We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Religious teaching of the Catholic Church On 19-May-2023
ഖൺഡിക 2. "പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്നു പിറന്നു."
I. പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി...
കന്യകാമറിയത്തിനു മാലാഖവഴി നൽകപ്പെട്ട മംഗളവാർത്ത, “കാലത്തിൻ്റെ പൂർണതയ്ക്ക് അതായത്, ദൈവത്തിന്റെ വാഗ്ദാനങ്ങളുടെയും ഒരുക്കങ്ങളുടെയും പൂർത്തീകരണത്തിനു തുടക്കംകുറിച്ചു. “ദൈവത്വത്തിന്റെ പൂർണതമുഴുവൻ" "ശാരീരികമായി" ആരിൽ വസിക്കുന്നുവോ അവനെ ഗർഭം ധരിക്കാനാണു മറിയം ക്ഷണിക്കപ്പെട്ടത്. “ഞാൻ പുരുഷനെ അറിയാത്തതിനാൽ ഇത് എങ്ങനെ എന്നിൽ സംഭവിക്കും?" എന്ന അവളുടെ ചോദ്യത്തിന് ആത്മാവിന്റെ ശക്തിമൂലം എന്നായിരുന്നു ദൈവികമറുപടി: “പരിശുദ്ധാത്മാവു നിന്റെമേൽ വരും"
പരിശുദ്ധാത്മാവിന്റെ ദൗത്യം എപ്പോഴും പുത്രന്റെ ദൗത്യത്തോടു ബന്ധപ്പെട്ടിരിക്കുന്നതും, അതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നതുമാണ്. കന്യകാമറിയത്തിന്റെ ഉദരത്തെ പവിത്രീകരിക്കുവാനും, അവളിൽനിന്ന് എടുക്കപ്പെട്ട മനുഷ്യപ്രകൃതിയിൽ പിതാവിന്റെ നിത്യസുതനെ ഗർഭം ധരിക്കുവാനായി അവളെ സജ്ജീകരിച്ചുകൊണ്ടു ദൈവികമായി ഗർഭധാരണം സാധ്യമാക്കുവാനുമാണ്, “കർത്താവും ജീവദാതാവുമായ" പരിശുദ്ധാത്മാവ് അയയ്ക്കപ്പെട്ടത്.
പിതാവിന്റെ ഏകപുത്രൻ, കന്യകാമറിയത്തിന്റെ ഉദരത്തിൽ മനുഷ്യനായി ഉരുവായവൻ, "ക്രിസ്തു" അതായത്, പരിശുദ്ധാത്മാവിനാൽ അഭിഷിക്തനായവൻ ആണ്. തന്റെ മാനുഷികാസ്തിത്വത്തിന്റെ തുടക്കംമുതൽ ഈ അഭിഷേകം ഉത്തരോത്തരം ആവിഷ്കരിക്കപ്പെട്ടു: ആട്ടിടയൻമാർക്ക്, ജ്ഞാനികൾക്ക്, സ്നാപകയോഹന്നാന്, ശിഷ്യൻമാർക്ക്. ദൈവം അവിടുത്തെ പരിശുദ്ധാത്മാവിനാലും, ശക്തിയാലും, എങ്ങനെ അഭിഷേകം ചെയ്തു എന്ന് യേശുക്രിസ്തുവിന്റെ ജീവിതം മുഴുവൻ വെളിപ്പെടുത്തും.
II. ...കന്യകാമറിയത്തിൽനിന്നു പിറന്നു
മറിയത്തെക്കുറിച്ചുള്ള കത്തോലിക്കാവിശ്വാസം, ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്കാവിശ്വാസത്തിൽ അധിഷ്ഠിതമാണ്; മറ്റൊരുവിധത്തിൽ, മറിയത്തെക്കുറിച്ചുള്ള കത്തോലിക്കാപ്രബോധനം, ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്കാവിശ്വാസത്തെ കൂടുതൽ പ്രകാശിപ്പിക്കുന്നു.
മറിയത്തിൻ്റെ മുൻകൂട്ടിയുള്ള തിരഞ്ഞെടുപ്പ്
“ദൈവം തന്റെ പുത്രനെ അയച്ചു"; എന്നാൽ അവന് ഒരു ശരീരം തയ്യാറാക്കാൻ ഒരു സൃഷ്ടിയുടെ സ്വതന്ത്രസഹകരണം വേണമെന്ന് തീരുമാനിച്ചു. ഇതിനുവേണ്ടി തന്റെ പുത്രന് അമ്മയാകാൻ ഒരു ഇസ്രായേൽ പുത്രിയെ, ഗലീലിയിലെ നസ്രത്തിൽനിന്നുള്ള ഒരു യഹൂദയുവതിയെ, ദാവീദിന്റെ ഗോത്രത്തിൽപ്പെട്ട "ജോസഫ് എന്നയാളോടു വിവാഹവാഗ്ദാനം ചെയ്തിരുന്ന ഒരു കന്യകയെ ദൈവം അനാദിയിലെ തിരഞ്ഞെടുത്തു; ആ കന്യകയുടെ പേരു മറിയം എന്നായിരുന്നു."
പഴയനിയമത്തിലെ അനേകം വിശുദ്ധസ്ത്രീകൾ തങ്ങളുടെ ദൗത്യനിർവഹണത്തിലൂടെ മറിയത്തിന്റെ ദൗത്യനിർവഹണത്തിനായി കളമൊരുക്കി. ഏറ്റവും ആദ്യം ഹവ്വാ ആയിരുന്നു. അവൾ അനുസരണക്കേടു കാണിച്ചെങ്കിലും, ദുഷ്ടന്റെമേൽ വിജയംവരിക്കുന്ന സന്തതിയെക്കുറിച്ചുള്ള വാഗ്ദാനവും ജീവിക്കുന്ന സർവരുടെയും മാതാവായിരിക്കുമെന്നുള്ള വാഗ്ദാനവും അവൾക്ക് ലഭിക്കുന്നു. ഈ വാഗ്ദാനപ്രകാരം, സാറാ വാർധക്യഗ്രസ്തയായിരുന്നിട്ടുപോലും ഒരു പുത്രനെ ഗർഭം ധരിക്കുന്നു. മാനുഷിക പ്രതീക്ഷകൾക്കെല്ലാം അതീതമായി ദൈവം തന്റെ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്നു തെളിയിക്കാൻ ശക്തിഹീനരും ദുർബലരുമായി പരിഗണിക്കപ്പെട്ടിരുന്നവരെ തിരഞ്ഞെടുക്കുന്നു: സാമുവലിന്റെ അമ്മയായ ഹന്നാ; ദെബോറ; റൂത്ത്; യൂദിത്ത്; എസ്തേർ; കൂടാതെ മറ്റു പല സ്ത്രീകളും. “ദൈവത്തിൽ നിന്ന് രക്ഷ പ്രതീക്ഷിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന കർത്താവിന്റെ പാവപ്പെട്ടവരുടെയും എളിയവരുടെയുമിടയിൽ" മറിയം “സമുന്നത സ്ഥാനമർഹിക്കുന്നു". ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം, സെഹിയോൻ്റെ മഹോന്നത പുത്രിയിൽ സമയം പൂർത്തിയാവുകയും; നവീനമായ രക്ഷാപദ്ധതിക്ക് ആരംഭം കുറിക്കുകയും ചെയ്തു."
അമലോദ്ഭവം
"രക്ഷകന്റെ മാതാവ്" ആയിത്തീരുന്നതിന് മറിയത്തെ “ആ സ്ഥാനത്തിന് അനുഗുണമായ ദാനങ്ങളാൽ ദൈവം സമ്പന്നയാക്കി." മംഗളവാർത്തയറിയിക്കുന്ന നിമിഷത്തിൽ ഗബ്രിയേൽ മാലാഖ മറിയത്തെ അഭിസംബോധന ചെയ്യുന്നത്, “ദൈവകൃപ നിറഞ്ഞവളേ" എന്നാണ്. വാസ്തവത്തിൽ, തന്റെ വിളിയെക്കുറിച്ചു കന്യകാമറിയത്തിന് അറിയിപ്പു ലഭിച്ചപ്പോൾ, അതിന് വിശ്വാസത്തിന്റെ സ്വതന്ത്രസമ്മതം നൽകാൻ കഴിയുന്നതിന്, അവൾ ദൈവകൃപയാൽ നയിക്കപ്പെടേണ്ടിയിരുന്നു.
“ദൈവത്താൽ കൃപാവരംകൊണ്ട് നിറയ്ക്കപ്പെട്ട" മറിയം, അവളുടെ ഉദ്ഭവ നിമിഷംമുതൽതന്നെ രക്ഷിക്കപ്പെട്ടവൾ ആണെന്ന് നൂറ്റാണ്ടുകളിലൂടെ സഭ ബോധവതിയായി. പീയൂസ് ഒമ്പതാമൻ മാർപാപ്പാ 1854-ൽ പ്രഖ്യാപിച്ച "അമലോദ്ഭവം എന്ന വിശ്വാസസത്യം ഏറ്റുപറയുന്നത് ഇതാണ്:
“ഉദ്ഭവത്തിന്റെ ആദ്യനിമിഷംമുതൽ, അതുല്യവിശുദ്ധിയുടെ തേജസ്സിനാൽ പ്രശോഭിതയായ കന്യകാമറിയത്തിന് ആ വിശുദ്ധി മുഴുവൻ സിദ്ധിച്ചതു ക്രിസ്തുവിൽനിന്നാണ്: “സ്വപുത്രൻ്റെ യോഗ്യതകളെ മുൻനിറുത്തി, കൂടുതൽ ഉന്നതമായ രീതിയിൽ രക്ഷിക്കപ്പെട്ടവളാണ് അവൾ." സൃഷ്ടിക്കപ്പെട്ട മറ്റേതൊരു വ്യക്തിയെക്കാളുമധികമായി മറിയത്തെ പിതാവു ക്രിസ്തുവിൽ സ്വർഗീയമായ എല്ലാ അനുഗ്രഹങ്ങളുംകൊണ്ട് ആശീർവദിച്ചു. “തന്റെ മുൻപിൽ സ്നേഹത്തിൽ പരിശുദ്ധയും നിഷ്കളങ്കയുമായിരിക്കുവാൻ ലോകസ്ഥാപനത്തിനു മുൻപേ മറിയത്തെ ദൈവം ക്രിസ്തുവിൽ തിരഞ്ഞെടുത്തു."
പൗരസ്ത്യ സഭാപിതാക്കൻമാർ മറിയത്തെ "സർവവിശുദ്ധ" (panagia) എന്നു വിളിക്കുന്നു; കൂടാതെ, “പാപസ്പർശമേൽക്കാത്തവൾ, പരിശുദ്ധാത്മാവിനാൽ പ്രത്യേകവിധം രൂപപ്പെടുത്തിയാലെന്നവണ്ണം തികച്ചും നൂതന സൃഷ്ടിയായവൾ"- എന്നിങ്ങനെ മറിയത്തെ പ്രകീർത്തിക്കുകയും ചെയ്യുന്നു. ദൈവകൃപയാൽ മറിയം തന്റെ ജീവിതകാലം മുഴുവൻ വ്യക്തിപരമായ എല്ലാ പാപങ്ങളിൽനിന്നും വിമുക്തയായിരുന്നു.
“നിന്റെ വാക്കുപോലെ എന്നിൽ സംഭവിക്കട്ടെ..."
പുരുഷനെ അറിയാതെ, പരിശുദ്ധാത്മശക്തിയാൽ താൻ “അത്യുന്നതൻ്റെ പുത്രനു" ജൻമം നൽകും എന്ന അറിയിപ്പു ലഭിച്ചയുടൻ, മറിയം വിശ്വാസത്തിന്റെ വിധേയത്വത്തോടെ, “ദൈവത്തിന് അസാധ്യമായി യാതൊന്നും ഇല്ല” എന്ന ഉറപ്പോടെ പ്രതിവചിച്ചു: “ഇതാ കർത്താവിന്റെ ദാസി; നിന്റെ വാക്ക് പോലെ എന്നിൽ സംഭവിക്കട്ടെ." ദൈവത്തിന്റെ വാക്കിന് ഇങ്ങനെ പ്രത്യുത്തരം നൽകികൊണ്ട് മറിയം യേശുവിന്റെ അമ്മയായി. രക്ഷയെ സംബന്ധിച്ച ദൈവേഷ്ടത്തെ പൂർണഹൃദയത്തോടെ ആശ്ലേഷിച്ചുകൊണ്ട് പാപത്തിന്റെ യാതൊരു വിഘ്നവും കൂടാതെ മറിയം തന്നെത്തന്നെ മുഴുവനായും സ്വപുത്രനും അവിടുത്തെ രക്ഷാകരപ്രവർത്തനത്തിനും സമർപ്പിച്ചു. സ്വപുത്രനോടൊത്തും അവിടുന്നിൽ ആശ്രയിച്ചുകൊണ്ടും ദൈവകൃപയാൽ, പരിത്രാണകർമത്തിന്റെ രഹസ്യത്തിനു ശുശ്രൂഷചെയ്യാൻ വേണ്ടിയാണ്, അവൾ ഇങ്ങനെ ചെയ്തത്.
മറിയത്തിന്റെ ദിവ്യമാതൃത്വം
മറിയത്തെ സുവിശേഷകർ “ഈശോയുടെ അമ്മ” എന്നു വിശേഷിപ്പിക്കുന്നു. ഏലീശ്വായാകട്ടെ മറിയത്തിന്റെ പുത്രൻ ജനിക്കുന്നതിനു മുൻപുതന്നെ, ആത്മാവിനാൽ പ്രചോദിതയായി, മറിയത്തെ “എന്റെ കർത്താവിന്റെ അമ്മ" എന്നു പ്രകീർത്തിക്കുന്നു. വാസ്തവത്തിൽ, മറിയത്തിന്റെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ മനുഷ്യനായി അവതരിച്ചവൻ, ജഡപ്രകാരം യഥാർഥത്തിൽ മറിയത്തിന്റെ മകനായി തീർന്നവൻ, പരിശുദ്ധതമ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയും പിതാവിന്റെ നിത്യ പുത്രനുമല്ലാതെ മറ്റാരുമല്ല. തന്നിമിത്തം തിരുസഭ ഉദ്ഘോഷിക്കുന്നു: “മറിയം യഥാർഥത്തിൽ ദൈവത്തിന്റെ അമ്മയാണ്" (Theotokos).
മറിയത്തിന്റെ കന്യാത്വം
സഭ തന്റെ വിശ്വാസത്തിന്റെ ആദിമക്രോഡീകരണങ്ങൾമുതൽ ഇങ്ങനെ ഏറ്റുപറയുന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ മാത്രമാണ്, കന്യകാമറിയത്തിന്റെ ഉദരത്തിൽ യേശു സംജാതനായത്. അതോടൊപ്പം ഈ സംഭവത്തിന്റെ ശാരീരിക യാഥാർഥ്യവും സഭ ഉറപ്പിച്ചു പറയുന്നു: “യേശു ഗർഭസ്ഥനായതു പുരുഷബീജം കൂടാതെ, പരിശുദ്ധാത്മാവിനാലാണ്." അവിടുത്തെ കന്യകാജനനത്തിൽ സഭാ പിതാക്കൻമാർ കാണുന്ന അടയാളം ഇതാണ്: നമ്മുടേതു പോലെയുള്ള മനുഷ്യ പ്രകൃതിയിൽ ഭൂജാതനായതു യഥാർഥത്തിൽ ദൈവപുത്രനായിരുന്നു. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന അന്തിയോക്യായിലെ വി. ഇഗ്നേഷ്യസ് പറയുന്നു.
കന്യാജനനത്തെ സുവിശേഷകൻമാർ ദർശിക്കുന്നത്, മനുഷ്യബുദ്ധിക്കും മാനുഷിക സാധ്യതകൾക്കും അതീതമായ ഒരു ദൈവികപ്രവൃത്തിയായിട്ടാണ്. അവൾ ഗർഭം ധരിച്ചിരിക്കുന്നതു പരിശുദ്ധാത്മാവിൽ നിന്നാണ്", മറിയത്തോടു വിവാഹവാഗ്ദാനം ചെയ്തിരുന്ന ജോസഫിനോടു ദൂതൻ പറഞ്ഞു. ഏശയ്യാ പ്രവാചകൻ മുഖേന നൽകപ്പെട്ട ദൈവികവാഗ്ദാനത്തിന്റെ പൂർത്തീകരണമാണു സഭ ഇവിടെ ദർശിക്കുന്നത്. “ഇതാ കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും."
മറിയം - "നിത്യകന്യക"
മറിയത്തിന്റെ കന്യകാമാതൃത്വത്തിലുള്ള വിശ്വാസത്തിന്റെ ആഴം വർധിച്ചതോടെ, അവളുടെ യഥാർഥവും നിത്യവുമായ കന്യാത്വം - മനുഷ്യനായിത്തീർന്ന ദൈവപുത്രനെ പ്രസവിക്കുന്ന അവസരത്തിൽപ്പോലുമുള്ള കന്യാത്വം - പ്രഘോഷിക്കുവാൻ സഭ പ്രേരിപ്പിക്കപ്പെട്ടു. വാസ്തവംപറഞ്ഞാൽ മിശിഹായുടെ ജനനം, “അവിടുത്തെ അമ്മയുടെ കന്യാത്വത്തിന്റെ സമഗ്രതയ്ക്ക് ഒരുവിധത്തിലും മങ്ങലേൽപിക്കാതെ, പകരം അതിനെ പവിത്രീകരിക്കുകയാണു ചെയ്തത്". അങ്ങനെ സഭയുടെ ആരാധനക്രമം, മറിയത്തെ "നിത്യകന്യക" (Aeiparthenos) എന്നു പ്രകീർത്തിക്കുന്നു.
മറിയത്തിന്റെ ഏകപുത്രൻ യേശുവാണ്; എങ്കിലും, മറിയത്തിന്റെ ആധ്യാത്മിക മാതൃത്വം, യേശു രക്ഷിക്കാൻ വന്ന സർവമനുഷ്യരെയും ആശ്ലേഷിക്കുന്നതാണ്: “മറിയം ലോകത്തിനു പ്രദാനംചെയ്ത പുത്രൻ, അനേകം സഹോദരൻമാരിൽ പ്രഥമജാതനായി ദൈവം നിയോഗിച്ചവൻ തന്നെയാണ്. മാതൃസഹജമായ സ്നേഹത്തോടെ അവരുടെ ജനനത്തിലും രൂപീകരണത്തിലും അവൾ സഹകരിക്കുന്നു.
ദൈവിക പദ്ധതിയിൽ മറിയത്തിന്റെ കന്യകാമാതൃത്വം
രക്ഷാകരപദ്ധതിപ്രകാരം, തന്റെ പുത്രൻ ഒരു കന്യകയിൽനിന്നു ജനിക്കണമെന്നു ദൈവം നിശ്ചയിക്കാനുള്ള നിഗൂഢകാരണങ്ങൾ ഏവയെന്ന്, ദൈവാവിഷ്കരണം മുഴുവന്റെയും പശ്ചാത്തലത്തിൽ നോക്കുമ്പോൾ, വിശ്വാസദൃഷ്ടിക്കു കാണുവാൻ കഴിയും. ആ കാരണങ്ങൾ, ക്രിസ്തുവിന്റെ വ്യക്തിത്വത്തെയും, അവിടുത്തെ പരിത്രാണദൗത്യത്തെയും അതുപോലെതന്നെ, ആ പരിത്രാണദൗത്യത്തിന്, എല്ലാ മനുഷ്യരെയുംപ്രതി മറിയം നൽകിയ സ്വീകരണത്തെയും സംബന്ധിക്കുന്നതാണ്.
സംഗ്രഹം
തന്റെ പുത്രന്റെ അമ്മയായിരിക്കാൻ ദൈവം ഹവ്വായുടെ സന്താനപരമ്പരയിൽ നിന്നു കന്യകാമറിയത്തെ തെരഞ്ഞെടുത്തു. “ദൈവകൃപ നിറഞ്ഞവളായ" അവൾ, രക്ഷാകർമത്തിന്റെ അത്യുത്തമ ഫലമാണ്" (SC103). ഉദ്ഭവത്തിന്റെ ആദ്യനിമിഷംമുതൽ, മറിയം ഉദ്ഭവപാപമാലിന്യത്തിൽനിന്നു പരിപൂർണ വിമുക്തയായി പരിരക്ഷിക്കപ്പെട്ടു; ജീവിതകാലം മുഴുവൻ വ്യക്തിപരമായ എല്ലാ പാപങ്ങളിൽനിന്നും അവൾ വിമുക്തയായിരുന്നു.
മറിയം യഥാർഥത്തിൽ “ദൈവത്തിന്റെ മാതാവാണ്"; കാരണം, മനുഷ്യനായിത്തീർന്ന, ദൈവം തന്നെയായ നിത്യനായ ദൈവപുത്രന്റെ അമ്മയാണു മറിയം.
മറിയം “പുത്രനെ ഗർഭംധരിച്ചപ്പോഴും പ്രസവിച്ചപ്പോഴും സംവഹിച്ചപ്പോഴും പാലൂട്ടി വളർത്തിയപ്പോഴും നിത്യകന്യകയായി തുടർന്നു. (St. Augustine, Serm 186, 1:PL 38, 999). തന്റെ ഉൺമ മുഴുവനോടുംകൂടെ അവൾ “കർത്താവിന്റെ ദാസിയാണ്” (ലൂക്ക 1:38).
"സ്വതന്ത്രമായ വിശ്വാസത്തോടും വിധേയത്വത്തോടും കൂടെ കന്യകാമറിയം മാനവ രക്ഷാകർമത്തിൽ സഹകരിച്ചു" (LG 56). "മനുഷ്യപ്രകൃതി മുഴുവന്റെയും നാമത്തിൽ അവൾ തന്റെ സമ്മതം നൽകി (St. Thomas Aquinas, STh III, 30, 1). തന്റെ അനുസരണംമൂലം, മറിയം, ജീവിക്കുന്ന എല്ലാവരുടെയും അമ്മയായ നവീന ഹവ്വാ ആയി.
"പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽനിന്നു പിറന്നു." മറിയത്തിൻ്റെ മുൻകൂട്ടിയുള്ള തിരഞ്ഞെടുപ്പ് അമലോദ്ഭവം നിന്റെ വാക്കുപോലെ എന്നിൽ സംഭവിക്കട്ടെ മറിയത്തിന്റെ ദിവ്യമാതൃത്വം മറിയത്തിന്റെ കന്യാത്വം മറിയം - "നിത്യകന്യക" ദൈവിക പദ്ധതിയിൽ മറിയത്തിന്റെ കന്യകാമാതൃത്വം Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206