x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

സാമൂഹിക നീതി : ഒരു വിശകലനം

Authored by : Mar Joseph Pamplany On 30-Jan-2021

സാമൂഹിക നീതിസങ്കല്‍പത്തിനു മനുഷ്യകുലത്തോളംതന്നെ പഴക്കമുണ്ടെങ്കിലും ഈ അടുത്ത കാലങ്ങളില്‍ അതിനു പുതിയ മാനങ്ങളും വ്യാപ്തിയും കൈവന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക പുരോഗതിയോടൊപ്പം ദേശീയവും അന്തര്‍ദ്ദേശീയവുമായ തലങ്ങളില്‍ നീതിപൂര്‍വ്വകമായ സാമ്പത്തികവിഭജനം നടത്തേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റിയുള്ള ബോധ്യം സമൂഹത്തില്‍ അടിക്കടി വളര്‍ന്നുകൊണ്ടിരിക്കുകയാണ്.  ഈ സാഹചര്യത്തില്‍ സാമൂഹികനീതി സങ്കല്‍പത്തിന്‍റെ കാലഘട്ടങ്ങളിലൂടെയുള്ള വളര്‍ച്ചയെപ്പറ്റിയും ഇന്ന് അതിന് കൈവന്നിരിക്കുന്ന പുതിയ മാനങ്ങളെപ്പറ്റിയുമുള്ള ചര്‍ച്ചയ്ക്കു വലിയ പ്രസക്തിയുണ്ട്.

 I. സാമൂഹികസ്വഭാവവും നീതിധര്‍മ്മങ്ങളുടെ അനിവാര്യതയും

സമൂഹജീവിയായ മനുഷ്യന്‍ സമൂഹത്തില്‍ ജീവിച്ചുകൊണ്ടാണ് വളരുകയും ജീവിതസാഫല്യം നേടുകയും ചെയ്യുക. തന്‍റെ സഹജീവികളുമായി സഹകരിച്ച് ജീവിക്കുന്നതുവഴി മനുഷ്യന്‍ സ്വന്തം നന്മ നേടുന്നതോടൊപ്പം പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കാനും കടപ്പെട്ടിരിക്കുന്നു. ക്രമീകൃതമായ വ്യക്തിന്തരബന്ധങ്ങളിലൂടെ മാത്രമേ സാമൂഹിക ക്ഷേമം വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളു. ഒന്നിച്ചുള്ള ഈ ജീവിതത്തെ നിയന്ത്രിക്കുന്ന അടിസ്ഥാനതത്ത്വം എല്ലാവരുടെയും നന്മ അഥവാ ക്ഷേമമാണ്. സാമൂഹിക ജീവിതത്തിന്‍റെ ലക്ഷ്യവും ഇതില്‍നിന്ന് വ്യത്യസ്തമല്ല. അസ്തിത്വം സഹാസ്തിത്വമാണെന്നും എല്ലാ മനുഷ്യരും മൗലികമായി തുല്യരാണെന്നും ബോധ്യമാകുമ്പോള്‍ പൊതുനന്മയ്ക്കായി പ്രയത്നിക്കുന്നതിനും അതുവഴി സ്വന്തം ശ്രേയസ്സ് നേടുന്നതിനും മനുഷ്യന്‍ പ്രേരിതനാകുന്നു. ഈ ലക്ഷ്യം നേടുന്നതിന് പരസ്പരബന്ധങ്ങളെ നിയന്ത്രിക്കുന്ന ചില ക്രമീകരണങ്ങളുണ്ടാകണം. അതായത്, ഓരോരുത്തര്‍ക്കും അര്‍ഹമായ അവകാശങ്ങളും സമൂഹത്തോടുള്ള കടപ്പാടുകളും നിശ്ചയിച്ച് നിയന്ത്രിക്കുന്ന തത്ത്വങ്ങളും സങ്കല്‍പങ്ങളും. ഈ തത്ത്വസംഹിതയാണ് പൊതുവേ നീതിസങ്കല്‍പമെന്നതുകൊണ്ട് നാം വിവക്ഷിക്കുക. മറ്റു വാക്കുകളില്‍പ്പറഞ്ഞാല്‍ ഓരോരുത്തര്‍ക്കും അര്‍ഹമായത് ലഭിക്കാനുള്ള അവകാശവും മറ്റുള്ളവര്‍ക്ക് അര്‍ഹമായതു കൊടുക്കാനുള്ള കടമയും.

 II. നീതിസങ്കല്‍പത്തിന്‍റെ വൈവിധ്യം

നീതിയെന്ന സങ്കല്‍പം എല്ലാ മനുഷ്യ ബന്ധങ്ങളെയും നിയന്ത്രിക്കുന്ന അടിസ്ഥാനപരമായ മൂല്യമായതുകൊണ്ട് എല്ലാ ഗ്രൂപ്പുകളിലും സമൂഹങ്ങളിലും അവയുടെ വ്യത്യസ്ത സ്വഭാവമനുസരിച്ചുള്ള നീതിസങ്കല്‍പങ്ങളുണ്ടാകാം. കുടുംബബന്ധങ്ങളെ നിയന്ത്രിക്കുന്നതിന് കുടുംബത്തിന്‍റേതായ നീതി സങ്കല്‍പങ്ങളുണ്ട്. അതുപോലെതന്നെ വ്യവസായികസമൂഹം, ദേശീയസമൂഹം എന്നുവേണ്ട എല്ലാ സമൂഹങ്ങള്‍ക്കും അതാതിന് അനുയോജ്യമായ നീതിനിഷ്ഠ കാണും.

നീതിന്യായം എല്ലാ സമൂഹങ്ങളിലും ഒരുപോലെയല്ല. മനുഷ്യചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത് ചരിത്രത്തിന്‍റെ ഓരോ കാലഘട്ടത്തിലും ഓരോ ദേശത്തും വ്യത്യസ്തങ്ങളായ നീതിബോധം നിലനിന്നിരുന്നുവെന്നതാണ്. ക്രിസ്തുവിന്‍റെ കാലഘട്ടത്തില്‍ റോമന്‍ സമൂഹത്തിലും യഹൂദസമൂഹത്തിലും നിലനിന്നിരുന്ന നീതിസങ്കല്‍പങ്ങളില്‍നിന്ന് വളരെ വ്യത്യസ്തമാണ് സമകാലീന സമൂഹത്തിന്‍റെ നീതിചിന്ത.

മാനവചരിത്രത്തിന്‍റെ ആരംഭഘട്ടത്തില്‍ ഇന്നത്തേതുപോലെ വ്യവസ്ഥാപിതമായ നിയമങ്ങളും നീതിസംഹിതകളും ഉണ്ടായിരുന്നില്ല. മനുഷ്യന്‍ ചെറിയ ഗ്രൂപ്പുകളായി കാട്ടുമൃഗങ്ങളെ വേട്ടയാടിയും മറ്റും ഉപജീവനം നടത്തിയിരുന്ന കാലഘട്ടത്തില്‍ അംഗങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധങ്ങളെ നിയന്ത്രിക്കുന്നതിന് ഓരോ ഗ്രൂപ്പിനും അതിന്‍റേതായ പ്രാകൃതരീതികളുണ്ടായിരുന്നു. ശക്തനായ ഗ്രൂപ്പുനേതാവിന്‍റെ വിധിതീര്‍പ്പുകളായിരുന്നു മിക്കവാറും നീതിധര്‍മ്മങ്ങള്‍ക്ക് ആധാരം.

കാലഘട്ടങ്ങള്‍ പിന്നിട്ടതോടൊപ്പം മനുഷ്യന്‍ പുതിയ സംസ്ക്കാരങ്ങള്‍ കെട്ടിപ്പടുത്തു; കൂട്ടത്തില്‍ പുതിയ നീതിചിന്തയും വളര്‍ന്നു വന്നു. റോമന്‍, ഗ്രീക്ക്, ഈജിപ്ഷ്യന്‍, ഭാരതീയ സംസ്ക്കാരങ്ങള്‍ അതില്‍ പ്രധാനപ്പട്ടവയാണ്. ക്രിസ്തുവിന്‍റെ കാലഘട്ടത്തിലെ റോമന്‍ സംസ്ക്കാരത്തില്‍ നിലനിന്നിരുന്ന നീതിധര്‍മ്മാനുശാസനങ്ങള്‍ വളരെ വളര്‍ന്നു വികസിച്ചതായിരുന്നു. എങ്കിലും ആധുനിക രാഷ്ട്രീയനിയമങ്ങളുടെ മാതൃകയായി പരിഗണിക്കപ്പെടുന്ന റോമന്‍ നിയമസംഹിത വിഭാവനം ചെയ്യുന്ന നീതി തികച്ചും ഇന്നത്തേതില്‍നിന്നും അപൂര്‍ണ്ണമായിരുന്നുവെന്നത് വ്യക്തമാണ്.

സമൂഹാംഗങ്ങളെ സ്വതന്ത്രരും അടിമകളുമെന്ന് രണ്ട് ഗണമായി തിരിച്ച് വ്യത്യസ്തമായ രീതിയില്‍ നീതി പുലര്‍ത്തിയിരുന്നു. ഇന്ന് നാം അംഗീകരിക്കുന്ന പല മനുഷ്യാവകാശങ്ങളും അന്ന് അടിമകള്‍ക്ക് നിഷേധിക്കുകയും അവരില്‍ നിരവധി കടപ്പാടുകള്‍ കെട്ടിവച്ചേല്‍പ്പിക്കുകയും ചെയ്തിരുന്നു. 

ഈ അടിമത്തവ്യവസ്ഥിതി റോമിന്‍റെ മാത്രം പ്രത്യേകത ആയിരുന്നില്ല. വ്യത്യസ്ത രൂപങ്ങളില്‍ ഇതു മറ്റു സംസ്ക്കാരങ്ങളിലും സ്ഥലം പിടിച്ചിരുന്നു. ഭാരതീയ സംസ്ക്കാരത്തില്‍ ഈ അടുത്ത കാലംവരെ ഉണ്ടായിരുന്ന ജാതിവ്യവസ്ഥ ആത്യന്തികവിശകലനത്തില്‍ ഒരുതരത്തിലുള്ള അടിമത്തവ്യവസ്ഥിതിതന്നെയായിരുന്നു. മതപരമായ പല വ്യാഖ്യാനങ്ങളും അതിന് ഉപോല്‍ബലകമായിട്ട് കാണുന്നെങ്കിലും സമൂഹത്തിന്‍റെ താഴെക്കിടയിലുള്ള വ്യക്തികള്‍ക്കും വിഭാഗങ്ങള്‍ക്കും നീതിപൂര്‍വ്വകമായ പല അവകാശങ്ങളും വ്യവസ്ഥാപിതമായ രീതിയില്‍ത്തന്നെ നിഷേധിക്കുന്നൊരു സാഹചര്യമായിരുന്നു അത്.

 സാമൂഹിക നീതിചിന്ത പഴയനിയമഗ്രന്ഥങ്ങളില്‍

പഴയനിയമം കാഴ്ചവയ്ക്കുന്ന നീതിസങ്കല്പം വളരെ ഉന്നതമാണ്. എല്ലാ പ്രവര്‍ത്തനങ്ങളിലും നീതി തന്നെയായ യാഹ്വേയെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കണമെന്നാണ് വി. ഗ്രന്ഥം ഉപദേശിക്കുക (ഇസ.1, 17,26; ആമോ. 5,24; സങ്കീ. 146.8; എസ. 18:9). ദൈവേഷ്ടമനുസരിച്ച് ജീവിക്കുകയെന്നതാണ് നീതിനിര്‍വ്വഹണംകൊണ്ട് ഇസ്രായേല്‍ ജനത വിവക്ഷിച്ചിരുന്നത്. യാഹ്വേ തന്നെയാണ് തിരഞ്ഞെടുത്ത ജനതയ്ക്കു മോസ്സസ് വഴി പത്തു കല്‍പനകള്‍ കൊടുത്തുകൊണ്ട് മനുഷ്യജീവിതത്തിനാവശ്യമായ സ്വാഭാവിക നീതിധര്‍മ്മങ്ങള്‍ പ്രഖ്യാപിച്ചത്. ഈ കല്‍പനകളാണ് യഹൂദസമൂഹത്തിന്‍റെ എന്നല്ല എല്ലാ സമൂഹങ്ങളുടെയും നീതിധര്‍മ്മങ്ങള്‍ക്ക് അടിസ്ഥാനമായി കാണുക.

എല്ലാവര്‍ക്കും അര്‍ഹമായ അവകാശങ്ങള്‍ അംഗീകരിച്ചുകൊണ്ട് ജീവിതത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും യാഹ്വേയുടെ നിര്‍ദ്ദേശപ്രകാരം ക്രമീകരിച്ചിരിക്കുന്ന വ്യക്തികളെ നീതിമാന്മാരെന്നാണ് പഴയനിയമഗ്രന്ഥങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. നീതിമാനായി വിശേഷിപ്പിക്കപ്പെടുന്ന ജോബിനെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ പഴയനിയമകാലത്തെ നീതിസങ്കല്‍പങ്ങളിലേക്കു വിരല്‍ ചൂണ്ടുന്നു. ജോബ് യാഹ്വേയുടെ മുമ്പില്‍ തന്‍റെ തന്നെ ജീവിതത്തെ അനുസ്മരിപ്പിച്ചുകൊണ്ട് നടത്തിയ ഏറ്റുപറച്ചിലില്‍ താന്‍ ദരിദ്രരുടെയും അനാഥരുടെയും സഹായിയും വിധവകളുടെ സംരക്ഷകനുമായിരുന്നുവെന്നും, നിരാലംബരും നിസ്സഹായരുമായ കുരുടര്‍ക്കും മുടന്തര്‍ക്കും താന്‍ അര്‍ഹമായ സഹായം കൊടുത്തുവെന്നും അവകാശപ്പെടുകയാണ്. തന്‍റെ ജീവിതത്തില്‍ അങ്ങനെ നീതി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളുവെന്നാണ് ജോബ് അനുസ്മരിക്കുന്നത് (ജോബ് 29:12-15) തന്‍റെ സ്വത്ത് നീതിക്കു ചേര്‍ന്ന വിധത്തില്‍ മാത്രമേ കൈകാര്യം ചെയ്തിട്ടുള്ളുവെന്നും തൊഴിലാളികള്‍ക്ക് അവകാശമായ നീതി നല്‍കിയിട്ടുണ്ടെന്നും തുടര്‍ന്ന് ജോബ് ഏറ്റുപറയുന്നുണ്ട് (ജോബ് 31,38-40;31,13) ഈ ജീവിതക്രമത്തിന്‍റെ പേരിലാണ് ജോബ് നീതിമാനായിട്ട് അംഗീകരിക്കപ്പെടുക. ഇതു സൂചിപ്പിക്കുന്നത് ഇസ്രായേല്‍ ജനതയുടെ ഇടയില്‍ വളരെ വ്യക്തമായ നീതിധര്‍മ്മങ്ങള്‍ ഉണ്ടായിരുന്നുവെന്നതാണ്.

    ഈ നീതിസങ്കല്‍പത്തെ സംബന്ധിച്ചു വിശദമായൊരു ചര്‍ച്ചയ്ക്കു സ്ഥലപരിമിതികൊണ്ട് ഇവിടെ തുനിയുന്നില്ല. നിയമാവര്‍ത്തനം, സുഭാഷിതങ്ങള്‍, പുറപ്പാട്, ആമോസ്, ഐസയാസ്, ജെറമിയ മുതലായ ഗ്രന്ഥങ്ങളിലും സമൂഹജീവിതത്തെ നയിക്കേണ്ട നീതിധര്‍മ്മങ്ങളെപ്പറ്റിയുള്ള പരാമര്‍ശങ്ങളുണ്ട്. "നിങ്ങളുടെ ജീവിതത്തില്‍ നീതി ജലംപോലെ ഒഴുകട്ടെ" എന്ന ആമോസ് പ്രവാചകന്‍റെ വാക്കുകളില്‍നിന്നും ഇസ്രായേല്‍ ജനതയില്‍ ഉണ്ടായിക്കാണാന്‍ സമൂഹനേതാക്കള്‍ ആഗ്രഹിച്ച നീതിബോധം എത്ര ശക്തമായിരുന്നുവെന്ന് മനസ്സിലാക്കാം.

പഴയനിയമ ഗ്രന്ഥങ്ങളില്‍ക്കാണുന്ന സാമ്പത്തിക സാമൂഹിക വ്യവസ്ഥിതി ഒരുതരത്തിലുള്ള സോഷ്യലിസമാണ്. ഏവര്‍ക്കും തുല്യമായ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു നല്‍കത്തക്കവിധത്തിലാണ് കൃഷിഭൂമിയും മറ്റു സ്വത്തുക്കളും വിഭജിക്കപ്പെട്ടിരുന്നത്. സ്വകാര്യസ്വത്തുടമയെ സ്വത്തിന്‍റെ കേവലം സൂക്ഷിപ്പുകാരനായിട്ട് മാത്രമാണ് വി. ഗ്രന്ഥം കണകാക്കുക (ഉല്‍പ. 2:8,15; ലേവ്യ. 25,23).

ഈ തത്ത്വത്തിന്‍റെ അടിസ്ഥാനത്തില്‍ സ്വത്ത് ഇഷ്ടംപോലെ കൈകാര്യം ചെയ്യാന്‍ വി. ഗ്രന്ഥ നീതിനിഷ്ഠ ഉടമയെ അനുവദിച്ചിരുന്നില്ല. അതായത്, ചില സാമൂഹിക കടമകള്‍ സ്വത്തവകാശത്തോടനുബന്ധമായിട്ട് ഉണ്ടെന്നര്‍ത്ഥം. ഈ പ്രപഞ്ചത്തില്‍ ജീവിതത്തിനാവശ്യമായ വസ്തുവകകള്‍ കണ്ടെത്താനുള്ള മനുഷ്യന്‍റെ ദൈവദത്തമായ അവകാശത്തിന്‍റെ പൂരകമാണ് ഈ സാമൂഹിക കടപ്പാടുകള്‍. വിളവെടുക്കുമ്പോള്‍ ദരിദ്രര്‍ക്കും വഴിയാത്രക്കാര്‍ക്കുംവേണ്ടി കുറേ വിളകള്‍ മാറ്റിവയ്ക്കാനുള്ള ബൈബിളിന്‍റെ നിര്‍ദ്ദേശം ഈ സാമൂഹികനീതിധര്‍മ്മത്തിന്‍റെ തെളിവാണ് (ലേവ്യ.19,9,10;23,22; ആവര്‍ത്ത. 24, 19-21; 23, 25-62) അനാഥര്‍, വിധവകള്‍ മുതലായവര്‍ക്ക് ജീവിക്കാനാവശ്യമായവ കൊടുക്കേണ്ടതും യഹൂദനീതിനിഷ്ഠയനുസരിച്ച് സമൂഹത്തിന്‍റെ കടമയായിരുന്നു (പുറ. 22.21).

ഈ നീതിസങ്കല്‍പം ഇസ്രായേലിന്‍റെ സാമൂഹികദര്‍ശനത്തിലെ അവിഭാജ്യഘടകമായിരുന്നെങ്കിലും പ്രായോഗിക ജീവിതത്തില്‍ സമുന്നതമായ ഈ ലക്ഷ്യം നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കാലക്രമേണ സമ്പത്ത് കുറേപ്പേരുടെ കുത്തകാവകാശമായി. സ്വകാര്യസ്വത്ത് നഷ്ടപ്പെട്ട് പാപ്പരായിത്തീര്‍ന്നവരുടെ അംഗസംഖ്യ കൂടി (നിയമ.21,14). സമ്പന്നവര്‍ഗ്ഗം ദരിദ്രവര്‍ഗ്ഗത്തെ അതിദാരുണമായ വിധത്തില്‍ ചൂഷണം ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി വി. ഗ്രന്ഥത്തില്‍ സൂചനയുണ്ട്. "ഭൂമിയില്‍ നിങ്ങള്‍ക്കുമാത്രം താമസിച്ചാല്‍ മതിയോ? വയലോടു വയല്‍ കൂട്ടുകയും അങ്ങനെ നാടിന്‍റെ അതിര്‍ത്തിവരെ എത്തുകയും ചെയ്യുന്നവര്‍ക്ക് നാശം" (ഏശ. 5,8) എന്ന പ്രവാചകന്‍റെ വിമര്‍ശനമിതാണ് കാണിക്കുക. ജെറമിയ, ആമോസ്, എസക്കിയേല്‍ മുതലായ പ്രവാചകന്മാരും ഈ വിമര്‍ശനം നടത്തുന്നുണ്ട് (ആമോ. 5, 10-13; 21-24; ജറെ.5, 2-28).

ചുരുക്കം ചില വ്യക്തികളില്‍ സമ്പത്ത് കുന്നുകൂടുന്നതിനെ തടയുന്നതിനാവശ്യമായ നിയമങ്ങളുണ്ടായിരുന്നു. സ്വത്ത് സ്വന്തം ഗോത്രത്തിന് പുറത്ത് വില്‍ക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. എന്തെങ്കിലും കാരണത്താല്‍ സ്വത്തുടമയ്ക്ക് തന്‍റെ സ്വത്ത് വില്‍ക്കേണ്ടിവന്നാല്‍തന്നെയും ജൂബിലി വര്‍ഷങ്ങളില്‍ വിറ്റ സ്വത്ത് സ്വത്തുടമയ്ക്ക് തിരിച്ചു ലഭിക്കുന്നതിനുള്ള വ്യവസ്ഥയുമുണ്ടായിരുന്നു (പുറ. 23,   10-11; ആവ. 15,1-3; ലേവ്യ. 25,2-8,25, 8-17; 29-31). അങ്ങനെ എല്ലാവര്‍ക്കും തുല്യമായ സാമ്പത്തികാവകാശങ്ങളും അവസരങ്ങളും ലക്ഷ്യംവച്ചുകൊണ്ടുള്ള തെരഞ്ഞെടുക്കപ്പെട്ട ജനത്തിന്‍റെ പരിശ്രമം തികച്ചും സാമൂഹികനീതിചിന്തയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടാണ്.

 പുതിയനിയമ ചിന്തയും സാമൂഹികനീതിയും

പുതിയനിയമഗ്രന്ഥങ്ങളില്‍ സാമ്പത്തികരംഗത്തെ നിയന്ത്രിക്കേണ്ട നീതിയെ സംബന്ധിച്ച കാര്യമായ ചര്‍ച്ചയൊന്നും നാം കാണുന്നില്ല. പ്രവാചകന്മാര്‍ വഴി യാഹ്വേ ഇസ്രായേല്‍ ജനതയ്ക്കു കൊടുത്ത നീതി ധര്‍മ്മങ്ങളെപ്പറ്റിയുള്ള കല്‍പനകള്‍ പൂര്‍ത്തീകരിക്കാനാണ് ക്രിസ്തു ശ്രമിച്ചിട്ടുള്ളത് (മത്താ. 5,17). ഫരിസേയരും നിയമജ്ഞരും യഥാര്‍ത്ഥനീതിയുടെ അരൂപിയില്‍നിന്ന് അകന്ന് ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതായി ക്രിസ്തു വിമര്‍ശിക്കുന്നുണ്ട്. "നിങ്ങളുടെ നീതി നിയമജ്ഞരുടേയും ഫരിസേയരുടേയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല" (മത്താ. 5,20) എന്ന ക്രിസ്തുവിന്‍റെ പ്രഖ്യാപനം അവരുടെ ആധ്യാത്മിക ജീവിതത്തെപ്പറ്റിയാണ് കൂടുതലായി സ്പര്‍ശിക്കുന്നതെങ്കിലും സാമൂഹികസാമ്പത്തിക രംഗത്തുള്ള നീതിനിഷ്ഠയെ സംബന്ധിച്ച പരാമര്‍ശനംകൂടിയാണിതെന്നുള്ളത് തുടര്‍ന്നുള്ള ഭാഗങ്ങള്‍ വ്യക്തമാക്കുന്നു.

നിന്നെപ്പോലെ തന്നെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്ന ഉപദേശത്തിലൂടെ ക്രിസ്തു മനുഷ്യബന്ധങ്ങളുടെ ക്രമീകരണത്തിനാവശ്യമായ സമഗ്രമായ നിയമമാണ് നല്‍കിയിരിക്കുന്നത്. സാധാരണ നീതിധര്‍മ്മങ്ങളെ അതിലംഘിക്കുന്ന ഒരു ധാര്‍മ്മികചിന്തയാണ് യേശുവിന്‍റേത്. ക്ഷേമസുന്ദരമായൊരു സമൂഹം ക്രിസ്തു സ്വപ്നം കാണുകയും അതു രൂപപ്പെടുത്തിയെടുക്കുവാന്‍ ശ്രമിയ്ക്കുകയുമുണ്ടായി. ദരിദ്രരോട് പ്രത്യേക സ്നേഹവും അനുകമ്പയും പ്രകടിപ്പിക്കുമ്പോള്‍ സമ്പന്നരോട് അവരുടെ അനീതിപരമായിട്ടുള്ള സമ്പത്തിന്‍റെ സമാഹാരത്തില്‍ അവരെ കുറ്റപ്പെടുത്തുന്നത് ഇതിന്‍റെ വെളിച്ചത്തിലാണ്. മുതലാളിത്ത വ്യവസ്ഥിതിയില്‍ കാണുന്നതുപോലെ ചൂഷണത്തിന്‍റെയും അനീതിയുടെയും ഫലമായി കുന്നുകൂടുന്ന സമ്പത്ത് നിര്‍ദ്ധനരായവര്‍ക്കു പങ്കിട്ടുകൊടുക്കുവാനുള്ള സമ്പന്നരുടെ കടപ്പാട് സക്കേവൂസിന്‍റെ തദനുസാരമുള്ള പ്രവൃത്തിയെ ശ്ലാഘിക്കുന്നതുവഴി ക്രിസ്തുനാഥന്‍ അരക്കിട്ടുറപ്പിക്കുന്നു (ലൂക്ക 18). ധനവാന്‍റെയും ദരിദ്രനായ ലാസറിന്‍റെയും ഉപമയിലൂടെയും മറ്റും സാമ്പത്തികരംഗത്ത് എല്ലാവരുടെയും ക്ഷേമം മുമ്പില്‍കണ്ടുകൊണ്ട് പ്രവര്‍ത്തിക്കാന്‍ യേശു ആഹ്വാനം ചെയ്യുന്നുണ്ട്.

 സഭാപിതാക്കന്മാരുടെ നീതിചിന്ത

സഭാ ചരിത്രത്തിലെ ആദിമനൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന പ്രസിദ്ധരായ സഭാപിതാക്കന്മാര്‍ തങ്ങളുടേതായ രീതിയില്‍ സമൂഹത്തില്‍ നീതിപാലിക്കാന്‍ ശ്രമിക്കുകയുണ്ടായി. വിശുദ്ധ അന്ത്രയോസ്, ക്രിസോസ്റ്റോം, ബേസില്‍, ഗ്രിഗറി നസ്സിയാന്‍സന്‍ മുതലായ പിതാക്കന്മാര്‍ തങ്ങളുടെ പ്രസംഗങ്ങളിലൂടെയും മറ്റുമാണ് ഇക്കാര്യം നിര്‍വ്വഹിച്ചത്. പഴയനിയമകാലത്തെ ആമോസ്, ജെറമിയാസ് മുതലായ പ്രവാചകന്മാരുടെ രീതിയില്‍ വളരെ നിശിതമായി തങ്ങളുടെ സമകാലീന സമൂഹത്തിലുണ്ടായിരുന്ന അനീതികളെ അവര്‍ ചോദ്യം ചെയ്തു. സമൂഹത്തിന്‍റെ ക്ഷേമം മുന്‍ നിര്‍ത്തിയായിരിക്കണം സാമ്പത്തിക വ്യാപാരങ്ങള്‍ നടത്തേണ്ടതെന്ന് പൊതുവേ അവര്‍ അഭിപ്രായപ്പെട്ടു. സമ്പന്നര്‍ അവരുടെ സ്വത്ത് ദരിദ്രരായവരുടെ ക്ഷേമത്തിനുവേണ്ടികൂടി ചെലവഴിക്കാന്‍ നീതിധര്‍മ്മം അനുശാസിക്കുന്നുവെന്നാണ് അവര്‍ വാദിച്ചത്. ഇതു വെറും ദാനം കൊടുക്കാനുള്ള കടമയല്ലെന്നും മറിച്ച് നീതിയായിട്ട് ദരിദ്രര്‍ക്ക് അര്‍ഹതയുള്ളത് തിരികെ കൊടുക്കാനുള്ള ഉത്തരവാദിത്വമാണെന്നും അവര്‍ തറപ്പിച്ചു പറഞ്ഞു.

നിങ്ങളുടെ ഉല്‍പന്നങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുക, കാരണം, ദരിദ്രന്‍റെ അനുദിന ഭക്ഷണമാണ് ധനികന്‍റെ അറപ്പുരകളില്‍ സമാഹരിച്ചിരിക്കുന്നത്. ആദ്യമേ കൈവശമാക്കാന്‍ അവസരം ലഭിച്ചതുകൊണ്ടുമാത്രം തന്‍റെ അധീനതയിലുള്ള സ്വത്തെല്ലാം ഒരാള്‍ ഇഷ്ടംപോലെ വ്യയം ചെയ്യുക നീതിയല്ല. ഓരോരുത്തരും അവനവന്‍റെ ആവശ്യമനുസരിച്ചുമാത്രം സ്വന്തമാക്കിയിരുന്നെങ്കില്‍ ദാരിദ്ര്യം തുടച്ചുനീക്കുക എളുപ്പമായിരുന്നു. നീ സൂക്ഷിച്ചുവച്ചിരിക്കുന്ന ഭക്ഷണം വിശക്കുന്നവന് ന്യായമായി ലഭിക്കേണ്ടതാണ്. ധനികനാണെന്നതല്ല  മറ്റുള്ളവരുമായി നിന്‍റെ സ്വത്ത് പങ്കുവയ്ക്കാനുള്ള വൈമനസ്യമാണ് നിന്നെ അഭിശപ്തനാക്കുന്നത്.

എന്ന ബേസലിന്‍റെ പ്രഖ്യാപനം സാമ്പത്തികവ്യാപാരങ്ങളില്‍ നിലനിര്‍ത്തേണ്ട നീതി എപ്രകാരമായിരിക്കുന്നുവെന്നത് വെളിവാക്കുന്നുണ്ട്.

 മദ്ധ്യശതക നീതിചിന്ത

മദ്ധ്യശതക യൂറോപ്പില്‍ ക്രിസ്തീയ സ്വാധീനത്തിന്‍റെ പരിണിതഫലമായി അഭികാമ്യമായ ചില നീതിധര്‍മ്മങ്ങള്‍ നിലനിന്നിരുന്നു. സാമൂഹിക സാമ്പത്തിക ജീവിതത്തിനാവശ്യമായ സഭയുടെ ധാര്‍മ്മിക പ്രബോധനങ്ങള്‍ പരക്കെ അംഗീകരിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. സാമ്പത്തികപുരോഗതിയ്ക്കായി മാനുഷികമൂല്യങ്ങളെ ബലി കഴിക്കാന്‍ അറച്ചുനില്‍ക്കാത്ത ഇന്നത്തെ സമൂഹത്തിന്‍റെ മനോഭാവത്തില്‍നിന്നും വ്യത്യസ്തമായിരുന്നു മധ്യശതകയൂറോപ്പിലെ നീതിവ്യവസ്ഥ. മനുഷ്യനും മൗലികമൂല്യങ്ങളുമായിരുന്നു സാമ്പത്തിക പുരോഗതിയെക്കാള്‍ അന്നത്തെ മനുഷ്യനു പ്രധാനം.

സാമ്പത്തികവ്യാപാരങ്ങളില്‍ എല്ലാവര്‍ക്കും നീതി ലഭ്യമാക്കുക എന്നതിലായിരുന്നു അന്നു സമൂഹം പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. ഇതായിരുന്നു വ്യാപാരമേഖലയിലും തൊഴില്‍ രംഗങ്ങളിലും മനുഷ്യബന്ധങ്ങളെ നിയന്ത്രിച്ചിരുന്ന ഘടകം. ആരും ആരെയും ചൂഷണം ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. ഉത്പന്നങ്ങളുടെ ആവശ്യകതയും സംലഭ്യതയും എന്ന തത്ത്വം (The Principle of Supply and Demand) അനുസരിച്ചു വിലകള്‍ നിയന്ത്രിക്കപ്പെടുന്ന മുതലാളിത്തവ്യവസ്ഥിതി അന്നു ചിന്തനീയമായിരുന്നില്ല. ഉത്പാദനചെലവും ന്യായമായ ആദായവും കണക്കാക്കിയിരുന്നു വിലകള്‍ നിശ്ചയിക്കപ്പെട്ടിരുന്നത്. തൊഴിലാളികള്‍ക്കു അര്‍ഹമായ വേതനവും തൊഴിലുടമകള്‍ക്കു ന്യായമായ ലാഭവും ലഭിക്കത്തക്കതായിരുന്നു അന്നത്തെ തൊഴില്‍വ്യവസ്ഥകള്‍. എല്ലാവിധ സാമ്പത്തികവ്യാപാരങ്ങളെയും ഈ വിധം നിയന്ത്രിച്ചിരുന്നത് അന്നു നിലവിലുണ്ടായിരുന്ന ക്രാഫ്റ്റ് ഗില്‍ഡുകളാണ്. ഇവയില്‍ മുതലുടമകളും തൊഴിലാളികളും കച്ചവടക്കാരും അംഗങ്ങളായിരുന്നു.

 മദ്ധ്യശതകനീതിബോധത്തിന്‍റെ തിരോധാനം

സ്നേഹത്തിലും നീതിയിലും അധിഷ്ഠിതമായ ഈ സാമൂഹികസാമ്പത്തിക സിദ്ധാന്തങ്ങള്‍ക്കു കാലക്രമേണ പാശ്ചാത്യരാജ്യങ്ങളില്‍ ഉലച്ചില്‍ തട്ടുകയുണ്ടായി. സാമൂഹികശാസ്ത്രജ്ഞന്മാരും ചരിത്രകാരന്മാരും ഇതിനു പല കാരണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.

സമൂഹത്തിന്‍റെ പൊതുനന്മയെ ലക്ഷ്യംവച്ച് നീതിപൂര്‍വ്വം പ്രവര്‍ത്തിക്കാനുണ്ടായിരുന്ന പ്രേരണ ക്രമേണ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കു വഴിമാറിക്കൊടുത്തു. അതിനുള്ള പ്രധാന കാരണം 1347 മുതല്‍ 1350 വരെ യൂറോപ്പില്‍ പടര്‍ന്നുപിടിച്ച "കറുത്ത മരണം" (black death) എന്ന പകര്‍ച്ചവ്യാധിയാണ്. പാശ്ചാത്യ സമൂഹത്തിലെ വലിയൊരു ശതമാനം ജനങ്ങള്‍ ഈ പകര്‍ച്ചവ്യാധിക്കിരയായി മരണമടഞ്ഞു. പരോന്മുഖരായ വളരെയധികം നല്ല മനുഷ്യര്‍ രോഗികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ അസുഖം പിടിപെട്ട് മരിച്ചുപോയി. സ്വാര്‍ത്ഥമതികളായ മനുഷ്യരാണ് പകര്‍ച്ചവ്യാധിയെ അതിജീവിച്ചവരിലധികവും. അതോടെ പൊതുക്ഷേമം ലക്ഷ്യംവച്ചുകൊണ്ട് പ്രവര്‍ത്തിച്ചിരുന്ന ഗില്‍ഡുകള്‍ അപ്രത്യക്ഷമായി. സാവധാനത്തില്‍ സാമ്പത്തികവ്യാപാരങ്ങളെ നിയന്ത്രിച്ചിരുന്ന നീതിസങ്കല്‍പങ്ങളും ലോലമായിത്തീര്‍ന്നു. സഭയില്‍ പിന്നീടുണ്ടായ പാഷണ്ഢതകള്‍, മാര്‍പാപ്പയുടെ അവിഞ്ഞോണിലെ അടിമത്തം (1305 - 1317), പ്രോട്ടസ്റ്റന്‍റ് വിപ്ലവം മുതലായ കാരണങ്ങള്‍ക്കൊണ്ട് സാമൂഹിക സാമ്പത്തിക മണ്ഡലങ്ങളില്‍ ശ്രദ്ധിക്കുവാന്‍ സഭയ്ക്കും കഴിഞ്ഞില്ല. സമൂഹമധ്യത്തില്‍ നീതിധര്‍മ്മങ്ങളുടെ ക്ഷയത്തിന് ഇതും സഹായിച്ചിട്ടുണ്ട്.

 മുതലാളിത്ത സാമ്പത്തികചിന്തയും നീതിസങ്കല്‍പങ്ങളും

ആഡംസ്മിത്ത് തന്‍റെ "വെല്‍ത്ത് ഓഫ് നേഷന്‍സ്" എന്ന ഗ്രന്ഥത്തിലൂടെ രൂപം കൊടുത്ത മുതലാളിത്ത സാമ്പത്തിക ചിന്ത സാമ്പത്തികമേഖലയില്‍ നീതിധര്‍മ്മങ്ങളുടെ ആവശ്യകതയെ ചോദ്യം ചെയ്തു. സ്വാര്‍ത്ഥതാത്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തികവ്യാപാരങ്ങളെ ധാര്‍മ്മികതത്ത്വങ്ങളുടെയും ഗവണ്‍മെന്‍റിന്‍റെയും നിയന്ത്രണത്തില്‍നിന്നും പൂര്‍ണ്ണമായും സ്വതന്ത്രമാക്കുകയും കടുത്ത മത്സരം അംഗീകരിക്കുകയും ചെയ്യുകയാണ് സാമ്പത്തികപുരോഗതിക്കുള്ള മാര്‍ഗ്ഗമായി ലിബറല്‍ ക്യാപ്പിറ്റലിസം അംഗീകരിച്ചത്. പരമ്പരാഗത നീതിസങ്കല്‍പം ക്രമേണ സാമ്പത്തികമേഖലയില്‍നിന്നു കാര്യമായവിധം അപ്രത്യക്ഷമായി. ന്യായമായ വില, ന്യായമായ കൂലി എന്ന സങ്കല്‍പങ്ങള്‍ ക്യാപ്പിറ്റലിസത്തിന് അന്യമാണ്.

 മാര്‍ക്സിയന്‍ നീതിചിന്ത

ലിബറല്‍ ക്യാപ്പിറ്റലിസം പടുത്തുയര്‍ത്തിയ അനീതി നിറഞ്ഞ സമൂഹത്തെ ഉടച്ചുവാര്‍ത്ത് നീതി നിറഞ്ഞൊരു സമൂഹത്തിനു രൂപം കൊടുക്കാന്‍ ആഗ്രഹിച്ച കാറല്‍മാക്സും ഏംഗല്‍സും ചെന്നെത്തിയതു തികച്ചും നീതിക്കു നിരക്കാത്ത അനുമാനങ്ങളിലാണ്. ക്യാപ്പിറ്റലിസം വ്യക്തിസ്വാതന്ത്ര്യത്തിനും സ്വാര്‍ത്ഥാഭിലാഷത്തിനും  അമിതപ്രാധാന്യം കൊടുത്തപ്പോള്‍ മാര്‍ക്സിസം മനുഷ്യവ്യക്തിയുടെ മൗലികമായ പല അവകാശങ്ങളും സമൂഹത്തിന്‍റെ സാമ്പത്തിക പുരോഗതിയുടെ പേരില്‍ കുരുതി കഴിക്കാന്‍ നിര്‍ബന്ധിച്ചു. സ്വകാര്യസ്വത്തവകാശം നിഷേധിക്കപ്പെട്ടതോടെ വ്യക്തിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും മറ്റും തകരാറിലായി. ദൈവാസ്തിത്വം നിരാകരിക്കുന്ന മാര്‍ക്സിയന്‍ ചിന്താഗതിയില്‍ ദൈവനിയമത്തിലധിഷ്ഠിതമായ നീതിക്കും ധാര്‍മ്മികതയ്ക്കും സ്ഥാനമില്ലാതായി.

 III. സഭയും നീതി സങ്കല്‍പവും

ലിബറല്‍ ക്യാപ്പിറ്റലിസവും വ്യവസായ വിപ്ലവവും വരുത്തി വച്ച സാമൂഹികപ്രശ്നങ്ങള്‍ക്കു പരിഹാരമന്വേഷിച്ചിറങ്ങിയ സഭ സാമ്പത്തിക വ്യാപാരങ്ങളിലുണ്ടായിരിക്കേണ്ട നീതി ന്യായങ്ങളെക്കുറിച്ചും അവ ഓരോ സാഹചര്യങ്ങളിലും പ്രാവര്‍ത്തികമാക്കേണ്ട രീതിയെ സംബന്ധിച്ചും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. സഭയുടെ സാമൂഹിക പ്രബോധന സംഹിതകളിലാണു പ്രധാനമായും ഇവ കണ്ടെത്തുക. റേരും നൊവാരും പ്രസിദ്ധീകൃതമായതിനുശേഷം നീതി സങ്കല്‍പത്തെ സംബന്ധിച്ചു നടന്നിട്ടുള്ള ഗവേഷണങ്ങളുടെ ഫലമായി നീതിസങ്കല്‍പത്തിനു പുതിയ മാനങ്ങള്‍ കൈവന്നിട്ടുണ്ട്. സാമൂഹികനീതി, ലോകനീതി എന്നീ പദപ്രയോഗങ്ങള്‍തന്നെ അടുത്ത കാലത്തു രുപപ്പെട്ടവയാണ്.

വിവിധതരത്തിലുള്ള നീതി

അവകാശങ്ങളുടെയും അവ നടപ്പാക്കാന്‍ ബാദ്ധ്യസ്ഥരായവരുടെയും മറ്റും പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ വിനിമയനീതി ( commutative justice) നിയമാനുസൃതനീതി (legal justice) വിതരണനീതി (distributive justice) സാമൂഹികനീതി (social justice) എന്നിങ്ങനെ നാലായി നീതിസങ്കല്‍പത്തെ വിഭജിക്കാം.

  1. വിനിമയനീതി

കൊടുക്കല്‍വാങ്ങല്‍ പ്രക്രിയയില്‍ തുല്യമൂല്യം കൈമാറാനുള്ള സാദ്ധ്യതയാണ് വിനിമയനീതിയെന്ന തത്ത്വംകൊണ്ട് നാം വിവക്ഷിക്കുന്നത്; തൊഴിലാളി ചെയ്യുന്ന ജോലിയുടെ മൂല്യത്തിനു തുല്യമായ പ്രതിഫലം കൊടുക്കുവാനുള്ള ഉത്തരവാദിത്വം ഉദാഹരണമായിട്ടെടുക്കാം. അതുപോലെതന്നെ വാങ്ങുന്ന വേതനമൂല്യത്തിനു തുല്യമായ ജോലി ചെയ്യാനുള്ള ബാദ്ധ്യതയും.

വ്യക്തികള്‍ തമ്മിലുള്ള സാമ്പത്തികവിനിമയങ്ങള്‍ സാധാരണ രീതിയില്‍ കരാറിലധിഷ്ഠിതമായിട്ടാണ് നടത്തുക. കരാറിലെ വ്യവസ്ഥകള്‍ പാലിക്കുകയാണു നീതിയെന്ന ചിന്ത ഇതുമൂലം വ്യാപകമായി അംഗീകരിക്കപ്പെടുന്നുണ്ട്. എങ്കിലും ഈ വ്യവസ്ഥകള്‍ തുല്യമൂല്യകൈമാറ്റമെന്ന തത്ത്വത്തെ തകിടം മറിച്ചെന്നുവരാം. ദരിദ്രനായ ഒരു വ്യക്തി സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംകൊണ്ട് വളരെ തുച്ഛമായ പ്രതിഫലത്തിന് ജോലി ചെയ്യാന്‍ കരാറു ചെയ്താലും താന്‍ ചെയ്യുന്ന ജോലിയുടെ മൂല്യം തനിക്കു ലഭിക്കുന്ന വേതനത്തില്‍നിന്നു കുറവാണെങ്കില്‍ പ്രസ്തുത കരാര്‍ വിനിമയനീതിയിലധിഷ്ഠിതമാകുകയില്ലെന്നര്‍ത്ഥം. കാരണം, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംകൊണ്ടാണ് അങ്ങനെയൊരു കരാറിന് തൊഴിലാളി സമ്മതിക്കുന്നത്. അവിടെ സ്വതന്ത്രമായ കരാറില്ല. സ്വാഭാവികനീതി അഥവാ ദൈവികനീതിയുടെ ലംഘനമാണിവിടെ നടക്കുക.  "നിങ്ങളുടെ നിലങ്ങളില്‍നിന്നു വിളവുശേഖരിച്ച വേലക്കാര്‍ക്കു കൊടു ക്കാതെ പിടിച്ചുവച്ച കൂലി ഇതാ നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ കര്‍ണ്ണപുടങ്ങളില്‍ എത്തിയിരിക്കുന്നു" (യാക്കോ. 5,4) എന്ന പ്രഖ്യാപനം ഇക്കാര്യം വ്യക്തമാക്കുന്നു.

  1. നിയമാനുസൃതനീതി (Legal justice)

പൊതുനന്മയെ ലക്ഷ്യം വച്ചുകൊണ്ട് പ്രവര്‍ത്തിക്കാനുള്ള സമൂഹാംഗങ്ങളുടെ കടപ്പാടാണ് നിയമാനുസൃതനീതിക്ക് ആധാരം. അംശദാനനീതി (contributive justice) എന്നും ചില ഗ്രന്ഥകാരന്മാര്‍ ഇതിനെ വിശേഷിപ്പിക്കാറുണ്ട്. നിയമനിര്‍മ്മാണത്തിലൂടെ രാഷ്ട്രമോ സഭയോ അതുപോലുള്ള മറ്റുസമൂഹങ്ങളോ അംഗങ്ങളോടാവശ്യപ്പെടുന്ന ന്യായമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള കടമ എല്ലാ സമൂഹങ്ങളും അംഗീകരിക്കും. നികുതി നല്‍കുവാനുള്ള പൗരന്‍റെ കടപ്പാട് ഉദാഹരണമായിട്ടെടുക്കാം. പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കാനുള്ള കടപ്പാട് നികുതിദാനത്തിലൂടെ നിര്‍വ്വഹിക്കുകയാണ് ഓരോ പൗരനും. ഇതു വിനിമയനികുതിയിലധിഷ്ഠിതമാണ്. രാഷ്ട്രം പൗരന്മാര്‍ക്കുവേണ്ടി ക്രമപരിപാലനം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം മുതലായ സേവനങ്ങള്‍ ചെയ്യുമ്പോള്‍ അതിനു പകരമായി പൗരന്മാര്‍ നികുതി കൊടുക്കുവാനും നിയമാനുസൃതമായിട്ടുള്ള മറ്റുകടമകള്‍ നിര്‍വ്വഹിക്കുവാനും ബാദ്ധ്യസ്ഥരാകുന്നു. താത്ത്വികമായിട്ട് ഇക്കാര്യം എല്ലാവരും അംഗീകരിക്കുന്നുണ്ടെങ്കിലും പ്രായോഗികരംഗത്ത് ഇതു ഗൗരാവാവഹമായ ഒരു കടമയായിട്ടു കണക്കാക്കുന്നില്ലെന്നതു ഒരു ദു:ഖസത്യമാണ്. ഈ കടമയ്ക്കു ധാര്‍മ്മികശാസ്ത്രജ്ഞന്മാര്‍ ഇന്നു കാര്യമായ ഊന്നല്‍ നല്‍കുന്നുവെന്നതു ശ്രദ്ധേയമാണ്.

  1. വിതരണനീതി (Distributive justice)

വ്യക്തികള്‍ക്ക് തങ്ങള്‍ അംഗങ്ങളായുള്ള സമൂഹത്തില്‍നിന്ന് ന്യായമായി ലഭിക്കാനുള്ള അവകാശമാണ് ഈ നീതിയുടെ ലക്ഷ്യം. ഈ അവകാശങ്ങള്‍ ലഭ്യമാക്കാനുള്ള സമൂഹത്തിന്‍റെ ബാദ്ധ്യത നിര്‍വ്വഹിക്കുന്നത് ഓരോ അംഗത്തിനും അര്‍ഹമായ ആനുകൂല്യങ്ങള്‍, സഹായങ്ങള്‍ മുതലായവ നല്‍കിക്കൊണ്ടാണ്. ഓരോരുത്തരുടെയും കഴിവുകളും അര്‍ഹതയും അനുസരിച്ചായിരിക്കണം ഇവ നല്‍കാന്‍. നിരാലംബരും ദരിദ്രരും ആയവര്‍ക്ക് അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ പരിഗണിച്ച് കൂടുതല്‍ സാമ്പത്തികവും മറ്റുമായ സഹായങ്ങള്‍ ചെയ്യണം. സമ്പന്നരായ വ്യക്തികളില്‍നിന്ന് അവരുടെ സമ്പത്തിന്‍റെ ആനുപാതികക്രമത്തില്‍ നികുതി പിരിക്കാനുള്ള ഗവണ്‍മെന്‍റിന്‍റെ അവകാശം ഈ വിതരണനീതിസങ്കല്‍പത്തിലധിഷ്ഠിതമാണ്. ഇങ്ങനെ നികുതി പിരിച്ചാണ് രാജ്യത്തെ സമ്പത്ത് പല മാര്‍ഗ്ഗങ്ങളിലൂടെ വിഭജിക്കപ്പെടുക.

  1. സാമൂഹികനീതി (Social justice)

പതിനൊന്നാം പീയൂസിന്‍റെ ക്വാദ്രജേസിമോ അന്നോ എന്ന ചാക്രികലേഖനം 1931-ല്‍ പ്രസിദ്ധീകൃതമായതതോടെയാണ് സാമൂഹികനീതിയെന്ന സാങ്കേതികപദം ധാര്‍മ്മികശാസ്ത്രത്തില്‍ സ്ഥാനം പിടിച്ചത്. മുകളില്‍ കണ്ട വിനിമയവിതരണ നിയമാനുസൃതനീതിസങ്കല്‍പങ്ങളൊക്കെ ആത്യന്തികവിശകലനത്തില്‍ സാമൂഹിക നീതിയുടെ വിവിധ ഭാഗങ്ങള്‍ മാത്രമാണ്. സമൂഹത്തിന്‍റെ പൊതുനന്മയാണ് ഇവയുടെ ലക്ഷ്യം.

പ്രസിദ്ധ ധാര്‍മ്മിക ദൈവശാസ്ത്രജ്ഞനായ ബര്‍ണാര്‍ഡ് ഹേറിഗ് അതുകൊണ്ടാണ് സാമൂഹികനീതിസങ്കല്‍പത്തെ പൊതുക്ഷേമനീതിയെന്നു വിശേഷിപ്പിക്കുക.

മനുഷ്യനിര്‍മ്മിത നിയമങ്ങള്‍ അനുശാസിക്കുന്ന നീതിധര്‍മ്മങ്ങള്‍ക്കും അവകാശപരിപാലനത്തിനും അതീതമായി സ്വാഭാവികനിയമാനുസൃതം സമൂഹത്തിന്‍റെയും വ്യക്തികളുടെയും ക്ഷേമത്തിനുള്ള അവകാശമാണ് ഈ നീതിയുടെ അടിസ്ഥാനം. ഓരോ വ്യക്തിക്കും മാന്യമായി ജീവിക്കാനും വളരാനും ആവശ്യമായ വസ്തുവകകളും സാഹചര്യങ്ങളും സ്വപ്രയ്തനത്തിലൂടെ കണ്ടെത്താനുള്ള അവകാശം ദൈവദത്തമാണ്. സമൂഹജീവിയായ മനുഷ്യന്‍ ജീവിതത്തിനാവശ്യമായ വസ്തുക്കള്‍ കണ്ടെത്തുന്നത് തനിച്ചല്ല, മറിച്ച് മറ്റു സഹജീവികളോടൊരുമിച്ചാണ്. അസ്തിത്വം സഹാസ്തിത്വമാണെന്നും ജീവിതം കൂട്ടുത്തരവാദിത്വമാണെന്നുമുള്ള തത്ത്വത്തിലധിഷ്ഠിതമാണിത്. പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കുക എന്നതാണ് മനുഷ്യനെ സംബന്ധിച്ച ദൈവനിശ്ചയം. വിനിമയ-നിയമാനുസൃതനീതിയനുഷ്ഠാനങ്ങള്‍വഴി ഇതു പാലിക്കപ്പെടില്ല. മനുഷ്യന്‍റെ ദൈവദത്തമായ പല അവകാശങ്ങളും ഇതിന്‍റെ പരിധിയില്‍പെടില്ല. ഉദാഹരണത്തിന് ശാരീരിക വൈകല്യത്താലോ ബലഹീനതകൊണ്ടോ മറ്റോ നിസ്സഹായനായ വ്യക്തിക്ക് താന്‍ യാതൊന്നും സമൂഹത്തിനു കാഴ്ചവയ്ക്കുന്നില്ലെങ്കില്‍ത്തന്നെയും മാന്യമായി ജീവിക്കാനാവശ്യമായവയ്ക്കു സ്വാഭാവികാവകാശമുണ്ട്. അവ സഫലമാക്കാനുള്ള കടമ സമൂഹത്തിന്‍റേതും.

ഇന്നത്തെ മനുഷ്യബന്ധങ്ങള്‍ ഒരു ഫാക്ടറിക്കുള്ളിലോ രാജ്യത്തിനകത്തോ ഒതുക്കി നിര്‍ത്താനാവാത്തവിധം സങ്കീര്‍ണ്ണമായിട്ടുണ്ട്. ഒരു ഫാക്ടറിക്കകത്തു നടക്കുന്ന ഉത്പാദനപ്രക്രിയകള്‍ ലോകത്തിലെ മറ്റു പലയിടത്തുമുള്ള ഉത്പാദനപ്രക്രിയകളുമായിട്ട് ബന്ധപ്പെട്ടാണിരിക്കുക. അതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു വ്യവസായരംഗത്ത് തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ നടത്തുന്ന കരാറനുസരിച്ച് അവിടെയുണ്ടാകുന്ന സമ്പത്ത് പങ്കിട്ടെടുക്കുന്നത് നീതിയാകില്ല. സാമൂഹികനീതിധര്‍മ്മത്തിന്‍റെ അടിസ്ഥാനത്തില്‍ മറ്റു പലര്‍ക്കും അതിലൊരോഹരിക്ക് അര്‍ഹതയുണ്ടാകും. അതുപോലെതന്നെ, സമൂഹത്തിന്‍റെ പൊതുനന്മയ്ക്കായി പ്രവര്‍ ത്തിക്കാന്‍ ഓരോ വ്യക്തിയും ബാദ്ധ്യസ്ഥനായതുകൊണ്ട് സ്വാഭാവികമോ മനുഷ്യനിര്‍മ്മിതമോ ആയ കാരണങ്ങള്‍കൊണ്ടും പരാധീനരായ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും വികസനം പ്രത്യേകം പരിഗണിച്ചിട്ടുവേണം സമ്പത്തു പങ്കിടാന്‍.

സാമൂഹിക നീതിയിലധിഷ്ഠിതമായ സാമ്പത്തികവിതരണം കൊണ്ടുദ്ദേശിക്കുക സമ്പത്ത് എല്ലാവര്‍ക്കും തുല്യമായി പങ്കുവയ്ക്കണമെന്നല്ല. അതു തികച്ചും നീതിക്കു നിരക്കാത്തതാകും. ഓരോരുത്തരുടെയും അദ്ധ്വാനത്തിന്‍റെ തോതനുസരിച്ച് സ്വത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകും. സമ്പത്തിന്‍റെ വിഭജനത്തില്‍ ഓരോരുത്തരുടെയും സംഭാവന കണക്കിലെടുക്കുന്നതോടൊപ്പം വ്യക്തികളുടെ, മുകളില്‍ സൂചിപ്പിച്ചതുപോലെയുള്ള ആവശ്യങ്ങള്‍ പരിഗണനാവിഷയമാകണമെന്നു മാത്രം. അങ്ങനെ ചിന്തിക്കുമ്പോള്‍ സമ്പദ്വ്യവസ്ഥയുടെ എല്ലാ രംഗങ്ങളെയും സാമൂഹികനീതിസങ്കല്‍പമനുസരിച്ചു നിയന്ത്രിക്കേണ്ടതായിട്ടുണ്ട്.

 തൊഴില്‍രംഗവും സാമൂഹികനീതിയും

തനിക്കും തന്നെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കും മാന്യമായി  ജീവിക്കുന്നതിനാവശ്യമായ പ്രതിഫലം തൊഴില്‍വഴി ലഭിക്കുവാനുള്ള തൊഴിലാളിയുടെ അവകാശം സാമൂഹികനീതി സങ്കല്‍പമനുസരിച്ചുള്ളതാണ്. ന്യായമായ കാരണങ്ങള്‍കൊണ്ട് ഈ വേതനം നല്‍കുവാനുള്ള സാധ്യത തൊഴില്‍സ്ഥാപനത്തിലില്ലെങ്കില്‍ത്തന്നെയും സാമൂഹികനീതിസങ്കല്‍പമനുസരിച്ച് അതു ലഭിക്കുവാനുള്ള അവകാശം തൊഴിലാളിക്കുണ്ട്. ഇതു കൊടുക്കുവാനുള്ള വ്യവസ്ഥ സമൂഹമാണുണ്ടാക്കേണ്ടത്. ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതിലുള്ള ക്രമക്കേട്, ചൂഷണം മുതലായ കാരണങ്ങള്‍കൊണ്ടാണ് മിക്കവാറും തൊഴിലാളികള്‍ക്കു കുടുംബവേതനം കൊടുക്കുവാന്‍ തൊഴില്‍സ്ഥാപനങ്ങള്‍ക്കു സാധിക്കാതെ പോകുക. തെറ്റായ സാമ്പത്തികാസൂത്രണത്തിന്‍റെ പരിണിതഫലമായിട്ടാണിതു സംഭവിക്കുക. കാരണമെന്തുമാകട്ടെ. സ്വന്തം കുറ്റംകൊണ്ടല്ലാതെ, കുടുംബവേതനം നിഷേധിക്കപ്പെടുന്നവര്‍ക്ക് മറ്റു പരിഹാരമാര്‍ഗ്ഗങ്ങള്‍ സമൂഹം കാണിച്ചുകൊടുക്കണം. സമൂഹത്തിന്‍റെ ഈ കടമ പരിഷ്കൃത രാജ്യങ്ങളൊക്കെത്തന്നെ സ്വീകരിച്ചുകഴിഞ്ഞു. സൗജന്യവിദ്യാഭ്യാസം, സൗജന്യചികിത്സ, വാര്‍ദ്ധ്യക്യകാല പെന്‍ഷന്‍ മുതലായ പദ്ധതികളിലൂടെയാണ് ഇത് അവിടെയെല്ലാം നിര്‍വ്വഹിക്കപ്പെടുക. സാമ്പത്തിക സാമൂഹികരംഗങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന കാര്‍ഷിക ചെറുകിട വ്യവസായ തൊഴിലാളികള്‍ക്ക് ഇത്തരത്തിലുള്ള പ്രത്യേക ക്ഷേമ സുരക്ഷിതത്വ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊടുക്കേണ്ടത് സാമൂഹിക നീതിയുടെ കടമയില്‍പ്പെടുന്നതാണ്.

 പൊതുവേതന നയം

തൊഴില്‍രംഗത്തെ സംബന്ധിച്ചിടത്തോളം സാമൂഹികനീതി സങ്കല്‍പം പ്രായോഗികമാക്കണമെങ്കില്‍ ഒരു പൊതുവേതന നയം ഉണ്ടാകണം. വേതനനിരക്ക് നിശ്ചയിക്കുവാന്‍ സമൂഹാംഗങ്ങളെല്ലാവരുടെയും ക്ഷേമം പരിഗണനയിലെടുത്തിട്ടാകണമെന്നത് നീതിചിന്തയുടെ പുതിയൊരു വശമാണ്. ലോകം തന്‍റെ ഇടവകയായി വിശേഷിപ്പിച്ച ജോണ്‍ 23-ാമന്‍ മാര്‍പാപ്പ, മാതാവും ഗുരുനാഥയും എന്ന തന്‍റെ ചാക്രികലേഖനത്തില്‍  അന്തര്‍ദ്ദേശീയ വേതനനയം രൂപീകരിക്കേണ്ടത് ഇന്നത്തെയൊരാവശ്യവും സാമൂഹികനീതിയുമാണെന്ന് എടുത്തു പറയുന്നുണ്ട്. ജോലിരഹിതര്‍ക്ക് ജോലിസാദ്ധ്യതകള്‍ ഉണ്ടാക്കുന്നതിനുള്ള മൂലധനസംഭരണം , അതതു രാഷ്ട്രത്തിന്‍റെയും ലോകരാഷ്ട്രങ്ങളുടെയും വികസനം മുതലായ ആവശ്യങ്ങളായിരിക്കണം വേതനനയരൂപീകരണത്തിന് അടിസ്ഥാനം.

വിവിധ തൊഴില്‍രംഗങ്ങളിലെ തൊഴിലാളികള്‍ക്കു ലഭിക്കുന്ന വരുമാനത്തിന്‍റെ കാര്യത്തില്‍ ദേശീയാടിസ്ഥാനത്തിലായാലും അന്തര്‍ദേശീയാടിസ്ഥാനത്തിലായാലും നിലവിലുള്ള വലിയ വ്യത്യാസങ്ങള്‍ സാമൂഹികനീതിസങ്കല്‍പ്പത്തിന് നിരക്കുന്നതല്ല. ഉദാഹരണത്തിന് കാര്‍ഷികതൊഴിലാളിക്കും ഫാക്ടറിത്തൊഴിലാളിക്കും വളരെ വ്യത്യസ്തമായ ഇന്നത്തെ ശമ്പളനിരക്ക് തികച്ചും അനീതിപരമാണ്. വ്യവസായതൊഴിലാളികള്‍ തങ്ങളുടെ സംഘടിതശക്തിയുപയോഗിച്ച് കൂടുതല്‍ ശമ്പളം വാങ്ങുന്നു. അസംഘടിതരായ കര്‍ഷകത്തൊഴിലാളികളാകട്ടെ തുച്ഛമായ വേതനംകൊണ്ടു തൃപ്തിപ്പെടാന്‍ നിര്‍ബന്ധിതരാകുന്നു. വ്യവസായരംഗവും കാര്‍ഷികരംഗവും ഒരേ സമ്പദ്വ്യവസ്ഥയുടെ രണ്ടു ഭാഗങ്ങളായതുകൊണ്ടാണ് ഇത് അനീതിയാവുക.

ഈ അനീതി ദേശീയമായ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കില്ല. എല്ലാ കര്‍ഷകരാജ്യങ്ങളെയും സംബന്ധിച്ചിടത്തോളം വ്യവസായരാജ്യങ്ങളുമായുള്ള തങ്ങളുടെ വ്യാപാരങ്ങളില്‍ ഇതു കണ്ടെത്താം ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നീ രാജ്യങ്ങളുടെ അവികസിതാവസ്ഥയ്ക്കു പ്രധാനകാരണം തുടരുന്ന ഈ അനീതിയാണ്.

 സാമ്പത്തിക പുനര്‍വിഭജനം

ദേശീയമായും അന്തര്‍ദ്ദേശീയമായും സമ്പത്ത് കുറേപ്പേരുടെ കുത്തകാവകാശമായിരിക്കുന്ന ഇന്നത്തെ സ്ഥിതിവിശേഷം നീതിയല്ലെന്ന ചിന്ത ഇന്നു ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. സഭ ആധുനികലോകത്തില്‍ എന്ന പ്രമാണരേഖയിലൂടെ സഭാപിതാക്കന്മാര്‍ സമ്പത്തിന്‍റെ നീതിപൂര്‍വ്വകമായ വിഭജനത്തിന് ആഹ്വാനം ചെയ്തുവെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. പ്രപഞ്ചവസ്തുക്കള്‍ എല്ലാ മനുഷ്യര്‍ക്കുമായിട്ടാണ് ദൈവം സൃഷ്ടിച്ചതെന്നും അതുകൊണ്ട് സ്വത്തുടമകള്‍ മറ്റുള്ളവന്‍റെ ന്യായമായ ആവശ്യങ്ങളെക്കൂടി കണക്കിലെടുത്തിട്ടുവേണം അതു കൈകാര്യം ചെയ്യേണ്ടതെന്നും അവര്‍ ഉപദേശിക്കുന്നുണ്ട്. വിശപ്പുകൊണ്ട് മരിക്കാറായ മനുഷ്യന് ഭക്ഷണം കൊടുക്കുക അല്ലെങ്കില്‍ നീ അവന്‍റെ കൊലപാതകിയാകുമെന്ന ആദികാല സഭാപിതാക്കന്മാരുടെ അനുശാസനം അനുകരിച്ചുകൊണ്ട് വ്യക്തികളും ഗവണ്‍മെന്‍റുകളും തങ്ങളുടെ വസ്തുവകകള്‍ മറ്റുള്ളവരുടെ വികസനത്തിനായി അവരുമായി പങ്കുവയ്ക്കുവാനുമാണ് സഭാപിതാക്കന്മാര്‍ ഉപദേശിക്കുന്നത്.

സമ്പത്തിന്‍റെ പുനര്‍വിഭജനബാദ്ധ്യത സാമൂഹികനീതി അനുശാസിക്കുന്ന ഉദാത്തമായ കടമയായി ആധുനികമാര്‍പാപ്പമാര്‍ ചിത്രീകരിക്കുന്നുണ്ട്. സാമൂഹികനീതിക്ക് നിരക്കാത്ത ഭൂവുടമാസമ്പ്രദായത്തെ പുനര്‍വിചാരണയ്ക്കു വിധേയമാക്കണം. ഭൂമി കുറെപ്പേരുടെ മാത്രം കുത്തകയായിത്തീര്‍ന്നിരിക്കുന്ന പ്രദേശങ്ങളില്‍ അടിയന്തിരമായിട്ട് ഭൂപരിഷ്കരണനിയമനിര്‍മാണങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. വീടുവയ്ക്കാന്‍ സ്വന്തമായിട്ട്  ഒരിഞ്ചുഭൂമിപോലുമില്ലാതെ മനുഷ്യോചിതമല്ലാത്ത രീതിയില്‍ വഴിവക്കില്‍ കഴിയുന്നവര്‍ക്ക് വ്യവസ്ഥാപിതമായ രീതിയില്‍ ഭൂമി വിതരണം ചെയ്യുകയെന്നത് അവരുടെ മൗലികാവകാശലബ്ധിക്ക് അനിവാര്യമാണ്. താത്ത്വികമായിട്ടെങ്കിലും ഈ സത്യം എല്ലാവരുമിന്ന് അംഗീകരിച്ചു കഴിഞ്ഞു.

 ലോകനീതി

ആദായനികുതി, സുഖഭോഗവസ്തുക്കള്‍ക്കുള്ള കൂടിയ നികുതി മുതലായവയിലൂടെ ദേശീയതലത്തില്‍ സമ്പത്തിന്‍റെ പുനര്‍വിഭജനം പരിഷ്കൃതരാജ്യങ്ങള്‍ നടത്തുന്നതുപോലെതന്നെ അന്തര്‍ദ്ദേശീയാടിസ്ഥാനത്തിലും സമ്പന്നരാജ്യങ്ങളിലും ദരിദ്രരാജ്യങ്ങളെ സഹായിക്കാനായി പ്രത്യേകമായൊരു നികുതി ഈടാക്കുന്നത് വളര്‍ന്നുവികസിച്ചുകൊണ്ടിരിക്കുന്ന സാമൂഹികനീതി ചിന്ത അനുശാസിക്കുന്ന വേറൊരു ധര്‍മ്മമാണ്. ഓരോരുത്തരുടെയും സമ്പത്തിന്‍റെ ആനുപാതികക്രമത്തിലുള്ള നികുതി പിരിക്കല്‍ അപ്രായോഗിക സിദ്ധാന്തമായി ഒരിക്കല്‍ കരുതിയിരുന്നതുപോലെ ലോകനികുതി ഇത്തരമൊരു ഉട്ടോപ്പിയന്‍ ആശയമായി പലരും കരുതിയേക്കാമെങ്കിലും സാമൂഹിക നീതിചിന്ത ആ വഴിക്കാണ് വളര്‍ന്നു വരുന്നത്.

സമൂഹത്തിലെ പരസ്പരബന്ധങ്ങളുടെയും കടപ്പാടുകളുടെയുമടിസ്ഥാനത്തിലാണ് ദേശീയമായൊരു നീതിസങ്കല്‍പം സ്വീകാര്യമായത്. ആധുനിക ലോകസമൂഹത്തില്‍ ഈ ഘടകങ്ങളൊക്കെ പ്രകടമായി കാണാം. അതിന്‍റെ വെളിച്ചത്തില്‍ അന്തര്‍ദ്ദേശീയനീതി നാം അംഗീകരിച്ചേ കഴിയൂ. "ദരിദ്രരാജ്യങ്ങള്‍ക്കായി സമ്പന്ന രാജ്യങ്ങള്‍ തങ്ങളുടെ ആവശ്യത്തില്‍ക്കവിഞ്ഞ സമ്പത്ത് മാറ്റിവയ്ക്കണമെന്നു വീണ്ടും ആഹ്വാനം ചെയ്യുവാന്‍ നാം നിര്‍ബന്ധിതരായിരിക്കുകയാണ്. നമ്മുടെ ദേശക്കാരുടെ നന്മയ്ക്കായി നാം സ്വീകരിച്ചിരുന്ന നീതിനിയമങ്ങള്‍ ഇന്നത്തെ ലോകസമൂഹത്തിലെ എല്ലാ ദരിദ്രര്‍ക്കുമായി പ്രയോഗക്ഷമമാക്കണം" (ജനതകളുടെ പുരോഗതി ചീ.49) എന്ന ആറാം പോള്‍ മാര്‍പാപ്പയുടെ പ്രഖ്യാപനം ശ്രദ്ധാര്‍ഹമാണ്. 1964-ല്‍ പരിശുദ്ധപിതാവ് ബോംബെ സന്ദര്‍ശിച്ച അവസരത്തില്‍ ഒരു ലോകഫണ്ട് ഈ അടിസ്ഥാനത്തില്‍ ശേഖരിക്കാന്‍ ലോകനേതാക്കളോട് ആഹ്വാനം ചെയ്തകാര്യം പ്രസ്താവ്യമാണ്.

 സാമ്പത്തികാസൂത്രണവും സാമൂഹികനീതിയും

സാമൂഹിക നീതി അതിന്‍റെ പൂര്‍ണ്ണഅര്‍ത്ഥത്തില്‍ സുസ്ഥാപിതമാകണമെങ്കില്‍ ഗവണ്‍മെന്‍റ് ആവശ്യമായ സാമൂഹ്യ നീതിപരമായ നിയമ നിര്‍മാണങ്ങള്‍ നടത്തുകയും സാമ്പത്തികമേഖലയെ ഈ ലക്ഷ്യപ്രാപ്തിക്കായി ആസൂത്രണത്തിനു വിധേയമാക്കുകയും ചെയ്യണം. സാമൂഹികനീതി സങ്കല്‍പം ആവശ്യപ്പെടുന്ന ഒരു കടമയാണിത്. അവശവിഭാഗങ്ങള്‍ക്ക് നീതി ലഭ്യമാക്കുക സമ്പത്തിന്‍റെ ന്യായമായ വിതരണം ഉറപ്പുവരുത്തുക തുടങ്ങിയവയാകണം ഇതിന്‍റെ ലക്ഷ്യം. കമ്പോള വ്യവസ്ഥിതിയില്‍ ഈ പരിഗണനകള്‍ക്കു കാര്യമായ സ്വീകാര്യത ആസൂത്രണരംഗത്തു ലഭ്യമല്ല. കഴുത്തറപ്പന്‍ മത്സരമാണല്ലോ ഈ വ്യവസ്ഥിതിയുടെ അടിത്തറതന്നെ. ദരിദ്ര വിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കു പരിഗണന നല്‍കുന്ന ആസൂത്രണവും നിയമനിര്‍മ്മാണവും നടത്തേണ്ടതും ഇന്നത്തെ അടിയന്തിരാവശ്യമാണ്.

 ഉപസംഹാരം

പൊതുനന്മ അഥവാ എല്ലാവരുടെയും ക്ഷേമം അതിന്‍റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ കൈവരിക്കുകയെന്ന മനുഷ്യന്‍റെ സ്വപ്നത്തിന് ഈ അടുത്തകാലത്ത് ശക്തിയേറിയിട്ടുണ്ട്. ജാതി, മത, വര്‍ഗ്ഗദേശ വ്യത്യാസം കൂടാതെ നാമെല്ലാവരും മനുഷ്യകുലത്തിന്‍റെ അംഗങ്ങളാണെന്ന അവബോധം പ്രബലമായതാണ് ഇതിനു കാരണം. ലോകമെങ്ങുമുള്ള മനുഷ്യര്‍ സാഹോദര്യത്തിന്‍റെ പേരില്‍ എല്ലാവരുടെയും ക്ഷേമം കൈവരിക്കത്തക്കവിധം പ്രവര്‍ത്തിക്കാന്‍ കടപ്പെടുന്നുവെന്ന അവബോധത്തിന്‍റെ വളര്‍ച്ച സാമൂഹികനീതിയെപ്പറ്റി ചിന്തിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. മനുഷ്യകുലം ഒന്നാണെന്നും മനുഷ്യര്‍ പരസ്പരം കടപ്പെട്ടവരാണെന്നുമുള്ള സത്യത്തെ സംബന്ധിച്ച അവബോധം ആഴപ്പെടുത്തുകയാണ് സാമൂഹികനീതി പരിപാലനത്തിനുള്ള ഏക മാര്‍ഗ്ഗം. ഇതിനുള്ള കാര്യമായ ശ്രമങ്ങള്‍ നടക്കണം.

Social Justice: An Analysis Mar Joseph Pamplany the church catholic studies theology Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message