x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

തിരുസ്സഭയെക്കുറിച്ചുള്ള ഡോഗ്മാറ്റിക് കോൺസ്റ്റിറ്റ്യൂഷൻ

Authored by : രണ്ടാം വത്തിക്കാൻ കൗൺസിൽ On 05-Jan-2023

Lumen Gentium

തിരുസ്സഭയെക്കുറിച്ചുള്ള ഡോഗ്മാറ്റിക് കോൺസ്റ്റിറ്റ്യൂഷൻ

ദൈവദാസന്മാരുടെ ദാസൻ പോൾ മെത്രാൻ അതിപരിശുദ്ധ സൂനഹദോസിലെ പിതാക്കന്മാരോടുചേർന്ന് സത്യത്തിന്റെ നിത്യസ്മാരകമായി

അധ്യായം ഒന്ന്

സഭയുടെ രഹസ്യാത്മകത

1 സഭ മിശിഹായുടെ കൂദാശ

മിശിഹാ ജനതകളുടെ പ്രകാശമാകയാൽ പരിശുദ്ധാത്മാവിൽ ഒരുമിച്ചുകൂട്ടപ്പെട്ടിരിക്കുന്ന അതിപരിശുദ്ധമായ ഈ സൂനഹദോസ് സകലസൃഷ്ടികളോടും സുവിശേഷം പ്രസംഗിച്ചുകൊണ്ട് (മർക്കോ 16:15) സഭയുടെ മുഖത്ത് പ്രസ്ഫുരിക്കുന്ന അവന്റെ തേജസ്സാൽ എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കാൻ അതിതീക്ഷണമായി അഭിലഷിക്കുന്നു. സഭ, മിശിഹായിൽ ദൈവത്തോടുള്ള ഗാഢമായ ഐക്യത്തിന്റെയും മനുഷ്യകുലം മുഴുവനോടുമുള്ള ഐകമത്യത്തിന്റെയും കൂദാശയും അഥവാ അടയാളവും ഉപകരണവുംതന്നെ ആയതുകൊണ്ട്, ഗതകാലസൂനഹദോസുകളുടെ സംവാദത്തിന്റെ ചുവടുപിടിച്ച്, തന്റെ സ്വഭാവത്തെയും സാർവജനീനമായ ദൗത്യത്തെയും സകലവിശ്വാസികളോടും ലോകത്തോടും മുഴുവൻ കൂടുതൽ വ്യക്തമായി പ്രഖ്യാപിക്കാൻ പരിശ്രമിക്കുകയാണ്. മനുഷ്യകുലം മുഴുവൻ പൂർവാധികം സാമൂഹികവും സാങ്കേതികവും സാംസ്കാരികവുമായ വിവിധ ശൃംഖലകളാൽ പരസ്പരം അവഗാഢം ബന്ധിതമായിക്കഴിയുന്ന ആധുനികപരിതസ്ഥിതികളിൽ, മിശിഹായിലുള്ള സമ്പൂർണഐക്യം പ്രാപിക്കുന്നതിനായി, സഭയുടെ പ്രസ്തുതദൗത്യത്തിന് ഈ കാലഘട്ടത്തിൽ അഭൂതപൂർവമായ പ്രസക്തി വർധിച്ചിരിക്കുന്നു.

2 പിതാവിന്റെ സാർവത്രിക രക്ഷാപദ്ധതി

നിത്യനായ പിതാവ് തന്റെ ജ്ഞാനത്തിന്റെയും നന്മയുടെയും സർവസ്വതന്ത്രവും അതിനിഗൂഢവുമായ പദ്ധതിയനുസരിച്ച് ലോകം മുഴുവനെയും സൃഷ്ടിച്ചു. മനുഷ്യരെ തന്റെ ദൈവികജീവനിൽ പങ്കാളികളാക്കി ഉയർത്താനും അവിടന്നു നിശ്ചയിച്ചു. ആദം മൂലം അധഃപതിച്ച അവരെ അവിടന്ന് കൈവെടിഞ്ഞില്ല; പ്രത്യുത, "അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികൾക്കും ആദ്യജാതനുമായ (കൊളോ 1:15) രക്ഷകനായ മിശിഹായെ മുന്നിൽ കണ്ടുകൊണ്ട്, അവർക്കു രക്ഷയ്ക്കുള്ള സഹായങ്ങൾ നിരന്തരം നല്കിക്കൊണ്ടിരുന്നു. തിരഞ്ഞെടുക്കപ്പെട്ടവരെയെല്ലാം പിതാവ് മനുഷ്യോത്പത്തിക്കുമുമ്പ് മുൻകൂട്ടി അറിയുകയും “തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപരാക്കാൻ മുൻകൂട്ടി നിശ്ചയിക്കുകയും ചെയ്തു. ഇത് തന്റെ പുത്രൻ അനേകം സഹോദരരിൽ ആദ്യജാതനാകേണ്ടതിനാണ്" (റോമാ 8:29). മിശിഹായിൽ വിശ്വസിക്കുന്നവരെ തിരുസഭയിൽ ഒന്നായി വിളിച്ചുകൂട്ടാൻ അവിടന്നു നിശ്ചയിച്ചു. ഈ സഭ ലോകാരംഭം മുതൽ പ്രതിരൂപങ്ങൾ വഴി മുൻകൂട്ടി അവതരിപ്പിക്കപ്പെട്ടിരുന്നു. ഇസ്രായേൽ ജനതയുടെ ചരിത്രംവഴിയും പഴയ ഉടമ്പടിവഴിയും വിസ്മയനീയമാംവിധം സജ്ജീകൃതമായി,  ഈ അവസാനകാലഘട്ടത്തിൽ രൂപവത്കൃതമാകുകയും ആത്മാവിന്റെ ചൊരിയലാൽ വെളിപ്പെടുത്തപ്പെടുകയും ചെയ്തു. ലോകത്തിന്റെ അവസാനത്തിൽ ഈ സഭ മഹത്ത്വപൂർണയായി വിജയസമാപ്തിയിലെത്തുകയും ചെയ്യും. അന്ന്, പരിശുദ്ധ സഭാപിതാക്കന്മാരുടെ ലിഖിതങ്ങളിൽ നാം വായിക്കുന്നതുപോലെ, “നീതിമാനായ ആബേൽ മുതൽ അവസാനത്തെ തിരഞ്ഞെടുക്കപ്പെട്ടവൻവരെ" സാർവത്രികസഭയിൽ ആദ്യംമുതലുള്ള എല്ലാ നീതിമാന്മാരും ദൈവപിതാവിന്റെ സന്നിധിയിൽ ഒന്നിച്ചു കൂട്ടപ്പെടും.

3 പുത്രന്റെ ദൗത്യവും പ്രവർത്തനവും

അതിനാൽ, പിതാവാൽ അയയ്ക്കപ്പെട്ടവനായി ദൈവപുത്രൻ ആഗതനായി. പിതാവ് അവനിൽ സർവവും പുനരുദ്ധരിക്കാൻ തിരുമനസ്സായതുകൊണ്ട് നമ്മെ ലോകസ്ഥാപനത്തിനുമുമ്പുതന്നെ അവനിൽ തിരഞ്ഞെടുക്കുകയും മക്കളായി ദത്തെടുക്കാൻ മുൻകൂട്ടി നിശ്ചയിക്കുകയും ചെയ്തു (എഫേ 1:4-5,10). അതിനാൽ മിശിഹാ പിതാവിന്റെ ഇഷ്ടം നിറവേറ്റാനായി ഭൂമിയിൽ സ്വർഗരാജ്യം ഉദ്ഘാടനം ചെയ്യുകയും നമുക്കു പിതാവിന്റെ രഹസ്യം വെളിപ്പെടുത്തുകയും തന്റെ അനുസരണം വഴി വീണ്ടെടുപ്പ് പൂർത്തിയാക്കുകയും ചെയ്തു. തിരുസഭ, അഥവാ, മിശിഹായുടെ രാജ്യം ഇപ്പോഴും നിഗൂഢതയിൽ സ്ഥിതി ചെയ്യുന്നെങ്കിലും, ദൈവശക്തിയാൽ ഭൂമിയിൽ ദൃശ്യമാംവിധം വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്നു. ഈ ഉദ്ഭവവും വളർച്ചയുമാണ്, ക്രൂശിതനായ ഈശോയുടെ പാർശ്വത്തിൽനിന്നു നിർഗളിച്ച രക്തവും ജലവുംകൊണ്ടു സൂചിപ്പിക്കപ്പെട്ടത് (യോഹ 19:34). കർത്താവ് തന്റെ കുരിശുമരണത്തെപ്പറ്റി പറഞ്ഞ, “ഞാൻ ഭൂമിയിൽനിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാ മനുഷ്യരെയും എന്നിലേക്ക് ആകർഷിക്കും" (യോഹ 12:32) എന്ന വാക്കുകളാൽ മുൻകൂട്ടി ബലിയർപ്പിക്കപ്പെട്ടതും ഇതുതന്നെ. “കാരണം, നമ്മുടെ പെസഹാക്കുഞ്ഞാടായ മിശിഹാ ബലിയർപ്പിക്കപ്പെട്ടിരിക്കുന്നു" (1കോറി 5:7), കുരിശിലെ ആ ബലിയർപ്പണം ബലിപീഠത്തിൽ ആചരിക്കപ്പെടുമ്പോഴെല്ലാം നമ്മുടെ രക്ഷാകർമം അനുഷ്ഠിക്കപ്പെടുകയാണ്. അതോടൊപ്പം, പരിശുദ്ധ കുർബാനയർപ്പിക്കുന്ന (1 കോറി 10:17) വിശ്വാസികളുടെ ഐക്യത്തിന് പ്രതിനിധാനം ചെയ്യുകയും ഉളവാക്കുകയും ചെയ്യുന്നു. മിശിഹായാണ് ലോകത്തിന്റെ പ്രകാശം; അവനിൽ നിന്നാണ് നാം മുന്നേറുന്നത്. അവൻ വഴിയാണു നാം ജീവിക്കുന്നത്. അവനിലേക്കാണു നാം ചരിക്കുന്നത്. ഇങ്ങനെയുള്ള മിശിഹായോടുള്ള ഈദൃശഐക്യത്തിനായി സകല മനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്നു.

4 സഭയെ പവിത്രീകരിക്കുന്ന പരിശുദ്ധാത്മാവ്

ലോകത്തിൽ നിറവേറ്റുന്നതിനായി പിതാവ് പുത്രനെ ഭരമേല്പിച്ച ഭൂമിയിലെ ദൗത്യം പൂർത്തീകരിക്കപ്പെട്ടശേഷം (യോഹ 17:4), സഭയെ നിരന്തരം വിശുദ്ധീകരിക്കുന്നതിനും വിശ്വസിക്കുന്നവർ മിശിഹാവഴി ഒരേ ആത്മാവിൽ പിതാവിന്റെ സന്നിധിയിൽ സ്വീകാര്യത നേടുന്നതിനും വേണ്ടി (എഫേ 2:18) പന്തക്കുസ്താദിനത്തിൽ പരിശുദ്ധാത്മാവ് അയയ്ക്കപ്പെട്ടു. അവിടന്നാണ് ജീവന്റെ 'ആത്മാവ്' അഥവാ, നിത്യജീവനിലേക്കു നിർഗളിക്കുന്ന നീരുറവ (യോഹ 4:14; 7: 38-39). ഈ ആത്മാവുവഴിയാണ് പാപത്താൽ മൃതരായ മനുഷ്യരെ പിതാവു ജീവിപ്പിച്ച്, അവസാനം അവരുടെ മരണമുള്ള ശരീരങ്ങളെ മിശിഹായിൽ ഉയിർപ്പിക്കുന്നത് (റോമാ 8:10-11). ആത്മാവ് തിരുസഭയിലും വിശ്വാസികളുടെ ഹൃദയങ്ങളിലും ഒരു ദേവാലയത്തിലെന്നപോലെ വസിച്ചുകൊണ്ട് (1 കോറി 3:16, 6:19) പ്രാർത്ഥിക്കുകയും ദത്തുപുത്രസ്വീകരണത്തിന്റെ സാക്ഷ്യം നല്കുകയും ചെയ്യുന്നു (ഗലാ 4:6; റോമാ 8:15 -16, 26). ഈ ആത്മാവ് സർവസത്യത്തിലും സഭയെ നയിച്ചുകൊണ്ടും (യോഹ 16: 3) കൂട്ടായ്മയിലും ശുശ്രൂഷാസംവിധാനത്തിലും ഐക്യപ്പെടുത്തിക്കൊണ്ടും ഭരണക്രമപരമായ വിവിധദാനങ്ങളാലും സിദ്ധികളാലും സജ്ജീകരിക്കുകയും നിയന്ത്രിക്കുകയും തന്റെ ദിവ്യ ഫലങ്ങളാൽ അലങ്കരിക്കുകയും ചെയ്യുന്നു (എഫേ 4:11-12; കോറി 12:4; ഗലാ 5:22). സുവിശേഷത്തിന്റെ ധാർമികശക്തിയാൽ തിരുസഭയെ നവയൗവനയുക്തയാക്കുകയും അവളെ നിത്യം നവീകൃതയാക്കുകയും അവളുടെ ദിവ്യമണവാളനോടുള്ള സമ്പൂർണമായ ഐക്യത്തിലേക്കാനയിക്കുകയും ചെയ്യുന്നു. അങ്ങനെ, അരൂപിയും മണവാട്ടിയും കർത്താവായ ഈശോയോടു പറയുന്നു: “വരുക” (വെളി 22:17).

“പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ഐക്യത്തിൽ ഒന്നാക്കപ്പെട്ട ഒരു ജനതയായി" സാർവത്രികതിരുസഭ അങ്ങനെ സജ്ജീകൃതയായിരിക്കുന്നു.

5 ദൈവരാജ്യം

പരിശുദ്ധസഭയുടെ രഹസ്യാത്മകത അവളുടെ സംസ്ഥാപനത്തിൽത്തന്നെ പ്രകടിതമായി. "സമയം പൂർത്തിയായി; ദൈവരാജ്യം സമീപിച്ചിരിക്കുന്നു" (മർക്കോ 1:15, മത്താ 4:17) എന്ന വാക്കുകളാൽ തിരുലിഖിതങ്ങളിൽ യുഗങ്ങളായി വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ദൈവരാജ്യത്തിന്റെ ആഗമനത്തിന്റെ മംഗലവാർത്ത വിളംബരം ചെയ്തുകൊണ്ടാണ് കർത്താവായ ഈശോ തന്റെ സഭയ്ക്ക് ആരംഭമിട്ടത്. മിശിഹായുടെ വചനത്തിലും പ്രവൃത്തികളിലും സാന്നിദ്ധ്യത്തിലും ഈ ദൈവരാജ്യം മനുഷ്യർക്കു പ്രകാശിതമായി. കർത്താവിന്റെ വചനത്തെ വയലിൽ വിതച്ച വിത്തിനോടാണ് സുവിശേഷം താരതമ്യപ്പെടുത്തുന്നത് (മർക്കോ 4:14). വിശ്വാസത്തോടെ അതിനെ ശ്രവിച്ച്, മിശിഹായുടെ ചെറിയ അജഗണത്തിൽ (ലൂക്കാ 12:32) എണ്ണപ്പെടുന്നവർ ഈ രാജ്യം സ്വീകരിച്ചവരാണ്. ഈ വിത്ത് സ്വന്തം ചൈതന്യത്താൽത്തന്നെ മുളച്ച്, കൊയ്ത്തുകാലംവരെ പുഷ്ടിപ്രാപിച്ചുകൊണ്ടിരിക്കുന്നു (മർക്കോ 4:26-29). ഈശോയുടെ അദ്ഭുതങ്ങളും ഭൂമിയിൽ ദൈവരാജ്യം സമാഗതമായിക്കഴിഞ്ഞിരിക്കുന്നുവെന്നു തെളിയിക്കുകയായിരുന്നു: “എന്നാൽ, ദൈവത്തിന്റെ വിരൽകൊണ്ടാണ് ഞാൻ പിശാചുകളെ ബഹിഷ്കരിക്കുന്നതെങ്കിൽ ദൈവരാജ്യം നിങ്ങളുടെയിടയിൽ വന്നുകഴിഞ്ഞിരിക്കുന്നു" (ലൂക്കാ 11:20; മത്താ. 12:28). "ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കുവേണ്ടി മോചനദ്രവ്യമായി നല്കാനും" (മർക്കോ 10:45) വന്ന, ദൈവപുത്രനും മനുഷ്യപുത്രനുമായ മിശിഹായുടെ തന്നെ വ്യക്തിത്വത്തിൽ ഈ ദൈവരാജ്യം എല്ലാറ്റിനുംമുമ്പു പ്രകാശിതമായി.

ഈശോ മനുഷ്യർക്കുവേണ്ടി കുരിശുമരണം വരിച്ച് ഉയിർത്തപ്പോൾ, കർത്താവും മിശിഹായും പുരോഹിതനുമായി നിത്യകാലത്തേക്കു സ്ഥാപിക്കപ്പെട്ടവനായി വെളിപ്പെടുകയും (അപ്പ 2:36; ഹെബ്രാ 5:6, 7:17-21) പിതാവിനാൽ വാഗ്ദാനം ചെയ്യപ്പെട്ട പരിശുദ്ധാത്മാവിനെ അവൻ തന്റെ ശിഷ്യന്മാരിൽ ചൊരിയുകയും ചെയ്തു (അപ്പ് 2:33). തന്മൂലം, തന്റെ സ്ഥാപകന്റെ ദാനങ്ങളാൽ സുസജ്ജയായ സഭ അവിടത്തെ സ്നേഹത്തിന്റെയും എളിമയുടെയും ആത്മത്യാഗത്തിന്റെയും അനുശാസനങ്ങൾ, വിശ്വാസ്യതയോടെ പാലിച്ചുകൊണ്ട്, മിശിഹായുടെയും ദൈവത്തിന്റെയും രാജ്യം പ്രഘോഷിക്കാനും എല്ലാ ജനപദങ്ങളിലും അതു സംസ്ഥാപിതമാക്കാനുമുള്ള ദൗത്യം സ്വീകരിക്കുകയും ഭൂമിയിൽ ഈ രാജ്യത്തിന്റെ മുകുളവും പ്രാരംഭവമിടുകയും ചെയ്തു. സഭ അതിനിടെ അനുക്രമം വളരുകയും ഈ രാജ്യത്തിന്റെ പരിപൂർത്തിക്കായി വ്യഗ്രതപ്പെടുകയും സർവ ശക്തിയോടും കൂടെ തന്റെ രാജാവിനോടു മഹത്ത്വത്തിൽ ഒന്നായിച്ചേരാൻ പ്രത്യാശിക്കുകയും അഭിവാഞ്ഛിക്കുകയുമാണ്.

6 സഭയുടെ സാദൃശ്യങ്ങൾ

പഴയനിയമത്തിൽ 'രാജ്യ'ത്തിന്റെ വെളിപാട് സാധാരണമായി സാദൃശ്യങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ടിരുന്നതുപോലെതന്നെ, ഇന്നും സഭയുടെ സ്വഭാവം വിവിധ പ്രതീകങ്ങളിലൂടെ നമുക്കു വെളിവാക്കപ്പെടുന്നു. ഇടയവൃത്തി, കൃഷി, ഭവനനിർമിതി, കുടുംബം, വിവാഹബന്ധം മുതലായവയിൽനിന്നു സ്വീകൃതമായ ഈ പ്രതിബിംബങ്ങൾ പ്രവാചക ലിഖിതങ്ങളിലൂടെ ഉരുത്തിരിയുകയായിരുന്നു.

അങ്ങനെ, സഭ ഒരു അജഗേഹവും അതിന്റെ ഏകവും അവശ്യവുമായ കവാടം മിശിഹായുമാണ് (യോഹ 10:1-10). താൻതന്നെ ഏതിന്റെ അജപാലകനായിരിക്കുമെന്ന് ദൈവം മുൻകൂട്ടി അറിയിച്ചുവോ ആ അജഗണവും ഇതുതന്നെ (ഏശ 40:11; എസെ 34:11). ഇതിലെ അജഗണം മാനുഷിക അജപാലകരാൽ ഭരിക്കപ്പെടുന്നെങ്കിലും മിശിഹായാൽത്തന്നെ നിരന്തരമായി നയിക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്നു. അവിടുന്നാണ് നല്ല ഇടയനും ഇടയന്മാരുടെ തലവനും (യോഹ 10:11; 1 പത്രോ 5:4). അവിടന്നാണ് ആടുകൾക്കുവേണ്ടി ജീവനർപ്പിച്ചത് (യോഹ 10:11-15).

സഭ ദൈവത്തിന്റെ കൃഷി, അഥവാ വിളവയലാണ് (1 കോറി 3:9). ഗോത്രാധിപന്മാരാകുന്ന വിശുദ്ധമായ വേരിൽ, ഈ കൃഷിഭൂമിയിലാണ് പുരാതനമായ ഒലിവു വൃക്ഷം വളരുന്നതും യഹൂദരുടെയും വിജാതീയരുടെയും അനുരഞ്ജനം സാധിച്ചതും സാധിക്കാനിരിക്കുന്നതും (റോമാ 11:13-26). ഈ സഭ സ്വർഗീയകർഷകനാൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട മുന്തിരിപോലെ കൃഷി ചെയ്യപ്പെട്ടു (മത്താ 21:33-43; ഏശ 5:1cf). ശാഖകൾക്കു ജീവനും ഫലദായകത്വവും നല്കുന്ന സാക്ഷാൽ മുന്തിരി മിശിഹായാണ്. നാമാണ് ശിഖരങ്ങൾ. സഭ വഴിയായി നാം അവനിൽ വസിക്കുന്നു. അവിടത്തെക്കൂടാതെ ഒന്നും ചെയ്യാൻ നമുക്കു സാധ്യവുമല്ല (യോഹ 15:1-5).

സഭയെ പലപ്പോഴും ദൈവത്തിന്റെ ഭവനമെന്നും പറയുന്നു (1 കോറി 3:9). പണിക്കാർ ഉപേക്ഷിച്ചുകളയുകയും എന്നാൽ, മൂലക്കല്ലാക്കപ്പെടുകയും ചെയ്ത കല്ലിനോട് കർത്താവു തന്നെത്തന്നെ താരതമ്യപ്പെടുത്തി (മത്താ 21: 42; അപ്പ. 4:11; 1 പത്രോ. 2:7; സങ്കീ 117:22). ആ അടിസ്ഥാനത്തിന്മേൽ സഭ ശ്ലീഹന്മാരാൽ പണിയപ്പെട്ടു (1 കോറി 3:11). അവനിൽനിന്നുതന്നെ അതു കെട്ടുറപ്പും സംസക്തിയും സ്വീകരിക്കുന്നു. ഈ ഭവനം പല അഭിധാനങ്ങളാൽ പ്രകീർത്തിക്കപ്പെടുന്നു. ദൈവത്തിന്റെ കുടുംബം വസിക്കുന്ന ഭവനം (1തിമോ 3:15), പരിശുദ്ധാത്മാവിൽ ദൈവത്തിന്റെ അധിവാസസ്ഥലം (എഫേ 2:19-22), മനുഷ്യരോടൊത്ത് ദൈവത്തിന്റെ കൂടാരം (വെളി 21:3), സർവോപരി, പരിശുദ്ധ ദേവാലയം. ഈ ദേവാലയം കല്ലുകളാൽ നിർമിതമായ പരിശുദ്ധദേവാലയങ്ങളാൽ പ്രതിനിധാനം ചെയ്യപ്പെടുന്നുവെന്ന് വിശുദ്ധ പിതാക്കന്മാർ പ്രകീർത്തിച്ചിട്ടുള്ളതും ദൈവാരാധനയിൽ സകാരണം പുതിയ ജറുസലെമെന്നപേരിൽ വിശുദ്ധ നഗരത്തോടു തുല്യത കല്പിക്കപ്പെട്ടിട്ടുള്ളതുമാണ്. എന്തുകൊണ്ടെന്നാൽ, ഇതിൽ സജീവശിലകളെന്നവിധം ഇവിടെ ഈ ഭൂമിയിൽ നാം പണിയപ്പെടുന്നു (1 പത്രോ 2:5). ഈ വിശുദ്ധനഗരത്തെ യോഹന്നാൻ ദർശിക്കുന്നത് ലോകം പുതുതാക്കപ്പെടുന്ന വേളയിൽ സ്വന്തം മണവാളനുവേണ്ടി അണിയിച്ചൊരുക്കപ്പെട്ട വധുവിനെപ്പോലെ സ്വർഗത്തിൽ നിന്ന്, ദൈവസന്നിധിയിൽനിന്ന് ഇറങ്ങിവരുന്നവളായാണ് (വെളി 21:1cf).

“ഉന്നത ജറുസലേം" കൂടിയായ സഭ “നമ്മുടെ മാതാ"വെന്നും വിളിക്കപ്പെടുന്നു (ഗലാ 4: 26; വെളി 12:17); കറയില്ലാത്ത ചെമ്മരിയാടിന്റെ നിർമലമണവാട്ടിയായി വിവരിക്കപ്പെടുന്നു (വെളി 19:7, 21:2-9; 22-17). അവളെ മിശിഹാ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാൻവേണ്ടി തന്നെത്തന്നെ കൈയേല്പിക്കുകയും ചെയ്തു (എഫേ 5:25-26). അലംഘ്യമായ ഒരു ഉടമ്പടിയാൽ അവളോടു തന്നത്തന്നെ ബന്ധിക്കുകയും അവളെ നിരന്തരമായി "പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു" (എഫേ 5:29). അവളെ നിർമലയാക്കി തന്നോടു സംയോജിപ്പിക്കാനും സ്നേഹത്തിലും വിശ്വസ്തതയിലും തനിക്കു വിധേയയാക്കാനും അഭിലഷിച്ചു (എഫേ 5:24). സർവവിജ്ഞാനത്തെയും അതിശയിക്കുന്ന വിധത്തിൽ, ദൈവത്തിനും മിശിഹായ്ക്കും നമ്മോടുള്ള സ്നേഹം നാം മനസ്സിലാക്കുന്നതിനുവേണ്ടി അത്രമാത്രം സ്വർഗീയനന്മകൾ അവളുടെമേൽ അവിടന്ന് സദാകാലം നിറയ്ക്കുകയും ചെയ്തു (എഫേ 3:19). ഇപ്പോൾ ഈ ലോകത്തിൽ തന്റെ നാഥനിൽ നിന്നകന്ന് പരദേശയാത്രചെയ്യുന്ന സഭ (2കോറി 5:6) തന്നെത്തന്നെ പ്രവാസിനിയായി കരുതുകയും ഉന്നതങ്ങളിലുള്ളവയെ അന്വേഷിക്കുകയും അവയെപ്പറ്റി വിചാരിക്കുകയും ചെയ്യുന്നു. അവിടെയാണ് മിശിഹാ ദൈവത്തിന്റെ വലത്തു ഭാഗത്തിരിക്കുന്നത്. അവിടെയാണ് സഭയുടെ ജീവൻ മിശിഹായോടൊത്തു ദൈവത്തിൽ, തന്റെ പ്രിയമണവാളനോടൊത്തു മഹത്ത്വത്തിൽ, പ്രത്യക്ഷയാകുന്നതുവരെ മറഞ്ഞിരിക്കുന്നത് (കൊളോ 3:1-4).

7 സഭ: മിശിഹായുടെ ശരീരം

ദൈവത്തിന്റെ പുത്രൻ തന്നെത്തന്നെ മനുഷ്യസ്വഭാവത്തോടു യോജിപ്പിച്ചുകൊണ്ട്, തന്റെ മരണവും ഉത്ഥാനവും വഴി മരണത്തെ കീഴടക്കി മനുഷ്യനെ വീണ്ടെടുക്കുകയും പുതിയ സൃഷ്ടിയായി രൂപാന്തരപ്പെടുത്തുകയും ചെയ്തു (ഗലാ 6:15; 2കോറി 5:17). തന്റെ ആത്മാവിനെ പകർന്നുകൊണ്ട് സർവജാതികളിലും നിന്നു വിളിച്ചുകൂട്ടപ്പെട്ട സ്വസഹോദരരെ തന്റെ ശരീരമെന്നവിധം രഹസ്യാത്മകമായി രൂപവത്കരിച്ചു.

ഈ ശരീരത്തിൽ മിശിഹായുടെ ജീവൻ വിശ്വാസികളിലേക്കു പ്രവഹിക്കുന്നു. സഹിച്ച് മഹത്ത്വീകൃതനായ മിശിഹായോട് അതീവരഹസ്യാത്മകവും എന്നാൽ യഥാർത്ഥവുമായവിധം അവർ കൂദാശകളാൽ ഒന്നായി ബന്ധിതരാകുകയും ചെയ്യുന്നു. മാമ്മോദീസാ വഴിയാണ് നാം മിശിഹായോടു സാരൂപ്യം പ്രാപിക്കുന്നത്. “ഒരേ ആത്മാവിൽ ഒരേ ശരീരത്തിലേക്ക് നാം സ്നാനപ്പെട്ടിരിക്കുന്നു.” (1 കോറി 12:13). ഈ വിശുദ്ധകർമംവഴി മിശിഹായുടെ മരണത്തോടും ഉത്ഥാനത്തോടുമുള്ള നമ്മുടെ പങ്കുചേരൽ സൂചിതമാക്കപ്പെടുകയും ഫലവത്താക്കപ്പെടുകയും ചെയ്യുന്നു. “അങ്ങനെ, അവന്റെ മരണത്തോട് ഐക്യപ്പെടുത്തിയ സ്നാനത്താൽ നാം അവനോടൊത്തു സംസ്കരിക്കപ്പെട്ടു. അത്, ക്രിസ്തു മരിച്ചവരിൽനിന്ന് പിതാവിന്റെ മഹത്ത്വത്തിൽ ഉയിർത്തെഴുന്നേറ്റപോലെ നാമും ജീവന്റെ പുതുമയിൽ നടക്കേണ്ടതിനാണ്. അവന്റെ മരണത്തിന്റെ സാദൃശ്യത്തോട് നാം ഏകീഭവിച്ചെങ്കിൽ ഉത്ഥാനത്തോടും ഏകീഭവിക്കും." (റോമാ 6:4-5). പരിശുദ്ധ കുർബാനയിലെ അപ്പത്തിന്റെ വിഭജനത്തിൽ കർത്താവിന്റെ ശരീരത്തിൽ യഥാർത്ഥമായി പങ്കു പറ്റിക്കൊണ്ട്, അവനോടും തമ്മിൽത്തമ്മിലുമുള്ള ഐക്യത്തിലേക്കും നാം ഉയർത്തപ്പെടുന്നു. "എന്തുകൊണ്ടെന്നാൽ അപ്പം ഒന്നേയുള്ളൂ നാം പലരാണെങ്കിലും ഒരു ശരീരമാണ്. കാരണം, നാമെല്ലാവരും ഒരേ അപ്പത്തിലാണു പങ്കുചേരുന്നത് (1 കോറി 10:17). അങ്ങനെ നാമെല്ലാവരും അവന്റെ ശരീരത്തിന്റെ അവയവങ്ങളാക്കപ്പെടുന്നു” (1 കോറി 12:27). ഓരോരുത്തനും പരസ്പരം ബന്ധമുള്ള അവയവങ്ങളും' (റോമാ 12:5).

മനുഷ്യ ശരീരത്തിന്റെ അവയവങ്ങൾ പലതാണെങ്കിലും അവ ഒരേ ശരീരമായിത്തീരുന്നതുപോലെ, വിശ്വാസികളും മിശിഹായിൽ ഒരു ശരീരമാകുന്നു (1കോറി 12:12). മിശിഹായുടെ ശരീരത്തിന്റെ നിർമിതിക്ക് അവയവങ്ങളുടെയും കർത്തവ്യങ്ങളുടെയും വൈവിധ്യം വളരെയാണ്. തന്റെ സമ്പന്നതയ്ക്കനുസൃതമായും ശുശ്രൂഷകളുടെയും ആവശ്യമനുസരിച്ചും സഭയുടെ നന്മയ്ക്കുവേണ്ടി തന്റെ ദാനങ്ങൾ പങ്കുവയ്ക്കുന്ന ദൈവാത്മാവ് ഒരുവൻ മാത്രം (1കോറി 12:1-11). ഈ ദാനങ്ങളിൽ പ്രധാനം ശ്ലീഹന്മാർക്കുള്ള ദാനമാണ്. അവരുടെ അധികാരത്തിന് ഈ ദൈവാരൂപിതന്നെ പ്രത്യേക സിദ്ധികളുള്ളവരെപ്പോലും വിധേയരാക്കുന്നു (1 കോറി 14). ഈ ദൈവാരൂപിതന്നെ സ്വന്തം പ്രവൃത്തിയാലും സ്വശക്തിയാലും അംഗങ്ങളുടെ ആന്തരികബന്ധത്താലും ശരീരത്തെ സംയോജിപ്പിച്ച് വിശ്വാസികൾ തമ്മിലുള്ള സ്നേഹമുളവാക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഒരു അവയവം വേദനിക്കുമ്പോൾ എല്ലാ അവയവങ്ങളും അതോടൊപ്പം വേദനിക്കുന്നു; ഒരു അവയവം ബഹുമാനിക്കപ്പെടുമ്പോൾ അതോടൊപ്പം എല്ലാ അവയവങ്ങളും സന്തോഷിക്കുന്നു (1 കോറി 12:26).

ഈ ശരീരത്തിന്റെ ശിരസ്സ് മിശിഹായാണ്. അവിടന്ന് അദൃശ്യദൈവത്തിന്റെ പ്രതിച്ഛായയാണ്; അവനിൽ വിശ്വംമുഴുവനും അസ്തിത്വം പ്രാപിച്ചു. അവൻ എല്ലാറ്റിനും മുമ്പു തന്നെ ഉള്ളവനാണ്; സർവവും അവനിലാണു നിലനില്ക്കുന്നത്. സഭയാകുന്ന ശരീരത്തിന്റെ ശിരസ്സാണ് അവൻ. ആദിയും മൃതരിൽനിന്നുള്ള ആദ്യജാതനുമാണവൻ. അവൻ എല്ലാറ്റിലും പ്രഥമസ്ഥാനീയനാകാൻ വേണ്ടിയാണിത് (കൊളോ 1:15-18). അവൻ തന്റെ ശക്തിയുടെ ആധിക്യത്താൽ ആകാശത്തിലും ഭൂമിയിലും സർവാധിപത്യം പുലർത്തുന്നു. തന്റെ സർവാതിശായിയായ സമ്പൂർണതയാലും പ്രവൃത്തിയാലും തന്റെ മഹത്ത്വമേറിയ ശരീരം സകല സമ്പത്തുകളുംകൊണ്ട് അവൻ നിറയ്ക്കുന്നു (എഫേ. 1-18-23).

എല്ലാ അവയവവും, അവയിൽ മിശിഹാരൂപം കൊള്ളുന്നതുവരെ അവനോടു സാദൃശ്യം പ്രാപിക്കേണ്ടിയിരിക്കുന്നു (ഗലാ 4:19). ഇക്കാരണത്താൽ, അവന്റെ ഛായയിൽ രൂപവത്കരിക്കപ്പെട്ട്, മരിച്ച്, ഉയിർപ്പിക്കപ്പെട്ട്, അവനോടൊത്തു ഭരണം കൈയാളുന്നതുവരെ നാം അവന്റെ ജീവിതരഹസ്യങ്ങളിലേക്കു സംവഹിക്കപ്പെടുന്നു (ഫിലി 3:21; 2തിമോ 2:11; എഫേ 2:6; കൊളോ 2:12 etc). ഇനിയും ഈ ലോകത്തിൽ പ്രവാസികളും ക്ലേശങ്ങളിലും മർദനങ്ങളിലും അവന്റെ പാദമുദ്രകൾ പിന്തുടരുന്നവരുമായ നാം ശിരസ്സിനോടു ശരീരമെന്നപോലെ അവന്റെ സഹനങ്ങളിൽ പങ്കുചേരുകയും അവനോടൊത്തു ക്ലേശങ്ങൾ വഹിക്കുകയും ചെയ്തുകൊണ്ട് അവനോടൊത്തു മഹത്ത്വം പ്രാപിക്കേണ്ടിയിരിക്കുന്നു (റോമാ 8:17).

അവനിൽനിന്ന് “ശരീരം മുഴുവൻ സന്ധിബന്ധങ്ങളാലും സിരകളാലും പരിപുഷ്ടമാക്കപ്പെട്ടും കൂട്ടിയിണക്കപ്പെട്ടും ദൈവഹിതാനുസരണം വളർച്ചപ്രാപിക്കുന്നു (കൊളോ 2:19). അവൻ തന്റെ ശരീരത്തിൽ, അതായത് തിരുസഭയിൽ, ശുശ്രൂഷകളുടെ ദാനങ്ങൾ നിരന്തരം വിതരണം ചെയ്തുകൊണ്ടിരിക്കുന്നു. ഈ ദാനങ്ങൾ വഴി അവന്റെതന്നെ ശക്തിയാൽ നമുക്കു പരസ്പരം രക്ഷയ്ക്കുവേണ്ടിയുള്ള ശുശ്രൂഷ ചെയ്യുന്നതിനും അങ്ങനെ സ്നേഹത്തിൽ സത്യം പ്രവർത്തിച്ചുകൊണ്ട് നമ്മുടെ ശിരസ്സായ അവനിൽ എല്ലാ വിധത്തിലും വളരുന്നതിനും വേണ്ടിയാണിത് (എഫേ 4:11-16 ഗ്രീക്കു ബൈബിൾ).

നാം അവനിൽ നിരന്തരം നവീകരിക്കപ്പെടുന്നതിനുവേണ്ടി (എഫേ 4:23), അവൻ തന്റെ ആത്മാവിൽ നമുക്കു ഭാഗഭാഗിത്വം നല്കി. ഈ ദിവ്യാത്മാവ് ശിരസ്സിലും അവയവങ്ങളിലും ഒന്നുപോലെ, ഒരേ ആത്മാവായി വർത്തിച്ചുകൊണ്ട്, ശരീരം മുഴുവനും ജീവിപ്പിക്കുകയും സംയോജിപ്പിക്കുകയും ചലിപ്പിക്കുകയും ചെയ്യുന്നു. 

അതുകൊണ്ടാണ് വിശുദ്ധ സഭാപിതാക്കന്മാർക്ക് ഈ ആത്മാവിന്റെ പ്രവർത്തനത്തെ ശരീരത്തിൽ ജീവചൈതന്യം അഥവാ ആത്മാവ് നിർവഹിക്കുന്ന പ്രവർത്തനത്തോടു തുലനംചെയ്യാൻ സാധിച്ചത്.

മിശിഹാ തിരുസഭയെ സ്വന്തം മണവാട്ടിയായി സ്നേഹിച്ചു. അതുവഴി ഭർത്താവ് സ്വന്തം ശരീരമെന്നവണ്ണം ഭാര്യയെ സ്നേഹിക്കേണ്ടതിനു മാതൃക നല്കി (എഫേ 5:25 -28). ഈ തിരുസഭ സ്വന്തം ശിരസ്സിനു വിധേയയാണ് (എഫേ 5:23-24). എന്തുകൊണ്ടെന്നാൽ, ദൈവത്ത്വത്തിന്റെ പൂർണത മുഴുവനും ശരീരവത്തായി അവനിൽ സ്ഥിതി ചെയ്യുന്നു (കൊളോ 2:9). അവന്റെ ശരീരവും പൂർണതയുമായ സഭയെ അവൻ തന്റെ വിശുദ്ധദാനങ്ങളാൽ നിറയ്ക്കുന്നു (എഫേ 1:22,23). അങ്ങനെ അവൾ ദൈവത്തിന്റെ എല്ലാ പൂർണതയിലേക്കും കടന്നുചെന്ന് അവ പ്രാപിക്കാൻ വേണ്ടിയാണിത് (എഫേ 3:19).

8 സഭ: ദൃശ്യവും ആത്മികവുമായ യാഥാർത്ഥ്യം

ഏകമദ്ധ്യസ്ഥനായ മിശിഹാ തന്റെ വിശുദ്ധസഭയെ ഇവിടെ ഈ ഭൂമിയിൽ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും സമൂഹമായി, ഒരു ദൃശ്യസംവിധാനമായി സ്ഥാപിക്കുകയും നിരന്തരം നിലനിറുത്തുകയും ചെയ്യുന്നു. അവൾ വഴി സത്യവും കൃപയും എല്ലാവരിലേക്കും ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. സഭ ഹയരാർക്കിക്കൽഘടകങ്ങളാൽ നിർമിതമായ സമൂഹവും മിശിഹായുടെ നിഗൂഢശരീരവും ദൃശ്യ സംഘടനയും ആത്മികസമൂഹവുമാണ്. ഭൗമികതിരുസഭയും സ്വർഗീയദാനങ്ങളാൽ സമ്പുഷ്ടയായ സഭയും രണ്ടു യാഥാർത്ഥ്യങ്ങളായി പരിഗണിക്കപ്പെടരുത്. മറിച്ച് അത് ഒരു സങ്കീർണയാഥാർത്ഥ്യമായിത്തീരുന്നു - മാനുഷികവും ദൈവികവുമായ ഘടകങ്ങളാൽ സംയോജിതമായി. അതിനാൽ അവതാരം ചെയ്ത വചനത്തിന്റെ രഹസ്യത്തോട് അവളെ താരതമ്യപ്പെടുത്തുന്നത് തികച്ചും ഉചിതമാണ്. എന്തുകൊണ്ടെന്നാൽ, സ്വീകരിക്കപ്പെട്ട സ്വഭാവം ദൈവവചനത്തോട് അവിഭാജ്യമാംവിധം യോജിച്ചുകൊണ്ട് രക്ഷയുടെ സജീവഘടകമായി പ്രയോജകീഭവിക്കുന്നതുപോലെ സഭയുടെ സാമൂഹികഘടന സഭയെ സജീവമാക്കുന്ന മിശിഹായുടെ അരൂപിയോടു യോജിച്ചുകൊണ്ട് സഭാഗാത്രത്തിന്റെ വളർച്ചയ്ക്കു പ്രയോജകീഭവിക്കുന്നു (എഫേ 4:16)." 

ഇതാണ് വിശ്വാസപ്രമാണത്തിൽ ഏകവും പരിശുദ്ധവും കാതോലികവും ശ്ലൈഹികവുമെന്നു നാം ഏറ്റുപറയുന്ന മിശിഹായുടെ ഒരേയൊരു സഭ. ഇതിനെയാണ് ഉത്ഥാനത്തിനുശേഷം നമ്മുടെ രക്ഷകൻ പത്രോസിനെ മേയ്ക്കുവാനേല്പിച്ചതും (യോഹ 21:17) പ്രചരിപ്പിക്കാനും ഭരിക്കാനും അദ്ദേഹത്തെയും മറ്റ് ശ്ലീഹന്മാരെയും നിയോഗിച്ചതും (മത്താ 28: 18 ff) സത്യത്തിന്റെ “തൂണും താങ്ങുമായി" (1തിമോ 3:15) എന്നെന്നേക്കുമായി ഉയർത്തിയതും. ഈ തിരുസ്സഭ, ഈ ലോകത്തിൽ സംസ്ഥാപിതവും ക്രമവത്കൃതവുമായ സമൂഹമെന്ന നിലയിൽ കത്തോലിക്കാസഭയിൽ നിലനില്ക്കുന്നു; പത്രോസിന്റെ പിൻഗാമിയാലും അദ്ദേഹത്തിന്റെ കൂട്ടായ്മയിലുള്ള മെത്രാന്മാരാലും ഭരിക്കപ്പെടുകയും ചെയ്യുന്നു. ഈ കൂട്ടായ്മയ്ക്കുപുറത്ത് വിശുദ്ധീകരണത്തിന്റെയും സത്യത്തിന്റെയും വളരെയേറെ ഘടകങ്ങൾ കാണപ്പെടുന്നുണ്ടെങ്കിലും മിശിഹായുടെ സത്യസഭയുടെ വരങ്ങൾ എന്ന നിലയ്ക്ക് അവ കത്തോലിക്കാ ഐക്യത്തിലേക്കു പ്രേരിപ്പിക്കുന്നവയാണ്.

മിശിഹാ ദാരിദ്ര്യത്തിലും പീഡാസഹനത്തിലുംകൂടെ രക്ഷാകർമം പൂർത്തിയാക്കിയതുപോലെ, തിരുസഭയും മനുഷ്യർക്ക് രക്ഷയുടെ ഫലം പകരുന്നതിനായി ഈ വഴിയിൽത്തന്നെ പ്രവേശിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. ഈശോമിശിഹാ “ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ചു" (ഫിലി 2:6). "സമ്പന്നനായിരുന്നിട്ടും അവൻ നമുക്കുവേണ്ടി ദരിദ്രനായി” (2 കോറി 8:9). ഇതുപോലെതന്നെ തിരുസഭയ്ക്ക് തന്റെ ദൗത്യത്തിനുവേണ്ടി മനുഷ്യന്റെ സമ്പത്ത് ആവശ്യമാണെങ്കിലും അവൾ നിയമിക്കപ്പെട്ടിരിക്കുന്നത് ലൗകികമഹത്ത്വത്തിനായല്ല, എളിമയിലേക്കും സ്വയം പരിത്യാഗത്തിലേക്കുമാണ്. അവ സ്വന്തം മാതൃക വഴി പ്രചരിപ്പിക്കുന്നതിനുമാണ്. മിശിഹാ പിതാവിനാൽ അയയ്ക്കപ്പെട്ടത്, "ദരിദ്രരെ സുവിശേഷം അറിയിക്കാനും, ഹൃദയം തകർന്നവരെ സുഖപ്പെടുത്താനും (ലൂക്കാ 4:18) നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനും” (ലൂക്കാ 19:10) ആണ്. അതുപോലെതന്നെ തിരുസഭ മനുഷ്യ സഹജമായ ബലഹീനതയാൽ അവശരായവരെയെല്ലാം സ്നേഹം കൊണ്ടു പൊതിഞ്ഞ്, ദരിദ്രരിലും പീഡിതരിലും ദരിദ്രനും പീഡിതനുമായ തന്റെ സ്ഥാപകന്റെ പ്രതിച്ഛായ ദർശിച്ച്, അവരുടെ ദാരിദ്ര്യം ലഘൂകരിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നു. അവരിൽ മിശിഹായെ ശുശ്രൂഷിക്കാൻ ഓടിയെത്തുന്നു. മിശിഹാ പരിശുദ്ധനും ദോഷരഹിതനും നിഷ്കളങ്കനും" (ഹെബ്രാ 7:26) “പാപം അറിയാത്തവനും" (2കോറി 5:21) ആയിരുന്നിട്ടും ജനങ്ങളുടെ പാപങ്ങൾക്കു പരിഹാരം ചെയ്യാൻ വേണ്ടി വന്നു (ഹെബ്രാ 2:17). തിരുസഭയാകട്ടെ, പാപികളെ തന്റെ മാറോടണച്ച്, എപ്പോഴും പരിശുദ്ധയും അതേ സമയം വിശുദ്ധീകരിക്കപ്പെടേണ്ടവളുമായി പശ്ചാത്താപത്തെയും നവീകരണത്തെയും നിരന്തരം പിന്തുടരുന്നു.

“ലോകത്തിന്റെ ഞെരുക്കങ്ങളുടെയും ദൈവത്തിന്റെ സമാശ്വാസങ്ങളുടെയും മധ്യേ പ്രവാസജീവിതത്തിൽ" സഭ കർത്താവിന്റെ കുരിശും മരണവും പ്രഖ്യാപിച്ചുകൊണ്ട്, അവൻ വരുന്നതുവരെ മുന്നേറുകയാണ് (1 കോറി 11:26). ഉത്ഥിതനായ കർത്താവിന്റെ ശക്തിയാൽ അവൾ ശക്തി പ്രാപിക്കുന്നു. അതുവഴി ആന്തരികവും ബാഹ്യവുമായ ക്ലേശങ്ങളും പ്രതിബന്ധങ്ങളും ക്ഷമയോടും സ്നേഹത്തോടും കൂടെ തരണം ചെയ്യുന്നു. അവന്റെ രഹസ്യം, നിഴലുകളിലൂടെയെന്നതുപോലെയാണെങ്കിലും, അന്ത്യനാളിൽ പൂർണ വെളിച്ചത്തിൽ പ്രകാശിപ്പിക്കപ്പെടുന്നതുവരെ, വിശ്വസ്തതാപൂർവം ലോകത്തിൽ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

Translation of Documents : Concilio Vaticano II, Enchiridium Vaticanum : A Cura del Centro Dehoniano: Testo Ufficiale: Latino- Italiana 7 th ed, Bologna 1968.
Translated by : Rev. Fr. Jacob Kattoor

തിരുസ്സഭയെക്കുറിച്ചുള്ള ഡോഗ്മാറ്റിക് കോൺസ്റ്റിറ്റ്യൂഷൻ സഭയുടെ രഹസ്യാത്മകത രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ സഭ മിശിഹായുടെ കൂദാശ പിതാവിന്റെ സാർവത്രിക രക്ഷാപദ്ധതി പുത്രന്റെ ദൗത്യവും പ്രവർത്തനവും സഭയെ പവിത്രീകരിക്കുന്ന പരിശുദ്ധാത്മാവ് ദൈവരാജ്യം സഭയുടെ സാദൃശ്യങ്ങൾ സഭ: മിശിഹായുടെ ശരീരം സഭ: ദൃശ്യവും ആത്മികവുമായ യാഥാർത്ഥ്യം Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message