x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

സഭയിൽ വിശുദ്ധിയിലേക്കുള്ള സാർവത്രികവിളി

Authored by : രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ On 17-Nov-2022

അധ്യായം അഞ്ച്

സഭയിൽ വിശുദ്ധിയിലേക്കുള്ള സാർവത്രികവിളി

39 വിശുദ്ധി സഭയിൽ

അക്ഷയമായവിധം വിശുദ്ധമായതെന്നു നാം വിശ്വസിക്കുന്ന സഭയുടെ രഹസ്യമാണ് ഈ പരിശുദ്ധ സൂനഹദോസ് വിശകലനം ചെയ്യുന്നത്. പിതാവിനോടും പരിശുദ്ധാത്മാവിനോടുംകൂടെ “ഏക പരിശുദ്ധൻ' എന്നു കീർത്തിക്കപ്പെടുന്നവനായ മിശിഹാ സഭയെ സ്വന്തം മണവാട്ടിയെപ്പോലെ സ്നേഹിച്ചു. അവളെ വിശുദ്ധീകരിക്കുന്നതിനുവേണ്ടി തന്നത്തന്നെ സമർപ്പിച്ചു (എഫേ 5:25-26); സ്വന്തം ശരീരമെന്നപോലെ അവളെ തന്നോടു സംയോജിപ്പിച്ചു. പരിശുദ്ധാത്മാവിന്റെ ദാനത്താൽ ദൈവമഹത്വത്തിനായി അവളെ നിറച്ചു. അതുകൊണ്ട് സഭയിൽ എല്ലാവരും ഹയാർക്കിയിൽപ്പെട്ടവരും അവരാൽ മേയ്ക്കപ്പെടുന്നവരും പൗലോസ് ശ്ലീഹയുടെ വാക്കുകളനുസരിച്ച് വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. “ഇതാണു ദൈവഹിതം: നിങ്ങളുടെ വിശുദ്ധീകരണം" (1തെസ്സ 4;3; എഫേ 1:4). സഭയുടെ ഈ വിശുദ്ധി, ആത്മാവ് വിശ്വാസികളിൽ പുറപ്പെടുവിക്കുന്ന കൃപയുടെ ഫലങ്ങളാൽ അനുസൃതം വെളിവാക്കുകയും വെളിവാക്കപ്പെടേണ്ടിയിരിക്കുകയും ചെയ്യുന്നു. അനുദിനജീവിതത്തിൽ സ്നേഹത്തിന്റെ പൂർണതയിലെത്താൻ, മറ്റുള്ളവർക്കു കൂടി സന്മാതൃക നല്കിക്കൊണ്ട്, പരിശ്രമിക്കുന്ന ഓരോരുത്തരിലും പല രീതിയിൽ ഇതു പ്രകടമാകുന്നു. അതിന്റെ തനിരൂപത്തിൽത്തന്നെ കാണപ്പെടുന്നത് സുവിശേഷോപദേശങ്ങൾ എന്നു സാധാരണ പറയാറുള്ള പ്രമാണങ്ങളുടെ അനുവർത്തനത്തിലാണ്. പരിശുദ്ധാത്മാവാൽ പ്രചോദിതരായി ഈ ഉപദേശങ്ങളുടെ അനുവർത്തനം അനേകം ക്രൈസ്തവർ സ്വീകരിക്കുന്നുണ്ട്. വ്യക്തിഗതമായോ തിരുസഭയിൽ അംഗീകൃതമായ വ്യവസ്ഥകൾക്കും ജീവിതാന്തസ്സിനും അനുസൃതമായോ സ്വീകരിക്കുന്ന ഈ ഉപദേശങ്ങളുടെ അനുവർത്തനത്താൽ അവർ സഭയുടെ വിശുദ്ധിയുടെ മഹത്തായ സാക്ഷ്യവും മാതൃകയും നല്കുകയും അതു നല്കേണ്ടിയിരിക്കുകയും ചെയ്യുന്നു.

40 വിശുദ്ധിയിലേക്കുള്ള സാർവത്രികവിളി

എല്ലാ പൂർണതയുടെയും ദൈവികഗുരുവും മാതൃകയുമായ മിശിഹാകർത്താവ്, തനിക്കു സ്വന്തമായതും താൻ തന്നെ പൂർത്തീകരിക്കുന്നതുമായ ജീവിതവിശുദ്ധി എല്ലാ ജീവിതാവസ്ഥയിലുമുള്ള തന്റെ എല്ലാ ശിഷ്യർക്കും പൊതുവായും ഒറ്റയ്ക്കൊറ്റയ്ക്കും വാഗ്ദാനം ചെയ്തു. “ആകയാൽ നിങ്ങളുടെ സ്വർഗീയപിതാവു പരിപൂർണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരായിരിക്കുവിൻ" (മത്താ 5:48). എല്ലാവരും പൂർണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണമനസ്സോടും സർവശക്തിയോടുംകൂടെ ദൈവത്തെ സ്നേഹിക്കുന്നതിനുവേണ്ടി (മർക്കോ 12:30) ആന്തരികമായി അവരെ പ്രചോദിപ്പിക്കുന്ന പരിശുദ്ധാത്മാവിനെ എല്ലാവരിലേക്കും അവൻ അയച്ചു. മിശിഹാ അവരെ സ്നേഹിച്ചതുപോലെ അവർ പരസ്പരം സ്നേഹിക്കേണ്ടതിനും കൂടിയാണിത് (യോഹ 13:34, 15:12). മിശിഹായുടെ അനുഗാമികൾ അവരുടെ പ്രവൃത്തികളാലല്ല, മറിച്ച്, അവിടുത്തെ പദ്ധതിയും കൃപയുമനുസരിച്ച് വിളിക്കപ്പെടുകയും ഈശോ കർത്താവിൽ നീതിമത്കരിക്കപ്പെടുകയും വിശ്വാസത്തിന്റെ മാമ്മോദീസായിൽ യഥാർത്ഥത്തിൽ ദൈവമക്കളും ദൈവസ്വഭാവത്തിന്റെ പങ്കാളികളും അതിനാൽത്തന്നെ സത്യമായും വിശുദ്ധരും ആയിത്തീരുന്നു. ദൈവം നല്കിയതും തങ്ങൾ സ്വീകരിച്ചതുമായ വിശുദ്ധീകരണം ജീവിതത്തിൽ മുറുകെപ്പിടിക്കാനും പൂർണമാക്കാനും അവർ കടപ്പെട്ടിരിക്കുന്നു. വിശുദ്ധശ്ലീഹ അനുസ്മരിപ്പിക്കുന്നു. “വിശുദ്ധർക്ക് അനുരൂപമായിരിക്കുന്നതുപോലെ” (എഫേ 5:3) ജീവിക്കുവിൻ. “ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരും പ്രീയപ്പെട്ടവരെന്ന നിലയിൽ നിങ്ങൾ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവ ധരിക്കുവിൻ" (കൊളോ 3:12). വിശുദ്ധീകരണത്തിൽ പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ പ്രാപിക്കുവിൻ (ഗലാ 5:22; റോമാ 6:22). നാമെല്ലാം പല കാര്യങ്ങളിലും തെറ്റു ചെയ്യുന്നുണ്ടെന്നതിനാൽ (യാക്കോ 3:2) ദൈവത്തിന്റെ കരുണ നിരന്തരം നമുക്കാവശ്യമുണ്ട്. അനുദിനം നാം 'ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ” (മത്താ 6:12) എന്നു പ്രാർത്ഥിക്കുകയും വേണം.

ഇതിൽനിന്ന് എല്ലാവർക്കും സ്പഷ്ടമായി മനസ്സിലാകുന്നത് ഏതു ജീവിതസ്ഥിതിയിലും അന്തസ്സിലുമുള്ളവരായാലും ക്രിസ്തീയവിശ്വാസികൾ ക്രിസ്തീയജീവിതത്തിന്റെ പൂർണതയിലേക്കും സ്നേഹത്തിന്റെ തികവിലേക്കും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ഈ വിശുദ്ധി വഴി ഭൗതികസമൂഹത്തിൽപ്പോലും കൂടുതൽ മനുഷ്യോചിതമായ ജീവിതം വളർത്തുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്നുമാണ്. ഈ പൂർണത കൈവരിക്കാൻ വിശ്വാസികൾ മിശിഹായിൽനിന്നു സ്വീകരിച്ച ദാനങ്ങൾക്കനുസൃതമായി കഴിവുകൾ വിനിയോഗിക്കുകയും അവിടത്തെ കാല്പാടുകൾ പിന്തുടർന്നുകൊണ്ടും അവിടത്തെ പ്രതിരൂപത്തിന് അനുരൂപരായിത്തീർന്നുകൊണ്ടും പിതാവിന്റെ ഇഷ്ടം എല്ലാക്കാര്യങ്ങളിലും അനുവർത്തിച്ച് ദൈവമഹത്ത്വത്തിനും അയല്ക്കാരന്റെ സേവനത്തിനും പൂർണാത്മാവോടെ തങ്ങളത്തന്നെ അർപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഇങ്ങനെ ദൈവജനത്തിന്റെ വിശുദ്ധി സമൃദ്ധമായി ഫലം പുറപ്പെടുവിക്കുകയും ചെയ്യണം. സഭാചരിത്രത്തിൽ വളരെയധികം വിശുദ്ധരുടെ ജീവിതംവഴി ഇതു സമുജ്ജ്വലമായി തെളിയിക്കപ്പെടുന്നു.

41 വിശുദ്ധിയുടെ വിവിധരൂപങ്ങളിലുള്ള നിർവഹണം

ദൈവാത്മാവാൽ നയിക്കപ്പെടുകയും പിതാവിന്റെ സ്വരത്തിനു കീഴ്വഴങ്ങി പിതാവായ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുകയും എളിയവനും ദരിദ്രനും കുരിശുവഹിക്കുന്നവനുമായ മിശിഹായെ, അവിടത്തെ മഹത്ത്വത്തിന്റെ പങ്കാളിയാകാനുള്ള യോഗ്യത നേടുന്നതിനായി പിന്തുടരുകയും ചെയ്യുന്ന എല്ലാവരും പല ജീവിതരീതികളിലും ഉദ്യോഗങ്ങളിലും കഴിയുന്നവരെങ്കിലും ഒരേ വിശുദ്ധിയാൽ അലംകൃതരാകുന്നു. ഓരോരുത്തരും അവനവന്റെ ദാനങ്ങളും കടമകളുമനുസരിച്ച് പ്രത്യാശ ഉദ്ദീപിപ്പിക്കുന്നതും സ്നേഹത്താൽ പ്രവർത്തിക്കുന്നതുമായ വിശ്വാസത്തിന്റെ വഴിയിൽ സംശയലേശമെന്യേ പുരോഗമിക്കാൻ കടപ്പെട്ടിരിക്കുന്നു.

ക്രിസ്തീയ അജഗണത്തിന്റെ ഇടയന്മാർ, പ്രഥമതഃ ഉന്നതനും നിത്യനുമായ പുരോഹിതനും ഇടയനും നമ്മുടെ ആത്മാക്കളുടെ മേലധ്യക്ഷനുമായവന്റെ സാദൃശ്യത്തിൽ വിശുദ്ധിയോടും ഉത്സാഹത്തോടും വിനയത്തോടും ധൈര്യത്തോടും കൂടെ തങ്ങളുടെ ശുശ്രൂഷ നിർവഹിക്കാൻ കടപ്പെട്ടിരിക്കുന്നു. അങ്ങനെ പൂർത്തീകരിക്കുമ്പോൾ ഇതു സ്വന്തം വിശുദ്ധീകരണത്തിനുള്ള മഹത്തായ മാർഗമായിത്തീരുകയും ചെയ്യും. പൗരോഹിത്യപദവിയുടെ പൂർണതയിലേക്കു തിരഞ്ഞെടുക്കപ്പെട്ടവർ കൗദാശിക വരപ്രസാദത്താൽ സമ്മാനിക്കപ്പെട്ടിരിക്കുന്നു. അതുവഴി, പ്രാർത്ഥിച്ചും പ്രസംഗിച്ചും പരിത്യാഗം ചെയ്തും മെത്രാനടുത്ത ജോലിയുടെയും ശുശ്രൂഷയുടെയും എല്ലാ സംവിധാനങ്ങളുംവഴി സമ്പൂർണമായ അജപാലന ജോലി നിർവഹിക്കാനും ആടുകൾക്കുവേണ്ടി സ്വജീവൻ സമർപ്പിക്കാനും നിർഭയം അജഗണങ്ങൾക്കു മാതൃക നല്കിക്കൊണ്ട് (1പത്രോ 5:3) സഭയെ സ്വമാതൃക വഴി നാൾതോറും കൂടുതൽ വിശുദ്ധിയിലേക്കു വളർത്താനുമുള്ള വരമാണ് അവർക്കു നൽകപ്പെടുന്നത്.

മെത്രാൻപട്ടത്തിന്റെ സാദൃശ്യത്തിൽ, അവരുടെ ആത്മികമകുടമായി രൂപംകൊള്ളുന്ന വൈദീകർ ഏകനിത്യമദ്ധ്യസ്ഥനായ മിശിഹാവഴി മെത്രാന്മാരുടെ ദൗത്യത്തിന്റെ വരപ്രസാദത്തിൽ പങ്കുപറ്റുന്നു. തന്മൂലം തങ്ങളുടെ അനുദിനകൃത്യങ്ങൾ വഴി ദൈവസ്നേഹത്തിലും പരസ്നേഹത്തിലും വളരുകയും വൈദികകൂട്ടായ്മയുടെ ബന്ധം സംരക്ഷിക്കുകയും ദൈവത്തിന് സജീവമായ സാക്ഷ്യംവഹിക്കുകയും ഈ ലോകജീവിതത്തിൽ വിനീതവും പലപ്പോഴും അറിയപ്പെടാത്തതുമായ സേവനത്താൽ മഹത്തായ വിശുദ്ധിയുടെ സാദൃശ്യം അവശേഷിപ്പിച്ച വൈദികരുടെ മാതൃകയിൽ എല്ലാ ആദ്ധ്യാത്മികനന്മയിലും വളരുകയും ചെയ്യണം. അവരുടെ മഹത്ത്വം ദൈവത്തിന്റെ സഭയിൽ നിലനില്ക്കുന്നു. വൈദികർ തങ്ങൾ കൈകാര്യം ചെയ്യുന്നവ അറിഞ്ഞുകൊണ്ടും അനുവർത്തിക്കുന്നവ അനുകരിച്ചുകൊണ്ടും സ്വന്തജനത്തിനുവേണ്ടിയും ദൈവജനം മുഴുവനുവേണ്ടിയും ഔദ്യോഗികമായി പ്രാർത്ഥിച്ചുകൊണ്ടും ബലിയർപ്പിച്ചുകൊണ്ടും സഭ മുഴുവന്റെയും സന്തോഷത്തിനായി വിശുദ്ധിയിൽ ഉത്തരോത്തരം വളർച്ച പ്രാപിക്കണം. ശ്ലൈഹിക കർത്തവ്യ ബഹുലതയാലും അപകടസാദ്ധ്യതകളാലും ശ്ലൈഹികജീവിതക്ലേശങ്ങളാലും തടസ്സപ്പെടാതെ, ധ്യാനനിഷ്ഠയുടെ സമൃദ്ധിയാൽ പ്രയത്നങ്ങളെ പോഷിപ്പിച്ചും വളർത്തിയുമാണ് ഇതു നിർവഹിക്കേണ്ടത്. എല്ലാ വൈദികരും പ്രത്യേകിച്ച്, സവിശേഷമായ ചുമതലയുടെ പദവിയാൽ രൂപതാ വൈദികർ എന്നു വിളിക്കപ്പെടുന്നവരും സ്വന്തം മെത്രാനോടുള്ള വിശ്വസതതാനിർഭരമായ അടുപ്പവും ഔദാര്യപൂർണമായ സഹകരണവും സ്വന്തം വിശുദ്ധികരണത്തിന് എത്രമാത്രം സഹായകമാകുന്നെന്ന് ഓർമിക്കണം.

താഴ്ന്ന പട്ടം ലഭിച്ചിട്ടുള്ള ശുശ്രൂഷികളും പ്രത്യേകവിധത്തിൽ ഉന്നതപുരോഹിതന്റെ ദൗത്യത്തിലും കൃപാവരത്തിലും ഭാഗഭാക്കുകളാണ്. അവരിൽ പ്രധാനമായി ഡീക്കന്മാർ മിശിഹായുടെയും സഭയുടെയും രഹസ്യങ്ങളുടെ ശുശ്രൂഷകരെന്നനിലയിൽ എല്ലാ തിന്മകളിലുംനിന്നും വിശുദ്ധീകൃതരായി തങ്ങളത്തന്നെ സൂക്ഷിക്കുകയും ദൈവത്തെ പ്രസാദിപ്പിക്കുകയും മനുഷ്യരുടെ മുമ്പിൽ സർവനന്മയും നിർവഹിക്കുകയും ചെയ്യണം (1തിമോ 3:8-10, 12-13). ദൈവത്താൽ വിളിക്കപ്പെട്ടവരും അവിടത്തെ ഓഹരിയായി വേർതിരിക്കപ്പെട്ടവരും അജപാലകന്മാരുടെ ശിക്ഷണത്തിൽ ശുശ്രൂഷകരുടെ ജോലികൾക്കായി ഒരുങ്ങിക്കൊണ്ടിരിക്കുന്നവരുമായ ശുശ്രൂഷികൾ, തങ്ങളുടെ മനസ്സും ഹൃദയവും ഇത്ര മഹത്തായ ഒരു തിരഞ്ഞെടുപ്പിന് അനുരൂപമാക്കാൻ കടപ്പെട്ടിരിക്കുന്നു. ഇതിനായി തദനുസൃതമായ പ്രാർത്ഥനയിലും തീക്ഷ്ണമായ സ്നേഹത്തിലും സത്യവും നീതിയും മാന്യവുമായവയെക്കുറിച്ചെല്ലാം ചിന്തിച്ചുകൊണ്ട്, എല്ലാം ദൈവമഹത്ത്വത്തിനും ബഹുമാനത്തിനുമായി ചെയ്യുകയും വേണം. ഇവരെക്കൂടാതെ, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ചില അല്മയർ ശ്ലൈഹികജോലികൾക്കായി പൂർണമായി സ്വയം സമർപ്പിക്കാൻ വേണ്ടി മെത്രാന്മരാൽ വിളിക്കപ്പെടുകയും ദൈവത്തിന്റെ വയലിൽ ഏറെ ഫലദായകമായവിധം അദ്ധ്വാനിക്കുകയും ചെയ്യുന്നുണ്ട്.

വിശേഷിച്ച്, മാതാപിതാക്കന്മാരും ക്രിസ്തീയദമ്പതികളും സ്വകീയമായ ജീവിതരീതി അനുവർത്തിക്കുന്നവരെന്നനിലയിൽ വിശ്വസ്തമായ സ്നേഹത്തിൽ ജീവിതകാലം മുഴുവൻ പരസ്പരം പ്രസാദവരത്തിൽ നിലനില്ക്കാനും ദൈവത്തിൽനിന്നു സ്നേഹപൂർവംലഭിച്ച സന്താനങ്ങളെ ക്രിസ്തീയ പ്രബോധനങ്ങളാലും സുവിശേഷപുണ്യങ്ങളാലും നിറയ്ക്കാനും കടപ്പെട്ടിരിക്കുന്നു. അതുവഴി, അവർ എല്ലാ മനുഷ്യർക്കും അക്ഷീണവും ഉദാരവുമായ സ്നേഹത്തിന്റെ മാതൃക കൊടുക്കുകയും സ്നേഹത്തിന്റെ സാഹോദര്യം പടുത്തുയർത്തുകയും സഭാമാതാവിന്റെ ഫലസമൃദ്ധിക്കു സാക്ഷികളും സഹകാരികളുമായിത്തീരുകയും ചെയ്യുന്നു. അങ്ങനെ മിശിഹാ തന്റെ മണവാട്ടിയെ സ്നേഹിക്കുകയും അവൾക്കുവേണ്ടി തന്നെത്തന്നെ സമർപ്പിക്കുകയും ചെയ്ത ആ സ്നേഹത്തിന്റെ അടയാളവും ഭാഗഭാഗിത്വവുമായി അവർ നിലകൊള്ളുകയും ചെയ്യുന്നു. ഇതിനു സമാനമായ മാതൃകതന്നെയാണ് വേറൊരുരീതിയിൽ വിധവകളും അവിവാഹിതരും നല്കുന്നത്. അവർക്കും സഭയിലെ വിശുദ്ധിക്കും പ്രവർത്തനക്ഷമതയ്ക്കും അനല്പമായ സംഭാവനകൾ നല്കാൻ കഴിയും. തൊഴിൽ ചെയ്യുന്നവർ, അതും പലപ്പോഴും കഠിനാദ്ധ്വാനം ചെയ്യുന്നവർ, മനുഷ്യപ്രയത്നങ്ങൾ വഴി തങ്ങളത്തന്നെ പൂർണരാക്കുന്നതിനും, സഹപൗരന്മാരെ സഹായിക്കുന്നതിനും സമൂഹത്തെയും സൃഷ്ടികളെയും മുഴുവൻ മെച്ചപ്പെട്ട സ്ഥിതിയിലേക്ക് ഉയർത്തുന്നതിനും കടപ്പെട്ടിരിക്കുന്നു. മാത്രമല്ല, പണിയായുധങ്ങൾകൊണ്ട് കരങ്ങൾ പ്രവർത്തനനിരതമാക്കുകയും സ്വപിതാവിനോടൊത്ത് സർവരുടെയും രക്ഷയ്ക്കായി പ്രവർത്തിക്കുകയും ചെയ്ത മിശിഹായെ അനുകരിച്ച്, പ്രത്യാശയിൽ സന്തോഷിക്കുകയും പരസ്പരം ഭാരങ്ങൾ വഹിക്കുകയും അനുദിനാധ്വാനം വഴി കൂടുതൽ ഉന്നതമായ വിശുദ്ധിയിലേക്ക്, ശ്ലൈഹിക വിശുദ്ധിയിലേക്കുതന്നെ, ഉയരുകയും ചെയ്യേണ്ടിയിരിക്കുന്നു.

കൂടാതെ, ദാരിദ്ര്യത്താലും കായികവൈകല്യത്താലും രോഗത്താലും മറ്റു പലവിധ ക്ലേശങ്ങളാലും ഞെരുക്കപ്പെടുന്നവരും കർത്താവ് ഭാഗ്യവാന്മാരെന്നു സുവിശേഷത്തിൽ പ്രഖ്യാപിച്ച നീതിയെപ്രതി പീഡിപ്പിക്കപ്പെടുന്നവരും “തന്റെ നിത്യമഹത്വത്തിലേക്ക് ക്രിസ്തുവിൽ നിങ്ങളെ വിളിച്ചിരിക്കുന്ന സകല കൃപയുടെയും ദൈവം നിങ്ങളെ അല്പകാലത്തെ സഹനത്തിനുശേഷം ഉദ്ഭവിപ്പിക്കുകയും സ്ഥിരീകരിക്കുകയും ശക്തിപ്പെടുത്തുകയും ഉറപ്പിക്കുകയും ചെയ്തു" (1പത്രോ 5:10) എന്നു പറയപ്പെട്ടവരും ലോകത്തിന്റെ രക്ഷയ്ക്കായി സഹിക്കുന്ന മിശിഹായോട് തങ്ങളത്തന്നെ സവിശേഷമായി ഒന്നിപ്പിക്കുകയാണെന്നു മനസ്സിലാക്കട്ടെ.

അതുകൊണ്ട്, എല്ലാ ക്രിസ്തീയവിശ്വാസികളും സ്വജീവിതസാഹചര്യങ്ങളിലും ജോലികളിലും സാഹചര്യങ്ങളിലും അവയെല്ലാം വഴിയായി അനുദിനം വിശുദ്ധീകരിക്കപ്പെടും. അതിനായി സർവവും സ്വർഗീയ പിതാവിന്റെ കരങ്ങളിൽനിന്നു വിശ്വാസത്തോടെ സ്വീകരിക്കുകയും ദൈവേഷ്ടത്തോടു സഹകരിക്കുകയും ദൈവം ലോകത്തെ സ്നേഹിച്ച ആ സ്നേഹം സ്വന്തം ഭൗതികസേവനത്തിൽ സകലരോടും പ്രകടിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

42 വിശുദ്ധിയുടെ വഴികളും മാർഗങ്ങളും

“ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു" (യോഹ 4:16). കാരണം, നമുക്കു നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാമാവിലൂടെ ദൈവം തന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിഞ്ഞിരിക്കുന്നു (റോമാ 5:5). അതിനാൽ, പ്രഥമഗണനീയവും സർവോപരി, അവശ്യാവശ്യകവുമായ ദാനം സ്നേഹമാണ്. അതുവഴിയായി മറ്റെല്ലാറ്റിനെയുംകാൾ ദൈവത്തെയും അവിടത്തെ പ്രതി അയല്ക്കാരനെയും നാം സ്നേഹിക്കുന്നു. സ്നേഹം നല്ല വിത്തുപോലെ ആത്മാവിൽ വളരാനും ഫലം പുറപ്പെടുവിക്കാനും കഴിയണമെങ്കിൽ, ഓരോ വിശ്വാസിയും ദൈവത്തിന്റെ വചനം താത്പര്യപൂർവം ശ്രവിക്കുകയും അവിടത്തെ ഇഷ്ടം തന്റെ കൃപാസഹായത്താൽ പ്രവൃത്തിപഥത്തിലാക്കുകയും കൂദാശകളിൽ വിശേഷിച്ചും, പരിശുദ്ധ കുർബാനയിലും വിശുദ്ധകർമങ്ങളിലും കൂടക്കൂടെ പങ്കെടുക്കുകയും പ്രാർത്ഥനയിലും സ്വയം പരിത്യാഗത്തിലും ഉത്സാഹപൂർവമുള്ള സഹോദരശുശ്രൂഷയിലും എല്ലാ പുണ്യങ്ങളുടെയും നിരതരമായ പാലനത്തിലും ഏർപ്പെട്ടിരിക്കുകയും ചെയ്യേണ്ടത് ആവശ്യാവശ്യകമാണ്. എന്തുകൊണ്ടെന്നാൽ സ്നേഹം, പൂർണതയുടെ ബന്ധവും നിയമത്തിന്റെ സമ്പൂർണതയും (കൊളോ 3:14, റോമാ 13:10) എന്ന നിലയ്ക്ക് വിശുദ്ധീകരണത്തിന്റെ എല്ലാ ഉപാധികളെയും നിയന്ത്രിക്കുകയും അവയ്ക്ക് രൂപംകൊടുക്കുകയും ലക്ഷ്യത്തിലേക്കു നയിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മിശിഹായുടെ യഥാർത്ഥ ശിഷ്യൻ ദൈവത്തോടും മനുഷ്യനോടുമുള്ള സ്നേഹത്താൽ തിരിച്ചറിയപ്പെടുന്നു.

ദൈവപുത്രനായ ഈശോ സ്വജീവൻ നമുക്കുവേണ്ടി ത്യജിച്ചുകൊണ്ട് തന്റെ സ്നേഹം പ്രകടമാക്കിയതിനാൽ, അവനുവേണ്ടിയും സഹോദരർക്കുവേണ്ടിയും സ്വജീവൻ പരിത്യജിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല. (1 യോഹ 3:16; യോഹ 15:13). സ്നേഹത്തിന്റെ ഈ പരമാവധിസാക്ഷ്യം സകലരുടെയും മുമ്പാകെ പ്രത്യേകിച്ച്, മർദകരുടെ മുമ്പാകെ, നല്കുന്നതിന് ആദിമകാലം മുതലേ ചില ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടിരുന്നു. അതുകൊണ്ട് രക്തസാക്ഷിത്വം, ലോകത്തിന്റെ രക്ഷയ്ക്കുവേണ്ടി സന്തോഷത്തോടെ മരണംവരിച്ച ഗുരുവിനോട് ശിഷ്യനെ അനുരൂപനാക്കുകയും രക്തം ചിന്തലിൽ അവിടത്തോടു സദൃശനാക്കുകയും ചെയ്യുന്നു. സഭ അതിനെ ഒരു വിശിഷ്ടദാനമായും സ്നേഹത്തിന്റെ അത്യുന്നതമായ തെളിവായും വിലമതിക്കുന്നു. ചുരുക്കം ചിലർക്കുമാത്രമേ ഇതു നല്കപ്പെടുന്നുള്ളെങ്കിലും, മിശിഹായെ മനുഷ്യരുടെ മുമ്പിൽ ഏറ്റു പറയുന്നതിനും സഭയ്ക്ക് എപ്പോഴുമുണ്ടായിരിക്കുന്ന പീഡനങ്ങളുടെ മധ്യേ കുരിശിന്റെ വഴിയിൽ അവിടത്തെ അനുഗമിക്കുന്നതിനും എല്ലാവരും സന്നദ്ധരായിരിക്കേണ്ടതുണ്ട്.

വീണ്ടും, ഇതുപോലെതന്നെ സഭയുടെ വിശുദ്ധി, സുവിശേഷത്തിൽ സ്വശിഷ്യർ അനുവർത്തിക്കണമെന്നു കർത്താവ് കല്പിച്ച പലവിധ ഉപദേശങ്ങളാൽ പ്രത്യേകവിധം പരിപോഷിപ്പിക്കപ്പെടുന്നു. അവയിൽ സർവോന്നതസ്ഥാനം കന്യാത്വത്തിലോ ബ്രഹ്മചര്യത്തിലോ അവിഭക്തമായ ഹൃദയത്തോടെ (1 കോറി 7:32-34) അനായാസം ദൈവത്തിനു സ്വയം സമർപ്പിക്കാൻ' പിതാവാൽ ചിലർക്കു നല്കപ്പെടുന്ന അമൂല്യദൈവകൃപയുടെ ദാനമാണ് (മത്താ 19:11; 1കോറി 7:7). ദൈവരാജ്യത്തിനുവേണ്ടിയുള്ള ഈ സമ്പൂർണ്ണ ജിതേന്ദ്രിയത്വം സ്നേഹത്തിന്റെ അടയാളവും പ്രേരകശക്തിയും ലോകത്തിൽ ആത്മിക ഫലദായകത്വത്തിന്റെ ഒരു വിശിഷ്ടമായ നീരുറവയുമായും എക്കാലവും സഭ പ്രത്യേക ബഹുമാനത്തോടെ പരിഗണിച്ചുവരുന്നു.

വിശ്വാസികളെ സ്നേഹത്തിലേക്കു പ്രേരിപ്പിച്ചുകൊണ്ട് "തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച്.... മരണം വരെ... അനുസരണമുള്ളവനായ" വനും (ഫിലി 2:7,8) "സമ്പന്നനായിരുന്നിട്ടും" നമുക്കുവേണ്ടി “ദരിദ്രനായിത്തീർന്നവനു” മായ (2കോറി 8:9) മിശിഹായ്ക്കുള്ള മനോഭാവം അവരിലും ഉണ്ടായിരിക്കാനായി അവരെ ഉപദേശിക്കുന്ന ശ്ലീഹയുടെ അനുശാസനവും സഭയ്ക്ക് ഓർമയുണ്ട്. ഈ സ്നേഹത്തിന്റെയും എളിമയുടെയും അനുകരണവും സാക്ഷ്യവും ശിഷ്യർ സദാ പ്രകടിപ്പിക്കുകയും ഇവ അവശ്യാശ്യകമായതുകൊണ്ട് രക്ഷകന്റെ ശൂന്യമാക്കൽ കൂടുതൽ നിഷ്ഠയോടെ അനുവർത്തിക്കുകയും കൂടുതൽ വ്യക്തമായി പ്രകടിപ്പിക്കുകയും ചെയ്യുന്നവരും ദൈവമക്കളുടെ സ്വാതന്ത്യത്തിൽ ദാരിദ്ര്യം സ്വീകരിച്ച് ശരിയായ താത്പര്യത്തോടെ പരിത്യാഗമനുഷ്ഠിക്കുന്നവരുമായ സ്ത്രീപുരുഷന്മാരെ സഭാമാതാവ് തന്റെ മടിത്തട്ടിൽ കാണാൻ അഭിലഷിക്കുകയും ചെയ്യുന്നു. അതായത്, ദൈവത്തെപ്രതി മനുഷ്യന് പൂർണതയുടെ കാര്യത്തിൽ കല്പനയുടെ പരിധികൾക്കപ്പുറവും ചെന്ന് സ്വയം കീഴ്പ്പെടുത്തുകയും അനുസരണയുള്ളവനായ മിശിഹായ്ക്ക് തങ്ങളത്തന്നെ കൂടുതൽ കൂടുതൽ അനുരൂപരാക്കുകയും ചെയ്യുന്നവരാണ് അവർ...

അതുകൊണ്ട്, ക്രിസ്തീയവിശ്വാസികളെല്ലാവരും വിശുദ്ധിയും സ്വന്തം ജീവിതാന്തസ്സിന്റെ പൂർണതയും പിന്തുടരാൻ ക്ഷണിക്കപ്പെട്ടിരിക്കുകയും കടപ്പെട്ടിരിക്കുകയും ചെയ്യുന്നു. അതിനാൽ, "ഈ ലോകത്തെ ഉപയോഗിക്കുന്നവർ, അതിൽ മുഴുകി പോകാത്തവരെപ്പോലെയും... കാരണം, ഈ ലോകത്തിന്റെ ബാഹ്യരൂപം മാറിക്കൊണ്ടിരിക്കുന്നു” (1 കോറി 7:31). എന്ന ശ്ലീഹായുടെ മുന്നറിയിപ്പനുസരിച്ച്, ഭൗതികവസ്തുക്കളുടെ ഉപയോഗവും ബൃഹശേഷാേപദേശമനുസരിച്ചുള്ള ദാരിദ്ര്യചൈതന്യത്തിനെതിരായിരിക്കുന്ന ധനാസക്തിയും പൂർണസ്നേഹത്തിന്റെ പരിശീലനം തടയാതെ തങ്ങളുടെ പ്രതിപത്തികളെ ശരിയായി തിരിച്ചുവിടാൻ എല്ലാവരും ശ്രദ്ധചെലുത്തണം. 

സഭയിൽ വിശുദ്ധിയിലേക്കുള്ള സാർവത്രികവിളി രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ വിശുദ്ധി സഭയിൽ വിശുദ്ധിയുടെ വിവിധരൂപങ്ങളിലുള്ള നിർവഹണം വിശുദ്ധിയുടെ വഴികളും മാർഗങ്ങളും Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message