We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 02-Jul-2022
വകുപ്പ് 8
പാപം
I. കാരുണ്യവും പാപവും
ദൈവത്തിനു പാപികളോടുള്ള കാരുണ്യം യേശുക്രിസ്തുവില്‍ വെളിപ്പെടുത്തപ്പെട്ടതാണു സുവിശേഷം. മാലാഖ ജോസഫിനെ അറിയിച്ചു; “നീ അവന് യേശു എന്നു പേരിടണം. എന്തെന്നാല്‍, അവന്‍ തൻ്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിക്കും.” രക്ഷയുടെ കൂദാശയായ കുര്‍ബാനയെ സംബന്ധിച്ചും ഇതു ശരിയാണ്: “പാപങ്ങളുടെ മോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്ന, പുതിയ ഉടമ്പടിയുടേതായ എൻ്റെ രക്തമാണ്.”
“നിന്നെക്കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവം നിന്നെക്കൂടാതെ നിന്നെ നീതീകരിക്കുന്നില്ല." അവിടുത്തെ കാരുണ്യം സ്വീകരിക്കുവാന്‍ നാം നമ്മുടെ അപരാധങ്ങള്‍ ഏറ്റുപറയണം. “നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നുവരും. എന്നാല്‍ നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവിടുന്നു വിശ്വസ്തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലുംനിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും.”
വി.പൗലോസ് ഉറപ്പിച്ചു പറയുംപോലെ, “പാപം വര്‍ധിച്ചിടത്തു കൃപാവരം അതിലേറെ വര്‍ധിച്ചു". എന്നാല്‍ കൃപാവരം അതിൻ്റെ ധര്‍മം നിര്‍വഹിക്കുന്നതിനു പാപത്തെ അത് അനാവരണം ചെയ്യേണ്ടതുണ്ട്; നമ്മുടെ ഹൃദയങ്ങളെ മാനസാന്തരപ്പെടുത്തുന്നതിനും “നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ നിത്യജീവനിലേക്കുള്ള നീതി” നമ്മുടെമേല്‍ ചൊരിയുന്നതിനും വേണ്ടിയാണ് അത്. ഭിഷഗ്വരന്‍ വ്രണം ചികിത്സിക്കുന്നതിനുമുന്‍പ് അതു പരിശോധിക്കുന്നതുപോലെ, ദൈവം തൻ്റെ വചനത്തിലൂടെയും തൻ്റെ ആത്മാവിലൂടെയും പാപത്തിൻ്റെമേല്‍ സജീവപ്രകാശം ചൊരിയുന്നു:
II. പാപത്തിൻ്റെ നിര്‍വചനം
പാപം, യുക്തിക്കും സത്യത്തിനും ശരിയായ മനഃസാക്ഷിക്കും എതിരായ തെറ്റാണ്. ചില വസ്തുക്കളോടുള്ള ക്രമരഹിതമായ സ്നേഹംമൂലം ദൈവത്തോടും അയല്‍ക്കാരനോടുമുള്ള യഥാര്‍ഥ സ്നേഹത്തിലുണ്ടാകുന്ന ഒരു പരാജയമാണത്. അതു മനുഷ്യപ്രകൃതിയെ വ്രണപ്പെടുത്തുകയും മാനവ ഐക്യദാർഢ്യത്തെ മുറിപ്പെടുത്തുകയും ചെയ്യുന്നു. “സനാതനനിയമത്തിന് എതിരായ വാക്കോ പ്രവൃത്തിയോ ആഗ്രഹമോ" എന്ന് അതു നിര്‍വചിക്കപ്പെട്ടിരിക്കുന്നു.
“പാപം ദൈവത്തിനെതിരേയുള്ള ദ്രോഹമാണ്; “അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി, ഞാന്‍ പാപം ചെയ്തു. അങ്ങയുടെ മുന്‍പില്‍ ഞാന്‍ തിന്‍മ പ്രവര്‍ത്തിച്ചു. ദൈവത്തിനു നമ്മോടുള്ള സ്‌നേഹത്തിന് എതിരായി പാപം തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും അതില്‍നിന്ന് നമ്മുടെ ഹൃദയത്തെ അകററുകയും ചെയ്യുന്നു. ആദ്യപാപംപോലെ, അത് അനുസരണക്കേടാണ്; നന്‍മയും തിന്‍മയും അറിഞ്ഞുകൊണ്ടും തീരുമാനിച്ചുകൊണ്ടും “ദൈവത്തെപ്പോലെ” ആകാനുള്ള ആഗ്രഹത്തിലൂടെ ദൈവത്തിനെതിരേ നടത്തുന്ന മത്സരമാണ്. അങ്ങനെ പാപം എന്നത് “ദൈവത്തെ നിന്ദിച്ചുകൊണ്ടു പോലുമുള്ള ആത്മസ്നേഹമാണ്”. നമുക്കു രക്ഷനേടിത്തന്ന യേശുവിൻ്റെ അനുസരണത്തിനു' കടകവിരുദ്ധമാണ് ഈ അഹന്ത നിറഞ്ഞ സ്വയം ഉയര്‍ത്തലായ പാപം.
ക്രിസ്തുവിൻ്റെ പീഡാനുഭവത്തില്‍, അവിടുത്തെ കാരുണ്യം പാപത്തെ കീഴടക്കാന്‍ തുടങ്ങിയപ്പോഴാണ്, പാപം അതിൻ്റെ അക്രമഭാവവും അതിൻ്റെ വൈവിധ്യവും ഏറ്റവും വ്യക്തമായി വെളിപ്പെടുത്തിയത്. വിശ്വാസമില്ലായ്മ, ഹിംസാത്മകമായ വിദ്വേഷം, നേതാക്കന്‍മാരും ജനവും നടത്തിയ തള്ളിപ്പറച്ചിലും പരിഹാസവും, പീലാത്തോസിൻ്റെ ഭീരുത്വം, പട്ടാളക്കാരുടെ ക്രൂരത, യേശു സഹിച്ച യൂദാസിൻ്റെ കയ്പു നിറഞ്ഞ ഒറ്റി ക്കൊടുക്കല്‍, പത്രോസിന്‍റെ തള്ളിപ്പറയല്‍, ശിഷ്യന്‍മാരുടെ പ്രയാണം എന്നിവ. എന്നാലും അന്ധകാരത്തിന്‍റെയും ഈ ലോകത്തിന്‍റെ അധിപതിയുടെയും ആ മണിക്കൂറില്‍ത്തന്നെ” ക്രിസ്തുവിന്‍റെ ബലി നിഗൂഢമായി നമ്മുടെ പാപപ്പൊറുതിയുടെ നിലയ്ക്കാത്ത പ്രവാഹത്തിന്‍റെ സ്രോതസ്സായിത്തീരുന്നു.
III. പാപങ്ങളുടെ വൈവിധ്യം
പാപങ്ങളുടെ വൈവിധ്യം വലുതാണ്. വിശുദ്ധലിഖിതം അവയുടെ പല പട്ടികകളും നല്‍കുന്നു. ഗലാത്തിയാക്കാർക്കുള്ള ലേഖനം ജഡത്തിന്‍റെ പ്രവൃത്തികളും ആത്മാവിന്‍റെ ഫലങ്ങളും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നു: “ജഡത്തിന്‍റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്സവം, എന്നിവയും താദൃശമായ മറ്റുപ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു മുന്‍പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു.
ഓരോ മാനുഷിക പ്രവൃത്തിയെയും സംബന്ധിച്ച് എന്നപോലെ പാപങ്ങളെ അവയുടെ വിഷയം അനുസരിച്ചു വേര്‍തിരിക്കാം. അല്ലെങ്കില്‍ ആധിക്യംകൊണ്ടോ കുറവുകൊണ്ടോ അവ എതിര്‍ക്കുന്ന സുകൃതങ്ങളുടെ അടിസ്ഥാനത്തിലോ അവ ലംഘിക്കുന്ന കല്‍പനകളുടെ അടിസ്ഥാനത്തിലോ അവയെ വേര്‍തിരിക്കാം. അവ ദൈവത്തെയാണോ അയല്‍ക്കാരനെയാണോ തന്നെത്തന്നെയാണോ സംബന്ധിക്കുന്നത് എന്നു നോക്കിയും അവയെ വര്‍ഗീകരിക്കാം. അവയെ ആധ്യാത്മികവും ശാരീരികവുമായ പാപങ്ങളായി തിരിക്കാം. കൂടാതെ ചിന്തയിലോ വാക്കിലോ പ്രവൃത്തിയിലോ ഉപേക്ഷയിലോ ഉള്ള പാപങ്ങള്‍ എന്ന നിലയിലും തരംതിരിക്കാം. കര്‍ത്താവിന്‍റെ പ്രബോധനമനുസരിച്ച് പാപത്തിന്‍റെ വേര്, മനുഷ്യന്‍റെ ഹൃദയത്തിലാണ്, അവന്‍റെ സ്വതന്ത്രമനസ്സിലാണ്. “എന്തെന്നാല്‍, ദുശ്ചിന്തകള്‍, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കള്ളസാക്ഷ്യം, പരദൂഷണം എന്നിവ ഹൃദയത്തില്‍നിന്നാണു പുറപ്പെടുന്നത്. ഇവയാണുമനുഷ്യനെ അശുദ്ധനാക്കുന്നത്. "എന്നാല്‍ പാപം മുറിപ്പെടുത്തുന്ന നല്ലതും വിശുദ്ധവുമായ പ്രവൃത്തികളുടെ ഉറവിടമായ സ്നേഹവും ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നു.
IV. പാപത്തിന്‍റെ ഗൗരവം: മാരകപാപങ്ങളും ലഘുപാപങ്ങളും
പാപങ്ങളെ അവയുടെ ഗൗരവമനുസരിച്ചു ശരിയായി വിലയിരുത്തണം. മാരക പാപവും, ലഘുപാപവും തമ്മിലുള്ള വേര്‍തിരിക്കല്‍ വിശുദ്ധലിഖിതത്തില്‍ പണ്ടേ വ്യക്തമായിരുന്നു. അത് സഭാപാരമ്പര്യത്തില്‍ പ്രബലപ്പെട്ടു. മനുഷ്യരുടെ അനുഭവം ഇതിനെ സ്ഥിരീകരിക്കുന്നു.
മാരകപാപം, ദൈവകല്‍പനയുടെ ഗൗരവാവഹമായ ലംഘനംവഴി, മനുഷ്യ ഹൃദയത്തിലെ സ്നേഹത്തെ നശിപ്പിക്കുന്നു; അതു മനുഷ്യനെ അവന്‍റെ പരമലക്ഷ്യവും അവന്‍റെ സൗഭാഗ്യവുമായ ദൈവത്തില്‍നിന്ന്, അവിടുത്തെക്കാള്‍ താണ ഒരു നന്മയെ കൂടുതല്‍ ഇഷ്ടപ്പെടുകവഴി, അകറ്റുന്നു.
ലഘു പാപം സ്നേഹത്തെ ദ്രോഹിക്കുകയും മുറിപ്പെടുത്തുകയും ചെയ്യുന്നു. എങ്കിലും, അത് സ്‌നേഹത്തെ നിലനില്‍ക്കാന്‍ അനുവദിക്കുന്നു. മാരകപാപം നമ്മിലുള്ള സ്നേഹമാകുന്ന ജീവപ്രമാണത്തെ ആക്രമിക്കുന്നു. അതുകൊണ്ട്, ദൈവകാരുണ്യത്തിന്‍റെതായ ഒരു പുതിയ മുന്‍കൈയെടുക്കലും, ഹൃദയപരിവര്‍ത്തനവും ആവശ്യമായിത്തീരുന്നു. അവ സാധാരണയായി, അനുരഞ്ജനകൂദാശയില്‍ നിറവേറുന്നു:
ഒരു പാപം മാരകമായിരിക്കണമെങ്കിൽ മൂന്ന് വ്യവസ്ഥകള്‍ ഒന്നിച്ചു നിറവേറ്റപ്പെടണം: “പാപത്തിന്‍റെ വിഷയം ഗൗരവമുള്ളതായിരിക്കുകയും, പൂര്‍ണമായ അറിവോടും ബോധപൂര്‍വകമായ സമ്മതത്തോടുംകൂടെ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ അത് മാരകപാപമാണ്.
ധനവാനായ യുവാവിന് യേശു നല്‍കിയ ഉത്തരത്തിനനുസൃതമായി, പത്തു കല്‍പനകളിലൂടെ ഗൗരവമുള്ള വിഷയം വ്യക്തമാക്കപ്പെട്ടിരിക്കുന്നു: “കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, വഞ്ചിക്കരുത്, നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.” പാപങ്ങളുടെ ഗൗരവം കൂടിയോ കുറഞ്ഞോ ഇരിക്കും; കൊലപാതകം മോഷണത്തെക്കാള്‍ ഗൗരവമുള്ളതാണ്. ദ്രോഹിക്കപ്പെടുന്ന വ്യക്തിയുടെ നിലകൂടി പരിഗണിക്കപ്പെടണം: മാതാപിതാക്കള്‍ക്ക് എതിരേയുള്ള അക്രമം അപരിചിതനെതിരേയുള്ള അക്രമത്തെക്കാള്‍ ഗൗരവമുള്ളതാണ്.
മാരകപാപത്തിനു പുർണമായ അറിവും പൂർണ്ണമായ സമ്മതവുമുണ്ടായിരിക്കണം. പ്രവൃത്തിയുടെ പാപാത്മകസ്വഭാവം, ദൈവകല്‍പനയോടുള്ള അതിന്‍റെ വിരുദ്ധത എന്നിവയെപ്പറ്റിയുള്ള അറിവ് അതിന്‍റെ മുന്‍വ്യവസ്ഥയാണ്. വ്യക്തിപരമായ ഒരു തിരഞ്ഞെടുപ്പായിരിക്കാന്‍ തക്ക ആലോചനയോടുകൂടിയ ഒരു സമ്മതവും അതിനുണ്ടായിരിക്കണം. കപടമായ അജ്ഞതയും ഹൃദയകാഠിന്യവും, പാപത്തിന്‍റെ മനസ്സറിവോടുകൂടിയത് എന്ന വിശേഷണത്തെ കുറയ്ക്കുകയല്ല വര്‍ധിപ്പിക്കുകയാണു ചെയ്യുന്നത്.
മനപൂർവമല്ലാത്ത അജ്ഞത ഗൗരവമുള്ള കുറ്റത്തിന്‍റെ ആരോപണ സാധ്യതയെ കുറയ്ക്കുകയോ നീക്കിക്കളയുകപോലുമോ ചെയ്യും. പക്ഷേ, ഓരോ മനുഷ്യന്‍റെയും മന:സാക്ഷിയില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ധാര്‍മികനിയമത്തിന്‍റെ തത്വങ്ങളെ അറിയാത്തവനെന്ന് ആരെയും കണക്കാക്കാനാവില്ല. കുറ്റത്തിന്‍റെ, മനസ്സറിവുണ്ടായിരിക്കുകയും സ്വതന്ത്രമായിരിക്കുകയും ചെയ്യുക എന്ന സ്വഭാവത്തെ കുറയ്ക്കാന്‍ അനുഭൂതികളുടെയും വികാരങ്ങളുടെയും പ്രചോദനങ്ങള്‍ക്കു കഴിയും. അതുപോലെതന്നെ, ബാഹ്യസമ്മര്‍ദങ്ങള്‍ക്കോ രോഗസംബന്ധമായ ക്രമരാഹിത്യങ്ങള്‍ക്കോ അപ്രകാരം ചെയ്യാനാവും. ദുഷ്ടത നിമിത്തം, തിന്‍മയുടെ മന:പൂര്‍വമായ തിരഞ്ഞെടുപ്പിലൂടെ, ചെയ്യപ്പെടുന്ന പാപമാണ് ഏറ്റവും ഗൗരവമുള്ളത്.
സ്നേഹമെന്നപോലെതന്നെ മാരകപാപവും മനുഷ്യ സ്വതന്ത്രത്തിന്റെ ഒരു മൗലികസാധ്യതയാണ്. സ്നേഹത്തിന്‍റെ നഷ്ടപ്പെടുത്തലും വിശുദ്ധീകരണകൃപാവരത്തിന്‍റെ അതായത്, കൃപാവരാവസ്ഥയുടെ നിഷേധവുമാണ് അതിന്‍റെ അന്ത്യ ഫലം. അനുതാപംകൊണ്ടും ദൈവംനല്‍കുന്ന പാപമോചനംകൊണ്ടും അതിനെ വീണ്ടെടുത്തില്ലെങ്കില്‍. അതു ക്രിസ്തുവിന്‍റെ രാജ്യത്തില്‍നിന്നുള്ള പുറംതള്ളലിനും നരകത്തിലെ നിത്യമരണത്തിനും കാരണമാകും. എന്തെന്നാല്‍, എന്നെന്നേക്കുമായി, പിന്‍തിരിയലില്ലാതെ, തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ നമ്മുടെ സ്വാതന്ത്യത്തിനു കഴിയും. എന്നാലും, ഒരു പ്രവൃത്തി പ്രകൃത്യാ ഗൗരവപൂര്‍ണമായ കുറ്റമാണെന്നു വിധിക്കാന്‍ നമുക്കു കഴിയുമെങ്കിലും വ്യക്തികളെ സംബന്ധിച്ച വിധിത്തീര്‍പ്പ് ദൈവത്തിന്‍റെ നീതിക്കും കാരുണ്യത്തിനും വിട്ടുകൊടുക്കണം.
ഗൗരവം കുറഞ്ഞ ഒരു വിഷയത്തില്‍ ധാര്‍മികനിയമങ്ങള്‍ അനുശാസിക്കുന്ന മാനദണ്‍ഡം പുലര്‍ത്താതിരിക്കുകയോ, അല്ലെങ്കില്‍, പൂര്‍ണമായ അറിവോ പൂര്‍ണമായ സമ്മതമോ ഇല്ലാതെ ഗൗരവമുള്ള ഒരു വിഷയത്തില്‍ ധാര്‍മികനിയമം അനുസരിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ ഒരാള്‍ ലഘുപാപം ചെയ്യുന്നു.
ലഘുപാപം സ്‌നേഹത്തെ ദുര്‍ബലപ്പെടുത്തുന്നു. അത് സൃഷ്ടവസ്തുക്കളോടുള്ള ക്രമരഹിതമായ ആസക്തി പ്രകടിപ്പിക്കുന്നു. സുകൃതങ്ങളുടെ അഭ്യസനത്തിലും ധാര്‍മികനന്‍മയുടെ പരിശീലനത്തിലും ആത്മാവിനുള്ള പുരോഗതിയെ അതു തടയുന്നു. അതു താത്കാലിക ശിക്ഷയ്ക്ക് ഒരുവനെ അര്‍ഹനാക്കുന്നു. മനഃപൂര്‍വമുള്ളതും അനുതാപരഹിതവുമായ ലഘുപാപം, മാരകപാപം ചെയ്യുവാന്‍ അല്‍പാല്‍പമായി നമ്മെ പ്രേരിപ്പിക്കുന്നു. എന്നാലും ലഘുപാപം ദൈവവുമായുള്ള ഉടമ്പടിയെ വിച്ഛേദിക്കുന്നില്ല. നമ്മെ, അതിനെ ദൈവസഹായത്താല്‍ മാനുഷികമായി പരിഹരിക്കാവുന്നതാണ്. “ലഘുപാപം വിശുദ്ധീകരണകൃപാവരമോ ദൈവവുമായുള്ള സൗഹൃദമോ, സ്നേഹമോ നിത്യ സൗഭാഗ്യമോ ഇല്ലാതാക്കുന്നില്ല."
“മനുഷ്യ ന്‍റെ എല്ലാ പാപവും ദൈവദൂഷണവും ക്ഷമിക്കപ്പെടും; എന്നാല്‍ ആത്മാവിനെതിരായ ദൂഷണം ക്ഷമിക്കപ്പെടുകയില്ല." ദൈവത്തിന്‍റെ കാരുണ്യത്തിനു പരിധികളില്ല. പക്ഷേ, അനുതാപംവഴി അവിടുത്തെ കാരുണ്യം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവന്‍ പാപങ്ങളുടെ മോചനത്തെയും പരിശുദ്ധാത്മാവു നല്‍കുന്ന രക്ഷയെയും തള്ളിക്കളയുന്നു. അന്തിമമായ പശ്ചാത്താപ രാഹിതൃത്തിലേക്കും നിത്യനാശത്തിലേക്കും നയിക്കാന്‍ അത്തരം ഹൃദയകാഠിന്യത്തിനു കഴിയും.
V. പാപത്തിന്‍റെ പെരുകല്‍
പാപം പാപപ്രവണതയെ ജനിപ്പിക്കുന്നു; ഒരേ പ്രവൃത്തിയുടെ ആവര്‍ത്തനം വഴി അതു ദുർഗുണത്തെ ഉത്പാദിപ്പിക്കുന്നു. തത്ഫലമായി മനഃസാക്ഷിയെ മൂടുകയും നന്‍മതിന്‍മകളെ സംബന്ധിച്ച വസ്തുനിഷ്ഠമായ വിധിനിര്‍ണയത്തെ വികലമാക്കുകയും ചെയ്യുന്ന ക്രമരഹിതമായ ചായ്വുകള്‍ ഉണ്ടാകുന്നു. അങ്ങനെ പാപം സ്വയം പെരുകി വര്‍ദ്ധിക്കാനും ഉറപ്പിച്ചുനിറുത്താനുമുള്ള പ്രവണത കാണിക്കുന്നു. പക്ഷേ, ധാര്‍മികബോധത്തെ, സമൂലം നശിപ്പിക്കാന്‍ പാപത്തിനു കഴിയുകയില്ല.
ദുര്‍ഗുണങ്ങളെ അവക്കെതിരായ സുകൃതങ്ങളനുസരിച്ചു തരംതിരിക്കാം. അല്ലെങ്കില്‍ വിശുദ്ധ ജോണ്‍ കസിയന്‍, മഹാനായ വിശുദ്ധ ഗ്രിഗറി എന്നിവരെ അനുകരിച്ച്, ക്രൈസ്തവാനുഭവം വേര്‍തിരിച്ചു മനസ്സിലാക്കിയിട്ടുള്ള മൗലികപാപങ്ങളോട് അവയെ ബന്ധിപ്പിക്കാം. അവയെ മൗലികം എന്നു വിശേഷിപ്പിക്കുന്നു, കാരണം അവ മററു പാപങ്ങളെ, മററു ദുര്‍ഗുണങ്ങളെ, പ്രത്യുത്പാദിപ്പിക്കുന്നു. അഹങ്കാരം, ദ്രവ്യാഗ്രഹം, അസൂയ, കോപം, വിഷയാസക്തി, അത്യാര്‍ത്തി, മടി അഥവാ അശ്രദ്ധ എന്നിവയാണ് മൗലിക ദുര്‍ഗുണങ്ങള്‍.
“സ്വർഗ്ഗത്തെ നോക്കി നിലവിളിക്കുന്ന പാപങ്ങൾ” ഉണ്ടെന്നും മതബോധന പാരമ്പര്യം ഓര്‍മിപ്പിക്കുന്നു: ആബേലിന്‍റെ രക്തം സോദോംകാരുടെ പാപം ഈജിപ്തില്‍ ഞെരുക്കപ്പെട്ട ജനത്തിന്‍റെ വിലാപം, വിദേശിയുടെയും വിധവയുടെയും അനാഥന്‍റെയും കരച്ചില്‍, കൂലിവേലക്കാരനോടു കാണിക്കുന്ന അനീതി എന്നിവ ഉദാഹരണങ്ങളാണ്.
പാപം വൃക്തിപരമായ ഒരു പ്രവൃത്തിയാണ്. കൂടാതെ, മററുള്ളവര്‍ ചെയ്യുന്ന പാപങ്ങളില്‍ സഹകരിക്കുമ്പോൾ, നമുക്കും അവയില്‍ ഉത്തരവാദിത്വം ഉണ്ട്:
അങ്ങനെ പാപം മനുഷ്യരെ പരസ്പരം തിന്‍മയില്‍ സഹകാരികളാക്കും. ജഡികാസക്തി, അക്രമം, അനീതി എന്നിവ മനുഷ്യരുടെയിടയില്‍ വാഴാന്‍ ഉടയാക്കും. ദൈവികനന്‍മയ്ക്കു വിരുദ്ധമായിട്ടുള്ള സാമൂഹിക സാഹചര്യങ്ങളെയും സ്ഥാപനങ്ങളെയും പാപം സൃഷ്ടിക്കുന്നു. “പാപത്തിന്‍റെ വ്യവസ്ഥിതികള്‍” വൃക്തിപരമായ പാപങ്ങളുടെ പ്രകടനവും ഫലവുമാണ്. അവയുടെ ഊഴമനുസരിച്ച് അവ തങ്ങളുടെ ഇരകളെ പാപത്തിലേക്കു നയിക്കുന്നു. സാധര്‍മ്യ ഭാഷയില്‍ പറഞ്ഞാല്‍ അവ “സാമൂഹികപാപം ഉളവാക്കുന്നു.
സംഗ്രഹം
“എല്ലാവരോടും കരുണ കാണിക്കാൻ വേണ്ടി ദൈവം എല്ലാവരെയും അനുസരണമില്ലാത്തവരാക്കി" (റോമ 11:32).
നിത്യനിയമത്തിന് എതിരായ വാക്കോ പ്രവൃത്തിയോ ആഗ്രഹമോ ആണു പാപം (St. Augustine, Faust 22:PL 42, 418). അതു ദൈവത്തോടുള്ള ദ്രോഹമാണ്. ക്രിസ്തുവിന്‍റെ അനുസരണത്തിനു വിരുദ്ധമായ ഒരു അനുസരണക്കേടിലുടെ അതു ദൈവത്തിനെതിരേ ഗർവ് കാണിക്കുന്നു.
പാപം യുക്തിക്കെതിരായ പ്രവൃത്തിയാണ്. അതു മനുഷ്യപ്രക്യതിയെ മുറിപ്പെടുത്തുകയും മാനുഷിക ദൃഢമായ ഐക്യത്തിന് പരിക്കേൽപ്പിക്കുകയും ചെയ്യുന്നു.
എല്ലാപാപങ്ങളുടെയും വേരു മനുഷ്യ ഹൃദയത്തിലാണ്. അവയുടെ തരങ്ങളും ശതരവവും പ്രധാനമായും അവയുടെ വിഷയങ്ങളെ ആസ്പദമാക്കിയാണു നിശ്ചയിക്കപ്പെടുന്നത്.
ദൈവികനിതിക്കും മനുഷ്യന്‍റെ പരമാന്തത്തിനും ഗൗരവവഹമായ തോതിൽ വിരുദ്ധമായിടുള്ള ഒരു സംഗതി, ബോധപൂർവം - അതായത്, അതിനെ അറിയുകയും ആഗ്രഹിക്കുകയും ചെയ്തുകൊണ്ട് - തിരഞ്ഞെടുക്കുക എന്നത് മാരകപാപമാണ്. അത് നമ്മിലുള്ള സ്നേഹത്തെ നശിപ്പിക്കുന്നു ആ സ്‌നേഹം കൂടാതെ നിത്യ സാഭാഗ്യം അസാധ്യമാണ് . അതിനെപ്പറ്റി അനുതപിക്കാതിരുന്നാല്‍ അതു നിത്യമരണത്തിനു ഹേതുവാകും.
ലഘുപാപം ഒരു ധർമ്മിക ക്രമരാഹിത്യം സംജാതമാക്കുന്നു. അതു സ്‌നേഹംകൊണ്ടു പരിഹരിക്കാവുന്നതാണ്. ആ സ്‌നേഹം നമ്മില്‍ നിലനിൽക്കാൻ ലഘുപാപം അനുവദിക്കുന്നുണ്ട്.
പാപങ്ങളുടെ ആവർത്തനം - ലഘുപാപങ്ങളുടേതായാൽ പോലും - ദുർഗുണങ്ങളെ ജനിപ്പിക്കുന്നു. അവയില്‍ പ്രമുഖമായവയാണ് മൗലികപാപങ്ങൾ.
പാപം കാരുണ്യവും പാപവും പാപത്തിൻ്റെ നിര്‍വചനം പാപങ്ങളുടെ വൈവിധ്യം പാപത്തിന്‍റെ പെരുകല്‍ Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206