x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ദൈവം മനുഷ്യനു സ്വയം വെളിപ്പെടുത്തുന്നു

Authored by : Religious teaching of the Catholic Church On 27-Apr-2023

അധ്യായംരണ്ട്‌

ദൈവം മനുഷ്യനു സ്വയം വെളിപ്പെടുത്തുന്നു

ദൈവത്തിന്റെ പ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ മനുഷ്യന്, തന്റെ സ്വാഭാവിക ബുദ്ധിയുപയോഗിച്ച്‌, ദൈവത്തെ നിസ്സംശയം അറിയാന്‍‍ കഴിയും. എന്നിരുന്നാലും മനുഷ്യന്റെ ധിഷണാശക്തികള്‍‍ക്ക്‌ അപ്രാപ്യമായ മറ്റൊരു വിജ്ഞാനമണ്‍ഡലം ഉണ്ട്‌ - ദൈവികവെളിപാടിന്റെ തലം. ദൈവം തന്റെ പരിപൂര്‍‍ണ സ്വതന്ത്ര തീരുമാനമനുസരിച്ചു മനുഷ്യനു സ്വയം വെളിപ്പെടുത്തുകയും നല്‍‍കുകയും ചെയ്തു. ഇതു സാദ്ധ്യമായതു സര്‍‍വമനുഷ്യരെയും പ്രതി അനാദികാലം മുതല്‍‍ ക്രിസ്തുവില്‍‍ സജ്ജമാക്കിയ കൃപാകരപദ്ധതിയാകുന്ന രഹസ്യത്തിന്റെ വെളിപ്പെടുത്തലിലൂടെയാണ്‌. തന്റെ പ്രിയപുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിനെയും പരിശുദ്ധാത്മാവിനെയും നമ്മുടെ പക്കലേക്ക്‌ അയച്ചുകൊണ്ടാണു ദൈവം ഈ പദ്ധതി പൂര്‍ണമായി വെളിപ്പെടുത്തിയത്‌.

വകുപ്പ്‌ 1

ദൈവാവിഷ്കരണം 

I. ദൈവം തന്റെ “കൃപാകര പദ്ധതി” വെളിപ്പെടുത്തുന്നു     

“ദൈവം തന്റെ നന്‍മയാലും ജ്ഞാനത്താലും സ്വയം വെളിപ്പെടുത്തുവാനും അവിടുത്തെ തിരുമനസ്സിന്റെ നിഗുഢരഹസ്യങ്ങള്‍‍ മനുഷ്യനെ അറിയിക്കുവാനും തിരുവുള്ളമായി. അവതീര്‍ണവചനമായ ക്രിസ്തുവിലൂടെ, പരിശുദ്ധാത്മാവില്‍‍, മനുഷ്യര്‍ക്കു പിതാവിങ്കലേക്കു പ്രവേശനം ലഭിക്കണമെന്നും അങ്ങനെ അവര്‍‍ ദൈവികസ്വഭാവത്തില്‍‍ ഭാഗഭാക്കുകളാകണമെന്നുമായിരുന്നു അവിടുത്തെ തിരുമനസ്സ്‌."

“അനഭിഗമ്യമായ പ്രകാശത്തില്‍‍ വസിക്കുന്ന” ദൈവം സ്വേച്ഛപ്രകാരം സൃഷ്ടിച്ച മനുഷ്യരെ തന്റെ ഏകജാതനില്‍‍ ദത്തുപുത്രന്‍‍മാരാക്കാന്‍‍വേണ്ടി അവര്‍ക്കു തന്റെ ദൈവികജീവന്‍ പകര്‍ന്നുകൊടുക്കാന്‍‍ തിരുമനസ്സാകുന്നു. ഇങ്ങനെ സ്വയം വെളിപ്പെടുത്തുന്നതിലൂടെ ദൈവം അഭിലഷിക്കുന്നത്‌, മനുഷ്യര്‍‍ അവിടുത്തേക്കു പ്രത്യുത്തരം നല്‍കുന്നതിനും, അവരുടെ സ്വാഭാവിക കഴിവിന്‌ അതീതമായി അവിടുത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നതിനും പ്രാപ്തരാകണമെന്നാണ്‌.

വെളിപാടിന്റെ ദൈവികപദ്ധതി സാക്ഷാത്കരിക്കപ്പെടുന്നത്‌ ഒരേസമയം “പരസ്പരം ഗാഢമായി ബന്ധമുള്ളവയും” അന്യോന്യം പ്രകാശിപ്പിക്കുന്നവയുമായ “വാക്കുകളും പ്രവൃത്തികളും വഴിയാണ്‌”. ഇതു ദൈവത്തിന്റെ ഒരു പ്രത്യേക അധ്യാപനരീതിയാണ്‌. പടിപടിയായിട്ടാണു ദൈവം മനുഷ്യനു സ്വയം വെളിപ്പെടുത്തുന്നത്‌. മനുഷ്യാവതാരംചെയ്ത വചനമായ യേശുക്രിസ്തു എന്ന വൃക്തിയിലും അവിടുത്തെ ദൗത്യത്തിലും പരിപൂര്‍‍ണമാകുന്ന പ്രകൃത്യതീത വെളിപാടു സ്വീകരിക്കുവാന്‍‍ ദൈവം മനുഷ്യനെ ഘട്ടം ഘട്ടമായി ഒരുക്കുന്നു.

പരസ്പര പരിചയം വളര്‍‍ത്തുന്ന ദൈവത്തിന്റെയും മനുഷ്യന്റെയും ചിത്രം ഉപയോഗിച്ചുകൊണ്ട് ഈ ദൈവികാധ്യാപനരീതിയെക്കുറിച്ചു ലിയോണ്‍‍സിലെ വി. ഇറനേവൂസ്‌ ആവര്‍‍ത്തിച്ചു പ്രതിപാദിക്കുന്നുണ്ട്‌: ദൈവത്തിന്റെ വചനം മനുഷ്യനില്‍ വസിച്ചു മനുഷ്യപുത്രനായി. പിതാവിന്റെ ഹിതമനുസരിച്ച്‌, ദൈവത്തെ ഗ്രഹിക്കുവാന്‍ മനുഷ്യനെയും, മനുഷ്യനില്‍‍ പരിചിതനാകാന്‍ ദൈവത്തെയും ശീലിപ്പിക്കുവാന്‍‍ വേണ്ടിയായിരുന്നു ഇത്‌.

II. ദൈവാവിഷ്കരണത്തിന്റെ ഘട്ടങ്ങള്‍‍

ആരംഭം മുതല്‍ ദൈവം സ്വയം അറിയിക്കുന്നു

“തന്റെ വചനത്തിലൂടെ സര്‍‍വവും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവം, തന്നെപ്പറ്റിയുള്ള സ്ഥായിയായ സാക്ഷ്യം സൃഷ്ടവസ്തുക്കളിലൂടെ മനുഷ്യനു നല്‍‍കുന്നു. അതിലുപരിയായി, സ്വര്‍‍ഗീയ രക്ഷയ്ക്കുള്ള മാര്‍‍ഗം തുറന്നുകൊടുക്കുവാന്‍ അഭിലഷിച്ചുകൊണ്ട്‌ ആരംഭംമുതലേ നമ്മുടെ ആദിമാതാപിതാക്കള്‍ക്ക്‌ അവിടുന്നു സ്വയം വെളിപ്പെടുത്തി". തന്നോടു ഗാഢബന്ധംപുലര്‍‍ത്തി ജീവിക്കുവാന്‍‍ അവിടുന്ന്‌ അവരെ ക്ഷണിച്ചു; തേജസ്സുറ്റ കൃപാവരവും നീതിയുംകൊണ്ട്‌ അവിടുന്ന്‌ അവരെ അലങ്കരിക്കുകയും ചെയ്തു.

നമ്മുടെ ആദിമാതാപിതാക്കന്‍‍മാരുടെ പാപം ഈ ദൈവാവിഷ്കരണത്തിനു വിരാമം കുറിച്ചില്ല. വാസ്തവത്തില്‍, “അവരുടെ അധ:പതനത്തിനുശേഷം (ദൈവം) അവര്‍ക്കു രക്ഷ വാഗ്ദാനം ചെയ്തുകൊണ്ടു രക്ഷയെക്കുറിച്ചുള്ള പ്രത്യാശ അവരില്‍ ഉണര്‍‍ത്തി. മനുഷ്യവര്‍‍ഗത്തോട്‌ അവിടുന്ന്‌ അവിരാമം താത്പര്യം പ്രദര്‍‍ശിപ്പിക്കുന്നു. ക്ഷമയോടെ സത്പ്രവൃത്തികള്‍‍ ചെയ്തുകൊണ്ടു രക്ഷ അന്വേഷിക്കുന്ന എല്ലാവർ‍ക്കും നിത്യജീവന്‍‍ നല്‍‍കാന്‍ അവിടുന്ന്‌ ആഗ്രഹിക്കുന്നു."

അങ്ങയെ ധിക്കരിച്ചുകൊണ്ട്‌, അങ്ങയോടുള്ള സ്നേഹബന്ധം അവന്‍ വിച്ഛേദിച്ചു കളഞ്ഞപ്പോഴും, മരണത്തിന്റെ ആധിപത്യത്തിന്‌ അങ്ങ്‌ അവനെ വിട്ടുകൊടുത്തില്ല..... വീണ്ടും വീണ്ടും അങ്ങു മനുഷ്യര്‍‍ക്ക്‌ ഉടമ്പടി സമ്മാനിക്കുകയാണു ചെയ്തത്‌.”

നോഹയുമായുള്ള ഉടമ്പടി

പാപംമൂലം മനുഷ്യവര്‍‍ഗത്തിന്റെ ഐക്യം ശിഥിലമായതോടെ ഭാഗംഭാഗമായി മനുഷ്യകുലത്തെ രക്ഷിക്കുവാന്‍‍ ദൈവം തയ്യാറായി. ജലപ്രളയത്തിനുശേഷം നോഹയുമായി ദൈവംസ്ഥിരീകരിച്ച ഉടമ്പടി വ്യത്യസ്ത “ജനപദങ്ങളുടെ" നേര്‍‍ക്കുള്ള ദൈവത്തിന്റെ രക്ഷാപദ്ധതിയെ, അതായത്‌ “സ്വന്തമായ ഭാഷയുടെയും ഗോത്രത്തിന്റെയും അടിസ്ഥാനത്തില്‍ സ്വന്തമായ ദേശങ്ങളില്‍ ഒത്തുചേര്‍ന്നിരിക്കുന്ന മനുഷ്യരാശിയെ സംബന്ധിച്ച രക്ഷാപദ്ധതിയെ സ്പഷ്ടമാക്കുന്നു.”

മനുഷ്യവർഗം അനവധി ജനതകളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഈ അവസ്ഥ സാർവജനീനവും സാമൂഹികവും മതപരവുമാണ്‌. ബാബേലിലെന്നതുപോലെ അധർമത്തില്‍‍ ഏകമനസ്സായി തങ്ങളുടെ ഐക്യം ഉറപ്പിക്കാന്‍‍ വ്യാമോഹിച്ച അധ:പതിച്ച മനുഷ്യവർ‍ഗത്തിന്റെ അഹന്തയ്ക്ക്‌ അറുതിവരുത്താന്‍‍ ഉദ്ദേശിച്ചായിരുന്നു ഇത്‌. എന്നാല്‍ പാപം നിമിത്തം, ജനതകളുടെയും അവരുടെ ഭരണാധികാരികളുടെയും ബഹുദേവതാവിശ്വാസവും വിഗ്രഹാരാധനയും അവയുടെ വഴിപിഴച്ച ആചാരങ്ങളും ഈ നിശ്ചിതപദ്ധതിയെ നിരന്തരം അപകടത്തിലാക്കുന്നു.

നോഹയുമായി ദൈവം നടപ്പാക്കിയ ഉടമ്പടി, വിജാതീയരുടെ കാലത്തുടനീളം സുവിശേഷത്തിന്റെ സാർവത്രിക പ്രഘോഷണഘട്ടംവരെ പ്രാബല്യമുള്ളതാണ്‌. ജനതകളില്‍ത്തന്നെ മഹാവ്യക്തികളായിരുന്ന പലരെയും വി. ഗ്രന്ഥം ആദരിക്കുന്നുണ്ട്‌. ധാർ‍മികനായ ആബേലും ക്രിസ്തുവിന്റെ പ്രതിരൂപമായിരുന്ന രാജപുരോഹിതന്‍‍ മെല്‍‍ക്കിസെദേക്കും ധർ‍മിഷ്ഠരായ “നോഹയും ദാനിയേലും ജോബും” ഇതിനുദാഹരണങ്ങളാണ്‌. "നോഹയുമായുള്ള ഉടമ്പടിയനുസരിച്ചു ജീവിക്കുന്നവർ‍ക്ക്‌, “ചിതറിപ്പോയ ദൈവമക്കളെല്ലാവരെയും ഒരുമിച്ചുചേർ‍ക്കുന്ന”  ക്രിസ്തുവിന്റെ ആഗമനം പ്രതീക്ഷിച്ചു ജീവിക്കുന്നവർക്ക്‌, പ്രാപിക്കാന്‍ കഴിയുന്ന വിശുദ്ധിയുടെ ഔന്നത്യമെന്തെന്ന്‌ അങ്ങനെ തിരുലിഖിതം വെളിപ്പെടുത്തുന്നു.

ദൈവം അബ്രാഹത്തെ തിരഞ്ഞെടുക്കുന്നു

ചിതറിപ്പോയ മനുഷ്യവംശത്തെമുഴുവന്‍ ഒന്നിച്ചുചേർ‍ക്കാനായി ദൈവം അബ്രാമിനെ വിളിച്ചുകൊണ്ടുപറഞ്ഞു: നിന്റെ നാട്ടില്‍നിന്നും ബന്ധുക്കളുടെയിടയില്‍‍ നിന്നും നിന്റെ പിതാവിന്റെ ഭവനത്തില്‍നിന്നും പുറത്തുവരിക. ദൈവം അവനെ അബ്രാഹം അതായത്‌ “ജനതകളുടെ പിതാവ്‌” ആക്കി മാറ്റി; “നിന്നില്‍‍ ഭൂമിയിലെ സർ‍വജനതകളും അനുഗൃഹീതരാകും.”

അബ്രാഹത്തിന്റെ വംശപരമ്പരയില്‍‍ പെട്ടജനങ്ങളായിരിക്കും പൂർ‍വപിതാക്കന്‍‍മാർ‍ക്കു നല്‍‍കപ്പെട്ട വാഗ്ദാനത്തിന്റെ സംവാഹകർ‍; ദൈവമക്കളുടെയെല്ലാം ഭാവിസമൂഹത്തെ സജ്ജമാക്കാന്‍‍ തിരുസഭയുടെ ഐക്യത്തിലേക്കു ദൈവം വിളിച്ച തിരഞ്ഞെടുക്കപ്പെട്ട ജനമാണിവർ‍. വിജാതിയർ വിശ്വാസികളായിത്തീരുമ്പോള്‍ അവരെ ഉള്‍‍ചേർക്കാനുള്ള വേരാണ്‌ ഈ തിരഞ്ഞെടുക്കപ്പെട്ട ജനം.     

സഭയുടെ എല്ലാ ആരാധനക്രമപാരമ്പര്യങ്ങളിലും ഗോത്രപിതാക്കന്‍‍മാരും പ്രവാചകന്‍‍മാരും പഴയനിയമത്തിലെ മറ്റുചില മഹാവ്യക്തികളും വിശുദ്ധരായി സമാദരിക്കപ്പെട്ടിരുന്നു; ഇനി ഭാവിയിലും അങ്ങനെതന്നെ ആയിരിക്കും.

ദൈവം ഇസ്രായേലിനെ സ്വന്തം ജനമായി രൂപപ്പെടുത്തുന്നു

പൂർ‍വപിതാക്കന്‍‍മാരുടെ കാലശേഷം ഇസ്രായേല്യരെ ഈജിപ്തിലെ അടിമത്തത്തില്‍‍നിന്നു മോചിപ്പിച്ചുകൊണ്ട്‌ ദൈവം അവരെ തന്റെ സ്വന്തം ജനമായി രൂപീകരിച്ചു. സീനായ്മലമുകളില്‍‍വച്ച്‌ അവരുമായി അവിടുന്ന്‌ ഉടമ്പടി ഉറപ്പിച്ചു; സജീവനായ ഏകസത്യ ദൈവവും പരിപാലിക്കുന്ന പിതാവും നീതിമാനായ വിധികർ‍ത്താവുമായി ദൈവത്തെ അംഗീകരിച്ച്‌ ആരാധിക്കുന്നതിനുവേണ്ടിയും വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനെ പ്രതീക്ഷിക്കുന്നതിനുവേണ്ടിയും ദൈവം മോശവഴി അവർ‍ക്കു തന്റെ നിയമം നല്‍കി.

ഇസ്രായേല്‍ ദൈവത്തിന്റെ പുരോഹിതജനമാണ്‌; അവരുടെമേല്‍‍ കർ‍ത്താവിന്റെ നാമം വിളിച്ച്‌ അപേക്ഷിക്കപ്പെടുന്നു. അവരോടുതന്നെയാണ്‌ നമ്മുടെ കർ‍ത്താവായ ദൈവം ആദ്യമായി സംസാരിച്ചത്‌. അബ്രാഹത്തിന്റെ വിശ്വാസത്തില്‍‍ “മൂത്തസഹോദരന്‍മാരായ” ജനമാണ്‌ അവർ‍.

ദൈവം പ്രവാചകന്‍‍മാരിലൂടെ രക്ഷയെപ്പറ്റിയുള്ള പ്രത്യാശയില്‍ തന്റെ ജനത്തെ രുപപ്പെടുത്തുന്നു. സർ‍വമനുഷ്യരെയും ഉദ്ദേശിച്ചുള്ള നവീനവും സനാതനവും ഹൃദയത്തിലെഴുതപ്പെടേണ്ടതുമായ ഒരു പുതിയ ഉടമ്പടിയെ കാത്തിരിക്കുന്ന ജനത്തെയാണു ദൈവം ഇങ്ങനെ രൂപപ്പെടുത്തുന്നത്‌. ദൈവജനത്തിന്റെ സമൂലരക്ഷ, അവരുടെ എല്ലാ അവിശ്വസ്തതകളില്‍‍നിന്നുമുള്ള പവിത്രീകരണം, സർ‍വജനതകളെയും ആശ്ലേഷിക്കുന്ന രക്ഷ- ഇതാണു പ്രവാചകന്‍‍മാർ‍ പ്രഘോഷിക്കുന്നത്‌; കർ‍ത്താവിന്റെ വിനീതരും പാവപ്പെട്ടവരും ആയിരിക്കും ഈ പ്രത്യാശനിലനിറുത്തുന്നത്‌. സാറാ, റബേക്കാ, റാഹേല്‍, മിറിയാം, ദെബോറാ, ഹന്നാ, യൂദിത്ത്‌, എസ്തേർ മുതലായവരെപ്പോലുള്ള വിശുദ്ധസ്ത്രീകള്‍‍ ഇസ്രായേലിന്റെ രക്ഷയെപ്പറ്റിയുള്ള പ്രത്യാശ സജീവമായി നിലനിറുത്തിയവരാണ്‌. ഈ പ്രത്യാശയുടെ ഏറ്റവും സംശുദ്ധമായ പ്രതീകമത്രേ മറിയം.

III. യേശുക്രിസ്തു: “എല്ലാ വെളിപാടിന്റെയും മധ്യസ്ഥനും പൂർ‍ണതയും"

ദൈവം തന്റെ വചനത്തില്‍‍ സർവതും സംസാരിച്ചിരിക്കുന്നു   

"പൂർവകാലങ്ങളില്‍ പ്രവാചകന്‍‍മാർ വഴി വിവിധഘട്ടങ്ങളിലും വിവിധരീതികളിലും ദൈവം നമ്മുടെ പിതാക്കന്‍‍മാരോടു സംസാരിച്ചിട്ടുണ്ട്‌. എന്നാല്‍‍ ഈ അവസാനനാളുകളില്‍‍ തന്റെ പുത്രന്‍വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു”. മനുഷ്യനായിത്തീർ‍ന്ന ദൈവപുത്രനായ ക്രിസ്തു പിതാവിന്റെ ഏകവും പരിപൂർണവും അദ്വിതീയവുമായ വചനമാണ്‌. അവനില്‍ ദൈവം സർ‍വതും സംസാരിച്ചിരിക്കുന്നു. ഈ വചനമല്ലാതെ മറ്റൊരു വചനം ഇനി ഉണ്ടാകില്ല. കുരിശിന്റെ വി.യോഹന്നാന്‍‍ മറ്റ് അനേകരെപ്പോലെ ഹെബ്രാ 1:1-2 ആകർഷകമാംവിധം വ്യാഖ്യാനിച്ചതിങ്ങനെയാണ്‌: തന്റെ ഏകനും അനന്യനുമായ പുത്രനെ നമുക്കു നല്‍‍കിക്കൊണ്ട്‌ ദൈവം ഈ ഏകവചനത്തില്‍‍ നമ്മോട് എല്ലാം എന്നേക്കുമായി സംസാരിച്ചിരിക്കുന്നു. ഇനി വേറൊന്നും സംസാരിക്കാന്‍ അവിടുത്തേക്കില്ല..... കാരണം, മുന്‍‍പു പ്രവാചകന്‍മാരോടു പല അംശങ്ങളായി അവന്‍ സംസാരിച്ചവ, ഇപ്പോള്‍ തന്റെ പുത്രനെ പൂർ‍ണമായി നല്‍കിക്കൊണ്ട്‌ നമ്മോടു പൂർ‍ണമായി സംസാരിച്ചിരിക്കുന്നു. അതിനാല്‍‍ ആരെങ്കിലും ദൈവത്തോട്‌ അന്വേഷിക്കുകയോ ഏതെങ്കിലും ദർശനമോ വെളിപാടോ അഭിലഷിക്കുകയോ ചെയ്താല്‍‍, അയാള്‍ വലിയൊരു മൂഢത്തം പ്രവർ‍ത്തിക്കുന്നുവെന്നു മാത്രമല്ല, ദൈവത്തെ അയാള്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; കാരണം, ക്രിസ്തുവില്‍ തന്റെ ദൃഷ്ടികള്‍‍ പൂർ‍ണമായി കേന്ദ്രീകരിക്കാതെ അയാള്‍ മറ്റെന്തെങ്കിലും പുതുമയന്വേഷിച്ചു പോകുന്നു.

ഇനി വേറെ വെളിപാടില്ല

“ക്രൈസ്തവ രക്ഷാപദ്ധതി, നവീനവും അന്തിമവുമായ ഉടമ്പടിയാകയാല്‍‍ ഒരിക്കലും റദ്ദാക്കപ്പെടുകയില്ല; നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്ത്വപൂർണമായ പ്രത്യക്ഷപ്പെടലിനു മുന്‍‍പായി നാം ഇനി ഒരു പരസ്യവെളിപാടും പ്രതീക്ഷിക്കേണ്ടതുമില്ല. വെളിപാടു പരിസമാപ്തിയിലെത്തിയിരുന്നാലും, അതുമുഴുവന്‍‍ പൂർ‍ണമായി ഇനിയും വിശദീകരിക്കപ്പെട്ടിട്ടില്ല. പ്രസ്തുത വെളിപാടിന്റെ പൂർണമായ സാരം ശതാബ്ദങ്ങളിലൂടെ ക്രമശ: ഗ്രഹിക്കുക ക്രൈസ്തവവിശ്വാസത്തിന്റെ ദൗത്യമാണ്‌.

വിവിധ കാലഘട്ടങ്ങളില്‍‍ “സ്വകാര്യവെളിപാടുകള്‍‍ ” എന്നു വിളിക്കപ്പെടുന്നവയുണ്ടായിട്ടുണ്ട്‌. അവയില്‍‍ ചിലതിനു സഭയുടെ അധികാരികളില്‍‍നിന്ന്‌ അംഗീകാരം ലഭിച്ചിട്ടുമുണ്ട്‌; എന്നിരുന്നാലും അവ സഭയുടെ വിശ്വാസനിക്ഷേപത്തിന്റെ ഭാഗമല്ല. പ്രസ്തുത വെളിപാടുകളുടെ ലക്ഷ്യം ക്രിസ്തുവിലൂടെ അന്തിമമായി നല്‍‍കപ്പെട്ട വെളിപാടിനെ “മെച്ചപ്പെടുത്തുകയോ' “പൂർ‍ത്തീകരിക്കുകയോ 'അല്ല; പ്രത്യുത, ചരിത്രത്തിന്റെ ഒരു പ്രത്യേകലഘട്ടത്തില്‍‍ ക്രിസ്തുവിന്റെ വെളിപാടിനനുസൃതമായി, കൂടുതല്‍‍ പൂർ‍ണമായി ജീവിക്കുവാന്‍‍ സഹായിക്കുക എന്നതാണ്‌. അത്തരം സ്വകാര്യ വെളിപാടുകളില്‍‍ ഏതെല്ലാമാണ്‌, ക്രിസ്തുവിന്റെയോ അവിടുത്തെ വിശുദ്ധന്‍‍മാരുടെയോ, സഭയിലേക്കുള്ള യഥാർ‍ഥ ആഹ്വാനം ഉള്‍‍ക്കൊള്ളുന്നതെന്നു വിവേചിച്ചറിഞ്ഞ്‌, അതിനെ സ്വീകരിക്കാന്‍ സഭയുടെ പ്രബോധനാധികാരത്താല്‍‍ നയിക്കപ്പെടുന്ന വിശ്വാസികളുടെ അവബോധ(Sensus fidelium)-ത്തിനു കഴിയും.

ക്രിസ്തുവില്‍‍ പൂർ‍ത്തീകരിക്കപ്പെട്ട ദൈവാവിഷ്‌കരണത്തെ മറികടക്കുന്നതെന്നോ തിരുത്തുന്നതെന്നോ നടിക്കുന്ന “വെളിപാടുകളെ” അംഗീകരിക്കാന്‍‍ ക്രൈസ്തവവിശ്വാസത്തിനു കഴിയുകയില്ല. ചില അക്രൈസ്തവമതങ്ങളും സമീപകാലത്തു രൂപംകൊണ്ട ചില മതവിഭാഗങ്ങളും മേല്‍‍ പ്രസ്താവിച്ചതരത്തിലുള്ള “വെളിപാടുകളെ” ആധാരമാക്കിയുള്ളവയാണ്‌.

സംഗ്രഹം

സ്നേഹംനിമിത്തം ദൈവം സ്വയം വെളിപ്പെടുത്തുകയും മനുഷ്യർക്കു സ്വയം നല്‍കുകയും ചെയ്തു. മനുഷ്യജീവിതത്തിന്റെ അർ‍ഥത്തെയും ലക്ഷ്യത്തെയുംകുറിച്ചു മനുഷ്യന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ അവിടുന്നു ഖണ്ട്ഡിതവും വളരെ തൃപ്തകരവുമായ ഉത്തരം നല്‍കുകയും ചെയ്തു.

ദൈവം മനുഷ്യനു സ്വയം വെളിപ്പെടുത്തിയത്‌, വാക്കുകളും, പ്രവൃത്തികളും വഴി തന്റെ രഹസ്യം പടിപടിയായി അവനെഅറിയിച്ചുകൊണ്ടൊണ്‌.

സൃഷ്ടികളില്‍ക്കൂടി തന്നെപ്പറ്റിത്തന്നെ ദൈവം നല്‍കുന്ന സാക്ഷ്യത്തിനുപുറമേ, നമ്മുടെ ആദിമാതാപിതാക്കന്‍മാർക്ക്‌ അവിടുന്നു സ്വയം വെളിപ്പെടുത്തി. അവിടുന്ന്‌ അവരോട് സംസാരിക്കുകയും അവരുടെ പതനത്തിനുശേഷം അവർക്കു രക്ഷ വാഗ്ദാനം ചെയ്യുകയും(ഉത്പ 3:15) അവർക്കു തന്റെ ഉടമ്പടി നല്‍കുകയും ചെയ്തു.

നോഹയോടും മറ്റു സർവജീവജാലങ്ങളോടുമായി ദൈവം ഒരു സനാതന ഉടമ്പടി സ്ഥാപിച്ചു (cf. ഉത്പ 9:16); ലോകമുള്ളിടത്തോളം കാലം പ്രസ്തുത ഉടമ്പടി നിലനില്‍ക്കും.

ദൈവം അബ്രാഹത്തെ തെരഞ്ഞെടുത്ത്‌, അയാളും അയാളുടെ സന്തതികളുമായി ഒരുടമ്പടിയുണ്ടാക്കി. ഉടമ്പടിയിലൂടെ തന്റെ ജനത്തെ രുപപ്പെടുത്തുകയും മോശവഴി അവർക്കു തന്റെ നിയമം വെളിപ്പെടുത്തുകയും ചെയ്തു. മനുഷ്യവർഗം മുഴുവനുംവേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള രക്ഷ സ്വീകരിക്കുവാന്‍‍ പ്രവാചകന്‍‍മാർ വഴി ദൈവം ആ ജനത്തെ സജ്ജമാക്കി.

സ്വന്തം ഏകജാതനെ അയച്ചുകൊണ്ടു ദെെവം തന്നെത്തന്നെ പൂർണമായി വെളിപ്പെടുത്തി; ഈ പുത്രനില്‍ ദൈവം തന്റെ ഉടമ്പടി എന്നേക്കുമായി ഉറപ്പിക്കുകയും ചെയ്തു; ഈ പുത്രന്‍ പിതാവിന്റെ അന്തിമവചനമാണ്; തന്നിമിത്തം അവനുശേഷം ഇനി വേറൊരു വെളിപാടുണ്ടായിരിക്കുകയില്ല. 

വകുപ്പ്‌ 2

ദൈവിക വെളിപാടിന്റെ കൈമാറ്റം

“എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും, സത്യത്തിന്റെ അറിവിലേക്ക്‌” അതായത്‌, യേശുക്രിസ്തുവിലേക്കു “വരണമെന്നും” ദൈവം “ആഗ്രഹിക്കുന്നു". ഈ വെളിപാടു ഭുമിയുടെ അതിർ‍ത്തികള്‍വരെ എത്തേണ്ടതിനായി  സർവജനതകളോടും വ്യക്തികളോടും ക്രിസ്തു പ്രഘോഷിക്കപ്പെടണം.

സർ‍വജനതകളുടെയും രക്ഷയ്ക്കുവേണ്ടി ദൈവം ലോകത്തിനു നല്‍‍കിയ വെളിപാട് അതിന്റെ സമ്പൂർണതയില്‍‍ എക്കാലവും സംരക്ഷിക്കപ്പെടുന്നതിനും എല്ലാ തലമുറകളിലേക്കും കൈമാറ്റപ്പെടുന്നതിനും വേണ്ട സജ്ജീകരണങ്ങളെല്ലാം ദൈവം കാരുണ്യപൂർവം നടത്തി.

I. അപ്പസ്തോലികപാരമ്പര്യം

“അത്യുന്നതദൈവത്തിന്റെ സർ‍വവെളിപാടിന്റെയും സാക്ഷാത്കാരമായ കർ‍ത്താവായ ക്രിസ്തു സുവിശേഷം പ്രഘോഷിക്കുന്നതിന്‌ അപ്പസ്തോലന്‍മാരോടു കല്‍‍പിച്ചു. ഇത്‌ പ്രവാചകന്‍മാർ മുന്‍‍കൂട്ടി വാഗ്ദാനം ചെയ്തതും അവിടുന്നുതന്നെ പൂർ‍ത്തീകരിച്ചതും സ്വന്തം അധരങ്ങള്‍കൊണ്ട്‌ പ്രഖ്യാപിച്ചതും ആണ്‌. സുവിശേഷം പ്രഘോഷിക്കുന്നതിലൂടെ അവർ‍ ദൈവദാനങ്ങള്‍‍ എല്ലാമനുഷ്യർക്കുമായി പകർ‍ന്നുകൊടുക്കുകയും രക്ഷാകരസത്യം മുഴുവന്റെയും ധാർമികവ്യവസ്ഥയുടെയും ഉറവിടമായി അതിനെ അവതരിപ്പിക്കുകയും ചെയ്യുന്നു."

അപ്പസ്തോലികപ്രഘോഷണം...

കർ‍ത്താവിന്റെ കല്‍പനയനുസരിച്ചു സുവിശേഷപ്രഘോഷണം രണ്ടുതരത്തില്‍ നിർവഹിക്കപ്പെടുന്നു.

- വചികരുപത്തില്‍: “അപ്പസ്തോലന്‍മാർ തങ്ങളുടെ മാതൃക വഴിയും അവർ‍ സ്ഥാപിച്ച സംവിധാനങ്ങള്‍‍ വഴിയും വാചികമായി സുവിശേഷം പകർ‍ന്നുകൊടുത്തു. ക്രിസ്തുവിന്റെ അധരങ്ങളില്‍നിന്ന്‌, അവിടുത്തെ പ്രഭാഷണങ്ങളിലും, പ്രവൃത്തികളിലും നിന്ന്‌, അവർ‍ സ്വീകരിച്ചതും അല്ലെങ്കില്‍‍ പരിശുദ്ധാത്മപ്രചോദനത്താല്‍‍ അവർ‍ ഗ്രഹിച്ചതും ആയകാര്യങ്ങള്‍- അവർ‍ പകർ‍ന്നുകൊടുത്തു."

- ലിഖിതരുപത്തില്‍: “അപ്പസ്‌തോലന്‍‍മാരും അവരോടു ബന്ധപ്പെട്ട മറ്റു വ്യക്തികളും ഒരേ പരിശുദ്ധാത്മാവിന്റെ പ്രചോദനത്തിന്‍‍കീഴില്‍‍ രക്ഷയുടെ സന്ദേശം എഴുതി അറിയിച്ചു."

...അപ്പസ്തോലിക പിന്തുടർച്ചയിലൂടെ തുടരുന്നു   

“സുവിശേഷം സമഗ്രമായും സജീവമായും ഉചിതമായവിധം സഭയില്‍ സംരക്ഷിക്കപ്പെടുന്നതിനുവേണ്ടി അപ്പസ്തോലന്‍മാർ മെത്രാന്‍മാരെ തങ്ങളുടെ പിന്‍‍ഗാമികളായി നിയോഗിച്ചു. 'തങ്ങളുടെതന്നെ പ്രബോധനാധികാരത്തിന്റെ സ്ഥാനം' അവർ‍ക്കുനല്‍‍കി". “നിശ്ചിതമായും, ദൈവനിവേശിതങ്ങളായ വിശുദ്ധഗ്രന്ഥങ്ങളില്‍‍ വിശേഷവിധിയായി സംരക്ഷിക്കപ്പെടുന്ന അപ്പസ്തോലിക പ്രഘോഷണം ഇടമുറിയാതെ ലോകാവസാനംവരെ സംരക്ഷിക്കപ്പെടേണ്ടിയിരുന്നു.”

വിശുദ്ധലിഖിതത്തില്‍‍ നിന്നു വ്യതിരിക്തമെങ്കിലും അതുമായി ഗാഢബന്ധമുള്ളതും പരിശുദ്ധാത്മാവില്‍‍ നിർ‍വഹിക്കപ്പെടുന്നതുമായ സുവിശേഷത്തിന്റെ സജീവമായ ഈ പകർ‍ന്നുകൊടുക്കല്‍‍ പാരമ്പര്യം എന്നറിയപ്പെടുന്നു. പാരമ്പര്യംവഴി, “സഭ താന്‍‍ എന്ത്‌ ആയിരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവോ അതുമുഴുവനും തന്റെ വിശ്വാസപ്രബോധനത്തിലും ജീവിതത്തിലും ആരാധനയിലും സനാതനമാക്കുകയും അവളുടെ എല്ലാതലമുറകള്‍ക്കും കൈമാറുകയും ചെയ്യുന്നു". “വിശുദ്ധ പിതാക്കന്‍‍മാരുടെ പ്രബോധനങ്ങള്‍‍ ഈ പാരമ്പര്യത്തിന്റെ ജീവദായക സാന്നിധ്യത്തിനു സാക്ഷ്യം വഹിക്കുകയും സഭയുടെ ആചാരത്തിലും ജീവിതത്തിലും, അവളുടെ വിശ്വാസത്തിലും പ്രാർഥനയിലും ഈ പാരമ്പര്യസമ്പത്ത്‌ എങ്ങനെ ചൊരിയപ്പെടുന്നുവെന്നു കാണിച്ചുതരുകയും ചെയ്യുന്നു."

ഇങ്ങനെ, പിതാവായ ദൈവം തന്റെ വചനം വഴി പരിശുദ്ധാത്മാവില്‍ നിർ‍വഹിക്കുന്ന ആത്മാവിഷ്കാരം സഭയില്‍ സന്നിഹിതവും കർ‍മോത്സുകവുമായി നിലനില്‍ക്കുന്നു. “പൂർവകാലങ്ങളില്‍ സംസാരിച്ച ദൈവം, തന്റെ പ്രിയപുത്രന്റെ വധുവുമായി അനുസ്യൂതം സംഭാഷണം നടത്തുന്നു. ആരിലൂടെയാണോ സുവിശേഷത്തിന്റെ സജീവശബ്ദം സഭയിലും സഭയിലൂടെ ലോകം മുഴുവനിലും മുഴങ്ങുന്നത്‌, ആ പരിശുദ്ധാത്മാവ്‌ വിശ്വാസികളെ പൂർണസത്യത്തിലേക്ക്‌ ആനയിക്കുകയും ക്രിസ്തുവിന്റെ വചനം അവരില്‍‍ സമൃദ്ധമായി വസിക്കുന്നതിന്‌ ഇടയാക്കുകയും ചെയ്യുന്നു."

II. പാരമ്പര്യവും വിശുദ്ധലിഖിതവും തമ്മിലുള്ള ബന്ധം

ഏകപൊതുഉറവിടം...

“അതിനാല്‍ വിശുദ്ധപാരമ്പര്യവും വിശുദ്ധലിഖിതവുംതമ്മില്‍‍ ഗാഡ്മമായി ബന്ധപ്പെട്ടിരിക്കുകയും സമ്പർ‍ക്കം പുലർ‍ത്തുകയും ചെയ്യുന്നു. ഇവ രണ്ടും ഒരേ ദൈവിക ഉറവയില്‍നിന്നു പ്രവഹിച്ച്‌, ഒരു തരത്തില്‍ ഏകീഭവിക്കുകയും, ഒരേ ലക്ഷ്യത്തിലേക്കു നീങ്ങുകയും ചെയ്യുന്നു". ഇവയിലോരോന്നും “തനിക്കുള്ളവരോടൊത്തു ലോകാവസാനംവരെ” ഉണ്ടായിരിക്കുമെന്നു വാഗ്ദാനംചെയ്ത ക്രിസ്തുവിന്റെ രഹസ്യം സഭയില്‍‍ സന്നിഹിതമാക്കുകയും ഫലപ്രദമാക്കുകയും ചെയ്യുന്നു.

വ്യതിരിക്തങ്ങളായ രണ്ടു കൈമാറ്റരീതികള്‍‍

പരിശുദ്ധാതമാവിന്റെ നിശ്വാസത്താല്‍‍ ലിഖിതരൂപത്തിലാക്കപ്പെട്ട ദൈവത്തിന്റെ സംഭാഷണമാണു വിശുദ്ധ ഗ്രന്ഥം. വിശുദ്ധ പാരമ്പര്യമാകട്ടെ, കർ‍ത്താവായ ക്രിസ്തുവും പരിശുദ്ധാത്മാവും അപ്പസ്തോലന്‍‍‍മാരെ ഭരമേല്‍‍പിച്ചിരുന്ന ദൈവവചനത്തെ സമഗ്രമായി അപ്പസ്തോലന്‍‍മാരുടെ പിന്‍‍ഗാമികള്‍ക്കു കൈമാറുന്നു: അവര്‍ സത്യാത്മാവിന്റെ  പ്രകാശത്താല്‍ നയിക്കപ്പെട്ട്, പ്രഘോഷണത്തിലൂടെ ഈ ദൈവവചനം വിശ്വസ്തതാപൂര്‍വം സംരക്ഷിക്കുന്നതിനും വിശദീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണിത്‌.”

ദൈവികവെളിപാടിന്റെ കൈമാറലും വ്യാഖ്യാനവും ഭരമേറ്റിട്ടുള്ള സഭ വെളിപ്പെടുത്തപ്പെട്ടിട്ടുള്ള “എല്ലാ സത്യങ്ങളെയും കുറിച്ചുള്ള ഉറപ്പു കൈവരിക്കുന്നതു വിശുദ്ധ ഗ്രന്ഥത്തില്‍നിന്നുമാത്രമല്ല. അതിനാല്‍‍ വിശുദ്ധ ഗ്രന്ഥവും പാരമ്പര്യവും സമാനമായ ഭക്തി ബഹുമാനങ്ങളോടെ സ്വീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യേണ്ടതാണ്‌.

അപ്പസ്തോലിക പാരമ്പര്യവും സഭാപാരമ്പര്യങ്ങളും

നമ്മള്‍‍ ഇവിടെ വിവക്ഷിക്കുന്ന പാരമ്പര്യം അപ്പസ്തോലന്‍മാരില്‍നിന്ന് വരുന്നതും, യേശുവിന്റെ പ്രബോധനങ്ങളില്‍നിന്നും മാതൃകയില്‍‍നിന്നും അവർ‍ സ്വീകരിച്ചതും പരിശുദ്ധാത്മാവ്‌ അവരെ പഠിപ്പിച്ചതുമായ കാര്യങ്ങളെ കൈമാറുന്നതുമാണ്‌. ആദ്യതലമുറയിലെ ക്രിസ്ത്യാനികള്‍ക്കു ലിഖിതമായ പുതിയനിയമം ഇല്ലായിരുന്നു; പുതിയനിയമം തന്നെ സജീവപാരമ്പര്യരൂപീകരണപ്രക്രിയയ്ക്കു തെളിവു നല്‍കുന്നു.

പാരമ്പര്യത്തെ കാലക്രമത്തില്‍‍ പ്രാദേശികസഭകളില്‍‍ രൂപംകൊണ്ട വ്യത്യസ്തങ്ങളായ ദൈവശാസ്ത്രപരമോ ശിക്ഷണപരമോ ആരാധനക്രമപരമോ ഭക്തിപരമോ ആയ പാരമ്പര്യങ്ങളില്‍നിന്നു വേർതിരിച്ചു കാണേണ്ടതുണ്ട്‌. സ്ഥലകാലാനുസൃതമായി ആ മഹാപാരമ്പര്യത്തെ അവതരിപ്പിക്കുന്ന പ്രത്യേകരൂപഭാവങ്ങളാണു പ്രസ്തുത 'പാരമ്പര്യങ്ങള്‍ '. ഈ മഹാപാരമ്പര്യത്തിന്റെ വെളിച്ചത്തില്‍‍, സഭയുടെ പ്രബോധനാധികാരത്തിന്റെ മാര്‍ഗദർശനമനുസരിച്ച് ‍ ഈ പാരമ്പര്യങ്ങളെ നിലനിറുത്തുവാനും പരിഷ്കരിക്കുവാനും, വേണ്ടിവന്നാല്‍‍ ഉപേക്ഷിക്കുവാന്‍‍പോലും സാധ്യമാണ്‌.

III. വിശ്വാസനിക്ഷേപത്തിന്റെ വ്യാഖ്യാനം

സഭമുഴുവനെയും ഭരമേല്‍പിച്ച വിശ്വാസനിക്ഷേപം

വിശുദ്ധഗ്രന്ഥവും പാരമ്പര്യവും ഉള്‍ക്കൊള്ളുന്ന “വിശ്വാസ നിക്ഷേപത്തെ” (despositum fidei) അപ്പസ്തോലന്‍‍മാർ സമസ്തസഭയേയുമാണു ഭരമേല്‍പിച്ചിരിക്കുന്നത്‌. “ഈ വിശ്വാസനിക്ഷേപം” മുറുകെപ്പിടിച്ചുകൊണ്ട്‌, വിശുദ്ധജനംമുഴുവനും, തങ്ങളുടെ ഇടയന്‍മാരോടു ചേർന്ന്‌ അപ്പസ്തോലിക പ്രബോധനത്തിലും കൂട്ടായ്മയിലും അപ്പംമുറിക്കല്‍‍ശുശ്രൂഷയിലും പ്രാർഥനകളിലും സദാ വിശ്വസ്തരായിവർത്തിക്കുന്നു. അങ്ങനെ, കൈമാറപ്പെട്ട വിശ്വാസത്തിന്റെ പാലനത്തിലും പരിശീലനത്തിലും പ്രഘോഷണത്തിലും മെത്രാൻമാർക്കും വിശ്വാസികള്‍‍ക്കുമിടയില്‍ നിർ‍ണായകമായ ഒരു യോജിപ്പു സംജാതമാകണം.

സഭയുടെ പ്രബോധനാധികാരം     

"ലിഖിതരുപത്തിലോ പാരമ്പര്യത്തിലോ ഉള്ള ദൈവവചനത്തെ ആധികാരികമായി വ്യാഖ്യാനിക്കുവാനുള്ള ധർ‍മം സഭയുടെ സജീവ പ്രബോധനാധികാരത്തിനു മാത്രമാണു നല്‍കപ്പെട്ടിരിക്കുന്നത്‌. യേശുക്രിസ്തുവിന്റെ നാമത്തിലാണു സഭ ഈ അധികാരം വിനിയോഗിക്കുന്നത്‌". അതായത്‌, റോമാ മെത്രാനായ, പത്രോസിന്റെ പിന്‍ഗാമിയോട്‌ ഐക്യത്തില്‍ വർത്തിക്കുന്ന മ്രെതാന്‍മാരെയാണ്‌ ഈ ചുമതല ഏല്‍പിച്ചിരിക്കുന്നത്‌.

“എന്നാലും സഭയുടെ ഈ പ്രബോധനാധികാരം ദൈവവചനത്തിന്‌ അതീതമല്ല; അതിനു ശുശ്രൂഷ നടത്തുകയാണ്‌ ചെയ്യുന്നത്‌. പരമ്പരാഗതമായി ലഭിച്ചവ മാത്രമാണു സഭ തന്റെ ഓദ്യോഗിക പ്രബോധനത്തിലൂടെ പഠിപ്പിക്കുന്നത്‌. ദിവ്യകല്‍പനയാലും പരിശുദ്ധാത്മാവിന്റെ സഹായത്താലും സഭയുടെ പ്രബോധനാധികാരം ദൈവവചനത്തെ ഭക്തിപൂർ‍വം ശ്രവിക്കുകയും വിശുദ്ധമായി പരിരക്ഷിക്കുകയും വിശ്വസ്തതാപുർവം വിശദീകരിക്കുകയും ചെയ്യുന്നു. ദൈവാവിഷ്കൃതസത്യങ്ങളെന്നു വിശ്വസിക്കേണ്ടതിനായി നിർ‍ദേശിക്കപ്പെടുന്നവയെല്ലാം വിശ്വാസത്തിന്റെ ഈ ഏകനിക്ഷേപത്തില്‍‍നിന്ന്‌ എടുക്കപ്പെടുന്നവയാണ്‌.”

“നിങ്ങളെ ശ്രവിക്കുന്നവന്‍‍ എന്നെ ശ്രവിക്കുന്നു” എന്നു ക്രിസ്തു അപ്പസ്തോലന്‍‍മാരോടു പറഞ്ഞ വാക്കുകളെ അനുസ്മരിച്ചുകൊണ്ട്‌ വിശ്വാസികള്‍‍ തങ്ങളുടെ ഇടയന്‍മാർ വിവിധ രൂപങ്ങളില്‍‍ നല്‍കുന്ന പ്രബോധനങ്ങളും നിർ‍ദ്ദേശങ്ങളും വിധേയത്വത്തോടെ സ്വീകരിക്കുന്നു.

 വിശ്വാസസത്യങ്ങള്‍‍‍

ക്രിസ്തുവില്‍നിന്നു സ്വീകരിച്ച പ്രബോധനാധികാരം സഭ പൂർണമായി വിനിയോഗിക്കുന്നത്‌, വിശ്വാസസത്യങ്ങള്‍ പ്രഖ്യാപിക്കുമ്പോഴാണ്‌. അതായത്‌, ക്രൈസ്തവജനത്തില്‍നിന്ന്‌ വിശ്വാസത്തോടുള്ള ഒരു നിരുപാധിക വിധേയത്വം ആവശ്യപ്പെടുന്ന വിധത്തില്‍ ദൈവാവിഷ്കൃത സത്യങ്ങളെയോ, അവയോട്‌ അവശ്യബന്ധമുള്ള സത്യങ്ങളെയോ സഭ ഖണ്ഡിതമായി അവതരിപ്പിക്കുമ്പോഴാണ്‌.

നമ്മുടെ ആദ്ധ്യാത്മിക ജീവിതവും വിശ്വാസസത്യങ്ങളും തമ്മില്‍ ഒരു ഘടനാത്മക ബന്ധമുണ്ട്‌. നമ്മുടെ വിശ്വാസപാതയിലെ ദീപങ്ങളാണു വിശ്വാസസത്യങ്ങള്‍; അവ ഈ പാതയില്‍ പ്രകാശം ചൊരിയുകയും ഇതിനെ സുരക്ഷിതമാക്കുകയും ചെയ്യുന്നു. മറിച്ച്‌, നമ്മുടെ ജീവിതം ധർമനിഷ്ഠമാണെങ്കില്‍‍, വിശ്വാസസത്യങ്ങളുടെ പ്രകാശം സ്വീകരിക്കുവാനായി നമ്മുടെ ബുദ്ധിയും ഹൃദയവും തുറന്നിരിക്കും. 

വിശ്വാസസത്യങ്ങളുടെ അന്യോന്യബന്ധങ്ങളും സമന്വയവും മിശിഹാരഹസ്യത്തിന്റെ ആവിഷ്‌കരണം മുഴുവനിലും കാണാന്‍ കഴിയും. “ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനത്തോടു വിശ്വാസസത്യങ്ങള്‍ വ്യത്യസ്തതോതില്‍‍ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കത്തോലിക്കാപ്രബോധനത്തില്‍‍ സത്യങ്ങളുടെ ഒരു ക്രമം അഥവാ “ശ്രേണി” (hierarchy) തന്നെ സംജാതമായിരിക്കുന്നു എന്ന്‌ ഓർ‍ക്കേണ്ടതാണ്‌."

വിശ്വാസത്തിന്റെ പ്രകൃത്യതീത അർഥം

ആവിഷ്കൃതസതൃത്തിന്റെ ഗ്രഹണത്തിലും കൈമാറലിലും എല്ലാ ക്രിസ്തീയവിശ്വാസികള്‍ക്കും പങ്കുണ്ട്‌; തങ്ങളെ പഠിപ്പിക്കുകയും സത്യത്തിന്റെ സാകല്യത്തിലേക്ക്‌ നയിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ അഭിഷേകം സ്വീകരിച്ചവരാണവർ‍.

“വിശ്വാസികളുടെ സമുഹമൊന്നാകെ.... വിശ്വസിക്കുന്ന കാര്യത്തില്‍‍ തെറ്റു പറ്റുക സാധ്യമല്ല. ജനം മുഴുവനും, 'മെത്രാന്‍മാർ മുതല്‍ വിശ്വാസികളില്‍ ഏറ്റവും അവസാനത്തെ അത്മായന്‍വരെ', വിശ്വാസത്തെയും ധാർ‍മികനിയമങ്ങളെയും സംബന്ധിക്കുന്ന കാര്യങ്ങളിൽ യോജിപ്പുപുലർത്തുമ്പോള്‍‍ അവരുടെ പ്രകൃത്യതീതമായ വിശ്വാസാവബോധത്തില്‍ (sensus fidei‍) മേല്‍പറഞ്ഞ സവിശേഷത പ്രകടമാകുന്നു.”

“സത്യാത്മാവിനാല്‍ പ്രചോദിപ്പിക്കപ്പെടുകയും നിലനിറുത്തപ്പെടുകയും ചെയ്യുന്ന ഈ വിശ്വാസാവബോധത്തില്‍, വിശുദ്ധമായ പ്രബോധനാധികാരത്താല്‍ നയിക്കപ്പെടുന്ന ദൈവജനം ഒരിക്കല്‍ എന്നേക്കുമായി വിശുദ്ധർ‍‍ക്കു നല്‍‍കപ്പെട്ടിരിക്കുന്ന വിശ്വാസം വീഴ്ചവരാനാവാത്തവിധം മുറുകെ പിടിക്കുന്നു; ശരിയായ വിധിതീർപ്പോടെ ഈ വിശ്വാസത്തിലേക്കു കൂടുതല്‍‍ ആഴത്തില്‍‍ കടന്നുചെല്ലുകയും ദൈനംദിനജീവിതത്തില്‍ അതിനെ കൂടുതല്‍‍ പൂർ‍ണമായി പ്രാവർത്തികമാക്കുകയും ചെയ്യുന്നു." 

വിശ്വാസഗ്രഹണത്തില്‍ വളര്‍‍ച്ച

പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ വിശ്വാസനിക്ഷേപത്തിലെ യാഥാർഥ്യങ്ങളെയും വാക്കുകളെയുംകുറിച്ചുള്ള അറിവില്‍‍ വളർ‍ച്ചയുണ്ടാവുക സഭയുടെ ജീവിതത്തില്‍‍ സാധ്യമാണ്‌:

- "അവയെപ്പറ്റി തങ്ങളുടെ ഹൃദയങ്ങളില്‍‍ ധ്യാനിക്കുന്ന വിശ്വാസികളുടെ വിചിന്തനവും പഠനവും വഴി"; പ്രതേകിച്ചും “ആവിഷ്‌കൃത സത്യത്തെ സംബന്ധിക്കുന്ന അറിവിനെ ആഴപ്പെടുത്തുന്ന ദൈവശാസ്ത്രഗവേഷണം വഴി.”

- “ആധ്യാത്മികകാര്യങ്ങളെ സംബന്ധിച്ച്‌ (വിശ്വാസികള്‍‍ക്ക്‌) അനുഭവവേദ്യമാകുന്ന ആഴമായ അറിവുവഴി" തിരുലിഖിതങ്ങള്‍ “അവ വായിക്കുന്നവനോടൊപ്പം വളരുന്നു."

“മെത്രാന്‍‍സ്ഥാനത്തില്‍ പിന്തുടർച്ചാവകാശത്തോടൊപ്പം, സത്യത്തിന്റെ വരം ലഭിച്ചവരുടെ പ്രഘോഷണംവഴി".

“ദൈവത്തിന്റെ അതീവബുദ്ധിപൂർവകമായ പദ്ധതിയനുസരിച്ച്‌ വിശുദ്ധപാരമ്പര്യവും വിശുദ്ധ്രഗ്രന്ഥവും സഭയുടെ പ്രബോധനാധികാരവും ഒന്നിനെക്കൂടാതെ മറ്റുള്ളവയ്ക്കു നിലനില്‍ക്കാനാവില്ല എന്നനിലയില്‍ പരസ്പരബദ്ധങ്ങളും പരസ്പരസംഘടിതങ്ങളുമാണെന്ന സത്യം സ്പഷ്ടമാണ്‌. ഇവയെല്ലാം ഓരോന്നും അതതിന്റെ രീതിയില്‍ ഒരുമിച്ചു പ്രവർത്തിച്ചുകൊണ്ട്‌ ഒരേ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനു വിധേയമായി ആത്മാക്കളുടെ രക്ഷയ്ക്കു കാര്യക്ഷമമായി സഹായിക്കുന്നു."

സംഗ്രഹം

ക്രിസ്തു അപ്പസ്തോലന്‍മാരെ ഭരമേല്‍പ്പിച്ചതെല്ലാം, പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍, അവർ പ്രസംഗരുപത്തിലും ലിഖിതരുപത്തിലും ക്രസ്തുവിന്റെ മഹത്ത്വപൂർണമായ: പുനരാഗമനംവരെയുളള സർവതലമുറകള്‍ക്കുമായി കൈമാറി.

വിശുദ്ധപാരമ്പര്യവും വിശുദ്ധഗ്രന്ഥവും ചേര്‍ന്ന്‌, ദൈവവചനത്തിന്റ ഏക വിശുദ്ധനിക്ഷേപത്തിന്‌ രൂപംകൊടുക്കുന്നു. (DV 10) ഈ നിക്ഷേപത്തില്‍ തീര്‍ഥാടകയായ സഭ ഒരു കണ്ണാടിയില്‍ എന്നപോലെ തന്റെ എല്ലാ സമ്പത്തുകളുടെയും ഉറവിടമായ ദൈവത്തെ ദര്‍ശിക്കുന്നു.

സഭ താന്‍ എന്തായിരിക്കുന്നുവോ എന്തുവിശ്വസിക്കുന്നുവോ അതെല്ലാം (DV 1) തന്റെ പ്രബോധനം, ജീവിതം, ആരാധന എന്നിവവഴി, ശാശ്വതമാക്കുകയും എല്ലാ തലമുറകളിലേക്കും കൈമാറുകയും ചെയ്യുന്നു.

ദൈവജനം മുഴുവനും അതിന്റെ പ്രകൃത്യതീതമായ വിശ്വാസാവബോധംവഴി ദൈവികവെളിപാടാകുന്ന ദാനം അനവരതം സ്വീകരിക്കുകയും, കൂടുതൽ ആഴത്തിൽ അതിന്റെ അർഥം ഗ്രഹിക്കുകയും കൂടുതൽ പൂർണമായി അതു ജീവിതത്തിൽ പകർത്തുകയും ചെയ്യുന്നു.

ദൈവവചനം സത്യസന്ധമായി വ്യാഖ്യാനിക്കുവാനുള്ള ചുമതല സഭയുടെ പ്രബോധനാധികാരത്തിന്, അതായത്, മാർപാപ്പയ്ക്കും അദ്ദേഹവുമായി ഐക്യത്തിൽ വർത്തിക്കുന്ന മെത്രാൻമാർക്കും മാത്രമാണു നൽകപ്പെട്ടിരിക്കുന്നത്.

ദൈവം മനുഷ്യനു സ്വയം വെളിപ്പെടുത്തുന്നു ദൈവാവിഷ്കരണം  ദൈവം തന്റെ “കൃപാകര പദ്ധതി” വെളിപ്പെടുത്തുന്നു ദൈവാവിഷ്കരണത്തിന്റെ ഘട്ടങ്ങൾ‍ ആരംഭം മുതൽ ദൈവം സ്വയം അറിയിക്കുന്നു നോഹയുമായുള്ള ഉടമ്പടി ദൈവം അബ്രാഹത്തെ തിരഞ്ഞെടുക്കുന്നു ദൈവം ഇസ്രായേലിനെ സ്വന്തം ജനമായി രൂപപ്പെടുത്തുന്നു യേശുക്രിസ്തു: “എല്ലാവെളിപാടിന്റെയും മധ്യസ്ഥനും പൂർ‍ണതയും Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message