x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

തൊഴില്‍ : ഒരു ക്രിസ്തീയ വിശകലനം

Authored by : Mar Joseph Pamplany On 29-Jan-2021

മനുഷ്യവ്യക്തിയുടെ ആത്മപ്രകാശനമായ തൊഴില്‍ അവന്‍റെയും സമൂഹത്തിന്‍റെയും പുരോഗതിക്കുള്ള മാര്‍ഗ്ഗമാണ്. അതു വ്യക്തിയുടെ കായികവും ബൗദ്ധികവും ആത്മീയവുമായ വളര്‍ച്ചയ്ക്കും പൂര്‍ണ്ണതയ്ക്കും സഹായമാകണം. മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനും അതിനു കഴിയണം. തൊഴില്‍ മനുഷ്യനെ വളര്‍ത്തുന്നതിനു പകരം ഒരു തരത്തിലും തളര്‍ത്താന്‍ പാടില്ല; മനുഷ്യ ബന്ധങ്ങളെ പോഷിപ്പിക്കുന്നതിനു പകരം ക്ഷയിപ്പിക്കുവാനും പാടില്ല. തൊഴിലിന്‍റെ അടിസ്ഥാനപരവും സ്വാഭാവികവുമായ ഈ ലക്ഷ്യങ്ങള്‍ കഴിഞ്ഞകാലചരിത്രത്തില്‍  അപഹാസ്യമായവിധം ലംഘിക്കപ്പെട്ടു. പ്രത്യേകിച്ചും വ്യവസായ വിപ്ലവം മുതലുള്ള കാലഘട്ടത്തില്‍. കടുത്ത ചൂഷണത്തിന്‍റേതായ സാഹചര്യത്തില്‍ കഠിനാദ്ധ്വാനംമൂലം തൊഴിലാളി തളര്‍ന്ന് അവശനാകുന്നതൊടൊപ്പം ബൗദ്ധികആത്മീയതലങ്ങളില്‍ അവനു മുരടിപ്പു ബാധിക്കുന്നു. ഇതൊരു നഗ്നസത്യമാണ്. നിത്യവൃത്തിക്കുള്ളവ കണ്ടെത്തുന്നതിനുവേണ്ടി രാത്രി പകലാക്കുന്ന തൊഴിലാളിക്കു വ്യക്തിത്വവികസനത്തിനും ആദ്ധ്യാത്മികവളര്‍ച്ചയ്ക്കുമുള്ള സാഹചര്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. കൂട്ടായ അദ്ധ്വാനം പരസ്പരബന്ധങ്ങളെ വളര്‍ത്താന്‍ ഉപകരിക്കേണ്ടതാണെങ്കിലും  സമീപകാലചരിത്രത്തില്‍ അതു മനുഷ്യനെ വിഘടിപ്പിക്കാനും ഭിന്നചേരികള്‍ സൃഷ്ടിക്കുവാനുമാണ് സഹായിച്ചിട്ടുള്ളത്. മുതലാളി- തൊഴിലാളി വര്‍ഗ്ഗചേരികളും വിവിധ തൊഴിലാളി സംഘടനകള്‍ പരസ്പരം വിഘടിച്ചു നില്‍ക്കുന്ന അവസ്ഥയും ഇതിന്‍റെ സൂചനകളാണ്.

തൊഴിലിനെ സംബന്ധിച്ച കാഴ്ചപ്പാടുകളില്‍ വന്ന തെറ്റാണ് ഈ ദുരവസ്ഥയ്ക്കു കാരണം. വ്യക്തിഗതവും സാമൂഹികവുമായ ജീവിത പുരോഗതിയുടെ സ്രോതസ്സും നിദാനവുമായ തൊഴില്‍ എന്നും താത്ത്വിക തലത്തില്‍ തര്‍ക്കവിഷയമായിരുന്നിട്ടുണ്ട്. മനുഷ്യാദ്ധ്വാനത്തിന് അതര്‍ഹിക്കുന്ന പ്രാമുഖ്യവും അംഗീകാരവും ചരിത്രത്തില്‍ ഒരു കാലത്തും ലഭിച്ചില്ല. തത്ഫലമായി തൊഴിലാളി എല്ലാത്തരത്തിലും അവഗണിക്കപ്പെട്ടു. കഠിനാദ്ധ്വാനംവഴി താന്‍ ഉദ്പാദിപ്പിച്ച സമ്പത്തില്‍ അര്‍ഹമായ വിഹിതം അവനു നിഷേധിക്കപ്പെടുന്നു.  തൊഴിലാളികളുടെ അവസ്ഥ ഇന്ന് മുന്‍കാലഘട്ടങ്ങളിലെക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും തൊഴിലും തൊഴിലാളിയും ഇന്നും കുറ്റകരമാംവിധം വ്യഭിചരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തൊഴിലിന്‍റെ ക്രിസ്തീയ കാഴ്ചപ്പാട് അവതരിപ്പിക്കുകയാണ് ഇവിടെ ലക്ഷ്യം വയ്ക്കുക.

 I. തെറ്റായ കാഴ്ചപ്പാടുകള്‍

ക്രൈസ്തവദര്‍ശനം വിശദീകരിക്കുന്നതിനു മുമ്പ് നിലവിലുള്ള മറ്റു ചിന്താധാരകള്‍ വിലയിരുത്തുക അനിവാര്യമാണ്. ഗ്രീക്ക്, റോമന്‍, ഭാരതീയ ദര്‍ശനങ്ങള്‍ തികച്ചും വികലങ്ങളായ സങ്കല്‍പങ്ങളാണ് തൊഴിലിനെ സംബന്ധിച്ചു പുലര്‍ത്തിയിട്ടുള്ളത്. മാന്യതയ്ക്കു നിരക്കാത്തതായിട്ടാണു ഗ്രീക്കുചിന്തകന്‍മാര്‍ തൊഴിലിനെ വീക്ഷിക്കുന്നത്. അരിസ്റ്റോട്ടില്‍ വിഭാവനം ചെയ്യുന്ന ഉത്തമ മനുഷ്യന്‍ അദ്ധ്വാനംകൊണ്ടു കൈകള്‍ മലിനമാക്കാത്തവനാണ്. റോമന്‍ സംസ്ക്കാരവും തൊഴിലിനും തൊഴിലാളികള്‍ക്കും വളരെ അപ്രധാനമായ സ്ഥാനമാണു നല്‍കിയത്. അടിമകളുടേതു മാത്രമായിരുന്നു തൊഴില്‍; അവരും അവരുടെ അദ്ധ്വാനഫലവും ഉടമകളുടേതും. ഭാരതത്തില്‍ നിലനിന്നിരുന്ന ജാതി-വര്‍ണ്ണവ്യവസ്ഥിതിയും തൊഴിലിനെ തെറ്റായി വ്യാഖ്യാനിച്ചു. കായികാദ്ധ്വാനം ചെയ്യുന്നവര്‍ അധഃസ്ഥിതരായി പരിഗണിക്കപ്പെട്ടു. തൊഴില്‍ തികച്ചും മാന്യതയില്ലാത്തതായി തരംതാഴ്ത്തപ്പെട്ടു.

ഗ്രീക്ക് റോമന്‍ ഭാരതീയ സംസ്ക്കാരങ്ങള്‍ വലിയ പരിവര്‍ത്തനങ്ങളിലൂടെ കടന്നുപോയി. പുതിയ സാമ്പത്തിക സങ്കല്‍പങ്ങളും പ്രത്യയശാസ്ത്രങ്ങളും ഉരുത്തിരിഞ്ഞു. തൊഴിലിനെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ക്കും മാറ്റമുണ്ടായി. മനുഷ്യന്‍ എല്ലാ രംഗത്തും പുരോഗതി കൈവരിച്ചു. എങ്കിലും ഇന്നും തൊഴിലിന്‍റെ അന്തസത്ത മനസ്സിലാക്കപ്പെടാതെ പോകുന്നു. തൊഴിലാളിക്ക് അര്‍ഹിക്കുന്ന അംഗീകാരവും അവകാശങ്ങളും നിഷേധിക്കപ്പെടുന്നു. 

മാര്‍ക്സിസവും മുതലാളിത്തസാമ്പത്തികചിന്തയും പുലര്‍ത്തുന്ന തൊഴില്‍ സങ്കല്‍പങ്ങളാണ് ഇതിന്‍റെ പ്രധാന കാരണങ്ങള്‍. മനുഷ്യപ്രയത്നത്തെ ഉത്പാദകക്ഷമമായ വെറും യാന്ത്രികപ്രവര്‍ത്തനമായി മാത്രമേ  ഭൗതികതയും ഭൗതികതാത്പര്യങ്ങളും അടിസ്ഥാന സ്വഭാവമായുള്ള ഈ പ്രത്യയശാസ്ത്രങ്ങള്‍ മനസ്സിലാക്കുന്നുള്ളൂ. തത്ഫലമായി മറ്റ് ഉത്പാദനഘടകങ്ങളെപ്പോലെ തൊഴിലും ഒരു കച്ചവടച്ചരക്കായി അധ:പതിക്കുന്നു.

മുതലാളിത്ത സാമ്പത്തികചിന്തയും തൊഴിലും: മാര്‍ക്കറ്റില്‍ വാങ്ങാനും വില്‍ക്കാനും ലഭിക്കുന്ന ഒന്നാണ് അദ്ധ്വാനം, മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതിയില്‍. തൊഴിലാളി ഉത്പാദന പ്രക്രിയയിലെ വെറുമൊരു ഉപകരണവും തന്‍റെ കായികവും മാനസികവുമായ കഴിവുകളെ അദ്ധ്വാനമാക്കി പരിവര്‍ത്തനംചെയ്ത് അതു വിറ്റ് അതിന്‍റെ വിലയായ കൂലി വാങ്ങാന്‍ മാത്രമേ തൊഴിലാളിക്ക് അവകാശമുള്ളൂ. മറ്റ് ഉത്പന്നങ്ങളെപ്പോലെ മാര്‍ക്കറ്റില്‍ തൊഴില്‍ വിലപേശപ്പെടുന്ന അവസ്ഥ. മാനുഷികവും ധാര്‍മ്മികവുമായ യാതൊരുവിധ പരിഗണനകള്‍ക്കും ഇവിടെ സ്ഥാനമില്ല. തൊഴിലിന്‍റെ ആവശ്യകതയും സംലഭ്യതയും (Principle of Supply and Demand) അടിസ്ഥാനമാക്കിയാണു കൂലി നിശ്ചയിക്കപ്പെടുക. ഇതിന്‍റെ പരിണതഫലമായി വ്യവസായവത്കരണത്തിന്‍റെ ആദ്യഘട്ടത്തില്‍ പ്രത്യേകിച്ചും, തൊഴിലാളികള്‍ ക്രൂരമായവിധം ചൂഷണം ചെയ്യപ്പെട്ടു. തൊഴിലവസരങ്ങളെക്കാള്‍ തൊഴിലന്വേഷകരുടെ എണ്ണം വളരെയധികമായിരുന്നതുകൊണ്ട് ജീവിതം നിലനിര്‍ത്താനാവശ്യമായ വേതനംകൊണ്ട് തൊഴിലാളികള്‍ സംതൃപ്തരാകേണ്ടിവന്നു. ഉത്പാദിപ്പിക്കപ്പെട്ട സമ്പത്തില്‍നിന്നും തങ്ങള്‍ തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും തൊഴിലാളികള്‍ അന്യവല്‍കരിക്കപ്പെട്ടു.

ഒരു കാലത്ത് തൊഴിലാളികള്‍ അനുഭവിച്ചിരുന്ന ദയനീയാവസ്ഥയ്ക്ക് ഇന്നു വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. അവരുടെ നില ഇന്നു വളരെയേറെ മെച്ചപ്പെട്ടു. തൊഴിലാളികളുടെ അടിസ്ഥാനപരമായ പല അവകാശങ്ങളും അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ജീവനക്കൂലി, കുടുംബവേതനം, വിശ്രമം, വിനോദം, വാര്‍ദ്ധക്യകാല പെന്‍ഷന്‍ തുടങ്ങിയവ നിയമപരമായിത്തന്നെ സംരക്ഷിക്കാന്‍ ഇന്നു വ്യവസ്ഥകളുണ്ട്. എങ്കിലും ഇന്നും തൊഴിലാളികള്‍ തങ്ങളുടെ കായികവും മാനസികവുമായ ശക്തിവില്‍പന നടത്തി ജീവിക്കേണ്ടിവരുന്നു. തങ്ങളുംകൂടി അദ്ധ്വാനിച്ചുണ്ടാക്കിയ മൂലധനവും തൊഴില്‍ സ്ഥാപനവും നിയന്ത്രിക്കുന്നതില്‍ വ്യക്തികളെന്ന നിലയ്ക്ക് തൊഴിലാളിക്ക് അര്‍ഹമായ അവകാശം നിഷേധിക്കപ്പെടുന്നു. ആത്യന്തിക പരിശോധനയില്‍ തൊഴില്‍ വെറുമൊരു ഉത്പാദനോപകരണം മാത്രമായിത്തന്നെ നില്‍ക്കുന്നു. മൃഗവും യന്ത്രവും ഉത്പാദനോപകരണങ്ങളാകുന്നതുപോലെതന്നെ.

മൂലധനമാണോ തൊഴിലാണോ ഉത്പാദനപ്രക്രിയയിലെ പ്രഥമനിമിത്തകാരണം (primary efficient cause) എന്ന ചോദ്യത്തിനു ക്യാപ്പിറ്റലിസ്റ്റു സാമ്പത്തിക ചിന്തകര്‍ "മൂലധനം" എന്ന് അടിവരയിട്ട് ഉത്തരം പറയും. തൊഴില്‍ വെറും രണ്ടാം നിമിത്തകാരണം (secondary efficient cause) മാത്രമാണ്. ഇതുകൊണ്ടു തന്നെ, മൂലധനത്തിന്‍റെ അംഗീകരിക്കപ്പെട്ട ഉടമയായ "മുതലാളി"യാകണം എല്ലാം നിയന്ത്രിക്കേണ്ടത്. തൊഴിലാളി ജോലി ചെയ്ത് അടങ്ങിയൊതുങ്ങി കൂലി വാങ്ങിപോവുക. അതില്‍കവിഞ്ഞൊരു കാര്യവും അവന് അവകാശമായില്ല. കൂലികഴിച്ചുള്ള സമ്പത്തിന്മേല്‍ പൂര്‍ണ്ണഅധികാരമുള്ളതു മുതലുടമയ്ക്കാണ്. ഈ സങ്കല്‍പം ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ സാമ്പത്തിക വ്യവസ്ഥിതി രൂപപ്പെട്ടിട്ടുള്ളത്. തൊഴിലാളിയുടെ വ്യക്തിത്വവും അന്തസ്സും ഈ സമീപനം മൂലം നിരാകരിക്കപ്പെടുന്നുവെന്നതു നാം മനസ്സിലാക്കാതെ പോകുന്നു. ആത്യന്തിക പരിശോധനയില്‍ വെറും ഭൗതികവസ്തുക്കളായ പണത്തിനും ഭൂമിക്കും യന്ത്രോപകരണങ്ങള്‍ക്കും മനുഷ്യവ്യക്തിയുടെ ആത്മപ്രകാശനമായ തൊഴിലിനേക്കാള്‍  പ്രാധാന്യം നല്‍കുകയെന്ന ഭോഷത്തം നാം കാണിക്കുന്നു. കടുത്ത ഭൗതികചിന്തയുടെ സ്വാധീനഫലമായാണ് യുക്തിസഹമല്ലാത്ത ഇക്കാര്യം നാം ചെയ്യുക.

ഭൗതിക സംസ്ക്കാരത്തിന്‍റെ അതിപ്രസരംമൂലം തൊഴിലിന്‍റെ ആത്മീയതയെ മനസ്സിലാക്കുവാനും അതു തൊഴിലിനും തൊഴിലാളിക്കും നല്‍കുന്ന അന്തസ്സും അവകാശങ്ങളും അംഗീകരിക്കാനും വ്യവസായിക സംസ്ക്കാരത്തിനു കഴിയാതെ പോയത് ഗൗരവാവഹമായ തെറ്റാണ്. ഇതിന്‍റെ ഫലമായി ഉരുത്തിരിഞ്ഞതാണ് നിലവിലുള്ളതും വ്യവസ്ഥാപിതവുമായ തൊഴിലാളി - മുതലാളി വര്‍ഗ്ഗവൈരാഗ്യം. തൊഴിലിനെ വെറും "കച്ചവടച്ചരക്കാ"യി കാണുന്ന ഭൗതികസംസ്ക്കാരം തങ്ങളുടെ വ്യക്തിത്വത്തെ അവമാനിച്ചതിലുള്ള ക്രോധമാണ് ഈ വര്‍ഗ്ഗാവബോധത്തിന്‍റെയും വര്‍ഗ്ഗശത്രുതയുടെയും ഉറവിടം. ഇതു സാമൂഹിക ജീവിതത്തിന്‍റെ ഭദ്രതയ്ക്കു കാര്യമായ ആഘാതമേല്‍പിച്ചിട്ടുണ്ട്. സാമൂഹികജീവിതത്തിന്‍റെ ഊടുംപാവുമാകേണ്ട സഹകരണം എന്ന സങ്കല്‍പത്തിന്‍റെ സ്ഥാനത്ത്, പരസ്പര ചൂഷണത്തിന്‍റെയും കടുത്തമത്സരത്തിന്‍റെയും തത്ത്വശാസ്ത്രമാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുക. എല്ലാ മേഖലയിലും തൊഴിലാളി - മുതലാളി വേര്‍തിരിവ് ഇന്നു പ്രകടമാണ്. മുതലാളിത്ത - സോഷ്യലിസ്റ്റു രാജ്യങ്ങളുടെയിടയില്‍ നിലവിലുള്ള ശീതസമരത്തില്‍പോലും ഇതിന്‍റെ സ്വാധീനമുണ്ട്.

കമ്മ്യൂണിസവും തൊഴിലും: തൊഴിലാളികളുടെ ക്ഷേമവും വിമോചനവും ലക്ഷ്യംവച്ചുകൊണ്ടു രൂപം കൊടുക്കപ്പെട്ട പ്രത്യയശാസ്ത്രമാണ് മാര്‍ക്സിസം. സര്‍വ്വലോക തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി ആഗോളവ്യാപകമായ പരിശ്രമങ്ങള്‍ മാര്‍ക്സിസത്തിന്‍റെ കൊടിക്കീഴില്‍ ലോകവ്യാപകമായി നടന്നു. തൊഴിലാളികളുടെ പറുദീസാസൃഷ്ടിക്കു വേണ്ടി ചിന്തപ്പെട്ട രക്തത്തിനു കണക്കില്ല. എങ്കിലും തൊഴിലാളികളുടെ വ്യക്തിത്വങ്ങളും അവകാശങ്ങളും കമ്മ്യൂണിസത്തിന്‍റെ ഈറ്റില്ലമായ റഷ്യയില്‍പ്പോലും ലജ്ജാവഹമായ തരത്തില്‍ ലംഘിക്കപ്പെട്ടു. സ്വേച്ഛാധിപതികളുടെ ക്രൂരമായ അടിച്ചമര്‍ത്തലില്‍ തൊഴിലാളികള്‍ അടിമകളായി മാറി. തൊഴിലിനെ സംബന്ധിച്ച തെറ്റായ ചിന്തയാണ് ഇതിനു കാരണം.

മുതലാളിത്ത സാമ്പത്തിക ചിന്തപോലെതന്നെ മാര്‍ക്സിസവും തൊഴിലിനെ ഉത്പാദനമാര്‍ഗ്ഗമായി മാത്രമാണ് നോക്കികണ്ടത്. വ്യക്തിയുടെയല്ല സമൂഹത്തിന്‍റെ ക്ഷേമമാണ് സര്‍വ്വപ്രധാനം. തൊഴിലാളികള്‍ കഠിനമായി പ്രയത്നിച്ചുണ്ടാക്കുന്ന സമ്പത്തിന്‍റെമേല്‍ അവര്‍ക്കു നേരിട്ട് നിയന്ത്രണാവകാശമില്ല. സ്വകാര്യസ്വത്തവകാശം വര്‍ജ്ജ്യമായി കണക്കാക്കുന്നതുകൊണ്ടാണ്  ഇതു സംഭവിക്കുക. മുതലാളിയുടെ സ്ഥാനത്തു സ്റ്റേറ്റിനെ പ്രതിഷ്ഠിച്ചുവെന്ന വ്യത്യാസം മാത്രമാണ് കമ്മ്യൂണിസത്തിലുള്ളത്. ഉത്പാദിപ്പിക്കപ്പെട്ട സമ്പത്തിന്‍റെ നിയന്ത്രണം സ്റ്റേറ്റ് ഏറ്റെടുത്തതുമൂലം കമ്മ്യൂണിറ്റു രാജ്യങ്ങളില്‍ തൊഴിലാളി അദ്ധ്വാനം വിറ്റു കൂലിവാങ്ങുന്ന അടിമയായിത്തീരുന്നു.

സ്വകാര്യസ്വത്തു കര്‍ശനമായി നിയന്ത്രിക്കപ്പെട്ടതുകൊണ്ടു തൊഴിലാളിയുടെ സര്‍വ്വവിധ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു. പ്രതിക്ഷേധിക്കാതെ സംഘടിക്കാനുള്ള സ്വാതന്ത്ര്യംപോലും അവര്‍ക്കു നഷ്ടമായി. ഇവിടെയും തൊഴിലാളി ഒരു ഉത്പാദനോപ കരണമായി തരം താഴ്ത്തപ്പെട്ടു. മൃഗത്തില്‍നിന്നും യന്ത്രത്തില്‍ നിന്നും അവര്‍ ഒട്ടും വ്യത്യസ്തരല്ലാതാകുന്ന അവസ്ഥ.

  II. ക്രൈസ്തവസമീപനം

മനുഷ്യജീവിതത്തിനാവശ്യമായ സമ്പത്ത് ഉത്പാദിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗം മാത്രമായിട്ടല്ല മനുഷ്യ പ്രയത്നത്തെ വി. ഗ്രന്ഥവും സഭാപഠനങ്ങളും വീക്ഷിക്കുക. അതിനു മാനുഷികവും ആത്മീയവുമായ പല സവിശേഷതകളുണ്ട്. കമ്മ്യൂണിസ്റ്റു-ക്യാപ്പിറ്റലിസ്റ്റു പ്രത്യയശാസ്ത്രങ്ങള്‍ക്ക് അപരിചിതമായ ഈ സവിശേഷതകളാണു തൊഴിലിനെ സംബന്ധിച്ച ക്രൈസ്തവ കാഴ്ചപ്പാടിനു തനിമ പകരുന്നത്.

തൊഴില്‍ മേഖലയില്‍ സമൂലപരിവര്‍ത്തനം: തൊഴിലിനു മൂലധനത്തേക്കാള്‍ പ്രധാന്യം നല്‍കണമെന്ന സഭയുടെ വാദം തൊഴില്‍ മേഖലയില്‍ സമൂല പരിവര്‍ത്തനം അനിവാര്യമാക്കിത്തീര്‍ക്കുന്നു. തൊഴിലാളിയുടെ വ്യക്തിത്വം അംഗീകരിക്കുപ്പെടുകയെന്നതാണ്  ഇതിന്‍റെ ലക്ഷ്യം. "വ്യക്തിയുടെ അന്തസ്സിനെ തരം താഴ്ത്തുന്നതും അവന്‍റെ ഉത്തരവാദിത്വ ചിന്ത ലഘൂകരിക്കുന്നതുമായ ഏതു വ്യവസ്ഥിതിയും, അത് എത്ര തന്നെ സമ്പത്ത് ഉത്പാദിപ്പിക്കുകയും എത്ര തന്നെ നീതിപൂര്‍വ്വകമായി സമ്പത്തു വിതരണം ചെയ്യുകയും ചെയ്താലും, പൂര്‍ണ്ണമായും അനീതി നിറഞ്ഞതാണ്" എന്ന ജോണ്‍ 23-മന്‍ മാര്‍പാപ്പയുടെ പ്രസ്താവന പ്രസക്തമാണിവിടെ. മുതലുടമയ്ക്ക് സര്‍വ്വാധികാരം നല്‍കിക്കൊണ്ടുള്ള നിലവിലുള്ള വ്യവസ്ഥിതി തൊഴിലാളിയുടെ വ്യക്തിത്വത്തെ ഗൗരവമായവിധം അവഗണിക്കുന്നുണ്ട്. തൊഴില്‍ സ്ഥാപനത്തിന്‍റെ നടത്തിപ്പില്‍ തൊഴിലാളിക്കു കൂടി കാര്യമായ പങ്കാളിത്തം നല്കത്തക്കവിധം തൊഴില്‍മേഖല പുന:സംവിധാനം ചെയ്യപ്പെടണം. എങ്കില്‍മാത്രമേ, വ്യക്തിയെന്ന നിലയ്ക്കുള്ള തൊഴിലാളിയുടെ അന്തസ്സും ഉത്തരവാദിത്വവും അംഗീകരിക്കപ്പെടുകയുള്ളൂ. മുതലുടമയും തൊഴിലാളിയും ഉത്പാദനപ്രക്രിയയിലെ പങ്കാളികളാണെന്ന അവബോധം വളര്‍ത്തുന്നതിനും അവര്‍ തമ്മില്‍ നിലവിലുള്ള വര്‍ഗ്ഗസംഘര്‍ഷത്തിന്‍റെ സ്ഥാനത്തു സഹകരണം പുഷ്ടിപ്പെടുത്തുന്നതിനും ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ല.

പ്രായോഗികമായി എങ്ങനെ വ്യവസായമേഖല പുന:സംവിധാനം ചെയ്യുമെന്നതാണ് പ്രശ്നം. ചെറുകിട കൃഷി, കച്ചവടം, വ്യവസായം തുടങ്ങിയ മേഖലകളില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും വന്‍കിടവ്യവസായ സ്ഥാപനങ്ങളില്‍ പരസ്പരപങ്കാളിത്തത്തിന് ഊന്നല്‍ നല്‍കികൊണ്ടുള്ള തൊഴില്‍ ക്കരാറുകള്‍ ഉണ്ടാക്കുകയും ചെയ്യുകയാണ് 12-ാംപീയൂസ് മാര്‍പാപ്പ നിര്‍ദ്ദേശിച്ച മാര്‍ഗ്ഗം ആധുനിക മാര്‍പാപ്പമാരെല്ലാം തന്നെ സഹകരണസംഘത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ പ്രത്യേകത, എല്ലാ അംഗങ്ങളും മുതലുടമകളായതു കൊണ്ടു കൂടുതല്‍ പങ്കാളിത്തവും അംഗീകാരവും എല്ലാവര്‍ക്കും തന്നെ ലഭിക്കുന്നുവെന്നതാണ്.  വ്യവസായമേഖലയില്‍ നിലവിലുള്ള വര്‍ഗ്ഗവിദ്വേഷവും ചേരിതിരിവും അവസാനിപ്പിക്കുവാനുള്ള നല്ലൊരു മാര്‍ഗ്ഗവുമാണിത്.

പല പാശ്ചാത്യ സമൂഹങ്ങളിലും സഹകരണം എന്ന ആശയം പരക്കെ സ്വീകാര്യമായിക്കഴിഞ്ഞു. സ്പെയിനിലെ മോണ്‍ട്രഗണ്‍ എന്ന ഗ്രാമത്തില്‍ 1930 കളില്‍ സ്ഥലത്തെ ഇടവകവികാരിയുടെ നേതൃത്വത്തില്‍ രൂപം കൊടുക്കപ്പെട്ട തൊഴിലാളി സഹകരണ സംഘം ഇന്ന് ആഗോളശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. മുപ്പതിനായിരത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ഇന്ന് അവിടെയുണ്ട്. അവരെല്ലാവരും ഉടമകളുമാണ്. മുതലാളി - തൊഴിലാളി എന്ന വ്യത്യസ്ത വര്‍ഗ്ഗങ്ങളാണ് അവിടെ ഇല്ലാതായത്. സാധാരണ തൊഴിലിന്‍റെ വ്യക്തിഗതവും സാമൂഹികവും ആത്മീയവുമായ മാനങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ക്രൈസ്തവദര്‍ശനത്തിന് ഒരു സമഗ്രസ്വഭാവമുണ്ട്. തൊഴില്‍ മേഖലയിലും തത്ഫലമായി സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മേഖലകളിലും നിലവിലുള്ള എല്ലാ അരക്ഷിതാവസ്ഥയും അസഹിഷ്ണതയും ഉന്മൂലനം ചെയ്ത ക്ഷേമസുന്ദരവും സമാധാനപൂര്‍ണ്ണവുമായ ഒരു സാമൂഹ്യവ്യവസ്ഥിതി പടുത്തുയര്‍ത്താനുള്ള താത്ത്വികാടിസ്ഥാനങ്ങളാണ് ഇതു നല്‍കുക. ഇവയെ സംബന്ധിച്ച ഹ്രസ്വമായൊരു ചര്‍ച്ച പ്രസക്തമാണിവിടെ.

1. തൊഴിലിന്‍റെ സൃഷ്ടിപരത: ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തിലുള്ള മനുഷ്യവ്യക്തിയുടെ പങ്കുചേരലാണ് തൊഴില്‍. തന്‍റെ കായികവും മാനസികവുമായ അദ്ധ്വാനംവഴി മനുഷ്യന്‍ നേടിയിട്ടുള്ള ശാസ്ത്ര- സാങ്കേതിക അറിവുകളും നേട്ടങ്ങളും ഇതാണു വ്യക്തമാക്കുക. ബയോ ടെക്നോളജി, കൃഷിരംഗത്തു വരുത്തിയിട്ടുള്ള വിപ്ലവകരമായ പരിവര്‍ത്തനം മാത്രം മതി മനുഷ്യാദ്ധ്വാനത്തിന്‍റെ സൃഷ്ടിപരത തെളിയിക്കാന്‍. നമ്മുടെ നാട്ടില്‍ പ്രചാരം സിദ്ധിച്ചുകൊണ്ടിരിക്കുന്ന ടിഷ്യൂകള്‍ച്ചര്‍ ചെടികളും വാഴകളും മറ്റും മനുഷ്യന്‍ ദൈവത്തോടു സഹകരിച്ചുകൊണ്ടു സൃഷ്ടിച്ചിട്ടുള്ളതാണ്. മുറ്റം അടിക്കുന്ന സ്ത്രീയും റോഡു നിര്‍മ്മിക്കുന്ന തൊഴിലാളിയും ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞയും നിര്‍വ്വഹിക്കുന്നത് മഹത്വപൂര്‍ണ്ണമായ സൃഷ്ടി കര്‍മ്മമാണ്. താന്‍ ദൈവത്തോടൊരുമിച്ചു സൃഷ്ടി കര്‍മ്മം നിര്‍വ്വഹിക്കുന്നുവെന്ന അവബോധമാണ് തൊഴിലാളിക്ക് ഇന്നു കൈമോശം വന്നിരിക്കുന്നത്.

ഈ ചിന്ത അവനു നല്‍കേണ്ട ആത്മാഭിമാനവും സംതൃപ്തിയും തത്ഫലമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. തൊഴിലിനു പകരമായി ലഭിക്കുന്ന വേതനം മാത്രമാണ് ഇന്ന് അവനു സംതൃപ്തി നല്‍കുക. അതുകൊണ്ടു തൊഴില്‍ ചെയ്യുക മാനസികമായി കൂടുതല്‍ ക്ലേശകരമായിത്തീരുന്നു.

2. തൊഴില്‍ ദൈവദത്തമായ കടമ: അദ്ധ്വാനം അഥവാ തൊഴില്‍ മനുഷ്യന്‍റെ ദൈവദത്തമായ കടമയാണ്. പ്രപഞ്ചത്തിന്‍റെ അധിനായകനായിട്ടാണു മനുഷ്യനെ ദൈവം സൃഷ്ടിച്ചത്. കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയുംമേല്‍ മനുഷ്യന്‍ ആധിപത്യം സ്ഥാപിക്കണം എന്ന ദൈവകല്‍പനയുടെ (ഉല്‍.1:28) നിര്‍വ്വഹണമാണു വിവിധങ്ങളായിട്ടുള്ള തൊഴിലുകള്‍വഴി മനുഷ്യര്‍ ചെയ്യുന്നത്. ഈ അര്‍ത്ഥത്തില്‍ "സൃഷ്ടി" പരമായ എല്ലാ ജോലികളിലും ദൈവിക കല്‍പനയുടെ അനുസരണമായി ഭവിക്കുന്നു. തൊഴില്‍വഴി മനുഷ്യന്‍ പ്രപഞ്ചശക്തികളെ കീഴ്പ്പെടുത്തുകയും തന്‍റെ സര്‍വ്വവിധ നന്മയ്ക്കായും അവയെ ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ ദൈവകല്‍പന പാലിക്കപ്പെടുന്നു. ഇവിടെയൊരു വിരോധാഭാസമുണ്ട്. തൊഴിലിനെ കടമയായി നോക്കിക്കണ്ട് ആത്മാര്‍ത്ഥതയൊടെ നിര്‍വ്വഹിക്കാനുള്ള ഉദാത്തമായ മാനസികാവസ്ഥ ഇന്നത്തെ തൊഴിലാളിവര്‍ഗ്ഗത്തിനു നഷ്ടപ്പെട്ടിരിക്കുന്നു. തൊഴിലിന്‍റെ അന്തസത്തയില്‍നിന്നു തൊഴിലാളി അന്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ദയനീയാവസ്ഥ. വേതനത്തിനുവേണ്ടിയാണ് ബഹുഭൂരിപക്ഷം തൊഴിലാളികളും, പ്രത്യേകിച്ചു കേരളത്തില്‍, തൊഴില്‍ ചെയ്യുന്നത്.

3. തൊഴില്‍, ദൈവാരാധന: തനിക്കു നിശ്ചയിക്കപ്പെട്ട ജോലി ആത്മാര്‍ത്ഥതയോടെ ചെയ്യുകവഴി ഒരു വ്യക്തി ദൈവത്തെ പ്രീതിപ്പടുത്തുന്നു എന്നതു പരമ്പരാഗത വിശ്വാസമാണ്. എല്ലാ മതങ്ങളും ഇതു പഠിപ്പിക്കുന്നുണ്ട്. തൊഴില്‍ ആരാധനയാണെന്ന ചിന്തയാണിത്. കര്‍ത്തൂസ്യന്‍ സന്യാസികള്‍ പ്രാര്‍ത്ഥനയും തൊഴിലും മുദ്രാവാക്യമായിട്ടെടുത്തിട്ടുള്ളത് ഇതുകൊണ്ടാണ്. അര്‍പ്പണമനോഭാവത്തോടെ എന്തു നിസ്സാര ജോലി ചെയ്യുന്ന വ്യക്തിയും ദൈവിക ധ്യാനത്തില്‍ ലയിച്ചിരിക്കുന്ന വ്യക്തിയും തമ്മില്‍ വ്യത്യാസമില്ലെന്ന റോബര്‍ട്ടു പ്രിര്‍സിങ്ങി (Robert Prirsing) ന്‍റെ വാദം5 ഇവിടെ പ്രസക്തമാണ്. ധ്യാനവും പ്രവര്‍ത്തനവും ഇവിടെ സമന്വയിക്കുന്നു വെന്നതാണ് ഇതിനു കാരണം. ഈ സമന്വയത്തിന്‍റെ അഭാവത്തില്‍ അദ്ധ്വാനം വെറും യാന്ത്രിക പ്രവര്‍ത്തനമാകും; സഹോദരനെ ചൂഷണം ചെയ്യാനുള്ള മാര്‍ഗ്ഗം. കമ്മ്യൂണിസ്റ്റു - ക്യാപ്പിറ്റലിസ്റ്റു സമൂഹങ്ങളില്‍ തൊഴിലിനു സംഭവിച്ച അധ:പതനം ഈ അര്‍ത്ഥത്തിലേ വിശദീകരിക്കാനാകൂ.

അദ്ധ്യാത്മിക മാനങ്ങള്‍ നഷ്ടപ്പെട്ട തൊഴില്‍ ക്ലേശകരമായിത്തീരുന്നു. തൊഴിലിന്‍റെ പ്രതിഫലമായി ലഭിക്കുന്ന വേതനത്തെ ആശ്രയിച്ചാണ്  തൊഴില്‍ വ്യക്തിക്കു സന്തോഷം നല്‍കുക. തൊഴിലിന് അതില്‍ത്തന്നെ സന്തോഷം പ്രദാനം ചെയ്യാനുള്ള കഴിവു നഷ്ടപ്പെടുന്നു. തൊഴിലിന്‍റെ വ്യത്യാസമനുസരിച്ചു തൊഴിലാളികള്‍ക്ക് അന്തസ്സും സ്ഥാനവും നിശ്ചയിക്കപ്പെടുന്നതും ഈ ആദ്ധ്യാത്മികമാനങ്ങളുടെ അഭാവത്തിലാണ്. ചില നിശ്ചിത ജോലി ചെയ്യുന്നവര്‍ അധ:കൃതരും വേറേ ജോലി ചെയ്യുന്നവര്‍ ഉന്നതരും ആകുന്നതിന്‍റെ താത്ത്വികാടിസ്ഥാനം ഈ തെറ്റായ കാഴ്ചപ്പാടാണ്.

4. പൂര്‍ണ്ണതയിലേക്കുള്ള ചവിട്ടുപടി: അദ്ധ്വാനത്തിലൂടെയാണ് വ്യക്തി തന്‍റെ കഴിവുകളെ വികസിപ്പിക്കുകയും പരിപൂര്‍ണ്ണത നേടുകയും ചെയ്യുക. കായികവും മാനസികവും ആദ്ധ്യാത്മികവുമായ വളര്‍ച്ച നേടാനുള്ള ഏക വഴി കഠിനാദ്ധ്വാനമാണ്. ഉത്സാഹിച്ചു പഠിക്കുന്ന വിദ്വാര്‍ത്ഥിയും അര്‍പ്പണമനോഭാവത്തോടെ അദ്ധ്വാനിക്കുന്ന കര്‍ഷകനും വ്യവസായ തൊഴിലാളിയും മറ്റും ഇതിനുദാഹരണങ്ങളാണ്. അലസരായവര്‍ സ്വാഭാവികമായും വളര്‍ച്ചയില്ലാത്തവരും ആകും.

ഇതിനൊരു മറുവശമുണ്ട്. അദ്ധ്വാനം ഒരുതരത്തിലും തൊഴിലാളിയെ തളര്‍ത്താന്‍ പാടില്ല. സര്‍വ്വവിധ വളര്‍ച്ചയും അത് അവനു സ്വഭാവികമായും പ്രദാനം ചെയ്യേണ്ടതാണ്. കായികവും മാനസികവും ആദ്ധ്യാത്മികവും സാമൂഹികവുമായ തലങ്ങളില്‍ ക്ഷേമവും പൂര്‍ണ്ണതയും പ്രാപിക്കുവാനുള്ള മാര്‍ഗ്ഗമാകണം തൊഴില്‍. അതാണ് ആത്യന്തികലക്ഷ്യം. ഈ ലക്ഷ്യം പ്രാപിക്കുന്നതിന് ഒട്ടും അനുയോജ്യമല്ലാത്ത വ്യവസ്ഥിതികളാണ് വ്യവസായവത്കൃതസംസ്ക്കാരം കാഴ്ചവയ്ക്കുന്നത്. തൊഴില്‍ ഇന്നു മനുഷ്യരെ പലവിധത്തിലും തളര്‍ത്തുകയാണ്, വളര്‍ത്തുന്നതിനു പകരം.

5. തൊഴിലിന്‍റെ വ്യക്തിഗതസ്വഭാവം: തൊഴിലിനെ സംബന്ധിച്ച ക്രൈസ്തവദര്‍ശനത്തിന്‍റെ കേന്ദ്രബിന്ദു, തൊഴില്‍ വ്യക്തിയുടെ ആത്മപ്രകാശനമാണെന്ന സങ്കല്‍പമാണ്. ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടവനായ വ്യക്തി നിര്‍വ്വഹിക്കുന്ന പ്രവര്‍ത്തനമായതുകൊണ്ടു തൊഴിലിന് അതുല്യമായ സ്ഥാനമാണുള്ളത്. ഈ വസ്തുത "മനുഷ്യപ്രയത്നം" എന്ന ചാക്രികലേഖനത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വളരെ ഭംഗിയായി വിശദീകരിക്കുന്നുണ്ട്.

"ആത്മനിഷ്ഠവും" (subjective) "വസ്തുനിഷ്ഠവും" (objective) ആയ രണ്ടു മാനങ്ങള്‍ തൊഴിലില്‍ മാര്‍പാപ്പ കണ്ടെത്തുന്നു.

ആത്മനിഷ്ഠ സ്വഭാവം എന്നതുകൊണ്ടു മനസ്സിലാക്കുക, വ്യക്തിയാണു തൊഴില്‍ ചെയ്യുന്നത് എന്ന വസ്തുതയാണ്. മനുഷ്യനില്‍ അന്തര്‍ലീനമായിട്ടുള്ള ആത്മീയഭാവം തൊഴിലില്‍ ഉള്‍ച്ചേരുന്നതു കൊണ്ടു മൃഗവും യന്ത്രവുംവഴി നടക്കുന്ന ഉത്പാദനപ്രക്രിയയില്‍ നിന്നും മനുഷ്യാദ്ധ്വാനം വ്യത്യസ്തമാണ്. സത്താപരമായി അതിനു കൂടുതല്‍ മൂല്യം ലഭിക്കുന്നു. മറ്റു വാക്കുകളില്‍, അതു വ്യക്തിയുടെ കര്‍ത്തൃത്വത്തില്‍നിന്നു ലഭിക്കുന്ന മൂല്യമാണ്. യന്ത്രത്തിനും മൃഗത്തിനും കര്‍ത്തൃത്വം ഇല്ലാത്തതുകൊണ്ട് ഇതുപോലൊരു മൂല്യം ആരോപിക്കാനാകില്ലല്ലോ.

വസ്തുനിഷ്ഠതാഭാവം കൊണ്ടുദ്ദേശിക്കുന്നത്, എന്ത് ഉത്പാദിപ്പിക്കുന്നുവെന്നതാണ്. ഉത്പാദിപ്പിക്കപ്പെട്ട വസ്തുവിന്‍റെ ഗുണവും അളവും തൂക്കവുമാണ് തൊഴിലിന്‍റെ മൂല്യം നിശ്ചയിക്കാനുള്ള അളവുകോല്‍. പ്രായോഗികതലത്തിലെ ഇതിന്‍റെ അനിവാര്യത മാര്‍പാപ്പ അംഗീകരിക്കുന്നുണ്ട്. തൊഴിലിന്‍റെ പ്രതിഫലനിര്‍ണ്ണയത്തില്‍ ന്യായമായും ഈ പരിഗണനകള്‍ ഒഴിച്ചുകൂടാനാകാത്തവയാണ്.

ഇവിടെ പ്രസക്തമായൊരു ചോദ്യമുണ്ട് ഭൗതികമായ ഈ അളവുകോലുകള്‍കൊണ്ടു മാത്രം വ്യക്തി നിര്‍വ്വഹിക്കുന്ന തൊഴിലിനു മൂല്യം നിശ്ചയിക്കുന്നതു ശരിയാകുമോ? അങ്ങനെയെങ്കില്‍ തൊഴിലാളി മൃഗത്തിന്‍റെയും യന്ത്രത്തിന്‍റെയും തലത്തിലേക്കു തരംതാഴ്ത്തപ്പെടില്ലേ? ഉത്പാദനക്ഷമത കുറഞ്ഞ വ്യക്തികള്‍ മൃഗത്തെയും യന്ത്രത്തെയുംപോലെ ഉന്മൂലനം ചെയ്യപ്പെടുകയില്ലേ? വ്യാവസായിക വിപ്ലവത്തിന്‍റെ ആരംഭത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്. റഷ്യയില്‍ സ്റ്റാലിന്‍റെ കാലത്തു തൊഴിലാളികള്‍ മൃഗങ്ങളെപ്പോലെ ജോലി ചെയ്യേണ്ടിവന്നു. ഉത്പാദനക്ഷമമായ യന്ത്രത്തിനു വഴിമാറിക്കൊടുക്കാന്‍ നിസ്സഹായരായ തൊഴിലാളികള്‍ നിര്‍ബന്ധിക്കപ്പെടുന്ന നിലവിലുള്ള അവസ്ഥയും തൊഴിലിന്‍റെ മൂല്യനിര്‍ണ്ണയത്തില്‍ വരുന്ന തെറ്റിന്‍റെ പരിണതഫലമാണ്. ഭൗതികസംസ്ക്കാരം വളര്‍ത്തിയെടുത്ത കച്ചവടക്കണ്ണാണ് ഇതിന്‍റെ പുറകിലെ കാരണം.

തൊഴിലിന്‍റെ "ആത്മനിഷ്ഠ" സ്വഭാവത്തിന് അര്‍ഹമായ പരിഗണന നല്‍കുകയാണു തൊഴില്‍ മേഖലയിലെ എല്ലാ പ്രശ്നപരിഹാരത്തിനും സഭ നിര്‍ദ്ദേശിക്കുന്ന അടിസ്ഥാനപരമായ ഉത്തരം. റേരും നൊവാരും, ക്വാദ്രജേസ്സിമോ അന്നോ, മാതാവും ഗുരുനാഥയും, മനുഷ്യപ്രയത്നം തുടങ്ങിയ എല്ലാ ചാക്രികലേഖനങ്ങളും മൗലികമായ ഈ സത്യം അടിവരയിട്ടു പ്രഖ്യാപിക്കുന്നുണ്ട്. വ്യക്തിയെന്ന നിലയ്ക്കുള്ള പരിഗണനകള്‍ തൊഴില്‍ വ്യവസ്ഥകളുടെ അടിസ്ഥാനങ്ങളാകണമെന്നതാണ് ഈ പ്രമാണരേഖകളെല്ലാം വാദിക്കുക. മനുഷ്യരെ പണമുണ്ടാക്കാനുള്ള ഉപകരണങ്ങളോ വെറും കായികശക്തിയോ ആയി പരിഗണിച്ചു ദുരുപയോഗിക്കുന്നതു ലജ്ജാവഹവും മനുഷ്യത്വമില്ലായ്മയുമാണെന്നുള്ള ലെയോ പതിമൂന്നാമന്‍റെ പ്രസ്താവന പ്രസക്തമാണിവിടെ. തൊഴിലാളിയുടെ പ്രായം, ആരോഗ്യം, സ്ത്രീ-പുരുഷവ്യത്യാസം തുടങ്ങിയവ കണക്കിലെടുത്ത് അര്‍ഹമായ വിശ്രമം, ആരോഗ്യപാലനത്തിനുള്ള സാഹചര്യങ്ങള്‍ വിനോദാവസരങ്ങള്‍, മതജീവിതത്തിനുള്ള സാഹചര്യങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കാനുള്ള മുതലുടമകളുടെ കടമ തൊഴിലിന്‍റെ "ആത്മനിഷ്ഠ" ഭാവത്തില്‍നിന്നും ഉരുത്തിരിയുന്നവയാണ്. ഈ അവകാശങ്ങള്‍ വലിയൊരളവുവരെ സാമൂഹികചിന്തകരുടെയും സഭാപിതാക്കന്മാരുടെയും സ്വാധീനഫലമായി എല്ലാ പരിഷ്കൃതരാജ്യങ്ങളിലും നടപ്പാക്കിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്. സാധാരണ വ്യവസായസ്ഥാപനങ്ങളില്‍ ദര്‍ശിക്കുന്ന സംഘര്‍ഷങ്ങളോ ചേരിതിരിവുകളോ ഇല്ലാത്ത അവസ്ഥ. ഭാവി വ്യാവസായിക മേഖലയുടെ മാതൃകയായിട്ടാണ് മോണ്‍ട്രഗണ്‍ പരീക്ഷണം വിശേഷിപ്പിക്കപ്പെടുന്നത്.

 മൂലധനത്തില്‍ ഓഹരി: ഒരു നൂതന സങ്കല്‍പം

തൊഴിലാളികള്‍ക്കുകൂടി തൊഴില്‍സ്ഥാപനത്തിന്‍റെ നടത്തിപ്പില്‍ പങ്കാളിത്തം നല്‍കണമെന്ന ചിന്ത രൂപപ്പെടാന്‍ തുടങ്ങിയതു 1931-ല്‍ ക്വാദ്രജേസ്സിമോ അന്നോ എന്ന ചാക്രികലേഖനം പ്രസിദ്ധീകരിച്ചതോടെയാണ്. വേതനവ്യവസ്ഥകളിലധിഷ്ഠിതമായ തൊഴില്‍ രീതി അതില്‍തന്നെ തെറ്റല്ലെങ്കിലും സാധ്യമാകുന്ന സാഹചര്യങ്ങളില്‍ പരസ്പരപങ്കാളിത്തത്തിന്‍റേതായ തൊഴില്‍ക്കരാറുകള്‍ രൂപീകരിക്കുക തൊഴിലാളികള്‍ക്കെന്നപോലെ തൊഴിലുടമകള്‍ക്കും ഉപകാരപ്രദമാകുമെന്ന വാദമാണ് ചാക്രികലേഖനത്തിന്‍റേത്. ഇതു മൂലധനത്തിലോ മാനേജ്മെന്‍റിലോ ലാഭത്തിലോ പങ്കാളിത്തം നല്‍കുന്ന രീതിയാകാം.

മാതാവും ഗുരുനാഥയും എന്ന ചാക്രികലേഖനം തൊഴില്‍ സ്ഥാപനത്തിലും പൊതുസാമ്പത്തികമേഖലയിലും തൊഴിലാളികള്‍ക്കു ലഭിക്കേണ്ട പങ്കാളിത്തത്തെ സംബന്ധിച്ചു ദീര്‍ഘമായി ചര്‍ച്ച ചെയ്യുന്നുണ്ട്. തൊഴിലാളിയുടെ അന്തസ്സും അവകാശങ്ങളും പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുന്നതിന് ഈ പങ്കാളിത്തം അനുപേക്ഷണീയമാണെന്നാണു മാര്‍പാപ്പയുടെ വാദം. ഇതു കൃത്യമായി എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നില്ലെങ്കിലും മൂലധനത്തില്‍ ഓഹരി നല്‍കുക അഭികാമ്യമാകുമെന്നു നിര്‍ദ്ദേശിക്കുന്നുണ്ട്.

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായും തൊഴിലാളിയുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നുണ്ട്. മൂലധനത്തില്‍ തൊഴിലാളിക്ക് ഓഹരി നല്‍കുന്നതിനാണ് അദ്ദേഹം ഊന്നല്‍ കൊടുത്തിരിക്കുന്നത്. ഇതിന്‍റെ താത്ത്വികാടിസ്ഥാനങ്ങളും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

മൂലധനവും തൊഴിലും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ഈ താത്ത്വികാടിസ്ഥാനങ്ങളില്‍ പ്രധാനം. മൂലധനം ഉത്പാദിപ്പിക്കപ്പെടുന്നതു തൊഴില്‍വഴിയാണ്. അതിന്‍റെ ആത്യന്തികലക്ഷ്യം അവരുടെ നന്മയാകണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒരുതരത്തിലും അത് അവരുടെ വ്യക്തിത്വത്തിനു ഹാനികരമാകരുത്. അത് അവരുടെ ശ്രേയസ്സിനും പൂര്‍ണ്ണവളര്‍ച്ചയ്ക്കും സഹായമാകണം. എന്നാല്‍ നിലവിലുള്ള വ്യവസ്ഥിതിയനുസരിച്ചു തൊഴിലാളികള്‍ തന്‍റെതന്നെ ഉത്പന്നമായ മൂലധനവുമായി കാര്യമായ യാതൊരു ബന്ധവുമില്ലെന്നു മാത്രമല്ല അത് അവനെ പലതരത്തിലും നിയന്ത്രിക്കുന്നതിനും വ്യക്തിത്വത്തെ തരംതാഴ്ത്തുന്നതിനും കാരണമാകുന്നു. മൂലധനത്തെക്കാള്‍ തൊഴിലിനു പ്രാധാന്യമുണ്ടെന്നു മുകളില്‍ സൂചിപ്പിച്ച വാദം മറ്റൊരു താത്ത്വികാടിസ്ഥാനമാണ്. മൂലധനത്തിന്‍റെയും ഉത്പാദനപ്രക്രിയയുടെയും നിയന്ത്രണത്തില്‍ ഗണ്യമായൊരു സ്ഥാനം തൊഴിലാളിക്കുകൂടി ലഭിക്കുവാന്‍ ഇതുമൂലം അവകാശമുണ്ട്. ഇതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം തൊഴിലാളിക്കുകൂടി മൂലധനത്തില്‍ ഓഹരി നല്‍കുകയാണ്.

തന്‍റെതന്നെ സ്ഥാപനത്തില്‍ ജോലിചെയ്യുന്നുവെന്ന അനുഭൂതി സര്‍വ്വവിധേനയും തൊഴിലാളിയുടെ വ്യക്തിത്വവികാസത്തിനും സംതൃപ്തിക്കും സഹായകമാകും. അപരന്‍റെ സ്ഥാപനത്തില്‍ തനിക്കു യാതൊരുവിധ നിയന്ത്രണാവകാശവുമില്ലാത്ത സാഹചര്യത്തില്‍, ജോലിചെയ്യുമ്പോള്‍ തൊഴിലാളിക്ക് ഇതു നഷ്ടമാകുന്നു. തൊഴില്‍ സ്ഥാപനത്തില്‍, പ്രത്യേകിച്ചു വന്‍കിട വ്യവസായ സ്ഥാപനങ്ങളില്‍ തൊഴിലാളിക്കുകൂടി ഷെയറു നല്‍കിയാല്‍ തന്‍റെതന്നെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുവെന്ന അവബോധം യാഥാര്‍ഥ്യമാകും. ചെറുകിട സ്ഥാപനങ്ങളില്‍ ഇതില്ലാതെതന്നെ മെച്ചപ്പെട്ട ബന്ധങ്ങള്‍ പുലര്‍ത്താന്‍ താരതമ്യേന എളുപ്പമാണ്.

ഇതിന്‍റെയെല്ലാം വെളിച്ചത്തില്‍, സഭ ശക്തമായി വാദിക്കുന്നത്, കഴിയുന്നിടത്തോളം തൊഴിലാളിയും മൂലധനവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തണമെന്നാണ്.  ഇതിനുള്ള പ്രായോഗിക  മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുള്ള ഉത്തരവാദിത്വം സമൂഹത്തിന്‍റേതാണ്. പല പാശ്ചാത്യസമൂഹങ്ങളിലും  ഈ ആശയങ്ങള്‍ പ്രയോഗത്തിലാക്കിത്തുടങ്ങിയിട്ടുണ്ടെന്നതു പുതിയ പ്രതീക്ഷകള്‍ക്കു വക നല്‍കുന്നുണ്ട്.

6. തൊഴിലിന്‍റെ അവശ്യസ്വഭാവം: തൊഴില്‍ചെയ്തു മാത്രമേ മനുഷ്യനു തന്‍റെ ജീവിതത്തിനാവശ്യമായവ കണ്ടെത്താന്‍ കഴിയുകയുള്ളൂ. അദ്ധ്വാനിക്കാത്തവര്‍ അപ്പം ഭക്ഷിക്കാതിരിക്കട്ടെയെന്ന പൗലോസ് ശ്ലീഹായുടെ ഉപദേശത്തിന്‍റെ അടിസ്ഥാനമിതാണ്. തൊഴിലിന്‍റെ ഈ അനിവാര്യത തൊഴിലാളിക്കു മൗലികങ്ങളായ ചില അവകാശങ്ങള്‍ നല്‍കുന്നുണ്ട്.

  • തന്‍റെ കഴിവനുസരിച്ച് അദ്ധ്വാനിക്കുന്നവനു മാന്യമായി ജീവിക്കുന്നതിനാവശ്യമായവ ലഭിക്കാന്‍ ദൈവദത്തമായ  അവകാശമുണ്ട്. ജീവനക്കൂലിക്കുള്ള അവകാശമായിട്ടാണ് ലെയോ മാര്‍പാപ്പ ഇതിനെ വിശേഷിപ്പിച്ചത്. തൊഴില്‍ വ്യവസ്ഥകള്‍ നീതിപൂര്‍വ്വകമാകണമെങ്കില്‍ ഈ അവകാശം സംരക്ഷിക്കപ്പെടണം (റേരും നൊവാരും No.34).                                   
  • കുടുംബനാഥനായ തൊഴിലാളിക്കു തന്നെ ആശ്രയിച്ചു ജീവിക്കുന്നവരെ സംരക്ഷിക്കുന്നതിനുള്ള കടമ  നിര്‍വ്വഹിക്കാനുള്ള മാര്‍ഗ്ഗവും തൊഴിലാണെന്ന നിലയ്ക്കു കുടുംബവേതനം ലഭിക്കുന്നതിനും അവകാശമുണ്ട്. പതിനൊന്നാം പീയൂസ് മാര്‍പാപ്പയാണ് ഈ വസ്തുത ആദ്യമായി ഊന്നിപ്പറഞ്ഞ് (ക്വാദ്രജേസിമോ അന്നോ No.71).                             
  • തൊഴില്‍ ലഭിക്കുന്നതിനുള്ള  അവകാശം തൊഴിലിന്‍റെ അവശ്യ സ്വഭാവത്തില്‍നിന്ന് ഉരുത്തിരിയുന്നതാണ്. തൊഴിലില്ലായ്മാവേതനം നല്‍കുന്നതിന്‍റെ അടിസ്ഥാനമിതാണ്.

7. തൊഴിലിന്‍റെ സാമൂഹികമാനം: ഒരു വ്യക്തി ഒറ്റയ്ക്കും തനിക്കു വേണ്ടിയും മാത്രമല്ല, മറിച്ച് മറ്റുള്ളവരുമൊത്തും മറ്റുള്ളവര്‍ക്കുവേണ്ടിയുമാണ് അദ്ധ്വാനിക്കുക. തൊഴിലിന്‍റെ ഈ അടിസ്ഥാന സാമൂഹികമാനത്തിന് ഇന്നത്തെ വ്യാവസായികയുഗത്തില്‍ ഏറെ അര്‍ത്ഥ വ്യാപ്തിയുണ്ട്. നാമെല്ലാവരും ജീവിക്കുന്നത് എത്രയോ വ്യക്തികളുടെ അദ്ധ്വാനത്തിന്‍റെ ഫലമനുഭവിച്ചുകൊണ്ടാണ്  നാം ഉപയോഗിക്കുന്ന സോപ്പും പഞ്ചസാരയും റൊട്ടിയും വസ്ത്രവും റേഡി യോയും എന്നുവേണ്ട എല്ലാംതന്നെ വളരെപ്പേരുടെ വിയര്‍പ്പിന്‍റെ ഫലമാണല്ലോ.

ഈ വസ്തുതയെ അടിസ്ഥാനമാക്കി ദേശീയവും അന്തര്‍ദ്ദേശീയവുമായ തലങ്ങളില്‍ ആവശ്യമായ വേതന-വ്യാപാര വ്യവസ്ഥകള്‍ക്കു രൂപം കൊടുക്കേണ്ടതായി വരുന്നു. രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന സമ്പത്തിന്‍റെ ന്യായമായ വിഹിതം എല്ലാ പൗരന്മാര്‍ക്കും ലഭിക്കുവാന്‍ അവകാശമുണ്ടെന്ന നിലവിലുള്ള ചിന്തയുടെ വലിയൊരടിസ്ഥാനമിതാണ്. അവകാശത്തിന് ഇന്നൊരു അന്തര്‍ദേശീയമാനം കൈവന്നുകൊണ്ടിരിപ്പുണ്ട്. ആദായനികുതി, വില്‍പനനികുതി തുടങ്ങിയവ പിരിക്കുന്നതിനും ദരിദ്രരായവര്‍ക്കു പ്രത്യേക പരിരക്ഷകളും സൗജന്യങ്ങളും നല്‍കുന്നതിനും നാം തയ്യാറാകുന്നതിന്‍റെ ഒരു കാരണം ഇതാണല്ലോ.

തൊഴിലിന്‍റെ ഈ സാമൂഹികസ്വഭാവത്തെ സംബന്ധിച്ച അവബോധം എല്ലാവരിലും ശക്തിപ്പെടുന്നതുവഴി മാത്രമേ യഥാര്‍ത്ഥ തൊഴില്‍ സംസ്ക്കാരം രൂപപ്പെടുകയുള്ളൂ. തൊഴില്‍ രംഗത്തു കൂടുതല്‍ ഉത്തരവാദിത്വചിന്തയും സഹകരണവും കൂട്ടായ്മയും വളരുന്നതിനും ഇതു വളരെയേറെ സഹായിക്കും.

 ഉപസംഹാരം

തൊഴിലിനെ സംബന്ധിച്ച ഈ ക്രൈസ്തവദര്‍ശനം പ്രായോഗികതലത്തില്‍ കാര്യമായി തെളിഞ്ഞുകാണുന്നില്ല. ജീവസന്ധാരണത്തിനുള്ള വെറുമൊരു മാര്‍ഗ്ഗമായി തൊഴില്‍ തരംതാണിരിക്കുന്നു. ആത്മപ്രകാശനം, സൃഷ്ടിപരത, ആരാധന തുടങ്ങിയ തൊഴിലിന്‍റെ മാനങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം ലഭ്യമാകാതെ തൊഴില്‍ അര്‍ത്ഥപൂര്‍ണ്ണമാകുകയില്ല. തൊഴിലിന്‍റെ വ്യക്തിഗതവും ആധ്യാത്മികവും സാമൂഹികവുമായ മാനങ്ങള്‍ പൂര്‍ണ്ണമായും  അംഗീകരിക്കപ്പെടുകവഴി മാത്രമേ മനുഷ്യന്‍റെ വ്യക്തിപരവും സാമൂഹികവുമായ വളര്‍ച്ച സുഗമമാകുകയുള്ളൂ.

Occupation: A Christian analysis theology church catholic studies Mar Joseph Pamplany labour teaching of the church on labour communism and labour church and labour Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message