We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ On 08-May-2023
Dei Verbum
ദൈവാവിഷ്കാരത്തെക്കുറിച്ചുള്ള ഡോഗ്മാറ്റിക് കോൺസ്റ്റിറ്റ്യുഷൻ
ദൈവദാസന്മാരുടെ ദാസൻ പോൾ മെത്രാൻ, അതിപരിശുദ്ധസൂനഹദോസിലെ പിതാക്കന്മാരോടു ചേർന്ന് സത്യത്തിന്റെ നിത്യസ്മാരകമായി.
പ്രാരംഭം
1 ഈ അതിപരിശുദ്ധ സൂനഹദോസ് ദൈവത്തിന്റെ വചനം ഭക്തിപൂർവം ശ്രവിച്ചു കൊണ്ടും വിശ്വസ്തതാപൂർവം പ്രഘോഷിച്ചുകൊണ്ടും വിശുദ്ധ യോഹന്നാൻ പറയുന്ന വാക്കുകൾക്കൊത്തവിധം പ്രവർത്തിക്കുകയാണ്: "പിതാവിനോടുകൂടി ആയിരുന്നതും ഞങ്ങൾക്കു വെളിപ്പെട്ടതുമായ നിത്യജീവൻ ഞങ്ങൾ നിങ്ങളോടു പ്രഘോഷിക്കുന്നു. ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്തത് നിങ്ങളെയും ഞങ്ങൾ അറിയിക്കുന്നു. ഞങ്ങളുമായി നിങ്ങൾക്കും കൂട്ടായ്മ ഉണ്ടാകുന്നതിനാണ് ഞങ്ങൾ ഇതു പ്രഘോഷിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മയാകട്ടെ, പിതാവിനോടും അവിടുത്തെ പുത്രനായ ഈശോമിശിഹായോടുമാണ്” (1 യോഹ 1:2,3). അതിനാൽ, ത്രെന്തോസ് സൂനഹദോസിന്റെയും, ഒന്നാം വത്തിക്കാൻ സൂനഹദോസിന്റെയും കാല്പാടുകളിൽ ഉറച്ചുനിന്നുകൊണ്ട്, ദൈവാവിഷ്കരണത്തെയും അതിന്റെ സംപ്രേഷണത്തെയും സംബന്ധിച്ച്, കലർപ്പില്ലാത്ത തത്ത്വങ്ങൾ അവതരിപ്പിക്കാനും അങ്ങനെ, ലോകം മുഴുവനും രക്ഷയുടെ സന്ദേശം കേട്ടു വിശ്വസിക്കുകയും വിശ്വസിച്ചു പ്രത്യാശിക്കുകയും പ്രത്യാശിച്ചു സ്നേഹിക്കുകയും ചെയ്യാനും ഞങ്ങൾ ആഗ്രഹിക്കുന്നു.
അധ്യായം I
ദൈവാവിഷ്കരണത്തെക്കുറിച്ച്
2 ദൈവികവെളിപാടിന്റെ സ്വഭാവവും ഉള്ളടക്കവും
തന്റെ നന്മയിലും ബുദ്ധിയിലും ജ്ഞാനത്തിലും ദൈവം തന്നെത്തന്നെ വെളിപ്പെടുത്താനും, തന്റെ തിരുച്ചിത്തത്തിന്റെ രഹസ്യം അറിയിക്കാനും (എഫേ 1:9) തിരുമനസ്സായി. അതുമൂലം മനുഷ്യർക്കു മാംസം ധരിച്ച വചനമായ ക്രിസ്തുവഴി പരിശുദ്ധാത്മാവിൽ പിതാവിന്റെ പക്കൽ പ്രവേശനം ലഭിക്കുന്നതിനും അവർ ദൈവസ്വഭാവത്തിന്റെ പങ്കുകാരാക്കപ്പെടുന്നതിനും വേണ്ടിയാണിത് (എഫേ 2:18; 2പത്രോ 1:4). അതുകൊണ്ട്, ഈ ആവിഷ്കരണംവഴി അദൃശ്യനായ ദൈവം (കൊളോ 1:15; 1 തിമോ 1:17) തന്റെ സ്നേഹത്തിന്റെ ആധിക്യത്താൽ മനുഷ്യരോട് സ്നേഹിതരോടെന്ന നിലയിൽ സംസാരിക്കുകയും (പുറ 33:11; യോഹ 15:14-15) അവരോടൊത്തു വസിക്കുകയും ചെയ്യുന്നു. തന്നോടൊത്തുള്ള സംസർഗത്തിന് അവരെ ക്ഷണിക്കുന്നതിനും അതിലേക്ക് അവരെ സ്വീകരിക്കുന്നതിനും വേണ്ടിയാണിത് (ബാറൂക്ക് 3:38). ആവിഷ്കരണത്തിന്റെ ഈ പദ്ധതി നൈസർഗികമായി പരസ്പരം ബന്ധിതമായ പ്രവൃത്തികളാലും വാക്കുകളാലും നിർവഹിക്കപ്പെടുന്നു. അങ്ങനെ, ദൈവം രക്ഷയുടെ ചരിത്രത്തിൽ നിറവേറ്റിയ പ്രവൃത്തികൾ, വാക്കുകളാൽ ദ്യോതിപ്പിക്കപ്പെട്ട പ്രബോധനവും സത്യവും പ്രകടിതമാക്കുകയും സ്ഥിരീകരിക്കുകയും അതുപോലെ, വാക്കുകൾ പ്രവൃത്തികളെ വിളംബരം ചെയ്യുകയും ചെയ്യുന്നു. ഈ ആവിഷ്കരണംവഴി ദൈവത്തെപ്പറ്റിയും മനുഷ്യരക്ഷയെപ്പറ്റിയുമുള്ള ആന്തരികരഹസ്യങ്ങൾ, മധ്യസ്ഥനും അതോടൊപ്പം ആവിഷ്കരണത്തിന്റെ സമ്പൂർണതയുമായി നിലകൊള്ളുന്ന മിശിഹായിൽ നമുക്കു സ്പഷ്ടമാകുന്നു.
3 ദൈവികവെളിപാടിന്റെ പ്രാരംഭദശ
വചനംവഴി സർവവും സൃഷ്ടിച്ചു (യോഹ 1:3). പരിപാലിക്കുന്ന ദൈവം സൃഷ്ട വസ്തുക്കളാൽ മനുഷ്യർക്ക് ശാശ്വതമായ സാക്ഷ്യംനല്കുന്നു (റോമാ 1:19,20). മാത്രമല്ല, സ്വർഗീയരക്ഷയുടെ മാർഗം തുറക്കാൻ ആഗ്രഹിച്ചുകൊണ്ട് പൂർവപിതാക്കൾക്കു തന്നെത്തന്നെ ആദിമുതൽ വെളിപ്പെടുത്തി. അവരുടെ അധഃപതനത്തിനുശേഷം വീണ്ടെടുപ്പ് വാഗ്ദാനം ചെയ്തതുകൊണ്ട് അവരെ രക്ഷയുടെ പ്രത്യാശയിലേക്കുയർത്തി (ഉത്പ.3:15). നന്മപ്രവൃത്തികളാൽ ക്ഷമാപൂർവം രക്ഷ അന്വേഷിക്കുന്ന എല്ലാവർക്കും നിത്യജീവൻ നല്കുന്നതിനുവേണ്ടി (റോമാ 2:6,7) മനുഷ്യകുലത്തിന് അനുസൃൂതം പരിപാലനം നല്കി. തനിക്കു യുക്തമായ സമയത്ത് അബ്രാഹത്തെ ഒരു വലിയ ജനതതിയാക്കാൻ വേണ്ടി (ഉത്പ:12:2,3) വിളിച്ചു. അവരെ, ഗോത്രപിതാക്കൾക്കുശേഷം, മോശയും പ്രവാചകന്മാരുംവഴി, ഏകസത്യസജീവദൈവവും പരിപാലകനായ പിതാവും നീതിമാനായ വിധിയാളനുമായി തന്നെമാത്രം അംഗീകരിക്കുന്നതിനും വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനെ പ്രതീക്ഷിക്കുന്നതിനും പഠിപ്പിക്കുകയും അങ്ങനെ, നൂറ്റാണ്ടുകളിലൂടെ സുവിശേഷത്തിന്റെ പാത ഒരുക്കുകയും ചെയ്തു.
4 മിശിഹാ വെളിപാടിന്റെ പൂർണത
പിന്നീട്, പ്രവചനങ്ങളിൽ പലയിടത്തും പലവിധത്തിലും ദൈവം സംസാരിച്ചു. “ഈ അവസാനനാളുകളിൽ പുത്രൻവഴി അവിടന്നു നമ്മോടു സംസാരിച്ചിരിക്കുന്നു" (ഹെബ്രാ 1:2). എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുകയും മനുഷ്യരുടെ മദ്ധ്യേ വസിക്കുകയും ദൈവത്തിന്റെ ആന്തരികരഹസ്യങ്ങൾ വിശദമാക്കുകയും (യോഹ 1:1-8) ചെയ്യുന്ന നിത്യവചനമാകുന്ന ഈശോമിശിഹാ, മനുഷ്യരുടെ പക്കലേക്ക് അയയ്ക്കപ്പെട്ട മനുഷ്യൻ "ദൈവത്തിന്റെ വാക്കുകൾ സംസാരിക്കുന്നു" (യോഹ 3:34). പൂർത്തിയാക്കാനായി അവിടത്തേക്കു പിതാവു നല്കിയ രക്ഷാകർമം നിറവേറ്റുന്നു (യോഹ 5:36; 17:4). തന്നിമിത്തം ആരെ കാണുന്നവൻ പിതാവിനെ കാണുന്നുവോ അവൻ (യോഹ 14:9) തന്റെ സമഗ്രസാന്നിദ്ധ്യത്താലും പ്രത്യക്ഷീകരണത്താലും വാക്കുകളാലും പ്രവൃത്തികളാലും അടയാളങ്ങളാലും അദ്ഭുതങ്ങളാലും പ്രത്യേകിച്ച്, തന്റെ മരണത്താലും മരണത്തിൽനിന്നുള്ള മഹത്ത്വപൂർണമായ ഉത്ഥാനത്താലും, അവസാനമായി, സത്യത്തിന്റെ ആത്മാവിനെ അയച്ചുകൊണ്ടും, ദൈവം നമ്മോടുകൂടെ ആയിരിക്കുന്നുവെന്ന വെളിപ്പെടുത്തൽ നിറവേറ്റുകയും പൂർണമാക്കുകയും ദൈവികസാക്ഷ്യത്താൽ സ്ഥിരീകരിക്കുകയും ചെയ്യുന്നു. നമ്മെ പാപത്തിന്റെയും മരണത്തിന്റെയും അന്ധകാരത്തിൽനിന്നു വിമോചിപ്പിക്കുന്നതിനും നിത്യജീവനിലേക്ക് ഉയിർപ്പിക്കുന്നതിനും വേണ്ടിയുള്ള സാന്നിദ്ധ്യംതന്നെ.
അതുകൊണ്ട്, ക്രിസ്തീയജീവിതസംവിധാനം, പുതിയതും ഖണ്ഡിതവുമെന്ന നിലയ്ക്ക്, ഒരിക്കലും പൊലിഞ്ഞുപോകുന്നില്ല. നമ്മുടെ കർത്താവായ ഈശോമിശിഹായുടെ മഹത്ത്വപൂർണമായ പ്രത്യക്ഷീകരണത്തിനുമുമ്പ് പുതിയൊരു പരസ്യാവിഷ്കരണം (1 തിമോ 6:14; തീത്തോ 2:13) പ്രതീക്ഷിക്കാനില്ല.
5 വെളിപാടും വിശ്വാസവും
തന്നെത്തന്നെ വെളിപ്പെടുത്തുന്ന ദൈവത്തിന് വിശ്വാസത്തിന്റെ വിധേയത്വം നല്കേണ്ടിയിരിക്കുന്നു (റോമാ 1:5; 16:26; 2കോറി 10:5,6). അതുവഴി, മനുഷ്യൻ തന്നെത്തന്നെ സ്വമേധയാ ദൈവത്തിനു മുഴുവനായി സമർപ്പിക്കണം. "വെളിപ്പെടുത്തുന്ന ദൈവത്തിനു ബുദ്ധിയുടെയും ഇച്ഛാശക്തിയുടെയും സമഗ്രമായ വിധേയത്വം" അർപ്പിച്ചുകൊണ്ടും, അവിടന്നു നല്കിയ ആവിഷ്കരണത്തിനു സ്വമനസ്സാ അംഗീകാരം നല്കിക്കൊണ്ടുമാണത്. ഈ വിശ്വാസം പ്രകടിപ്പിക്കുന്നതിന് ദൈവകൃപയുടെ മുൻകൂട്ടിയുള്ള പ്രചോദനവും പ്രവർത്തകസഹായവും വേണ്ടിയിരിക്കുന്നു. മാത്രമല്ല, ഹൃദയം ചലിപ്പിച്ച് ദൈവത്തിലേക്കുതിരിക്കുന്നതും, “സത്യത്തോടു വിധേയത്വവും വിശ്വാസവും പ്രകടിപ്പിക്കുന്നതിലുള്ള മാധുര്യം" നല്കുന്നതുമായ പരിശുദ്ധാത്മാവിന്റെ സഹായവും അതിന് ആവശ്യകമാണ്. ഇതുവഴി ആവിഷ്കാരത്തിന്റെ അറിവ് അനുസ്യൂതം കൂടുതൽ അഗാധമാകുകയും പരിശുദ്ധാത്മാവ് തന്റെ ദാനങ്ങളാൽ വിശ്വാസം നിരന്തരം വളർത്തുകയും ചെയ്യുന്നു.
6 വെളിപ്പെടുത്തപ്പെട്ട സത്യങ്ങൾ
ദൈവാവിഷ്കരണംവഴി ദൈവം തന്നെത്തന്നെയും മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടിയുള്ള തന്റെ തിരുവിഷ്ടത്തിന്റെ സനാതനമായ ആജ്ഞാപനങ്ങളെയും വെളിപ്പെടുത്താനും അറിയിക്കാനും തിരുമനസ്സായി. "മനുഷ്യമനസ്സിന്റെ അറിവിനെ സർവഥാ അതിലംഘിക്കുന്ന ദൈവികനന്മകൾ പങ്കിടാൻ വേണ്ടിയാണത്".
ഈ പരിശുദ്ധ സൂനഹദോസ് പ്രഖ്യാപിക്കുന്നു: “സർവവസ്തുക്കളുടെയും ആദിയും അന്തവുമായ ദൈവത്തെ, മനുഷ്യന്റെ സ്വാഭാവികബുദ്ധിയുടെ വെളിച്ചത്താൽ സൃഷ്ടവസ്തുക്കൾ വഴി അറിയാൻ കഴിയും" (cf. റോമാ 1:20). എന്നാൽ, അവിടത്തെ ആവിഷ്കാരംവഴിയാണ് “മനുഷ്യന്റെ ചിന്തയ്ക്ക് സ്വയം അനഭിഗമ്യമായ ദൈവികകാര്യങ്ങൾ മനുഷ്യകുലത്തിന്റെ ഇന്നത്തെ അവസ്ഥയിൽ എല്ലാവർക്കും എളുപ്പത്തിലും ദൃഢമായ സുനിശ്ചിതത്വത്തോടുകൂടെയും പ്രമാദലേശമില്ലാതെയും അറിയാൻ കഴിയുന്നത്".
ദൈവാവിഷ്കാരത്തെക്കുറിച്ചുള്ള ഡോഗ്മാറ്റിക് കോൺസ്റ്റിറ്റ്യുഷൻ രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ ദൈവികവെളിപാടിന്റെ സ്വഭാവവും ഉള്ളടക്കവും ദൈവികവെളിപാടിന്റെ പ്രാരംഭദശ മിശിഹാ വെളിപാടിന്റെ പൂർണത വെളിപാടും വിശ്വാസവും വെളിപ്പെടുത്തപ്പെട്ട സത്യങ്ങൾ Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206