We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : രണ്ടാം വത്തിക്കാൻ കൗൺസിൽ On 03-Jan-2023
അധ്യായം രണ്ട്
ദൈവജനം
9 പുതിയ ഉടമ്പടിയും പുതിയ ജനവും
എല്ലാക്കാലത്തും എല്ലാ ജനതകളിലും തന്നെ ഭയപ്പെടുന്നവരും നീതിപ്രവർത്തിക്കുന്നവരും ദൈവത്തിനു സ്വീകാര്യരാണ് (അപ്പ 10:35). എങ്കിലും, പരസ്പരബന്ധത്തിൽനിന്ന് ഒറ്റപ്പെട്ടവരായി, ഒറ്റയ്‌ക്കൊറ്റയ്ക്ക് അവരെ രക്ഷിക്കാനല്ല, ഒരു ജനപദമായി തന്നെ അറിയുകയും തന്നെ വിശുദ്ധിയോടെ ശുശ്രൂഷിക്കുകയും ചെയ്യുന്നവരായി അവരെ രൂപവത്കരിക്കാനാണ് ദൈവം തിരുമനസ്സായത്. സത്യത്തിൽ അതുകൊണ്ട് ഇസ്രായേൽ ജനതയെ സ്വന്തം ജനമായി തിരഞ്ഞെടുത്ത് അവിടന്ന് അവരോട് ഉടമ്പടി സ്ഥാപിച്ച്, ക്രമേണ അവരെ പരിശീലിപ്പിക്കുകയും ചെയ്തു. തന്നെത്തന്നെയും തന്റെ ഇച്ഛയ്ക്കനുസരിച്ച പദ്ധതിയെയും അവരുടെ ചരിത്രത്തിൽ വെളിപ്പെടുത്തിക്കൊണ്ടും അവരെ തനിക്കു വേണ്ടിത്തന്നെ വിശുദ്ധീകരിച്ചുകൊണ്ടുമായിരുന്നു ഇതു ചെയ്തത്. എന്നാൽ, ഇവയെല്ലാം മിശിഹായിൽ ഉറപ്പിക്കപ്പെടാനിരുന്ന പരിപൂർണമായ പുതിയ ഉടമ്പടിയുടെയും മാംസം ധരിച്ച ദൈവവചനംവഴി നല്കാനിരുന്ന കൂടുതൽ സമ്പൂർണമായ വെളിപാടിന്റെയും ഒരുക്കമായും പ്രതിരൂപമായും സംഭവിച്ചവയായിരുന്നു. "കർത്താവ് അരുൾ ചെയ്യുന്നു: ഇസ്രായേൽ ഗോത്രത്തോടും യൂദാഗോത്രത്തോടും ഞാൻ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന ദിവസം ഇതാ വരുന്നു... ഞാൻ എന്റെ നിയമം അവരുടെ ഉള്ളിൽ നിക്ഷേപിക്കും, അവരുടെ ഹൃദയത്തിൽ എഴുതും. ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവുമായിരിക്കും... വലുപ്പച്ചെറുപ്പമെന്നിയേ അവരെല്ലാവരും എന്നെ അറിയും" (ജറെ 31:31, 34). ഈ പുതിയ ഉടമ്പടി, അതായത്, തന്റെ രക്തത്തിലുള്ള പുതിയ നിയമമാകുന്ന ഉടമ്പടി (1കോറി 11:25). മിശിഹാ സ്ഥാപിച്ചത്, യഹൂദരിൽനിന്നും വിജാതീയരിൽനിന്നും അംഗങ്ങളെ വിളിച്ച്, ഒരു ജനതയാക്കിക്കൊണ്ടാണ്. ജഡപ്രകാരമല്ല, പ്രത്യുത, ദൈവാത്മാവിൽ ഒന്നാകുന്നതിനും പുതിയ ദൈവജനമാകുന്നതിനും വേണ്ടിയാണിത്. എന്തെന്നാൽ, മിശിഹായിൽ വിശ്വസിക്കുന്നവർ നശ്വരമായ ബീജത്തിൽനിന്നല്ല പുതിയതായി ജനിച്ചത്; പ്രത്യുത, അനശ്വരമായ സജീവദൈവവചനത്തിൽനിന്നാണ് (1പത്രോ.1:23). മാംസത്തിൽ നിന്നല്ല; പ്രത്യുത ജലത്തിൽ നിന്നും പരിശുദ്ധാത്മാവിൽ നിന്നുമാണ് (യോഹ 3:5,6). ആത്യന്തികമായി, “തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദത്തെടുക്കപ്പെട്ട ജനതയും... മുൻപ് ഒരു ജനമല്ലാതിരുന്നവരും ഇപ്പോൾ ദൈവത്തിന്റെ ജനമായിത്തീർന്നവരുമാണ്” (1പത്രോ 2:9,10) ഇവർ.
ഈ മെസയാനികജനപദത്തിന്റെ ശിരസ്സ് മിശിഹായാണ്. നമ്മുടെ അപരാധങ്ങളെപ്രതി മരണത്തിന് ഏല്പിക്കപ്പെടുകയും നമ്മുടെ നീതിക്കായി ഉയിർപ്പിക്കപ്പെടുകയും" ചെയ്തവനും (റോമാ 4:25), ഇപ്പോൾ എല്ലാ നാമത്തിനും ഉപരിയായ നാമം സ്വീകരിച്ച്, സ്വർഗത്തിൽ മഹത്ത്വത്തോടെ വാഴുന്നവനുമായ മിശിഹാതന്നെ. ഈ ജനത്തിന് ദൈവമക്കളെന്ന സ്ഥാനവും സ്വാതന്ത്ര്യവും അവകാശമായി ലഭിക്കുന്നു. അവരുടെ ഹൃദയങ്ങളിൽ ദൈവാത്മാവ് ഒരു ദേവാലയത്തിലെന്നപോലെ വസിക്കുന്നു. ഇവർക്കുള്ള നിയമം, മിശിഹാതന്നെ നമ്മെ സ്നേഹിച്ചതുപോലെ സ്നേഹിക്കാനുള്ള പുതിയ നിയമമാണ്. (യോഹ 13:34). ഇവരുടെ ആത്യന്തികലക്ഷ്യം ദൈവരാജ്യമാണ്. ഈ ദൈവരാജ്യം ഈ ലോകത്തിൽ ആരംഭിച്ചത് ദൈവം തന്നെയാണ്. സമയത്തിന്റെ സമാപ്തിയിൽ അവൻതന്നെ പൂർണതയിൽ എത്തിക്കുന്നതുവരെ വിസ്തൃതമാക്കപ്പെടേണ്ടതാണ് ഈ രാജ്യം. അന്ന് മിശിഹാ പ്രത്യക്ഷനാകുകയും നമ്മുടെ ജീവനും (കൊളോ 3:4) "സൃഷ്ടിമുഴുവനും ജീർണതയുടെ അടിമത്തത്തിൽനിന്ന് മോചിതമാകുകയും ദൈവമക്കളുടെ സ്വാതന്ത്ര്യം പ്രാപിക്കുകയും" ചെയ്യും (റോമാ 8:21). അപ്രകാരംതന്നെ ഈ മെസയാനികജനം, മനുഷ്യകുലം മുഴുവനും ഉൾക്കൊള്ളുകയില്ലെങ്കിലും, പലപ്പോഴും ചെറിയൊരു അജഗണമായി കാണപ്പെടാമെങ്കിലും, മനുഷ്യവംശത്തിനു മുഴുവൻ ഐക്യത്തിന്റെയും പ്രത്യാശയുടെയും രക്ഷയുടെയും ഏറ്റവും ബലിഷ്ഠമായ മുകുളമാണ്. ജീവന്റെയും സ്നേഹത്തിന്റെയും സത്യത്തിന്റെയും സംസർഗത്തിൽ മിശിഹായാൽ സ്ഥാപിക്കപ്പെട്ട്, അവനാൽത്തന്നെ എല്ലാവരുടെയും വീണ്ടെടുപ്പിന്റെ ഉപകരണമായി സ്വീകരിക്കപ്പെട്ട്, ലോകത്തിന്റെ പ്രകാശമായും ഭൂമിയുടെ ഉപ്പായും (മത്താ 5:13-16) സർവലോകത്തിലേക്കും ഈ ജനം അയയ്ക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു.
ജഡപ്രകാരമുള്ള ഇസ്രായേൽ മരുഭൂമിയിൽ ചുറ്റിത്തിരിഞ്ഞപ്പോൾത്തന്നെ ദൈവത്തിന്റെ സഭയെന്നു വിളിക്കപ്പെട്ടിരുന്നതുപോലെ (2 എസ്രാ 13:1; സംഖ്യ 20:4; നിയമം 23:1 ff), പുതിയ ഇസ്രായേലും വർത്തമാനലോകത്തിലൂടെ പുരോഗമിച്ചുകൊണ്ട്, നിലനില്ക്കുന്ന ഭാവിനഗരം തേടുകയാണ് (ഹെബ്രാ 13:14). ഇതിനെ മിശിഹായുടെ സഭയെന്നും വിളിക്കുന്നു (മത്താ 16:18) കാരണം, ഈ സഭയെ അവൻ സ്വന്തം രക്തത്താൽ നേടിയെടുത്തു (അപ്പ 20:28); സ്വന്തം ദിവ്യാരൂപിയാൽ പൂരിതയാക്കി; ദൃശ്യവും സാമൂഹികവുമായ ഐക്യത്തിനുയോജിച്ച ഉപാധികൾകൊണ്ടു സജ്ജീകരിച്ചു. ഈശോയെ രക്ഷയുടെ കർത്താവും ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഉറവിടവുമായിക്കണ്ട് വിശ്വസിക്കുന്നവരുടെ സമൂഹത്തെ ദൈവം ഒരുമിച്ചുകൂട്ടുകയും തിരുസഭയായി രൂപവത്കരിക്കുകയും ചെയ്തു. സമൂഹത്തിനുമുഴുവനും ഓരോ വ്യക്തിക്കും അവൾ ഈ രക്ഷാകരമായ ഐക്യത്തിന്റെ കാണപ്പെടുന്ന കൂദാശയായിത്തീരാൻ വേണ്ടിയാണിത്. എല്ലാ സ്ഥലങ്ങളിലും വ്യാപിക്കേണ്ട സഭ, മനുഷ്യചരിത്രത്തിൽ പ്രവേശിക്കുകയും അതേ സമയം, കാലത്തിന്റെയും ജനപദങ്ങളുടെയും അതിർവരമ്പുകൾക്കതീതമായി നില കൊള്ളുകയും ചെയ്യുന്നു. പരീക്ഷണങ്ങളിലും ക്ലേശങ്ങളിലും കൂടെ മുന്നേറുന്ന സഭ കർത്താവ് തനിക്കു വാഗ്ദാനം ചെയ്ത ദൈവകൃപയുടെ ശക്തിയാൽ സമാശ്വസിപ്പിക്കപ്പെടുന്നു. അങ്ങനെ ജഡത്തിന്റെ ബലഹീനതയിൽ സമ്പൂർണമായ വിശ്വസ്തതയ്ക്കു ഭംഗംവരുത്താതെ, സ്വന്തം നാഥന് അനുരൂപമായ മണവാട്ടിയായി വർത്തിക്കുന്നു. പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാൽ, കുരിശുവഴി, അസ്തമിക്കാത്ത പ്രകാശത്തിലേക്കു ചെന്നെത്തുന്നതുവരെ തന്നെത്തന്നെ നവീകരിക്കുന്നതിൽ നിന്ന് അവൾ വിരമിക്കുന്നുമില്ല.
10 പൊതു പൗരോഹിത്യം
കർത്താവായ മിശിഹാ, മനുഷ്യരിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട പ്രധാനാചാര്യൻ (ഹെബ്രാ 5:1-5), ഒരു പുതിയ ജനത്തെ "സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതന്മാരുമാക്കി" (cf. വെളി 1;6, 5:9-10). മാമ്മോദീസാ സ്വീകരിച്ചവർ പുതിയ ജനനം വഴിയും പരിശുദ്ധാത്മാവിന്റെ അഭിഷേകംവഴിയും ഒരു ആത്മികഭവനമായും പരിശുദ്ധ പൗരോഹിത്യമായും പ്രതിഷ്ഠിതരായിരിക്കുന്നു. ക്രിസ്ത്യാനികൾ തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും വഴി ആത്മികബലിവസ്തുക്കൾ സമർപ്പിക്കുന്നതിനും അന്ധകാരത്തിൽനിന്ന് തന്റെ വിസ്മയനീയമായ പ്രകാശത്തിലേക്കു തങ്ങളെ വിളിച്ചവന്റെ ശക്തികൾ പ്രഘോഷിക്കുന്നതിനും വേണ്ടിയാണിത് (1 പത്രോ 24-10). അതിനാൽ, മിശിഹായുടെ ശിഷ്യരെല്ലാം പ്രാർത്ഥനയിൽ സ്ഥിരതയോടെ മുന്നേറി, ദൈവത്തെ ഒന്നിച്ചു സ്തുതിച്ചുകൊണ്ട് (അപ്പ 2:42-47) തങ്ങളെത്തന്നെ സജീവവും വിശുദ്ധവുമായ ബലിവസ്തുക്കളാക്കി, ദൈവത്തെ പ്രീതിപ്പെടുത്തുന്നവരായിത്തീരണം (റോമാ 12:1). ലോകം മുഴുവനിലും മിശിഹായ്ക്ക് സാക്ഷ്യം വഹിക്കുകയും നിത്യജീവിതത്തെക്കുറിച്ച് തങ്ങൾക്കുള്ള പ്രതിക്ഷയെപ്പറ്റി ചോദിക്കുന്നവർക്ക് വിശദീകരണം കൊടുക്കുകയും വേണം (1പത്രോ 3:15).
വിശ്വാസികളുടെ പൊതുപൗരോഹിത്യവും ശുശ്രൂഷാപൗരോഹിത്യവും അഥവാ, അധികാരശ്രേണിയുടെ (ഹയരാർക്കിക്കൽ) പൗരോഹിത്യവും പദവിയിൽ മാത്രമല്ല, സത്താപരമായിത്തന്നെയും വ്യത്യസ്തമാണെങ്കിലും പരസ്പരം ബന്ധിതമാണ്. രണ്ടും അതിന്റെ പ്രത്യേകരീതിയിൽ മിശിഹായുടെ ഒരേ പൗരോഹിത്യത്തിൽ പങ്കുപറ്റുന്നു. ശുശ്രൂഷാപൗരോഹിത്യം, അതിനു സ്വന്തമായ വിശുദ്ധാധികാരത്താൽ, പുരോഹിതജനതയെ രൂപവത്കരിക്കുകയും ഭരിക്കുകയും ചെയ്യുന്നു. മിശിഹായുടെ പ്രാതിനിധ്യത്തിൽ പരിശുദ്ധ കുർബാനയാകുന്ന ബലിയർപ്പിക്കുകയും ജനത്തിന്റെ മുഴുവൻ നാമത്തിൽ അത് ദൈവത്തിനു സമർപ്പിക്കുകയും ചെയ്യുന്നു. വിശ്വാസികളാകട്ടെ, തങ്ങളുടെ പൗരോഹിത്യത്തിന്റെ രാജകീയാധികാരത്തിൽ പരിശുദ്ധ കുർബാനയർപ്പണത്തിൽ ഭാഗഭാഗിത്വം വഹിക്കുന്നു. അതു കൂദാശകൾ സ്വീകരിക്കുന്നതിലും പ്രാർത്ഥനയിലും നന്ദിപ്രകാശനത്തിലും വിശുദ്ധ ജീവിതത്തിന്റെ സാക്ഷ്യത്തിലും സ്വാർത്ഥപരിത്യാഗത്തിലും പ്രവർത്തനനിരതമായ പരസ്നേഹത്തിലും അവർ നിർവഹിക്കുന്നു.
11 പൊതുപൗരോഹിത്യനിർവഹണം കൂദാശകളിലൂടെ
ഈ വൈദികസമൂഹത്തിന്റെ വിശുദ്ധവും സുസംഘടിതസംവിധാനത്തോടുകൂടിയതുമായ സ്വഭാവം കൂദാശകൾ വഴിയും പുണ്യങ്ങൾ വഴിയും പ്രായോഗികമാക്കപ്പെടുന്നു. മാമ്മോദീസാവഴി സഭയിലെ അംഗത്വം സ്വീകരിക്കുന്ന വിശ്വാസികൾ സ്വഭാവത്താലേ ക്രിസ്തുമതാനുഷ്ഠാനത്തിനു ചുമതലപ്പെടുത്തപ്പെടുന്നു. ദൈവത്തിന്റെ മക്കളായി പുനർജനിച്ച്, തിരുസഭ വഴിയായി ദൈവത്തിൽനിന്നു സ്വീകരിച്ച വിശ്വാസം മനുഷ്യരുടെ മുമ്പിൽ ഏറ്റുപറയുന്നതിന് അവർ കടപ്പെട്ടിരിക്കുന്നു. സ്ഥെെര്യലേപനകൂദാശവഴി തിരുസഭയോടു കൂടുതൽ പൂർണമായവിധം ബന്ധിക്കപ്പെടുന്നു. പരിശുദ്ധാത്മാവിന്റെ പ്രത്യേക ശക്തിയാൽ സമ്പന്നരാക്കപ്പെടുന്നു. അങ്ങനെ മിശിഹായുടെ യഥാർത്ഥസാക്ഷികളെന്ന നിലയിൽ വിശ്വാസം വാക്കുകളാലും പ്രവൃത്തിയാലും പ്രചരിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും അവർ കൂടുതൽ കർശനമായി കടപ്പെട്ടവരാകുന്നു. ക്രിസ്തീയജീവിതത്തിന്റെ മുഴുവൻ ഉറവിടവും ഉച്ചസ്ഥാനവുമായ പരിശുദ്ധ കുർബാനയെന്ന ബലിയിൽ ഭാഗഭാക്കുകളായിക്കൊണ്ട് ദൈവികബലിയാടിനെയും അവനോടൊത്തു തങ്ങളെത്തന്നെയും ദൈവത്തിനു സമർപ്പിക്കുന്നു. അങ്ങനെ അർപ്പണം വഴിയും പരിശുദ്ധമായ ഭാഗഭാഗിത്വം വഴിയും എല്ലാവരും ആരാധനാനുഷ്ഠാനത്തിൽ ഒരേ രീതിയിലല്ല, ഓരോരുത്തരും അവരവർക്കു യോജിച്ച രീതിയിൽ സ്വന്തം ഭാഗം നിർവഹിക്കുന്നു. സർവോപരി ഈ വിശുദ്ധസമ്മേളനത്തിൽ മിശിഹായുടെ ശരീരത്താൽ പോഷിപ്പിക്കപ്പെട്ട അവർ, ഈ അതിമഹനീയമായ കൂദാശ അന്വർത്ഥമായി സൂചിപ്പിക്കുന്നതും അദ്ഭുതകരമായി ഉളവാക്കുന്നതുമായ ദൈവജനത്തിന്റെ ഐക്യം പ്രത്യക്ഷമായി പ്രകടിപ്പിക്കുകയും ചെയ്യുന്നു.
കുമ്പസാരമെന്ന കൂദാശയ്ക്കണയുന്നവർ ദൈവത്തോടു ചെയ്ത അപരാധങ്ങൾക്ക് അവിടത്തെ കരുണയാൽ പാപമോചനം പ്രാപിക്കുകയും അതോടൊപ്പം അവർ പാപം ചെയ്തു ദ്രോഹിച്ച സഭയോട് അനുരഞ്ജനപ്പെടുകയും ചെയ്യുന്നു. സഭ അവരുടെ മാനസാന്തരത്തിനുവേണ്ടി സ്നേഹത്തോടും സന്മാതൃകയോടും പ്രാർത്ഥനയോടുംകൂടെ അദ്ധ്വാനിക്കുകയായിരുന്നല്ലോ. വിശുദ്ധരോഗീലേപനം വഴിയും വൈദികരുടെ പ്രാർത്ഥന വഴിയും തിരുസഭ മുഴുവനും എല്ലാ രോഗികളെയും, സഹിക്കുന്നവനും മഹത്ത്വീകൃതനുമായ കർത്താവിനു സമർപ്പിക്കുന്നു. അതുവഴി അവർക്കു സൗഖ്യവും രക്ഷയും അവിടന്നു വഴി നല്കപ്പെടുന്നതിനായാണത് (യാക്കോ 5:14-16). അതോടൊപ്പം മിശിഹായുടെ സഹനത്തോടും മരണത്തോടും തങ്ങളെത്തന്നെ സ്വമനസ്സാലെ ചേർത്തുകൊണ്ട് ദൈവജനത്തിന്റെ നന്മയ്ക്കുവേണ്ടി സഹകരിക്കാൻ അവരെ ഉപദേശിക്കുകയും ചെയ്യുന്നു (റോമാ 8:17; കൊളോ 1:24; 2തിമോ 2:11-12; 1പത്രോ 4:13). വീണ്ടും, വിശ്വാസികളിൽ വിശുദ്ധ പൗരോഹിത്യത്താൽ മുദ്രിതരായവർ വചനം വഴിയും ദൈവകൃപവഴിയും തിരുസഭയെ മേയ്ക്കാൻ, മിശിഹായുടെ നാമത്തിൽ നിയമിതരായിരിക്കുന്നു. അവസാനമായി, ക്രിസ്തീയ ദമ്പതികൾ വിവാഹമെന്ന കൂദാശയുടെ ശക്തിയാൽ മിശിഹായും തിരുസഭയും തമ്മിലുള്ള ഐക്യത്തിന്റെയും ഫലസമൃദ്ധമായ സ്നേഹത്തിന്റെയുമായ രഹസ്യത്തിന്റെ അടയാളമായിത്തീരുകയും അതിൽ പങ്കുചേരുകയും ചെയ്യുന്നു (എഫേ 5:32). അവർ ദാമ്പത്യജീവിതത്തിലും സന്താനങ്ങളുടെ വിശുദ്ധിയിലേക്കുള്ള വളർച്ചയിലും പരസ്പരം സഹായിക്കുന്നു. അതിനാൽ അവരുടെ ജീവിതാവസ്ഥയ്ക്കും ദൈവജനത്തിനിടയിൽ അവരുടെ പ്രത്യേകസ്ഥാനത്തിനും ആവശ്യകമായ ദാനങ്ങളും അവർക്കുണ്ട് (1 കോറി 7:7). ഈ വിവാഹത്തിൽനിന്നു കുടുംബം ഉണ്ടാകുന്നു. അവിടെ മനുഷ്യസമൂഹത്തിലെ പുതിയ പൗരന്മാർ ജനിക്കുന്നു. അവർ പരിശുദ്ധാത്മാവിന്റെ കൃപയാൽ ദൈവജനത്തിന്റെ തലമുറതോറുമുള്ള നിലനില്പ് ശാശ്വതമാക്കുന്നതിനുവേണ്ടി മാമ്മോദീസാവഴി ദൈവമക്കളാക്കപ്പെടുന്നു. ഗാർഹികസഭയെന്നു വിശേഷിപ്പിക്കാവുന്ന ഇവിടെ മാതാപിതാക്കന്മാർ വാക്കുകളും മാതൃകയും വഴി തങ്ങളുടെ മക്കൾക്ക് പ്രഥമവിശ്വാസപ്രഘോഷകരാകേണ്ടിയിരിക്കുന്നു. അവരവർക്കു യോജിച്ച ദൈവവിളിയിൽ, പ്രത്യേകിച്ച് വിശുദ്ധ ജീവിതാന്തസ്സിലേക്കുള്ള വിളിയിൽ, സവിശേഷ ശ്രദ്ധചെലുത്തി പ്രോത്സാഹിപ്പിക്കണം.
ഇത്രമാത്രം വിവിധവും ശ്രേയസ്കരവുമായ മാർഗങ്ങളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ക്രിസ്തീയവിശ്വാസികളെല്ലാവരും, ഏതു ജീവിതസാഹചര്യത്തിലും ജീവിതാന്തസ്സിലുമുള്ളവരാകട്ടെ, പിതാവ് പരിപൂർണനായിരിക്കുന്ന അതേ പരിശുദ്ധിയുടെ പൂർണതയിലേക്ക്, ഓരോവ്യക്തിക്കും ചേർന്നവിധത്തിൽ കർത്താവാൽ വിളിക്കപ്പെട്ടിരിക്കുന്നു.
12 വിശ്വാസാവബോധവും വരദാനങ്ങളും ദൈവജനത്തിൽ
ദൈവത്തിന്റെ വിശുദ്ധജനം മിശിഹായുടെ പ്രവാചകദൗത്യത്തിലും പങ്കുവഹിക്കുന്നു. വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ജീവിതം വഴി അവിടത്തേക്കു പരമാവധി നല്ല സാക്ഷ്യം പ്രസരിപ്പിച്ചുകൊണ്ടും ദൈവത്തിനു സ്തുതിയുടെ ബലി-അവന്റെ നാമം ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങൾ - അർപ്പിച്ചുകൊണ്ടുമാണ് ഇതു നിർവഹിക്കുന്നത് (ഹെബ്രാ 13:15). വിശ്വാസികളുടെ സമൂഹം പരിശുദ്ധനായവന്റെ അഭിഷേകം സ്വീകരിച്ചിരിക്കുന്നതുകൊണ്ട് (1യോഹ 2:20, 27) വിശ്വാസവിഷയത്തിൽ തെറ്റിൽ വീഴുകയില്ല. ജനങ്ങളുടെ മുഴുവൻ വിശ്വാസത്തിന്റെയും പ്രകൃത്യതീതമായ ഗ്രഹണശക്തിയുടെ സഹായത്താൽ ഈ സമൂഹത്തിനുള്ള ഈ പ്രത്യേക സ്വഭാവം പ്രകാശിതമാകുന്നത്, മെത്രാന്മാർ മുതൽ അങ്ങേയറ്റത്തുള്ള അല്മായവിശ്വാസികൾവരെ" വിശ്വാസസത്യങ്ങളെയും ധാർമികതയെയും കുറിച്ച് അവരുടെ പൊതുവായ സമ്മതം പ്രകടിപ്പിക്കുമ്പോഴാണ്. സത്യത്തിന്റെ പരിശുദ്ധാത്മാവാൽ ഉത്തേജിപ്പിക്കപ്പെടുകയും നിലനിറുത്തപ്പെടുകയും ചെയ്യുന്ന ഈ വിശ്വാസഗ്രഹണശക്തിയാൽ ദൈവജനം വിശുദ്ധപ്രബോധനാധികാരത്താൽ നയിക്കപ്പെട്ട്, അതിനെ വിശ്വസ്തതയോടെ അനുസരിക്കുന്നു. ഇനിമേൽ മനുഷ്യരുടെ വചനമായല്ല, യഥാർത്ഥത്തിൽ ദൈവവചനമായി അതിനെ സ്വീകരിക്കുന്നു (1 തെസ്സ 2:13). ഒരിക്കൽ മാത്രം വിശുദ്ധർക്ക് ഏല്പിച്ചുകൊടുക്കപ്പെട്ട വിശ്വാസത്തോട് (യൂദാ 3) അഭേദ്യമായി ബന്ധിതരാകുകയും ശരിയായ വിവേചനത്തോകൂടെ അതിൽ കൂടുതൽ അഗാധമായി ചുഴിഞ്ഞിറങ്ങുകയും ജീവിതത്തിൽ കൂടുതൽ പൂർണമായി അതിനെ പ്രായോഗികമാക്കുകയും ചെയ്യുന്നു.
ഇതേ പരിശുദ്ധാരൂപി കൂദാശകളും വിശുദ്ധ ശുശ്രൂഷകളുംവഴി മാത്രമല്ല ദൈവജനത്തെ വിശുദ്ധീകരിക്കുന്നതും നയിക്കുന്നതും അവരെ പുണ്യങ്ങളാൽ അലംകൃതരാക്കുന്നതും; പ്രത്യുത, തന്റെ ദാനങ്ങൾ “തന്റെ ഇച്ഛയ്ക്കൊത്ത് ഓരോരുത്തർക്കും വിഭജിച്ചുകൊടുത്തുകൊണ്ട്" (1 കോറി 12:1) എല്ലാ ജീവിതാന്തസ്സിലുമുള്ള വിശ്വാസികളുടെയിടയിൽ പ്രത്യേക വരദാനങ്ങൾ വിതരണം ചെയ്തുകൊണ്ടുമാണ്. ഇവവഴി അവർ വിവിധ കർത്തവ്യങ്ങളും ജീവിതപദവികളും ഏറ്റെടുക്കാൻ കൂടുതൽ അനുരൂപരും ഉത്സുകരുമാക്കപ്പെടുന്നു. ഓരോരുത്തരിലും ആത്മാവു വെളിപ്പെടുന്നത് പൊതുനന്മയ്ക്കുവേണ്ടിയാണ് (1കോറി 12:7) എന്ന വചനത്തിനനുസൃതമായി സഭയുടെ നവീകരണത്തിനും ഉത്തരോത്തരമുള്ള പ്രയോജനപ്രദമായ അഭ്യുന്നതിക്കും വേണ്ടിയാണിത്. ഈ സിദ്ധികൾ ഏറ്റവും വ്യക്തമായിട്ടുള്ളവയോ കൂടുതൽ ലളിതമോ അതിസാധാരണമോ ആയാലും, സഭയുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുരൂപവും ഉപകാരപ്രദവുമാകയാൽ, കൃതജ്ഞതയോടും സമാധാനത്തോടുംകൂടെ സ്വീകരിക്കപ്പെടണം. അസാധാരണ വരദാനങ്ങൾ നമുക്കു തോന്നുംപടി പ്രതീക്ഷിക്കാവുന്നവയല്ല. അവയിൽനിന്ന് പ്രേഷിതപ്രവൃത്തികളുടെ ഫലവും ധാർഷ്ട്യപൂർവം പ്രതീക്ഷിക്കേണ്ടതില്ല. പ്രത്യുത, അവയുടെ യാഥാർത്ഥ്യത്തെപ്പറ്റിയും ക്രമവത്കൃതമായ വിനിയോഗത്തെപ്പറ്റിയും വിധിപറയുക തിരുസഭയിലെ അധികാരികളുടെയും പ്രത്യേക പ്രാഗല്ഭ്യമുള്ളവരുടെയും അവകാശമാണ്. ആത്മാവിനെ കെടുത്തിക്കളയാനല്ല, പ്രത്യുത, എല്ലാം പരിശോധിക്കാനും നന്മയായിട്ടുള്ളതു മുറുകെപ്പിടിക്കാനും വേണ്ടിയാണിത് (1 തെസ്സ 5:12, 19-21).
13 ഏകദൈവജനമായ സാർവത്രികസഭ
പുതിയ ദൈവജനത്തിലേക്ക് എല്ലാ മനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്നു. തന്നിമിത്തം ഈ ജനത ഏകവും അനന്യവുമായിരുന്നുകൊണ്ടുതന്നെ ദൈവഹിതത്തിന്റെ ലക്ഷ്യം നിറവേറ്റുന്നതിനുവേണ്ടി ലോകം മുഴുവൻ എല്ലാക്കാലത്തും വ്യാപിക്കേണ്ടിയിരിക്കുന്നു. ദൈവം മനുഷ്യവംശത്തെ ആദിയിൽ ഏകമായി സൃഷ്ടിക്കുകയും തന്റെ മക്കൾ ചിന്നി ചിതറിയപ്പോൾ ഒന്നിച്ചുകൂട്ടാൻ തീരുമാനിക്കുകയും ചെയ്തു (യോഹ 11:52). ഇതിനു വേണ്ടി ദൈവം തന്റെ പുത്രനെ അയച്ചു. അവനെ അവിടന്ന് സകലത്തിന്റെയും അവകാശിയായി നിയമിച്ചു (ഹെബ്രാ 1:2). അവൻ എല്ലാവരുടെയും ഗുരുവും രാജാവും പുരോഹിതനും ദൈവമക്കളാകുന്ന പുതിയ സാർവത്രികജനതയുടെ ശിരസ്സുമാകുന്നതിനുവേണ്ടിയാണിത്. ഇതിനുവേണ്ടിത്തന്നെയാണ് ദൈവം തന്റെ പുത്രന്റെ ആത്മാവിനെ നാഥനും ജീവദായകനുമായ പരിശുദ്ധാത്മാവിനെ- അയച്ചത്. ഈ ആത്മാവ് തിരുസഭയ്ക്കു മുഴുവനും ലോകമെങ്ങുമുള്ള വിശ്വാസികളുടെ സമൂഹത്തിനും ഓരോ വിശ്വാസിക്കും യോജിപ്പിന്റെയും ശ്ലീഹന്മാരുടെ പ്രബോധനത്തിലും കൂട്ടായ്മയിലും അപ്പം മുറിക്കലിലും പ്രാർത്ഥനയിലുമുള്ള ഐക്യത്തിന്റെയും അടിസ്ഥാനമാണ് (അപ്പ 2:42).
ഇപ്രകാരം, ഭൂമിയിലെ സർവജനങ്ങളിലും ഒരേയൊരു ദൈവജനം വ്യാപിച്ചുകിടക്കുന്നു. സർവജനതകളിലും നിന്ന് അത് സ്വന്തം പൗരന്മാരെ, ലൗകികസ്വഭാവമുള്ള രാജ്യത്തിന്റെ പൗരന്മാരെയല്ല സ്വർഗീയ രാജ്യത്തിന്റെ പൗരന്മാരെ, ശേഖരിക്കുന്നു. ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന വിശ്വാസികൾ പരിശുദ്ധാത്മാവിൽ പരസ്പരം സമ്പർക്കം പുലർത്തുന്നു. അങ്ങനെ “റോമായിൽ വാഴുന്നവരും ഇൻഡ്യക്കാർ സ്വന്തം അവയവങ്ങളാണെന്ന് അറിയുന്നു". മിശിഹായുടെ രാജ്യം ഈ ലോകത്തിൽ നിന്നല്ലാത്തതുപോലെ (യോഹ 18:36), സഭ അഥവാ ദൈവജനം ഈ രാജ്യം സ്ഥാപിച്ചുകൊണ്ട് ഒരു ജനതയുടെയും ഏതെങ്കിലും ലൗകികസമ്പത്ത് കൈവശമാക്കുന്നില്ല. മറിച്ച്, ജനങ്ങളുടെ കഴിവുകളും സമ്പത്തുകളും പാരമ്പര്യങ്ങളും അവ നല്ലതായിരിക്കുന്നിടത്തോളം പ്രോത്സാഹിപ്പിക്കുകയും സ്വാംശീകരിക്കുകയും ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ഉയർത്തുകയും ചെയ്യുന്നു. ആർക്കാണ് ജനപദങ്ങളെ സ്വന്തം അവകാശമായി ലഭിച്ചിരിക്കുന്നത്. (സങ്കീ 2:8), ആരുടെ പട്ടണത്തിലേക്കാണ് കാഴ്ചകളും കപ്പവും അവർ കൊണ്ടുവരുന്നത് (സങ്കീ 71 (72) 10; ഏശ 60:47; വെളി 21:24) ആ രാജാവിനോടൊത്തു സമ്പാദ്യങ്ങൾ നേടാൻ തനിക്കു കടമയുണ്ടെന്ന് അവൾക്ക് ഓർമയുണ്ട്. ദൈവജനത്തിന്റെ അലങ്കാരമായ ഈ സാർവത്രികസ്വഭാവം കർത്താവിന്റെ തന്നെ ദാനമാണ്. ഇതുവഴിയാണ് കത്തോലിക്കാസഭ ഫലപ്രദമായ രീതിയിലും ശാശ്വതമായും ശിരസ്സായ മിശിഹായുടെ കീഴിൽ അവന്റെ പരിശുദ്ധാത്മാവിന്റെ ഐക്യത്തിൽ മനുഷ്യകുലം മുഴുവൻ അതിന്റെ സർവനന്മകളോടും കൂടെ പുനഃക്രമവത്കരണം ചെയ്യാൻ പരിശ്രമിക്കുന്നത്.
ഈ സാർവത്രികതയുടെ ശക്തിയാൽ സഭയുടെ ഓരോ ഭാഗവും സ്വന്തം ദാനങ്ങൾ മറ്റുള്ള ഭാഗങ്ങൾക്കും സഭയ്ക്ക് മുഴുവനും വേണ്ടി സമർപ്പിക്കുന്നു. അതുവഴി സഭ മുഴുവനും അതിന്റെ ഓരോ ഭാഗവും പരസ്പരമുള്ള സംശ്ലേഷംവഴിയും ഐക്യത്തിലുള്ള പരിപൂർണത വിഭാവനം ചെയ്യുന്നതുവഴിയും സമ്പന്നമാക്കപ്പെടേണ്ടതിനാണത്. അതിനാൽ, ദൈവജനം വിവിധ ജനതകളിൽ നിന്ന് ഒന്നായി വിളിച്ചുകൂട്ടപ്പെട്ടിരിക്കുന്നുവെന്നു മാത്രമല്ല, അതിനുള്ളിൽത്തന്നെ വിവിധ നിലകളിൽപ്പെട്ടവരെക്കൊണ്ടു സംഘടിപ്പിക്കപ്പെട്ടുമിരിക്കുന്നു. അംഗങ്ങൾ തമ്മിലുള്ള ഈ വൈവിധ്യം സഹോദരരുടെ നന്മയ്ക്കുവേണ്ടി വിശുദ്ധശുശ്രൂഷകളനുഷ്ഠിക്കുന്നവരുടെ കാര്യത്തിലെന്നതുപോലെ, ജീവീതകർത്തവ്യങ്ങൾക്കനുസൃതമായോ കൂടുതൽ കർക്കശമായ രീതിയിൽ വിശുദ്ധിയിലേക്കു ലക്ഷ്യം വച്ചുകൊണ്ട് സഹോദരരെ സന്മാതൃക വഴി ഉത്തേജിപ്പിച്ചുകൊണ്ട് പലരും സന്ന്യാസ ജീവിതം നയിക്കുന്നതുപോലെയുള്ള സാഹചര്യത്തിനും ജീവിതലക്ഷ്യത്തിനുമനുസൃതമായോ നിലനില്ക്കുന്നു. മാത്രമല്ല, തിരുസഭാസമൂഹത്തിൽ നിയമപരമായിത്തന്നെ വ്യക്തി ഗതപാരമ്പര്യങ്ങൾ സ്വന്തമായി അനുഭവിക്കുന്ന വ്യക്തിസഭകളുമുണ്ട്. എന്നാൽ, ഈ സാർവത്രിക സ്നേഹസംസർഗത്തിന് ആദ്ധ്യക്ഷ്യം വഹിക്കുകയും ന്യായമായ വ്യത്യാസങ്ങൾ പരിരക്ഷിക്കുകയും അതേസമയം, പ്രത്യേകതകൾ ഐക്യം ഹനിക്കാതിരിക്കാനും അതിലുപരി, അതു പരിരക്ഷിക്കാനും ശ്രദ്ധചെലുത്തുകയും ചെയ്യുന്ന പത്രോസിന്റെ സിംഹാസനത്തിന്റെ ശ്രേഷ്ഠാധിപത്യത്തോട് ഈ വ്യക്തിസഭകൾ യോജിച്ചിരിക്കണം. മാത്രമല്ല, ആത്മികസമ്പത്തിന്റെയും ശ്ലൈഹികപ്രവർത്തനങ്ങളുടെയും ഭൗതികസത്യത്തിന്റെയും കാര്യങ്ങളിൽ വിവിധസഭാവിഭാഗങ്ങൾ തമ്മിൽ ദൃഢമായ ബന്ധം നിലനില്ക്കുന്നു. കാരണം, ദൈവജനത്തിന്റെ ഓരോ വിഭാഗവും നന്മകൾ പങ്കുവയ്ക്കുന്നതിനുവേണ്ടി വിളി ക്കപ്പെട്ടിരിക്കുന്നു. ഓരോ സഭയ്ക്കും ശ്ലീഹയുടെ വാക്കുകൾ അന്വർത്ഥമാണ്. “ഓരോ വ്യക്തിക്കും തനിക്കു കിട്ടിയ കൃപാവരം ദൈവത്തിന്റെ വൈവിധ്യമാർന്ന കൃപയുടെ ഉത്തമനായ കാര്യസ്ഥനെന്നനിലയിൽ മറ്റുള്ളവർക്കുവേണ്ടി ഉപയോഗിക്കട്ടെ” (1 പത്രോ 4:10).
സാർവത്രികസമാധാനം വളർത്തുന്ന ദൈവജനത്തിന്റെ ഈ കാതോലിക ഐക്യത്തിലേക്കു മനുഷ്യരെല്ലാം വിളിക്കപ്പെട്ടിരിക്കുന്നു. ഇതിലേക്കുതന്നെ കത്തോലിക്കാ വിശ്വാസികളും മിശിഹായിൽ വിശ്വസിക്കുന്ന മറ്റുള്ളവരും ദൈവകൃപയാൽ രക്ഷയിലേക്കു വിളിക്കപ്പെട്ടിരിക്കുന്ന പൊതുജനങ്ങളെല്ലാവരും പല രീതികളിൽ ബന്ധപ്പെട്ടിരിക്കുകയോ നിയോഗിക്കപ്പെട്ടിരിക്കുകയോ ചെയ്യുന്നു.
14 കത്തോലിക്കാ വിശ്വാസികൾ
അതുകൊണ്ട് ഈ പരിശുദ്ധ സൂനഹദോസ് ആദ്യമായി കത്തോലിക്കാവിശ്വാസികളിലേക്കു ശ്രദ്ധതിരിക്കുകയാണ്. വിശുദ്ധലിഖിതങ്ങളെയും പാരമ്പര്യത്തെയും ആസ്പദമാക്കിക്കൊണ്ട്, രക്ഷയ്ക്ക് ഈ തീർത്ഥാടകർ അവശ്യാവശ്യമാണെന്ന് സഭ പഠിപ്പിക്കുകയാണ്. എന്തെന്നാൽ, മദ്ധ്യസ്ഥനും രക്ഷയുടെ മാർഗവും മിശിഹാ ഒരുവൻ മാത്രമാണ്. അവൻ സഭയാകുന്ന തന്റെ ശരീരത്തിൽ നമുക്കു സന്നിഹിതനാകുന്നു. അവൻ വിശ്വാസത്തിന്റെയും മാമ്മോദീസായുടെയും അവശ്യാവശ്യകത വ്യക്തമായ ഭാഷയിൽ ഊന്നിപ്പറയുന്നു (മർക്കോ 16:16; യോഹ 3:5). അതോടൊപ്പം തന്നെ, ഒരു കവാടത്തിൽക്കൂടെയെന്നവണ്ണം, മാമ്മോദീസാവഴി മനുഷ്യർ ഉള്ളിൽ പ്രവേശിക്കുന്ന തിരുസഭയുടെ അവശ്യാവശ്യകതയും ഉറപ്പിച്ചുപറയുന്നു. അതുകൊണ്ട്. കത്തോലിക്കാതിരുസഭ അവശ്യകാര്യമായി ഈശോമിശിഹാ സ്ഥാപിച്ചുവെന്ന് അറിയുകയും അതേസമയം അതിൽ പ്രവേശിക്കാനോ നിലനില്ക്കാനോ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നവർ രക്ഷിക്കപ്പെടുക സാദ്ധ്യമല്ല.
മിശിഹായുടെ ആത്മാവിനെ സ്വീകരിക്കുകയും സഭയുടെ എല്ലാ നിബന്ധനകളും അവളിൽ സ്ഥാപിതമായിരിക്കുന്ന എല്ലാ രക്ഷാമാർഗങ്ങളും സ്വീകരിക്കുകയും മാർപാപ്പയാലും മെത്രാന്മാരാലും ഭരിക്കപ്പെടുന്ന അവളുടെ ദൃശ്യഘടനവഴി മിശിഹായോടു സംയോജിച്ചിരിക്കുകയും അതായത്, വിശ്വാസപ്രഖ്യാപനത്തിന്റെയും കൂദാശകളുടെയും സഭാഭരണസംവിധാനത്തിന്റെയും കൂട്ടായ്മയുടെയും ബന്ധത്താൽ സംയോജിച്ചിരിക്കുകയും ചെയ്യുന്നവരാണ് സഭാസമൂഹത്തിലെ പൂർണാംഗങ്ങൾ. എങ്കിലും, സഭയിലെ അംഗങ്ങളായിരിക്കുകയും സ്നേഹത്തിൽ നിലനില്ക്കാതെ, സഭയുടെ മടിത്തട്ടിൽ ഹൃദയം കൊണ്ടല്ലാതെ 'ശരീരം' കൊണ്ടു മാത്രം സ്ഥിതിചെയ്യുകയും ചെയ്യുന്നവർ രക്ഷപ്രാപിക്കുകയില്ല. തങ്ങളുടെ ഈ സ്ഥാനം സ്വന്തം യോഗ്യതകൊണ്ടല്ല; പ്രത്യുത, മിശിഹായുടെ പ്രത്യേക പ്രസാദവരം കൊണ്ടുള്ളതാണെന്ന വസ്തുത തിരുസഭയുടെ മക്കളെല്ലാം ഓർമിക്കേണ്ടതാണ്. അതിനോട് വിചാരത്താലും വചനത്താലും പ്രവൃത്തിയാലും പ്രത്യുത്തരിക്കാത്തവർ രക്ഷപ്പെടുകയില്ലെന്നു മാത്രമല്ല, കർക്കശമായി വിധിക്കപ്പെടുകയും ചെയ്യും.
പരിശുദ്ധാത്മാവാൽ പ്രേരിതരായി തിരുസഭയിലെ അംഗങ്ങളാകാൻ സ്പഷ്ടമായ ആഗ്രഹത്തോടെ പ്രതീക്ഷിക്കുന്ന മാമ്മോദീസാർത്ഥികൾ, ഈ ആഗ്രഹത്താൽത്തന്നെ തിരുസഭയുമായി സംയോജിച്ചുകഴിഞ്ഞിരിക്കുന്നു. തിരുസഭാമാതാവാകട്ടെ, അവരെ സ്വന്തമായിത്തന്നെ കരുതി വാത്സല്യത്തോടും കരുതലോടുംകൂടെ ആശ്ലേഷിക്കുകയും ചെയ്യുന്നു.
15 സഭയും അകത്തോലിക്കരും
മാമ്മോദീസാ സ്വീകരിച്ച് ക്രിസ്തീയനാമത്താൽ അലംകൃതരായെങ്കിലും വിശ്വാസം സമഗ്രമായി ഏറ്റുപറയാതിരിക്കുകയും അഥവാ, പത്രോസിന്റെ പിൻഗാമിയുടെ കീഴിലുള്ള കൂട്ടായ്മയിൽ ചേരാതിരിക്കുകയും ചെയ്യുന്നവരുമായി തിരുസഭ പല കാരണങ്ങളാലും ബന്ധപ്പെട്ടാണിരിക്കുന്നതെന്ന് അവൾക്കറിവുണ്ട്. കാരണം, വിശുദ്ധലിഖിതങ്ങൾ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും നിയമമായി ആദരപൂർവം പരിഗണിക്കുകയും ആത്മാർത്ഥമായ മതഭക്തിതീക്ഷ്ണത പ്രകടിപ്പിക്കുകയും ചെയ്യുന്ന അനേകരുണ്ട്. സർവശക്തനായ പിതാവായിരിക്കുന്ന ദൈവത്തിലും രക്ഷകനായ ദൈവപുത്രനിലും അവർ സ്നേഹപൂർവം വിശ്വസിക്കുന്നു. '' അവർ മാമ്മോദീസായാൽ മുദ്രിതരാക്കപ്പെടുകയും അതുവഴി മിശിഹായോട് ഒന്നാക്കപ്പെടുകയും ചെയ്യുന്നു. മാത്രമല്ല, മറ്റു കൂദാശകളും അവരവരുടെ സഭകളും അഥവാ സഭാസമൂഹങ്ങളും അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. അവരിൽ പലർക്കും മെത്രാൻഭരണവുമുണ്ട്. അവർ പരിശുദ്ധ കുർബാന അർപ്പിക്കുകയും ദൈവമാതാവായ പരിശുദ്ധ കന്യകയോടുള്ള ഭക്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അവർക്കു പ്രാർത്ഥനകളുടെയും മറ്റ് ആദ്ധ്യാത്മികസമ്പത്തുകളുടെയും അടുത്ത സംസർഗമുണ്ട്. മാത്രമല്ല, പരിശുദ്ധാത്മാവിലുള്ള യഥാർത്ഥമായ ഒരു കൂട്ടായ്മയും അവർക്കുണ്ട്. ഈ പരിശുദ്ധാത്മാവ് ദാനങ്ങളാലും വരങ്ങളാലും തന്റെ വിശുദ്ധീകരണശക്തിവഴി തീർച്ചയായും അവരിൽ പ്രവർത്തനനിരതമാണ്. അവരിൽ പലരെയും രക്തം ചിന്താൻവരെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ, ഈ ആത്മാവ് മിശിഹാനിർണയിച്ചവിധം ഒരു ഇടയന്റെ കീഴിൽ ഒരു അജഗണമായി സമാധാനപൂർവം ഐക്യപ്പെടുന്നതിനുള്ള അഭിലാഷവും പ്രവർത്തനവും മിശിഹായുടെ ശിഷ്യഗണം മുഴുവനിലും ഉണർത്തുകയും ചെയ്യുന്നു. ''ഈ ലക്ഷ്യപ്രാപ്തിക്ക് തിരുസഭാമാതാവ് പ്രാർത്ഥിക്കുന്നതിൽനിന്നും അഭിലഷിക്കുന്നതിൽ നിന്നും പ്രവർത്തിക്കുന്നതിൽനിന്നും വിരമിക്കുന്നില്ല. വിശുദ്ധീകരണത്തിനും നവീകരണത്തിനും വേണ്ടി തന്റെ മക്കളെ ഉപദേശിക്കുകയും ചെയ്യുന്നു. അങ്ങനെ മിശിഹായുടെ അടയാളം തിരുസഭയുടെ മുഖം കൂടുതൽ പ്രകാശമാനമാകുന്നതിനുവേണ്ടിയാണത്.
16 സഭയും അക്രൈസ്തവരും
അവസാനമായി, ഇതുവരെ സുവിശേഷം സ്വീകരിക്കാത്തവർ ദൈവജനത്തോട് വിവിധതരത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ഒന്നാമതായി, ഉടമ്പടികളും വാഗ്ദാനങ്ങളും നല്കപ്പെട്ട ജനം, ജഡപ്രകാരം മിശിഹാ ആരിൽനിന്നു ജന്മം കൊണ്ടുവോ ആ ജനം (റോമാ 9:4,5), പിതാക്കന്മാരെപ്രതിയുള്ള തിരഞ്ഞെടുപ്പുവഴി ദൈവത്തിന് ഏറ്റവും ഇഷ്ടഭാജനമായ ആ ജനം. എന്തുകൊണ്ടെന്നാൽ, ദൈവം തന്റെ ദാനത്തിലും വിളിയിലും വ്യസനിക്കുന്നില്ല (cf. റോമാ 11:28,29). മാത്രമല്ല, പരിത്രാണപദ്ധതി സ്രഷ്ടാവിനെ അംഗീകരിക്കുന്നവരെയെല്ലാംതന്നെ ആശ്ലേഷിക്കുന്നു. അവരിൽ പ്രാധാന്യമർഹിക്കുന്നവർ, അബ്രാഹത്തിന്റെ വിശ്വാസം മുറുകെപ്പിടിക്കുന്നുവെന്ന് ഏറ്റുപറയുകയും കരുണാനിധിയും അന്ത്യദിനത്തിൽ മനുഷ്യരെ വിധിക്കാനിരിക്കുന്നവനുമായ ഏകദൈവത്തെ നമ്മോടൊത്ത് ആരാധിക്കുകയും ചെയ്യുന്ന മുസൽമാന്മാരാണ്. ഛായകളിലും സങ്കല്പങ്ങളിലും അജ്ഞാതദൈവത്തെ അന്വേഷിക്കുന്ന മറ്റുള്ളവരിൽനിന്നുപോലും ദൈവം വിദൂരസ്ഥനല്ല. എല്ലാവർക്കും ജീവനും പ്രചോദനവും സർവവും (അപ്പ 17:25-28) അവിടന്നു നല്കുന്നുണ്ടല്ലോ. എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നാണ് രക്ഷകൻ ആഗ്രഹിക്കുന്നത് (1തിമോ 2:4). അതുകൊണ്ട് മിശിഹായുടെ സുവിശേഷത്തെയും അവിടത്തെ സഭയെയും സ്വന്തം കുറ്റം കൊണ്ടല്ലാതെ അറിയാതിരിക്കുകയും എന്നാൽ, ആത്മാർത്ഥ ഹൃദയത്തോടെ ദൈവത്തെ തേടുകയും അവിടത്തെ ഇഷ്ടം മനസ്സാക്ഷിയുടെ പ്രേരണയ്ക്കനുസൃതമായി പ്രവൃത്തികളാൽ പൂർത്തീകരിക്കുന്നതിന് പ്രസാദവരത്തിന്റെ പ്രചോദനത്താൽ പരിശ്രമിക്കുകയും ചെയ്യുന്നവർക്ക് നിത്യരക്ഷ പ്രാപിക്കാൻ കഴിയും. സ്വന്തം കുറ്റത്താലല്ലാതെ ദൈവത്തെ ഇനിയും സ്പഷ്ടമായി അംഗീകരിക്കാതിരിക്കുകയും ദൈവവരപ്രസാദത്തോടെതന്നെ ശരിയായ ജീവിതം നയിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നവർക്ക് ദൈവപരിപാലനം രക്ഷയ്ക്കാവശ്യകമായ സഹായങ്ങൾ നിഷേധിക്കുകയുമില്ല. നന്മയോ സത്യമായോ അവരിൽ കണ്ടെത്തുന്നവയെല്ലാംതന്നെ സുവിശേഷസ്വീകരണത്തിനുവേണ്ടിയുള്ള ഒരുക്കമായാണ് സഭ കണക്കിലെടുക്കുന്നത്. സകലമനുഷ്യരും കാലത്തികവിൽ ജീവൻ പ്രാപിക്കുന്നതിനുവേണ്ടി അവരെ പ്രകാശിപ്പിക്കുന്നവനാൽ നല്കപ്പെട്ടതായി അവൾ അവയെ കരുതുകയും ചെയ്യുന്നു. എങ്കിലും, പലപ്പോഴും മനുഷ്യർ ദുഷ്ടനാൽ വഞ്ചിതരായി, തങ്ങളുടെ ചിന്തകളിൽ വ്യർത്ഥരായിത്തീർന്ന് ദൈവത്തിന്റെ സത്യം കാപട്യമാക്കി പകർത്തുകയും ദൈവത്തെക്കാൾ സൃഷ്ടികളെ സേവിക്കുകയും (റോമാ 1:21, 25) ഈ ലോകത്തിൽ ദൈവത്തെക്കൂടാതെ ജീവിച്ച്, മരിച്ച്, വലിയ ആശാഭംഗത്തിനു വിധേയരാകുകയും ചെയ്യുന്നു. അതിനാൽ ദൈവമഹത്ത്വത്തിനും അവരുടെയെല്ലാം രക്ഷ ത്വരിതപ്പെടുത്തലിനുംവേണ്ടി “എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ" (മർക്കോ 16:15) എന്ന കർത്താവിന്റെ വാക്കുകൾ തിരുസഭ ഓർമിച്ചുകൊണ്ട് പ്രേഷിതപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ജാഗ്രതയോടെ ശ്രദ്ധിക്കുന്നു.
17 സഭയുടെ പ്രേഷിതസ്വഭാവം
പുത്രൻ പിതാവാൽ അയയ്ക്കപ്പെട്ടിരിക്കുന്നതുപോലെ, പുത്രൻ ശ്ലീഹന്മാരെ അയച്ചുകൊണ്ട് (യോഹ. 20:21) പറഞ്ഞു: “സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ, നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും എന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്നാനപ്പെടുത്തുവിൻ. ഞാൻ നിങ്ങളോടു കല്പിച്ചവയെല്ലാം പാലിക്കാൻ അവരെ പഠിപ്പിക്കുവിൻ. യുഗാന്തംവരെ എല്ലായ്പ്പോഴും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" (മത്താ 28:19-20). ഈ രക്ഷാകരസത്യം പ്രഘോഷിക്കുന്നതിനുള്ള മിശിഹായുടെ ഗൗരവമേറിയ കല്പന ലോകത്തിന്റെ അതിർത്തികൾവരെയും പൂർത്തിയാക്കേണ്ടതിനായി ശ്ലീഹന്മാരിൽനിന്നു സഭ സ്വീകരിച്ചിരിക്കുന്നു (അപ്പ 1:8). അതിനാൽ, “ഞാൻ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്കു ദുരിതം" (1കോറി 9 :16) എന്ന ശ്ലീഹായുടെ വാക്കുകൾ സഭ സ്വന്തമാക്കുന്നു. അതിനാൽ, നവജാതസഭകൾ പൂർണമായി സംസ്ഥാപിതമാകുകയും അവതന്നെ സുവിശേഷവത്കരണജോലി തുടരാറാകുകയും ചെയ്യുന്നതുവരെ പ്രഘോഷകരെ അയയ്ക്കുന്നതിൽനിന്ന് സഭ വിരമിക്കുന്നില്ല. മിശിഹായെ ലോകത്തിനു മുഴുവൻ രക്ഷയുടെ മൂലതത്ത്വമായി സ്ഥാപിച്ച ദൈവപദ്ധതി ഫലപ്രദമായി പൂർത്തീകരിക്കുന്നതിൽ സഹകരിക്കാൻ സഭ അരൂപിയാൽ നിർബന്ധിക്കപ്പെടുന്നു. സുവിശേഷം പ്രഘോഷിച്ചുകൊണ്ട്, സഭ ശ്രോതാക്കളെ വിശ്വാസത്തിലേക്കും വിശ്വാസത്തിന്റെ ഏറ്റുപറച്ചിലിലേക്കും ആകർഷിക്കുകയും മാമ്മോദീസാ സ്വീകരിക്കാൻ ഒരുക്കുകയും ചെയ്യുന്നു. അവരെ തിന്മയുടെ അടിമത്തത്തിൽനിന്ന് പിടിച്ചകറ്റുകയും മിശിഹായോട് ഏക ശരീരമാക്കുകയും ചെയ്യുന്നു. സ്നേഹംകൊണ്ട് അവനിൽ സമ്പൂർണതയോളം വളരാൻവേണ്ടി മനുഷ്യരുടെ മനസ്സിലും ഹൃദയത്തിലും വിവിധ റീത്തുകളിലും ജനപദങ്ങളുടെ സംസ്കാരങ്ങളിലുമുള്ള നന്മയുടെ അങ്കുരങ്ങളൊന്നും തന്നെ നഷ്ടപ്പെടാതിരിക്കാൻ സഭ പ്രവർത്തിക്കുന്നുവെന്നു മാത്രമല്ല, അവയെ ശുദ്ധീകരിക്കുകയും ഉയർത്തുകയും ദൈവമഹത്വത്തിനായും പിശാചിന്റെ ലജ്ജയ്ക്കും മനുഷ്യരുടെ സൗഭാഗ്യത്തിനുമായി പൂർണതയിലെത്തിക്കുകയും ചെയ്യുന്നതിനാണ് സഭ അവളുടെ പ്രവർത്തനങ്ങൾ നടത്തുന്നത്. മിശിഹായുടെ ഓരോ ശിഷ്യനും തന്റെ കഴിവിനൊത്ത് വിശ്വാസം പ്രചരിപ്പിക്കാൻ കടപ്പെട്ടിരിക്കുന്നു. ഏതു വിശ്വാസിക്കും മാമ്മോദീസാ നല്കാൻ അവകാശമുണ്ടെങ്കിലും പരിശുദ്ധ കുർബാനവഴി മിശിഹായുടെ ശരീരം പടുത്തുയർത്താൻ പുരോഹിതനു മാത്രമേ അനുവാദമുള്ളൂ. പ്രവാചകൻവഴി ദൈവം അരുൾ ചെയ്ത വാക്കുകൾ അങ്ങനെ പൂർത്തിയാകുകയാണ്. “സൂര്യോദയം മുതൽ അസ്തമയംവരെ എന്റെ നാമം ജനതകളുടെയിടയിൽ മഹത്ത്വപൂർണമാണ്; എല്ലായിടത്തും എന്റെ നാമത്തിനു ധൂപവും ശുദ്ധമായ ബലികളും അർപ്പിക്കപ്പെടും" (മലാക്കി 1:11). കർത്താവിന്റെ ശരീരവും പരിശുദ്ധാത്മാവിന്റെ ആലയവുമായ ദൈവജനത്തിൽ ലോകം മുഴുവന്റെയും പൂർണത വന്നുചേരാനും സകലരുടെയും ശിരസ്സായ മിശിഹായിൽ, പ്രപഞ്ചസ്രഷ്ടാവും പിതാവുമായവന് ബഹുമാനവും മഹത്ത്വവും നല്കപ്പെടാനും സഭ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.
Translation of Documents : Concilio Vaticano II Enchiridium Vaticanum : A Cura del Centro Dehoniano: Testo Ufficiale: Latino- Italiana 7 th ed Bologna 1968. Translated by : Rev. Fr. Jacob Kattoor ദൈവജനം രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ പുതിയ ഉടമ്പടിയും പുതിയ ജനവും പൊതുപൗരോഹിത്യനിർവഹണം കൂദാശകളിലൂടെ വിശ്വാസാവബോധവും വരദാനങ്ങളും ദൈവജനത്തിൽ പൊതു പൗരോഹിത്യം സഭയും അക്രൈസ്തവരും കത്തോലിക്കാ വിശ്വാസികൾ സഭയും അകത്തോലിക്കരും Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206