x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

അല്മായർ

Authored by : രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ On 15-Apr-2023

അധ്യായം നാല്

 അല്മായർ 

30 അല്മായർ സഭയിൽ

പരിശുദ്ധസൂനഹദോസ് ഹയാർക്കിയുടെ കടമകളെപ്പറ്റി വിശദീകരിച്ചതിനുശേഷം, സന്തോഷത്തോടെ, അല്മായർ എന്നു വിളിക്കപ്പെടുന്ന ക്രിസ്തീയവിശ്വാസികളുടെ ജീവിതാന്തസ്സിലേക്കു ശ്രദ്ധതിരിക്കുകയാണ്. ദൈവജനത്തെപ്പറ്റി പൊതുവായി പറയപ്പെട്ടവയെല്ലാം അല്മായർക്കും സന്ന്യാസികൾക്കും വൈദികാന്തസ്സുകാർക്കും ഒന്നുപോലെ സാർത്ഥകമാണെങ്കിലും അല്മായർക്ക് -പുരുഷന്മാർക്കും സ്ത്രീകൾക്കും- ജീവിത സാഹചര്യങ്ങളും ദൗത്യവും നിമിത്തം ചില കാര്യങ്ങൾ പ്രത്യേകവിധമായി ബാധകമാണ്. അവയുടെ അടിസ്ഥാനങ്ങൾ നമ്മുടെ കാലത്തെ പ്രത്യേകസാഹചര്യങ്ങൾ നിമിത്തം കൂടുതൽ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, അല്മായർ സഭ മുഴുന്റെയും നന്മയ്ക്കായി എത്രമാത്രം സഹകരിക്കുന്നുവെന്ന് അവരുടെ അജപാലകന്മാർക്കു വ്യക്തമായി അറിയാം. സഭയ്ക്ക് ലോകത്തോടുള്ള രക്ഷാകരദൗത്യം മുഴുവൻ തങ്ങളിൽത്തന്നെ നിക്ഷിപ്തമായിരിക്കുന്ന തരത്തിൽ തങ്ങൾ നിയമിക്കപ്പെട്ടിട്ടില്ല; പ്രത്യുത, തങ്ങളുടെ ബഹുമാന്യമായ കടമ വിശ്വാസികൾ മുഴുവനും തങ്ങളുടേതായ രീതിയിൽ പൊതുവായ പ്രവർത്തനത്തിൽ ഏകമനസ്സോടെ സഹകരിക്കത്തക്കവിധം അവരെ മേയ്ക്കുകയും അവരുടെ സേവനങ്ങളും വരദാനങ്ങളും അംഗീകരിക്കുകയും ചെയ്യുകയാണെന്നും അജപാലകർക്കറിയാം. കാരണം നാമെല്ലാവരും "സ്നേഹത്തിൽ സത്യം മുറുകെപ്പിടിച്ചുകൊണ്ട് ശിരസ്സായ ക്രിസ്തുവിലേക്ക് എല്ലാ വിധത്തിലും വളരേണ്ടിയിരിക്കുന്നു. ഭാഗത്തിന്റെയും പ്രവർത്തനത്തിന്റെ തോതനുസരിച്ച് ശക്തിയേകുന്ന എല്ലാ സന്ധിബന്ധങ്ങളോടും സമന്വയപ്പിച്ചും യോജിപ്പിച്ചും ശരീരത്തിന്റെ വളർച്ച, സ്നേഹത്തിലുള്ള അതിന്റെ തന്നെ പരിപോഷണതിലൂടെ, അവൻ വഴി സാധ്യമാകുന്നു' (എഫേ 4:15,16).

31 അല്മായരുടെ സ്ഥാനവും ദൗത്യവും

അല്മായർ എന്ന സംജ്ഞകൊണ്ട് ഇവിടെ മനസ്സിലാക്കേണ്ടത്, തിരുപ്പട്ടമോ സഭയിൽ അംഗീകൃതമായ സന്ന്യാസമോ സ്വീകരിക്കാത്തവരായ ക്രിസ്തീയവിശ്വാസികൾ എന്നാണ്. ക്രിസ്തീയവിശ്വാസികൾ എന്നുവച്ചാൽ, മാമ്മോദീസാവഴി മിശിഹായോട് ഏക ശരീരമായിത്തീർന്ന്, ദൈവജനത്തിൽ സ്ഥാനംലഭിച്ച്, മിശിഹായുടെ പുരോഹിത, പ്രവാചക, രാജകീയകൃത്യങ്ങളിൽ താന്താങ്ങളുടെ രീതിയിൽ പങ്കുകാരാക്കപ്പെട്ട, സഭയിലും ലോകമെമ്പാടുമുള്ള ക്രിസ്തീയ ജനതയുടെ മുഴുവനും ദൗത്യത്തിന്റെ സ്വകീയമായ ഭാഗം നിറവേറ്റുന്നവരാണ്.

അല്മായർക്കുള്ള ലൗകികസ്വഭാവം സ്വകീയവും സവിശേഷവുമാണ്. തിരുപ്പട്ടസ്ഥാനികർ ചിലപ്പോഴൊക്കെ ലൗകികകാര്യങ്ങളിൽ ഏർപ്പെടാമെന്നതു ശരിയാണ്. അവർക്ക് ലൗകികജീവിതവൃത്തി ഉണ്ടായെന്നുംവരാം. എങ്കിലും തങ്ങളുടെ പ്രത്യേക ദൈവവിളികൊണ്ട് അവർ പ്രധാനമായും സ്പഷ്ടമായും വിശുദ്ധശുശ്രൂഷയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നു. സന്ന്യാസികളാകട്ടെ, ലോകത്തെ രൂപഭേദം വരുത്തുന്നതിനും ദൈവത്തിനു സമർപ്പിക്കുന്നതിനും സുവിശേഷഭാഗ്യങ്ങളുടെ ചൈതന്യത്താലല്ലാതെ സാദ്ധ്യമല്ലെന്നതിന് തങ്ങളുടെ ജീവിതാന്തസ്സുവഴി വ്യക്തവും അനിതരസാധാരണവുമായ സാക്ഷ്യം തങ്ങൾക്കു നല്കുന്നു. എന്നാൽ, അല്മായർ അവർക്കു സ്വന്തമായുള്ള ദൈവവിളിയിൽ ഭൗതികവസ്തുക്കൾ കൈകാര്യം ചെയ്തുകൊണ്ടും ദൈവഹിതമനുസരിച്ച് ക്രമവത്കരിച്ചുകൊണ്ടും ദൈവരാജ്യം അന്വേഷിക്കേണ്ടവരാണ്. ലോകത്തിൽ, അതായത് ലൗകികമായ ഓരോരോ ഉദ്യോഗങ്ങളിലും ജോലികളിലും സാധാരണകുടുംബജീവിതത്തിലും സാമൂഹിക പരിതോവസ്ഥകളിലും അവർ ജീവിക്കുന്നു. അവരുടെ നിലനില്പ്പുതന്നെ അവയോടു ബന്ധിതമായിരിക്കുന്നു എന്നവിധം അവിടെ സുവിശേഷചൈതന്യത്താൽ നയിക്കപ്പെട്ട്, ലോകവിശുദ്ധീകരണത്തിനായി പുളിമാവുപോലെ പ്രവർത്തിച്ച് തങ്ങളുടെ കടമ നിർവഹിച്ചു ജീവിക്കാൻ അവർ ദൈവത്താൽ വിളിക്കപ്പെട്ടിരിക്കുന്നു. ലോകത്തെ ഉള്ളിൽ നിന്നു നിയന്ത്രിക്കുന്നവരെപ്പോലെ, പ്രധാനമായും വിശ്വാസം, പ്രത്യാശ, സ്നേഹം ഇവയിൽ ജ്വലിക്കുന്ന ജീവിതസാക്ഷ്യം വഴി മിശിഹായെ മറ്റുള്ളവർക്ക് അവർ വെളിപ്പെടുത്തേണ്ടിയിരിക്കുന്നു. തങ്ങൾ അവഗാഢം ബന്ധപ്പെട്ടിരിക്കുന്ന ഭൗതികവസ്തുക്കൾ മിശിഹായ്ക്കു യോജിച്ചവിധം നിരന്തരം രൂപവത്കരിച്ച് അവ വളർത്തുന്നതിനും അങ്ങനെ മിശിഹായും രക്ഷകനുമായവന്റെ മഹത്ത്വത്തിനായി അവ പ്രകാശിപ്പിക്കുന്നതിനും ക്രമവത്കരിക്കുന്നതിനുംവേണ്ടിയാണിത്.

32 ദൈവജനത്തിൽ അല്മായരുടെ മാഹാത്മ്യം

വിശുദ്ധസഭ ദൈവികസ്ഥാപനത്താൽത്തന്നെ വിസ്മയനിയമായ വൈവിധ്യത്താൽ ക്രമവത്കരിക്കപ്പെടുന്നതും ഭരിക്കപ്പെടുന്നതുമായ ഒന്നാണ്. “നമുക്ക് ഒരു ശരീരത്തിൽ അനേകം അവയവങ്ങളുണ്ട്. എന്നാൽ എല്ലാ അവയവങ്ങൾക്കും ഒരേ ധർമമല്ല, അതുപോലെ നാം പലരാണെങ്കിലും ക്രിസ്തുവിൽ ഏകശരീരമാണ്; ഓരോരുത്തരും പരസ്പരം ബന്ധമുള്ള അവയവങ്ങളും” (റോമാ 12:4,5).

അതിനാൽ, തിരഞ്ഞെടുക്കപ്പെട്ട ദൈവജനം ഒന്നുമാത്രമേയുള്ളൂ. “ഒരു കർത്താവ് ഒരു വിശ്വാസം ഒരു ജ്ഞാനസ്നാനം" (എഫേ 4:5). മിശിഹായിലുള്ള പുതിയ ജനനം പ്രാപിച്ചവരായ അതിന്റെ അംഗങ്ങൾക്ക് ഒരേ മഹത്ത്വമാണുള്ളത്. ഒരേ പുത്രസ്വീകാരത്തിന്റെ കൃപ, പൂർണതയിലേക്കുള്ള ഒരേ ദൈവവിളി, ഒരേ രക്ഷ, ഒരേ പ്രത്യാശ അവിഭക്തമായ സ്നേഹം എന്നിവയാണത്. അതുകൊണ്ട് മിശിഹായിലും സഭയിലും ജാതിയുടെയോ രാജ്യത്തിന്റെയോ സാമൂഹിക പരിസ്ഥിതിയുടെയോ ലിംഗഭേദത്തിന്റെയോ പേരിൽ ഒരു അസമത്വവും ഇല്ല. കാരണം, “യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല. നിങ്ങളെല്ലാവരും ക്രിസ്തുയേശുവിൽ ഒന്നാണ്” (ഗലാ 3:28; കൊളോ 3:11).

അതുകൊണ്ട്, സഭയിൽ എല്ലാവരും ഒരേ വഴിയിൽക്കൂടെയല്ല പ്രയാണം ചെയ്യുന്നതെങ്കിലും എല്ലാവരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ നീതിയിൽ വിശ്വാസത്തിന്റെ തുല്യപങ്കുലഭിച്ചവരാണവർ (2പത്രോ 1:1). മിശിഹായുടെ അഭീഷ്ട പ്രകാരം ചിലർ പഠിപ്പിക്കുന്നവരും വിശുദ്ധരഹസ്യങ്ങൾ പകർന്നുകൊടുക്കുന്നവരും അജപാലകന്മാരുമായി നിയമിതരാണ്. എങ്കിലും എല്ലാവരും തമ്മിൽ മാഹാത്മ്യത്തിലും മിശിഹായുടെ ശരീരത്തിന്റെ പടുത്തുയർത്തലിൽ എല്ലാവിശ്വാസികളും നടത്തേണ്ട പൊതു പ്രവർത്തനത്തിലും യഥാർത്ഥത്തിലുള്ള സമത്വം നിലനില്ക്കുന്നു. വിശുദ്ധ ശുശ്രൂഷ ചെയ്യുന്നവരും മറ്റു ദൈവജനവും തമ്മിൽ കർത്താവ് സ്ഥാപിച്ച വ്യതിരിക്തത, അതിൽത്തന്നെ ഏകീകരണലക്ഷ്യം ഉൾക്കൊള്ളുന്നുണ്ട്. എന്തുകൊണ്ടെന്നാൽ, അജപാലകന്മാരും ഇതരവിശ്വാസികളും പൊതുതാത്പര്യങ്ങളിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സഭയുടെ അജപാലകന്മാർ, കർത്താവിന്റെ മാതൃക പിന്തുടർന്ന്, തമ്മിൽത്തമ്മിലും മറ്റു വിശ്വാസികൾക്കും സേവനംചെയ്യണം. വിശ്വാസികൾ തീക്ഷ്ണതാപൂർവം അജപാലകരോടും മറ്റു പ്രബോധകരോടും സഹകരിച്ച് സേവനം നല്കണം. അങ്ങനെ എല്ലാവരും വൈവിധ്യത്തിൽ മിശിഹായുടെ ശരീരത്തിലുള്ള അദ്ഭുതകരമായ ഐക്യത്തിനു സാക്ഷ്യം നല്കണം. കൃപാവരങ്ങളിലും ശുശ്രൂഷകളിലും ജോലികളിലുമുള്ള ഈ വൈവിധ്യംതന്നെ ദൈവമക്കളെ ഒന്നാക്കി സംഘടിപ്പിക്കുന്നുണ്ട്. കാരണം, "അതേ ആത്മാവ് ഇവയെല്ലാം പ്രവർത്തിക്കുന്നു" (1 കോറി 12:11).

അതിനാൽ, അല്ലായർക്ക് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാൻ വന്ന (മത്താ 20:28) സകലത്തിന്റെയും നാഥനായ മിശിഹായെ ദാക്ഷിണ്യത്താൽ സ്വസഹോദരനായി ലഭിച്ചിരിക്കുന്നു. അതുപോലെതന്നെ. വിശുദ്ധശുശ്രൂഷയിൽ അവരോധിക്കപ്പെട്ട്, മിശിഹായുടെ അധികാരത്താൽ പഠിപ്പിച്ചുകൊണ്ടും വിശുദ്ധീകരിച്ചുകൊണ്ടും സ്നേഹത്തിന്റെ പുതിയപ്രമാണം സർവരാലും നിറവേറ്റപ്പെടത്തക്കവണ്ണം ദൈവഭവനത്തെ മേയ്ക്കുന്നവരെയും സഹോദരന്മാരായി ലഭിച്ചിരിക്കുന്നു. ഇതിനെപ്പറ്റി വിശുദ്ധ ആഗസ്തീനോസ് മനോഹരമായ വാക്കുകളിൽ പറയുന്നു: “നിങ്ങൾക്കായി ഞാൻ എന്തായിരിക്കുന്നുവോ അത് എന്നെ ഭയപ്പെടുത്തുന്നു. നിങ്ങളോടൊത്തു ഞാൻ എന്തായിരിക്കുന്നുവോ അത് എന്നെ സാന്ത്വനപ്പെടുത്തുന്നു. എന്തെന്നാൽ, ഞാൻ നിങ്ങൾക്കു മെത്രാനാണ്. നിങ്ങളോടുകൂടെ ഒരു ക്രിസ്ത്യാനിയാണ്. ആദ്യത്തേത്, ഉദ്യോഗപ്പേര്, രണ്ടാമത്തേത്. കൃപയുടേതും. ആദ്യത്തേത്. അപകടത്തിന്റേതും രണ്ടാമത്തേത് രക്ഷയുടേതും.

33. അല്മായ പ്രേഷിതത്വം

ദൈവജനത്തിൽ കൂട്ടിച്ചേർക്കപ്പെട്ടവരും മിശിഹായുടെ ഒരേ ശരീരത്തിൽ ഒരേ തലവന്റെ കീഴിൽ സ്ഥാപിക്കപ്പെട്ടവരുമായ അല്മായർ, അവർ ആരായിരുന്നാലും, സജീവാംഗങ്ങളെപ്പോലെ സ്രഷ്ടാവിന്റെ ദാനത്താലും രക്ഷകന്റെ കൃപയാലും ലഭിച്ച സർവശക്തികളോടുംകൂടെ സഭയുടെ വളർച്ചയ്ക്കും അതിന്റെ നിരന്തരമായ വിശുദ്ധീകരണത്തിനും വേണ്ടി സഹകരിക്കണം.

അല്മായരുടെ പ്രേഷിതത്വം സഭയുടെതന്നെ രക്ഷാകരദൗത്യത്തിലുള്ള അവരുടെ ഭാഗഭാഗിത്വമാണ്. ഈ പ്രേഷിതപ്രവർത്തനത്തിനായി മാമ്മോദീസാവഴിയും സൈര്യലേപനം വഴിയും കർത്താവാൽത്തന്നെ സകലരും നിയോഗിക്കപ്പെട്ടിരിക്കുന്നു. കൂദാശകൾ വഴി പ്രധാനമായും പരിശുദ്ധ കുർബാന വഴി, എല്ലാ പ്രേഷിതത്വത്തിന്റെയും ആത്മാവായ ദൈവസ്നേഹവും പരസ്നേഹവും അവർ പകർന്നു നല്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. സഭയ്ക്ക് അല്മായർ വഴി മാത്രമേ ഭൂമിയുടെ ഉപ്പായിത്തീരാൻ കഴിയൂ എന്ന വിധത്തിൽ സ്ഥലങ്ങളിലും സാഹചര്യങ്ങളിലും സഭയെ സന്നിഹിതമാക്കുകയും യാഥാർത്ഥ്യവത്കരിക്കുകയും ചെയ്യാൻ അവർ പ്രത്യേകവിധമായി വിളിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ, എല്ലാ അല്ലായരും തങ്ങൾക്കു ലഭിച്ചിരിക്കുന്ന ദാനങ്ങൾ നിമിത്തവും മിശിഹായുടെ ദാനങ്ങളുടെ അളവനുസരിച്ചും" (എഫേ 4:7) സഭയുടെ തന്നെ സാക്ഷികളും സജീവ ഉപകരണങ്ങളുമായി നിലകൊള്ളുന്നു.

എല്ലാ ക്രൈസ്തവ വിശ്വാസികളെയും സാകല്യേന ബാധിക്കുന്ന ഈ പ്രേഷിതത്വത്തിനുപുറമേ, അല്മായർ പലരീതിയിൽ ഹയരാർക്കിയുടെ പ്രേഷിതത്വത്തിൽ കൂടുതൽ നേരിട്ടു സഹകരിക്കാൻ വിളിക്കപ്പെടാം. ഉദാഹരണത്തിന്, പൗലോസ് ശ്ലീഹയെ സഹായിച്ചിരുന്നവരും സുവിശേഷത്തിനായി കർത്താവിൽ വളരെയേറെ അദ്ധ്വാനിച്ച (ഫിലി.4:3 റോമാ 16:3 ff) വരുമായ സ്ത്രീപുരുഷന്മാർ. മാത്രമല്ല, സഭാപരമായ ചില ജോലികൾ ആദ്ധ്യാത്മിക ലക്ഷ്യങ്ങൾക്കായി ചെയ്യാൻ ഹയരാർക്കിയാൽ നിയോഗിക്കപ്പെടത്തക്കവിധം കഴിവും അവർക്കുണ്ട്.

ദൈവികമായ രക്ഷാസന്ദേശം എല്ലാക്കാലത്തും ലോകംമുഴുവനിലുമുള്ള എല്ലാ മനുഷ്യരുടെ പക്കലും കൂടുതൽകൂടുതൽ പ്രചരിപ്പിക്കാൻവേണ്ടി അധ്വാനിക്കാനുള്ള മഹത്തായ കടമ എല്ലാ അല്മായർക്കുമുണ്ട്. അവരുടെ കഴിവുകൾക്കും കാലത്തിന്റെ ആവശ്യങ്ങൾക്കും അനുസൃതമായി സഭയുടെ രക്ഷാകര ജോലിയിൽ അവരും തീക്ഷ്ണതാ പൂർവം പങ്കെടുക്കത്തക്കവിധമുള്ള സർവമാർഗങ്ങളും അവർക്കു തുറക്കപ്പെടണം.

34 അല്മായരുടെ പുരോഹിതദൗത്യം

അത്യുന്നത നിത്യപുരോഹിതനായ ഈശോമിശിഹാ അല്മായർവഴിയായും തന്റെ സാക്ഷ്യവും ശുശ്രൂഷയും തുടർന്നുകൊണ്ടുപോകാൻ ആഗ്രഹിച്ചതിനാൽ അവരെ തന്റെ ആത്മാവാൽ ജീവിപ്പിക്കുകയും നല്ലതും പൂർണവുമായ എല്ലാ പ്രവൃത്തികളിലും ഇടവിടാതെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ഈശോ സ്വജീവനിലും ദൗത്യത്തിലും അവഗാഢം ബന്ധിപ്പിക്കുന്ന അവർക്ക്, ദൈവം മഹത്ത്വപ്പെടുത്തപ്പെടേണ്ടതിനും മനുഷ്യർ രക്ഷിക്കപ്പെടേണ്ടതിനുമായി ആത്മികാരാധന ചെയ്യുന്നതിന് തന്റെ പുരോഹിതജോലിയിൽ ഭാഗഭാഗിത്വം ഭരമേല്പിക്കുന്നു. ഇക്കാരണത്താൽ അല്മായർ കർത്താവാൽ നിയുക്തരും പരിശുദ്ധാത്മാവാൽ അഭിഷിക്തരുമായി നിരന്തരം കൂടുതൽ സമൃദ്ധമായി ആത്മാവിന്റെ ഫലം പുറപ്പെടുവിക്കുന്നതിനായി അദ്ഭുതകരമാംവിധം വിളിക്കപ്പെടുകയും സജ്ജീകൃതരാകുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ, അവരുടെ എല്ലാ പ്രവൃത്തികളും പ്രാർത്ഥനകളും ശ്ലൈഹികപരിശ്രമങ്ങളും വൈവാഹികവും കുടുംബപരവുമായ ജീവിതവും അനുദിനജോലികളും മാനസികവും ശാരീരികവുമായ വിശ്രമവുമെല്ലാം ആത്മാവിൽ അനുഷ്ഠിക്കപ്പെടുന്നെങ്കിൽ, എന്നല്ല ക്ഷമയോടെ സഹിക്കുന്ന ജീവിതക്ലേശങ്ങൾപോലും, ഈശോവഴിയായി ദൈവത്തിനു സ്വീകാര്യമായ ആത്മികബലികളായിത്തീരുന്നു (1 പത്രോ. 2:5). അതെ, പരിശുദ്ധ കുർബാനയിൽ കർത്താവിന്റെ ശരീരത്തിന്റെ സമർപ്പണത്തോടുകൂടെ അതീവ ഭക്തിപുരസ്സരം പിതാവിനു സമർപ്പിക്കപ്പെടുന്ന ബലികൾ. അങ്ങനെ, അല്മായർ ആരാധകരെന്നനിലയിൽ എല്ലായിടത്തും വിശുദ്ധമായി ജീവിച്ചുകൊണ്ട് ലോകത്തെത്തന്നെ ദൈവത്തിനു പ്രതിഷ്ഠിക്കുന്നു.

35 അല്മായരുടെ പ്രവാചകദൗത്യവും സാക്ഷ്യവും

സ്വജീവിതസാക്ഷ്യംകൊണ്ടും വചനത്തിന്റെ ശക്തികൊണ്ടും പിതാവിന്റെ രാജ്യം പ്രഖ്യാപനം ചെയ്ത മഹാപ്രവാചകനായ മിശിഹാ, തന്റെ മഹത്ത്വത്തിന്റെ സമ്പൂർണമായ വെളിപ്പെടുത്തൽവരെ പ്രവാചകധർമം നിറവേറ്റിക്കൊണ്ടിരിക്കും. അത് തന്റെ നാമത്തിലും ശക്തിയിലും പഠിപ്പിക്കുന്ന ഹയരാർക്കിവഴി മാത്രമല്ല, അല്മായർ വഴി കൂടിയാണ്. അതുകൊണ്ട് അവിടന്ന് അവരെ സാക്ഷികളാക്കുകയും വിശ്വാസശക്തിയാലും വചനത്തിന്റെ കൃപയാലും സജ്ജരാക്കുകയും ചെയ്തു (അപ്പ 2:17,18; വെളി 19:10). അങ്ങനെ സുവിശേഷത്തിന്റെ ശക്തി കുടുംബത്തിലെയും സമൂഹത്തിലെയും അനുദിനജീവിതത്തിൽ പ്രകടമാക്കുന്നതിനാണത്. വിശ്വാസത്തിലും പ്രത്യാശയിലും ഉറപ്പുള്ളവരായി വർത്തമാനകാലം രക്ഷാകരമാക്കുകയും (എഫേ 5:16; കൊളോ 4:5) ഭാവിമഹത്ത്വത്തെ ക്ഷമാപൂർവം കാത്തിരിക്കുകയും ചെയ്താൽ (റോമാ 8:25) അവർ വാഗ്ദാനത്തിന്റെ മക്കളാണെന്നു തെളിയിക്കും. ഈ പ്രത്യാശ മനസ്സിന്റെ ഉള്ളിൽ മാത്രം മറച്ചുവയ്ക്കാതെ, നിരന്തരമായ പെരുമാറ്റത്തിലും "ഈ അന്ധകാരത്തിന്റെ ലോകാധിപതികൾക്കു ആകാശങ്ങളിലെ തിന്മയുടെ അരൂപികൾക്കും എതിരേ" (എഫേ 6 :12) യുള്ള സമരത്തിലും ലൗകിക ജീവിതത്തിന്റെ എല്ലാ ഘടകങ്ങളിലും പ്രകടമാക്കണം.

വിശ്വാസികളുടെ ജീവിതവും പ്രേഷിതവൃത്തിയും പരിപോഷിപ്പിക്കുന്ന പുതിയ നിയമകൂദാശകൾ പുതിയ ആകാശവും പുതിയ ഭൂമിയും (വെളി 21:1) മുൻകൂട്ടി പ്രതിബിംബിപ്പിക്കുന്നതുപോലെതന്നെ, അല്മായർ തങ്ങളുടെ വിശ്വാസത്തോട് വിശ്വാസത്തിന്റെ പ്രഖ്യാപനം നിർവിശങ്കം സംയോജിപ്പിക്കുന്നെങ്കിൽ അവർ പ്രത്യാശിക്കേണ്ടവയുടെ (ഹെബ്രാ 11:1) ശക്തരായ പ്രഘോഷകരായിത്തീരും. ഈ സുവിശേഷവത്കരണം, അതായത്, ജീവിതസാക്ഷ്യവും വചനവുംവഴി ചെയ്യുന്ന മിശിഹായെ പ്രഘോഷിക്കൽ ഗണനീയമായ ചില പ്രത്യേകതകളും വൈശിഷ്ട്യമുള്ള ഫലദായകത്വവും ആർജിക്കുന്നു. കാരണം, അത് സാധാരണ ലൗകികസാഹചര്യങ്ങളിൽ നിർവഹിക്കപ്പെടുന്നു.

അതിനാൽ, ഈ കടമയെ സംബന്ധിച്ചേടത്തോളം ഒരു പ്രത്യേക കൂദാശവഴി അതായത്, വൈവാഹികവും കുടുംബപരവുമായ ജീവിതത്താൽ വിശുദ്ധീകരിക്കപ്പെടുന്ന ആ ജീവിതാന്തസ്സ് വളരെ വിലപ്പെട്ടതായിത്തീരുന്നു. എവിടെ ക്രിസ്തുമതം ജീവിതവ്യവസ്ഥിതിയിൽ മുഴുവനും കടന്നുചെല്ലുകയും ദിവസംതോറും അതിനെ കൂടുതൽ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നുവോ, അവിടെ അല്‌മായ പ്രേഷിതത്വത്തിന്റെ പ്രവർത്തനവും മഹത്തായ പഠനവേദിയും രൂപംകൊള്ളുന്നു. അവിടെയാണ് ദമ്പതികൾ തങ്ങളുടെ സ്വകീയമായ ദൈവവിളി കണ്ടെത്തുന്നതും അങ്ങനെ അവർ തങ്ങൾക്കും മക്കൾക്കും മിശിഹായിലുള്ള വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും സാക്ഷികളാകുന്നതും. ക്രിസ്തീയ കുടുംബം ദൈവരാജ്യത്തിന്റെ ഇപ്പോഴുള്ള വിശിഷ്ട ഗുണങ്ങളെയും സൗഭാഗ്യ സമ്പൂർണമായ ജീവിതത്തിന്റെ പ്രത്യാശയെയും ഉച്ചസ്വരത്തിൽ വിളംബരം ചെയ്യുന്നു. അങ്ങനെ, അവർ സ്വമാതൃകയും സാക്ഷ്യവുംവഴി പാപത്തെപ്രതി ലോകത്തെ കുറ്റപ്പെടുത്തുകയും സത്യാന്വേഷികളെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

അതുകൊണ്ട്, അല്മായർ ലൗകികകാര്യങ്ങളിൽ വ്യാപൃതരായിരിക്കുമ്പോൾത്തന്നെ ലോകത്തെ സുവിശേഷവത്കരിക്കുന്നതിൽ വിലപ്പെട്ട ജോലി നിർവഹിക്കാൻ പ്രാപ്തരും അതിനു കടപ്പെട്ടവരുമാണ്. വിശുദ്ധശുശ്രൂഷകരുടെ അഭാവത്തിലും മർദനഭരണത്താൽ അവർ തടയപ്പെടുമ്പോഴും അല്മായരിൽ ചിലരൊക്കെ ചില വിശുദ്ധകർമങ്ങൾ കഴിവിനൊത്തു നിറവേറ്റാറുണ്ട്. അതിലേറെ, വളരെപ്പേർ അവരുടെ സർവശക്തിയും ഉപയോഗിച്ച് ശ്ലൈഹികപ്രവർത്തനങ്ങളിൽ അദ്ധ്വാനിക്കുന്നുമുണ്ട്. എന്നിരിക്കിലും, എല്ലാവരും തന്നെ ഈ ലോകത്തിൽ മിശിഹായുടെരാജ്യത്തിന്റെ വ്യാപനത്തിനും വളർച്ചയ്ക്കും വേണ്ടി സഹകരിക്കാൻ കടപ്പെട്ടിരിക്കുന്നു. ഇക്കാരണത്താൽ അല്മായർ വെളിപ്പെടുത്തപ്പെട്ട സത്യത്തിന്റെ കൂടുതൽ അവഗാഢമായ അറിവിനായി തീക്ഷണബുദ്ധിയോടെ പരിശ്രമിക്കുകയും ദൈവത്തിൽനിന്ന് അറിവിന്റെ ദാനത്തിനായി തീക്ഷ്ണതാപൂർവം യാചിക്കുകയും വേണം.

36 അല്മായരുടെ രാജത്വം

മരണത്തോളം അനുസരണമുള്ളവനായിത്തീർന്നവനും അതിനാൽ പിതാവാൽ ഉയർത്തപ്പെട്ടവനുമായ മിശിഹാ (ഫിലി 2:8,9) തന്റെ രാജ്യത്തിന്റെ മഹത്ത്വത്തിൽ പ്രവേശിച്ചു. താനും സർവസൃഷ്ടികളും പിതാവിനു കീഴ്പ്പെടുകയും അങ്ങനെ ദൈവം എല്ലാറ്റിലും എല്ലാമായിത്തീരുകയും ചെയ്യുന്നതുവരെ (1 കോറി 15:27,28) തനിക്ക് എല്ലാം കീഴ്പ്പെട്ടിരിക്കുന്നു. ഈ അധികാരം തന്റെ ശിഷ്യരിലേക്ക് അവിടന്നു പകർന്നു. അവർ രാജകീയസ്വാതന്ത്ര്യത്തിൽ ഉറപ്പിക്കപ്പെടാനും സ്വാർത്ഥപരിത്യാഗത്താലും വിശുദ്ധജീവിതത്താലും പാപത്തിന്റെ ഭരണം തങ്ങളിൽ പരാജയപ്പെടുത്താനും (റോമാ 6:12) വേണ്ടിയാണത്. മാത്രമല്ല, മറ്റുള്ളവരിൽ മിശിഹായെ ശുശ്രൂഷിച്ചുകൊണ്ട് സ്വസഹോദരരെ ഈ രാജാവിന്റെ സന്നിധിയിലേക്ക് എളിമയോടും ക്ഷമയോടുംകൂടെ ആനയിക്കുന്നതിനു വേണ്ടിയുമാണിത്. അവിടത്തെ ശുശ്രൂഷിക്കുകയെന്നാൽ ഭരിക്കുകയെന്നാണല്ലോ അർത്ഥം. കർത്താവ് തന്റെ രാജ്യം അല്മായവിശ്വാസികൾ വഴിയും വ്യാപിപ്പിക്കാൻ അഭിലഷിച്ചു. അതായത്, സത്യത്തിന്റെയും ജീവന്റെയും രാജ്യം; വിശുദ്ധിയുടെയും കൃപാവരത്തിന്റെയും രാജ്യം; നീതിയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും രാജ്യം. ഈ രാജ്യത്തിൽ സൃഷ്ടിതന്നെയും ജീർണതയുടെ അടിമത്തത്തിൽനിന്ന് ദൈവമക്കളുടെ സ്വാതന്ത്യത്തിന്റെ മഹത്ത്വത്തിലേക്കു വിമോചിപ്പിക്കപ്പെട്ടു (റോമാ 8:21). വലിയ ഒരു വാഗ്ദാനവും വലിയ ഒരു കല്പനയും ശിഷ്യന്മാർക്കു നല്കി. “നിങ്ങൾ ക്രിസ്തുവിന്റെതും, ക്രിസ്തു ദൈവത്തിന്റെതും” (1 കോറി 3:23).

അതിനാൽ വിശ്വാസികൾ സൃഷ്ടവസ്തുക്കളുടെയെല്ലാം ആന്തരികസ്വഭാവവും മൂല്യവും ദൈവമഹത്ത്വത്തിനായുള്ള അവയുടെ ക്രമവത്കരണവും അറിയാനും ലൗകികപ്രവർത്തനങ്ങൾ വഴിയായി തമ്മിൽത്തമ്മിൽ കൂടുതൽ വിശുദ്ധമായ ജീവിതത്തിനുസഹായിക്കാനും കടപ്പെട്ടിരിക്കുന്നു. ഇതുവഴി, ലോകം മിശിഹായുടെ ചൈതന്യത്താൽ പൂരിതമായി നീതിയിലും സ്നേഹത്തിലും ശാന്തിയിലും അതിന്റെ ലക്ഷ്യം കൂടുതൽ ഫലവത്തായി നേടുകയും ചെയ്യേണ്ടിയിരിക്കുന്നു. ഈ കർത്തവ്യം സാർവത്രികമായി നിറവേറ്റുന്നതിൽ അല്മായർക്ക് സുപ്രധാനമായൊരു സ്ഥാനമുണ്ട്. അതുകൊണ്ട്, അവർ തങ്ങളുടെ ഭൗതിക വിജ്ഞാനത്തിലുള്ള കാര്യക്ഷമത വഴിയും കൃപാവരം വഴിയും ആന്തരികമായി ഉദ്ധരിക്കപ്പെട്ട പ്രവർത്തനം വഴിയും തീക്ഷ്ണമായ സേവനം ചെയ്യട്ടെ. ഇത് സൃഷ്ടവസ്തുക്കൾ സൃഷ്ടാവിന്റെ ക്രമവത്കരണത്തിനും അവിടത്തെ വചനത്തിന്റെ പ്രകാശത്തിനുമനുസരിച്ച് മനുഷ്യപ്രയത്നത്താലും സാങ്കേതികവിദ്യയാലും പൗരസംസ്കാരത്താലും സകല മനുഷ്യരുടെയും പ്രയോജനത്തിനായി കൂടുതൽ മെച്ചമാക്കപ്പെടുന്നതിനും കൂടുതൽ അനുരൂപമായവിധം അവരുടെയിടയിൽ അവ വിതരണം ചെയ്യപ്പെടുന്നതിനും അങ്ങനെ, മാനുഷികവും ക്രിസ്തീയവുമായ സ്വാതന്ത്ര്യത്തിലേക്കു ലോകം പ്രത്യേക വിധം സാർവത്രികപുരോഗതി പ്രാപിക്കുന്നതിനും വേണ്ടിയാണ്. അങ്ങനെ മിശിഹാ തന്റെ സഭയുടെ അംഗങ്ങൾ വഴി മനുഷ്യസമൂഹം മുഴുവൻ തന്റെ രക്ഷാകരമായ പ്രകാശത്താൽ ഉത്തരോത്തരം പ്രകാശിപ്പിക്കും.

കൂടാതെ, അല്മായർ സംഘടിതശക്തിവഴി സാധാരണഗതിയിൽ പാപത്തിലേക്കു പ്രേരിപ്പിക്കുന്ന ലോകത്തിന്റെ വ്യവസ്ഥിതികളും പരിതോവസ്ഥകളും നീതിയുടെ നിയമങ്ങൾക്കനുസൃതമാക്കി, നന്മയുടെ അനുഷ്ഠാനത്തിനു തടസ്സമാകാതെ വളർത്തുന്നവയാകണം. ഇങ്ങനെ ചെയ്യുന്നതുവഴി മാനവസംസ്കാരവും പ്രവർത്തനങ്ങളും ധാർമികശക്തിയാൽ നിറയും. ഈ രീതിയിൽ ലോകമാകുന്ന കൃഷിഭൂമി ദൈവജനമാകുന്ന വിത്തിനുവേണ്ടി കൂടുതൽ ഭംഗിയായി ഒരുക്കപ്പെടും. അതോടൊപ്പം, ലോകത്തിൽ സമാധാനത്തിന്റെ വിളംബരം പ്രവേശിക്കത്തക്കവിധം സഭയുടെ കവാടങ്ങൾ മലർക്കെ തുറക്കപ്പെടും.

രക്ഷാവ്യവസ്ഥിതിയുടെ അടിസ്ഥാനത്താൽത്തന്നെ സഭയിൽ വിശ്വാസികൾ ഒന്നുചേർക്കപ്പെട്ടവരെന്ന നിലയിലും മാനവസമൂഹത്തിലെ അംഗങ്ങളെന്ന നിലയിലും തങ്ങളുടെ അവകാശങ്ങളും കടമകളും തമ്മിൽ നന്നായി വിവേചിച്ചറിയാൻ പഠിച്ചിരിക്കണം.

ഏതു ഭൗതികകാര്യത്തിലും ക്രിസ്തീയമനഃസാക്ഷിയാൽ നയിക്കപ്പെടാൻ കടമയുണ്ടെന്നു മനസ്സിലാക്കിക്കൊണ്ട് അവ രണ്ടും പരസ്പരം പൊരുത്തപ്പെടുത്താൻ പരിശ്രമിക്കണം. കാരണം, ഒരു മനുഷ്യപ്രവർത്തനവും കേവലം ഭൗതികവ്യാപാരത്തിൽ പോലും, ദൈവത്തിന്റെ ഭരണത്തിൽനിന്ന് അകന്നുനില്ക്കാൻ പോരുന്നവയല്ല. ആധുനികകാലത്ത് വിശ്വാസികളുടെ പ്രവർത്തനരീതിയിൽ ഈ വ്യത്യാസവും അതേസമയം പൊരുത്തവും കഴിവുള്ളിടത്തോളം വ്യക്തമായി തെളിച്ചുകാട്ടുക അവശ്യാവശ്യമാണ്. അതുവഴി മാത്രമേ ഈ ലോകത്തിന്റെ ഇന്നത്തെ പരിതഃസ്ഥിതികളോട് സഭയുടെ പ്രത്യേകദൗത്യത്തിന് കൂടുതൽ അനുരൂപമായി പ്രതികരിക്കാൻ കഴിയുകയുള്ളൂ. ഭൗമിക പൗരാവകാശങ്ങൾ ലൗകികതാത്പര്യങ്ങളോട് നൈയാമികമായി ബന്ധപ്പെട്ടവയായതുകൊണ്ട് അവയുടെ നിയമങ്ങളാൽ ഭരിക്കപ്പെടേണ്ടതാണെന്ന് അംഗീകരിക്കേണ്ടിയിരിക്കുന്നു. എങ്കിലും അതുപോലെതന്നെ, മതപരമായ ചിന്തയുടെ സ്വഭാവംപോലുമില്ലാതെ സമൂഹം വാർത്തെടുക്കാൻ പരിശ്രമിക്കുകയും മതപരമായ പൗരസ്വാതന്ത്ര്യം ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ദൗർഭാഗ്യകരമായ തത്ത്വം പൂർണമായും നിഷേധിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

37 ഹയരാർക്കിയോടുള്ള ബന്ധം

അല്മായർക്ക് എല്ലാ ക്രിസ്തീയവിശ്വാസികളെയുംപോലെതന്നെ സഭയുടെ ആത്മികസമ്പത്തിൽനിന്ന് ദൈവവചനത്തിന്റെയും കൂദാശകളുടെയും ശുശ്രൂഷകൾ അജപാലകർവഴിയായി സമൃദ്ധമായി സ്വീകരിക്കാൻ അവകാശമുണ്ട്. അവരാകട്ടെ, തങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും ദൈവമക്കളെന്നനിലയ്ക്കും മിശിഹായിൽ സഹോദരന്ന നിലയ്ക്കും സ്വാതന്ത്ര്യത്തോടും വിശ്വാസത്തോടും കൂടെ വെളിപ്പെടുത്തുകയും വേണം. തങ്ങളുടെ വിജ്ഞാനവും കാര്യക്ഷമതയും പ്രത്യേക വൈദഗ്ധ്യവും നിമിത്തം സ്വന്തം അഭിപ്രായം സഭയുടെ നന്മയെ ബാധിക്കുന്ന കാര്യങ്ങളിൽ വെളിപ്പെടുത്താൻ അവർക്ക് അവകാശവും ചിലപ്പോൾ കടമയുമുണ്ട്. സന്ദർഭം വരുമ്പോൾ ഇതു ചെയ്യുന്നത്, സഭ ഇതിനായി സ്ഥാപിച്ചിരിക്കുന്ന സംവിധാനങ്ങൾവഴിയും എപ്പോഴും സത്യത്തിലും ആത്മധൈര്യത്തിലും വിവേകത്തിലും അജപാലകന്മാരോടുള്ള ബഹുമാനത്തിലും സ്നേഹത്തിലുമായിരിക്കണം. കാരണം, വിശുദ്ധ ദൗത്യത്താൽത്തന്നെ അജപാലകന്മാർ മിശിഹായുടെ വ്യക്തിത്വം ധരിക്കുന്നു.

മിശിഹായുടെ പ്രാതിനിധ്യം വഹിക്കുന്നവരെപ്പോലെ സഭയിൽ പ്രബോധകന്മാരും ഭരണകർത്താക്കളുമെന്ന നിലയിൽ അജപാലകന്മാരെടുക്കുന്ന തീരുമാനങ്ങൾ അല്മായർ എല്ലാവരും ക്രിസ്തീയവിശ്വാസികളെന്നനിലയിൽ ക്രിസ്തീയ അനുസരണത്തോടെ ഉത്സാഹപൂർവം സ്വീകരിക്കണം. മരണം ഏറ്റുവാങ്ങുന്നിടത്തോളമുള്ള തന്റെ അനുസരണത്തിലൂടെ എല്ലാ മനുഷ്യർക്കും ദൈവമക്കളുടെ അനുഗൃഹീതമായ സ്വാതന്ത്ര്യത്തിലേക്കുള്ള വഴിതുറന്ന മിശിഹായുടെ മാതൃകയാണ് അവർ സ്വീകരിക്കേണ്ടത്. പ്രാർത്ഥനവഴി സ്വന്തം അധികാരികളെ ദൈവത്തിനു സമർപ്പിക്കാനും അവർ ഉപേക്ഷവിചാരിക്കരുത്. കണക്കുകേൾപ്പിക്കാൻ കടമയുള്ള മനുഷ്യരെപ്പോലെ നമ്മുടെ ആത്മാക്കളുടെമേല്നോട്ടം വഹിക്കുന്ന അവർ നെടുവീർപ്പുകളോടെയല്ല; സന്തോഷത്തോടെ അതു ചെയ്യാൻ ഇടയാകട്ടെ (ഹെബ്രാ 13:17).

വിശുദ്ധ അജപാലകന്മാർ അല്മായർക്ക് സഭയിലുള്ള പദവിയും ഉത്തരവാദിത്വവും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. അവരുടെ വിവേകപൂർണമായ ഉപദേശങ്ങൾ സന്തോഷത്തോടെ പ്രയോജനപ്പെടുത്തണം. അവരിൽ വിശ്വാസമർപ്പിച്ച് സഭയുടെ ശുശ്രൂഷയ്ക്കുള്ള കർത്തവ്യങ്ങൾ ഭരമേല്പിക്കണം. അവർക്കു പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവും അവസരവും നല്കണം. അവർ സ്വമേധയാ പ്രവർത്തനങ്ങളിൽ ഏർപ്പെടത്തക്കവിധം അവർക്കു ധൈര്യം പകരുകയും ചെയ്യണം. അല്മായർ നിർദേശിക്കുന്ന സംരംഭങ്ങളും താത്പര്യങ്ങളും ആഗ്രഹങ്ങളും പിതൃസഹജമായ സ്നേഹത്തോടെ മിശിഹായിൽ ശ്രദ്ധാപൂർവം പരിഗണിക്കണം. ഭൗതികരാഷ്ട്രത്തിൽ എല്ലാവർക്കും അവകാശമുള്ള നീതിയുക്തമായ സ്വാതന്ത്ര്യം അജപാലകന്മാർ ശ്രദ്ധാപൂർവം അംഗീകരിക്കണം.

അല്മായരും അജപാലകന്മാരും തമ്മിലുള്ള ഈ ഉറ്റസമ്പർക്കംമൂലം സഭയ്ക്ക് വളരെയേറെ നന്മ പ്രതീക്ഷിക്കാനുണ്ട്. കാരണം, ഇങ്ങനെ അല്മായരിൽ സ്വന്തം ഉത്തരവാദിത്വത്തെപ്പറ്റിയുള്ള ബോധം ശക്തിപ്പെടുത്തുകയും ഉത്സാഹം വർധിപ്പിക്കുകയും കൂടുതൽ എളുപ്പത്തിൽ അല്മായരുടെ കഴിവുകളോട് അജപാലകന്മാരുടെ പ്രവർത്തനങ്ങൾ സംയോജിപ്പിക്കുകയും ചെയ്യാം. അജപാലകന്മാർക്കാകട്ടെ, അല്മായരുടെ പരിചയസമ്പത്തിന്റെ സഹായത്താൽ ആത്മികവും ഭൗതികവുമായ കാര്യങ്ങളിൽ കൂടുതൽ വ്യക്തമായും യുക്തമായും തീരുമാനങ്ങളെടുക്കാൻ കഴിയുകയും ചെയ്യും. അങ്ങനെ, സഭയ്ക്കു മുഴുവൻ, എല്ലാ അംഗങ്ങളാലും ശക്തിപ്രാപിച്ച്, ലോകത്തിന്റെ ജീവനുവേണ്ടിയുള്ള തന്റെ ദൗത്യം കൂടുതൽ ഫലപ്രദമായി നിറവേറ്റാൻ കഴിയും.

38 അല്മായർ ലോകത്തിന്റെ ചൈതന്യം

ഓരോ അല്മായനും ലോകത്തിനു മുമ്പിൽ ഉത്ഥാനത്തിന്റെയും ഈശോയുടെയും ജീവന്റെയും സാക്ഷിയും ജീവനുള്ള ദൈവത്തിന്റെ അടയാളവുമായിരിക്കണം. എല്ലാവരും ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും തങ്ങളുടെ കഴിവിനൊത്ത് ലോകത്തെ ആത്മിക ഫലങ്ങളാൽ ധന്യമാക്കാൻ കടപ്പെട്ടിരിക്കുന്നു (ഗലാ 5:22). സുവിശേഷത്തിൽ കർത്താവ് ഭാഗ്യവാന്മാരെന്നു പ്രഖ്യാപിച്ച ദരിദ്രരിലും ശാന്തശീലരിലും സമാധാനമുണ്ടാക്കുന്നവരിലും ചൈതന്യം പകരുന്ന (മത്താ 5:3-9) മനോഭാവം ലോകത്തിൽ ചൊരിയുന്നതിനും അവർക്കു കടമയുണ്ട്. ഒറ്റവാക്കിൽ, “ശരീരത്തിൽ ആത്മാവെന്നപോലെയാണ്, ഈ ലോകത്തിൽ ക്രിസ്ത്യാനി".

 അല്മായർ  അല്മായർ സഭയിൽ അല്മായരുടെ സ്ഥാനവും ദൗത്യവും ദൈവജനത്തിൽ അല്മായരുടെ മാഹാത്മ്യം അല്മായ പ്രേഷിതത്വം അല്മായരുടെ പുരോഹിതദൗത്യം അല്മായരുടെ പ്രവാചകദൗത്യവും സാക്ഷ്യവും അല്മായരുടെ രാജത്വം അല്മായർ ലോകത്തിന്റെ ചൈതന്യം Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message