹിപ്പിക്കുന്നതിനും അവർ ചുമതലപ്പെട്ടിരിക്കുന്നു. മാത്രമല്ല, സ്വന്തം സഭാഘടകത്തെ സാർവത്രികസഭയുടെ ഭാഗമെന്ന നിലയിൽ ഭംഗിയായി ഭരിച്ചുകൊണ്ട്, സഭകളുടെ തന്നെ ശരീരമാകുന്ന മുഴുവൻ മൗതികശരീരത്തിന്റെയും ക്ഷേമത്തിനായി ഫലപ്രദമായി സഹായിക്കുകയെന്നതും അവരുടെ പരിപാവനമായ ധർമമാണ്.

ലോകം മുഴുവനിലും സുവിശേഷം പ്രഘോഷിക്കാനുള്ള കടമ, എഫേസൂസ് സൂനഹദോസിൽവച്ച് പരിശുദ്ധ സെലസ്റ്റിൻ മാർപാപ്പാ പിതാക്കന്മാരോടു നിർദേശിച്ചതുപോലെ, ഇടയന്മാരുടെ സമൂഹത്തിനുള്ളതാണ്. അവർക്കു മുഴുവനുമാണ് പൊതുവായ ചുമതല ഏല്പിച്ചുകൊണ്ട് പൊതുവായ കല്പന മിശിഹാ നല്കിയത്. അതിനാൽ, മെത്രാന്മാർ, സ്വന്തം കർത്തവ്യനിർവഹണം അനുവദിക്കുന്നിടത്തോളം തമ്മിൽത്തമ്മിലും പത്രോസിന്റെ പിൻഗാമിയോടും സംഘാതത്മകപ്രവർത്തനത്തിൽ സഹകരിക്കാൻ കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിനാണല്ലോ “ക്രിസ്തീയനാമം" പ്രചരിപ്പിക്കാനുള്ള മഹത്തായ കർത്തവ്യം നല്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട്, കൊയ്ത്തിനു വേലക്കാരെ അയച്ചും ആത്മികവും ഭൗതികവുമായ സഹായങ്ങൾ നല്കിയും തീക്ഷ്ണതയുള്ള വിശ്വാസികളെ പ്രോത്സാഹിപ്പിച്ചും പ്രേഷിതരംഗങ്ങൾ സർവശക്തിയോടുംകൂടെ സമ്പന്നമാക്കാൻ അവർ കടപ്പെട്ടിരിക്കുന്നു. വീണ്ടും, സാർവത്രികസ്നേഹത്തോടെ സമൂഹത്തിലും സ്വമനസ്സാ സഹോദര തുല്യമായ സഹായത്തോടെ ഇതരസഭകളിലും പ്രത്യേകിച്ച്, സമീപസ്ഥവും ദരിദ്രവുമായ സഭകളിലും പൗരാണികവും മാന്യവുമായ പാരമ്പര്യത്തിനനുസൃതമായി സഹായം നല്കണം. ദൈവപരിപാലനത്താൽ പല സ്ഥലങ്ങളിലായി ശ്ലീഹന്മാരാലും അവരുടെ പിൻഗാമികളാലും സ്ഥാപിതമായ വിവിധസഭകൾ വിവിധ കൂട്ടായ്മകളായിത്തീർന്നു. വിശ്വാസത്തിന്റെ ഏകത്വവും സാർവത്രികസഭയുടെ അനന്യമായ ദൈവിക ഘടനാവിശേഷവും സംരക്ഷിച്ചുകൊണ്ടുതന്നെ, ഓരോ സഭയും സ്വന്തമായ ശിക്ഷണക്രമവും ആരാധന രീതിയും ദൈവശാസ്ത്രത്തിന്റെയും ആദ്ധ്യാത്മികതയുടെയും പൈതൃകസമ്പത്തും ആസ്വദിക്കുന്നു. അവയിൽ ചിലത്, പ്രത്യേകിച്ച് പൗരാണികപാത്രിയാർക്കൽസഭകൾ, വിശ്വാസത്തിന്റെ മാതൃസഭകളായി മറ്റു പുത്രിസഭകൾക്കു ജന്മംനല്കി. കൗദാശികജീവിതത്തിലും അവകാശങ്ങളും കടമകളും സംബന്ധിച്ച പരസ്പരബഹുമാനത്തിലും ഈ പുത്രീസഭകളോട് അവ ഇന്നുവരെയും ഗാഢമായ സ്നേഹബന്ധം പുലർത്തുന്നു. ഈ പ്രാദേശിസഭകളുടെ ഏകോന്മുഖമായ നാനാത്വം അവിഭക്തസഭയുടെ കാതോലികത്വം സുതരാം വെളിവാക്കുന്നു. തത്തുല്യമായ കാരണത്താൽ ഈ കൂട്ടായ്മയെ പ്രകടമായ പ്രായോഗികപദ്ധതിയിലേക്കു നയിക്കാനിടയാക്കുന്ന വിവിധങ്ങളും ഫലപ്രദവുമായ സഹായങ്ങളുളവാക്കാൻ മെത്രാന്മാരുടെ കൂട്ടായ്മയ്ക്ക് ഇന്നു സാധിക്കും.

24 മെത്രാന്മാരുടെ ശുശ്രൂഷ

സ്വർഗത്തിലും ഭൂമിയിലും സർവാധികാരവും ലഭിച്ചിരിക്കുന്ന മിശിഹായുടെ ശ്ലീഹന്മാരുടെ പിൻഗാമികളെന്ന നിലയിൽ, എല്ലാ ജനപദങ്ങളെയും പഠിപ്പിക്കാനും സകല സ്യഷ്ടികളോടും സുവിശേഷം പ്രഘോഷിക്കാനുമുള്ള ദൗത്യം മെത്രാന്മാർ സ്വീകരിച്ചിരിക്കുന്നു. അത് ലോകജനത മുഴുവനും വിശ്വാസം വഴിയും മാമ്മോദീസാവഴിയും കല്പനകളുടെ പാലനം വഴിയും രക്ഷനേടേണ്ടതിനാണ് (മത്താ 28:18-20; മർക്കോ 16:15, 16; അപ്പ 26-17ff). ഈ ദൗത്യം നിറവേറ്റാൻ വേണ്ടി മിശിഹാകർത്താവ് ശ്ലീഹന്മാർക്ക് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുകയും പന്തക്കുസ്താ ദിവസം സ്വർഗത്തിൽനിന്നു പരിശുദ്ധാത്മാവിനെ അയയ്ക്കുകയും ചെയ്തു. ഈ ആത്മാവിന്റെ ശക്തിയാൽ ലോകത്തിന്റെ അതിർത്തികൾവരെ ജാതികളുടെയും ജനതകളുടെയും രാജാക്കന്മാരുടെയും മുമ്പിൽ അവന് അവർ സാക്ഷികളാകേണ്ടിയിരിക്കുന്നു (അപ്പ 1;8, 2:1ff 9;15). കർത്താവ് തന്റെ ജനത്തിന്റെ ഇടയന്മാർക്കു നല്കിയ ഈ കർത്തവ്യം സത്യത്തിൽ, വിശുദ്ധലിഖിതങ്ങളിൽ സാർത്ഥകമായി “ദിയാക്കോണിയാ" അഥവാ "ശുശ്രൂഷ' എന്നു വിളിക്കപ്പെടുന്ന (അപ്പ 1:17,25; 21:19; റോമാ 11:13: 1 തിമോ 1:12) ശരിയായ സേവനംതന്നെയാണ്.

മെത്രാന്മാരുടെ കാനോനികദൗത്യം സഭയുടെ പരമോന്നതവും സാർവത്രികവുമായ അധികാരത്താൽ പിൻവലിക്കപ്പെട്ടിട്ടില്ലാത്ത നൈയാമികപാരമ്പര്യങ്ങൾ വഴി ഉണ്ടാകും. കൂടാതെ, ആ അധികാരത്താൽ നല്കപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യുന്നതോ പത്രോസിന്റെ പിൻഗാമിയാൽ നേരിട്ടു നല്കപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യുന്നതോ ആയ നിയമങ്ങൾവഴിയോ നിർവഹിക്കപ്പെടാം. അദ്ദേഹം അംഗീകരിക്കാതിരിക്കുകയോ ശ്ലൈഹികസംസർഗം നിഷേധിക്കുകയോ ചെയ്താൽ ഒരു മെത്രാനും ആ ദൗത്യം വഹിക്കാൻ സാദ്ധ്യമല്ല.

25 പ്രബോധന കർത്തവ്യം

മെത്രാന്മാരുടെ സുപ്രധാനധർമങ്ങളിൽ എടുത്തുപറയേണ്ടത്. സുവിശേഷപ്രഘോഷണമാണ്. കാരണം, മെത്രാന്മാർ വിശ്വാസം വിളംബരം ചെയ്യുന്നവരാണ്. അവരാണ് പുതിയ ശിഷ്യന്മാരെ മിശിഹായുടെ പക്കലേക്കു നയിക്കുന്നവർ, ആധികാരികാദ്ധ്യാപകരാണവർ, അഥവാ, തങ്ങളെ ഏല്പിച്ചിരിക്കുന്ന ജനങ്ങൾക്ക് മിശിഹായുടെ അധികാരം ലഭിച്ചവരാണെന്ന നിലയിൽ, വിശ്വസിക്കേണ്ട സത്യത്തെയും പ്രായോഗികമാക്കേണ്ട പ്രവർത്തനശൈലിയെയും പറ്റി പ്രബോധനം നല്കുന്നവർ പരിശുദ്ധാത്മാവിന്റെ പ്രകാശത്തിൽ വെളിവാക്കി, വെളിപാടിന്റെ ഭണ്ഡാഗാരത്തിൽനിന്ന് പുതിയതും പഴയതുമായവയെല്ലാം പുറത്തെടുത്ത് (മത്താ 13:52), അവ ഫലദായകമാക്കുകയും തങ്ങളുടെ അജഗണങ്ങളെ ആസന്നമായ തെറ്റുകളിൽനിന്ന് ജാഗ്രതാപൂർവം തടയുകയും ചെയ്യുന്നതും (2തിമോ 4:1-4) അവർതന്നെ. റോമാമാർപാപ്പായോടുള്ള ഐക്യത്തിൽ പഠിപ്പിക്കുന്ന മെത്രാന്മാർ ദൈവികവും കാതോലികവുമായ സത്യങ്ങളുടെ സാക്ഷികളായി സർവരാലും ആദരിക്കപ്പെടണം. വിശ്വാസത്തിന്റെയും ധാർമികതയുടെയും കാര്യത്തിൽ മെത്രാന്മാർ മിശിഹായുടെ നാമത്തിൽ നല്കുന്ന വിധിതീർപ്പ് സ്വീകരിക്കുന്നതിനും മനസ്സിന്റെ മതാത്മകമായ അനുസരണത്തോടെ അതിനെ മുറുകെപ്പിടിക്കുന്നതിനും വിശ്വാസികൾ കടപ്പെട്ടിരിക്കുന്നു. വിശ്വാസികൾ ഇച്ഛയുടെയും ബുദ്ധിയുടെയും മതഭക്തിനിർഭരമായ ഈ വിധേയത്വം പ്രത്യേകവിധമായ കാരണത്താൽ റോമാമാർപാപ്പായുടെ ആധികാരിക പ്രബോധനത്തോടു പ്രകടിപ്പിക്കണം. അതായത്, അദ്ദേഹത്തിന്റെ പ്രബോധനം ഔദ്യോഗികം (Ex-cathedra) അല്ലാത്തപ്പോൾപോലും ഭയഭക്തിയോടെ അംഗീകരിക്കുകയും അദ്ദേഹം നല്കുന്ന വിധിതീർപ്പുകൾ അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾക്കും ഇച്ഛകൾക്കും ഒത്തവിധം തുറന്ന മനസ്സോടെ അനുസരിക്കുകയും ചെയ്യണം. അദ്ദേഹത്തിന്റെ ഈ താത്പര്യം പ്രകടമാകുന്നത് പ്രധാനമായും പ്രമാണരേഖകളുടെ സ്വഭാവത്തിൽനിന്നും ഒരേ പ്രബോധനത്തിന്റെ കൂടക്കൂടെയുള്ള ആവർത്തനത്തിൽ നിന്നും പ്രഭാഷണശൈലിയിൽ നിന്നുമാണ്.

ഓരോ വൈദികമേലധ്യക്ഷനും തനിച്ച് അപ്രമാദിത്വവരമില്ല; എങ്കിലും, ലോകം മുഴുവനും ചിതറിപ്പാർക്കുമ്പോഴും അവർ തമ്മിൽത്തമ്മിലും പത്രോസിന്റെ പിൻഗാമിയോടും കൂട്ടായ്മയുടെ ബന്ധം പുലർത്തിക്കൊണ്ട് വിശ്വാസത്തിന്റെയും സന്മാർഗത്തിന്റെയും കാര്യത്തിൽ ഉറച്ചുവിശ്വസിക്കാൻ ഐകകണ്ഠേനയുള്ള പ്രബോധനം ആധികാരികമായി നല്കുന്നെങ്കിൽ, മിശിഹായുടെ പ്രബോധനം പ്രമാദരഹിതമായി പ്രഖ്യാപിക്കുകയാണ്. ഇതു കൂടുതൽ പ്രകടമായി ചെയ്യുന്നത് സാർവത്രികസൂനഹദോസിൽ ഒന്നിച്ചുകൂടി സാർവത്രികസഭയ്ക്കുവേണ്ടി വിശ്വാസത്തിന്റെയും സന്മാർഗത്തിന്റെയും പ്രബോധകരും വിധിയാളന്മാരും ആകുമ്പോഴാണ്. അവരുടെ ആ നിർണയനങ്ങൾ വിശ്വാസപരമായ വിധേയത്വത്തോടെ അനുസരിക്കേണ്ടവയാണ്.

വിശ്വാസവും സന്മാർഗവും നിർവചിക്കുമ്പോൾ തന്റെ സഭയ്ക്കുണ്ടായിരിക്കണമെന്ന് ദിവ്യരക്ഷകൻ ആഗ്രഹിച്ച ഈ അപ്രമാദിത്വവരമാകട്ടെ, വെളിപാടിന്റെ ഭണ്ഡാഗാരത്തോളംതന്നെ വ്യാപ്തിയുള്ളതും പരിപാവനമായി സംരക്ഷിക്കപ്പെടുകയും വിശ്വസ്തതയോടെ വിശദീകരിക്കപ്പെടുകയും ചെയ്യേണ്ടതുമാണ്. തന്റെ സഹോദരരെ വിശ്വാസത്തിൽ ഉറപ്പിക്കുന്ന (ലൂക്കാ 22:32) സകലവിശ്വാസികളുടെയും അത്യുന്നതഇടയനും അധ്യാപകനുമെന്ന നിലയിൽ വിശ്വാസത്തെയും സന്മാർഗത്തെയും സംബന്ധിക്കുന്ന സത്യം നിർണായകമായി പ്രഖ്യാപിക്കുമ്പോൾ മെത്രാൻ സമൂഹത്തിന്റെ തലവനായ റോമാമാർപാപ്പാ തന്റെ ദൗത്യത്താൽത്തന്നെ ഈ അപ്രമാദിത്വം ഉള്ളവനാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ നിർവചനങ്ങൾ അവയാൽത്തന്നെ, സഭയുടെ പൊതുസമ്മതമില്ലെങ്കിലും, വ്യതിയാന വിധേയമല്ലാത്തവയെന്നു പറയപ്പെടുന്നത് സാർത്ഥകമാണ്. എന്തുകൊണ്ടെന്നാൽ വിശുദ്ധ പത്രോസിലൂടെ തനിക്കു വാഗ്ദാനം ചെയ്യപ്പെട്ട പരിശുദ്ധാത്മാവിന്റെ സഹായത്താലാണ് അവ പ്രഖ്യാപനം ചെയ്യപ്പെടുന്നത്. അതുകൊണ്ട് മറ്റാരുടെയും അംഗീകാരം അതിനാവശ്യമില്ല. മറ്റേതെങ്കിലും അപ്പീൽ വിധിക്കു വിധേയവുമല്ല. കാരണം, റോമാമാർപാപ്പാ ഒരു സ്വകാര്യവ്യക്തിയെന്ന നിലയിലല്ല വിധിപ്രഖ്യാപിക്കുന്നത് സഭയുടെ തന്നെ തെറ്റാവരം പ്രത്യേകവിധം കൈയാളുന്ന സാർവത്രികസഭയുടെ അത്യുന്നതപ്രബോധകൻ എന്ന നിലയ്ക്കാണ് അദ്ദേഹം കത്തോലിക്കാവിശ്വാസം വിശദമാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത്. സഭയ്ക്കു വാഗ്ദാനം ചെയ്തിരിക്കുന്ന അപ്രമാദിത്വം, പരമമായ പ്രബോധനാധികാരം, പത്രോസിന്റെ പിൻഗാമിയോടൊത്ത് കൈകാര്യം ചെയ്യുമ്പോൾ അത് മെത്രാൻ സംഘത്തിലും സ്ഥിതിചെയ്യുന്നു. മിശിഹായുടെ അജഗണത്തെ മുഴുവൻ വിശ്വാസത്തിന്റെ ഐക്യത്തിൽ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുന്ന അതേ പരിശുദ്ധാത്മ പ്രവർത്തനംനിമിത്തം പ്രസ്തുത നിർണയനങ്ങൾക്ക് സഭയുടെ അംഗീകാരമുണ്ടാകാതിരിക്കുകയില്ല.

റോമാമാർപാപ്പായോ അദ്ദേഹത്തോടുചേർന്ന് മെത്രാൻസംഘമോ അദ്ധ്യവസാനം ചെയ്യുമ്പോൾ, അത് ദൈവിക വെളിപാടനുസരിച്ചുള്ളതുതന്നെ. അതിൽ എല്ലാവരും ഉറച്ചുനില്ക്കുകയും അതിനോട് പൊരുത്തപ്പെടുകയും വേണം. വരമൊഴിയോ വാമൊഴിയോ ആയി കൈമാറിക്കിട്ടിയ ഈ വെളിപാട് മെത്രാൻന്മാരുടെ നിയമാനുസൃതമായ പിന്തുടർച്ചവഴിയും ഏറ്റവും പ്രധാനമായി റോമാ മാർപാപ്പായുടെ തന്നെ ശ്രദ്ധയിലും സമ്പൂർണമായി കൈമാറപ്പെട്ട് സത്യത്തിന്റെ ആത്മാവാൽ പ്രകാശിതമായ സഭയിൽ വിശുദ്ധമായി സംരക്ഷിക്കപ്പെടുകയും വിശ്വസ്തതാപൂർവം വിശദീകരിക്കപ്പെടുകയും ചെയ്യുന്നു. ഇതു വേണ്ടവണ്ണം പരിശോധിച്ച് യുക്തമായ രീതിയിൽ പ്രഖ്യാപിക്കാൻ റോമാ മാർപാപ്പാമാരും മെത്രാന്മാരും തങ്ങളുടെ ഉദ്യോഗത്തിനും കാര്യത്തിന്റെ ഗൗരവത്തിനുമനുസരിച്ച് അനുരൂപമായ ഉപാധികൾവഴി തീക്ഷ്ണതാപൂർവം പരിശ്രമിക്കുന്നു. എന്നാൽ, വിശ്വാസത്തിന്റെ ദൈവികഭണ്ഡാഗാരഭാഗമായി പുതിയ പരസ്യാവിഷ്കരണമൊന്നും സംഭവിക്കുമെന്നു കരുതുന്നില്ല.

26 പവിത്രീകരണ കർത്തവ്യം

തിരുപ്പട്ടകൂദാശയുടെ പൂർണതയാൽ മുദ്രിതനായ മെത്രാനാണ് “ഉന്നതമായ പൗരോഹിത്യവരത്തിന്റെ കാര്യസ്ഥൻ". പ്രത്യേകിച്ചും അദ്ദേഹം അർപ്പിക്കുന്നതോ അർപ്പിക്കാനിടയാക്കുന്നതോ ആയ പരിശുദ്ധ കുർബാനയിൽ. ഇതുവഴിയാണ് സഭ നിരന്തരം ജീവിക്കുന്നതും വളരുന്നതും. മിശിഹായുടെ ഈ സഭ യഥാർത്ഥത്തിൽ വിശ്വാസികളുടെ എല്ലാ നിയമാനുസൃത പ്രാദേശികസമൂഹത്തിലും, അവ സ്വന്തം ഇടയന്മാരോടു ചേർന്ന് ജീവിക്കുമ്പോൾ, അവിടെ സ്ഥിതിചെയ്യുന്നു. ഇവയാണ് പുതിയനിയമത്തിൽ സഭകൾ എന്നു വിളിക്കപ്പെടുന്നത്. കാരണം, ഇവയാണ് അതതുസ്ഥലത്ത് പരിശുദ്ധാത്മാവിലും വലിയ സമ്പൂർണതയിലും (1 തെസ്സ 1:5) ദൈവത്താൽ വിളിക്കപ്പെട്ട പുതിയജനം. ഇവയിൽ മിശിഹായുടെ സുവിശേഷം പ്രഘോഷിക്കുക വഴി വിശ്വാസികൾ ഒന്നിച്ചുകൂട്ടപ്പെടുകയും “കർത്താവിന്റെ ശരീരത്തിന്റെ ഭക്ഷണവും രക്തവും വഴി എല്ലാ സാഹോദര്യവും ബന്ധിപ്പിക്കുന്നതിനായി കർത്താവിന്റെ തിരുവത്താഴരഹസ്യം ആഘോഷിക്കപ്പെടുകയും ചെയ്യുന്നു". മെത്രാന്റെ വിശുദ്ധ ശുശ്രൂഷയുടെ കീഴിൽ ബലിപീഠത്തിൽ നടത്തുന്ന ഏതു കൂട്ടായ്മയിലും ആ സാഹോദര്യത്തിന്റെയും "രക്ഷയ്ക്ക് അവശ്യാവശ്യകമായ മൗതിക ശരീരത്തിന്റെ ഐക്യത്തിന്റെയും അടയാളം'' ദൃശ്യമാകുന്നു. ഈ കൂട്ടായ്മകളിൽ, അവ പലപ്പോഴും ചെറിയവയോ ദരിദ്രമോ ആയിരുന്നാലും ചിതറിക്കപ്പെട്ടു കഴിഞ്ഞുകൂടുന്നവയായാലും, മിശിഹാ സന്നിഹിതനായിരിക്കുന്നു. അവിടത്തെ ശക്തിവഴി ഏകവും പരിശുദ്ധവും കാതോലികവും ശ്ലൈഹികവുമായ സഭ ഒന്നിച്ചുകൂട്ടപ്പെടുന്നു. എന്തുകൊണ്ടെന്നാൽ, നാം ഭക്ഷിക്കുന്ന വസ്തുവായി നാം രൂപാന്തരം പ്രാപിക്കത്തക്കവിധത്തിൽ കുറഞ്ഞ ഒന്നുമല്ല, മിശിഹായുടെ ശരീരത്തിലും രക്തത്തിലുമുള്ള നമ്മുടെ പങ്കുചേരൽ.

നിയമാനുസൃതമായ ഓരോ കുർബാനയാഘോഷവും മെത്രാനാണ് നിയന്ത്രിക്കേണ്ടത്. ദൈവമഹത്ത്വത്തിനുള്ള ക്രൈസ്തവാരാധനയുടെ ഔദ്യോഗികചുമതല മെത്രാനാണ്. അതനുസരിച്ചും സഭയുടെ നിയമമനുസരിച്ചും തന്റെ രൂപതയ്ക്കുവേണ്ടി താൻ തന്നെ നിശ്ചയിച്ച നിയമത്തിലും തീരുമാനത്തിലും അത് നിർണയിക്കുന്നുണ്ട്. അതു കർത്താവിന്റെ കല്പനയനുസരിച്ചും സഭയുടെ നിയമങ്ങളനുസരിച്ചും തന്റെ തൃപ്തിക്കുംവേണ്ടി പല തീരുമാനങ്ങളനുസരിച്ചു നിശ്ചയിച്ച നിയമമനുസരിച്ചും പരികർമം ചെയ്യാനുള്ള കടമ അദ്ദേഹത്തിന്റേതാണ്.

അങ്ങനെ, മെത്രാന്മാർ ജനത്തിനുവേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് മിശിഹായുടെ വിശുദ്ധിയുടെ നിറവ് പലവിധത്തിലും സമൃദ്ധമായി ചൊരിയുന്നു. വചനത്തിന്റെ ശുശ്രൂഷവഴി ദൈവത്തിന്റെ ശക്തി, വിശ്വസിക്കുന്നവർക്ക് രക്ഷയ്ക്കായി അവർ പകർന്നുകൊടുക്കുന്നു (റോമാ 1:16). അവർ തങ്ങളുടെ അധികാരത്താൽ കൂദാശകളുടെ ക്രമവത്കൃതവും ഫലപ്രദവുമായ പങ്കുവയ്ക്കൽ വ്യവസ്ഥചെയ്തുകൊണ്ട് അവവഴി വിശ്വാസികളെ വിശുദ്ധീകരിക്കുന്നു. മിശിഹായുടെ രാജകീയ പൗരോഹിത്യത്തിൽ പങ്കുനല്കുന്ന മാമ്മോദീസായുടെ പരികർമം അവരാണു നിയന്ത്രിക്കുന്നത്. സൈര്യലേപനത്തിന്റെ മൗലിക കാർമികരും അവർതന്നെ. തിരുപ്പട്ടം നല്കുന്നതും പാപമോചന നടപടികളുടെ നിയന്താക്കളും അവരാണ്. ആരാധനാപരികർമങ്ങളിൽ പ്രത്യേകിച്ച്, പരിശുദ്ധ കുർബാനയർപ്പണത്തിൽ, വിശ്വാസത്തോടും ബഹുമാനത്തോടുംകൂടെ സ്വന്തം ഭാഗങ്ങൾ നിർവഹിക്കാൻ സ്വന്തംജനങ്ങളെ ഉത്സാഹപൂർവം ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതും അവരാണ്. അവസാനമായി, താൻ നേതൃത്വം കൊടുക്കുന്നവരെ പെരുമാറ്റത്തിലുള്ള സന്മാതൃക വഴി നല്ലവരാക്കാൻ അവർ കടപ്പെട്ടിരിക്കുന്നു. സ്വന്തം പെരുമാറ്റമര്യാദകളിൽ അവർ എല്ലാ തിന്മയിലും നിന്ന് ആത്മനിയന്ത്രണം പാലിച്ച്, കഴിവതും കർത്താവിന്റെ സഹായത്താൽ എല്ലാം നന്മയായി പകർത്തി, തന്നെ ഭരമേല്പിച്ചിരിക്കുന്ന അജഗണത്തോടൊത്ത് നിത്യജീവിതത്തിലേക്കു പ്രവേശിക്കേണ്ടിയിരിക്കുന്നു.

27 ഭരണകർത്തവ്യം

മെത്രാന്മാർ തങ്ങൾക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന പ്രാദേശികസഭകളെ മിശിഹായുടെ വികാരിമാരും സ്ഥാനപതികളും എന്ന നിലയ്ക്ക് ഉപദേശവും സത്പ്രേരണകളും സന്മാതൃകകളും വഴി മാത്രമല്ല, ശരിയായ അധികാരപ്രയോഗം കൊണ്ടും വിശുദ്ധസിദ്ധികൊണ്ടും ഭരിക്കുന്നു. വലിയവൻ ചെറിയവനെപ്പോലെയും യജമാനൻ ദാസനെപ്പോലെയും (ലൂക്കാ 22:26,27) ആണെന്ന് അനുസ്മരിച്ചുകൊണ്ട്, സ്വന്തം ജനത്തെ സത്യത്തിലും വിശുദ്ധിയിലും പടുത്തുയർത്താൻ ഈ സിദ്ധി ഉപയോഗിക്കുന്നു. അവർ വ്യക്തിപരമായി മിശിഹായുടെ നാമത്തിൽ വിനിയോഗിക്കുന്ന ഈ അധികാരം സഭയുടെ പരമാധികാരത്താലാണ് അന്തിമമായി നിയന്ത്രിക്കപ്പെടുന്നത്. അങ്ങനെ ഇതു സഭയുടെയോ വിശ്വാസികളുടെയോ പ്രയോജനത്തിനായി, ചില പരിധികൾക്കു വിധേയമാകുമെന്നിരുന്നാലും, സ്വന്തവും സ്വാധികാരത്താലുള്ളതും നേരിട്ടുള്ളതുമാകുന്നു. ഈ അധികാരത്തിന്റെ ബലത്തിൽത്തന്നെ മെത്രാന്മാർക്ക് തങ്ങൾക്കു കീഴുള്ളവർക്കായി നിയമങ്ങൾ നിർമിക്കാനും വിധികൾ പ്രസ്താവിക്കാനും ആരാധനയെയും പ്രേഷിതപ്രവർത്തനത്തെയും സംബന്ധിക്കുന്ന സർവവും നിയന്ത്രിക്കാനുള്ള വിശുദ്ധമായ അവകാശവും കർത്താവിന്റെ സന്നിധിയിൽ ചുമതലയുമുണ്ട്.

അജപാലന കർത്തവ്യം അഥവാ സ്വന്തം അജഗണത്തിന്റെ നിരന്തരവും ദൈനംദിനമുള്ളതുമായ സംരക്ഷണം പൂർണമായും അവർക്കു ഭരമേല്പിക്കപ്പെട്ടിട്ടുള്ളതാണ്. റോമാ മാർപാപ്പായുടെ വികാരിമാരായല്ല അവർ പരിഗണിക്കപ്പെടേണ്ടത്. കാരണം, തങ്ങൾക്കു സ്വകീയമായ അധികാരമാണ് അവർ വഹിക്കുന്നത്. തികഞ്ഞ അർത്ഥത്തിൽ അവർ ഭരണീയജനങ്ങളുടെ പ്രധാനാചാര്യന്മാർ എന്നു വിളിക്കപ്പെടുന്നു. അതിനാൽ, അവരുടെ അധികാരം പരമവും സാർവത്രികവുമായ അധികാരത്താൽ നീക്കം ചെയ്യപ്പെടുന്നില്ല. മറിച്ച്, കൂടുതൽ ഊന്നിപ്പറയുകയും പ്രാബല്യപ്പെടുത്തുകയും ന്യായീകരിക്കുകയുമാണ്. എന്തെന്നാൽ, കർത്താവായ മിശിഹാ തന്റെ സഭയിൽ സ്ഥാപിച്ച ഭരണക്രമം അഭംഗുരം പരിശുദ്ധാത്മാവ് സംരക്ഷിക്കുന്നു.

സ്വന്തം കുടുംബം ഭരിക്കാൻ വേണ്ടി 'കുടുംബത്തലവനാൽ' അയയ്ക്കപ്പെട്ട മെത്രാൻ ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാൻ (മത്താ 20:28; മർക്കോ 10;45), സ്വജീവൻ ആടുകൾക്കുവേണ്ടി സമർപ്പിക്കാൻ (യോഹ 10:10,11) വന്ന നല്ലയിടയന്റെ മാതൃക കൺമുമ്പിൽ വയ്ക്കട്ടെ. മനുഷ്യരിൽനിന്ന് എടുക്കപ്പെട്ടവനും ബലഹീനതകളാൽ വലയം ചെയ്യപ്പെട്ടവനുമായതുകൊണ്ട് അദ്ദേഹത്തിന് അജ്ഞരോടും വഴിതെറ്റിയവരോടും സഹതപിക്കാൻ കഴിയും (ഹെബ്രാ 5:1,2). യഥാർത്ഥത്തിൽ മെത്രാൻ തന്റെ കീഴുള്ളവരെ സ്വന്തം മക്കളെപ്പോലെ വളർത്തുകയും ശുഷ്കാന്തിയോടെ തന്നോടു സഹകരിച്ചു നീങ്ങാൻ ഉപദേശിക്കുകയും ചെയ്യണം. അവരെ കേൾക്കാൻ ഒട്ടും വിസമ്മതിക്കരുത്. അവരുടെ ആത്മാക്കൾക്കു കണക്കു കൊടുക്കാനുള്ളവരായതുകൊണ്ട് (ഹെബ്രാ 13:17) പ്രാർത്ഥനയാലും പ്രസംഗത്താലും എല്ലാ പരസ്നേഹപ്രവൃത്തികളാലും അവരുടെ മാത്രമല്ല, ഇതേവരെ ഏക അജഗണത്തിൽപ്പെടാത്തവരെങ്കിലും തനിക്കു കർത്താവിൽ സമർപ്പിക്കപ്പെട്ടവരായുള്ളവരുടെയും സംരക്ഷണം ഏറ്റെടുക്കുകയും ചെയ്യണം. അദ്ദേഹം പൗലോസ് ശ്ലീഹയെപ്പോലെ എല്ലാവരോടും കടപ്പെട്ടവനായതുകൊണ്ട്, എല്ലാവരെയും സുവിശേഷവത്കരിക്കാൻ ശുഷ്കാന്തിയുള്ളവനായിരിക്കണം (റോമാ 1:14,15); സ്വന്തം വിശ്വാസികളെ ശ്ലൈഹികവും പ്രേഷിതപരവുമായ പ്രവർത്തനങ്ങൾക്കായി പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. വിശ്വാസികളാകട്ടെ, സഭ ഈശോമിശിഹായോടും ഈശോമിശിഹാ പിതാവിനോടും ചേർന്നിരിക്കുന്നതുപോലെ, എല്ലാം ഐക്യത്തിൽ പൊരുത്തപ്പെടുന്നതിനും ദൈവമഹത്വത്തിൽ സമൃദ്ധമാകുന്നതിനുംവേണ്ടി (2കോറി 4:15) മെത്രാനോടു കൂറുപുലർത്തുകയും വേണം.

28 വൈദികർ: മിശിഹായോടുള്ള ബന്ധവും വൈദികസമൂഹത്തോടും ജനങ്ങളോടുമുള്ള ബന്ധവും

പിതാവു വിശുദ്ധീകരിച്ചു ലോകത്തിലേക്കയച്ച മിശിഹാ (യോഹ 10:36) തന്റെ അഭിഷേകത്തിന്റെയും ദൗത്യത്തിന്റെയും പങ്കുകാരായി ശ്ലീഹന്മാർ വഴി അവരുടെ പിൻഗാമികളെ അതായത്, മെത്രാന്മാരെ നിയമിച്ചു. അവർ തങ്ങളുടെ ശുശ്രൂഷയുടെ ജോലി സഭയിൽ വ്യത്യസ്തമായ പദവികളിൽ വിഭിന്നങ്ങളായ അംഗങ്ങൾക്ക് നിയമാനുസൃതം നല്കി. അങ്ങനെ ദൈവസ്ഥാപിതമായ സഭാശുശ്രൂഷ പല പദവികളിലും നിർവഹിച്ചു പോന്നവർ പുരാതനകാലം മുതലേ മെത്രാന്മാർ, വൈദികർ, ഡീക്കന്മാർ എന്നു വിളിക്കപ്പെടുന്നു. വൈദികർക്ക് ആചാര്യത്വത്തിന്റെ പരമോന്നത പദവിയില്ലെങ്കിലും സ്വന്തം അധികാരവിനിയോഗം മെത്രാന്മാരെ ആശ്രയിച്ചിരുന്നാലും അവർ അവരോടൊത്തു വൈദിക പദത്തോട് സംയോജിച്ചിരിക്കുന്നു. തിരുപ്പട്ടകൂദാശയുടെ ശക്തിയാൽ അത്യുന്നത നിത്യപുരോഹിതനായ മിശിഹായുടെ പ്രതിരൂപത്തിനൊത്ത് (ഹെബ്രാ 5:1-10; 7:24; 9:11:28), സുവിശേഷം പ്രസംഗിക്കാനും വിശ്വാസികളെ മേയ്ക്കാനും ദൈവാരാധന ആഘോഷിക്കാനും പുതിയനിയമത്തിലെ യഥാർത്ഥ പുരോഹിതരായി അവർ അഭിഷിക്തരാകുന്നു. ഏകമദ്ധ്യസ്ഥനായ മിശിഹായുടെ ജോലിയിൽ പങ്കുകാരായി (1തിമോ 2:5) അവരവരുടെ ശുശ്രൂഷാപദവിയിൽ എല്ലാവരോടും അവർ ദൈവവചനം പ്രഘോഷിക്കുന്നു. അവർ തങ്ങളുടെ ഈ പരിശുദ്ധ ശുശ്രൂഷ പരമപ്രധാനമായി നിർവഹിക്കുന്നത്. പരിശുദ്ധ കുർബാനയുടെ പരികർമത്തിലുള്ള "സിനാക്സിസിൽ" (ഒന്നിച്ചുകൂടലിൽ) ആണ്. അവിടെ മിശിഹായുടെ പ്രാതിനിധ്യത്തിൽ പ്രവർത്തിച്ചുകൊണ്ടും അവിടത്തെ രഹസ്യം പ്രഘോഷിച്ചുകൊണ്ടും വിശ്വാസികളുടെ അർപ്പണം ശിരസ്സായ മിശിഹായുടെ ബലിയോടു സംയോജിപ്പിക്കുന്നു. പുതിയനിയമത്തിലെ ഏകബലി, അതായത്, മിശിഹാ തന്നെത്തന്നെ പിതാവിന് ഒരിക്കൽ മാത്രം അർപ്പിക്കുന്ന കളങ്കമില്ലാത്ത ബലിവസ്തു (ഹെബ്രാ 9:11-28) കുർബാനയർപ്പണത്തിൽ കർത്താവിന്റെ ആഗമനം വരെ (1 കോറി 11:26) പുനരവതരിപ്പിക്കുകയും സന്നിഹിതമാക്കുകയും ചെയ്യുന്നു. പശ്ചാത്തപിക്കുന്നവരും രോഗഗ്രസ്തരമായ വിശ്വാസികൾക്ക് അനുരഞ്ജനത്തിന്റെയും സ്വാസ്ഥ്യത്തിന്റെയും പരമാവധി ശുശ്രൂഷ ചെയ്യുന്നു. വിശ്വാസികളുടെ ആവശ്യങ്ങളും പ്രാർത്ഥനകളും പിതാവായ ദൈവത്തിന്റെ പക്കൽ സമർപ്പിക്കുകയും ചെയ്യുന്നു (ഹെബ്രാ 5:1-3). ഇടയനും ശിരസ്സുമെന്ന മിശിഹായുടെ ജോലി സ്വന്തം അധികാരപരിധിയിൽ നിർവഹിച്ചുകൊണ്ട്, ദൈവഭവനത്തെ ഒരേ മനസ്സുള്ള കൂട്ടായ്മയായി ഒന്നിച്ചുകൂട്ടുകയും മിശിഹാ വഴി ദൈവാത്മാവിൽ പിതാവായ ദൈവത്തിന്റെ പക്കലേക്ക് ആനയിക്കുകയും ചെയ്യുന്നു. അജഗണത്തിന്റെ മദ്ധ്യത്തിൽ ആത്മാവിലും സത്യത്തിലും അവനെ ആരാധിക്കുന്നു (യോഹ 4:24). കർത്താവിന്റെ നിയമത്തിൽ ധ്യാനാത്മകമായി വായിച്ചവ വിശ്വസിച്ചുകൊണ്ടും വിശ്വസിച്ചവ പഠിപ്പിച്ചുകൊണ്ടും പഠിപ്പിച്ചവ പരിശീലിപ്പിച്ചുകൊണ്ടും വാക്കിലും പ്രവൃത്തിയിലും അവർ അദ്ധ്വാനിക്കുന്നു?” (1 തിമോ 5:17)

മെത്രാൻസ്ഥാനത്തിന്റെ ജാഗ്രതയുള്ള സഹപ്രവർത്തകന്മാരും അതിന്റെ തുണയും ഉപകരണവുമായ വൈദികർ, പല ഉദ്യോഗങ്ങളിലും ജോലി ചെയ്യുന്നെങ്കിലും ദൈവജനത്തെ ശുശ്രൂഷിക്കാൻ വേണ്ടി വിളിക്കപ്പെട്ടവരെന്നനിലയിൽ സ്വന്തം മെത്രാനോടൊത്ത് ഏക പൗരോഹിത്യത്തിനു രൂപം നല്കുന്നു. വിശ്വാസികളുടെ ഓരോ സ്ഥലത്തുമുള്ള സമൂഹത്തിൽ, താൻ വിശ്വസ്തതയോടും മഹാമനസ്കതയോടുംകൂടെ ബന്ധപ്പെടുന്ന മെത്രാനെ ഒരു വിധത്തിൽ സന്നിഹിതനാക്കുകയും അദ്ദേഹത്തിന്റെ ഉദ്യോഗവും താത്പര്യവും ഭാഗികമായി ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ അനുദിനശുശ്രൂഷകൾ നിർവഹിക്കുകയും ചെയ്യുന്നു. മെത്രാന്റെ അധികാരത്തിൻ കീഴിൽ തനിക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന കർത്താവിന്റെ അജഗണത്തെ വിശുദ്ധീകരിക്കുകയും ഭരിക്കുകയും ചെയ്യുന്ന അവർ സാർവത്രിക സഭയെ സ്വന്തം പ്രാദേശികതലത്തിൽ ദൃശ്യമാക്കുകയും കർത്താവിന്റെ ശരീരം മുഴുവൻ പടുത്തുയർത്തുന്നതിൽ (എഫേ 4:12) ഊർജിതമായ സഹായം നല്കുകയും ചെയ്യുന്നു. ദൈവമക്കളുടെ നന്മയ്ക്കായി സദാ ലക്ഷ്യംവച്ചുകൊണ്ട് സ്വന്തം പ്രവൃത്തികൾ രൂപത മുഴുവന്റെയും സഭമുഴുവന്റെയും അജപാലനശുശ്രൂഷയ്ക്കായി കേന്ദ്രീകരിക്കാൻ അവർ ഉത്സാഹിക്കണം. പൗരോഹിത്യത്തിലും ദൗത്യത്തിലുമുള്ള ഈ ഭാഗ ഭാഗിത്വം നിമിത്തം വൈദികർ മെത്രാനെ സ്വന്തം പിതാവായിത്തന്നെ അംഗീകരിക്കുകയും അദ്ദേഹത്തെ ബഹുമാനപുരസ്സരം അനുസരിക്കുകയും വേണം. മെത്രാന്മാരാകട്ടെ, സഹ പ്രവർത്തകരായ വൈദികരെ, മിശിഹാ തന്റെ ശിഷ്യന്മാരെ ഇനിമേൽ ദാസന്മാരെന്നല്ല, സ്നേഹിതന്മാരെന്നു വിളിച്ചിരിക്കുന്നതുപോലെ (യോഹ 15:15) സ്വന്തം മക്കളെപ്പോലെയും മിത്രങ്ങളെപ്പോലെയും പരിഗണിക്കണം. അതുകൊണ്ട്, മെത്രാന്മാരുടെ സംഘത്തോടു തിരുപ്പട്ടം വഴിയും ശുശ്രൂഷകൾ വഴിയും രൂപതാ വൈദികരും സന്ന്യാസവൈദികരും കൂട്ടു ചേരുകയും സഭ മുഴുവന്റെയും നന്മയ്ക്കുവേണ്ടി തങ്ങളുടെ ദൈവവിളിയും വരപ്രസാദവും നിമിത്തം ശുശ്രൂഷ നിർവഹിക്കുകയും ചെയ്യുന്നു.

തിരുപ്പട്ടത്തിന്റെയും ദൗത്യത്തിന്റെയും പൊതുവായ ശക്തിവിശേഷത്താൽ വൈദികരെല്ലാവരും പരസ്പരം ഗാഢമായ സാഹോദര്യത്താൽ ബന്ധിതരായിരിക്കുന്നു. ഇത് ആത്മികവും ഭൗതികവും അജപാലനപരവും വ്യക്തിപരവുമായിരിക്കും. സമ്മേളനങ്ങളിലും സമൂഹജീവിതത്തിലും അദ്ധ്വാനത്തിലും സ്നേഹത്തിലുമുള്ള പരസ്പരസഹായത്തിൽ സ്വതസ്സിദ്ധവും സ്വതന്ത്രവുമായ രീതിയിൽ ഇതു പ്രകടമാകുകയും ചെയ്യുന്നു.

മാമ്മോദീസായാലും പ്രബോധനത്താലും ആത്മികമായി അവർ ജനിപ്പിച്ച വിശ്വാസികളുടെ (1 കോറി 4:15. 1പത്രോ 1:23) പരിപാലനം മിശിഹായിൽ പിതാക്കന്മാരെന്ന പോലെ നിർവഹിക്കണം. ആത്മാവിൽ അജഗണത്തിനു മാതൃകയായിക്കൊണ്ട് (1 പത്രോ 5:3) സ്വന്തം പ്രാദേശികസമൂഹത്തെ നയിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യണം. അതു വഴി ആ സമൂഹം ഒറ്റയ്ക്കും കൂട്ടായും ദൈവജനം, അതായത് ദൈവത്തിന്റെ സഭ (1കോറി 1:2; 2കോറി 1:1) എന്ന വിഖ്യാതനാമത്താൽ അന്വർത്ഥമായി വിളിക്കപ്പെടണം. തങ്ങളുടെ അനുദിന ജീവിതവ്യാപാരങ്ങളും അഭിനിവേശവും വഴി വിശ്വാസികൾക്കും അവിശ്വാസികൾക്കും കത്തോലിക്കർക്കും അകത്തോലിക്കർക്കും പൗരോഹിത്യത്തിന്റെയും അപാലനത്തിന്റെയും ശരിയായ മുഖം പ്രദർശിപ്പിക്കുകയാണെന്നും സത്യത്തിന്റെയും ജീവിതത്തിന്റെയും സാക്ഷ്യം എല്ലാവർക്കും നല്കാൻ തങ്ങൾ കടപ്പെട്ടിരിക്കുകയാണെന്നും കത്തോലിക്കാസഭയിൽ മാമ്മോദീസാ സ്വീകരിച്ചെങ്കിലും, കൂദാശാജീവിതത്തിൽ നിന്നും വിശ്വാസത്തിൽ നിന്നുതന്നെയും ഭിന്നിച്ചുപോയവരെയും നല്ല അജപാലകന്മാരെന്ന നിലയിൽ അന്വേഷിക്കേണ്ടിയിരിക്കുന്നെന്നും അവർ ഓർമവയ്ക്കണം (ലൂക്കാ 15:4-7).

ഇന്ന് മനുഷ്യവർഗം രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ ഐക്യത്തിലേക്ക് കൂടുതൽ കൂടുതൽ ഒന്നിച്ചുചേർന്നുകൊണ്ടിരിക്കുന്നതിനാൽ അതിലേറെ, വൈദികർ സംയുക്തമായ താത്പര്യത്തോടും ശക്തിയോടുംകൂടെ മെത്രാന്മാരുടെയും മാർപാപ്പായുടെയും നേതൃത്വത്തിൽ ഭിന്നതയുടെ എല്ലാ പരിഗണനകളും ദൂരെയകറ്റി മനുഷ്യകുലം മുഴുവൻ ഐക്യത്തിലേക്കു കൊണ്ടുവരാൻ കടപ്പെട്ടിരിക്കുന്നു.

29 ഡീക്കന്മാർ

അധികാരശ്രേണിയുടെ താഴ്ന്നപദവിയിലാണ് ഡീക്കന്മാരുടെ സ്ഥാനം; അവർക്ക് “പൗഹിത്യത്തിലേക്കല്ല, ശുശ്രൂഷയിലേക്കാണ്" കൈവയ്പ്പു ലഭിച്ചിരിക്കുന്നത്. കൗദാശികവരപ്രസാദത്താൽ ശക്തരാക്കപ്പെട്ട്, മെത്രാനോടും അദ്ദേഹത്തിന്റെ വൈദികരോടും സഹകരിച്ച് ദൈവാരാധനാശുശ്രൂഷയിലും വചനശുശ്രൂഷയിലും പരസ്നേഹപ്രവർത്തനങ്ങളിലും അവർ ദൈവജനത്തിനു സേവനം ചെയ്യുന്നു. അർഹതയുള്ള അധികാരികൾ ചുമതലപ്പെടുത്തുന്നതനുസരിച്ച് ആഘോഷപൂർവം മാമ്മോദീസാ നല്കുന്നതിനും പരിശുദ്ധ കുർബാന സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിവാഹത്തിന് സഭയുടെ നാമത്തിൽ ഔദ്യോഗിക സാന്നിധ്യം വഹിച്ച് ആശീർവദിക്കുന്നതിനും മരണാസന്നർക്കു തിരുപാഥേയം നല്കുന്നതിനും വിശ്വാസികൾക്കായി വിശുദ്ധഗ്രന്ഥം വായിക്കുന്നതിനും ജനങ്ങളെ പഠിപ്പിക്കുന്നതിനും ഉപദേശിക്കുന്നതിനും ജനങ്ങളുടെ ആരാധനയിലും പ്രാർത്ഥനയിലും ആദ്ധ്യക്ഷ്യം വഹിക്കുന്നതിനും കൂദാശാനുകരണങ്ങൾ പരികർമം ചെയ്യുന്നതിനും മൃത സംസ്കാരകർമങ്ങളിലും അനുബന്ധകക്രിയകളിലും കാർമികത്വം വഹിക്കുന്നതിനും ഡീക്കന്മാർക്ക് അധികാരമുണ്ട്. പരസ്നേഹത്തിന്റെയും ഭരണനിർവഹണത്തിന്റെയും പ്രവർത്തനങ്ങളിലേർപ്പെടുമ്പോൾ ഡീക്കന്മാർ വിശുദ്ധ പോളിക്കാർപ്പിന്റെ ഉപദേശം ഓർമ വയ്ക്കണം. “കരുണയുള്ളവരും ഉത്സാഹശീലരും എല്ലാവരുടെയും ശുശ്രൂഷകനായിത്തീർന്ന കർത്താവിന്റെ സത്യത്തിനനുസൃതമായി വ്യാപരിക്കുന്നവരും ആയിരിക്കുവിൻ".

സഭാജീവിതത്തിന് അത്യന്താപേക്ഷിതമായ ഈ കടമകൾ ലത്തീൻസഭയിൽ ഇന്നുള്ള നടപടിക്രമങ്ങളിൽ മിക്കവാറും ഇടങ്ങളിൽ നടപ്പിൽ വരുത്താൻ പ്രയാസമുള്ളതുകൊണ്ട് ഭാവിയിൽ ഡീക്കൻ പദവി ഹയരാർക്കിയുടെ സ്വകീയവും ശാശ്വതവുമായ ഭാഗമായി പുനരുദ്ധരിക്കാവുന്നതാണ്. ആത്മാക്കളുടെ പരിപാലനാർത്ഥം ഈ രീതിയിലുള്ള ഡീക്കന്മാരെ നിയമിക്കണമോ, എവിടെയെല്ലാം നിയമിക്കണം എന്നീകാര്യങ്ങൾ, മാർപാപ്പായുടെ അംഗീകാരത്തോടെ, വിവിധരീതിയിൽ അധികാരമുള്ള പ്രാദേശികമെത്രാൻ സംഘങ്ങൾ തീരുമാനിക്കാൻ നോക്കേണ്ടതാണ്. റോമാ മാർപാപ്പായുടെ സമ്മതം വാങ്ങിക്കൊണ്ട് ഡീക്കൻ പട്ടം പ്രായപക്വത വന്നിട്ടുള്ളവർക്ക്, അവർ വിവാഹാന്തസ്സിൽ ജീവിക്കുന്നവരായാലും, നല്കാവുന്നതാണ്. മാത്രമല്ല, അനുരൂപരായ യുവജനങ്ങൾക്കും ഇതു നല്കാം: എന്നാൽ അവർ ബ്രഹ്മചര്യനിയമത്തിൽ നിർബന്ധമായും നിലനില്ക്കേണ്ടതുണ്ട്.

സഭയിലെ ഹയരാർക്കിക്കൽ (അധികാരശ്രേണി) ഘടന; പ്രത്യേകിച്ച് മെത്രാൻസ്ഥാനം പന്ത്രണ്ടു ശ്ലീഹന്മാരുടെ വിളിയും ശ്ലൈഹികസ്ഥാപനവും മെത്രാന്മാർ ശ്ലീഹന്മാരുടെ പിൻഗാമികൾ മെത്രാൻപദവിയുടെ കൗദാശികത മെത്രാന്മാരുടെ പരസ്പരബന്ധം സംഘാതാത്മകവീക്ഷണത്തിൽ മെത്രാന്മാരുടെ ശുശ്രൂഷ വൈദികർ: മിശിഹായോടുള്ള ബന്ധവും വൈദികസമൂഹത്തോടും ജനങ്ങളോടുമുള്ള ബന്ധവും ഡീക്കന്മാർ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message