We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Pope John XXIII On 02-Jan-2023
ഒന്നാംസെഷൻ: 1962 ഒക്ടോബർ 11
സൂനഹദോസിന്റെ ആഘോഷപൂർവകമായ തുടക്കം കുറിച്ചുകൊണ്ട് പരിശുദ്ധ പിതാവ് ജോൺ 23-ാമൻ ചെയ്ത ഉദ്ഘാടന പ്രസംഗം
വന്ദ്യസഹോദരന്മാരേ,
തിരുസഭാമാതാവ് ഇന്നിതാ ആനന്ദിക്കുന്നു. നാം അത്യന്തം പ്രതീക്ഷിച്ചിരുന്ന ഈ സുദിനം ദൈവപരിപാലനത്തിന്റെ അസാധാരണമായ പ്രവർത്തനത്താൽ ഇതാ ഉദയം ചെയ്തിരിക്കുന്നു. ദൈവമാതാവായ കന്യകയുടെ സംരക്ഷണത്താൽ, മാതാവെന്ന നിലയിൽ അവൾക്കുള്ള മഹത്ത്വം അനുസ്മരിക്കുന്ന ഇന്ന്, ഇവിടെ വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കൽ രണ്ടാം വത്തിക്കാൻ സാർവത്രികസൂനഹദോസ് സാഘോഷം സമാരംഭിക്കുകയാണ്.
സാർവത്രികസൂനഹദോസുകൾ സഭയിൽ
കാലത്തിന്റെ പ്രയാണത്തിൽ നടത്തപ്പെട്ടിട്ടുള്ള എല്ലാ സൂനഹദോസുകളും- ഇരുപതു സാർവത്രിക സൂനഹദോസുകളും ഒട്ടും അവഗണനീയമല്ലാത്ത ദേശീയമോ പ്രാദേശികമോ ആയ അസംഖ്യം സൂനഹദോസുകളും - കത്തോലിക്കാസഭയുടെ ഊർജസ്വലത വ്യക്തമായി തെളിയിക്കുകയും അവളുടെ കാലാനുക്രമചരിതത്തിൽ തിളങ്ങുന്ന പ്രകാശദീപങ്ങളായി എണ്ണപ്പെടുകയും ചെയ്യുന്നു.
ഇപ്പോൾ നിങ്ങളെ അഭിസംബോധന ചെയ്യുന്ന ശ്ലൈഹികപ്രമുഖന്റെ ഈ എളിയ പിൻഗാമി ഈ വലിയ സമ്മേളനം വിളിച്ചുകൂട്ടിയപ്പോൾ ഒരു കാര്യം ലക്ഷ്യം വച്ചിരുന്നു. ഒരിക്കലും കുറവുവരാത്തതും സമയത്തിന്റെ അവസാനംവരെ നിലനില്ക്കുന്നതുമായി സഭയുടെ പ്രബോധനാധികാരം വീണ്ടും ഉറപ്പിച്ചു പ്രഖ്യാപിക്കണമെന്നതായിരുന്നു അത്. ഈ പ്രബോധനാധികാരം, ആധുനികകാലഘട്ടത്തിന്റെ തെറ്റുകളും ആവശ്യങ്ങളും കാര്യങ്ങളുടെ സാഹചര്യങ്ങളും പരിഗണിച്ച്, ഈ സൂനഹദോസുതന്നെ ലോകത്തിലുള്ള എല്ലാ മനുഷ്യരുടെയും മുമ്പിൽ സവിശേഷമായ രീതിയിൽ അവതരിപ്പിക്കാനാണിത്.
അതിനാൽ ഈ സാർവത്രിക സൂനഹദോസ് ഉദ്ഘാടനം ചെയ്തുകൊണ്ട് നിങ്ങളോടു സംസാരിക്കുന്ന മിശിഹായുടെവികാരി ഗതകാലങ്ങളും അവയുടെ ചൈതന്യവത്തും മനസ്സുകളെ സ്ഥൈര്യപ്പെടുത്തുന്നതുമായ ഉദ്ഘോഷണവും ശ്രവിക്കുന്നതിനുവേണ്ടി സകാരണം തിരിഞ്ഞുനോക്കുകയാണ്. പൗരാണികവും ആധുനികവുമായ കാലങ്ങളിൽ ജീവിച്ചിരുന്ന ബഹുമാന്യരായ പരിശുദ്ധ പാപ്പാമാരെ സസന്തോഷം അനുസ്മരിക്കുന്നു. പൗരസ്ത്യനാട്ടിലും പാശ്ചാത്യനാട്ടിലും നാലാം നൂറ്റാണ്ടുമുതൽ മദ്ധ്യയുഗംവരെയും ആധുനികകാലത്തും സമ്മേളിച്ച സൂനഹദോസുകൾ വഴി. ആദരണീയവും ഗൗരവാവഹവുമായ ഈ ദൃശ്യശബ്ദത്തിന്റെ സാക്ഷ്യം തുടർന്നു നല്കിയിട്ടുണ്ട്. ഇവ ഔൽസുക്യത്തോടെ ദൈവികവും മാനുഷികവുമായ ആ സമൂഹത്തിന്റെ, അതായത് ദിവ്യരക്ഷകനിൽനിന്ന് പേരും വരദാനങ്ങളും ശക്തിയും മുഴുവൻ സ്വീകരിച്ച മിശിഹായുടെ സഭയുടെ വിജയം പുകഴ്ത്തിയിട്ടുണ്ട്.
ഇവ ആദ്ധ്യാത്മികാനന്ദത്തിനു കാരണമാണെന്നിരിക്കിലും നീണ്ട പത്തൊമ്പതു നൂറ്റാണ്ടുകളുടെ കാലചംക്രമണത്തിൽ ഈ ചരിത്രത്തിന് അനേകം വേദനകളും ദുരിതങ്ങളും മങ്ങലേല്പിച്ചിട്ടുണ്ടെന്ന കാര്യം നിഷേധിക്കാനാവില്ല. വയോധികനായ ശെമയോൻ ഒരിക്കൽ ഈശോയുടെ അമ്മയായ മറിയത്തോടു പ്രവചനരൂപേണ പറഞ്ഞത് യാഥാർത്ഥ്യമായി അന്നും ഇന്നും നിലകൊള്ളുന്നു: “ഇവൻ ഇസ്രായേലിൽ അനേകരുടെ വീഴ്ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകും. ഇവൻ വിവാദവിഷയമായ അടയാളവുമായിരിക്കും" (ലൂക്കാ 2:34). ഈശോതന്നെ മനുഷ്യർ തനിക്കെതിരായി എങ്ങനെയാണ് പെരുമാറാൻ പോകുന്നതെന്നു വ്യക്തമാക്കിക്കൊണ്ട്, രഹസ്യാത്മകമായ വാക്കുകളിൽ അരുൾ ചെയ്തു: "നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്നെ കേൾക്കുന്നു" (ലൂക്കാ 10:16). മാത്രമല്ല, വിശുദ്ധ ലൂക്കായിൽ നാം വായിക്കുന്നതുപോലെ മേലുദ്ധരിച്ച വാക്കുകൾ പരാമർശിച്ചുകൊണ്ടു പറയുന്നു, “എന്നോടുകൂടെയല്ലാത്തവൻ എനിക്ക് എതിരാണ്, എന്നോടുകൂടെ ശേഖരിക്കാത്തവൻ ചിതറിച്ചുകളയുന്നു" (ലൂക്കാ 11:23).
മനുഷ്യകുലത്തിന് പരിഹരിക്കാനുള്ള ഗൗരവതരമായ കാര്യങ്ങളും പ്രശ്നങ്ങളും, ഇരുപതോളം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും, വ്യത്യാസപ്പെട്ടിട്ടില്ല. എന്നാലും, ഈശോമിശിഹാ എന്നും ചരിത്രത്തിന്റെയും ജീവിതത്തിന്റെയും കേന്ദ്രമായി നിലകൊള്ളുന്നു. മനുഷ്യർ ഒന്നുകിൽ അവനോടും അവന്റെ സഭയോടും ചേർന്നുനില്ക്കുന്നു; അതിനനുസരിച്ച് മനുഷ്യർ വെളിച്ചത്തിന്റെയും സമാധാനത്തിന്റെയും നന്മകൾ ആസ്വദിക്കുന്നു. അഥവാ അവനെക്കൂടാതെ ജീവിക്കുകയോ അവനെതിരായി പ്രവർത്തിക്കുകയോ മനഃപൂർവം സഭയ്ക്ക് പുറത്തു നില്ക്കുകയോ ചെയ്യുന്നു. തന്നിമിത്തം അവരുടെ ഇടയിൽ അസ്വസ്ഥതകൾ ഉടലെടുക്കുകയും പരസ്പരവിദ്വേഷത്തിന്റെ പരിഗണനകൾ ഉളവാകുകയും രക്തദാഹംപൂണ്ട യുദ്ധത്തിന്റെ അപകടം ആസന്നമാകുകയും ചെയ്യുന്നു. മിശിഹായും സഭയും തമ്മിലുള്ള ഈ ബന്ധം, സാർവത്രിക സുനഹദോസുകൾ സമ്മേളിക്കാൻ ഇടയായപ്പോഴെല്ലാം, ഗൗരവാവഹമായ രീതിയിൽത്തന്നെ പ്രഖ്യാപിതമാവുകയും സത്യത്തിന്റെ പ്രകാശം നാനാദിശയിലേക്കും പ്രസരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മനുഷ്യരുടെ കുടുംബബന്ധങ്ങളും സാമൂഹികജീവിതവും ശരിയായ വഴികളിലൂടെ നയിക്കപ്പെടാനും ആദ്ധ്യാത്മികശക്തികൾ ഉണർത്താനും ഉറപ്പിക്കാനും സത്യവും ശാശ്വതവുമായ നന്മകളിലേക്കു മനസ്സുകളെ നിരന്തരം നയിക്കാനും ഇതുമൂലം ഇടയായിട്ടുണ്ട്.
ക്രൈസ്തവയുഗത്തിന്റെ ഈ ഇരുപതു നൂറ്റാണ്ടുകളിലെ വിഭിന്നകാലഘട്ടങ്ങൾ നാം വീക്ഷിക്കുമ്പോൾ സഭയുടെ ഈ പ്രബോധനാധികാരത്തിന്റെ അസാധാരണ സാക്ഷ്യങ്ങൾ, അതായത് സാർവത്രികസൂനഹദോസുകളുടെ സാക്ഷ്യങ്ങൾ, നമ്മുടെ കൺമുമ്പിലുണ്ട്. അതിബൃഹത്തായ പല വാല്യങ്ങൾ നിറയെ ഈ രേഖകൾ അടങ്ങിയിട്ടുണ്ട്. റോമിലെ ശേഖരങ്ങളിലും ലോകം മുഴുവനിലുമുള്ള പ്രസിദ്ധഗ്രന്ഥാലയങ്ങളിലും സൂക്ഷിക്കപ്പെട്ടിട്ടുള്ള ഇവ വിശുദ്ധനിധിയായി വിലമതിക്കപ്പെടേണ്ടവയാണ്.
രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ഉത്ഭവവും അതിന്റെ കാരണവും
ഈ മഹാസംഭവത്തിന്റെ ആരംഭവും നിങ്ങളെ ഇവിടെ വിളിച്ചു കൂട്ടുവാൻ ആഗ്രഹിച്ച കാരണത്തെയും സംബന്ധിച്ച്, എളിയതെങ്കിലും നമുക്കുതന്നെ അനുഭവത്തിൽ നിന്നു തെളിയിക്കാൻ സാധിക്കുന്ന സാക്ഷ്യംമാത്രം മതിയാകും. എന്തെന്നാൽ, ആദ്യമായി തീർത്തും അപ്രതീക്ഷിതമായി ഈ സൂനഹദോസ് എന്ന ആശയം ഉദയം ചെയ്തു. അത് എന്റെ അധരത്തിൽ നിന്ന് പുറത്തുവരുകയും ചെയ്തു. പിന്നീട് 1959 ജനുവരി 25-ാം തീയതി വിശുദ്ധ പൗലോസ് ശ്ലീഹയുടെ മാനസാന്തരത്തിന്റെ തിരുനാളിൽ, വിയാ ഓസ്തിയെൻസിയായിലെ അദ്ദേഹത്തിന്റെ നാമത്തിലുള്ള പാത്രിയാർക്കൽ ബസിലിക്കയിൽവച്ച് കർദിനാൾ തിരുസംഘത്തിന്റെ മുമ്പിൽ സാധാരണരീതിയിൽ നാം അതു പ്രഖ്യാപിച്ചു.
പെട്ടെന്ന് അവിടെ ഉണ്ടായിരുന്നവരുടെ ഹൃദയങ്ങളെ, സ്വർഗ്ഗീയപ്രകാശത്തിന്റെ രശ്മിയാൽ ചലിപ്പിക്കപ്പെട്ടതുപോലെ, അതു സ്പർശിച്ചു. എല്ലാവരുടെയും വദനങ്ങളിലും കണ്ണുകളിലും മധുരമായ അനുഭൂതിയുണ്ടായി; അതോടൊപ്പം ലോകം മുഴുവനും തീവ്രമായ ഉത്സാഹം കത്തിജ്ജ്വലിച്ചു. മനുഷ്യസമൂഹം മുഴുവനും സൂനഹദോസിന്റെ നടത്തിപ്പ് താത്പര്യപൂർവം കാത്തിരിക്കാൻ തുടങ്ങി.
അതിനിടെ, മൂന്നു വർഷം സൂനഹദോസിന്റെ ഒരുക്കത്തിനുവേണ്ടിയുള്ള കാര്യങ്ങൾക്കായി ഭാരിച്ച ജോലി ചെയ്യേണ്ടിവന്നു. ആധുനികകാലത്ത് വിശ്വാസം സംബന്ധിച്ചും മതജീവിതം സംബന്ധിച്ചും ക്രിസ്തീയസമൂഹത്തിന്റെ, പ്രത്യേകിച്ച് കത്തോലിക്കരുടെ ഊർജസ്വലതയും വിലമതിപ്പും എത്രമാത്രമുണ്ടെന്ന് കൂടുതൽ വ്യക്തമായും വിശദമായും അന്വേഷണം നടത്തുക ആവശ്യമായി വന്നു.
ഈ സാർവത്രിക സൂനഹദോസ് ഒരുക്കുന്നതിനുവേണ്ടി വ്യയംചെയ്ത സമയം തീർച്ചയായും സ്വർഗീയകൃപയുടെ പ്രാഥമികമായ ഒരു അടയാളവും ദാനവുമായിരുന്നെന്ന് സകാരണം നമുക്കു തോന്നുകയാണ്.
ഈ സൂനഹദോസിന്റെ വെളിച്ചത്തിൽ പ്രകാശിപ്പിക്കപ്പെട്ട് സഭ ആദ്ധ്യാത്മിക സമ്പത്തുകളാൽ സമ്പുഷ്ടിപ്രാപിക്കുമെന്നും ഇതിൽനിന്ന് പുതിയ കഴിവുകളുടെ ഊർജം സംഭരിച്ചുകൊണ്ട് അവൾ ഭാവികാലങ്ങൾ നിർഭയം പ്രതീക്ഷിച്ചിരിക്കുമെന്നും നാം പ്രത്യാശിക്കുന്നു. കാരണം, സന്ദർഭോചിതമായ നവീകരണങ്ങൾ വരുത്തിക്കൊണ്ടും പരസ്പര സഹായത്തിനുള്ള പ്രവൃത്തികൾ ബുദ്ധിപൂർവം നടപ്പാക്കിക്കൊണ്ടും മനുഷ്യരും കുടുംബങ്ങളും രാജ്യങ്ങളും യഥാർത്ഥത്തിൽ മേല്പറഞ്ഞ കാര്യങ്ങളിലേക്ക് ശ്രദ്ധതിരിക്കാൻ സഭ ഇടയാക്കും.
തന്നിമിത്തം, ഈ സൂനഹദോസിന്റെ നടത്തിപ്പിനെപ്രതി സർവ നന്മകളുടെയും ഉന്നത ദാതാവിന് മനസ്സിന്റെ അഗാധത്തിൽനിന്ന് അങ്ങേയറ്റം നന്ദിപറയാനും യുഗങ്ങളുടെയും ജനപദങ്ങളുടെയും അജയ്യനും അമർത്ത്യനുമായ രാജാവും കർത്താവുമായ മിശിഹായ്ക്ക് ഹർഷപുളകിതമായ സ്തോത്രം പാടാനും നാം കടപ്പെട്ടിരിക്കുന്നു.
സൂനഹദോസ് നടത്താനുള്ള യുക്തമായ സമയം
വന്ദ്യ സഹോദരന്മാരേ, ഇതു മാത്രമല്ല, ഇക്കാര്യത്തിൽ നിങ്ങളുടെ പരിഗണനയ്ക്കു വേണ്ടി വേറൊരു കാര്യംകൂടി നിർദേശിച്ചുകൊള്ളട്ടെ. അതായത്, പരിശുദ്ധമായ സന്തോഷത്തിനു മാറ്റുകൂട്ടുന്ന ഈ സുപ്രധാനമായ മണിക്കൂറിൽ നമ്മുടെ ഹൃദയങ്ങളെ ത്വരിപ്പിക്കുന്ന ഒരു വസ്തുത ഈ വലിയ സദസ്സിന്റെ മുമ്പിൽ നാം അവതരിപ്പിച്ചുകൊള്ളട്ടെ. ഈ സാർവത്രിക സൂനഹദോസ് ആരംഭിക്കുന്നത് സാഹചര്യങ്ങൾക്കു തികച്ചും അനുരൂപമായ ഒരവസരത്തോടനുബന്ധിച്ചാണെന്ന് ഓർമിക്കണം.
പലപ്പോഴും അനുദിന ശ്ലൈഹികജോലിയിൽ നമുക്ക് അഭിമുഖീഭവിക്കുന്നതുപോലെ, നമ്മുടെ കാതുകൾക്ക് അരോചകമായ വാക്കുകൾ നമുക്കു മുമ്പിൽ ഉയർത്തപ്പെടുന്നു. അവർ മതതീക്ഷ്ണതയാൽ ജ്വലിക്കുന്നവരായിരിക്കാം. എങ്കിലും വേണ്ടവിധമുള്ള വകതിരിവോ വിവേകപൂർവകമായ വിധികല്പിക്കലോ കൂടാതെയാണ് അവർ കാര്യങ്ങൾ വിലയിരുത്തുന്നത്. ഇവർക്ക് മനുഷ്യസമൂഹത്തിന്റെ ഇന്നത്തെ സാഹചര്യങ്ങളിൽ തകർച്ചകളും ദുരിതങ്ങളും മാത്രമേ കാണാൻ കഴിയുന്നുള്ളൂ. നമ്മുടെ ആധുനികകാലം ഗതകാലങ്ങളോടു താരതമ്യപ്പെടുത്തിയാൽ തീർത്തും ജീർണമാണെന്ന് അവർ ഉറപ്പിച്ചു പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ അദ്ധ്യാപകനായ ചരിത്രത്തിൽനിന്ന് ഒന്നും പഠിക്കാനില്ലെന്ന രീതിയിലാണ് അവരുടെ പെരുമാറ്റം. കഴിഞ്ഞ സൂനഹദോസുകളുടെ കാലത്ത് ക്രിസ്തീയതത്ത്വങ്ങളെ സംബന്ധിച്ചും ധാർമികനിയമങ്ങൾ സംബന്ധിച്ചും തിരുസഭയുടെ ന്യായമായ സ്വാതന്ത്ര്യം സംബന്ധിച്ചുമെല്ലാം ശുഭകരമായും ശരിയായും പുരോഗമിച്ചിരുന്നാലെന്നവണ്ണമാണിത്.
എല്ലാറ്റിന്റെയും വിനാശം ആസന്നമായിരുന്നാലെന്നപോലെ എപ്പോഴും അനർത്ഥങ്ങൾ മാത്രം പ്രവചിക്കുന്ന ഈ പ്രതിലോമ ദീർഘദർശികളോടു നാം തീർത്തും വിയോജിപ്പ് പ്രകടിപ്പിക്കണമെന്നു പറയേണ്ടിയിരിക്കുന്നു.
മനുഷ്യസംഭവങ്ങളുടെ ഇന്നത്തെ ഗതിയിൽ മാനവസമൂഹം പുതിയൊരു വ്യവസ്ഥിതിയിൽ പ്രവേശിക്കുന്നതായി കാണപ്പെടുന്നു. യുഗങ്ങളുടെ പ്രയാണത്തിൽ മനുഷ്യ പ്രയത്നങ്ങൾ മനുഷ്യരുടെതന്നെ പ്രതീക്ഷകൾക്കതീതമായി അവയുടെ ലക്ഷ്യം പ്രാപിക്കുകയും എല്ലാംതന്നെ, മനുഷ്യരുടെ എതിർപ്പുകൾ പോലും, വരുംതലമുറകളിൽ ദൈവത്തിന്റെ നിഗൂഢമായ പരിപാലനത്താൽ സഭയിൽ നന്മ ഉളവാക്കുകയും ചെയ്യുമെന്ന് അംഗീകരിക്കേണ്ടിയുമിരിക്കുന്നു.
ഇന്നു നിലവിലിരിക്കുന്ന രാഷ്ട്രീയകാര്യങ്ങളിലും സാമ്പത്തികകാര്യങ്ങളിലുമുള്ള പ്രശ്നങ്ങളും വിവേചനങ്ങളും മനസ്സിരുത്തി ചിന്തിച്ചാൽ ഇത് എളുപ്പം മനസ്സിലാകും. ഇവയെപ്പറ്റിയെല്ലാം മനുഷ്യർ വളരെ വ്യഗ്രതയോടെ ചിന്തിക്കുന്നതുകൊണ്ട് അവരുടെ ശ്രദ്ധയും ചിന്തയും അവരെ സഭയുടെ പ്രബോധനാധികാരത്തിന്റെ വിശുദ്ധവും മതപരവുമായ പ്രവർത്തനങ്ങളിൽനിന്ന് അകറ്റിക്കളയുന്നു. ഈദൃശപ്രവർത്തനരീതി തിന്മയിൽനിന്നു വിമുക്തമല്ലെന്നു തീർച്ചയാണ്; അത് അപലപനീയവുമാണ്. ഒരുകാലത്ത് ലോകത്തിന്റെ സന്തതികൾതന്നെ സഭയുടെ സ്വതന്ത്രമായ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ഉപയോഗിച്ചിരുന്ന അസംഖ്യം വിലങ്ങുതടികൾ നിർമാർജനം ചെയ്യുന്നതിന് പുതിയതായി ആവിർഭവിച്ച ഈ പരിതസ്ഥിതികൾ, കാരണമായിട്ടുണ്ടെന്ന കാര്യമെങ്കിലും ആർക്കും നിഷേധിക്കാനാവില്ല. സ്വർണലിപികളിൽ സഭയുടെ പഞ്ചാംഗത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സാർവത്രികസൂനഹദോസുകൾപോലും പലപ്പോഴും ഗുരുതരമായ വൈഷമ്യങ്ങൾക്കും മനോവേദനകൾക്കും കാരണമായിട്ടുണ്ടെന്നത് സഭയുടെ പുരാവൃത്തങ്ങളിൽക്കൂടെ ഒന്നു കണ്ണോടിച്ചാൽ ഉടൻ സുതരാം വ്യക്തമാകുന്ന കാര്യമാണ്. രാഷ്ട്രാധികാരത്തിന്റെ അനാശാസ്യമായ ഇടപെടലിന്റെ മദ്ധ്യേയാണ് അവ നടത്തപ്പെട്ടിരുന്നത്. ഈ ലോകത്തിന്റെ പ്രഭുത്വങ്ങൾ അക്കാലത്തും ആത്മാർത്ഥമായി വിചാരിച്ചിരുന്നത് തങ്ങൾ സഭയുടെ സംരക്ഷണം ഏറ്റെടുക്കുകയാണെന്നായിരുന്നു. എന്നാൽ അത് വലിയ ആദ്ധ്യാത്മികവിനാശവും അപകടവും വരുത്തിവച്ചിട്ടുണ്ട്. അവർ പലപ്പോഴും രാഷ്ട്രീയകാരണങ്ങളാൽ നയിക്കപ്പെടുകയും സ്വന്തം താത്പര്യങ്ങൾക്കായി കൂടുതലും ഉത്സാഹിക്കുകയും ചെയ്തിരുന്നു.
നാം ഇന്ന് കഠിന ദുഖത്തിലാണെന്നു നാം ഏറ്റുപറയുന്നു. നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരായ സഭയിലെ അജപാലകന്മാരിൽ പലരും ഇവിടെ സന്നിഹിതരല്ല. ഒന്നുകിൽ, മിശിഹായിലുള്ള വിശ്വാസംമൂലം അവർ തടവറകളിൽ കഴിയുന്നു. അല്ലെങ്കിൽ, മറ്റുവിധത്തിൽ തടയപ്പെട്ടിരിക്കുന്നു. അവരുടെ ഓർമ നിമിത്തം നമ്മുടെ ഹൃദയം വേദനിക്കുന്നു. അവർക്കുവേണ്ടി ദൈവസമക്ഷം അതിതീക്ഷ്ണമായ പ്രാർത്ഥന നമുക്കു സമർപ്പിക്കാം. എങ്കിലും പ്രതീക്ഷയില്ലാതെയല്ല, വലിയ സമാശ്വാസത്തോടെ ഒരു വസ്തുത നാം അനുസ്മരിക്കുന്നു. തിരുസഭ, കഴിഞ്ഞ യുഗങ്ങളിൽ അനുഭവിച്ച ഇത്രയേറെ ലൗകിക തടസ്സങ്ങളിൽനിന്നെല്ലാം സ്വതന്ത്രമായി, ഈ വത്തിക്കാൻ ആരാധനാലയത്തിൽനിന്ന് ശ്ലീഹന്മാരുടെ വേറൊരു സെഹിയോൻ മാളികയിൽനിന്ന്, നിങ്ങൾവഴി തന്റെ മഹത്ത്വത്തിന്റെയും ശക്തിയുടെയും സ്വരം മുഴക്കാൻ കഴിയുന്നുവെന്ന കാര്യമാണത്.
സൂനഹദോസിന്റെ പ്രധാന കർത്തവ്യം: പ്രബോധനങ്ങൾ സംരക്ഷിക്കുക. പ്രചരിപ്പിക്കുക
വിശുദ്ധ ക്രിസ്തീയ പ്രബോധനങ്ങളുടെ ഭണ്ഡാഗാരം കൂടുതൽ ഫലവത്തായവിധം സംരക്ഷിക്കുകയും അവതരിപ്പിക്കുകയും ചെയ്യുകയാണ് ഈ സൂനഹദോസിന്റെ സർവപ്രധാനലക്ഷ്യം.
ഈ പ്രബോധനങ്ങൾ ശരീരവും മനസ്സും ആത്മാവും ചേർന്ന സമഗ്രമനുഷ്യനെ സ്പർശിക്കുന്നു. ഈ ലോകത്തിലെ അധിവാസികളായ നമ്മെ സ്വർഗമാകുന്ന സ്വന്തം നാട്ടിലേക്ക് പ്രവാസികളെപ്പോലെ നയിക്കുന്നതിൽ സഭ സന്തോഷിക്കുന്നു.
ഭൗമികവും സ്വർഗീയവുമായ നഗരങ്ങളോടു ബന്ധിതരായിരിക്കുന്ന രീതിയിൽ കടമകൾ നിർവഹിച്ചുകൊണ്ട്, ദൈവം നമുക്കു നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യം പ്രാപിക്കാൻ ഏതു ധാർമികരീതിയിലാണ് നാം ഈ ജീവിതം നയിക്കേണ്ടതതെന്ന് ഇതു നമ്മെ കാണിച്ചുതരുന്നു. അതായത്, എല്ലാ മനുഷ്യരും, ഒറ്റയ്ക്കും കൂട്ടായും, പരസ്പരം സംഘടിച്ചും സ്വർഗീയനന്മകൾ തേടാൻ ഈലോകജീവിതകാലം മുഴുവൻ കടപ്പെട്ടിരിക്കുന്നു. ഇതു പ്രാപിക്കുന്നതിനായി അവർ ലൗകികവസ്തുക്കൾ ഉപയോഗിക്കുമ്പോൾ അവയുടെ ഉപയോഗം തങ്ങളുടെ ശാശ്വതമായ സൗഭാഗ്യം അപകടത്തിലാക്കുന്നരീതിയിൽ ആയിരിക്കരുത്.
മിശിഹാകർത്താവുതന്നെ ഇതു തീർത്തുപറഞ്ഞിട്ടുണ്ടെന്നത് തീർച്ചയാണ്: “നിങ്ങളാകട്ടെ, ആദ്യം അവിടത്തെ രാജ്യവും അവിടത്തെ നീതിയും അന്വേഷിക്കുവിൻ" (മത്താ 6:33). “ആദ്യം" എന്ന വാക്കുകൊണ്ടു വ്യക്തമാക്കുന്നത്, കഴിവുള്ളിടത്തോളം നമ്മുടെ ശക്തികളും ചിന്തകളും ഇതിലേക്കു തിരിച്ചുവിടണമെന്നാണ്. എന്നാലും, കർത്താവിന്റെ തുടർന്നുവരുന്ന കല്പന ഒട്ടും അവഗണിക്കാൻ പാടില്ല. “നിങ്ങൾക്കിവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വർഗീയപിതാവ് അറിയുന്നു" (മത്താ 6:32). വാസ്തവത്തിൽ സഭയിൽ എന്നും ഇങ്ങനെ ആയിരുന്നു. ഇപ്പോഴും അങ്ങനെതന്നെ. സുവിശേഷ പൂർണത പ്രാപിക്കാൻ സർവശ്രദ്ധയോടുംകൂടെ പരിശ്രമിക്കുന്നവർ, അതോടൊപ്പം പൗരസംസ്കാരത്തിന്റെ വളർച്ചയ്ക്കുവേണ്ടി സഹകരിക്കുന്നുമുണ്ട്. അവരുടെ ജീവിത മാതൃകവഴിയും ശ്രേയസ്കരമായ പരസ്നേഹപ്രവർത്തനങ്ങൾ വഴിയും മനുഷ്യസമൂഹത്തിൽ ഉൽകൃഷ്ടവും ബഹുമാന്യവുമായവയെല്ലാം വളരെയധികം ശക്തിയും വളർച്ചയും പ്രാപിക്കുന്നു.
ഈ പ്രബോധനങ്ങൾ ഓരോരോ വ്യക്തികളെയും കുടുംബസാഹചര്യങ്ങളെയും സമൂഹജീവിതത്തെയും സംബന്ധിക്കുന്ന എല്ലാ രംഗങ്ങളെയും ചലിപ്പിക്കണമെങ്കിൽ ആദ്യമായി ആവശ്യമുള്ളത്, പിതാക്കന്മാരിൽ നിന്നു സ്വീകരിച്ചിരിക്കുന്ന വിശുദ്ധസത്യങ്ങളുടെ പൈതൃകത്തിൽനിന്ന് കൂടുതലും സഭ ഒരിക്കലും കണ്ണുതിരിച്ചുകളയാതിരിക്കുക എന്നതാണ്. അതോടൊപ്പം തന്നെ, ആധുനികകാലഘട്ടങ്ങളെയും കാണേണ്ടിയിരിക്കുന്നു. പുതിയ സാഹചര്യങ്ങളും പുതിയ ജീവിതരീതികളും ചേർന്നതാണ് ആധുനിക കാലഘട്ടം. പുതിയ കത്തോലിക്കാ പ്രവർത്തനങ്ങൾക്ക് അവ വഴിതുറക്കുകയും ചെയ്തിട്ടുണ്ട്.
ഇക്കാരണത്താൽ, തിരുസഭ മനുഷ്യബുദ്ധിയുടെ സംഭാവനയായി ഇന്നു നിലവിലുള്ള അദ്ഭുതാവഹമായ കണ്ടുപിടിത്തങ്ങളെയും തത്ത്വങ്ങളുടെ വളർച്ചകളെയും അവഗണിച്ചിട്ടില്ല. അവ ശരിയായി വിലമതിക്കുന്നതിൽ പിന്നാക്കം നിന്നിട്ടുമില്ല. പ്രത്യുത, അവയെയെല്ലാം അതീവശ്രദ്ധയോടെ പിന്തുടർന്ന് ആവശ്യമായ മുന്നറിയിപ്പുകൾ മനുഷ്യർക്കു നല്കുന്നതിൽ നിന്നു വിരമിച്ചിട്ടുമില്ല. വസ്തുതകളുടെ ബാഹ്യരൂപത്തിനുപരി സർവബുദ്ധിയുടെയും സൗന്ദര്യത്തിന്റെയും ഉറവിടമായ ദൈവത്തിലേക്ക് കണ്ണുകൾ ഉയർത്തണമെന്നു സഭ നമ്മെ ഓർമിപ്പിക്കുന്നു. “ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴടക്കുവിൻ" (ഉത്പ 1:28) എന്ന കല്പന സ്വീകരിച്ചവർതന്നെ അതിനെക്കാൾ ഗൗരവതരമായ കല്പന, വിസ്മരിച്ചേക്കാം. അതായത്, നിന്റെ ദൈവമായ കർത്താവിനെ ആരാധിക്കണം അവിടത്തെ മാത്രമേ പൂജിക്കാവൂ (മത്താ 4:10, ലൂക്കാ 4:8 ) എന്ന കല്പന. എന്നാൽ കാര്യങ്ങളുടെ കുത്തൊഴുക്കിലും വശീകരണത്തിലുംപെട്ട് ശരിയായ പുരോഗതി തടയപ്പെടാതിരിക്കാനും ശ്രദ്ധിക്കണം.
ഇക്കാലത്ത് പ്രബോധനങ്ങൾ പ്രചരിപ്പിക്കേണ്ട രീതിയെന്ത്?
വന്ദ്യ സഹോദരരേ,
ഇത്രയും പറഞ്ഞതിൽ നിന്ന് പ്രബോധനങ്ങൾ സംബന്ധിച്ച് ഈ സൂനഹദോസ് അനുശാസിക്കുന്ന കാര്യങ്ങൾ വേണ്ടവണ്ണം വ്യക്തമാണ്.
അതായത്, ഇരുപത്തൊന്നാമത്തെ സാർവത്രിക സൂനഹദോസ് വിശുദ്ധമായ ദൈവശാസ്ത്രവിഭാഗങ്ങളുടെ അറിവിലൂടെ പ്രേഷിതജോലി നിർവഹിക്കുന്നതിനും കാര്യങ്ങൾ ക്രമവത്കൃതമായി ചെയ്യുന്നതിനും കഴിവുള്ള വിദഗ്ധരുടെ പ്രായോഗികവും മഹത്തരവുമായ സഹായം ഉപയോഗിച്ചുകൊണ്ട്, കത്തോലിക്കാപ്രബോധനം സമഗ്രമായും ഒട്ടുംകുറവില്ലാതെയും ഒട്ടും കോട്ടം വരുത്താതെയും അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഈ പ്രബോധനം വൈഷമ്യങ്ങളുടെയും എതിർപ്പുകളുടെയും മദ്ധ്യത്തിൽ മനുഷ്യരുടെ പൊതുപൈതൃകമായിത്തീർന്നിട്ടുണ്ട്. ഇത് എല്ലാവർക്കും അഭിമതമായി തോന്നുന്നില്ലെങ്കിലും സന്മനസ്സുള്ളവർക്കായി സ്വരുക്കൂട്ടിയ അമൂല്യനിധിപോലെ അവതരിപ്പിക്കപ്പെടുകയാണ്.
എങ്കിലും ഈ അമൂല്യനിധി ഒരു പുരാവസ്തുവെന്നപോലെ സംരക്ഷിക്കുക മാത്രമല്ല നമ്മുടെ കടമ. പ്രത്യുത, ശ്രദ്ധാപൂർവമായും ഭയലേശം കൂടാതെയും ഈ തലമുറ നമ്മിൽ നിന്നാവശ്യപ്പെടുന്ന ജോലിയിൽ തിരുസഭ ഇരുപതോളം നൂറ്റാണ്ടുകളിൽ ചെയ്തിരുന്നതുപോലെ യാത്ര തുടർന്നുകൊണ്ട്, ഇപ്പോൾ ഉറച്ചുനിൽക്കേണ്ടിയിരിക്കുന്നു.
ചില പ്രധാനപ്പെട്ട സഭാപ്രബോധനങ്ങൾ ചർച്ചചെയ്യുകയോ പിതാക്കന്മാരും പൗരാണികരും ആധുനികരുമായ ദൈവശാസ്ത്രജ്ഞന്മാരും കൈകാര്യം ചെയ്തിട്ടുള്ളവയും നിങ്ങൾക്കു സുജ്ഞാതവും നിങ്ങളുടെ മനസ്സിൽ പതിഞ്ഞുകിടക്കുന്നവയായി നാം മനസ്സിലാക്കുന്നവയുമായ കാര്യങ്ങൾ ആവർത്തിക്കുകയോ അല്ല നമ്മുടെ കർത്തവ്യം.
ഈദൃശചർച്ചകൾ നടത്താൻ ഒരു സാർവത്രിക സൂനഹദോസ് പ്രഖ്യാപിക്കേണ്ടതില്ലായിരുന്നു. തീർച്ചയായും, ഇക്കാലത്ത് ക്രിസ്തീയ പ്രബോധനങ്ങൾ മുഴുവനും, അവയിൽ നിന്ന് ഒന്നും നീക്കിക്കളയാതെ ആധുനികകാലത്തുള്ള നാമെല്ലാവരും സ്വീകരിക്കുകയെന്നത് അവശ്യാവശ്യകമായ കാര്യമാണ്. പുതിയ തീക്ഷ്ണതയോടെ, പ്രസന്നവും പ്രശാന്തവുമായ മനസ്സുകളോടെ, സഭാപാരമ്പര്യങ്ങൾ, പ്രധാനമായും ത്രെന്തോസ് സൂനഹദോസിന്റെയും ഒന്നാം വത്തിക്കാൻ സൂനഹദോസിന്റെയും നടപടികളിൽനിന്നു വ്യക്തമാകുന്നതുപോലെയുള്ള വാക്കുകളിൽ അവതരിപ്പിക്കുന്നത് ആവശ്യമായിരിക്കുന്നു. ക്രിസ്തീയവും കാതോലികവും ശ്ലൈഹികവുമായ എല്ലാ കാര്യങ്ങളിലും ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന എല്ലാവരും ശക്തമായി ആഗ്രഹിക്കുന്നതുപോലെ, അതേ പ്രബോധനങ്ങൾ കൂടുതൽ വിശദമായും അഗാധമായും അറിയണം. കൂടുതൽ ആഴത്തിൽ അവ ആത്മാവിൽ സ്വീകരിക്കപ്പെടുകയും രൂപവത്കരിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. ഉറപ്പുള്ളതും വിശ്വസ്തമായി അനുവർത്തിക്കപ്പെടേണ്ടതും മാറ്റമില്ലാത്തതുമായ ഈ പ്രബോധനങ്ങൾ, നമ്മോടു കാലം ആവശ്യപ്പെടുന്ന രീതിയിൽ, നാം കൂടുതൽ പരിശോധനാവിധേയമാക്കുകയും വിശദീകരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. കാരണം, നമ്മുടെ ആരാധ്യമായ പ്രബോധനങ്ങളുൾക്കൊള്ളുന്ന വിശ്വാസത്തിന്റെ ഭണ്ഡാഗാരങ്ങൾ അഥവാ സത്യങ്ങൾ ഒന്നാണ്. അവതന്നെ അതേ അർത്ഥത്തിൽ, അതേ ചിന്താധാരയിൽ, എന്നാൽ വേറെ രീതിയിൽ പ്രസ്താവിക്കുന്നതു വേറൊരു കാര്യം. ഈ രീതിയിൽത്തന്നെ ഇവ കൂടുതൽ വിശദമായി അവതരിപ്പിക്കാനും വളരെയേറെ ക്ഷമാപൂർവം ആവിഷ്കരിക്കാനമുണ്ട്. അതായത്, പ്രധാനമായും അജപാലനപരമായ സ്വഭാവമുള്ള സഭാപ്രബോധനത്തോട് കൂടുതൽ അനുരൂപമാക്കി, കാര്യങ്ങൾ വിശദീകരിക്കുന്ന രീതി നടപ്പിലാക്കേണ്ടിയിരിക്കുന്നു.
തെറ്റുകൾ നിയന്ത്രണവിധേയമാക്കേണ്ടതെങ്ങനെ?
രണ്ടാം വത്തിക്കാൻ കൗൺസിൽ സമാരംഭിക്കുന്നതുവഴി, മറ്റുവിധത്തിൽ ഒരിക്കലും സാധിക്കാത്തവിധം, കർത്താവിന്റെ സത്യം നിത്യം നിലനില്ക്കുമെന്നു നാം തെളിയിക്കുകയാണ്. കാലഘട്ടങ്ങൾ ഒന്നിനൊന്നു മാറിവരുന്നതിനനുസരിച്ച്, മനുഷ്യരുടെ അഭിപ്രായപ്രകടനങ്ങൾ ഓരോന്ന് ഓരോന്നിനെ പുറന്തള്ളുന്നതായും ഉയർന്നുവരുന്ന അബദ്ധങ്ങൾ സൂര്യൻ മൂടൽ മഞ്ഞിനെയെന്നപോലെ അതിശീഘ്രം അകറ്റിക്കളയുന്നതായും നാം കാണുന്നു.
പഴയതെറ്റുകളെ സഭ എതിർത്തിട്ടുണ്ട്; പലപ്പോഴും ശപിച്ചിട്ടുണ്ട്. അതും അതിരുക്ഷമായ കാഠിന്യത്തോടെതന്നെ. എന്നാൽ ഇക്കാലത്തെ സംബന്ധിച്ചേടത്തോളം മിശിഹായുടെ മണവാട്ടി കാർക്കശ്യത്തിന്റെ ആയുധങ്ങൾ എടുക്കുന്നതിനെക്കാൾ കാരുണ്യത്തിന്റെ ഔഷധം ഉപയോഗിക്കുന്നതിനാണ് ഇഷ്ടപ്പെടുന്നത്. ശപിക്കുന്നതിനെക്കാൾ സ്വന്തം പ്രബോധനങ്ങളുടെ ശക്തി കൂടുതൽ വിശദമാക്കിക്കൊണ്ട് ഇക്കാലത്തിന്റെ ആവശ്യങ്ങൾ പരിഹരിക്കാമെന്ന് അവൾ ചിന്തിക്കുന്നു. നാം മുൻകരുതലോടെ സമീപിക്കുകയും നിർമാർജനം ചെയ്യുകയും ചെയ്യണ്ട തെറ്റായ പ്രബോധനങ്ങളും അഭിപ്രായങ്ങളും അപകടകരങ്ങളായ ആശയങ്ങളുമുണ്ട്. ഇവയെല്ലാം സത്യസന്ധതയുടെ ശരിയായ തത്ത്വങ്ങളോട് പരസ്യമായി മല്ലടിക്കുകയും മാരകമായ ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. അതുവഴി മനുഷ്യർ സ്വയം അവയെ ശപിച്ചുതള്ളിത്തുടങ്ങിയിരിക്കുന്നതായി കാണപ്പെടുന്നു. പ്രത്യേകിച്ച്, ദൈവത്തെയും അവിടത്തെ നിയമങ്ങളെയും മാറ്റിവച്ചിട്ട് സാങ്കേതികകലകളുടെ പുരോഗതിയിൽ അമിതമായ ആശ്രയംവച്ച്, ജീവിതസൗകര്യങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന രീതികളിൽ പ്രകടമായ മാറ്റം ദൃശ്യമാകുന്നുണ്ട്. മനുഷ്യവ്യക്തിത്വത്തിന്റെ മഹത്ത്വവും അതിന്റെ സമുചിതമായ പൂർണതയും വളരെ പ്രധാനപ്പെട്ട വിഷയമാണെന്നും നേടിയെടുക്കാൻ വളരെ പ്രയാസമുള്ളതാണെന്നും അവർക്ക് കൂടുതൽ കൂടുതൽ ബോധ്യമായി വരുന്നു. വളരെ പ്രധാനപ്പെട്ട ഒരു കാര്യം, അവർതന്നെ അനുഭവത്തിൽനിന്നു പഠിച്ചറിഞ്ഞിട്ടുണ്ട്, മറ്റുള്ളവരിൽ പ്രയോഗിക്കുന്ന ബാഹ്യസമ്മർദ്ദമോ ആയുധശക്തിയോ രാഷ്ട്രീയാധിപത്യമോ അവരെ അലട്ടുന്ന ഗൗരവാവഹമായ പ്രശ്നങ്ങൾ സുകരമായി പരിഹരിക്കാൻ ഒട്ടും പര്യാപ്തമല്ലെന്നതാണ് അത്.
ഈ സാഹചര്യത്തിൽ കത്തോലിക്കാസഭ ഈ സാർവത്രികസൂനഹദോസുവഴി മതപരമായ സത്യത്തിന്റെ കൈത്തിരി ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാവരുടെയും വാത്സല്യനിധിയും കരുണാവത്സലയും ക്ഷമാശീലയും തന്നിൽനിന്നു വേർപെട്ട മക്കളോടു കരുണയും നന്മയുമുള്ള അമ്മയുമായി തന്നെത്തന്നെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഒരിക്കൽ പത്രോസ് തന്നോടു ഭിക്ഷ യാചിച്ചവനോടു കരുണതോന്നി പറഞ്ഞതുപോലെ, അനേകം ദുരിതങ്ങളിൽ വലയുന്ന മനുഷ്യകുലത്തോട് അവളും പറയുന്നു: “വെള്ളിയോ സ്വർണമോ എനിക്കില്ല. എനിക്കുള്ളതു നിനക്കു ഞാൻ തരുന്നു. നസ്രായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ എഴുന്നേറ്റു നടക്കുക" (അപ്പ് 3:6 ). അതായത്, ആധുനികമനുഷ്യർക്ക് സഭ നശ്വരമായ സമ്പത്തുകൾ വാഗ്ദാനം ചെയ്യുന്നില്ല; ഭൗമിക സൗഭാഗ്യം വച്ചുനീട്ടുന്നുമില്ല; പ്രത്യുത, സ്വർഗീയവരങ്ങളുടെ ദാനങ്ങൾ പകർന്നു കൊടുക്കുന്നു. അവ മനുഷ്യരെ ദൈവമക്കളുടെ മഹത്ത്വത്തിലേക്ക് ഉയർത്തുകയും അവരുടെ ജീവിതം കൂടുതൽ മനുഷ്യത്വമുള്ളതാക്കിത്തീർക്കുന്നതിനുള്ള ശക്തമായ സംരക്ഷണവും സഹായവും നല്കുകയും ചെയ്യുന്നു. തങ്ങൾ തന്നെ യഥാർത്ഥത്തിൽ എന്താണെന്നും ഏതു മഹത്ത്വത്തിലാണു പൂർണത പ്രാപിക്കേണ്ടതെന്നും ഏതു ലക്ഷ്യത്തെയാണ് അനുഗമനം ചെയ്യേണ്ടതെന്നും മിശിഹായുടെ വെളിച്ചത്തിൽ പ്രകാശിതമായി മനുഷ്യർ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കഴിയത്തക്കവിധം സഭ തന്റെ ഫലദായകമായ പ്രബോധനത്തിന്റെ ഭണ്ഡാഗാരങ്ങൾ തുറക്കുന്നു. അവളുടെ മക്കൾവഴി എല്ലായിടത്തും ക്രിസ്തീയസ്നേഹത്തിന്റെ ചക്രവാളങ്ങൾ വികസിക്കുന്നു. ഭിന്നതകളുടെ മുകുളങ്ങൾ ദൂരീകരിക്കാൻ ഇതിനെക്കാൾ കൂടുതൽ അനുരൂപമായ മറ്റൊന്നില്ല. ഐകമത്യവും നീതിപൂർവകമായ സമാധാനവും സഹോദരനിർവിശേഷമായ ഐക്യവും ഉളവാക്കാൻ ഇതിൽക്കൂടുതൽ ഫലപ്രദമായി വേറൊന്നില്ല.
ക്രിസ്തീയസമൂഹത്തിലും മനുഷ്യകുടുംബത്തിലും ഐക്യം വളർത്തണം
സത്യം പ്രചരിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള സഭയുടെ ഈ ദൃശ്യമായ അഭിനിവേശം ഉദ്ഭൂതമാക്കുന്നത് ദൈവികനിർദേശമനുസരിച്ച് തന്നെയാണ്. “എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യത്തിന്റെ അറിവിലേക്ക് എത്തിപ്പെടണമെന്നുമാണ് അവിടുന്ന് ആഗ്രഹിക്കുന്നത്" (1തിമോ 2:4). വെളിപ്പെടുത്തപ്പെട്ട പ്രബോധനങ്ങളുടെ സഹായത്താൽ സമ്പന്നരാകാതെ മനുഷ്യർ സമ്പൂർണവും സ്ഥിരവുമായ മാനസിക ഐക്യത്തിൽ എത്തിച്ചേരുകയില്ല. യഥാർത്ഥമായ സമാധാനത്തിലേക്കും നിത്യരക്ഷയിലേക്കും അവർ ആ പ്രബോധനങ്ങൾ വഴി പ്രവേശിക്കുന്നു.
സത്യത്തിലൂടെ ദൃശ്യമായ ഈ ഐക്യത്തിലേക്ക് ക്രിസ്തീയസമൂഹം മുഴുവനായും പൂർണമായും എത്തിച്ചേർന്നിട്ടില്ലെന്ന കാര്യം ഒരു ദുഃഖസത്യമാണ്. അതുകൊണ്ട് അതിന്റെ ഐക്യത്തിന്റെ വലിയ രഹസ്യം പൂർത്തിയാക്കാൻ വേണ്ടി ശ്രദ്ധാപൂർവം പരിശ്രമിക്കുന്നത് തന്റെ ഔദ്യോഗിക ചുമതലയായി സഭ ഏറ്റെടുക്കുന്നു. മിശിഹാകർത്താവ് തന്റെ ബലിയർപ്പണം സമീപിച്ചപ്പോൾ സ്വർഗീയപിതാവിനോട് അതിതീക്ഷ്ണമായ പ്രാർത്ഥനയിൽ ഇതിനുവേണ്ടി യാചിച്ചു. അതുകൊണ്ട് സഭ മധുരോദാരമായ സമാധാനം അനുഭവിക്കുന്നു. മിശിഹായുടെ ഈ പ്രാർത്ഥനയോട് താൻ ഗാഢമായി സംയോജിച്ചിരിക്കുന്നുവെന്ന് അവൾക്കറിയാമെന്നതുകൊണ്ടാണത്. മാത്രമല്ല. ഈ പ്രാർത്ഥന അവളുടെ വേലിക്കെട്ടിനു പുറത്തു ജീവിക്കുന്നവരുടെയിടയിലും രക്ഷാകരവും സമൃദ്ധവുമായ ഫലങ്ങൾ വർധിപ്പിക്കുന്നുവെന്നറിയുന്നതുകൊണ്ട് അവൾ ആത്മാർത്ഥ ഹൃദയത്തോടെ ആനന്ദിക്കുകയും ചെയ്യുന്നു. കാരണം, നാം ഇക്കാര്യം വ്യക്തമായി പരിശോധിക്കുമ്പോൾ, ഈശോ തന്റെ സഭയ്ക്കു നല്കിയ ഈ ഐക്യം തന്നെ സ്വർഗീയവും രക്ഷാകരവുമായ ത്രിവിധവെളിച്ചത്തിന്റെ രശ്മിയോടൊത്ത് മിന്നിത്തെളിയുന്നുവെന്നു കാണാം. അവയോട് ഒത്തുപോകുന്നതാണ് കത്തോലിക്കർ തമ്മിൽത്തമ്മിലുള്ള ഐക്യം. ഈ ഐക്യം ഉറപ്പോടും തിളങ്ങുന്ന മാതൃകയോടുംകൂടെ പാലിക്കേണ്ടിയിരിക്കുന്നു. ഭക്തിപൂർവകമായ പ്രാർത്ഥനയിലും തീഷ്ണതാപൂർവകമായ അഭിലാഷത്തിലും പ്രകടമാകുന്ന ഐക്യമാണു രണ്ടാമത്തേത്. ഈ ശ്ലൈഹികസിംഹാസനത്തിൽനിന്നു വേർപെട്ടുപോയ ക്രിസ്ത്യാനികൾ നമ്മോട് ഒന്നാകുന്നതിനുവേണ്ടി പ്രകടിപ്പിക്കുന്നതാണത്. ഇനിയും ക്രിസ്തീയമായിട്ടില്ലാത്ത മതരൂപങ്ങളിൽ വിശ്വസിക്കുന്നവർക്ക് കത്തോലിക്കാസഭയോട് മതിപ്പും ബഹുമാനവും വഴിയുള്ള ഐക്യമാണു മൂന്നാമത്തേത്.
പിറന്നുവീഴുന്ന മനുഷ്യരെല്ലാം മിശിഹായുടെ രക്തത്താൽ രക്ഷിക്കപ്പെട്ടവരാണെങ്കിലും യഥാർത്ഥത്തിൽ മനുഷ്യകുലത്തിന്റെ വലിയൊരുഭാഗം കത്തോലിക്കാസഭയിലുള്ള സ്വർഗീയവരങ്ങളുടെ ഭണ്ഡാഗാരത്തിൽ പങ്കുപറ്റാത്തവരായുണ്ട് എന്നതും ഖേദകരമായ വസ്തുതയാണ്. തന്മൂലം, എല്ലാവരെയും തന്റെ വെളിച്ചത്താൽ പ്രകാശിപ്പിക്കുകയും തന്റെ സ്വർഗീയ ഐക്യത്തിന്റെ ശക്തിയാൽ മനുഷ്യകുലം മുഴുവന്റെയും പുരോഗമനം സാധ്യമാക്കുകയും ചെയ്യുന്ന കത്തോലിക്കാസഭ വിശുദ്ധ സിപ്രിയാന്റെ സുപ്രസിദ്ധമായ ഉദീരണത്തോടു യോജിക്കുന്നു. “തിരുസഭ കർത്താവിന്റെ പ്രകാശത്താൽ നിറഞ്ഞ് ലോകം മുഴുവൻ തന്റെ രശ്മികൾ പ്രസരിപ്പിക്കുന്നു. എങ്ങും പ്രസരിപ്പിക്കപ്പെടുന്ന പ്രകാശം ഒന്നു മാത്രമാണെങ്കിലും ശരീരത്തിന്റെ ഏകത്വം വിഭജിക്കപ്പെടുന്നില്ല. തന്റെ ശാഖകൾ ലോകം മുഴുവനിലും ഫലസമൃദ്ധി വ്യാപിപ്പിക്കുന്നു. കൂടുതൽ പടർന്ന്, കൂടുതൽ വിശാലമായി തന്റെ നീർച്ചാലുകൾ നിറഞ്ഞൊഴുകുന്നു. എങ്കിലും ശിരസ്സ് ഒന്നുമാത്രം, ആരംഭം ഒന്ന്; സമൃദ്ധമായ ഫലസമൃദ്ധിയുടെ മാതാവും ഒന്ന്. അവളുടെ മക്കളായി നാം ജനിക്കുന്നു. അവളുടെ സ്തന്യം പാനംചെയ്തു വളരുന്നു; അവളുടെ ചൈതന്യംവഴി ജീവൻ നേടുന്നു.
വന്ദ്യ സഹോദരന്മാരേ,
ഈ രണ്ടാം വത്തിക്കാൻ സൂനഹദോസുവഴി നാം ലക്ഷ്യം വയ്ക്കുന്നത് പ്രധാനമായും സഭയുടെ ശക്തികൾ മുഴുവൻ ഒന്നായി സംഘടിപ്പിക്കുന്നതിനും മനുഷ്യകുലം മുഴുവൻ രക്ഷയുടെ സന്ദേശം സസന്തോഷം അനുഭവിക്കത്തക്കവിധം താത്പര്യപൂർവം പരിശ്രമിക്കുന്നതിനും മനുഷ്യകുലത്തിന്റെ ഐക്യം സാധിച്ചെടുക്കുന്നതിനുവേണ്ടിയുള്ള വഴിതെളിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനുമാണ്. ഈ ഭൗമികനഗരം സ്വർഗീയനഗരത്തോടുള്ള സാദൃശ്യത്തിൽ പടുത്തുയർത്തുന്നതിനാവശ്യമായ അടിസ്ഥാനമാണത്. “അതിന്റെ രാജാവ് സത്യവും നിയമം സ്നേഹവും അതിന്റെ പരിധി നിത്യത്വമവുമാണ്".
ഉപസംഹാരം
ഇന്നിപ്പോൾ “ഞങ്ങൾ നിങ്ങളോട് ഏറെ തുറന്നു സംസാരിക്കുന്നു" (2കോറി 6:11). മെത്രാൻസ്ഥാനത്തിൽ, വന്ദ്യസഹോദരന്മാരേ, ഈ വത്തിക്കാൻ ബസിലിക്കയിൽ നാം ഒന്നിച്ചുകൂടിയിരിക്കുന്നു. ഇവിടം സഭാചരിത്രത്തിന്റെ ചുഴിക്കുറ്റി ചുറ്റിത്തിരിയുന്ന സ്ഥലമാണ്. ഇവിടെ ഇതാ സ്വർഗവും ഭൂമിയും തമ്മിൽ അടുത്ത ഉടമ്പടിയിൽ ബന്ധിതമാകുന്നു. ഇവിടെ വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കലേക്ക്, നമ്മിൽനിന്നു പിരിഞ്ഞുപോയ അസംഖ്യം പൂർവികരുടെ കുഴിമാടങ്ങളുടെ കൂട്ടത്തിലേക്ക്, നാം വന്നെത്തിയിരിക്കുന്നു. ഈ ആഘോഷപൂർവകമായ മണിക്കൂറിൽ അവരുടെ ഭസ്മധൂളികൾ നിഗൂഢ ശബ്ദകോലാഹലത്താൽ തുള്ളിച്ചാടുന്നതായിത്തോന്നുന്നു.
ഇന്നു സമാരംഭിക്കുന്ന സൂനഹദോസ്, സഭയിൽ പ്രഭാതംപോലെ മനോഹരമായ പ്രകാശത്തോടെ പ്രശോഭിക്കുന്നു. ഇപ്പോൾ പ്രഭാതം പൊട്ടിവിടരുന്നതേയുള്ളൂ. ഉദയസൂര്യന്റെ പ്രഥമകിരണങ്ങൾ എത്രമധുരമായാണ് നമ്മുടെ ഹൃദയങ്ങളെ പുളകിതമാക്കുന്നത്. ഇവിടെയെല്ലാം വിശുദ്ധി വിതറുകയാണ്; ആനന്ദം ഉയർത്തുകയാണ്. നക്ഷത്രങ്ങൾ പ്രകാശം പരത്തി ഈ ദേവാലയത്തിന്റെ മഹത്ത്വത്തിനു മാറ്റുകൂട്ടുകയാണെന്നു നാം കരുതുന്നു. യോഹന്നാൻശ്ലീഹ സാക്ഷ്യപ്പെടുത്തുന്നതുപോലെ, നിങ്ങളാണ് ആ നക്ഷത്രങ്ങൾ (വെളി 1:20). നിങ്ങൾ വഴിയായി ശ്ലീഹന്മാരുടെ പ്രധാനിയുടെ കബറിടത്തിനു ചുറ്റും കത്തുന്ന തിരികളുടെ പരിവേഷവുമുണ്ട്. നിങ്ങൾക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന സഭകളാണവ (വെളി 1:20). അതോടൊപ്പം, പഞ്ചഭൂഖണ്ഡങ്ങളിലും നിന്ന് റോമിൽ എത്തിയിരിക്കുന്ന ഉന്നതന്മാരായ വ്യക്തികൾ അവരവരുടെ രാജ്യത്തിന്റെ പ്രാതിനിധ്യം വഹിക്കുന്നുവെന്നും അവരെല്ലാം ആദരവോടും മനുഷ്യത്വപൂർണത പ്രതീക്ഷയോടുംകൂടെ ഇവിടെ സന്നിഹിതരായിരിക്കുന്നുവെന്നും നാം കരുതുകയാണ്.
അതിനാൽ സ്വർഗീയരും മനുഷ്യരും ഈ സൂനഹദോസ് ആഘോഷിക്കുന്നതിനായി ഒരുമിച്ചു പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നുവെന്ന് വ്യക്തമായും പറയേണ്ടിയിരിക്കുന്നു. സ്വർഗീയവിശുദ്ധരുടെ ഭാഗം നമ്മുടെ പ്രവർത്തനങ്ങളെ സഹായിക്കുകയെന്നതാണ്. ക്രിസ്തീയവിശ്വാസികളുടെ ജോലി ദൈവത്തിന്റെ മുമ്പിൽ തീക്ഷ്ണമായ പ്രാർത്ഥന സമർപ്പിക്കുകയെന്നതാണ്. നിങ്ങളെ എല്ലാവരുടെയും കടമ പരിശുദ്ധാത്മാവിന്റെ സ്വർഗീയ പ്രേരണകൾക്ക് ഉടനടി കീഴ്വഴങ്ങി, വിവിധ ജനപദങ്ങളുടെ താത്പര്യങ്ങൾക്കും ആവശ്യങ്ങൾക്കുമനുസരിച്ച് നിങ്ങളുടെ പ്രവർത്തനങ്ങൾവഴി പ്രത്യുത്തരം നല്കത്തക്കവിധം, ഉത്സാഹത്തോടു അദ്ധ്വാനിക്കുകയെന്നതാണ്. ഇതു നേടുന്നതിന്, നിങ്ങളുടെ ഭാഗത്തുനിന്ന് ആവശ്യമുള്ളവ ഹൃദയത്തിന്റെ ശാന്തിപൂർണമായ സമാധാനം, സഹോദരതുല്യമായ ഐക്യം, സംരംഭങ്ങളിലുള്ള ആത്മനിയന്ത്രണം, ചർച്ചകളിലുള്ള മാന്യത, എല്ലാ തീരുമാനങ്ങളിലുമുള്ള വിവേകം എന്നിവയാണ്.
ജനങ്ങളുടെ കണ്ണുകൾ മാത്രമല്ല, ലോകം മുഴുവന്റെയും പ്രതീക്ഷ അർപ്പിക്കപ്പെട്ടിരിക്കുന്നത് നിങ്ങളുടെ പ്രവർത്തനങ്ങളിലാണ്. ഇവയെല്ലാം അവരെ തൃപ്തിപ്പെടുത്തട്ടെ.
സർവശക്തനായ ദൈവമേ, ഞങ്ങളുടെ ചിതറിയ കഴിവുകളോടുകൂടെ, ഞങ്ങളുടെ സർവപ്രതീക്ഷയും അങ്ങിൽ വയ്ക്കുന്നു. അങ്ങയുടെ സ്വർഗീയവരത്തിന്റെ വെളിച്ചം തീരുമാനങ്ങളെടുക്കുന്നതിലും നിയമങ്ങൾ നിർമിക്കുന്നതിലും അങ്ങയുടെ സഭയുടെ ഈ അജപാലകന്മാരെ കരുണയോടെ കടാക്ഷിക്കട്ടെ. ഒരേ വിശ്വാസത്തോടും ഒരേ സ്വരത്തോടും ഒരേ ഹൃദയത്തോടുംകൂടെ നിന്റെ പക്കലേക്ക് ഞങ്ങൾ പ്രാർത്ഥനകൾചൊരിയുന്നു. കരുണയോടെ കേൾക്കണമേ.
പരിശുദ്ധ മറിയമേ, ക്രിസ്ത്യാനികളുടെ സഹായമേ, മെത്രാന്മാരുടെ സങ്കേതമേ, നിന്റെ സ്നേഹം അടുത്തകാലത്ത് നിന്റെ ലൊരേത്തോദേവാലയത്തിൽ പ്രത്യേകവിധമായി ഞങ്ങൾ അനുഭവിച്ചറിഞ്ഞുവല്ലോ. മനുഷ്യാവതാരരഹസ്യം അവിടെ ആരാധിക്കപ്പെടാൻ നീ ആഗ്രഹിച്ചുവല്ലോ. എല്ലാകാര്യങ്ങളും സന്തോഷപ്രദവും സൗഭാഗ്യപ്രദവും ഐശ്വര്യപൂർണവുമായ പരിസമാപ്തിയിലേക്ക് നിന്റെ സഹായത്താൽ നീ ക്രമപ്പെടുത്തണമേ. നീ വിശുദ്ധ യൗസേപ്പിനോടും വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരോടും വിശുദ്ധ സ്നാപക യോഹന്നാനോടും സുവിശേഷകന്മാരോടും ചേർന്ന് ഞങ്ങൾക്കുവേണ്ടി ദൈവസന്നിധിയിൽ പ്രാർത്ഥിക്കണമേ.
ഏറ്റവും സ്നേഹിക്കപ്പെട്ടവനും ജനപദങ്ങളുടെയും യുഗങ്ങളുടെയും അനശ്വരനായ രാജാവുമായ ഈശോമിശിഹായ്ക്ക് സ്നേഹവും ശക്തിയും മഹത്ത്വവും എന്നും എന്നേക്കും ആമേൻ.
Pope John XXIII രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206