x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

ചെന്തേസ്സിമൂസ് അന്നൂസ് : ജോണ്‍ പോള്‍ II

Authored by : Mar Joseph Pamplany On 29-Jan-2021

റേരും നൊവാരുമിന്‍റെ നൂറാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി 1991 മെയ് 1-ാം തീയതി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഒപ്പുവച്ച ചാക്രികലേഖനമാണ് "ചെന്തേസ്സിമൂസ് അന്നൂസ്" അഥവാ നൂറാം വര്‍ഷം എന്നത്. ലെയോ മാര്‍പാപ്പ നല്‍കിയ തത്ത്വങ്ങളുടെ ചിരകാലപ്രസക്തി അനുസ്മരിപ്പിക്കുന്നതിനുവേണ്ടി അവയെ ഒന്നു പിന്തിരിഞ്ഞു നോക്കാനും ഈ കാലഘട്ടത്തിലെ പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാനായി ചുറ്റുപാടുകളെ വീക്ഷിക്കാനും മൂന്നാം സഹസ്രാബ്ദത്തിലേക്ക് കാലെടുത്തുവയ്ക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഭാവിയിലേക്ക് ഉറ്റുനോക്കാനും ( No.30) ശ്രമം നടത്തുകയാണ് ഈ ചാക്രികലേഖനത്തില്‍ മാര്‍പാപ്പ. ഈ രേഖയില്‍ കഴിഞ്ഞ നൂറുവര്‍ഷക്കാലത്തെ പ്രസക്തമായ ചരിത്രം അനാവരണം ചെയ്യപ്പെടുന്നുണ്ട്. തൊഴില്‍, രാഷ്ട്രീയ സാമൂഹ്യമേഖലകളില്‍ അരങ്ങേറിയ പരിവര്‍ത്തനങ്ങളെ സംബന്ധിച്ച് മാര്‍പാപ്പ നല്‍കുന്ന വിശകലനം ശ്രദ്ധേയമാണ്. റേരും നൊവാരുമിന്‍റെ സ്വാധീനഫലമായി തൊഴില്‍ മേഖലയില്‍ പ്രത്യേകിച്ചും രൂപപ്പെട്ട പരിഷ്കാരങ്ങള്‍, തൊഴിലാളി പ്രസ്ഥാനത്തിന്‍റെ വളര്‍ച്ച, യുദ്ധങ്ങള്‍, യുദ്ധസന്നാഹങ്ങള്‍, കമ്മ്യൂണിസം, കൊളോണിയലിസത്തിന്‍റെ തിരോധാനം, മനുഷ്യാവകാശങ്ങളുടെ വ്യാപകമായ അംഗീകാരം തുടങ്ങിയവ ചര്‍ച്ചാവിഷയങ്ങളായിട്ടുണ്ട്.

സോഷ്യലിസ (കമ്മ്യൂണിസ്സ) ത്തിന്‍റെ അപകടത്തെ സംബന്ധിച്ച് ലെയോ മാര്‍പാപ്പ നടത്തിയ വിധിനിര്‍ണ്ണയം അക്ഷരശ: വാസ്തവമായതിന്‍റെ ചാരിതാര്‍ത്ഥ്യം പ്രകടമാക്കുന്നതോടൊപ്പം  അടിയന്തിരമായി ലോകസമൂഹം ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. അന്താരാഷ്ട്രസംവിധാനം, മനുഷ്യകേന്ദ്രീകൃതമായ വികസനം, വ്യാപാര-വ്യവസായ -രാഷ്ട്രീയ മേഖലകള്‍ക്ക് ഉണ്ടാകേണ്ട ധാര്‍മ്മികമൂല്യങ്ങളുടെ അടിത്തറ,  സ്വതന്ത്രകമ്പോളത്തിന്‍റെ നേട്ടങ്ങളും പരിമിതികളും തുടങ്ങിയ ആശയങ്ങള്‍ ഇതില്‍ ചര്‍ച്ചാവിഷയങ്ങളാണ്.

 1. റേരും നൊവാരുമിന്റെ സവിശേഷതകള്‍ (No .0421)

ലെയോ പതിമൂന്നാമന്‍ തന്‍റെ കാലത്തെ "പുതിയ കാര്യങ്ങളെ" സംബന്ധിച്ച് നല്‍കിയ പ്രധാന പഠനങ്ങള്‍ സംക്ഷിപ്തമായി വിവരിക്കുന്നു. ഇതിന്‍റെ ആദ്യ അദ്ധ്യായത്തില്‍ സ്വകാര്യസ്വത്ത്, തൊഴില്‍, തൊഴിലാളികളുടെ അവകാശങ്ങള്‍, പാവപ്പെട്ടവരോടുള്ള പ്രത്യേക സ്നേഹം തുടങ്ങിയവയാണ് പ്രധാനമായും പരാമര്‍ശിക്കപ്പെടുക. ലെയോ മാര്‍പാപ്പ ഇവയെ സംബന്ധിച്ച് നല്‍കിയിട്ടുള്ള പഠനങ്ങളുടെ പുതിയ മാനങ്ങളും ആനുകാലിക പ്രസക്തിയും പഠനവിഷയമായ ഈ രേഖ പ്രതിപാദിക്കുന്നുണ്ട്.

സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ അപഗ്രഥിക്കാനും അവയെപ്പറ്റി വിധിതീര്‍പ്പ് കല്‍പ്പിക്കാനുമുള്ള സഭയുടെ കടമയും അവകാശവും പൊതുവേ അംഗീകരിക്കപ്പെടാതിരുന്ന കാലത്താണ് ലെയോ മാര്‍പാപ്പ റേരും നൊവാരും പുറപ്പെടുവിച്ചുകൊണ്ട് പുതിയൊരു സമീപനം സ്വീകരിച്ചതെന്ന വസ്തുത ജോണ്‍ പോള്‍ രണ്ടാമന്‍ ചൂണ്ടികാണിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. വിശ്വാസജീവിതം ലൗകീക ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടു നില്‍ക്കുന്നുവെന്ന സത്യമാണ് റേരും നൊവാരും പ്രസദ്ധീകരിക്കുക വഴി വ്യക്തമാക്കപ്പെട്ടത്. അന്നുമുതല്‍ രൂപം കൊള്ളാന്‍ തുടങ്ങിയ സഭയുടെ സാമൂഹിക സിദ്ധാന്തം അന്നത്തേതുപോലെ ഇന്നും സുവിശേഷവത്കരണത്തിന്‍റെ അവിഭാജ്യഘടകമാണെന്ന പ്രസ്താവം (No .5) പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സഭയുടെ സാമൂഹിക പ്രബോധനങ്ങളെ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയെന്നത് "പുതിയ സുവിശേഷവത്കരണ"ത്തിന്‍റെ സത്താപരമായ ഭാഗമായി കണക്കാക്കാന്‍ മാര്‍പാപ്പ ഇവിടെ ആഹ്വാനം ചെയ്യുന്നുണ്ട്. റേരും നൊവാരുമിനെപ്പറ്റിയുള്ള പല പരാമര്‍ശനങ്ങളും ഇതിനു മുമ്പുള്ള അദ്ധ്യായങ്ങളില്‍ വന്നിട്ടുള്ളതുകൊണ്ട് ഈ ചര്‍ച്ച ഇവിടെ ദീര്‍ഘിപ്പിക്കുന്നില്ല.

 1. ഇന്നത്തെ "പുതിയ കാര്യങ്ങള്" (No .12-21)

1891-ലെ "പുതിയ കാര്യങ്ങ"ളായിരുന്നു റേരും നൊവാരും ചര്‍ച്ച ചെയ്തത്. നൂറുവര്‍ഷം കഴിഞ്ഞ് ഇന്ന് നമ്മുടെ കണ്‍മുമ്പില്‍ അരങ്ങേറുന്ന പ്രസക്തങ്ങളായ പുതിയ കാര്യങ്ങളാണ് ചെന്തേസ്സിമൂസ് അന്നൂസ് എന്ന രേഖ ചര്‍ച്ച ചെയ്യുക.

 • 1989 -ന്‍റെ അവസാനത്തിലും 1990 ആരംഭത്തിലുമായി കമ്മ്യൂണിസ്റ്റു രാജ്യങ്ങള്‍ സോഷ്യലിസത്തിന്‍റെ പാത ഉപേക്ഷിച്ചു; കമ്മ്യൂണിസം അപ്പാടെ തിരസ്ക്കരിക്കപ്പെട്ടു. സോഷ്യലിസ്സത്തിന്‍റെ യുക്തിരാഹിത്യത്തെയും അതുണര്‍ത്തുന്ന അപകടസാധ്യതയേയും സംബന്ധിച്ച് ലെയോ 13-ാമനും അദ്ദേഹത്തിന്‍റെ അനന്തരഗാമികളും ചെയ്ത പ്രവചനങ്ങള്‍ അക്ഷരശ്ശ: യാഥാര്‍ത്ഥ്യമായി എന്നാണ് ഈ പുതിയ കാര്യം വ്യക്തമാക്കുന്നത്. ലോകത്തിലെ വലിയൊരു ശതമാനം മനുഷ്യര്‍ക്ക് പ്രതീക്ഷയുടെ പ്രതീകമായിരുന്ന മാര്‍ക്സിസം അടിമത്തത്തിന്‍റെയും അരാജകത്വത്തിന്‍റെയും പ്രത്യയശാസ്ത്രമാണെന്ന സഭയുടെ പഠനത്തിന്‍റെ യുക്തി ഭദ്രതയും ഈ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു (No.11).                           
 • റേരും നൊവാരും പിന്നീട് നല്‍കപ്പെട്ട സാമൂഹിക പ്രബോധനരേഖകളും തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യംവച്ച് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കുറേയേറെ പ്രാവര്‍ത്തികമാക്കപ്പെട്ടു. സാമൂഹികസുരക്ഷിതത്വം, പെന്‍ഷന്‍, ആരോഗ്യസംബന്ധമായ ഇന്‍ഷുറന്‍സ്, അപകട സന്ദര്‍ഭങ്ങളിലുള്ള നഷ്ടപരിഹാരം എന്നിവ ഇവയില്‍പ്പെടുന്നു. തൊഴിലാളികളുടെ അവകാശങ്ങളെപ്പറ്റിയുള്ള വര്‍ദ്ധമാനമായ ബോദ്ധ്യമാണ് ഇതിനു വലിയൊരു കാരണം. തൊഴിലാളി സംഘടനകള്‍ ശക്തമായെന്നതും പ്രസക്തം തന്നെ (No .16).                                                                                                                                       
 • റേരും നൊവാരുമിന്‍റെ സ്വാധീനഫലമായി ഉത്പാദന - ഉപഭോക്തൃ വായ്പാ സഹകരണസംഘങ്ങള്‍ രൂപവല്‍കരിക്കുന്നതില്‍ സഭാംഗങ്ങള്‍ കാര്യമായ സംഭാവന നല്‍കി. ലെയോ മാര്‍പാപ്പയുടെ ചാക്രിക ലേഖനം ഇങ്ങനെ പലതരത്തിലുള്ള സ്വാധീനം സാമൂഹികജീവിത ക്രമത്തില്‍ ചെലുത്തിയിട്ടുണ്ട് (No.16).                                                                                                                           
 • സ്വാതന്ത്ര്യത്തെ സംബന്ധിച്ച് സമൂഹത്തില്‍ വളര്‍ന്നുവന്ന തെറ്റായ ധാരണ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. സത്യവും മറ്റുള്ളവരുടെ അവകാശങ്ങളും നിരാകരിച്ചുകൊണ്ട് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനുള്ള അവകാശമായി സ്വാതന്ത്ര്യത്തെ ആധുനിക സംസ്ക്കാരം തരംതാഴ്ത്തുന്നുവെന്നത് വേറൊരു പുതിയ വസ്തുതയാണ്.                                                  
 • പരാമര്‍ശനവിഷയമാകുന്ന മറ്റൊരു "പുതിയ കാര്യം"1914-നും 1945 - നും ഇടയ്ക്കുണ്ടായ രണ്ടു ലോകമഹായുദ്ധങ്ങളും അതിനുശേഷം ഉണ്ടായ ആഗോളവ്യാപകമായ യുദ്ധസന്നാഹങ്ങളുമാണ്. മനുഷ്യാവകാശങ്ങള്‍ പലയിടത്തും ക്രൂരമായ വിധം ലംഘിക്കപ്പെട്ടു. യഹൂദ ജനതയ്ക്കു നേരിടേണ്ടിവന്ന ദുരന്തം പ്രമാണരേഖ ഇവിടെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. അവരനുഭവിച്ച ഭീകരമായ ദുര്‍വിധി, മനുഷ്യന്‍ ദൈവത്തെ ധിക്കരിക്കുമ്പോള്‍ അവനു ചെയ്യാന്‍ കഴിയുന്ന ക്രൂരതയുടെ അടയാളമായി തീര്‍ന്നിരിക്കുന്നു (No .17).                                                                                                                                           
 • കമ്മ്യൂണിസത്തിന്‍റെ പിടിയിലമര്‍ന്ന പൂര്‍വ്വയൂറോപ്യന്‍ രാജ്യങ്ങളിലെ മനുഷ്യര്‍ അടിച്ചമര്‍ത്തപ്പെടുകയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള അവരുടെ സംസ്ക്കാരിക പൈതൃകം നശിപ്പിക്കാന്‍ ശ്രമം നടക്കുകയും ചെയ്തു.                                                                                               
 • പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള എതിര്‍പ്പിന്‍റെ ഫലമായി വന്‍കിട രാജ്യങ്ങള്‍ തങ്ങളുടെ സ്വാര്‍ത്ഥപരമായ നേട്ടങ്ങള്‍ക്കുവേണ്ടി മൂന്നാം ലോകരാജ്യങ്ങള്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ ഊതിവീര്‍പ്പിക്കുകയും യുദ്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്നത് ഈ കാലഘട്ടത്തിലെ ശ്രദ്ധേയമായ കാര്യമാണ്. ഭ്രാന്തമായ ആയുധമത്സരത്തിന് കാരണമായതുകൊണ്ട് വികസനത്തിന് ഉപയുക്തമാകേണ്ടിയിരുന്ന സമ്പത്തും ശാസ്ത്രീയ നേട്ടങ്ങളും യുദ്ധസന്നാഹത്തിനായി ഉപയോഗിക്കപ്പെട്ടു.                                                                                                                                              
 • ആധുനിക കാലഘട്ടത്തിലെ മറ്റൊരു പ്രശ്നം ഭീകര പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയാണ്. രാഷ്ട്രീയവും സൈനികവുമായ പിന്തുണ അവര്‍ക്കു ലഭിക്കുന്നുവെന്നത് ദുഃഖകരമായ സത്യമാണ് (No .18).                                                                                                          
 • യുദ്ധാനന്തര ചരിത്രത്തില്‍ ജനാധിപത്യരീതികള്‍ സാമൂഹിക ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നു. നീതിയില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തിന്‍റെ രൂപവല്‍ക്കരണമായിരുന്നു ഇതിന്‍റെ ലക്ഷ്യം. തൊഴിലാളികളുടെ അവകാശങ്ങള്‍ കൂടുതല്‍ കൂടുതല്‍ അംഗീകരിക്കപ്പെടുന്നതിനും തൊഴിലിനെ വെറും ഒരു കച്ചവടചരക്കായി കാണുന്ന രീതിക്ക് മാറ്റം വരുത്തുന്നതിനും ഇതു സഹായകമായിട്ടുണ്ട് (No.19).                                                        
 • സാമ്പത്തിക മേഖലയില്‍ മത-ധാര്‍മ്മിക മൂല്യങ്ങളുടെ നിയന്ത്രണാധികാരത്തെ ചോദ്യം ചെയ്യുകയും ഭൗതികനേട്ടത്തെ ഏറ്റവും ഉന്നതമായ ലക്ഷ്യമായി പരിഗണിക്കുകയും ചെയ്യുന്ന മുതലാളിത്ത സംസ്ക്കാരത്തിന്‍റെ വളര്‍ച്ച മാര്‍ക്സിസത്തെപ്പോലെ തന്നെ മനുഷ്യനെ വെറും സാമ്പത്തികതലത്തിലേക്ക് തരം താഴ്ത്തി (No .19).                                                   
 • കോളനികളുടെ സ്വാതന്ത്ര്യലബ്ധിയാണ് മറ്റൊരു പുതിയ കാര്യം വിദേശരാജ്യങ്ങളുടെ പലതരത്തിലുള്ള നിയന്ത്രണങ്ങള്‍ അവയുടെ വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്ന വസ്തുത പ്രസക്തമാണിവിടെ (No.20).                                                              
 • അവസാനമായി രണ്ടാംലോകമഹായുദ്ധത്തിനു ശേഷം ആവിര്‍ഭവിച്ചിട്ടുള്ള വലിയൊരു കാര്യമാണ് മനുഷ്യാവകാശങ്ങളെ സംബന്ധിച്ചുണ്ടായ വ്യാപകമായ അവബോധം. ഐക്യരാഷ്ട്രസംഘടനയാണ് ഈ അവബോധസൃഷ്ടിക്കു നേതൃത്വം കൊടുത്തത്. പരിശുദ്ധ സിംഹാസനവും ഈ രംഗത്തു കാര്യമായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്.
 1. .1989 -ാം വര്ഷം (No. 22 - 29)

കമ്മ്യൂണിസ്റ്റു രാജ്യങ്ങളില്‍ 1989-ല്‍ അരങ്ങേറിയ നാടകീയ സംഭവങ്ങളെ വിലയിരുത്തുകയാണ് ചാക്രിക ലേഖനം, അതിന്‍റെ മൂന്നാം അധ്യായത്തില്‍. മനുഷ്യന്‍ ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടവനാണെന്നും തന്മൂലം അവന് സ്വയംഭരണാധികാരവും വിവിധ സ്വാതന്ത്ര്യങ്ങളുമുണ്ടെന്നുള്ള പഠനമാണ് ആത്യന്തികമായി വിസ്മയകരമായ ഈ പരിവര്‍ത്തനത്തിന് വഴിതെളിച്ചതെന്ന സത്യം പരിശുദ്ധപിതാവ് ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട്. പ്രതീക്ഷകള്‍ ഉണര്‍ത്തുന്ന ഈ മാറ്റത്തിന്‍റെ സവിശേഷതകളും കാരണങ്ങളും രേഖ അക്കമിട്ട് നിരത്തുന്നുണ്ട്.

 • സ്വകാര്യസ്വത്തവകാശം, സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ മുന്‍കൈ എടുക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയവയുടെ നിഷേധംമൂലം കമ്മ്യൂണിസ്റ്റു രാജ്യങ്ങളില്‍ പ്രകടമായ സാമ്പത്തിക തകര്‍ച്ചയും തന്മൂല മുണ്ടായ അസ്വസ്ഥതകളും കമ്മ്യൂണിസത്തിന്‍റെ അധ:പതനത്തിന്‍റെ കാരണങ്ങളാണ്. പോളണ്ടില്‍ സോളിഡാരിറ്റി എന്ന സംഘടന കൈവരിച്ച വിജയം ഈ മാറ്റങ്ങളുടെ ഒരു മുന്നോടിയായിരുന്നു.                                                                                                                                                        
 • ഏറ്റവും അടിസ്ഥാനപരമായ കാരണം ആ രാജ്യങ്ങളില്‍ അനുഭവപ്പെട്ട ആധ്യാത്മിക പാപ്പരത്തമാണ്. ദൈവവിശ്വാസത്തിന്‍റെ വേരറുക്കുവാന്‍ മാര്‍ക്സിസം നടത്തിയ ശ്രമം മനുഷ്യമനസ്സുകളില്‍ സൃഷ്ടിച്ച അരാജകത്വം ഈ പുതിയ മാറ്റത്തിനു ശക്തി പകര്‍ന്നു.                                                                                                                                                        
 • വിശ്വാസികളുടെ നിരന്തരമായ പ്രാര്‍ത്ഥനയും മാര്‍ക്സിസവുമായി സഭ നടത്തിയ സംവാദവും അവയുടെതായ പങ്ക് ഈ മാറ്റത്തിന്‍റെ പുറകില്‍ വഹിച്ചിട്ടുണ്ട്.                                                                                                                                                   
 • ചരിത്രത്തിന്‍റെ നാഥനായ ദൈവം തന്‍റെ സ്നേഹപൂര്‍ണ്ണമായ പരിപാലനവഴി മനുഷ്യകുലത്തിന്‍റെ ഭാഗധേയങ്ങളെ നിയന്ത്രിക്കുന്നതിന്‍റെ ഉത്തമോദാഹരണമാണ് 1989 - ലെ സംഭവവികാസങ്ങള്‍.
 1. സ്വകാര്യസ്വത്തവകാശവും അതിന്റെ സാമൂഹികമാനവും

സ്വത്തവകാശത്തെസംബന്ധിച്ച് ലെയോ മാര്‍പാപ്പയുടെ പഠനത്തെ ഇന്നത്തെ സാഹചര്യത്തില്‍ പുനര്‍വ്യാഖ്യാനം ചെയ്യുകയാണ് പ്രധാനമായും ചാക്രികലേഖനം ഈ അദ്ധ്യായത്തില്‍. സ്വതന്ത്രകമ്പോളം, മുതലാളിത്ത സമ്പ്രദായം, വികസിത രാഷ്ട്രങ്ങളിലെ പ്രശ്നങ്ങള്‍, മാനുഷിക പരിസ്ഥിതി നശീകരണം, കണ്‍സ്യൂമറിസം തുടങ്ങിയ കാര്യങ്ങളും ഇവിടെ ചര്‍ച്ചാവിഷയമാണ്.

 • സാങ്കേതികമായ അറിവും വൈദഗ്ധ്യവും സ്വകാര്യ സ്വത്തിനായിത്തീര്‍ന്നിരിക്കുന്നു എന്നത് ഈ കാലഘട്ടത്തിന്‍റെ ഒരു സവിശേഷതയാണ്. പ്രകൃതിവിഭവങ്ങളെക്കാള്‍ ഇവയ്ക്കാണ് ഇന്നു സ്വകാര്യ സ്വത്തവകാശത്തിന്‍റെ രംഗത്ത് പ്രധാന്യമുള്ളത്. ഇതോടൊപ്പം വ്യവസായിക- വാണിജ്യമേഖലകളിലെ സംഘടനാവൈഭവം, സാമ്പത്തിക കാര്യങ്ങളില്‍ മുന്‍കൈയെടുക്കാനുള്ള സാമര്‍ത്ഥ്യം തുടങ്ങിയവയും വിലപ്പെട്ടതായി ഭവിച്ചു.                                                                                  
 • ഈ സാഹചര്യത്തിലെ പുതിയ കാര്യം ലോകജനസംഖ്യയിലെ വലിയൊരു ശതമാനംപേര്‍ക്കും സാങ്കേതികജ്ഞാനത്തിലും വൈദഗ്ധ്യത്തിലും പങ്കുചേരാനാകുന്നില്ലെന്ന അവസ്ഥയാണ്. അവര്‍ പ്രാമാണ്യമോ സ്വാധീനമോ തീര്‍ത്തും കുറഞ്ഞ വ്യക്തികളായി സമൂഹത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ഭൗതികവസ്തുക്കളുടെ അഭാവത്തോടൊപ്പം സാങ്കേതിക അറിവിന്‍റെയും പരിശീലനത്തിന്‍റെയും കുറവുകൂടി ഇന്നത്തെ ദരിദ്രര്‍ക്കുണ്ട് (No.33).                                                                              
 • ലാഭനഷ്ടങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന സ്വതന്ത്രവ്യാപാരത്തിന് ഒരുതരത്തിലും മനുഷ്യന്‍റെ എല്ലാ ആവശ്യങ്ങളും നിറവേറ്റി കൊടുക്കാനാവില്ല. തനിക്ക് അടിസ്ഥാനപരമായി ആവശ്യമുള്ളതെല്ലാം വിലകൊടുത്തു വാങ്ങുവാന്‍ കഴിവില്ലാത്ത വ്യക്തികള്‍ക്കും അവ ലഭിക്കാന്‍ സ്വാഭാവികനീതി അവകാശം നല്‍കുന്നുണ്ട്. അതു സാധ്യമാക്കാന്‍ സ്വതന്ത്രവ്യാപാരം പര്യാപ്തമല്ലെന്ന വസ്തുത, ചാക്രികലേഖനം അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. ധാര്‍മ്മികവും മാനുഷികവുമായ പരിഗണനകള്‍ ഇതിന് ആവശ്യമാണ്. ലാഭം മാത്രമാകരുത്, വ്യാപാരത്തിന്‍റെ ലക്ഷ്യം. (No.34-35).                             
 • റേരും നൊവാരും ലക്ഷ്യംവച്ച കുടുംബവേതനം, പ്രായാധിക്യം, ജോലിയില്ലായ്മ തുടങ്ങിയ അവസ്ഥകള്‍ക്കുള്ള ഇന്‍ഷുറന്‍സ്, നീതിപൂര്‍വ്വകമായ തൊഴില്‍ വ്യവസ്ഥകള്‍ എന്നിവ ഇന്നും വികസ്വര രാജ്യങ്ങളില്‍ സാക്ഷാത്കരിക്കപ്പെടാനുണ്ട് (No.34).                                                                                     

 സമ്പന്നരാജ്യങ്ങള്ഉയര്ത്തുന്ന പ്രശ്നങ്ങളും ഭീഷണികളും (No. 36-43)

വികസനത്തെ സംബന്ധിച്ച തെറ്റായ സങ്കല്‍പങ്ങള്‍ മൂലം ഉണ്ടാകുന്ന നാല് പ്രധാന ഭവിഷത്തുകള്‍ ഇവിടെ ചര്‍ച്ചാവിഷയമാകുന്നുണ്ട്.

1. ഉപഭോക്തൃസംസ്ക്കാരം : വികസിത രാജ്യങ്ങളില്‍ വളര്‍ന്നുവരുന്ന ഉപഭോക്തൃസംസ്ക്കാരം അപകടകരമായ വസ്തുതയാണ്. ഭൗതികതാല്‍പര്യങ്ങള്‍ ഊതി വീര്‍പ്പിക്കുകയും അതിന് ആനുപാതികമായി ഭൗതിക വസ്തുക്കള്‍ ഉത്പാദിപ്പിക്കുകയുമാണ് ഇന്നത്തെ സാമ്പത്തിക വ്യവസ്ഥിതി ചെയ്യുന്നത്. എന്തുകിട്ടിയാലും തൃപ്തിപ്പെടാത്ത ഒരു മാനസികാവസ്ഥയാണ് ഇതിന്‍റെ ഫലമായി ഉരുത്തിരിയുക. മനുഷ്യന്‍റെ ആന്തരികവും ആധ്യാത്മികവുമായ വളര്‍ച്ചയുടെ ആവശ്യങ്ങള്‍ ഇവിടെ ഏറെ വിസ്മരിക്കപ്പെടുന്നുണ്ട്.

സമ്പത്തും സുഖസൗകര്യങ്ങളും ഉണ്ടാകുന്നതില്‍ തെറ്റൊന്നും മാര്‍പാപ്പ കാണുന്നില്ല. സുഖലോലുപതയ്ക്കുവേണ്ടി മാത്രം സമ്പത്ത് ഉണ്ടാക്കുകയും മെച്ചപ്പെട്ട മനുഷ്യനാകുന്നതില്‍ ഒട്ടും ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണതയാണ് വിമര്‍ശിക്കപ്പെടുന്നത്.

പക്വമായ വ്യക്തിത്വത്തിന്‍റെ രൂപവല്‍ക്കരണത്തിന് ആവശ്യമായ സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതുണ്ട്. ഉപഭോക്താക്കളും വ്യവസായ ഉടമകളും സമ്പര്‍ക്കമാധ്യമങ്ങളും ഉത്തരവാദിത്വപൂര്‍ണ്ണമായി പെരുമാറുവാന്‍ പഠിക്കണം. ഭരണകര്‍ത്താക്കളുടെ ഇടപെടല്‍ ഈ രംഗത്ത് അനിവാര്യമാണ്. സത്യം, സൗന്ദര്യം, നന്മ, കൂട്ടായ്മ തുടങ്ങിയ യാഥാര്‍ത്ഥ്യങ്ങളാകണം ഭൗതികവസ്തുക്കളുടെ ഉത്പാദനത്തിലും ഉപയോഗത്തിലും മറ്റും നമ്മെ നിയന്ത്രിക്കേണ്ടത്. സഹോദരസ്നേഹവും അനുകമ്പയും ദൈവപരിപാലനയിലുള്ള  വിശ്വാസവും മറ്റും വ്യക്തമാക്കുന്നവയാകണം ഈ രംഗങ്ങളില്‍ നാം എടുക്കുന്ന തീരുമാനങ്ങള്‍.

2. പരിസ്ഥിതി പ്രശ്നങ്ങള്: ഉപഭോക്തൃ സംസ്ക്കാരത്തിന്‍റെ പരിണിതഫലമായി ആധുനികമനുഷ്യന്‍ ഒരു നിയന്ത്രണവും കൂടാതെ പ്രകൃതിയെ നശിപ്പിക്കുകയും മലിനമാക്കുകയും ചെയ്യുന്നു. ഇതു സങ്കീര്‍ണ്ണങ്ങളും ദൂരവ്യാപകങ്ങളുമായ പ്രശ്നങ്ങള്‍ ഉണര്‍ത്തുന്നുണ്ട്. അമിതമായ ഭൗതികതാത്പര്യങ്ങളും സ്വാര്‍ത്ഥതയുംമൂലം അവന്‍ പ്രകൃതിയെ സംബന്ധിച്ച ദൈവികപദ്ധതിയെ അവഗണിക്കുന്നതിന്‍റെ ഫലമായിട്ടാണ് പരിസ്ഥിതി മലിനീകരണവും ഉണ്ടാകുന്നത്. ഭാവി തലമുറയോട് ഇക്കാര്യത്തില്‍ മനുഷ്യകുലത്തിന് ചില ബാധ്യതകള്‍ ഉണ്ടെന്ന കാര്യം മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നു (No .37).

 3. മാനുഷിക പരിസ്ഥിതി നശീകരണം: ഇന്നത്തെ നമ്മുടെ സാമൂഹിക - സാംസ്ക്കാരിക പരിസ്ഥിതി മെച്ചപ്പെട്ട മനുഷ്യനായി ജീവിക്കുന്നതിന് ഒട്ടും അനുയോജ്യമല്ലാത്തതായി തീര്‍ന്നിരിക്കുന്നതില്‍ ജോണ്‍ പോള്‍ മാര്‍പാപ്പ ഉത്കണ്ഠ പ്രകടിപ്പിക്കുന്നുണ്ട്. ഇന്നു സംഭവിച്ചിരിക്കുന്ന മൂല്യച്യുതി പാപത്തിന്‍റെ പ്രത്യേകമായ ഒരു സംവിധാനത്തിന് രൂപം നല്‍കിയിരിക്കുകയാണ്. ഇതു മനുഷ്യനെ തിന്മയിലേക്കു സ്വാധീനിക്കുന്നു. നല്ല മനുഷ്യനായി ജീവിക്കുന്നതിനാവശ്യമായ സാമൂഹിക പരിതോവസ്ഥകള്‍ സൃഷ്ടിക്കുകയെന്നത് എല്ലാവരുടെയും വലിയ ഉത്തരവാദിത്വമാണ് (No .38).

ഇത്തരത്തിലുള്ള ഒരു മാനുഷിക പരിസ്ഥിതിയാണ് കുടുംബം. ഇതിലാണ് മനുഷ്യര്‍ തങ്ങളുടെ കഴിവുകളെ വികസിപ്പിക്കുകയും മനുഷ്യാന്തസ്സിനെപ്പറ്റി അവബോധമുള്ളവരാകുകയും തങ്ങളുടെ അതുല്യവും വ്യക്തിപരവുമായ ജീവിതലക്ഷ്യം നേടാന്‍ പരിശീലനം നേടുകയും ചെയ്യുന്നത്. കുടുംബത്തിന് ഇന്നു കാര്യമായ തകര്‍ച്ച സംഭവിച്ചിട്ടുണ്ട്. ജനനനിയന്ത്രണത്തിനുപയോഗിക്കുന്ന തെറ്റായ മാര്‍ഗ്ഗങ്ങളൊക്കെ ഇതിന്‍റെ സൂചനകളാണ്.

 പരിപാവനമായ കുടുംബം ജീവന്‍റെ  ശ്രീകോവിലായി പരിരക്ഷിക്കപ്പെടണം; ഓജസുറ്റൊരു സംസ്ക്കാരത്തിന്‍റെ ഹൃദയമായ കുടുംബത്തിന്‍റെ പരിപാവനത കാത്തുസൂക്ഷിക്കേണ്ടതാണ് (No .39).

4. അന്യവത്ക്കരണം: ആധുനിക കാലഘട്ടത്തില്‍ വ്യക്തിയിലും തൊഴിലിലും കമ്മ്യൂണിസ്റ്റു - മുതലാളിത്ത സമൂഹങ്ങളിലും സംഭവിച്ച അന്യവത്ക്കരണം ചാക്രികലേഖനത്തിന്‍റെ ചര്‍ച്ചാവിഷയമാണ്. ഓരോ യാഥാര്‍ത്ഥ്യത്തിന്‍റെയും ലക്ഷ്യത്തിന് കോട്ടം സംഭവിക്കുമ്പോഴാണ് അന്യവത്ക്കരണം നടക്കുക; മാര്‍ഗ്ഗം ലക്ഷ്യത്തിന്‍റെ സ്ഥാനത്ത് അവരോധിക്കപ്പെടുകയാണിവിടെ (No.39).

ഈ അവസ്ഥ വ്യാപകമാണിന്ന്. മറ്റുള്ളവരുടെയും തന്‍റെ തന്നെയും മൂല്യവും മാഹാത്മ്യവും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍ മനുഷ്യന്‍ അന്യവല്‍ക്കരണത്തിനു അടിപ്പെടുന്നു. "മനുഷ്യന്‍ തന്നില്‍ നിന്നു തന്നെ അതീതനായി  നിലകൊള്ളാനും, ആത്മദാനത്തിന്‍റെയും തന്‍റെ അന്തിമലക്ഷ്യമായ ദൈവത്തിലേക്ക് നയിക്കുന്ന യഥാര്‍ത്ഥമായ മാനുഷിക കൂട്ടായ്മയുടെ രൂപവത്ക്കരണത്തിന്‍റെയും അനുഭവം ജീവിച്ചറിയാനും വിസമ്മതിച്ചാല്‍ അവന്‍ അന്യവത്ക്കരിക്കപ്പെടുകയാണ്" (No .41). സ്വാര്‍ത്ഥതയുടെ അടിമയായ ആധുനികമനുഷ്യന് ഈ ആത്മദാനമെന്ന ആശയം അന്യമാണ്. സ്വയം സ്നേഹമാണ് അവന്‍റെ മുഖമുദ്ര.

 അന്യവത്ക്കരണമെന്ന അപകടം തൊഴില്‍ മേഖലയെയും ബാധിച്ചിട്ടുണ്ട്. കൂടുതല്‍ ഉത്പാദനവും ലാഭവും  ഉറപ്പുവരുത്തുകയെന്നതിന് തൊഴിലാളിയുടെ ക്ഷേമത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നതുകൊണ്ടാണ് ഇതു സംഭവിക്കുക. തൊഴിലും തൊഴിലാളിയും ഇവിടെ മാര്‍ഗ്ഗങ്ങളായി തരംതാഴ്ത്തപ്പെടുന്നു.

മുതലാളിത്തസമൂഹങ്ങള്‍ കടുത്ത അന്യവത്ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നതാണ് മാര്‍ക്സിസത്തിന്‍റെ കുറ്റാരോപണം. കമ്മ്യൂണിസ്റ്റ് സമൂഹങ്ങള്‍ അന്യവല്‍ക്കരണ വിമുക്തമാകുമെന്ന വാഗ്ദാനവും മാര്‍ക്സിസം നടത്തി. സോഷ്യലിസ്റ്റുരാജ്യങ്ങളുടെ ശോചനീയമായ ചരിത്രം തെളിയിക്കുന്നത് വ്യക്തികള്‍ സ്റ്റേറ്റിന്‍റെ അടിമകളായിത്തീര്‍ന്നുവെന്നതാണ്. ഭൗതിക പറുദീസാ സൃഷ്ടി ലക്ഷ്യംവച്ചെങ്കിലും അത്യാവശ്യസാധനങ്ങള്‍പോലും ലഭ്യമാക്കാന്‍ ഈ രാജ്യങ്ങള്‍ക്കു കഴിഞ്ഞില്ല.

മുതലാളിത്തരാജ്യങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഉപഭോക്തൃ സംസ്ക്കാരത്തിന്‍റെ ഫലമായി അബദ്ധപൂര്‍ണ്ണവും  ഉപരിപ്ലവമായ തൃപ്തിയടയലിലാണ് ഇവിടങ്ങളില്‍ പ്രാധാന്യം നല്കുക; ഭൗതിക നേട്ടങ്ങള്‍ക്ക് മനുഷ്യനെക്കാള്‍ പ്രാധാന്യം പ്രായോഗികജീവിതത്തില്‍ ലഭിയ്ക്കുന്നുവെന്നതാണ് ദു:ഖകരമായ കാര്യം. പ്രധാനമായും സമ്പാദിക്കുന്നതിലും ആസ്വദിക്കുന്നതിലുമാണ് വ്യക്തികളുടെ ശ്രദ്ധ മുഴുവന്‍. ധനേച്ഛയുടെ അടിമകളായി തീരുകയാണവര്‍. 

 1. രാഷ്ട്രവും സംസ്ക്കാരവും (No. 44-52)

വ്യക്തികളുടെ സ്വേച്ഛാപരമായ തീരുമാനങ്ങള്‍ക്കു പകരം സനാതനമൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമനിര്‍മ്മാണത്തിലൂടെ സാമൂഹികജീവിതത്തെ ക്രമീകരിക്കണമെന്ന ലെയോ മാര്‍പാപ്പയുടെ പഠനത്തിന്‍റെ  ആനുകാലിക പ്രസക്തിയും ഇന്നത്തെ രാഷ്ട്രീയാധികാരികളുടെ ചുമതലകളുമാണ് ഇവിടെ ചര്‍ച്ചാവിഷയമാകുക.

മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റ് സമീപനത്തിന്‍റെ ഫലമായി ശക്തിപ്പെട്ട സ്വേച്ഛാധിപത്യസംസ്ക്കാരം നിശിതമായ  വിമര്‍ശനത്തിന്  വിധേയമാക്കുന്നുണ്ട് ജോണ്‍ പോള്‍ മാര്‍പാപ്പ. റേരും നൊവേരും നിര്‍ദ്ദേശിച്ച മാനുഷികവും ധാര്‍മ്മികവുമായ മൂല്യങ്ങളുടെ തിരസ്ക്കരണമാണ് ഇത്തരത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ ഉറവിടം.

ജനാധിപത്യമാണ് വ്യക്തിയുടെയും സമൂഹത്തിന്‍റെയും പുരോഗതിക്ക് വഴിതെളിക്കുക. വിദ്യാഭ്യാസത്തിലൂടെ മാനുഷിക ധാര്‍മ്മികമൂല്യങ്ങള്‍ വളര്‍ത്തുകയും നിയമാനുസൃതമായി ഭരണം നടത്തുകയും ചെയ്യുന്നതുവഴി മാത്രമേ ജനാധിപത്യം ശക്തിപ്പെടുകയുള്ളൂ. നീതിന്യായവകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളും സുഗമമായി നടത്തുന്നതിനുള്ള സാഹചര്യവും ഇതിന് അനിവാര്യമാണ് (No.47).

സര്‍വ്വാധിപത്യ കമ്മ്യൂണിസത്തിന്‍റെയും മറ്റും അധ:പതനത്തോടുകൂടി ജനാധിപത്യ സങ്കല്‍പത്തിന് ലോകം മുഴുവനിലും പ്രാമുഖ്യം കിട്ടിത്തുടങ്ങിയിട്ടുണ്ട്. ജനാധിപത്യം ശാശ്വതമാകണമെങ്കില്‍ മനുഷ്യാവകാശങ്ങള്‍ അവയുടെ പൂര്‍ണ്ണതയില്‍ അംഗീകരിക്കപ്പെടണം. മാറിമാറി വരുന്ന ഗവണ്‍മെന്‍റുകളുടെ ഇഷ്ടാനുസരണം മനുഷ്യാവകാശങ്ങള്‍ മാറ്റിമറിക്കപ്പെടാന്‍ പാടില്ല. മനുഷ്യന്‍റെ അന്തസ്സും അവകാശങ്ങളും മൗലിക സ്വഭാവം ഉള്ളവയാണ് (No.47).

സ്റ്റേറ്റിന്‍റെയും സ്വതന്ത്രകമ്പോളത്തിന്‍റെയും ഇടയില്‍പ്പെടുന്ന വ്യക്തി ഒറ്റപ്പെട്ടുപോകാനുള്ള സാധ്യത വളരെയധികമുണ്ട്. രോഗം, പ്രായാധിക്യം, മയക്കുമരുന്നിന്‍റെ ഉപയോഗം തുടങ്ങിയ  സാഹചര്യങ്ങളില്‍ വെല്‍ഫെയര്‍ സ്റ്റേറ്റിന്‍റെ സേവനത്തെക്കാള്‍  അധികം കുടുംബം, അയല്‍പക്ക ബന്ധം  തുടങ്ങിയവയുടെ  അടിസ്ഥാനത്തില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുകയാണ് അഭിലഷണീയമായ കാര്യം. സ്നേഹവും ഐക്യവും സഭാമധ്യത്തില്‍ വളര്‍ത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. കൂട്ടായ്മയുടേതായ ഒരു സംസ്കാരത്തിന്‍റെ രൂപീകരണമാണ് ഇത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിനുള്ള ശാശ്വതമാര്‍ഗ്ഗം. ഈ സാംസ്കാരിക വളര്‍ച്ച നേടുന്ന രംഗത്ത് രാഷ്ട്രീയാധികാരികള്‍ക്ക് കാര്യമായ സംഭാവന അര്‍പ്പിക്കാന്‍ കഴിയണം.

മനുഷ്യനെയും ദൈവത്തെയും സംബന്ധിച്ച യഥാര്‍ത്ഥ അറിവുപകരുക വഴി സാര്‍വ്വത്രിക സ്നേഹത്തിന്‍റെയും സ്വയംദാനത്തിന്‍റെതുമായ ഒരു മൂല്യസംഹിതയും ജീവിതശൈലിയും  വളര്‍ത്തുവാന്‍ സഭ നടത്തുന്ന സേവനം ഇവിടെ പരാമര്‍ശന വിഷയമാണ്. സമാധാനത്തിന്‍റെ പാത സംസ്ഥാപിക്കുവാനും സാര്‍വ്വത്രികസാഹോദര്യം    വളര്‍ത്തിയെടുക്കാനും ദരിദ്രരുടെയും നിസ്സഹായരുടെയും സഹായത്തിനെത്താനും പ്രേരണ നല്‍കുകയാണ് ഈ രംഗത്തെ സഭയുടെ പ്രധാന പ്രവര്‍ ത്തനം. ഇത്തരത്തിലുള്ള ഒരു സംസ്ക്കാരത്തിനു രൂപം കൊടുക്കുന്നതിനു അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിക്കാന്‍ എല്ലാവരെയും മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നുണ്ട്.

 1. മനുഷ്യനാണു സഭയുടെ വഴി (No. 5362)

കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലം സഭ  നല്‍കിയിട്ടുള്ള സാമൂഹിക പ്രബോധനങ്ങളുടെ കേന്ദ്രബിന്ദു മനുഷ്യനാണ്. അവന്‍റെ അഭ്യുന്നതിയും ക്ഷേമവുമാണ് അവ ലക്ഷ്യം വയ്ക്കുക. യേശു നിര്‍വ്വഹിച്ച രക്ഷാകരപ്രവര്‍ത്തനത്തിന്‍റെ തുടര്‍ച്ചയായി മനുഷ്യന്‍റെ സമഗ്രരക്ഷ ഉന്നംവച്ചുകൊണ്ടു പ്രവര്‍ത്തിക്കാന്‍ സഭ കടപ്പെടുന്നുണ്ട്. യേശു മനുഷ്യനോടു കാണിച്ച താത്പര്യവും പ്രതിബദ്ധതയും സഭയും മനുഷ്യനോടു തുടര്‍ന്നു കാണിക്കുന്നുണ്ട്. കാരണം, യേശു സഭയെ ഏല്‍പിച്ച ഏക ദൗത്യം പൂര്‍ണ്ണരക്ഷനേടുന്നതില്‍ മനുഷ്യനെ സഹായിക്കുക എന്നതാണ്.

ഈ ലക്ഷ്യപ്രാപ്തിയാണു സഭയുടെ സാമൂഹികപ്രബോധനങ്ങളുടേത്. ആധുനിക സാമൂഹികസാഹചര്യങ്ങള്‍ ഉണര്‍ത്തുന്ന മാനുഷികപ്രശ്നങ്ങള്‍ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്തി അവയ്ക്ക് അര്‍ത്ഥവത്തായ പരിഹാരങ്ങള്‍ സഭ ഇതുവഴി നിര്‍ദ്ദേശിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ തൊഴിലാളികളനുഭവിച്ച ദാരുണങ്ങളായ പ്രശ്നങ്ങളെ സംബന്ധിച്ച് വിധി നിര്‍ണ്ണിയിച്ച റേരും നൊവാരും എന്ന രേഖ സഭയുടെ  രംഗത്തെ വലിയൊരു സംഭാവനയാണ്. പിന്നീടു മനുഷ്യസമൂഹത്തിന്‍റെ ക്ഷേമം ലക്ഷ്യംവച്ചുകൊണ്ടു പല പ്രബോധനങ്ങളും നല്‍കപ്പെട്ടിട്ടുണ്ട്. ദരിദ്രരോടും നിരാലംബരോടും പ്രത്യേകസ്നേഹവും പരിഗണയും കാണിക്കാനും നീതിക്കായി പ്രവര്‍ത്തിക്കാനും ആധുനികമാര്‍പാപ്പമാരെല്ലാംതന്നെ ആഹ്വാനം ചെയ്യുന്നുണ്ട്. മനുഷ്യകുലത്തോടുള്ള സഭയുടെ തീവ്രമായ ഔത്സുക്യമാണിതിനു കാരണം.

മനുഷ്യന്‍റെ സമഗ്രനന്മയ്ക്കു തടസ്സം സൃഷ്ടിക്കുന്ന തെറ്റായ പ്രത്യയശാസ്ത്രങ്ങളെയും പ്രവര്‍ത്തനശൈലികളെയും സഭ തന്‍റെ  സാമൂഹിക പ്രബോധനരേഖകളിലൂടെ വിമര്‍ശിക്കുന്നതിന്‍റെ പുറകിലെ പ്രചോദനവും മനുഷ്യനോടുള്ള താത്പര്യപൂര്‍വ്വകമായ ആഭിമുഖ്യമാണെന്നു മാര്‍പാപ്പ എടുത്തുപറയുന്നുണ്ട്.

മനുഷ്യനോടുള്ള തന്‍റെ സ്നേഹവും ഉത്തരവാദിത്വവുമാണ് സുവിശേഷപ്രഘോഷണത്തിനും ദൈവത്തിന്‍റെ പ്രമാണങ്ങള്‍ പഠിപ്പിക്കുന്നതിനും കൂദാശകള്‍ പരികര്‍മ്മംചെയ്യുന്നതിനും സഭയെ പ്രേരിപ്പിക്കുക. മനുഷ്യന്‍റെ അസ്തിത്വപരമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുകയാണ് ഇതിന്‍റെയെല്ലാം ലക്ഷ്യം. മനുഷ്യകുലത്തിന്‍റെ പൊതുക്ഷേമത്തിനായി പ്രവര്‍ത്തിക്കുവാന്‍ എല്ലാവരെയും ആഹ്വാനം ചെയ്തുകൊണ്ടാണ് മാര്‍പാപ്പ രേഖ സമാപിപ്പിക്കുക.

JOHN PAUL II Mar Joseph Pamplany catholic church catholic studies Centesimus Annus Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message